Photo: PARI, Novita Singh with drone operator Ladi Bawa

കൃഷി ഇനി നമ്മുടെ പ്രധാന പരിഗണനയിലേക്കുവരികയാണ്​

വിവിധ അന്താരാഷ്ട്ര കരാറുകൾ കാർഷിക മേഖലക്ക് കൂച്ചുവിലങ്ങിടുന്ന സാഹചര്യത്തിൽ മാർക്കറ്റ് സമ്മർദ്ദവും ക്രെഡിറ്റ് സമ്മർദ്ദവും താങ്ങാനുള്ള ശേഷി ഇന്ത്യൻ കർഷകർക്കില്ല. ഇന്ന് കർഷക സംഘടനകൾ ഉയർത്തുന്ന എല്ലാ ആവശ്യങ്ങളും ഒന്നൊഴിയാതെ അനുവദിക്കപ്പെട്ടാലും കർഷകർക്ക് ആദായം നേടിയെടുക്കാനാവില്ല- ഇന്ത്യൻ കാർഷിക മേഖലയുടെ ഭാവിയെക്കുറിച്ച്​ ഒരു വിചാരം

‘ഇന്ത്യൻ അഗ്രികൾച്ചറൽ ആക്ട്- 2020’ അഥവാ ഫാം ബില്ലുകൾ എന്നറിയപ്പെട്ട, പാർലമെൻറ്​ പാസാക്കിയ മൂന്നു നിയമങ്ങൾ കർഷകരുടെ സംയുക്ത കൂട്ടായ്മയുടെ നേത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര സർക്കാർ പിൻവലിക്കുവാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. രാഷ്ട്രപതി ഒപ്പുവെച്ച കാർഷിക ബില്ലുകൾ 2020 സെപ്തംബറിലാണ്​ പ്രാബല്യത്തിൽ വന്നത്.

കാർഷിക ഉൽപ്പാദന- വിപണന- വാണിജ്യ സഹായ ബിൽ, കർഷകർക്ക്​ ന്യായവില ഉറപ്പുവരുത്തുന്നതിനുള്ള ബിൽ, അവശ്യസാധന ബിൽ എന്നീ ബില്ലുകളാണ് പാർലമെൻറ്​ കാര്യമായ ചർച്ചകളനുവദിക്കാതെ ആക്ട് ആക്കി പാസാക്കിയത്. ഈ മൂന്നു നിയമങ്ങളും കാർഷിക വിപണി കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കുകയും സർക്കാർ ഈ രംഗത്തുനിന്നും പിൻമാറുകയും ചെയ്യുന്നുവെന്ന ആശങ്കയുണ്ടാക്കി. കാർഷിക വിപണിയെ പ്രസ്തുത ആക്ടിലൂടെ സർക്കാർ നിയന്ത്രണങ്ങൾക്കപ്പുറത്തേക്ക് കൊണ്ടുപോകുകയും കോർപ്പറേറ്റുകൾക്ക് ആശ്വാസങ്ങൾ നൽകി സ്വന്തമായി വിപണിയുണ്ടാക്കുവാൻ അനുവദിക്കുകയും ചെയ്യുന്നു. ഇതിനാകട്ടെ നികുതികളോ മറ്റു ഫീസുകളോ നൽകേണ്ടതുമില്ല. കൂടാതെ, മിനിമം താങ്ങുവിലയില്ലാതെയും (Minimum support price) കർഷകരിൽ നിന്ന്​ ആർക്കും നേരിട്ടു ഉൽപ്പന്നങ്ങൾ വാങ്ങുവാൻ ഇതുവഴി സാധിക്കും. സംസ്ഥാന ഗവൺമെന്റുകൾക്ക് ഇത്തരം സ്വകാര്യ കോർപ്പറേറ്റുകളുടെ കാർഷിക വിപണന മാർക്കറ്റുകൾക്ക് ലെവിയോ മറ്റു ഫീസുകളോ ചുമത്താൻ കഴിയില്ല. എന്നാൽ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇപ്പോൾ നിലനിൽക്കുന്ന മണ്ഡി മാർക്കറ്റുകൾക്ക് ഫീസ് നൽകേണ്ടതായും നിഷ്‌ക്കർഷിക്കുന്നു. മണ്ഡി സമ്പ്രദായത്തിൽ കുറഞ്ഞ തുക ഉറപ്പുവരുത്തിക്കൊണ്ടുള്ള കാർഷിക ഉൽപ്പന്ന ശേഖരണ ശ്രേണി ക്ഷയിക്കുകയും ക്രമേണ ഇല്ലാതാകുകയും ചെയ്യുമെന്ന ഭീതി കർഷകരിലും കർഷക കൂട്ടായ്മകളിലും വളർത്താനിടയാക്കി.

ആഗോളവത്കരണത്തിന്റെ ഈ കാലഘട്ടത്തിൽ വിവിധ അന്താരാഷ്ട്ര കരാറുകൾ കാർഷിക മേഖലക്ക് കൂച്ചുവിലങ്ങിടുന്ന സാഹചര്യത്തിൽ മാർക്കറ്റ് സമ്മർദ്ദവും ക്രെഡിറ്റ് സമ്മർദ്ദവും താങ്ങാനുള്ള ശേഷി ഇന്ത്യൻ കർഷകർക്കില്ല. ഇന്ന് കർഷക സംഘടനകൾ ഉയർത്തുന്ന എല്ലാ ആവശ്യങ്ങളും ഒന്നൊഴിയാതെ അനുവദിക്കപ്പെട്ടാലും കർഷകർക്ക് ആദായം നേടിയെടുക്കാനാവില്ല.

രണ്ടാമത്തെ ബില്ലുവഴി കാർഷിക ഉൾപ്പാദന മേഖലയിൽ കോർപറേറ്റുകൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ കടന്നുവരുവാനും അവർക്ക് കർഷകരുമായി കരാറുകളൊന്നുമില്ലാതെ തന്നെ ഇടപാടുകൾ നടത്തുവാനും സാധിക്കും. ഇവിടെ കർഷകരുടെ ഉൽപ്പാദനത്തിനും, ഉൽപ്പന്ന വിപണനത്തിലും അവർക്കു തികച്ചും അപരിചിതമായ വ്യവസ്ഥകൾക്ക് കീഴ്‌പ്പെടേണ്ടി വരുന്നുവെന്ന ഭീതി ഉണ്ടാവുകയും ചെയ്തു.

അവശ്യ സാധന നിയമഭേദഗതിയിലൂടെ ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിലെ നിയന്ത്രണങ്ങൾ എടുത്തുകളയുകയും തന്മൂലം കോർപ്പറേറ്റുകൾക്ക് അധിക ഭക്ഷ്യവസ്തുക്കൾ സംഭരിക്കുകയും കൃത്രിമ ഭക്ഷ്യക്ഷാമമുണ്ടാകുകയും ചെയ്യാം. ഈ മൂന്നു കാർഷിക നിയമങ്ങളുടേയും ഉദ്ദേശ്യശുദ്ധി പാർലമെന്റിനകത്തും പുറത്തും ചോദ്യം ചെയ്യപ്പെട്ടു. അതിലേറെ, അവ പാസാക്കാൻ കാണിച്ച ധൃതി, അതും രാജ്യമാകെ കോവിഡ്-19 മഹാമാരിയെ നേരിടുന്നതിൽ വ്യാപൃതരായിരിക്കുമ്പോൾ, വളരെയധികം സംശയങ്ങൾ കർഷകരിലും, കർഷകത്തൊഴിലാളികളിലും മാത്രമല്ല പൊതുസമൂഹത്തിലാകെ ഉളവാക്കുന്നതിന്​ കാരണമാകുകയും ചെയ്തു.

ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകർ
ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകർ

ഇന്ത്യ പ്രധാനമായും ഒരു കാർഷിക രാജ്യമാണ്. ഇവിടുത്തെ 70 ശതമാനം ഗ്രാമീണരും കൃഷിയെ ആസ്പദമാക്കി ഉപജീവനം നയിക്കുന്നവരാണ്. രാജ്യത്തെ 52% ആളുകൾക്കും കൃഷിയിലൂടെയുള്ള തൊഴിൽ ജീവനോപാധിയാണ്. ഖരീഫ്, റാബി, വേനൽവിളകൾ എന്നിങ്ങനെ മൂന്ന് കാലയളവുകളിലായാണ് നമ്മുടെ നാട്ടിൽ കൃഷി നടക്കുന്നത്. ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, ഫലവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയാണ് പ്രധാന കാർഷിക വിളകൾ. കോവിഡ് മഹാമാരി രാജ്യത്തെ വിവിധ മേഖലകളെ വൻതോതിൽ പുറകോട്ടടിപ്പിച്ചപ്പോൾ പോലും കാർഷികമേഖല മുന്നോട്ടു കുതിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അപ്പോഴാണ് ഈ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്ക്​ വഴിതെളിക്കാവുന്ന, കാതലായ മൂന്നു കാർഷിക ബില്ലുകൾ, കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. അവയാകട്ടെ ഈ മേഖലയിലെ - കർഷകർ, കർഷക തൊഴിലാളികൾ, സംസ്ഥാന സർക്കാരുകൾ എന്നിവരോടൊന്നും തന്നെ ചർച്ച ചെയ്യാതെ നടപ്പാക്കുക കൂടി ചെയ്തപ്പോൾ കാർഷികമേഖലയിൽ വളരെയധികം ആശങ്കകൾക്കും അസ്വാസ്ഥ്യങ്ങൾക്കും കാരണമാകുകയും ചെയ്തു. ഈ സന്ദർഭത്തിലാണ് കർഷകരുടെ സംയുക്ത കൂട്ടായ്‌മയുടെ നേതൃത്വത്തിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ പുത്തൻ കാർഷിക ബില്ലുകൾക്കെതിരായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

പൊലീസ്​ ബലപ്രയോഗം, വിവിധ തലത്തിൽ ഔദ്യോഗിക ഉപരോധങ്ങൾ, കർഷകരുടെ ജീവഹാനി, അപകട മരണങ്ങൾ എന്നിവയ്‌ക്കൊന്നും ഇന്ത്യയിലെ അഭിമാനവർഗമായ കർഷക സമൂഹത്തിന്റെ ആത്മവിശ്വാസത്തെയും, ധൈര്യത്തേയും നിശ്ചയദാർഢ്യത്തേയും തോൽപ്പിക്കുവാൻ കഴിഞ്ഞില്ല.

കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന സർക്കാരിന്റെ നിയമഭേദഗതിയും കാർഷിക ഉപയോഗത്തിനുള്ള വൈദ്യുതിയ്ക്ക് സബ്‌സിഡി തുടരുമെന്നുമുള്ള ഉറപ്പുകളൊന്നും കർഷകരെ പ്രക്ഷോഭത്തിൽ നിന്ന്​ പിന്തിരിപ്പിച്ചില്ല. ചെറുകിട, ഇടത്തരം, വൻകിട കർഷകർക്കൊപ്പം കർഷകത്തൊഴിലാളികൾ മാത്രമല്ല രാജ്യത്തെ സമസ്തമേഖലകളിലെ തൊഴിലാളി സംഘടനകളും പിന്തുണയ്ക്കുന്ന അഭൂതപൂർവ്വമായ ഒരു കാഴ്ചയ്ക്കും ഈ പ്രക്ഷോഭം വഴിതെളിച്ചു. പൊലീസ്​ ബലപ്രയോഗം, വിവിധ തലത്തിൽ ഔദ്യോഗിക ഉപരോധങ്ങൾ, കർഷകരുടെ ജീവഹാനി, അപകട മരണങ്ങൾ എന്നിവയ്‌ക്കൊന്നും ഇന്ത്യയിലെ അഭിമാനവർഗമായ കർഷക സമൂഹത്തിന്റെ ആത്മവിശ്വാസത്തെയും, ധൈര്യത്തേയും നിശ്ചയദാർഢ്യത്തേയും തോൽപ്പിക്കുവാൻ കഴിഞ്ഞില്ല. സർക്കാർ ഔദ്യോഗിക മാധ്യമങ്ങൾ വഴിയും സാമൂഹ്യമാധ്യമങ്ങൾ വഴിയും കർഷക പ്രക്ഷോഭത്തിനെതിരെ പ്രചാരണം ശക്തമാക്കിയെങ്കിലും അവയൊന്നും വിലപ്പോയില്ല.

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ APMC (Agricultural Produce Market Committee) വഴി നിശ്ചിത വരുമാനം ഉറപ്പുവരുത്തി മണ്ഡികളിലൂടെ വിൽക്കുവാൻ കഴിയുമായിരുന്നു. എന്നാൽ മണ്ഡികൾക്ക് പുറത്ത്​ കോർപറേറ്റുകൾക്ക് ലെവി, ഫീസ് എന്നിവയില്ലാതെ തന്നെ മാർക്കറ്റുകൾ നൽകുക വഴി കർഷകന് മിനിമം താങ്ങുവിലയില്ലാതെ ഉൽപ്പന്നങ്ങൾ കോർപറേറ്റുകൾ നൽകേണ്ട അവസ്ഥ സംജാതമാകുമായിരുന്നു.

പുത്തൻ കാർഷിക നിയമങ്ങളുടെ പ്രധാന ഉദ്ദേശ്യം കാർഷിക വിപണി സ്വകാര്യമേഖലയ്ക്ക് മൊത്തമായി കൊടുക്കുന്നതിനുവേണ്ടിയാണെന്ന ആക്ഷേപം പരക്കെ ഉയർന്നു. നിയമ വിധേയമായ നിയന്ത്രണങ്ങളില്ലാത്ത വിപണികൾ കാലക്രമേണ സർക്കാർ നിയന്ത്രിത കാർഷിക വിപണി പിന്നോട്ടടിപ്പിക്കുകയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾക്കു സംഭവിച്ച അതേ മട്ടിൽ അവ നിശ്ചലമാകുന്നതിനും കാരണമാകുകയും ചെയ്യും. നിലവിൽ 23 കാർഷിക ഉൽപ്പന്നങ്ങൾക്കാണ് സർക്കാർ താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ അരി, ഗോതമ്പ് എന്നിവ മാത്രമാണ് സർക്കാർ നേരിട്ട് സംഭരിക്കുന്നത്. അതുകൊണ്ടുതന്നെ മിനിമം താങ്ങുവിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് പലപ്പോഴും കർഷകർ അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്. സർക്കാരിന്റെ സംഭരണമില്ലാതെയുള്ള മിനിമം താങ്ങുവില താരതമ്യേന അപ്രസക്തമാണ്. കർഷകരുടെ വരുമാനം ഇരട്ടിയാകാൻ പുത്തൻ കാർഷിക നിയമങ്ങൾക്കു കഴിയുമെന്ന വാദത്തിനും പ്രസക്തിയില്ല. ഈ നിയമത്തിൽ സർക്കാരിന് വില നിശ്ചയിക്കുന്നതിലുള്ള പങ്കിനെ നിരാകരിക്കുന്നതു തന്നെ ഇതിനുദാഹരണമാണ്. വൻകിട കോർപ്പറേറ്റുകൾ ഭക്ഷ്യോൽപ്പന്ന ഉൽപ്പാദന വിപണന മേഖലകൾ കയ്യടക്കുന്നതോടുകൂടി ചെറുകിട ഇടത്തരം കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ കിട്ടിയ വിലയ്ക്ക് കോർപറേറ്റുകൾക്ക് വിറ്റഴിയ്‌ക്കേണ്ടതായി വരും. കൃഷിയിലൂടെ ഒരു നിശ്ചിത വരുമാനം കർഷകർക്ക് ഉറപ്പു വരുത്താത്തിടത്തോളം കാലം കർഷകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ സാധിക്കില്ല.

പഞ്ചാബിലെ സുനാം മണ്ഡിയിലെ കർഷകത്തൊഴിലാളി / Photo: PARI, Aranya Raj Singh
പഞ്ചാബിലെ സുനാം മണ്ഡിയിലെ കർഷകത്തൊഴിലാളി / Photo: PARI, Aranya Raj Singh

വേണ്ടത് കാർഷിക നവോത്ഥാനം

ഇന്ത്യയിലെ കൃഷിഭൂമിയുടെ വ്യാപ്തിവെച്ചു നോക്കുമ്പോൾ ഉൽപാദനം താരതമ്യേന കുറവാണെന്നു കാണാം. ഇതു പരിഹരിക്കുന്നതിനുവേണ്ട കൃഷിഭൂമയിലെ മണ്ണിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കൽ, കർഷകർക്ക് സാമ്പത്തിക സഹായം, ജലസേചന സൗകര്യങ്ങൾ, സാങ്കേതികവിദ്യകളിലൂന്നിയുള്ള പുത്തൻ കൃഷി രീതികളും യന്ത്രങ്ങളുടെ ഉപയോഗവും, ഉൽപ്പന്നങ്ങൾക്കുവേണ്ട വിപണി സജ്ജമാക്കൽ, കാർഷികോൽപ്പന്നങ്ങൾക്ക്​ ന്യായവില ഉറപ്പാക്കൽ, കൃഷിനാശം സംഭവിച്ചാൽ നഷ്ടപരിഹാരത്തിന്​ ഇൻഷുറൻസ് പരിരക്ഷ, പ്രാദേശികമായ വികേന്ദ്രീകൃത കാർഷിക നയങ്ങൾ എന്നിവ അടിയന്തിരമായി നടപ്പാക്കണം.

കൃഷി ചെയ്യുന്നതിനും ആധുനിക യന്ത്രവൽകൃത കൃഷിരീതികൾ നടപ്പാക്കുന്നതിനും ഗ്രാമീണ മേഖലകളിലെ കർഷകർക്ക് സാമ്പത്തിക സഹായം ലഭ്യമാവുന്നില്ല. പ്രാദേശികമായി വലിയ പലിശയ്ക്ക് കടമെടുത്ത് കൃഷി ചെയ്യേണ്ട അവസ്ഥ അവസാനിപ്പിക്കേണ്ടതുണ്ട്. ആഗോളവത്കരണത്തിന്റെ ഈ കാലഘട്ടത്തിൽ വിവിധ അന്താരാഷ്ട്ര കരാറുകൾ കാർഷിക മേഖലക്ക് കൂച്ചുവിലങ്ങിടുന്ന സാഹചര്യത്തിൽ മാർക്കറ്റ് സമ്മർദ്ദവും ക്രെഡിറ്റ് സമ്മർദ്ദവും താങ്ങാനുള്ള ശേഷി ഇന്ത്യൻ കർഷകർക്കില്ല. ഇന്ന് കർഷക സംഘടനകൾ ഉയർത്തുന്ന എല്ലാ ആവശ്യങ്ങളും ഒന്നൊഴിയാതെ അനുവദിക്കപ്പെട്ടാലും കർഷകർക്ക് ആദായം നേടിയെടുക്കാനാവില്ല.

അതിനാൽ കാർഷിക ഉത്പാദനത്തിന്റെ സാമൂഹ്യ രൂപമായ ഉല്പാദക- കർഷക-സഹകരണ സംഘങ്ങൾ മാത്രമാണ് കടക്കെണിയിൽപ്പെടാതെ കാർഷികവൃത്തി ആധുനികവൽക്കരിക്കാനുള്ള ഏക പോംവഴി. കർഷക കൂട്ടായ്മകളായി കോർപറേറ്റീവുകൾ സഹകരണാടിസ്ഥാനത്തിൽ വികസിപ്പിക്കണം. കാർഷിക ഉൾപ്പാദനം വർദ്ധിപ്പിക്കുന്നതിന് അഗ്രോ മെഷിനറികൾ ലഭ്യമാക്കുന്നതിനും, ഉൽപ്പന്നങ്ങളുടെ സംസ്‌ക്കരണത്തിനും, സൂക്ഷിപ്പിനും, വിൽപ്പനയ്ക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ കോർപറേറ്റീവുകൾക്കു കഴിയും. പച്ചക്കറി, ഫലവർഗ്ഗങ്ങൾ എന്നിവയുടെ സംസ്‌കരണത്തിനും വിപണനത്തിനും വനിതകളുടെ സഹകരണ സംഘങ്ങളെ ഏൽപ്പിക്കാം. ഇതിലൂടെ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും കഴിയുകയും ഗ്രാമീണമേഖലയിലെ സാമൂഹ്യ ജീവിതത്തിന് ഉണർവ് പകരുന്നതിന് സാധിക്കുകയും ചെയ്യും. ഗ്രാമങ്ങളിലെ ഇത്തരം കർഷക കൂട്ടായ്മകൾക്ക് പലിശരഹിത വായ്പ നൽകുന്നതിനായി കേന്ദ്രസർക്കാർ ഉടൻ സഞ്ചിതനിധി രൂപീകരിക്കണം. ഇത്തരം കോർപറേറ്റീവുകളെ സഹായിക്കുന്നതിനും ആധുനിക കാർഷിക രീതികളെപ്പറ്റി ബോധവൽക്കരിക്കുന്നതിനും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലുള്ള സമിതികളെ കണ്ടെത്താം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി കൃഷിയുടേയും, കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രശ്‌നങ്ങളെ പറ്റി തുറന്ന ചർച്ചയ്ക്ക് വഴി തെളിച്ചുവെന്നതാണ് കർഷകസമരത്തിന്റെ പ്രധാന നേട്ടം. / Photo: PARI, Anustup Roy
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി കൃഷിയുടേയും, കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രശ്‌നങ്ങളെ പറ്റി തുറന്ന ചർച്ചയ്ക്ക് വഴി തെളിച്ചുവെന്നതാണ് കർഷകസമരത്തിന്റെ പ്രധാന നേട്ടം. / Photo: PARI, Anustup Roy

ഓരോ തൊഴിലാളിക്കും പ്രതിവർഷം ചുരുങ്ങിയത് 220 തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തണം. സംസ്ഥാനങ്ങളിൽ കൃഷി അടിസ്ഥാനമാക്കിയുള്ള കാർഷിക എഞ്ചിനീയറിംഗിൽ പ്രായോഗിക പരിശീലനമുൾപ്പെടെ നൽകുന്നതിനുവേണ്ട തൊഴിലധിഷ്ഠിത കോഴ്‌സുകൾ ഐ.ടി.ഐ. മാതൃകയിൽ ആരംഭിക്കാം. അതുപോലെ കാർഷിക ഗവേഷണരംഗത്ത് കൂടുതൽ ഗ്രാൻറ്​ അനുവദിച്ച്​ ഈ രംഗത്തെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കാർഷികരംഗത്തെ സവിശേഷതകൾ വിശകലനം ചെയ്തുകൊണ്ടും പരിഹാരങ്ങൾ നിർദ്ദേശിച്ചുകൊണ്ടുമുള്ള ഒരു ധവളപത്രം കേന്ദ്രസർക്കാർ ഉടൻ പുറത്തിറക്കണം.

ഈ സവിശേഷതകൾക്കനുസൃതമായുള്ള വിവിധ പദ്ധതികൾ ഉൾക്കൊള്ളിച്ച്​ ഒരു കാർഷിക ബഡ്ജറ്റിന് കേന്ദ്രസർക്കാർ രൂപം നൽകുകയും പാർലമെന്റിൽ അവതരിപ്പിക്കുകയും വേണം. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ചിനെ സമഗ്രമായി ഉടച്ചുവാർത്ത് രാജ്യത്തെ കാർഷികരംഗത്തെ പുരോഗതിക്കായുള്ള പ്രായോഗികമായ നയ രൂപീകരണത്തിന് ഉതകുന്ന സ്ഥാപനമായി മാറ്റേണ്ടതുണ്ട്.

ജനകീയ മുന്നേത്തിന്റെ പാഠം

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി കൃഷിയെയും, കർഷകരുടെയും കർഷകത്തൊഴിലാളികളുടെ പ്രശ്‌നങ്ങളെ പറ്റി തുറന്ന ചർച്ചയ്ക്ക് വഴി തെളിച്ചുവെന്നതാണ് കർഷകസമരത്തിന്റെ പ്രധാന നേട്ടം. കൃഷി മെച്ചപ്പെടുത്തുകയും, കാർഷിക വിപണി ശക്തിപ്പെടുത്തുകയും വഴി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ താങ്ങാകാൻ കാർഷിക മേഖലയ്ക്ക് കഴിയുമെന്ന വിശ്വാസം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും, സർക്കാരിനുമുണ്ടാക്കിയെന്നതാണ് ഈ പ്രക്ഷോഭത്തിന്റെ മറ്റൊരു നേട്ടം. കാർഷിക തൊഴിലാളികളും, ചെറുകിട, ഇടത്തരം കർഷകരും കൈകോർത്തുകൊണ്ട് കാർഷിക മേഖലയുടെ സംരക്ഷണത്തിനായി മുന്നോട്ടു വരുന്നതും ഇതിലൂടെ നാം കണ്ടു.

സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പൊതുസമൂഹത്തിനൊന്നും ചെയ്യുവാൻ കഴിയില്ലെന്ന ധാരണ തിരുത്തുന്നതിനും ഇതിലൂടെ സാധിച്ചു. ഇന്ത്യയുടെ സാമ്പത്തിക അടിത്തറയുടെ അത്താണി, കൃഷിയും, കാർഷിക വ്യവസായവുമാണെന്ന തിരിച്ചറിവ് സർക്കാരുകൾക്ക് ഇനിയെങ്കിലും ഉണ്ടായേ കഴിയൂ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടപ്പാക്കിയ വിവിധ പഞ്ചവത്സര പദ്ധതികൾ നമ്മുടെ കാർഷിക മേഖലകളെ എത്രത്തോളം മുന്നോട്ടുകൊണ്ടുപോയി എന്നത് വിമർശനാത്മകമായി പരിശോധിക്കാൻ ഈ അവസരം ഉപയോഗിക്കണം.

കാർഷികോൽപ്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തു നിൽക്കുമ്പോഴും രാജ്യത്ത് പട്ടിണി മരണങ്ങളും, ദാരിദ്ര്യവും എങ്ങിനെ തുടരുന്നുവെന്നത് ചിന്തനീയമായ വിഷയമാണ്. എന്തായാലും കർഷകത്തൊഴിലാളികളും കർഷകരും ഒരുമിച്ചേറ്റെടുത്ത ഐതിഹാസികമായ പ്രക്ഷോഭത്തിന്റെ സന്ദേശം കേവലം ഒരു വിജയ പരാജയത്തിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകൾക്കപ്പുറം സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക്​ രാജ്യത്തിന്റെ ഗതിയെ ത്വരിതപ്പെടുത്തുന്ന ഒരു വലിയ ചുവടുവെപ്പായി കാണുന്നതായിരിക്കും അഭികാമ്യം. അതോടൊപ്പം, സ്വാതന്ത്ര്യ സമരത്തിനുശേഷം രാജ്യമൊട്ടാകെ നെഞ്ചിലേറ്റിയ ഒരു അഭൂതപൂർവ്വമായ ജനകീയ മുന്നേറ്റത്തിന്റെ ചരിത്രം കൂടിയായി മാറുന്നു ഈ കർഷക സമരം.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. വി.ജി. പ്രദീപ്​കുമാർ

സീനിയർ കൺസൾട്ടൻറ്​, ന്യൂറോളജിസ്റ്റ്, ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള മുൻ പ്രസിഡൻറ്​. പൊതുജനാരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments