ഗോത്രകലകൾ കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമാവുകയാണ്. കലോത്സവത്തിന്റെ 63-ാം വർഷത്തിലാണ് കേരളത്തിന്റെ അടിസ്ഥാന ജനവിഭാഗങ്ങളുടെ കല പൊതു മത്സരഇനമായി പ്രഖ്യാപിക്കപ്പെടുന്നത്.
‘എന്തേ ഇത്ര വൈകി’ എന്ന ചോദ്യത്തിന്, ‘ഇപ്പോഴെങ്കിലും ആയല്ലോ’ എന്നുതന്നെയാണ് ഉത്തരം.
ഗോത്ര മേഖലയിലെ 25 വർഷത്തെ അധ്യാപന അനുഭവം മുൻനിർത്തി പറയട്ടെ; ഇതുവരെ നടന്ന കലോത്സവങ്ങളിൽ ഗോത്ര വിദ്യാർത്ഥികളുടെ പങ്കാളിത്തം എത്രയുണ്ടായിരുന്നുവെന്ന് പരിശോധിച്ചാൽ, വിരലിലെണ്ണാവുന്നതിൽ കവിയാനിടയില്ല. അതിൽ തന്നെ സ്റ്റേജിനങ്ങളിലെ പങ്കാളിത്തമോ, അപൂർവ്വം എന്നു തന്നെ പറയേണ്ടിവരും.
ഗോത്ര വിദ്യാർത്ഥികൾ ഭൂരിപക്ഷമുള്ള സ്കൂൾതല മേളകളിൽ പോലും ഈ വിഭാഗം കുട്ടികളുടെ പങ്കാളിത്തം ഉണ്ടാകാറില്ല. പലപ്പോഴും കുട്ടികളോട് നേരിട്ട് അന്വേഷിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് മത്സരങ്ങളിൽ പങ്കെടുക്കാത്തതെന്ന്.
‘തോറ്റുപോകും എന്ന് പേടിച്ചിട്ട്’ എന്ന മറുപടിയാണ് ലഭിച്ചിട്ടുള്ളത്. നിർബന്ധപൂർവ്വം പരിശീലിപ്പിച്ച് പങ്കെടുപ്പിക്കാൻ ശ്രമിച്ചാൽ തന്നെ ‘ഞങ്ങൾ ഇല്ല ടീച്ചറേ, ഞങ്ങൾക്ക് പറ്റില്ല’ എന്ന് സ്നേഹപൂർവ്വം പിൻവലിയുകയാണ് പതിവ്.
തങ്ങളുടെ അഭിരുചിക്കും ആത്മാവിഷ്കാരത്തിനുമിണങ്ങിയ ഇനങ്ങളല്ല അതൊന്നും എന്ന ധാരണ കൊണ്ടു കൂടിയാവാം ഈ പിൻവാങ്ങൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ കുട്ടികളാണ് ഇത്തവണ മലയിറങ്ങി തിരുവനന്തപുരത്തെ കലോത്സവവേദിയിലേക്ക് ഓടിക്കയറാൻ ആത്മവിശ്വാസത്തോടെ തയ്യാറെടുക്കുന്നത്.
കലാമേളയിൽ നിലവിലുള്ള നൃത്ത ഇനങ്ങളെയെല്ലാം പിന്തള്ളി ഇത്തവണ കലോത്സവ വേദി തന്നെ പിടിച്ചെടുക്കാൻ ഗംഭീരമായി തന്നെയാണ് ഗോത്രകലകളുടെ വരവ്. സ്കൂളിനു പുറത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമ്പോൾ കുട്ടികൾക്ക് ലഭിക്കുന്ന ആത്മവിശ്വാസം ഏറെ വലുതാണ്.
കലാമേളകളിൽ ഗോത്രവിദ്യാർത്ഥികളുടെ പങ്കാളിത്തം പോലെ പ്രധാനമാണ് ഗോത്രവർഗ്ഗ അധ്യാപകരുടെ പങ്കാളിത്തവും. ഏത് സംസ്ഥാനമേളകളിലാണ് വിധികർത്താവ് എന്ന നിലയ്ക്ക് ഗോത്രവർഗ അധ്യാപകർക്ക് ഇന്നുവരെ സ്ഥാനം ലഭിച്ചിട്ടുള്ളത്?
കലോത്സവത്തിലെ ഏറ്റവും ‘ഗ്ലാമർ ഇനം’ എന്നറിയപ്പെടുന്ന നൃത്ത ഇനങ്ങളുടെ സമീപത്തെത്താൻ പോലും സാധിക്കാത്ത വിധം പണവും മറ്റ് ആധിപത്യങ്ങളും അരങ്ങു വാഴുന്നിടത്താണ് കേരളത്തിലെ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരവസരം തുറന്നിടുന്നത്. കുട്ടികൾക്കുമാത്രമല്ല; പരിശീലകർ എന്ന നിലക്ക് കേരളത്തിലെ ഗോത്രകലാകാരർക്ക് ലഭിക്കുന്ന സ്വീകാര്യതയും വളരെ വലുതാണ്.
കലാമേളകളിൽ ഗോത്രവിദ്യാർത്ഥികളുടെ പങ്കാളിത്തം പോലെ പ്രധാനമാണ് ഗോത്രവർഗ്ഗ അധ്യാപകരുടെ പങ്കാളിത്തവും. ഏത് സംസ്ഥാനമേളകളിലാണ് വിധികർത്താവ് എന്ന നിലയ്ക്ക് ഗോത്രവർഗ അധ്യാപകർക്ക് ഇന്നുവരെ സ്ഥാനം ലഭിച്ചിട്ടുള്ളത്? ഗോത്രവിഭാഗം അധ്യാപകർക്ക് കേരളത്തിന്റെ വിദ്യാഭ്യാസ പ്രക്രിയയിൽ അഭിമാനത്തോടെ പങ്കാളിയാകാനുള്ള ഒരവസരം കൂടിയാണ് ഇതിലൂടെ സാധ്യമാകുന്നത്.
ഗോത്രകലകൾ പൊതുമത്സരയിനമാക്കിക്കൊണ്ടുള്ള ഈ പ്രഖ്യാപനം അത്രയേറെ അഭിനന്ദനമർഹിക്കുന്ന ഒന്നാകുന്നതും അതുകൊണ്ടുതന്നെ. എന്നാൽ ആസൂത്രണത്തിലെ ചില അപാകങ്ങൾ ഇതോടൊപ്പം ചൂണ്ടിക്കാണിക്കാതെ വയ്യ.
ഏതാണ്ട് എല്ലാ ജില്ലകളിലെയും ഉപജില്ല, ജില്ല കലോത്സവങ്ങൾ പൂർത്തിയായി. സംസ്ഥാനതല മുന്നൊരുക്കങ്ങളാണ് നടക്കാനിരിക്കുന്നത്. അവതരണത്തിലും വിധി നിർണയത്തിലും ഏറെ പാകപ്പിഴകളും അസ്വാരസ്യങ്ങളും ഉണ്ടായി എന്നത് സോഷ്യൽ മീഡിയാ കോലഹലങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതാണല്ലോ.
തുടക്കമല്ലേ, ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന അലസനിലപാടാണ് പലർക്കും ഇക്കാര്യത്തിൽ. ആദ്യഘട്ടങ്ങളിൽ സംഘാടകരും വേണ്ടത്ര മുന്നൊരുക്കം സ്വീകരിച്ചില്ല എന്നതു കൂടിയായിരുന്നു ഈ പ്രശ്നങ്ങൾക്ക് കാരണമായതും. തുടക്കമായതുകൊണ്ട് തന്നെയാണ് സൂക്ഷ്മ ശ്രദ്ധ വേണ്ടത്. ഈ വർഷത്തെ അവതരണവും വിലയിരുത്തലും മുൻനിർത്തിയാകും വരും വർഷങ്ങളിലെ പങ്കാളിത്തം എന്നതുകൊണ്ടുതന്നെ കഴിയുന്നത്ര സൂക്ഷ്മത പാലിക്കേണ്ടത് അനിവാര്യമാണ്. ഗോത്രകലയല്ലേ ഇങ്ങനെയൊക്കെ മതി എന്ന നിലപാടാണ് പലർക്കും എന്ന് തോന്നിയിട്ടുണ്ട്. അതേറെ അപകടകരവുമാണ്.
‘ഇരുള നൃത്തം’ എന്ന പേര് യഥാർത്ഥത്തിൽ ഈ കലയ്ക്കില്ല. ഇരുള ഭാഷയിൽ ‘ആട്ടം പാട്ട്’ എന്നാണ് ഈ കലാരൂപത്തിന് പേര്. മോഹിനിയാട്ടത്തിന്റെയും ഭരതനാട്യത്തിന്റെയും പേരിനു പകരം ‘കേരള നൃത്തം’, ‘തമിഴ് നൃത്തം’ എന്നിങ്ങനെ പേര് നൽകിയാൽ എങ്ങനെയിരിക്കും?
കേരളത്തിൽ 37- ഓളം ഗോത്ര വിഭാഗങ്ങളുള്ളതിൽ അഞ്ചിനം മാത്രമാണ് മത്സരയിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. മാവിലൻ സമുദായത്തിന്റെ മംഗലംകളി, വയനാട്ടിൽ നിന്നുള്ള പണിയ നൃത്തം, അട്ടപ്പാടിയിൽ നിന്നുള്ള ഇരുള നൃത്തം, പളിയ വിഭാഗത്തിന്റെ പളിയ നൃത്തം, മലപ്പുലയ ആട്ടം എന്നിവയാണ് ഈ അഞ്ചിനങ്ങൾ.
എന്തുകൊണ്ട് ഈ അഞ്ച് വിഭാഗങ്ങളുടേതുമാത്രം തിരഞ്ഞെടുത്തു എന്നതിന് പ്രത്യേക മാനദണ്ഡം കണ്ടെത്താനാകുന്നില്ല. ജനസംഖ്യയുടെ അടിസ്ഥാനത്തിലാകുമോ അതോ ഏറ്റവും ജനപ്രീതിയുള്ള ഇനങ്ങൾ എന്നതാകുമോ ഈ തെരഞ്ഞെടുപ്പിനു പുറകിൽ? അതിനുത്തരം നൽകേണ്ടത് ആരാണ്?
ഗോത്രകലകൾ കലോത്സവത്തിൽ ഉൾച്ചേർക്കുന്നതിനായുള്ള മാന്വൽ പരിഷ്കരണത്തിലോ നിയമാവലി തയ്യാറാക്കുന്നതിലോ അതാത് വിഭാഗത്തിന്റെ പ്രതിനിധികൾ ഉൾപ്പെട്ടിരിക്കുമോ? ഉണ്ടാകാനിടയില്ല എന്നുതന്നെയാണ് മാന്വൽ നിയമാവലി വായിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നത്. ഗോത്രകലകളെ കുറിച്ച് ഗൂഗിളിൽ തിരഞ്ഞാൽ ലഭ്യമാകുന്ന അതേ വിവരങ്ങൾ മാത്രമാണ് മാന്വലിലുള്ളത്, അക്ഷരത്തെറ്റടക്കം അതേ ക്രമത്തിൽ തന്നെ.
അട്ടപ്പാടിയിൽ നിന്ന് ഇപ്പോൾ മത്സരത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ഇരുള വിഭാഗത്തിന്റെ കളിയാണ്. അട്ടപ്പാടിയിൽ തന്നെ മൂന്ന് ഗോത്ര വിഭാഗങ്ങളുണ്ട്. മുഡുഗരുടെയും കുറുമ്പരുടെയും കലകൾ ഉൾപ്പെട്ടിട്ടുമില്ല. ‘ഇരുള നൃത്തം’ എന്ന പേര് യഥാർത്ഥത്തിൽ ഈ കലയ്ക്കില്ല. ഇരുള ഭാഷയിൽ ‘ആട്ടം പാട്ട്’ എന്നാണ് ഈ കലാരൂപത്തിന് പേര്. മോഹിനിയാട്ടത്തിന്റെയും ഭരതനാട്യത്തിന്റെയും പേരിനു പകരം ‘കേരള നൃത്തം’, ‘തമിഴ് നൃത്തം’ എന്നിങ്ങനെ പേര് നൽകിയാൽ എങ്ങനെയിരിക്കും?
ഗോത്രജനയുടെ വികസന സങ്കൽപ്പങ്ങൾക്കും ഗോത്ര ഭാഷകൾക്കും ഗോത്ര സാഹിത്യത്തിനും മേൽ നിലനിൽക്കുന്ന അധിനിവേശം ഗോത്രകലകളോടും ആകാം എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ പേര് നൽകൽ പോലും. ‘മുഖ്യധാര’ എന്ന് വിളിക്കപ്പെടുന്ന ധാരയോട് താരതമ്യപ്പെടുത്തി മാത്രമേ ഗോത്ര വിഭാഗങ്ങളെ കാണാനാകൂ എന്ന പരിമിതി കൂടിയാണ് ഇതിൽ വ്യക്തമാക്കുന്നത്.
‘ഇരുളരുടെ കൃഷിയുമായി ബന്ധപ്പെട്ട ആഹ്ലാദ നൃത്തം -കുരുമ്പലം - എന്നറിയപ്പെടുന്നു’ എന്നാണ് മാന്വൽ കാണുന്നത്. യഥാർത്ഥത്തിൽ ഈ ചടങ്ങിന് പേര് ‘കമ്പളം’ എന്നാണ്. അപ്പോൾ പിന്നെ ‘കുരുമ്പലം’ എന്ന പേര് എവിടെ നിന്നു വന്നു? ഇരുള വാദ്യോപകരണങ്ങളുടെ പേരുപോലും തെറ്റായാണ് മാന്വലിൽ ചേർത്തിട്ടുള്ളത്. പെറെ, ദെവില്, കൊഗാല്, ജാലറ എന്നിവയാണ് യഥാർത്ഥ വാദ്യോപകരണങ്ങൾ. മാന്വലിൽ ഇത് യഥാക്രമം പെറെയ്, ദവിൽ, പീക്കി, ജാലറ എന്നാണ് എഴുതി പിടിപ്പിച്ചിട്ടുള്ളത്. ‘പീക്കി’ എന്നൊരു വാദ്യോപകരണമേ ഇരുള വിഭാഗത്തിനില്ല.
മത്സരത്തിന്റെ അവസാനവാക്കാകേണ്ട മാന്വൽ നിയമങ്ങളിൽ തന്നെ ഇത്തരം തെറ്റുകൾ കടന്നുകൂടിയാൽ എന്താകും അവസ്ഥ? അപ്പീൽ പോലും പരിഗണിക്കപ്പെടുന്നത് മാന്വൽ നിയമങ്ങൾ കൂടി കണക്കിലെടുത്താണ്. മാന്വൽ നിയമങ്ങൾ തയ്യാറാക്കുന്ന സമയത്ത് ആ വിഭാഗത്തിൽപ്പെട്ട ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരമൊരു തെറ്റ് സംഭവിക്കില്ലായിരുന്നുവല്ലോ.
ഇവിടെയാണ് അനുപ്രശോഭിനി എന്ന പെൺകുട്ടിയുടെ ഉറക്കെയുള്ള ചോദ്യം പ്രസക്തമാകുന്നത്. സംഘാടകരുടെ മൈക്ക് പിടിച്ചു വാങ്ങിക്കൊണ്ടാണ്, അവിടെ വിധികർത്താക്കളായി വന്നവരിൽ അടിസ്ഥാനപരമായി തനതു കലകൾ അറിയുന്നവർ ഉണ്ടോ എന്ന് അസാധാരണമായ ആജ്ഞാശക്തിയോടെ അനു പ്രശോഭിനി ചോദിച്ചത്. ആ ചോദ്യം തന്നെയാണ്, തുടർന്നുവരുന്ന എല്ലാ മേളകളിലും തനത്കല അറിയാവുന്നവരെ തന്നെ വിധികർത്താക്കളായി കിട്ടാൻ സംഘാടകരെ നെട്ടോട്ടമോടിപ്പിച്ചത്. അതിനും വിമർശനങ്ങളും മറുകുറിപ്പുകളും ഉണ്ടായിരിക്കാം എങ്കിലും അത്രയും ലൗഡ് ആയ ഒരു ചോദ്യം ഉണ്ടായിരുന്നില്ലെങ്കിൽ ഗോത്രകലകളുടെ വിധി നിർണ്ണയത്തിന്, ‘ഇങ്ങനെയൊക്കെ പോരേ’ എന്ന അലസ മനോഭാവം ആവർത്തിക്കപ്പെടുമായിരുന്നു എന്നതിൽ തർക്കമില്ല.
ഗോത്രകലകൾ യഥാർത്ഥത്തിൽ പ്രദർശനയിനമല്ല; മറിച്ച് ആചാരങ്ങളുടെ ഭാഗമാണ്. ഗോത്രകലകൾ കണ്ട് ആസ്വദിക്കാനുള്ളതുമല്ല അവ കളിച്ച് ആസ്വദിക്കാനുള്ളതാണ്. കാണികളല്ല കളിക്കാരാണ് യഥാർത്ഥത്തിൽ ഇവിടെ ആസ്വാദകരാകുന്നത്. മണിക്കൂറുകളോളം മടുപ്പില്ലാതെയും ഇടതടവില്ലാതെയും കളിക്കുന്നവയാണ് പല കളികളും. കളിക്കാർ വരികയും പോകുകയും ചെയ്യും. അതാണ് ഗോത്രകലകളുടെ അവതരണ രീതി.
എന്നാൽ മത്സരത്തിന്റെ ഭാഗമാകുമ്പോൾ തീർച്ചയായും ചില നിബന്ധനകൾ ആവശ്യമായി വരുമല്ലോ. അവതരണം 15 മിനിറ്റ് ആയും അംഗങ്ങളുടെ എണ്ണം 12 ആയും പരിമിതപ്പെടുത്തിയത് ആ അർത്ഥത്തിൽ സ്വീകരിക്കാവുന്നതുതന്നെയാണ്.
ഗോത്രകലകൾ അഭ്യസിക്കുക എന്നത് കേൾക്കുന്നതുപോലെ അത്ര ലളിതമല്ല. അസാധാരണമായ മെയ് വഴക്കം ആവശ്യപ്പെടുന്നതാണവ. അടിമുതൽ മുടി വരെ ശരീരം സ്വാഭാവികമായ താളാത്മകത കൈവരിക്കുകയാണ്. പാട്ടിന്റെ താളത്തിൽ ശരീരമാകെ പ്രത്യേക തരത്തിൽ തളർത്തിയിട്ട്, കൈകൊട്ടിനും ചുവടുകൾക്കും അമിത ബലപ്രയോഗമില്ലാതെ ഉലഞ്ഞുലഞ്ഞാണ് ചുവടുവെയ്പുകൾ. സിനിമാറ്റിക് ഡാൻസ് പോലെ യുട്യൂബിന്റെ സഹായത്തോടെ അത്രയെളുപ്പം അഭ്യസിച്ചെടുക്കാവുന്നതല്ല ആ മെയ് വഴക്കം. അത് ഗോത്ര ജനതക്ക് സ്വന്തമായ തനത് ആവിഷ്കാര രീതി തന്നെയാണ്. നല്ല തുടർ പരിശീലനത്തിലൂടെത്തന്നെയേ അത് സാധ്യമാക്കാനാകൂ.
അതിലേറെ സൂക്ഷ്മതയോടെ പ്രയോഗിക്കേണ്ടതാണ് ഗോത്രഗാനങ്ങൾ. ഓരോ പാട്ടുകളും ഓരോ കഥ തന്നെയാണ്. നിശ്ചിത സന്ദർഭങ്ങളിൽ ആശയം പ്രകടിപ്പിക്കുന്നതിനുള്ള ഉപാധികൾ കൂടിയായിരുന്നു ഗോത്രജനതക്ക് ഗാനങ്ങൾ. പാട്ടിന്റെ ആവിഷ്കാര രീതിക്കുമുണ്ട് തനതായ പ്രത്യേകത. പെട്ടെന്ന് പാടി പരിശീലിച്ചെടുക്കാവുന്നതല്ല ആ ഗാനാവതരണ രീതി. അതിലെ ഭാഷാപ്രയോഗങ്ങളും ഉച്ചാരണരീതിയും കൃത്യമാകണമെങ്കിൽ തനതുഭാഷ അറിയുന്നവരിൽ നിന്നുതന്നെ പഠിച്ചെടുക്കണം. അർത്ഥമറിഞ്ഞു കൊണ്ടുതന്നെ പാടുകയും ചെയ്യുമ്പോഴാണ് തനിമ കൈവരിക്കാനാകുക.
പാട്ടുകളുടെ അവതരണത്തിനും കൃത്യമായ ക്രമമുണ്ട്. തുടക്കത്തിൽ ഉപയോഗിക്കുന്നവ, ആട്ടത്തിന്റെ മധ്യസ്ഥായിയിൽ ഉപയോഗിക്കേണ്ടവ, ആടി അവസാനിപ്പിക്കുമ്പോൾ പാടേണ്ട പാട്ടുകൾ എന്നിങ്ങനെ നിശ്ചിതമായ രീതികളുണ്ട്.
ഉദാഹരണം:
ഇരുള ഭാഷയിലെ ‘അദാചക്ക, അദക്ക ചക്ക ... അപ്പടി പോട്, ആഹാ ... ഓഹോ...’ എന്ന പാട്ട്. കളി തുടങ്ങുമ്പോൾ ആളുകളെ വിളിച്ചുകൂട്ടുന്നതിനുള്ളതാണ് ഈ പാട്ട്. താളം മുറുകി വരുമ്പോഴേക്കും പലയിടത്തുനിന്നും പങ്കാളികളെത്തി കളിയുടെ ഭാഗമാവും. തുടർന്ന് ഓരോ പാട്ടുകളായി പാടിയാടും. പാട്ടുകൾക്കനുസരിച്ചാണ് ചുവടുകളുടെ ക്രമവും.
നൃത്തത്തോളം പ്രധാനമാണ് പെറെയും ദവിലും ജാലറയും കൊഗാലും ചേർന്നൊരുക്കുന്ന താളവാദ്യവിസ്മയം. അത് യൂട്യൂബിൽ കണ്ട് അനുകരിക്കാവുന്ന കലയല്ല. കൊഗാല് വായന അതി സങ്കീർണ്ണമായ ഒന്നാണ്. മരം കൊണ്ടുണ്ടാക്കുന്ന സുഷിര വാദ്യോപകരണമാണ് കൊഗാല്. ദീർഘനേരം ശ്വാസം ഉള്ളിലേക്കെടുത്ത് അടക്കിപ്പിടിച്ച് കൈയടക്കത്തോടെ പരിശീലിച്ചെടുക്കേണ്ട ഒന്നാണത്. കൊഗാല് വായിക്കാനറിയാവുന്നവർ ഇപ്പോൾ ഗോത്രവിഭാഗത്തിൽ അപൂർവ്വമാണ്. പുതുതലമുറ ഇത് അഭ്യസിക്കുന്നതേയില്ല. കലോത്സവത്തിന്റെ ഭാഗമാകുമ്പോൾ തനിമ നിലനിർത്തുന്നതിനായി ഈ വാദ്യോപകരണങ്ങൾക്കും പുതുജീവൻ ലഭ്യമാകുമെന്നത് അഭിമാനകരമാണ്.
വേഷത്തിലും അലങ്കാരത്തിലും പുലർത്തുന്ന ലാളിത്യവും കൂടി ചേർന്നതാണ് ഗോത്രത്തനിമ. കടും വർണ്ണങ്ങളില്ല. പരമ്പരാഗതമായ പ്രകൃതിദത്ത വർണ്ണങ്ങളാണ് വസ്ത്രങ്ങൾക്കുള്ളത്. ഇരുള വിഭാഗം സ്ത്രീകൾക്ക് ഒറ്റമുണ്ടുതന്നെ പ്രത്യേക രീതിയിൽ ചുറ്റിക്കെട്ടിയുള്ള ഉടുപ്പിക്കലാണ്. പരമ്പരാഗത രീതിയിൽ ബ്ലൗസ് ധരിക്കാത്തതിനാൽ കഴിവതും ശരീരവർണ്ണത്തോട് ചേർന്നുനിൽക്കുന്ന സാധാരണ ബ്ലൗസായിരിക്കും ചേർച്ച. കാശു മാല, കാല് തണ്ടെ, കയ്യ് തണ്ടെ എന്നിവയും ധരിക്കാം. മുടിയിൽ മറ്റ് അലങ്കാരങ്ങളില്ല.
ആണുങ്ങൾക്ക് ഒറ്റമുണ്ട്, മേൽവസ്ത്രമില്ല. ‘മാറടിഗെ’ എന്ന, തോളിൽനിന്ന് അരയിലേക്ക് ചേരുന്ന ഉടുത്തുകെട്ടാണ്. ഇതുപോലെ ഓരോ ഗോത്രവിഭാഗത്തിനും തനത് വേഷാലങ്കാരരീതികളാണുള്ളത്. മത്സരത്തിനാകുമ്പോൾ കഴിയുന്നത്ര തനിമ പാലിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടതും.
ഇത്തവണ സബ്ജില്ലാജില്ലാ മേളകളുടെ വിധികർത്താവാകാൻ അവസരം ലഭിച്ചപ്പോഴുണ്ടായ രസകരമായ ചില അനുഭവങ്ങൾ കൂടി പങ്കുവയ്ക്കാം.
ഗോത്രനൃത്തം ജഡ്ജ്മെൻ്റിന്, ഇരുളനൃത്തത്തിന് അട്ടപ്പാടിയിൽ നിന്നും പണിയ നൃത്തത്തിന് വയനാട്ടിൽനിന്നും മംഗലം കളിക്ക് കാസർകോഡുനിന്നും സുഹൃത്തുക്കൾ എത്തിയിരുന്നു.
‘വേദിയിൽ പണിയ നൃത്തം, ജഡ്ജസ് പ്ലീസ് നോട്ട്’, അനൗൺസ്മെൻ്റ് മുഴങ്ങി.
പുത്തൻ സെറ്റുമുണ്ട് സിനിമാറ്റിക് സ്റ്റൈലിൽ ഉടുത്തണിഞ്ഞ് നീട്ടിയെഴുതിയ കണ്ണെഴുത്തും ഒരു വശത്തേക്ക് ചായ്ച്ചുകെട്ടിയ മുടിയിൽ വട്ടത്തിൽ മുല്ലപ്പൂവും ചൂടിയ സുന്ദരിമാർ കൈയിൽ ഉടുക്കിന്റെ കൊച്ചു രൂപവുമായി വേദിയുടെ ഒരു വശത്തുനിന്ന് താളത്തിൽ ചുവടുവെച്ചെത്തി. പിന്നെ പുത്തൻ മുറം, ചേമ്പില, കറ്റ, മുളം കുട്ട, കോലടികളിയൊക്കെ മാറി മാറി വന്നു. ആകെ മൊത്തം നാടോടിനൃത്തത്തിന്റെ ഒരു ഗ്രൂപ്പ് വേർഷൻ.
ഇരുള സംഘം എത്തിയതാകട്ടെ ആകെ കറുപ്പണിഞ്ഞ് കഴുത്തിൽ പല വർണ്ണങ്ങളിലുള്ള കല്ലുമാലയും ചാർത്തി. മാർഗ്ഗം കളിയുടെതുപോലെ ഇരുവശത്തേക്കും കൈവീശി അമർത്തിച്ചവിട്ടിയ ചുവടുകളും.
നടുവിലെ ‘പക്കമേള’ക്കാരുടെ കയ്യിൽ ചെണ്ടയും തുടിയും. ( ഇരുള നൃത്തത്തിലെ പെറെ, ദവില്, കൊഗാല് ജാലറ എന്നിവക്കുപകരമാണ് കിട്ടിയതും കൊണ്ട് തട്ടൽ.) പാട്ടാണെങ്കിലോ നല്ല ഉച്ചസ്ഥായിൽ നീട്ടിപ്പാടിയും.
മൂന്നാം സംഘം എത്തിയത് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യമേ ഒരു വലിയ ഇൻട്രോ: ‘കേരളം, തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിലെ ഇരുണ്ട കാടുകളിൽ വസിക്കുന്നവരാണ് ഇരുളർ. ഇരുണ്ട നിറമുള്ളതുകൊണ്ടാണ് ഇവർക്ക് ഇരുളർ എന്ന പേർ ലഭിച്ചത്. കാട്ടുകിഴങ്ങുകൾ ഭക്ഷിച്ചും പാമ്പ്, എലി എന്നിവയെ പിടിച്ചുമാണ് ഇവർ ഉപജീവനം നടത്തുന്നത്’.
ഇൻട്രോ കേട്ടതോടെ പകുതി ജീവൻ പോയി. ഇരുള ഗാനത്തിൽ ഇടക്കിടെ വയനാടൻ ശീലുകളുമായി ആകെ ഒരവിയൽ പരുവം. എല്ലാം കൂടി കണ്ടിട്ട് ഇതിന് വിധിനിർണ്ണയിക്കേണ്ടി വന്ന ഞങ്ങളുടെ വിധിയോർത്ത് കരയാനാണ് തോന്നിയത്. കൂട്ടത്തിലെ ഇരുള വിഭാഗത്തിൽ നിന്നുള്ള അധ്യാപകൻ ഫലപ്രഖ്യാപന സമയത്ത് ഇത് വ്യക്തമാക്കി സംസാരിച്ചു. (ഇരുളർ അല്ല; എറ്ളർ എന്നതാണ് യഥാർത്ഥ പ്രയോഗം. ഏറ് ഓട്ടുന്നവർ - കാളപൂട്ടി മണ്ണിൽ കൃഷി ചെയ്യുന്നവർ എന്നതിൽ നിന്നാണ് എറ്ളർ എന്ന പദം രൂപം കൊണ്ടത് അല്ലാതെ ഇരുണ്ട നിറമുള്ളതുകൊണ്ടല്ല.)
ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് സത്യമായും അതിശയിച്ചുപോയി. അട്ടപ്പാടി വയനാട്ടിലല്ലേ എന്ന് നിഷ്കളങ്കമായി അന്വേഷിക്കുന്ന ഈ എസ്കോർട്ടിംഗ് അധ്യാപകർ, ജഡ്ജ് മെൻ്റ് സമയത്ത് കാര്യകാരണസഹിതം വിശദീകരിച്ച് കൊടുത്തശേഷവും, കുട്ടികളെ വിട്ട്, ‘ഞങ്ങൾ നന്നായി കളിച്ചല്ലോ, എന്നിട്ടെന്തേ ഞങ്ങൾക്ക് സമ്മാനം കിട്ടാത്തത്’ എന്ന് ചോദിപ്പിക്കാനും മറന്നില്ല എന്നതാണ് ഏറെ സങ്കടകരം. പാവം കുട്ടികൾ, തങ്ങളുടെ സ്കൂളിനെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ ലഭ്യമായ 15 മിനിട്ട് നേരം പരമാവധി ഊർജ്ജമെടുത്ത് ആത്മാർത്ഥമായി കളിച്ച് തീർക്കുകയാണ്. കുട്ടികളെ യാതൊരു വിധത്തിലും കുറ്റപ്പെടുത്താൻ ഞങ്ങൾക്കായില്ല. അവർ അധ്യാപകരുടെ ആജ്ഞയനുസരിച്ച് അനുസരണയോടെ ആടിക്കാണിക്കുന്നു.
ഇനിയും പറയാനുള്ളത് അധ്യാപകരോടു തന്നെയാണ്. സ്കൂളിന് പോയൻ്റ് കിട്ടാനും കുട്ടികൾക്ക് ഗ്രേസ് മാർക്ക് നേടിക്കൊടുക്കാനുമുള്ള നിങ്ങളുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാതെ തന്നെ അഭ്യർത്ഥിക്കുകയാണ്; അട്ടപ്പാടിയും വയനാടും കാസർകോഡും ഇടുക്കിയുമൊന്നും ഏറെ വിദൂരത്തുള്ള പ്രദേശങ്ങളല്ല. നിങ്ങൾ ഈ നാടുകളിലേക്കൊന്നു ചെല്ലണം. കുട്ടികളെയും കൊണ്ട് ഈ നാടൊക്കെ ഒന്ന് കാണിക്കണം. അവിടത്തെ മനുഷ്യരോട് മനസ്സു തുറന്നങ്ങ് സംസാരിക്കണം. കുട്ടികളെക്കൊണ്ട് ഈ കോമാളി വേഷം കെട്ടിയാടിക്കുന്നതിനുമുൻപ് നിങ്ങളുടെ ചുറ്റുമുള്ള മനുഷ്യരുടെ ജീവിതമൊന്ന് മനസ്സിലാക്കണം. അവിടത്തെ പരമ്പരാഗത കലയെയും കലാകാരരെയും അറിയാൻ ശ്രമിക്കണം. അവരുടെ പരമ്പരാഗത കല അഭ്യസിക്കാനും അവതരിപ്പിക്കാനും ആ മനുഷ്യരുടെ സഹായം അഭ്യർത്ഥിക്കണം.
ഗോത്രനൃത്തമെന്നത് കലയെന്നതിലുപരി ഒരു ജനതയുടെ ആത്മാവിഷ്കാരമാണ്. അതിന് നിയതമായ ചിട്ടവട്ടങ്ങളുണ്ട്. പാട്ടിന് നിശ്ചിതമായ രീതികളും ശൈലികളുമുണ്ട്. താളവാദ്യങ്ങൾക്ക് ക്രമമുണ്ട്. അംഗചലനങ്ങൾക്കും ചുവടുവെയ്പുകൾക്കും അസൂയാവഹമായ താളക്രമമുണ്ട്. അത് അനുകരിച്ചെടുക്കൽ അത്ര എളുപ്പപ്പണിയല്ല. നിങ്ങൾ വൻ തുക മുടക്കി സംഘനൃത്തവും ‘ക്ലാസിക് കല’കളുമൊക്കെ പഠിപ്പിക്കാൻ ആളെ വെക്കുന്നുണ്ടല്ലോ. ഇപ്പോഴെങ്കിലും ഇവിടത്തെ കലാകാരർക്ക് ഒരവസരം ലഭിക്കട്ടെ.
സ്കൂളിന് പേരുണ്ടാക്കാൻ വേണ്ടി മാത്രം കുട്ടികളുടെ പണവും ഊർജ്ജവും സമയവും നഷ്ടപ്പെടുത്തരുത്. തനതു കല അറിയുന്ന കലാകാരൻമാരുടെ കയ്യിൽ നിന്ന് തന്നെ അത് പഠിച്ചെടുക്കാൻ കുട്ടികളെ സഹായിക്കുക. അതാണ് ഉത്തരവാദിത്വമുള്ള അധ്യാപകർ ചെയ്യേണ്ടത്.
ഇനി സംഘാടകരോടുകൂടി ഒരു വാക്ക്; ഗോത്രകലകളുടെ വിധികർത്താക്കളായി വരുന്നവർ തനതു കലകളും മാന്വൽ നിയമാവലിയും കൃത്യമായി ഉൾക്കൊണ്ടവരാകണം എന്നതിൽ തർക്കമുണ്ടാകരുത്. വിധിപ്രഖ്യാപനവേളയിൽ മത്സരാർത്ഥികളെ അത് വ്യക്തമായി ബോധ്യപ്പെടുത്താനും വിധികർത്താക്കൾക്ക് സാധിക്കണം. മൂല്യനിർണ്ണയം വസ്തുനിഷ്ഠമാക്കിയില്ലെങ്കിൽ, മാന്വൽ നിയമങ്ങൾ കുറ്റമറ്റതാക്കിയില്ലെങ്കിൽ, കലോത്സവ വേദി വീണ്ടുമൊരു കലാപവേദിയായി മാറുമെന്നതിന്റെ ദുഃസൂചനയാണ് ഇതിനകം, ചില വേദികളിൽനിന്ന് ലഭ്യമായ വിവരങ്ങൾ നമുക്ക് നൽകിയിട്ടുള്ളത്. ശ്രദ്ധയോടെ കൃത്യനിഷ്ഠയോടെ മാന്വൽ നിയമങ്ങൾ തയ്യാറാക്കിയില്ലെങ്കിൽ, വിധിനിർണ്ണയം നടത്തിയില്ലെങ്കിൽ പാളിപ്പോകും, എല്ലാ പരിശ്രമങ്ങളും.
ഗോത്രകലകൾക്ക് മൂല്യനിർണ്ണയം നടത്താൻ ഓരോ വിഭാഗത്തിനും അനുയോജ്യമായ വിധികർത്താക്കളുടെ പാനൽ തയ്യാറാക്കണം. തനതു കലകളിൽ പ്രാവീണ്യമുള്ളവരെ അടിയന്തരമായി വിളിച്ചു ചേർത്ത് അവരുമായി ചർച്ച ചെയ്ത് വിധിനിർണ്ണയ നിയമങ്ങൾ കൃത്യമാക്കി എത്രയും വേഗം മേളകളുടെ നടത്തിപ്പുകാർക്ക് നൽകണം.
ഒരു ജനതയുടെ ജീവിതാവിഷ്കാരങ്ങളായ ഗോത്രകലകൾ വെറും കോമാളിക്കളിയാക്കി മാറിപ്പോകാവുന്ന അവസ്ഥ ഉണ്ടാക്കരുത്.