എസ്. സുദയദാസ്

സൂക്ഷ്മപ്രകൃതിയുടെ ബൃഹദാഖ്യാനങ്ങൾ

‘‘പ്രകൃതിയും മനുഷ്യരും ഇടചേർന്നു വരുന്നതും, മനുഷ്യദേഹം തന്നെ ഭൂഭാഗചിത്രമായി മാറുന്നതുമായ ദൃശ്യരൂപങ്ങൾ സുദയദാസിന്റെ കലാസൃഷ്ടികളിൽ കാണാം. പാലക്കാട് എന്ന അതിർത്തി പ്രദേശത്തിന്റെ സ്ഥലപരവും ജൈവികവും കാർഷികവുമായ പ്രത്യേകതകളെ പ്രതിനിധാനപരമായും ദാർശനികമായും ആവിഷ്കരിച്ചിരിക്കുന്ന ഈ ചിത്രങ്ങളിൽ കലാകൃത്തിന്റെ സ്വജീവിതവും പ്രദേശത്തിന്റെ സാംസ്കാരിക പ്രകൃതിയും ഇഴചേർന്നിരിക്കുന്നു’’- ചിത്രകാരനായ എസ്. സുദയദാസിന്റെ ചിത്രങ്ങളെക്കുറിച്ച് എഴുതുന്നു, ഷിനോജ് ചോറൻ.

രിസ്ഥിതിയുടെ സൗന്ദര്യശാസ്ത്രവും, ദൈനംദിന ജീവിതത്തിന്റെ സൗന്ദര്യശാസ്ത്രവും പരസ്പര പൂരകമായിരിക്കുന്നതിനെ കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അതിൽ ഏറെ പ്രധാനപ്പെട്ടതാണ് 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ രൂപപ്പെട്ടുവന്ന പാരിസ്ഥിതിക സൗന്ദര്യശാസ്ത്രം (Environmental Aesthetics).

ദാർശനിക സൗന്ദര്യശാസ്ത്രത്തിലെ താരതമ്യേന പുതിയ മേഖലയാണിത്. നൈസർഗിക പരിസ്ഥിതിയുടെ സൗന്ദര്യാത്മക ആസ്വാദനത്തിന്റെ അന്വേഷണങ്ങളെ ഈ സിദ്ധാന്തം മുന്നോട്ടു വെക്കുന്നു.

പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തിന്റെ വ്യാപ്തി കേവലം പ്രകൃതിദത്ത പരിസ്ഥിതിവാദത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല, മനുഷ്യനും മനുഷ്യനാൽ സ്വാധീനിക്കപ്പെട്ട / മാറ്റപ്പെട്ട പരിസ്ഥിതിയും അതിൽ ഉൾച്ചേർക്കപ്പെടുന്നുണ്ട്.

വ്യക്തിയും പരിസ്ഥിതിയുമായുള്ള സൗന്ദര്യാത്മകതയെ മുൻനിർത്തിയുള്ള സംവാദമായി ഇതിനെ നിർവചിക്കാം. മനുഷ്യ – പരിസ്ഥിതി സംവാദത്തിൽ ഭൗതിക പരിസ്ഥിതിയും അതിലുൾക്കൊള്ളുന്ന വസ്തുക്കളും, മനുഷ്യന് പരിസ്ഥിതിയെ കുറിച്ചുള്ള ധാരണകൾ, അറിവുകൾ, വീക്ഷണങ്ങൾ, മാനസികവും ശാരീരികവുമായ പ്രത്യേകതകൾ എന്നിവയെല്ലാം പ്രധാനമായി വരുന്നു.

ആധുനികവത്കരണത്തിനും നഗരവത്കരണത്തിനും വളരെ മുമ്പുതന്നെ കാട് വെട്ടിത്തെളിച്ചും വിളകൾ നട്ടുപിടിപ്പിച്ചും ഭൂമിയെ പരുവപ്പെടുത്തിയതിന്റെയും, ഭൂപ്രകൃതിയിലും പരിസ്ഥിതിയിലും വന്ന മാറ്റങ്ങളുടെയും അടയാളപ്പെടുത്തലുകൾ ആഖ്യാനപ്പെടുത്തുന്ന രചനകൾ ലോകമെമ്പാടുമുള്ള കലാകൃത്തുക്കൾ ആവിഷ്കരിച്ചുപോരുന്നുണ്ട്.

അത് പരിസ്ഥിതിവാദപരമായതാവാം, പരിസ്ഥിതിരാഷ്ട്രീയത്തിനോട് ചേർന്നുനിൽക്കുന്നതാവാം, അല്ലെങ്കിൽ സൗന്ദര്യാസ്വാദനത്തെ മുൻനിർത്തിയുള്ള കേവല പ്രകൃതിവാദത്തോട് ചാർച്ചപ്പെടുന്നതാവാം.

പ്രകൃതിയെയും ചുറ്റുപാടുകളെയും വരക്കുക എന്നത് കേരളത്തിലെ കലാകാരസമൂഹം കാലങ്ങളായി പിന്തുടരുന്ന ആശയമാണ്. കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയെ നിരീക്ഷിച്ച്  ചിത്രങ്ങളിൽ  സന്നിവേശിപ്പിക്കുന്ന കലാകൃത്തുക്കൾ കാഴ്ചയുടെ വിവിധ തലങ്ങളെ തുറന്നുവെക്കുന്നുണ്ട്.

അത് പാശ്ചാത്യ കലയിൽ സംഭവിച്ച നാച്ച്വറലിസത്തിൽ നിന്നും, ഇംപ്രഷനിസത്തിൽ നിന്നും ഏറെ വിഭിന്നമാണ്. യതാതഥമോ, പ്രതിനിധാനപരമോ ആയല്ല  ലാന്റ്സ്കേപ് കേരളകലാകാരരുടെ ചിത്രങ്ങളിൽ കടന്നുവരുന്നത്; ആശയമോ അതിന്റെ അനുഭവതലമോ ആയാണ്.

ഈയൊരു ഗണത്തിൽ എടുത്തുപറയാവുന്ന കലാകൃതികളാണ് എസ്. സുദയദാസിന്റേത്. പ്രകൃതിയുടെ സൂക്ഷ്മതലങ്ങൾ വരച്ചിടുന്ന സുദയദാസ് അതിന്റെ ആന്തരികസത്തയെ കൂടി വിഷയീകരിക്കുന്നതായി കാണാം.

പ്രകൃതി കേവലമായ ലാന്റ്‌സ്കേപ് ആയല്ല ചിത്രങ്ങളിൽ കടന്നുവരുന്നത്. മറിച്ച്, ചെടികളും മരങ്ങളും മനുഷ്യരും ജീവജാലങ്ങളും കൂടിച്ചേർന്ന സമഗ്രതയായാണ്. ഒന്ന് മറ്റൊന്നിൽ നിന്ന് വേർതിരിക്കാനാവാത്ത വിധം പരസ്പരബന്ധിതമായ നിലകളെ സൂക്ഷ്മമായി അവതരിപ്പിക്കുക വഴി ദാർശനികതലങ്ങളെയും വരച്ചിടുന്നുണ്ട് സുദയദാസ്.

കലാകൃത്തിനെ സംബന്ധിച്ച് ‘പ്രകൃതി’ എന്നത് ഒരേസമയം പ്രശ്നകലുഷിതവും പരിഹാരങ്ങളുടെ കേന്ദ്രവുമായ ധ്യാനാത്മകമായ ഇടമാണ്.

പ്രകൃതിയെ നയിക്കേണ്ടതാണോ, പ്രകൃതിയാൽ നയിക്കപ്പെടേണ്ടതാണോ എന്ന സംശയം ആദിമകാലം മുതൽക്കുതന്നെ മനുഷ്യനെ ചിന്തിപ്പിച്ചിരുന്നു. നിൽക്കുന്ന ഇടത്തിന്റെയും തന്നെ ചുറ്റിനിൽക്കുന്ന ഇടത്തിന്റെയും അനുഭവത്തിന്റെ ഒരു ചട്ടക്കൂടിനകത്താണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ നടക്കുന്നത്.

അതിന്റെ അതിരുകൾ ആര് നിർണയിക്കുന്നു എന്നത് അവ്യക്തമാണ്. പ്രകൃതിയും മനുഷ്യരും ഇടചേർന്നു വരുന്നതും, മനുഷ്യദേഹം തന്നെ ഭൂഭാഗചിത്രമായി മാറുന്നതുമായ ദൃശ്യരൂപങ്ങൾ സുദയദാസിന്റെ കലാസൃഷ്ടികളിൽ കാണാം. പാലക്കാട് എന്ന അതിർത്തി പ്രദേശത്തിന്റെ സ്ഥലപരവും ജൈവികവും കാർഷികവുമായ പ്രത്യേകതകളെ പ്രതിനിധാനപരമായും ദാർശനികമായും ആവിഷ്കരിച്ചിരിക്കുന്ന ഈ ചിത്രങ്ങളിൽ കലാകൃത്തിന്റെ സ്വജീവിതവും പ്രദേശത്തിന്റെ സാംസ്കാരിക പ്രകൃതിയും ഇഴചേർന്നിരിക്കുന്നു.

അനുഭവിച്ചതും മൺമറഞ്ഞുപോയതും വീണ്ടെടുക്കപ്പെടേണ്ടതുമായ ഇടത്തിന്റെ ഓർമപ്പെടുത്തലുകളായും, കാർഷികവൃത്തിക്കായ് രൂപപ്പെടുത്തുന്ന മണ്ണിന്റെ പശിമയായും, വിത്ത് പാകി മുളപൊട്ടലായും, അതിന്റെ പടർന്നു പന്തലിക്കലായും പ്രകൃതി കലാകൃതികളിൽ ആഖ്യാനപ്പെടുത്തുന്നത് കാണാം. 

ആ ഉർവ്വര ഇടത്തിൽ ഒറ്റപ്പെട്ട മനുഷ്യർ, കോൺക്രീറ്റ് നിർമിതികളുടെ നിലപ്പൊക്കങ്ങൾ, ഉഷ്ണക്കാറ്റ് വിതച്ച ഉണങ്ങിയ മരച്ചില്ലകൾ, യന്ത്രകൈകൾ മാന്തിയെടുത്ത മണ്ണുടലുകൾ…  അങ്ങനെ കൺമുന്നിൽ മാറിമറയുന്ന ഇടങ്ങളിലേക്കുള്ള സൂക്ഷ്മനിരീക്ഷണങ്ങളുടെയും അസ്ഥിത്വപരമായ അന്വേഷണങ്ങളുടെയും ബൃഹദാഖ്യാനങ്ങളാണ് സുദയദാസിന്റെ കലാലോകം.


Comments