“Art is never pure; we should keep it far away from the innocent ignorant. We should never let people approach. Yes, art is dangerous. If it is pure it is not art’’.
- Pablo Picasso
2004- ൽ, 18-ാം വയസ്സിൽ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് & ഫൈൻ ആർട്സിൽ ചിത്രകല പഠിക്കാൻ ചേരുന്ന കാലം വരെയും ന്യൂഡിറ്റി എന്നാൽ സെക്ഷ്വാലിറ്റി (Nudity as Sexuality) എന്ന് മനസിലാക്കിവെച്ചിരുന്ന ‘സാമാന്യ മലയാളി’ മാത്രമായിരുന്നു ഞാനും. കൈമാറിക്കിട്ടുന്ന പൊതുബോധം നിർമിക്കുന്ന തെറ്റിദ്ധാരണകളാണ് അവയൊക്കെയെന്ന് തിരിച്ചറിയാൻ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് പഠനത്തിന്റെ ആദ്യപാദം തന്നെ ധാരാളമായിരുന്നു. ദിവസേന നടന്നിരുന്ന ലൈഫ് സ്റ്റഡി മനുഷ്യശരീരത്തോടുള്ള ഒരുതരം ജുഗുപ്സയെ പൊട്ടിച്ചുകളയാൻ ഒരുപാട് ഉപകരിച്ചിട്ടുണ്ട്. മനുഷ്യശരീരത്തെ ഏതൊരു വസ്തുവിനെയോ (Object) രൂപത്തിനെയോ (form) എന്ന പോലെ നോക്കിക്കാണാൻ അനുശീലിച്ചിരുന്നു. ഒരു ആപ്പിളിനെ നിരീക്ഷിച്ച് വരക്കുന്നതുപോലെ അർദ്ധനഗ്‌നമായ ഒരു ശരീരത്തെയും നോക്കിക്കാണാനും വരക്കാനും സാധിക്കാത്തക്കവിധം ബോധം പരുവപ്പെട്ടിരുന്നു. എന്നാലും, പൊതുസമൂഹത്തിന്റെ നോട്ടത്തെയോ ശകാരത്തെയോ പേടിച്ചാവണം പൂർണ നഗ്നശരീരപഠനം (Nude study) കലാലയത്തിനകത്ത് നടന്നിരുന്നില്ല. അതിനെ പകരം വെച്ചത് കലാചരിത്ര- സൗന്ദര്യശാസ്ത്രപഠനവും സചിത്രപുസ്തകങ്ങളുമായിരുന്നു. അക്കാലത്തും ആർ.എൽ.വി കോളേജിൽ ബൃഹത്തായ പുസ്തകശേഖരമുണ്ടായിരുന്നു. പാശ്ചാത്യ-പൗരസ്ത്യ കലകളെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകങ്ങളിൽ നിന്ന് ചിത്രശില്പകലകളുടെയും അതിലെ പ്രതിനിധാനങ്ങളുടെയും വൈവിധ്യങ്ങളെ കാണാനും തിരിച്ചറിയാനും സാധിച്ചു എന്നതാണ് അക്കാലം നേടിത്തന്ന നീക്കിയിരിപ്പുകൾ.
ഗ്രീക്കോ- റോമൻ ശില്പങ്ങൾ, മൈക്കലാഞ്ജലോയുടെ 'ഡേവിഡ്’ (David 1501-1504), ബോട്ടിച്ചെല്ലിയുടെ ‘ദ ബർത്ത് ഓഫ് വീനസ്’ (The birth of Venus'), ടിഷ്യന്റെ ‘വീനസ് ഓഫ് ഉർബിനോ’ (Venus of Urbino-1538), പീറ്റർ പോൾ റൂബൻസിന്റെ ‘ദ ത്രീ ഗ്രേസസ്’ (The three graces-1636), ഫ്രാൻസിസ്കോ ഗോയയുടെ ‘ലാ മജ ഡെസ്നൂഡ’ (La Maja Desnuda (1797–1800), എഡ്വേർഡ് മാനേയുടെ ‘ഒളിമ്പിയ’ (Olympia 1863), പോൾ ഗോഗിന്റെ ‘ഡിലൈറ്റ്ഫുൾ ലാന്റ്’ (Delightful Land 1892), ഹെൻറി റൂസോയുടെ ‘ദ ഡ്രീം’ (The Dream 1910), മോഡിഗ്ലീയാനിയുടെ ‘ദ റെഡ് നൂഡ്’ (RED NUDE (1917), ഷെലെയുടെ ‘ടു വുമൺ’ (Two women)… അങ്ങനെ എണ്ണിയാൽ തീരാത്ത നിരവധി നഗ്നശരീര പ്രതിനിധാനങ്ങൾ കലാപഠനകാലത്തുതന്നെ സ്വാധീനിച്ചിട്ടുണ്ട്. അനാട്ടമി സ്റ്റഡിക്കപ്പുറം ശരീരത്തിന്റെ വൈകാരികതയെയും ചലനാവസ്ഥകളെയും ആവിഷ്കരിക്കുന്നതിലെ വൈവിധ്യങ്ങളെ നിരീക്ഷിക്കാൻ കലാപുസ്തകങ്ങൾ വഴിതെളിച്ചിട്ടുണ്ട്.
എന്നാൽ, പുറത്തെ ലോകം ഇതിൽനിന്ന് വേറിട്ടതായിരുന്നു. സമകാലികകലയെ വേണ്ട രീതിയിൽ മനസിലാക്കിയിട്ടില്ലാത്ത പൊതുസമൂഹം നഗ്നശരീരങ്ങളുടെ ചിത്രീകരണങ്ങളെയും പ്രതിനിധാനങ്ങളെയും ഒളിഞ്ഞുനോട്ടത്തിന്റെ മാനസികാവസ്ഥയോടെ നോക്കിക്കാണുന്നു. ഇത് കലാസൃഷ്ടിയെ കേവലം പോണോഗ്രാഫിക് പീസ് (pornographic piece) ആക്കി മാറ്റുന്നു. നഗ്നശരീരം = അശ്ലീലം എന്ന തരത്തിൽ ബോധതലത്തെ സെറ്റ് ചെയ്തിരിക്കുന്ന പൊതുസമൂഹത്തിന് ചിത്ര- ശില്പ കലയിലെ നൂഡിറ്റിയും ഒരു സാമൂഹിക കുറ്റകൃത്യമാകുന്നു.
ഗോഗിന്റെ വർക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മൂന്നാം വർഷ ബി.എഫ്.എ പഠന കാലത്ത് ചെയ്ത ഒരു നൂഡ്സ്റ്റഡി, കലാസൃഷ്ടികൾ കാണാനെത്തിയ സംഗീതവിഭാഗം പഠിതാക്കളെ പ്രകോപിതരാക്കിയതും അവർ വർക്ക് കാണൽ മതിയാക്കി ക്ലാസ്റൂമിൽ നിന്ന് ഇറങ്ങിപ്പോയതും ഓർക്കുന്നു.
ഏതാണ്ട് അതേ കാലത്താണ് കൊച്ചിയിലെ പ്രമുഖ ഗാലറിയിൽ നടന്ന പ്രദർശനത്തിൽ ഇടംനേടിയ കഥാസൃഷ്ടിയിലെ ഉദ്ധൃതലിംഗത്തോടു കൂടിയ പുരുഷശരീരം കണ്ട് അശ്ലീലത ആരോപിച്ച് കാണികൾ ബഹളം വെച്ചതും ഒടുവിൽ ആ കലാസൃഷ്ടി പ്രദർശനത്തിൽ നിന്ന് ഒഴിവാക്കിയതും. ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. രോഗാതുരമായ പൊതുമനസാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. കലാകാരർ കലാനിപുണരാകുന്നതോടൊപ്പം തന്നെ കാണിസമൂഹത്തെ ദൃശ്യസാക്ഷരരും കലാസാക്ഷരരും ആക്കേണ്ടതിന്റ അനിവാര്യതയിലേക്കാണ് ഇവ വെളിച്ചം വീശുന്നത്.
പ്രത്യുല്പാദനപ്രക്രിയയെ വിവരിക്കാൻ സാധിക്കാതെ വിക്കിവിക്കിനിൽക്കുന്ന ഒരു ബയോളജി ടീച്ചർ എല്ലാ കാലത്തുമുണ്ട്. മനുഷ്യ ശരീരപഠനത്തിന്റെയോ അനാട്ടമി പഠനത്തിന്റെയോ കൂടെ പാഠഭാഗത്ത് ഒരു നൂഡ് ചിത്രം കൊടുക്കാൻ പോലും സാധിക്കാതെ പോകുന്നു. ക്ലാസ് മുറികളിൽ ഊഷ്മളമായ ആൺ- പെൺ ചങ്ങാത്തങ്ങൾ ഇല്ലാതായിത്തുടങ്ങി. സദാചാരക്കണ്ണോടെയുള്ള അധ്യാപകനോട്ടങ്ങൾ എപ്പോൾ വേണമെങ്കിലും വാതിൽ കടന്നുവരാം. പൊതുസമൂഹത്തിന്റെ നേർപരിഛേദമായി വിദ്യാലയങ്ങളും കലാലയങ്ങളും മാറ്റപ്പെടുന്നു.
മുഖ്യധാരാ മാധ്യമങ്ങളും പോപ്പുലർ സിനിമകളും പരസ്യങ്ങളും സീരിയലുകളും സദാചാര പോലീസിങ്ങിന് വലിയ മൈലേജാണ് കൊടുക്കുന്നത്. ചരക്കുവത്കരിക്കപ്പെട്ട സ്ത്രീശരീരങ്ങൾ ഇവയിലെല്ലാം കാണാം. ആണത്ത ഘോഷങ്ങളുടെയും, സ്ത്രീശരീരങ്ങളെയും ലിംഗവൈജാത്യങ്ങളെയും അപരവത്കരിക്കുന്ന ഡയലോഗുകളുടെയും കുമിഞ്ഞുകൂടൽ പുതുതലമുറയെ എങ്ങനെയാണ് ബാധിക്കുക എന്ന എന്ത് പഠനമാണ് നമ്മൾ നടത്തിയിട്ടുള്ളത്?
ലൈംഗിക വിദ്യാഭ്യാസം എന്നത് സെക്സ് ചെയ്യാൻ പഠിപ്പിക്കലാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന സമൂഹത്തിലാണ് നമ്മൾ ഇപ്പോഴും ജീവിക്കുന്നത്. സ്ത്രീശരീരത്തിൽ അധികാരം നേടാൻ ലൈംഗികതയെ ഫലപ്രദമായി വിനിയോഗിക്കാം എന്ന ആൺകണ്ടെത്തലുകളുടെ പ്രചാരണമാണ് പോപ്പുലർ സിനിമകൾ ഏറ്റെടുത്തിരിക്കുന്നത്. ‘ഒരു റേപ്പങ്ങ് വെച്ചു തരും’ എന്ന നായകന്റെ ഡയലോഗിൽ ആർത്തുചിരിച്ച് അതിൽ ഹാസ്യം കണ്ടെത്താൻ ശ്രമിക്കുന്ന ആരാധകവൃന്ദം എന്ത് തരം മാനസികനിലവാരമാണ് പ്രതിഫലിപ്പിക്കുന്നത്. പീഡനം എന്നോ മാനഭംഗം എന്നോ ബലാത്സംഗം എന്നോ എന്ത് പേരിട്ടുവിളിച്ചാലും സ്ത്രീശരീരത്തെ വസ്തുവത്കരിക്കൽ വലിയ ക്രൈം തന്നെയാണെന്ന് വളർന്നുവരുന്ന തലമുറയെങ്കിലും പഠിക്കേണ്ടതല്ലേ.?
1954- ൽ പ്രശസ്ത ഇന്ത്യൻ കലാകാരൻ അക്ബർ പദംസി തന്റെ ചിത്രത്തിലെ നഗ്നതയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ‘ദ ലവേഴ്സ്’ എന്ന പെയ്ന്റിംഗിൽ ലൈഗിംകചേഷ്ട ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടതിലെ കോടതിവിധി ചരിത്രപരമായിരുന്നു.
▮
കലയിലെ നൂഡിറ്റിയെ എങ്ങനെ നോക്കിക്കാണണം എന്നത് എല്ലാക്കാലത്തും വിവാദവിഷയമായിരുന്നു. സിസ്റ്റൈൻ ചാപ്പലിന്റെ മച്ചിൽ മഹാനായ കലാകാരൻ മൈക്കലാഞ്ജലോ വരച്ച ചിത്രങ്ങളിലെ ശരീരങ്ങളിൽ സെൻസർഷിപ്പിന്റെ ഭാഗമായി 1564- ൽ തുണികൾ വരച്ചു ചേർത്ത് നഗ്നത മറയ്ക്കേണ്ട സ്ഥിതിയുണ്ടായി. 1865- ൽ എഡ്വേർഡ് മാനേയുടെ ‘ഒളിമ്പിയ’ ചിത്രം സലോണിൽ പ്രദർശിപ്പിച്ചപ്പോൾ ‘അധാർമികം’, ‘അശ്ലീലം’ തുടങ്ങിയ പ്രതികരണങ്ങളാണ് കാണികളിൽ നിന്ന് ലഭിച്ചത്. അതുവരെ കാഴ്ചക്കാർ കണ്ട ഒളിമ്പിയ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒളിമ്പിയയെ ഒരു വേശ്യയായി ചിത്രീകരിച്ചു എന്നതായിരുന്നു കാരണം. 1954- ൽ പ്രശസ്ത ഇന്ത്യൻ കലാകാരൻ അക്ബർ പദംസി തന്റെ ചിത്രത്തിലെ നഗ്നതയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ‘ദ ലവേഴ്സ്’ എന്ന പെയ്ന്റിംഗിൽ ലൈഗിംകചേഷ്ട ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടതിലെ കോടതിവിധി ചരിത്രപരമായിരുന്നു. കലാകാരർക്കും ഗാലറികൾക്കും കലാസൃഷ്ടിയിന്മേലുള്ള അവകാശം അനിഷേധ്യമാണ്, അതിനെ ചോദ്യം ചെയ്യാൻ പൊതുസമൂഹത്തിനാവില്ല. ഇന്ത്യൻ കലാലോകത്തിനും പൊതുസമൂഹത്തെ നിയന്ത്രിക്കുന്ന ഏകശിലാത്മക സദാചാര നിയമങ്ങൾക്കും ഇതൊരു ചരിത്രപരമായ സാംസ്കാരിക നിമിഷമായിരുന്നു.
എം.എഫ്. ഹുസൈന്റെ ‘ഭാരതമാത’ എന്ന ചിത്രം അതിലെ പ്രതിപാദ്യവിഷയം കൊണ്ടും, നഗ്നത കൊണ്ടും വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കി. വിചാരണ വേളയിൽ ജഡ്ജി ഇങ്ങനെ പ്രസ്താവിച്ചു: “ഇന്ന് നഗ്നത ഉപയോഗിക്കുന്ന ഏതൊരു കലാസൃഷ്ടിയെയും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നത് ദൗർഭാഗ്യകരമാണ്. ക്രിമിനൽ നീതിന്യായവ്യവസ്ഥയെ സർഗാത്മകകലാസൃഷ്ടികൾക്കെതിരെ ഉപയോഗിക്കരുത്’’.
ഇത്തരത്തിൽ നിരവധിയായ സംഭവങ്ങൾ കലാചരിത്രത്തിൽ അടയാളപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഏറ്റവും അവസാന കണ്ണിയാണ് അക്ബർ പദംസിയുടെയും എഫ്.എൻ. സൂസയുടെയും കലാസൃഷ്ടികളിലെ നഗ്നത ചൂണ്ടിക്കാട്ടി കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് കൈക്കൊണ്ട നിഷേധാത്മക നടപടികൾ. ‘‘എല്ലാ നഗ്നചിത്രങ്ങളും അശ്ലീലമായി വിലയിരുത്താനാവില്ല’’, ‘‘ലൈംഗികതയും അശ്ലീലതയും എല്ലായ്പ്പോഴും പര്യായങ്ങളല്ല’’ എന്ന് മുംബൈ ഹൈക്കോടതി വിധിന്യായത്തിൽ പ്രസ്താവിക്കുമ്പോൾ അത് കലാനിരക്ഷരരായ കപടസദാചാര സമൂഹത്തിന്റെ മണ്ടയിൽ കിട്ടുന്ന കിഴുക്കായി മാറുന്നു.