മൻകി ബാത്തിന്റെ ഒച്ചയ്ക്ക് മുകളിൽ പാത്രം കൊട്ടാൻ ആഹ്വാനം

സമരം ചെയ്യുന്ന കർഷകരെ ഭിന്നിപ്പിക്കാനും, തളർത്താനും പലവിധ ആരോപണങ്ങളും കുടില തന്ത്രങ്ങളും പയറ്റികൊണ്ടിരിക്കുക മാത്രമാണ് ഇപ്പോഴും മോദി ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. കർഷക നിയമത്തെ അനുകൂലിക്കുന്ന വിവിധ സംഘടനകളുടെ യോഗങ്ങൾ വിളിച്ചു ചേർത്തും സംസ്ഥാന തലത്തിൽ തന്നെ നിയമം കർഷകർക്കനുകൂലമാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്.

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇന്ന് എല്ലാ സമര സ്ഥലങ്ങളിലും കർഷകരുടെ നിരാഹാരം നടക്കുകയാണ്. ഡൽഹി സിൻഘു അതിർത്തിയിലെ സമരവേദിയിൽ പതിനൊന്നോളം കർഷക നേതാക്കളുടെ നേതൃത്വത്തിലാണ് ഒരു ദിവസം നീളുന്ന റിലേ നിരാഹാര സമര പരിപാടിക്ക് തുടക്കം കുറിച്ചത്. ഇരുപത്തിയാറാം ദിവസത്തിലേക്ക് പ്രവേശിച്ച കർഷക സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ ദേശീയ പാതകളും ഉപരോധിക്കുകയും ചെയ്യുന്നുണ്ട്. "ദില്ലി ചലോ' മാർച്ചിന്റെ ഭാഗമായി ഇന്നലെ രാജസ്ഥാനത്തിൽ നിന്നും ഹരിയാനയിൽ നിന്നും കൂടുതൽ കർഷകർ സമര വേദികളിലേക്ക് വന്നുക്കൊണ്ടിരിക്കുന്നു. രാജസ്ഥാനിൽ നിന്ന് ട്രാക്ടറുകളിൽ പുറപ്പെട്ട ദില്ലി ചലോ മാർച്ച് ജയ്പൂർ ദേശീയ പാതകൾ ഉപരോധിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

പാൽവാൽ അതിർത്തിയിൽ നിരാഹരസമരിക്കുന്ന കർഷകർ

"വിതച്ചത് കൊയ്യാം' എന്ന നാട്ടു കൃഷിച്ചൊല്ലിനെ ഓർമ്മിപ്പിക്കുന്ന സമരാഹ്വാനമാണ് ഇന്നലെ കർഷക നേതാക്കൾ പത്ര സമ്മേളനത്തിൽ നടത്തിയത്. ഈ വരുന്ന 27 നു നരേദ്രമോദിയുടെ "മൻ കി ബാത്ത്' നടക്കുന്ന സമയത്തുടനീളം വീടുകളിൽ പാത്രം കൊട്ടി പ്രതിഷേധം അറിയിക്കണം എന്നാണ് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ജഗ്ജിത സിങ് ടാലെവാല ജനങ്ങളോട് ആഹ്വാനം ചെയ്തത്. കർഷക സമരം തുടങ്ങിയതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ പ്രതിമാസ റേഡിയോ പരിപാടിയാണ് 27 നു നടക്കാൻ പോവുന്നത്. കോവിഡ് വ്യാപന കാലത്തു ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ വീടുകളുടെ ബാൽക്കണിയിൽ നിന്ന് കൈകൊട്ടുകയോ പാത്രം കൊട്ടുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കർഷകർക്ക് ഐക്യദാർഢ്യം അറിയിക്കാൻ അതെ മാർഗം തന്നെ സ്വീകരിക്കാനാണ് കർഷക നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകർ കൂടി ഇതിനകം ഡൽഹിയിലേക്കു പുറപ്പെട്ടിട്ടുണ്ടാവും. പല അതിർത്തികളും പോലീസ് അടക്കുകയും, വാഹന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .

കഴിഞ്ഞ ഇരുപത്തിയഞ്ചു ദിവസങ്ങളായി വിവിധ രാജപാതകൾ അടഞ്ഞു കിടക്കുകയാണ്. രാജാവാകട്ടെ ഇതുവരെ നേരിടാത്ത ഒരു പ്രതിസന്ധി തരണം ചെയ്യാൻ തന്റെ പതിവ് "നാട്യങ്ങളിൽ' അഭയം തേടുക തന്നെയാണ്. ചങ്ങാത്ത മുതലാളിത്തത്തെ ആശ്ലേഷിച്ചു നിൽക്കുന്ന ഭരണകൂടത്തിനെതിരെ കർഷകർ ഒരു രാജ്യത്തിന്റെ ഏറ്റവും നിശ്ചയ ദാർഢ്യമുള്ള , രാഷ്ട്രീയ ബോധ്യമുള്ള യഥാർത്ഥ പ്രതിപക്ഷമായി മാറുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

ഡിസംബർ 25 തൊട്ടു 27 വരെയുള്ള ദിവസങ്ങളിൽ ഹരിയാനയിലെ ദേശീയ പാതകളിലെ ടോൾ പിരിവു തടസ്സപ്പെടുത്തുമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിസംബർ 23 നു "കിസാൻ ദിവാസ്' ആയി ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയന്റെ മുതിർന്ന നേതാവായ രാകേഷ് തികൈത് പറഞ്ഞു. ഇന്നലെ ഡൽഹി -ഉത്തർപ്രദേശ് അതിർത്തിയിലുള്ള ഗാസിപ്പൂർ സമര വേദിയിൽ കർഷക സമരത്തിനിടയിൽ മരണം വരിച്ച മുപ്പത്തിമൂന്നോളം കർഷകർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയുണ്ടായി. ജീവൻ നഷ്ടപെട്ട കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രാജ്യത്തിന്റെ പലയിടത്തും നിരവധി സംഘടനകളും ,കൂട്ടായ്മകളും അതിനോട് ഐക്യപ്പെടുകയുണ്ടായി. വരും ദിവസങ്ങളിൽ പ്രക്ഷോഭം കൂടുതൽ വ്യാപിപ്പിക്കുന്നതിനായി വിവിധ തൊഴിലാളി സംഘടനകളുടെ സഹായം അഭ്യർത്ഥിച്ചു കൊണ്ട് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മറ്റി കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സംഘടനകളുടെയും കൂട്ടായ്മയുടെയും നേതൃത്വത്തിൽ പല ഭാഷകളിൽ കേന്ദ്ര കൃഷി മന്ത്രിക്കു കത്തയക്കുകയും ചെയ്യുന്നുണ്ട്.

സമരം ചെയ്യുന്ന കർഷകരെ ഭിന്നിപ്പിക്കാനും, തളർത്താനും പലവിധ ആരോപണങ്ങളും കുടില തന്ത്രങ്ങളും പയറ്റികൊണ്ടിരിക്കുക മാത്രമാണ് ഇപ്പോഴും മോദി ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. കർഷക നിയമത്തെ അനുകൂലിക്കുന്ന വിവിധ സംഘടനകളുടെ യോഗങ്ങൾ വിളിച്ചു ചേർത്തും സംസ്ഥാന തലത്തിൽ തന്നെ നിയമം കർഷകർക്കനുകൂലമാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് മധ്യപ്രദേശിൽ ഈ കഴിഞ്ഞ വെള്ളിയാഴ്ച മോദി തന്നെ നേരിട്ട് കർഷകരെ അഭിസംബോധന ചെയ്യാൻ തയ്യാറായത്. ബീഹാറിൽ വ്യാപകമായി ചൗപൽ (കൃഷി മേളകൾ ) സംഘടിപ്പിക്കാനും, കർഷകരെ നിയമത്തിന്റെ ഗുണങ്ങളെ കുറിച്ച് ജനങ്ങളെ അവബോധരാക്കാനുമുള്ള ശ്രമങ്ങൾ ബിജെപി നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കാർഷിക നിയമത്തെ അനുകൂലിക്കുന്ന സംഘടനകളെ ഒത്തു ചേർക്കാനുള്ള ശ്രമങ്ങൾ തിരക്കിട്ടു കേന്ദ്രം നടത്തിയിട്ടുണ്ട്. പക്ഷെ കേന്ദ്രം പറയുന്ന ഈ കർഷക സംഘടനകൾ പലതും വെറും പേപ്പർ സംഘടനകൾ മാത്രമാണെന്ന് സമര നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ കർഷക സമരമുഖത്തെ ഒരു പ്രമുഖ സംഘടനയായ ഭാരതീയ കിസാൻ യൂണിയനോട് അവരുടെ സംഘടനയുടെ രജിസ്‌ട്രേഷൻ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര ഏജൻസി ഇമെയിൽ അയച്ചിരിക്കുന്നു. വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഫോറെക്‌സ് വകുപ്പിൽ നിന്ന് ഇമെയിൽ വന്നെതെന്നു ബാങ്ക് അധികൃതർ അറിയിച്ചതായി ഈ സംഘടനയുടെ നേതാക്കൾ പറഞ്ഞു. ഇതോടൊപ്പം തന്നെ പഞ്ചാബിൽ കർഷകരുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്ന ഏതാണ്ട് പതിനാലോളം ആളുകളുടെ ഓഫീസുകൾക്കു ഇൻകം ടാക്‌സ് വകുപ്പിൽ നിന്ന് നോട്ടീസ് വരുകയും, അവരുടെ മറുപടികൾക്ക് കാത്തുനിൽക്കാതെ ഓഫീസുകളിൽ റൈയ്ഡ് നടത്തുകയും ചെയ്തു. ഇത്തരം ഇടനിലക്കാർ വഴി കർഷക സമരത്തിനു വലിയ തോതിൽ ധനസഹായം ലഭ്യമാകുന്നുണ്ട് എന്ന ആരോപണം ഉന്നയിച്ചാണ് ഈ റൈയ്ഡുകൾ നടത്തിയത്. കർഷക ശബ്ദങ്ങൾ പുറത്തുവരാതിരിക്കാൻ ഭരണകൂടം അതിന്റെ അധികാരവും സ്വാധീനവും ഉപയോഗിക്കുന്നുണ്ട് എന്നതിന് പുതിയ തെളിവാണ് കിസാൻ ഏക്താ മോർച്ചയുടെ ഫേസ്ബുക് അക്കൗണ്ട് ഇന്നലെ മൂന്നു മണിക്കൂറോളം ബ്ലോക്ക് ചെയ്തത്. ഏതാണ്ട് ഒരു ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള ആ ഫേസ്ബുക് പേജിലൂടെ ആയിരുന്നു സമരത്തിന്റെ സ്ഥിതിഗതികൾ അതാതു സമയത്തു കർഷക നേതൃത്വം പങ്കു വെച്ചിരുന്നത്.

കിസാൻ ഏക്താ മോർച്ചയുടെ ഫേസ്ബുക് അക്കൗണ്ട് ബ്ലോക്ക് ചെയ്തപ്പോൾ

ഈ വിധം പയറ്റാവുന്ന എല്ലാ അടിച്ചമർത്തൽ നടപടികളുമായാണ് കേന്ദ്രം കർഷക സമരത്തെ നേരിടുന്നത്. പക്ഷെ അംബാനിയെയും അദാനിയേയും സംരക്ഷിക്കാനുള്ള വ്യഗ്രതയിൽ നിന്ന് വെളിപ്പെടുന്ന കുശാഗ്രബുദ്ധിക്കു അപ്പുറത്താണ് കർഷകന്റെ നേർക്ക് നേരെയുള്ള പോരാട്ട വഴികൾ എന്ന് എപ്പോഴാണ് മോദി തിരിച്ചറിയുക ? സിഖ് ഗുരുദ്വാരയിലേക്കുള്ള തന്റെ "അപ്രതീക്ഷിത സന്ദർശനം' നിഷ്‌കളങ്ക ഭക്തിയുടേതാണെന്ന് ഇപ്പോഴും ധരിച്ചുവശാവുമെന്ന ജനങ്ങൾ ഇവിടെ ഉണ്ടെന്നു തെറ്റിദ്ധരിക്കുന്ന ഒരു പ്രധാനമന്ത്രി സ്വയം പാകപ്പെടാത്ത ഒരു രാഷ്ട്രീയ നേതാവിന്റെ പ്രതീകം തന്നെയാണ് എന്നതിൽ സംശയമില്ല.

പ്രതിപക്ഷ പ്രേരിതമായാണ് കർഷകർ സമരം നയിക്കുന്നതെന്നും, കഴിഞ്ഞ സർക്കാറുകൾ പലപ്പോഴും ആസൂത്രണം ചെയ്തിട്ടുള്ള ഭേദഗതികൾ ആണ് താനിപ്പോൾ നടപ്പിലാക്കിയത് എന്നുമാണ് പ്രധാനമന്ത്രി മോദിയുടെ പുതിയ ന്യായീകരണം. കർഷക സമരത്തെ അതിന്റെ അന്തസത്തയിൽ അംഗീകരിക്കുകയെന്നാൽ തന്റെ ആശ്രിത മുതലാളികളോട് മുഖം തിരിക്കുക എന്നാണെന്നു കൃത്യമായി അറിയാവുന്ന മോദിക്ക് ഇത്തരം ഒഴുക്കൻ ന്യായീകരണങ്ങളിൽ സ്വയം രക്ഷതേടുകയല്ലാതെ വേറെ വഴിയില്ല. ഇതിൽ ആദ്യത്തെ ആരോപണത്തിന് കർഷക നേതൃത്വം ആവശ്യമായ മറുപടി നൽകി കഴിഞ്ഞു. രണ്ടാമത്തേത് ആരാണ് കർഷകരെ ഈ വിധം തെരുവുകളിലേക്കു എത്തിച്ചത് എന്നതിന്റെ ഉത്തരമാണ്. തീർച്ചയായും അതിൽ മാറിമാറി വരുന്ന സർക്കാരുകളുടെ നയരൂപീകരങ്ങൾക്കു പങ്കുണ്ട് എന്ന് തന്നെ പറയേണ്ടി വരും.

സമരസ്ഥലത്ത് വിശ്രമിക്കുന്ന കർഷകർ

കൃഷിയെ, സമ്പൂർണ്ണമായും കാർഷിക ബിസിനസ് ആയി പരിവർത്തിപ്പിക്കാനും, വിളകളുടെ ഉല്പാദന ഘട്ടങ്ങൾ തുടങ്ങി - "വയലുകളിൽ നിന്ന് വിപണിയിലേക്ക്'(Field to Shelf )-സകല തലത്തിലും ആധിപത്യം സ്ഥാപിക്കാൻ വൻകിട കുത്തകൾക്കു സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിനു വിവിധ സർക്കാരുകൾ പല കാലങ്ങളിലായി സ്വീകരിച്ച നയ സമീപനങ്ങളിൽ ഇട വരുത്തിയിട്ടുണ്ട് എന്ന് കാണാം. 1990 കളോടെ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക പരിഷ്‌ക്കാരങ്ങളിലൂടെയാണ് കാർഷിക മേഖലയെ സർക്കാർ കയ്യൊഴിഞ്ഞു തുടങ്ങുന്നത്. 1995 മുതൽ 2015 വരെയുള്ള കാലയളവിൽ 3,21,248 കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തതായി കാണാൻ സാധിക്കും. ഈ ഒരു പശ്ചാത്തല ധാരണ ഉണ്ടെങ്കിൽ ഇനി പുതിയ കാർഷിക നിയമത്തിലൂടെ വ്യാപകമാവാനിരിക്കുന്ന കോർപറേറ്റ് നിയന്ത്രിത വിപണികൾ സർക്കാർ ഇപ്പോൾ അവകാശപ്പെടുന്നത് പോലെ കർഷകന്റെ സ്വാതന്ത്ര്യത്തിന്റെയും തെരെഞ്ഞെടുപ്പിന്റെയും വാഗ്ദത്ത ഭൂമിയായി മാറുമെന്ന് എങ്ങിനെയാണ് കർഷകർക്ക് പ്രതീക്ഷിക്കാനാവുക?

ഇതിനിടയിൽ സമരം ചെയ്യുന്ന കർഷകരെ ഹൈവേകളിൽ നിന്ന് മാറ്റണമെന്നുള്ള ഹർജികളിൽ സുപ്രീം കോടതി വാദം കേട്ടിരുന്നു.

കർഷകർക്ക് പ്രതിഷേധിക്കാൻ ഉള്ള അവകാശം ഉണ്ടെന്നും ,അവർ "ആൾക്കൂട്ടങ്ങൾ' അല്ല എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ഇന്ത്യയിലെ വിവിധ കർഷക സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു താൽക്കാലിക കമ്മറ്റി സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ രൂപീകരിക്കാമെന്നുള്ള സുപ്രീം കോടതിയുടെ നിർദേശത്തെ കർഷക സംഘടനകൾ തള്ളി കളയുകയാണ് ചെയ്തത്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിലും കുറഞ്ഞതൊന്നും തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു കൊണ്ട് കർഷകർ വീണ്ടും തങ്ങളുടെ നിശ്ചയ ദാർഢ്യം ഉറപ്പിക്കുകയാണ് ചെയ്തത്.

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ വൈകുംതോറും രാജ്യത്തിനുണ്ടാകുന്ന നഷ്ടങ്ങളുടെ ഉത്തരവാദിത്വം കേന്ദ്ര സർക്കാറിന് തന്നെയായിരിക്കും. Associated Chambers of Commerce and Industry of India (ASSOCHAM) യുടെ കണക്കുകൾ പ്രകാരം പഞ്ചാബ് ,ഹരിയാന ,ഹിമാചൽ പ്രദേശ് ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിനം 3500 കോടി രൂപയുടെ നഷ്ടമാണ് കർഷക പ്രക്ഷോഭം മൂലം ഉണ്ടാവുന്നത്. റോഡുകൾ, ടോൾ പ്ലാസകൾ, റെയിൽവേ എന്നിവയുടെ ഉപരോധം ചരക്കു നീക്കത്തിന് വലിയ തടസ്സങ്ങൾ ഉണ്ടാക്കുന്നുണ്ട്. കർഷക സമരം ഇനിയും മുൻപോട്ടു പോവുകയാണെങ്കിൽ കാർഷിക മേഖലയിലെ പ്രവർത്തനങ്ങളെ മാത്രമല്ല മറ്റു മേഖലകളിലെ വ്യാപാരത്തെയും ഇത് കൂടുതൽ രൂക്ഷമായി ബാധിക്കും. കോവിഡ് പ്രതിസന്ധി ഇതിനു മുൻപേ താളം തെറ്റിച്ച സാമ്പത്തിക മേഖലയ്ക്ക് ഇനിയും ഏൽക്കുന്ന ആഘാതങ്ങൾ മറികടക്കാൻ ധനമന്ത്രിയുടെ ആശ്വാസ പാക്കേജുകൾ മതിയാകാതെ വരും.

സമരത്തിനിടെ ഭക്ഷണം തയാറാക്കുന്ന കർഷകർ

രാജ്യ താല്പര്യങ്ങളെ കുറിച്ച് വാചാലനാകുന്ന ഒരു ഭരണാധികാരി രാജ്യത്തെ അന്നമൂട്ടുന്ന കർഷകന്റെ പ്രതിഷേധങ്ങളെ പരിഗണിക്കാതിരിക്കുന്നതു കോർപ്പൊറേറ്റ് ദാസ്യത്തിന്റെ വിധേയത്വം കൊണ്ടാണെന്നു കൂടി മനസ്സിലാക്കിയത് കൊണ്ടാണ് കർഷകർ അവരുടെ സമരത്തെ കോർപ്പറേറ്റുകളെ ബഹിഷ്‌ക്കരിക്കാനുള്ള സമരം കൂടിയായി പുതുക്കുന്നത്. ബാരിക്കേഡുകൾ, കിടങ്ങുകൾ, ജലപീരങ്കികൾ, കണ്ണീർവാതക ഷെല്ലുകൾ എന്നീ ഭീഷണികളിലൂടെ കർഷക സമരത്തെ നേരിടാനുറച്ച കേന്ദ്ര സർക്കാരിന് കർഷകരുടെ ഉറച്ച പോരാട്ടങ്ങൾക്ക് മുമ്പിൽ മുട്ടുമടക്കേണ്ടി വന്ന കാഴ്ചയാണ് നാം കണ്ടത്. പിന്നീട് കർഷക നേതാക്കളെ തെറ്റായ വാദ്ഗ്ദ്ധാനങ്ങൾ നൽകി ചർച്ചകളിൽ കുരുക്കിയിടാമെന്ന തന്ത്രവും ഫലിക്കാതെ വന്നപ്പോൾ രാജ്യമെങ്ങുമുള്ള കർഷകരെ ഏകപക്ഷീയമായി അഭിസംബോധന ചെയ്യാനും ഗുരുദ്വാരകൾ സന്ദർശിക്കാനുമുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ അവമതിപ്പുകളെയും ഭീഷണികളെയും നേരിട്ട് അതിശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് മുന്നിൽ മോദി-അമിത് ഷാ തന്ത്രങ്ങൾ പരാജയപ്പെടുകയേ ഉള്ളൂ. ദില്ലിയിലെ 5ഡിഗ്രി തണുപ്പിലും ഉറഞ്ഞുപോകാത്ത പോരാട്ട വീര്യം നൽകുന്ന സൂചനകൾ ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ ആശ്വാസം പകരുന്നതാണ്.


ട്രൂകോപ്പി വെബ്സീൻ സബ്സ്ക്രൈബ് ചെയ്യൂ

Comments