കാപ്പിരി മുത്തപ്പനും
കൊച്ചിയുടെ കടലാഴങ്ങ​ളും

‘സമുദ്രത്തെ വിസ്മരിച്ച് കരയുടെ മാത്രം ചരിത്രമായി എഴുതപ്പെടുന്നു എന്നത് കേരള ചരിത്രരചനയെ സംബന്ധിച്ച് കൗതുകകരമായ ഒരു സംഗതിയാണ്. സിംഹഭാഗവും സമുദ്രത്താല്‍ വലയം ചെയ്യപ്പെട്ട ഒരു പ്രദേശത്തിന്റെ ചരിത്രത്തെയാണ് ഭൂകേന്ദ്രീകൃത നിര്‍മിതികള്‍ ഒന്നടങ്കം വിഴുങ്ങിയിരിക്കുന്നത്.’- മട്ടാഞ്ചേരിയിൽ ആഴി ആര്‍ക്കൈവ്​സ്​ എന്ന കലാസാംസ്‌കാരിക സംഘടനയുടെ കീഴില്‍ നടക്കുന്ന സാംസ്‌കാരിക- വിദ്യാഭ്യാസ പദ്ധതിയുടെ കാഴ്​ചയും വായനയും.

കൊച്ചി നഗരത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിനുമേല്‍ പോര്‍ച്ചുഗീസുകാര്‍ അധികാരമെറ്റെടുത്ത കാലം. വ്യാപാരാവശ്യാര്‍ത്ഥം ആഫ്രിക്കയില്‍നിന്ന് ധാരാളം അടിമകളെ കൊച്ചിയിലെത്തിക്കുന്നു. എന്നാല്‍, കുറച്ചു കാലങ്ങള്‍ക്കുശേഷം റിക്ക്‌ലോഫ് വാന്‍ ഗോയന്‍സിന്റെ നേതൃത്വത്തില്‍ ഡച്ച് അധിനിവേശം കൊച്ചി തുറമുഖത്ത് അരങ്ങേറുന്നു. പരാജയം മുന്നില്‍ കണ്ട പോര്‍ച്ചുഗീസ് സൈന്യം തുറമുഖം വിടാന്‍ തയ്യാറായി. ഈ സന്ദര്‍ഭത്തില്‍, പോര്‍ച്ചുഗീസ് യജമാനന്മാര്‍ അവരുടെ ആഫ്രിക്കന്‍ അടിമകളെ തങ്ങളുടെ നിധികളോടൊപ്പം ചങ്ങലയിട്ട് രഹസ്യമായി കടലില്‍ ഒളിപ്പിച്ചു. യജമാനന്‍ തിരിച്ചുവരുന്നതുവരെ അടിമകള്‍ തങ്ങളുടെ നിധികള്‍ സംരക്ഷിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗൂഢ ആചാരം. പ്രസ്തുത ആഫ്രിക്കന്‍ അടിമകളുടെ ആത്മാക്കള്‍ തങ്ങളുടെ യജമാനന്റെ സമ്പത്ത് സംരക്ഷിക്കുന്നതിനായി അവരെ ബന്ദിതരാക്കിയ പ്രദേശത്ത് അലഞ്ഞു തിരിയുന്നുവെന്ന് നിലവില്‍ ജനകീയമായി വിശ്വസിക്കപ്പെടുന്നു.
കാലക്രമേണ മേല്‍പ്പറഞ്ഞ ആത്മാക്കള്‍ ഒരു ദൈവിക സങ്കല്പമായി രൂപാന്തരപ്പെട്ടു. അവര്‍ സംരക്ഷിക്കുന്ന ഉപേക്ഷിക്കപ്പെട്ട കൊളോണിയല്‍ നിധി കൈവശപ്പെടുത്താന്‍ ആരാധിക്കപ്പെടുന്ന ഒരു ദേവന്റെ പദവി നേടുകയും ചെയ്തു. കാപ്പിരി മുത്തപ്പന്‍ എന്ന ദൈവിക നാമത്തില്‍ അവ അറിയപ്പെട്ടു. അടിമവ്യവസ്ഥ പൂര്‍ണമായും നിരോധിക്കപ്പെട്ട ഒരു സാമൂഹിക സാഹചര്യത്തില്‍, അതിനെ അതിജീവിച്ചുകൊണ്ടുള്ള ഒരു വിശ്വാസ സങ്കല്പം.

ബഹുമുഖമായ സംസ്‌കാരങ്ങളുടെയും ആചാരങ്ങളുടെയും സങ്കലനവേദിയായ കൊച്ചി നഗരത്തിന്റെ ചരിത്ര ഏടുകളില്‍ അത്രകണ്ട് പരാമര്‍ശിക്കപ്പെടാത്ത ഒരു ഇതിഹാസമാണ് കാപ്പിരി മുത്തപ്പന്‍. കാപ്പിരി മുത്തപ്പന്റെ ഐതിഹ്യ അടരുകളിലൂടെയാണ് കൊളോണിയല്‍ നഗരമായ കൊച്ചിയുടെ ആഫ്രിക്കന്‍ വംശീയ ചരിത്രം കടന്നുപോകുന്നത്. 'കടല്‍ തിളയ്ക്കുന്ന ചെമ്പ്' (Sea the boiling vessel) എന്ന തലക്കെട്ടില്‍ കൊച്ചിയില്‍ അരങ്ങേറിയ ഒരു കലാസംരംഭത്തിന്റെ ഭാഗമായിരുന്നു ഈ കലാസൃഷ്ടി. എന്താണ് 'കടല്‍ തിളക്കുന്ന ചെമ്പ്' എന്നതുകൊണ്ടുള്ള വിവക്ഷ?.

Photo: Art And Travel Vlog / Youtube
Photo: Art And Travel Vlog / Youtube

ആര്‍ത്തിരമ്പുന്ന തിരമാലകളെ ഭേദിച്ച്​ 80 വര്‍ഷത്തോളം തന്റെ ഉരുവുമായി സഹവസിച്ച പൊന്നാനിയിലെ ഒരു സാധാരണ മജുംദാറിന്റെ വാക്കുകളായിരുന്നു ഈ തലക്കെട്ടിനു പിന്നിലെ ആവേശം. ആളുകളുടെ സഞ്ചാരത്തിലൂടെയാണ് ലോകം ബന്ധിപ്പിക്കപ്പെട്ട സ്ഥലമാകുന്നത്. അവരുടെ സഞ്ചാരത്തിലുടെ ലോകം സാമൂഹികവും എക്കോളജിക്കലുമായലുമായ മാറ്റത്തിന് വിധേയമാക്കപ്പെടുന്നുണ്ട്. നിലവില്‍ സാമൂഹിക പഠനങ്ങള്‍ കൂടുതലും ഭൂപ്രദേശ സഞ്ചാരങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. കടല്‍സഞ്ചാരങ്ങളെ പരിഗണിക്കുന്നതില്‍ സമൂഹ്യശാസ്ത്രജ്ഞര്‍, നിയതമായ നടപ്പുരീതികളില്‍ നിന്ന്​ വ്യതിചലിക്കാന്‍ തയ്യാറാവുന്നില്ല. സമൂഹശാസ്ത്രങ്ങള്‍ക്ക് ഒരുതരം ഉദാസീനതയും അലസതയുമുണ്ട്. പരാജയപ്പെടുത്തി കീഴ്‌പ്പെടുത്തി ചൂഷണം ചെയ്യാനുള്ള ഒന്നാണ് പ്രകൃതി എന്നത് ഒരു ആധുനികതാവാദമാണ്. ഈയൊരു സന്ദര്‍ഭത്തിലാണ്, കടല്‍ സംബന്ധിയായ തദ്ദേശ ചരിത്രങ്ങള്‍, വാമൊഴി ചരിതങ്ങള്‍ പോലുള്ളവയുടെ ഭാവനലോകത്തിലേക്ക് 'കടല്‍ തിളയ്ക്കുന്ന ചെമ്പ്' എന്ന ശീര്‍ഷകം നമ്മെ ക്ഷണിക്കുന്നത്.

ഇന്ത്യന്‍ കലാപാരമ്പര്യത്തിന്റെ ചരിത്രമെടുത്തു പരിശോധിച്ചാല്‍ ഭൂസംബന്ധിയായ ആലോചനകളാണ് അവയെ മുന്നോട്ട് നയിച്ചിരുന്നത്. ഈ പ്രവണതയെ ചോദ്യം ചെയ്​ത്​ സമൂല പരിഷ്‌കാര പ്രസ്ഥാനങ്ങള്‍ കലാപാരമ്പര്യത്തിന്റെ അകത്ത് രൂപപ്പെട്ടു.

ചരിത്രന്വേഷണ മേഖലയില്‍ ഇതഃപര്യന്തം അനുവര്‍ത്തിക്കുന്ന രീതിശാസ്ത്രത്തിന്റെ പൊതുസ്വഭാവം പരിശോധിച്ചാല്‍, ഭൂകേന്ദ്രീകതമായ ഒരു പഠന രീതിയെ അവലംബിക്കുന്നതായി നമുക്ക് കാണാം. ചരിത്രപണ്ഡിതന്മാരുടെ കാലങ്ങളായുള്ള ഗവേഷണ പാരമ്പര്യത്തിന്റെ പൊതുഭാവമായ ഭൂകേന്ദ്രികത 'ഏകശിലാത്മക'വായനയെയും അതിന്റെ സാംസ്‌കാരിക- വൈജ്ഞാനിക- രാഷ്ട്രീയ ഉന്നങ്ങളെയും ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളിലെ നവീന പഠനങ്ങള്‍ വെല്ലുവിളിക്കുന്നുണ്ട്. ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളില്‍ പ്രചാരണത്തിലുള്ള വ്യത്യസ്ത സമൂഹങ്ങളെയും അവരുടെ വിവിധ ആവിഷ്‌കാരങ്ങളെയും കുറിച്ച് ഗൗരവപ്പെട്ട പഠനങ്ങള്‍ വിപുലമായ തോതില്‍ നടത്തപ്പെടുന്ന സന്ദര്‍ഭം കൂടിയാണിത്. ആപേക്ഷികമെന്നോണം, കടലില്‍ നിന്നുയര്‍ന്നുവന്ന കേരള ജീവിതത്തെയും സംസ്‌കാരത്തെയും ആലോചിക്കുന്ന, ആദരിക്കുന്ന, ആഘോഷിക്കുന്ന ഈ നവസംരംഭം തീര്‍ച്ചയായും ഗണനീയമായ പരിഗണന അര്‍ഹിക്കുന്നുണ്ട്.

ഇവിടെ നമ്മള്‍ സമുദ്രത്തെക്കുറിച്ചാലോചിക്കുന്നത് കരയുടെ ചരിത്രരചനകളുടെ ഒരു തുടര്‍ച്ച എന്ന നിലയിലല്ല. ഒരു കപ്പലിനെ ഒരു കരയുടെ ചെറുമാതൃകയായി സങ്കല്‍പ്പിച്ചോ അല്ല. ദേശാന്തര ഗമനങ്ങളുടെ അനുഭവങ്ങളെക്കുറിച്ച് നമ്മള്‍ എങ്ങനെയാണ് ആലോചിക്കുക? ശ്രീലങ്കന്‍ യുദ്ധത്തെപ്പറ്റി ആലോചിച്ചാല്‍ 30 വര്‍ഷംകൊണ്ട് എങ്ങനെയാണ് സിംഹളരുടെ ഭരണവര്‍ഗം തമിഴ് വംശജരെ നിലംപരിശാക്കിയത് എന്നു കാണാം. അതിനുശേഷം നമ്മള്‍ കാണുന്നത് ശ്രീലങ്കന്‍ തമിഴര്‍ സമുദ്രങ്ങള്‍ താണ്ടി ഇറ്റലി, കാനഡ, എന്നിങ്ങനെ പലനാടുകളിലേക്ക് കുടിയേറുന്നതാണ്. ശ്രീലങ്കന്‍ സിവില്‍ വാറില്‍ നിന്നുണ്ടാകുന്ന ഈ തമിഴ് ഡയസ്‌പോറ ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നു. അന്തര്‍- വൈജ്ഞാനികമായ (transdisciplinary) ആലോചികളെയാണ് പ്രസ്തുത പഠനങ്ങളൊക്കെയും സാധ്യമാക്കുന്നത്.

ഇന്ത്യന്‍ കലാപാരമ്പര്യത്തിന്റെ ചരിത്രമെടുത്തു പരിശോധിച്ചാല്‍ ഭൂസംബന്ധിയായ ആലോചനകളാണ് അവയെ മുന്നോട്ട് നയിച്ചിരുന്നത്. ഈ പ്രവണതയെ ചോദ്യം ചെയ്​ത്​ സമൂല പരിഷ്‌കാര പ്രസ്ഥാനങ്ങള്‍ കലാപാരമ്പര്യത്തിന്റെ അകത്ത് രൂപപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സമുദ്രതീര പഠനങ്ങള്‍ വ്യാവഹാരിക പ്രാധാന്യം കൈവരിക്കുന്നത്. ലോകവ്യാപകമായി ധാരാളം വൈജ്ഞാനിക കുതുകികള്‍ പ്രതിപാദ്യ വിഷയത്തില്‍ രംഗപ്രവേശനം നടത്തുകയും ചെയ്തു. സെബാസ്റ്റ്യന്‍ പ്രാഗ്, മൈക്കിള്‍ പിയേഴ്‌സണ്‍, മഹ്​മൂദ്​ കൂരിയ പോലുള്ളവര്‍ അതില്‍ പ്രഗല്‍ഭരാണ്.

സെബാസ്റ്റ്യന്‍ പ്രാഗ്
സെബാസ്റ്റ്യന്‍ പ്രാഗ്

പ്രസ്തുത പഠനങ്ങള്‍ കേരളത്തിന്റെ ചരിത്ര പശ്ചാത്തലത്തിലേക്ക് കടന്നുവരുമ്പോള്‍ കൂടുതല്‍ പ്രാധാന്യം നേടുന്നു. സമുദ്രത്തെ വിസ്മരിച്ച് കരയുടെ മാത്രം ചരിത്രമായി എഴുതപ്പെടുന്നു എന്നത് കേരള ചരിത്രരചനയെ സംബന്ധിച്ച് കൗതുകകരമായ ഒരു സംഗതിയാണ്. സിംഹഭാഗവും സമുദ്രത്താല്‍ വലയം ചെയ്യപ്പെട്ട ഒരു പ്രദേശത്തിന്റെ ചരിത്രത്തെയാണ് ഭൂകേന്ദ്രീകൃത നിര്‍മിതികള്‍ ഒന്നടങ്കം വിഴുങ്ങിയിരിക്കുന്നത്. വര്‍ഗ്ഗസമരം, ഭരണകൂടം, കര്‍ഷക പ്രക്ഷോഭങ്ങള്‍ തുടങ്ങിയവയില്‍ ഊന്നുന്ന മാര്‍ക്‌സിസ്റ്റ് ചരിത്ര രചനാ രീതിശാസ്ത്രങ്ങളുടെ പ്രാമുഖ്യമാണ് സമുദ്രവിസ്മരണത്തിന്റെ പിന്നിലെ മുഖ്യപ്രേരണ. കര്‍ഷകരുടെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും പ്രാഥമ്യം കാരണമായി ചില വിഭാഗങ്ങളുടെ ഉല്‍പതിഷ്ണുവല്‍ക്കരണമാണ് ഈ രാഷ്ട്രീയ പ്രക്രിയയെ സാധ്യമാക്കിയത്. ഇതിനെ കൃത്യമായി മനസ്സിലാക്കുമ്പോള്‍, വിസ്മരിക്കപ്പെട്ടതിനെ സംബന്ധിച്ച് ആലോചിക്കുകയും, അവയെ വീണ്ടെടുക്കുന്നതിനുള്ള സാധ്യതകളെ അന്വേഷണ വിധേയമാക്കപ്പെടുയും ചെയ്യുന്നു.

'Dubai elsewhere' എന്നു പേരിട്ട ഡോക്യുമെന്ററി മുന്നോട്ട് വെക്കുന്ന വളരെ രസകരമായ ഒരു ആശയം, 'U.A.E യുടെ ചരിത്രം അറിയണമെന്നുണ്ടെങ്കില്‍, കേരളത്തിലെ സാധാരണക്കാരുടെ ആല്‍ബങ്ങളിലൂടെ നമുക്കത് കാണിക്കുവാന്‍ സാധിക്കും' എന്നതാണ്​.

'മണ്‍സൂണ്‍ വാതങ്ങള്‍ സൃഷ്ടിച്ച സ്ഥായിയായ സമുദ്ര ഇടനാഴികള്‍ മൂലം മണ്‍സൂണ്‍ ഏഷ്യ മനുഷ്യരുടെയും ചരക്കുകളുടെയും ഭാഷകളുടെയും ആശയങ്ങളുടെയും ദീര്‍ഘദൂര നീക്കത്തിന് അനുകൂലമായ പ്രകൃതിദത്തമായ ഒരിടം രൂപപ്പെടുത്തി. എപ്പോഴാണ് കിഴക്കോട്ട് പോകാനാവുക, എപ്പോഴാണ് പടിഞ്ഞാറോട്ട് പോകാനാവുക, കച്ചവടക്കാര്‍ എവിടെ തമ്പടിക്കണം, എത്ര ദൂരം അവരുടെ വാണിജ്യ ശ്യംഖലകള്‍ വ്യാപിച്ചു, എന്നിവയെല്ലാം നിര്‍ണയിച്ചത് മണ്‍സൂണ്‍ വാതങ്ങളായിരുന്നു. 'മണ്‍സൂണിന്റെ വിവക്ഷകള്‍ അനന്തമാണ്' എന്നാണ് ഇന്ത്യന്‍ സമുദ്ര പഠനങ്ങളുടെ കുലപതിയായ മൈക്കിള്‍ പിയേഴ്‌സണ്‍ പറയുന്നത്. സമുദ്രതീര പഠനങ്ങളെ സംബന്ധിച്ച് 'മണ്‍സൂണ്‍ ഇസ്​ലാം' എന്ന പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ സെബാസ്റ്റ്യന്‍ പ്രാംഗ് പറഞ്ഞു വെക്കുന്ന വാക്കുകളാണിത്.

മൈക്കിള്‍ പിയേഴ്‌സണ്‍
മൈക്കിള്‍ പിയേഴ്‌സണ്‍

ഇത്തരത്തില്‍, അനന്തമായ വിവക്ഷണങ്ങളുടെ ഒരു ലോകത്തെയാണ് കൊച്ചിയിലെ 'കടല്‍ തിളക്കുന്ന ചെമ്പ്' വിഭാവന ചെയ്യുന്നത്. ആഴി ആര്‍ക്കൈവ്​സ്​ എന്ന കോവിഡാനന്തര കലാസാംസ്‌കാരിക സംഘടനയുടെ കീഴില്‍ വിവിധ സര്‍വ്വകലാശാലകള്‍, ചരിത്ര ഗവേഷണ സ്ഥാപനങ്ങള്‍, കലാകേന്ദ്രങ്ങള്‍, ഇന്ത്യയിലെ പ്രമുഖ ചിത്രകാരന്മാര്‍, ശില്പികള്‍, ഗായകര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ അണിചേരുന്ന ഈ സാംസ്‌കാരിക- വിദ്യാഭ്യാസ പദ്ധതി മട്ടാഞ്ചേരിയിലെ പുരാതന യഹൂദ ഭവനമായ ഹലേഗാ ഹൗസിലാണ് പ്രധാനമായും സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ഘട്ടങ്ങളായി നടത്താനുദ്ദേശിക്കുന്ന ഈ പദ്ധതിയുടെ ആദ്യ അദ്ധ്യായമാണ് അവിടെ അവതരിപ്പിച്ചത്. വാചാടോപ പ്രയോഗങ്ങളെ ഉപയോഗിച്ചുകൊണ്ട് ജനങ്ങളുമായി നിരന്തരം ഇടപെടുന്ന ഒരു രൂപഘടനയാണ് മുഖ്യ അവലംബം. അതിലെ ഓരോ കലാസൃഷ്ടിയും കേരളീയ ജനതയുടെ സമുദ്രവുമായി ബന്ധപ്പെട്ട ഉല്‍ഭചരിത്രത്തെ വീണ്ടെടുക്കുന്ന ഒന്നാണ്. കടല്‍ സംബന്ധിയായ നവ ആലോചനകളും കലാമേഖലയും തമ്മില്‍ നടക്കുന്ന ഒരു കൊടുക്കല്‍- വാങ്ങലുകളുടെ സങ്കലന വേദിയായി ഇവിടെ കൊച്ചി മാറുകയാണ്. അതില്‍ അടിമ സമ്പ്രദായവും, കച്ചവട- വാണിജ്യ ചരിത്രവും, പ്രാചീന രൂപങ്ങളുമൊക്കെ കടന്നുവരുന്നു.

ഇതിലെ പ്രധാനപ്പെട്ട വര്‍ക്കുകളെടുത്തു പരിശോധിക്കുകയാണെങ്കില്‍, വ്യത്യസ്ത നവ ആവിഷ്‌കാരങ്ങളുടെ ഒരു പുതു കലവറ തന്നെ സംഘാടകര്‍ തുറന്നുവെക്കുന്നുണ്ട്. പ്രൊഫ. ഇല്യാസിന്റെ ഒരു ഡോക്യുമെന്ററി, ദുബായ് നഗരത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കേരളീയ ഉത്ഭവ ചരിത്രത്തെ വീണ്ടെടുക്കുന്ന ഒന്നാണ്. 1950 കാലഘട്ടം മുതല്‍ മിഡില്‍ ഈസ്റ്റുമായിട്ടുള്ള കുടിയേറ്റ ചരിത്രത്തിലൂന്നിക്കൊണ്ടുള്ള ഒരു ആവിഷ്‌കാരമാണിത്. 'Dubai elsewhere' എന്നു പേരിട്ട ഡോക്യുമെന്ററി മുന്നോട്ട് വെക്കുന്ന വളരെ രസകരമായ ഒരു ആശയം, 'U.A.E യുടെ ചരിത്രം അറിയണമെന്നുണ്ടെങ്കില്‍, കേരളത്തിലെ സാധാരണക്കാരുടെ ആല്‍ബങ്ങളിലൂടെ നമുക്കത് കാണിക്കുവാന്‍ സാധിക്കും' എന്നതാണ്​.
ഇതുമായി ബന്ധപ്പെട്ട് ധാരാളം ഹൃദ്യമായ ചിത്രങ്ങളും അദ്ദേഹം വീണ്ടെടുക്കുന്നുണ്ട്.

മഹ്​മൂദ്​ കൂരിയ
മഹ്​മൂദ്​ കൂരിയ

ചെന്നൈ കേന്ദ്രമായ വിദ്യ മോഹന്‍കുമാര്‍ ഗ്രൂപ്പിന്റേതാണ് മറ്റൊരു പ്രധാനപ്പെട്ട വര്‍ക്ക്. കൊച്ചിയിലെ സുപ്രധാന അധിവസിത പ്രദേശങ്ങളിലൊന്നായ മട്ടാഞ്ചേരിയിലെ നാഗരിക നിര്‍മ്മിതികളെ സംബന്ധിച്ചാണ് ഈ പഠനം. കഴിഞ്ഞ 60 വര്‍ഷക്കാലം ഒരു കമ്മ്യൂണിറ്റിയെ, അതല്ലെങ്കില്‍ ഒരു പ്രദേശത്തെ എവ്വിധമാണ് സ്ഥാപനവല്‍ക്യത അനീതികള്‍ക്ക് ഇരയാക്കിയതെന്ന് ഇവിടെ ഉല്ലേഖനം ചെയ്യുന്നു. പ്രസ്തുത പ്രദേശത്തെ, ചവച്ചുതുപ്പിയ കേവലം അവശിഷ്ടമായി എങ്ങനെയാണ് രൂപാന്തരപ്പെടുത്തിയതെന്ന് സംയുക്തമായി അവര്‍ അവതരിപ്പിക്കുന്നുണ്ട്. മട്ടാഞ്ചേരിയില്‍ സ്ഥിതിചെയ്യുന്ന കല്‍വത്തി പാലത്തിന്റെ ചരിത്രത്തെ സ്മരിച്ചുകൊണ്ടാണ് അവ തെളിയിക്കുന്നത്. ബസാര്‍ റോഡുമായി ബന്ധിപ്പിക്കുന്ന സവിശേഷമായൊരു കച്ചവട ശൃംഖലയുടെ നാടികേന്ദ്രമാണ് ആ പാലം. ഒന്നരവര്‍ഷമായി പൊളിഞ്ഞു കിടക്കുന്ന ആ പാലം, നിലവില്‍ അനാഥയായി അവശേഷിക്കുകയാണ്. പ്രസ്തുത ആവിഷ്​കാരം ഉന്നയിക്കുന്ന ചിന്താവിഷയകമായ ഒരു ചോദ്യമുണ്ട്; 'കേരളത്തിന്റെ 500 വര്‍ഷത്തെ സാംസ്‌കാരിക ചരിത്രം ആഘോഷിക്കുന്ന, അധിവസിത ചരിത്രം കൊണ്ടാടുന്ന, വാണിജ്യ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന ഈ സമകാലിക കാലത്തെ, നിങ്ങള്‍ എങ്ങനെയാണ് നോക്കി കാണുന്നത്?'.

Photo: Kalvathy Bridge / Facebook
Photo: Kalvathy Bridge / Facebook


മട്ടാഞ്ചേരി ഒരു ചോദ്യചിഹ്നമായി തുടരുന്ന പ്രതിലോമകരമായ സന്ദര്‍ഭത്തിലാണ് ഈ ചോദ്യം അത്യധികം പ്രസക്തമാകുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള ഒരു കൂട്ടം ഗായകരുടെ സംഗീതവിരുന്നാണ് ഈ നവസംരഭത്തെ വേറിട്ട് നിര്‍ത്തിയത്. വേദാന്ത ഭരദ്വാജ്, ലക്ഷ്മി സതീഷ് പോലുള്ളവര്‍ പങ്കെടുത്ത ഈ നവ ആവിഷ്‌കാരത്തെ, മട്ടാഞ്ചേരിയുടെ ഭാഷാ-ബഹുസ്വര പശ്​ചാത്തലത്തിലേക്ക് കൊണ്ടുവരുന്നു. തദ്ഫലമായി, പ്രദേശത്തെ പ്രായമേറിയ തദ്ദേശീയരുടെ പഴയകാല ഓർമയെ ഉത്തേജിപ്പിക്കുകയും, ഒരു ബഹുസ്വരാഖ്യാനത്തെ സാധ്യമാക്കുകയും ചെയ്യുന്നു.

നര്‍മ്മത്തില്‍ ചാലിച്ച ഒരു ചിത്രത്തിലൂടെ, മട്ടാഞ്ചേരിയുടെ സാമൂഹിക ഇടത്തിലേക്ക് കടന്നുചെല്ലുകയാണ് കാര്‍ട്ടൂണിസ്റ്റ് സുനില്‍ നമ്പുവിന്റെ 'മെറ്റാഞ്ചേരി' എന്ന ആവിഷ്‌കാരം. കൊച്ചിയുടെ സമുദ്രസംബന്ധിയായ ചരിത്രത്തെയും നാഗരിക നിര്‍മ്മിതികളെയും വളരെ ഗഹനമായി പരിശോധിക്കുകയാണ് ഈ ചിത്രം. എങ്ങനെയാണ് സൂക്ഷ്മമായ ഒരു സമകാലിക സംജ്ഞയെ ഉപയോഗിച്ച്​, വളരെ അഗമ്യമായ ചരിത്രത്തില്‍, ഒരു സാമൂഹിക ഇടത്തിലേക്ക് ഹാസ്യത്തിലൂടെയും ഗൂഢമായ വ്യംഗ്യാര്‍ത്ഥ പ്രയോഗത്തിലൂടെയും കടക്കാന്‍ പറ്റുന്നത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ആനിമേഷന്‍ ഫിലിം തികച്ചും ചിന്താവാഹകമാണ്.

ചരിത്രരചനയെ സംബന്ധിച്ച ശിഥിലീകരണം സംഭവിക്കുന്നത് ചില തരം വിസ്മൃതികളില്‍ നിന്നും ആധുനികതയെ സംബന്ധിച്ച നിശ്ചിതമായ ചില രാഷ്ട്രീയ-സാമൂഹിക ബോധ്യങ്ങളില്‍ നിന്നുമാണ്.

ആസ്വാദനത്തിന്റെ അദ്വിതീയത കൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിച്ച ഒന്നായിരുന്നു ഗോവന്‍ സ്വദേശിയായ മിഥുന്‍ മോഹന്റെ കലാസൃഷ്​ടി. കേരളത്തിന്റെ ഉത്ഭവചരിത്രത്തെയും അടിമത്ത ചരിത്രത്തെയും വീണ്ടെടുക്കുന്നതായിരുന്നു മിഥുന്റെ ചിത്രീകരണങ്ങള്‍. കൊളോണിയല്‍ കാലഘട്ടത്തില്‍ നിലനിന്നിരുന്ന അടിമവ്യവസ്ഥയെ വരച്ചുകാട്ടുന്നതായിരുന്നു 'Testimonies of enslavement'. അതുപോലെ, കാപ്പിരി മുത്തപ്പന്‍ എന്ന ദൈവസങ്കല്‍പത്തെ 'The eternal slave' എന്ന ആശയത്തിലൂടെ ജനങ്ങളുടെ സ്വീകരണ മുറിയിലെത്തിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ ഏറ്റവും രസകരവും ആകര്‍ഷകവുമായ വര്‍ക്ക് മേല്‍പ്പറഞ്ഞവയൊന്നുമല്ല. കൊച്ചിയില്‍ ജീവിച്ചിരുന്ന പഴയകാല പ്രവാസികളെ ഉള്‍പ്പെടുത്തി അദ്ദേഹം ഒരു വര്‍ക്ക് ചെയ്തിരുന്നു. അഭിലാഷദാഹിയായ പ്രവാസിയെ 'The aspirational Dubai migrant' ലൂടെ വളരെ രസകരമായി അവതരിപ്പിച്ചു. എഴുപതുകളില്‍ പ്രചുരപ്രചാരം നേടിയ ബെല്‍ ബോട്ടണ്‍ പാന്റുകളും നീണ്ട മുടിയുമെക്കെയായിരുന്നു ഉള്ളടക്കം.

സുനില്‍ നമ്പു
സുനില്‍ നമ്പു

ഒരുതരത്തില്‍, മലയാളികള്‍ പുതിയൊരു തദ്ദേശീയ ദുബായിയെ കൊച്ചിയില്‍ പടുത്തുയര്‍ത്താന്‍ ശ്രമിച്ചതിനെയാണ് മിഥുന്‍ ചിത്രീകരിച്ചത്. ഒരു ശരാശരി മലയാളികളുടെ ജീവിതം എപ്രകാരമാണ് ഒരു പൊക്കിള്‍ക്കൊടി ബന്ധം കണക്കെ ഗള്‍ഫ് നാടുകളുമായി ബന്ധപ്പെട്ടുകിടക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ചരിത്രരചനയെ സംബന്ധിച്ച ശിഥിലീകരണം സംഭവിക്കുന്നത് ചില തരം വിസ്മൃതികളില്‍ നിന്നും ആധുനികതയെ സംബന്ധിച്ച നിശ്ചിതമായ ചില രാഷ്ട്രീയ-സാമൂഹിക ബോധ്യങ്ങളില്‍ നിന്നുമാണ്. ചില ചരിത്രരചന രീതിശാസ്ത്രങ്ങള്‍ക്ക് കൈവന്ന മേല്‍ക്കോയ്മയാണ് കാതലായ പ്രശ്‌നം. നമ്മുടെ സര്‍വ്വകലാശാലകളിലും സ്‌കൂളുകളിലും ചരിത്രം പഠിപ്പിക്കപ്പെടുന്ന രീതിയും ഗവേഷണ വിഷയങ്ങളുടെ തെരഞ്ഞെടുപ്പും ഇത്തരത്തിലാണ്. മുഖ്യധാരയ്ക്ക് പുറത്തുള്ള ഒരുപാട് ചരിത്ര രചയിതാക്കളെ അവര്‍ പുറന്തള്ളുന്നു. ഇത്തരത്തിലുള്ള മേല്‍ക്കോയ്മാ ഭാവനകളില്‍ നിന്ന് സബാള്‍ട്ടേണ് സ്‌പേസുകളിലേക്കുള്ള പഠനങ്ങള്‍ എവ്വിധം സാധ്യമാകുമെന്നാണ് നിലവില്‍ നമ്മള്‍ ചിന്തിക്കേണ്ടത്. അവിടെയാണ് ഈ നവആവിഷ്‌കാരത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നത്.

പ്രകൃതിയുമായുള്ള ബന്ധം സംബന്ധിച്ച പ്രബല ആധുനികവാദത്തില്‍ നിന്ന് വ്യത്യസ്തമായ ആലോചനകള്‍ ഇവിടെ ഉടലെടുക്കുന്നു. ഈയൊരു ശ്രമം യഥാര്‍ത്ഥത്തില്‍ പ്രബലമായ അക്കാദമിക് പാരഡൈമില്‍ നിന്നുള്ള പുറത്തുകടക്കലാണ്. ഇവിടെയാണ് കലാകാരരുടെ ഭാവനാലോകത്തെ നമ്മള്‍ മുതലെടുക്കേണ്ടത്. ആര്‍ട്ടിസ്റ്റുകളുടെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് പറയുന്നത്, എഴുത്തുകാരെ പോലെ പ്രസാധനത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയ്ക്ക് വഴങ്ങി കൊടുക്കേണ്ടതില്ല. ഒരാള്‍ എഴുതുമ്പോള്‍ ഉദ്ധരണികളും പ്രമാണങ്ങളും ഉപയോഗിച്ച് ആധികാരികത ഉറപ്പുവരുത്തേണ്ടി വരും. ആധികാരിക സ്രോതസ്സുകള്‍ നിലനില്‍ക്കുന്ന പാരഡൈമുകളെ അവലംബമാക്കേണ്ടിമാക്കേണ്ടി വരും. ഈയൊരര്‍ത്ഥത്തില്‍ കലാകാരര്‍ സ്വതന്ത്രരാണ്. അവര്‍ സര്‍വ്വതന്ത്ര സ്വതന്ത്രരാണെന്നല്ല, വ്യത്യസ്ത ഭാവനകളും ആലോചനകളും നിര്‍മ്മിക്കുന്ന കാര്യത്തില്‍ അവര്‍ സ്വതന്ത്രരാണ്.

അധികാരത്തിന്റെ അധീശത്വ ഭാവനകള്‍ നിലനില്‍ക്കുന്ന സമകാലിക കാലഘട്ടത്തില്‍, ചരിത്രത്തെക്കുറിച്ച് ആലോചിക്കാന്‍ നമ്മുടെ ശുഷ്‌കമായ ചട്ടക്കൂടിന് പുറത്തുകടക്കണം. ദക്ഷിണാര്‍ദ്ധ ലോകത്തെയും തദ്ദേശീയ ഭാവനകളെയും അവമതിക്കുന്ന കൊളോണിയല്‍ ആധുനികതയുടെ നിരന്തരമായ അക്കാദമിക്ക് വ്യായാമങ്ങളെ അതിജീവിക്കാന്‍, സമുദ്രം പോലുള്ള അനന്തമായ വിവക്ഷകളെ ആശ്രയിക്കേണ്ടതുണ്ട്.

Comments