നഗ്നതയെ (nudity) സംബന്ധിക്കുന്ന ഏറ്റവും മനോഹരമായ നിരീക്ഷണങ്ങളിൽ ഒന്ന് ഓർഹാൻ പാമുക്ക് (ORHAN PAMUK) എഴുതിയ Other colours Essays and a Story- യിൽ, 15-ാം നൂറ്റാണ്ടിലെ ഒരു പേർഷ്യൻ മിനിയേച്ചർ പെയിന്റിങ്ങിനെ കുറിച്ചാണ്. പൗരസ്ത്യ ദേശങ്ങളിലെ ചിത്രകല അതിന്റെ സാംസ്കാരിക ഓർമയിൽ പ്രചരിച്ചിരുന്ന കഥകളുമായി ആത്മബന്ധം നിലനിർത്തുന്ന സർഗ്ഗാത്മക തുടർച്ചകളാണ്. ഇന്ത്യൻ മിനിയേച്ചർ പെയിന്റിംഗുകളിലൂടെ, പ്രത്യേകിച്ച് മുഗൾ മിനിയേച്ചർ പെയിന്റിംഗുകളിലൂടെ, സമകാലിക ഇന്ത്യൻ കലയിലെ പ്രമുഖ ചിത്രകാരനായ ഗുലാം മുഹമ്മദ് ഷേക്കിലൂടെ ഇതിന്റെ ധാര തുടരുന്നു.
പേഴ്സ്യൻ കവിയായ നിസാമി ഗൻജാവി (Nizami Gunjavi, 1141-1209) എഴുതിയ ഹുസ്രുവും (Husrev) ഷിറിനും (Shirin) എന്ന പ്രേമ ദുരന്തകാവ്യത്തിന്റെ, 15-ാം നൂറ്റാണ്ടിൽ പേഴ്സ്യയിൽ രചിക്കപ്പെട്ട ചിത്രങ്ങളെ കുറിച്ചുള്ള നിരീക്ഷണമാണ് ഓർഹാൻ പാമുക്ക് എഴുതുന്നത്.
സുഹൃത്തും ചിത്രകാരനുമായ ഷാംപൂരിലൂടെ, പരസ്പരം കാണാതെ പ്രേമബദ്ധരാകുന്ന ഹുസ്രുവും ഷെറിനും സംഗമിക്കുവാൻ നടത്തുന്ന യാത്രയിൽ തിരിച്ചറിയാതെ കണ്ടുമുട്ടുന്ന കാഴ്ചയാണ് പാമുക്ക് വിവരിക്കുന്ന ചിത്രം. പേഴ്സ്യൻ മിനിയേച്ചറിൽ, അവിചാരിതമായി നദിക്കരയിൽ കുളിക്കുന്ന ഷെറിനെ ആരെന്നറിയാതെ നോക്കിനിൽക്കുന്ന ഹുസ്രുവിന്റെയും ഷെറിന്റെയും ചിത്രീകരണമാണ് പതിവായി കാണുന്നത്. ഷിറിന്റെ നഗ്നത ചിത്രത്തിൽ ദൃശ്യമാണ്. എന്നാൽ പാമുക്ക് വിവരിക്കുന്ന ചിത്രത്തിൽ നദിയിൽ കുളിക്കുന്ന നഗ്നയായ ഷെറിൻ ആബ്സെന്റാണ്. മറഞ്ഞിരുന്ന് ഷിറിനെ നോക്കുന്ന ഹുസ്രുവിന്റെ ചിത്രത്തെ അപഗ്രഥിക്കുകയാണ് പാമുക്ക്.
എന്തുകൊണ്ടായിരിക്കും നഗ്നയായ ഷിറിൻ പെയിന്റിംങ്ങിൽനിന്ന് ഒഴിവാക്കപ്പെട്ടത്? നഗ്നത, ചിത്രീകരിക്കപ്പെട്ട ചിത്രത്തിനും അത് ബന്ധിപ്പിക്കുന്ന കഥയിലെ വിവരണത്തിന്റെ തുടർച്ചകൾക്കിടയിൽ സംഭവിക്കുന്ന അനുവാചകരുടെ (കാണിയുടെ) അനുഭവത്തിലും, ഇമാജിനേഷനിലുമാണ്. ദൈനംദിനജീവിതത്തിലെ സ്ത്രീ- പുരുഷ കണ്ടുമുട്ടലുകളിലുള്ള ഗൂഢമായ ആസ്വാദനത്തെയും, വ്യക്തികളുടെ (സ്ത്രീ/പുരുഷൻ) രതിആകർഷണ സങ്കല്പങ്ങളെയും അധികാരവ്യവസ്ഥകൾക്ക് നിയന്ത്രിക്കുവാൻ പറ്റുമോ?
നഗ്നത, അതിൽ ഉൾക്കൊള്ളുന്ന ആകർഷണീയത, അതിന്റെ ആവിഷ്കാരങ്ങൾ എല്ലാം സംഘർഷങ്ങളുടെ രാഷ്ട്രീയഇടങ്ങളുടെ വ്യവസ്ഥാപിതത്വത്തെ നിലനിർത്തുന്നുണ്ട്. മനുഷ്യ ആവിഷ്കാരങ്ങളുടെ സ്വാതന്ത്ര്യത്തെ വിമോചനമില്ലാത്ത കെണികളിലേക്ക് ഇന്നത്തെ മത- സാമൂഹിക- രാഷ്ട്രീയ അധികാരങ്ങൾ നയിച്ചുകൊണ്ടേയിരിക്കുന്നു.
ലൈംഗികത, നഗ്നത തുടങ്ങിയ വാക്കുകൾ വംശഹത്യയുടെയും യുദ്ധങ്ങളുടെയും സന്ദർഭങ്ങളിൽ മരണത്തിന്റെ മുഖംമൂടി കൂടി അണിയുന്നുണ്ട്.
ഓർഹാൻ പാമുക്ക് വിവരിക്കുന്ന ചിത്രത്തിലെ പ്രത്യേകത; ശരീരത്തിന്റെ കാഴ്ചയിലൂടെ ഉളവാകുന്ന ശരീരങ്ങളുടെ വൈകാരിക പ്രക്ഷുബ്ദ്ധതയെ, നഗ്നശരീരങ്ങളുടെ സാന്നിധ്യമില്ലാതെ ചിത്രകാരൻ പ്രകൃതിയിലേക്ക് പകർത്തിയിരിക്കുന്നു എന്നിടത്താണ്. ഹുസ്രുവിന്റെ മനോഗതത്തിലൂടെ പാമുക്ക് എഴുതുന്നു, അല്ലെങ്കിൽ ഹുസ്രുവിലേക്ക് പാമുക്കിന്റെ ഭാവന പരകായപ്രവേശനം നടത്തുന്നു:
“15-ാം നൂറ്റാണ്ടിൽ ഈ ചിത്രം ചെയ്യാൻ കമ്മീഷൻ ചെയ്തവർക്ക് ഞാൻ കാണുന്നത് ചിത്രീകരിക്കേണ്ട, ഞാൻ ചെടിയിൽ മറഞ്ഞിരുന്ന് നോക്കുന്നത് മാത്രം ചിത്രീകരിച്ചാൽ മതി. ആ ഒറ്റ കാരണം കൊണ്ട് ഈ പെയിന്റിംഗ് നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് എനിക്കുറപ്പുണ്ട്. നോക്കൂ, എത്ര മനോഹരമായാണ് ചിത്രകാരൻ എന്നെ വിവരിച്ചിരിക്കുന്നത്. വനത്തിൽ ഷെറിന്റെ നഗ്നതയിൽ സ്വയം നഷ്ടപ്പെട്ടിരിക്കുന്ന ഞാൻ, മരങ്ങൾ, ശിഖരങ്ങൾ, പുൽമേടുകൾ. ഞാൻ അവളുടെ നഗ്നശരീരം കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു കാറ്റ് എന്നെ തഴുകിപ്പോകുന്നു, ഇലകൾ തണുക്കുന്നു, ചില്ലകൾ ഓരോന്നായി ഉലയുന്നു. എന്നിലും പ്രകൃതിയിലും സംഭവിക്കുന്ന ആർദ്രമായ ചലനത്തെ ചിത്രകാരന്റെ ബ്രഷിന് എങ്ങനെ ആവിഷ്കരിക്കുവാൻ സാധിക്കുമെന്നതിൽ ഞാൻ വ്യാകുലനാണ്. വൃക്ഷശിഖരങ്ങൾ ഉലഞ്ഞ് ഉണരുന്നു, പൂക്കൾ ഉലർന്നുവീഴുന്നു, കാട് തിരമാലകളുടെ തിടം വെച്ച് മുഴുവൻ ലോകത്തെയും ഉണർത്തുന്നു. ഞങ്ങൾ പതിഞ്ഞ കാടിന്റെ ശബ്ദം ചെവിയോർക്കുന്നു. ഇപ്പോൾ ഞാൻ ലോകത്തിന്റെ വിലാപം കേൾക്കുന്നു. കലാകാരൻ ലോകത്തിന്റെ വിലാപം ഇതളിതളുകളായി പുനഃസൃഷ്ടിക്കുന്നു. ഇപ്പോൾ ഈ കാറ്റ്, തുടിക്കുന്ന വനത്തിന്റെ ഏകാന്തതയിൽ എന്നെ അടയ്ക്കുന്നു. കുറച്ചുകൂടി അടുത്ത് നോക്കുകയാണെങ്കിൽ, ഈ വികാരം എത്ര നൂറ്റാണ്ടുകളിലൂടെ പ്രകൃതിയിലും മനുഷ്യനിലും നിറയുന്ന പഴയ ഒരു വികാരമാണ്, വളരെ പഴയ ഒന്ന്.... പ്രപഞ്ചത്തിന്റെ ഈ നിദാനമായ വികാരത്തിനുള്ളിൽ ഞാൻ ഈ വനത്തിൽ ഏകാന്തനാകുന്നു.” (പ്രപഞ്ചത്തോളം പ്രായമുള്ള ഈ വികാരത്തിന്റെ വനത്തിൽ ഞാൻ ഏകാന്തതയെ അറിയുന്നു).
▮
ഫ്രാൻസിസ് ഗോയ (1746-1828) Disasters of wars എന്ന Etching സീരീസ് 1810- 1820- കളിൽ 80 പ്ലേറ്റു കളിലായാണ് പൂർത്തിയാക്കുന്നത്. നെപ്പോളിയൻ ബോണോപ്പാർട്ടിന്റെ സ്പെയിനിനെ ആക്രമിച്ച് കീഴടക്കൽ (1808), പെനിൻസുലാ യുദ്ധങ്ങൾ, മാഡ്രിഡ് പട്ടണത്തെ കീഴടക്കിയ ഫാമിനും പട്ടിണി മരണങ്ങളും എന്നിവയാണ് അദ്ദേഹത്തെ വിചാരണയിലേക്ക് നയിച്ച എച്ചിംഗ് സീരീസുകളുടെ ഉറവിടം.
എച്ചിംഗ് പ്ലേറ്റുകൾ നശിപ്പിച്ചുകൊള്ളാം എന്ന ഏറ്റു പറച്ചിലിലാണ് അദ്ദേഹം തൂക്കുകയറിൽ നിന്ന് രക്ഷപ്പെടുന്നത്. എച്ചിംഗ് സീരീസിലെ ആദ്യ ഏഴ് എഡിഷനുകൾ അദ്ദേഹത്തിന്റെ മരണശേഷം 35 വർഷം കഴിഞ്ഞാണ് വെളിച്ചം കാണുന്നത്. ലൈംഗികാക്രമണങ്ങളാൽ കീഴടക്കപ്പെട്ട ജനതയ്ക്കുനേരെ നടത്തുന്ന അധികാരത്തിന്റെ പണിയാണ്. നമ്മുടെ ദേശചരിത്രത്തിന്റെ സമകാലീനതയിൽ ഇത് പല സ്ഥലങ്ങളിലായി തുറന്ന മുറിവുകളായി നിൽക്കുന്നു.
ഗോയയുടെ എച്ചിംഗുകളെ പരാമർശിക്കാൻ കാരണം ലൈംഗികത, നഗ്നത തുടങ്ങിയ വാക്കുകൾ വംശഹത്യയുടെയും യുദ്ധങ്ങളുടെയും സന്ദർഭങ്ങളിൽ മരണത്തിന്റെ മുഖംമൂടി കൂടി അണിയുന്നുണ്ട് എന്ന് ഓർമിക്കാനാണ്.
▮
കലയും ലൈംഗികതയും ഒന്നുതന്നെയാണെന്ന് പിക്കാസോ പറയുന്നുണ്ട്. പരിശുദ്ധമായ കല എന്നൊന്നില്ല എന്നുകൂടി മറ്റൊരു അവസരത്തിൽ ഉറപ്പിക്കുന്നുമുണ്ട്. എഴുത്തുകാരനും അവാങ് ഗാർഡ് കലാകാരനുമായ ഴാൻ ജാക്വിസ് ലിബൽ 1960- കളിൽ പിക്കാസൊയെ ഒരു പ്രോജക്ടുമായി സമീപിക്കുന്നുണ്ട്.
ഭ്രാന്താത്മകമായ വിഗ്രഹഭഞ്ജനസ്വഭാവമുള്ള Desire caught by the Tail എന്ന, പിക്കാസോ 1941-ൽ രചിച്ച നാടകം അവതരിപ്പിക്കുവാനുള്ള ശ്രമമായിരുന്നു. 1966-ൽ പ്രോജക്ടിനുവേണ്ടി കാണുന്ന സന്ദർഭത്തിൽ നൂറുകണക്കിന് ഇറോട്ടിക് ഡ്രോയിങ്ങുകളും പെയിന്റിംഗുകളും ലിബലിനെ കാണിച്ചു കൊടുക്കുന്നുണ്ട്. 330-ലേറെ ഇറോട്ടിക് വർക്കുകൾ പിക്കാസോ അന്നുവരെ പ്രദർശിപ്പിച്ചിരുന്നില്ല. 40 വർഷങ്ങൾക്കുശേഷമാണ് ഈ വർക്കുകൾ ആദ്യം പാരീസിലെ ഴൂ ദേ പേമിലും പിന്നീട് ബാഴ്സലോണയിലും മോൻറിയലിലും പ്രദർശിപ്പിക്കുന്നത്. ചരിത്രത്തിന്റെ പ്രത്യേക ഘട്ടങ്ങളിൽ കലാകാരർ സ്വയം എഡിറ്റിങ്ങിന് വിധേയമായി ചിത്രം പ്രദർശിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.
കലാസാന്നിധ്യമുള്ള എല്ലാ സൃഷ്ടികളും കൗണ്ടർ ഭാഷയെ വഹിക്കുന്നുണ്ട്. ഈ കൗണ്ടർ ലാംഗ്വേജിന്റെ അസാന്നിധ്യമാണ് ഇന്ത്യൻ സമകാലീന കലയിൽ പൊളിറ്റിക്കൽ ആർട്ടിന്റെ എളുപ്പവഴി നിർമ്മാണത്തിലൂടെ സാന്നിധ്യമാകുന്നത്.
ലൈംഗികത നിരന്തരം വിഷയമാക്കിയിരുന്ന പിക്കാസോ മേൽപ്പറഞ്ഞ ചിത്രങ്ങൾ എന്തുകൊണ്ടാണ് ഇത്രയും ദീർഘ സമയം രഹസ്യമാക്കിവെച്ചത്? പ്രധാനപ്പെട്ട ഒരു ഇന്റർവ്യൂവിൽ ലെബെൽ പറയുന്നത്, ഐഡിയോളജിക്കലും കൊമേഴ്സ്യലും ആയ കാരണങ്ങൾ ഇതിനു പിന്നിലുണ്ടെന്നാണ്. സ്റ്റാലിനിസ്റ്റ് കാലത്ത് പിക്കാസോ കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. കൊറിയയിൽ സംഭവിച്ച മനുഷ്യ ഹത്യയെ ശക്തമായി വിമർശിക്കുന്ന ചിത്രങ്ങൾ അദ്ദേഹം വരക്കുകയും പരസ്യമായി അമേരിക്ക നടത്തിയ ആക്രമണങ്ങളെ തള്ളിപ്പറയുകയും ചെയ്തിരുന്നു. ഈ കാലത്തുതന്നെ പിക്കാസോയുടെ വർക്കുകളിലെ ഇറോട്ടിക് വിഷയമായ വർക്കുകൾ പ്രദർശിപ്പിച്ചാൽ താൻ സഹകരിച്ചു പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐഡിയോളജിയുമായി സംഘർഷത്തിലേർപ്പെടേണ്ടിവരുമെന്ന് പിക്കാസോ മനസ്സിലാക്കിയിരുന്നു. സോഷ്യലിസ്റ്റ് റിയലിസത്തിന്റെ സൗന്ദര്യാത്മക യാഥാസ്ഥികതയെ (Aesthetic orthodoxy) സംരക്ഷിക്കുന്ന പാർട്ടി, ലൈംഗികാനന്ദത്തെ (Sexual pleasure) കാലഹരണപ്പെട്ട ആവിഷ്കാരമായി വിമർശിക്കുമെന്ന് പിക്കാസോ കരുതിയിരുന്നു.
മറ്റൊരു കാരണം, അദ്ദേഹത്തിന്റെ ഡീലേഴ്സിന്റെ ഇടപെടലായിരുന്നു. പിക്കാസോയുടെ ചിത്രങ്ങൾ വാങ്ങുന്ന അമേരിക്കൻ കളക്ടേഴ്സ്, ഇറോട്ടിക് വർക്കുകൾ അവരുടെ ധാർമിക മതബോധത്തെ പരിക്കേൽപ്പിക്കുമെന്ന് ഉപദേശിച്ചിരുന്നു.
▮
എല്ലാ കവിതകളും കൗണ്ടർ ലാംഗ്വേജുകളാണ്. ആർട്ട് ഹിസ്റ്റോറിയനായ ആർ. നന്ദകുമാർ മാഷുമായി രണ്ടുദിവസം മുൻപത്തെ ഫോൺ സംഭാഷണത്തിൽ, അദ്ദേഹം തന്റെ നോട്ട് ബുക്കിൽ കുറിച്ച വരികൾ സൂചിപ്പിച്ചിരുന്നു. അങ്ങനെയെങ്കിൽ കലാസാന്നിധ്യമുള്ള എല്ലാ സൃഷ്ടികളും കൗണ്ടർ ഭാഷയെ (എതിർ ഭാഷയെ) വഹിക്കുന്നുണ്ട്. ഈ കൗണ്ടർ ലാംഗ്വേജിന്റെ അസാന്നിധ്യമാണ് ഇന്ത്യൻ സമകാലീന കലയിൽ പൊളിറ്റിക്കൽ ആർട്ടിന്റെ എളുപ്പവഴി നിർമ്മാണത്തിലൂടെ സാന്നിധ്യമാകുന്നത്.
ലൈംഗികാവിഷ്കാരത്തിന്റെ പ്രതിദൃശ്യഭാഷ ഒരുപക്ഷേ ആദ്യമായി ഇന്ത്യൻ ചിത്രകലയിൽ സ്വതന്ത്ര ആവിഷ്കാരമായി വരുന്നത് ഭൂപൻഖാക്കറുടെ ചിത്രങ്ങളിലൂടെയാണ്. പതിവായി ചിത്രീകരിക്കപ്പെടുന്ന നഗ്ന സ്ത്രീ- പുരുഷ ശരീരങ്ങൾ, ബന്ധങ്ങൾ, അതിന്റെ ആവിഷ്കാരങ്ങൾ എന്നിവ ഹിന്ദുത്വ ദേശീയ സംഘടനകളുടെ ആക്രമണങ്ങൾക്കുമപ്പുറത്ത്, സങ്കീർണവും പലതരത്തിലുള്ളതുമായ ജീവിതത്തിന്റെ ഇരുണ്ട ഇടങ്ങളിലെ ശരീരങ്ങളിലും ലൈംഗിക നിസ്സഹായതകളിലും തളയ്ക്കപ്പെട്ട ലൈംഗികാവിഷ്കാരങ്ങളായി കാണുന്നത് ഭൂപന്റെ ചിത്രങ്ങളിലൂടെയാണ്.
‘യയാതി’ മുതൽ ‘രാമാ ഹഗ്ഗിംഗ് ഹനുമാൻ’ പോലുള്ള ചിത്രങ്ങൾ യാഥാസ്ഥിതികമായ ലൈംഗിക സങ്കല്പങ്ങളെ അസ്ഥിരപ്പെടുത്തുന്നവയാണ്. 2007- ൽ എം.എസ് യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥി ചന്ദ്രമോഹൻ സംഘപരിവാർ പ്രവർത്തകരാൽ ആക്രമിക്കപ്പെടുന്നത് ദൈവങ്ങളെ നഗ്നരാക്കി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ്. ഇന്ത്യൻ ശില്പകലയുടെ ചരിത്രത്തെ കുറിച്ചുള്ള അജ്ഞത മാത്രമല്ല, സ്വാതന്ത്ര്യാവിഷ്കാരങ്ങളുടെ നേർക്കുള്ള ഭീഷണിയും അതിലടങ്ങിയിട്ടുണ്ട്. ഭൂപന്റെ ചിത്രങ്ങളിലെ ലൈംഗിക വിസ്ഫോടനങ്ങളെ അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നതല്ല. ഒരർത്ഥത്തിൽ മനുഷ്യജീവിതത്തിന്റെ പല അടരുകളിലെ ആഴങ്ങളെ ആവിഷ്കരിക്കുന്നതിനുള്ള തടസ്സങ്ങൾ ഉയർത്തി, സംസ്കാരത്തെ സ്തംഭനാവസ്ഥയിൽ നിലനിർത്തുന്ന ശ്രമങ്ങളാണ് നടക്കുന്നത്.
ഇന്ത്യൻ സമകാലിക കലയുടെ ചരിത്രത്തിൽ നഗ്നതാ ചിത്രീകരണത്തിന്റെ പേരിൽ ദീർഘകാലം വേട്ടയാടപ്പെട്ട ചിത്രകാരന്മാരിൽ പ്രധാനി എം.എഫ്. ഹുസൈനാണ്. സ്വന്തം നാട് വിടേണ്ടിവരികയും യു.കെയിൽ ബ്രോക്ക് വുഡ് സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യേണ്ടിവന്നത് നിരന്തരമായി അപരശത്രുവിനെ നിർമ്മിക്കുന്ന ഫാഷിസ്റ്റ് രീതികളാണ്.
▮
എന്റെ ചിത്രങ്ങളിൽ പ്രധാന ഇമേജുകളിൽ നിന്ന് അകലെ ഇടങ്ങളിൽ ലൈംഗികമായ രഹസ്യ കാഴ്ചകൾ വരച്ചിട്ടുണ്ട്. അത് പലപ്പോഴും നിരസിക്കപ്പെട്ടതും അപമാനിക്കപ്പെട്ടതുമായ ആൺ ശരീരങ്ങൾ മർദ്ദനത്തിന്റെയും ഹിംസയുടെയും മുറിവടയാളമുള്ള സ്ത്രീശരീരങ്ങൾക്കൊപ്പം പലപ്പോഴും കാണുന്നു. ആഘോഷരഹിതമായ ലൈംഗിക സംഘർഷങ്ങളുടെ ദൃശ്യപ്രതിഭാഷ സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളാണ് ഞാൻ ചെയ്യുന്നത്. സ്ത്രീ- പുരുഷ ലൈംഗികതയുടെ വളരെ ആദർശാത്മക ചിത്രീകരണങ്ങൾ മനുഷ്യബന്ധങ്ങളിൽ ഒളിച്ചുവെച്ച സങ്കീർണതകളെ നേർപ്പിച്ചില്ലാതാക്കുന്നുണ്ട്. മുഖ്യധാരാ രാഷ്ട്രീയവും സിനിമകളും ഉത്പാദിപ്പിക്കുന്ന പുരുഷനായക സങ്കല്പങ്ങളും വിജയവും എന്ന പൊതു സമ്പ്രദായത്തിനപ്പുറത്ത് ജീവിതം, പൊതു സംസ്കാരത്തിന്റെ പരിശുദ്ധതകൾക്കപ്പുറത്ത് കാഴ്ചപ്പെടാതെ തുടരുന്നുണ്ട്.
കെ.പി. കൃഷ്ണകുമാറിന്റെ ശില്പങ്ങളിലെ നഗ്നപുരുഷനിലേക്കുള്ള ലോകത്തിന്റെ, മലയാളിയുടെ നോട്ടം എന്ത് അർത്ഥങ്ങളാണ് പകരുന്നത്? അതുയർത്തുന്ന ശാരീരിക ടെൻഷനുകളുടെ ഘടന എന്താണ്?.
സാലോ, ഓർ ദി 120 ഡെയ്സ് ഓഫ് സോദോം (Salò, or the 120 Days of Sodom, Pier Paolo Pasolini, 1975), നൈഫ് ഇൻ ദ വാട്ടർ (Knief in the water, Roman Polanski-1962), ബ്രെത്‍ലസ് (Breathless, ean-Luc Godard-1960), ദ ഫാന്റം ഓഫ് ലിബർട്ടി (The phantom of liberty, Luis Buñuel-1974), കെ. ജി. ജോർജിന്റെ ഇരകൾ, ആദാമിന്റെ വാരിയെല്ല്, വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദങ്ങൾ, ന്യൂട്ട് ഹാംസന്റെ വിശപ്പ്, മാധവിക്കുട്ടിയുടെ ചന്ദനമരങ്ങൾ, പട്ടത്തുവിള കരുണാകരന്റെ ബൂർഷ്വാ സ്നേഹിതൻ, സി. അയ്യപ്പന്റെ കഥകൾ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളിലെ അശരണ യുവത്വം തുടങ്ങി സിനിമയിലും കഥകളിലും നോവലുകളിലും കവിതകളിലും മറ്റും പ്രതിദൃശ്യഭാഷ സംസ്കാരങ്ങളുടെ ലോകങ്ങൾ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്.
▮
ലൈംഗികതയുടെ സമകാലിക ജീവിതാഘോഷം പോലെ തന്നെ ലൈംഗിക നിരാസങ്ങളും വ്യക്തികളുടെ മത- ജാതി- സാംസ്കാരിക സ്വത്വത്തിന്റെ അളവുതൂക്കങ്ങളിൽ സംഭവിക്കുന്നുണ്ട്. വ്യക്തികളെയും സംഘടനകളെയും അപകീർത്തിപ്പെടുത്താൻ ടെക്നോളജിയുടെ സഹായത്തോടെ സ്വീകരിക്കുന്ന മാർഗം, ശരീരങ്ങളുടെ ഏറ്റവും മനോഹരമായ ആവിഷ്കാരങ്ങളിൽ ഒന്നായ ലൈംഗികതയാണ്. ആദർശാത്മക ലൈംഗികതയുടെ സ്വാതന്ത്ര്യ ആവിഷ്കാരങ്ങൾ തന്നെയായിരുന്നു ഇന്ത്യൻ ആധുനിക കലയിലെ പ്രോഗ്രസീവ് ആർട്ട് മൂവ്മെന്റ്. അത് യൂറോപ്യൻ ഹൈമോഡോണിസത്തിന്റെ ഇന്ത്യൻ തുടർച്ചകളായിരുന്നു.
മനസ്സിന്റെ സ്വകാര്യ യാത്രകൾ, ഭാവനയിലൂടെ സർഗാത്മകചിന്തയിൽ ആവിഷ്കൃതമാകുന്ന അതിന്റെ സഞ്ചാരങ്ങൾ, എപ്പോഴും വ്യവസ്ഥാപിത മതവിശ്വാസങ്ങളാലും, രാഷ്ട്രീയ അധികാരങ്ങളാലും അടിച്ചമർത്തലുകൾ നേരിട്ടുണ്ട്. കെ.പി. കൃഷ്ണകുമാറിന്റെ ശില്പങ്ങളിലെ നഗ്നപുരുഷനിലേക്കുള്ള ലോകത്തിന്റെ, മലയാളിയുടെ നോട്ടം എന്ത് അർത്ഥങ്ങളാണ് പകരുന്നത്? അതുയർത്തുന്ന ശാരീരിക ടെൻഷനുകളുടെ ഘടന എന്താണ്?
പരിശുദ്ധ രക്തത്തിന്റെയും പരിശുദ്ധ ശരീരത്തിന്റെയും റീപ്രൊഡക്ഷനുകളെ സൃഷ്ടിക്കുന്ന പണിയിലാണ് നവ ഫാഷിസം. ഏക മനുഷ്യരെയും ഏക സംസ്കാരത്തെയും മാത്രം അത് വിഭാവന ചെയ്യുന്നു. സമൂഹത്തിൽ വിഭജനങ്ങൾ സൃഷ്ടിച്ച് മനുഷ്യരുടെ ജീവിത ശരീര കലർപ്പുകളെ ഇല്ലാതാക്കുവാൻ സാംസ്കാരിക അധികാരത്തിലൂടെ അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിവാഹം ലൈംഗികബന്ധത്തിനുള്ള സർട്ടിഫിക്കറ്റായി പത്രപരസ്യം വരുന്ന ആധുനിക സമൂഹത്തിന്റെ ജാതീയ ഡിമാന്റും അതിലെ റിജക്ഷനും ശ്രദ്ധിച്ചാൽ, ‘ജാതിയാൽ നിയന്ത്രിക്കപ്പെടുന്നില്ല നമ്മുടെ സമൂഹം’ എന്ന വാദം പൊളിയും. അധികാരത്തിലേക്കുള്ള ചവിട്ടുപടികളായി മനുഷ്യ ജീവിത ശരീരങ്ങളെ കാണുന്ന എല്ലാ ആധുനിക വിമോചന മാർഗങ്ങളുടെയും, ധാർമികവും, ആത്മീയവുമായ, പതനങ്ങളെ കൂടി അടയാളപ്പെടുത്തുന്നു.
▮
പ്രേമിക്കൽ സമരമാണ്
രണ്ടുപേർ പ്രേമിക്കുമ്പോൾ ലോകം മാറുന്നു,
ആഗ്രഹങ്ങൾക്ക് ദിശ വെയ്ക്കുന്നു,
അപ്പവും വീഞ്ഞും വെള്ളവും
അതിന്റെ രുചികൾ വീണ്ടെടുക്കുന്നു,
അടിമകൾക്ക് ചിറകു മുളയ്ക്കുന്നു,
പ്രേമിക്കൽ സമരമാണ്.
-Pablo Neruda, Sun Stone.