വസ്തുക്കൾ ഒഴിഞ്ഞ കോണുകൾ, നാം ഉള്ളിൽ കുഴിച്ചിട്ട കാര്യങ്ങൾ, വേദനകൾ, ആരോടും പറയാൻ പറ്റാത്തതും സാദ്ധ്യമല്ലാത്തതുമായ കാര്യങ്ങൾ, ഉച്ചയ്ക്ക് മീൻ വിൽക്കുന്ന ചന്തകൾ, ഒഴിഞ്ഞ, തട്ടിക്കൂട്ടിയ പൂക്കൾ ഉള്ള മേശയിൽ കുടുങ്ങിയ മൈക്രോഫോണും മനുഷ്യനും, ചത്തുമലർന്ന മീൻ കണ്ണുകൾ, നിലവിളിക്കാമുമ്മേൽ മുഖം, അതിലേക്ക് പകരുന്ന കണ്ണുനീർ, കത്തുന്ന തിരി, പക്ഷികളുടെയും മൃഗങ്ങളുടെയും മനുഷ്യരുടേയും മേൽ ബാലൻസ് ചെയ്യുന്ന കെട്ടിടങ്ങൾ, ഉച്ചവെയിലിൽ വെള്ളക്കട്ടകൾ പോലെ വസ്തുക്കളും ഏകാന്തരായ ഒരു കൂട്ടം മനുഷ്യരും. അവർ ഏകാന്തരായിരിക്കുന്നു കൂട്ടമായി. പൊട്ടിയ മീൻ, പക്ഷി, മര ഓർമ്മകൾ, മെട്രോ തൂണുകൾക്കിടയിലെ രാത്രിക്കാഴ്ചകൾ, വെട്ടി മാറ്റിയ മരച്ചില്ലകൾ, നിലം തെറ്റിയ വീടുകൾ, ആശുപത്രിക്കിടക്കകൾ, നിശബ്ദതയെ ആഴത്തിൽ സൂക്ഷിക്കുന്ന തിരമാലകളുടെ കടൽ, സന്നിഗ്ദ്ധമായ ഒഴുക്കിൽ പെടുന്ന വസ്തുക്കളും മനുഷ്യരും ജീവികളും. കടൽക്കരയിൽ ഒറ്റയ്ക്ക് നിൽക്കുന്ന സ്ത്രീ, വലയിൽ അണയുന്ന മത്സ്യങ്ങൾ, പുരുഷൻ, അവരുടെ മുകളിൽ വായുവിൽ പൊന്തിക്കിടക്കുന്ന രൂപങ്ങൾ, മറ്റു വസ്തുക്കൾ അവയുടെ പേരെന്ത്?
പൊക്കിൾ കൊടിയിൽ നിന്ന് മുറിഞ്ഞ് വായുവിൽ തലകുത്തുന്ന വീടുകൾ, മെഴുകുതിരി വെളിച്ചത്തിൽ ആശുപത്രിക്കിടക്കയിൽ ഇല്ലാതാകുന്ന ആടിന്റെ കരച്ചിൽ, എന്തും സാധ്യമാക്കുന്ന അയുക്തിയുടെ ലോകത്തിൽ ഫാനിനിടയിലെ മൃഗ-മനുഷ്യ-ശരീരം. സംഭവിക്കുവാൻ സാദ്ധ്യമല്ലാത്ത കാഴ്ചകളിലൂടെ ജീവിതത്തിലേക്കുള്ള ഒരു വഴി മാത്രമാണ് എന്റെ ചിത്രങ്ങൾ.
ചിത്രങ്ങളിൽ മാത്രം സാദ്ധ്യമാകുന്ന സ്വാതന്ത്ര്യം. അസ്വാതന്ത്ര്യത്തിന്റെ തുറന്ന ജയിലുകളിലൂടെയുള്ള കാഴ്ചകളുടെ കോർത്തിണക്കലുകൾ. രാഷ്ട്രീയ തോരണം പോലെ ഒന്നിൽ നിന്ന് കെട്ടി മറ്റൊന്നിലേക്ക്, ഇലക്ട്രിക് പോസ്റ്റിൽ നിന്നും കേബിളുകളിലേക്ക്, മരിച്ച പക്ഷിയുടെ ദേഹത്തെ കടന്ന് വാർത്തകളുടെ അറ്റത്ത് നമ്മളിലേക്ക് കെട്ടപ്പെട്ടു നിൽക്കുന്നു. ഒരു മുറിയിൽ നിന്ന് അടുത്ത മുറികളിലേക്ക്, ഒറ്റ മുറി വീടുകളിലേക്ക്, വീടുകളിലേക്ക്, ഫ്‌ളാറ്റുകളിലേക്ക് തെരുവ് കടകളിലേക്ക്, നാം അറിയാത്ത ഇടങ്ങളിലേക്ക്. സിനിമയിൽ കാണുവാൻ പറ്റുന്നത്ര വലുപ്പത്തിൽ സ്ത്രീ ഉടലിനെ പൊതിയുന്ന ഒരു കൈ! ശരീരത്തിന്റെ ഉറവിടവും സാന്നിദ്ധ്യവും കൂടുതൽ വലിപ്പത്തിലേക്കുള്ള ചിത്രത്തിന്റെ അതിർത്തിക്ക് പുറത്തേക്കുള്ള അദൃശ്യ സാന്നിദ്ധ്യങ്ങൾ.
ചിത്രത്തിന് പുറത്തുണ്ടെന്നുള്ള പ്രതീതിയിലേക്കുള്ള കാഴ്ചയുടെ ക്ഷണം. മുഖവും മലയും മരവും പക്ഷിയും ശരീരവും ആശുപത്രികട്ടിലും. ഭൂമിയുടെ വേരറ്റ ശരീരങ്ങൾ ഒന്നിക്കുന്നു. മുഖത്തെ മുറിവിൽ നിന്ന് കത്തുന്ന ഒരു വിളക്ക്. ആശുപത്രി ഉപകരണങ്ങൾക്കും തരംതിരിവുകൾക്കും എന്തൊരു വിരോധഭാസ ഭംഗി! നിങ്ങളുടെ നമ്പറേത്? തന്റെ നമ്പറേത്! സ്‌കാനിംങ് മെഷീനിൽ അമർത്തിയാൽ മതി! കാത്തു നിൽക്കൂ! അരക്ഷിതനാവോളം. നിയമ പുസ്തകത്തിലെ ഒട്ടും സുരക്ഷിതമല്ലാത്ത പേജിലെ, ഒരു പേനയുടെ തീർപ്പിലെ വെറുമൊരു രണ്ടാം കിട പൗരൻ മാത്രം! ചിത്രത്തിലെ മനുഷ്യന്റെ മുഖത്ത് പക്ഷിയെ വരക്കുന്നു. കണ്ണിൽ, ചരടിനാൽ ബന്ധിച്ചിരിക്കുന്ന മരണപ്പെട്ട പക്ഷി. ഞാൻ എഴുതിയ കാര്യങ്ങൾക്ക് ഒരു തെളിവുമില്ല. ഞാൻ വരച്ചത് എന്നുള്ളത് മാത്രമാണ് ഏക തെളിവ്. ചരിത്രവുമില്ല, തെളിവുമില്ല, ഇതിനെല്ലാം യുക്തിയുടെ തെളിവ് വേണം. അല്ലെങ്കിൽ AI ചെയ്തത് എന്നെങ്കിലും ഒരു തെളിവ് വേണം.
ഈ ചിത്രങ്ങൾ കുറ്റമാരോപിക്കപ്പടുന്ന, പുറത്താക്കപ്പെടുന്ന, അശുദ്ധമായ, മുറിച്ചുമാറ്റപ്പെട്ട, ശബ്ദം മുറിക്കപ്പെട്ട ശരീരങ്ങൾ, അതിന്റെ ഭാവനയിൽ പ്രത്യേക ചരിത്ര സന്ദർഭത്തിൽ ചെയ്ത തുടച്ചുമാറ്റലിന്റെ (Obliterate) ഇന്ത്യൻ ഇങ്കിൽ തീർത്ത വരകളാണ്. ഈ ഡ്രോയിങുകളിൽ മനുഷ്യശരീരവും പക്ഷികളും മരവും മൃഗവും മൈക്രോഫോണും ഹോസ്പിറ്റൽ ബെഡും, മറ്റുപകരണങ്ങളും അപ്രകാശിത വസ്തുക്കളും പരസ്പരം അടയാളപ്പെട്ടുകിടക്കുന്നു.
നീതി രഹിതമായ ജീവിതം മനുഷ്യനും മറ്റു ജീവജാലങ്ങളും അനന്തകാലത്തോളം ഒരേ പോലെ തുടരുവാൻ ആവശ്യപ്പെടുന്ന സാംസ്‌കാരികതയിലാണ് ഈ ഡ്രോയിങുകൾ ഉടലെടുക്കുന്നത്. ആഹ്ലാദത്തേക്കാൾ കൂടുതൽ ജീവിതവും അതുൾക്കൊള്ളുന്ന വസ്തുക്കളും ജീവികളും നിരന്തരമായി ഡ്രോയിങുകളുടെ അസന്തുലിത ഇടത്തിൽ പെർഫോം ചെയ്യുന്നു. പ്രദക്ഷിണത്തിന്റെ ചലനങ്ങളിലാണ് മനുഷ്യശരീരം ഈ ഡ്രോയിങ്ങുകളിൾ ആവിഷ്‌ക്കാരമാകുന്നത്. ഭൂമിയെ കരയായും വെള്ളമായും അന്തരീക്ഷമായും ആകാശമായും കാണുന്നത് ഈ ഡ്രോയിങ്ങുകളിലെ പ്രപഞ്ചത്തിന്റെ സാന്നിദ്ധ്യമാണ്. കൊച്ചി നിരവധി വെള്ളക്കെട്ടുകളുടെ തുരുത്തായി കാണുന്ന കാഴ്ചകൾ ഡ്രോയിങ്ങുകളുടെ ഇടത്തിന്റെ (Space) സാദ്ധ്യതകളെ തുറന്നുതന്നിട്ടിണ്ട്.
പ്രത്യക്ഷത്തിൽ എനിയ്ക്ക് തുറന്ന ജയിലുകളിൽ അകപ്പെട്ടിരിക്കുന്ന ജീവിതത്തെ കാണിച്ചുതരുവാൻ സാധിക്കുകയില്ല, എന്നാൽ ഇന്നത്തെ ജീവിതസാഹചര്യത്തിലെ മനുഷ്യർ പേറുന്ന ഇടങ്ങൾ സമ്മർദ്ദത്തിലായിട്ടുണ്ട്. ശിഥിലവും വേർതിരിക്കപ്പെട്ട സാമൂഹ്യ ഇടങ്ങളിലെ മാനസികവും ഭൗതികവും ആന്തരികവുമായ ആത്മീയ ജീവിതത്തിന്റെ ശോഷണവും ഇതിനെ കൂടുതൽ മുറിവേൽപ്പിക്കുന്നു. ആത്മീയത എന്നാൽ വ്യസ്ഥാപിത മതാചാരങ്ങളാണെന്ന് തീർപ്പുകൽപ്പിച്ച, പൊതു സമ്മതി നേടിക്കഴിഞ്ഞ ദുരവസ്ഥയിലാണ് ജീവിതം തുടരുന്നത്. സമൂഹത്തിന്റെ ആത്മീയ ചേതന നഷ്ടപ്പെടുക എന്നാൽ സഹിഷ്ണുതകളുടെ സാമൂഹിക സ്ഥലങ്ങൾ നഷ്ടപ്പെടുന്നു എന്നുവേണം മനസ്സിലാക്കുവാൻ.
ഇത്തരമൊരു ജീവിതത്തിൽ മൃഗങ്ങൾക്കും പക്ഷികൾക്കും മരങ്ങൾക്കും മനുഷ്യശരീരങ്ങൾക്കും അതിനെ ഉൾക്കൊള്ളുന്ന പ്രപഞ്ചങ്ങൾക്കും വസ്തുക്കൾക്കും തമ്മിലുള്ള ബന്ധങ്ങളേയും വിച്ഛേദനങ്ങളേയും ആ ജീവിതങ്ങൾക്ക് ആഴത്തിൽ സംഭവിച്ച മുറിവുകളെയും മറ്റും ചിത്രഭാഷയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് എന്റെ വർക്കുകളിൽ ചെയ്യുന്നത്. ഭാഷ തരുന്ന സ്വാതന്ത്ര്യത്തിന്റെ ഉണർവ്വുകളെ എനിയ്ക്ക് ഉപേക്ഷിക്കുവാൻ വയ്യ! ആ ഉണർവ്വുകളാണ് എന്നെ മനുഷ്യനായും കലാകാരനായും നേരിടേണ്ടിവരുന്ന ജീവിത പ്രതിസന്ധികളെ മറികടക്കുവാൻ സഹായിക്കുന്ന മുഖ്യഘടകം. അതിന്റെ ഉണർവുകളെ ഞാൻ എങ്ങനെയാണ് കൈവിടുക!
സക്കീർ ഹുസൈനിന്റെ ചിത്രപ്രദർശനം-Citizen- Obliterated stories- മട്ടാഞ്ചേരിയിലെ BERTH-ൽ ഏപ്രിൽ 20 മുതൽ മെയ് 20 വരെ.