ഡൽഹിയിലെ ഇറ്റാലിയൻ എംബസിയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ടോ ഇറ്റാലിയാനോ ഡി കൾച്ചറയിൽ (iic) കരാവാജിയോയുടെ (Michelangelo Merisi da Caravaggio) പെയിന്റിംഗ് ‘മേരി മഗ്ദാലിൻ ഇൻ എക്സ്റ്റസി’ (Maddalena in Estasi) പ്രദർശനത്തിനായി എത്തുന്നതിന്റെ ദൃശ്യങ്ങൾ iic യുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ കാണുകയായിരുന്നു. വലിയ തയ്യാറെടുപ്പിൽ, അതിലേറെ ആകാംഷ പൂണ്ടുനിൽക്കുന്ന മനുഷ്യരുടെയിടയിലേക്ക് സുരക്ഷയുടെ എല്ലാ മാനദണ്ഡങ്ങളും ആണിയിട്ടുറപ്പിച്ച പേടകത്തിൽ നിന്ന് ഒരു ചിത്രം പുറത്തേയ്ക്ക് ഉയർന്നുവന്നു. കാഴ്ചക്കാരല്ലാത്ത, പ്രദർശനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ചെറിയൊരു സമൂഹമായിരുന്നു അവിടുണ്ടായിരുന്നത്. എങ്കിലും ആ കടന്നുവരവിന്റെയും ഏതിരേൽപ്പിന്റെയും ദൃശ്യഭാഷ ഉള്ളിലേക്ക് എന്തോ കൊളുത്തിയിട്ടു തന്നു. രണ്ട് ദിവസങ്ങൾക്കുശേഷം ആരംഭിക്കുന്ന പ്രദർശനം കാണാനുള്ള വെമ്പലിലേക്ക് ആ ഒറ്റക്കാഴ്ചയും സന്ദർഭങ്ങളും എന്നെ കൂട്ടിക്കൊണ്ടു പോയെന്ന് വേണമെങ്കിൽ പറയാം.
ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു കാഴ്ച. നൂറ്റാണ്ടുകൾക്കുശേഷം കണ്ടെടുക്കുന്ന ഒരു കലാസൃഷ്ടി അത്യധികമായ ആദരവ് സമ്പാദിക്കുന്നു. യഥാർത്ഥ ജീവിതത്തെ വെല്ലുന്ന സ്വഭാവികതയോടെ അത് ജനഹൃദയങ്ങളെ സ്വാധീനിക്കുന്നു. കല ജീവിതം തന്നെയെന്ന് അതിനാൽ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

ഞാനോർത്തുപോയി, മനുഷ്യജീവിതം തന്നെ അപാരമായ കാത്തിരിപ്പാണ്. ജനിക്കുമ്പോഴും മരിക്കുമ്പോഴും അതുണ്ടാവും. അതിനിടയിലും ദുർബ്ബലങ്ങളായ കണ്ടുമുട്ടലുകളും കാത്തിരിപ്പുകളും ഉണ്ടാകാറുണ്ടെങ്കിലും ആദ്യത്തെയും അവസാനത്തെയും നോട്ടങ്ങൾ അത്യന്തം സവിശേഷമാണ്. എന്നാൽ സർഗ്ഗാത്മകത ബാക്കിവയ്ക്കുന്ന നോട്ടങ്ങളും കാഴ്ചകളും കാലാതീതമായി വർത്തിക്കുന്നു. അത് സമയത്തെയും കാലത്തേയും മറികടന്ന് ഭൂഖണ്ഡന്തരയാത്ര നടത്തുന്നു.
കരാവാജിയോയുടെ മഗ്ദാലിൻ ഇൻ എക്സ്റ്റസി ആദ്യമായാണ് ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നത് എന്നതു മാത്രമല്ലായിരുന്നു ചിത്രത്തിലേക്ക് ആകർഷിച്ചത്. 16ാം നൂറ്റാണ്ടിൽ നഷ്ടപ്പെട്ടുവെന്ന് ലോകം കരുതിയ ആ യഥാർത്ഥചിത്രം കണ്ടെടുത്തിരിക്കയാണ്. നേർക്കണ്ണുകൊണ്ടത് കാണാനാവുക -അതുവഴി യഥാർത്ഥ ചിത്രവും പകർപ്പും തമ്മിലുള്ള വ്യത്യാസം വിവേചിച്ചറിയാനാവുക എന്നീ സാധ്യതകളിലേക്കായിരുന്നു ‘മഗ്ദാലിൻ ഇൻ എക്സ്റ്റസി’ വഴിയൊരുക്കിയത്.
കലാവിമർശകരുടെയും ഗവേഷകരുടെയും ശ്രദ്ധയിലേക്ക് മഗ്ദലിനയെ കൊണ്ടുവന്നത് കരാവാജിയോ ചിത്രങ്ങളുടെ ഗവേഷകയും സ്പെഷ്യലിസ്റ്റുമായ മിന ഗ്രിഗോറിയാണ്.
മിന ഗ്രിഗോറിയുടെ
കണ്ടെത്തൽ
ഗ്രിഗോറിസ് വേർഷൻ എന്ന് പ്രത്യേകമെഴുതിയ കൈപ്പുസ്തകത്തിൽ കരാവാജിയോ ചിത്രങ്ങളുടെ ഗവേഷകയായ മിന ഗ്രിഗോറി ഇങ്ങനെയൊക്കെ എഴുതിയിരിക്കുന്നു:
“മഗ്ദലിനയെ കണ്ടപ്പോളുണ്ടായ വികാരം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ആദ്യമായി കണ്ടപ്പോൾ ചിത്രം തറയിലൊരിടത്ത് വച്ചിരിക്കയായിരുന്നു. അങ്ങനെ ചെയ്തത് മുകളിൽ നിന്നു പതിക്കുന്ന വെളിച്ചത്താൽ അത് ഏറ്റവും നല്ല രീതിയിൽ കാണപ്പെടാനായിരുന്നു.വളരെ ശ്രദ്ധാപൂർവം ഞാൻ മുട്ടുകുത്തി നിന്നു. സൂക്ഷ്മതയോടെ ആ ചിത്രത്തെ പഠിച്ചപ്പോൾ എന്റെ പ്രവർത്തി കലയോടുള്ള ആത്മാർത്ഥമായ അർപ്പണമായി അനുഭവപ്പെട്ടു. ആവേശവും അതിശയവും നിറഞ്ഞതാണ് മഗ്ദലിനയുടെ കണ്ടെടുക്കൽ. പകർപ്പുകളിൽ നിന്ന് നാം മനസ്സിലാക്കി വച്ചിരിക്കുന്ന ഗുണമേന്മയും യഥാർത്ഥചിത്രത്തിന്റെ ഏറ്റവും ശുദ്ധമായ ഗുണവും തിരിച്ചറിയാനാവുക എന്നത് നിസ്സാരമായ കാര്യമല്ല.
Quality is,therefore,the discriminating factor… ഒരിക്കൽ കാണാതായ പ്രശസ്തമായ പെയിന്റിംഗിന്റെ യഥാർത്ഥ കണ്ടെടുക്കൽ എന്നതിലുപരി ഇതൊരു മാറ്റമാണ്, ചരിത്രത്തിന്റെ താളുകൾ പിന്നോട്ട് മറിയുകയാണ്’’.

കലാവിമർശകരുടെയും ഗവേഷകരുടെയും ശ്രദ്ധയിലേക്ക് മഗ്ദലിനയെ കൊണ്ടുവന്നത് കരാവാജിയോ ചിത്രങ്ങളുടെ ഗവേഷകയും സ്പെഷ്യലിസ്റ്റുമായ മിന ഗ്രിഗോറിയാണ്. ഇറ്റാലിയൻ കലയിൽ അഗാധചരിത്രബോധമുള്ള അവർ കരാവാജിയോ ചിത്രശേഖരങ്ങളെ സംബന്ധിച്ചുള്ള നിരവധി പുസ്തകങ്ങൾ, എക്സിബിഷനുകൾ എന്നിവ ക്യൂറേറ്റ് ചെയ്തിട്ടുണ്ട്.
എങ്ങനെയാണ്
‘മഗ്ദാലിൻ ഇൻ എക്സ്റ്റസി’
കാണാതായത്?
എല്ലാമൊന്ന് മനസ്സിലാക്കിയെടുക്കാൻ ഏറെ നൂറ്റാണ്ടുകൾ പിന്നോട്ട് നടക്കണമായിരുന്നു. ജീവിച്ചുമരിച്ചു പോയ മനുഷ്യരെല്ലാവരും കഥകൾ ബാക്കിവെക്കും പോലെ മൈക്കലാഞ്ചലോ മെർസിയും പറയാൻ പലതും ബാക്കിവച്ചു. താൻ ജീവിച്ച ഇറ്റലിയിലെ ചെറുപട്ടണമായ കരാവാജിയോ എന്ന സ്ഥലനാമം സ്വന്തം പേരു തന്നെയാക്കി ലോകകലാചരിത്രത്തിൽ അയാൾ ഉറപ്പിച്ചുനിർത്തി. അതിഭയങ്കരമായ വാസ്തവികതയുടെയും ശരീരഭാഷയുടെ സൂക്ഷ്മവും നിഗൂഢവുമായ കണ്ടെടുക്കലിന്റെയും പ്രതീകങ്ങളായിരുന്നു അദ്ദേഹം വരച്ച ചിത്രങ്ങളെല്ലാം.
മഗ്ദാലിൻ ഇൻ എക്സ്റ്റസി പ്രദർശനം കാണാൻ അവസരം ലഭിച്ച ദിവസം ചാണക്യപുരിയിലുള്ള ഇറ്റാലിയൻ കൾച്ചറൽ സെന്ററിലെ ഓഡിയോ വിഷ്വൽ റൂമിന്റെ ചുവരിൽ നിന്ന് ‘മഹത്തായ ആ കാണാതാകലിന്റെ കഥ’ ഞാൻ വായിച്ചെടുത്തു.
തിരിച്ചറിയൽ സ്ഥിരീകരിക്കുന്ന രേഖാമൂലമുള്ള സാക്ഷ്യപത്രങ്ങൾക്കൊപ്പമാണ് മഗ്ദലിന നൂറ്റാണ്ടുകൾക്കു ശേഷം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
20-7-1610
തിയതിയും മാസവും വർഷവുമിട്ട് മനുഷ്യർ കത്തെഴുതിയിരുന്ന ഒരു കാലം.
17-ാം നൂറ്റാണ്ടിന്റെ തുടക്കം.
മൈക്കിലാഞ്ചലോ മെർസി ദ കരാവാജിയോ മരിച്ച് രണ്ടു ദിവസത്തിനു ശേഷമായിരുന്നു അത്.
നേപ്പിൾസ് രാജ്യത്തിലെ അപ്പസ്തോലിക് നൂൺഷ്യോയും കേസെററ്റയിലെ ബിഷപ്പുമായ ദിയോഡേറ്റ ജെൻന്റൈൽ റോമാരാജ്യത്തെ പൊന്തിഫിക്കൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ് സിലിയോൺ ബോർഗീസിന് ഒരു കത്തയച്ചു. അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു:
‘‘നേപ്പിൾസിൽ നിന്ന് ഒരു ചിത്രകാരൻ കപ്പൽ കയറിയിട്ടുണ്ട് എന്നറിയിക്കുന്നു. അയാളുടെ കൈവശമുണ്ടായിരുന്ന മൂന്ന് ചിത്രങ്ങളിൽ രണ്ടെണ്ണം സാൻജിയോവാന്നിയും (സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റിന്റെയും) ഒരെണ്ണം മേരി മഗ്ദലിനയുടെയുമാണ്. ഈ മൂന്ന് ചിത്രങ്ങളും ചിയാ ജില്ലയിലെ മാർഷേ സ കോസ്റ്റാൻസ കോളണായിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്’’.
രണ്ടു ദിവസത്തിനുശേഷം ബിഷപ്പ് ദിയോദേറ്റാ ജൻന്റൈൽ വീണ്ടും സിപിയോൺ ബോർഗീസിന് എഴുതി:
‘‘കരാവാജിയോ എന്ന് പേരുള്ള ചിത്രകാരന്റെ പെയിന്റിംഗ് കപ്പുവയുടെ പ്രിയോർ ആയ വിൻസെൻസോ കരാഫയുടെ അഭ്യർത്ഥന മാനിച്ച് തടഞ്ഞുവച്ചിരിക്കയാണ്. കരാവാജോ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സംഘത്തിലെ ഒരു വിശ്വാസപടയാളി ആയിരുന്നതിനാൽ ചിത്രങ്ങളുടെ അവകാശത്തെച്ചൊല്ലി തർക്കമുണ്ടാകാൻ സാധ്യതയുണ്ട്’’.

അന്നുമുതൽ മഗ്ദാലിൻ ഇൻ എക്സ്റ്റസി ആരുടെയോ സ്വകാര്യശേഖരത്തിലേക്ക് ഒതുക്കപ്പെട്ടു. മഗ്ദലിനയുടെ റൂട്ട് മാപ്പ് ആർക്കും കണ്ടെത്താനാവാത്ത വിധത്തിൽ അജ്ഞാതമായി നിലകൊണ്ടു; അതിന്റെ നിരവധി പകർപ്പുകൾ മ്യൂസിയം ഭിത്തികളിലും ഗാലറികളിലും പിന്നീട് കാണപ്പെട്ടുവെങ്കിലും, ലോകം അവയെ സത്യമെന്നു കരുതി സ്വീകരിച്ചുവെങ്കിലും.
തിരിച്ചറിയൽ സ്ഥിരീകരിക്കുന്ന രേഖാമൂലമുള്ള സാക്ഷ്യപത്രങ്ങൾക്കൊപ്പമാണ് മഗ്ദലിന നൂറ്റാണ്ടുകൾക്കു ശേഷം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആർക്കൈവ്സ് രേഖകളിൽ നിന്ന് കണ്ടെത്തിയ പെയിന്റിംഗിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച രേഖകളിൽ 17-ാം നൂറ്റാണ്ടിലെ ലിപിയിൽ റോമിലെ കാർഡിനേൽ ബോർഗീസിനായി ചിയായിൽ സൂക്ഷിക്കാൻ കരാവാജിയോ എഴുതിയ കുറിപ്പുണ്ട്. കൂടാതെ തുണിയുടെ പിൻവശത്ത് പേപ്പൽ ചിഹ്നം വഹിക്കുന്ന റിവേറന്റ് Apostholic Chamber (RCA) എന്ന മെഴുകു മുദ്രയുമുണ്ട്.
മിന ഗ്രിഗോറി 2014-ൽ കണ്ടെത്തും വരെ ഈ ചിത്രം അനുയായികളുടെ പകർപ്പുകളിലൂടെ മാത്രമാണ് അറിയപ്പെട്ടിരുന്നത്. സിൻസിയ പാസ്കലിന്റെ നേതൃത്വത്തിൽ ആറു മാസത്തിലധികം നീണ്ടു നിന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷം കരാവാജിയോയുടെ പ്രതിഭയുടെ യഥാർത്ഥ ദർശനം കലാപ്രേമികൾക്ക് സാധ്യമാവുകയായിരുന്നു.
യേശുവിന്റെ അനുയായിയായി മാറിയ മഗ്ദലിന ഏറെ അനുതാപമുള്ള പാപിയായി തന്നെത്തന്നെ സങ്കൽപ്പിച്ചു. യേശുവിന്റെ കുരിശുമരണത്തിനും പുനരുത്ഥനത്തിനും സാക്ഷിയായ പ്രധാന വ്യക്തിയുമായിരുന്നു അവൾ.
മഗ്ദലിനയെ
കാണുമ്പോൾ
പകൽനേരങ്ങളിലെ മ്യൂസിയം കാഴ്ചകളിൽ കണ്ടു ശീലിച്ച ഒരു രീതിയിലല്ല ‘മഗ്ദാലിൻ ഇൻ എക്സ്റ്റസി’ കണ്ടത്. ഓഡിയോ വിഷ്വൽ റൂമിനകത്തെ സജ്ജീകൃത ഇരുട്ടിൽ, അതേ തണുപ്പിൽ, അതിലേറെ കനമുള്ള നിശ്ശബ്ദതയിൽ, മുൻകൂട്ടി ബുക്ക് ചെയ്ത് തരപ്പെടുത്തിയ പ്രവേശനാനുവാദത്തിൽ, കുറെയധികം അരുതുകളുടെ ഉറപ്പിൽ, പിന്നിൽ നിന്ന് അടയുന്ന ഇരുമ്പുവാതിലിന്റെയും സുരക്ഷാ കർമ്മത്തിലേർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിൽ അതിഭയങ്കരമായ ആനന്ദം അനുഭവിക്കുന്ന മഗ്ദലിനയുടെ എണ്ണച്ചായാചിത്രം കണ്ടുനിന്നു.
ലാ മഗ്ദലീന.
വലിയ ഭാഗ്യം അനുഭവിക്കുന്ന ഫ്രെയിമിൽ നിന്ന് ചിത്രരൂപത്തിൽ ഉയർന്നുവരുന്ന രൂപം ഇന്ദ്രിയാനുഭവത്തിന്റെ ആനന്ദത്താൽ രൂപാന്തരപ്പെടുന്നു. സ്വർഗ്ഗീയമായ എന്തിന്റെയോ മുന്നാസ്വാദനം. ദിവ്യമായ ഒരു പൊട്ടിത്തെറി (divine rupture) എന്ന് വിശേഷിപ്പിക്കാവുന്ന പോലെ ആനന്ദം അനുഭവിക്കുന്ന ശരീരം. തല പിന്നിലേക്ക് ചായ്ച്ച്, കണ്ണുകൾ കൂമ്പിയടഞ്ഞതും എന്നാലത് ഒരു വെള്ളിവര കണക്കെ അല്പം തുറന്നിട്ടും, കണ്ണുനീരിൽ ചാലുകൾ കീറിയും, തീവ്രമായ ആത്മീയതയുടെ മിന്നൽപ്പിണർ പോലൊന്നിന്റെ കടന്നുപോകൽ ഉള്ളിലാവഹിച്ചും...
അഴിച്ചിട്ട തലമുടിയും പിളർന്ന ചുണ്ടുകളും, പൂർണ്ണമായ കീഴടങ്ങലിന്റെ അവസ്ഥയായിരുന്നത്. അവളുടെ കൂടിച്ചേർന്ന കൈകൾ, തോളിൽ നിന്ന് വഴുതി വീഴുന്ന വെളുത്ത വസ്ത്രം. പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളാൽ പൊതിഞ്ഞുവച്ചിരിക്കയാണ് മഗ്ദലിനയെ. സമൃദ്ധമായ ഒരു ഇരുട്ടിൽ നിന്ന് മഗ്ദലിനയെ കോരിയെടുക്കാനാവുന്നപോലെ ഇരുളും വെളിച്ചവും തമ്മിലുള്ള കോൺട്രാസ്റ്റ്. വൈകാരികതയെ അതിതീവ്രമാക്കുന്ന ടെക്നിക്ക്. chiaroscuro -എന്നാണതിന്റെ പേര്.

‘എക്സ്റ്റസി’ എന്ന വാക്കിന് പരമാനന്ദമെന്നോ ആനന്ദാതിരേകമെന്നോ അർത്ഥം കണ്ടെത്താം. ആത്മീയോന്മാദത്തിന്റെ സർവ്വലക്ഷണവും ഏറ്റവും തീവ്രമായ യാഥാർഥ്യഭാവം പൂണ്ട് ഒരു എണ്ണഛായാ ചിത്രമായി ‘മഗ്ദാലിൻ ഇൻ എക്സ്റ്റസി’ എന്ന പേരിൽ ചരിത്രത്തിന്റെ കാണാപ്പുറങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് വന്നിരിക്കുന്നു.
വല്ലാത്ത നെഞ്ചിടിപ്പോടെയാണത് കണ്ടുനിന്നത്. പൂർണ്ണമായ ശ്രദ്ധ ചിത്രം നമ്മോട് ആവശ്യപ്പെടുന്നതു പോലെയുള്ള അവസ്ഥ.
ബൈബിളിൽ ഞാനറിഞ്ഞ മേരി മഗ്ദലിന.
യേശുവിന്റെ അനുയായിയായി മാറിയ അവൾ ഏറെ അനുതാപമുള്ള പാപിയായി തന്നെത്തന്നെ സങ്കൽപ്പിച്ചു. യേശുവിന്റെ കുരിശുമരണത്തിനും പുനരുത്ഥനത്തിനും സാക്ഷിയായ പ്രധാന വ്യക്തിയുമായിരുന്നു അവൾ. യേശുവിന്റെ മരണശേഷം ഫ്രാൻസിലേക്ക് പലായനം ചെയ്ത മഗ്ദലിന അവസാന കാലത്ത് ഗുഹാജീവിതത്തിൽ ധ്യാനനിരതയായി കഴിഞ്ഞുകൂടി. കരാവാജിയോ സൃഷ്ടികളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നതുപോലെ മഗ് ദലിനയെ അവളുടെ ഏകാന്തതയിൽ സ്വർഗ്ഗീയ ദൂതന്മാർ ദിവസം ഏഴു തവണ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് അവളുടെ ശാരീരിക കാതുകൾ സ്വർഗ്ഗീയ ഗായകസംഘങ്ങളുടെ മധുരതരമായ സിംഫണി കേട്ടു.
‘മഗ്‌ദാലിൻ ഇൻ എക്സ്റ്റസി’യിൽ കരാവാജിയോ ഏറ്റവും അജ്ഞാതവും നിഗൂഢവുമായ ഒരു പശ്ചാത്തലത്തിലേക്കാണ് മഗ്ദലിനയെ പ്രതിഷ്ടിച്ചിരിക്കുന്നത്. ആഴത്തിലുള്ള അതീന്ദ്രിയാവസ്ഥയിൽ തീവ്രമായ അന്തക്ഷോഭങ്ങൾ അവളുടെ മേനി പുറപ്പെടുവിക്കുന്നുണ്ട്.
പക്ഷെ കരാവാജിയോ തന്റെ കലാസൃഷ്ടിയിൽ ഈ വിവരണത്തെ അമ്പാടെ തകർത്തുകളയുന്നുണ്ട്. ബൈബിൾ ചിത്രങ്ങളുടെയും പ്രമേയങ്ങളുടെയും പ്രബലമായ പാരമ്പര്യത്തിൽ നിന്ന് ധീരമായ ഒരു വ്യതിചലനം കരാവാജിയോ കൈക്കൊണ്ടത് ഈ ആവിഷ്ക്കാരത്തിൽ ദൃശ്യപ്പെടുന്നു. തൈലത്തിന്റെ പാത്രങ്ങളോ ഉപേക്ഷിക്കപ്പെട്ട ആഭരണങ്ങളോ അല്ല, ആന്തരികമായി അവളനുഭവിക്കുന്ന വികാരങ്ങളുടെ തീവ്രതയാണ് ശരീരമാകെ പ്രതിഫലിച്ചു കാണുന്നത്.
ആകെയിരുട്ടത്ത് അവളിലേക്ക് വിളക്ക് പിടിക്കുമ്പോൾ എഴുതപ്പെട്ടിട്ടില്ലാത്ത പലതും വായിച്ചെടുക്കാൻ പറ്റുന്നുണ്ട്, ഓരോ നോട്ടത്തിലും.
കരാവാജിയോയുടെ മഗ്ദലിന വീണ്ടെടുപ്പിന്റെ പ്രതീകമായി മാലാഖാമാരാൽ ചുറ്റപ്പെട്ട് സ്വർഗ്ഗത്തിലേക്ക് പറന്നുയരുന്നില്ല. ഇവിടെ ‘മഗ്‌ദാലിൻ ഇൻ എക്സ്റ്റസി’യിൽ കരാവാജിയോ ഏറ്റവും അജ്ഞാതവും നിഗൂഢവുമായ ഒരു പശ്ചാത്തലത്തിലേക്കാണ് മഗ്ദലിനയെ പ്രതിഷ്ടിച്ചിരിക്കുന്നത്. ആഴത്തിലുള്ള അതീന്ദ്രിയാവസ്ഥയിൽ തീവ്രമായ അന്തക്ഷോഭങ്ങൾ അവളുടെ മേനി പുറപ്പെടുവിക്കുന്നുണ്ട്.

1600- കളുടെ തുടക്കത്തിൽ പ്രതിനവീകരണത്തിന്റെ ഭയാനകമായ കാലത്ത് വിശുദ്ധ ഫിലിപ്പ് റൊമോല്ലോ നേരിയുടെ നേതൃത്വത്തിലുള്ള സെക്യുലർ ഓറേറ്ററി കോൺഗ്രിഗേഷന്റെ ആത്മീയാന്തരീക്ഷം കരാവാജിയോയെ വളരെയധികം സ്വാധീനിച്ചുവെന്ന് പറയപ്പെടുന്നു. വിശ്വാസം പവിത്രത, കലാപ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളിൽ കരാവാജിയോ മുഴുകിയെന്ന് ചരിത്രം പറയുന്നുണ്ട്.
റോമിൽ വച്ചു സംഭവിച്ച ഒരു ആകസ്മിക കൊലപാതകത്തിൽ കുടുങ്ങി ഒളിവിൽ പാർത്തിരുന്ന പ്രക്ഷുബ്ദമായ കാലഘട്ടത്തിലാണ് ഈ ചിത്രം കരാവാജിയോ വരച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു കലാസൃഷ്ടി പല നൂറ്റാണ്ടുകളിലെ വ്യത്യസ്ത സംസ്കാരങ്ങളോട് ഇടകലർന്ന് വ്യക്തിപരമായ മനുഷ്യാവസ്ഥയുടെ ആന്തരിക ക്ഷോഭങ്ങളെ കാലാതീതമായ കലയാക്കി മാറ്റിയിരിക്കുന്നതാണ് ഈ കാഴ്ച്ചയുടെ പ്രധാന വിസ്മയം.
കലാസംബന്ധിയായ എല്ലാ വിശുദ്ധ ഭാവനകളെയും കരാവാജിയോ തന്റെ നിറക്കൂട്ടുകളിൽ ചോദ്യം ചെയ്തു. അദ്ദേഹം തന്റെ മുന്നിലിരിക്കുന്ന മോഡലുകളെ നോക്കി വരച്ചു. അത് ഇറ്റാലിയൻ നവോത്ഥാനത്തിന്റെ മാതൃകാപരമായ കലാപരിസരങ്ങളിൽ നിന്ന് ഏറെ വിഭിന്നമായിരുന്നു.
അരാജക കാലത്തെ
ചിത്രകാരനും ചിത്രവും
പ്രദർശനം കണ്ടു മടങ്ങുമ്പോൾ കൂടുതൽ അറിയാനുള്ള ആഗ്രഹത്താൽ അല്പം തിരഞ്ഞുപോയി.
മൈക്കിലാഞ്ചലോ മെരിസി ഡി കരാവാജിയോ 1571-ൽ ഇറ്റലിയിലെ ഒരു ചെറുപട്ടണമായ കരാവാജിയോയിൽ ജനിച്ചു. മിലാനിൽ പരിശീലനം നേടിയശേഷം അദ്ദേഹം ചിത്രകലയിൽ സജീവമായി. 17-ാം നൂറ്റാണ്ടിലെ യൂറോപ്യൻ കലാചരിത്രത്തിൽ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ചിത്രകാരനാണ് കരാവാജിയോ. തുടക്കത്തിൽ ചെറിയ ക്യാൻവാസുകളായിരുന്നു പ്രിയം. ദൈനംദിന ജീവിതം നടത്തിക്കൊണ്ടുപോവുക എന്നതിൽ വിശ്വസിച്ച് ജീവിച്ചുപോന്നിരുന്ന ഒരാൾ. ഗാലറികളിലോ ധനികരുടെ മേടകളിലോ കരാ വാജിയോയ്ക്ക് പ്രവേശനം ലഭിച്ചില്ല. എങ്കിലും സമൂഹം അയാളെ ഒരു സാധാരണ കുറ്റവാളി എന്ന് പേരിട്ടു വിളിച്ചു. തെരുവിന്റെ കലാകാരൻ എന്നത് തന്നെയായിരുന്നു അയാളുടെ മേൽവിലാസം. ഒരു കലഹത്തിൽ ഒരാളെ കൊലപ്പെടുത്തിയതിനുശേഷം വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം ജന്മനാടായ റോമിൽ നിന്ന് പലായനം ചെയ്തിരുന്നു.
1360 മുതൽ 1620 വരെ യൂറോപ്പിൽ സംഭവിച്ച നവോത്ഥാനത്തിന്റെ സ്വാധീനം അക്കാലത്ത് എല്ലാ കലകളിലും സ്പഷ്ടമായിരുന്നു. ഇറ്റലിയിലത് ഒരു പ്രത്യേക ശൈലിയായി രൂപാന്തരപ്പെട്ടു. ബറോഖ് ആർട്ടിന്റെ ദർശന ഭാഷ, വെളിച്ചവും നിഴലും സംയോജിച്ചുള്ള നാടകീയമായ അന്തരീക്ഷം എന്നിവയെല്ലാം കരാവാജിയോ ചിത്രങ്ങളെ വേറിട്ടു നിർത്തുന്നു. ബൈബിൾ കഥകളിലെ ഉപമകളെ വളരെ rebellious ആയി, രക്തത്തിലും മാംസത്തിലും ജീവൻ തുടിക്കുന്നപോലെ, കനിവില്ലാത്ത റിയലിസത്തോടെ അദ്ദേഹം അവതരിപ്പിച്ചു. ബറാഖ് പാരമ്പര്യത്തിലെ പല മഹനീയതകളെയും കലാ സംബന്ധിയായ എല്ലാ വിശുദ്ധ ഭാവനകളെയും കരാവാജിയോ തന്റെ നിറക്കൂട്ടുകളിൽ ചോദ്യം ചെയ്തു. അദ്ദേഹം തന്റെ മുന്നിലിരിക്കുന്ന മോഡലുകളെ നോക്കി വരച്ചു. അത് ഇറ്റാലിയൻ നവോത്ഥാനത്തിന്റെ മാതൃകാപരമായ കലാപരിസരങ്ങളിൽ നിന്ന് ഏറെ വിഭിന്നമായിരുന്നു.

അവസാന നാളുകളിൽ അദ്ദേഹം മനഃപരിവർത്തനത്തിന് വിധേയനായി. റോമാ വിട്ട് മാൾട്ടയിലേക്ക് തിരിച്ചുപോയി. തന്നെത്തന്നെ വീണ്ടെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ക്രിസ്തുവിന്റെ കുരിശിൻ കീഴിൽ തന്നെത്തന്നെ സമർപ്പിച്ച്, ഒരു വിശ്വാസപ്പടയാളിയായി ജീവിക്കണമെന്നും കരാവാജിയോ ആഗ്രഹിച്ചെന്നും ചരിത്രമുണ്ട്.
ഒരു സ്ത്രീയുടെ ശരീരഭാഷയുടെ വിശദമായ നിരീക്ഷണങ്ങൾ. അവളുടെ പഞ്ചേന്ദ്രിയങ്ങൾ അനുഭവിക്കുന്ന നിഗൂഢവും ഗോപ്യവുമായ ആത്മീയോൽക്കർഷത്തിന്റെ ദൃശ്യഭാഷ, ഏറ്റവും വാസ്തവമായ രൂപത്തിൽ കരാവാജിയോ ആവിഷ്‌കരിച്ചിരിക്കുകയാണ് മഗ്‌ദലിനയിൽ -അദമ്യമായ താദാത്മ്യപ്പെടലിലൂടെ സർഗ്ഗാത്മകതയ്ക്ക് മാത്രം സാധിക്കുന്ന ഒന്ന്. ഒരു പക്ഷെ എക്കാലത്തും മനുഷ്യന് മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാവുന്ന രണ്ട് തെരഞ്ഞെടുപ്പുകൾ ഇവിടെ പ്രസക്തമാണ് - യഥാർത്ഥമായ ഒന്നും അതിന്റെ പകർപ്പും.
ആദ്യത്തേത് സത്യമാണ് -അതിലേക്കെത്താൻ ഒറ്റക്കാഴ്ച മതി. രണ്ടാമത്തേത് നിലയ്ക്കാത്ത അസംതൃപ്തി സമ്മാനിക്കുകയും സത്യത്തിനു വേണ്ടിയുള്ള ദാഹം അത് കണ്ടെത്തും വരെ നിലനിർത്തുകയും ചെയ്യും.
കരാവാജിയോയുടെ അതിസൂക്ഷ്‌മമായ ദൃശ്യഭാഷ പലതിന്റെയും കുരുക്കഴിച്ചു തരുന്നുണ്ട്. ജീവിതം ജീവിക്കാനും ആഴത്തിൽ പഠിക്കാനും മനുഷ്യരെല്ലാവരും ഇത്തരം കാഴ്ചകൾ കാണേണ്ടിയിരിക്കുന്നു.
അരാജകത്വം നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് ചിത്രകാരൻ ജീവിച്ചുകടന്നുപോയത്. കലയ്ക്കും ജീവിതത്തിനുമിടയിലുള്ള, സംസ്കാരങ്ങളുടെ ഉയർച്ച താഴ്ചകളുടെ നിരവധി തടസ്സങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ഒരു തെരുവുമനുഷ്യന്റെ സാധാരണ കാഴ്ച്ചയുടെ പ്രതിഫലനത്തിൽ ജീവസ്സുറ്റ നിരവധി ചിത്രങ്ങൾ ഉണ്ടായി. -അത് നേരിട്ട് അനുഭവിക്കാൻ കലയിൽ നിലനിൽക്കുന്നവരും കലാലോകത്തിന് പുറത്തു നിൽക്കുന്നവരുമായ വൈവിധ്യമാർന്ന ജനസമൂഹത്തിന് അവസരം നൽകുകയായിരുന്നു ഈ പ്രദർശനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറയുന്നുണ്ട്. ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് അങ്ങനെയും പ്രചോദനമാവുകയാണ് കരാവാജിയോ.
എന്റെ കാഴ്ചയെ മഹത്തരമായ ‘മഗ്‌ദാലിൻ ആനന്ദം’ കണ്ടു മടങ്ങുമ്പോൾ മനസ്സിൽ ഊറിക്കൂടിയ ചിന്തകൾ നിരവധിയാണ്. കലാലോകത്തിന് പുറത്തുനിന്നൊരുവൾ പുതിയ പാഠങ്ങൾ പഠിച്ചു മടങ്ങുകയാണ്. കരാവാജിയോയുടെ അതിസൂക്ഷ്‌മമായ ദൃശ്യഭാഷ പലതിന്റെയും കുരുക്കഴിച്ചു തരുന്നുണ്ട്. ജീവിതം ജീവിക്കാനും ആഴത്തിൽ പഠിക്കാനും മനുഷ്യരെല്ലാവരും ഇത്തരം കാഴ്ചകൾ കാണേണ്ടിയിരിക്കുന്നു. സത്യമായ ഒന്ന് സമ്മാനിക്കുന്ന ദർശനനിറവിൽ എനിക്കും ഇതൊരു വീണ്ടെടുപ്പാണ്.
ആകെ മൊത്തം കളറായി
ദാലിയ്ക്കു മുന്നിൽ
തല കുത്തി നിന്ന നിമിഷങ്ങൾ
കരാവാജിയോയുടെ മറ്റ് ചിത്രങ്ങള്‍:



