പൊക്കാളി കൃഷിയുടെ നഷ്ടം
കേരളത്തിന്റെയും നഷ്ടമാണ്​​

നിലവിൽ പല പൊക്കാളി പാടങ്ങളും റിയൽ എസ്റ്റേറ്റ് ലോബികൾ വാങ്ങി ഉയർന്ന വിലയ്ക്ക് മറിച്ചുവിലക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഭീഷണിയുടെ സാഹചര്യത്തിൽ പൊക്കാളി പോലുള്ള നാടൻ കൃഷിരീതികൾ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

ഭൂമിയിലെ ഏറ്റവും സങ്കീർണവും ഉൽപ്പാദനക്ഷമതയുള്ളതുമായ ആവാസവ്യവസ്ഥകളിലൊന്നാണ് തീരദേശ തണ്ണീർത്തടങ്ങൾ. അതിസമ്പന്നമായ ജൈവവൈവിധ്യത്താലും തനതായ കൃഷി രീതികളാലും സമ്പുഷ്ടമാണ് കേരളം എന്ന ചെറിയ സംസ്ഥാനത്തിന്റെ തണ്ണീർത്തടങ്ങൾ. മുണ്ടകൻ, കോൾ, കൈപ്പാട്, പൊക്കാളി എന്നിവയെല്ലാം കേരളത്തിലെ തണ്ണീർത്തടങ്ങളിൽ പിന്തുടർന്ന് വരുന്ന കൃഷിരീതികളാണ്. അതിൽത്തന്നെ ഏറ്റവും ഔഷധഗുണമേന്മയും രുചിയും ജൈവസമ്പൂർണതയും ഉള്ളതാണ് പൊക്കാളികൃഷി.

ഭൗമസൂചികാ പദവി

പൊക്കാളിയുടെ ഉത്ഭവത്തെപ്പറ്റി നിരവധി വായ്‌മൊഴികൾ പ്രചരിച്ചിട്ടുണ്ട്. ഏകദേശം 3000 വർഷങ്ങൾക്കു മുൻപുണ്ടായ ഒരു പ്രളയത്തിൽ പശ്ചിമഘട്ടത്തിൽ നിന്ന് ഒഴുകി, ലവണാംശം കലർന്ന താഴ്ന്ന പ്രദേശങ്ങളിൽ എത്തിപ്പെട്ട നെല്ലിനമാണെന്നാണ് അതിൽ ഒന്ന്​. പണ്ട് ഗോവയിൽനിന്ന് കൊങ്കണി സംസാരിക്കുന്ന കുഡുംബി സമുദായം കേരളത്തിലേക്ക് കുടിയേറിയപ്പോൾ ഒപ്പം കൊണ്ടുവന്ന നെല്ലിനമാണെന്നും പറയപ്പെടുന്നു.

കേരളത്തിന്റെ ചരിത്രം വിശദീകരിക്കുന്ന, പഴയ കൊച്ചി രാജ്യത്തിന്റെ 1911 CE പ്രസിദ്ധീകരണമായ കൊച്ചിൻ സ്റ്റേറ്റ് സ്റ്റേറ്റ് മാന്വലിലും 1989-ലെ കേരള സ്റ്റേറ്റ് ഗസറ്റിലുമെല്ലാം പൊക്കാളി കൃഷിയെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. പൂർണമായും മൺസൂണിനെയും വേലിയേറ്റത്തെയും ആശ്രയിച്ചുള്ള ഈ ജൈവകൃഷിക്ക് 2008- ൽ ഭൗമസൂചികാപദവി ലഭിച്ചിട്ടുണ്ട്.

‘സീറോ വേസ്​റ്റ്​​’

എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലായി വേമ്പനാട്ടു കായലിന്റെയും അറബിക്കടലിന്റെയും ഇടയിലുള്ള തീരദേശ പാടങ്ങളാണ് പൊക്കാളി കൃഷിയുടെ ഈറ്റില്ലം. വളരെ തനതായ ഒരു കൃഷി രീതിയാണ് പൊക്കാളിയുടേത്​. കൃഷി ചെയ്യുന്ന പാടവും കൃഷിരീതിയും നെല്ലിനവും എല്ലാം 'പൊക്കാളി' എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. വർഷത്തിന്റെ പകുതിഭാഗം പൊക്കാളി നെല്ലും അടുത്ത പകുതിഭാഗം ചെമ്മീനും പരസ്പരപൂരകങ്ങളായി കൃഷി ചെയ്യുന്ന വിളഭ്രമണരീതിയാണ് ഈ പാടങ്ങളിൽ അവലംബിക്കുന്നത്. വിളവെടുപ്പിനു ശേഷമുള്ള നെല്ലിന്റെ അവശിഷ്ടങ്ങൾ മൽസ്യകൃഷിക്ക് ആഹാരമാകും. അതുപോലെ മൽസ്യകൃഷിയുടെ അവശിഷ്ടങ്ങൾ നെല്ലിന് വളമായി മാറും. ഇതുവഴി ‘സീറോ വേസ്റ്റ്' എന്ന ഒരു ആശയം കൂടി ഈ കൃഷി രീതി വിഭാവനം ചെയ്യുന്നു.

നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പൊക്കാളി നിലങ്ങളിൽ പല പ്രവർത്തനങ്ങളും നടത്താറ്​. ഒട്ടുമിക്ക പാടശേഖരങ്ങളിലും ഉടമസ്ഥർ നെൽകൃഷി ചെയ്യാതെ ചുറ്റുമുള്ള നെൽകൃഷി കാണിച്ചുകൊണ്ട് ചെമ്മീൻ കൃഷിക്കുള്ള ലൈസൻസ് വാങ്ങുന്നുണ്ട്.

ഉപ്പുവെള്ളത്തെ അതിജീവിക്കാൻ കഴിയും എന്നത് ഈ നെല്ലിനത്തിന്റെ നേട്ടമാണ്. പൊക്കാളി എന്ന പേര് തന്നെ ലഭിക്കാൻ കാരണം, ഒരാൾ പൊക്കത്തോളം വളരാൻ കഴിയും എന്നതിനാലാണ്. മറ്റു നെല്ലിനങ്ങൾ വെള്ളത്തിൽ പൂർണമായും മുങ്ങിപ്പോകുമ്പോഴും പൊക്കാളിക്ക് വെള്ളത്തിന് മുകളിലായി തണ്ടു ചീയാതെ നിവർന്നു നില്ക്കാൻ കഴിയും. പൊക്കാളി അരിയുടെ ചോറിന് മണവും രുചിയും ഔഷധഗുണങ്ങളും ഉണ്ട്. ഓരോ പൊക്കാളി പാടവും ജൈവവൈവിധ്യത്തിന്റെ കലവറകളാണ്.

പൊക്കാളി പാടങ്ങൾ തേടി എല്ലാ വർഷവും ദേശാടനപക്ഷികൾ എത്താറുണ്ട്. കൂടാതെ പ്രത്യേകതരം കണ്ടൽ ചെടികൾ, പക്ഷികൾ, മൽസ്യങ്ങൾ, ചെമ്മീൻ, ഞണ്ട് എന്നിവയുടെ ഒക്കെ ആവാസവ്യവസ്ഥ കൂടിയാണ് പൊക്കാളി പാടങ്ങൾ. മണ്ണിനടിയിലേക്ക് ജലത്തെ കടത്തിവിട്ടുകൊണ്ട് ഭൂഗർഭജലത്തിന്റെ അളവ് കുറയാതെ നിലനിർത്തുന്നതിനും, മീഥേൻ പുറന്തള്ളൽ കുറച്ചുകൊണ്ട് ഹരിതഗൃഹപ്രഭാവത്തെയും അതുവഴി കാലാവസ്ഥ വ്യതിയാനത്തെയും തടയുന്നതിനും, ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും, പ്രളയജലത്തെ നിയന്ത്രിക്കുന്നതിനും, മണ്ണൊലിപ്പ് തടയുന്നതിനും, ശുദ്ധജലലഭ്യത ഉറപ്പു വരുത്തുന്നതിനുമൊക്കെ പൊക്കാളിനിലങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രാസകീടനാശിനികളോ, വളങ്ങളോ ഉപയോഗിക്കാതെ ലഭ്യമായ പ്രാദേശിക വിഭവങ്ങളുടെ പരമാവധി ഉപയോഗവും അതുവഴി മണ്ണിന്റെയും, ജലസ്രോതസുകളുടെയും സ്വാഭാവികത നിലനിർത്തുന്നതും പൊക്കാളി കൃഷിയുടെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്നാണ്.

പണ്ടൊക്കെ മനുഷ്യർക്കു കൃഷി എന്നത്, തൊഴിൽ എന്നതിലുപരി അവരുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയുമൊക്കെ അവിഭാജ്യഘടകമായിരുന്നു. ലാഭനഷ്ടങ്ങൾക്കപ്പുറം എല്ലാവർക്കും, പട്ടിണി മാറ്റാനുള്ള ഉപാധിയായിരുന്നു കൃഷി. എന്നാൽ ഇന്നു സാഹചര്യങ്ങൾ ആകെ മാറി. കൃഷി ചെയ്യാൻ ആർക്കും താല്പര്യമില്ല. ധാന്യങ്ങൾ റേഷൻ കടകൾ വഴിയൊക്കെ കിട്ടി തുടങ്ങി, ജനങ്ങൾക്ക് പട്ടിണിയില്ലാതെയായി. തൊഴിലുറപ്പ് പദ്ധതി വന്നതോടെ കൃഷിപ്പണിയുടെ അത്ര അധ്വാനം വേണ്ടാത്തതും കൂടുതൽ കൂലി ലഭിക്കുന്നതുമായ മറ്റു തൊഴിലുകൾ ലഭിച്ചു തുടങ്ങി. നഗരവൽക്കരണം മൂലം പൊക്കാളി പാടങ്ങൾ പലതും നികത്തപ്പെട്ടു. മറ്റുള്ളവ തരിശായിട്ടോ, ചെമ്മീൻ കൃഷിക്കു മാത്രമായോ ഒതുങ്ങിപ്പോയി.

എറണാകുളം ജില്ലയിലുള്ള പള്ളിയാക്കൽ സഹകരണ ബാങ്ക് മാത്രമാണ് കിലോയ്ക്ക് 50 രൂപ നിരക്കിൽ കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നത്. അവർക്കാകട്ടെ ജില്ലയിൽ ഉല്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും ഏറ്റെടുക്കാനും കഴിയുന്നില്ല.

ശോഷിക്കുന്ന
കൃഷിഭൂമിയും നെല്ലും

ഏകദേശം നാല് ദശാബ്ദങ്ങൾക്കു മുൻപ് വരെ കേരളത്തിൽ, 25,000 ഹെക്ടറിന് മുകളിലുണ്ടായിരുന്ന പൊക്കാളി കൃഷി ഇന്ന് 5000 ഹെക്ടറിൽ താഴെ മാത്രമാണുള്ളത്.
2017-18ൽ 18.61 ശതമാനം, 2018- 19ൽ 17.74 ശതമാനം, 2019-20ൽ 11.81 ശതമാനം, 2020- 21ൽ 15.96 ശതമാനം എന്നിങ്ങനെയാണ് കൃഷി ചെയ്ത നിലത്തിന്റെ അളവ്.
2017- 18ൽ 567 ഹെക്ടറിൽനിന്ന് 2,86,380 കിലോഗ്രാം നെല്ല് ഉൽപാദിപ്പിച്ചു എങ്കിൽ 2021- 22ൽ 486 ഹെക്ടറിൽനിന്ന് 2,07,190 കിലോഗ്രാം നെല്ലിലേക്ക് കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയിലും നെല്ലിന്റെ അളവിലും ഇടിവുണ്ടായി.
കർഷകരെ സംബന്ധിച്ച് തീർത്തും വെല്ലുവിളി നിറഞ്ഞ ഒന്നായി മാറിയിരിക്കുന്നു ഇന്ന് പൊക്കാളിക്കൃഷി.
ചുരുങ്ങിവരുന്ന കൃഷിയിടം, അതുമൂലമുണ്ടാകുന്ന ഉൽപ്പാദനക്കുറവ്​, ബണ്ട്​, ചിറ തുടങ്ങിയ ജലനിർഗമന മാർഗങ്ങളുടെ അഭാവം, വർധിച്ചുവരുന്ന നിർമാണപ്രവർത്തനങ്ങൾ, ജല മലിനീകരണം, വിത്തുകളുടെ ദൗർലഭ്യം, മഴയിലെ ഏറ്റിറക്കങ്ങൾ, തൊഴിലാളികളുടെ അഭാവം തുടങ്ങി നിരവധി പ്രശ്​നങ്ങൾ കർഷകരെ പൊക്കാളികൃഷിയിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിക്കുന്നു. ദിവസം നാലു മണിക്കൂർ പണിക്ക് 950 രൂപയാണ് കൂലി. ലാഭകരമല്ലാത്ത അവസ്​ഥയിൽ ഇത്രയും കൂലി നൽകാൻ കർഷകർക്ക് കഴിയാതെ വരുന്നു.

പൊക്കാളി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരൊക്കെ പ്രായമുള്ളവരാണ്. പുതിയ തലമുറ ഈ കൃഷി ചെയ്യാൻ വളരെ വിമുഖത കാണിക്കുന്നു. മറ്റു കൃഷികളിൽ തൊഴിലാളികളുടെ ക്ഷാമം ഒരു പരിധി വരെ യന്ത്രങ്ങൾ ഉപയോഗിച്ചു മറികടക്കുമ്പോൾ പൊക്കാളി കൃഷിയിൽ അത് സാധ്യമല്ല. നിരപ്പല്ലാത്തതും ആഴമേറിയതുമായ പൊക്കാളി പാടങ്ങളിൽ ഉപയോഗിക്കുന്ന യന്ത്രം ഭാരം കുറഞ്ഞതും വെള്ളത്തിൽ പൊങ്ങി നിൽക്കുന്നതും തുരുമ്പെടുക്കാത്തതുമായിരിക്കണം. യന്ത്രനിർമാണ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, നാളിതുവരെ ഒന്നുംതന്നെ പൂർണ്ണമായി വിജയിച്ചിട്ടില്ല.

സർക്കാർ സംവിധാനങ്ങൾ കിലോക്ക് 25 - 30 എന്ന തോതിൽ മാത്രമാണ് വില നൽകുന്നത്. ഈ തുകയ്ക്ക് നെല്ല് വിൽക്കുമ്പോൾ കർഷകർക്ക് നഷ്ടം മാത്രമാണുണ്ടാകുന്നത്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് പൊക്കാളി കൃഷി നേരിടുന്ന മറ്റൊരു വെല്ലുവിളി. ഒട്ടുമിക്ക ബണ്ടുകളും ചിറകളും ജീർണിച്ച അവസ്ഥയിലാണുള്ളത്. ജല നിർഗ്ഗമന ചാലുകൾ എല്ലാം തന്നെ ക്കൽ അടിഞ്ഞ അവസ്ഥയിലാണ്. വർഷാവർഷം തുമ്പൊരുക്കാനും ചിറ കെട്ടാനുമൊക്കെയായി ഭാരിച്ച തുക ചെലവാകും. നഷ്ടങ്ങളെല്ലാം സഹിച്ച്​, കൃഷിയോടുള്ള താല്പര്യം കൊണ്ടുമാത്രം കൃഷിയിറക്കുന്ന കർഷകർക്കാക​ട്ടെ, ഉത്പാദിപ്പിച്ച നെല്ല് ഏറ്റെടുക്കാൻ സംവിധാനങ്ങളില്ല. നെല്ല് ശേഖരിച്ചു വെക്കാനുള്ള യാതൊരു സംവിധാനങ്ങളും നിലവിൽ പൊക്കാളി കർഷകർക്കില്ല. സർക്കാർ സംവിധാനങ്ങളൊക്കെത്തന്നെ കിലോക്ക് 25 - 30 എന്ന തോതിൽ മാത്രമാണ് വില നൽകുന്നത്. ഈ തുകയ്ക്ക് നെല്ല് വിൽക്കുമ്പോൾ കർഷകർക്ക് നഷ്ടം മാത്രമാണുണ്ടാകുന്നത്.

എറണാകുളം ജില്ലയിലുള്ള പള്ളിയാക്കൽ സഹകരണ ബാങ്ക് മാത്രമാണ് കിലോയ്ക്ക് 50 രൂപ നിരക്കിൽ കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നത്. അവർക്കാകട്ടെ ജില്ലയിൽ ഉല്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും ഏറ്റെടുക്കാനും കഴിയുന്നില്ല. ഇത്തരത്തിൽ ഉത്പാദിപ്പിച്ച നെല്ല് കെട്ടിക്കിടന്നു നശിച്ചുപോകുന്ന സാഹചര്യവും ഇന്ന് പലയിടത്തുമുണ്ട്. നെല്ലുണക്കാനുള്ള സംവിധാനങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതും ഉറപ്പുള്ളതും, സ്ഥിരമായതുമായ മെതിക്കളങ്ങളുടെ അഭാവവുമൊക്കെ കാരണം ഉത്പാദിപ്പിച്ച നെല്ലിന്റെ ഗുണമേന്മ കുറയുന്നു. നെല്ല് വിളവെടുക്കുന്ന സമയത്ത് അത് കരയ്ക്ക് എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യങ്ങളും കുറവാണ്.

പൊക്കാളി കൃഷിയെ ഏറ്റവും പ്രതികൂലമായി ബാധിച്ച മറ്റൊരു പ്രശ്‌നമാണ് ഗുണമേന്മയുള്ള പൊക്കാളി വിത്തിനുണ്ടായ ക്ഷാമം. 2018-ലെ പ്രളയത്തിനുശേഷം വിത്തിന്റെ ലഭ്യതയിലുണ്ടായ കുറവ് കൃഷിയെ സാരമായി തന്നെ ബാധിച്ചു. ചെമ്മീൻകൃഷിയിലും ഈ പ്രശ്നം നേരിടുന്നുണ്ട്. കായലിൽ നിന്നുള്ള അമിത മത്സ്യബന്ധനം മൂലം ചെമ്മീൻവിത്തുകൾ വേലിയേറ്റത്തിൽ തൂമ്പിലൂടെ പാടത്തേക്ക് കയറുന്നില്ല. പുറമേനിന്നു വാങ്ങുന്ന ചെമ്മീൻകുഞ്ഞുങ്ങൾക്ക് പലപ്പോഴും വൈറസ് ബാധയുണ്ടാകാറുണ്ട്. പൊക്കാളിനിലങ്ങൾ നികത്തി സാധാരണ നിലമാക്കി മാറ്റുന്നതും, പൂർണമായും മത്സ്യക്കൃഷിക്ക് വേണ്ടി മാത്രം വിനിയോഗിക്കുന്നതും പൊക്കാളികൃഷി നേരിടുന്ന വെല്ലുവിളികളാണ്. ഇത് പൊക്കാളിപാടങ്ങളുടെ സന്തുലിതാവസ്ഥയെ തകരാറിലാക്കുന്നു. ചില പാടശേഖരങ്ങളിൽ പൊക്കാളിയുടെ വർദ്ധിച്ച ചെലവും കുറഞ്ഞ ലാഭവും കാരണം കർഷകർ നെല്ല് ഒഴിവാക്കി വർഷം മുഴുവൻ ചെമ്മീൻ കൃഷി അല്ലെങ്കിൽ മത്സ്യക്കൃഷി മാത്രം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഇത് മണ്ണിന്റെ സ്വാഭാവികഘടന നഷ്ടപ്പെടുന്നത്തിനും വയലിൽ വൈറൽ ബാധയുണ്ടാകുന്നതിനും വഴിയൊരുക്കുന്നു. പലയിടങ്ങളിലും ചെമ്മീൻകൃഷിയിൽ നിന്ന് കൂടുതൽ ലാഭം ലഭിക്കാനായി പമ്പുകൾ ഉപയോഗിച്ച ഉയർന്ന അളവിൽ കടലിൽ നിന്ന് ഉപ്പുവെള്ളം, പൊക്കാളിപാടങ്ങളിലേക്ക് നിറയ്ക്കുന്നു. തൽഫലമായി സമീപ പ്രദേശങ്ങളിലെ ജലസ്രോതസുകളിലെയൊക്കെ ജലത്തിന് ഉപ്പിന്റെ അംശം ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. വീടുകളും മറ്റു കെട്ടിടങ്ങളും ഈ ലവണാംശം കാരണം എളുപ്പത്തിൽ കേടുപാടുകൾ സംഭവിക്കുന്നു. നിലങ്ങൾ കൃഷി ചെയ്യാതെ ഇടുന്നതും ദോഷമാണ്. കൃഷി ചെയ്യാതെ ഇടുന്ന നിലത്തിന്റെ ആഴം കൂടുകയും നെൽകൃഷിക്ക് യോഗ്യമല്ലാതെയാവുകയും ചെയ്യുന്നു. അവ പിന്നീട് മത്സ്യക്കൃഷിക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അല്ലെങ്കിൽ അവിടെ കണ്ടലുകൾ വളരും. പിന്നീട് അവ വെട്ടിമാറ്റി നെൽകൃഷി പുനരാരംഭിക്കുക എന്നത് നിയമപരമായി സാധ്യമല്ല.

പ്രദേശങ്ങളുടെ ദ്രുതഗതിയിലുള്ള നഗരവൽക്കരണം ഭൂമിയുടെ വില വർദ്ധിപ്പിക്കുകയും കൃഷി അവസാനിപ്പിക്കാനും വയലുകൾ വിൽക്കാനും കർഷകരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ബഹുരാഷ്ട്രകമ്പനികളും ബിൽഡർമാരുമാണ് ഭൂരിഭാഗം വയലുകളും വാങ്ങുന്നത്.

പലപ്പോഴും വികസനത്തിന്റെ പേരിൽ പൊക്കാളിപാടങ്ങൾ നികത്തപ്പെടുമ്പോൾ അതിനെ ആശ്രയിച്ചു ജീവിക്കുന്ന വലിയൊരു വിഭാഗം ജനതയേയും അവരുടെ ഉപജീവനത്തെയും ഒക്കെയാണ് ബോധപൂർവ്വം ഇല്ലാതാക്കുന്നത്. ഉദ്ദാഹരണമായി വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ നിർമിക്കാൻ എറണാകുളം ജില്ലയിലെ ഏകദേശം 24 ഹെക്ടർ തണ്ണീർത്തടം ഏറ്റെടുത്തത് പരിസരപ്രദേശങ്ങളിൽ വസിക്കുന്ന ജനങ്ങളുടെ അതിജീവനത്തെയും ആ പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയെയും സാരമായി തന്നെ ബാധിച്ചു. കൂടാതെ, വേലിയേറ്റ തിരമാലകളുടെ സ്വാഭാവിക ഒഴുക്കിനെ ഇത് തടസ്സപ്പെടുത്തുന്നു. പ്രദേശങ്ങളുടെ ദ്രുതഗതിയിലുള്ള നഗരവൽക്കരണം ഭൂമിയുടെ വില വർദ്ധിപ്പിക്കുകയും കൃഷി അവസാനിപ്പിക്കാനും വയലുകൾ വിൽക്കാനും കർഷകരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ബഹുരാഷ്ട്രകമ്പനികളും ബിൽഡർമാരുമാണ് ഭൂരിഭാഗം വയലുകളും വാങ്ങുന്നത്.

പൊക്കാളി നിലങ്ങൾ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് വൻതോതിലുള്ള മലിനീകരണം. ചുറ്റുമുള്ള വീടുകളിൽനിന്ന് പുറന്തള്ളുന്ന പ്ലാസ്റ്റിക്കും ഇതര മാലിന്യങ്ങളും, ചെമ്മീൻ സംസ്‌കരണ യൂണിറ്റുകളിൽ നിന്നുള്ള രാസജലം, ടൂറിസ്റ്റുകളും പ്രാദേശിക ജനതയും ഉപേക്ഷിക്കുന്ന മദ്യക്കുപ്പികൾ ഇവയെല്ലാം പൊക്കാളി പാടങ്ങളുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുകയും കൃഷിയോഗ്യമല്ലാതാക്കുകയും ചെയ്യുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തരണം ചെയ്യാൻ ഒരു പരിധിവരെ പൊക്കാളിക്കു കഴിയുന്നുണ്ട്​. അതേസമയം, കാലാവസ്ഥ വ്യതിയാനം കൃഷിയെ സാരമായി ബാധിക്കുന്നുമുണ്ട്​. മൺസൂണിനെ ആശ്രയിച്ചുള്ള കൃഷിയായതിനാൽ ആവശ്യത്തിന് മഴ കിട്ടാത്തത് പൊക്കാളികൃഷിയെ തകരാറിലാക്കുന്നു. പൊക്കാളികർഷകരെ സംബന്ധിച്ച് ഏറ്റവും ആശങ്കയുളവാക്കുന്ന ഒന്നാണ് അന്യ ജീവികളുടെ ആക്രമണം. നെല്ലിക്കോഴി, എരണ്ട തുടങ്ങിയ പക്ഷികൾ കൃഷിക്ക് വലിയ തോതിൽ നാശമുണ്ടാക്കുന്നു. ഇവ വയലിൽ കൂടു കൂട്ടുകയും കതിരുകൾ കൊത്തിതിന്നുകയും നെൽച്ചെടിയുടെ തണ്ടിൽ നിന്ന് നീരെടുക്കുകയും ചെറിയ പ്രാണികളെയും മത്സ്യങ്ങളെയും ഭക്ഷിക്കുകയും ചെയ്യുന്നു. ആമകളുടെയും എലികളുടെയും എണ്ണം കൂടുന്നതും പൊക്കാളി കൃഷിക്ക് വെല്ലുവിളിയാണ്.

സൗജന്യ വിത്തും സബ്സിഡികളും ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും കർഷകരുടെ ആവശ്യങ്ങൾ പൂർണമായി തൃപ്തിപ്പെടുത്തുന്ന സഹകരണ സേവനങ്ങൾ സർക്കാരിൽ നിന്നുണ്ടാകുന്നില്ല.

എറണാകുളം ആസ്ഥാനമായ പൊക്കാളി നില വികസന ഏജൻസിയാണ് (പി.എൽ.ഡി.എ.) ജില്ലയിലെ പൊക്കാളിക്കൃഷിയുടെ വികസനത്തിന്റെ ചുമതല വഹിക്കുന്നത്. ഇവിടെ കലക്ടർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി ആണ് പൊക്കാളിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത്. എന്നാൽ നിലവിൽ ഈ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചിരിക്കുന്നതിനാൽ പി.എൽ.ഡി.എ.യുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. സർക്കാരിൽനിന്ന് സൗജന്യ വിത്തും സബ്സിഡികളും ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും കർഷകരുടെ ആവശ്യങ്ങൾ പൂർണമായി തൃപ്തിപ്പെടുത്തുന്ന സഹകരണ സേവനങ്ങൾ സർക്കാരിൽ നിന്നുണ്ടാകുന്നില്ല. പൊക്കാളിയുടെ പ്രത്യേകതകൾ ജനങ്ങളിലെത്തിച്ച് വിപണിയിൽ കൂടുതൽ ഇടപെടൽ നടത്താൻ സഹകരണസംഘങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ പൂർണ പിന്തുണയില്ലാത്തതിനാൽ വേണ്ടത്ര ഫലപ്രാപ്തിയിലെത്തുന്നില്ല.

പലപ്പോഴും നിയമങ്ങളെ കാറ്റിൽ പറത്തിയാണ് പൊക്കാളി നിലങ്ങളിൽ പല പ്രവർത്തനങ്ങളും നടത്താറുള്ളത്. ഒട്ടുമിക്ക പാടശേഖരങ്ങളിലും ചില പാടങ്ങളിൽ ഉടമസ്ഥർ നെൽകൃഷി ചെയ്യാതെ ചുറ്റുമുള്ള നെൽകൃഷി കാണിച്ചുകൊണ്ട് ചെമ്മീൻ കൃഷിക്കുള്ള ലൈസൻസ് വാങ്ങുന്നുണ്ട്. തീരദേശ നിയന്ത്രണ മേഖല നിയമം (CRZ) 2019- ൽ പൊക്കാളി / കൈപ്പാട് തണ്ണീർത്തടങ്ങൾ CRZ-നുള്ളിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് വ്യക്തമായി പരാമർശിക്കുന്നില്ല. വേലിയേറ്റ സ്വാധീനം നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം പ്രകാരം പൊക്കാളി നിലങ്ങൾ CRZ-IB-യിൽ ഉൾപ്പെടുന്നുള്ളൂ. എന്നാൽ 2022 ലെ പുതുക്കിയ CRZ നിയമത്തിൽ കേരളത്തിലെ 71.85 ചതുരശ്ര കിലോമീറ്റർ പൊക്കാളി വയലുകളും താഴ്ന്ന കൃഷിഭൂമികളും CRZ II അല്ലെങ്കിൽ CRZ III പ്രകാരം പുനഃക്രമീകരിക്കണമെന്നതാണ് ശുപാർശ. ഇത്തരം പുനഃക്രമീകരണം പ്രാദേശിക സമൂഹങ്ങൾക്ക് വീടുകൾ നിർമ്മിക്കാനും അവരുടെ ഉപജീവനത്തിനായി സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താനും പ്രാപ്തമാക്കുമെന്ന് റിപ്പോർട്ട് പറയുന്നു. പക്ഷെ ഈ ശുപാർശകൾ നടപ്പാക്കിയാൽ അത് കാലക്രമേണ മത്സ്യത്തൊഴിലാളി സമൂഹത്തെ മാറ്റിപ്പാർപ്പിക്കുന്നതിനും തീരപ്രദേശങ്ങൾ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾക്ക് തുറന്നുകൊടുക്കുന്നതിനും വഴിയൊരുക്കും എന്നാണ് പരിസ്ഥിതിവാദികൾ ആശങ്കപ്പെടുന്നത്. നിലവിൽ പല പൊക്കാളി പാടങ്ങളും റിയൽ എസ്റ്റേറ്റ് ലോബികൾ വാങ്ങി ഉയർന്ന വിലയ്ക്ക് മറിച്ചുവിലക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഭീഷണികൾ ലോകം അഭിമുഖീകരിക്കുന്ന സമകാലിക സാഹചര്യത്തിൽ, ഭക്ഷ്യസുരക്ഷ, പോഷകാഹാരം, ജനങ്ങൾക്ക് ഉപജീവനമാർഗം എന്നിവ ഉറപ്പാക്കുന്ന പൊക്കാളി പോലുള്ള നാടൻ കൃഷിരീതികൾ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ശക്തമായ നിയമപരിരക്ഷണവും സർക്കാർ ഇടപെടലും ജനകീയ പിന്തുണയും ഉണ്ടായാൽ മാത്രമേ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ പൊക്കാളി നിലങ്ങൾ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരാനാകൂ.


അശ്വതി മോഹൻ

തമിഴ്​നാട്​ സെൻട്രൽ യൂണിവേഴ്​സിറ്റിയിൽ സോഷ്യൽ വർക്ക്​ ഡിപ്പാർട്ടുമെൻറിൽ ഗവേഷക. കേരളത്തിലെ പൊക്കാളി കൃഷിയിലെ സോഷ്യോ- ഇക്കോളജിക്കൽ സിസ്​റ്റത്തെക്കുറിച്ചാണ്​ ഗവേഷണം.

Comments