സവർണതയെ തുള്ളിത്തോൽപ്പിച്ച തുള്ളൽ
എങ്ങനെ ക്ഷേത്രകലയാകും

തങ്ങളുടെ കലാജീവിതത്തിലൂടെ തുള്ളൽ കലാകാരർ കേരളീയ പൊതുസമൂഹത്തിന് നൽകുന്ന സത്യവാങ്മൂലം, തുള്ളൽ ക്ഷേത്രകല അല്ല എന്നുതന്നെയാണ്. എന്നാൽ തുള്ളൽ കലാകാരരുടെ ഈ പരിശ്രമങ്ങളെ നിഷ്പ്രഭമാക്കാൻ പര്യാപ്തമായ രീതിയിൽ തുള്ളൽ സവർണവൽക്കരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

ലയാളത്തിൽ കലഹവും പ്രതിരോധവും പ്രതികരണവുമുള്ളടങ്ങിയ തന്റേടമുള്ള ഭാഷാവ്യവഹാരം സൃഷ്ടിച്ചത് കുഞ്ചൻനമ്പ്യാരാണ്. തുള്ളൽപ്രസ്ഥാനത്തിന് മുൻപുതന്നെ പുരാണകഥകൾ നർമ്മരൂപത്തിൽ അവതരിപ്പിക്കുന്ന രീതി നിലവിലുണ്ടായിരുന്നെങ്കിലും, കുഞ്ചൻനമ്പ്യാരിൽ ഹാസ്യം രാഷ്ട്രീയവൽക്കരിക്കപ്പെടുകയും സാംസ്കാരിക വിമർശമായി പരിണമിക്കുകയും ചെയ്തു.

ദേവതാസങ്കൽപ്പത്തെ അതിരുവിട്ടു പുകഴ്ത്തുന്ന ഫാഷിസ്റ്റ് വ്യവഹാരശൈലിയിൽനിന്ന് വ്യതിരിക്തമായി നിന്നുകൊണ്ട് ഹൈന്ദവ പുരാണങ്ങളിലെ മൂല്യവ്യവസ്ഥയെ തന്നെ കുഞ്ചൻ വിചാരണ ചെയ്തു. ജാതിമേൽത്തട്ടിന്റെ സ്ഥാപിതതാൽപര്യങ്ങളെ സംരക്ഷിക്കുക എന്നതോ ഉന്നതവർഗ്ഗത്തിനും അവരുടെ ആശ്രിതർക്കും സവിശേഷകൗതുകം ജനിപ്പിക്കുന്ന ദേവസ്തുതികൾ ആലപിക്കുക എന്നതോ ആയിരുന്നില്ല തുള്ളൽപ്പാട്ടുകളുടെ ലക്ഷ്യം.

Photo: Wikipedia

ജാതിയെ അടിസ്ഥാനമാക്കി നിലനിന്നിരുന്ന സമൂഹത്തോടുണ്ടായിരുന്ന എതിർപ്പിന്റെ പ്രത്യയശാസ്ത്രമായിരുന്നു കുഞ്ചൻനമ്പ്യാരുടെ കലാമൂലധനം. പുലയരെയും പറയരെയും അരങ്ങിലെത്തിച്ച് കൂരമ്പ് പോലെ മൂർച്ചയുള്ള വരികളാൽ സവർണ സംസ്കാരത്തെ നിർദാക്ഷണ്യം വിമർശിക്കുകയെന്ന ദൗത്യം അവരെ ഏൽപ്പിച്ച കുഞ്ചനെ സവർണ വിധേയത്വത്തിന്റെ രാഷ്ട്രീയ തിമിരം ബാധിച്ചിട്ടുണ്ടായിരുന്നില്ല. തന്റെ കലയെയും ഭാഷയെയും പാരമ്പര്യ അഭിരുചികളിൽ നിന്ന് ഭിന്നമായി, സ്വന്തം കാലത്തോടും സാമൂഹികപരിസരത്തോടും അഭേദ്യമായ രീതിയിൽ ബന്ധിപ്പിക്കാൻ കുഞ്ചന് സാധിച്ചത് അസാധാരണമായ സ്വാതന്ത്ര്യബോധം അയാളിൽ ഉണ്ടായിരുന്നതിനാലാണ്. അഭിജാതവർഗ്ഗം തങ്ങളുടേതെന്നും കുലീനമെന്നും കരുതിയിരുന്ന കുടുംബഘടനയെ, വാഗ്മയങ്ങളെ, ആഹാരരീതിയെ, എന്നുവേണ്ട കലകളെ വരെ അതിനിശിതമായി വിമർശിക്കുന്ന തുള്ളൽപ്പാട്ടുകൾ വരേണ്യലിഖിത പാരമ്പര്യത്തിന്റെ ഭാഗമാകാതിരുന്നത് സ്വാഭാവികമാണ്. അറിവധികാരത്തിന്റെ കുത്തക കൈയടക്കിയിരുന്ന സവർണപ്രമാണിമാർ തുള്ളൽപ്പാട്ടുകളെ ക്രൂരമായി അവഗണിച്ചു. ഒന്നര നൂറ്റാണ്ടോളം വാമൊഴിയായി നിലനിന്ന തുള്ളൽപ്പാട്ടുകളെ, പാട്ടുപാരമ്പര്യത്തിന്റെ ഭാഗമായി വേണ്ടത്ര പ്രാധാന്യത്തോടെ തിരിച്ചറിയാതെ നാം ഇന്നും അതേ അവഗണന തുടരുന്നു.

ക്രിസ്ത്യാനിറ്റിയുടെയും ഇസ്‍ലാമിന്റെയും സ്വാധീനം പ്രത്യക്ഷമായിത്തന്നെ കുഞ്ചന്റെ കൃതികളിലുണ്ട്. കുഞ്ചനുശേഷമുള്ള തുള്ളൽപ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാലും ഈ ബഹുസ്വരത നിലനിൽക്കുന്നതായി കാണാം.

തുള്ളൽ കളരികൾ സന്ദർശിച്ച് തുള്ളൽപ്പാട്ടുകൾ ശേഖരിച്ച് പ്രസിദ്ധീകരിച്ചത് എസ്. ടി. റെഡ്യാറാണ്. അതിനകം, തുള്ളൽ പ്രസ്ഥാനം, ഇല്ലാതാക്കാൻ സാധിക്കാത്തവിധം സമൂഹത്തിൽ സ്വാധീനം ഉറപ്പിച്ചതിനാലാകണം തുള്ളലിനെ ഹിന്ദുത്വവുമായി ബന്ധിപ്പിച്ച് മഹത്വവൽക്കരിക്കാനുള്ള ശ്രമം സാഹിത്യചരിത്രങ്ങളിൽ പിന്നീട് പ്രകടമായി കാണുന്നത്. 'കുഞ്ചൻനമ്പ്യാർ തുള്ളൽ കഥകൾ രചിച്ചത് ശ്രോതാക്കളെ ആസ്തികന്മാരും ഈശ്വരഭക്തരും സദാചാരനിരതരുമാക്കി തീർക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി മാത്രമായിരുന്നു’ എന്ന ഉള്ളൂരിന്റെ അഭിപ്രായവും 'നമ്പ്യാർ തുള്ളൽ കഥകൾ ഉണ്ടാക്കി തുടങ്ങിയപ്പോൾ കച്ചകെട്ടിക്കുന്നതിനുള്ള ഗുരുസ്ഥാനം മാത്തൂർ പണിക്കർ ശൂദ്രൻ ആകയാൽ ദ്രോണമ്പള്ളിയെക്കൊണ്ട് വഹിപ്പിച്ചു' എന്ന സാഹിത്യപഞ്ചാനനന്റെ ഊഹവുമൊക്കെ കുഞ്ചൻ എതിർത്ത ഹിന്ദുത്വത്തോട് തന്നെ കുഞ്ചനെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു.

എസ്.ടി. റെഡ്യാർ

കുഞ്ചൻ നമ്പ്യാരുടെ രചനാലോകം ഏക ശിലാത്മകമായിരുന്നില്ല, ബഹുസ്വരമായിരുന്നു. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെയാണ് ഇത്തരം അഭിപ്രായപ്രകടനങ്ങൾ സാഹിത്യചരിത്രകാരർ നടത്തിയിട്ടുള്ളത്. ക്രിസ്ത്യാനിറ്റിയുടെയും ഇസ്‍ലാമിന്റെയും സ്വാധീനം പ്രത്യക്ഷമായിത്തന്നെ കുഞ്ചന്റെ കൃതികളിലുണ്ട്. കുഞ്ചനുശേഷമുള്ള തുള്ളൽപ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാലും ഈ ബഹുസ്വരത നിലനിൽക്കുന്നതായി കാണാം. ചേകോട്ടാശാന്റെ ഇസ്രായേൽ ഉൽഭവം അഥവാ ജോസഫ് ചരിതം തുള്ളൽ, വി.ടി. ഐപ്പിന്റെ ശ്രീയേശുവിജയം, വി.ടി. ജോർജിന്റെ ബൈബിൾ ചരിതം ഓട്ടൻതുള്ളൽ, ഫാദർ മാത്യൂസ് വാഴക്കുന്നന്റെ സക്കായീമാനസാന്തരം, പുത്തൻകാവ് മാത്തൻ തരകന്റെ പരുമല പെരുന്നാൾ ഓട്ടൻതുള്ളൽ, വലിയമറ്റം എസ്. ജെ. എഴുതിയ 'യേശുവിനെ ഭ്രാന്തനാക്കി ഓട്ടൻതുള്ളൽ' തുടങ്ങിയവ ക്രിസ്ത്യൻ പ്രമേയങ്ങൾ അടിസ്ഥാനമാക്കി രചിക്കപ്പെട്ടവയാണ്. കുറിച്ചിത്താനം ജയകുമാർ പള്ളികളിൽ തിരുനാളുകളോട് ബന്ധപ്പെട്ട് ഓട്ടൻതുള്ളലുകൾ അവതരിപ്പിക്കാറുണ്ട്. കുമാരനാശാന്റെ കവികൾക്കുപദേശം തുള്ളൽ, എൻ. ദാമോദരക്കുറുപ്പ് സ്വാതന്ത്ര്യസമരം പ്രമേയമാക്കിയെഴുതിയ നടനഭാരതി ഓട്ടൻതുള്ളൽ, കലാമണ്ഡലം ഗണേശൻ എഴുതി അമ്പലപ്പുഴ സുരേഷ് വർമ്മ രംഗാവിഷ്കാരം ചെയ്ത പ്രകൃതിയുടെ നൊമ്പരം ഓട്ടൻതുള്ളൽ, മരുത്തോർവട്ടം കണ്ണൻ കോവിഡ് പശ്ചാത്തലത്തിൽ രചിച്ച് അവതരിപ്പിച്ച കരുതൽ ഓട്ടൻതുള്ളൽ തുടങ്ങിയവ മതേതര പ്രമേയങ്ങൾ അടിസ്ഥാനമാക്കി രചിക്കപ്പെട്ടവയാണ്. ഈ കൃതികൾ തുള്ളൽപ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുമ്പോൾ തന്നെ ഇവ രംഗത്തവതരിപ്പിക്കുന്നതിന് തുള്ളൽ കലാകാരർ പ്രധാനമായും രണ്ട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

1. കുഞ്ചൻനമ്പ്യാരുടെ കവനശൈലി, സാമൂഹ്യനിരീക്ഷണ പാടവം, വിമർശനപ്രതിഭ, പ്രതിരോധം എന്നീ സവിശേഷതകളോട് താരതമ്യം ചെയ്യാൻ സാധിക്കാത്ത അകലം ഈ കൃതികൾക്കുണ്ട്.
2. തുള്ളൽ ക്ഷേത്രകലയാണെന്ന മിഥ്യാവാദം സമൂഹത്തിൽ പ്രചരിച്ചിരിക്കുന്നതിനാൽ പുരാണേതര പ്രമേയങ്ങൾ രംഗത്തവതരിപ്പിക്കുവാൻ വേദികൾ ലഭിക്കുന്നത് താരതമ്യേന കുറവാണ്.

ഫാ. മാത്യൂസ് വാഴക്കുന്നം

ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗിച്ചും അല്ലാതെയും മതേതരമായ തുള്ളൽ കൃതികൾ രംഗത്തവതരിപ്പിക്കുവാൻ തുള്ളൽ കലാകാരർ ഉത്സുകരാണ്. തുള്ളൽപ്രസ്ഥാനത്തെ സമകാലിക പ്രശ്നങ്ങളുമായി കൂട്ടിയിണക്കുന്നതിന്റെ ഭാഗമായാണ് ലഹരിവിരുദ്ധസന്ദേശ പ്രചരണത്തിനായി എക്സൈസ് ഉദ്യോഗസ്ഥനായ ജയരാജ് വിജയൻ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു വരുന്നത്. ഇപ്രകാരം തങ്ങളുടെ കലാജീവിതത്തിലൂടെ തുള്ളൽ കലാകാരർ കേരളീയ പൊതുസമൂഹത്തിന് സത്യവാങ്മൂലം നൽകുന്നത് തുള്ളൽ ക്ഷേത്രകല അല്ല എന്നുതന്നെയാണ്. എന്നാൽ തുള്ളൽകലാകാരരുടെ ഈ പരിശ്രമങ്ങളെ നിഷ്പ്രഭമാക്കാൻ പര്യാപ്തമായ രീതിയിൽ തുള്ളൽ ഇതിനോടകം സവർണവൽക്കരിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. പല ഘടകങ്ങളുടെയും സ്വാധീനം ഈ സവർണവത്ക്കരണത്തിനു കാരണമായിട്ടുണ്ട്.

തുള്ളൽപ്പാട്ടുകളെയും അവതരണങ്ങളെയും സംബന്ധിച്ച് കേരളം പുലർത്തിയ ജാഗ്രതക്കുറവാണ് ആദ്യത്തെ ഘടകം. കലാമണ്ഡലം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ തുള്ളലിന്റെ വക്താക്കളായിത്തീർന്നത് സവർണരായിരുന്നു. തുള്ളൽ വേഷത്തിന്റെ സൗന്ദര്യവൽക്കരണം എന്ന പേരിൽ അവർ നടപ്പാക്കിയ പരിഷ്കാരങ്ങൾ യഥാർത്ഥത്തിൽ സൗന്ദര്യവൽക്കരണമായിരുന്നില്ല, സവർണവൽക്കരണമായിരുന്നു. കുഞ്ചൻ എതിർത്ത കഥകളി സംസ്കാരത്തോട് ഇവർ കുഞ്ചന്റെ കലയെ സമർത്ഥമായി ഇണക്കിച്ചേർത്തു.

മരുത്തോർവട്ടം കണ്ണൻ കോവിഡ് പശ്ചാത്തലത്തിൽ രചിച്ച് അവതരിപ്പിച്ച കരുതൽ ഓട്ടൻതുള്ളൽ

ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് തുള്ളലിന് പ്രധാനമായും അരങ്ങുകൾ ലഭ്യമായത് എന്നതാണ് രണ്ടാമത്തെ ഘടകം. ഇത് തുള്ളൽകലാകാരരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഷയം കൂടിയായതിനാൽ അരങ്ങുകളുടെ രാഷ്ട്രീയം വിലയിരുത്തി തിരഞ്ഞെടുക്കുവാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം അവർക്കുണ്ടായിരുന്നില്ല എന്ന കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. തുള്ളൽ ക്ഷേത്രകലയാണെന്ന ധാരണ ഇത്തരം വേദികളിലൂടെ ഉറപ്പിക്കപ്പെട്ടു. കേരള ഫോക് ലോർ അക്കാദമിയുടെ നാടൻകലാകാര പുരസ്ക്കാരത്തിന് അപേക്ഷിക്കാൻ, തുള്ളൽ ക്ഷേത്രകലയായതിനാൽ തുള്ളൽ കലാകാരർ അനർഹരാണെന്ന് പറയുന്നവിധം ഈ ബോധ്യം വളർന്നിട്ടുണ്ട് എന്നതാണ് വർത്തമാനകാല സാഹചര്യം.

കലാമണ്ഡലം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ തുള്ളലിന്റെ വക്താക്കളായിത്തീർന്നത് സവർണരായിരുന്നു. തുള്ളൽ വേഷത്തിന്റെ സൗന്ദര്യവൽക്കരണം എന്ന പേരിൽ അവർ നടപ്പാക്കിയ പരിഷ്കാരങ്ങൾ യഥാർത്ഥത്തിൽ സൗന്ദര്യവൽക്കരണമായിരുന്നില്ല, സവർണവൽക്കരണമായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും തുള്ളൽപ്പാട്ടുകളിലെ പ്രതിരോധമൂല്യം പൂർണമായും ചോർന്നുപോയിട്ടില്ല. പുരാണകഥയും കഥാപാത്രങ്ങളും കുഞ്ചൻനമ്പ്യാർക്ക് ഹിന്ദുത്വത്തെ വിമർശിക്കുന്നതിനുള്ള ഉപാധികൾ മാത്രമായിരുന്നു. ദേവനെന്നോ അസുരനെന്നോ മനുഷ്യനെന്നോ ഭേദമില്ലാതെ, പുരാണ കഥാപാത്രങ്ങളെയും സിദ്ധാന്തങ്ങളെയും അയാൾ പരിഹസിച്ചു. ശിവൻ, പാർവതി, വിഷ്ണു, ലക്ഷ്മി, കൃഷ്ണൻ, പഞ്ചപാണ്ഡവർ, പാഞ്ചാലി, ബുദ്ധൻ തുടങ്ങി ചാർവാകൻ വരെ അയാളുടെ കവിതയിൽ പരിഹസിക്കപ്പെട്ടു. ഹൈന്ദവ പുരാണങ്ങളെ അവലംബിക്കുമ്പോഴും, ഹിന്ദുത്വം ഇന്ന് മുന്നോട്ടുവയ്ക്കുന്ന ദേവസങ്കല്പമല്ല തുള്ളൽപ്പാട്ടുകളിലുള്ളത്. ഉദാഹരണത്തിന്, ഗണപതിയുടെ ജനനം പ്രതിപാദിക്കുന്ന സന്ദർഭത്തിൽ കേരളീയമായ ഐതിഹ്യത്തെയാണ് കുഞ്ചൻനമ്പ്യാർ അടിസ്ഥാനമാക്കുന്നത്. ശിവൻ കൊമ്പനാനയും, പാർവതി പിടിയാനയുമായി, കാടുകളിൽ രമിച്ചു നടന്നപ്പോഴുണ്ടായ സന്താനമായാണ് ഗണപതിയെ കുഞ്ചൻ വർണ്ണിക്കുന്നത്.

ലഹരിവിരുദ്ധസന്ദേശ പ്രചരണത്തിന്റെ ഭാഗമായി ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥൻ ജയരാജ് വിജയൻ

'ഫണിപതിഭൂഷണനാകിയ ഭഗവാ-
നണികലയാണ്ട
മഹേശ്വരനൊരുനാൾ ഗുണവതിയാകിയ പാർവ്വതിയോടും ഗുണമിയിലുന്നൊരു കരിവടിവായി
അടവിയിലങ്ങു കടന്നു നടന്നും
മടികൂടാതെ കളിച്ചു രസിച്ചും
തരുണിയെ വിരവിലടുത്തു വിളിച്ചും പെരുകിന സരസസുഖേന കളിച്ചും
മരുവിന മലർശരഹരനുടെ ബീജം ഉരുതരമുടനതു കരിമുഖമായി'
(രുക്മിണീസ്വയംവരം)
എന്നാണ് വർണ്ണന.

‘കുംഭീന്ദ്രൻ പോലെ വക്ത്രം
കുടവയറുമിയന്നൊരു ചാരുസ്വരൂപം
മുമ്പിൽ ശ്രീ പാർവ്വതിക്കും ശിവനും ഇഹ പിറന്നോരോമലുണ്ണി ഗണേശാ '
എന്ന് തുടങ്ങുന്ന, തുള്ളൽ അവതരണങ്ങളിൽ ഇന്ന് വ്യാപകമായുപയോഗിക്കുന്ന, വന്ദനശ്ലോകത്തിലും ഇതേ കഥ തന്നെയാണ് പരാമർശിക്കപ്പെടുന്നത്.

'കുടവയറേന്തിന ഗണനായകനും കുടവയറും കൊണ്ടോടിയണഞ്ഞു
അടലിട പുക്കു ശരങ്ങൾ തറച്ചിട്ടരുതരുതെന്ന് തിരിച്ചുനടന്നു' എന്ന് 'ബാണയുദ്ധ'ത്തിൽ ഗണപതിയുടെ പരാജയത്തെയും 'ആനത്തലവനെപ്പെറ്റു ഞാൻ പിന്നെയങ്ങാറുമുഖ മുള്ളവനെ പ്രസവിച്ചു... കുന്നിൻമകളുടെ കുഞ്ഞുങ്ങളുള്ളതിലൊന്നില്ല ഗോഷ്ട്ടി കൂടാതെയെന്നിങ്ങനെ' എന്ന് 'ഹനമദുത്ഭവ'ത്തിൽ ഗണപതിയുടെ ജനനത്തെ തന്നെയും കുഞ്ചൻ കളിയാക്കി. പുരാണ കഥാപാത്രങ്ങൾ മിത്തുകൾ മാത്രമാണെന്ന് ബോധ്യമുണ്ടായിരുന്ന കുഞ്ചന്, അവരിൽ ഉന്നയിക്കപ്പെട്ടിരുന്ന ആദർശമഹിമകളെ സംബന്ധിച്ചും സന്ദേഹമുണ്ടായിരുന്നു, അത് തികച്ചും യുക്തിസഹവുമായിരുന്നു.

മനുഷ്യ സാമൂഹികതയിലെ അടിസ്ഥാനഘടകമായി ലൈംഗികതയെ തിരിച്ചറിഞ്ഞ കുഞ്ചൻ, മാതൃകയായി കരുതപ്പെടുന്ന പുരാണ കഥാപാത്രങ്ങളുടെ ലൈംഗിക ജീവിതത്തിലേക്ക് തെളിഞ്ഞുനോട്ടം നടത്തി.

'ഭർത്താവവളെ തൊട്ടിട്ടില്ലാ
അവൾ ഭർത്താവിനെയും തൊട്ടിട്ടില്ലാ
മക്കളവൾക്കൊരു നാലഞ്ചുളവായി
ആർക്കു പിറന്നെന്നാരറിയുന്നു'
(സത്യാസ്വയംവരം) എന്ന് പഞ്ചപാണ്ഡവരുടെ 'ദിവ്യജനനത്തെ' സംബന്ധിച്ച സംശയം കുഞ്ചൻനമ്പ്യാർ വ്യക്തമായി ഉന്നയിച്ചു. ചൂട്ടുയാത്രകളുടെയും ഒളിസേവയുടെയും സ്മാർത്തവിചാരത്തിന്റെ തുമായ ആ കാലം പുരാണത്തിലെ സ്ത്രീപുരുഷ സംഗമങ്ങളെ സംശയത്തോടെ വീക്ഷിക്കാൻ കുഞ്ചനെ ഒരുപക്ഷേ പ്രേരിപ്പിച്ചിരിക്കാം.

അമ്പലപ്പുഴ സുരേഷ് വർമ്മ

കുഞ്ചൻ നമ്പ്യാരുടെ ആദ്യത്തെ തുള്ളൽ അവതരണമായി കരുതപ്പെടുന്നത് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളലിന്റെ അവതരണമാണ്. സ്വയം കുലസ്ത്രീയും കുലപുരുഷനുമായി കരുതിയിരുന്ന, തങ്ങളുടെ സംസ്കാരം മഹത്തരമാണെന്ന് വിശ്വസിച്ചിരുന്ന സവർണരുടെ, അഭിമാനത്തിന് മുറിവേൽപ്പിക്കാൻ കുഞ്ചൻ നമ്പ്യാർക്ക് സാധിച്ചതുകൊണ്ടാണ് ആദ്യ അവതരണത്തോടെ തന്നെ, ക്ഷേത്രത്തിൽ നിന്ന് തുള്ളൽ പുറത്താക്കപ്പെട്ടത്. ഈ തുള്ളൽ അവതരണം കോണകം ചുറ്റിയാണ് നമ്പ്യാർ നിർവഹിച്ചതെന്ന കഥ അമ്പലപ്പുഴയിൽ ഇന്നും പ്രചാരത്തിലുണ്ട്. ശീതങ്കൻ എന്ന പേര് അന്വർത്ഥമാക്കുന്ന വിധം കോണകത്തെ ശീതങ്കൻ തുള്ളലിന്റെ വേഷവും, സമൂഹത്തോടുള്ള പ്രതിഷേധത്തിന്റെ ചിഹ്നവുമാക്കിത്തീർത്തു കുഞ്ചൻനമ്പ്യാർ. തുള്ളലിന്റെ ഉടുത്തുകെട്ടിൽ ഇന്നുമുള്ള അമ്പലപ്പുഴ കച്ച /ശീല കോണകത്തിന്റെ സൗന്ദര്യവൽകൃത രൂപമാണ്.

തുള്ളലിനെ ക്ഷേത്രകലയായി അവരോധിക്കുന്നതിന്റെ തിരക്കിൽ, മറന്നുപോയ കുഞ്ചൻ നമ്പ്യാരെയും അയാളുടെ പ്രതിരോധത്തെയും ഓർത്തെടുക്കേണ്ടതുണ്ട്, തിരികെ വിളിക്കേണ്ടതുണ്ട്, ഈ കാലത്തിലേയ്ക്കും തുള്ളൽപ്രസ്ഥാനത്തിലേയ്ക്കും.

മഹാഭാരതത്തിൽ തഴയപ്പെട്ട ഭീമൻ പ്രധാന കഥാപാത്രമാകുന്നതുകൊണ്ടും, നമ്പൂതിരി- നായർ സംബന്ധത്തെ കണക്കറ്റ് പരിഹസിക്കുന്നതുകൊണ്ടും നമ്പ്യാരുടെ തുള്ളൽ കൃതികളിൽ ശ്രദ്ധേയമായ കൃതിയാണ് കല്യാണസൗഗന്ധികം. അത്തരമൊരു പ്രാധാന്യം കല്യാണസൗഗന്ധികത്തിനു ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഏറെ ശ്രദ്ധിക്കപ്പെട്ട ഈ കൃതിയുടെ പോലും പ്രസക്തി വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടില്ല. പാഞ്ചാലീവസ്ത്രാക്ഷേപം മുൻനിർത്തി ഭീമനെ കുറ്റപ്പെടുത്തുന്ന സന്ദർഭത്തിൽ,

'തന്നുടെ മുന്നിലിട്ടന്യനാം പുരുഷൻ
തന്നുടെ പെണ്ണിന്റെ വസ്ത്രം തൊടുന്നേര- മൊന്നുമനങ്ങാതെ നിൽക്കയോ വേണ്ടത്? ചെന്നങ്ങവനെ പ്രഹരിക്കുകയോ ഗുണം?'
എന്ന് ഹനുമാൻ ചോദിക്കുന്ന ചോദ്യം, മാറുമറയ്ക്കൽ സമരത്തിന്റെ പശ്ചാത്തലത്തിൽക്കൂടി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. മുല മറച്ച് പുറത്തിറങ്ങിയിരുന്ന സ്ത്രീകളുടെ വസ്ത്രം പൊതുസ്ഥലത്തുവെച്ച് കീറിയെറിഞ്ഞു രസിച്ചിരുന്ന, സവർണ മേധാവികൾക്കെതിരെ പ്രതികരിക്കാൻ നായർ, ശൂദ്രർ അടക്കമുള്ള സകല കീഴാള സ്വത്വങ്ങളോടും പരോക്ഷമായ ആഹ്വാനം ചെയ്യുകയായിരുന്നു കുഞ്ചൻ നമ്പ്യാർ.

പുത്തൻകാവ് മാത്തൻ തരകൻ

അതേ കഥയിലെ ഒട്ടും ശ്രദ്ധിക്കപ്പെടാത്ത ഭാഗമാണ് ഹനുമാൻ തന്റെ സഹോദരനായ ഭീമന് രാമായണകഥ വിവരിച്ചുനൽകുന്ന രംഗം. നാലു ജാതിക്കും വിധിച്ചിട്ടില്ലാത്ത ലൈംഗികജീവിതം നയിക്കുന്ന പഞ്ചപാണ്ഡവർക്ക് സദാചാരനിഷ്ഠ പകർന്നുനൽകുക എന്ന ഉദ്ദേശ്യമല്ല ഈ രാമായണാഖ്യാനത്തിന് പിന്നിലുള്ളത്.മറിച്ച് രാമായണത്തിന് വാനരപാഠം നിർമ്മിക്കുകയാണ് കുഞ്ചൻ ചെയ്യുന്നത്. 'ജാനകിമാനസസരസിജസവിത്യ മഹാത്മ്യൻ 'എന്ന് ഹനുമാനെ കുഞ്ചൻ നമ്പ്യാർ വിശേഷിപ്പിക്കുന്നുണ്ട്. സീതയുടെ മനസ്സാകുന്ന താമരയ്ക്ക് സൂര്യനായി ഭവിച്ച മഹാത്മാവ് എന്നാണ് ഈ പ്രയോഗത്തിന്റെ അർത്ഥം. ആഞ്ജനേയസ്തുതിയും രാമായണാഖ്യാനവും ഉൾപ്പെടുന്ന കല്യാണസൗഗന്ധികത്തിൽ ഹനുമാനെ ബ്രഹ്മചാരിയായോ സീതയെ പതിവ്രതയായോ കുഞ്ചൻ വിശേഷിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 'സീതാവിവാഹവും ചെയ്തുമുദാ', 'സീതയെ തൽക്ഷണം കട്ടു', 'സീതയെ വഹ്നി പ്രവേശന ശുദ്ധിയാക്കിക്കൊണ്ട്' എന്നിവിടങ്ങളിലെല്ലാം സീത എന്ന പേര് ഭക്തിപാരവശ്യത്തോടെയല്ല സ്വാതന്ത്ര്യത്തോടെയാണ് ഹനുമാൻ ഉച്ചരിക്കുന്നത്.

അശോകവനികയിൽ ഹനുമാൻ സീതയെ സന്ദർശിക്കുന്ന രംഗം രണ്ട് തവണ കല്യാണസൗഗന്ധികത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്.

'പങ്കേരുഹാക്ഷിയാം വൈദേഹി തന്നുടെ
സംക്ലേശമെല്ലാം
പറഞ്ഞു കളഞ്ഞതും' എന്നാണ് ആദ്യത്തെ പരാമർശം.
'മയ്ക്കണ്ണിമാർമണിയാളെയും കണ്ടു ഞാൻ 'എന്നത് രണ്ടാമത്തേതും. ഇതിൽ നിന്ന് പാരമ്പര്യം പറഞ്ഞു പഠിപ്പിക്കുന്ന, പുത്രസഹജമായ സ്വാതന്ത്ര്യമല്ല ഹനുമാൻ സീതയോട് പുലർത്തുന്നതെന്നും, സീതയുടെ സൗന്ദര്യത്തിൽ ഹനുമാൻ ആകൃഷ്ടനായിരുന്നെന്നും വ്യക്തമാണ്.

'വണ്ടാർക്കുഴൽമണി വൈദേഹി വഹ്നിയിൽ രണ്ടാമതും പ്രവേശിപ്പാൻ നിയോഗിച്ചു-
കൊണ്ടാടിയീലവൾ
ഭൂമി പിളർന്നാശു തണ്ടാരിൽ മാതുതാൻ പാലാഴി പുക്കിതു '
എന്നുള്ളിടത്ത് വക്താവ് രാമനാണോ എന്ന് സംശയിച്ചാലും പ്രശ്നമില്ലെന്ന് വരുന്നു.
'അന്തകൻ താനതു നേരമയോദ്ധ്യയിൽ അന്തണവേഷം ധരിച്ചുവന്നാദരാൽ' എന്ന് തൊട്ടടുത്ത വരിയിൽ കൃത്യമായി സീതാപക്ഷപാതിത്വം ഹനുമാൻ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ശീതങ്കൻ തുള്ളൽ

പുരാണ കഥാപാത്രങ്ങളുടെ ദൈവിക പരിവേഷത്തെ അപനിർമ്മിച്ച കുഞ്ചൻനമ്പ്യാർ, അശോകവനികയിലെ ഹനുമാന്റെ സന്ദർശനത്തെ സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചത്. കല്യാണസൗഗന്ധികത്തിൽ സീതയെപ്പറ്റി പരാമർശിക്കുന്ന വേളയിൽ ഭർത്താവിനടുത്ത സ്വാതന്ത്ര്യം കവി ഹനുമാന് നൽകിയിട്ടുണ്ട്. കുഞ്ചനെ സംബന്ധിച്ച് സീതയുടെ മനസ്സാകുന്ന താമരയുടെ സൂര്യൻ രാമനല്ല, ഹനുമാനാണ്. അതിനാൽ, കല്യാണസൗഗന്ധികത്തിലെ സീത പതിവ്രതയോ കുലസ്ത്രീയോ അല്ല. സീതയും ഹനുമാനും തമ്മിലുള്ള ബന്ധം പവിത്രവുമല്ല. തുള്ളലിനെ ഹിന്ദുത്വവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിലും കുഞ്ചന്റെ പ്രതിരോധം, വരികളിലൂടെയും വരികൾക്കിടയിലൂടെയും അതിജീവനം കണ്ടെത്തുന്നു എന്നുള്ളതാണ് തുള്ളൽക്കലയെ സംബന്ധിച്ചുള്ള ഏക ആശ്വാസം. തുള്ളലിനെ ക്ഷേത്രകലയായി അവരോധിക്കുന്നതിന്റെ തിരക്കിൽ, മറന്നുപോയ കുഞ്ചൻ നമ്പ്യാരെയും അയാളുടെ പ്രതിരോധത്തെയും ഓർത്തെടുക്കേണ്ടതുണ്ട്, തിരികെ വിളിക്കേണ്ടതുണ്ട്, ഈ കാലത്തിലേയ്ക്കും തുള്ളൽപ്രസ്ഥാനത്തിലേയ്ക്കും.

റഫറൻസ്:
1. ഉള്ളൂർ എസ്. പരമേശ്വരയ്യർ, കേരളസാഹിത്യചരിത്രം വാല്യം രണ്ട്, 2021, ഡി സി ബുക്സ്, കോട്ടയം.
2. കുഞ്ചൻനമ്പ്യാർ, കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതികൾ, 2011, ഡി.സി ബുക്സ്, കോട്ടയം
3. സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള, സാഹിത്യപഞ്ചാനനന്റെ കൃതികൾ, 1993, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

Comments