പരാഗ് സോണാർഘരേ

സിസിഫസ്: കാലം ഒരു അസ്ഥിര സാക്ഷിയാവുമ്പോൾ

ഒടുങ്ങാത്ത ചെറുത്തുനിൽപ്പിന്റെ ഛായാപടങ്ങളായ പരാഗ് സോണാർഘരേയുടെ പെയിന്റിങ്ങുകളെക്കുറിച്ച്, അവ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച്.

ലയെ ഒരു സ്ഥാപനരൂപമായി ഉറപ്പിക്കാനുള്ള ശ്രമം പാഴാകുമ്പോഴും കല ഒരു ജ്ഞാനം എന്ന പാരഡൈമിനുള്ളിൽ നിൽക്കുമ്പോഴും അത് നമ്മെ നയിക്കുന്നതെങ്ങോട്ടെന്ന് ശരിക്കും നാം അറിയുന്നില്ല. തീർത്തും സങ്കീർണ്ണമാനമായ ഒരു സമയം ഉൾക്കൊള്ളുന്ന ഇന്നിനുള്ളിൽ കലയെപ്പറ്റിയുള്ള നമ്മുടെതന്നെ ധാരണകളെ തകർക്കാൻ പര്യാപ്തമായ ഒരു അറിവിനായുള്ള തിരച്ചിൽ തീരെ ഉണ്ടാവുന്നുമില്ല. കാലത്തിന്റെ ഈ അപൂർവമായ വലയത്തിനുള്ളിൽ ചില കലാകാരന്മാർ മനുഷ്യരുടെ ധാരണകൾക്കപ്പുറമുള്ള നിഗൂഢ സാന്നിധ്യങ്ങളിലേക്ക് അവരുടെ ആവിഷ്‌ക്കാര മാതൃകകളിലൂടെ നമ്മെ നയിക്കുന്നു. അങ്ങനെയാണ് അവർ ഴാനറിനെ നിരാകരിക്കുന്നതും നമ്മളെ സ്വയം നിലക്കുനിർത്തി പ്രായോഗികമായി ഡ്രോയിംഗ് റൂമുകളുടെയും ഗാലറികളുടെയും നോട്ടം ക്രമീകരിക്കുന്നതും. നമ്മുടെ തന്നെ ജനനേന്ദ്രിയ ഉപകരണത്തിന്റെ നഗ്‌നതയിൽ ഒരു മൃഗം സംസാരിക്കുമ്പോൾ, നമ്മുടെ തുടക്കങ്ങളെ, പ്രപഞ്ചത്തെയും പദാർത്ഥത്തെയും, തയാറെടുപ്പില്ലാതെ, ആശ്ചര്യത്തോടെ, നാം നേരിടേണ്ടിവരുന്നു.

പരാഗ് സോനാർഘരെ വരച്ച നഗ്‌ന ശരീരങ്ങളുടെ പെയിന്റിങ്ങുകൾ

മുംബൈയിലെ ഗാലറി മസ്‌ക്കാരയിലാണ് ഞാൻ ആദ്യമായി പരാഗ് സോണാർഘരേ വരച്ച നഗ്‌ന ശരീരങ്ങളുടെ ഹൈ ഡഫനിഷൻ പെയിന്റിങ്ങുകൾ കാണുന്നത്, 2016 ൽ ടൈം എന്ന പേരിൽ അഭയ് മസ്‌കാരയുടെ നേതൃത്വത്തിൽ നടത്തിയ ഗാലറി മസ്‌കാരയുടെ അവസാന പ്രദർശനത്തിൽ. ടൈമിൽ പരാഗിന്റെ നഗ്‌നപുരുഷ പെയിന്റിങ്ങുകൾ എന്നെ പിടിച്ചുനിർത്തിയത് അതിലുപയോഗിച്ചിരുന്ന വൈഭവം കൊണ്ടു മാത്രമായിരുന്നില്ല, വസ്ത്രധാരണ ശീലങ്ങളുടെയും പരിഷ്‌ക്കാരക്കൊഴുപ്പിന്റെയും മുന്നേറ്റങ്ങൾ വഴി തടയാനാവാത്ത കാർക്കശ്യത്താൽ അവഗണിക്കപ്പെട്ടുകിടന്ന ഉടലിന്റെ ദൃശ്യതയെ ആവാഹിച്ചെടുക്കാനുള്ള അതിലെ ശ്രമങ്ങളാലും കൂടിയായിരുന്നു.

കണ്ടമാത്രയിൽ ഞാൻ അതിൽ ആകൃഷ്ടനായി. അത് അദ്ദേഹത്തിന്റെ കലാവൈഭവത്തിലുപരി പ്രതിപാദ്യവസ്തുവായ ചർമംതന്നെ ഒരു വിട്ടൊഴിയാത്ത ചിന്തയായി ഒട്ടിപ്പിടിച്ച നിലയിലുള്ള അദ്ദേഹത്തിലെ മനുഷ്യന്റെ നിൽപ്പിനോടായിരുന്നു. അതുകഴിഞ്ഞ് 2016 ൽ ഗോവയിലെ സെറിൻഡിപിറ്റി ആർട് ഫെസ്റ്റിലിൽ ഞാൻ ക്യൂറേറ്റ് ചെയ്ത യെങ്ങ് സബ്‌കൊണ്ടിനെന്റ് പ്രൊജക്റ്റിലേക്ക് പരാഗിനെ ക്ഷണിക്കാൻ എനിക്ക് അവസരം കിട്ടി. അവിടെ മൂന്ന് ഛായാപടങ്ങൾ പരാഗ് എഴുതി: സൂപ്പർ ഹൈപ്പർറിയൽ ഇമേജുകൾ, യെങ്ങ് സബ്‌കൊണ്ടിനെന്റ് കൊടിപാറിച്ച പടങ്ങൾ!

കാൻവാസിൽ തന്മയത്വം കൈവരിക്കാനുള്ള പരാഗിന്റെ ധ്യാനലീന- കലാചര്യ പ്രതിഭാശക്തി വെളിപ്പെടുത്തുന്നതിനൊപ്പം കാണികളെ അപകടകരമായ ഒരു കുരുക്കിലേക്കും തള്ളിവിടാം. കണ്ട മാത്രയിൽ അതിനെ വളരെയെളുപ്പം ലളിതയുക്തിയിൽ, "യഥാതഥം' എന്നു വർഗീകരിക്കാൻ തോന്നിപ്പിക്കുന്ന കെണിയാണ് അത്. ഈയിടെ ചോദിച്ചപ്പോൾ പരാഗ് എന്നോടു പറഞ്ഞ ഒരു വസ്തുതയുണ്ട്: അദ്ദേഹത്തിന്റെ ഒരൊറ്റ സൃഷ്​ടി പോലും ഒരു ഇന്ത്യൻ കലക്ടറുടെ ശേഖരത്തിലേക്ക് വാങ്ങിയിട്ടില്ലത്രേ! എനിക്കിതിൽ അത്ഭുതമേയില്ല. കലാ വ്യവഹാരത്തിലേക്ക് ആഴത്തിൽ കണ്ണയച്ചാൽ പ്രതിച്ഛായാചിന്ത കാർന്നു തിന്നുന്ന, പ്രതിച്ഛായാ മൗഢ്യം ബാധിച്ച പരിഷ്‌കൃത സമൂഹത്തിൽ എപ്പോഴും ഒരു കലാകാരന്റെ സ്വന്തം നില അടയാളപ്പെടുത്താനുള്ള പങ്കപ്പാടുകളുടെ ധർമസങ്കടങ്ങൾ കാണാം. പലപ്പോഴും ഫോട്ടോഗ്രാഫുകൾ എന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന പരാഗിന്റെ രചനകൾ മുഖങ്ങളുടെയും നഗ്‌നമായ ശരീരങ്ങളുടെയും അല്ലലുണ്ടാക്കുന്ന പെയിന്റിംഗുകൾ മെറ്റീരിയൽ, വിഷയം, സംവേദനക്ഷമത എന്നിവ ക്യാൻവാസിൽ വിന്യസിക്കാൻ കഴിയുന്ന തരത്തിൽ ശ്രദ്ധാപൂർവ്വം ബന്ധിപ്പിച്ച ഒരു ശൃംഖല രൂപകൽപ്പന ചെയ്യുന്നു.

അദ്ദേഹത്തിന്റെ ഓരോ പെയിന്റിങ്ങും മാസങ്ങൾ എടുക്കുന്ന അനുക്രമമായ പ്രക്രിയയിലൂടെ സഞ്ചയിച്ച് രൂപപ്പെടുത്തിയിട്ടുള്ളതാണ്. ചിത്രലേഖനത്തിലേക്ക് സ്വയം പൂണ്ടുകിടക്കുന്ന ഭ്രാന്തമായ ഒരു കർമം ആണത്. തന്മയത്വ പ്രതിനിധാനവും തീക്ഷ്ണമായ വിശദാംശരേഖനവും വഴി മാത്രമല്ല ഉണ്മയെ കൺമുന്നിലെത്തിക്കുന്നത്. പെയിന്റിങ്ങുകളിലെ സാമൂഹിക- രാഷ്ട്രീയ സന്ദർഭങ്ങളുടെ സങ്കല്പനപരമായ അടരുകൾകൊണ്ട് ചിത്രത്തിലെ മനുഷ്യന്മാരെ "കൂടുതൽ റിയൽ' ആക്കിക്കൊണ്ടുകൂടിയാണത്. അദ്ദേഹത്തിന്റെ പെയിന്റിങ്ങുകൾക്ക് വിഷയം സാധാരണ മനുഷ്യരാകുമ്പോളും കലാലോകം ആഢംബരമാക്കിയിട്ടുള്ള മഹാവിജയ- അതിഭാവുകത്വത്തിനോ ഫീൽ-ഗുഡ് ലിബറലിസത്തിനോ വേണ്ടിയുള്ള കാത്തുനിൽപ്പുകൾ അതിൽ ഇല്ല. അതോടൊപ്പം ഇയാളുടെ കലാവിഷയത്തോടുള്ള പ്രതികരണം അദ്ധ്വാനിക്കുന്നവരെയും ഭാരമെടുക്കുന്നവരെയും കുറിച്ചുള്ള കാണികളുടെ ജ്ഞാന-അനുമാനങ്ങളിൽ ഊന്നിനിൽക്കുന്നതുമാണ്.

വെറും രാപ്പകലുകളുടെ ഭാരവും പേറി ആ ചിത്രങ്ങളിൽ നിൽക്കുന്ന തൊഴിൽ രഹിത മനുഷ്യർ ജീവ-ബോധത്തെ തീക്ഷ്ണമാക്കുകയും ആ തീവ്രതയ്ക്ക് ഉൽപ്രേരകമാവുകയും ചെയ്യുന്നു. ഒടുക്കം കാണികളുടെ അറിവെല്ലാം പെരുകി അവർ ഈ ഇന്ത്യൻ യാഥാർഥ്യത്തിന്റെ കൺകെട്ടുകളിലേക്ക് തുണിയുരിച്ചെടുത്തെറിയപ്പെടും. ഈ രചനകളിലെ "റിയൽ' അവരുടെ പച്ചയായ ജീവിതത്തിന്റെ അണുവിടകളിൽ നിന്ന് ഊറിക്കൂടിയതാണ്. രാഷ്ട്രീയ പ്രക്രിയകളിൽ നിന്ന് പുറത്താക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്യപ്പെട്ട ഒരു "സാധാരണ'ന്റെ വിലാപം ഇത് പകർത്തുന്നു, പുരോഗതിയിൽ നിന്ന്​ പുറത്തിരുത്തപ്പെട്ടവരും പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള മാർച്ചിൽ ഉൾപ്പെടാത്തവരുമായ ആളുകൾ സമീപകാലത്ത് ഇത് നമുക്കുമുന്നിൽ സംഭവിക്കുന്നത് നാം കണ്ടു.

പരാഗ് അസാധാരണമായ സംവേദനക്ഷമതയോടെ അവരെ കാസ്റ്റുചെയ്യുന്നു, ആധുനികതയുടെ പശ്ചാത്തലത്തിൽ നമ്മൾ ഉപയോഗിച്ചു വലിച്ചെറിഞ്ഞ ആളുകളിലേക്ക് നമ്മുടെ പൊള്ളയായ ശ്രദ്ധയെ പിടിച്ചുവലിക്കുന്നു. "പുരോഗതിയിൽ' നിന്ന് ഒറ്റപ്പെട്ടുപോയ ആളുകൾ മാത്രമല്ലിവർ, പുരോഗതി തന്നെ അവരിൽ നിന്നുള്ള ഒറ്റപ്പെടലിനെ ഊന്നിനിൽക്കുകയാണ്. അവർ ഉപേക്ഷിക്കപ്പെടുന്നു, അവരുടെ പിടച്ചിലിന് ഒരിക്കലും പ്രതിഷ്​ഠ കിട്ടില്ല. അതുകൊണ്ടാണ് പരാഗ് തന്റെ കലാസപര്യയെ ഉള്ളിലേക്കുള്ള നോട്ടമായി കാണുന്നതും തന്നെത്തന്നെ സിസിഫസ് എന്ന് വിളിക്കുന്നതും. അദ്ദേഹത്തിന്റെ കല ആശയവിനിമയത്തോടൊപ്പം ഇരുവട്ടം നോവിക്കൽ എന്ന ലക്ഷ്യവും നിറവേറ്റുന്നു ആദ്യം നമ്മുടെ കാഴ്ചപ്പാടും പിന്നെ സ്ഥലബോധവും വേദനിക്കും. നമ്മിലെ മൃഗത്തെ മായ്ക്കുന്നതിൽ നാം വിജയിച്ചതിനാൽതന്നെ അയാളുടെ കല നമ്മെ വ്രണിതരാക്കുന്നു.

പരാഗിന്റെ പെയിന്റിംഗുകളിൽ, നഗ്‌നരായ പുരുഷന്മാർ കാണിയുടെ നേർക്ക് ഉറ്റുനോക്കിക്കൊണ്ട് സുഖമായി ഇരിക്കും, അല്ലെങ്കിൽ വ്യവസ്ഥിതി ലജ്ജിക്കുന്നതിനായി കാത്തിരിക്കുകയാവും. നടുവുറച്ചു ഇടമുറിയാതുള്ള ആ ഛായാചിത്രത്തിന്റെ കാഴ്ചക്കാരുടെ മേലുള്ള നോട്ടം അവർക്ക് എത്ര അസ്വസ്ഥതയുണ്ടാക്കിയാലും ഹിപ്‌നോട്ടിക്കായിനിന്ന് ഒരു സംഭാഷണത്തിനായി ക്ഷണിക്കുന്നുണ്ട്. നഗ്‌നത തടസപ്പെടാതെ എല്ലാത്തിനും മേലെ ഏതോ ശാന്തി പകർന്നുകൊണ്ട് അവർ അവിടെ ഇരിക്കുന്നത് കാണുമ്പോൾ ആ ഇരുപ്പ് ഏറ്റവും സ്വാഭാവികതയോടെ ചെയ്യാവുന്ന ഒന്നായിമാറുന്നു.

പരാഗ് പറയുന്നത് അവർ കേവലം വസ്ത്രം അഴിച്ചുമാറ്റുകയല്ല, തങ്ങൾ ആരാണോ നേരേ അതാവുകയാണ് എന്നാണ്.

ഒരേസമയം വിചിത്രവും വെറുതെവിടാത്തതുമാണ് ഈ ഇൻഹിബിഷൻ ഇല്ലായ്മ. അതുപോലെ, അവർ വിഷയമാകുമ്പോൾ പോലും മോഡലുകളോ അല്ലെങ്കിൽ ഒരു കലാകാരന് പകർത്താൻ ഉടുപ്പുരിഞ്ഞ്​ പോസ് ചെയ്യുന്നവരോ അല്ല അവർ എന്ന നിലയും. പരാഗ് പറയുന്നത് അവർ കേവലം വസ്ത്രം അഴിച്ചുമാറ്റുകയല്ല, തങ്ങൾ ആരാണോ നേരേ അതാവുകയാണ് എന്നാണ്. മാത്രമല്ല ചിത്രകാരൻ ഇവിടെ ചിത്രത്തിലെ സ്ഥലകാല രേഖകൾ മായ്ച്ചുകൊണ്ട് ചിത്രത്തിന്റെ പശ്ചാത്തലത്തെ അമൂർത്തതയിലേക്ക്​ ചുരുക്കിയെഴുതുന്നുമുണ്ട്. ഇവിടെ പ്രാഥമികവും ഏകവുമായ ഫോക്കസ് അവരുടെ ശരീരങ്ങളാണ് പഴകിയ, നഗ്‌നമായ, ജീവിതത്തിന്റെ വടുക്കൾ വീണ, മരണത്തിന്റെ നിഴലിലേക്ക് നീങ്ങാൻ പോകുന്ന, സാധാരണ ഉടലുകൾ.

ജനപ്രിയ സംസ്‌കാരം നഗ്‌നമായ ഉടലിനെ സംവേദനക്ഷമം അല്ലാതാക്കുമ്പോൾ, അമാന്യതകൊണ്ടുള്ള ഈ കരുതിക്കൂട്ടിയ പ്രകോപനം കൊണ്ടുമാത്രം ക്ലാസ്, സ്പെക്‌റ്റോറിയൽ വോയറിസം എന്നിവയിലൂടെ സ്ഥാപിതമായ സാമൂഹിക നിർമിതികളുടെ പ്രതീക്ഷ തീരെ ഒഴിവാക്കുന്നു, എന്നു മാത്രമല്ല അതോടൊപ്പം നമ്മൾ പറയുന്ന പ്രായോഗിക ആധുനിക ലിബറൽ ചിന്തയെന്ന ആശയത്തെ പ്രശ്നവല്ക്കരിക്കുകയും ചെയ്യുന്നു. ഈ വെളിച്ചപ്പെടുത്തലുകളിലൂടെയും ബാഹ്യവൽക്കരണത്തിലൂടെയും തന്റെ രചനാപാത്രങ്ങളുടെ മാത്രമല്ല, ജീവിതത്തിന്റെയും കാലത്തിന്റെയും അനുഭവഫലങ്ങളിൽ നിന്നുചീയുന്ന, പരിപാലനമില്ലാത്ത, ദുരുപയോഗം ചെയ്യപ്പെട്ട, അപമാനിക്കപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ട, അസ്വസ്ഥമായ മനുഷ്യശരീരത്തിന്റെ തന്നെ വൾണറബിലിറ്റിയെ അദ്ദേഹം ഉയർത്തിക്കാട്ടുന്നു.

കലാകാരന്റെ കണ്ണുകൾക്ക് കലാപാത്രങ്ങളുടെ വൾണറബിലിറ്റികൾ പിടിച്ചെടുക്കാനാകുമെന്നതിലാൽ അവരുടെ രുഗ്ണത കലയിലേക്ക് ആവാഹിക്കപ്പെടുന്നു. അവരുടെ ബലഹീനതകൾ, അസംബന്ധങ്ങൾ, ജീവിതത്തിലെ വേദനകൾ അതിനിടയിൽ ഈ പെയിന്റിംഗുകളും എല്ലാം കൂടിച്ചേർന്ന് അത് തനിക്കുചുറ്റുമുള്ള സമൂഹത്തിലേക്കും അവിടുത്തെ തരംതിരുവുകളിലേക്കും വിശാലമായ വായനകൾ തുറക്കുന്നു. അവരുടെ നുറുങ്ങിയ ശരീരങ്ങൾ അവരുടെ ജീവിതം മനസിലാക്കുന്നതിനുള്ള ഏക സൂചനയായി മാറുന്നു ഒന്നുമില്ല അതിലേറെ, യാതൊന്നുമില്ല അതിൽ കുറഞ്ഞും. ഉടൽ ഉണ്മയായി മാറുന്നു, ചർമം അവരുടെ ഉയിരിന്റെ ഭൂപടമാമാവുന്നു, പെയിന്റ് ഒരു സാമൂഹിക ശ്രേണിയെത്തന്നെ മൂടിനിൽക്കുന്ന ചോദ്യമാവുന്നു.

രാഷ്ട്രീയ പ്രക്രിയ, സാമൂഹിക-സാംസ്‌കാരിക മേഖല, കലാ ലോകം ഇവയെയെല്ലാം ഒറ്റപ്പെട്ട കഥയാക്കി ഒതുക്കുന്ന സന്ദർഭത്തിൽനിൽക്കുന്ന ഇവരെ - രാഷ്ട്രീയ- സാംസ്‌കാരിക- സാമൂഹിക ഇടങ്ങൾ വിവരണത്തിൽ ഇല്ലാത്ത, ഒഴിച്ചുനിർത്തപ്പെട്ടതും ഒരിക്കലും സംഘടിത പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിയാത്തതുമായ ഈ രൂപങ്ങളെ നമ്മൾ എന്ത് അർഥത്തിൽ തിരിച്ചറിയും? സ്വന്തം അനുഭവത്തിൽ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിലെ കലാലോകം അതിന്റെ ജനതയെയും അവരുടെ തീക്ഷ്ണാനുഭവങ്ങൾ അതേപോലെ ആവിഷ്‌ക്കരിക്കുന്ന കലാകാരനെയും ഒറ്റപ്പെടുത്തിയിട്ടുണ്ട് എന്ന്​ പരാഗ് കാണുന്നു.

സെൽഫികൾപോലും നമ്മെത്തന്നെ കെട്ടുകാഴ്ചയാക്കുമ്പോൾത്തന്നെ, നമുക്കു വെളിയിൽ മേൽക്കുമേൽ കുത്തകാവശങ്ങളുമായി ഉല്ലസിക്കുന്നവർക്കായി വെട്ടുകയും കിളക്കുകയും ചെയ്തുകൊണ്ട്; കണ്ണിൽപെടാതെ, നിസ്വരായി, ആർക്കും വേണ്ടാതെ ഒരു ജനതയുണ്ടെന്നറിയണം. വീടണയാൻ ആയിരം കാതങ്ങൾ അവർ നടന്നുതാണ്ടുന്നത്​ നമ്മൾ കാണുന്നുണ്ട്. ആ ഉടലെടുത്ത ഇച്ഛാശക്തിയുടെ പ്രമാണമായി പരാഗ് ഈ ശരീരങ്ങളെ യഥാർത്ഥ ലോകത്ത് കൊണ്ടുവരുന്നു. പരാഗിന്റെ കല കാഴ്ചക്കാരോട് അവരുടെ നോക്കുന്നതിന്റെയും കാണുന്നതിന്റെയും നിലനിൽക്കുന്ന ധാരണകളുടെ സുരക്ഷിത വളപ്പുകൾക്കു പുറത്തിറങ്ങാൻ നിർബന്ധിക്കുന്നു. "ഉടലുകൾ' ലിംഗവെറി, ജാതീയത, വർഗീയത, കൊളോണിയലിസം, മറ്റുള്ള അടിച്ചമർത്തൽ സംവിധാനങ്ങൾ എന്നിവയുടെ കെട്ടുപിണഞ്ഞ ഭാണ്ഡങ്ങൾ പേറുന്നുണ്ടെങ്കിലും ഈ രചനകളിലെ നഗ്‌നത അല്ലെങ്കിൽ മറവില്ലായ്മ അതിന്റെ അന്തിമ ഉൽപ്പന്നം അല്ല, മറിച്ച് അത് ഒരു നിർമിതിയാണ്; ദേശ- വ്യക്തി വൈരുദ്ധ്യാത്മകതയ്ക്ക് മുമ്പ് നിലനിന്നിരുന്ന, രാഷ്ട്രീയത്തെ ആവിഷ്‌കരിക്കാനും പ്രതിനിധീകരിക്കാനുമുള്ള സ്വാതന്ത്ര്യം വിളിച്ചറിയിക്കാനുള്ള നിർമ്മിതി.

രാഷ്ട്രീയം ഉടലെടുക്കണമെങ്കിൽ ശരീരം പ്രത്യക്ഷപ്പെടണം എന്നത് പരാഗിന്റെ തീർച്ചയാണ്. പരാഗിന്റെ ക്യാൻവാസിലെ ഈ ശരീരങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയോ ദരിദ്രരുടെയോ കാല്പനികവൽക്കരിക്കപ്പെട്ട സങ്കൽപ്പങ്ങളല്ല. മറിച്ച് ഒടുങ്ങാത്ത ചെറുത്തുനിൽപ്പിന്റെ ഛായാപടങ്ങളാണവ. സിസ്റ്റത്തിനെതിരായ ഈ ചെറുത്തുനിൽപ്പ് കാണുന്നതിന്റെ സാംസ്‌കാരികവും സാമൂഹികവുമായ രീതികളുടെ വ്യവസ്ഥാപിത വരുതികൾക്കെതിരെ സന്ധിയില്ലാതെ നിൽക്കുന്നതിനെ ആർടിസ്റ്റ് അടിവരയിട്ടു മുന്നോട്ടുവയ്ക്കുകയാണ്. കേവലം ആകസ്മികമായി ഇരിക്കുന്നതെന്നുതോന്നുന്ന ഈ ഉടലുകൾ പക്ഷെ വളരെ സ്വാഭാവികമായി ചെയ്യാവുന്ന ഒന്നെന്നെപോലെ നിവർന്നെഴുനേറ്റു തിരിച്ചടിക്കുന്നുണ്ട്.

ഒരു കലാകാരന്റെ പരിണാമത്തിൽ എനിക്ക് എല്ലായ്‌പ്പോഴും താൽപ്പര്യമുള്ളതിനാൽ ഇത് അവസാനിപ്പിക്കുന്നതിന് മുമ്പ് ഈ മാതൃകായോഗ്യമായ മനസ്സിന്റെ കലായാത്രയുടെ ചുരുക്കത്തിലൂടെ വായനക്കാരെയും കൊണ്ടുപോകട്ടെ: മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ ഉമ്രെർ ഗ്രാമത്തിലാണ് പരാഗ് സോനാർഘരെ ജനിച്ചത്. കുട്ടിക്കാലം മുതൽ ഡ്രോയിംഗിൽ പ്രത്യേക താൽപര്യം കാണിക്കുകയും ജനപ്രിയ ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു. പിന്നീട് കലാഭ്യസനം തുടരാൻ നാഗ്പൂരിലെ ഗവൺമെന്റ് കോളേജ് ഓഫ് ആർട്ട് ആൻഡ് ഡിസൈനിൽ ചേരുകയും ചെയ്തു. എന്നാൽ അന്നും താൻ പഠിക്കുന്ന സ്‌കൂളിന്റെ പോരായ്മകളെ വെല്ലുവിളിക്കാനും കലയെക്കുറിച്ച് ആഴത്തിൽ പഠിക്കാനും അദ്ദേഹത്തിന് ജിജ്ഞാസയുണ്ടായിരുന്നു. 2010 ൽ കലാചരിത്രം പഠിക്കാനായി അദ്ദേഹം ബറോഡയിലേക്ക് മാറി. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ, കലാധ്യാപനത്തിന്റെ സാമ്പ്രദായിക രീതികൾക്കും യാഥാസ്ഥിതിക സമീപനങ്ങൾക്കും അപ്പുറത്തുള്ള വെളിച്ചങ്ങൾ തിരയുകയായിരുന്നു അദ്ദേഹം.

എം. എഫ്. എ പൂർത്തിയാക്കിയശേഷം തന്റെതായ ശൈലി വികസിപ്പിക്കാനുള്ള തീവ്രാന്വേഷണങ്ങൾ തുടങ്ങുകയും ഐക്കണോഗ്രഫി, ഹിന്ദു ദേവതകൾ ഇവ കേന്ദ്രീകരിച്ച്​ പുതിയ പരിശീലനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഹിന്ദു ദേവതകൾ അദ്ദേഹത്തിന് വർണ്ണക്കൂമ്പാരങ്ങളാൽ നിറഞ്ഞ ആവിഷ്‌ക്കാര ഭൂമികൾ ആയിരുന്നു! ആത്മപരിശോധനയുടെ ഒരു മാർഗമായി തന്റെ തന്നെ ഛായാചിത്രങ്ങൾ ചെയ്യുന്നതിലും അദ്ദേഹം മുഴുകി. അക്കാലത്ത് ജഗന്നാഥ പുരിയിലെ പട്ടചിത്ര പെയിന്റിംഗുകളെ ശ്രദ്ധിക്കുകയും ആ അനുഭവങ്ങളെ സ്വന്തം പ്രകടന കലയായി പരിവർത്തിപ്പിക്കുകയും ചെയ്തു. തുടർന്ന് ശരീരത്തെത്തന്നെ പ്രകടനത്തിന്റെ ഒരു അരങ്ങായി പങ്കിടുന്നതിനായി അദ്ദേഹം പട്ടച്ചിത്ര ചിത്രകാരന്മാരെക്കൊണ്ട്​ തന്റെ ശരീരത്തിൽത്തന്നെ പെയിന്റ് ചെയ്യിച്ചുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. 2012 ൽ ഡൽഹിയിലേക്ക് പോയ പരാഗ് അതിജീവനത്തിനായി റോഹ്തക് കോളേജിൽ പഠിപ്പിച്ചുവെങ്കിലും അവിടെ ഒരിക്കലും സ്വസ്ഥത കണ്ടെത്തിയില്ല. മാത്രമല്ല നിർഭാഗ്യവശാൽ ഡൽഹിയിൽ വച്ച് ഗുരുതരമായ റോഡപകടത്തിൽപ്പെട്ട്​ മാസങ്ങളോളം കിടപ്പിലാവുകയും ചെയ്തു. പക്ഷെ ഈ അപകടം ജീവിതത്തിൽ വലിയ വഴിത്തിരിവായി. താൻ അനുഭവിച്ച വേദന തന്റെ ശരീരത്തെക്കുറിച്ചു അദ്ദേഹത്തെ കൂടുതൽ ബോധവാനാക്കി. അപ്പോഴേക്കും വീണ്ടും ചിത്രരചനയെക്കുറിച്ച് ചിന്തിക്കാനും ഹൈപ്പർറിയലിസത്തെക്കുറിച്ചു നിരന്തരം സ്വപ്നം കാണാനും തുടങ്ങി.

വിശദാംശങ്ങളിലെ ഓരോ ചെറുകണികപോലും വരച്ചു തുടങ്ങും മുൻപ് മനസ്സിൽ കണ്ടു നോക്കാറുണ്ടെന്ന് അദ്ദേഹം പറയാറുണ്ട്. പിന്നീട് ഡൽഹിയിൽ നിന്ന്​വീണ്ടും ബറോഡയിലേക്ക്, സ്‌പേസ് സ്റ്റുഡിയോയിലേക്ക് തിരിച്ചെത്തി, അവിടെവച്ച് വളരെ വലിയ സ്‌കെയിലിലുള്ള സൃഷ്ടികൾ ചെയ്തു തുടങ്ങി- റിയലിസ്‌റിക് ആകുമ്പോൾ പ്രത്യേകിച്ചും ഫിഗറേഷൻ സ്വീകാര്യമല്ല എന്നൊരു ചിന്തയോടെ. പക്ഷെ റിയലിസവുമായി കൂടുതൽ കൂടുതൽ അടുക്കുന്നതിനെ അദ്ദേഹം സ്വയം വെല്ലുവിളിക്കുകയും ഒടുവിൽ ഹൈപ്പർ റിയലിസത്തിൽ എത്തിചേരുകയുമാണ് ഉണ്ടായത്. ഇക്കാലത്ത്, തന്റെ സർഗശേഷി തിരിച്ചറിഞ്ഞ്​തന്നെ പിന്തുണച്ച ചിക്കാഗോയിൽ നിന്നുള്ള മോണിക്ക ബഡ്ലാനിയെ പരാഗ് എപ്പോഴും ആദരപൂർവ്വം സ്മരിക്കാറുണ്ട്. അദ്ദേഹത്തെ സംബന്ധിച്ച്​ പെയിന്റിങ് താൻ ഏറ്റവും ആദ്യം നിറങ്ങൾ സങ്കൽപ്പിച്ച ദിനങ്ങൾ മുതൽ ശരീരത്തെ വർണങ്ങളിൽ പുതപ്പിക്കുന്ന ഒരു മാസ്‌ക് പോലെയായിരുന്നു. ആവരണങ്ങളുടെ ഈ പ്രഹേളികയോടെ, പരാഗ് നിൽക്കുന്നു.

വീണ്ടും മാസ്‌ക് ചെയ്യാത്തതും എന്നാൽ ചിതറിയ ശരീരങ്ങളുടെ നഗ്‌നത അലങ്കരിക്കുന്നതുമായ ഒരു കണ്ടെത്തലിന് അടുത്താണ് നിറം ഇപ്പോൾ. അങ്ങനെ ചെയ്യുന്നതിലൂടെ, നമ്മുടെ പരിധികൾ സങ്കൽപ്പിക്കാനും നമ്മുടെ സ്വന്തം ഭീഷണ രൂപങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും കഴിവുള്ള ഒരു ബിന്ദുവിലേക്ക് അദ്ദേഹം എത്തിച്ചേരുന്നു. പരാഗ് തന്റെ ജീവിതം ഉരുക്കഴിക്കുന്നതങ്ങനെയാണ്. ക്യാൻവാസിന്റെ പൊരുളിൽ നിന്ന് നമ്മെ അകറ്റിക്കൊണ്ട് നമ്മെ സമീപിക്കുന്ന നിറത്തിന്റെ ലാളിത്യം അതാണ്.

ഇംഗ്ലീഷിൽ നിന്നുള്ള പരിഭാഷ: ബൈജു നടരാജൻ


ബൈജു നടരാജൻ

അകം 49 കവിതകൾ, ഒന്നുമൊന്നുമൊന്നല്ല എന്നീ കവിതാസമാഹാരങ്ങളുടെ കർത്താവും റസൂൽ പൂക്കുട്ടിയുടെ അത്മകഥയായ ശബ്ദതാരാപഥത്തിന്റെ സഹരചയിതാവും. മാർഗിന്റെ സിറ്റീസ് ഓഫ് കേരള, ആക്ച്വലി സ്മോൾ ടൗൺസ് എന്ന പുസ്തകം എഡിറ്റു ചെയ്തു. ഉരു ആർട്ട് ഹാർബറിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ജീവിക്കുന്നു.

റിയാസ് കോമു

സർ ജെ. ജെ. സ്കൂൾ ഓഫ് ആർട്ടിൽനിന്നും പെയിന്റിങ്ങിൽ മാസ്റ്റർ ഡിഗ്രി. ഉരു ആർട്ട്‌ ഹാർബറിൻറെ സ്ഥാപകൻ. കൊച്ചി മുസിരിസ് ബിനാലെയ്ക്ക് രൂപം നൽകിയ സ്ഥാപകാംഗങ്ങളിലൊരാൾ. ലോകത്തിലെ പ്രധാന കലാകേന്ദ്രങ്ങളിലും പ്രദർശനങ്ങളിലും ചിത്രങ്ങളും ശില്പങ്ങളും ഇൻസ്റ്റലേഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. സമകാലിക രാഷ്ട്രീയ - സാംസ്‌കാരിക യാഥാർഥ്യങ്ങളിൽ ഇടപെട്ടുകൊണ്ടു പ്രവർത്തിക്കുന്ന മൾടിമീഡിയ ആർട്ടിസ്റ്റും ക്യൂറേറ്ററും കലാചിന്തകനും. ഇപ്പോൾ മുംബെയിൽ താമസിക്കുന്നു.

Comments