ഉത്തരാഖണ്ഡിലെ ഒസ്ല ഗ്രാമത്തിലെ ഉരുളക്കിഴങ്ങ് കർഷകർ / Photo: A.J. Joji

ഒരു പൊട്ടറ്റോ റിപ്പബ്ലിക്കിലെ രണ്ട് ഉപരാജ്യങ്ങൾ

ഉരുളക്കിഴങ്ങിന്റെയും സവോളയുടെയും വിലയിടിവോ വർധനവോ ആണ് ഇന്ത്യൻ കർഷകരുടെ ആഹ്ലാദങ്ങളെയും ഖേദങ്ങളെയും വേദനകളെയും തീരുമാനിച്ചിരുന്നത് എന്ന അനുഭവ ചരിത്രത്തെ അപനിർമിക്കുന്ന പുതിയതരം ഭരണകൂട നരേറ്റീവുകളുടെ കാലത്താണ് നാമിപ്പോൾ.

World's most successful immigrant
പൊട്ടറ്റോയെക്കുറിച്ചുള്ള ഒട്ടും അതിശയോക്തി കലരാത്ത സത്യപ്രസ്താവമാണത്. പൊട്ടറ്റോയുടെ പലായന ചരിത്രം അത്രമേൽ വൈവിധ്യപൂർണമാണ്. ഭിന്നസ്വഭാവമുള്ള ലോകത്തിന്റെ ഭൂവിസ്തൃതിയിലേക്ക് ഏറ്റവുമധികം പറിച്ചുനടപ്പെട്ട, ഒരു പാവം കിഴങ്ങുരൂപം ലോകത്തിന്റെ വിശപ്പിനെ, ഇക്കണോമിയെ, ജനതയുടെ രുചിഭേദങ്ങളെ, വിശപ്പ് എന്ന അത്യാവശ്യത്തെ എങ്ങനെ പരിഹരിച്ചു വിജയിച്ചു എന്ന കണ്ടെത്തലിലുണ്ട് പൊട്ടറ്റോയുടെ അനിഷേധ്യചരിത്രം. ലോകത്തെ ഊട്ടുന്ന പ്രധാന ഭക്ഷ്യ ഇനങ്ങളിൽ മൂന്നോ നാലോ എടുത്താൽ അതിലൊന്ന് പൊട്ടറ്റോയാണ് എന്നതാണ് വസ്തുത. ആൻഡിസ് മേഖലയിലെ ട്രൈബുകളുടെ തട്ടുകൃഷിയിൽ നിന്ന് ഉരുവംകൊണ്ടതെന്ന് കരുതപ്പെടുന്ന ഈ കിഴങ്ങിന് ഇന്ത്യ അടക്കമുള്ള, പട്ടിണി ഏറെക്കണ്ട വിസ്തൃതജനദേശങ്ങളിലെ സാമൂഹ്യരാഷ്ട്രീയത്തെയും, ഇക്കണോമിയുടെ സന്തുലനത്തെയുമെല്ലാം നിർണയിക്കുന്നതിൽ മുഖ്യ റോളുണ്ട് എന്നതാണ് യാഥാർഥ്യം. ഇന്ത്യൻ ഭക്ഷ്യ ഇനങ്ങളിലെ പ്രധാന പോരാളിയായി മാറിയ കഥ തന്നെയാണ് പൊട്ടറ്റോയുടേത്. ചൈനയും റഷ്യയും ഉക്രൈയിനും പെറു അടക്കമുള്ള സൗത്ത് അമേരിക്കൻ രാജ്യങ്ങളും ഇന്ത്യയുമെല്ലാം അതിന്റെ പ്രയോക്താക്കളും.

അങ്ങനെ പല ദേശങ്ങളുടെ കാർഷിക ഉത്പാദനങ്ങളിലെ മുഖ്യപദവി നേടിയെടുത്തുവെന്നതാണ് ഉരുളക്കിഴങ്ങിന്റെ അതിജീവനരഹസ്യം. പൊട്ടറ്റോ സ്വയം തന്റെ ആഗോള പൗരത്വം ഉറപ്പിച്ച് നൂറ്റാണ്ടുകളായിരിക്കുന്നു. ഇന്ത്യയിലടക്കം ഇപ്പോഴും അതിന് മാറ്റമില്ല. പൊട്ടറ്റോ പൈതൃകത്തിൽ ചില താൻപോരിമയും തർക്കങ്ങൾ പോലും രാജ്യാന്തരശ്രദ്ധയുള്ള സംഭവവികാസങ്ങളായത് അതിനാലാണ്. ചിലിയും പെറുവും തമ്മിലുണ്ടായത്, ചിലിയും ബൊളീവിയയും തമ്മിലുണ്ടായത് പൊട്ടറ്റോ ദേശീയത/ രുചിത്തർക്കങ്ങളായിരുന്നു. കേരളത്തിന്റെ നാട്ടിൻപുറത്തുണ്ടായതെന്നുപോലും തോന്നാറുള്ള ചക്കരക്കിഴങ്ങ് രൂപത്തിലുള്ള പൊട്ടറ്റോകൾ സൗത്ത് അമേരിക്കൻ ദേശങ്ങളിലെ കൃഷിച്ചിത്രങ്ങളിൽ കാണാം. സൗത്ത് അമേരിക്കൻ ഭൂപ്രദേശമാണല്ലോ പൊട്ടറ്റോയുടെ തലതൊട്ടപ്പൻമാർ. പൈതൃകം അവരുടേതായിരിക്കണം. ആലങ്കാരികമായി പറഞ്ഞാൽ പല ദേശങ്ങളും ഒരർഥത്തിൽ സ്വയം ഓരോ പൊട്ടറ്റോ റിപ്പബ്ലിക്കുകളാണെന്ന് ചുരുക്കം.

ആൻഡിസ് മേഖലയിൽ നിന്നാരംഭിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഉരുളക്കിഴങ്ങിന്റെ സഞ്ചാരത്തെ കാണിക്കാനായി ഇന്റർനാഷനൽ പൊട്ടറ്റോ സെന്റർ തയ്യാറാക്കിയ ഭൂപടം

പൊട്ടറ്റോ വിരുദ്ധരായ മലയാളി

മലയാളികളിൽ പലർക്കും പൊട്ടറ്റോ വിരുദ്ധത പൊതുവേയുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുട്ടിക്കാലം മുതലേ ഉരുളക്കിഴങ്ങ് വിരുദ്ധതയുണ്ടായത് ആ സ്വാധീനം കൊണ്ടായിരിക്കാം. ഉരുളക്കിഴങ്ങ് രുചിയോടുള്ള കുട്ടിക്കാല അതൃപ്തി ഒഴിവാക്കാനാവാതെ പോയി. ജീവിതം കാൽനൂറ്റാണ്ട് പിന്നിട്ട ശേഷം മാത്രമാണ് പൊട്ടറ്റോ വിരോധത്തിൽ നിന്ന് വ്യതിചലനമുണ്ടായത്. അതായത് ഊണിനോ ചപ്പാത്തിക്കോ ഒരു മുട്ടക്കറി കിട്ടിയാൽ അതിലുള്ള ഉരുളകിഴങ്ങ് പ്ലേറ്റിൽ ഒരറ്റത്ത് ഓരോ കഴിപ്പുകളിലും അവഗണിക്കപ്പെട്ട് കൂട്ടിയിടപ്പെട്ടുകൊണ്ടിരിക്കലായിരുന്നു പതിവ്. ഏത് കറി കിട്ടിയാലും ഉരുളകിഴങ്ങിന്റെ സ്ഥാനം ഇതായിരുന്നു. മുട്ട കഴിച്ചിരുന്ന വെജ് ആയിരുന്നു അക്കാലത്ത് എന്നതുകൊണ്ടാകാം. ഏറെക്കാലത്തിനുശേഷം ഉത്തരേന്ത്യൻ യാത്രകളാണ് പൊട്ടറ്റോയെ ഇഷ്ടപ്പെടാനുള്ള പ്രേരണയുണ്ടാക്കിയത്.

ലഖ്‌നൗവിലെയും ഓൾഡ് ഡൽഹിയിലെയും കൊൽക്കത്തയിലെയും തണ്ടൂരി കടകളിൽ നിന്നോ തട്ടുകടകളിൽ നിന്നോ പലതരം രസികൻ പൊട്ടറ്റോ ഇനങ്ങൾ പ്ലേറ്റിലേക്ക് വന്നു. ഉശിരൻ ചില്ലി പൊട്ടറ്റോയുടെ ലോകമായി ലഖ്‌നൗവിനെ കണ്ടുകിട്ടി. വിസ്‌കിക്കൂട്ടിന് കൂട്ടിനുപോലും താനൊരു നല്ല കൈസഹായമായിരിക്കും, നിങ്ങളൊന്ന് ട്രൈ ചെയ്യൂ എന്ന് ചില്ലി പൊട്ടറ്റോ പ്ലേറ്റുകൾ പറയാൻ തുടങ്ങി. യു.പി.യിലെയും കൊൽക്കത്തയിലെയും ഗല്ലികളിലെ ദേശീരുചികളാണതിന് കാരണം. ഏതാണ്ട് ഇരുപത്തഞ്ച് വർഷത്തിനുശേഷമാണ് ജീവിതത്തിൽ അത് സംഭവിച്ചത് എന്നുമാത്രം. ഇഷ്ടമായാൽ പിന്നെ ഒന്നും ഒരു മോശം അനുഭവമല്ലെന്ന ബോധ്യം കടന്നുവരുമല്ലോ. അതുതന്നെ പിന്നീട് സംഭവിച്ചു. ഫ്രഞ്ച് ഫ്രൈസും ചില്ലി പൊട്ടറ്റോയും തുടങ്ങി പലതരം വകഭേദങ്ങൾ ഭക്ഷണ മെനുവിലേക്ക് അതോടെ കേറിവന്നു. ഇത്തരം പൊട്ടറ്റോ നരേറ്റീവുകൾ പലർക്കുമുണ്ടാകാം.

ഉരുളക്കിഴങ്ങ്​ പാടങ്ങളിലേക്ക്​

എന്നാൽ ഉരുളകിഴങ്ങ് പാടങ്ങളിലേയ്ക്ക് പോകാൻ തുടങ്ങിയിട്ട് പക്ഷേ ഏതാണ്ട് പത്തുകൊല്ലം മാത്രമേ ആയുള്ളൂ. തൊഴിലിന്റെ ഭാഗമായുള്ള യാത്രാ നൈരന്തര്യങ്ങളിൽ ഉരുളക്കിഴങ്ങ് പാടങ്ങളും കർഷകരും കേറിക്കൂടി. കർഷകരെ തേടിയുള്ള റിപ്പോർട്ടിങ് യാത്രകളിൽ പലയിടങ്ങളിലെ പാടങ്ങളിലൂടെ സഞ്ചരിച്ചു. അവസാനം ഒരു ഉരുളക്കിഴങ്ങ് പാടത്ത് പോകാനിടയായത് രണ്ടുവർഷം മുമ്പാണ്. കൃത്യമായി പറഞ്ഞാൽ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത്. രാവിലെ ലഖ്‌നൗ- ഇറ്റാവ എക്​സ്​പ്രസ്​ ഹൈവേയിലൂടെ ഇറ്റാവയും ലളിത്പുരും പോകാൻ ഇറങ്ങിയ യാത്രയിൽ. അന്ന് ഉരുളക്കിഴങ്ങ് കർഷകർക്ക് വിലയിടിവിന്റെ സമയമായിരുന്നു. അവരെ തേടിച്ചെന്നു, ഉരുളക്കിഴങ്ങ് പാടങ്ങളിലേക്ക് എത്തിപ്പെട്ടു.

യു.പി.യിലെയും കൊൽക്കത്തയിലെയും ഗല്ലികളിലെ ദേശീരുചികളാണ് 25 വർഷത്തിന് ശേഷമെങ്കിലും ഫ്രഞ്ച് ഫ്രൈസും ചില്ലി പൊട്ടറ്റോയും പോലുള്ള വകഭേദങ്ങളാൽ എന്റെ ഭക്ഷണ മെനുവിനെ വിപുലപ്പെടുത്തിയത്. ഇത്തരം പൊട്ടറ്റോ നരേറ്റീവുകൾ പലർക്കുമുണ്ടാകാം. / Photo: Flickr

ഉരുളക്കിഴങ്ങിന് വിലയിടിഞ്ഞ സമയത്തും കൂടിയ നേരത്തുമെല്ലാം ഇത്തരം പാടങ്ങളിലെ മനുഷ്യരെ കണ്ടിട്ടുണ്ട്. യു.പി.യിൽ ധാരാളമായി ഉരുളക്കിഴങ്ങ് കൃഷിയുണ്ട്. ചക്കരക്കിഴങ്ങും പലയിടത്തും കൃഷിചെയ്​തുകാണാറുണ്ട്.

അതിരാവിലെ നായ്ക്കൾ വണ്ടിയിടിച്ചു കിടക്കുന്ന അസുഖകരമായ കാഴ്​ച കണ്ടുവേണം അതിവേഗ ദേശീയപാതകളിലൂടെ യാത്രപോകാൻ. ചക്രത്തിനോട് ഏറ്റുമുട്ടാനായി പാഞ്ഞുവരുന്ന നായ്ക്കൾ തെളിച്ചുവീഴപ്പെട്ട് അതിദാരുണമായി കൊല്ലപ്പെട്ട് കിടക്കുന്ന കാഴ്​ച അവിടങ്ങളിലെ ദേശീയപാതകളിലെ പതിവാണ്. രാവിലെ ഇറ്റാവയിലേക്ക് പോകുംവഴി വലത്തോട്ട് തിരിയാതെ കനൗജിലേക്ക് വണ്ടി വിട്ടു, സർവീസ് റോഡ് വഴി ഇടത്തോട്ട്. ലോഹ്യയുടെ പഴയ തട്ടകം. മുലായവും അഖിലേഷും പിന്നീട് ഡിംപിൾ യാദവും ജയിച്ച രാഷ്ട്രീയ അരങ്ങ്. കനൗജിലെത്തുന്നത് ഉരുളകിഴങ്ങ് കർഷകരെ കാണാനും സുഗന്ധതൈല യൂണിറ്റുകളിലേയ്ക്കും കൂടിയായിരുന്നു. വരമ്പുകളിൽ നിറയെ കഞ്ചാവ് ചെടികൾ നിൽക്കുന്നതുകാണാം, നാട്ടിലെ കമ്യൂണിസ്റ്റ് പച്ച പോലെ. കഞ്ചാവ് ചെടികൾ കൂട്ടത്തോടെ, കന്നുപൂട്ടലിനിടെ വീണ്ടും മണ്ണിലേക്ക് തന്നെ വലിച്ചിഴക്കപ്പെടും. പിന്നെയും അത് നാമ്പിടും എന്നുമാത്രം. അവർ കണ്ടു, പ്രശ്‌നങ്ങൾ പറയാൻ തുടങ്ങി. പാടത്ത് വിളവെടുപ്പ് നടത്തിയതാണ്. ബാക്കിയുള്ളവ കാണിക്കാനായി കൊണ്ടുപോയി. മണ്ണിൽ നിന്ന് വലിച്ചെടുക്കാൻ പറഞ്ഞു. ചക്കരക്കിഴങ്ങ് വള്ളി പോലുള്ള പടർപ്പുകൾ. അതിലൊരു ഭാഗം പിടിച്ചുവലിച്ചു. മണ്ണിൽ നിന്ന് കിഴങ്ങുകൾ പുറംലോകം കണ്ടു.

ഉരുളക്കിഴങ്ങിന് വിലയിടിഞ്ഞ സമയത്തും കൂടിയ നേരത്തുമെല്ലാം ഇത്തരം പാടങ്ങളിലെ മനുഷ്യരെ കണ്ടിട്ടുണ്ട്. യു.പി.യിൽ ധാരാളമായി ഉരുളക്കിഴങ്ങ് കൃഷിയുണ്ട്. ചക്കരക്കിഴങ്ങും പലയിടത്തും കൃഷിചെയ്​തുകാണാറുണ്ട്. പാടത്ത് ഹെക്ടർ കണക്കിന് ഭൂമിയിലാകും പൊട്ടറ്റോ കൃഷി. പാടത്ത് കൂർക്കയോ ചക്കരകിഴങ്ങോ കൃഷി പോലെയാണ് ഉരുളകിഴങ്ങും. മണ്ണിൽ ചെറുചെടിവേരുകളോ പടർപ്പുകളോ ആയി കിടക്കുന്നു. അവ പാകമാകുന്ന സമയത്ത് ആ വേരുപിടിച്ച് വലിച്ചെടുക്കും പതിയെ. മണ്ണിൽ ഉരുളക്കിഴങ്ങുകൂട്ടം പുതഞ്ഞ്​ പുറത്തേക്കുവരും. പാടങ്ങളിൽ നെല്ല് കൂട്ടിയിടുന്ന കണക്കെ ഉരുളക്കിഴങ്ങ് കൂട്ടിയിട്ടതുകാണാം മിക്കയിടത്തും. പ്ലാസിക് വലച്ചാക്കുകളിൽ നിറച്ച് ചെറിയ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോകുന്നു. ചിലർ ടാർപായ ഇട്ട് അതിൽ അട്ടിയിട്ട് വെക്കുന്നത് കണ്ടു. ഉരുളകിഴങ്ങ് കൂട്ടങ്ങളും മനുഷ്യരുമെല്ലാം ഒരേ നിറത്തിൽ തന്നെയാണ് ആ പാടങ്ങളിൽ, മണ്ണിന്റെ നിറം. ദേഹമാകെ മണ്ണ് പുരണ്ടാണ് കൃഷിജീവിതം. സീതാപൂരിലും ലളിത്പുരിലും ഇറ്റാവയിലും കനൂജിലുമെല്ലാം ഇത്തരം ഉരുളകിഴങ്ങ് പാടങ്ങൾ ധാരാളം കണ്ടിട്ടുണ്ട്.

ലഖ്‌നൗ ടൗണിൽ ചില്ലി പൊട്ടറ്റോ ഒന്നാന്തരമായി ഉണ്ടാക്കിത്തരുന്ന രാത്രി തട്ടുകളുണ്ട് ധാരാളം. ചിലർ പക്ഷേ സംഗതി കൂടുതൽ ലുക്ക് ആക്കാനായി അല്പം സിന്തറ്റിക് പൊടി കൂടി വിതറും. വയറിന് പണി കിട്ടുന്നത് ഈ കാഴ്​ചഭംഗിയ്ക്കായി ചേർക്കുന്ന പൊടികൾ കൊണ്ടാണ്. സാധാരണരീതിയിൽ ചില്ലി പൊട്ടറ്റോ ഉണ്ടാക്കിയാൽ കിട്ടാത്ത റെഡ്ഡിഷ് നിറം കളർപ്പൊടി വീശിയടിച്ച് ഭക്ഷണശാലകൾ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. പലർക്കും ഈ കളർ കൈയിൽ നിന്ന് പോകുകയില്ല, കഴുകിയാലും. അത്രമേൽ വിഷാംശമുള്ള നിറങ്ങൾ ചേർക്കുന്നതിലൂടെ പലരും പൊട്ടറ്റോയെ വില്ലനാക്കുകയും ചെയ്യും എന്നതാണ് വിചിത്രം.

യു.പി.യിൽ ധാരാളമായി ഉരുളക്കിഴങ്ങ് കൃഷിയുണ്ട്. പാടങ്ങളിൽ നെല്ല് കൂട്ടിയിടുന്ന കണക്കെ ഉരുളക്കിഴങ്ങ് കൂട്ടിയിട്ടതുകാണാം മിക്കയിടത്തും. / Photo: Pixabay

പൊട്ടറ്റോയുടെ ഗതിവേഗം നിർണയിച്ചതിൽ പൊട്ടറ്റോ ചിപ്‌സിന് പങ്കുണ്ട്. പൊട്ടറ്റോയുടെ വിപണനസാധ്യതയിലേക്ക് കൂടുതൽ വലിയ കുത്തകകളെത്തി കൈയടക്കി ഭരിച്ചു ഇതോടെ. ഫുഡ് പ്രോസസിങ് ഇൻഡസ്ട്രിയുടെ താൽപര്യലോകം വലിയ കയറ്റങ്ങളെ കീഴടക്കി അതോടെ.

ഉരുളകിഴങ്ങ് മണലിൽ കപ്പലണ്ടി പോലെ ചുട്ടുപൊള്ളിച്ച് പുഴുങ്ങിയെടുത്ത് മസാലയും മല്ലിയിലയും ഉപ്പും നാരങ്ങാനീരും ചേർത്ത് നടുപ്പന്തിയിൽ പുരണ്ടി നൽകുന്ന ഉന്തുവണ്ടികളുടെ അപൂർവ റെസിപ്പി ലോകം കൂടിയാണിപ്പോൾ ഉത്തരേന്ത്യൻ ഗ്രാമങ്ങളും ഗല്ലികളും. അതായത് മുട്ട പുഴുങ്ങി അത് നടുമുറിച്ച് അതിൽ കുരുമുളക് പൊടിയും ഉപ്പും ചേർത്ത് കഴിക്കാൻ തരുന്നതുപോലെ ഉരുളകിഴങ്ങ് മണലിലിട്ട് പുഴുങ്ങുന്നവരാണ്. പൊട്ടറ്റോ ചിപ്‌സോടെയാണ് ഇതിന്റെ വാണിജ്യലോകം പുതിയൊരു തലത്തിലേക്ക് കടന്നത് എന്നുതോന്നുന്നു. പൊട്ടറ്റോയുടെ ഗതിവേഗം നിർണയിച്ചതിൽ പൊട്ടറ്റോ ചിപ്‌സിന് പങ്കുണ്ട്. പൊട്ടറ്റോയുടെ വിപണനസാധ്യതയിലേക്ക് കൂടുതൽ വലിയ കുത്തകകളെത്തി കൈയടക്കി ഭരിച്ചു ഇതോടെ. ഫുഡ് പ്രോസസിങ് ഇൻഡസ്ട്രിയുടെ താൽപര്യലോകം വലിയ കയറ്റങ്ങളെ കീഴടക്കി അതോടെ.

രുചിയുടെ രാഷ്​ട്രീയം

മറ്റൊരുകാര്യം കൂടി സംഭവിച്ചു. 2016-ൽ ഗുജറാത്തിലെ ഒമ്പത് ഉരുളകിഴങ്ങ് കർഷകർക്കെതിരെ പെപ്‌സികോ കമ്പനി കേസ് കൊടുത്തതാണ് അതിൽ കൗതുകകരം. പിന്നീട് കേസ് പിൻവലിക്കേണ്ടിവന്നു മൂന്നുവർഷം മുമ്പ്. ഇന്ത്യൻ കർഷകലോകത്തിന്റെ സംഘടിതമേഖലയെയും സംഘടനകളെയും ഞെട്ടിച്ച കേസായിരുന്നു ഇത്. കർഷക കൂട്ടായ്മകളും സന്നദ്ധപ്രവർത്തകരും സർക്കാരും പെപ്‌സികോ കമ്പനിയ്‌ക്കെതിരെ തിരിഞ്ഞു. ഒടുവിൽ പലവിധ സമ്മർദങ്ങളെ തുടർന്ന് കേസ് പിൻവലിക്കാൻ അവർ നിർബന്ധിതരുമായി. പെപ്‌സികോ ഉത്പാദിക്കുന്ന ചില വകഭേദങ്ങൾ ഗുജറാത്തിലെ ചില കർഷകർ കൃഷി ചെയ്തുവെന്നതായിരുന്നു കേസിന് ആധാരം. അവർ പാരമ്പര്യമായി കൃഷി ചെയ്തിരുന്നതാണ് എങ്കിലും കേസ് നൽകാൻ കമ്പനിയുടെ വാണിജ്യ-മാർക്കറ്റിങ് ബോധ്യം മതിയാകുമായിരുന്നു. പക്ഷേ ഇത് വിലപ്പോയില്ല എന്ന് മാത്രം.

ഇന്ത്യയിൽ ഉരുളകിഴങ്ങിനും സവോളയ്ക്കുമുള്ള വില രാജ്യത്തിന്റെ രാഷ്ട്രീയം തന്നെ തീരുമാനിക്കാൻ ഒരുപരിധിവരെ കാരണമായിട്ടുണ്ട്. ഇപ്പോൾ വില വർധന ഇത്തരം രാഷ്ട്രീയതീരുമാനങ്ങൾക്ക് ബാധകമാകാറില്ല. അമിതവിധേയത്വം തങ്ങളുടെ പ്രതിഷേധത്തിന്റെ മുനയൊടിച്ചുകളയുമെന്ന് പുതിയ ഇന്ത്യ കാട്ടിത്തരുന്നുണ്ട്. അതുകൊണ്ടാണ് ഇന്ധനവില കൂടിയാലും സർക്കാരിനെ പിന്തുണയ്ക്കുന്ന ജനസമൂഹം മറ്റ് പല ന്യായങ്ങളും കണ്ടെത്തി കൂടെനിൽക്കുന്ന വിചിത്രത കാണുന്നത്. മുൻപ് അങ്ങനെയായിരുന്നില്ല. ഉരുളക്കിഴങ്ങും സവോളയും വളത്തിനും വില കൂടുകയോ ക്ഷാമം നേരിടുകയോ ചെയ്താൽ അത് സാമൂഹ്യരാഷ്ട്രീയത്തെയും സർക്കാരിന്റെ സ്ഥിരതയെ പോലും ബാധിച്ചിരുന്നു എന്നതാണ് യഥാർഥ്യം. ഇപ്പോഴും ഒരു വളം ഡിപ്പോ തന്റെ അധികാരപരിധിയിലുള്ള മേഖലയിൽ കൊണ്ടുവന്നാൽ അതുമാത്രം മതി ഒരു തെരഞ്ഞെടുപ്പ് ജയിക്കാൻ ഒരു ഉത്തരേന്ത്യൻ എം.എൽ.എ.യ്ക്ക് എന്ന സ്ഥിതി തന്നെയാണ് ഗ്രാമങ്ങളിൽ. പക്ഷേ വില കൂടിയാൽ അത് കക്കൂസ് ഉണ്ടാക്കാനാണ് എന്നെല്ലാമുള്ള നരേറ്റീവുകൾക്ക് വാണിജ്യവിജയമുണ്ടായ കാലത്താണ് പുതിയ ഇന്ത്യയുടെ ജീവിതം എന്നുമാത്രം. അതുകൊണ്ട് ഇനിയുള്ള കാലത്ത് രുചിഭേദങ്ങളിൽ പുതിയ കലർപ്പുകളെയോ സങ്കരഭക്ഷ്യശൈലികളോ നമ്മൾ പരീക്ഷിച്ചേയ്ക്കും. പൊട്ടറ്റോ റിപ്പബ്ലിക്കിന്റെ രുചിതാൽപര്യത്തിൽ പുതിയ വൈവിധ്യങ്ങൾ കടന്നുവന്നേക്കാം. പക്ഷേ ഇന്ത്യൻ കാർഷികജനതയുടെ അടിസ്ഥാനപരമായ രാഷ്ട്രീയബോധത്തെ നിർണയിക്കുന്ന അഗ്രേറിയൻ പൊളിറ്റിക്കൽ ടൂളുകളായി എത്രകാലം ഇനി പൊട്ടറ്റോ തുടരുമെന്ന് പറയാനാകില്ല. കരിമ്പ് കർഷകരുടെ ഇതുവരെയും ലഭിക്കാത്ത കോടികളുടെ കുടിശ്ശിക ഒരു തെരഞ്ഞെടുപ്പ് വിഷയമാകുന്നില്ല.

പൊട്ടറ്റോ റിപ്പബ്ലിക്കിന്റെ രുചിതാൽപര്യത്തിൽ പുതിയ വൈവിധ്യങ്ങൾ കടന്നുവന്നേക്കാം. പക്ഷേ ഇന്ത്യൻ കാർഷികജനതയുടെ അടിസ്ഥാനപരമായ രാഷ്ട്രീയബോധത്തെ നിർണയിക്കുന്ന അഗ്രേറിയൻ പൊളിറ്റിക്കൽ ടൂളുകളായി എത്രകാലം ഇനി പൊട്ടറ്റോ തുടരുമെന്ന് പറയാനാകില്ല. / Photo: Flickr

പൊട്ടറ്റോ റിപ്പബ്ലിക്കിലെ ഏത് അഗ്രേറിയൻ കെടുതിയെയും ഒരു കാശിക്ഷേത്രം പുതുക്കലോ അയോധ്യയിലെ പുതിയ ക്ഷേത്രമോ ഒരു ദേശാഭിമാന പ്രതിമയോ വെച്ച് മറികടക്കാൻ ഭരണകൂടത്തിന് കഴിയുന്ന സ്ഥിതിയാണുള്ളത്.

ഇന്ധന-പാചകവില വർധന വേണ്ടിവരുന്നത് ദേശീയപാതയുണ്ടാക്കാനും കക്കൂസ് പണിയാനുമാണെന്നുള്ള നരേറ്റീവ് ജനം വിശ്വസിച്ചുതുടങ്ങുന്നുമുണ്ട്. അതിനാൽ പൊട്ടറ്റോ റിപ്പബ്ലിക്കിലെ ഏത് അഗ്രേറിയൻ കെടുതിയെയും ഒരു കാശിക്ഷേത്രം പുതുക്കലോ അയോധ്യയിലെ പുതിയ ക്ഷേത്രമോ ഒരു ദേശാഭിമാന പ്രതിമയോ വെച്ച് മറികടക്കാൻ ഭരണകൂടത്തിന് കഴിയുന്ന സ്ഥിതിയാണുള്ളത്. അത്തരമൊരു രാജ്യാവസ്ഥയിൽ ഇനി വളംഡിപ്പോ വികസനമോ ആലു- പ്യാജ് വില വർധനയോ പതിവുകാര്യം മാത്രമായേക്കും.

ഉരുളക്കിഴങ്ങിന്റെയും സവോളയുടെയും വിലയിടിവോ വർധനവോ ആണ് ഇന്ത്യൻ കർഷകരുടെ ആഹ്ലാദങ്ങളെയും ഖേദങ്ങളെയും വേദനകളെയും തീരുമാനിച്ചിരുന്നത് എന്ന അനുഭവചരിത്രത്തെ അപനിർമിക്കുന്ന പുതിയതരം ഭരണകൂട നരേറ്റീവുകളുടെ കാലത്താണ് നാമിപ്പോൾ. ഇന്ത്യയെന്ന പഴയ പൊട്ടറ്റോ റിപ്പബ്ലിക്കിന്റെ ജീവിതമല്ല പുതിയ ഇന്ത്യയെന്ന പോസ്റ്റ് ട്രൂത്ത് റിപ്പബ്ലിക്കിനുള്ളത്. രണ്ട് ഉപരാജ്യങ്ങളെന്ന കണക്കെ ആ അർഥത്തിൽ ഒരേ പൊട്ടറ്റോ റിപ്പബ്ലിക്കിന്റെ തന്നെ ഭൂതവും വർത്തമാനവും മാറിപ്പോയിരിക്കുന്നു എന്ന് കാണാം. ▮​

(ചില വിവരങ്ങൾക്കും മാപ്പിനും കടപ്പാട് - ഇന്റർനാഷണൽ പൊട്ടറ്റോ സെന്റർ വെബ്‌സൈറ്റ്)

വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments