2020 മാർച്ച് 20 വെള്ളിയാഴ്ച. കൊറോണ വൈറസ് വ്യാപനത്തെതുടർന്ന് സ്വീകരിക്കേണ്ട നടപടികളെ സം ബന്ധിച്ച് ഒരു ചർച്ച നടക്കുന്നു. അടുത്തിരുന്ന സുഹൃത്ത് മുസ്തഫ വണ്ടിയിൽ പെട്രോൾ നിറച്ചുവയ്‌ക്കേണ്ടതിന്റെയും സാധനങ്ങൾ വാങ്ങി വയ്‌ക്കേണ്ടതിന്റെയും ആവശ്യകത എന്നോട് ശബ്ദം താഴ്ത്തി പറഞ്ഞു. കൂടാതെ ഒരുപദേശവും; ദൂരെ യാത്രയുണ്ടെങ്കിൽ പരമാവാധി സ്വന്തം വാഹനത്തിൽ പോകുക. ഒരു ഭയം എല്ലാവരിലും അരിച്ചു കയറുന്നത് ദൃശ്യമായിരുന്നു. ഏതാണ്ട് 24 മണിക്കൂറുകഴിഞ്ഞപ്പോൾ പ്രധാനമന്ത്രി ജനതാ കർഫ്യൂവിന് ആഹ്വാനം നൽകുന്നു. അതിനെ തുടർന്ന് ലോക്ഡൗണിലേക്ക്...സമാനതകളില്ലാത്ത അനുഭവങ്ങളിലേക്ക് നമ്മുടെ സമൂഹം എടുത്തെറിയപ്പെട്ടു.
സ്‌കൂളുകൾ പാതി വഴിയിൽ പരീക്ഷ നിർത്തി അടച്ചുപൂട്ടി. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ സെമസ്റ്റർ പൂർത്തിയാക്കാതെ അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആശയക്കുഴപ്പവും പരിഭ്രാന്തിയും. ചെറിയ ഒരിടവേളക്കു ശേഷം ക്ലാസ് ഓൺലൈനായി തുടരുക എന്ന ആശയവുമായി ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ സജീവമാകുന്നു. വാട്‌സാപ്പും, സൂമും, ഗൂഗ്ൾ മീറ്റിനുമെല്ലാം ഔദ്യോഗികതയുടെ മേൽവിലാസം. സ്വകാര്യ സ്‌കൂളുകൾ അടുത്ത അദ്ധ്യയന വർഷ ക്ലാസ് ഓൺലൈനിൽ ആരംഭിക്കുന്നു. ഓൺലൈൻ ട്യൂഷൻ ക്ലാസ് സജീവമാകുന്നു. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസ് തുടങ്ങുന്നതിനോടെപ്പം അന്തർദേശീയ തലത്തിൽ ലഭ്യമായ മൂക് കോഴ്സുകളിൽ ചേരേണ്ടതിന്റെയും ഇന്റെർനെറ്റിൽ ലഭ്യമായ പഠന വിഭവങ്ങളുടെ സാധ്യതയെപറ്റിയും പ്രബോധനം നടത്തുന്നു.
അപരിചിത പാതയിലൂടെയാണ് കൊറോണക്കാലത്ത് വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് സഞ്ചരിക്കേണ്ടിവരുന്നത്. വീഡിയോ കോൺഫറൻസിലൂടെ പഠിപ്പിക്കുന്ന അദ്ധ്യാപകർ, മെബൈലിലൂടെയും ലാപ്‌ടോപ്പിലൂടെയും മറ്റും സാന്നിധ്യമറിയിക്കുന്ന വിദ്യാർത്ഥികൾ. ഔപചാരിക വിദ്യാഭ്യാസത്തിൽ മറ്റൊരു രീതി പരിചയപ്പെടുകയാണ്. ഓർഗനൈസേഷൻ ഫോർ ഇക്കോണമിക് കോപ്പറേഷൻ ആന്റ് ഡവലപ്‌മെന്റ് (ഒ.ഇ.സി.ഡി) വിദ്യാഭ്യാസ വിഭാഗം തലവനായ ആൻഡ്രിയാസ് സ്‌ക്ലീഷെർ (Andreas Schleicher) പറയുന്നത് വിദ്യാഭ്യാസത്തെ സമ്പൂർണ്ണമായി ഡിജിറ്റൽ വൽകരിക്കുന്നതിനുള്ള സുവർണസാഹചര്യമാണ് കൊറോണക്കാലത്തെ വിദൂര പഠന (remote learning) സാധ്യത നൽകുന്നത് എന്നാണ്.
വിദൂര പഠനത്തിന് അറിവിന്റെ വിനിമയം എന്നതിനപ്പുറം അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ വളർച്ച, അതുവഴി അറിവിന്റെ സാത്മീകരണം, സ്വതന്ത്ര ചിന്തയുടെ പ്രയോഗവും വളർച്ചയും ഉറപ്പാക്കുന്നതിലുള്ള സാധ്യത തുടങ്ങിയ കാര്യങ്ങൾ കൂടുതൽ ചർച്ചക്ക് വിധേയമാകേണ്ടതുണ്ട്.
മൊബൈലും ലാപും ഉള്ളവർ കൈ പൊക്കൂ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്, അറിവിന്റെ വിനിമയത്തിനപ്പുറമുള്ള പുരോഗമനപരമായ പരിവർത്തനങ്ങളാണ്. ഒരു രാത്രികെണ്ട് വിദൂര പഠന സാധ്യതകളിലേക്ക് തിരിഞ്ഞ നമുക്ക് ഡിജിറ്റൽ ഉപകരണങ്ങളിലൂടെ ഇവയൊന്നും ഉറപ്പാക്കുന്നതിനുള്ള സമയമോ സാവകാശമോ ലഭിച്ചിട്ടില്ല. വിവര സാങ്കേതിക ഉപകരണങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ നീതിയുക്തമായ ഉപയോഗത്തിനുള്ള പക്വത നമ്മുടെ സംവിധാനങ്ങൾക്കിതുവരെയും കൈവരിക്കാൻ സാധിച്ചിട്ടില്ല. വിദൂര പഠനം ഫലപ്രദമായി തുടങ്ങിവെക്കാനാവശ്യമായ അടിസ്ഥാന വിവരങ്ങൾ പോലും നമ്മുടെ കൈവശമില്ലയെന്നതാണ് യാഥാർത്ഥ്യം. കേരളത്തിൽ എത്ര ശതമാനം വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കുപയോഗിക്കാൻ സ്വന്തമായി ഡിജിറ്റൽ ഉപകരണമുണ്ട്? എത്ര ശതമാനം വിദ്യാർത്ഥികൾക്ക് മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ ഉപകരണം തൽക്കാലത്തേക്ക് കടം വാങ്ങി ഉപയോഗിക്കേണ്ടിവരുന്നു? ഒരു വീട്ടിൽ തന്നെ ഡിജിറ്റൽ ഉപകരണം പങ്കുവച്ചുപയോഗിക്കേണ്ടിവരുന്നത് എത്രകുട്ടികളാണ്? രക്ഷാകർത്താക്കൾ ജോലിക്കുപോകുമ്പോഴോ മറ്റോ പഠനാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ നിഷേധിക്കപ്പെടുന്ന എത്ര വിദ്യാർത്ഥികളുണ്ട്? ഈ ചോദ്യങ്ങൾ വിദൂര പഠന കാലത്തെ വിദ്യാഭ്യാസ തുല്യനീതിയുമായി ബന്ധപ്പെട്ട് പ്രാധാന്യമർഹിക്കുന്നു.
ഒ.ഇ.സി.ഡിയുടെ കണക്കനുസരിച്ച് ഡെന്മാർക്ക്, സ്‌ളോവേനിയ, നോർവേ, പോളണ്ട്, ലിത്വാനിയ, ഐസ്ലാന്റ്, ആസ്ട്രിയ, സ്വിറ്റ്‌സർലാന്റ്, നെതർലാന്റ്സ് എന്നീ രാജ്യങ്ങളിൽ 95 % വിദ്യാർത്ഥികളും പഠനാവശ്യത്തിന് സ്വന്തമായി ഒരു ഡിജിറ്റൽ ഉപകരണമുള്ളവരാണ്. ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളിൽ 34 ശതമാനം മാത്രമാണ് സ്വന്തമായി ഡിജിറ്റൽ ഉപകരണമുള്ള വിദ്യാർത്ഥികൾ ഉള്ളത്. ഇന്ത്യ ഒ.ഇ.സി.ഡി അംഗം അല്ലാത്തതിനാൽ കൃത്യമായ കണക്ക് ഇല്ല. എന്നാൽ, ലഭ്യമായ രാജ്യങ്ങളിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ സ്വന്തമായി ഡിജിറ്റൽ ഉപകരണം പഠന ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന വിദ്യാർത്ഥികളുടെ എണ്ണം 50 ശതമാനത്തിൽ താഴെയാണ്. മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിന്റെ കാര്യവും അത്ര വ്യത്യസ്തമാവും എന്ന് തോന്നുന്നില്ല. ഈ ഡിജിറ്റൽ വിടവിനെ അവഗണിച്ച് ഡിജിറ്റൽ പശ്ചാത്തലത്തിലുള്ള വിദൂര പഠന പദ്ധതിയിലേക്ക്
നാം ഇറങ്ങി തിരിക്കുന്നത് ദൂരവ്യാപക പ്രത്യാഘതങ്ങളുണ്ടാവും.
കൊറോണാനന്തര കാലഘട്ടം നേരിടാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഡിജിറ്റൽ വിടവിനെ കൂടുതൽ വലുതാക്കാനാണ് സാധ്യത.
വിദ്യാർഥികളെക്കുറിച്ച് ആദ്യം പഠിക്കൂ...
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലും ആശങ്കയിലുമാണ്; ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെ വിദൂര പഠന സാധ്യത ഉപയോഗിക്കേണ്ടത് പാഴായിപ്പോകുന്ന സമയം വിനിയോഗിക്കുന്നതിന് അനിവാര്യമായിരിക്കുന്നു. അതേസമയം,
ഇത്തരത്തിലുള്ള ഒരു പ്രവൃത്തിയിലേക്ക് ഇറങ്ങിയാൽ വിദൂര പഠന പശ്ചാത്തല സൗകര്യമില്ലാത്ത വലിയ വിഭാഗം വിദ്യാർത്ഥികളെ അവഗണിച്ചേ മുമ്പോട്ടുപോകാനാകൂ. എല്ലാ വിദ്യാർത്ഥികൾക്കും വേണ്ടി കാത്തിരിക്കണമോ അതോ ഉള്ളതൊക്കെ വച്ച് വിദൂര പഠനത്തിന് മുന്നിട്ടിറങ്ങണമോ? സ്‌കൂളുകളിൽ മാത്രമല്ല, സർക്കാർ അധികാരികളിൽ അടക്കം ഈ ആശങ്കയും പരിഭ്രമവും വ്യക്തമാണ്. എല്ലാവരെയും ഉൾക്കൊള്ളിച്ച് നീങ്ങുന്നതിന് അടിസ്ഥാനപരമായി വേണ്ടത് നമുക്ക് നമ്മുടെ വിദ്യാർഥികളെ കുറിച്ച് നല്ല ധാരണ ഉണ്ടാക്കുക എന്നതാണ്. ഓരോ വിദ്യാർഥിയുടെയും സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകളെ ക്കുറിച്ചും, രക്ഷകർത്താക്കളുടെ സാങ്കേതിക പരിജ്ഞാനത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് സാങ്കേതിക ഉപകരണങ്ങളുടെ ലഭ്യതയെക്കുറിച്ചും വിദ്യാർഥികളെ സഹായിക്കുന്നതിന് രക്ഷകർത്താക്കളുടെ സമയത്തെ സംബന്ധിച്ചും, വിദ്യാർഥികളുടെ വീട്ടിലും പരിസരങ്ങളിലുമുള്ള ഇന്റർനെറ്റ് ലഭ്യതയെ സംബന്ധിച്ചും മറ്റുമുള്ള കൃത്യമായ വിവരം ശേഖരിക്കാതെയും ഡിജിറ്റൽ പഠന സാഹചര്യങ്ങളിലെ തുല്യനീതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാതെയും വിദൂര പഠന സാധ്യതകളിലേക്ക് ഇറങ്ങുന്നതിലൂടെ അരികുവൽക്കരണത്തിന് ഓൺലൈൻ മാതൃകകൾ തുറന്നിടുകയാണ് ചെയ്യുന്നത്.
ഡിജിറ്റൽ ഉപകരണങ്ങളുടെ അപര്യാപ്തത മാത്രമല്ല ഇന്റർനെറ്റ് ലഭ്യതയും വീട്ടിൽ സാങ്കേതിക പരിജ്ഞാനമുള്ള മുതിർന്നവരുടെ സാന്നിധ്യവും വിദൂര പഠന സാധ്യതകളിൽ പ്രാധാന്യം അർഹിക്കുന്നുണ്ട്. എല്ലാ സ്ഥലങ്ങളിലും ഒരേപോലെ ഇന്റർനെറ്റ് ലഭ്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കേരളത്തിൽ പോലും ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ ഇന്റർനെറ്റ് ലഭ്യതയിൽ വലിയ വ്യത്യാസമുണ്ട്.
കാൽപനികതയുടെ ഇരകൾ
ഇപ്പോഴത്തെ സാഹചര്യത്തിൽ, അക്കാദമികമായി കുട്ടികളെ സഹായിക്കാനുള്ളള കഴിവിന്റെ അടിസ്ഥാനത്തിൽ രക്ഷകർത്താക്കളെ പല തട്ടുകളിലായി തിരിക്കാം. ഈ വ്യത്യാസം വിദ്യാർത്ഥികളുടെ പഠന നേട്ടങ്ങളിൽ അടക്കം പ്രകടമാണ്. ഡിജിറ്റൽ സാഹചര്യങ്ങളിലെ വിദൂര പഠനം ഒരു വിഭജനം കൂടി രക്ഷകർത്താക്കളുടെ ഇടയിൽ വരുത്തി വെയ്ക്കുകയാണ്. കുട്ടികളെ വിദൂര പഠനപ്രക്രിയയിൽ സഹായിക്കുന്നതിനാവശ്യമായ സാങ്കേതിക ജ്ഞാനവും വിവര സാക്ഷരതയുമാണ് ഈ പുതിയ വിഭജനത്തിന് കാരണമാകാൻ പോകുന്നത്. ചുരുക്കിപ്പറഞ്ഞാൽ വിദ്യാർത്ഥിയുടെ പഠന നേട്ടങ്ങൾ അവരുടെ സാമൂഹിക- സാമ്പത്തിക അവസ്ഥയുടെ പ്രതിഫലനമായി മാറുന്ന ഇപ്പോഴത്തെ അവസ്ഥ കൂടുതൽ അപകടകരമായ രീതിയിൽ പ്രകടമാകും.
സുസ്ഥിര സാമ്പത്തിക വരുമാനമുള്ളവർക്ക് ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള വിദൂരപഠനം പ്രശ്‌നമാകണമെന്നില്ല. എന്നാൽ, ഇത്തരം സൗകര്യമില്ലാത്ത,അടിസ്ഥാനപരമായ ആവശ്യങ്ങൾക്കുപോലും സ്‌കൂളുകളെ ആശ്രയിക്കേണ്ടിവരുന്ന വിദ്യാർഥികൾ ധാരാളമുണ്ട്. സ്‌കൂൾ- കോളേജ് തലത്തിൽ പഠിക്കുന്ന ഈ വിഭാഗമാണ് കാൽപനികവൽക്കരിക്കപ്പെട്ട ഡിജിറ്റൽ വിദൂര പഠന സാധ്യതകളുടെ ഏറ്റവും വലിയ ഇരകളാകാൻ പോകുന്നത്. ഡിജിറ്റൽ ഉപകരണങ്ങളുടെയും ഇന്റർനെറ്റ് ലഭ്യതയുടെയും മാത്രം സാഹചര്യം കൊണ്ട് ഉറപ്പാക്കാനാവുന്നതല്ല വിദൂര പഠനസംവിധാനത്തിലൂടെയുള്ള തുല്യനീതിയും പഠനപുരോഗതിയും. ഇതിനെല്ലാമുപരി സ്‌കൂൾ പശ്ചാത്തലത്തിൽ നിന്ന് അധ്യാപകരുടെയും സഹവിദ്യാർത്ഥികളുടെയും സഹായത്തോടെ ആർജിക്കേണ്ട ചില നൈപുണികളും, വൈജ്ഞാനിക- സാമൂഹിക- വൈകാരിക സാഹചര്യങ്ങളും വിദൂര പഠനത്തിലൂടെ സാധ്യമല്ലാതാകുന്നുണ്ട്. ഉദാഹരണമായി, എങ്ങനെ പഠിക്കണം, പഠനത്തിന് ആവശ്യമുള്ള മാനസികാവസ്ഥ എങ്ങനെ സ്വയം ആർജിക്കണം, പഠനത്തിന് അനിവാര്യമായ സാമൂഹ്യ സാഹചര്യങ്ങളുടെ ലഭ്യത...ഇവയൊക്കെ വിദൂര പഠന പശ്ചാത്തലങ്ങളിൽ വിദ്യാർത്ഥിക്ക് അന്യമാകുന്നു.
പെൺകുട്ടികൾക്ക് എന്തിനാണ് മൊബൈൽ ഫോൺ?
കേരളം പോലെ ഒരു സംസ്ഥാനത്ത് ഡിജിറ്റൽ പശ്ചാത്തലത്തിലുള്ള വിദൂര പഠനം എത്ര സാധ്യമാകുമെന്നതിനെക്കുറിച്ച് പ്രായോഗിക ചർച്ച നടക്കണം. കുട്ടികൾക്ക് നമ്മളെക്കാൾ മൊബൈൽഫോണും മറ്റും ഉപയോഗിക്കാൻ അറിയാം, എല്ലാ കുട്ടികളുടെയും കൈയിൽ മേന്മയുള്ള മൊബൈൽ ഫോണുണ്ട് ഇങ്ങനെ പോകുന്നു കുട്ടികളുടെ ഡിജിറ്റൽ ഉപയോഗത്തെപ്പറ്റി സമൂഹത്തിൽ പൊതുവായ അഭിപ്രായങ്ങൾ. എന്നാൽ, ഇതിന്റെ ഉള്ളറകളിലേക്ക് ചെന്നാൽ യാഥാർഥ്യത്തിന്റെ മറ്റൊരു മുഖം ദൃശ്യമാകും. ഉദാഹരണമായി സ്‌കൂളുകളുടെ കാര്യം എടുക്കുക. ഐ.ടി @ സ്‌കൂൾ പോലെയുള്ള വെബ്‌സൈറ്റുകളിലൂടെ ലഭ്യമാകുന്ന അറിവ്, പൊതുവിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് ലഭിക്കണമെങ്കിൽ നല്ല മൊബൈൽ ഫോണോ കമ്പ്യൂട്ടറോ അനിവാര്യമാണ്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന എല്ലാവർക്കും മൊബൈൽ ഫോണോ ലാപ്‌ടോപോ ഉണ്ടാകും എന്ന വിചാരം യാഥാർത്ഥ്യങ്ങൾക്കു നേരെ വഞ്ചനാപരമായ കണ്ണടക്കലാണ്. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ അവർ മുതിർന്നവരേക്കാൾ മിടുക്കരാണ് എന്ന വാദം അംഗീകരിക്കാമെങ്കിലും എല്ലാവർക്കും ഡിജിറ്റൽ ഉപകരണങ്ങൾ ഉണ്ട് എന്ന വാദം അംഗീകരിക്കുന്നതിന് നമ്മുടെ സാമൂഹ്യ യാഥാർഥ്യങ്ങളിൽ ബുദ്ധിമുട്ടുണ്ട്.
സമൂഹത്തിൽ വലിയ ഡിജിറ്റൽ വിടവ് നിലനിൽക്കുമ്പോൾ തന്നെ വീടിനകത്തും ഡിജിറ്റൽ വിടവിന് സാധ്യതയുണ്ട്. കുട്ടികളുടെ പ്രായം, ലിംഗം എന്നിവയൊക്കെ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ആയി മാറാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. അവളെ വല്ലവരും ചാറ്റുചെയ്ത് തട്ടിക്കെണ്ടുപോയാലോ എന്നു പേടിച്ച് പെൺകുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ അനുവദിക്കാൻ മടിയുള്ള രക്ഷാകർതൃസമൂഹത്തെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. ഇതിനും മാറ്റം വരേണ്ടതുണ്ട്. ഇത്തരത്തിലുള്ള യാഥാസ്ഥിതിക സാഹചര്യങ്ങൾക്കുനേരെ കണ്ണടച്ച് ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെ മുന്നേറാം എന്ന് വിശ്വസിക്കുന്നത് എത്രത്തോളം യാഥാർഥ്യത്തോട് പൊരുത്തപ്പെടുന്നതാണ് എന്ന് ആലോചിക്കേണ്ടതുണ്ട്.
ഡിജിറ്റൽ തുല്യനീതി സാധ്യമാണോ?
മറ്റൊരു പ്രധാന പ്രശ്‌നം, ഇന്റർനെറ്റ് ലഭ്യതയാണ്. ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിനുമുമ്പ് ഉറപ്പാക്കേണ്ട അടിസ്ഥാനഘടകമാണിത്. എല്ലാം സ്ഥലങ്ങളിലും ഒരേപോലെ വൈഫൈ ലഭ്യമാകുന്ന സംവിധാനം ഉറപ്പാക്കേണ്ടിവരും. വീഡിയോ കോൺഫറൻസ് പോലുള്ള സംവിധാനങ്ങളിലൂടെ പാരസ്പര്യം നടക്കുന്നു എന്ന് സങ്കൽപ്പിച്ചാൽ പോലും ഇന്റർനെറ്റിന്റെ സുഗമമായ ലഭ്യത പാരസ്പര്യത്തിന്റെ സകല സാധ്യതകളെയും റദ്ദാക്കുന്നു. ഇന്റർനെറ്റ് ഡാറ്റാ പ്ലാൻ എടുക്കുന്നതിന് 300- 500 രൂപ വരെ ചെലവാക്കേണ്ടിവരും. ഇത് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള അധിക ചെലവാണ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ഇത് സൗജന്യമായി നൽകാൻ സർക്കാറിന് കഴിയുന്നില്ലെങ്കിൽ, പൊതുവിദ്യാഭ്യാസം സൗജന്യമാണ് എന്ന സങ്കൽപത്തിൽ നിന്ന് നമ്മൾ അകന്നുപോകുന്ന അവസ്ഥയുണ്ടാകും. രണ്ടു വിദ്യാർഥികളുള്ള ഒരു വീട്ടിൽ 500 രൂപയിലധികമുള്ള ഡേറ്റാ പ്ലാൻ ആവശ്യമാണെന്നിരിക്കെ, വിപുലമായ ഇന്റർനെറ്റ് സൗകര്യങ്ങൾ, വൈഫൈ- ഹോട്ട്‌സ്‌പോട്ട് സൗകര്യം എന്നിവ ഉണ്ടാകാത്തപക്ഷം വിദൂര പഠനസാധ്യത പ്രശ്‌നം സൃഷ്ടിക്കാനാണ് സാധ്യത. സ്ഥലപരിമിതി മറികടന്ന് എല്ലായിടത്തും തുല്യമായ ഇന്റർനെറ്റ് സ്പീഡ് ലഭ്യമാകാത്തിടത്തോളം കാലം വിദൂര പഠനത്തിലെ തുല്യനീതി വിദൂര സ്വപ്നമാകും.
സ്‌കൂളുകളിലും കോളേജുകളിലും വിദൂരപഠനം അനിവാര്യമായി നടപ്പാക്കേണ്ട സാഹചര്യമുണ്ടാവുകയാണെങ്കിൽ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ വിഭജനങ്ങൾ ഉയർന്നുവരാനുള്ള സാധ്യത കാണേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ തന്നെ നഗരപ്രദേശങ്ങളിലുള്ളവർക്ക് ചില ആനുകൂല്യങ്ങൾ ലഭിക്കും, ഗ്രാമപ്രദേശങ്ങളിലുള്ളവർ ഇന്റർനെറ്റ് ലഭ്യതയുടെയും മറ്റും അടിസ്ഥാനത്തിൽ പഠന പ്രക്രിയയിൽ നിന്ന് പുറന്തള്ളപ്പെടും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ ഡിജിറ്റൽ ഉപകരണങ്ങളും ഇന്റർനെറ്റും ഉയർന്ന ഡേറ്റ പ്ലാനും മറ്റും നേടുന്നതിനുള്ള സാമ്പത്തികശേഷി ഉള്ളവരാണെന്ന സാമാന്യയുക്തിയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ പൊതു- സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള അന്തരം വലുതാവാനാണ് സാധ്യത. ഇത് സ്‌കൂൾ തലത്തിൽ മാത്രമല്ല, കോളേജ് തലത്തിലും വലിയ പ്രത്യാഘാതമുണ്ടാക്കും. വിദ്യാഭ്യാസത്തിലെ തുല്യനീതിസങ്കൽപ്പത്തിന് വലിയ ഭീഷണിയാണിത് സൃഷ്ടിക്കുക.
സാമൂഹ്യമൂല്യങ്ങൾ ആര് നൽകും
അധ്യാപകരിൽ നിന്ന് വിദ്യാർത്ഥികളിലേക്ക് അറിവ് വിനിമയം ചെയ്യപ്പെടുക എന്നത് മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കിൽ നമുക്ക് ഡിജിറ്റൽ വിദൂര പഠനം ധാരാളമാണ്. എന്നാൽ നാം വിദ്യാഭ്യാസത്തെ സങ്കൽപ്പനം ചെയ്യുന്നത് സാമൂഹ്യ വൽക്കരണപ്രക്രിയയായും അറിവിന്റെയും അനുഭവങ്ങളുടെയും സാത്മീകരണവുമായുമാണ്. വിദ്യാലയങ്ങളെ പഠനകേന്ദ്രങ്ങളാക്കി കാണുക എന്നത് വിദ്യാലയം എന്ന വിശാല ആശയത്തിനെ ചുരുക്കുന്നതിന് തുല്യമാകും. ഉച്ചക്കഞ്ഞി പോലുള്ള സംവിധാനങ്ങളിലൂടെ വലിയ വിഭാഗം വിദ്യാർഥികൾക്ക് ആഹാരത്തിന് ആശ്രയിക്കേണ്ടി വരുന്നത് സ്‌കൂളുകളാണ്. അതേപോലെ, പഠനാവശ്യങ്ങൾക്ക് സഹായിക്കുന്നതിനുള്ള രക്ഷാകർത്താക്കളുടെ പരിമിതിയിൽ അവർക്ക് പൂർണമായി ആശ്രയിക്കേണ്ടി വരുന്നത് അധ്യാപകരെയാണ്. മാത്രമല്ല, ഒരു വിദ്യാർത്ഥിക്ക് വീട്ടിൽ നിന്ന് ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത ചില സാമൂഹ്യമൂല്യങ്ങളും അനുഭവങ്ങളും നൽകേണ്ടത് വിദ്യാലയപശ്ചാത്തലങ്ങളാണ്. വിദ്യാലയങ്ങൾ തുറന്നുവെക്കുന്ന ഈ അനുഭവ സമൃദ്ധിയുടെയും സമഗ്രതയുടെയും സാധ്യതകളുടെ പൂർത്തീകരണം വിദൂര പഠന സാധ്യതകളിൽ തുലോം അന്യമായ ഒന്നാണ് എന്ന് കാണാൻ സാധിക്കും.
ക്ലാസ് മുറികളിൽ അന്തർമുഖരായ പല വിദ്യാർത്ഥികളും വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെയും ടെലി കോൺഫറൻസിങ് പോലെയുള്ള സംവിധാനങ്ങളിലൂടെയും കുറെക്കൂടി സജീവമാകുന്നുണ്ട്. എതാനും സ്‌കൂളുകളിൽ വിദൂരപഠനം ആരംഭിച്ച കേരളത്തിലെ ചില സ്‌കൂളുകളിലെ അധ്യാപകരുടെ അഭിപ്രായമാണിത്. ഇത് സത്യമാണെന്ന് എന്റെ വ്യക്തിപരമായ അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നു. പ്രാഥമിക ചോദ്യം, ഇത് വിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികൾ താത്പര്യത്തോടുകൂടി ഇടപെടുന്നതിനുള്ള തെളിവായി സ്വീകരിക്കാൻ സാധിക്കുമോ എന്നതാണ്.
ഇത്തരം പ്രതികരണങ്ങളെ പുരോഗമനപരമായി കാണുന്നതിൽ നിന്ന് ഒരുകാര്യം വ്യക്തമാണ്: വിദൂരപഠന സംവിധാനങ്ങൾ സാമൂഹ്യവൽക്കരണം എന്ന വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്വം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒരുവിധത്തിലും പര്യാപ്തമല്ല. സാമൂഹിക പ്രശ്‌നങ്ങളുടെ പരിഹരണം വിദൂരപഠനത്തിന്റെ സാധ്യതകൾക്ക് പുറത്താണ് എന്നാണ് നാം മനസ്സിലാക്കേണ്ടത്. വിദ്യാഭ്യാസത്തെ വിനിമയ പ്രക്രിയ എന്നതിൽ നിന്ന് അനുഭവ പ്രകൃതി ആക്കി മാറ്റുക എന്ന വലിയൊരു വെല്ലുവിളിയും വിദൂര പഠനത്തിൽ നേരിടേണ്ടി വരുന്നുണ്ട്. ഒരു ക്ലാസ് മുറിയിൽ വിദ്യാർത്ഥി പാഠഭാഗം പഠിച്ചുകൊണ്ടിരുന്നപ്പോൾ നേരിട്ട പ്രതിസന്ധി, അവരുടെ പ്രചോദനങ്ങൾ, ചിന്തകൾ ഇവയെല്ലാം ക്ലാസ് മുറിയിൽ എങ്ങനെയാണോ അധ്യാപകർ കൈകാര്യം ചെയ്തത് എന്നത് ആ വിദ്യാർത്ഥിയുടെ പുരോഗമനത്തെ അടിസ്ഥാനപരമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സാമീപ്യമാണ് ഏറ്റവും പ്രധാന ഘടകമായി ഇത്തരം സാഹചര്യങ്ങളിൽ മാറുന്നത്.
അധ്യാപകേന്റതുമാത്രമല്ല, സഹവിദ്യാർത്ഥികളുടേതുകൂടി അതിൽ പ്രധാനമാണ്. ഇത്തരത്തിലുള്ള സാമീപ്യം വഴി ഉണ്ടാവേണ്ട പുരോഗമന മാറ്റങ്ങൾ വിദ്യാർത്ഥിയിൽ ഉണ്ടാക്കുന്നതിന് വിദൂര പഠനത്തിൽ എന്തു
സാധ്യതയാണുള്ളത് എന്നത് വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ഡിജിറ്റലൈസേഷൻ വഴി മുന്നോട്ടുവെക്കുന്ന പഠന ബോധന രീതി പഠിതാവിന്റെ പ്രതികരണാത്മകതയോട് എത്രമാത്രം സംവേദനക്ഷാമമാണ് എന്നതും ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. ഇത് കൂടുതൽ അലസോരപ്പെടുത്തുന്നത്, പഠനം എന്നാൽ അറിവിന്റെ സമ്പാദനമല്ല മറിച്ച് നിർമ്മാണമാണ് എന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്ന ആധുനിക പഠന സിദ്ധാന്തങ്ങൾ പരിചയപ്പെടുമ്പോഴാണ്. ജ്ഞാനനിർമാണത്തിനെ സഹായിക്കുന്ന ചില സോഫ്ട്‌വെയറുകളുടെ പേരുപറഞ്ഞ് നിസ്സാരവൽക്കരിക്കാവുന്നതല്ല ഈ ചോദ്യത്തിനുള്ള ഉത്തരം. ഇത്തരത്തിലുള്ള സോഫ്ട്‌വെയറുകൾ നമ്മുടെ
ചുറ്റുപാടുകളെയും വിദ്യാർത്ഥികളുടെ സാമൂഹ്യ- സാംസ്‌കാരിക വൈവിധ്യത്തെയും എത്രമാത്രം അഡ്രസ്സ് ചെയ്യുന്നു എന്നതാണ് ചോദ്യം. മാത്രമല്ല, നാം ചില ഉദ്ദേശ്യത്തിൽ നിർമിക്കുന്നവ ആ ഉദ്ദേശ്യങ്ങൾ സാധൂകരിച്ചുകൊള്ളണം എന്നില്ല. ഇത്തരത്തിലുള്ള സോഫ്ട്‌വെയറുകളുടെ ജ്ഞാനനിർമിതിശേഷിയെ ഔദ്യോഗികമായി വാലിഡേറ്റ് ചെയ്യുന്നത് ആരാണ് എന്ന ചോദ്യവും സുപ്രധാനമാണ്.
ടെക്സ്റ്റ് പ്രതികരണത്തിന്റെ പരിമിതി
സമകാലികത്വമാണ് (synchronous ) വിദൂര പഠന സാധ്യത നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. വിദ്യാർത്ഥികൾക്ക് പരസ്പരവും അദ്ധ്യാപകരുമായും നിർദ്ദിഷ്ട സ്ഥലപരിധിക്കുള്ളിൽ നിന്ന് സംവദിക്കാൻ സാധിക്കുകയും ധൈഷണികവും, വൈകാരികവുമായ അവസ്ഥകളുമായി സമയനഷ്ടം കൂടാതെ സംവദിക്കാനുമുള്ള സാധ്യതയാണ് ഔപചാരിക വിദ്യാഭ്യാസത്തിൽ സമകാലികത്വത്തെ ഉറപ്പിച്ചിരുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ നട്ടെല്ലു തന്നെ സമകാലികത്വമാണെന്നു പറയാം. വിദൂരപഠനം നേരിടുന്ന പ്രധാന വെല്ലുവിളിയും സമകാലികത്വത്തിന്റെ അഭാവമാണ്. ലോഗിൻ ചെയ്യുമ്പോഴുള്ള ആ ചെറിയ ചക്രത്തിന്റെ കറക്കം മുതൽ സമകാലികതയുടെ അഭാവം വിദൂര പഠനത്തിലേക്ക് നൂഴ്ന്നുകയറുന്നു. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള സംവാദങ്ങളിലും വിനിമയത്തിലും സമകാലികത്വം
സൃഷ്ടിക്കുന്നതിന് ഇന്റർനെറ്റ് വേഗതയും, സാങ്കേതിക ഉപകരണങ്ങളുടെ ഗുണമേന്മയും പ്രധാന ഘടകങ്ങളാണ്. ഉടൻ പ്രതികരണങ്ങൾ ലഭിക്കേണ്ട രീതിയിലുള്ള പഠനാനുഭവങ്ങൾ വിദൂര പഠന സാഹചര്യങ്ങളിൽ വലിയ ചോദ്യചിഹ്നമായി മാറുകയാണ്. ടെക്സ്റ്റ്കളിലൂടെയും മറ്റും വിദ്യാർഥികൾക്ക് പ്രതികരിക്കാമെങ്കിലും അതിനുള്ള സന്നദ്ധത, അതിനുവേണ്ടിയുള്ള
പ്രചോദനം, വിദ്യാർത്ഥിയുടെ തയ്യാറെടുപ്പ് ഒക്കെ പ്രധാന ഘടകങ്ങളാണ്. മാത്രമല്ല, ഒരു ഒരുകൂട്ടം കുട്ടികൾ ടെക്സ്റ്റുകളിലൂടെയാണ് പ്രതികരണങ്ങൾ നൽകുന്നതെങ്കിൽ അവയോടെല്ലാം തിരിച്ചുപ്രതികരിക്കുക എന്നത് അധ്യാപകനെ സംബന്ധിച്ച് വെല്ലുവിളിയായി മാറുകയും ചെയ്യും. മാത്രമല്ല, ടെക്സ്റ്റ് വഴിയുള്ള വിനിമയങ്ങൾക്ക് ജൈവികതയുടെ അഭാവവും ഉണ്ട് എന്നത് പരിമിതിയായും മാറുന്നു.
സമകാലികത്വത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ ആന്തരിക വ്യവഹാരങ്ങളെ ഒരളവു വരെയെങ്കിലും മനസ്സിലാക്കുന്നതിനും അവയോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനുമുള്ള അധ്യാപകരുടെയും സഹവിദ്യാർത്ഥികളുടെയും സാധ്യതകളെ റദ്ദുചെയ്യുന്നു. അതുകൊണ്ടുതന്നെ, സമകാലിത്വം ഉറപ്പാക്കുന്ന രീതിയിൽ ഇന്റർനെറ്റും ഡിജിറ്റൽ ഉപകരണങ്ങളും മുന്നേറുക എന്നത് വിദൂരവിദ്യാഭ്യാസത്തിന്റെ വിദൂരഭാവിയിൽ പോലും നമുക്ക് സ്വപ്നം കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല. സാങ്കേതികവിദ്യയും സാങ്കേതിക ഉപകരണങ്ങളും എത്രത്തോളം വളർന്നാൽ പോലും സമകാലികത്വം വിദൂര പഠന സാധ്യതകളിൽ എങ്ങനെ പൂർണമായി ഉറപ്പാക്കാൻ സാധിക്കും എന്നത് ഒരു സമസ്യയായി മാറുന്നു.
വീട് എങ്ങനെ മാറണം
വിദൂരപഠനം സാധ്യമാകുന്ന എല്ലാ കാലങ്ങളിലും വളരെ പ്രധാനപ്പെട്ട ഒരു ഏജൻസിയുടെ പങ്ക് കൃത്യമായി നിർവചിക്കേണ്ടതുണ്ട്; "വീട്'. ഡിജിറ്റൽ സാഹചര്യങ്ങളിലെ വിദൂര പഠന സാധ്യതകളിൽ വീടിന്റെ
പങ്ക് എന്താണ് എന്നത് കൂടുതൽ ചർച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. പരമ്പരാഗതമായി സ്‌കൂളുകളിൽ വിദ്യാർഥികൾ പൂർണമായും സമയം ചെലവഴിക്കുന്നതിനാൽ പഠനത്തിലുള്ള വീട്ടിലെ അംഗങ്ങളുടെ ഇടപെടൽ സ്‌കൂൾ സമയങ്ങളിലെങ്കിലും തീരെ ഉണ്ടാവാറില്ല. എന്നാൽ, ഓൺലൈൻ പഠനം വീടുകളിലേക്ക് പറിച്ചു നടുമ്പോൾ, ഈ പ്രവർത്തനങ്ങളിൽ വീടിന്റെ പങ്ക് സങ്കീർണ്ണ തലങ്ങളിലേക്ക് മാറുന്നു. നിയന്ത്രിച്ചുനിർത്താൻ കഴിയുന്നതിനും അപ്പുറമായി ഒരുപക്ഷേ ഇടപെടൽ ഉണ്ടാവാനുള്ള സാധ്യതയും കണക്കുകൂട്ടുന്നതിനപ്പുറമുള്ള നിസ്സഹായതയും ഒക്കെക്കൂടി കുഴഞ്ഞുമറിഞ്ഞ് വല്ലാത്ത അവസ്ഥയായും ഇതുമാറാം.
ഉയർന്ന വിദ്യാഭ്യാസവും ജോലിയുമുള്ള രക്ഷകർത്താക്കൾക്ക് തങ്ങൾക്കുവേണ്ട രീതിയിൽ സഹായിക്കാൻ കഴിയുന്നില്ല എന്ന കാരണത്താൽ വലിയ മാനസികസമ്മർദ്ദമുണ്ടാകാം, സാമാന്യവിദ്യാഭ്യാസവും വീട്ടിൽ ചെലവഴിക്കാൻ സമയവുമുള്ള രക്ഷകർത്താക്കളുടെ വേണ്ടതിലധികമുള്ള ഇടപെടൽ കുട്ടിയിൽ സമ്മർദമായി മാറിയേക്കാം, വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന രക്ഷാകർത്താക്കളുടെ നിസ്സഹായത മറ്റൊന്ന്... എല്ലാം കൂടി ചേർന്ന് "വീട്' വിദ്യാഭ്യാസത്തിലെ അസമത്വത്തിന്റെ ഉറവയായും ചിലപ്പോൾ കശാപ്പുഭൂമിയായും ഒക്കെ മാറുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. അതുകൊണ്ടുതന്നെ ഡിജിറ്റൽ കാലഘട്ടത്തിൽ വിദൂര പഠനം നടത്തുമ്പോൾ വീട്, അംഗങ്ങൾ എന്നിവരുടെ പ്രവർത്തനം കൃത്യമായി അടയാളപ്പെടുത്തേണ്ടത് അനിവാര്യമാണ്. പ്രമുഖ ഫ്രഞ്ച് ചിന്തകനായ പിയറി ബോർഡ്യൂ വിവക്ഷിക്കുന്നതുപോലെ, കൂടുതൽ വിദ്യാഭ്യാസവും സാംസ്‌കാരിക മൂലധനവും ഉള്ള ആൾക്കാരുടെ ഇടപെടൽ വിദ്യാർഥിക്ക് ചില നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും
അതേസമയം അത്തരത്തിലുള്ള സാംസ്‌കാരിക മൂലധനം കുറഞ്ഞ വീടുകളിൽ വിദ്യാർഥികൾക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ഇത്തരം പെള്ളുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളോ പരിഹാരമോ ഡിജിറ്റൽ സാങ്കേതികവിദ്യ നമുക്കുമുന്നിൽ വെക്കുന്നില്ല. നമ്മുടെ വിദ്യാഭ്യാസപ്രക്രിയ നേരിടുന്നതും നേരിടാൻ പോകുന്നതുമായ ചില അടിസ്ഥാന പ്രശ്‌നങ്ങളെ നിസ്സാരവൽക്കരിക്കുകയാണ് മായികമായ വിദ്യാഭ്യാസ ഡിജിറ്റൽ കാർണിവെൽ ചെയ്തുകൊണ്ടിരിക്കുന്നത്. അറിവ് വീട്ടിലേക്കെത്തിക്കുന്ന ഒരു അദൃശ്യ പോസ്റ്റുമാന്റെ ജോലി ഭംഗിയായി ചെയ്യാമെന്നാണ് ഡിജിറ്റൽ ലോകം വിളിച്ചുപറയുന്നത്. ഡിജിറ്റൽ സാധ്യത ഉപയോഗപ്പെടുത്തുന്ന വിദ്യാഭ്യാസത്തെയല്ല ഡിജിറ്റൽ അടിമയായ വിദ്യാഭ്യാസത്തിലേക്കാണ് ഇത്തരം ചർച്ച നമ്മെ നയിക്കുന്നത്. ഏതുമാറ്റവും എളുപ്പം നടപ്പാക്കാൻ പറ്റുന്നത് സമൂഹം വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ്. കോവിഡ് കാലം ഡിജിറ്റൽ വേരുകൾ ആഴ്ത്തുന്നതിനുള്ള നല്ല അവസരമായാണ് ഉപയോഗിക്കപ്പെടുന്നത്. വിദ്യാഭ്യാസം അറിവിന്റെ വിനിമയമല്ലെന്നും സമത്വത്തിലേക്കുള്ള പാതയാണെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഇതിനുള്ള
മറുപടി.