ഒര്‍ജിത് സെന്‍ / Photo: Agasthya Soorya

മോദികാലത്തെ കോമിക്​സ്​, കാർട്ടൂൺ, ഗ്രാഫിക്​ നോവൽ

എന്റെ സൗഹൃദങ്ങളിലും സമുദായത്തിലും പെട്ട കുറെ പേർ ഈ ഭൂരിപക്ഷ വർഗീയതയെ പിന്തുണക്കുന്നുണ്ട്. അവരത് ഉറക്കെ പറയില്ലായിരിക്കാം. പക്ഷെ ഉള്ളിനുള്ളിൽ അവരോടൊപ്പമാണ്. എന്റെ രചനകൾ അവർക്കെല്ലാമെതിരെയാണ്. അവരെയാണ് ഞാൻ കൂടുതലും ലക്ഷ്യമിടുന്നത്.

എം. നൗഷാദ്​: താങ്കളുടെ ‘റിവർ ഓഫ് സ്റ്റോറീസ്' ആണല്ലോ ഇന്ത്യയിലെ ആദ്യ ഗ്രാഫിക് നോവലായി കണക്കാക്കപ്പെടുന്നത്. അതിന് തുടക്കത്തിൽ വിപണിയിൽ വലിയ വെല്ലുവിളി നേരിട്ടുവെങ്കിലും പിന്നീട് കോമിക്‌സ്-ഗ്രാഫിക് നോവൽ മേഖലയെ വികസിപ്പിച്ചെടുക്കാൻ താങ്കൾ പല രീതിയിൽ പ്രവർത്തിക്കുകയുണ്ടായി. ഇന്ത്യയിൽ ഗ്രാഫിക് നോവലിന്റെ നിലവിലെ അവസ്ഥയെന്താണ്?  

ഒർജിത്​ സെൻ: 1994- ലാണ് ‘റിവർ ഓഫ് സ്റ്റോറീസ്' പുറത്തുവരുന്നത്. അക്കാലത്ത് ഈ മാധ്യമം അത്ര അറിയപ്പെട്ടിരുന്നില്ല. മിക്കവാറും ബാലസാഹിത്യം എന്ന നിലയിലാണ് ആളുകൾ ഇതിനെ കണ്ടിരുന്നത്. ഗൗരവതരമോ സാമൂഹികപ്രസക്തിയുള്ളതോ ആഴമേറിയതോ ആയ വിഷയങ്ങളെ അഭിസംബോധന ചെയ്യാനാകുന്ന മാധ്യമമായി ആരും ഇതിനെ എടുത്തിരുന്നില്ല. കുട്ടികൾക്ക് വായിച്ചു രസിക്കാനുള്ള വിലകുറഞ്ഞ വിനോദോപാധിയായാണ് പൊതുവെ ഗ്രാഫിക് നോവലുകൾ കരുതപ്പെട്ടിരുന്നത്. തീർച്ചയായും ഈ മാധ്യമത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള തെറ്റിദ്ധാരണയായിരുന്നു അത്.

കുട്ടിക്കാലത്ത്, ഞങ്ങൾ കോമിക്സ് വായിക്കാറുണ്ടായിരുന്നു. ഇന്ത്യയിൽ ടെലിവിഷൻ വ്യാപിക്കുന്നതിനു മുമ്പത്തെ കാലമാണത്. ഇന്റർനെറ്റ് തീർച്ചയായും അന്നുണ്ടായിരുന്നില്ല. ഞങ്ങളെ സംബന്ധിച്ച് കോമിക്സ് മാത്രമായിരുന്നു ലഭ്യമായ ഒരേയൊരു ദൃശ്യാനുഭവവും ദൃശ്യാഖ്യാനവും. ഞാനും എന്റെ തലമുറയിൽ പെട്ടവരും കോമിക്സിൽ അഭിരമിച്ചവരാണ്. ഞങ്ങൾ കോമിക്സ് ശേഖരിക്കുകയും പരസ്പരം കൈമാറുകയുമൊക്കെ ചെയ്യുമായിരുന്നു. സ്‌കൂളിൽ പഠിച്ചിരുന്ന കാലത്തുതന്നെ ഞാൻ കോമിക്സ് വരക്കാനും തുടങ്ങി. എന്റെ തന്നെ അനുഭവങ്ങളെപ്പറ്റിയോ കൂട്ടുകാർ ആസ്വദിക്കാൻ സാധ്യതയുള്ള സംഭവങ്ങളോ ചെറുകഥകളാക്കി രണ്ടുമൂന്നു പേജ് വരക്കും. സുഹൃത്തുക്കളുടെ കയ്യിലുള്ള ഫാന്റം കോമിക്‌സോ മറ്റു ചിത്രകഥകളോ കിട്ടാനായി, ഞാൻ വരച്ചത് കൈമാറ്റം ചെയ്യും. എന്റേതായ കഥകൾ പറയാൻ ശ്രമിച്ചുകൊണ്ട് നന്നേ ചെറിയ പ്രായത്തിലെ ഈ മാധ്യമത്തിൽ ഞാൻ ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. പിന്നീട്, 1980-കളിൽ, നാഷണൽ ഡിസൈൻ സ്‌കൂളിലെ പഠനകാലത്ത് അവിടത്തെ ലൈബ്രറിയിൽ നിന്ന് ആർട് സ്പീഗ്ൾമാന്റെ ‘മൗസ്' എന്ന രചന വായിക്കാനിടയായി. ആഗോളതലത്തിൽ വിജയകരമായ ആദ്യ ഗ്രാഫിക് നോവൽ അതാണെന്നുപറയാം. അദ്ദേഹത്തിന്റെ പിതാവിന്റെ ഹോളോകോസ്​റ്റ്​ അനുഭവങ്ങളായിരുന്നു ഇതിവൃത്തം. അതിന്​ പുലിറ്റ്സർ സമ്മാനം കിട്ടുകയും അദ്ദേഹത്തെ ടൈം മാഗസിൻ കവറിൽ ഫീച്ചർ ചെയ്യുകയും ചെയ്‌തു. ‘മൗസി'നു കിട്ടിയ അന്തർദേശീയ അംഗീകാരങ്ങൾ ഈ മാധ്യമത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള എന്റെ ആലോചനകൾക്കും ബോധ്യങ്ങൾക്കും കിട്ടിയ ഒരു തെളിവുപോലെ എനിക്കുതോന്നി. കുട്ടിക്കഥകൾക്കപ്പുറം നിരവധി കാര്യങ്ങൾ പറയാവുന്ന ഒരു മാധ്യമമാണിതെന്ന് എനിക്കെല്ലാ കാലത്തും ബോധ്യമുണ്ടായിരുന്നു.  

1991-ൽ ഞാൻ ‘റിവർ ഓഫ് സ്റ്റോറീസ്' രചന ആരംഭിച്ചു; 1994-ലാണത് പുറത്തുവരുന്നത്. യാതൊരു തരം ഫണ്ടിങും ഉണ്ടായിരുന്നില്ല. ഉപജീവനത്തിന് മറ്റു പ്രോജക്ടുകൾ ചെയ്യുന്നുണ്ടായിരുന്നു. പുസ്തകം പുറത്തുവന്നപ്പോൾ അത് ഒരു തരം പ്രതികരണവുമുളവാക്കിയില്ല. ഈ മാധ്യമം എന്തെന്ന് ആളുകൾക്ക് അപരിചിതമായിരുന്നു. ഒരു പുതിയ മാധ്യമം എന്ന നിലയിൽ ആളുകൾ ഇത് ഇഷ്ടപ്പെടുമെന്നും രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നുമാണ് ഞാൻ ആദ്യം വിചാരിച്ചത്. പക്ഷെ അങ്ങനെയല്ല സംഭവിച്ചത്. ആർക്കും ഇതിൽ താത്പര്യമുണ്ടായിരുന്നില്ല. ഞാൻ കുറെ ബുക്ക് ഷാപ്പുകളിലേക്ക് കോപ്പികൾ കൊണ്ടുപോകുമായിരുന്നു. അവർക്ക് ആശയക്കുഴപ്പമാണുണ്ടാവുക. ഇത് കുട്ടികൾക്കുള്ളതാണോ മുതിർന്നവർക്കുള്ളതാണോ എന്നുചോദിക്കും. കുട്ടികൾക്കുള്ളതാണെങ്കിൽ അവർക്ക് താല്പര്യമുണർത്തുന്ന കഥയാണിതെന്നു തോന്നുന്നില്ല എന്നുപറയും. മാത്രമല്ല ഇത് കളറുമല്ല. വളരെ സമയമെടുത്താണ് ആദ്യ പതിപ്പ് വിറ്റുതീർന്നത്. ഭാഗ്യത്തിന് ഞാനും ഭാര്യയും കൂടി നടത്തിയ സ്ഥാപനത്തിൽ ഒരു ഭാഗം പുസ്തകക്കട ആയിരുന്നു. കരകൗശലവസ്തുക്കളുടെയും ഡിസൈൻസിന്റെയും കൂടെ. അവിടെ നിന്നാണ് പുസ്തകം വിറ്റുതീർന്നത്.

തുടക്കത്തിൽ എന്റെ കുടുംബവും സുഹൃത്തുക്കളും ഭയപ്പെട്ടിരുന്നു. നിങ്ങളെന്താണീ ചെയ്യുന്നത്, ഇത് നിങ്ങളെ കുഴപ്പത്തിലാക്കും എന്നവർ പറയും. എനിക്ക് പക്ഷെ ഇത് ചെയ്യണമെന്നുണ്ടായിരുന്നു.

ഇന്നത്തെ സ്ഥിതി ഇതല്ല, വളരെ വലിയ മാറ്റമാണുണ്ടായത്. ‘റിവർ ഓഫ് സ്റ്റോറീസ്' മൂന്നു പതിറ്റാണ്ടു തികക്കുമ്പോഴേക്കും കാര്യങ്ങൾ നാടകീയമായി മാറിക്കഴിഞ്ഞു. ഇന്നതിന് വലിയ വായനാസമൂഹമുണ്ട്. കൂടുതൽ യുവ വായനക്കാർ അതിലേക്ക് ആകൃഷ്ടരാകുന്നു. സാഹിത്യത്തിൻറെ മണ്ഡലത്തിലും വിദ്യാഭ്യാസ മേഖലയിലും ഈ മാധ്യമം ഉപയോഗപ്പെടുത്തപ്പെടുന്നു. പുറമെ, രാഷ്ട്രീയപ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനും. കുട്ടികൾ കോമിക്സ് ഉപയോഗിക്കുന്നതിനു പുറമെയാണിതെല്ലാം. കൗമാരക്കാരും യുവാക്കളും ഈ മാധ്യമത്തിൽ പല പരീക്ഷണങ്ങളും നടത്തുന്നുണ്ട്. മുഖ്യധാരാ പ്രസാധകർ ഇന്ത്യയിൽ ഇപ്പോൾ ഗ്രാഫിക് നോവലും കോമിക്‌സും പ്രസിദ്ധീകരിക്കുന്നുണ്ട്. ബുക്ക് ഷോപ്പുകളിൽ പലേടത്തും ഗ്രാഫിക് നോവലുകൾക്കായി പ്രത്യേക സെക്ഷൻ പോലുമുണ്ട്. മാറ്റം വളരെ വലുതാണെന്നർത്ഥം.  

റിവര്‍ ഓഫ് സ്റ്റോറീസില്‍ നിന്ന്

സമാന്തരമായി സ്വതന്ത്ര കോമിക്സ് പ്രസാധനത്തിന്റെ സംസ്കാരവും സജീവമാണ്. ഇൻഡീ കോമിക്സ് മൂവ്മെന്റിന്റെ വക്താക്കൾ രചനകൾ തയാറാക്കുകയും പ്രസാധകരെ കാത്തുനിൽക്കാതെ സ്വയം പ്രസിദ്ധീകരിക്കുകയും ഓൺലൈനിലൂടെ വിപണി കണ്ടെത്തുകയും ചെയ്യുന്നു. സ്ഥിരമായി ഇൻഡീ കോമിക്സ് ഫെസ്റ്റിവലും നടന്നുവരുന്നുണ്ട്. ഈ വർഷത്തെ ഫെസ്റ്റിവൽ മുംബൈയിലായിരുന്നു. കഴിഞ്ഞ തവണ കൊച്ചിയിലായിരുന്നു. സാമൂഹിക വിമർശനത്തിന്റെയും സർഗാവിഷ്കാരത്തിന്റെയും കരുത്തുറ്റ മാധ്യമമായി മാറിക്കഴിഞ്ഞു, ഗ്രാഫിക് നോവലുകൾ.

പ്രാദേശിക ഭാഷകളിലെ സ്ഥിതിയെന്താണ്? ഉദാഹരണത്തിന് കേരളത്തിൽ അരവിന്ദനും ടോംസും ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. മറ്റു ഭാഷകളിൽ ഗ്രാഫിക് നോവലുകളുടെ അവസ്ഥയെന്താണ്?  

പ്രാദേശിക ഭാഷകളിൽ കോമിക്സ് സജീവമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മിശ്രിത ഭാഷകളിലും അവ വരുന്നുണ്ട്. ഇംഗ്ലീഷ്- ഹിന്ദി; ബംഗ്ളാ- ഇംഗ്ലീഷ് എന്നിങ്ങനെ. കേരളത്തിൽ അരവിന്ദനും ടോംസുമൊക്കെ ഉണ്ടായിരുന്നു. ഇവിടെ രാഷ്ട്രീയ കാർട്ടൂണുകളുടെ ശക്തമായ പരമ്പര്യമുണ്ട്. പലരും അതിനെ വൃത്താന്ത പത്രപ്രവർത്തനത്തിന്റെ ഇടങ്ങളിൽ നിന്ന് മുന്നിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതിൽ ഭാവനാത്മക സാഹിത്യവും നോൺ ഫിക്ഷനും പെടുന്നു. ഫോർട്ട് കൊച്ചിയെക്കുറിച്ചുള്ള ഉണ്ണിയുടെ രചന ഉദാഹരണം. ഒരു ഫ്രെയിം കഴിഞ്ഞു മറ്റൊന്ന് എന്ന മട്ടിൽ സാമ്പ്രദായികമായി നമ്മൾ മനസ്സിലാക്കിപ്പോന്ന രീതിക്കപ്പുറത്തേക്ക് ഒരു മാധ്യമമെന്ന നിലയിൽ പല ശൈലികളിലേക്കും ജനുസ്സുകളിലേക്കും ഗ്രാഫിക് നോവൽ വളർന്നിട്ടുണ്ട്. ദൃശ്യമാധ്യമം എന്ന നിലക്ക് പലതരത്തിൽ കഥപറച്ചിൽ സാധ്യമാണ്.

ഏതോ അജ്ഞാത വലതുപക്ഷ സംഘടനകളുടെ ഭീഷണിയെ തുടർന്ന് വെൺഡി ഡോണിഗറുടെ പുസ്‌തകം  പെൻഗ്വിൻ പിൻവലിച്ചപ്പോൾ ഞാനാലോചിച്ചു, പെൻഗ്വിൻ ഇവരെപ്പേടിച്ച് വായടക്കുകയാണെങ്കിൽ, ആര് വായ തുറക്കും?

പല പരീക്ഷണങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഓൺലൈനിൽ ഇവ ധാരാളമായി പ്രത്യക്ഷപ്പെടുന്നു എന്നതും അതിനെ നിരന്തരം നവീകരിക്കുന്നുണ്ട്; ഇന്ററാക്ടിവ് ആയ പലതരം ഇടപെടലുകൾക്ക് അവിടെ വേദിയൊരുങ്ങുന്നു. അച്ചടി മാധ്യമത്തിൽ അതുണ്ടായിരുന്നില്ല. പല കലാകൃത്തുക്കൾ പല രീതിയിൽ ഉപയോഗിക്കുന്നതു കാരണം ഈ മാധ്യമം വളരുക തന്നെയാണ്. പ്രാദേശിക ഭാഷകളിലും അതങ്ങനെ തന്നെയാണ്. ഉദാഹരണത്തിന്​, ബംഗാളി കോമിക്സ് എക്കാലവും സജീവമായിരുന്നു. നാരായൺ ദേവ്‌നാഥിനെ പോലുള്ളവരുടെ രചനകൾ അതിശയകരമാണ്. ഞാനദ്ദേഹത്തിന്റെ പല രചനകളും കുട്ടിക്കാലത്ത് വായിച്ചിട്ടുണ്ട്. അവ ഇപ്പോഴും ജനകീയമാണ്. പുതിയ കുറെ കലാകൃത്തുക്കൾ ബംഗളയിൽ കടന്നുവരുന്നുമുണ്ട്. ഏറ്റവും ചുരുങ്ങിയത് മലയാളത്തിലും ബംഗളയിലും ഹിന്ദിയിലും - വളരെ വൈവിധ്യമുള്ള പല ഉപഭാഷാ ഭേദങ്ങളുള്ള ഭാഷയാണ് ഹിന്ദി - പലതരം കോമിക്സുകൾ പുറത്തുവരുന്നുണ്ട്. മറ്റു ഭാഷകളിലും ഇതുണ്ടാകാം.

നാരായണന്‍ ദേവ്നാഥ് / Photo: Santanu Ghosh

ലഡാക് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് ഒരുകൂട്ടം യുവ ലഡാക്കി കോമിക്സ് രചയിതാക്കളെ ഞാൻ പരിചയപ്പെട്ടു. അവർ ഭൂരിഭാഗത്തിന്റെയും രചനകൾ ഇംഗ്ലീഷിലാണെങ്കിലും തീർത്തും ലഡാക്കി സംസ്കാരത്തിനകത്താണ് അവ നിലകൊള്ളുന്നത്. ഇംഗ്ലീഷിലാണ് അവർ എഴുതുന്നത് എങ്കിലും ലഡാക്കി കഥകളാണ് അവർ പറയുന്നത്. എഴുത്തുസാഹിത്യവും ഗ്രാഫിക് സാഹിത്യവും തമ്മിലുള്ള വ്യത്യാസം കൂടി നമ്മൾ ശ്രദ്ധിക്കണം. സാമാന്യ സാഹിത്യത്തിൽ ഭാഷയാണ് പ്രധാനം. കാരണം ഭാഷയാണവിടെ ഏക മാധ്യമം. ഗ്രാഫിക് നോവലിലാവട്ടെ എഴുത്തും ചിത്രങ്ങളും കൂടിയുണ്ട്. ചിത്രം എഴുത്തോളമോ ചിലപ്പോൾ അതിലധികമോ പ്രധാനമാണ്. ചിത്രത്തിന് ഭാഷയില്ല. സാഹിത്യത്തിലെ പ്രാദേശികതയിൽ നിന്ന് വ്യത്യസ്തമായാണ് ഗ്രാഫിക് നോവലുകളിലെ ‘പ്രാദേശികത'  മനസ്സിലാക്കപ്പെടേണ്ടത്. ലഡാക്കി ഗ്രാഫിക് നോവലിസ്റ്റുകൾ ഇംഗ്ലീഷിലാണ് എഴുതുന്നത് എങ്കിൽ പോലും സവിശേഷമായ ഒരു പ്രാദേശിക സംസ്കാരത്തിൽ ഊന്നിനിന്ന്​ അവിടത്തെ കഥ പറയുന്നു എന്ന അർത്ഥത്തിൽ അത് പ്രാദേശികം തന്നെയായി പരിഗണിക്കാമെന്നാണ് എന്റെ അഭിപ്രായം.

അമർ ചിത്രകഥ വന്നപ്പോൾ രക്ഷിതാക്കളും അധ്യാപകരും മറ്റു കോമിക്സുകളെ എതിർത്തപോലെ എതിർത്തിരുന്നില്ല എന്നത് കൗതുകകരമാണ്.

അത്തരം സ്ഥലങ്ങളിൽ ദൃശ്യഭാഷ തന്നെ മാറുന്നു എന്നാണോ?

അതെ. കഥ പറയുന്ന രീതി, സന്ദർഭങ്ങൾ, കഥയുടെ ഘടന, കഥാപാത്രങ്ങൾ, പശ്ചാത്തലങ്ങൾ തുടങ്ങിയവയെല്ലാം മാറുന്നു. ഒരു ചിത്രം തയാറാക്കുമ്പോൾ അതിലേക്ക് കടന്നുവരുന്ന സമ്പന്നമായ നിരവധി സാംസ്‌കാരിക അടയാളങ്ങളുണ്ട്. അനുഭവങ്ങൾ വ്യത്യസ്തമായ രീതിയിലാണ് ഇവിടെ നമ്മൾ അവതരിപ്പിക്കുന്നത്. ദൃശ്യപരതയുടെ ഒരു ടെക്​സ്​ചറും ഭാഷയുമുണ്ട്. കഥയുടെ ഘടന എങ്ങനെയാണ്, ചട്ടക്കൂടുകൾ എതാണ് തുടങ്ങിയ പല ഘടകങ്ങൾ അവിടെ പ്രവർത്തിക്കുന്നു. ഞാൻ ലഡാക്കിൽ കണ്ട പല കലാകൃത്തുക്കളും ഡൽഹിയിലോ ലഡാക്കിനു പുറത്തോ പഠിച്ചവരാണ്. അവർ പുറത്തുനിന്നുള്ള അറിവും ധാരണകളും സങ്കേതങ്ങളുമായി സ്വന്തം നാട്ടിലേക്ക് മടങ്ങിവരുന്നു. സംസ്കാരം എപ്പോഴും വളരുന്നത് സ്വാംശീകരണത്തിലൂടെയും കടംകൊള്ളലിലൂടെയും പലതരം ക്രയവിക്രയങ്ങളിലൂടെയുമാണ്. ലഡാക്കിൽ ലഭ്യമല്ലാതിരുന്നതാണ് അവർക്ക് പുറത്തുനിന്ന് കിട്ടിയത്.

വളരെ ശക്തമായ ദൃശ്യമാധ്യമം എന്ന നിലയിൽ വലതുപക്ഷ ഹിന്ദുത്വ ശക്തികൾ എങ്ങനെയാണ് ചിത്രകഥകളെ ഉപയോഗിക്കുന്നത്? പ്രത്യേകിച്ചും കുട്ടികൾക്കിടയിൽ പ്രത്യയശാസ്ത്ര പ്രക്ഷാളനത്തിനു വേണ്ടി മിത്തുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

അമർ ചിത്രകഥയിലാണ് ഇതാരംഭിച്ചത്. ഞങ്ങളുടെ കുട്ടിക്കാലത്താണ് അമർ ചിത്രകഥകൾ വരുന്നത്. വളരെ ജനകീയമായിരുന്നു അവ. ആദ്യലക്കങ്ങൾ പോലും എനിക്കോർമയുണ്ട്. മൃദുവായ പ്രത്യയശാസ്ത്ര ഉദ്ബോധനമായിരുന്നു അത്, പ്രത്യേകിച്ചും അന്നത്തെ കാലത്ത്. അന്ന് ഹിന്ദു ഭൂരിപക്ഷ വർഗീയത ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. അന്നത് അത്ര വലിയ ഉൽക്കണ്ഠ ആയിരുന്നില്ല. ആ ആശയം അന്നുതന്നെ ഇവിടെ ഉണ്ടായിരുന്നു എന്നത് ശരിയാണ്. ആർ.എസ്.എസ് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി. പക്ഷെ അന്നത് ഏറെക്കുറെ അദൃശ്യമായിരുന്നു. ഇന്നത്തെപോലെ മുഖ്യധാരാ സംഭാഷണങ്ങളിൽ അതുണ്ടായിരുന്നില്ല.

ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ രക്ഷിതാക്കളും അധ്യാപകരും കോമിക്‌സ് വായിക്കുന്നതിൽ നിന്ന് ഞങ്ങളെ നിരുത്സാഹപ്പെടുത്തുമായിരുന്നു. കൂടുതൽ പ്രധാനപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിൽ നിന്ന് അത് ഞങ്ങളുടെ ശ്രദ്ധ തെറ്റിക്കുമെന്നവർ കരുതി. അത് വായനാശീലത്തെ നശിപ്പിക്കുമെന്നും പാഠപുസ്തകങ്ങളും അനുബന്ധ ഗൗരവകാര്യങ്ങളും വായിച്ചാൽ മതിയെന്നും അവർ വിചാരിച്ചിരുന്നു. മുതിർന്നവർ വിലകുറഞ്ഞതായാണ് കോമിക്സിനെ കണ്ടിരുന്നതെങ്കിലും ഞങ്ങൾക്കവ പ്രിയപ്പെട്ടതായിരുന്നു. റേഷൻ പോലെ പരിമിതമായ പോക്കറ്റ് മണി കൊണ്ട് ഞങ്ങൾ ബാർട്ടർ സമ്പ്രദായം നടത്തും, ഞാൻ മാൻഡ്രേക് വാങ്ങിയാൽ എന്റെ ചങ്ങാതി ഫാന്റം വാങ്ങും. വായിച്ചശേഷം കൈമാറും. അമർ ചിത്രകഥ വന്നപ്പോൾ രക്ഷിതാക്കളും അധ്യാപകരും മറ്റു കോമിക്സുകളെ എതിർത്തപോലെ എതിർത്തിരുന്നില്ല എന്നത് കൗതുകകരമാണ്. മാൻഡ്രേക്കോ ഫാന്റമോ മറ്റു സൂപ്പർ ഹീറോ ചിത്രകഥകളോ വായിക്കുന്നത് കാണുമ്പോളുള്ള പ്രതികരണമായിരുന്നില്ല അമർ ചിത്രകഥകൾ വായിക്കുന്നത് കണ്ടാൽ. സ്ഥിരമായി അത് വാങ്ങിത്തരാൻ പോലും അവർ തയാറായിരുന്നു.

അമർ ചിത്രകഥകളിൽ മറ്റെല്ലാ മതങ്ങളെയും മാറ്റിനിർത്തി. അതെപ്പോഴും ഹിന്ദു കഥകൾ, ഹിന്ദു ദൈവങ്ങൾ, ദേവതകൾ എന്നിവയിൽ കറങ്ങിത്തിരിഞ്ഞു. അവിടെയാണ് പ്രശനം. ‘ഇതാണ് ഇന്ത്യൻ’ എന്നുപറയുന്നതു പോലെയായിരുന്നു അത്.

ഈ വ്യത്യാസം ഞാൻ ശ്രദ്ധിച്ചിരുന്നു. എന്നെ സംബന്ധിച്ച്  അതിനൊരു കാരണം കൂടിയുണ്ട്. എന്റെ പിതാവ് ഒരു കാർട്ടോഗ്രാഫറായിരുന്നു. ഭൂപട നിർമാണമായിരുന്നു അദ്ദേഹത്തിന്റെ തൊഴിൽ. സ്ഥിരമായി പലനാടുകളിലേക്ക് സ്ഥലമാറ്റം കിട്ടും. ഞങ്ങൾ ബംഗാളിൽ വളർന്നിട്ടേയില്ല. കൂട്ടുകുടുംബം, മുത്തശ്ശിമാരുടെ കഥപറച്ചിൽ ഇതൊന്നും ഞങ്ങൾക്ക്  കിട്ടിയിട്ടില്ല. ബംഗാളി സംസ്കാരത്തിൽ നിന്നും കഥാപാരമ്പര്യത്തിൽ നിന്നും മിത്തോളജിയിൽ നിന്നും ഞങ്ങൾ മുറിച്ചുമാറ്റപ്പെട്ടിരുന്നു. പൊതുവെ കൂട്ടുകുടുംബത്തിൽ നിന്നാണ് ഇതൊക്കെ കിട്ടുന്നത്. അച്ഛൻ എപ്പോഴും യാത്രയിലായിരുന്നു. അമ്മ ഞങ്ങൾ മൂന്ന് ആൺമക്കളെ നോക്കുന്ന തിരക്കിലും. കഥപറയാൻ മാത്രം സമയം രണ്ടുപേർക്കുമില്ലായിരുന്നു അമർ ചിത്രകഥയിലൂടെയെങ്കിലും സ്വന്തം സംസ്കാരത്തെപ്പറ്റി കുട്ടികൾ കുറച്ചൊക്കെ മനസ്സിലാക്കും എന്നവർ കരുതിക്കാണണം. ഒരുതരത്തിൽ അതിനു കുഴപ്പമൊന്നുമില്ല. പ്രശ്നം കിടക്കുന്നത് ഹിന്ദു മിത്തോളജിക്കൽ കഥകൾ പ്രചരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമത്തിലാണ്. മിത്തോളജി സ്വയം ഒരു പ്രശ്നമൊന്നുമല്ല, ഏതു മതത്തിന്റേതായാലും. പക്ഷെ, അമർ ചിത്രകഥകളിൽ മറ്റെല്ലാ മതങ്ങളെയും മാറ്റിനിർത്തി എന്നത് നിങ്ങൾക്ക് കാണാനാകും. അതെപ്പോഴും ഹിന്ദു കഥകൾ, ഹിന്ദു ദൈവങ്ങൾ, ദേവതകൾ എന്നിവയിൽ കറങ്ങിത്തിരിഞ്ഞു. അവിടെയാണ് പ്രശനം. ‘ഇതാണ് ഇന്ത്യൻ’ എന്നുപറയുന്നതു പോലെയായിരുന്നു അത്. ഈ കഥകളും കഥാപാത്രങ്ങളും ദൈവങ്ങളുമാണ് ഇന്ത്യൻ! മിത്തോളജിയിൽ നിന്നും പിന്നീട് ദേശീയ നേതാക്കന്മാരിലേക്കും സ്വാതന്ത്ര്യസമര സേനാനികളിലേക്കും കഥ മാറി. പക്ഷെ ഹിന്ദു മേൽജാതി നായകൻ തന്നെയാണ് എല്ലായ്‌പ്പോഴും കഥകളിൽ ഇടം പിടിച്ചത്.

ഒര്‍ജിത് സെന്‍

അമർ ചിത്രകഥ എന്ത് അവതരിപ്പിച്ചു എന്നതല്ല - അത് നല്ലതായിരുന്നു - എന്തെല്ലാം അവതരിപ്പിക്കാതെ വിട്ടുകളഞ്ഞു എന്നതാണ് പ്രധാന കാര്യം. അത് വളരെ ശ്രദ്ധേയമാണ്. വിവിധ ജനതകളെയും സംസ്കാരങ്ങളെയും പുറന്തള്ളുകയും ഹിന്ദു നായകന്മാരെ മാത്രം അവതരിപ്പിക്കുകയും ചെയ്യുന്ന ഈ പ്രവണത ‘ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്’ എന്ന വാദത്തോട് ചേർന്നുനിൽക്കുന്നു. ഇവിടെയാണ് അമർ ചിത്രകഥകളെ അവർ ഉപയോഗിച്ചത്. ഇന്ന് കൂടുതൽ കലുഷമായ കാര്യങ്ങൾ അവർ ചെയ്യുന്നുണ്ടെന്ന് നമുക്കറിയാം. ഇന്നത്തെ അവസ്ഥയിൽ അവർക്കുവേണ്ടത് പെട്ടെന്ന് വൈറൽ ആകുന്ന തരം ഉള്ളടക്കമാണ്. സ്വാഭാവികമായും അവരുടെ ശ്രദ്ധ ഇന്റർനെറ്റിലും ഷെയർ ചെയ്യാവുന്ന മൾട്ടീമീഡിയകളിലുമാണ്. അതിനുള്ളത്ര പ്രചാരം കോമിക്സിന് കിട്ടുമെന്ന് അവർ കരുതുന്നുണ്ടാവില്ല. ഇതെന്റെ തെറ്റിദ്ധാരണയുമാകാം. ഹിന്ദുത്വത്തിന്റെ അക്രമാസക്തവശം അവതരിപ്പിക്കുന്ന ചിത്രകഥകൾ ഒരുപക്ഷെ പുറത്തു വന്നിട്ടുണ്ടാകാം, ഞാൻ കണ്ടിട്ടില്ല.  

മോദി സർക്കാർ അധികാരത്തിലേറാൻ പോകുമ്പോഴാണ് ഞാൻ സാമൂഹ്യമാധ്യമങ്ങളിൽ സജീവമാകാൻ തുടങ്ങിയത്. അവർക്ക് കിട്ടിയ പിന്തുണ എന്നെ അതിശയപ്പെടുത്തി.  

എ ട്രാവൻകൂർ ടെയിൽ' എന്ന പേരിൽ നങ്ങേലിയുടെ ജീവിതവും സമരവും ആസ്പദമാക്കി ചെയ്ത രചനയെക്കുറിച്ചു പറയാമോ?

'ആർട് ഏഷ്യ' എന്ന ബ്രിട്ടീഷ് ആർട് മാഗസിൻ ആവശ്യപ്പെട്ടതനുസരിച്ച് 2016ലോ 17ലോ ആണ് ഞാനത് ചെയ്യുന്നത്. അവരുടെ ഒരു ലക്കത്തിലേക്ക് ഇന്ത്യയിൽ നിന്ന് ഒരു കഥ വേണം എന്നാണവർ പറഞ്ഞത്. ഞാനപ്പോൾ നങ്ങേലിയുടെ കഥ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതെന്നെ ആഴത്തിൽ സ്പർശിച്ചു. ഒരു വാമൊഴിപരമ്പര്യത്തിന്റെ ഭാഗമാണതെന്നാണ് ഞാൻ കരുതുന്നത്. കുറെ ഗവേഷണം ചെയ്തുനോക്കിയപ്പോൾ നങ്ങേലി ഇത്തരത്തിൽ പ്രതികരിച്ചു എന്നതിന് ചരിത്രപരമായ തെളിവുകളൊന്നും കിട്ടിയില്ല. ബ്രിട്ടീഷ് രേഖകളിലോ മറ്റ് ഔദ്യോഗിക രേഖകളിലോ ഇങ്ങനെ ഒരാളെപ്പറ്റിയോ അവർ ചെയ്ത ഇത്തരം ഒരു പ്രവർത്തിയെപ്പറ്റിയോ പറയുന്നില്ല എന്നത് പക്ഷെ എന്നെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. ഒരുപക്ഷെ അത് നടന്നിരിക്കാം, നടന്നിട്ടില്ലായിരിക്കാം, അതിശയോക്തിയാവാം, അതുമായി ബന്ധപ്പെട്ട് നമുക്കറിയാത്ത വേറെ സാഹചര്യങ്ങൾ ഉണ്ടായിരിക്കാം. അതെന്തായാലൂം, ഈ കഥ ജനങളുടെ ബോധത്തിന്റെയും ജനകീയ ഭാവനയുടെയും ഭാഗമാണ് എന്നതും ഒരു വാമൊഴിപാരമ്പര്യമായി തലമുറകളോളം കൈമാറ്റം ചെയ്യപ്പെടുന്നു എന്നതും പ്രധാനമാണ്. പലരും രാഷ്ട്രീയ വ്യവഹാരത്തിന്റെ ഭാഗമായും നങ്ങേലിയുടെ കഥ ഉപയോഗിക്കുന്നുണ്ട് എന്നും നമുക്കറിയാം. എനിക്കെപ്പോഴും കഥകളിൽ താല്പര്യമുണ്ട്. അത് നടന്നതായാലും അല്ലെങ്കിലും. ആളുകൾ അത് പറയുന്നു എന്നതും അതേപ്പറ്റി അഭിമാനിക്കുന്നു എന്നതിലുമാണ് എന്നെ സംബന്ധിച്ച് അതിലെ സത്യമിരിക്കുന്നത്. അതാണതിലെ സത്യം. യാഥാർത്ഥത്തിലെന്തു നടന്നു എന്നത് ഒരു ചരിത്രകാരന്റെ പ്രശ്നമാണ്. ഞാനൊരു കഥപറച്ചിലുകാരനാണ്. അതിന്റെ സ്വാതന്ത്ര്യം ഞാനെടുക്കുന്നു. ഞാനവരുടെ കഥയും പശ്ചാത്തലവും പഠിച്ചു. ആർട് ഏഷ്യ ആവശ്യപ്പെട്ടപ്പോൾ ഇത് തെരഞ്ഞെടുത്തത് അങ്ങനെയാണ്.

എ ട്രാവന്‍കൂര്‍ ട്രെയിലില്‍ നിന്ന്

ഒരു ദലിത് സ്ത്രീയുടെ പോരാട്ടത്തെപ്പറ്റി സംസാരിക്കുന്ന കേരളത്തിന് പുറത്തുനിന്നുള്ള ഒരാൾ എന്ന നിലയിലും ഉയർന്ന ജാതിക്കാരൻ എന്ന നിലയിലും ഇതിനെ ബഹുമാനത്തോടെ കൈകാര്യം ചെയ്യണമെന്നും സത്യസന്ധമാകണമെന്നും എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതേസമയം എന്റെ ഭാവന ഉപയോഗിച്ചിട്ടുമുണ്ട്. ഒരു കലാകൃത്ത് എന്ന നിലയിൽ ഒരു വ്യക്തിയുടെ യാഥാർഥ്യത്തിലേക്ക് അനുതാപപൂർവം കയറിച്ചെല്ലാതെ നമുക്ക് നല്ല കഥകൾ പറയാനാവില്ല. കലയുടെ യഥാർത്ഥ മൂല്യം തന്നെ നമ്മെ മറ്റൊരാളുടെ ഉള്ളിലേക്ക് കയറിച്ചെല്ലാൻ അനുവദിക്കുക എന്നതിലാണ്. ഞാൻ മനസ്സിലാക്കിയ കാര്യങ്ങളെല്ലാം വെച്ച് എന്റേതായ ഒരു നങ്ങേലി ഭാഷ്യം രചിക്കുകയാണ് ഞാൻ ചെയ്‌തത്‌. അതിനുമുമ്പേ ഒന്നോ രണ്ടോ വട്ടം ഞാൻ കേരളത്തിൽ വന്നിട്ടുണ്ടായിരുന്നു.

ഒരു എഡിറ്റർ ഇല്ലാതിരിക്കുന്നതിന്റെ പ്രശ്‌നം, നിങ്ങൾ അതിരു കടക്കുന്നുവെന്നു പറയാൻ ആരുമില്ല എന്നതാണ്. നിങ്ങൾ തന്നെ അത് തീരുമാനിക്കണം. അദൃശ്യമായ അതിർവരമ്പുകൾ മറികടന്നുവോ എന്നുനോക്കണം.


ഈ കഥ എങ്ങനെ വരണമെന്നതിനെപ്പറ്റി എനിക്കൊരു ദൃശ്യസങ്കല്പമുണ്ടായിരുന്നു. ഈ കഥയിൽ മാറു മറയ്​ക്കാൻ അനുവാദമില്ലാത്ത ഈഴവസ്ത്രീകളുണ്ട്; ആ വസ്തുത മറച്ചുപിടിക്കാനാവില്ല. എങ്കിലും മാറിടം മറയ്​ക്കുമെന്ന് നിശ്ചയദാർഢ്യമുള്ള പെൺകുട്ടിയാണ് നങ്ങേലി. കഥയിലുടനീളം, അവസാന ഘട്ടത്തിൽ നികുതി പിരിവുകാരന്റെ മുമ്പിൽ മാറിനുമീതെ നിന്ന് മേൽവസ്ത്രം മാറ്റേണ്ടിവരുമ്പോൾ പോലും, എന്നിട്ട് മാറ് മുറിച്ചെടുക്കുമ്പോഴും, അവരുടെ മാറിടം വായനക്കാർ കാണാത്ത രീതിയിലാണ് ഞാൻ ചിത്രീകരിച്ചിരിക്കുന്നത്. ആ രംഗം മുഴുവനും നമ്മൾ കാണുന്നത് നങ്ങേലിയുടെ പിറകിൽ നിന്നാണ്. നികുതിപിരിവുകാരൻ കാണാനാഗ്രഹിച്ച മാറിടം വായനക്കാർ കാണുന്നില്ല. ഈ സങ്കേതം ഉപയോഗിച്ചപ്പോഴും അതിനെ യഥാതഥമായും അസ്വസ്ഥജനകമായും അവതരിപ്പിക്കണമെന്ന് എനിക്കുണ്ടായിരുന്നു. കാരണം ദലിതർക്കെതിരായ അതിക്രമങ്ങൾ വളരെ യഥാർത്ഥമാണ്. അതിന്നും തുടരുന്നു. അതിനെ കാവ്യാത്മകമായോ കലാത്മകമായോ അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. വളരെ യഥാർത്ഥമായ തലത്തിലാണ് ഞാനത് വരച്ചത്. നമ്മൾ നങ്ങേലിയുടെ മാറ് കാണുന്ന ഒരേയൊരു സന്ദർഭം അത് മുറിച്ചുമാറ്റിയ ശേഷമാണ്. ചോരയിൽ കുളിച്ചുകിടക്കുന്ന രീതിയിലാണത്. ആളുകൾക്ക് ഞെട്ടലുണ്ടാകണമെന്നു കരുതിയാണങ്ങനെ ചെയ്‌തത്‌. അത് ആളുകളെ ഞെട്ടിക്കുകയും ചെയ്‌തു.

നങ്ങേലി / Illustration: T Murali

ഏതായാലും ആ മാഗസിനിൽ അത് പ്രസിദ്ധീകരിച്ചുവന്നില്ല. കുറെ സാങ്കേതിക കാരണങ്ങളും കാലതാമസവും ഒക്കെ കൊണ്ട്. ഏതാനും ഇന്ത്യൻ വെബ് സീനുകൾ - ഇന്ത്യൻ കൾച്ചറൽ ഫോറം, റയോട്ട് എന്നിവ ഉൾപ്പെടെ - അത് പ്രസിദ്ധീകരിച്ചു. അത് നന്നായി ശ്രദ്ധിക്കപ്പെട്ടു. അംബേദ്കറൈറ്റ് ഗ്രൂപ്പുകൾ അതിനെ വിമർശിക്കുകയും ചെയ്‌തു. ഒരു ദലിത് കഥ എന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കും സാംസ്‌കാരിക മൂലധനത്തിനും വേണ്ടി കയ്യടക്കുകയാണ് ഞാൻ ചെയ്‌തത്‌ എന്നവർ വാദിച്ചു. നങ്ങേലിയോടുള്ള അഗാധമായ ആദരവ് കൊണ്ടും അവരുടെ കഥ എന്നെ സ്പർശിച്ചതുകൊണ്ടുമാണ് ഞാനത് ചെയ്‌തത്‌.

താങ്കളുടെ കരിയറിലുടനീളം രചനകൾ രാഷ്ട്രീയ സ്വഭാവമുള്ളവയാണല്ലോ. എല്ലാ കലയും രാഷ്ട്രീയ പ്രവർത്തനമാണ് എന്നത് ശരിതന്നെ. താങ്കൾ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്? എന്തുകൊണ്ടാണ് അതെപ്പോഴും പ്രകടമായും രാഷ്ട്രീയപരമാകുന്നത്?

സത്യത്തിൽ, ‘രാഷ്ട്രീയം’ എന്നതിനെ നിങ്ങൾ എങ്ങനെ നിർവചിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കം തൊട്ടുതന്നെ ‘വ്യക്തിപരമായത് രാഷ്ട്രീയമാണ്' എന്ന് നമുക്കറിയാം. ഒരുപാടാളുകൾക്ക് എന്റെ രചനകളുമായുള്ള പരിചയം, സാമൂഹ്യമാധ്യമങ്ങളിൽ ഞാനിടുന്ന പ്രതികരണങ്ങളിലൂടെയാണ്. അവ ആളുകൾ പങ്കുവെക്കുന്നു. അതെന്റെ കലയുടെ ഒരു ഭാഗം മാത്രമാണ്. ഞാൻ വൻതോതിലുള്ള ചുമർചിത്രങ്ങളും ഗാലറി ഷോകളുമൊക്കെ ചെയ്യാറുണ്ട്. കോമിക്സ് തയാറാക്കാറുണ്ട്. വിവിധങ്ങളായ മാധ്യമങ്ങൾ ഞാനുപയോഗിക്കുന്നു. പലർക്കും ഇതറിയില്ല.

മോദി സർക്കാർ അധികാരത്തിലേറാൻ പോകുമ്പോഴാണ് ഞാൻ സാമൂഹ്യമാധ്യമങ്ങളിൽ സജീവമാകാൻ തുടങ്ങിയത്. അവർക്ക് കിട്ടിയ പിന്തുണ എന്നെ അതിശയപ്പെടുത്തി. പൊതുവെ സ്വതന്ത്ര ചിന്താഗതിക്കാർ എന്ന് ഞാൻ കരുതിയിരുന്നവർ പോലും പെട്ടെന്ന് മാറി. അധികാരത്തിന്റെ സ്വഭാവമെന്തെന്ന് എനിക്ക് മനസ്സിലായി. ആളുകൾ അധികാരത്തോട് ആകൃഷ്ടരാകുന്നു. ഒരു പരിധിവരെ അവർ പലതും എതിർത്തേക്കാം. പക്ഷെ അധികാരത്തിന്റെ വശ്യതക്കു മുമ്പിൽ അവർ എളുപ്പം മാറും. ഇതിനെ എതിർക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയതപ്പോഴാണ്. അതുവരെയും ഞാനൊരു കാർട്ടൂണിസ്റ്റോ നിത്യേന രാഷ്ട്രീയ വിഷയങ്ങളോട് പ്രതികരിക്കുന്ന ആളോ ആയിരുന്നില്ല. എനിക്കതെപ്പോഴും ഇഷ്ടമായിരുന്നെങ്കിലും. ‘പീപ്പിൾ ട്രീ'യിലെ ടീ ഷർട്ടുകളിൽ ഇത്തരം രചനകൾ ചെയ്യാറുണ്ടായിരുന്നു. ഒറ്റ ഫ്രെയിം കാർട്ടൂണുകളിൽ സമൂഹത്തെയും രാഷ്ട്രീയ പ്രശ്നങ്ങളെയും പറ്റിയുള്ള പ്രതികരണങ്ങളായിരുന്നു അവ.

ഒര്‍ജിത് സെന്നിന്റെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളിലൊന്ന്

സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ചു തുടങ്ങുകയും അതിന്റെ സാധ്യത തിരിച്ചറിയുകയും ചെയ്തപ്പോൾ എനിക്ക് സ്വന്തമായി ഒരു ദിനപത്രം കിട്ടിയതുപോലെയായിരുന്നു. എനിക്കുമീതെ ഒരു എഡിറ്റർ ഇല്ലെന്നുമാത്രം. ഞാൻ തന്നെയാണ് തീരുമാനം എടുക്കുന്നത്. ഏത് കാർട്ടൂൺ ഏതളവിൽ വരണമെന്നൊക്കെ. ഇത് കുറച്ചധികം അപകടമാണ് എന്നോ ഇങ്ങനെ പറയേണ്ട എന്നോ എന്നോട് പറയാൻ അവിടെ ആരുമില്ല. ഞാനതിന്റെ പൂർണ സ്വാതന്ത്ര്യമെടുത്തു. ഇതും മോദിയുടെ ഉയർച്ചയും ഒരുമിച്ചാണുണ്ടായത്. മോദി വന്നതുകൊണ്ടല്ല ഞാൻ ഇതു ചെയ്തത് എന്നർത്ഥം. ‘റിവർ ഓഫ് സ്റ്റോറീസ്' സർക്കാർ വിരുദ്ധമായിരുന്നു.

ഞാൻ മോദിയെ മാത്രമല്ല എതിർക്കുന്നത്. ഭരണകൂടത്തിനും അധികാരത്തിനും മൗലികവാദത്തിനും ഭൂരിപക്ഷ വർഗീയതക്കും എതിരാണ് ഞാൻ. ഇതൊരു അവസരമായിരുന്നു. എനിക്ക് തോന്നിയത് ചെയ്യാനും പ്രസിദ്ധപ്പെടുത്താനും വലിയ വായനാസമൂഹത്തിലേക്ക് എത്തിക്കാനും. കൂടുതലായി ചെയ്യാൻ തുടങ്ങിയതോടെ കൂടുതൽ ആളുകൾ ശ്രദ്ധിക്കാനും തുടങ്ങി. ഒരു എഡിറ്റർ ഇല്ലാതിരിക്കുന്നതിന്റെ പ്രശ്‌നം, നിങ്ങൾ അതിരു കടക്കുന്നുവെന്നു പറയാൻ ആരുമില്ല എന്നതാണ്. നിങ്ങൾ തന്നെ അത് തീരുമാനിക്കണം. അദൃശ്യമായ അതിർവരമ്പുകൾ മറികടന്നുവോ എന്നുനോക്കണം.

ചുറ്റും നടക്കുന്ന കാര്യങ്ങളോട് ക്ഷണികമായി പ്രതികരിക്കുകയാണ് ഞാൻ. അതൊരുതരം അമർഷത്തിൽ നിന്നാണ് വരുന്നത്. ഞാനത് അകത്തുതന്നെ സൂക്ഷിച്ചാൽ വിഷമായി മാറും. അപ്പോൾ ഞാനതു പുറത്തുപറയുന്നു. പക്ഷെ എനിക്കിതിന് ആരും ശമ്പളം തരുന്നില്ല.

ഏതോ അജ്ഞാത വലതുപക്ഷ സംഘടനകളുടെ ഭീഷണിയെ തുടർന്ന് വെൺഡി ഡോണിഗറുടെ പുസ്‌തകം  പെൻഗ്വിൻ പിൻവലിച്ചപ്പോൾ ഞാനാലോചിച്ചു, പെൻഗ്വിൻ ഇവരെപ്പേടിച്ച് വായടക്കുകയാണെങ്കിൽ, ആര് വായ തുറക്കും? വിദ്യാസമ്പന്നനായ ഒരു മേൽജാതി പുരുഷനാണ് ഞാൻ. മുഖ്യധാരയിലുള്ള എനിക്ക് ചില സംരക്ഷണങ്ങളുണ്ട്. കുറച്ചെങ്കിലും സാമൂഹികമൂലധനം എനിക്കുണ്ട്. എന്റെ മുസ്‌ലിം സുഹൃത്തുക്കൾ സംസാരിക്കാൻ ഭയപ്പെടുന്നത് എനിക്ക് മനസ്സിലാകും. പക്ഷെ ഞാനത് ചെയ്യേണ്ടതുണ്ട്. എനിക്ക്  ചെറിയൊരു സുരക്ഷാകവചമെങ്കിലുമുണ്ട്. അവർക്കതില്ല. അങ്ങനെയാണ് ഞാനിത് കൂടുതലായി ചെയ്യാൻ തുടങ്ങിയത്. തുടക്കത്തിൽ എന്റെ കുടുംബവും സുഹൃത്തുക്കളും ഭയപ്പെട്ടിരുന്നു. നിങ്ങളെന്താണീ ചെയ്യുന്നത്, ഇത് നിങ്ങളെ കുഴപ്പത്തിലാക്കും എന്നവർ പറയും. എനിക്ക് പക്ഷെ ഇത് ചെയ്യണമെന്നുണ്ടായിരുന്നു. അവർ പറയുന്നതിൽ കാര്യമുണ്ട്. പേടിപ്പെടുത്തുന്ന അവസ്ഥകളാണുള്ളത്. പക്ഷെ നമ്മൾ സ്വയം സെൻസർ ചെയ്തു തുടങ്ങുമ്പോൾ നമ്മുടെ പതനം ആരംഭിക്കുന്നു. സ്വയം സെൻസർ ചെയ്യില്ലെന്ന് ഞാൻ തീരുമാനമെടുത്തു. ഇതുപറയണം എന്നുതോന്നുന്ന ഒരു കാര്യം ഞാൻ പറയും.

സോഷ്യൽ മീഡിയ എനിക്ക് വ്യത്യസ്തമായ ഒരു ദൃശ്യശൈലി പരിചയപ്പെടുത്തിത്തന്നു. എന്റെ എല്ലാ രചനകളും രാഷ്ട്രീയമുള്ളവയാണ്. സാമൂഹ്യമാധ്യമങ്ങളിൽ അവ പ്രത്യക്ഷവും പെട്ടെന്നുള്ളതുമായ തരത്തിലാണ്. ചുറ്റും നടക്കുന്ന കാര്യങ്ങളോട് ക്ഷണികമായി പ്രതികരിക്കുകയാണ് ഞാൻ. അതൊരുതരം അമർഷത്തിൽ നിന്നാണ് വരുന്നത്. ഞാനത് അകത്തുതന്നെ സൂക്ഷിച്ചാൽ വിഷമായി മാറും. എനിക്കൊന്നും ചെയ്യാനാവില്ല. അപ്പോൾ ഞാനതു പുറത്തുപറയുന്നു. പക്ഷെ എനിക്കിതിന് ആരും ശമ്പളം തരുന്നില്ല. സത്യത്തിൽ ഞാൻ എന്നെ അപായപ്പെടുത്തുന്നുമുണ്ട്. അര മണിക്കൂറോ ഒരു മണിക്കൂറോ കൊണ്ട് ഒരു രചന പൂർത്തിയാക്കി പോസ്റ്റ് ചെയ്യണം. എന്നിട്ട് എന്റെ യഥാർത്ഥ പണികളിലേക്ക് മടങ്ങിപ്പോകണം. ആ അര മണിക്കൂറിനുള്ളിൽ ഞാനൊരു ശൈലി രൂപപ്പെടുത്തുന്നു. അതിൽ ഫോട്ടോ കൊളാഷ്, ചിത്രണം, എഴുത്ത്, വരകൾ എന്നിവയൊക്കെ വരും. പല മീഡിയകൾ ഇടകലർത്തുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്.

Illustration: Orijit Sen

ആ  അമർഷം നർമത്തിലേക്ക് വഴിതിരിച്ചുവിടുക എന്നത് സ്വാഭാവികമാണ്. അല്ലെങ്കിൽ അതുനിങ്ങളെ അകത്തുനിന്ന് കൊല്ലും. എന്നെ സംബന്ധിച്ച് നർമമാണ് കാര്യം. ആളുകൾ ചില കാര്യങ്ങളെ കളിയാക്കി ചിരിക്കുന്നു. അവരുടെ ജീവിതം തുടരുന്നു. പക്ഷെ ആ ചിരിക്കു പിറകിൽ ഒരുപാട് അസ്വസ്ഥതകളും ദേഷ്യങ്ങളുമുണ്ട്. അതവർ പുറത്തുവിടുന്നു. ആ ദേഷ്യവും അസ്വസ്ഥതയും ചിരിയിലേക്ക് മാറ്റാനായാൽ നമുക്ക് നിലനിൽക്കാനാവുമെന്ന് ഞാൻ വിചാരിക്കുന്നു.

ഏകാധിപത്യ പ്രവണതകൾ കൂടിക്കൂടി വരുന്ന ഒരു സമൂഹത്തിൽ നർമം എത്രത്തോളം ശക്തമായ മാധ്യമമാണ്?

നർമം കൂടുതൽ കൂടുതൽ കരുത്തുറ്റതാവുകയാണ്. നമ്മെ സമനിലയിൽ നിലനിർത്തുന്ന ഒരേയൊരു കാര്യം നർമം ആയിക്കൊണ്ടിരിക്കയാണ്. നിങ്ങളുടെ നർമം നല്ലതും കൃത്യവുമുമാണെങ്കിൽ അതെപ്പോഴും ഫലം  ചെയ്യും.എന്റെ രചനകൾ ഈ നേതാക്കൾക്കെതിരെ മാത്രമല്ല, അവരുടെ പ്രത്യയശാസ്ത്രം ഉപബോധ മനസ്സിലെങ്കിലും ഏറ്റെടുക്കുന്ന വലിയൊരു ജനാവലിയെക്കൂടി ഞാൻ പരിഹസിക്കുന്നു. നേരത്തെ പറഞ്ഞ പോലെ എന്റെ സൗഹൃദങ്ങളിലും സമുദായത്തിലും പെട്ട കുറെ പേർ ഈ ഭൂരിപക്ഷ വർഗീയതയെ പിന്തുണക്കുന്നുണ്ട്. അവരത് ഉറക്കെ പറയില്ലായിരിക്കാം. പക്ഷെ ഉള്ളിനുള്ളിൽ അവരോടൊപ്പമാണ്. എന്റെ രചനകൾ അവർക്കെല്ലാമെതിരെയാണ്. അവരെയാണ് ഞാൻ കൂടുതലും ലക്ഷ്യമിടുന്നത്. നേതൃത്വത്തിലുള്ളവർ എപ്പോൾ വേണമെങ്കിലും വലിച്ചെറിയപ്പെടാം. പക്ഷെ നമ്മുടെ സമൂഹത്തിൽ പരക്കുന്ന വിഷം എളുപ്പത്തിൽ പറിച്ചുകളയാനാവാത്തതാണ്.

അമേരിക്കൻ രാഷ്ട്രീയത്തെക്കുറിക്കുന്ന ഒരു ബേസിക് മീം തന്നെ ഇറാനിലെ സ്ത്രീവാദ മുന്നേറ്റത്തെ കാണിക്കാനും സാധാരണ കാമുകീകാമുകൻമാർക്കിടയിലെ കലഹത്തെ കാണിക്കാനും ഉപയോഗിക്കാം. വളരെ ഫ്ലെക്സിബിൾ ആയ അർത്ഥങ്ങളുടെ പൊതിക്കെട്ടുകളാണവ.

മീമുകളുടെയും ട്രോളുകളുടെയും കാലത്ത് ഒരു കാർട്ടൂണിസ്റ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

മീമുകളിൽ നിന്ന് ഞാൻ ധാരാളം പഠിച്ചിട്ടുണ്ട്. കാർട്ടൂണിന്റെ പുതിയ രൂപമാണവ. അതൊരു മൾട്ടി മീഡിയ രൂപമാണ്, പല അർത്ഥത്തിൽ. അതിനൊരു ഏക ഉറവിടമോ കണ്ടെത്താവുന്ന രചയിതാവോ ഉണ്ടാവണമെന്നില്ല. അവ പലരിലേക്ക് പരക്കുന്നു. കിട്ടുന്ന ആർക്കും അതിൽ ഇടപെടാനും എന്തെങ്കിലും കൂട്ടിച്ചേർക്കാനും മാറ്റാനും പറ്റും. സമാഹൃതമായി സൃഷ്ടിക്കപ്പെടുന്ന അതിന് പല ജീവിതങ്ങളുണ്ട്. അതിന് രൂപമാറ്റം വന്നുകൊണ്ടേയിരുന്നു. അമേരിക്കൻ രാഷ്ട്രീയത്തെക്കുറിക്കുന്ന ഒരു ബേസിക് മീം തന്നെ ഇറാനിലെ സ്ത്രീവാദ മുന്നേറ്റത്തെ കാണിക്കാനും സാധാരണ കാമുകീകാമുകൻമാർക്കിടയിലെ കലഹത്തെ കാണിക്കാനും ഉപയോഗിക്കാം. വളരെ ഫ്ലെക്സിബിൾ ആയ അർത്ഥങ്ങളുടെ പൊതിക്കെട്ടുകളാണവ. അതിലേക്ക് കൂട്ടിച്ചേർക്കലും മാറ്റിപ്പണിയലും പരിവർത്തിപ്പിക്കലും സാധ്യമാണ്. ആളുകൾ അർഥം സൃഷ്ടിക്കുന്ന രീതിയിൽ നിന്ന് ഞാൻ കുറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അവർ ആർട്ടിസ്റ്റുകളോ കാർട്ടൂണിസ്റ്റുകളോ പരിശീലനം കിട്ടിയവരോ അല്ല. സാധാരണക്കാരായ ആളുകളാണവർ.

Illustration: Orijit Sen

പക്ഷെ ഞാൻ ചെയ്യുന്നതും മീമുകൾ ചെയ്യുന്നതും തമ്മിൽ വ്യത്യാസവുമുണ്ട്. എന്റെ രചനകൾ ഇങ്ങനെ മാറ്റപ്പെടാറില്ല. പക്ഷെ അതിനൊരു പരിധിയുണ്ട് താനും. കാരണം ആളുകൾ ഇത് പങ്കുവെക്കുന്നത് വ്യത്യസ്ത സന്ദർഭങ്ങളിലാണ്. ഇതാണ് ഞങ്ങൾ പറയാൻ ആഗ്രഹിച്ചത്, പക്ഷെ എങ്ങനെ പറയണമെന്നറിയില്ലായിരുന്നു എന്ന മട്ടിൽ കുറെ ആളുകൾ അത് പങ്കുവെക്കാറുണ്ട്. അവർ അവരുടേതായ വ്യാഖ്യാനവും അഭിപ്രായവും പാഠവും ഉപപാഠവുമൊക്കെ അതിൽ ചേർക്കും. ചിലപ്പോൾ അവർക്കിഷ്ടമില്ലാത്ത ചിലത് ക്രോപ് ചെയ്‌ത്‌ കളയാറുണ്ട്. എനിക്കതിൽ ഒരു നിയന്ത്രണവുമില്ല. റോളണ്ട് ബാർത് 1960-ൽ പറഞ്ഞ കലാകൃത്തിന്റെ മരണം ശരിക്കും ഇതാണ്. കലാകൃത്ത് മരിക്കുക മാത്രമല്ല, പോസ്റ്റ്മോർട്ടം ചെയ്യപ്പെടുകയും പല കഷണങ്ങളായി മുറിക്കപ്പെടുകയും വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. അത് കുഴപ്പമില്ല. പക്ഷെ എന്റെ രചനകൾ ആളുകൾ മാറ്റം വരുത്തി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെടുമ്പോൾ ഞാൻ അവരോട് പറയാറുണ്ട്, നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം പറയാം, പക്ഷെ എന്റെ രചന ഉപയോഗിക്കുകയാണെങ്കിൽ അതെന്താണോ അതേനിലക്ക് അത് ബഹുമാനിക്കൂ എന്ന്. പക്ഷെ അതുകൊണ്ടൊരു കാര്യവുമില്ലെന്നും ആളുകൾ അവർക്കിഷ്ടമുള്ളത് ചെയ്യുമെന്നും എനിക്കറിയാം.

താങ്കളുടെ പല രചനകളിൽ ‘സ്ഥലം' ഒരു പ്രധാന പ്രമേയമാണെന്ന് തോന്നുന്നു. മാപുസ മാർക്കറ്റ് പ്രോജക്ട്, ചാർമിനാറിനെക്കുറിച്ചുള്ള രചനകൾ, 2016 ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്ന രചന, നർമദയെക്കുറിച്ചുള്ള ഗ്രാഫിക് നോവൽ തുടങ്ങി നിരവധി രചനകളിൽ 'സ്ഥലപരത' (spaciality) ഉണ്ട്. അതെങ്ങനെയാണ് താങ്കളെ സ്വാധീനിക്കുന്നത്?

ഞാനവ മനഃപൂർവം ചെയ്‌തതല്ല. പക്ഷെ കുറേക്കാലമായി ചെയ്‌ത പ്രോജക്ടുകളിലേക്ക് ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ സ്ഥലപരതയുമായി അവക്കുള്ള അഗാധ ബന്ധത്തെപ്പറ്റി താങ്കൾ നിരീക്ഷിച്ചത് ശരിയാണെന്ന് തോന്നുന്നു. ഒരുപക്ഷെ ഒരു ഭൂപട നിർമാതാവിന്റെ മകനാണ് ഞാൻ എന്ന വസ്തുത ഇതിലൊരു ഘടകമാകാം. എന്റെ അച്ഛന്റെ കാർട്ടോഗ്രാഫിക് യാത്രകളിൽ ഞാൻ കൂടെപ്പോകുമായിരുന്നു. അദ്ദേഹമെപ്പോഴും യാത്രയിലായിരിക്കും. ഇടക്ക് ചെറിയ കാലത്തേക്ക് വീട്ടിൽ വരും, വീണ്ടും പോകും. ചില അവധി ദിവസങ്ങളിൽ അധികദൂരം പോകാനില്ലാത്ത യാത്രകളിൽ ഞങ്ങൾ സഹോദരങ്ങൾ കൂടെപ്പോകും. ഞാൻ കുറെ കാര്യങ്ങൾ അങ്ങനെ പഠിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രം കഥകളുമായി കൂടിക്കലർന്നു കിടക്കുന്ന ഒരാശയമായി മാറി എനിക്ക്. ഞങ്ങൾ പകൽ മുഴുവനും നടക്കും. അച്ഛന്റെ ജോലിപ്രക്രിയ സവിശേഷമാണ്. കൃത്യം 33 ഇഞ്ചു വരുന്ന കാലടികൾ വെച്ചാണ് അദ്ദേഹം നടക്കുക. അദ്ദേഹത്തിന് അതിൽ പരിശീലനം കിട്ടിയിട്ടുണ്ട്. ഒരു ബിന്ദുവിൽ നിന്ന് മറ്റേ ബിന്ദുവിലേക്കുള്ള അകലം അറിയാൻ അദ്ദേഹം അവക്കിടയിൽ നടക്കുകയാണ് ചെയ്യുക. എന്നിട്ട് എത്ര അടി വെച്ചുവെന്ന് എണ്ണി അകലം കണക്കുകൂട്ടും. അദ്ദേഹത്തോടൊപ്പം നടക്കുകയും ആ നടത്തം പതുക്കെ ഒരു ഭൂപടമായി രൂപാന്തരപ്പെടുകയും ചെയ്യുക എന്നത് രസകരമായിരുന്നു. അങ്ങനെ എനിക്ക് ഭൂപടങ്ങൾ കഥപറച്ചിലിന്റെ ഒരു രൂപമായിത്തീർന്നു. ഒരു ഭൂപടം കാണുമ്പോളൊക്കെ അവിടത്തെ ഭൂപ്രകൃതി കൂടി എന്റെ ആലോചനയിലേക്ക് വരും. ആ ബന്ധം എന്നെ സംബന്ധിച്ച് ചെറുപ്പം തൊട്ടേ വളരെ ശക്തമാണ്. ഒരുപക്ഷെ ഞാൻ സ്ഥലം എന്ന ആശയത്തെ ഇത്രയധികം പരിഗണിക്കുന്നതിന് ഇതൊരു കാരണമാകാം. അച്ഛനുണ്ടാക്കിയ മാപ്പുകൾ എല്ലാം കാണുന്ന, മുകളിൽ നിന്നുള്ള ദൈവത്തിന്റെ വീക്ഷണകോണുകൾ ആയിരുന്നു. ഞാനതിലേക്ക് മറ്റു വീക്ഷണകോണുകളെ കൂടി കൂട്ടിച്ചേർത്തു. പ്രത്യേകിച്ചും നിലത്തുനിന്നുള്ള കാഴ്ചകൾ. ആകാശം വിട്ട് ഭൂമിയിൽ നിന്ന്​ നോക്കിയാൽ ആ പ്രദേശം എങ്ങനെയിരിക്കും. അവിടെ നടക്കുന്ന മറ്റു കാര്യങ്ങൾ എന്താണ് - മനുഷ്യർ, വീടുകൾ, ജീവിത സമരങ്ങൾ? ഒരുതരത്തിൽ അദ്ദേഹത്തിന്റെ ഭൂപടങ്ങളിലേക്ക് കഥകളെ കടത്തിവിടുകയാണ് ഞാൻ ചെയ്തത്. അങ്ങനെയായിരിക്കണം ഇത്തരമൊരു ശൈലി എന്നിൽ രൂപം കൊണ്ടത്. ഭൂമിശാസ്ത്രം എനിക്ക് നിർണായക പ്രാധാന്യമുള്ളതാണ്. ഞാൻ പോകാത്ത ഒരു നാടിനെപ്പറ്റി ഞാനൊരിക്കലും ഒരു കഥ പറയില്ല. നങ്ങേലി ഒരുദാഹരണം. കേരളത്തിലെ ഭൂപ്രകൃതി, ആകാശം,  സസ്യജാലം, വെള്ളത്തിന്റെ നിറം എന്നിവയെല്ലാം അതിൽ പ്രധാനമാണ്. കഥ നടക്കുന്ന പത്രമാണ് എനിക്ക് സ്ഥലം, അതില്ലെങ്കിൽ കഥയില്ല.

കൊച്ചി ബിനാലെ ഒരു വരേണ്യ ഗാലറി ഇടമല്ല. കാരണം അവിടെ എല്ലാവരും പോകുന്നുണ്ട്. എന്റെ രചന അവിടെ കാണിക്കണം എന്ന് ഞാൻ ആഗ്രഹിച്ചതിന്റെ ഒരു കാരണവും അതായിരുന്നു.

കൊച്ചി ബിനാലെയോ മറ്റ് അന്തർദേശീയ പ്രദർശനങ്ങളോ പോലുള്ള വരേണ്യ ഗ്യാലറികളിൽ പ്രദർശിപ്പിക്കുന്ന രചനകളെയും പബ്ലിക് ആർട്ടിനെയും സമീപിക്കുന്നത് ഒരേപോലെയാണോ? ഒരു കലാകൃത്ത് എന്ന നിലയിൽ എന്തെങ്കിലും മൗലിക വ്യത്യാസം ഉണ്ടാകാറുണ്ടോ?

വ്യത്യാസമില്ല. എന്റെ എല്ലാ രചനകളെയും പബ്ലിക് ആർട്ട്​ എന്ന നിലയിലാണ് ഞാൻ സമീപിച്ചിട്ടുള്ളത്. അത് ബിനാലെ ആണോ അല്ലേ എന്നത് എനിക്ക് വിഷയമല്ല. കൊച്ചി ബിനാലെ ഒരു വരേണ്യ ഗാലറി ഇടമല്ല. കാരണം അവിടെ എല്ലാവരും പോകുന്നുണ്ട്. എന്റെ രചന അവിടെ കാണിക്കണം എന്ന് ഞാൻ ആഗ്രഹിച്ചതിന്റെ ഒരു കാരണവും അതായിരുന്നു. അവരെന്നെ ക്ഷണിച്ചപ്പോൾ വലിയ സന്തോഷം തോന്നി. പൊതുജനങ്ങൾക്ക് പ്രാപ്യമായ ഒരു കലാപ്രദർശനമാണത്. ആളുകൾ അതുകാണാൻ വരികയും ചെയ്യുന്നുണ്ട്. അവിടെ ഞാൻ ഒരു ഗെയിം ഇൻസ്റ്റലേഷനാണ് ചെയ്‌തത്‌. ആളുകൾ കലാസൃഷ്‌ടി കൊണ്ട് കളിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. തുടക്കത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു. അവിടെ ഒരുപാട് രചനകൾ കാണാനുണ്ട്. അതിനിടയിൽ ആളുകൾ അവിടെ നിന്ന് കളിക്കുമോ എന്നറിയില്ലായിരുന്നു. പക്ഷെ ആദ്യദിവസം തന്നെ ആളുകൾ അതെടുത്ത് കളിക്കുവാൻ തുടങ്ങി. അതിശയകരമായിരുന്നു അത്. കല ആത്യന്തികമായി ഒരുതരം കളിയാണെന്ന എന്റെ ധാരണ അത് ഉറപ്പിച്ചു. മനുഷ്യരായ നമ്മൾ എപ്പോഴും കളിക്കാനുള്ള അവസരം തേടുന്നവരാണ്. ജീവിതത്തിന്റെ പരക്കം പാച്ചിലിൽ കുടുംബം, ജോലി, ഉത്തരവാദിത്തം, ഒക്കെയായിട്ട് കളി മങ്ങിപ്പോവുകയും പശ്ചാത്തലത്തിലേക്ക് ഒതുങ്ങുകയുമാണ്. പക്ഷെ നിങ്ങളവർക്ക് കളിയ്ക്കാൻ അവസരം കൊടുത്താൽ അതവർ പ്രയോജനപ്പെടുത്തും. ഇതാണ് ഞാനവിടെ നിന്നും പഠിച്ചത്.

എം. നൗഷാദ് ഒര്‍ജിത് സെന്നിനൊപ്പം / Photo: Agasthya Soorya

എന്റെ എല്ലാ രചനകളും പൊതുജനങ്ങളെ ഉദ്ദേശിച്ചുള്ളതാണ്. അത് ഗാലറിയിലാണ് പ്രദർശിപ്പിക്കുന്നത് എങ്കിൽ പോലും. തുടക്കത്തിൽ ഞാൻ ഗാലറികളെക്കുറിച്ച് ചിന്തിക്കാറോ അവരെ സമീപിക്കാറോ ഉണ്ടായിരുന്നില്ല. സാവധാനം ഗാലറികൾ എന്ന് സമീപിക്കാൻ തുടങ്ങി. കല പ്രദർശിപ്പിക്കാനുള്ള ഒരു മാതൃകാസ്ഥാലം ആയി ഗാലറിയെ ഞാനിപ്പോഴും കാണുന്നില്ല. കൂടുതൽ പങ്കാളിത്തവും ഇടപെടലും സാധ്യമാകുന്ന സ്ഥലത്താണ് കല നിൽക്കേണ്ടത്. ഗാലറികൾ സമൂഹത്തിന്റെ ഓരങ്ങളിലാണുള്ളത്. കലയാവട്ടെ സമൂഹത്തിനെ മധ്യത്തിലാണ് വേണ്ടത്. ഞാൻ പലസ്തീനിൽ യാത്ര ചെയ്തപ്പോൾ ഇത് കണ്ടതാണ്. അവിടെ ഗാലറികൾ ഇല്ല. കലാകാരൻമാർ കല സൃഷ്ടിക്കുന്നത് തെരുവിലാണ്. ഒരു കലാസൃഷ്ടി രൂപം കൊണ്ടുകഴിഞ്ഞാൽ ആ പ്രദേശത്തെ ജനങ്ങൾ അതേറ്റെടുക്കുന്നു. അവരെ സംബന്ധിച്ച് യാഥാർഥ്യം ഛിന്നഭിന്നമാക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. കലയാണ് ഒരർത്ഥത്തിൽ അതിനെ തിരിച്ചുപിടിക്കുന്നത്. ചാരത്തിൽ നിന്ന് പറന്നുയരുന്ന ഒരു ഫീനിക്സ് പക്ഷിയെപ്പോലെ. ആളുകൾ മരണമടഞ്ഞ, ബോംബ് വീണുതകർന്ന ഒരു കെട്ടിടം വലിയൊരു കാൻവാസായിത്തീരുന്നു. അതിലേക്ക് ജീവിതം തിരിച്ചുവരുന്നു. അതാണ് കലയുടെ കരുത്ത്. നമ്മളത് ശഹീൻ ബാഗിലും കണ്ടതാണ്. ആളുകൾ അവിടെ കലാസൃഷ്ടികൾ ഉണ്ടാക്കി. ശഹീൻ ബാഗിലെ സമരം അവസാനിച്ചപ്പോൾ സർക്കാർ ചെയ്‌ത ആദ്യത്തെ കാര്യം എല്ലാ കലാസൃഷ്‌ടികളെയും തൂത്തുകളയുക എന്നതാണ്. കല വലിയ ശക്തിയുള്ള ഒന്നാണ്. അതുകൊണ്ടാണ് അത് വളരെ കുറച്ചാളുകൾ മാത്രം പോകുന്ന വെള്ള ഭിത്തികളുള്ള ഗ്യാലറികളിൽ തളച്ചിടരുതെന്ന് പറയുന്നത്. അത് മുഖ്യധാരയിലാണുണ്ടാവേണ്ടത്.  


ഒര്‍ജിത് സെന്‍

ഗ്രാഫിക് ആര്‍ട്ടിസ്റ്റ്, ഡിസൈനര്‍. 'റിവര്‍ ഓഫ് സ്‌റ്റോറീസ്' ഇന്ത്യയിലെ ആദ്യ ഗ്രാഫിക് നോവലായി പരിഗണിക്കപ്പെടുന്നു. ഇന്ത്യ- പലസ്തീന്‍ തിയറ്റര്‍ സംരംഭമായ ഫ്രീഡം ജാഥക്കുവേണ്ടി നിരവധി കലാരൂപങ്ങളുണ്ടാക്കി.

എം. നൗഷാദ്

എഴുത്തുകാരന്‍, അധ്യാപകന്‍

Comments