സെബാസ്റ്റ്യൻ സി. വർഗീസ്, ശാന്തൻ എൻ.വി, ലിയോൺ കെ.എൽ, സുധീഷ് കെ.,സനം നാരായണൻ.

ഉള്ളതിൽ കൂടുതൽ കാണൽ,
ഉണ്ടായിരിക്കുന്നതിന്റെ ശ്വാസത്തുടർച്ചകൾ

“യെറ്റ് ഹിയർ വീ ആർ, ഇൻ ദ മിഡിൽ ഓഫ് എ സ്റ്റാൻസ” എന്ന പേരിൽ കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന സംഘകലാപ്രദർശന​ത്തെക്കുറിച്ച് ക്യുറേറ്ററായ സുധീഷ് കോട്ടേമ്പ്രം എഴുതുന്നു. ലിയോൺ കെ.എൽ, സനം നാരായണൻ, ശാന്തൻ എൻ.വി, സെബാസ്റ്റ്യൻ സി. വർഗീസ്, സുധീഷ് കെ. എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്.

Exhibition Review:
Exhibition Title: Yet here we are, in the middle of a Stanza
Featuring Artists: Leon K.L, Sanam Narayanan, Santhan N.V, Sebastian C Varghese, K. Sudheesh.
Curated by: Sudheesh Kottembram.
Conducted by: Kerala Lalithakala Akademi (Part of Contemporary Group Art Exhibition Project).
Date of the Show: 2023 November 15 to 24
Venue: Durbar Hall Art Centre, Ernakulam, Kerala

ദൃശ്യങ്ങളുടെ പലതരം പെരുക്കത്തിലൂടെയാണ്‌ അനുദിനം നാം കടന്നുപോകുന്നത്. യാന്ത്രികമായോ നിർവികാരമായോ. ലോകം ചിത്രാത്മകമായി എന്ന ഡബ്ല്യു. ജെ.റ്റി മിഷേലിന്റെ ദൃശ്യവീക്ഷണം ശരിവെക്കുന്നതുപോലെ ആത്യന്തികസത്യം എന്ന നിലയിൽ ഇനിയൊരു ദൃശ്യവും നിലനിൽക്കുന്നില്ല എന്നും എല്ലാം കലക്കത്തിനുള്ളിലാണെന്ന് ഇക്കാണുന്ന ദൃശ്യപ്പെരുക്കങ്ങളുടെ വർത്തമാനം തെളിയിക്കുന്നു. ഇമേജുകളുടെ കലക്കത്തിനിടയിലിരുന്ന് കല ചെയ്തുകൊണ്ടിരിക്കുന്ന ഒരു ആർട്ടിസ്റ്റ് എന്തുതരം വെല്ലുവിളികളിലൂടെയാവും പോയിക്കൊണ്ടിരിക്കുന്നത്? അയാൾ തന്നെ ആവിഷ്‌കരിക്കാൻ ഏതൊക്കെ പുതിയ മാർഗങ്ങളാവും തേടിക്കൊണ്ടിരിക്കുന്നത്?

ലിയോൺ കെ.എൽ
ലിയോൺ കെ.എൽ
ലിയോൺ കെ.എൽ
ലിയോൺ കെ.എൽ

ലിയോൺ കെ.എൽ, സനം നാരായണൻ, ശാന്തൻ എൻ.വി, സെബാസ്റ്റ്യൻ സി വർഗീസ്, സുധീഷ് കെ. എന്നിവരുടെ സംഘകലാപ്രദർശനം “യെറ്റ് ഹിയർ വീ ആർ, ഇൻ ദ മിഡിൽ ഓഫ് എ സ്റ്റാൻസ” എന്ന പ്രദർശനം ക്യൂറേറ്റ് ചെയ്യാനിരിക്കുമ്പോൾ ഇത്തരം ചോദ്യങ്ങളാണ് ആലോചനയിൽ വന്നത്.

കഴിഞ്ഞ മുപ്പതിലധികം വർഷമായി കേരളത്തിലിരുന്ന് കല ചെയ്തുകൊണ്ടിരിക്കുന്ന ഈ ആർട്ടിസ്റ്റുകളുടെ സമീപകാലരചനകൾക്ക് മുന്നിലിരിക്കുമ്പോൾ നാം കടന്നുപോകുന്ന സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജീവിതത്തിന്റെ ഒരു സമാന്തരപാത തെളിഞ്ഞുവന്നേക്കാം. അത് കേവല രാഷ്ട്രീയത്തെയോ പ്രകടമായ സമരോൽസുക്തയുടെയോ കുപ്പായമണിയുന്നില്ല. പകരം, ഉണ്മയിൽ നിന്നുകൊണ്ടുതന്നെ ലോകത്തെ നോക്കുന്നു. ചെയ്തറിവിലൂടെ കൈവന്നുചേരുന്ന സൗന്ദര്യാനുഭൂതിയാണ് ഈ സമകാലിക പ്രദർശനത്തെ ഒന്നിപ്പിച്ച് നിർത്തുന്ന പ്രഥമഘടകം. കലാപ്രവർത്തനം എല്ലായ്‌പ്പോഴും ഒരു പുതിയ ഭാവുകത്വത്തിനുവേണ്ടിയുള്ള തീവ്രശ്രമങ്ങളാണെന്നും ഈ കലാകൃത്തുക്കൾ തങ്ങളുടെ പുതിയ രചനകളിലൂടെ തെളിയിക്കുന്നു.

സനം നാരായണൻ
സനം നാരായണൻ
സനം നാരായണൻ
സനം നാരായണൻ

നടുവിൽ നിൽക്കൽ ഒരു സുരക്ഷിതത്വമാണ്. ആരംഭത്തിന്റെയോ അവസാനത്തിന്റെയോ അങ്കലാപ്പില്ലാതെ, ഇവിടെ ഞങ്ങൾ ഒരു കവിതയുടെ, പാട്ടിന്റെ നടുക്കത്തെ വരിയിൽ ഇപ്പോഴും എന്ന് ഈ പ്രദർശനം പറയുന്നു. ആ പറച്ചിലിൽ അപ്രത്യക്ഷമായവയെക്കുറിച്ചുള്ള ഓർമയുണ്ട്, അപ്രത്യക്ഷമായ മനുഷ്യരെ, വൈകാരികതകളെ, ഇല്ലാതായ ദേശങ്ങളെ, സൗന്ദര്യസങ്കല്പങ്ങളെ- നാം തന്നെയും ഒരു തുടർച്ചയുടെ ഭാഗമാണെന്ന ഓർമ്മപ്പെടുത്തലും.

ശാന്തൻ
ശാന്തൻ

സെബാസ്റ്റ്യൻ വർഗീസിന്റെ ചിത്രങ്ങളിലെ ശ്വാസത്തുടർച്ച പോലെ ഈ കലാസംഘം അവരവരുടെ അനന്യതയിൽ നിന്നുകൊണ്ട് ഒരൊറ്റ നൂലിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. കലയുമായുള്ള തങ്ങളുടെ ആത്മസവേദനം അതിനെ ഇണക്കിനിർത്തുന്നു.
കോവിഡ് കാലം നിർമ്മിച്ച നിർബന്ധിത ഏകാന്തതയിൽനിന്ന്തുടങ്ങി വൈയക്തികമായ ഏകാന്തതയിലേക്കും ജീവിതത്തിലെ നിസ്സഹായതകളെയും പ്രമേയമാക്കിയ രേഖാപ്രധാനമായ ചിത്രങ്ങളുടെ സമാഹാരമാണ് സെബാസ്റ്റ്യൻ വർഗീസിന്റേത്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ നേരിയ വരകൾ ചോരഞരമ്പുകളുടെ പടർച്ചപോലെ ഒരു ചിത്രത്തിൽനിന്ന് മറ്റൊരു ചിത്രത്തിലേക്ക് വളരുന്നു.

സനം നാരായണന്റെ ചിത്രങ്ങൾ നമ്മെ ധ്യാനനിരതരാക്കിയേക്കാം. അത് ഉള്ളതിൽ കൂടുതൽ കാണാൻ പ്രേരിപ്പിക്കുന്നു. ഒറ്റക്കാഴ്ചയിൽ പ്രകൃതിചിത്രത്തിന്റെ പാറ്റേൺ ആണെന്ന് തോന്നുമെങ്കിലും അവ പ്രകൃതിയെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണങ്ങളുടെ ഉള്ളടക്കങ്ങളാണെന്ന് മനസ്സിലാക്കാം. ശൂന്യമായ വായു എന്ന് തോന്നിപ്പിക്കുന്നിടത്തും അനേകം കണങ്ങളുടെ സമന്വയം സനം വരയ്ക്കുന്നു. നിറങ്ങൾ വളരെ മിതമായി മാത്രം വിനിയോഗിക്കുന്നു. രേഖകളും ബിന്ദുക്കളും കൂടുതലായി ദൃശ്യത്തെ ദ്യോതിപ്പിക്കുന്നു.

സെബാസ്റ്റ്യൻ സി. വർഗീസ്
സെബാസ്റ്റ്യൻ സി. വർഗീസ്
സെബാസ്റ്റ്യൻ സി. വർഗീസ്
സെബാസ്റ്റ്യൻ സി. വർഗീസ്
സെബാസ്റ്റ്യൻ സി. വർഗീസ്
സെബാസ്റ്റ്യൻ സി. വർഗീസ്
സെബാസ്റ്റ്യൻ സി. വർഗീസ്
സെബാസ്റ്റ്യൻ സി. വർഗീസ്

കറുപ്പിലും വെളുപ്പിലുമുള്ള ശാന്തൻ എൻ.വി.യുടെ ചിത്രങ്ങളും യഥാതഥലോകത്തിന്റെ മിടിപ്പുകളെ മറ്റൊരുഭാഷയിൽ രേഖപ്പെടുത്താൻ ശ്രമിക്കുന്നു. “കൈ പോകുന്നിടത്തേക്കുള്ള പിന്തുടരലാണെനിക്ക് ചിത്രംവര” എന്ന് ശാന്തൻ പറയുന്നു. ശാന്തന്റെ ചിത്രങ്ങളിലെ ലോകത്തെക്കുറിച്ചുള്ള സന്ദേഹം ഉണ്മയെക്കുറിച്ചുതന്നെയുള്ള സന്ദേഹമായി അനുഭവപ്പെട്ടേക്കാം. ഇവിടെയെല്ലാം ആനുഭാവിക അറിവ് (Experiential knowledge)ഒരു കവിതയിലെ പിടിതരാത്ത അർത്ഥകല്പന പോലെ നമ്മെ ചൂഴുന്നു.

കെ. സുധീഷ് തന്റെ ചുറ്റുപാടുകളെ സൂക്ഷ്മതയോടെ നോക്കുന്നു. “ആദർശാത്മകലോകത്തിരുന്നാണ് നമ്മുടെ കല കുറേക്കാലമായി സംവദിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രഭാഷ ആലങ്കാരികവുമായി. ഞാനിപ്പോൾ നമ്മുടെ അടിയന്തിര യാഥാർത്ഥ്യത്തെ എങ്ങനെ വരയ്ക്കാം എന്നാണ് ആലോചിക്കുന്നത്'' എന്ന് കെ. സുധീഷ് സാക്ഷ്യപ്പെടുത്തുന്നത് വാസ്തവികലോകത്തെ പുതുതായി കാണേണ്ടതിന്റെ ആവശ്യകതയെ ഓർമിപ്പിച്ചുകൊണ്ടാണ്. യാഥാതഥ നേരങ്ങളെ അദ്ദേഹം ക്യാൻവാസിൽ പിടിച്ചുവെക്കുന്നു. അത് ഒരു നിമിഷത്തെ ആർക്കൈവ് ചെയ്യുന്ന ചിത്രകാരന്റെ അറിവുരൂപമായി മാറുന്നു.

കെ. സുധീഷ്
കെ. സുധീഷ്
കെ. സുധീഷ്
കെ. സുധീഷ്
കെ. സുധീഷ്
കെ. സുധീഷ്
കെ. സുധീഷ്
കെ. സുധീഷ്

കെ.എൽ. ലിയോൺ തന്റെ ഭക്ഷണാവിഷ്‌കാരങ്ങളിലൂടെ ആരായുന്നതും രുചി മുകുളങ്ങളിലൂടെ എത്തിച്ചേരുന്ന ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കുമാണ്. ഭക്ഷണം ഒരു ഭോജനവസ്തുവിന്റെ പ്രതിനിധാനം എന്ന നിലയിലും സാംസ്‌കാരികവസ്തു എന്ന നിലയിലും ലിയോണിന്റെ ചിത്രങ്ങളിൽ ഇടം പിടിക്കുന്നു. രുചിയുടെ ഐന്ദ്രിയാനുഭവമായും സ്വത്വബോധത്തിന്റെ രൂപപ്പെടലിലും ഭക്ഷണം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഈ തീറ്റപ്പണ്ടങ്ങൾ ഓർമ്മിപ്പിക്കുന്നു.

കല വലിയ മൂലധനനാട്യത്തിന്റെ പ്രകാശനം മാത്രമായി ചുരുങ്ങിപ്പോകുന്ന സന്ദർഭങ്ങളിൽ ''ഞങ്ങളിവിടെ, ഈ വരിയുടെ നടുക്കുണ്ടെന്ന്'' ഒരുകൂട്ടം കലയാളുകൾ സ്വയം അടയാളപ്പെടുത്തുമ്പോൾ, അത് കലാപ്രദർശനങ്ങളിലൂടെ കൈമാറിക്കിട്ടേണ്ട ഒരു ഹൃദയസംവേദനത്തെ തിരിച്ചുപിടിക്കുക കൂടിയാണ്. കാഴ്ചയിൽനിന്ന് അന്യംനിന്നുപോയിട്ടില്ലാത്ത സൗന്ദര്യശുശ്രൂഷകളും.


Summary: yet here we are, in the middle of a stanza Sudheesh Kottembram


സുധീഷ് കോട്ടേമ്പ്രം

ചിത്രകാരൻ, കവി. കലാവിമർശകൻ. ന്യൂഡൽഹി ജവഹർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിൽ കലാചരിത്ര ഗവേഷകൻ. ​​​​​​​ശരീരസമേതം മറൈൻഡ്രൈവിൽ, ചിലന്തിനൃത്തം (കവിത), നഷ്​ടദേശങ്ങളുടെ കല, ക്വാറൻറയിൻ നോട്ട്​സ്​: തടങ്കൽദിനങ്ങളിലെ കലാചിന്തകൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments