ഒളിച്ചുവെക്കേണ്ടതില്ല ശരീരം, ലൈംഗികത, സ്വത്വം:

ഗോപ്യമായിരിക്കേണ്ട ഒന്നായി ശരീരത്തെയും ലൈംഗികതയെയും സ്വത്വത്തെയും കണക്കാക്കാത്ത, ശരീരത്തെ ഒരു political tool ആയി കാണുന്ന, കേരള കലാഭൂപടത്തിലെ പുത്തൻ സ്ത്രീ പ്രാതിനിധ്യം അടയാളപ്പെടുത്തപ്പെടുന്നു

സമകാലിക കേരള കലയിലെ പുത്തൻ സ്​ത്രീ പ്രതിനിധാനങ്ങൾ

പ്രീ ഹിസ്റ്റോറിക് കാലത്തുതന്നെ ശരീരം ഒരു വിഷയമായി കലയ്ക്കകത്ത് അടയാളപ്പെട്ടിട്ടുണ്ട്. കലാചരിത്രത്തോളം പഴക്കം തന്നെ ശരീരചിത്രണത്തിനും ഉണ്ട്. ഈ ശരീരാവിഷ്‌കരണം പല കാലങ്ങളിൽ പലതായി വ്യാഖ്യാനിക്കപ്പെടുന്നതായി കാണാം. നവോത്ഥാനകലയിലെ നഗ്‌നശരീരം ഐഡിയൽ ബ്യൂട്ടിയെ വിഷയീകരിച്ചെങ്കിൽ, മോഡേണിസത്തിൽ അത് ദൈനംദിന ജീവിതത്തിലെ ശരീരങ്ങളെ പ്രതിനിധീകരിച്ചു.

1960നുശേഷം കല മറ്റൊരു വഴിത്തിരിവിലെത്തുകയും ശരീരം എന്നത് ലിംഗഭേദം, വ്യക്തിഗത ഐഡന്റിറ്റി, പ്രാതിനിധ്യം, രാഷ്ട്രീയം ഇവയെ മാറ്റിനിർത്തിക്കൊണ്ട് ആവിഷ്‌കരിക്കാനോ വ്യാഖ്യാനിക്കാനോ സാധിക്കാത്തവിധം പരുവപ്പെടുകയും ചെയ്തു. അത് സ്വത്വാന്വേഷണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വേദനയുടെയും ലൈംഗികതയുടെയും നിർജീവാവസ്ഥയുടെയും ആവിഷ്‌കാരങ്ങളാവുകയും ശരീരംതന്നെ മാധ്യമമായി വിവക്ഷിക്കപ്പെടുകയും ചെയ്തു. ശരീരത്തെക്കുറിച്ചുള്ള സദാചാരധാരണകളെ അത് പുതുക്കിപ്പണിയുന്നുണ്ട്.

പെയിന്റിംഗ്, ശിൽപം തുടങ്ങിയ കലാരൂപങ്ങളിൽ ശരീരത്തെ ആവിഷ്‌കരിക്കുന്നവരുടെ വലിയ നിര തന്നെ കാണാം. കേരളത്തിലെ കലാകൃത്തുക്കളിൽ വളരെ പ്രബലമായി നിലനിൽക്കുന്ന രണ്ട് ധാരകളിൽ ഒന്ന് പ്രകൃതി ചിത്രണവും മറ്റൊന്ന് ശരീര വരപ്പുമാണ്. ഇവ രണ്ടും ചേർന്ന് വരുന്ന സൃഷ്ടികളും കുറവല്ല. ചിത്രത്തിലായാലും ശില്പത്തിലായാലും ഈ വിഷയങ്ങളിൽ നിരവധി സൃഷ്ടികൾ നിർമിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ സ്ഥലപരമായ പ്രത്യേകത ആകാം ഈ പാരസ്പര്യത്തിനു നിദാനം. കേരള മ്യൂറൽ ചിത്രങ്ങളിൽ ഈ പാരസ്പര്യം കൂടുതൽ പ്രത്യക്ഷം ആണല്ലോ. രവിവർമ്മ ചിത്രങ്ങളിലും ഈ പ്രകൃതി-ശരീര ചാർച്ച ദർശിക്കാനാവും. പരിസരമായോ ബാക്‌ഡ്രോപ് ആയോ പ്രകൃതി ഒരു അവിഭാജ്യഘടകമായി വരുന്നു.

ശരീരത്തെ കൃതിഘടകമാക്കുന്ന സ്ത്രീ കലാകൃത്തുക്കളുടെ പ്രാതിനിധ്യം എടുത്തുപറയേണ്ടതാണ്. സ്വത്വാന്വേഷണമായോ സ്വാതന്ത്ര്യപ്രഖ്യാപനമായോ രാഷ്ട്രീയനിലപാടായോ വിവക്ഷിക്കപ്പെടുന്ന രചനകളിൽ ഉടലാവിഷ്‌കാരങ്ങൾക്ക് പ്രാമുഖ്യമുണ്ട്. ടി.കെ. പദ്മിനിയുടെ ചിത്രങ്ങളിൽ സ്ത്രീരൂപങ്ങൾ കലാകൃത്തിന്റെ തന്നെ പ്രതിനിധാനങ്ങളായാണ് കാഴ്ചപ്പെടുന്നത്. വിഷാദഛവിയുള്ള നഗ്‌നഉടലുകളും അതിലെ കട്ടിയേറിയ കോണ്ടൂറുകളും മദ്രാസ് സ്‌കൂളിന്റെ തനത് ആശയാവലികളെ വെല്ലുവിളിച്ചു. ഹ്രസ്വമായ തന്റെ കലാജീവിതത്തിൽ വരച്ചവയിലൊക്കെയും സ്ത്രീഉടലിനെ ആവിഷ്‌കരിക്കാനും തന്റേതായ ഇടം വകഞ്ഞെടുക്കാനും പദ്മിനിക്കായി. പുരുഷകേന്ദ്രിതസമൂഹത്തിലും കലാപരിസരത്തും വേറിട്ടതും സ്വത്വാന്വേഷണപരവുമായ ആവിഷ്‌കാരങ്ങളായി അവ!

പക്ഷേ, പദ്മിനി കൊളുത്തിവെച്ച ആ തീ ഏറ്റുവാങ്ങാൻ ദീർഘകാലം കേരളകലാഭൂമികയിൽ ഒരു സ്ത്രീകലാകൃത്ത് ഇല്ലാതെപോയി. സാമൂഹിക സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്ന അറുപതുകളിൽ പദ്മിനി നേടിയെടുത്ത ഇടം (space) രണ്ട് പതിറ്റാണ്ടോളം ഒഴിഞ്ഞുകിടന്നു! പിൽക്കാലത്ത് കേരളത്തിലെ ഫൈനാർട്‌സ് കോളേജുകൾ കേന്ദ്രീകരിച്ചാണ് കലാകാരികളുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ചിറക് മുളയ്ക്കുന്നത്. അതിൽ തന്നെയും പഠനാനന്തരം കലാമേഖലയിൽ പ്രവർത്തിക്കുകയും കലാസൃഷ്ടികളിലൂടെ തങ്ങളുടെ സ്വത്വാവിഷ്‌കാരം നടത്തുകയും ചെയ്യുന്നവർ വളരെ ചുരുക്കമാണ്.

സാമൂഹികസാഹചര്യം, സാമ്പത്തിക പരാധീനത, കലാതൽപരരായ പങ്കാളിയുടെ അഭാവം അങ്ങനെ ഇതിന് പല കാരണങ്ങൾ നിരത്താൻ സാധിക്കും. വിവാഹത്തോടെ കുടുംബ ഭാരം ചുമക്കാൻ നിയോഗിക്കപ്പെട്ട് കലയിൽ കൂമ്പൊടിഞ്ഞുപോയ സ്ത്രീകലാകൃത്തുക്കളുടെ നീണ്ടനിര തന്നെയുണ്ട് കേരളത്തിൽ!

എന്നാൽ, കേരള കലാഭൂപടത്തിലെ പുത്തൻ സ്ത്രീ പ്രാതിനിധ്യത്തിൽ പ്രതീക്ഷയുണ്ട്. കൃത്യമായും ആൺമേൽകോയ്മ തള്ളിക്കളഞ്ഞ് രൂപപരമായും ശൈലീപരമായും ആശയപരമായും നവസങ്കേതങ്ങൾ ഉപയുക്തമാക്കി വ്യക്തമായ സ്ഥാനം ചുരുങ്ങിയ കാലംകൊണ്ട് അവർ നേടിയെടുത്തുകഴിഞ്ഞു. വിവരസാങ്കേതികത തുറന്നിട്ട സ്വാതന്ത്യബോധവും ലിംഗനീതിയെക്കുറിച്ചുള്ള ധാരണകളും ആശയവ്യക്തതയും അവരുടെ കൃതികളെ വ്യതിരിക്തമാക്കുന്നു.
സമൂഹത്തിൽ ആകെത്തന്നെ ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ചും കൂടുതലായ ചർച്ചകളും പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നതിന്റെ തുടർച്ച എന്ന നിലയിലാണ് കലയ്ക്കകത്ത് നടക്കുന്ന ഇത്തരം മുന്നേറ്റങ്ങളെയും നോക്കിക്കാണേണ്ടത്. കല പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യബോധം അതിന് മികച്ച നിലമൊരുക്കുകയും ചെയ്യുന്നു. പുതുനിരയിൽ ശ്രദ്ധേയരായ ആറ് കലാകൃത്തുക്കളുടെ സൃഷ്ടികളെ പരിശോധനാവിധേയമാക്കിക്കൊണ്ട് കേരളത്തിലെ കലാഭൂമികയിൽ കുറഞ്ഞ കാലം കൊണ്ട് ഉരുവം കൊണ്ട ലിംഗനീതിയിലധിഷ്ഠിതമായ ക്രിയാത്മക പ്രവർത്തനങ്ങളെ അടയാളപ്പെടുത്താവുന്നതാണ്.

അഞ്ജു ആചാര്യ

അഞ്ജു ആചാര്യ

ശരീരം എന്ന് പറയുമ്പോഴേ മനുഷ്യശരീരത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ അഞ്ജു ശരീരത്തെ പരിഗണിക്കുന്നത് കലാകൃതികൾക്കായി തെരഞ്ഞെടുക്കുന്ന ഏതൊരു പ്രതലവും (Surface) ആയാണ്.

മെറ്റീരിയൽ, അത് കടലാസോ തുണിയോ മരത്തൊലിയോ എന്തുതന്നെ ആയാലും അതൊക്കെ കലാകൃത്തിന്റെ ചർമ്മം (skin) ആയും അതിൽ നടത്തുന്ന തുന്നലുകളും കീറിമുറിക്കലുകളും തന്റെ തന്നെ ശരീരത്തിൽ നടത്തപ്പെടുന്നതായും അനുഭവിക്കുന്നു. ശരീരത്തെ മറ്റൊരു ഗണമായി കലാകൃത്ത് കരുതുന്നില്ല. മറിച്ച് ഏതൊരു പ്രതലവും ശരീരമായോ സ്‌കിൻ ആയോ തിരിച്ചറിയുക വഴി മനുഷ്യശരീരത്തെ മറ്റേതൊരു ജീവിശരീരവും പോലെത്തന്നെ പരിഗണിക്കാൻ കഴിയുകയും അതിന് പ്രത്യേക "ഓറ' നൽകാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുന്നു.

ഗർഭിണി ആയിരിക്കുന്ന അവസ്ഥയിൽ തന്റെ തന്നെ ശരീരത്തിലേക്കുള്ള നോട്ടത്തെ കലാകൃത്ത് സ്വയം നടത്തുന്ന അനാട്ടമി പഠനമായി വ്യാഖ്യാനിക്കാവുന്നതാണ്. ജൈവികമായ രൂപപരിണാമങ്ങളെ അപര മായി നോക്കിക്കാണാനും അതിനെ കലയിൽ സന്നിവേശിപ്പിക്കാനും കലാകൃത്തിന് കഴിയുന്നത് സകല ജീവികളിലും സംഭവിക്കുന്ന ശാരീരിക -ജൈവിക രൂപപരിണാമങ്ങളേയും സർഗ്ഗാത്മകമായ പ്രക്രിയയായി കണക്കാക്കുന്ന ചിന്താപരമായ ഔന്നത്യം കൈവരിക്കുന്നതിനാലാണ്.

മനുഷ്യൻ വ്യത്യസ്തജീവിവർഗ്ഗം അല്ലെന്നും പ്രകൃതിയിലെ മറ്റേതൊരു ജീവിയ്ക്കും ഉള്ള പ്രാധാന്യം തന്നെയേ മനുഷ്യനും ഉള്ളൂ എന്ന തിരിച്ചറിവിൽ നിന്നാണ് പടംപൊഴിക്കുന്ന പാമ്പും ചിറകു നഷ്ടപ്പെട്ട ശലഭവും ജീവനില്ലാത്ത വണ്ടുകളും ഒക്കെ കലാകൃതിയിലേക്ക് കടന്നുവരുന്നത്. പ്രകൃതിയെക്കുറിച്ചും അതിന്റെ ജൈവികതയെക്കുറിച്ചും ഉള്ള ശക്തമായ ധാരണ ഇതിന്റെ അടിസ്ഥാനമായുണ്ട്. അതിന്റെ കേന്ദ്രസ്ഥാനത്ത് മനുഷ്യനെ പ്രതിഷ്ഠിക്കാൻ കലാകൃത്ത് മുതിരുന്നതേയില്ല!

സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന ലിംഗപരമായ വിവേചനങ്ങളെക്കുറിച്ച് കലാകൃത്തിന് വ്യക്തമായ ധാരണകളുണ്ട്. ‘‘വിവേചനം കുടുംബത്തിനകത്തുതന്നെ സംഭവിക്കുന്നുണ്ട്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഉയർന്നുവരുന്ന ചോദ്യം "ആൺകുഞ്ഞല്ലേ..?' എന്നാണ്! എന്താ അതിനർത്ഥം? ആൺകുഞ്ഞ് പിറക്കുന്നത് എന്തോ വലിയ കാര്യമാണെന്ന മട്ടിലാ ആ ചോദ്യം ഉണ്ടാകുന്നത്. അപ്പഴേ വേർതിരിവ് സംഭവിച്ചുകഴിഞ്ഞു. പെണ്ണിന് സാധിക്കാത്തതായി ഒന്നുമില്ല. യഥാർത്ഥത്തിൽ ആൺകുട്ടിൾക്ക് ജനിക്കുമ്പോൾ തന്നെ കുറേ പരിധികൾ വെക്കുകയാണ്. അവർ വീട് നോക്കാനോ പാചകമോ ഒന്നും പരിശീലിക്കുന്നില്ല. പെൺകുട്ടികൾ പക്ഷേ ചെറിയ പ്രായത്തിൽ തന്നെ മിക്കവാറും കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാകുന്നു. എന്നാൽ സാമൂഹിക വ്യവസ്ഥ കാരണം അവർ പിന്തള്ളപ്പെടുന്നു. പിന്നെ കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കുമ്പോൾ ആൺകുട്ടികൾക്ക് കാറ്, ജീപ്പ്, തോക്ക്. പെൺകുട്ടികൾക്ക് കിച്ചൺസെറ്റ് ആ വയസ്സിൽ തന്നെ അവളെ ബോധിപ്പിക്കുകയാണ് നീ വീട്ടിലിരുന്ന് ഇതൊക്കെ ചെയ്യേണ്ടവളാണ് എന്ന്! ഈ വ്യവസ്ഥയ്ക്ക് കാതലായ മാറ്റം വരണം. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാ കാര്യങ്ങളിലും തുല്യപങ്കാളിത്തമുള്ളവരായി അവർ വളർന്നുവരണം. അങ്ങനെ വളർന്നുവരുന്ന തലമുറയിലൂടെയോ ജാതി, മത, വർണ്ണ, ലിംഗ വിവേചനങ്ങൾ അവസാനിക്കുകയുള്ളൂ.’’

ഈ ബോധ്യമാണ് അഞ്ജുവിന്റെ കലാസൃഷ്ടികളെ വ്യതിരിക്തമാക്കുന്നത്. ഒരു ജീവി എന്നനിലയിൽ മനുഷ്യനെ മറ്റ് ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി ആവിഷ്‌കരിക്കാൻ തയ്യാറാകാത്തതിനു പിന്നിലും പ്രവർത്തിക്കുന്നത് ഇതേ സമത്വചിന്തയാണ്.

അനുപമ ഏലിയാസ്

അനുപമ ഏലിയാസ്

ഇത്രയധികം ആത്മാവിഷ്‌കാരപരമായ കലാലോകം മുമ്പ്​ കണ്ടുമുട്ടിയിട്ടുള്ളത് ഫ്രിദ കാലോയിലായിരുന്നിരിക്കണം. വേദനയുടെയും മരണത്തിന്റെയും പ്രതിഷേധത്തിന്റെയും സ്വപ്നാടനങ്ങളുടെയും ഭ്രമകല്പനകളുടെയും ഭാഷ സംസാരിച്ച ആ സൃഷ്ടികൾ ലോകഫെമിനിസ്റ്റ് കലയുടെ കണ്ണാടിയായി! അനുപമയുടെ ആത്മാവിഷ്‌കാരബന്ധിയായ കൃതികൾ തന്നെത്തന്നെ കണ്ടെത്താനുള്ള ഉപാധിയായും രാഷ്ട്രീയമായ ശാരീരികനിലയായും വിവക്ഷിക്കപ്പെടുന്നു. ചിത്രപ്രതലത്തിലെ ശരീരം എന്നത് സ്ത്രീ എന്ന നിലയിലുള്ള സാമൂഹിക ജീവിതത്തിന്റെ ഉള്ളടക്കത്തിൽ വെച്ച് പരിക്കേറ്റതിന്റെ വിശദീകരണം എന്ന നിലയ്ക്കാണ് കലാകൃത്ത് ആവിഷ്‌കരിക്കുന്നത്.

A Lady With Wheel

ആശയത്തിലധിഷ്ഠിതമായ ഒരു ഏകകമായി ശരീരം ആവിഷ്‌കരിക്കപ്പെടുകയും വസ്തുപരമായ അതിന്റെ വ്യാഖ്യാനങ്ങളെ അപ്പാടെ തള്ളിക്കളയുകയും ചെയ്യുന്നുണ്ട് അനുപമ. എന്റെ ചിന്തകളാണ് എന്റെ ശരീരം എന്ന പ്രസ്താവനയിൽ അടങ്ങിയിരിക്കുന്ന ഔന്നത്യബോധം ആർജ്ജിക്കുന്നത്, കാലങ്ങളായി അടിച്ചമർത്തപ്പെട്ട സ്ത്രീ സ്വത്വത്തിന്റെ സ്വാതന്ത്ര്യവാഞ്ഛയിൽ നിന്നും, നിരവധിയായ സ്ത്രീമുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന നവകാലപ്രതിനിധിയായി സ്വയം കാണപ്പെടുന്നതിന്റെ പ്രതിഫലനം എന്നോണവുമാണ്.

സ്വശരീരം എന്നത് ഒരു നരേറ്റീവിലെ കഥാപാത്രമായി അവരോധിക്കപ്പെടുകയും അതേസമയം സ്വത്വരാഷ്ട്രീയ പ്രസ്താവന ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതിന്റെ സത്തയെ ഉള്ളടക്കം ചെയ്ത ഏകകമായി ശരീരം ചിത്രപ്രതലത്തിന്റെ ബൃഹത്തായ നോട്ടക്കോണിൽ നിയതമായ സ്ഥാനം കൈയ്യാളുന്നു.

ഒരാൾ കണ്ണാടിയിൽ അയാളുടെ പ്രതിബിംബം കാണുമ്പോൾ പ്രതിബിംബിക്കപ്പെട്ട ശരീരം മാത്രമല്ല കാണുന്നത്. അതിന്റെ പുറകിലെ സ്ഥലപരിസരം കൂടിയാണ്. അങ്ങനെ വരുമ്പോൾ അനപമയുടെ സൃഷ്ടികൾ താൻ കൂടി ഉൾപ്പെടുന്ന സാമൂഹികപ്രതിബിംബത്തിന്റെ ഒരേട് എന്ന നിലയിൽ കാണേണ്ടതുണ്ട്.

ഞാൻ എന്നത് ഒറ്റപ്പെട്ട ശരീരം അല്ല, ബൃഹത്തായ സാമൂഹികശരീരത്തിന്റെ ഒരു സ്‌പെസിമെൻ മാത്രം! എന്ന കലാകൃത്തിന്റെ തിരിച്ചറിവാണ് വിശാലമായ ആശയപ്രപഞ്ചത്തെ കലയിലൂടെ ആവിഷ്‌കരിക്കാൻ പ്രാപ്തയാക്കുന്നത്. ആത്മാന്വേഷപരമായത് ഒരേസമയം സ്വത്വാന്വേഷപരവും രാഷ്ട്രീയപരവും ആകുന്നുണ്ട്. "ആധുനിക സമൂഹത്തിൽ എല്ലാ സമയത്തും ലിംഗനീതിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ പഴയ ഏതോ നൂറ്റാണ്ടിൽ ഉറപ്പിച്ച പാട്രിയാർക്കിയുടെ പ്രേതാവേശം ഇന്നും നിലനിൽക്കുന്നുണ്ട്. ഗാർഹികപീഡനം മുതൽ പൊതുനിരത്തിൽ വരെ സ്ത്രീകൾ അത് അനുഭവിക്കുന്നുണ്ട്. ഭീഷണിയും ബലപ്രയോഗവും കൊണ്ട് മാത്രമല്ല, സ്‌നേഹപ്രകടനത്തിലൂടെ അധികാരം പ്രയോഗിക്കുന്നതും സമാന അനുഭവം തന്നെയാണെന്ന് സ്ത്രീകൾ ഇന്ന് തിരിച്ചറിയുന്നുണ്ട്.’

"വളർന്നുവരുന്ന കുട്ടിയ്ക്കല്ല ട്രോമ; വളർച്ചമുരടിച്ച സമൂഹത്തിനാണ്! അതിലേക്കാണ് ഓരോ കുട്ടിയും ജനിച്ചുവീഴുന്നത്' ; വിവേചനങ്ങളെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും സമത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും കലാകൃത്തിനുള്ള ബോധ്യങ്ങളും നിലപാടുകളും വളരെ കൃത്യമാണ്.

AN ISLAND OF HOPE

പുതിയകാലം വളരെ വ്യത്യസ്തമാണെന്നും സോഷ്യൽ മീഡിയ അടക്കം തുറന്നിട്ടിരിക്കുന്ന സ്വതന്ത്രലോകം സ്ത്രീകളുടെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവരുമെന്നും മറ്റൊരുലോകം സൃഷ്ടിക്കുമെന്നും കലാകൃത്ത് പ്രത്യാശിക്കുന്നു. താൻ തന്റെ സ്റ്റുഡിയോ ഇടത്തിൽ ആ തെളിച്ചത്തിലേക്കുള്ള കാഴ്ചയൊരുക്കലിനായുള്ള ശ്രമങ്ങൾ മറ്റേതൊരു കലാകാരിയെയുംപോലെ നടത്തിക്കൊണ്ടിരിക്കുന്നു എന്നും അനുപമ അർത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞുവെക്കുന്നു.

ശരീരം അതിന്റെ ബാഹ്യമായ വസ്തുനിഷ്ഠ കാഴ്ച മാത്രം അല്ലെന്നും അത് അതിലുൾച്ചേർന്നതും പ്രസരിപ്പിക്കുന്നതുമായ രാഷ്ട്രീയത്തിന്റെ ഉൾക്കനമാണെന്നും തിരിച്ചറിയുന്നിടത്താണ് അനുവാചകരുടെ തലയ്ക്കകത്തും വെളിച്ചം വീശലുണ്ടാവുക

ചിത്ര ഇ.ജി.

ചിത്ര ഇ.ജി.

"കേരളത്തിൽ പുരുഷന്മാരേക്കാൾ അനുപാതത്തിൽ കൂടുതൽ സ്ത്രീകളാണ്. എന്നിട്ടും എന്തുകൊണ്ടാണ് സ്വയംപര്യാപ്തത കൈവരിക്കാൻ സ്ത്രീകൾക്ക് കഴിയാത്തത്?' ചിത്ര ഉയർത്തുന്ന ഈ ചോദ്യത്തിന് സമകാലത്ത് കൂടുതൽ പ്രസക്തിയും മുഴക്കവുമുണ്ട്. തനിക്ക് പ്രാപ്തമല്ലെന്ന ധാരണയെയും കായികശേഷി ആവശ്യമാണ് എന്ന പൊതുബോധത്തെയും മറികടന്നാണ് ചിത്ര തന്റെ ശില്പങ്ങൾ മെനയുന്നത്.

പൊതുവേ കഠിനമെന്ന് കരുതുന്ന മീഡിയങ്ങൾ ഉപയോഗിച്ച് തന്നേക്കാൾ വലുപ്പമുള്ള ശില്പങ്ങൾ നിർമ്മിക്കുന്നത് ശക്തമായ തീരുമാനങ്ങളുടെയും ഉറച്ച ധാരണകളുടെയും പിൻബലത്തിലാണ്. പുരുഷ- കേന്ദ്രിത കലയായിട്ടാണ് ശില്പകലയെ കേരളത്തിൽ കൊണ്ടാടിയിട്ടുള്ളത്. വളരെ ചുരുക്കം സ്ത്രീകളേ ശില്പകലയെ ആവിഷ്‌കാരോപാധിയായി സ്വീകരിച്ചിട്ടുള്ളൂ. സമകാലികശില്പകലയിൽ എടുത്തുപറയേണ്ടതാണ് ചിത്ര ഇ.ജിയുടെ ഉടൽകേന്ദ്രിത (Body-Centered) ശില്പങ്ങൾ!

സ്ത്രീ-പുരുഷ ജൈവിക വ്യതിയാനങ്ങളെ Masculine എന്നും Feminine എന്നും തരംതിരിച്ച് നിയതമായ പ്രവർത്തന മേഖലകൾ കല്പിച്ചുനൽകുന്ന പുരുഷകേന്ദ്രിത യാഥാസ്ഥിതിക വ്യവസ്ഥയെ നിഷേധിക്കുന്നതാണ് ചിത്രയുടെ ശില്പസഞ്ചയം. സ്ത്രീകൾ മാറ്റിനിർത്തപ്പെടുകയും കായികാധ്വാനം ആവശ്യമെന്നു കണ്ട് സ്വയം മാറിനിൽക്കുകയും ചെയ്യുന്ന മേഖലയാണ് കല്ല്/മര/ലോഹ ശില്പവേല. എന്നാൽ അത്തരം ധാരണകളെ തിരുത്തിക്കൊണ്ട് അതേ വസ്തുക്കൾ ഉപയുക്തമാക്കി ശില്പനിർമ്മാണത്തിൽ ഏർപ്പെടുന്നുണ്ട് കലാകൃത്ത്. അത് ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ശില്പകല ഒരു പുരുഷസംവരണ മേഖലയല്ലെന്ന് ചിത്ര സ്വജീവിതംകൊണ്ട് ആണയിടുന്നു!

IN BETWEEN KISSES

""സ്ത്രീ-പുരുഷ ബൈനറികളെ പൊളിച്ചുകൊണ്ട് എല്ലാവരും തുല്യരായിട്ടുള്ള, മനുഷ്യരായിട്ടുള്ള ഒരു അവസ്ഥയാണ് എന്നെ സംബന്ധിച്ച് ശരീരം'' -ചിത്രയുടെ വാക്കുകളിൽ പ്രകടമാണ് ശരീരം എന്നത് വിലക്കുകളുടെ തടവറയല്ലെന്നും സാദ്ധ്യതകളുടെ അപാരതയാണെന്നും ഉള്ള ചിന്തയുടെ ഔന്നത്യം. ഒരേസമയം ശില്പം ചെയ്യുകയും ചിത്രം വരക്കുകയും ശരീരാവതരണകല (Body Performance) ചെയ്യുകയും വായിക്കുകയും കവിതകൾ എഴുതുകയും പാചകം ചെയ്യുകയും കൃഷി ചെയ്യുകയും ഒക്കെ ചെയ്തുകൊണ്ട് കലാകാരി എന്ന നിലയിൽ സർഗ്ഗാത്മകസാധ്യതകളെ അന്വേഷിക്കുകയും സ്വയം ആവിഷ്‌കരിക്കപ്പെടുകയുമാണ് ചിത്ര. ശരീരം ഒന്നിന്റെയും ഒടുക്കമല്ലെന്നും പലതിന്റെയും തുടക്കമാണതെന്നും ആ ആവിഷ്‌കാരങ്ങളിൽ ഉളളടക്കം ചെയ്തിരിക്കുന്നു. പലതായി ആവിഷ്‌കരിക്കപ്പെടാനുള്ള കലാകൃത്തിന്റെ വാഞ്ജ അതിനു ദൃഷ്ടാന്തമാണ്.

പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ ജീവിക്കുന്ന നാം സ്ത്രീശരീരത്തെ objectify ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. സ്ത്രീ ശരീരത്തിന്റെ തന്നെ performative possibility ഉപയോഗിച്ച് subjective ആയി അതിനെ reconstruct ചെയ്യപെടേണ്ടതാണ്.'

കേരളത്തിൽ മോഡേൺ ശില്പകലയുടെ തുടക്കം കമലാ ദാസ് ഗുപ്ത എന്ന സ്ത്രീ ശില്പിയിൽ നിന്നാണെന്ന് ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ അവരുടെ പഠനത്തിന്റെ ഭാഗമായി ഇറക്കിയ കണി /കാണി എന്ന പുസ്തകത്തിൽ ഡോ.ജോതിലാൽ പറയുന്നുണ്ട്. ഇത്രയും ചരിത്ര പ്രാധാന്യമുള്ള ശില്പിയായിരുന്നിട്ട് കൂടി അവരുടെ വർക്കുകൾ കാണാൻ കഴിയുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. അതിനു ശേഷം കുറച്ചുകലാകാരികൾ കല പഠിച്ചിട്ടുണ്ടെങ്കിലും അനില ജേക്കബ് മാത്രമാണ് അത് തുടർന്നത്. പിന്നീട് കൂടുതൽ കലാകാരികൾ ശില്പകല പഠിക്കുകയും തുടരുകയും ചെയ്യുന്നുണ്ട്. ജൈവശാസ്ത്രപരമായി സ്ത്രീയും പുരുഷനും വ്യത്യസ്തമായിരിക്കുമ്പോൾ തന്നെ സമൂഹം ആ വ്യത്യാസങ്ങളെ പെരുപ്പിച്ചു കാണിക്കുകയും, സ്ത്രീയും സ്ത്രീശരീരവും സ്വയം ചുരുങ്ങലിലേക്കും പോകുന്നുണ്ട്.

untitled

കലാകാരികൾക്ക് സ്വയം അവരുടേതായ അന്വേഷണങ്ങളിലൂടെ ഇതിൽ നിന്നും പുറത്തുകടക്കാൻ കഴിയും. നമ്മുടെ വസ്ത്രസ്വാതന്ത്ര്യത്തിലും, ഭക്ഷണസ്വാതന്ത്ര്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും വരെ ഇടപെടുന്ന സമൂഹത്തിന്റെ കാഴ്ചയിലും ചിന്തയിലും പ്രവർത്തിയിലും മാറ്റങ്ങൾ ഉണ്ടാകേണ്ടതാണ്.'

ലിംഗനീതിയും സാമൂഹ്യസമത്വവും താനെ ഉണ്ടായിവരില്ല; അത് പ്രവൃത്തിയിലൂടെ നേടിയെടുക്കണം എന്ന തികച്ചും ആധുനികോത്തര ആശയത്തെ ചിത്ര മുന്നോട്ടു വെക്കുന്നു.

സൂരജ കെ.എസ്.

സൂരജ കെ.എസ്

പൊതുസമൂഹത്തിൽ പുരുഷനേക്കാൾ സ്ത്രീകൾക്ക് തന്റെ ശരീരത്തെക്കുറിച്ച് അറിഞ്ഞോ അറിയാതെയോ എപ്പോഴും ബോധവതിയായി ഇരിക്കേണ്ടി വരുന്നു. ഈ അ(ദുര)വസ്ഥ എന്നെ സംബന്ധിച്ച് വളരെ അസ്വസ്ഥത ഉളവാക്കുന്നവയാണ്. സമൂഹത്തിൽ ഒരു പെൺകുട്ടിയെ മാനസികമായി പരുവപ്പെടുത്തി എടുക്കുന്നതിനു മുൻപേതന്നെ ശരീരത്തെ നിശ്ചിത രൂപത്തിൽ പ്രദർശിപ്പിക്കാൻ പരിശീലിപ്പിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ഇടപെടുമ്പോൾ സ്വന്തം സ്വത്വത്തിന്റെ നിലനിൽപ്പിനുവേണ്ടിയുള്ള യുദ്ധം തന്നെയാണ് നടക്കുന്നത്. ഇത് നിരന്തരമായി ചെയ്യേണ്ടിവരുന്നു എന്നതാണ് വാസ്തവം. ഇത്തരം കാര്യങ്ങൾ ശരീരം/Body എന്ന അവസ്ഥയോട് ചേർന്നുനിൽക്കുന്നതുകൊണ്ടുതന്നെയാണ് വളരെ സ്പഷ്ടമായിത്തന്നെ ശരീരം എന്റെ ചിത്രങ്ങളിൽ ഒരു വിഷയമായി വരുന്നത്.'

ശരീരത്തെക്കുറിച്ചും അതിന്റെ പ്രദർശനപരതയെക്കുറിച്ചും ഉള്ള ബോധ്യമാണ് സൂരജയുടെ കൃതികളുടെ അടിത്തറ. സ്വത്വാന്വേഷണപരമെങ്കിലും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം ശരീരവരപ്പുകളിൽ പ്രകടമാണ്.

സ്ത്രീശരീരം ഒരു ലൈംഗികവസ്തു (Sexual object) എന്ന തരത്തിൽ തിരിച്ചറിയാൻ പരിശീലിപ്പിക്കപ്പെട്ട പൊതുബോധത്തിനെ വെല്ലുവിളിച്ചുകൊണ്ടാണ് സൂരജയുടെ ചിത്രങ്ങളിലെ നഗ്‌നശരീരങ്ങൾ നിവർന്നുനിൽക്കുന്നത്. ‘‘സ്ത്രീകൾക്കു കൂടുതലായി ഏൽക്കേണ്ടിവരുന്ന സ്ത്രീത്വം, മാതൃത്വം, പാതിവ്രത്യം തുടങ്ങിയ ചില "അലങ്കാര' പദങ്ങൾ ഒരു വ്യക്തി എന്ന നിലയിലുള്ള സ്വന്തം സ്വത്വം തുറന്നു പിടിക്കുന്നതിന് ഒരു തടസ്സമാകാറുണ്ട് പലപ്പോഴും. പൊതുസമൂഹത്തിന്റെ ചിന്തകൾക്ക് വിരുദ്ധമായി ജീവിക്കുകയോ ജീവിക്കാൻ ശ്രമിക്കുകയോ ചിന്തിക്കുകയോ ചെയ്താൽ ഒറ്റപ്പെടുത്തുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. അത് ശാരീരിക അവസ്ഥയെ വേർതിരിച്ച് കാണുന്നത് കൊണ്ട് മാത്രം ഉണ്ടാകുന്നതാണ്.'' -സൂരജ തന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നു.

സ്ത്രീകളുടെ സ്വാഭാവിക ശാരീരിക അവസ്ഥകളെ വിലക്കുകൾക്കുള്ള അവസരമാക്കി ഉപയോഗിക്കാനുള്ള പൊതുസമൂഹത്തിന്റെ ത്വരയെ വിമർശന വിധേയമാക്കുന്നുണ്ട് സൂരജ തന്റെ ചിത്രങ്ങളിലൂടെ. മുടിക്കെട്ടിൽ കെട്ടിയിടപ്പെട്ട കല്ലുകൾ സ്വാതന്ത്ര്യത്തിനെ റദ്ദുചെയ്യുന്ന സാമൂഹിക വിലക്കുകളെ പ്രകടമാക്കുന്നു. കുതറിമാറുന്ന ശരീരങ്ങളും ചിതറിത്തെറിക്കുന്ന മുടിയിഴകളും വിലക്കുകളെ ഉല്ലംഘിക്കാനുള്ള കലാകൃത്തിന്റെ ശ്രമങ്ങളായി വ്യാഖ്യാനിക്കാം.

ജൈവികമായി ലഭിച്ച ബാഹ്യരൂപത്തിനാണോ വ്യക്തിത്വത്തിനാണോ പ്രാധാന്യം കൊടുക്കേണ്ടത്?' കലാകൃത്തിന്റെ ഈ ചോദ്യം ചെന്നുതറയ്ക്കുന്നത് സമൂഹനെഞ്ചിലേക്കാണ്. സ്ത്രീ എന്നാൽ ബാഹ്യസൗന്ദര്യമോ ആകാരസൗഷ്ടവമോ കൈമുതലായ "വസ്തു' അല്ലെന്നും, ചിന്താശേഷിയും ക്രിയാശേഷിയും പ്രവർത്തനോർജ്ജവവും ഉൾച്ചേർന്ന "വ്യക്തി' യാണ് എന്ന് കലാകൃത്ത് തന്റെ സൃഷ്ടികളിലൂടെ പ്രസ്താവിക്കുന്നു.

കാലത്തിനനുസരിച്ച് മാറ്റത്തിന് വിധേയപ്പെട്ടുകൊണ്ടിരിക്കുന്നതാണ് ശരീരമെങ്കിലും വർത്തമാനകാലത്ത് ജീവിക്കുമ്പോൾ എന്റെ ചുറ്റുപാടിൽനിന്നും ഞാനെന്ന വ്യക്തിക്ക് ഉണ്ടാകുന്ന അനുഭവങ്ങളിൽ നിന്നാണ് ഓരോ ചിത്രവും ഉടലെടുക്കുന്നത്.'

‘വ്യക്തി' എന്ന നിലയിലുള്ള ഔന്നത്യത്തെ മുറുകെപ്പിടിക്കുന്നതോടോപ്പം ലിംഗപരമായ വിവേചനങ്ങളെ പ്രതിരോധിക്കാനുള്ള മാധ്യമമായി തന്റെ ചിത്രങ്ങളെ കലാകൃത്ത് മുന്നോട്ടു വെക്കുന്നു.

യാമിനി മോഹൻ

യാമിനി മോഹൻ

​കടുപ്പമേറിയ കറുത്ത വരകളാൽ തീർത്ത മനുഷ്യശരീരങ്ങളെ യാമിനിയുടെ ചിത്രങ്ങളിൽ നമ്മൾ കണ്ടുമുട്ടും. ആൺ-പെൺ വ്യത്യാസമില്ലാതെ ശരീരത്തിന്റെ സംവേദനങ്ങളെ ചിത്രഭാഷയിൽ സന്നിവേശിപ്പിക്കാനുള്ള ശ്രമം എന്ന നിലയിൽ ഈ സൃഷ്ടികൾ ശ്രദ്ധ അർഹിക്കുന്നു. തന്റെതന്നെ വികാരവിചാരങ്ങളുടെ ബഹിസ്പുരണം എന്നനിലയിൽ ശരീരത്തെ വരയ്ക്കുന്ന യാമിനി മറ്റേതൊരു ജീവജാതികൾക്കും വന്നുപെടാവുന്ന വൈകാരികതലത്തെ കൂടെ സമന്വയിപ്പിക്കുന്നതായി കാണാം. അത് അതേപ്രകാരത്തിൽ കാണിയുമായി സംവദിക്കപ്പെട്ടേക്കാം എന്ന ആഗ്രഹവും കലാകൃത്ത് പങ്കുവെക്കുന്നുണ്ട്.

കാത്തെ കോൾവിറ്റ്‌സിന്റെ (Käthe Kollwitz) രചനകളെ ഓർമിപ്പിക്കുംവിധം പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ശരീരങ്ങൾ... എന്തിൽ നിന്നോ കുതറിമാറുന്ന തരം ചലനങ്ങൾ... ശരീരങ്ങളിൽ നിന്നും പറന്നുപോകുന്ന സ്വതന്ത്രരാക്കപ്പെട്ട പക്ഷികൾ... ! ഇത്തരത്തിൽ വ്യത്യസ്ത തലങ്ങളെ അനാവരണം ചെയ്യുന്ന കൃതികൾ ആത്മനിഷ്ഠവും സ്വത്വാന്വേഷപരവും ആകുന്നതോടൊപ്പംതന്നെ ശരീരത്തെ മുൻനിർത്തിയുള്ള ലിംഗവൈജാത്യങ്ങളെ (Gender differences) അതിലംഘിക്കുകയും ചെയ്യുന്നു.

ഫെമിനിസ്റ്റ് ആശയധാരകളുടെ രാഷ്ട്രീയശരികൾ ഒരുപക്ഷെ യാമിനിച്ചിത്രങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ സമൂഹത്തിൽ പൊതുവെയും കുടുംബകങ്ങളിൽ പ്രത്യേകിച്ചും അരക്ഷിതപ്പെട്ടുപോകുന്ന സ്ത്രീസ്വത്വത്തിന്റെ ആധിയും അലർച്ചയും പ്രകടമാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയാവലികൾ രൂഢമൂലമായി കലാകൃത്തിൽ കിടപ്പുണ്ടെങ്കിലും ആ സ്വാതന്ത്ര്യപ്രാപ്തി കൈയ്യെത്തിപ്പിടിക്കുന്നതിലെ ആശങ്ക കുതറിത്തെറിക്കുന്ന ഉടലുകളാൽ ആവിഷ്‌കരിക്കുക എന്ന യുക്തിയാണ് പ്രബലമായി വരുന്നത്.

വളരെ ചടുലമായി (spontaneous) വരുന്ന രേഖകളും അത് നിർമ്മിക്കുന്ന രൂപങ്ങളും ചലനത്തെ ചിത്രത്തിന്റെ ദ്വിമാനപ്രതലത്തിൽ സാധ്യമാക്കുന്നു. ആ ചടുലരേഖകൾ വളരെ കായികമായബലതന്ത്രത്താൽ സാധ്യമാകുന്നതാണ്. ആക്ഷൻ പെയ്ന്റിംഗിൽ എന്ന പോലെ വരയ്ക്കപ്പെടുന്ന ആ രേഖകളും രൂപങ്ങളും വൈകാരികവിക്ഷോഭങ്ങളെ പ്രകടമാക്കുന്നു. അത് അത്രകണ്ട് കാവ്യാത്മകമോ സൗന്ദര്യാത്മകമോ ആകണമെന്നില്ല. വികാരവിമലീകരണത്തിന്റെ (Emotional liberation) ഒരു തലം തന്റെ ചിത്രണങ്ങളിൽ കാംക്ഷിക്കുന്ന കലാകൃത്ത് ശരീരത്തെയും മനസ്സിനെയും രണ്ടായല്ല മനസ്സിലാക്കുന്നത്.

ശരീരം ഒരേസമയം കലാപ്രവർത്തനത്തിന്റെ വിഷയം (subject) ആയും ആ വിഷയാവതരണത്തിന്റെ വസ്തു (object) ആയും ആവിഷ്‌കരിക്കപ്പെടുന്നു. ഈ ശരീരാവിഷ്‌കാരം വേദനയെയോ ഭയത്തെയോ സന്തോഷത്തെയോ ദുഃഖത്തെയോ വിനിമയം ചെയ്യുന്നതിനുതകുന്ന ചാലകമാവുന്നു. കാണികളിലെ അതേതരം മാനസികനിലകളെ സമീകരിക്കുന്ന മാധ്യമമായും കലാസൃഷ്ടി മാറുന്നു.

"എന്റെ വരകളിൽ ആൺ ശരീരവും പെൺ ശരീരവും ഉണ്ട്. എന്റെ സബ്‌ജെക്ട് ആണിനേയും പെണ്ണിനേയും ബാധിക്കുന്നത് ആണ്. സ്‌നേഹം ആകാം വേദന ആകാം; വിദ്വേഷം /അമർഷം, ​പ്രതിഷേധം /അടിച്ചമർത്തൽ... ഇങ്ങനെ ഏതു വികാരവും ആകാം. അങ്ങനെ ഈ വികാരങ്ങളെ ഞാൻ ചിത്രീകരിക്കുമ്പോൾ അവിടെ ആൺ പെൺ ബോധം വരുന്നില്ല. എല്ലാവരിലും ഉണ്ടാകുന്ന വികാരങ്ങൾ ആണ് ഇതൊക്കെ. എന്റെ വർക്കുകൾ ആണിന്റെ വേദനയും പെണ്ണിന്റെ വേദനയും സംവദിക്കുന്നു. അല്ലെങ്കിൽ അതുപോലെ എല്ലാ വികാരവിചാരങ്ങളും എന്റെ വർക്കുകൾ സംവേദിക്കണം എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. ആണും പെണ്ണും പരസ്പര പൂരകങ്ങൾ ആണ് എന്ന് ഞാൻ കരുതുന്നു.'- കലാകൃത്തിന്റെ ഈ പ്രസ്താവനയിൽ ശരീരത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചുമുള്ള ധാരണകൾ വളരെ സ്പഷ്ടമാകുന്നു!

അശ്വതി ബൈജു

അശ്വതി ബൈജു

‘ഞാൻ’ എന്ന വാക്കിനെ ഒരു പ്രത്യേകമായ ഇടത്തിലേക്ക് ബോധപൂർവ്വം മാറ്റുമ്പോൾ അവിടെ ‘എന്റെ ശരീരം’ പ്രസക്തമാകുന്നു. എന്നെ സംബന്ധിച്ച് ‘ശരീരം’ എന്നത് ലിഖിതപ്പെടാത്തതും അംഗീകരിക്കപെടാത്തതുമായ ആഖ്യാനങ്ങളെ വിലയിരുത്തുന്നതിനും പുനഃസൃഷ്ടിക്കുന്നതിനുമായുള്ള മാധ്യമമാണ്. ബാല്യത്തിലേ ഉറച്ചുപോയ ഓർമകളിൽ നിന്ന്​ ഉരുത്തിരിഞ്ഞു വരുന്ന ഭാവനയുടെയും പ്രച്ഛന്നതയുടെയും ആകെത്തുക, ‘ശരീരം’ എന്ന ബിംബത്തിനല്ലാതെ മറ്റൊന്നിലും ഉൾക്കൊള്ളിക്കാൻ ആകാതെ വരുന്നു എന്ന ബോധ്യത്തിൽ നിന്നാണ് ‘ശരീരം’ ഒരു കലാവിഷയമായി പരിണമിക്കുന്നത്. എന്റെ അഭിപ്രായത്തിൽ ശരീരം ഒരു ഭാഷയാണ്. ചലനങ്ങൾ വാക്കുകളായും, നിശ്ചലത നിശബ്ദതയായും മാറുന്നുണ്ട് അവിടെ; തന്റെതന്നെ ഓർമ്മകളെയും ഭൂതകാലഅനുഭവലോകത്തെയും മൂർത്തവത്കരിക്കുന്നതിനുള്ള ഏകകം എന്ന നിലയിലാണ് അശ്വതി ശരീരവരപ്പുകളെ പരിഗണിക്കുന്നത്.

‘‘ഓർമ്മകളിൽ അവശേഷിപ്പിച്ചു പോയ ഇന്നലെകളുടെ ശേഷിപ്പുകളെ കണ്ടെത്തുകയും അവയെ പുനഃസൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് എന്റെ വർക്കുകളിലൂടെ. കാലത്തിന്റെ ഇഴകളിൽ കൂടിച്ചേർന്നിരിക്കുന്ന പാരമ്പര്യത്തേയും സ്ത്രീയിൽ മാത്രം നിക്ഷിപ്തമായ ചില സാമൂഹിക നിയമങ്ങളെയും അത് സാമൂഹിക വ്യവസ്ഥിതിയിൽ ഏൽപ്പിക്കുന്ന ചില ചലനങ്ങളെയും ‘ശരീരം' എന്ന വ്യവസ്ഥിതിയ്ക്ക് അകത്തുനിന്നും ചോദ്യം ചെയ്യാനും എന്നെ പ്രേരിപ്പിക്കുന്നു. എല്ലാ അന്വേഷണത്തിനും ഒടുവിൽ അവ്യക്തമോ സാങ്കൽപ്പികമോ ആയ ഒരു അർത്ഥ തലം മാത്രം മനസ്സിൽ തെളിഞ്ഞു വരുന്നു. അതിൽ അവ്യക്തമായത്, അല്ലെങ്കിൽ സാങ്കൽപ്പികമായ രേഖകളിൽ കൂടിപ്പിണഞ്ഞു കിടക്കുന്നത് എന്റെ ശരീരങ്ങൾ മാത്രമാണെന്ന കണ്ടെത്തലിൽ നിന്നുമാണ് ഞാൻ വർക്കുകളിൽ എന്റെ ശരീരം സന്നിവേശിപ്പിക്കുന്നത്.''- അശ്വതി പറയുന്നു.

അശ്വതിയുടെ കലാകൃതികളെ പരിശോധനാവിധേയമാക്കുമ്പോൾ വ്യക്തമാകുന്നത് സ്ത്രീ/അമ്മ എന്ന നിലകളിൽ താൻ അനുഭവിക്കുന്ന മാനസിക-ശാരീരിക വെല്ലുവിളികളെ ചിത്രപ്രതലത്തിൽ ആവിഷ്‌കരിക്കാനുള്ള ശ്രമം അതിലുണ്ട് എന്നതാണ്. തികച്ചും ജൈവികവും അതേസമയം രാഷ്ട്രീയവുമായ ശരീരങ്ങളെ നമുക്കിവിടെ കണ്ടെത്താനാവും. ഗർഭാവസ്ഥ- അബോർഷൻ- ഡിപ്രഷൻ... ഈ മൂന്ന് അവസ്ഥകളിലൂടെയും കടന്നുപോയ മാനസിക- ശാരീരിക സ്വരൂപം ആണ് അശ്വതിയുടെ രചനകളിലെ സ്ത്രീശരീരങ്ങൾ. ഫ്രിദ കാഹ്ലോ (Frida Kahlo) ഡൊറോത്തി ടാനിംഗ് (Dorothea Tanning) എന്നീ കലാകൃത്തുക്കളാൽ സ്വാധീനിക്കപ്പെടുന്നതും ഇതേ പാരസ്പര്യത്താലാണ്. അവരുടെ രചനകളിൽ തന്റെതന്നെ അനുഭവലോകത്തെ പ്രതിഫലിച്ചുകാണുന്ന അശ്വതി അതിൽ നിന്നും വ്യത്യസ്തമായ രചനാശൈലിയെ പിൻപറ്റി തന്റെ ആശയലോകത്തെ മൂർത്തവത്കരിക്കുന്നു.

Mnemonics സീരീസിൽ ചെയ്ത ഫോട്ടോ ഇൻസ്റ്റലേഷൻ പ്രകൃതിയുടെ സൂക്ഷ്മവും സ്ഥൂലവുമായ സവിശേഷതകളെ ഉൾക്കൊള്ളുന്ന കൃതിയാണ്. സ്വയം പ്രകൃതിയാവുക എന്ന ആശയത്തെ മുന്നോട്ടുവെക്കുന്നതോടൊപ്പം മനുഷ്യനിർമ്മിത പരിതസ്ഥിതിയിൽ ജീവിക്കുമ്പോഴും ആത്യന്തികമായി പ്രകൃതിയിൽ ചെന്നുചേരേണ്ടതിന്റെ നൈതികതയെ അശ്വതി ഓർമിപ്പിക്കുന്നു. മനുഷ്യൻ-പ്രകൃതി ദ്വന്ദ്വസങ്കൽപമായല്ല, ജീവജാതികളെല്ലാം ഉൾച്ചേർന്ന ഒന്നിൽ നിന്നും മറ്റൊന്ന് പിരിച്ചുമാറ്റാനാവാത്ത അദ്വൈതാശയത്തെ ആ കൃതി ഉദ്‌ഘോഷിക്കുന്നു.

സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ചും പൊതുഇടത്തിലെ സ്ത്രീ- ശരീര അപമാനപ്പെടലുകളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് അശ്വതി മുന്നോട്ടു വെക്കുന്നുണ്ട്. വെല്ലുവിളികൾ നിറഞ്ഞതും മാറ്റിനിർത്തപ്പെടുന്നതുമായ ഇടത്തേക്ക് കടന്നുചെല്ലുകയും നിയതമായ ഇടം നേടിയെടുക്കുകയും ചെയ്യേണ്ടതുണ്ടെന്നും, കലാമേഖലയിൽ മാത്രമല്ല സമൂഹത്തിന്റെ നാനാതുറകളിലും സ്ത്രീപ്രാതിനിധ്യം വരുംകാലങ്ങളിൽ വളരെ ശക്തമായി ഉണ്ടാകുമെന്നും അതിന്റെ മുന്നൊരുക്കങ്ങൾ ഇപ്പോൾതന്നെ നടന്നുവരുന്നുവെന്നും അശ്വതി ഉറച്ചു പറയുന്നു.

കേരള സമൂഹത്തിലെ സമസ്ത മേഖലകളിലും ലിംഗസമത്വത്തെ മുൻനിർത്തിയുള്ള മുന്നേറ്റങ്ങളും പ്രവർത്തനങ്ങളും നടന്നുവരുന്ന സമകാലത്ത് കലാമേഖല ആ മാറ്റത്തിന്റെ മുന്നണിയിൽ നിൽക്കേണ്ടത് അനിവാര്യതയാണ്. ശരീര ആവിഷ്‌കാരം കേരള പൊതുസമൂഹത്തിന് ഒരു സദാചാരപ്രശ്‌നമായി ഏതൊരു കാലത്തും ഉയർന്നുവന്നിട്ടുണ്ട്. മലമ്പുഴ യക്ഷി സ്ത്രീ സൗന്ദര്യത്തിന്റെ ഉദാത്ത മാതൃകയായും ശില്പകലയിലെ ബൃഹദ്‌നിർമ്മിതി ആയും വാഴ്ത്തപ്പെടുമ്പോഴും പൊതുസമൂഹത്തിന് അതൊരു കാമാതുരമായ ഇരിപ്പ് (sensual posture) മാത്രമായി തോന്നുന്നതിനും കാരണം മറിച്ചല്ല. ശരീരത്തെ ജ്യാമിതീയ വരപ്പുകളിൽ ഒളിച്ചുകടത്താൻ ചില മോഡേൺ ആർട്ടിസ്റ്റുകളെ പ്രേരിപ്പിച്ചതും നേരിട്ടുള്ള ശരീരാവിഷ്‌കാരങ്ങളെ സമൂഹം എങ്ങനെ ഏറ്റെടുക്കുമെന്നുള്ള ഭയം കൊണ്ടുകൂടിയാണ്.

എന്നാൽ, 1980കളോടെ കേരളത്തിലെ സജീവമായ ഫൈനാർട്‌സ് കോളേജുകൾ കേന്ദ്രീകരിച്ച് ശരീരത്തെ മുഖ്യവിഷയമാക്കി ചിത്രങ്ങളും ശില്പങ്ങളും നിർമിക്കപ്പെട്ടുതുടങ്ങിയതായി കാണാം. ഇതിന്റെ പ്രധാന കാരണം അക്കാലം മുതൽ തന്നെ രൂപപ്പെട്ടുവന്ന ജെന്റർ പൊളിറ്റിക്‌സും ജെന്റർ ഇക്വാലിറ്റിയെക്കുറിച്ചുള്ള ധാരണകളും അതിനോടനുബന്ധിച്ചുണ്ടായ അനേകം പോരാട്ടങ്ങളും പഠനങ്ങളുമാണ്.

കെ.പി. കൃഷ്ണകുമാറിന്റെയും എൻ.എൻ റിംസന്റെയും കാനായി കുഞ്ഞിരാമന്റെയും പൂർണ്ണകായ ഉടൽശില്പങ്ങൾ വലിയ സ്വാധീനം കേരള ഫൈനാർട്‌സ് മേഖലയിലെ ഉടലാവിഷ്‌കാരങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്. പാശ്ചാത്യകലയും പുതിയൊരു വഴിത്തിരിവിലെത്തിയ കാലമായിരുന്നല്ലോ അത്. നിയോ എക്‌സ്പ്രഷനിസം (neo expressionism), അവതരണകല (Performance art), വീഡിയോ ആർട്ട്​ (video art) തുടങ്ങിയ പ്രസ്ഥാനങ്ങളുടെയും ഫെമിനിനിസ്റ്റ് മൂവ്‌മെൻറ്​, അതിന്റെ കലാപരിപ്രേക്ഷ്യങ്ങൾ, അനേകം കലാകൃത്തുക്കൾ, കലാവിപണി, ഓക്ഷൻ ഹൗസുകൾ എന്നിവരുടെയും രംഗപ്രവേശം... അങ്ങനെ പലരീതിയിലും ലോകകല മാറ്റത്തിന്റെ പാതയിലേക്ക്​ കുതിച്ച കാലഘട്ടമാണത്. അതിന്റെ ചുവടുപിടിച്ച് അനേകം ആവിഷ്‌കാരങ്ങൾ ഇന്ത്യയിലും പിൽക്കാലത്ത് നടന്നതായി സൂക്ഷ്മമായ അവലോകനത്തിൽ കണ്ടെത്താം.

എന്നാൽ വലതുപക്ഷരാഷ്ട്രീയത്തിന്റെ സ്വാധീനവലയത്തിൽ പെട്ട സമൂഹം അത്തരം വരപ്പുകളെയും ശില്പാവിഷ്‌കാരങ്ങളെയും തിരസ്‌കരിക്കുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്. സദാചാരനിയമങ്ങൾ പാലിക്കപ്പെട്ടില്ല എന്നപേരിൽ ചിത്രങ്ങളും ശിൽപങ്ങളും നിരന്തരം ആക്രമിക്കപ്പെട്ടു. എം.എഫ്. ഹുസൈനെയും ബറോഡ എം.എസ്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായിരുന്ന ചന്ദ്രമോഹനെയും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. ചിത്രങ്ങളിൽ നഗ്‌നത ഉണ്ട് എന്ന ഒറ്റക്കാരണത്താൽ വർഗീയ ഫാസിസ്റ്റുകളുടെ ആക്രമണത്തിന് ഇരയായി രണ്ടുപേരും.

ഈയൊരു സ്ഥിതി നിലനിൽക്കുമ്പോൾ തന്നെയാണ് ഒരുകൂട്ടം സ്ത്രീകലാകൃത്തുക്കൾ തങ്ങളുടെ സൃഷ്ടികളിലൂടെ സ്വത്വരാഷ്ട്രീയത്തെ പ്രക്ഷേപണം ചെയ്തുകൊണ്ട് 2000ത്തിനു ശേഷം രംഗപ്രവേശം ചെയ്യുന്നത്. ഈ ചിത്ര-ശിൽപ-അവതരണ സൃഷ്ടികൾ ഒരേസമയം വ്യവസ്ഥകളെയും സദാചാരസംഹിതകളെയും ലൈംഗികതയിലൂന്നിയ പൊതുബോധത്തെയും വെല്ലുവിളിക്കുന്നുണ്ട്. സമൂഹത്തിലാകെത്തന്നെ സ്ത്രീ- ദളിത്- ട്രാൻസ് മുന്നേറ്റങ്ങൾ നടക്കുന്ന കാലയളവിൽ തന്നെയാണ് കലാമേഖലയിൽ നിന്നും ഉടലാവിഷ്‌കാരങ്ങളുടെ പുതുപരിപ്രേക്ഷ്യങ്ങളും ഉണ്ടായിവരുന്നത് എന്നത് വലിയ പ്രതീക്ഷകളെ ഉൽപാദിപ്പിക്കുന്നുണ്ട്.

തുറസ്സുകളുടെയും തുറന്നുപറച്ചിലുകളുടെയും തുറസ്സിട- ആവിഷ്‌കാരങ്ങളുടെയും കാലം കൂടിയാണിത്. മീ ടു മൂവ്‌മെന്റ് (Me too movement), Kiss of love, Queer pride march... ഇവയെല്ലാം പൊതുഇടത്തിൽ ഉടലിനെ മുൻനിർത്തി പ്രശ്‌നങ്ങളെ ചർച്ചയ്ക്ക് വെക്കുന്നു. ഗോപ്യമായിരിക്കേണ്ട ഒന്നായി ശരീരത്തെയും ലൈംഗികതയെയും സ്വത്വത്തെയും കണക്കാക്കാത്ത ഒരു പുതുതലമുറ നിലവിലുണ്ട്! ഈ മുന്നേറ്റങ്ങളിലെല്ലാം ശരീരം/Body എന്നത് ഒരു political tool ആകുന്നത് കാണാം. സ്വത്വം, ലിംഗനീതി, സ്വാതന്ത്ര്യം, ലൈംഗികാതിക്രമത്തിനെതിരെയുള്ള പ്രവർത്തനം എന്നീ ലക്ഷ്യങ്ങളെ ഈ മുന്നേറ്റങ്ങൾ സാദ്ധ്യമാക്കുന്നതോടൊപ്പം സ്ത്രീശരീരത്തെ ചരക്കുവത്കരിക്കുന്ന (commodify) നടപ്പുരീതികളെ അപ്പാടെ റദ്ദ് ചെയ്യാനുള്ള ആഹ്വാനവുമാകുന്നു!


ഷിനോജ് ചോറൻ

കലാകൃത്ത്. കേന്ദ്ര ലളിതകലാ അക്കാദമി നാഷണൽ റിസേർച്ച് സ്കോളർ.

Comments