സഹതാപക്കഞ്ഞികൊണ്ട് കലയിലെ ദാരിദ്ര്യം ഊട്ടാൻ നിൽക്കരുത്

മിണ്ടാതിരിക്കുന്ന ഒരാളോട് തിരിച്ചും മിണ്ടാതിരുന്നാൽ ലോകം കൂടുതൽ അടഞ്ഞുപോകും. പകരം അയാളോട് ''സുഖമല്ലേ?'' എന്ന് വെറുതെ ചോദിച്ചുനോക്കുമോ? അടച്ചിരിപ്പുകാലം കഴിഞ്ഞ് കാണുമ്പോൾ 'ചിത്രം നന്നായി' എന്നുമാത്രം പറയാതെ, നിങ്ങളുടെ സൗഹൃദവലയത്തിലെ ഒരു ചിത്രമെഴുത്താൾക്ക് വെറുതെ ഒരു സ്‌കെച്ച്ബുക്ക് സമ്മാനിക്കുമോ? ഒരു കളർബോക്സ്? ഒരു മഷിപ്പേന? തിരിച്ചൊന്നും ആവശ്യപ്പെടാതെ?

അയാളിപ്പോൾ വരയ്ക്കുന്നുണ്ടാവില്ല

ഒരു ചായപ്പെട്ടിയിൽ പന്ത്രണ്ടോ പതിനാലോ കളറുകളുണ്ടാവും. അതിൽ എല്ലാ നിറങ്ങളും എല്ലാരും ഉപയോഗിക്കില്ല. ഇഷ്ടമുള്ള നിറങ്ങൾ ഉപയോഗിച്ചുകഴിഞ്ഞാൽ ആ പെട്ടി ഉപേക്ഷിക്കപ്പെടുകയാണ് പതിവ്. പലപ്പോഴും ഉപേക്ഷിക്കപ്പെടുന്ന നിറങ്ങൾ ഫ്ളൂറസെന്റ് കളർ പോലെയുള്ള ചില ബ്രൈറ്റ് കളേഴ്സാവും. എന്തുവരക്കുമ്പോഴും ഫ്ളൂറസെന്റ് കളർ ഉപയോഗിക്കുന്ന ഒരു സഹപാഠിയുണ്ടായിരുന്നു എനിക്ക്. നിനക്കെങ്ങനെ തോന്നുന്നു ഈ കണ്ണഞ്ചിപ്പിക്കുന്ന കളർ ഉപയോഗിക്കാൻ എന്ന് ഞാനൊരിക്കൽ അവനോട് ചോദിച്ചു. അവൻ പറഞ്ഞു, ഇതൊക്കെ വെറുതെ കളയുകയല്ലേ എല്ലാരും എന്ന്. അതിനർത്ഥം എല്ലാരും കളയുന്ന കളർ അവൻ പെറുക്കിയെടുത്ത് സൂക്ഷിച്ചിരുന്നുവെന്നാണ്. 'ദാരിദ്ര്യം അവനെ ബ്രൈറ്റാക്കി' എന്നൊരുപമ എനിക്കിപ്പോൾ കിട്ടുന്നു. ദാരിദ്ര്യം കലയെ ബ്രൈറ്റാക്കുന്നു എന്നുകൂടി എനിക്കെഴുതാനാവുന്നു. ദാരിദ്ര്യം കലയുമായി ചെയ്ത സങ്കടഗാഥകളോളം വരില്ല ലോകത്ത് ഒരു ഇതിഹാസവും. നാം ആസ്വദിച്ച മാസ്റ്റർപീസുകളുടെയെല്ലാം അടിയടരിൽ ഒരു കണ്ണുനീർത്തുള്ളിയുടെ തിളക്കമുണ്ടായേക്കാം എന്നുപോലും എനിക്കെഴുതാം. അവയ്ക്കുമേൽ കെട്ടിവെച്ച സഹതാപസാഹിത്യങ്ങളെ വെറുതെവിടാം. സഹതാപക്കഞ്ഞികൊണ്ട് കലയിലെ ദാരിദ്ര്യം ഊട്ടാൻ നിൽക്കരുത്.

അയാൾക്ക് മാർക്ക് കുറഞ്ഞിരിക്കണം. അയാളിപ്പോൾ വരയ്ക്കുന്നുണ്ടാവില്ല. എല്ലാവരുമയാളെ മറന്നുകാണും. ഒരുപക്ഷേ അയാൾ മരിച്ചുപോയിരിക്കണം. ഉപേക്ഷിച്ച നിറങ്ങൾ മാത്രമല്ല, വരച്ച ക്യാൻവാസിൽ തന്നെ വരച്ചവർ, നിർമ്മിച്ച കളിമൺശില്പം തച്ചുടച്ച് അതേ മണ്ണിൽ വീണ്ടും ശില്പം ചെയ്തവർ, ഒരുനേരത്തെ ഊണുമാത്രം കഴിച്ച് മിച്ചം വന്ന പൈസയ്ക്ക് മെറ്റീരിയൽ വാങ്ങിയവർ, കല പഠിക്കാൻ മാത്രം ഇടദിവസങ്ങളിൽ കൂലിപ്പണി ചെയ്തവർ, ഹോട്ടലുകളിൽ അടിമപ്പണി ചെയ്തവർ, കിലോമീറ്ററുകൾ നടന്ന് വലിയവീട്ടിലെ കുഞ്ഞുങ്ങളെ വര പഠിപ്പിച്ചവർ, നിങ്ങളുടെ ഇഷ്ടത്തിന് സ്വന്തം ഇഷ്ടം ബലികൊടുത്ത് കമ്മീഷൻ വർക്കുകൾ ചെയ്തവർ, നിങ്ങൾ പറഞ്ഞപ്പോൾ നിങ്ങളുടെ കാമുകീകാമുകന്മാരുടെ ചിത്രം രഹസ്യമായി വരച്ചുതന്നവർ, നിങ്ങൾക്ക് കള്ളക്കേസുകൾ ജയിക്കാൻ നൂറുരൂപയ്ക്ക് കള്ളയൊപ്പിട്ട് തന്നവർ, ഒരു പൈന്റ് ഓപ്പീയാറിനാൽ നിങ്ങളുടെ അടിയന്തിരകലാവശ്യം സാധിപ്പിച്ചുതന്നവർ. പൈസക്കല്ലാതെ നിങ്ങൾ പണിയെടുപ്പിച്ച കലത്തൊഴിലാളികൾ. അവരെയാണ് നിങ്ങൾ 'മാവോയിസ്റ്റാക്കിയത്'. അവരെയാണ് നിങ്ങൾ 'കഞ്ചാവു മാഫിയ' എന്നുവിളിച്ചത്. കള്ളനു കിട്ടേണ്ട ഇരുട്ടടികൾ മാറിക്കൊണ്ടവരാണവർ. അവരാണ് നിങ്ങളുടെ തുമ്പില്ലാ കേസുകളിൽ തുമ്പായത്.

എഴുത്തുകാരുടെ ദാരിദ്ര്യകഥകൾ നമ്മളെത്രയോ കേട്ടു. ലോകോത്തര ആർട്ടിസ്റ്റുമാരുടെ കഥകളും കേട്ടു. തൊട്ടടുത്തവീട്ടിലെ ദാരിദ്ര്യം മാത്രമാണ് നമ്മുടെ ദാരിദ്ര്യമല്ലാതിരിക്കുന്നത്. എത്തിച്ചേരാൻ കഴിയാത്ത ഒരു സോമാലിയയായി നമ്മൾ ദാരിദ്ര്യത്തെ മറ്റൊരിടത്തിൽ മാത്രം സങ്കല്പിക്കാൻ പഠിച്ചു. ദാരിദ്ര്യത്തിന്റെ ജീവചരിത്രം കാരൂരിൽ നമ്മൾ കണ്ടു, ബഷീറിൽ കണ്ടു, ചെക്കോവിലും മാക്സിം ഗോർക്കിയിലും, എമിലി സോളയിലും കണ്ടു. ഷൂസില്ലാത്ത കാലുകൾ വരയ്ക്കുമ്പോൾ കരവാജിയോ അന്നാട്ടിലെ ദാരിദ്ര്യത്തെ വരച്ചു, ഉരുളക്കിഴങ്ങ് തിന്നുന്നവരുടെ രാത്രിയിൽ വാൻഗോഗ് കട്ടപിടിച്ച ദാരിദ്ര്യത്തെയും വരച്ചുചേർത്തു. കലയ്ക്ക് വിഷയമാവുക മാത്രമല്ല അവിടെ ദാരിദ്ര്യം. കല തന്നെ ദാരിദ്ര്യത്തിന്റെ വംശഗാഥകളായി മാറുകയായിരുന്നു.

കാല്പനികദാരിദ്ര്യത്തിനുമാത്രമേ ചന്തമുള്ളൂ നമുക്ക്. സമകാലികദാരിദ്ര്യം ആമത്തലപോലെ കുപ്പായക്കുടുക്കിനുള്ളിൽ ചുരുണ്ടുകൂടിയിരിക്കുന്നു. കലാപ്രവർത്തനം വലിയ മുതൽമുടക്ക് ആവശ്യമുള്ള ഒരു പണിയായിട്ട് അധികകാലമൊന്നുമായിട്ടില്ല. കലയിൽ ഒരു മോഹവിപണി രൂപപ്പെട്ട ആർട്ട് ബൂം കാലം മുതൽ, ഒരുപക്ഷേ ഡീലർ റോണിയുടെയോ കാൻസന്റെയോ മെറ്റീരിയലുകളേ ഉപയോഗിക്കൂ എന്നൊരു രീതി ഉണ്ടായിവന്നിട്ടുണ്ട്. നല്ല മെറ്റീരിയൽ ഉപയോഗിക്കണമെന്ന വാശി ഒരു മോശം കാര്യവുമല്ലതന്നെ. എന്നാൽ 'പെർഫെക്ഷനിസം' എന്ന് ഒളിഞ്ഞും തെളിഞ്ഞും പറയുന്ന മെറ്റീരിയൽഭദ്രത മാത്രമായി കലാകൃതിയെ പരിഗണിച്ചുതുടങ്ങിയ ഗാലറിസ്റ്റുകളും ചെറുകിട ശേഖകരും ഉണ്ടാക്കിയ പൊതുധാരണ ബാധിച്ചത് മൂലധനസുരക്ഷിതത്വമില്ലാത്ത ചെറുകിട കലാപ്രവർത്തകരെയാണ്. ചാർക്കോളിൽ വരച്ചിരുന്ന അവർക്ക് ചാർക്കോൾ ഒരു അവമതിപ്പുള്ള മീഡിയമാക്കിമാറ്റിയത് ഗാലറികൾ നിശ്ചയിച്ച അങ്ങാടിനിലവാരസൂചികയാണ്. അക്രിലിക്കാണ് ഈ നൂറ്റാണ്ടിന്റെ മീഡിയം എന്ന് എല്ലാ കലാപ്രവർത്തകരെയും ഒരേപോലെ വിശ്വസിപ്പിക്കാൻ വിപണിക്ക് കഴിഞ്ഞു. ന്യൂസ്പ്രിന്റിൽ ഡ്രോയിംഗ് ചെയ്യുന്ന ആളുകളെ ഇപ്പോൾ കാണാനേയില്ല. കാരണം അത് മൂല്യം കുറഞ്ഞ മെറ്റീരിയലായി മാറി. കലാമൂല്യത്തെ മെറ്റീരിയൽമൂല്യമെന്ന് തെറ്റിധരിക്കുവോളമെത്തിയോ വിപണിയധിഷ്ഠിതമായി രൂപപ്പെട്ട കലാനിർമ്മാണപ്രക്രിയ എന്നുപോലും ഒരാൾ സംശയിച്ചാൽ തെറ്റുപറയാനാകില്ല.

നവലിബറൽ ഇക്കോണമി രാജ്യത്തെ പണമുള്ളവരെയും ഇല്ലാത്തവരെയും രണ്ടുതട്ടിലാക്കി നിർത്താൻ പരിശ്രമിച്ചു. കല എപ്പോഴും പണത്തിന്റെ കരുണയാൽ പുലരേണ്ട ഒന്നായി. കലയിലെ ക്രയവിക്രയങ്ങൾ ഒരു സവിശേഷവിഭാഗത്തിന്റെ കരുണയിൽ അധിഷ്ഠിതമായി. ആർട്ട് മാർക്കറ്റിന്റെ വ്യവഹാരം പൂർണമായും ഈ ശക്തികൾ ഏറ്റെടുത്തു. ജനാധിപത്യസമൂഹത്തിൽ, കലയിൽ പണിയെടുക്കുന്നവർക്ക് ദൈനംദിനജീവിതം മുന്നോട്ടുകൊണ്ടുപോവാനുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നതിൽ നമ്മുടെ സാംസ്‌കാരികനയങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു.

വരാനിരിക്കുന്നത് ആഗോളക്ഷാമകാലം. കലവാങ്ങാനും വില്ക്കാനും ആളുകൾ മുൻപത്തേക്കാൾ മടിക്കും. കലയിൽ ജീവിതം കണ്ടവർ പതുക്കെ അതിൽനിന്ന് പിന്തിരിയും. പണിതുതീരാത്ത വീടുപോലെ അവരുടെ കലയെക്കുറിച്ചുള്ള പ്രതീക്ഷകൾ പാതിവഴിയിൽ നിലയ്ക്കും. അവരുടെ പകൽസ്വപ്നങ്ങളിൽമാത്രം താമസയോഗ്യമായ ഒരു വീടുപണി നടന്നുകൊണ്ടിരിക്കും. കാരണം, കല എല്ലായ്പ്പോഴും പണാധിഷ്ഠിത മനോവ്യാപാരങ്ങളെ പിൻകാലുകൊണ്ട് തട്ടിമാറ്റി ജീവിതത്തെ സൗന്ദര്യപ്പെടുത്താനുള്ള പണിയിൽ മുഴുകിയിരിക്കുന്നു.

സഹതാപമോ സഹാനുഭൂതിയോ കൊണ്ട് കലയിലെ ദാരിദ്ര്യത്തെ മൂടിവെക്കാനാവില്ല. വിപണിനിർമ്മിച്ച മോഹാലസ്യത്തിലേക്ക് ഒരു വിഹിതംകൂടി എന്നമട്ടിൽ കലയിലെ അന്താരാഷ്ട്രഭാവനകൾക്ക് കൈയ്യയച്ച് സഹായം ചെയ്യുന്നതിനൊപ്പം താഴെത്തട്ടിലേക്കു കൂടി ഒരു നോട്ടം സർക്കാർ സംവിധാനങ്ങളിൽനിന്നുണ്ടാവണം. അതിനു ക്രിയാത്മകമായ പ്രവർത്തനരേഖകൾ ഉണ്ടാവണം. ആർട്ടിസ്റ്റുകൾക്കുള്ള 'അടിയന്തിര റേഷൻ' എന്നമട്ടിൽ ഇപ്പോൾ ആലോചിക്കുമ്പോലെയല്ല, ദീർഘവീക്ഷണമുള്ള പദ്ധതികൾ ഉണ്ടാവണം. അഴിച്ചുപണികളെക്കുറിച്ച് കൂട്ടമായി ആലോചിക്കേണ്ടതാണ്.

മിണ്ടാതിരിക്കുന്ന ഒരാളോട് തിരിച്ചും മിണ്ടാതിരുന്നാൽ ലോകം കൂടുതൽ അടഞ്ഞുപോകും. പകരം അയാളോട് ''സുഖമല്ലേ?'' എന്ന് വെറുതെ ചോദിച്ചുനോക്കുമോ? അടച്ചിരിപ്പുകാലം കഴിഞ്ഞ് കാണുമ്പോൾ 'ചിത്രം നന്നായി' എന്നുമാത്രം പറയാതെ, നിങ്ങളുടെ സൗഹൃദവലയത്തിലെ ഒരു ചിത്രമെഴുത്താൾക്ക് വെറുതെ ഒരു സ്‌കെച്ച്ബുക്ക് സമ്മാനിക്കുമോ?
ഒരു കളർബോക്സ്?
ഒരു മഷിപ്പേന?

തിരിച്ചൊന്നും ആവശ്യപ്പെടാതെ?


Summary: മിണ്ടാതിരിക്കുന്ന ഒരാളോട് തിരിച്ചും മിണ്ടാതിരുന്നാൽ ലോകം കൂടുതൽ അടഞ്ഞുപോകും. പകരം അയാളോട് ''സുഖമല്ലേ?'' എന്ന് വെറുതെ ചോദിച്ചുനോക്കുമോ? അടച്ചിരിപ്പുകാലം കഴിഞ്ഞ് കാണുമ്പോൾ 'ചിത്രം നന്നായി' എന്നുമാത്രം പറയാതെ, നിങ്ങളുടെ സൗഹൃദവലയത്തിലെ ഒരു ചിത്രമെഴുത്താൾക്ക് വെറുതെ ഒരു സ്‌കെച്ച്ബുക്ക് സമ്മാനിക്കുമോ? ഒരു കളർബോക്സ്? ഒരു മഷിപ്പേന? തിരിച്ചൊന്നും ആവശ്യപ്പെടാതെ?


Comments