High-Tech Digital Classroom
ഈ സര്‍ക്കാര്‍ ക്ലാസ്റൂമിനെ
ഡിജിറ്റൽ കമ്പോളമാക്കുകയാണ്
ചെയ്യുന്നത്
High-Tech Digital Classroom ഈ സര്‍ക്കാര്‍ ക്ലാസ്റൂമിനെ ഡിജിറ്റൽ കമ്പോളമാക്കുകയാണ് ചെയ്യുന്നത്
സാങ്കേതിക ഉപകരണങ്ങളുടെ അപര്യാപ്തതയാണ് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന് ഗവണ്‍മെന്റിനെ ഉപദേശിക്കുന്നത് ആരാണ്? എന്ത് പഠനങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് വലിയതോതില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് ഗവണ്‍മെന്റ് എത്തിച്ചേരുന്നത്? പൊതുഖജനാവിലെ പണം ഡിജിറ്റല്‍ വ്യാപാരികളുടെ മടിക്കുത്തിന് കനം വെപ്പിക്കാന്‍ ഉപയോഗിക്കേണ്ടതുണ്ടോ? കേരളം ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ചില വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടുന്നു
13 Oct 2020, 11:32 AM
പൊതുവിദ്യാഭ്യാസത്തില്‍ കേരളം ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഗവണ്‍മെന്റ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുവിദ്യാലയങ്ങളില്‍ 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിന്യസിച്ച് നടപ്പാക്കിയ ഹൈടെക് സ്‌കൂള്‍ ഹൈടെക് ലാബ് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 12ന് നടത്തി.
സാങ്കേതിക ഉപകരണങ്ങളുടെ അപര്യാപ്തതയാണ് നമ്മുടെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന് ഗവണ്‍മെന്റിനെ ഉപദേശിക്കുന്നത് ആരാണ്? എന്ത് പഠനങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് വലിയതോതില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് ഗവണ്‍മെന്റ് എത്തിച്ചേരുന്നത്? പൊതുഖജനാവിലെ പണം ഡിജിറ്റല്‍ വ്യാപാരികളുടെ മടിക്കുത്തിന് കനം വെപ്പിക്കാന്‍ ഉപയോഗിക്കേണ്ടതുണ്ടോ? ഉറക്കെ ചിന്തിക്കേണ്ട ചോദ്യങ്ങളാണിത്.
സ്‌കൂളുകള്‍ ഡിജിറ്റല്‍ ഉപകരണ കമ്പോളമാകുന്നു
സ്‌കൂളുകള്‍ ഡിജിറ്റല്‍ വ്യവസായത്തെ സംബന്ധിച്ച് വിപുല കമ്പോളമായി മാറിക്കൊണ്ടിരിക്കുന്നു. ഒരു ഡിജിറ്റല്‍ ഉപകരണവും ഒറ്റത്തവണ വാങ്ങല്‍ കൊണ്ട് അവസാനിപ്പിക്കാന്‍ സാധിക്കില്ല. മറിച്ച് ഓരോ ഡിജിറ്റല്‍ ഉപകരണവും നമ്മെ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിലേക്ക് സ്ഥിരാംഗത്വം എടുപ്പിക്കുന്നുണ്ട്.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസം ഇന്ന് നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം ഡിജിറ്റല്‍ ഉപകരണങ്ങളുടെ അപര്യാപ്തതയാണോ? കോവിഡ് കാലത്ത് വലിയ തെറ്റിദ്ധാരണയുണ്ടാകാന്‍ സാധ്യതയുള്ള ഒരു ചോദ്യമാണിത്.

കാരണം, കോവിഡ് കാലത്ത് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിദ്യാഭ്യാസത്തിന് അനിവാര്യമായി മാറിയിരിക്കുകയാണല്ലോ. എന്നാല്‍ മേല്‍പ്പറഞ്ഞ ഡിജിറ്റല്‍ ഉപകരണങ്ങള്‍ അവയുടെ അഭാവമുള്ള വിദ്യാര്‍ത്ഥികളിലേക്കല്ല എത്തുന്നത്, മറിച്ച് സ്‌കൂളുകളിലേക്കാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വിപുലമായ കമ്പോള സാധ്യതയായി ക്ലാസ് മുറികളെ മാറ്റുന്നതിന് കോവിഡ് കാലഘട്ടത്തിലെ സാഹചര്യങ്ങളെ വിദഗ്ധമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട് എന്ന് കാണാന്‍ കഴിയും.
കോവിഡ് കാലഘട്ടത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ ഒന്നാണല്ലോ വിദ്യാഭ്യാസത്തിലെ സാങ്കേതിക വിദ്യയുടെ ഉപയോഗം. വിദ്യാഭ്യാസം ജൂണില്‍ തുടങ്ങി മാര്‍ച്ചില്‍ അവസാനിക്കേണ്ട അനുഷ്ഠാനമാണ് എന്ന പെതുബോധ്യമാണ് ഇതിനുകാരണം. മറ്റു സാധ്യതകളെല്ലാം അടഞ്ഞ ഒരു സാഹചര്യത്തില്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആക്കുകയല്ലാതെ യാതൊരു മാര്‍ഗവും ഗവണ്‍മെന്റിനു മുന്നിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അധ്യാപകരും രക്ഷാകര്‍ത്താക്കളും മാത്രമല്ല മാധ്യമങ്ങളും, എന്തിന് പൊതുസമൂഹം ഒന്നാകെയും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വേദിയായി.

ഇത്തരം ചര്‍ച്ചകളില്‍ വിമര്‍ശനാത്മകമായ കാര്യങ്ങള്‍ ഉന്നയിച്ചവര്‍ നേരിട്ട ഒരു പ്രധാന പ്രതിസന്ധി അവരെല്ലാവരും സാങ്കേതികതാവിരുദ്ധരായി മുദ്രകുത്തപ്പെട്ടു എന്നതാണ്. മാത്രവുമല്ല പൊതുവിദ്യാഭ്യാസരംഗത്തെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ വിദ്യാഭ്യാസം നേടുന്നതിന് തടസ്സം നില്‍ക്കുന്നവരായും, പിന്തിരിപ്പന്മാരും സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവരായും മുദ്രകുത്തപ്പെടുന്നുണ്ട്.
വിമര്‍ശനങ്ങളായി ഉന്നയിക്കപ്പെടുന്നവ വിരുദ്ധങ്ങളായും വഴിമുടക്കികളായൂം കണക്കാക്കപ്പെടുന്നതിലൂടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് നാം വഴിമാറിപ്പോകുന്നു. സാങ്കേതിക ഉപകരണങ്ങളില്‍ അന്തര്‍ലീനമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടാതിരിക്കകുകവഴി നേട്ടമുണ്ടാക്കുന്നത് സാങ്കേതിക വിദഗ്ധരടങ്ങുന്ന ഒരു പവര്‍ ബ്ലോക്കിനാണ്. സാങ്കേതിക ഉപകരണങ്ങള്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുത്തുകെണ്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അങ്ങനെയല്ലാതെ ഉപയോഗിക്കപ്പെട്ട സാഹചര്യങ്ങളില്‍ എല്ലാംതന്നെ സാങ്കേതികവിദ്യ അധികാര ദുര്‍വിനിയോഗവും, സാമൂഹിക നിയന്ത്രണവും, അടിച്ചമര്‍ത്തലിനും കീഴ്‌പ്പെടുത്തലിനും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങളായി മാറുന്നത് സാങ്കേതികവിദ്യയുടെ ചരിത്രം പരിശോധിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
സാങ്കേതിക ഉപകരണങ്ങളുടെ രാഷ്ട്രീയവും, അവ പേറുന്ന പ്രത്യയശാസ്ത്രങ്ങളും ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന ജനാധിപത്യപരമായ വിമര്‍ശനങ്ങളെല്ലാം സാങ്കേതികതാ വിരുദ്ധതയായി എഴുതിത്തള്ളുന്നത് ഉപകരണങ്ങള്‍ക്ക് അവപേറുന്ന രാഷ്ട്രീയ താല്‍പര്യങ്ങളെ സാധൂകരിക്കുന്നതിനുള്ള കുറുക്കുവഴി ഒരുക്കുകയാണ്. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യയുടെ ഉപയോഗം സംബന്ധിക്കുന്ന ഏകാഭിപ്രായ നിര്‍മ്മാണം ഈ പവര്‍ ബ്ലോക്ക് സമൂഹത്തില്‍നിന്ന് ആവശ്യപ്പെടുന്നു.
സാങ്കേതിക ഉപകരണങ്ങള്‍ സാങ്കേതിക യുക്തിയുടെ മാത്രം അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടവയാണെന്ന വാദമുയരുന്നു, അവയുടെ ഉപയോഗം സംബന്ധിച്ച് സമൂഹത്തില്‍ നിന്നുണ്ടാകുന്ന ശബ്ദങ്ങള്‍ കേവലം യുക്തിരഹിതമായ വിവരക്കേടുകളായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഒരു പൊതുയുക്തി- അത് സാങ്കേതിക വിദഗ്ധരുടെ യുക്തിയാണ്- സ്വീകരിക്കപ്പെടുന്നതിന് സമൂഹം മൃദുമാര്‍ഗങ്ങളിലൂടെ നിര്‍ബന്ധിക്കപ്പെടുന്നു.
കുത്തകവല്‍ക്കരിക്കപ്പെടുന്ന യുക്തി
യുക്തിയുടെ (rationality) കുത്തകകള്‍ രൂപവല്‍ക്കരിക്കപ്പെടുന്ന കാഴ്ചകള്‍ എല്ലാ കാലഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്. പല കാലഘട്ടങ്ങളില്‍ മതവും അധികാര വര്‍ഗങ്ങളും ഒക്കെ മാറി മാറി യുക്തിയുടെ കൈവശാവകാശം ആസ്വദിച്ചിരുന്നു എന്ന് ചരിത്രപാഠങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആധുനിക കാലഘട്ടത്തില്‍ യുക്തിയുടെ കുത്തക കയ്യാളുന്നത് സാങ്കേതിക വിദഗ്ധരാണ് എന്നുവരുന്നു.
അധികാരം നിലനിര്‍ത്തുന്നതില്‍ സാങ്കേതികവിദ്യക്ക് വലിയ പങ്കാണുള്ളത് എന്നിരിക്കെ അധികാരികളുടെ വലിയ പിന്തുണയും സാങ്കേതികവിദഗ്ദര്‍ ആസ്വദിക്കുന്നുണ്ടെന്ന് കാണാം. സാങ്കേതികവിദ്യയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ സാധാരണക്കാരായ മനുഷ്യരുടെ ചിന്തകള്‍ക്ക് യുക്തിരാഹിത്യവും വികസന വിരുദ്ധതയും വളരെ എളുപ്പം ആരോപിക്കാന്‍ സാധിക്കുന്നത് യുക്തിയുടെ കുത്തകവല്‍ക്കരണത്തിലൂടെയാണ്. അതുകൊണ്ടുതന്നെ സാങ്കേതിക ഉപകരണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് വിദ്യാഭ്യാസ ഗുണനിലവാരം വര്‍ദ്ധിക്കുന്നതിന് തുല്യമാകും എന്ന് സാങ്കേതിക വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്ന യുക്തി അധ്യാപകരുടെയും സാധാരണക്കാരുടെയും യുക്തിയായി അവരോധിക്കപ്പെടുന്നുണ്ട്. ഇതിനെ വിമര്‍ശിക്കുന്നത് യുക്തിരാഹിത്യവും ബുദ്ധിശൂന്യതയും ആയി മുദ്രകുത്തപ്പെടുന്നു. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യയെ സംബന്ധിക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍, പ്രതിഷേധങ്ങള്‍, അവയുടെ അസൗകര്യങ്ങളെ കുറിച്ചുള്ള പരാതികള്‍ എന്നിവയൊക്കെ അറിവുകേടിന്റെയോ യുക്തിരാഹിത്യത്തിന്റെയോ സ്പഷ്ടീകരണമായി ചിത്രീകരിക്കപ്പെടുന്നു. വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നിസഹകരണങ്ങളുമെല്ലാം വളരെ ഗൗരവത്തിലുള്ള സാങ്കേതിക യുക്തികളുടെ മുന്നിലെ പൊള്ളയായ ജല്‍പ്പനങ്ങളായി കണക്കാക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു.

അതുകൊണ്ട് സാങ്കേതികതാ യുഗത്തില്‍ യുക്തി ഏകാത്മക സങ്കല്‍പമായാണ് വിഭാവനം ചെയ്യപ്പെടുന്നത്. എന്നാല്‍ യുക്തി ഏകാത്മകമല്ലെന്നും ബഹുവിധ യുക്തികള്‍ നിലനില്‍ക്കുന്നുവെന്നും അഡോണോ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇതിനെയാണ് യുക്തിയുടെ യുക്തിഭദ്രമായ വിമര്‍ശങ്ങള്‍ (rational critique of rationality) എന്ന് അഡോണോ പരാമര്‍ശിക്കുന്നത്. അതെ, യുക്തിയുടെ യുക്തിയെ വിമര്‍ശനാത്മകമായി സമീപിക്കുന്നുണ്ട് അഡോണോ. എങ്കില്‍ മാത്രമേ ഈ യുക്തി ആര്‍ക്കാണ് കൂടുതല്‍ ഉപകാരങ്ങളും നേട്ടങ്ങളും നേടിക്കൊടുക്കുക എന്ന് നമുക്ക് മനസ്സിലാക്കാനാകൂ. അങ്ങനെ അന്വേഷിക്കുമ്പോള്‍ മാത്രമാണ് യുക്തി എന്ന സങ്കല്‍പം ഏകാത്മകമല്ല, മറിച്ച് ബഹുവിധമാണ് എന്ന ആശയത്തിലേക്ക് നാം എത്തിച്ചേരുന്നത്, മുകളില്‍ നിന്നുള്ള യുക്തി, താഴെ നിന്നുള്ള യുക്തി എന്നൊക്കെ യുക്തികള്‍ പലവിധത്തില്‍ ഉണ്ടാവുന്നത് നമുക്ക് കാണാന്‍ സാധിക്കുന്നത്.
ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും സ്‌കൂളുകളില്‍ കുമിഞ്ഞു കൂടിയാല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിക്കുമെന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും തോന്നുന്ന യുക്തി ആയിക്കൊള്ളണമെന്നില്ല അധ്യാപകര്‍ക്ക് തോന്നുന്ന യുക്തി. അതുപോലെ, കൈറ്റ് ടി.വി നടത്തിപ്പുകാര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും മറ്റും ഉണ്ടായിരുന്ന യുക്തി ആയിരുന്നില്ല ദേവിക എന്ന വിദ്യാര്‍ഥിക്കും ആ വിദ്യാര്‍ത്ഥിയുടെ അച്ഛനും അമ്മയ്ക്കും അതുപോലെയുള്ള ഡിജിറ്റല്‍ സാങ്കേതികതയുടെ ലഭ്യതയില്ലാതിരുന്ന 2,61,000 വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടായിരുന്നത് എന്ന് നമുക്ക് മനസ്സിലാകുന്നു.
എന്നാല്‍ യുക്തിയുടെ സംഘര്‍ഷങ്ങള്‍ നിരന്തരം സമൂഹത്തില്‍ ഉണ്ടായികൊണ്ടിരിക്കുമ്പോള്‍ ശബ്ദം പുറത്ത് കേള്‍ക്കാത്ത രീതിയില്‍ ചില യുക്തികള്‍ കഴുത്തുഞെരിച്ചു കൊല്ലപ്പെടുന്നു.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഏറ്റവും വലിയ കമ്പോളമായി സ്‌കൂളുകള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ അവ സമൂഹത്തെ ഏതുതരത്തില്‍ മാറ്റിമറിക്കുമെന്നുള്ളതിനെകുറിച്ചുള്ള കൂടുതല്‍ ചര്‍ച്ച ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.
എല്ലാ സാങ്കേതിക ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിന് അവയുടെ സാങ്കേതികത്വം സംബന്ധിക്കുന്ന അറിവും പരിജ്ഞാനവും മാത്രം പര്യാപ്തമാകുന്നില്ല. മറിച്ച് സമൂഹികാവസ്ഥയും സാമൂഹികതാല്‍പര്യങ്ങളും ഒക്കെ തന്നെ സാങ്കേതിക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനിവാര്യവുമാണ്. സാങ്കേതികവിദ്യയുടെ സ്വാധീനം പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന പല വിഭാഗങ്ങള്‍ ഒരേ ജനസമൂഹങ്ങളിലുണ്ടാവും.
ഇവര്‍ക്കെല്ലാം സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യപരമായ അവകാശങ്ങളുടെ ഭാഗമാണ്.അവയെ ഏതുരീതിയില്‍ എപ്പോള്‍ ഉപയോഗിക്കണം എന്നതിനെ സംബന്ധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സാങ്കേതിക വിദഗ്ധരില്‍ നിന്നല്ല മറിച്ച് ആ ഉപകരണങ്ങള്‍ സ്വാധീനിക്കുന്ന ജനവിഭാഗങ്ങളില്‍ നിന്നാണ് പരിഗണിക്കേണ്ടത് എന്നര്‍ത്ഥം. ഇത്തരത്തിലുള്ള ഒരു പരിഗണനയാണ് ജൂണ്‍ ഒന്നിന് ആരംഭിച്ച ഫസ്റ്റ് ബെല്‍ എന്ന പരിപാടിയില്‍ ഇല്ലാതെ പോയത്.
ട്രൈബല്‍ മേഖലകളില്‍ അടക്കം വലിയ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ടി.വി അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍, ഇന്റര്‍നെറ്റ്, ഉപകരണങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം എന്നിങ്ങനെ വിദൂര പഠന സാഹചര്യങ്ങള്‍ക്കനിവാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ അടിസ്ഥാന ഘടകങ്ങളെ അഭിസംബോധന ചെയ്യാതെയാണ് ഗവണ്‍മെന്റ് കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് ഇറങ്ങിയത്.
ഇത് ലഭ്യമല്ലാതെയിരുന്ന ജനവിഭാഗങ്ങളുടെയും കൂടി ശബ്ദം ഇത്തരത്തിലുള്ള ഒരു തീരുമാനത്തില്‍ ഉണ്ടാവേണ്ടിയിരുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ എല്ലാവരോടും സംസാരിച്ചും, എല്ലാവര്‍ക്കും ഡിജിറ്റല്‍ ഉപകരണം ലഭ്യമായതിനും ശേഷം മാത്രമേ ക്ലാസ് തുടങ്ങാവൂ എന്ന ആശയം സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല എന്ന പൊതുബോധത്തിന്റെ നിര്‍മാണണ്ടാവുന്നു. ഇത്തരം പെതുബോധത്തിന്റെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത് സാങ്കേതിക വിദഗ്ധരടങ്ങുന്ന പവര്‍ബ്ലോക്കാണ്.
ഒന്നുമില്ലാത്തതിനേക്കാള്‍ നല്ലതല്ലേ എന്തെങ്കിലും ഉള്ളത് എന്ന യുക്തിയുടെ പിന്‍പറ്റി ഒന്നുമില്ലാത്തവരുടെ യുക്തികളെ അയുക്തികമാക്കി മാറ്റുന്നു. ഇവിടെയാണ് ഇത്തരത്തിലുള്ള ജനവിഭാഗങ്ങളുടെ അവസ്ഥയും അവര്‍ക്ക് പ്രസ്തുത ഉപകരണങ്ങളിലൂടെ വിദ്യാഭ്യാസം നേടുന്നതിനുള്ള സന്നദ്ധതയും സജ്ജീകരണങ്ങളും ഒക്കെ അവഗണിക്കപ്പെടുന്നത്. നമുക്ക് ഇല്ലാത്തതുകൊണ്ട് മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തേണ്ടതുണ്ടോ എന്ന വളരെ ഉദാരമായ മനോഭാവം പോലും ഇത്തരത്തില്‍ ഡിജിറ്റല്‍ ഉപകരണം ലഭ്യമല്ലാത്തവരുടെ മനസുകളില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.
എന്നാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം തടസ്സപ്പെടുത്തുന്നനിനോ നിര്‍ത്തി വെക്കുന്നതിനോ അല്ല മറിച്ച് തങ്ങള്‍ക്കും കൂടി ഈ പൊതുവിദ്യാഭ്യാസ പരിപാടിക്കൊപ്പം കൂടുന്നതിനുള്ള സാധ്യതകളുടെ അന്വേഷണമാണ് ഇത്തരത്തില്‍ സൃഷ്ടിക്കപ്പെടുന്ന യുക്തികളിലൂടെ റദ്ദാക്കപ്പെടുന്നത്.
അതുകെണ്ട് സജ്ജമായ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ഉപകരണങ്ങളുടെ സ്പഷ്ടീകരണം ങ്ങളും അവയുടെ സാധ്യതകളും മാത്രമല്ല പരിഗണിക്കേണ്ടത്, മറിച്ച് അത് ഏത് ജനവിഭാഗങ്ങളിലാണോ ഉപയോഗിക്കേണ്ടത് അവരുടെ അഭിപ്രായങ്ങളും കൂടി കണക്കിലെടുക്കണം.
അതായത് ഒരു സാങ്കേതിക ഉപകരണത്തിന് രണ്ട് തരം മാന്വലുകള്‍ ആവശ്യമായിവരുന്നു. ഒന്നാമത്, അതിന്റെ സാങ്കേതികമായ പ്രവര്‍ത്തന രീതികളെ വിശദീകരിക്കുന്ന മാനുവലും രണ്ടാമത്, അവ ഏതു വിഭാഗത്തില്‍ ആണോ ഉപയോഗിക്കുന്നത് ആ വിഭാഗങ്ങളുടെ അവസ്ഥയുടെയും താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന മാനുവലും.
സാങ്കേതിക ഉപകരണങ്ങളുടെ സാമൂഹ്യമാനുവലിന്റെ നിര്‍മാണത്തിലൂടെ മാത്രമേ ഉപകരണങ്ങള്‍ കൈയാളുന്ന വ്യാഖ്യാനപരമായ വൈവിധ്യം മനസ്സിലാക്കാന്‍ അത് പ്രയോഗിക്കുന്നവര്‍ക്ക് സാധിക്കൂ. ഓരോ ജനസമൂഹങ്ങളിലെയും വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് ഉപകരണങ്ങള്‍ വ്യാഖ്യാനപരമായി വിവിധങ്ങളായി നിലനില്‍ക്കുമ്പോള്‍ അത്തരം വൈവിധ്യത്തെ പരിഗണിക്കാതിരുന്നത് ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളായി മാറുന്നു.
ഇത്തരത്തില്‍ ഉപകരണങ്ങളുടെ വ്യാഖ്യാനപരമായ വൈവിധ്യത ചര്‍ച്ച ചെയ്യപ്പെടേണ്ടത് ജനാധിപത്യ അവകാശമായി മാറുന്നു. ഇത് പരിഗണിക്കപ്പെടാത്തിടത്തോളം കാലം സാങ്കേതിക ഉപകരണങ്ങള്‍ ഒരു വിഭാഗത്തിന്റെ താല്‍പര്യങ്ങളെ ഒരു വലിയ ജനസമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള മാധ്യമമായി മാറാന്‍ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ഉപകരണങ്ങളുടെ വ്യാഖ്യാനപരമായ വൈവിധ്യം പരിഗണിക്കാതെ വിദ്യാഭ്യാസത്തില്‍ നടപ്പിലാക്കപ്പെടുന്ന സാങ്കേതിക പരിഷ്‌കാരങ്ങള്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ പ്രക്രിയയില്‍ അപരിചിതത്വവും അസ്പര്‍ശ്യതയും സൃഷ്ടിക്കുന്നതിന് കാരണമാവുന്നു. ഇത്തരത്തില്‍ ഉപകരണങ്ങളുടെ രൂപകല്‍പ്പനയുടെ സാമൂഹ്യപരമായ ആപേക്ഷികത്വം ചില വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം നല്‍കുകയും മറ്റു ചില വിഭാഗങ്ങളെ അരികുകളിലേക്ക് തള്ളി മാറ്റുകയും ചെയ്യുന്നു.
സാങ്കേതിക വിദ്യയുടെ നിയന്ത്രണം ആര്‍ക്ക്?
സാങ്കേതികവിദ്യകളുടെയെല്ലാം പൊതുവായ പ്രശ്‌നം അവയുടെ ഉത്ഭവത്തെ സംബന്ധിക്കുന്ന ദുരൂഹത അവയെ ചൂഴ്ന്നുനില്‍ക്കുന്നു എന്നതാണ്. ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും പോപ്പുലറായ എല്ലാ സാങ്കേതിക വിദ്യകളും ഉല്‍ഭവിച്ചത് ഇപ്പോള്‍ നാം ഉപയോഗിക്കുന്ന ആവശ്യത്തിനുവേണ്ടിയല്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് എല്ലാ സാങ്കേതിക വിദ്യകളുടെയും ഉല്‍ഭവം സംബന്ധിച്ച കാര്യങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്.
വിദ്യാഭ്യാസ സാങ്കേതിക ഉപകരണങ്ങളുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. ഇതിനൊരു പ്രധാന ഉദാഹരണമാണ് ഡിജിറ്റല്‍ കാലഘട്ടത്തിനു തൊട്ടുമുന്‍പ് ക്ലാസ്മുറികളില്‍ പ്രചുര പ്രചാരത്തിലുണ്ടായിരുന്ന ഓവര്‍ഹെഡ് പ്രൊജക്ടര്‍ എന്ന സാങ്കേതിക ഉപകരണം. ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനായ എഡ്മണ്ട് ബെക്റേല്‍ (Edmond Becquerel ) 1853 ലാണ് ഓവര്‍ഹെഡ് പ്രൊജക്ടര്‍ എന്ന ഉപകരണത്തിന്റെ ആദ്യരൂപം വികസിപ്പിച്ചത്. പിന്നീട് ഇതിന് പല പരിഷ്‌കൃത രൂപങ്ങളും ഉണ്ടായി. എന്നാല്‍ നിര്‍മ്മിക്കപ്പെട്ട കാലഘട്ടത്തില്‍ ഓവര്‍ഹെഡ് പ്രൊജക്ടറുകള്‍ എന്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടു എന്നതിനെ സംബന്ധിച്ച് വലിയ അവ്യക്തത ചരിത്രത്തില്‍ നിലനില്‍ക്കുന്നുണ്ട്.
ഇത് ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് അമേരിക്കന്‍ മിലട്ടറിയാണ്, അതും രണ്ടാം ലോകമഹായുദ്ധക്കാലത്ത്. എതാണ്ട് ഒരു നൂറ്റാണ്ടിന്റെ നിശബ്ദത. രണ്ടാം ലോകമഹായുദ്ധകാലത്ത് ധാരാളം സൈനികരെ ഒറ്റയടിക്ക് ചില കാര്യങ്ങള്‍ പരിശീലിപ്പിക്കാനാണ് ഓവര്‍ ഹെഡ് പ്രൊജക്ടര്‍ അമേരിക്കന്‍ മിലിട്ടറി ഉപയോഗിച്ചത്. എന്നാല്‍ വിദ്യാഭ്യാസ പരമായ ഉപയോഗങ്ങള്‍ക്ക് പ്രൊജക്ടറുകള്‍ ഉപയോഗിച്ചുതുടങ്ങിയത് 1950കളുടെ അവസാന പാദത്തിലും അറുപതുകളുടെ ആദ്യ പാദങ്ങളിലും ആണെന്ന് ബ്രാഡ് കാസോസ് (2013) ‘ഇവൊല്യൂഷന്‍ ഓഫ് ക്ലാസ് റൂം ടെക്‌നോളജി' എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്, ഓവര്‍ഹെഡ് പ്രൊജക്ടര്‍ എന്ന ആശയം വിദ്യാഭ്യാസ ആവശ്യത്തിനുവേണ്ടി ഉണ്ടാക്കിയതല്ല എന്നതാണ്. പക്ഷേ മാറി വന്ന ഒരു സാഹചര്യത്തില്‍ ഓവര്‍ഹെഡ് പ്രൊജക്ടുകള്‍ക്ക് വിദ്യാഭ്യാസ ഉപകരണം എന്ന നാമധേയം ലഭ്യമാകുന്നുണ്ട്. അതോടൊപ്പം, അവയുടെ നിര്‍മാണോദ്ദേശ്യം സംബന്ധിച്ച് അവ്യക്തതയോ അജ്ഞതയോ ഇപ്പോള്‍ ഉപയോഗിക്കുന്നവരില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ടി.വിയും, മൊബൈല്‍ ഫോണും, എല്‍.സി.ഡി പ്രൊജക്ടറും അടക്കം എല്ലാ തരം ആധുനിക സാങ്കേതിക ഉപകരണങ്ങളും വിദ്യാഭ്യാസത്തിനുവേണ്ടി ഉണ്ടാക്കിയതല്ല, മറിച്ച് പില്‍ക്കാലങ്ങളില്‍ വിദ്യാഭ്യാസത്തിലേക്ക് അവ കടന്നു വന്നതാണ് എന്ന് കാണാം.
സാങ്കേതികവിദ്യയുടെ പൊതുവായ സ്വഭാവമാണ് ഇവിടെ വെളിവാക്കപ്പെടുന്നത്. സാങ്കേതികവിദ്യയും അതിന്റെ പേരില്‍ ഉണ്ടാക്കപ്പെട്ട ഉപകരണങ്ങളുമെല്ലാം നിര്‍മാണത്തിന്റെ ഉദ്ദേശ്യലക്ഷ്യം സംബന്ധിച്ച കാര്യങ്ങളില്‍ ഒരു വ്യക്തതയും ദുരൂഹതയും നിലനിര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ ചില പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ഉപകരണങ്ങള്‍ മാറിവരുന്ന കാലഘട്ടങ്ങളില്‍ പുതുസാധ്യതകള്‍ ആര്‍ജിക്കുകയും രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും ഒക്കെ നിര്‍ണായകമായ ഉപകരണങ്ങളായി മാറുകയും ചെയ്യുന്നുണ്ട്.
റൈറ്റ് സഹോദരന്മാര്‍ വിമാന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് മനുഷ്യന് സഞ്ചരിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനാണ്. വലിയ ഒരു അളവുവരെ നമ്മുടെ സഞ്ചാര സാധ്യതകളെ വിപ്ലവകരമായി അത് പരിഷ്‌കരിക്കുകയും ചെയ്തു. പല ഭൂഖണ്ഡങ്ങളിലുള്ള മനുഷ്യര്‍ തമ്മിലുള്ള ദൂരം വെട്ടിക്കുറച്ച് കൂടുതല്‍ വിശാലമായ ലോകത്തെ പ്രദാനം ചെയ്യുന്നതിനുള്ള സാധ്യത വിമാനങ്ങളുടെ വരവോടെ ഉണ്ടാകുന്നുണ്ട്.
എന്നാല്‍ മനുഷ്യന്‍ ഇരുന്ന സ്ഥലത്തേക്ക് ബോംബുകള്‍ കയറ്റി വെയ്ക്കുന്നതും ശത്രുരാജ്യങ്ങളുടെ മേല്‍ വര്‍ഷിക്കുവാന്‍ ഉപയോഗിക്കുന്നതും ഇതേ വൈമാനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്. ഹിരോഷിമയും, നാഗസാക്കിയും, വിയറ്റ്‌നാമും ഒക്കെ ഇത്തരത്തില്‍ വിമാന സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കപ്പെട്ട വൈകൃതങ്ങളുടെ ഇരകളാണ്.
അത്ര അന്തര്‍ദേശീയമായി പോകാതെ തന്നെ നമ്മുടെ നാട്ടില്‍ വളരെ പ്രചാരത്തില്‍ ഉപയോഗിക്കപ്പെടുന്ന സാങ്കേതികവിദ്യയാണ് ജലപീരങ്കി. തീയണയ്ക്കാന്‍ നിര്‍മിക്കപ്പെട്ട ഈ സാങ്കേതികവിദ്യ പൗരസമൂഹം ജനാധിപത്യപരമായ രീതിയില്‍ നടത്തുന്ന സമരങ്ങള്‍ക്ക് നേരെയും ഉപയോഗിക്കാമെന്ന് മനസ്സിലാക്കാന്‍ മലയാളിക്ക് മറ്റെങ്ങും പോകേണ്ടിവരില്ല.
ഇതുപോലെ, ഇന്നുകാണുന്ന കമ്പ്യൂട്ടറുകള്‍ ഡാറ്റ സ്റ്റോര്‍ ചെയ്യുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും മറ്റും വേണ്ടി നിര്‍മിക്കപ്പെട്ട ഉപകരണങ്ങള്‍ ആയിരുന്നില്ല എന്നുകാണാം. 1880 കളില്‍ അമേരിക്കന്‍ ജനസംഖ്യയിലുണ്ടായ വമ്പിച്ച വര്‍ദ്ധന വഴി അവരുടെ സെന്‍സസ് വിവരം തയ്യാറാക്കുന്നതിന് ഏതാണ്ട് ഏഴ് വര്‍ഷങ്ങളോളം ആവശ്യമായി വന്നു. ഇതിന് പരിഹാരമായാണ് പഞ്ച് കാര്‍ഡ് ഉപയോഗിച്ചുകൊണ്ടുള്ള കമ്പ്യൂട്ടറുകളെ കുറിച്ചുള്ള പരീക്ഷണങ്ങള്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടെ ഉണ്ടാകുന്നത്.
എന്നാല്‍ പഞ്ച് കാര്‍ഡ് ഉപയോഗിച്ചുകൊണ്ടുള്ള ആദ്യ കമ്പ്യൂട്ടര്‍ വിജയകരമായി വികസിപ്പിച്ചെടുത്തത് 1801ല്‍ ഫ്രാന്‍സിലെ ജോസഫ് മേരി ജാക്വര്‍ഡ് ( Joseph Marie Jacquard) ആണ്. എന്നാല്‍ 1872 സര്‍ വില്യം തോംസണ്‍ കണ്ടുപിടിച്ച അനലോഗ് കമ്പ്യൂട്ടറുകളുടെ പ്രധാന ഉദ്ദേശ്യം വേലിയേറ്റവും വേലിയിറക്കവും കൃത്യമായി പ്രവചിക്കുക എന്നതായിരുന്നു. ഇത്തരത്തില്‍ കമ്പ്യൂട്ടര്‍ എന്ന സാങ്കേതികവിദ്യയുടെ നാള്‍വഴികളിലൂടെ സഞ്ചരിച്ചാല്‍ കാണാന്‍ സാധിക്കുന്നത് ഇവയെല്ലാം നിര്‍മിച്ചെടുത്ത ഉദ്ദേശ്യങ്ങളേക്കാള്‍ വ്യത്യസ്തങ്ങളായതും നല്ലതും ചീത്തയുമായ പുതിയ ദൗത്യങ്ങളും അവ മാറി വരുന്ന സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ ആര്‍ജിക്കുന്നു എന്നതാണ്. നെറ്റ് ന്യൂട്രാലിറ്റി, വിക്കിലീക്‌സ്, ഡാറ്റ സുരക്ഷിതത്വം എന്നിങ്ങനെ എത്രയോ തരം പ്രവര്‍ത്തനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയാണ് പ്രധാന പങ്കു വഹിക്കുന്നത്. ഹാനികരമായ ഉപയോഗങ്ങളാണ് ഇവിടെ പരാമര്‍ശിച്ചത് എന്നത് ബോധപൂര്‍വ്വമാണ്.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ അടക്കം എല്ലാ സാങ്കേതിക വിദ്യകള്‍ക്കും ആരോഗ്യകരമായ പ്രയോജനങ്ങള്‍ കൂടി ഉണ്ട് എന്നത് മറക്കാന്‍ സാധിക്കില്ല. ജനാധിപത്യം ശക്തിപ്പെടുത്തുന്ന രീതിയിലും സാങ്കേതിക ഉപകരണങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകും എന്നതിനും ധാരാളം തെളിവുണ്ട്. ഇതിനുദാഹരണമാണ് സ്റ്റാലിനിസ്റ്റ് റഷ്യയില്‍ ഉപയോഗിക്കപ്പെട്ട cyclostyle മെഷീന്‍. ഫോട്ടോസ്റ്റാറ്റ് മെഷീന്റെ ആദ്യരൂപമായിരുന്നു cyclostyle മെഷീന്‍. ഇവ ശക്തമായ നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ സൂക്ഷിക്കുകയും സാധാരണക്കാര്‍ക്ക് പകര്‍പ്പെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിന് പ്രധാന കാരണം, cyclostyle മെഷീന്‍ ഭരണത്തിനെതിരായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ലഘുലേഖകളുടെയും മറ്റും പകര്‍പ്പെടുത്ത് വിതരണം ചെയ്യുന്നതിനും ഉപയോഗിക്കപ്പെടുന്നു എന്ന് കണ്ടിട്ടാണ്. ഫോട്ടോകോപ്പി മെഷീന്‍ ഇത്തരത്തില്‍ അഭിപ്രായം പ്രചരിപ്പിക്കുന്നതിനും ജനാധിപത്യപരമായ സംവാദങ്ങള്‍ക്കിട നല്‍കുന്നതിലും വലിയ പങ്ക് നിര്‍വഹിച്ചു എന്നതുകൊണ്ടുതന്നെ, ഉപാധികളോടെയാണ് ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ഭരണകൂടങ്ങള്‍ ആദ്യകാലങ്ങളില്‍ അനുവാദം നല്‍കിയിരുന്നത്.
നാം ഇപ്പോള്‍ കാണുന്ന സോഷ്യല്‍ മീഡിയ അടക്കം ഇത്തരത്തില്‍ ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ പോലും എല്ലായിപ്പോഴും ഇവ ജനാധിപത്യ ശാക്തീകരണത്തിന്റെ ഉപകരണങ്ങളായി മാത്രം വര്‍ത്തിച്ചുകൊള്ളും എന്നതിന് യാതൊരു ഉറപ്പുമില്ല. ഇത്തരം ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും നിയന്ത്രണം ആരാണോ കയ്യാളുന്നത് അവര്‍ക്ക് തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് അവയെ ഉപയോഗിക്കാം എന്നാണ് സാങ്കേതിക വിദ്യയുടെ ചരിത്രം പഠിപ്പിക്കുന്നത്.
അതുകൊണ്ട്, മാറിവരുന്ന സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ അധികാര ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും അധികാരഘടന സുശക്തമാക്കുന്നതിനും ഇത്തരം സാങ്കേതിക ഉപകരണങ്ങള്‍ക്ക് ശക്തമായ പങ്കുണ്ട് എന്നത് വിസ്മരിച്ചുകൂടാ. കാരണം മനുഷ്യനെ ഏറ്റവുമധികം സ്വാധീനിക്കുന്ന സാങ്കേതിക വിദ്യകളൊക്കെ (കപ്പല്‍, വിമാനം, ആറ്റമിക് സാങ്കേതികവിദ്യകള്‍) അടിച്ചമര്‍ത്തലിനും കീഴ്‌പ്പെടുത്തലിനും, ചൂഷണ പ്രക്രിയയുടെ ആഴം കൂട്ടാനും മറ്റും വേണ്ടി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നത് സാങ്കേതിക വിദ്യയുടെ ഉപയോഗം സംബന്ധിക്കുന്ന വലിയ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.
ഓരോ കാലഘട്ടത്തിലും സാങ്കേതിക വിദ്യകള്‍ പുതിയ അര്‍ത്ഥം കൈവരിക്കുന്നു എന്നത് നാം ഇപ്പോള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ ഭാവിയെ സംബന്ധിച്ച് ഒരു ദുര്‍ഗ്രഹത നിലനിര്‍ത്തുന്നുണ്ട്. പുതിയ ഉപയോക്താക്കള്‍ ഉണ്ടാവുകയും അവരുടെ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉപകരണങ്ങള്‍ പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. സമൂഹം, സംസ്‌കാരം, താല്‍പര്യങ്ങള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ സാങ്കേതിക ഉപകരണങ്ങളുടെ സ്വത്വവും ദൗത്യവും പുനര്‍നിര്‍മ്മിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ നിന്ന് ഉപകരണങ്ങള്‍ക്ക് പുതിയ പുതിയ ആവശ്യങ്ങളും അര്‍ത്ഥങ്ങളും കണ്ടെത്തുക വഴി ഓരോ സാങ്കേതിക ഉപകരണങ്ങളും കാലക്രമത്തില്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ നിറഞ്ഞതും പ്രത്യയശാസ്ത്ര ധാരണകള്‍ പേറുന്നതുമായിട്ടുള്ള ഉപകരണങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ സാങ്കേതിക ഉപകരണങ്ങളും ഒരു രാഷ്ട്രീയ ഉപകരണമായോ പ്രത്യയശാസ്ത്രപരമായ ഉപകരണമായോ മാറ്റപ്പെടുന്നുണ്ട്. ഇവയൊക്കെ തന്നെ നല്ലത്തിനും ചീത്തക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ട്.
ഒരുകാര്യം വ്യക്തമാകുന്നത്, ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ഉപകരണങ്ങള്‍ ഒന്നും തന്നെ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ടവയല്ല എന്നതാണ്. മറ്റു പല ആവശ്യങ്ങള്‍ക്ക് നിര്‍മിക്കപ്പെട്ടവയുടെ വിദ്യാഭ്യാസ ഉപയോഗം മാത്രമാണ് ഇന്ന് കാണുന്ന പ്രചുര പ്രചാരത്തിലുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യ.
ബോധനം എന്ന പ്രക്രിയ ആയാസരഹിതമാക്കാന്‍ ധാരാളം സാങ്കേതിക വിദ്യകള്‍ നമ്മുടെ മുമ്പിലേക്ക് എത്തിച്ചേരുന്നുണ്ടെങ്കിലും പഠനം എന്ന പ്രക്രിയ ആയാസരഹിതമാക്കുന്നതിനുള്ള സങ്കേതങ്ങളെ കുറിച്ച് ആരും അത്ര ബോധവാന്മാരും താല്‍പരരുമല്ല എന്നാണ് മനസ്സിലാക്കേണ്ടതാണ്. കാരണം, പഠനം എന്ന പ്രക്രിയ പഠിതാവിന്റെ വ്യക്തിപരമായ മാനസിക പ്രവര്‍ത്തനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ഉരുവം കെള്ളേണ്ടതാണ്.
തന്റെ മുമ്പിലേക്ക് വെച്ചു നീട്ടപ്പെടുന്ന അനുഭവങ്ങളിലൂടെയും മറ്റും, അവ എത്ര നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടിയാണെങ്കില്‍ പോലും, പഠനമായി മാറുന്നത് പഠിതാവിന്റെ ബോധതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഇതിനെ സുഗമമാക്കുന്നതിനും സാങ്കേതിക വിദ്യകളുണ്ട്. അത് അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള സാമൂഹ്യബന്ധത്തിലൂടെയും, ജൈവികമായും അവര്‍ പരസ്പരം വിനിമയം ചെയ്യുന്ന രീതികളിലൂടെയും രൂപപ്പെട്ടുവരേണ്ടതാണ്.
എന്നാല്‍ നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് ‘നല്‍കുന്നതിനു'വേണ്ട സാങ്കേതിക വിദ്യകള്‍ വിദ്യാഭ്യാസ പ്രക്രിയയില്‍ അപ്രമാദിത്വം നേടുകയും എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് ‘നേടുന്നതിനു' വേണ്ട സാങ്കേതിക വിദ്യയെക്കുറിച്ച് വളരെ നിഗൂഢമായ നിശബ്ദത നിലനില്‍ക്കുകയും ചെയ്യുന്നു എന്നതാണ്.
കാരണം ഇത്തരത്തിലുള്ള ഒരു സാങ്കേതികവിദ്യ അനിവാര്യമായി വേണ്ടത് വിദ്യാര്‍ത്ഥികളുടെ ചിന്താരീതികളെയും, ബൗദ്ധികമായ കഴിവുകളെയും മനസ്സിലാക്കി പാഠ്യവസ്തുവിനെ എങ്ങനെ സമീപിക്കണം എന്നും അതുവഴി എങ്ങനെ അറിവ് നിര്‍മ്മിക്കണം എന്നുമുള്ള തിരിച്ചരിവിലൂടെയാണ്. അങ്ങനെ ഒരു വിദ്യാര്‍ത്ഥിക്ക് പഠിച്ചെടുക്കാന്‍ സാധിക്കുന്ന സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ ആയിരിക്കില്ല അധ്യാപകന് മറ്റൊരു വിദ്യാര്‍ഥിക്ക് നിര്‍ദ്ദേശിക്കാന്‍ സാധിക്കുക. അതുകൊണ്ടുതന്നെ പഠന സാങ്കേതികത അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ജൈവിക ബന്ധങ്ങളിലൂടെയും വിദ്യാര്‍ത്ഥിയും പഠനവസ്തുവും തമ്മിലുള്ള ബന്ധങ്ങളിലൂടെയും ഉരുത്തിരിഞ്ഞു വരേണ്ടതാണ്.
വിദ്യാർഥിയുടെ യഥാർഥ ജീവിതവും ഡിജിറ്റൽ ക്ലാസ്റൂമും
നമ്മുടെ സമൂഹത്തില്‍സാങ്കേതികവിദ്യ ഉപയോഗിക്കുന്നവരുടെ ഒരു ശൃംഖല രൂപവത്കരിക്കപ്പെട്ടു വരുന്നത് കാണാന്‍ കഴിയും. സാങ്കേതികവിദ്യയുടെ ആഴത്തിലുള്ള ഉപയോക്താക്കളും അതേസമയം ഉപരിപ്ലവമായ ഉപയോക്താക്കളും അടക്കം ഒരു ശൃംഖല രൂപവല്‍ക്കരിക്കപ്പെടുന്നു. ഉപരിപ്ലവമായി ഉപയോഗിക്കുന്നവരെ ഈ ശൃംഖലയുടെ വശങ്ങളില്‍ നിര്‍ത്തുകയാണ് പതിവ്.
ഇത്തരത്തില്‍ രൂപീകരിക്കപ്പെടുന്ന ശൃംഖലകളുടെ പ്രധാന പ്രത്യേകത, ഉപയോഗത്തിന്റെ കാര്യത്തിലുള്ള വലിപ്പച്ചെറുപ്പമില്ലാതെ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള പൊതുബോധം ശക്തിപ്പെടുത്തുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഏറ്റവും ചെറിയ രീതിയില്‍ ഉപയോഗിക്കുന്നവരും അതേപോലെ ഏറ്റവും വലിയ ഗുണഭോക്താക്കളും അടക്കം ഈ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും, മനോഭാവവും സ്വാഭാവികമായും ഉണ്ടാവുന്നു. ഉദാഹരണമായി, ഒരു നഗരത്തിന്റെ ശൃംഖലയിലേക്ക് ഇഴുകിചേരുന്ന ഒരാള്‍ക്ക് ആ നഗരത്തിന്റെ വികസനത്തെ സംബന്ധിക്കുന്ന പൊതുബോധത്തെ ആവേശകരമായി തന്നെ സ്വീകരിക്കുന്നതിനുള്ള സന്നദ്ധ സൃഷ്ടിക്കപ്പെടുന്നു.
ഇത് സാധ്യമാകുന്നത് ശൃംഖലയിലെ അംഗങ്ങളില്‍ നിന്ന് അംഗങ്ങളിലേക്ക് വിനിമയം ചെയ്യപ്പെടുന്ന പൊതുബോധത്തിലൂടെയാണ്. ഇത്തരം പൊതുബോധത്തിന്റെ പ്രചാരണത്തിലൂടെ ശൃംഖലയില്‍ പെട്ടവര്‍ക്ക് ആന്തരികമായ താല്‍പര്യത്തിന്റെ പൊതുമേഖല രൂപപ്പെട്ടുവരുന്നു. അതുകൊണ്ടുതന്നെ കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടക്കുന്നതും, മെട്രോ, ലുലു മാളും ഒക്കെ തന്നെ എറണാകുളത്തെ ഒരു സമ്പന്നനെ പോലെ തന്നെ ഒരു ദരിദ്രനെയും പുളകിതനും അഭിമാനിയും ഒക്കെ ആക്കി മാറ്റുന്നുണ്ട്. ഇത്തരത്തില്‍ ശൃംഖലയുടെ അംഗമാകുന്നതുവഴി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മനോഭാവത്തെയാണ് ആന്‍ഡ്രു ഫിന്‍ബെര്‍ഗ് ‘പങ്കാളിത്ത താല്‍പ്പര്യങ്ങള്‍' (participant interest) എന്ന് വിശേഷിപ്പിക്കുന്നത്.
പങ്കാളിത്ത താല്‍പ്പര്യങ്ങള്‍ ഒരു വ്യക്തിയുടെ യാഥാര്‍ത്ഥ്യത്തെ ഒരളവില്‍ വ്യക്തിയില്‍ നിന്ന് തന്നെ മറച്ചുവെക്കുകയും പൊതുതാല്‍പര്യങ്ങള്‍ പങ്കുവയ്ക്കുന്നതിന് സ്വാഭാവികമായും സന്നദ്ധരാക്കുകയും ചെയ്യുന്നു. തന്റെ ജീവിതത്തെ പ്രത്യേകിച്ച് കാര്യമായി സ്വാധീനിക്കുന്നതല്ല എങ്കില്‍ കൂടിയും എയര്‍പോര്‍ട്ടും, മെട്രോയും, സിനിമാശാലകളും, ഷോപ്പിംഗ് മാളുകളും ഒക്കെ ആ നഗരത്തില്‍ ഉണ്ടാകേണ്ടതിനെ സംബന്ധിക്കുന്ന വളരെ പോസിറ്റീവായ മനോഭാവം ഇത്തരത്തില്‍ ഈ നഗരത്തിന്റെ ശൃംഖലയിലേക്ക് ഇഴുകിച്ചേരുന്ന ഒരു ശുചീകരണ തൊഴിലാളിക്ക് അടക്കം ഉണ്ടാകും.
എന്നാല്‍ തന്റെ ജീവിതത്തിന് അവശ്യം വേണ്ട ഘടകങ്ങള്‍ നേടിയെടുക്കുന്നതിന് ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് യാതൊരു സഹായവും ചെയ്യാന്‍ സാധിക്കില്ല എങ്കില്‍ പോലും ഈ ശൃംഖലയുടെ ഭാഗമാകുന്നത് വഴി ഓരോരുത്തരും ഈ ശൃംഖലയുടെ പൊതുസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം പൊതു സൗകര്യങ്ങളുടെ പ്രയോജനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുന്നതും ഉപയോഗിക്കുന്നതും ഒരു പ്രത്യേക വിഭാഗമോ, പ്രത്യേക താല്‍പര്യ ഗ്രൂപ്പുകളോ ആയിരിക്കും എന്നതാണ് വാസ്തവം.
ഇതിനു സമാനമായാണ് സ്‌കൂളുകളില്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ധാരാളമായി വിന്യസിപ്പിക്കേണ്ടതുണ്ട് എന്ന് ഏതൊരു വിദ്യാര്‍ത്ഥിയും രക്ഷകര്‍ത്താവും ആഗ്രഹിച്ചു പോകുന്നത്. തങ്ങളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്ക് ഏതുരീതിയിലാണ് ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകളുടെ വികാസം സഹായിക്കുന്നത് അല്ലെങ്കില്‍ തടസ്സമാകുന്നത് എന്നതിനെ സംബന്ധിക്കുന്ന ആലോചന കളിലേക്ക് പോകാതെ തന്നെ ഈ ശൃംഖലയിലെ ഓരോരുത്തരും ഇത്തരം പൊതുബോധത്തെ സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസ രംഗത്തും കണ്ടുകൊണ്ടിരിക്കുന്നത് ഇത്തരത്തില്‍ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ ഒരു ശൃംഖല രൂപപ്പെട്ടു വരുന്നതാണ്. പഠനത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ തമസ്‌കരിച്ച് ഈ ശൃംഖലയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും, രക്ഷകര്‍ത്താവും, പെതുസമൂഹമെന്നാകെയും കൂടുതല്‍ കൂടുതല്‍ ഡിജിറ്റല്‍വല്‍കരണത്തെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യും.
എത്ര ഉപകരണങ്ങള്‍ കൂടുതലുണ്ടോ അത്രയും നന്നെന്ന് കരുതിയേക്കും. മുഖ്യമന്ത്രി നിര്‍വ്വഹിച്ച ഹൈടെക് സ്‌കൂള്‍ ഹൈടെക് ലാബ് പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം വിദ്യാഭ്യാസരംഗത്തെ ഏറ്റവും പുരോഗമനപരമായാ നീക്കമായി അടിയുറച്ച് വിശ്വസിച്ചേക്കാം. എന്നാല്‍ പങ്കാളിത്ത താല്‍പര്യം ഒരു പഠിതാവിന്റെ തന്നെ യാഥാര്‍ത്ഥ അവസ്ഥകളെ വലിയൊരളവുവരെ ഗ്രഹണം ചെയ്യുന്നുണ്ട്.
പഠനത്തില്‍ സാമൂഹ്യപരമായും ബൗദ്ധിക പരമായും വൈകാരികമായും, എന്തിന് വലിയൊരളവുവരെ ഭൗതികമായും ലഭ്യമാകേണ്ടുന്ന അടിസ്ഥാന ഘടകങ്ങളെ വ്യക്തിയില്‍ നിന്ന് തന്നെ ഇത്തരത്തിലുള്ള പങ്കാളിത്ത താല്‍പര്യങ്ങള്‍ ഗ്രഹണം ചെയ്തു മറയ്ക്കുന്നു. എന്നാല്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ സാമൂഹിക ആപേക്ഷികതയുടെ ഫലമായി ഉപകരണങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളുടെ ശൃംഖലകളും സമാന്തരമായി സൃഷ്ടിക്കപ്പെടുന്നുണ്ട്.
ഇത്തരത്തില്‍ മാനസിക സംഘര്‍ഷങ്ങളുടെ ശൃംഖലയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ അപകര്‍ഷതയും മാനസികസംഘര്‍ഷങ്ങളിലും പെട്ട് ഉഴലുന്ന കാഴ്ച വലിയൊരളവുവരെ പുറംലോകം അറിയാതെ പോകുന്നുമുണ്ട്. ഇതിന് വലിയൊരു കാരണം സാമൂഹ്യ നിയന്ത്രണത്തില്‍ കൂടുതല്‍ സ്വാധീനമുള്ളവര്‍ താല്‍പര്യപ്പെടുന്ന കാഴ്ചകള്‍ മാത്രമാണ് പുറംലോകമറിയുന്നത് എന്നതാണ്.
വിദ്യാഭ്യാസ മന്ത്രിയുടെ ആ ‘തിരഞ്ഞെടുപ്പില്‍' രാഷ്ട്രീയം മാത്രം
ഏതാനും നാളുകള്‍ക്കുമുമ്പ് വിദ്യാഭ്യാസമന്ത്രി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇത്തരത്തില്‍ ഒരു ചിന്തക്ക് നിദാനമായത്. സുന്ദരിയായ ഒരു കൊച്ചുപെണ്‍കുട്ടി കൈറ്റ് ടി.വിയില്‍ കാണുന്ന ക്ലാസിനനുസരിച്ച് ഡാന്‍സ് ചെയ്യുകയും പ്രതികരണാത്മാകമായി ക്ലാസ് ആസ്വദിക്കുകയും ചെയ്യുന്ന വീഡിയോ ആയിരുന്നു അത്.
ആ സുന്ദരിക്കുട്ടിയുടെ ഡാന്‍സും പാട്ടും ഒക്കെ കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞതുകൊണ്ടാവണം അദ്ദേഹം അത് പോസ്റ്റ് ചെയ്തത്. അതില്‍ അദ്ദേഹം കൊടുത്ത കമന്റ് ‘സാര്‍ത്ഥകമാകുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍’ എന്നായിരുന്നു. ‘കണ്ടത്' വലിയ സന്തോഷം ഉണ്ടാക്കുമ്പോഴും ‘കാണാത്തതിനെ' കുറിച്ചും നമ്മുടെ ആലോചന കള്‍ പോകേണ്ടിയിരിക്കുന്നു. കാരണം നമ്മള്‍ തിരഞ്ഞെടുത്ത് എന്തെങ്കിലും ആര്‍ക്കെങ്കിലും കാഴ്ചവെക്കുമ്പോള്‍ അതിന്റെ ഉള്ളില്‍ നമ്മുടെ രാഷ്ട്രീയം ഉള്‍ച്ചേര്‍ന്നിട്ടുണ്ടാവും.
അതുകൊണ്ടുതന്നെ ഈ കൊച്ചുസുന്ദരിയുടെ ഡാന്‍സും പാട്ടുമൊക്കെ മറച്ചുകളയൂന്നത് ആരെയൊക്കെയാണ് എന്ന ചിന്ത നമ്മളില്‍ ഓരോരുത്തരിലും ഉണ്ടാവേണ്ട ന്യായമായ ഒരു സാമൂഹ്യബോധത്തിന്റെ പ്രതിഫലനം ആകേണ്ടതുണ്ട്. നമുക്ക് ആരുടെയെങ്കിലും മുമ്പില്‍ എന്തെങ്കിലും അവതരിപ്പിക്കേണ്ടതുണ്ടെങ്കില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ചത് മാത്രം തിരഞ്ഞെടുത്ത് അവതരിപ്പിക്കുക എന്നത് ഏതൊരു സാധാരണക്കാരന്റെയും സ്വാഭാവികമായ ജന്മവാസനയാണ്. ജന്മവാസനക്ക് വിരുദ്ധമായതൊന്നും വിദ്യാഭ്യാസമന്ത്രിയും ചെയ്തിട്ടില്ല.
അതുതന്നെയാണ് പ്രശ്‌നവും. വ്യത്യസ്ത കാഴ്ചകള്‍ കാട്ടിക്കൊടുക്കാനും വിദ്യാര്‍ഥികളെയും അത് കാണുന്നവരെയും വിമര്‍ശനാത്മകമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കാനും അദ്ദേഹം ചെയ്തത് അദ്ധ്യാപകവൃത്തി അല്ല, മറിച്ച് അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പക്ഷേ എല്ലാ രാഷ്ട്രീയക്കാരും പൗരന്റെ ബോധത്തിന്റെ ഒരു തലത്തെ ഉപയോഗിക്കുന്നുണ്ട്.
അതിന്റെ പ്രധാന ഉദ്ദേശ്യം തന്നെ ഒരു സുപ്രധാന നിക്ഷേപം സമൂഹത്തില്‍ ഉണ്ടാക്കുക എന്നതാണ്. അധ്യാപകന്‍ വിമര്‍ശനാത്മകതയുടെയും സര്‍ഗ്ഗാത്മകതയുടെയും മറ്റും നിക്ഷേപങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുമ്പോള്‍ രാഷ്ട്രീയക്കാര്‍ വളര്‍ത്തുന്നത് വിശ്വാസം എന്ന സ്വഭാവത്തെയാണ് എന്ന് കാണാം.
കാരണം വിശ്വാസ്യതയെന്ന സ്വഭാവവിശേഷം ഒരു നിക്ഷേപമാണ്. രാഷ്ട്രീയ നിക്ഷേപമാണ്. മത നിക്ഷേപം കൂടിയാണത്. അതുകൊണ്ടാണ് രാഷ്ട്രീയക്കാരനും മത പുരോഹിതരും എല്ലാം വിശ്വാസം വളര്‍ത്തിയെടുക്കുന്നതിന് മത്സരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്ക് താല്‍പര്യമുള്ളവരില്‍ തങ്ങളെ കുറിച്ചും തങ്ങളുടെ പ്രത്യയശാസ്ത്രത്തെ കുറിച്ചും വിശ്വാസം വളര്‍ത്തുന്ന രീതിയിലുള്ള കാര്യങ്ങള്‍ മാത്രമേ അവര്‍ അവതരിപ്പിക്കുകയുള്ളൂ.
ഇത് വളരെ സ്വാഭാവികമാണ്. ഈ സ്വാഭാവികത മാത്രമാണ് വിദ്യാഭ്യാസമന്ത്രിയും ചെയ്തത്. അതുകൊണ്ട് തന്നെയാണ് സാര്‍ത്ഥകമാണ് എന്ന് തനിക്ക് തോന്നിയ ഒരു വീഡിയോ മാത്രം അദ്ദേഹം പോസ്റ്റ് ചെയ്തത്. എന്നാല്‍ സാര്‍ത്ഥകമല്ലാത്ത ധാരാളം സംഭവങ്ങളുണ്ട് എന്ന് അദ്ദേഹത്തിനുതന്നെ അറിയാമെങ്കിലും അങ്ങനെ ചെയ്യുന്നത് താന്‍ ചെയ്യുന്ന ജോലിയോട്, അതായത് രാഷ്ട്രീയപ്രവര്‍ത്തകന്റെ, ജോലിയോട് ചെയ്യുന്ന വലിയ വിശ്വാസവഞ്ചന ആയിപ്പോകും.
എറണാകുളം നഗരത്തെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കുന്നുവെന്ന് വിചാരിക്കുക. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് തയ്യാറാക്കുന്ന ഒരു വീഡിയോയില്‍ കലൂരില്‍ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളും അഴുക്കുചാലുകളും അതുപോലെതന്നെ നിഗൂഢമായ ഗുണ്ടാവിളയാട്ടങ്ങളും മയക്കുമരുന്ന് കേന്ദ്രങ്ങളും അടങ്ങുന്ന കാഴ്ചകള്‍ നാം സ്വാഭാവികമായും ഉള്‍പ്പെടുത്തുകയില്ല. ഇതും സാമാന്യമായ ഒരു യുക്തിയാണ്. അതുകൊണ്ടാണ് നിങ്ങള്‍ നഗരങ്ങളില്‍ കാണുന്ന ഇന്ത്യയല്ല യഥാര്‍ത്ഥ ഇന്ത്യ എന്നും നിങ്ങള്‍ക്ക് യഥാര്‍ത്ഥ ഇന്ത്യയെകുറിച്ച് പഠിക്കണമെങ്കില്‍ ഗ്രാമങ്ങളിലേക്ക് പോകേണ്ടതുണ്ട് എന്നും ഗാന്ധിജി പറഞ്ഞത്.
എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും മതപുരോഹിതന്മാരും ഒരു പദ്ധതിയുടെ പ്രചാരണത്തിനും നിലനില്‍പ്പിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. ആ പദ്ധതി പ്രത്യക്ഷത്തില്‍ ഒരു പൊതുവിഭാഗത്തെ മുഴുവന്‍ ഉയര്‍ത്തുന്നതിനുവേണ്ടിയാണെന്ന് രണ്ടുകൂട്ടരും അവകാശപ്പെടുമെങ്കിലും പദ്ധതിയുടെ നിലനില്‍പ്പാണ് തങ്ങളുടെ നിലനില്‍പ്പ് എന്ന് അവര്‍ വ്യക്തമായി തിരിച്ചറിയുന്നുണ്ട്.

കേവലം നിലനില്‍പ്പ് മാത്രമല്ല അവര്‍ക്ക് ഇതിലൂടെ ലഭ്യമാകുന്നത്, മറിച്ച് അധികാരത്തിന്റെ ഉന്നതതലങ്ങളില്‍ സ്വാധീനത്തോടുകൂടി പദ്ധതിയെ നിലനിര്‍ത്തി കൊണ്ടുപോകുന്നതിനുള്ള അവസരമാണ് അവര്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് പദ്ധതിയുടെ പ്രചാരണമാണ് ഇത്തരത്തിലുള്ള തിരഞ്ഞെടുത്ത അവതരണങ്ങള്‍ നടത്തുന്നതിന്റെ രാഷ്ട്രീയ ലക്ഷ്യം. എന്നാല്‍ എല്ലാ പദ്ധതികളും ഉണ്ടാകുമ്പോള്‍ തന്നെ ഒരു പ്രതിപദ്ധതിയും അതിന്റെ കൂടെ തന്നെ ജനിക്കുന്നുണ്ട്.
മുതലാളിത്വം ചൂഷണം വളരെ ആഴത്തില്‍ മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ തന്നെ സ്വാഭാവികമായും തൊഴിലാളികള്‍ കൂട്ടുചേര്‍ന്നുകെണ്ടുള്ള പ്രതിഷേധങ്ങളും സ്വാഭാവികമായും ഉയര്‍ന്നു വരുന്നു. ന്യൂട്ടന്റെ മൂന്നാമത്തെ നിയമത്തിനു തുല്യമായ ഒരു സാമൂഹ്യ പ്രക്രിയയാണിത്. ഇത്തരത്തിലുള്ള പ്രതിപദ്ധതികളുടെ ബീജം ഒരു പക്ഷേ നിഷേധിക്കപ്പെടുന്നവരുടെ വളരെ അനൗപചാരികമായ ചര്‍ച്ചകളിലൂടെയും അഭിപ്രായപ്രകടനങ്ങള്‍ എന്നിവയിലൂടെ ഒക്കെ ആവാം. ചിലപ്പോള്‍ മാധ്യമ വാര്‍ത്തകളിലൂടെ ആവാം.
ഡിജിറ്റല്‍ പദ്ധതിക്ക് പ്രതിപദ്ധതികള്‍ ഉണ്ടായി വരുന്നു
വിദ്യാഭ്യാസ രംഗത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം ആവുക എന്നത് ഇത്തരത്തില്‍ ഒരു പദ്ധതിയാണ്. ഈ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാഭ്യാസത്തെ മറയാക്കി ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവായി ഗവണ്‍മെന്റ് മാറുന്നത്.
എല്ലാവര്‍ക്കും തുല്യമായ സൗകര്യങ്ങളുണ്ട് എന്ന മുന്‍വിധിയില്‍ ജൂണ്‍ ഒന്നിന് തുടക്കം കുറിക്കപ്പെട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇത്തരത്തിലുള്ള ഒരു പദ്ധതിയാണ്. എല്ലാവരുടെയും പൊതുനന്മ ആഗ്രഹിക്കുന്ന ഭരണകൂടം തുടങ്ങിവെക്കുന്ന ഇത്തരം പദ്ധതികള്‍ സംവാദാത്മകമായ സാമൂഹ്യ സാഹചര്യങ്ങളിലൂടെ കടന്നു പോകാതെ തന്നെ നടപ്പിലാക്കപ്പെടുമ്പോളാണ് പ്രതിപദ്ധതികള്‍ പ്രധാനമായും രൂപവത്കരിക്കപ്പെടുന്നത്.
കേരളത്തിലെ ഡിജിറ്റല്‍ പദ്ധതിക്ക് പ്രതിപദ്ധതികള്‍ ഉണ്ടായി വരുന്നതും അങ്ങനെയാണ്. പ്രതി പദ്ധതികള്‍ക്ക് തുടക്കമാവുന്നത് ചിലപ്പോള്‍ വ്യക്തികള്‍ക്കുണ്ടാകുന്ന സന്തുഷ്ടിയും അസൗകര്യങ്ങളുടെ പ്രകടനവും അടങ്ങുന്ന വളരെ വ്യക്തിപരമായ ചില കാര്യങ്ങളിലൂടെയാണ്. എന്നാല്‍ ഇത് പരസ്പരം വിനിമയം ചെയ്യപ്പെടുക വഴി അസന്തുഷ്ടരുടെ ഒരു പുതിയ ശൃംഖല രൂപവത്കരിക്കപ്പെടുകയും അതിലേക്ക് പ്രതിപദ്ധതിയുടെ അംഗങ്ങളായവര്‍ കൂടുതലായി റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു.
ഇത്തരത്തില്‍ പ്രതിപദ്ധതികള്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് ബൗദ്ധികമായ ഇടപെടലുകള്‍ സുപ്രധാനമാണ്. ഇതിന്റെ പാരമ്യത്തില്‍ മാത്രമാണ് മാധ്യമങ്ങളിലൂടെയും സംഘടിത മുന്നേറ്റങ്ങളിലൂടെയും പ്രതി പദ്ധതിയുടെ സ്പഷ്ടികരണങ്ങള്‍ പുറത്തേക്കു വരുന്നത്. ഇത്തരത്തില്‍ പ്രതിപദ്ധതികളുടെ ഭാഗമായാണ് ദൃശ്യമാധ്യമങ്ങളിലും മറ്റും മൊബൈല്‍ഫോണ്‍ കയറുകൊണ്ട് കെട്ടി മരത്തിന്റെ മുകളിലേക്ക് കയറ്റി റേഞ്ച് തപ്പുന്ന വിദ്യാര്‍ഥികളുടെ കാഴ്ചകള്‍ കാണാനിടവരുന്നത്. അതുമല്ലെങ്കില്‍ ഉപയോഗശൂന്യമായ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ശവപ്പറമ്പായി നമ്മുടെ സ്‌കൂളുകള്‍ മാറുന്നത് ഭാവിയില്‍ സാമൂഹ്യമാധ്യമങ്ങളിലും മറ്റും പ്രചരിക്കാന്‍ പോകുന്നത്.
ഇതുവഴി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്, സുഗമമായി മുന്നേറിയിരുന്ന സാങ്കേതികവിദ്യയിലൂന്നിയ വിദ്യാഭ്യാസ പരിപാടി സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നുള്ള ശബ്ദങ്ങളുടെ ഭാഗമായി സ്വയം പരിഷ്‌കരിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു എന്നതാണ്. ഭരണകൂടങ്ങളുടെ ഡിജിറ്റല്‍ ഉപഭോഗപ്രക്രിയകളും സാമൂഹിക നിയന്ത്രണത്തിന്റെ പരിധിക്കുള്ളില്‍ വരേണ്ടതാണ്.
എന്നാല്‍ ഇത്തരത്തിലുള്ള സാമൂഹ്യ നിയന്ത്രണത്തിന്റെ ഉത്തരവാദിത്വവും അധികാരവും ഒരു വിഭാഗം മാത്രം ഏറ്റെടുക്കുകയും മറ്റു വിഭാഗങ്ങളുടെ ശബ്ദങ്ങള്‍ അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പ്രതി പദ്ധതികള്‍ ഇല്ലാത്ത പദ്ധതികള്‍ സൃഷ്ടിക്കപെടുന്നതിന് കാരണമാകുന്നത്. എല്ലാ പ്രതി പദ്ധതികളും സാങ്കേതിക വിദ്യയില്‍ ഊന്നിയ വിദ്യാഭ്യാസ പരിപാടികളെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്.
ഇത്തരത്തില്‍ കേരളത്തിലെ വിദൂരവിദ്യാഭ്യാസ പരിപാടി സാമൂഹിക ഇടപെടലുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാകുന്നത് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്ന പദ്ധതിയുടെ തുടക്കത്തോടെ കേരളത്തില്‍ അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെയും, സാമൂഹ്യ മാധ്യമങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയും ഒരു പ്രതിപദ്ധതി വികസിച്ചു വരുന്നത് കാണുന്നുണ്ട്.
എന്നാല്‍ ഇത്തരം പ്രതിപദ്ധതികളെ പരിഹസിച്ചുതള്ളാനും അവഗണിക്കാനും ഒക്കെയുള്ള ശ്രമം സംഘടിതമായി ണ്ടാവുന്നുണ്ട്. വലിയൊരു പരിധിവരെ ഇത്തരം തന്ത്രങ്ങള്‍ പ്രതിപദ്ധതികളെ മുളയിലെ നുള്ളിക്കളയുന്നതില്‍ വിജയിക്കുന്നുമുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് അനിഷ്ടസംഭവങ്ങളിലൂടെയും ( അത് പ്രതികരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന വിലക്കുകള്‍ ആവാം, പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള കായികമായ ആക്രമണങ്ങള്‍ ആവാം, വളരെ ദൗര്‍ഭാഗ്യകരങ്ങളായ ആത്മാഹൂതി എന്നിങ്ങനെ എന്തും ആവാം) പ്രതിപദ്ധതികള്‍ കൂടുതല്‍ പങ്കാളിത്തത്തോടുകൂടി വിപുലമാക്കപ്പെടുന്നത്.
കോവിഡ് കഴിഞ്ഞ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ കാണാന്‍ പോകുന്നത് ഒരു ഡിജിറ്റല്‍ ധാരാളിത്തം ആയിരിക്കും. ചോര്‍ന്നൊലിക്കുന്ന വീടുകളും സാമ്പത്തിക പരാധീനതയില്‍ വട്ടം കറങ്ങുന്ന പരിതസ്ഥിതികളും ഉള്ളപ്പോഴും സ്‌കൂളിലെ ഡിജിറ്റല്‍ ആര്‍ഭാടം സാമാന്യയുക്തിയായി സ്വയം വിശദീകരിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു.
ടി.വിയിലൂടെ ക്ലാസ് കണ്ട് പഠിക്കുകയും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ തുടര്‍ പ്രവര്‍ത്തനങ്ങളും നോട്ടുകളും മറ്റും തയ്യാറാക്കുകയും ചെയ്യേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ ധാരാളം പ്രതിസന്ധി നേരിടുന്നുണ്ട്. ഇന്റര്‍നെറ്റ് ലഭ്യത മൂലം അധ്യാപകന്‍ നല്‍കുന്ന നോട്ടുകള്‍ ഡൗണ്‍ലോഡ് ആകാതിരിക്കുക, ഉപകരണങ്ങളുടെ ഗുണനിലവാരത്തിന്റെ പ്രശ്‌നം കാരണം പഠനപ്രവര്‍ത്തനങ്ങള്‍ അധ്യാപകന് അയച്ചുകൊടുക്കാനും മറ്റും ബുദ്ധിമുട്ടുണ്ടാകുക, സാങ്കേതിക ഉപകരണങ്ങള്‍ ശരിയായി കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ധ്യം ഇല്ലാതിരിക്കുക, തുടര്‍ച്ചയായി സ്‌ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നത് വഴി ഉണ്ടാകുന്ന കണ്ണിന്റെ വേദന, തലവേദന, മടുപ്പ് എന്നിവയെല്ലാം ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിയില്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന അസൗകര്യങ്ങളാണ് സാങ്കേതിക ഉപകരണങ്ങളുടെ സാമൂഹിക ഇടപെടലിലൂടെ പരിഷ്‌കരിക്കപ്പെടേണ്ടത്.
അതുകൊണ്ടുതന്നെ ഇത്തരം അസൗകര്യങ്ങളെ ഉയര്‍ത്തിക്കാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുക എന്നത് വിദ്യാഭ്യാസത്തിലെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പങ്കിനെ സമൂഹ്യ ഇടപെടലിലൂടെ ജനാധിപത്യ വല്‍ക്കരിക്കുന്നതിന് അനിവാര്യമാണ്. അങ്ങനെ സാങ്കേതിക ഉപകരണങ്ങളെ സാമൂഹിക ഉപകരണങ്ങളായി പരിവര്‍ത്തിപ്പിക്കുകയാണ് ഒരു ജനാധിപത്യ സമൂഹത്തില്‍ ഉണ്ടാവേണ്ടത്. എന്നാല്‍ സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിടുന്ന പഠനപരമായ പ്രതിസന്ധിക്ക് കമ്പോള പരിഹാരങ്ങള്‍ അന്വേഷിക്കുന്ന ഗവണ്‍മെന്റിനെയാണ് നാം കാണുന്നത്. ഇതിലൂടെ, വാസ്തവത്തില്‍ ഗുണനിലവാരം എന്നപേരില്‍ ക്ലാസ് മുറികളിലേക്ക് കയറിപ്പറ്റുന്നത് ഗുണനിലവാരം അല്ല മറിച്ച് വിപണിയാണ് എന്ന് മനസ്സിലാക്കാന്‍ ഇനിയും അമാന്തിച്ചു കൂടാ.
References:
Adorno, Theodor. (2000). Introduction to Sociology. E. Jephcott, trans. Cambridge: Polity.
Feenberg, Andrew.(1999). Questioning Technology. Routledge; 1 edition
Chasos, Brad (2013).'The evolution of classroom tech, from wax tablets to the iPad'.PC World
കാസർകോഡ് കേന്ദ്ര സർവകലാശാലയിൽ സ്കൂൾ ഓഫ് എജ്യുക്കേഷൻ വകുപ്പ് മേധാവിയാണ് ലേഖകൻ
ജിജി വർഗീസ്
15 Oct 2020, 12:15 PM
ഇല്ലാത്തവനെ കുറിച്ചുള്ള കരുതൽ ഓരോ നിമിഷവും വിദ്യാഭ്യാസ ചർച്ചകളിൽ ഉയർത്തിപ്പിടിക്കേണ്ടതു തന്നെ അതിനു ഡിജിറ്റെൈസേഷനെ ഇകഴ്ത്തതി കാണിക്കേണ്ടതില്ല. പതിനായിരക്കണക്കിന് രക്ഷിതാക്കളേയും, കുട്ടികേളേയും ഡിജിറ്റൽ സാക്ഷരരാക്കാൻ ഓൺെലൻ ക്ലാസുകൾക്കായിട്ടുണ്ട്. (അവർ കുറച്ചു പ്രയാസപ്പെട്ടിട്ടുണ്ടെങ്കിലും. ഇനിയും കഴിയാത്തവരുമുണ്ട്. അവരെ എങ്ങനെ ഒപ്പമെത്തിക്കാമെന്ന് ചർച്ചെയ്യുുക തന്നെ വേണം.) . എങ്കിലു അതൊരു വിപ്ലെകരമായ കാര്യം തന്നെയായിരുന്നു. സാങ്കേതിക വിദ്യകളുടെ രാഷ്ട്രീയം പ്രശ്നവൽക്കരിക്കേണ്ടതുണ്ട് എങ്കിലും അതിൽ നിന്നും മാറി നിൽക്കേണ്ടി വരുന്നത് വിവേചനം തന്നെയാണ്.
സിവിക് ചന്ദ്രൻ
Feb 26, 2021
6 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Feb 22, 2021
5 minutes read
കിഷോര്‍ കുമാര്‍
Feb 14, 2021
35 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Feb 10, 2021
7 Minutes Read
പ്രമോദ് പുഴങ്കര
Feb 05, 2021
10 Minutes Read
സുനില്‍ പി. ഇളയിടം
Feb 05, 2021
4 Minutes Watch
ടി.എം. ഹർഷൻ
Feb 04, 2021
5 Minutes Raed
എം.സി.പ്രമോദ് വടകര
16 Oct 2020, 11:29 AM
സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലേഖനം ഏറെ ശ്രദ്ധേയമാണ്. ബോധന പ്രക്രിയയുടെ ചില ഘട്ടങ്ങൾ എളുപ്പമാക്കുന്നതിന് ഉത്തരം സാങ്കേതികത സഹായകരമാവുന്നുണ്ടെങ്കിലും പ0ന പ്രക്രിയ എളുപ്പമാക്കുന്നതിനും കൂടുതൽ ആഴത്തിലും ഗുണപരമായും നടപ്പിലാക്കുന്നതിലും ഈ അന്വേഷണങ്ങൾ വളരെ കുറച്ചു മാത്രമേ മുന്നോട്ടു പോകുന്നുള്ളൂ. ക്ലാസ് മുറിയുടെ യഥാർഥ അവസ്ഥ, കുട്ടികളുടെ കഴിവുകളുടെയും ബുദ്ധിയുടെയും തലങ്ങൾ, പ0ന നിലവാരം,സാമൂഹിക യാഥാർഥ്യങ്ങൾ, പ0ന പ്രക്രിയയുടെ വിവിധ തലങ്ങൾ, ഇവയൊന്നും ഡിജിറ്റൽ മാസ്മരിക ലോകത്തിൻ്റെ ചിത്രങ്ങളിലില്ല. പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള പ0നവുമായും ഒത്തുചേരുന്നില്ല - പകരം കേവലമായ കേഴ്വിയുടെയും കാഴ്ചയുടെയും മാത്രം നിറങ്ങൾ . ഇവ പെട്ടെന്ന് തന്നെ കുട്ടികളെ മടുപ്പിക്കുന്നുണ്ട്; അകറ്റുന്നുണ്ട്;വിദ്യാഭ്യാസ പ്രക്രിയയിൽ നിന്നു തന്നെ. ഓരോ കുട്ടിയുടെയും ഓരോ കഴിവിനെയും ചിന്താശക്തിയേയും തിരിച്ചറിയാൻ, വളർത്താൻ ഈ സാങ്കേതിക ഉപകരണങ്ങൾ ഉപകരിക്കുന്നേയില്ല.പ0ന പ്രക്രിയയുടെ ഗുണനിലവാരത്തിൻ്റെ അടിസ്ഥാനത്തിലും ഇവ ഒരു ഘടകമേ അല്ല. പകരം ഉപരിപ്ലവമായ കെട്ടുകാഴ്ച കാഴ്ചകളിൽ, ഡിജിറ്റൽ വ്യാപാരത്തിൻ്റെ വൻ ലോകങ്ങളിൽ ക്ലാസുമുറിയെ കൊണ്ടു ചെന്നെത്തിക്കുന്നു. ക്ലാസുമുറി നേരിടുന്ന അടിസ്ഥാനപരമായ പOന പ്രശ്നങ്ങളെ ഇവ അവഗണിക്കുന്നു. ആധുനിക നാഗരികതയുടെയും ടെക്നോ ക്രസിയുടെയും കച്ചവടത്തിൻ്റെയും ഏതോലോകത്തിലാണ് ഇവർ. ഈ ഡിജിറ്റൽ ലോകം യഥാർഥത്തിൽ കുട്ടിയുടെ അടുത്തെത്തുന്നില്ല - അവൻ്റെ ഹൃദയത്തെ തൊടുന്നില്ല. വിദ്യാർഥിയും അധ്യാപകനും സമൂഹവും എന്ന ജൈവിക ബന്ധത്തെ ശക്തിപ്പെടുത്തുന്നില്ല.- പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ, സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും പിന്നാക്കാവസ്ഥയിൽ മാറ്റി നിർത്തപ്പെട്ടവരെ ചേർത്തു നിർത്തുന്നില്ല. വിദ്യാഭ്യാസത്തിൻ്റെ ഗുണ നിലവാരത്തെ ഉയർത്തുന്നില്ല.അതു കൊണ്ടു തന്നെ അവ യഥാർഥ വിദ്യാഭ്യാസത്തിൻ്റെ ഭാഗമേ ആവുന്നില്ല. ഇത് കപടമായ ,അയഥാർഥമായ, കച്ചവടത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ കാഴ്ചപ്പാടിൽ നിന്ന് രൂപം കൊണ്ടതാണ്.