ഇ. മീര

ഏകാന്തതയിലിരുന്ന് മരിച്ചുപോയവരുടെ ഛായാചിത്രം വരയ്ക്കാൻ എനിക്കിഷ്ടമാണ്…

എന്റെ വിഭ്രമങ്ങളും വിഷാദവും അതിജീവനപരിശ്രമങ്ങളും പ്രകൃതിയും പ്രണയവും ഒക്കെയും വരികളിലൂടെയോ വരകളിലൂടെയോ പ്രതിഛായപ്പെടുന്നുണ്ടോ, ആരിലേക്കെങ്കിലും എത്തുന്നുണ്ടോ എന്നൊന്നും അറിയില്ല. എഴുതാതിരുന്നേക്കാം, പക്ഷേ രോഗാതുരമായ കണ്ണുകൾ അനുവദിക്കുന്നിടത്തോളം കാലം വരയ്ക്കാതിരിക്കാനെനിക്കാവതില്ല.

ഇ. മീര

നുരാഗപൂർവ്വം തേടിനടക്കുന്നതും സ്വയമറിയാതെ കൂടെയുള്ളതും രണ്ടും രണ്ടാണ്. ആദ്യത്തേത് വല്ലപ്പോഴും സമീപിക്കുന്ന വശ്യപ്രണയത്തോടുള്ള ആവേശമെങ്കിൽ രണ്ടാമത്തേത് ആത്മസ്വത്വത്തോടുള്ള ഏറ്റവും സ്വാതന്ത്ര്യമുള്ള ഭാരമില്ലായ്മയാണ്.

ചിലപ്പോൾ ഒരേ ചിന്തയെ എഴുതുകയും വരക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചാൽ ഇങ്ങനെ വേർതിരിക്കാനേ എനിക്ക് സാധിക്കാറുള്ളൂ. എന്നെ സംബന്ധിച്ച് മേല്പറഞ്ഞവയിൽ ആദ്യത്തേത് കവിതയും രണ്ടാമത്തേത് ചിത്രവുമാണ് എന്ന് തോന്നാറുണ്ട്. ചിത്രരചനയിലാണ് ഏറ്റവും ധ്യാനാത്മകമായി സ്വയം മറന്ന് മുഴുകാൻ ഏറെ നേരം സാധിക്കാറുള്ളത് എങ്കിലും വൈകാരിക അനുഭൂതികൾ അതിന്റെ തീവ്രതയിൽ മൂർച്ഛിച്ചിട്ടുള്ളത് വളരെ സ്പൊണ്ടേനിയസ് ആയി കവിതയുടെ വരികൾ കുറിക്കുമ്പോൾ ആണെന്നത് കാരണമറിയാത്ത കൗതുകമാണ്. വിഷാദവും വേദനകളും പ്രതീക്ഷയും പ്രണയവും മടുപ്പും പ്രതികരണങ്ങളും ഉന്മാദവും എല്ലാം ഇവ രണ്ടിലും വന്നു തൊടുന്നുണ്ടാവാം എങ്കിലും ഒറ്റവാചകത്തിൽ, വൈകാരികമായ അതിജീവനത്തിനുള്ള ഉപാധിയാണ് എനിക്ക് ഈ രണ്ട് ആവിഷ്കാര മാധ്യമങ്ങളും എന്നേ ഞാൻ പറയൂ. പറയാനാവാത്തത് വരയ്ക്കുന്നു. വരയ്ക്കാനാവാത്തവ പറയുന്നു. ചിലത് വരയും വരിയും ചേർത്തു ചാലിയ്ക്കാൻ ശ്രമിക്കുന്നു..

അടുത്തിടെ ലളിതകലാ അക്കാദമി ഹാളിൽ നടന്ന സോളോ ചിത്രപ്രദർശനത്തിൽ അത്തരത്തിൽ വരിയും വരയും ചേർന്നവയും അല്ലാത്തവയുമായ നാല്പത്തഞ്ചോളം ചിത്രങ്ങളായിരുന്നു പ്രദർശിപ്പിച്ചത്.

ചിത്രങ്ങൾ കോറിവരക്കാത്ത എന്നെ എനിക്ക് ഓർമയില്ല. നാലോ അഞ്ചോ വയസ്സിലെ അവ്യക്തമായ ഓർമ്മകളിൽപ്പോലും ഏകാന്തതയിലെ കൂട്ട് വായിക്കാനുള്ള പുസ്തകങ്ങളും വരയ്ക്കുന്ന കുത്തിവരകളും ആയിരുന്നു. അച്ഛൻ മരിക്കുന്നതിന്റെ മുൻപത്തെ വർഷം, ആദ്യമായും അവസാനമായും ജീവിതത്തിൽ അച്ഛനോട് ലജ്ജിച്ചു ചോദിച്ചു വാങ്ങിപ്പിച്ച് ഏറെ കൊതിച്ചു കിട്ടിയ കളർപെൻസിൽ സെറ്റിനു വേണ്ടിയുള്ള കാത്തിരിപ്പിനോളം സുഖമുള്ള മറ്റൊന്നുമേ എന്റെ കുട്ടിക്കാലത്ത് സംഭവിച്ചിട്ടില്ല. ആഗ്രഹിച്ചിട്ടും പിന്നീട് ജീവിതത്തിൽ  വരയോ സാഹിത്യമോ പഠിക്കാൻ  സാധിച്ചുമില്ല. പത്താം ക്ലാസ് വേനലവധിയ്ക്ക് പടിഞ്ഞാറേ തൊടിയിലെ പൊട്ടക്കിണറ്റിലേയ്ക്ക് വലിച്ചെറിയപ്പെട്ട എന്റെ പ്രിയപ്പെട്ട ഈസലിന് പറയാനുണ്ടാവും, അതിനെക്കുറിച്ച് എന്നെക്കാളേറെ. 

നിലാവുള്ള ദിവസങ്ങളിൽ മുകളിലെ മുറിയിലെ പഞ്ഞിക്കോസറിയിൽ വീണു കിടക്കുന്ന തണുത്ത ജനൽചിത്രത്തിൽ മുഖമമർത്തി ക്കിടക്കുമ്പോൾ…

അമ്മവീടിന്റെ പടിഞ്ഞാറേ തൊടിയറ്റത്ത് പാടത്തിന്റെ വക്കത്ത് മാനം നോക്കി ഏതുനേരവും സ്വപ്നം കണ്ടു കിടക്കുന്ന കുളത്തിന്റെ വക്കത്ത് നിർക്കിളികളും മണ്ണട്ടകളും പുള്ളുകളും ചിലയ്ക്കുന്ന മങ്ങിയ സന്ധ്യകളിൽ വട്ടത്തിൽ വട്ടത്തിലിളകുന്ന നീലകലർന്ന പച്ചച്ച ഓളങ്ങളിൽ നോക്കി പരിസരം മറന്ന് ഏകാകിയായി നിൽക്കുമ്പോൾ... 

നിലാവില്ലാത്ത രാത്രികളിൽ മുറ്റത്ത് മാനം നോക്കി നക്ഷത്രങ്ങൾ പൂത്തുമറിയുന്ന പ്രപഞ്ചത്തെക്കുറിച്ചോർത്ത് കാട് കയറി തല കിറുങ്ങുമ്പോൾ…
ഒക്കെയും വരയും വരിയും ഒന്നുമേയാക്കാനാവാത്ത തണുത്ത ജീവിതാനനന്ദത്തിന്റെ കടച്ചിലിനെ എന്തു ലേപനം കൊണ്ട് തഴുകി ശമിപ്പിക്കണം എന്നറിയാതെ അന്തിച്ചുനിൽക്കുന്ന അന്തർമുഖിയായ ഒരു കുട്ടിയെ ഓർമപ്പെടാറുണ്ട് ഇടക്കൊക്കെ.

ജീവിതമെന്നത് സ്വാഭാവികത മാത്രമല്ല, സ്വയം നിറം ചാലിച്ച് സ്വന്തം ക്യാൻവാസിൽ വരയ്ക്കുന്ന മാസ്റ്റർപീസ് ചിത്രം കൂടിയാണ് എന്ന് മനസ്സിലാക്കി മുതിർന്നപ്പോഴേക്കും മനസ്സിലെ നഷ്ടലോകങ്ങളുടെ കുളപ്പടവുകളിൽ കരിയില മൂടി. ഭൂതകാലത്തിൽ നിന്നൂതിയ വിഷാദത്തിന്റെ കാറ്റ് ഇടയ്ക്കിടെ അതിന്റെ ഓളങ്ങളിൽ ചുഴിക്കുത്തി. എന്നിട്ടും ഇടയ്ക്കിടെ ഋതു മാറും പോലെ മനസ്സ് ഉന്മാദത്തെ മാറ്റിയുടുക്കുന്ന ചുരുങ്ങിയ കാലങ്ങളിൽ ക്യാൻവാസിലും കടലാസിലും വരയും വരിയുമായി എന്തൊക്കെയോ കുറിച്ചു.

അതിജീവനമാണ് കലയുടെയും കവിതയുടെയും ആത്യന്തികമായ അർത്ഥമെന്ന് വെറും ഒരു വ്യക്തിയെന്ന നിലക്ക് എനിക്ക് തോന്നാറുണ്ട്. അതിനുശേഷം മാത്രമായിരിക്കും സാമൂഹികമായ ധർമങ്ങളിലേക്കുള്ള അതിന്റെ വ്യാപ്തി എത്തുന്നത്. മനുഷ്യരിൽ ഏറെയും അവരവരിൽ കുടുങ്ങിക്കിടക്കുകയും ആത്മത്തോട് നിത്യയുദ്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നവരാണ്. എഴുത്തിലോ വരയിലോ ഏർപ്പെടുമ്പോൾ യഥാർത്ഥത്തിൽ നിൽക്കുന്ന ഇടങ്ങളിൽനിന്ന് മാറി മനസ്സ് മറ്റു തലങ്ങളിൽ വ്യാപരിക്കുന്നു. അത് അനുവാചകരിലേക്കെത്തുമ്പോൾ ഭാവനയുടെ വേദനയുടെ ആത്മഹർഷങ്ങളുടെ ആ തലങ്ങൾ സത്യമുള്ള ഇതരലോകങ്ങളായി പരിണമിക്കുന്നതിന്റെ സാക്ഷാത്കാരസുഖമാണ് പലർക്കും എന്നപോലെ കലാസൃഷ്ടിയിൽ നിന്ന് എനിക്കും കിട്ടുന്നത്. അതുകൊണ്ടുതന്നെ ജീവിതമെന്ന പ്രഹേളികയെ അതിജീവിക്കാനാണ് എന്നെ ഈ ആവിഷ്കാരങ്ങൾ ഏറ്റവുമധികം പരിശ്രമിപ്പിച്ചിട്ടുള്ളത് എന്ന് പറയേണ്ടിവരുന്നു.

ചിലപ്പോൾ മിന്നായം പോലെ മിന്നിമായുന്ന ചില പ്രതീതികളെ മനസ്സ് പെട്ടന്ന് പിടിച്ചെടുത്ത് വിഷ്വലൈസ് ചെയ്തുതരാറുണ്ട്. ഏറെ നേരമെടുത്ത് (ചിലപ്പോൾ എണ്ണച്ചായത്തിൽപ്പോലും) അവ വരച്ചുതീരുമ്പോഴേക്കും സ്വയമറിയാതെ അതിലേക്ക് താനേ വന്നു ചേരുന്ന കുറേ ഡീറ്റെയിൽസ് ഉണ്ടാകും. അയഥാർത്ഥമെങ്കിൽപോലും ആ ചിത്രലോകം തുറന്നുതരുന്ന പ്രതീതികൾ, ചിത്രം വരച്ചു കൊണ്ടിരിക്കുന്ന സമയങ്ങളിൽ ശരിക്കും അവാച്യമാണ്.

സെൽഫ് പോർട്രെയിറ്റ് ഭാവമുള്ള ഏറെ ചിത്രങ്ങൾ വരച്ചിട്ടുള്ളത് ഇത്തരം പ്രതീതികളിൽ നിന്നാണ്.

എന്നാൽ, കൃത്യമായ വിഷ്വൽ ഉള്ളിലുണ്ടായിട്ടും ചായം തൊടാൻ തരിപോലും തോന്നാതെ വാക്കുകൾ കൊണ്ട് വരക്കാൻ ശ്രമിച്ച ചില കവിതകളും ഉണ്ട്. അത്തരത്തിൽ ഓർമ വരുന്ന ഒരു കവിതയാണ്  'പ്രാന്തത്തിപ്പാറു.’ 

ഇരിക്കുന്നിടത്തുനിന്ന് ഇളകിയെണീറ്റ്
പാഞ്ഞലച്ചൊരു വരവാണ്...
നെറ്റിയിൽ നിന്നു കത്തും സിന്ദൂരപ്പൊട്ട്.
കഴുത്തിലൊരു കറുത്ത ചരടിൽ തെന്നിത്തെറിക്കും
പൊന്നിൻ പൊട്ട്. 

ഒറ്റമുണ്ടൊതുക്കിക്കൂട്ടി നിർത്താൻ 
പണിപ്പെടും കാറ്റ്. 
മുടിക്കെട്ടഴിച്ചുകുടയുമ്പോൾ ചിന്നും 
കടന്നൽക്കൂട്ടം 
മുറുക്കാൻ നീട്ടിക്കാർക്കിച്ചു തുപ്പുമ്പോൾ
ചിതറും മുരിക്കിൻപൂക്കൾ 

വേലിപിടിച്ച് കുലുക്കുമ്പോൾ,
വീഴാതിരിക്കാൻ മുറുക്കിപ്പിടിച്ച് 
കണ്ണിറുക്കനെയടച്ചു നിൽക്കും പിച്ചകവള്ളി. 

ചവിട്ടിമറിച്ചിട്ടിടത്ത്,
മിണ്ടാതെ ചൂളിക്കിടക്കും 
ചെമ്പരത്തി. 

പുലഭ്യം വിളിച്ചുപറയണതുകേട്ട് വാപൊത്തിച്ചിരിച്ചുപോകും 
പോക്കുവെയില്.. 

‘കടം കൊടുത്ത ചുവപ്പുചേല 
തിരിച്ചിനി എന്നു കിട്ടാനാണാവോ’യെന്ന് 
പലകുറി ഉള്ളിൽ പതം പറയും
പടിയ്ക്കലെ പൂവാക. 

‘മുഴുപ്പിരാന്തത്തിയ്ക്ക് ദെണ്ണം മൂക്കാനിപ്പൊ
മുന്തിയത് വല്ലോം വേണോ..’ ന്ന് 
അപ്പോഴും, 
മുടന്തിമുടന്തി നീളും വെറുതേ 
മുന്നിലൊരു ഇടവഴി 
ഇരുൾവഴി…

ചലനാത്മകത കൂടുതൽ പ്രതീകപ്പെടുത്താൻ ആ സന്ദർഭത്തിൽ വാക്കായിരിക്കണം വരയെക്കാൾ മുന്നിൽവന്നത് എന്നതല്ലാതെ മറ്റെന്തായിരിക്കണം അതിനുകാരണം എന്നറിയില്ല. 

മനസ്സിൽ കുട്ടിക്കാലത്തിന്റെ ഓർമകളുടെ മായികമായ തീരശ്ശീല കാറ്റിൽ ഒന്ന് അലയിളകി തെന്നുമ്പോൾ മറ മാറി തെളിയുന്ന പ്രതീതികളിൽനിന്ന് ഒരുപാട് കഥാപാത്രങ്ങൾ ഇതുപോലെ ഇറങ്ങിവരാനുണ്ട് എങ്കിലും, അവരെക്കുറിച്ച് ഒരു വരി പോലും കഥയെഴുതാൻ എനിക്കറിയില്ല. എന്നാൽ വിഭ്രാമാത്മകമായ ഉന്മാദനേരങ്ങളിൽ അവർ കൈനീട്ടി വിളിക്കുന്ന ചിത്രലോകങ്ങളിലൂടെ വെറുതേ അലയാൻ ഇഷ്ടമാണ്. അതുകൊണ്ടുതന്നെയാവണം വരകളിലും വരികളിലും അവരൊക്കെ ഇടയ്ക്കെങ്കിലും വന്നു കൂടുന്നതും. "ഏകാന്തതയിലിരുന്ന് മരിച്ചുപോയവരുടെ ഛായാചിത്രം വരയ്ക്കാൻ എനിക്കിഷ്ടമാണ്…" എന്ന് തുടങ്ങുന്ന വരികളിൽ എഴുതിവെച്ചത് എന്നെ സംബന്ധിച്ച് അശേഷം ഭാവനയല്ല. മറ്റാർക്കും വിശ്വസിക്കാൻ തോന്നാത്തതും ജീവിതത്തിൽ സംഭവിച്ചേക്കാമെന്ന ഒരു സാധ്യതയുടെ പ്രതീക്ഷ സ്വയമറിയാതെ ഉള്ളിലുണ്ട്. ഏകാഗ്രമായ രചനാനേരങ്ങളിൽ,  അതും ആരുടേതെന്ന് വിത്തും വേരും അറിയാത്ത ഒരു വെറും പോർട്രെയിറ്റ് വർക്ക് ആണെങ്കിൽപ്പോലും, സാധ്യമാകുന്ന നിഗൂഢമായ വിനിമയങ്ങളുടെ വിശേഷങ്ങൾ അത് കേൾക്കുന്നവർക്ക് ഭ്രാന്ത് മാത്രമായി തോന്നിച്ച സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. 

വാക്കു കൊണ്ട് ഒട്ടുമേ പറയാനറിയാത്ത ചില പ്രതീതികളെ വരയാക്കിയവയിൽ  ഓർമ വരുന്ന ഒന്നാണ് 'Hooks, gills and flowers of pain' എന്ന ചിത്രം. 

ഉറക്കത്തിൽ കണ്ട ചില വിചിത്രസ്വപ്നങ്ങളെ മാത്രം ക്യാൻവാസിലേക്കു പകർത്തി ഒരു സീരീസ് ചിത്രങ്ങളാക്കാൻ തോന്നിയിട്ടുണ്ട്. 

ഏറ്റവും അവസാനം വരച്ച എണ്ണച്ചായ ചിത്രം - കഥ മുറിഞ്ഞുപോയ കൗമാരത്തിന്റെ തൊടിയും തൊട്ടാവാടികളും പുറ്റുകളും - ആത്മഭാവവും അനുഭവങ്ങളും മാത്രം ചേർത്ത് വരച്ചതാണ്. ടീനേജിലേയ്ക്ക് കാലെടുത്തുവെക്കുമ്പോൾ ഓർക്കാപ്പുറത്ത് ജീവിതത്തിൽ പ്രഹരം പോലെ സംഭവിച്ച അച്ഛന്റെ അപകടമരണവും തൊട്ടടുത്ത ദിനങ്ങളിൽ സ്വന്തം വീട്ടിൽ കൺമുന്നിൽ കണ്ട പ്രിയപ്പെട്ടവരുടെ ആത്മഹത്യകളും, സാരമില്ലെന്ന് ഒരു കൈതലോടൽ പോലും ഏൽക്കാനില്ലാതെ പിന്നീടുണ്ടായിട്ടുള്ള സമ്മർദ്ദജീവിതവും ഒക്കെ എന്റെ കൗമാരത്തെ വിഷാദമയവും ജീവിതപ്പേടി മാത്രം നിറഞ്ഞതും ആക്കിയിട്ടുണ്ട്. പരീക്ഷകളും ഉത്കണ്ഠകളും പ്രണയമിന്നലുകളും ജീവിതേച്ഛയും നിരാസങ്ങളും തീവ്രസങ്കടങ്ങളും ഒക്കെക്കൂടി കൂടിക്കുഴഞ്ഞ മനസ്സിന്റെ ആ ഏകാന്തവിജനഗൃഹപരിസരങ്ങളിൽ ചെമ്പോത്തുകൾ കുടം കൊട്ടുന്ന ചപ്പിലത്തൊടിയിലെ പുളിമരച്ചോട്ടിൽ തൊട്ടാവാടികൾക്കരികിൽ പാമ്പിന്റെ മാളത്തിലേക്ക് കാൽ തൂക്കിയിട്ട്, തല കുമ്പിട്ട് പ്രീഡിഗ്രിയുടെ കെമിസ്ട്രി പുസ്തകം വായിച്ചിരിക്കുന്ന തീവ്രവിഷാദിയായ ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവളെയോർത്തു വരച്ചതാണ് ആ ചിത്രം.

ലളിതകലാ അക്കാദമി ഹാളിൽ നടന്ന ഇ. മീരയുടെ ആദ്യ സോളോ പ്രദർശനം. പ്രദർശനത്തിന്റെ ഉദ്ഘാടനചടങ്ങിൽ ഗ്രീൻ പെപ്പർ പബ്ലിക്കയിലൂടെ മീരയുടെ രണ്ടാമത്തെ കവിതാ പുസ്തകം- ‘ചില്ലരുവിയിലെ വെള്ളിമീൻ തുള്ളാട്ടങ്ങൾ' പ്രകാശനം ചെയ്തു.

എന്റെ വിഭ്രമങ്ങളും വിഷാദവും അതിജീവന പരിശ്രമങ്ങളും പ്രകൃതിയും പ്രണയവും ഒക്കെയും വരികളിലൂടെയോ വരകളിലൂടെയോ പ്രതിഛായപ്പെടുന്നുണ്ടോ, ആരിലേക്കെങ്കിലും എത്തുന്നുണ്ടോ എന്നൊന്നും അറിയില്ല. എഴുതാതിരുന്നേക്കാം, പക്ഷേ രോഗാതുരമായ കണ്ണുകൾ അനുവദിക്കുന്നിടത്തോളം കാലം വരയ്ക്കാതിരിക്കാനെനിക്കാവതില്ല.


ഇ. മീര

ചിത്രകാരി, കവി, വിവർത്തക. ഇലവീട്​, പ്രതിരോധ പാരമ്പര്യം ഇന്ത്യൻ കവിതയിൽ (വിവർത്തനം), ഒരു അടിമപ്പെൺകുട്ടിയുടെ ജീവിതാനുഭവങ്ങൾ (വിവർത്തനം), ചില്ലരുവിയിലെ വെള്ളിമീൻ തുള്ളാട്ടങ്ങൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.

Comments