കുഫിയ്യയിൽ പൊതിഞ്ഞ ഉണ്ണിയേശു,
ജറുസലേം പള്ളിയിലെ ആ ദൃശ്യം എന്നെ ഉലയ്ക്കുന്നു…

ജറുസലേമിലെ ക്രിസ്ത്യൻ പള്ളിയിലെ  പ്രാർത്ഥനാഹാളിനകത്തെ കുഫിയ്യയിൽ  പൊതിഞ്ഞ ഉണ്ണിയേശുവിന്റെ  ദൃശ്യം എന്നെ വല്ലാതെ ഉലച്ചു. പലസ്തീനികൾ നേരിടുന്ന ധാർമികവും മാനുഷികവുമായ  വെല്ലുവിളികൾക്കുള്ള, ലോകത്തിന്റെ മനഃസാക്ഷിക്കുമേലുള്ള  വലിയ ചോദ്യമായി ഈ ദൃശ്യം അവശേഷിക്കുന്നു.

ഡിസംബർ തുടക്കത്തിൽ  അധിനിവേശ  ജറുസലേമിലെ ക്രിസ്ത്യൻ പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങൾ ടെലിവിഷൻ ചാനലിൽ കാണുകയുണ്ടായി. പള്ളിയിലെ  പ്രാർത്ഥനാ  ഹാളിനകത്തെ കുഫിയ്യയിൽ പൊതിഞ്ഞ  ഉണ്ണിയേശുവിന്റെ  ദൃശ്യം എന്നെ വല്ലാതെ ഉലച്ചു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ  കുഫിയ്യയിൽ പൊതിഞ്ഞ നവജാത യേശുവിന്റെ ചിത്രം പലസ്തീനികൾ നേരിടുന്ന ധാർമികവും മാനുഷികവുമായ  വെല്ലുവിളികൾക്കുള്ള, ലോകത്തിന്റെ മനഃസാക്ഷിക്കുമേലുള്ള  വലിയ ചോദ്യമായി അവശേഷിക്കുന്നു.

കുഫിയ്യ, മിഡിലീസ്റ്റിലെ ജനങ്ങൾ പരമ്പരാഗതമായി തല മറയ്ക്കാനുപയോഗിക്കുന്ന ഷാളാണ്. കറുപ്പ്  ചതുരക്കള്ളികൾ വെളുത്ത തുണിയിൽ മനോഹരമായി പ്രിൻറ്  ചെയ്ത  വസ്ത്രം, പലസ്തീൻ  സ്വാതന്ത്ര്യപ്രസ്ഥാനങ്ങളെയും രാഷ്ട്രീയ  ഇച്ഛാശക്തികളെയും പ്രതിനിധാനം ചെയ്യുന്നു. ടി.വി ചാനലിന് പുരോഹിതൻ നൽകിയ അഭിമുഖത്തിൽ അദ്ദേഹം  പറയുന്നത്,  ഈ  വർഷം തങ്ങൾ  ക്രിസ്മസ് ആഘോഷിക്കുന്നില്ലെന്നും  ഉണ്ണിയേശുവിനെ കുഫിയ്യയിൽ    പൊതിഞ്ഞിരിക്കുന്നത് പലസ്തീൻ ജനത  നേരിടുന്ന അതിക്രൂരവും നിന്ദ്യവുമായ ആക്രമണങ്ങളെ, അവരുടെ സഹനത്തെ  ലോകത്തോട് ഓർമപ്പെടുത്തുവാനുമാണെന്നാണ്.

upside-down Houses and Bodies (watercolor on paper, size - 12 inches x 9 inches, year 2022) എന്ന സീരീസിൽനിന്ന്

ദേവാലയങ്ങളും ആശുപത്രികളും മറ്റും യുദ്ധത്തിൽ തകർന്നിട്ടുണ്ട്. പലസ്തീൻ എന്ന സ്വാതന്ത്ര്യ സങ്കൽപം  ബഹു സാംസ്‌കാരിക ജീവിതങ്ങളുടെ ഇടമാണ്. യഥാർത്ഥത്തിൽ  ലോക മാധ്യമങ്ങൾ ഭൂരിഭാഗവും പ്രസരിപ്പിക്കുന്ന നുണകളെ  ഈ പുരോഹിതന്റെ  അഭിമുഖം  നിരാകരിക്കുന്നു, സാംസ്‌കാരിക  സങ്കലനത്തിന്റെ  അനുഭവസാക്ഷ്യമായി മാറുന്നു. 

അധിനിവേശ ജറുസലേമിലെ ക്രിസ്തീയ പള്ളിയിൽനിന്നുള്ള  കാഴ്ചാനുഭവം  മനുഷ്യ സാംസ്‌കാരിക  ചരിത്രത്തിലെ  പ്രധാനപ്പെട്ട  സംഭവങ്ങളിലേക്കും  ചിത്രങ്ങളിലേക്കും എന്നെ  എന്നെ എത്തിച്ചു. ഉണ്ണിയേശുവിന്റെ   പിറവിയുമായി  ബന്ധപ്പെട്ട്, ചിത്രകാരൻ  എന്ന നിലയിൽ  ഞാനോർക്കുന്നത്, മനുഷ്യ സംസ്കാരത്തിനും, മനുഷ്യാന്തസ്സിനും അതിന്റെ നിലനിൽപ്പിനും എന്നും പ്രചോദനമായ  ചില  ചിത്രങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് എനിക്ക്  തോന്നുന്നത്  പീറ്റർ  ബ്രൂഗേൽ  ദി  എൽഡർ  16-ാം നൂറ്റാണ്ടിൽ രചിച്ച  “ദി മെസ്സ്കാരെ ഇന്നസേന്റ്സ്” എന്ന  ഓയിൽ  പെയിന്റിൽ  രചിച്ച ചിത്രമാണ്. (സക്കറിയയുടെ ആർക്കറിയാം  എന്ന  കഥയും ഓർമ വരുന്നു). ഈ ചിത്രം  പീറ്റർ ബ്രൂഗേൽ ദി യങർ അനവധി തവണ  പുനരാവിഷ്കരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ  ചരിത്രപരമായ ഡീറ്റെയിൽസ് എഴുതുന്നില്ല. ക്രിസ്തു പിറന്ന സന്ദേശവുമായെത്തിയ  ജ്ഞാനികളുടെ, 'ജനതയുടെ രാജാവാകും'  എന്ന വാക്ക് തെറ്റിദ്ധരിച്ച ഹേറോദേസ് രാജാവ് രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെ വധിക്കുവാൻ നൽകിയ ആജ്ഞ പടയാളികൾ നടപ്പാക്കുന്നതാണ്  ചിത്രീകരിച്ചിരിക്കുന്നത്.

16 -ാ൦ നൂറ്റാണ്ടിൽ സ്പാനിഷ്  അധിനിവേശസേനയാൽ ആക്രമിക്കപ്പെട്ട  നെതർലാൻഡ്സിലെ  ഗ്രാമത്തിന്റെ  പീഡിതാനുഭവങ്ങളെ ബിബ്ലിക്കൽ  ആഖ്യാനത്തിലൂടെ  ഭാഷാന്തരീകരിക്കുകയാരുന്നു  ബ്രൂഗേൽ. തണുത്തുറഞ്ഞുനിൽക്കുന്ന മഞ്ഞുകാല ഗ്രാമാന്തരീക്ഷം  അധിനിവേശസേനയുടെ ക്രൂരമായ പീഡനത്തെ  കൂടുതൽ ശക്തമാക്കുന്നു.

ഗാസയിലും  അടുത്ത പ്രദേശങ്ങളിലും കുഞ്ഞുങ്ങളും വൃദ്ധരും മധ്യവയസ്കരും, യുവാക്കളും സ്ത്രീകളും  പുരുഷന്മാരും അതി ക്രൂരമായി കൊല്ലപ്പെടുന്നു. പോകാൻ ഒരു സ്ഥലവും ഇല്ലാത്തവിധം അതിർത്തിവാതിലുകളും ഇസ്രായേൽ അടച്ചുകഴിഞ്ഞു, ഹോസ്പിറ്റലുകൾ തകർക്കപ്പെട്ടു. വെള്ളമില്ല, മരുന്നില്ല, ഭക്ഷണമില്ല, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള   സൗകര്യമില്ല, കിടന്നുറങ്ങാൻ വാസയോഗ്യമായ സ്ഥലങ്ങളില്ല, തണുപ്പ് ഏറിവരുന്നു. പ്രതികൂല കാലാവസ്ഥയിൽ മരണം കൂടുവാനാണ് സാധ്യത. ലോകരാഷ്ട്രങ്ങളുടെ സമാധാന ശ്രമങ്ങൾ അമേരിക്ക വീറ്റോ ചെയ്ത്  സമാധാനശ്രമങ്ങൾക്ക് തുരങ്കം പണിയുന്നു.

ദുർബല സമൂഹത്തെ അപരരും (the other) മൃഗ തുല്യരായി തരംതിരിക്കുന്ന വെറുപ്പിന്റെയും  ഒഴിവാക്കലുകളുടെയും ഇടങ്ങളായി സാംസ്‌കാരിക സ്ഥാപനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. കോർപറേറ്റുകളും അവരാൽ  നിയന്ത്രിക്കപ്പെടുന്ന  ചങ്ങാത്ത മുതലാളിത്തവും സത്യാനന്തര കാലത്തിന്റെ കപടയുക്തികൾ കൊണ്ട് അധികാരം കൈയാളുന്ന ഗവൺമെൻറ്റുകളും സാംസ്‌കാരിക സ്ഥാപനങ്ങൾ വഴി  അവരുടെ ആശയങ്ങൾ  പ്രചരിപ്പിക്കാനുള്ള പ്രവണത പലസ്തീൻ വംശ ഹത്യയുടെ പശ്ചാത്തലത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. അപര സംസ്കാരങ്ങളോടുള്ള  വെറുപ്പ്, അവരുടെ  ഭാവനാ ലോകത്തെയും ചിന്തകളെയും ആവിഷ്ക്കാരങ്ങളെയും  സാംസ്‌കാരിക ഇടങ്ങളിൽനിന്ന്  മാറ്റിനിർത്തുക, അത് ഉത്പാദിപ്പിക്കുന്ന വിഭജനം, അവരുടെ ശരീരത്തിൽ നിന്നു വീഴുന്ന  രക്തവും വേദനകളും വേറൊരു വിഭാഗം  മനുഷ്യരുടെ ആഹ്ലാദമായി മാറുന്നത് എന്നിവയെയെല്ലാം കേവല ആക്രമണ പ്രത്യാക്രമണ പദ്ധതികളുടെ ഭാഗമായി ചുരുക്കിക്കാണാനാകില്ല.

ജീവിക്കാൻ സ്വന്തം മണ്ണുണ്ടായിരുന്ന ജനതയെ അവിടെനിന്ന് ഹിംസാത്മകമായി തുരത്തി ആ മണ്ണിൽ തന്നെ തുറന്ന ജയിലുകളുണ്ടാക്കി അവരെ തടവിലാക്കുന്ന  ചരിത്രം  ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. പലസ്തീനിൽ നടക്കുന്നത് അതിക്രൂരവും മനുഷ്യാന്തസ്സിനു നിരക്കാത്തതുമായ പീഡനമാണ്. സാംസ്‌കാരിക - കലാ ഇടങ്ങളിൽ  ആവിഷ്കരിക്കുന്നവരെ നിഷ്കാസനം ചെയ്യുകയും, അവരുടെ പുസ്തകങ്ങൾക്കും പാട്ടുകൾക്കും ചിത്രങ്ങൾക്കും ചിന്തകൾക്കും കവിതകൾക്കും   വിലക്കേർപ്പെടുത്തുകയും അവരുടെ സൃഷ്ടികളെ പ്രദർശനസ്ഥലങ്ങളിൽനിന്ന്  ഒഴിവാക്കുകയും ചെയ്യുന്ന സംഘടിത ശ്രമം തുടരുന്നു. സമകാലിക രാഷ്ട്രീയം, കല, സാഹിത്യം തുടങ്ങിയ വിഷയങ്ങൾ  നിരീക്ഷിക്കുന്ന മരിയോ വർഗാസ് യോസയുടെ ടച്ച് സ്റ്റോൺസ് എന്ന ലേഖനസമാഹാരത്തിൽ സാംസ്‌കാരിക ദേശീയതയെ (cultural  nationalism) സൂചിപ്പിക്കുന്ന അദ്ധ്യായമുണ്ട്. 'When  Paris was fiesta'  എന്ന അദ്ധ്യായത്തിൽ  സവ്വാധിപത്യ  സ്വഭാവമുള്ള ഭരണകൂടങ്ങൾ സംസ്കാരത്തെ ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ  ആശയതാല്പര്യങ്ങളെ  കേന്ദ്രമാക്കി  പരിവർത്തിപ്പിക്കുന്നതിനെ കുറിച്ച് എഴുതുന്നുണ്ട്. സാംസ്കാരിക ദേശീയതയുടെ മറവിൽ എങ്ങനെയാണ്  ഫ്രാൻസിന് പുറത്തുനിന്നുള്ള   സാംസ്‌കാരിക സ്ഥാപനങ്ങളിലെ കലാപ്രദർശനങ്ങളെ തന്ത്രപൂർവ്വം ഇല്ലായ്മ ചെയ്തതെന്ന് അദ്ദേഹം പറയുന്നുണ്ട്. സാംസ്‌കാരിക ദേശീയത, ലോകത്തിന്റെ  പ്രധാനപ്പെട്ട  ജനാധിപത്യ  ഇടങ്ങളെന്നു നാം കരുതുന്ന  രാജ്യങ്ങളുടെ  പ്രധാനപ്പെട്ട സാംസ്‌കാരിക  അജണ്ടയായി മാറുന്ന സമകാലിക പശ്ചാത്തലത്തിൽ യോസയുടെ നീരീക്ഷണങ്ങൾക്ക്  പ്രസക്തി കൂടുന്നു.

1959  മുതൽ ഏഴു വർഷം പത്രപ്രവർത്തകനും  എഴുത്തുകാരനുമായുള്ള  തന്റെ  സർഗാത്മക ജീവിതത്തെ ഘടനാപരമായും ചിന്താപരമായും പാരീസ് എങ്ങിനെ  മാറ്റിപ്പണിതു എന്നദ്ദേഹം പറയുന്നു. സ്വിസ്സ് ഫിലിം മേക്കർ ഗൊദാർദ്, ശില്പി ആൽബർട്ടോ ജിയോ കോമാറ്റി, സ്പെയിനിന്റെ  ജോൺ മിറോ, പാബ്ലോ പിക്കാസോ, റഷ്യൻ കവി അന്ന ആഹ് മത്തോവ, ചിത്രകാരൻ  മാർക്ക്  ഷഗാൾ, അയൺസ്ക്കോവ്, മെക്‌സിക്കൻ ആർട്ടിസ്റ്റ് ദിഗോറിവേറാ, അൾജീരിയൻ എഴുത്തുകാരൻ  ആൽബേർ കമ്യു, മറ്റ് എഴുത്തുകാർ, കവികൾ, തത്വചിന്തകർ, ചിത്രകാരർ തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ നിരവധി പ്രതിഭകളെ പാരീസ് ആകർഷിച്ചതിന്  കാരണങ്ങൾ  പലതാണ്. സർഗാത്മക സ്വാതന്ത്ര്യത്തിന് പ്രചോദനപരമായ സൗഹൃദാന്തരീക്ഷവാഗ്ദാനങ്ങൾ  എന്നതിലുപരി, പാരീസ്, മറ്റു സാംസ്‌കാരിക പശ്ചാത്തലത്തിലുള്ള ആവിഷ്കാരങ്ങളോട്  സഹിഷ്ണുത പുലർത്തിയിരുന്ന തുറന്ന നഗരമായിരുന്നു എന്നദ്ദേഹം സൂചിപ്പിക്കുന്നു.

ഫ്രാൻസിന്റെ ഈയൊരു സാംസ്‌കാരിക ദേശീയ തനിമയെ വിദേശ കലാവസ്തുക്കളും  പ്രദർശനങ്ങളും ‘കളങ്ക’പ്പെടുത്തുമെന്ന സങ്കുചിത പ്രാദേശികവാദം പ്രധാന ആശയമായി 2000-  ത്തിന്റെ  തുടക്കത്തിലോ അതിനുമുൻപോ പൊതുഇടങ്ങളിലും അധികാര സ്ഥാപനങ്ങളിലും പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നുണ്ട്. തീവ്ര വലത് -ഇടത് പക്ഷക്കാരെ  ഒരേപോലെ സ്വാധീനിച്ച ഒരാശയമായിരുന്നു  അത്. സാംസ്‌കാരിക ദേശീയ തനിമാ സംരക്ഷകരെ പ്രലോഭിപ്പിച്ച പ്രധാന കാര്യങ്ങളിലൊന്ന്, സബ്‌സിഡിയിലൂടെ ഗവണ്മെന്റ് സാംസ്‌കാരിക സ്ഥാപനങ്ങൾക്കും മറ്റും കാലാവസ്തുക്കൾ വാങ്ങുന്നതിനും പ്രദർശിപ്പിക്കുന്നതിനും  നൽകുന്ന ഭീമമായ സാമ്പത്തിക സഹായമായിരുന്നു. ഫ്രാൻസിന്റെ ദേശീയ അതിർത്തികൾക്കു പുറത്തുള്ള, യൂറോപ്പിന്റെ പൊതു സാംസ്‌കാരിക  സങ്കൽപ്പങ്ങൾക്ക് പുറത്തുള്ള, സാംസ്‌കാരിക ആവിഷ്കാരങ്ങൾക്കുള്ള സാമ്പത്തിക സഹായമായി അത് മാറരുതെന്ന സങ്കുചിത വീക്ഷണം അതിനുണ്ടായിരുന്നു. സബ്‌സിഡി തുകയോടുള്ള അത്യാർത്തിക്ക് പിന്തുണ നൽകുന്നതിന് സാംസ്‌കാരിക ദേശീയ നയങ്ങളിലും നിയമങ്ങളിലും വലിയ മാറ്റം കൊണ്ടുവന്നു. സങ്കുചിത ദേശീയതയും നിയമങ്ങളും  പറയുന്ന കസ്റ്റംസ് ഹൗസുകളിലൂടെയും ചെക്ക് പോസ്റ്റുകളിലൂടെയും ഉദ്യോഗസ്ഥ വൃന്ദങ്ങളിലൂടെയും പദ്ധതികളിലൂടെയും  മാത്രം വിനിമയം  ചെയ്യുന്ന, അതിന്റെ  നിയമസങ്കീർണതകളിലൂടെ മാത്രം സാധ്യമാകുന്ന ഇടങ്ങളായി സാംസ്‌കാരിക സ്ഥാപനങ്ങൾ  അധഃപതിച്ചു എന്ന് യോസ പറയുന്നു.

ഇസ്രായേലിന്റെ പലസ്തീൻ അധിനിവേശത്തെ ചെറുക്കുന്ന സംഘടനയായ ബി ഡി എസ്   2019-ൽ കൊണ്ടുവന്ന ഒരഭിപ്രായ സ്വരൂപണത്തിൽ ഒപ്പുവച്ചതിന് പ്രശസ്ത കവിയും എഴുത്തുകാരനും ക്യുറേറ്ററുമായ, മുംബൈയിൽ താമസിക്കുന്ന രഞ്ജിത് ഹോസ്കോട്ടിന് കാസ്സൽ ഡോക്യുമെന്ററിയുടെ കലാകാരരുടെ പങ്കാളിത്തത്തെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽനിന്ന് 2023  നവംബറിൽ രാജിവെക്കേണ്ടിവന്നത്, വംശീയമായും സങ്കുചിതമായും മാറിക്കഴിഞ്ഞ ആഗോള രാഷ്ട്രീയാവസ്ഥയിൽനിന്നുവേണം പരിശോധിക്കാൻ. ‘ആന്റി സെമറ്റിക്’ ചിന്തകളുള്ള വ്യക്തികളടങ്ങുന്ന കമ്മിറ്റിക്ക് പൊതു സാമ്പത്തിക സഹായം നൽകുകയില്ല എന്ന ജർമൻ അതോറിറ്റിയുടെ പ്രസ്താവനയാണ് സ്വയം ഒഴിഞ്ഞുപോകുവാനുള്ള തീരുമാനത്തിലേക്ക് രഞ്ജിത്തിനെ നയിച്ചത്. പലസ്തീൻ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും  എളുപ്പത്തിൽ ‘ആന്റി സെമറ്റിക്’, ‘തീവ്രവാദം’ തുടങ്ങിയ നാമവിശേഷണം  ഉപയോഗിച്ച് ഇല്ലാതാക്കുന്നത് വിമർശന ശബ്ദങ്ങളെ നിരോധിക്കുന്ന പ്രവണതക്ക് വേഗം വർദ്ധിപ്പിക്കുന്നു. ഈ  വർഷത്തെ ഫ്രാങ്ക് ഫർട്ട്  ഇന്റർനാഷണൽ ബുക്സ് ഫെസ്റ്റിവലിൽനിന്ൻ പലസ്തീൻ സാഹിത്യത്തിൽ നിന്നുള്ള വിവർത്തന പുസ്തകങ്ങൾ നിർബന്ധപൂർവ്വം ഒഴിവാക്കിയത്  ഈ സന്ദർഭത്തിൽ ഓർക്കാം.

യഥാർത്ഥത്തിൽ പലസ്തീൻ ഭൂവിഭാഗത്തിൽ നടക്കുന്ന വംശഹത്യയുടെ വ്യാപ്തി സാംസ്കാരികമായും ബൗദ്ധികമായും  മനസ്സിലാക്കുമ്പോഴാണ് നാം അകപ്പെട്ടു നിൽക്കുന്ന തുറന്ന ജയിലുകളെയും ഇടുങ്ങിയ അകങ്ങളെയും കുറിച്ച് കലാകാരൻ എന്ന നിലയിലും, സാമൂഹികജീവി എന്ന തലത്തിലും, പൗരർ എന്ന തിരിച്ചറിവിലും, കൂടുതൽ ആഴത്തിലേക്കുള്ള അന്വഷണത്തിലേക്കും  മാനുഷികതയിലേക്കും നമ്മെ നയിക്കുക. അത്  കുഴപ്പം പിടിച്ചതും  സങ്കീർണവുമായ  സർഗാത്മക പ്രവർത്തനമാണ്.

യു.എൻ വിളിച്ചുചേർത്ത സമാധാന ശ്രമങ്ങൾക്കുള്ള അന്താരാഷ്ട്ര രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗഹാളിലെ തിരശീലയിൽ പിക്കാസോയുടെ യുദ്ധത്തിനെതിരെയുള്ള പ്രശസ്തമായ രചന ഗുർണിക്കയുടെ വലിയ പ്രിന്റ് പ്രദർശിപ്പിച്ചതായി കാണാം. ലോകത്ത് യുദ്ധം സംഭവിക്കുമ്പോൾ ഇപ്പോഴും പ്രതിഷേധങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നത് ഗുർണിക്കയിൽ നിന്നുള്ള ഇമേജുകളും പ്രാവ് ഒലീവിലയുമായി പറക്കുന്ന സമാധാനത്തിന്റെ ലോകവുമാണ്. സ്പാനിഷ് നഗരമായ ഗുർണിക്കയിൽ ജനറൽ ഫ്രാങ്കോ 1945- ൽ ബോബിട്ടു തകർത്തതിന്റെ ചരിത്രമുറിവാണ് പിക്കാസോ ചിത്രഭാഷയിൽ കൊണ്ടുവന്നിട്ടുള്ളത്. യുദ്ധഭീകരത ലോകത്തോട് തുറന്നുകാട്ടിയ ഈ ചിത്രത്തിന്റെ മുന്നിലിരുന്നാണ് അമേരിക്കൻ പ്രതിനിധികൾ ഗാസയിലെ ഇസ്രായേൽ കടന്നാക്രമണങ്ങളെ വീറ്റോ പവർ ഉപയോഗിച്ച് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത്.

ഗുർണിക്കയിൽ നിന്നുള്ള ഇമേജുകൾക്ക് കൂടുതലായി ഒന്നും തന്നെ ചെയ്യാനില്ല എന്നുതോന്നുന്നു. യുദ്ധത്തെ ലോകത്തിലെ ഇൻസ്റ്റിറ്റ്യൂഷനുകൾ സ്വാംശീകരിച്ചുകഴിഞ്ഞിരിക്കുന്നു എന്നും പറയാം. പിക്കാസോ വിലപിക്കുന്ന അമ്മയെയും കുഞ്ഞിനെയും വരയ്ക്കുമ്പോൾ ഇനിയും വറ്റാത്ത ലോകനീതിബോധത്തിന്റെ പ്രതീക്ഷകൾ ആ ഭാവനയിൽ ഉണ്ടായിരുന്നിരിക്കും. ഇന്ന് നീതിബോധത്തിന്റെ ആ പ്രതീക്ഷ തകർന്നിരിക്കുന്നു. ആയുധകച്ചവടത്തെയും മറ്റു ലോക സമ്പദ്‍വ്യവസ്ഥകളെയും ഗവൺമെന്റുകളെയും നിയന്ത്രിക്കുന്നവർ പറയുന്നതും ചെയ്യുന്നതും നീതിയും സംസ്കാരവുമായി മാറുന്നു, നിസ്സഹായരായ ജനതക്കുമേൽ നടത്തുന്ന യുദ്ധങ്ങൾ അവർ നൽകുന്ന നീതിപൂർവകമായ ശിക്ഷയായി തീരുന്നു, അതിന് പൊതുസമ്മതി കൈവരുന്നു.

ഹിംസ തുടരുമ്പോൾ വിലപിക്കുന്ന അമ്മയും കുഞ്ഞും, ബുദ്ധൻ, ഗാന്ധി, അംബേദ്കർ തുടങ്ങി, കലയിൽ “പ്രശ്നപരിഹാരം’’ എന്ന രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതും സാംസ്‌കാരിക ദേശീയത സ്വാംശീകരിച്ചതുമായ ബിംബങ്ങൾ യഥാർത്ഥത്തിൽ ചെയ്യുന്നത്, മാറ്റമില്ലാതെ അർഥം ഉറഞ്ഞുകൂടിയ, സാംസ്‌കാരിക ദേശീയതയിലേക്കു ലയിപ്പിച്ച ഇമേജുകളെ പുനരുല്പാദിപ്പിക്കുകമാത്രമാണ്. ഇന്നുവരെ കലാലോകം ഉപയോഗിക്കാതിരുന്നതും നിഷേധിക്കപ്പെടുന്നതുമായ ഭാഷകളുടെയും ഭാവനയുടെയും ഇടങ്ങളെ ആവിഷ്കാരസ്വാതന്ത്ര്യത്തിലേക്കു തുറന്നുകൊണ്ടാണ് ഇത്തരം സ്വാംശീകരണങ്ങളെ ചെറുക്കേണ്ടത്.

സുരക്ഷിതരും, അരക്ഷിതരും എന്ന വിഭജനത്തിൽ അരക്ഷിതജീവിതങ്ങളുടെ കലയിലെയും ഭാഷയിലെയും സെൻസിബിലിറ്റിയുടെ സാന്നിദ്ധ്യമെവിടെ എന്നതാണ് എല്ലാ കാലത്തും സർഗ്ഗാത്മകതയുമായി ബന്ധപ്പെട്ട പ്രസക്തമായ ചോദ്യങ്ങളിൽ ഒന്ന്. സമകാലിക ജീവിതത്തിലെപോലെ അരക്ഷിതമായ കലാജീവിതമുള്ള കലാകാരരും തന്റെ ഭാഷയെ അടയാളമാക്കുന്നത്, ലളിതയുക്തികളുടെ സമകാലിക പവർകലാഹൗസുകൾക്ക് അടിമവേല ചെയ്യാതെയാണ്.

ഇന്ന് ഉപരിവിപ്ലവമായി മാറിക്കൊണ്ടിരിക്കുന്ന കലയുടെ വ്യാഖ്യാനങ്ങളിൽ എല്ലാ മൗലിക രചനകളെയും കണ്ണിചേർക്കേണ്ടത് ‘ശപിക്കപ്പെട്ട’, ‘മുറിവേറ്റ’, ‘ഭ്രാന്തുപിടിച്ച’, ‘കുറ്റമാരോപിക്കപ്പെട്ട’, ‘തിരസ്ക്കരിക്കപ്പെട്ട’, ‘അപരവൽക്കരിക്കപ്പെട്ട’, തുടങ്ങിയ വിശേഷണങ്ങളുടെ ഒപ്പമായിരിക്കണം. അല്ലാത്തപക്ഷം നിശ്ശബ്ദമാക്കപ്പെട്ട ജീവിതാനുഭവങ്ങളുടെ നവ്യമായ അനുഭവലോകം അർത്ഥശൂന്യമായി മാറും. ഇന്നു നാം കടന്നുപോകുന്ന സങ്കീർണമായ ജീവിതസന്ദർഭങ്ങളിൽ കലാകാരർ- മറ്റു പല ഐഡന്റിറ്റികളും- കണ്ടെത്തുന്ന വഴികൾ നിലനിൽക്കുന്ന കലാചർച്ചകൾക്ക് പുറത്തായിരിക്കും, വ്യവസ്ഥാപിത ചിന്താനിർമ്മിതികളുടെയും ആഘോഷങ്ങളുടെയും ഹാളുകൾക്ക് പുറത്തായിരിക്കും.

'യൂറോ കേന്ദ്രീകൃത കലയും’ അതിന്റെ അതികേന്ദ്രീകൃത ചരിത്രവും പേറുന്ന 'പോസ്റ്റുകൾ' ആവിഷ്ക്കാരങ്ങൾക്കുമേൽ കൊടി പറത്തുന്ന അവകാശവാദങ്ങളായി ഉണ്ടാവുകയില്ല. അതിന്റെ ശൂന്യമായ പൊങ്ങച്ചങ്ങളെയും കെട്ടുകാഴ്ചകളെയും പുതിയ സാഹോദര്യവും, ചരിത്രബോധമുണർത്തുന്ന, തുറന്ന ജയിലുകളിൽ നിന്നുയർന്നുകൊള്ളുന്ന ഭാഷാസാന്നിദ്ധ്യങ്ങളും സ്വാതന്ത്രമാക്കും. ആയുധങ്ങളും, പ്രതികാരവുമായിരിക്കുകയില്ല മറുപടികൾ, പലതരം ജീവിതങ്ങളുടെ സഹവർത്തിത്തമായിരിക്കും.

Comments