ഭീതിജനകമായ ഒരു വർഷമാണ് കടന്നുപോയത്. കോവിഡ് മഹാമാരി മാത്രമല്ല 2020-നെ അത്തരത്തിൽ വിശേഷിപ്പിക്കാനുള്ള കാരണം. പ്രതിരോധങ്ങൾക്കും പ്രതിഷേധങ്ങൾങ്ങൾക്കും നേരെ ഭരണകൂടം നിർദ്ദയമായ ആക്രമണങ്ങൾ അഴിച്ചു വിട്ട വർഷം കൂടിയാണ് കടന്നു പോയത്. ഭരണകൂടത്തിന്റെ അനീതിക്കൂമ്പാരത്തിനെതിരെ ശബ്ദമുയർത്തിയ പലരേയും നിഷ്‌കരുണം ജയിലുകളിലേക്ക് തള്ളിയതും ഇതേ വർഷം തന്നെ. സി.എ.എ- എൻ.ആർ.സി നിയമങ്ങൾക്കെതിരെയുള്ള ഉജ്വല പോരാട്ടത്തിൽ നിന്നാരംഭിച്ച് കർഷകരുടെ ധീരമായ സമരത്തിലാണ് 2020 അവസാനിച്ചത്.
പഞ്ചാബിലെ ഹരിത വിപ്ലവ കർഷകരുടെ അനുഭവം
നാരായണ റെഡ്ഡി എന്ന കർഷകൻ കൃഷിയെ പറ്റി പറയുന്നത് . ചെറുപ്രായത്തിൽ തന്നെ നാടുവിട്ടിറങ്ങി, ദിവസം 40 രൂപ കൂലിക്ക് ശുചീകരണ ജോലി നടത്തിയാണ് ഇദ്ദേഹം ജീവിതം ആരംഭിക്കുന്നത്. പിന്നീട് റെഡ്ഡി മെച്ചപ്പെട്ട ജോലികളിൽ പ്രവേശിച്ച് മിച്ചം വെച്ച കാശുകൊണ്ട് കൃഷിക്കായി കുറച്ച് സ്ഥലം വാങ്ങി. ഹരിത വിപ്ലവം നിർദേശിച്ച സാങ്കേതികത്വം പൂർണമായും ഉൾക്കൊണ്ടാണ് ഏറെ പ്രകീർത്തിക്കപ്പെട്ട ഈ കർഷകൻ കാർഷിക വൃത്തി ആരംഭിക്കുന്നത്. അടുത്ത ആറു വർഷങ്ങൾക്കുള്ളിൽ തന്നെ വിജയകരമായി കൃഷി നടത്തി, മാതൃക കർഷകനായി അംഗീകരിക്കപ്പെട്ടെങ്കിലും ഈ പ്രക്രിയയിൽ എന്തോ ഒരു അപാകത ഉള്ളതായി റെഡ്ഡിക്ക് അനുഭവപ്പെട്ടു. ""മികച്ച വിള ലഭിക്കുമ്പോളും, എനിക്ക് തുടർച്ചയായി കാശ് നഷ്ടപ്പെട്ടു കൊണ്ടിരുന്നു,'' അദ്ദേഹം പറയുന്നു.
റെഡ്ഡിയുടേതിന് സമാനമായിരുന്നു പഞ്ചാബിലെ ഹരിത വിപ്ലവ കർഷകരുടെ അനുഭവം: സമൃദ്ധമായ ആദ്യത്തെ കുറച്ചു വർഷങ്ങൾ. തുടർന്ന് വർധിച്ച നിക്ഷേപ ചെലവു മൂലമുണ്ടാവുന്ന നഷ്ടങ്ങൾ (ട്രാക്ടറുകൾ, ഇന്ധനം, അത്യുൽപാദന ശേഷിയുള്ള വിത്തുകൾ, കീടനാശിനികൾ, വൈദ്യുത പമ്പുകൾ), മണ്ണിന്റെ ഗുണ ശോഷണം, ഭൂഗർഭ ജലത്തിന്റെ അളവിൽ ക്രമാതീതമായുണ്ടായ കുറവ്, പ്രാദേശികമായി അനുയോജ്യമായ വിത്തുകളുടെ ദുർലഭ്യത എന്നിങ്ങനെ. ചരിത്രപരമായ ആവശ്യം ഇതിലൊന്നിനും ഉണ്ടായിരുന്നില്ലെന്നതാണ് വസ്തുത.
നോർമൻ ബോർലോ ആവിഷ്‌കരിച്ച ഈ നൂതനമായ "വ്യാവസായിക' കൃഷി രീതിയുടെ പ്രചാരണത്തിൽ പ്രധാനപ്പെട്ട അമേരിക്കൻ ഫൗണ്ടേഷനുകളായ ഫോർഡ്, റോക്‌ഫെല്ലർ എന്നിവർക്ക് പങ്കുണ്ടായിരുന്നു. ഒരു ഗൂഢാലോചന സിദ്ധാന്തം ചമയ്ക്കാനല്ല ഞാൻ ശ്രമിക്കുന്നത്, എന്നാൽ ആധുനികവത്കരണത്തിന്റെ പേരിൽ കർഷരുടെ കൈയ്യിൽ നിന്ന് കൃഷിയുടെ നിയന്ത്രണം എടുത്തുകളയുന്നതിന് ഇത് തീർച്ചയായും കാരണമായിട്ടുണ്ട്. ഉയർന്ന പ്രത്യുൽപാദനവും ഐശ്വര്യവും എന്ന നിഷ്‌കളങ്കമെന്ന് തോന്നിപ്പിക്കുന്ന വാചാടോപം, കോർപറേറ്റ് ഭീമന്മാരുടെ അടിമകളാക്കി (സ്റ്റേറ്റിന്റെ അനുമതിയോടെ) കർഷകരെ മാറ്റി. കർഷകരുടെ സ്വയംഭരണാവകശത്തിന്റേയും, ജീവിതങ്ങളുടേയും മേലുള്ള ഏറ്റവും പുതിയ കടന്നു കയറ്റമാണ് നമ്മൾ നിലവിൽ നേരിട്ടു കൊണ്ടിരിക്കുന്ന കാർഷിക നിയമങ്ങൾ. ഒരു തരത്തിലുള്ള നിഷ്‌കളങ്കതയും കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ നടിക്കാനില്ല.
അടിസ്ഥാനപരമായ ചോദ്യത്തിൽ നിന്ന് നമുക്ക് ആരംഭിക്കാം. എന്തു കൊണ്ടാണ് ആളുകൾ ജോലി ചെയ്യുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നത്. ഉത്തരം ലളിതമാണ്, ഈ ലോകത്ത് സൗകര്യത്തോടെ, മെച്ചപ്പെട്ട രീതിയിൽ ഇന്ന്, ഇപ്പോൾ ജീവിക്കണം.
പുതിയ ദൈവം- മൂലധനം
നമ്മുടെ ശ്രദ്ധയിൽ പെടാതെ പൊടുന്നനെ ലോകം തകിടം മറിഞ്ഞതെങ്ങനെയാണ്? സാധാരണ ജനങ്ങൾ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഷ്ടപ്പെടുമ്പോൾ നമ്മുടെ ചെലവിൽ തിന്നുകൊഴുത്ത ഒരജ്ഞാത ശക്തിയുടെ പ്രവർത്തനങ്ങൾക്ക് നമ്മൾ വിധേയരാവുന്നതെങ്ങനെ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ചരിത്രപരമായ വിധിയിലോ ആവശ്യകതയിലോ ഇല്ലെന്നു കാണാം. മറിച്ച് സാമ്പത്തിക ശാത്രജ്ഞർ എന്ന് പേരിട്ടു വിളിക്കുന്ന ആധുനിക സെക്കുലർ പുരോഹിത ശ്രേണിയിൽ പെട്ടവരുടെ ഉത്ഭവത്തിലാണ് ഇതിന്റെ ഉത്തരം കിടക്കുന്നത്. അവരാണ് നിങ്ങൾക്ക്/ നമുക്ക് ഉന്നതി നേടണമെങ്കിൽ പുതിയ ദൈവത്തെ- അതായത് സമ്പത്തിനെ (മൂലധനം)- പ്രീണിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്.
ജി.ഡി.പി വർധിക്കുകയും, സമ്പത്ത് കുമിഞ്ഞ് കൂടുകയും, "കേക്കിന്റെ വലിപ്പം'' കൂടുകയും ചെയ്താലേ ഗുണഫലം താഴെക്കിടയിലേക്ക് എത്തൂ, അതുവരെ ഒരു ശതമാനത്തോളം വരുന്ന അതിസമ്പന്നരുടെ കീശ വീർത്തുകൊണ്ടേയിരിക്കും
ദൈവത്തെ (സമൃദ്ധിയെക്കുറിച്ചുള്ള വ്യക്തിപരമായ കാഴ്ചപ്പാട്) നിങ്ങൾക്ക് നേരിട്ട് പ്രാപിക്കാൻ സാധിക്കില്ലെന്നും അവർ നമ്മളോട് പറഞ്ഞു. പുതിയ ദൈവത്തെ പുരോഹിത ശ്രേണിയിൽ പെട്ടവർക്കല്ലാതെ കാണാൻ സാധിക്കില്ലെന്നും, അതിന്റെ ആവശ്യങ്ങൾ അറിയാനും വ്യാഖ്യാനിക്കാനും തങ്ങൾക്കേ സാധിക്കൂ എന്നും അവർ അവകാശപ്പെട്ടു. ഈ വിശ്വാസ പ്രമാണം അനുസരിച്ച് ജി.ഡി.പി വർധിക്കുകയും, സമ്പത്ത് കുമിഞ്ഞ് കൂടുകയും, "കേക്കിന്റെ വലിപ്പം' കൂടുകയും ചെയ്താലേ ഗുണഫലം താഴെക്കിടയിലേക്ക് എത്തൂ. അതുവരെ ഒരു ശതമാനത്തോളം വരുന്ന അതിസമ്പന്നരുടെ കീശ വീർത്തുകൊണ്ടേയിരിക്കും. പിന്നാക്കാവസ്ഥയിൽ നിന്നും, ഒറ്റപ്പെട്ട അസ്തിത്വത്തിൽ നിന്നും നമ്മളെ രക്ഷിക്കാൻ ദൈവം അയച്ച ദൂതരാണല്ലോ സമ്പത്തിന്റെ അധിപരായ ഈ വൃത്തികെട്ട കൂട്ടർ. അതുകൊണ്ടു തന്നെ നമ്മുടെ ചെലവിൽ അവർ കൊഴുക്കുന്നത് കാര്യമാക്കണ്ട. പൊതു നന്മയെ കരുതിയാണല്ലോ ആത്യന്തികമായി ഇവർ പ്രവർത്തിക്കുന്നത്.
ഈ പരിപാടി സാമ്പത്തിക ശാസ്ത്രജ്ഞരായി തുടങ്ങിവെച്ചതല്ല. ധാർമിക തത്വജ്ഞാനികളും, രാഷ്ട്രീയ സിദ്ധാന്തവാദികളും ചേർന്ന് അതിവിദൂര പ്രദേശമായ "യൂറോപ്പ്' എന്ന സ്ഥലത്താണിത് ആരംഭിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് അതുവരെ അമൂർത്തമായ നിലനിന്നിരുന്ന ഇക്കോണമി എന്ന ആശയത്തിന് ദൃഢത ലഭിക്കുന്നത്. 1937ലാണ് ജി.ഡി.പി (gross domestic production) എന്ന സങ്കൽപത്തെ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ സൈമൺ കുസ്‌നെറ്റ്‌സ് മുന്നോട്ടു വെക്കുന്നത്. ഇതിനെക്കുറിച്ച് എലിസബത്ത് ഡികിൻസൺ തന്റെ പറയുന്നത് ഇങ്ങനെയാണ്: ""വ്യക്തികളുടെയും, കമ്പനികളുടേയും, സർക്കാരിന്റെയും തുടങ്ങി എല്ലാ സാമ്പത്തിക ഉത്പാദനത്തേയും ഒരു അളവുകോൽ കൊണ്ട് വിശകലനം ചെയ്യാം എന്നതാണ് അദ്ദേഹത്തിന്റെ ആശയം. പ്രസ്തുത അളവു കോൽ നല്ല സമയങ്ങളിൽ കുതിക്കുകയും മോശം സമയങ്ങളിൽ കിതയ്ക്കുകയും ചെയ്യണം.''
1944-ലാണ് ജി.ഡി.പിക്ക് ആഗോള സാമ്പത്തിക അളവുകോൽ എന്ന രീതിയിൽ ബ്രെറ്റൺ വുഡ്‌സ് കോൺഫറൻസിൽ (വേൾഡ് ബാങ്ക്, ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് തുടങ്ങിയ സ്ഥാപനങ്ങളും വിഭാവനം ചെയ്യപ്പെട്ടത് ഇവിടെ വെച്ചാണ്) അംഗീകാരം ലഭിക്കുന്നത്. അതിനു ശേഷമാണ് ദേശീയ സമ്പദ് വ്യവസ്ഥയെ ജി.ഡി.പി എന്ന സങ്കൽപത്തിൽ നോക്കിക്കാണാൻ ആരംഭിക്കുന്നതും, ലോകത്താകമാനമുള്ള രാജ്യങ്ങളെ കോർത്തിണക്കി, സമ്പദ്ഘടനയെ വിശകലനം ചെയ്യാനുള്ള ഏകീകൃത അളവുകോലായി ജി.ഡി.പി ഉപയോഗിക്കുന്നതും.
ഇതിന്റെ ഓരോ ഘട്ടത്തിലും ചെറുതും പ്രാദേശികവുമായ എല്ലാത്തിനേയും ഭീമന്മാർ നിഷ്പ്രഭമാക്കി കൊണ്ടിരുന്നു. ഇത് അർഥമാക്കുന്നത് എന്തെന്നാൽ, ദശലക്ഷക്കണക്കിനാളുകൾക്ക് സ്വന്തം ജീവിതത്തിന്മേലുള്ള നിയന്ത്രണം നഷ്ടമായി എന്നതാണ്. ചെറുതും പ്രാദേശികവുമായ എല്ലാത്തിനേയും നീക്കം ചെയ്യപ്പെടേണ്ട ഭൂതകാലത്തിന്റെ ശേഷിപ്പുകളായാണ് പുതിയ വിശ്വാസ പ്രമാണം നോക്കിക്കണ്ടത്. പുതിയ ദൈവത്തിന്റെ പേരിൽ ആളുകളെ വഴിയാധാരമാക്കി ഭിക്ഷക്കാരാക്കാനും, ദരിദ്ര വീടുകളിൽ കൊണ്ടിടാനും, കുറ്റവാളികളാക്കാനും, മറ്റു ഭൂഖണ്ഡങ്ങളിലേക്ക് കയറ്റി അയക്കാനും സാധിക്കുമായിരുന്നു. ഇതായിരുന്നു ബ്രിട്ടന്റെ കഥ. യാദൃശ്ചികമായി ബ്രിട്ടനിൽ ആരംഭിച്ച് വളരെ പെട്ടെന്ന് ഒരു "യൂറോപ്യൻ കഥയായി' സാമാന്യവത്കരിക്കപ്പെട്ട് മാനവരാശിയുടെ മുഴുവൻ വിധിയായി ഇത് മാറുകയായിരുന്നു.
19-ാം നൂറ്റാണ്ടു മുതൽ തന്നെ, സമ്പന്നരിൽ അധികാരം കേന്ദ്രീകരിക്കപ്പെടുന്നതിനെ ചോദ്യം ചെയ്യുന്നവർ പോലും തൊണ്ട തൊടാതെ വിഴുങ്ങത്തക്കവണ്ണം ഈ വിധിയെക്കുറിച്ചുള്ള ധാരണകൾ യൂറോപ്പിൽ ദൃഢമായി മാറിയിരുന്നു. ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ലെന്ന അഭിപ്രായം അവരും ശരിവെച്ചു. കാലചക്രം തിരിക്കാൻ സാധിക്കില്ലെന്നായിരുന്നു അവരുടെ വാദം. കാപിറ്റലിസം- അഥവാ അസ്തിത്വത്തിന്റെ ഈ പുതിയ രീതിയെ മറികടക്കാൻ അതിന്റെ യുക്തിയാലും, നിഗമനങ്ങളാലും മാത്രമേ സാധിക്കുമായിരുന്നുള്ളു.
1990 കൾ മുതൽ നവ ഉദാരവത്കരണത്തിന്റെ (neo-liberalism) രൂപത്തിൽ ഈ പുതിയ വിശ്വാസപ്രമാണത്തിന്റെ കൂടുതൽ രൂക്ഷമായ വകഭേദം നമ്മൾ കണ്ടു. നേരത്തെ, ദൈവശാസ്ത്ര പണ്ഡിതർക്ക് കാലത്തിനനുസൃതമായി ഉയർന്നു വരുന്ന സമ്മർദ്ദങ്ങൾ ഉൾക്കൊണ്ട് അവരുടെ പദ്ധതികളിൽ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യങ്ങൾ ഉണ്ടാവുമായിരുന്നു. എന്നാൽ 80-കളുടേയും 90-കളുടേയും യാഥാസ്ഥികതയെ അരക്കിട്ടുറപ്പിച്ചു കൊണ്ടാണ് നവ ഉദാരത ഇരിപ്പുറപ്പിച്ചത്.
2050-ഓടെ ലോകത്തെ രണ്ടിലൊന്ന് ജനങ്ങൾ നഗരങ്ങളിലേക്ക് ചേക്കേറുമെന്നും, ഇതിൽ ഏറിയ പങ്കും ഏഷ്യ, ആഫ്രിക്കൻ വൻകരകളിൽ ആയിരിക്കുമെന്നുമുള്ള ആഘോഷപൂർവമായ പ്രഖ്യാപനത്തോടെയാണ് നവ ഉദാരത ലോകമാനം വളരാൻ ആരംഭിച്ചത്. എന്നാൽ, നാഗരിക ഭാവിയെക്കുറിച്ചുള്ള മറ്റു പല സൂചികകളും ഇത്തരത്തിൽ മധുരത്തിൽ പൊതിഞ്ഞ പ്രവചനങ്ങൾ അല്ല മുന്നോട്ടു വെച്ചത്. കോവിഡ്-19 മഹാമാരി സൃഷ്ടിച്ച ആഘാതം നിലനിൽക്കെ, നവ ലിബറൽ ദൈവശാസ്ത്രജ്ഞന്മാരുടെ സ്വതന്ത്രവിപണിയുടെ ആഘോഷം ഇപ്പോൾ തുടങ്ങി വരും വർഷങ്ങളിൽ പുനർവിചിന്തനം ചെയ്യപ്പെടുമെന്നത് തീർച്ച.
ലോകത്ത് 70 ശതമാനത്തോളം ഭക്ഷണവും ഉത്പാദിപ്പിക്കുന്നത് സ്ത്രീകൾ ആണെങ്കിൽ പോലും, നവ ഉദാരവത്കരണവും, ആൺകോയ്മയും ഇവരെ അരികുവത്കരിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നു
അന്താരാഷ്ട്ര കർഷക സമരങ്ങളുടെ ആരംഭം
കേൾക്കുമ്പോൾ ഒരു പക്ഷെ വിചിത്രമായി തോന്നാമെങ്കിലും, എതിരാളികളില്ലാതെ സ്റ്റേറ്റിന്റേയും, അന്താരാഷ്ട്ര സ്ഥാപനങ്ങളുടേയും അനുഗ്രഹത്തോടെ വളരുന്ന പ്രസ്തുത സാമ്പത്തിക വിശ്വാസ പ്രമാണങ്ങൾക്ക് അടിയറവ് പറയാൻ തയ്യാറാവാതെ എല്ലായിടത്തും മുന്നിൽ നിൽക്കുന്നത് കർഷകരാണെന്ന് കാണാം. കൃഷി സംബന്ധിയായ നയങ്ങളും, കാർഷിക കച്ചവടവും ആഗോളവത്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു സമയത്ത് ചെറുകിട കർഷകർക്കിടയിൽ പൊതുവായ കാഴ്ചപ്പാട് രൂപപ്പെടേണ്ടതിന്റെയും, അതിനെ പ്രതിരോധിക്കണ്ടതിന്റെയും ആവശ്യകത ഉയർന്നുവന്നു. അങ്ങനെയാണ് അന്താരാഷ്ട്ര കർഷക സംഘടന രൂപീകരിക്കുന്നത്. La Via Campesina എന്ന പേരിൽ തുടങ്ങിയ അന്താരാഷ്ട്ര കൂട്ടായ്മയിൽ ഇന്ന് 81 രാജ്യങ്ങളിൽ നിന്ന് 182 സംഘടനകളാണുള്ളത്. ഏതാണ് 200 ദശലക്ഷം കർഷകരെ ഇവർ പ്രതിനിധീകരിക്കുന്നു
പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും കാഴ്ചപ്പാടിനെക്കുറിച്ചും അവരുടെ പറയുന്നതിങ്ങനെ. ""ലോകത്ത് പലയിടങ്ങളിലായുള്ള ചെറുകിട കർഷകർ, ഭൂമി ഇല്ലാത്തവർ, ഗ്രാമീണ സ്ത്രീകളും യുവജനങ്ങളും, തദ്ദേശീയ ജനവിഭാഗങ്ങൾ, കുടിയേറ്റക്കാർ തുടങ്ങി ദശലക്ഷക്കണക്കിന് ആളുകളെ ഒരുമിപ്പിക്കുന്ന പ്രസ്ഥാനമാണ് LVC. ഈ വിഭാഗങ്ങൾക്കിടയിൽ, ദൃഢമായ ഒരുമയും ഐക്യവും സൃഷ്ടിച്ച്, കൃഷിയെ പരിപോഷിപ്പിച്ച് ഭക്ഷ്യ സമൃദ്ധിയിലൂടെ (food sovereignty) സാമൂഹിക നീതി ഉറപ്പു വരുത്തുകയും, പ്രകൃതിയേയും സാമൂഹിക ക്രമത്തേയും നശിപ്പിക്കുന്ന കോർപറേറ്റുകൾ നയിക്കുന്ന കൃഷി രീതിയെ ശക്തമായി എതിർക്കുകയും ചെയ്യുന്നു.''
ലോകത്ത് 70 ശതമാനത്തോളം ഭക്ഷണവും ഉത്പാദിപ്പിക്കുന്നത് സ്ത്രീകൾ ആണെങ്കിൽ പോലും, നവ ഉദാരവത്കരണവും, ആൺകോയ്മയും ഇവരെ അരികുവത്കരിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നു. സ്ത്രീകൾ LVC -യിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഈ പ്രസ്ഥാനം സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയും, ലിംഗ സമത്വത്തിനു വേണ്ടിയും, സ്ത്രീകൾക്കു നേരയുള്ള എല്ലാ തരം അക്രമങ്ങൾക്കെതിരെയും നിലകൊള്ളുന്നു. രണ്ടു പതിറ്റാണ്ടിന്റെ കഠിനപ്രയത്‌നത്തിനു ശേഷം കർഷകരുടേയും ഗ്രാമീണ മേഖലയിൽ താമസിക്കുന്ന മറ്റു ആളുകളുടേയും അവകാശങ്ങൾ അംഗീകരിക്കാൻ യു.എന്നിൽ സമ്മർദ്ദം ചെലുത്താനും ഇത് യാഥാർഥ്യമാക്കാനും സാധിച്ചു എന്നത് സാമ്പത്തിക ദൈവ ശാസ്ത്രജ്ഞർക്കും, സാമൂഹ്യ ശാസ്ത്രജ്ഞർക്കും, തത്വജ്ഞാനികൾക്കും അടിയറവ് പറയാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്ന കർഷകരുടെ പ്രഖ്യാപനം കൂടിയായിരുന്നു
2018 ഡിസംബറിൽ മാത്രമാണ് കർഷകരുടെയും മറ്റും അവകാശങ്ങൾ യു.എൻ തത്വത്തിൽ അംഗീകരിക്കുന്നതിന്. ഇതിനും വളരെ മുമ്പ്, സ്റ്റേറ്റുകൾ തങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് LVC രംഗത്തെത്തിയിരുന്നു. അതല്ലാതെ സ്റ്റേറ്റുകൾ മുൻകൈ എടുത്ത് ഇത് യാഥാർഥ്യമാക്കുകയായിരുന്നില്ല.
1990 കളിൽ ഇൻഡൊനേഷ്യൻ കർഷക യൂണിയനാണ് സാർവ്വ ദേശീയ തലത്തിൽ കർഷകരുടെ അവകാശങ്ങളെ സംബന്ധിച്ച ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത്. ഇതേ വർഷം തന്നെയായിരുന്നു LVC ആരംഭിച്ചതും. LVC രൂപീകരണത്തിൽ പങ്കെടുത്തവർക്കെല്ലാവർക്കും മറ്റെന്തിനെക്കാളും ആഴത്തിൽ തങ്ങളുടെ പൊതു ശത്രുവിനെ പറ്റി കൃത്യമായ ധാരണയുണ്ടായിരുന്നു- ലോക വ്യാപാര സംഘടന. WTO- യെക്കുറിച്ചുള്ള ചർച്ചകൾ അന്ന് നടന്നു കൊണ്ടിരിക്കുകയായിരുന്നു. WTO യ്ക്ക് വേണ്ടി വാദിക്കുന്നവരുടെ പ്രധാന ആവശ്യം കൃഷി മേഖലയുടെ മേൽനോട്ടം ഇതിന് നൽകണം എന്നായിരുന്നു. ഒരു ബഹുമുഖ കച്ചവട കരാറിൽ ഇങ്ങനെ ഒരു ആവശ്യം ആദ്യമായിരുന്നു. WTO യ്ക്ക് എതിരെയുള്ള കർഷകരുടെ പ്രതിഷേധങ്ങളെ ഏകോപിപ്പിക്കാനും അടിയുറപ്പിക്കാനും LVC ക്ക് സാധിച്ചു.
കാലാവസ്ഥ പ്രതിസന്ധി, ഭക്ഷ്യ സമൃദ്ധി
കൃഷിയെ അടിസ്ഥാനമാക്കിയുള്ള പൊതു ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് താഴെ പറയുന്ന ലളിതമായ വസ്തുതയെ അടിസ്ഥാനമാക്കിയാണ്.
ലോകത്തിലെ 570 മില്യണോളം വരുന്ന കൃഷിഭൂമികളിൽ ഭൂരിഭാഗവും ചെറുതാണ്. ഏഷ്യ, സബ് സഹാറൻ ആഫ്രിക്ക, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ 80 ശതമാനവും smallholders (ശരാശരി ഫാമുകളെക്കാൾ ചെറിയ സ്ഥലത്ത് കൃഷി ചെയ്യുന്നവർ) ആണ് കർഷകരിലൂടെയും, മത്സ്യതൊഴിലാളികളിലൂടെയും, കന്നുകാലി കൃഷിക്കാരിലൂടെയും, ഭൂരഹിതരിലൂടെയും, തദ്ദേശീയ ജനവിഭാഗത്തിലൂടെയും വിതരണം ചെയ്യുന്നത്. അതു കൂടാതെ 1.4 ബില്യണോളം വരുന്ന പരമ ദരിദ്രരായ ആളുകളിൽ 70 ശതമാനത്തോളം പേർ ഗ്രാമീണ മേഖലകളിലാണ് ജീവിക്കുന്നത്. ഇവരിൽ 75 ശതമാനം പേരും smallholders ആണ്.
മുതലാളിത്തത്തിനും കോർപറേറ്റ്‌വത്കൃത കൃഷിക്കും, മനുഷ്യവർഗത്തിന്റെ വിശപ്പ്, ദാരിദ്ര്യം തുടങ്ങിയ പ്രശ്‌നങ്ങളിൽ പ്രത്യേകിച്ച് താൽപര്യം ഇല്ലെന്നത് മുന്നനുഭവങ്ങളിൽ നിന്ന് വ്യക്തമാണ്. ഈ തിരിച്ചറിവിൽ നിന്നാണ് ഭക്ഷ്യ സമൃദ്ധി എന്ന ആശയം ഉടലെടുക്കുന്നത്. എന്നാൽ കർഷക പ്രസ്ഥാനം നിലകൊള്ളുന്നത് കേവലം പഴഞ്ചനായ കൃഷിരീതികൾ സംരക്ഷിക്കണമെന്ന ആവശ്യത്തിലൂന്നിയാണെന്നത് തെറ്റായ ധാരണയാണ്
കൃഷിയെ കോർപറേറ്റ്‌വത്കരിക്കാനുള്ള നവ ഉദാര നയങ്ങൾ എതിരായിട്ടാണ് profit for few or food for all എന്ന മുദ്രാവാക്യവുമായി ഭക്ഷ്യ സമൃദ്ധി എന്ന ആശയം പ്രബലമാവുന്നത്. അതു കൊണ്ടു തന്നെ അതീവ കേന്ദ്രീകൃത സ്വഭാവവും, എല്ലായിടത്തും ഒരൊറ്റ കൃഷി നയം എന്ന WTO മോഡലുമായി ഒത്തു ചേർന്നു പോകാൻ മേൽ പറഞ്ഞ കർഷക പ്രസ്ഥാനങ്ങൾക്ക് സാധിക്കുമായിരുന്നില്ല. ഭക്ഷണവും കൃഷിയും, ആവാസവ്യവസ്ഥയും സാംസ്‌കാരിക ചുറ്റുപാടും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളെ അംഗീകരിക്കുകയാണ് ഭക്ഷ്യ സമൃദ്ധി എന്ന ആശയം. ഈ കാഴ്ചപ്പാട് കൃഷിയുടേയും ഭക്ഷ്യ ഉത്പാദനത്തിലേയും പ്രശ്‌നങ്ങളെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെടുത്തി കണ്ട്, പരിസ്ഥിതി അനുകൂലവും, പ്രാദേശിക ഭക്ഷണ ഉത്പാദന രീതികളെ അവലംബിച്ചും മുന്നോട്ട് പോകുന്നതിനാണ് ഊന്നൽ നൽകുന്നത്.
നാരായണ റെഡ്ഡി ചെയ്യുന്നതുപോലെ കൃഷി സംബന്ധിയായ ആവശ്യങ്ങൾക്കായുള്ള ബാഹ്യമായ വിധേയത്വം കഴിയും വിധം ഇല്ലാതാക്കുന്നത് ഈ ഒരു കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്. അവർ വിദേശ മാർക്കറ്റുകളിൽ ചരക്ക് കയറ്റി അയക്കാതെ പ്രാദേശിക ഉപയോഗത്തിനായി ഉത്പാദന ചരക്ക് വിനിയോഗിക്കുകയുമാണ് ചെയ്യാറ്. ▮
(വിവർത്തനം: മുഹമ്മദ് ഫാസിൽ)