വിൻസെൻറ്​ വാൻഗോഗിന്റെ The Potato Eaters / Photo: vangoghmuseum.nl

‘ഉരുളക്കിഴങ്ങ് തിന്നുന്നവരു'ടെ
136 വാൻഗോഗ് വർഷങ്ങൾ

സൂര്യകാന്തിപ്പൂക്കളുടെയോ, നക്ഷത്രാങ്കിത രാത്രിയുടെയോ വന്യമായ സൗന്ദര്യപ്രകടനം ഉരുളക്കിഴങ്ങ് തിന്നുന്നവരിലില്ല. ഒരുപക്ഷേ, കാര്യകാരണബന്ധങ്ങൾ ഇത്ര കൃത്യതയോടെ വിതരണം ചെയ്യപ്പെട്ട മറ്റൊരു വാൻഗോഗ് ചിത്രവുമില്ല എന്നും പറയാം. അത്താഴമേശ എന്ന സാർവ്വലൗകിക ബിംബമല്ല, ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ' എന്ന തലക്കെട്ടുതന്നെ ആ ദൃശ്യത്തിന്റെ പശ്ചാത്തലത്തെ അനാവരണം ചെയ്യാൻ തക്ക ശേഷിയുള്ള ഒന്നാണ്.

രണ്ട റാന്തൽവെട്ടത്തിൽ ഒരു കുടുംബം അത്താഴമേശയ്ക്കുചുറ്റുമിരിക്കുന്നു. വയലിൽ പണിയെടുത്തു ക്ഷീണിച്ചതിന്റെ അടയാളങ്ങൾ അവരുടെ ഉടുപ്പിലും നോട്ടത്തിലും അവർ കഴിക്കുന്ന ഭക്ഷണത്തിലുമുണ്ട്. വരണ്ട മണ്ണ് ഉഴുത പോലെ കട്ടിയുള്ളതും പരുക്കനുമായ ചായത്തേപ്പുകളിലൂടെയാണ് ഇതിലെ വിഷയികൾ വരയ്ക്കപ്പെട്ടിരിക്കുന്നത്. അവരുടെ എല്ലുകളുന്തിയ ശരീരങ്ങൾ ദാരിദ്ര്യത്തിന്റെയും സഹനത്തിന്റെയും കരുത്തിനാൽ തിളങ്ങുന്നു. ‘ഉരുളക്കിഴങ്ങു തിന്നുന്നവർ' എന്ന വിൻസെൻറ്​ വാൻഗോഗിന്റെ വിഖ്യാതചിത്രമാണത്.

അനാർഭാടമായ ആ അത്താഴമേശ കലാചരിത്രത്തിലെ തന്നെ നിരവധി അത്താഴവിരുന്നുകളിൽ ഒറ്റപ്പെട്ടുനിൽക്കുന്നു. ആ ഇരിപ്പിലെ വിഷാദച്ഛായയുള്ള ഇരുട്ട് കാല-ദേശങ്ങൾക്കിപ്പുറവും സഞ്ചരിക്കുന്നു. ആഘോഷിക്കപ്പെട്ട വാൻഗോഗ് ചിത്രങ്ങളിൽനിന്ന് വളരെ വ്യത്യസ്തമായതും ഇന്നും പുതിയ കാഴ്ചകൾ സാധ്യമായതുമായ ഒന്നാണ് ‘പൊട്ടെറ്റോ ഈറ്റേഴ്സ്' (1885). 136 വർഷങ്ങൾക്കപ്പുറം രചിക്കപ്പെട്ട ‘പൊട്ടെറ്റോ ഈറ്റേഴ്സ്' കലാചരിത്രത്തിന്റെയും നമ്മുടെ സാമൂഹിക ജീവിതത്തിന്റെയും സമകാലിക സന്ദർഭത്തിൽ വീണ്ടും കാണുമ്പോൾ അത് എങ്ങനെയാവും സംവദിക്കപ്പെടുക? കലയുടെയും ജീവിതത്തിന്റെയും സമാന്തരങ്ങളെ അതെങ്ങനെയൊക്കെ ബന്ധിപ്പിക്കുന്നു?

കർഷകവൃത്തിയെയും കലാപ്രവർത്തനത്തെയും തുലനം ചെയ്തും താദാത്മ്യപ്പെട്ടും പലപ്പോഴും വാൻഗോഗ് മണ്ണിനോടും മനുഷ്യരോടുമുള്ള തന്റെ കൂറ് വെളിവാക്കിയിട്ടുണ്ട്. ചിത്തരോഗാശുപത്രിയിൽ നിന്ന് അമ്മയ്‌ക്കെഴുതിയ കത്തുകളിലൊന്നിൽ വാൻഗോഗ് കർഷകരോടുള്ള തന്റെ സ്നേഹത്തെപ്പറ്റി പറയുന്നു, ‘ഞാൻ മണ്ണിൽ കലപ്പയെന്നപോലെ കാൻവാസിൽ ഉഴുതുന്നു' .
​മണ്ണിൽ പണിത കൈകൾ കൊണ്ടുതന്നെ തങ്ങളുണ്ടാക്കിയ അന്നം കഴിക്കുന്ന കർഷകരെക്കുറിച്ചും അവരുടെ സത്യസന്ധമായ ജീവിതത്തെക്കുറിച്ചും സഹോദരൻ തിയോയ്‌ക്കെഴുതിയ കത്തുകളിലും പരാമർശിക്കുന്നു. മണ്ണിനോടും കർഷകരോടുമുള്ള ഗോഗിന്റെ അഗാധമായ സ്നേഹം ആ വാക്കുകളിൽ കാണാം. കാർഷികജീവിതത്തിന്റെ ദൃശ്യപരമ്പരകളൊരുക്കിയ മില്ലെയുടെ (Jean-François Millet) കലാസങ്കല്പങ്ങളിൽ ആകൃഷ്ടനായിരുന്നു വാൻഗോഗ്. യാഥാർത്ഥ്യം മറ്റൊരു പ്രകാരത്തിൽ മില്ലെയിൽ സ്ഫുടം ചെയ്തെടുത്തിരിക്കുന്നു. മില്ലെ ജനിച്ച മണ്ണിൽനിന്നാവണം ആ കർഷകരും എന്ന് വാൻഗോഗ് അഭിപ്രായപ്പെട്ടിരുന്നു. മില്ലെയുടെ കർഷകരോടുള്ള സർഗാത്മകമായ ഐക്യപ്പെടൽ കൂടിയാണ് വാൻഗോഗിന്റെ ‘പൊട്ടെറ്റോ ഈറ്റേഴ്സ്'. മില്ലെയെപ്പോലെ, ചാൾസ് ഡിക്കൻസും ജോർജ്ജ് ഏലിയറ്റും വാൻഗോഗിന് പ്രിയപ്പെട്ടവരായിരുന്നു. ‘ഉരുളക്കിഴങ്ങ് തിന്നുന്നവരി'ലൂടെ അക്കാലത്ത് പ്രചാരത്തിലിരുന്ന കാല്പനികപ്രകൃതിചിത്രണങ്ങളെയും ഛായാപട നിർമിതികളെയും മറികടക്കുകയായിരുന്നു വാൻഗോഗ്.

Jean francois millet-യുടെ Noonday Rest എന്ന പെയന്റിങ്ങിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വാൻഗോഗ് സൃഷ്ടിച്ച Noon, rest from work. കാർഷികജീവിതത്തിന്റെ ദൃശ്യപരമ്പരകളൊരുക്കിയ മില്ലെയുടെ കലാസങ്കല്പങ്ങളിൽ വാൻഗോഗ് ആകൃഷ്ടനായിരുന്നു. / Photo: Wikimedia Commons

നഗര- ഗ്രാമ ദ്വന്ദ്വത്തെ അദ്ദേഹം തിരിച്ചറിയുകയും തന്നിൽത്തന്നെയുള്ള രണ്ടുതരം വ്യക്തിത്വത്തെയും മനസ്സിലാക്കുകയും ചെയ്തിരുന്നുവെന്ന് വാൻഗോഗിന്റെ കത്തുകൾ വ്യക്തമാക്കുന്നു. നഗരത്തിന്റെ സുഖസൗകര്യങ്ങൾക്ക് എതിരുനിർത്തി, ഗ്രാമത്തെ അതിന്റെ സ്വച്ഛന്ദതയിൽ കാണാൻ അദ്ദേഹം ശ്രമിച്ചിരുന്നു. പോൾ ഗോഗിന് ‘താഹിതി' എന്ന പോലെ ഒരു സ്വച്ഛന്ദഗ്രാമം വാൻഗോഗും സ്വപ്നം കണ്ടിരുന്നു. പലതരം ദ്വന്ദ്വങ്ങളെ വാൻഗോഗ് അഭിസംബോധന ചെയ്തിരുന്നു. ഒരേ സമയം നാഗരികനും ഗ്രാമീണനുമായിരിക്കുന്നതിന്റെ, വിശ്വാസിയും അവിശ്വാസിയും ആയിരിക്കുന്നതിന്റെ, സ്വപ്നത്തിനും ജാഗരത്തിനുമിടയിൽ, ഭ്രാന്തിനും യാഥാർത്ഥ്യത്തിനുമിടയിൽ ജീവിക്കുന്നതിന്റെ സൗന്ദര്യകലാപങ്ങൾ ആ ചിത്രങ്ങളിലും പ്രതിധ്വനിച്ചു. തന്റെ ചിത്രങ്ങൾക്ക് അടിയൊപ്പായി വിൻസെന്റ് എന്നുമാത്രം രേഖപ്പെടുത്തുന്നതിലും ഈ സ്വത്വസംഘർഷം വാൻഗോഗിനെ പിന്തുടർന്നതിനാലാണെന്ന് കാണാം.

സൂര്യകാന്തിപ്പൂക്കളുടെയോ, നക്ഷത്രാങ്കിത രാത്രിയുടെയോ വന്യമായ സൗന്ദര്യപ്രകടനം ഉരുളക്കിഴങ്ങ് തിന്നുന്നവരിലില്ല. ഒരുപക്ഷേ, കാര്യകാരണബന്ധങ്ങൾ ഇത്ര കൃത്യതയോടെ വിതരണം ചെയ്യപ്പെട്ട മറ്റൊരു വാൻഗോഗ് ചിത്രവുമില്ല എന്നും പറയാം. അത്താഴമേശ എന്ന സാർവ്വലൗകിക ബിംബമല്ല, ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ' എന്ന തലക്കെട്ടുതന്നെ ആ ദൃശ്യത്തിന്റെ പശ്ചാത്തലത്തെ അനാവരണം ചെയ്യാൻ തക്ക ശേഷിയുള്ള ഒന്നാണ്. അത് ‘ഉരുളക്കിഴങ്ങ്' എന്ന വിഭവത്തെയും അത് ‘തിന്നുന്നവർ' എന്ന വിഷയിയെയും ഊന്നുന്നു. മേയർ ഷപ്പിറോ നിരീക്ഷിക്കുന്നതുപോലെ, ഒന്നിച്ചിരിക്കുമ്പോഴും അവരെ ചൂഴുന്ന ഒരുതരം ഏകാന്തത ഉരുളക്കിഴങ്ങ് തിന്നുവരുടെ ചിത്രത്തിൽ വലയം ചെയ്തിരിക്കുന്നു. പരസ്പരം ആശ്രയിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോഴും കുടുംബത്തിനകത്തെ സ്വയം സമ്പൂർണമായ ഏകാന്തതകളെക്കൂടി ഈ ചിത്രം ആവിഷ്‌കരിക്കുന്നു. പരസ്പരം വേറിടുമ്പോഴും അവർക്ക് മീതെ കത്തുന്ന റാന്തൽവെട്ടം പോലെ ഒന്ന് ആ കുടുംബത്തെ ഒന്നിച്ച് നിർത്തുന്നു.

വാൻഗോഗ് തന്റെ സഹോദരൻ തിയൊഡോറിന് അയച്ച The Potato Eaters-ന്റെ സ്കെച്ച് അടങ്ങുന്ന കത്ത് / Photo: Wikimedia Commons

വാൻഗോഗിന്റെ പിതാവിന്റെ മരണം 1885 ഏപ്രിലിൽലാണ്. 1885 മേയ്- ജൂൺ മാസങ്ങളിലാണ് വാൻഗോഗ് ‘പൊട്ടെറ്റോ ഈറ്റേഴ്സി’ന്റെ വിവിധ വേർഷനുകൾ ചെയ്യുന്നതും. അച്ഛനുമായുള്ള ആശയസംഘർഷങ്ങളും അതിന്റെ പരിണതികളും അതുകൊണ്ടുതന്നെ ഈ ചിത്രങ്ങളിൽ നിഴലിക്കുന്നുവെന്ന് വാൻഗോഗ്-ചിത്രങ്ങളുടെ സൈക്കോ അനലറ്റിക് വായനകൾ വാദിക്കുന്നു. ഒരുപക്ഷെ, താൻ ആരാണെന്ന സ്വത്വസംഘർഷത്തെ, താനൊരു കർഷകനാണെന്ന ഉത്തരത്തിലേക്ക് വാൻഗോഗിനെ കൊണ്ടെത്തിക്കുന്ന ചിത്രവുമാണ് ‘പൊട്ടെറ്റോ ഈറ്റേഴ്സ്'. വാൻഗോഗിന്റെ ജനനത്തിനും മുൻപുള്ള ഒരു കുടുംബനിമിഷത്തെ ആവിഷ്‌കരിക്കുകയാണ് ‘പൊട്ടെറ്റോ ഈറ്റേഴ്സ്' എന്ന് എച്ച്.ആർ. ഗ്രെയിറ്റ്സിനെപ്പോലുള്ള നിരൂപകർ നിരീക്ഷിച്ചിട്ടുണ്ട്.

ക്രൈസ്തവ വിശ്വാസത്തിന്റെ പ്രകരണത്തിലും ‘പൊട്ടെറ്റോ ഈറ്റേഴ്സ്' വിലയിരുത്തപ്പെട്ടിട്ടുണ്ട്. ദൈവവിരുന്നിന്റെ അനുഷ്ഠാനമെന്നോണം ഈ അത്താഴവേളയെ നിരീക്ഷിക്കുമ്പോൾ അത്താഴമേശ ഇവിടെ അൾത്താരയും, ഭക്ഷണം ബലിയായും മാറുന്നു. ലിൻഡ നോക്ലിൻ സൂചിപ്പിക്കുന്നതുപോലെ, ദൈവവിരുന്നായിരിക്കെത്തന്നെ അപ്പത്തിനും വീഞ്ഞിനും പകരം ഇവിടെ ഉരുളക്കിഴങ്ങും കാപ്പിയും സേവിക്കപ്പെടുമ്പോൾ, അത് മതാത്മക പരിധിയിൽനിന്ന് തെന്നിമാറുകയും ദൈനംദിന ജീവിതത്തിന്റെ ആഖ്യാനമായി മാറുകയും ചെയ്യുന്നു. അന്ത്യ അത്താഴസ്മരണ ഇവിടെ ദൈനംദിനത്വത്തിന്റെ അതിസാധാരണതയിൽ വിലയം പ്രാപിക്കുന്നു. ആ നിലയിൽ ഒരുപക്ഷേ, ദൈവകല്പനകൾക്ക് മീതെ മനുഷ്യകല്പനയെ പകരം വെയ്ക്കുന്ന മാനവികതയുടെ അന്നം ഈ ചിത്രം വിളംബരം ചെയ്യുകകൂടി ചെയ്യുന്നുവെന്നും കരുതാം.

Study for 'The Potato Eaters'. അച്ഛനുമായുള്ള ആശയസംഘർഷങ്ങളും അതിന്റെ പരിണതികളും പൊട്ടറ്റോ ഈറ്റേഴ്‌സിന്റെ വിവിധ വേർഷനുകളിൽ നിഴലിക്കുന്നുവെന്ന് വാൻഗോഗ്-ചിത്രങ്ങളുടെ സൈക്കോ അനലറ്റിക് വായനകൾ വാദിക്കുന്നു. ഒരുപക്ഷെ, താൻ ആരാണെന്ന സ്വത്വസംഘർഷത്തെ, താനൊരു കർഷകനാണെന്ന ഉത്തരത്തിലേക്ക് വാൻഗോഗിനെ കൊണ്ടെത്തിക്കുന്ന ചിത്രവുമാണ് 'പൊട്ടെറ്റോ ഈറ്റേഴ്‌സ്'. / Photo: Van Gogh Museum, Amsterdam

സാധാരണതയ്ക്ക് പകരം വെക്കാവുന്ന വാക്കാണ് പൊട്ടെറ്റോ എന്ന് റബേക്ക എർലിയുടെ നിരീക്ഷണം ലോകത്തെല്ലായിടത്തും പ്രയോഗത്തിലുള്ളതാണെന്ന് കാണാം. (‘കിഴങ്ങനെ'ന്ന മലയാളമൊഴിയും അതിന്റെ തുടർച്ചയാണ്.) മണ്ണിൽ പണിയെടുക്കുന്നവരും, അതിസാധാരണക്കാരും കോമാളികളാക്കപ്പെടുന്ന ഏതു സന്ദർഭങ്ങളിലും ‘പൊട്ടെറ്റോ ഈറ്റേഴ്സ്' മൗനസമരം നടത്തിക്കൊണ്ടിരിക്കുന്നു. അവരുടെ അത്താഴമേശയിലെ വെളിച്ചം രാജ്യാതിർത്തികൾ താണ്ടി സഞ്ചരിക്കുന്നു. 2015-ൽ ഐറിഷ് ആർട്ടിസ്റ്റായ കെവിൻ അബോഷിന്റെ ഉരുളക്കിഴങ്ങ് ഫോട്ടോഗ്രാഫ് വിപണിയിൽ വിറ്റുപോയത് ഒരു മില്ല്യൻ ഡോളറിനാണ്. ഉരുളക്കിഴങ്ങിന്​ മനുഷ്യവംശവുമായുള്ള ഗാഢബന്ധമാണ് ഈ ഫോട്ടോഗ്രാഫിന്റെ വിജയം എന്ന് അബോഷ് അഭിപ്രായപ്പെടുകയുണ്ടായി. ഇരുണ്ട പശ്ചാത്തലത്തിൽ സജ്ജീകരിച്ച ആ ഉരുളക്കിഴങ്ങിന്റെ പടം പതുക്കെ ഭൂമി തന്നെയായി മാറുന്ന കാഴ്ച രസകരമാണ്. പ്രപഞ്ചത്തെ പകരം വെയ്ക്കുന്ന ഒരു പൊട്ടെറ്റോ. വാൻഗോഗിന്റെ ‘പൊട്ടെറ്റോ ഈറ്റേഴ്സി'ൽ നിന്ന് അബോഷിന്റെ പൊട്ടെറ്റോയിലേക്കുള്ള ദൂരം ഒരു കിഴങ്ങ് മനുഷ്യവംശവുമായി പങ്കുവെച്ച അനേകമനേകം സാംസ്‌കാരിക സന്ദർഭങ്ങളുടെ ദൂരം കൂടിയാണ്. ലോകത്തെ എല്ലാ രാജ്യങ്ങളിലും സാധാരണ ജനതയുടെ പ്രതീകമായി പൊട്ടെറ്റോ മാറി. അതിൽ ചരിത്രവും സംസ്‌കാരവും തിടംവെച്ചുകിടക്കുന്നു.

ഒരു മില്ല്യൺ ഡോളറിന് വിറ്റഴിഞ്ഞ കെവിൻ അബോഷിന്റെ പൊട്ടറ്റോ ഫോട്ടോഗ്രാഫ് / Photo: Kevin Abosch

ആഘോഷിക്കപ്പെട്ട കലയുടെ ആർഭാടങ്ങൾക്ക് പുറത്തായിരുന്നു ജീവിച്ചിരുന്ന കാലത്തെ വാൻഗോഗ്. നിരന്തരസമരങ്ങളുടെ ജീവിതകഥയാണത്. താൻ ഉൾപ്പെടുന്ന അടിസ്ഥാനവർഗത്തിന്റെ പ്രാതിനിധ്യം വാൻഗോഗ് എല്ലായ്പ്പോഴും ഏറ്റെടുത്തു. സഹനത്തിന്റെയും പ്രതിരോധത്തിന്റെയും പക്ഷത്തുനിന്ന് കലയെ സമീപിച്ചു, വാൻഗോഗ്. ‘പൊട്ടെറ്റോ ഈറ്റേഴ്സ്' ആ നിലയിൽ തന്റെ കലയുടെ സമഗ്രസൗന്ദര്യത്തെ സംവഹനം ചെയ്തിരിക്കുന്നു. ബ്രോദ്ലെയർ സങ്കല്പിച്ചതു പോലെ നഗരങ്ങളിൽ അലഞ്ഞുതിരിയുന്ന ആധുനിക കലാകാരന്റെ പൊതുജനാംഗീകാരം നേടിയ ഇമേജിനെ വാൻഗോഗ് ഈ ചിത്രത്തിലൂടെ തിരുത്തുകയായിരുന്നു. അധ്വാനത്തിന്റെ അനിവാര്യതയും അതിന്റെ ഫലം അനുഭവിക്കുന്നതിന്റെ സന്തോഷവും ജീവിതത്തെക്കുറിച്ചുള്ള അവരുടെ നിർണയത്തെയുമാണ് ‘പൊട്ടെറ്റോ ഈറ്റേഴ്സ്' ആവിഷ്‌കരിക്കുന്നത്. അതാകട്ടെ മനുഷ്യകുലത്തോളം പ്രായമുള്ള പ്രമേയവുമാണ് എന്നിടത്ത് ‘പൊട്ടെറ്റോ ഈറ്റേഴ്സി'ന്​ കാലദേശങ്ങൾക്കതീതമായ ഭാവുകത്വം നൽകുന്നു. ഭൂമിയുടെ ഉരുളക്കിഴങ്ങുവട്ടം പോലെ വട്ടത്തിലിരിക്കുന്നവരുടെ മൊത്തക്കാഴ്ച പതുക്കെ മറ്റൊരു ലോകത്തിന്റെ പൂർണതയെക്കൂടി മുന്നോട്ടുവെയ്ക്കുന്നു. അത് ആഗോളകലയുടെ വിപണിയുക്തികൾക്ക് പുറത്ത്, കലയിൽ ജീവിതം തിരഞ്ഞവരുടെ നേർക്കാഴ്ച കൂടിയായി മാറുന്നു. ‘ആരാണ് ഞാൻ' എന്ന വാൻഗോഗിയൻ സന്ദേഹം കലാലോകത്തിന്റെ അതിരുകളിൽ നിൽക്കുന്ന ഓരോ കലാകൃത്തും സ്വയം ചോദിക്കുന്നു. ഒറ്റക്കായിരിക്കുമ്പോഴും ഒന്നിച്ചുനിർത്തുന്ന ആ അത്താഴമേശയ്ക്കരികിലെന്ന പോലെ. ▮

J.Van Gogh- Bonger, ed., The Complete Letters of Vincent van Gogh, 3 vols. (Boston, 1978), 3:612. H.R Graetz, ‘The Symbolic Language of Vincent Van Gogh', Journal of Aesthetics and Art Criticism 23 (2):276-277 (1964). Meyer Shapiro, Vincent Van Gogh, Harry N. Abrams, Inc, 1959.Nochlin, Linda, Impressionism and Post-Impressionism, Prentice Hall, 1966.Earle, Rabecca, Potato, Bloomsbury, 2019.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


സുധീഷ് കോട്ടേമ്പ്രം

ചിത്രകാരൻ, കവി. കലാവിമർശകൻ. ന്യൂഡൽഹി ജവഹർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിൽ കലാചരിത്ര ഗവേഷകൻ. ​​​​​​​ശരീരസമേതം മറൈൻഡ്രൈവിൽ, ചിലന്തിനൃത്തം (കവിത), നഷ്​ടദേശങ്ങളുടെ കല, ക്വാറൻറയിൻ നോട്ട്​സ്​: തടങ്കൽദിനങ്ങളിലെ കലാചിന്തകൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments