‘ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേള’ എന്നാണ് കേരള സ്‌കൂൾ കലോത്സവത്തിന് വർഷങ്ങളായി മാധ്യമങ്ങൾ നൽകിയിട്ടുള്ള ഉഗ്രൻ വിശേഷണം. കേരള സംസ്ഥാന രൂപീകരണത്തിന് തൊട്ടടുത്ത മാസം തന്നെ, 1956-ൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായ ജി.എസ്. വെങ്കിടേശ്വരയ്യർ ഡൽഹിയിലെ അന്തർസർവ്വകലാശാല കലോത്സവത്തിൽനിന്ന് പ്രചോദിതനായാണ് സംസ്ഥാന സ്‌കൂൾ കലോത്സവം രൂപകല്പന ചെയ്തത് എന്നാണ് കലോത്സവചരിത്രം പറയുന്നത്. അന്നുതൊട്ട് ആദ്യകാലത്ത് ഒരു ദിവസം മാത്രമായി നടത്തപ്പെട്ടിരുന്ന മേള പിന്നീട് മത്സരഇനങ്ങൾ വർധിച്ചുവർധിച്ച് 4-5 ദിവസങ്ങളിലായി സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളെയും ഉൾക്കൊള്ളുന്ന മഹാമേളയായിത്തീർന്നു.
നിലവിൽ 15,000- ത്തോളം കുട്ടികൾ പങ്കെടുക്കുന്ന, 24 വേദികളിലായി 249 മത്സരയിനങ്ങളുള്ള, ഉത്സവസമാനമായ അന്തരീക്ഷമാണ് കേരള സ്‌കൂൾ കലാമേളയ്ക്കുള്ളത്.
2018- ൽ മത്സര ഇനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ പരിഷ്‌കരിച്ച കലോത്സവ മാന്വലിറങ്ങിയപ്പോൾ അതിന്റെ ആമുഖമായി താഴെക്കൊടുത്തിരിക്കുന്ന വാക്യങ്ങളെഴുതിച്ചേർത്തിരുന്നു:
‘‘കലയും സാഹിത്യവും മനുഷ്യമനസ്സിനെ നിരന്തരം നവീകരിക്കുകയും സാമൂഹിക പരിണാമങ്ങളിൽ മാനവിക മൂല്യങ്ങളെയും കാഴ്ച്ചപ്പാടുകളെയും രൂപീകരിക്കാൻ സഹായിക്കുകയും ചെയ്യും. കലയുടെ നന്മയും വിശുദ്ധിയും ആഴത്തിൽ അടയാളപ്പെടുത്തപ്പെട്ട സമൂഹമാണ് നമ്മുടേത്. വിദ്യാലയങ്ങളെ കലാനിലയങ്ങളായി വിഭാവന ചെയ്യുന്ന പാഠ്യപദ്ധതിയിൽ കലാപഠനത്തിന് സവിശേഷമായ സ്ഥാനമാണ് നൽകിയിട്ടുള്ളത്’’.
ഈ ഉദ്ധരണിയിലെഴുതിച്ചേർത്തിരിക്കുന്ന വാക്യത്തിന്റെ സദുദ്ദേശ്യപരതയും പ്രായോഗികതയും ഫലപ്രദമായി സാധ്യമാക്കുന്നതിൽ ഏഷ്യയിലെ ഗംഭീരമായ കൗമാരകലാമേളയ്ക്കുള്ള പങ്കിനെ വിമർശനാത്മകമായി പരിശോധിക്കുകയാണ് ഈയെഴുത്തുകൊണ്ടുദ്ദേശിക്കുന്നത്.
നിലവിൽ കേരളത്തിലെ സ്‌കൂളുകളിലെ കലാപഠനത്തിന്റെ അവസ്ഥ എന്താണ്? മേളക്കൊഴുപ്പുള്ള കലോത്സവങ്ങളുടെ ആരവങ്ങൾക്കപ്പുറം സ്‌കൂൾ കരിക്കുലത്തിൽ കലാപഠനത്തിൽ എത്രമാത്രം പ്രാധാന്യമുണ്ട്?- ഈ വസ്തുതകളന്വേഷിച്ചാൽ സ്‌കൂളുകളെ കലാനിലയങ്ങളായി സങ്കല്പിക്കുന്ന പാഠ്യപദ്ധതി രൂപകല്പനയുടെ പൊള്ളത്തരം മനസ്സിലാവും.
8 മുതൽ 10 വരെയുള്ള പത്തഞ്ഞൂറ് കുട്ടികളെ നിലവിൽ ആ ഒരാളാണ് ചിത്രവും സംഗീതവും നൃത്തവും നാടകവും സിനിമയൊക്കെ ഉൾച്ചേർന്ന കലാപാഠങ്ങൾ പരിശീലിപ്പിക്കേണ്ടത്
മുമ്പ്, ഏറെക്കുറെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ചിത്രകല, സംഗീതം, തുന്നൽ, പ്രവൃത്തിപരിചയം എന്നിവയിലൊക്കെ സ്‌കൂളുകളിൽ ആനുപാതികമായി ചില അധ്യാപക തസ്തികകളെങ്കിലും ഉണ്ടായിരുന്നെങ്കിൽ, കലാവിദ്യാഭ്യാസത്തിനും അതിന് കുട്ടിയുടെ സമഗ്രപുരോഗതിയിലുള്ള പ്രാധാന്യത്തെക്കുറിച്ചുമുള്ള വാചോടോപങ്ങളല്ലാതെ സ്‌കൂളുകളിൽ കലാപഠനത്തിന് അധ്യാപകരില്ലെന്നതാണ് അവസ്ഥ. 2000- ത്തോളം കുട്ടികൾ പഠിക്കുന്ന ഞങ്ങളുടെ സ്‌കൂളിലെ മിടുക്കിയായ സംഗീതാധ്യാപിക ബീന ടീച്ചർ 2022- ൽ വിരമിച്ച ഒഴിവിലേക്ക് ഇനിയാരും വരാനില്ലെന്ന് മനസ്സിലാക്കുന്നു. അപ്പോൾ SCERT വിഭാവനം ചെയ്ത കലാപഠനത്തിന്റെ പ്രായോഗികതയിലേക്ക് കുട്ടികളെ എങ്ങനെ കൊണ്ടുചെന്നെത്തിക്കുമെന്നു ചോദിച്ചാൽ, കലാപഠനത്തിനായി സ്‌പെഷലിസ്റ്റ് അധ്യാപകരുടെ കാറ്റഗറിയിൽപ്പെട്ട ഒരു ചിത്രകലാധ്യാപകനുണ്ട് എന്നാണുത്തരം കിട്ടുക. 8 മുതൽ 10 വരെയുള്ള പത്തഞ്ഞൂറ് കുട്ടികളെ നിലവിൽ ആ ഒരാളാണ് ചിത്രവും സംഗീതവും നൃത്തവും നാടകവും സിനിമയൊക്കെ ഉൾച്ചേർന്ന കലാപാഠങ്ങൾ പരിശീലിപ്പിക്കേണ്ടത് പോലും. അതിനുപുറമേ ഈ വിഷയത്തിന് ഒരു വലിയ പുസ്തകവും കൊല്ലാവസാനം ഒരു എഴുത്തുപരീക്ഷയും കൃത്യമായി നടത്തും എന്ന തമാശയുമുണ്ട്. ഇതാണ് സർക്കാർ സ്‌കൂളുകളിലെ വിചിത്രമായ കലാപഠനാന്തരീക്ഷം.
നിയമനങ്ങൾക്ക് കാശു വാങ്ങുന്ന ചില എയ്ഡഡ് സ്‌കൂളുകളിൽ ഇപ്പോഴും ഈ കലാധ്യാപക തസ്തികകൾ കുട്ടികളുടെ എണ്ണം കണക്കാക്കിയൊക്കെ നിലനിർത്തപ്പെടുന്നുണ്ട് എന്ന വൈരുധ്യവുമുണ്ട്. സിദ്ധാന്തങ്ങളുടെയും ഇവയുടെ പ്രായോഗികതയുടെമിടയിലെ ഈ വലിയ വിടവിനെ മുൻനിർത്തിയല്ലാതെ സ്‌കൂൾ കലാമേള എന്ന ഉത്സവാഘോഷത്തെക്കുറിച്ചും അതുവഴി സാധ്യമാകുന്ന കലാപഠന(!) ത്തെക്കുറിച്ചും സംസാരിക്കാനാവില്ല എന്നതുകൊണ്ടാണ് ഇത്രയും കാര്യങ്ങൾ പറഞ്ഞത്. അപ്പോഴും സ്‌കൂളുകളിൽ ഉദ്ഗ്രഥിത കലാപഠനമാണ് (Art integrated Learning) നടപ്പിലാക്കുന്നത് എന്ന വായ്ത്താരികൾക്കും കലയുടെ പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കാൻ പാടുള്ളതല്ല എന്ന ഉത്തരവുകൾക്കും മറ്റും പഞ്ഞമേ ഉണ്ടാവാറുമില്ല. ആര് പഠിപ്പിക്കും എങ്ങനെ പഠിപ്പിക്കും എന്ന് ചോദിക്കരുതെന്നു മാത്രം!
എറണാകുളം റവന്യൂ ജില്ലയിലെ HSS ഭരതനാട്യമത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനി ഗുരുതര പരാതിയുന്നയിച്ചു. മത്സരത്തിൽ താൻ തെരഞ്ഞെടുക്കപ്പെടാത്തതിന്റെ കാരണമന്വേഷിച്ചപ്പോൾ ‘കുട്ടിക്ക് മുഖസൗന്ദര്യമില്ല’ എന്നായിരുന്നത്രേ കൂട്ടത്തിലൊരു വിധികർത്താവിന്റെ വിശദീകരണം.
ഇങ്ങനെ പേരിനുമാത്രം കലാപരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമായ നമ്മുടെ വിദ്യാലയങ്ങളിൽ നിന്നാണ് വർഷാവർഷം വമ്പിച്ച പുറം പരിശീലന പദ്ധതികളിലൂടെ പലവിധ നൃത്തരൂപങ്ങളും സംഗീതവും നാടകവുമൊക്കെ പഠിച്ചെടുത്ത് സ്‌കൂൾ കലാമേളകളിൽ കുട്ടികൾ അരങ്ങുതകർക്കുന്നത്. (മൂവായിരത്തോളം കുട്ടികൾക്ക് ഒരു കായികാധ്യാപകൻ മാത്രമുള്ള ഞങ്ങളുടെ സ്‌കൂളിലും ഇതൊക്കെ അതീവ സ്വാഭാവികമായ കാര്യം മാത്രമാണ്). സ്‌കൂൾ കരിക്കുലത്തിനു പുറത്ത് ട്യൂഷൻ സെന്ററുകളുടെ സ്‌പെഷ്യൽ കരിക്കുലങ്ങൾ മേൽക്കൈ നേടുന്ന ഒരിടത്ത്, കലാപരിശീലനത്തിനായി കാശുള്ളവരുടെ മക്കൾ ലക്ഷങ്ങൾ ചെലവാക്കാൻ തയ്യാറാവുന്നതിൽ വകുപ്പിനോ പൊതുസമൂഹത്തിനോ ആശങ്കയോ ആധിയോ പ്രതിഷേധമോ ഉണ്ടാവാത്ത വിധം ഇവയൊക്കെ തീർത്തും സാധാരണമായിക്കഴിഞ്ഞിട്ടുമുണ്ടുതാനും.
ഇക്കഴിഞ്ഞയാഴ്ചയാണ് കുട്ടികളുടെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രിയുടെ ഒരു നിർദ്ദേശം പുറത്തിറങ്ങിയത്. പണമില്ലെന്ന കാരണത്താൽ ഒരു കുട്ടിയും പഠനയാത്രകളിൽ നിന്ന് മാറ്റിനിർത്തപ്പെടരുത് എന്നായിരുന്നു അത്. തീർച്ചയായും വളരെ മാനുഷികമായൊരു നോട്ടമാണ് ഇതിനു പിന്നിൽ കാണാൻ കഴിയുക. അതേസമയം മുഴുവൻ മാധ്യമങ്ങളുടെയും ഫോക്കസിലേക്ക് വന്നിട്ടും സ്‌കൂൾ കലാമേളകളിൽ ഒട്ടുമിക്ക ആഢംബര ഇനങ്ങളും സാധാരണക്കാരുടെ കുട്ടികളെ സ്റ്റേജിൽ നിന്ന് മാറി നിൽക്കാൻ പ്രേരിപ്പിക്കുകയാണെന്ന് നമ്മുടെ ഭരണാധികാരികൾ ഇനിയും തിരിച്ചറിയാത്തതെന്തുകൊണ്ടാണ്? കുട്ടികളോടും രക്ഷിതാക്കളോടും അധ്യാപകരോടുമന്വേഷിച്ചാൽ പരിശീലനത്തിനും ചമയങ്ങൾക്കും മറ്റുമായി പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും കണക്ക് പുറത്തുവരാനിടയുള്ള ഈ മേഖലയിൽ, സർക്കാർ തലത്തിലുള്ള അന്വേഷണങ്ങളോ നിയന്ത്രണങ്ങളോ വരാത്തിടത്തോളം, ആരുടെയോ മൂലധന താത്പര്യങ്ങൾക്ക് വേദിയൊരുക്കുന്ന വിദ്യാഭ്യാസ പ്രക്രിയയിലെ ഈ ജീർണിച്ച വശം ആര് ഓഡിറ്റ് ചെയ്യുമെന്നാണ്?
ഇക്കഴിഞ്ഞ ദിവസമാണ് എറണാകുളം റവന്യൂ ജില്ലയിലെ HSS ഭരതനാട്യമത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനി ഗുരുതരമായ ഒരു പരാതിയുന്നയിച്ചത്. മത്സരത്തിൽ താൻ തെരഞ്ഞെടുക്കപ്പെടാത്തതിന്റെ കാരണമന്വേഷിച്ചപ്പോൾ ‘കുട്ടിക്ക് മുഖസൗന്ദര്യമില്ല’ എന്നായിരുന്നത്രേ കൂട്ടത്തിലൊരു വിധികർത്താവിന്റെ വിശദീകരണം. ജ്ഞാനനിർമ്മിതി സമീപനത്തിലൂന്നിയും കുട്ടികളുടെ ബഹുമുഖ ബൗദ്ധികവികാസത്തെ ത്വരിതപ്പെടാനും വേണ്ടി സജ്ജമാക്കപ്പെട്ടിട്ടുള്ള പുതിയ പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്നാണ് ഏറ്റവും മനുഷ്യത്വവിരുദ്ധമായ വിവേചനത്തിന്റെ ഈ ഒച്ചകൾ ഉയർന്നുകേൾക്കുന്നത് എന്നത് നമ്മെ ഒട്ടും അലോസരപ്പെടുത്തുന്നില്ല?
സത്യത്തിൽ, എല്ലാ അപകർഷതകളിൽനിന്നും കുട്ടിയെ പുറത്തുകൊണ്ടുവരാനും ആത്മവിശ്വാസത്തോടെ സർഗ്ഗാത്മകപ്രവർത്തനം നടത്താനുമായി രൂപകല്പന ചെയ്ത ഒരു സംവിധാനത്തിൽനിന്നാണ് ഇത്തരം വാർത്തകൾ പുറത്തുവരുന്നത് എന്നത്, പ്രസ്തുത വിഷയത്തിന്റെ ഗൗരവം പല മടങ്ങാക്കിത്തീർക്കുന്നുണ്ട് എന്നാണ്, കുട്ടികളോടിടപെടുന്ന ഒരധ്യാപികയെന്ന നിലയിൽ എനിക്കനുഭവപ്പെടുന്നത്.
ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് ധരിക്കരുത്. മേളയിലെ പ്രസ്റ്റീജ്യസ് ഐറ്റങ്ങളിലെല്ലാം രണ്ടായിരമോ നാലായിരമോ രൂപ അടച്ച് അപ്പീലിന് തയ്യാറായി വരുന്ന കുട്ടികളുടെ എണ്ണം പരിശോധിച്ചാൽ മാത്രം മതി, താനല്ലാതെ മറ്റൊരു വിജയിയെ സങ്കല്പിക്കാനോ അനുവദിക്കാനോ പറ്റാത്ത പാകത്തിൽ കുട്ടികളിൽ പല ഘട്ടങ്ങളിൽ കുത്തിവെക്കപ്പെടുന്ന അനാരോഗ്യപരമായ മത്സരബുദ്ധിയുടെ തീവ്രത അറിയാൻ. രക്ഷിതാക്കളുടെ സമ്മർദ്ദം, പരിശീലകരുടെ ഇമോഷണൽ ബ്ലാക്ക്‌മെയിലിംഗ്, സ്‌കൂളിന്റെ അഭിമാനമുയർത്തൽ, എല്ലാറ്റിനുമുപരി കിട്ടാൻ പോകുന്ന ഗ്രേസ് മാർക്കിന്റെ ആനുകൂല്യം എന്നിവയൊക്കെച്ചേർന്ന് കുട്ടികൾ ഒരു ജീവൻമരണ പോരാട്ടത്തിന്റെ അന്തരീക്ഷത്തിലേക്കാണ് പലപ്പോഴും എടുത്തെറിയപ്പെടുന്നത്. വേദിയിൽ കുഴഞ്ഞുവീണ കൂട്ടുകാരിയെ അവഗണിച്ചും അവർക്ക് മെനക്കെട്ടു പഠിച്ച ഏതോ കല പൂർത്തിയാക്കാൻ തോന്നുന്നതിന് കാരണം മറ്റൊന്നല്ല. കൈകൾ കൂട്ടിയിടിച്ച് കുപ്പിവള തകർന്നപ്പോൾ മുറിവേല്ക്കുകയും വസ്ത്രം മുഴുവൻ രക്തത്തിൽ കുളിച്ചിട്ടും നിർത്താനാവാതെ കണ്ണീരോടെ വഞ്ചിപ്പാട്ട് പാടിക്കൊണ്ടിരുന്ന, മാധ്യമങ്ങളൊപ്പിയെടുത്ത ആ പെൺകുട്ടിയെയും കലയുടെയല്ല, മേല്പറഞ്ഞ പോർവീര്യത്തിന്റെ രക്തസാക്ഷിയായേ കരുതാനാവൂ.