ഈ വർഷമാണ് അഞ്ച് ഗോത്രകലകൾ സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയത്. ഇരുള നൃത്തം (ആട്ടം പാട്ടം), മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയ നൃത്തം (കമ്പളകളി, വട്ടക്കളി), പളിയ നൃത്തം, മലപ്പുലയ ആട്ടം എന്നീ ഇനങ്ങളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡി തലങ്ങളിലാണ് മത്സരം. ഗോത്രകലകൾ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായപ്പോൾ ഏറെ സന്തോഷിച്ചു. കാരണം, ഒരുപാട് കഴിവുള്ളവർ ഞങ്ങൾക്കിടയിലുണ്ട്. അവരെ മുന്നോട്ടുകൊണ്ടുവരാനുള്ള ശ്രമമെന്ന നിലയ്ക്കുകൂടിയാണ് ഈ തീരുമാനത്തെ കാണുന്നത്. എന്നാൽ, ഞങ്ങളുടെ ഗോത്ര നൃത്തം സ്കൂൾ കലോത്സവ വേദിയിൽ ആദരിക്കപ്പെടുകയല്ല, അവഹേളിക്കപ്പെടുകയാണെന്ന് ബോധ്യപ്പെട്ടപ്പോൾ വേദിയിൽ കയറി ഈ അനീതി ചോദ്യം ചെയ്യുക തന്നെ ചെയ്തു.
കോഴിക്കോട് കൊടുവള്ളി ഉപജില്ലാ കലോത്സവത്തിൽ ഇരുള നൃത്തത്തിന് വിധികർത്താക്കളായി, ഈ കലാരൂപത്തെക്കുറിച്ച് അറിയാത്ത മൂന്ന് നാടൻപാട്ടു കലാകാരന്മാരെയാണ് കൊണ്ടുവന്നത്. പണിയനൃത്തം, മലപ്പുലയ ആട്ടം എന്നീ ഗോത്രകലകളുടെയും വിധികർത്താക്കൾ ഇവർ തന്നെയായിരുന്നു. ഇവർക്കിടയിൽ, യൂറ്റ്യൂബ് നോക്കി ഇരുള നൃത്തത്തെ മനസിലാക്കാൻ ശ്രമിക്കുന്ന വിധികർത്താവിനെയും കണ്ടു.
ഹൈസ്‌കൂൾ വിഭാഗം ഇരുള നൃത്തത്തിന് ഒന്നാം സ്ഥാനം ലഭിച്ച ടീമിന്റെ അവതരണത്തിൽ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഈണം, താളം, കൊട്ട് എന്നിവ ഒരേ അടിയിലായിരുന്നു അവർ അടിച്ചത്. ?ദെവില് പിടിച്ച രീതിയും അവസാനിപ്പിച്ചതുമൊന്നും ശരിയായ വിധത്തിലായിരുന്നില്ല. ഞങ്ങൾ പരിശീലിപ്പിച്ച കുട്ടികൾ തനതുരീതിയിൽ തന്നെയാണ് ഇതെല്ലാം ചെയ്തത്. ഇക്കാര്യം വിധികർത്താക്കളുടെ ശ്രദ്ധയിൽപെടുത്തണമെന്ന് എനിക്കുതോന്നി.
എന്തുണ്ടെങ്കിലും സീക്രട്ടായി സംസാരിക്കാം എന്നുകൂടി അവർ അറിയിച്ചപ്പോൾ ഇത് രഹസ്യമായി, കർട്ടനുപുറകിൽനിന്ന് സംസാരിക്കേണ്ട കാര്യമല്ല, എല്ലാവരും അറിയണം എന്നുതന്നെ തീരുമാനിച്ചു
ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ, ‘ഞാൻ അട്ടപ്പാടിയിൽനിന്നാണ്’ എന്നു പറഞ്ഞ് അവരിലൊരാളെ ചെന്നു കണ്ടു. എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ, മൂന്നുപേരും നാടൻപാട്ട് കലാകാരന്മാരാണ് എന്നു പറഞ്ഞു. നാടൻപാട്ടു കലാകാരന്മാർക്ക് എങ്ങനെയാണ് ഇരുള നൃത്തത്തിനെ വിലയിരുത്താനാകുക? ഈ ചോദ്യം മനസ്സിൽവച്ച് എങ്ങനെയാണ് കഴിഞ്ഞ മത്സരത്തെ വിലയിരുത്തിയത് എന്നു ഞാൻ ചോദിച്ചു.
‘ഒന്നാം സ്ഥാനം കിട്ടിയവർക്ക് നല്ല എനർജിയുണ്ടായിരുന്നു, നിങ്ങൾക്ക് എനർജിയുണ്ടായിരുന്നില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എനർജി നോക്കി കളിക്കാൻ ഇത് സിനിമാറ്റിക് ഡാൻസ് അല്ലല്ലോ, ഓരോ പാട്ടിനും അതിന്റേതായ സ്‌റ്റെപ്പുണ്ട്, ഈണവും താളവും കൊട്ടുമൊക്കെയുണ്ട് എന്നു ഞാൻ പറഞ്ഞു.
ഇരുള നൃത്തത്തെക്കുറിച്ച് സാറിന് അറിയാവുന്ന കാര്യങ്ങൾ ഒന്ന് പറഞ്ഞുതന്നാൽ എനിക്കും അത് മനസ്സിലാക്കാമായിരുന്നു എന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
അപ്പോൾ, ‘ഞങ്ങളൊക്കെ അട്ടപ്പാടി കുറെ കണ്ടതാ മോളേ’ എന്നു പറഞ്ഞ് അദ്ദേഹം സ്ഥലം വിടുകയായിരുന്നു.
ഇതിനുശേഷമായിരുന്നു ഹയർ സെക്കൻഡറിയുടെ ഇരുള നൃത്തം. വിധികർത്താക്കൾ അതേ മൂന്നുപേർ തന്നെ. ഞങ്ങളുടെ കുട്ടികൾ അവതരണത്തിന് സ്‌റ്റേജിൽ കയറിയ സമയത്തുതന്നെ ഞാൻ സംഘാടകരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നു, വിധികർത്താക്കൾ ഇരുള നൃത്തത്തിനെക്കുറിച്ച് അറിയാത്തവരും ഈ നൃത്തം അവതരിപ്പിച്ച് ശീലമില്ലാത്തവരുമാണ്.
യുവജനോൽസവ മാന്വലിൽ വിധികർത്താക്കളുടെ യോഗ്യത കൃത്യമായി പറയുന്നുണ്ട്. വിധികർത്താക്കളിൽ രണ്ടുപേർ ഇരുള നൃത്തം അവതരിപ്പിച്ച് നൈപുണ്യം നേടിയവരും മൂന്നാമത്തെ ആൾ, ഈ കലാരൂപത്തെക്കുറിച്ച് ഗവേഷണമോ പഠനമോ നടത്തിയ ആളുമായിരിക്കണം എന്നാണ് മാന്വലിൽ 13ാമത്തെ പോയിന്റ്. ഇത് ഞാൻ സംഘാടകർക്ക് കാണിച്ചുകൊടുത്തു. പരാതി കൊടുക്കാനായിരുന്നു അവരുടെ മറുപടി. പരാതി കൊടുത്താൽ അത് കടലാസിലേ ഉണ്ടാകൂ എന്ന് എനിക്കറിയാം. വേണമെങ്കിൽ കിർത്താഡ്‌സിൽ ചോദിച്ചാൽ ശരിയായ യോഗ്യതയുള്ള വിധികർത്താക്കളെ കിട്ടുമല്ലോ എന്നും ഞാൻ പറഞ്ഞു.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി മത്സരവേദികളിൽ ആദിവാസി കലാകാരരെ വിധികർത്താക്കളാക്കി ഇരുത്തുന്ന കലാവിപ്ലവം സാധ്യമാകുമോ എന്ന ചോദ്യവും ഞങ്ങൾ ഉന്നയിച്ചു.
പ്രശ്‌നമുണ്ടാക്കരുത് എന്ന് സംഘാടകർ പറഞ്ഞുകൊണ്ടിരുന്നു. എന്തുണ്ടെങ്കിലും സീക്രട്ടായി സംസാരിക്കാം എന്നുകൂടി അവർ അറിയിച്ചപ്പോൾ ഇത് രഹസ്യമായി, കർട്ടനുപുറകിൽനിന്ന് സംസാരിക്കേണ്ട കാര്യമല്ല, എല്ലാവരും അറിയണം എന്നുതന്നെ തീരുമാനിച്ചു. എന്റെ കുട്ടികൾ സ്റ്റേജിൽ കളിക്കാൻ നിൽക്കുകയാണ്.
പെട്ടെന്ന് കർട്ടൻ പൊക്ക് എന്നായി സംഘാടകർ.
ഈ വിഷയത്തിന് ഒരു ശ്രദ്ധയും നൽകാതായപ്പോൾ ഒരു മൈക്ക് വാങ്ങിയെടുത്ത് ഞാൻ സ്‌റ്റേജിനുപുറത്തേക്കുവന്നു. എല്ലാവർക്കും മുന്നിൽ പ്രശ്‌നം അവതരിപ്പിച്ചു: ‘‘ഇരുള ഡാൻസിന്റെ ജഡ്ജസായി ഇരിക്കണമെന്നുണ്ടെങ്കിൽ മൂന്നുപേരും എഴുന്നേറ്റുനിന്ന് ഇരുള നൃത്തത്തിന് മാർക്കിടാനുള്ള യോഗ്യത പറയണം. ഇല്ലെങ്കിൽ പരിപാടി നടക്കില്ല. ഞങ്ങളുടെ സമുദായത്തെക്കുറിച്ച് ഞങ്ങളല്ലാതെ പിന്നെ ആരാണ് പറയുക? ഇപ്പോൾ ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ അടുത്ത വർഷം സബ് ജില്ലാ മത്സരം നടക്കുമ്പോൾ ഇതേ ജഡ്ജസ് തന്നെ മാർക്കിടാൻ വരും’’.
വിധികർത്താക്കളിൽ ഇരുള നൃത്തത്തെയോ, ഗോത്ര സമൂഹത്തെയോ, ഗോത്രകലകളെയോ പറ്റി പാണ്ഡിത്യ പരിജ്ഞാനമുള്ള ആരും ഉണ്ടായിരുന്നില്ല എന്ന് വ്യക്തമായി കാണികൾക്കു മുന്നിൽ ബോധ്യപ്പെടുത്താനായി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി മത്സരവേദികളിൽ ആദിവാസി കലാകാരരെ വിധികർത്താക്കളാക്കി ഇരുത്തുന്ന കലാവിപ്ലവം സാധ്യമാകുമോ എന്ന ചോദ്യവും ഞങ്ങൾ ഉന്നയിച്ചു. ഏറെ വികാരത്തോടെ, വിമർശനത്തോടെ തന്നെയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. ഞാൻ പറഞ്ഞതിനെ അവിടെയുള്ള എല്ലാവരും പിന്തുണച്ചു. പിന്നീട് കിർത്താഡ്‌സിൽനിന്നുതന്നെ വിളിച്ചുപറഞ്ഞു, ഞാൻ ചെയ്തത് നന്നായി എന്ന്.
സബ് ജില്ല, ജില്ല കലോത്സവങ്ങളിൽ ഗോത്ര കലകൾവളരെ വികൃതമായി അരങ്ങേറുന്നുണ്ട്. കണ്ണിൽ കരി വാരിപ്പൂശി, ഇലകൊണ്ട് മറച്ച്, ആദിവാസി എന്നാൽ ഇങ്ങനെയാണ് എന്നു കാണിച്ച്, കണ്ടാൽ ഞങ്ങളെല്ലാം ഒരു നിമിഷം സ്തബ്ധരായി പോകുന്ന മട്ടിലുള്ള അവതരണങ്ങൾ ധാരാളം നടക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപെടുമ്പോഴെല്ലാം പരിശീലകരെയും സംഘാടകരെയും കണ്ട് സംസാരിക്കാറുണ്ട്. നഗരത്തിൽ ജീവിക്കുന്ന കുട്ടികളെക്കൊണ്ടാണ് ഇങ്ങനെ വേഷം കെട്ടിക്കുന്നത്. എന്നാൽ, പുറത്തു ജീവിക്കുന്ന നല്ല കഴിവുള്ള കുട്ടികളുമുണ്ട്. ഞങ്ങളെപ്പോലെ തന്നെ പാടുകയും കൊട്ടുകയുമൊക്കെ ചെയ്യുന്നവരുണ്ട്. അവരെയും ഇങ്ങനെ വേഷം കെട്ടിക്കുകയാണ്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ കലോത്സവത്തിന് ജഡ്ജായി വന്ന ആളും പരിശീലകനും അട്ടപ്പാടിയിൽനിന്നുള്ള അടുത്ത കുടുംബ ബന്ധുക്കളായിരുന്നു. ഒരേ ഊരിലുള്ളവർ. വിധികർത്താക്കളായി വന്നവർക്ക് ഊരുകളിൽ കളിച്ച ബന്ധം മാത്രമേ ഇരുള നൃത്തവുമായുള്ളൂ, പരിശീലിപ്പിച്ചിട്ടില്ല. സ്‌റ്റേജ് പെർഫോർമൻസുമില്ല. റെക്കോർഡ് വച്ച് കളിച്ചവർക്കാണ് ഇവർ ഒന്നാം സ്ഥാനം നൽകിയത്. കുട്ടികളെക്കൊണ്ട് പാടുന്നതായി അഭിനയിപ്പിച്ചു. ഇൻസ്ട്രുമെന്റ് അടിക്കുന്നതായി ആക്ഷൻ കാണിച്ചു. പക്ഷെ, പാട്ടും മേളവും റെക്കോർഡായിരുന്നു. റെക്കോർഡിനിടയ്ക്ക് രണ്ടു ഫോൺകോളുകൾ വരുന്ന ശബ്ദമൊക്കെ കേൾക്കാം, ഇതെല്ലാം ഞങ്ങൾ തെളിവുകളായി വീഡിയോ എടുത്തുവച്ചിട്ടുണ്ട്. ശരിക്ക് പാടിയും അടിച്ചും കളിച്ചവർക്കായിരുന്നില്ല, റെക്കോർഡ് വച്ച് കളിച്ചവർക്കായിരുന്നു ഫസ്റ്റ്. ശരിയായി കളിച്ചവർക്ക് അപ്പീലുപോലും പോകാൻ കഴിയാത്തവിധം, മാർക്ക് കുറക്കുകയും ചെയ്തു.
കൊടുവള്ളിയിൽ ഞാൻ പരസ്യമായി പ്രതികരിച്ചതിനുശേഷം, കിർത്താഡ്‌സ് മുഖേന മാന്വലിൽ പറയുന്ന യോഗ്യതകളുള്ള ജഡ്ജസിനെ ജില്ലാ കലോത്സവങ്ങളിൽ മാർക്കിടാൻ നിയോഗിക്കുന്നുണ്ട്. ഇപ്പോൾ മലമ്പുലയാട്ടം, പണിയനൃത്തം, മംഗലംകളി തുടങ്ങിയ ഗോത്രകലകളുടെ വിധിനിർണയത്തിന് പരിശീലനവും കഴിവും ലഭിച്ചവരാണ് എത്തുന്നത്. യോഗ്യതയുള്ള വിധികർത്താക്കൾ കേരളത്തിൽ ലഭ്യവുമാണ്. മറ്റു കലകളുടെയും വിധിനിർണയത്തിൽ വലിയ പ്രശ്‌നങ്ങളുണ്ട്. എന്നാൽ, അതിനെ ആരും പരസ്യമായി ചോദ്യം ചെയ്യാറില്ലെന്നുമാത്രം.
അട്ടപ്പാടിയിൽനിന്നാണ് വരുന്നത് എന്നു പറഞ്ഞാൽ, നിങ്ങൾ ഇങ്ങനത്തെ ഡ്രസ്സൊക്കെ ഇടുമല്ലേ എന്നായിരിക്കും അൽഭുതത്തോടെയുള്ള ചോദ്യം. ‘അവിടെ ചുരിദാറൊക്കെ ഉണ്ടോ’ എന്നെല്ലാം ഇപ്പോഴും ഞങ്ങളോട് ചോദിക്കുന്നവരുണ്ട്.
ഞങ്ങളുടെ രക്തവുമായി കലർന്ന കലയാണിത്. അട്ടപ്പാടിയിലെ ഏത് കൊച്ചുകുട്ടിയും കണ്ടാൽ പറയും, ആ സ്റ്റേജിൽ അവതരിപ്പിച്ചത് തങ്ങളുടെ നൃത്തമല്ല എന്ന്. ജനിച്ചുവളരുന്നതുമുതൽ അവർ കണ്ടുകൊണ്ടിരിക്കുന്ന ഒന്നാണിത്. മരണാനന്തര ചടങ്ങിനും അടിയന്തര ചടങ്ങിനും വിളവെടുപ്പിനുമെല്ലാം ആഹ്ലാദത്തോടെ എല്ലാവരും ചേർന്നുകളിക്കുന്ന നൃത്തമാണിത്. ഈ നൃത്തം അറിയാത്ത ഒരു മനുഷ്യനും അട്ടപ്പാടിയിലുണ്ടായിരിക്കില്ല. കലോത്സവ ഇനമായി ഗോത്രകലകൾ മാറുമ്പോൾ ഞങ്ങൾക്ക് അത് വലിയ പ്രോത്സാഹനമാണ്. തനതായ കല എന്ന രീതിയിൽ ഇതിന് വലിയ ഐഡന്റിറ്റി കിട്ടും. ഭാവിയിൽ ഈ കലകൾ സംരക്ഷിക്കപ്പെടും. പഠിപ്പിക്കാൻ പരിശീലകരായും മറ്റും വിളിക്കുമ്പോൾ ഞങ്ങളുടെ ആളുകൾക്ക് വരുമാനമാർഗം കൂടിയാണ്. പത്തിലേറെ ജില്ലകളിൽ ഞങ്ങൾ പരിശീലനം നൽകിയിട്ടുണ്ട്. അവരിൽ ആറ് ഹയർ സെക്കൻഡറി ടീമുകളും അഞ്ച് ഹൈസ്‌കൂൾ ടീമുകളും സംസ്ഥാന തലത്തിലേക്ക് ക്വാളിഫൈ ചെയ്യപ്പെട്ടു. അട്ടപ്പാടിയിൽ ഞങ്ങൾക്ക് ഗോത്രകലാമണ്ഡലം എന്ന ടീമുണ്ട്. അതിലുള്ളവരാണ് ഇപ്പോൾ പല സ്ഥലത്തും പോയി ഗോത്രകലകൾ പരിശീലിപ്പിക്കുന്നത്. അതിലൂടെ നിരവധി കുട്ടികൾ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഈ കലകളിൽ പരിശീലനം ലഭിച്ചവർ മാത്രം പഠിപ്പിക്കുകയാണെങ്കിൽ ശരിയായ രീതിയിൽ മുന്നോട്ടുപോകും. കലയായതിനാൽ ഇന്ന സമുദായം മാത്രമേ പഠിക്കാൻ പാടുള്ളൂ എന്നു പറയാൻ പറ്റില്ല. ആർക്കും പഠിക്കാം. ജീവിതവുമായി അടുത്ത ബന്ധമുള്ള ഒരു കല എന്ന നിലയ്ക്ക് ഒരു കലാരൂപത്തിന്റെ വ്യത്യസ്തമായ ഐഡന്റിറ്റിയിലേക്ക് കുട്ടികൾക്ക് ഈ കലകളെ വികസിപ്പിക്കാൻ കഴിയും. പാരമ്പര്യ തനിമയോടെ ഈ നൃത്തം നിലനിൽക്കണമെന്നുണ്ടെങ്കിൽ അതാതു സമുദായത്തിൽനിന്ന് ഇതിനെക്കുറിച്ച് അറിയുന്നവർ വന്ന് പഠിച്ചും പഠിപ്പിക്കുകയും വേണം.
ഗോത്രകലകളെ ശാസ്ത്രീയമായി പരിശീലിപ്പിക്കാനും കൃത്യതയോടെ വിധി നിർണ്ണയിക്കാനും ഗോത്രസമൂഹത്തിൽ നിന്നുതന്നെ യോഗ്യരായ കലാകാരരെ കണ്ടെത്തി വേദിക്ക് മുന്നിലിരുത്തണം. ഗോത്രകല ആദരിക്കപ്പെടണമെങ്കിൽ ഇത് ആവശ്യമാണ്. വിധി നിർണ്ണയം പരിഹാസ്യമാകുമ്പോൾ ആദിവാസി കല അവഹേളിക്കപ്പെടും. ഗോത്രകലകളെ ശരിയായി മനസിലാക്കാൻ, മാനിയ്ക്കാൻ, പഠിക്കാൻ, വിലയിരുത്താൻ, വിധി നിർണ്ണയിക്കാൻ നടപടി ഉണ്ടാവണം. അതില്ലെങ്കിൽ ഞങ്ങളുടെ കലയെ മറ്റുള്ളവർ തെറ്റായി മനസിലാക്കും. അത് അനുകരിക്കും. അത് സംഭവിക്കരുത്.
ഗോത്ര വിഭാഗക്കാരെ പരിഹാസത്തോടെയും ആക്ഷേപകരമായും കാണുന്ന സമീപനം ഇപ്പോഴുമുണ്ട്. സിനിമയിലും മറ്റു കലകളിലും ഗോത്രവിഭാഗക്കാരെ ചിത്രീകരിക്കുന്നത് കണ്ടിട്ടില്ലേ?. ഇങ്ങനെ, പുറത്തുപോകുമ്പോഴാണ് ഞങ്ങൾ എങ്ങനെയൊക്കെയാണ് വിലയിത്തപ്പെടുന്നത് എന്നറിയാൻ കഴിയുന്നത്. അട്ടപ്പാടിയിൽനിന്നാണ് വരുന്നത് എന്നു പറഞ്ഞാൽ, നിങ്ങൾ ഇങ്ങനത്തെ ഡ്രസ്സൊക്കെ ഇടുമല്ലേ എന്നായിരിക്കും അൽഭുതത്തോടെയുള്ള ചോദ്യം. ‘അവിടെ ചുരിദാറൊക്കെ ഉണ്ടോ’ എന്നെല്ലാം ഇപ്പോഴും ഞങ്ങളോട് ചോദിക്കുന്നവരുണ്ട്. ‘നിങ്ങൾ തല ഇങ്ങനെയാണോ കെട്ടാറ്?’, ‘അരിയുടെ ചോറ് തന്നെയാണോ കഴിക്കുക?’ എന്നെല്ലാമുള്ള ചോദ്യങ്ങൾ കേൾക്കുമ്പോൾ വിഷമമുണ്ടാകും. ഇപ്പോഴും ഇത്തരം ധാരാളം അധിക്ഷേപങ്ങൾ ഞങ്ങൾ കേൾക്കാറുണ്ട്. കലോത്സവത്തിന്റെ ഭാഗമായി ഇപ്പോൾ, കൊല്ലത്ത് പോയപ്പോഴും കേട്ടു, ഇത്തരം വർത്തമാനങ്ങൾ.
ചെറുപ്പം മുതലേ ഇത്തരം കമന്റുകൾ കേട്ടാണ് ഞാനും വളർന്നുവന്നത്. അതുകൊണ്ടുതന്നെ എന്റെ സമുദായത്തിലെ പെൺകുട്ടികൾക്ക് ഞാൻ ഒരു മാതൃകയാകണം എന്ന തീരുമാനമുണ്ടായിരുന്നു. എനിക്ക് സിനിമയിലും ഫാഷൻ ഷോകളിലുമൊക്കെ പങ്കെടുക്കാൻ താൽപര്യമുണ്ടായിരുന്നു. അച്ഛൻ പളനിസ്വാമിക്ക് സിനിമകളുമായി ബന്ധമുണ്ടായിരുന്നതിനാൽ നല്ല പ്രോത്സാഹനവും കിട്ടി. 2022-ൽ തൃശൂരിൽ അറോറ ഫിലിം കമ്പനി നടത്തിയ മിസ് കേരള ഫിറ്റ്‌നസ് ആന്റ് ഫാഷൻ ഷോയിൽ 'ഫോറസ്റ്റ് ഗോഡെസ്' എന്ന ടൈറ്റിൽ വിന്നറായിരുന്നു. ഈ ഷോയിൽ ഗോത്രവിഭാഗത്തിൽനിന്നുള്ള പെൺകുട്ടി ഞാൻ മാത്രമായിരുന്നു.
ഇത്തരമൊരു ഫാഷൻ ഷോയിൽ പങ്കെടുത്തത് എന്റെ ഊരിലെയും സമൂഹത്തിലെയും പലർക്കും ഉൾക്കൊള്ളാനായില്ല. ഫാഷൻ ഷോ, മിസ് കേരള മത്സരങ്ങൾ നഗരങ്ങളിലെ കുട്ടികൾക്കുമാത്രമേ ചെയ്യാൻ പാടുള്ളൂ, ഊരുകളിലുള്ളവർക്ക് ചെയ്യാൻ പാടില്ല എന്ന മനോഭാവമായിരുന്നു അതിനുകാരണം. അച്ഛനെയും അമ്മയെയും കുറെ പേർ ഉപദേശിക്കുകയൊക്കെ ചെയ്തു. ടൈറ്റിൽ വിന്നറായതോടെയാണ് നെഗറ്റീവ് മനോഭാവം മാറിയത്. പിന്നെ എല്ലാവരും സപ്പോർട്ട് ചെയ്യാൻ തുടങ്ങി.
പ്രിയനന്ദനൻ സംവിധാനം ചെയ്ത ഇരുള ഭാഷയിലുള്ള ധബാരി ക്യൂരുവി എന്ന സിനിമയിൽ അഭിനയിച്ചു. ഗോത്ര വിഭാഗ പെൺകുട്ടികളുടെ അതിജീവനമായിരുന്നു ഈ സിനിമയുടെ പ്രമേയം. ഷാഫി എപ്പിക്കാട് സംവിധാനം ചെയ്ത കൂടൽ എന്ന സിനിമയിലും അഭിനയിച്ചു.
ഗോത്ര കലകളെ പ്രോത്സാഹിപ്പിക്കാനും നിലനിർത്താനുമായി അട്ടപ്പാടിക്കാരി എന്ന യുറ്റിയൂബ് ചാനലുമുണ്ട്.
കഴിവുള്ള നിരവധി പേർ അട്ടപ്പാടിയിലെ ഊരുകളിലുണ്ട്. അവർക്ക് കാര്യമായ പിന്തുണ കിട്ടുന്നില്ല. മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പിന്തുണയുണ്ടെങ്കിൽ അവർക്ക് മുന്നോട്ടുവരാനാകും. ഗോത്രവിഭാഗങ്ങളോടും അവരുടെ കലാരൂപങ്ങളോടുമുള്ള കാഴ്ചപ്പാടിൽ മാറ്റം വരുത്താനാകുമെന്ന പ്രതീക്ഷയിലാണ്, പൊതുസമൂഹത്തിനുമുന്നിൽ ഇത്തരം പ്രതിഷേധങ്ങളും തുറന്നുപറച്ചിലും ഞാൻ നടത്തുന്നത്.