truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 05 July 2022

truecoppy
Truecopy Logo
Readers are Thinkers

Tuesday, 05 July 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
cpim

Politics

ബംഗാളിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യം / ഫോട്ടോ : വി.എസ്.സനോജ്

സി.പി.എമ്മിനോട്​ അശോക്​ മിത്ര പറഞ്ഞു;
‘നിങ്ങളെങ്ങനെയായിരുന്നോ,
അങ്ങനെയല്ല നിങ്ങളിപ്പോള്‍’

സി.പി.എമ്മിനോട്​ അശോക്​ മിത്ര പറഞ്ഞു; ‘നിങ്ങളെങ്ങനെയായിരുന്നോ, അങ്ങനെയല്ല നിങ്ങളിപ്പോള്‍’

പശ്​ചിബംഗാളിലെ നന്ദി ഗ്രാമിൽ 2007-ൽ കൃഷിഭൂമി ഏറ്റെടുക്കലിനെതിരായി നടന്ന പ്ര​ക്ഷോഭത്തിന്റെയും പൊലീസ്​ വെടിവെപ്പിന്റെയും പശ്​ചാത്തലത്തിൽ മാര്‍ക്സിസ്റ്റ് ചിന്തകനും പശ്ചിമ ബംഗാളിലെ ആദ്യ ഇടതുമുന്നണി സര്‍ക്കാരിലെ (1977) ധനകാര്യ മന്ത്രിയുമായിരുന്ന അശോക് മിത്ര 2007 നവംബര്‍ 20-ന്​, മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ- സൈദ്ധാന്തിക പ്രസിദ്ധീകരണമായ മന്ത്​ലി റിവ്യൂവിൽ എഴുതിയ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു. നന്ദിഗ്രാം സമരത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എമ്മിന്റെ നയപരിപാടികളില്‍ വലിയ മാറ്റമുണ്ടാകേണ്ടതുണ്ട് എന്ന്​ പാര്‍ട്ടി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുന്ന ഈ ലേഖനം, കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരിലുയരുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ സംവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായ രാഷ്ട്രീയവായനയിലേക്ക്​ നയിക്കുന്നു.

6 Apr 2022, 11:41 AM

അശോക് മിത്ര

നന്ദിഗ്രാം പ്രശ്നത്തില്‍ പശ്ചിമ ബംഗാളില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഉണ്ടാകുന്ന സംഭവങ്ങളില്‍ ഞാന്‍ നിശബ്ദത പാലിച്ചാല്‍ മരണം വരെയും ഞാനെന്റെ മനഃസാക്ഷിയുടെ മുന്നില്‍ കുറ്റക്കാരനായിരിക്കും.  വേദനകൊണ്ടും ഒരാള്‍ പറിഞ്ഞുപോകാം. ആര്‍ക്കെതിരെയാണോ ഞാന്‍ സംസാരിക്കുന്നത് ഏറെക്കാലം അവരെന്റെ സഹപ്രവര്‍ത്തകരായിരുന്നു. അവര്‍ നേതൃത്വം അലങ്കരിക്കുന്ന പാര്‍ട്ടി കഴിഞ്ഞ അറുപതു കൊല്ലക്കാലമായി എന്റെ സ്വപനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായിരുന്നു.

ഗവര്‍ണറില്‍ നിന്ന്​ തുടങ്ങാം. ആനന്ദ പ്രസാദ് ശര്‍മയെയും രാജേശ്വറിനെയുമൊക്കെ ഓര്‍ക്കുന്നവര്‍ നിസംശയം അംഗീകരിക്കുന്ന കാര്യമാണ് ഗോപാല്‍കൃഷ്ണ ഗാന്ധിയെപ്പോലെ മര്യാദക്കാരനും മാന്യനും സഹാനുഭൂതിയുള്ളയാളും പണ്ഡിതനുമായ ഒരാളെ ഗവര്‍ണറായി ലഭിച്ചത് ഈ സംസ്ഥാനത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭാഗ്യമാണെന്നത്. ഭരണകക്ഷിയുടെ കേന്ദ്ര നേതൃത്വം കാണിച്ച താത്പര്യം കൊണ്ടുകൂടിയാണ് അദ്ദേഹം ഈ പദവി സ്വീകരിച്ചത് എന്നുകൂടി എനിക്ക് കൂട്ടിച്ചേര്‍ക്കാനുണ്ട്. അദ്ദേഹത്തെ ഒരു ശത്രുവായി പ്രഖ്യാപിക്കാന്‍ ഭരണകക്ഷിയെ പ്രേരിപ്പിക്കുന്ന വിധത്തില്‍ എന്ത് ഗുരുതരമായ തെറ്റാണ് അദ്ദേഹം ചെയ്തത്? നന്ദിഗ്രാമില്‍ നിന്ന്​പലായനം ചെയ്യാനും ഖേജൂരിയില്‍ അഭയം തേടാനും നിര്‍ബന്ധിതരായവരുടെ മടങ്ങിവരവിനെ നിയമവിരുദ്ധമെന്നും മാപ്പര്‍ഹിക്കാത്തതെന്നും അദ്ദേഹം വിശേഷിപ്പിച്ചു എന്നാണ് സത്യം വളച്ചൊടിച്ചുകൊണ്ട് പ്രചരിപ്പിക്കുന്നത്. അദ്ദേഹമങ്ങനെ ചെയ്തിട്ടില്ല. അവരെ തിരിച്ചുകൊണ്ടുവന്ന രീതിയെ അര്‍ഥശങ്കക്കിടയില്ലാത്ത വിധത്തില്‍ അദ്ദേഹം അപലപിച്ചു. ഈ മടങ്ങിവരവിന് പിന്നില്‍ നടന്ന ഉപജാപങ്ങളെന്താണെന്ന് ഇന്നിപ്പോള്‍ ലോകത്തിനറിയാം.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

ദുരിതക്കയത്തിലായ ഈ മനുഷ്യരെ അവരുടെ സ്വന്തം വീടുകളില്‍ രാഷ്ട്രീയ മധ്യസ്ഥ ചര്‍ച്ചകളിലൂടെയും ഭരണസംവിധാനങ്ങള്‍ വഴിയും പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞ ഏഴുമാസമായി സര്‍ക്കാരിന് ധാരാളം അവസരങ്ങളുണ്ടായിരുന്നു. ഏകപക്ഷീയമായ ഭീഷണികളും പൊലീസ് നടപടികളും ലക്കും ലഗാനുമില്ലാതെ വെടിവെപ്പും വഴി നടത്തിയ ശ്രമങ്ങള്‍ ദുരന്തം നിറഞ്ഞ അന്ത്യത്തിലേക്കാണ് കാര്യങ്ങളെയെത്തിച്ചത്. പക്ഷെ ഇനിയും നിരവധി പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ബാക്കിയാണ്. തനി മഠയത്തരമായിരുന്ന ആ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാരിന് ഉടനടി പ്രഖ്യാപിക്കാമായിരുന്നു. ആ കുറ്റകൃത്യത്തില്‍ പങ്കുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് വാഗ്ദാനം നല്കാമായിരുന്നു. ദിവസങ്ങള്‍ കടന്നുപോയിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. വിജയ് ടെണ്ടുല്‍ക്കറുടെ "നിശബദത പാലിക്കുക, കോടതി നടക്കുകയാണ്' എന്ന നാടകത്തിന്റെ പേരുപോലെയാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തെയും സംസ്ഥാനത്തെയും ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് മമതാ ബാനര്‍ജിയെ വിളിച്ചിരുത്തി പ്രമേയത്തിനുവേണ്ട ഉപാധികള്‍ അവരുമായി ചര്‍ച്ച ചെയ്യാമായിരുന്നു. സര്‍ക്കാരിനെ അതിനെക്കുറിച്ച് അറിയിച്ചിട്ടുണ്ടായിരുന്നു. അവരതുമായി മുന്നോട്ടുപോയില്ല

cpim
സി.പി.ഐ.എം ബംഗാള്‍ സംസ്ഥാന സമ്മേളനത്തിനിടെ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും / Photo : CPIM West Bengal, fb page

ഫോര്‍വേഡ് ബ്ലോക്കിന്റെ മുതിര്‍ന്ന നേതാവ് അശോക് ഘോഷിന്റെ നേതൃത്വത്തില്‍ ഒരു സര്‍വ-കക്ഷി സമ്മേളനം വിളിച്ചു. ഭരണകക്ഷിയുടെ പരോക്ഷ സമ്മര്‍ദത്താല്‍ അതും തടയപ്പെട്ടു. അതിനിടയില്‍ അനിവാര്യമായ തരത്തില്‍, പ്രതിപക്ഷ കക്ഷികള്‍ നന്ദിഗ്രാമിലെ ആകെ അസ്ഥിരമായ സാഹചര്യങ്ങളെ തങ്ങളുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങി. വിവിധ തരക്കാരായ നാനാവിധ സംഘടനകള്‍ സംഘര്‍ഷത്തിന്റെ ജ്വാല ആളിക്കത്തിച്ചുകൊണ്ടിരുന്നു. ഇതിനെക്കുറിച്ച് ഭരണകക്ഷി പുറപ്പെടുവിക്കുന്ന അസംതൃപ്ത ഞെരുക്കങ്ങള്‍ക്ക് എന്തായാലും ഒരു യുക്തിയുമില്ല. പതിനൊന്നു മാസം ഭവനരഹിതരായി കഴിഞ്ഞവരുടെ പറയാനാവാത്തത്ര കഷ്ടപ്പാടുകളുടെ ഉത്തരവാദിത്തം സര്‍ക്കാരിന്റെ ചുമലുകളില്‍ മാത്രമാണ്.

ALSO READ

കല്ല് പിഴുതതിന്റെ കാരണം ഞങ്ങള്‍ പറയാം മുഖ്യമന്ത്രീ... കേള്‍ക്കണം

കഴിഞ്ഞകാലത്തിലേക്കൊന്ന് തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും. നന്ദിഗ്രാമല്ല രക്തം പൊടിഞ്ഞ ആദ്യത്തെ മണ്ണ്. അതിനുമുമ്പ് സിംഗൂര്‍ സംഭവം നടന്നു. ഇടതുമുന്നണി സര്‍ക്കാരിന് പൊതുമേഖലാ വ്യവസായങ്ങളില്‍ താത്പര്യമില്ലായിരുന്നു. സംസ്ഥാനത്ത് സ്വകാര്യ വ്യവസായങ്ങള്‍ സ്ഥാപിക്കാനാണ് അവരാഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ദേശീയ, അന്താരാഷ്ട്ര മുതലാളിമാര്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വാഗ്ദാനങ്ങളുണ്ടായി. ആ ഭൂമി മുതലാളിമാര്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുമെന്നായിരുന്നു കരുതിയത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വ്യവസായവത്കരണം പ്രഖ്യാപിച്ചിരുന്നതുകൊണ്ടും തെരഞ്ഞെടുപ്പില്‍ അവര്‍ 235 സീറ്റുകളില്‍ വിജയിച്ചതുകൊണ്ടും തയ്യാറെടുപ്പുകളുടെ ആവശ്യമൊന്നുമുണ്ടായില്ല. പൊടുന്നനെ കര്‍ഷകരോട് ആജ്ഞാപിച്ചു; ഭൂമിയൊഴിഞ്ഞു പോകൂ, മുതലാളിമാര്‍ ഇവിടെ വ്യവസായങ്ങള്‍ സ്ഥാപിക്കും. സിംഗൂരിലെ പ്രതിഷേധങ്ങളില്‍ നിന്നും സംഘട്ടനങ്ങളിൽനിന്നും രക്തച്ചൊരിച്ചിലുകളില്‍ നിന്നും അവര്‍ ഏറ്റവും ചുരുങ്ങിയ പാഠം പഠിച്ചിരുന്നെങ്കില്‍ നന്ദിഗ്രാമില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിക്കുമായിരുന്നു. പക്ഷെ അതങ്ങനെയായിരുന്നില്ല. അത് എന്നത്തെയും പോലെ ധിക്കാരത്തോടെ തന്നെ നിന്നു. ഭരണകക്ഷിയുടെ മുതിര്‍ന്ന നേതാക്കള്‍ പോലും പറഞ്ഞിരുന്നത്, നന്ദിഗ്രാമില്‍ പ്രതിപക്ഷകക്ഷികളുടെ സാന്നിധ്യം പോലുമില്ല എന്നാണ്. സര്‍ക്കാരാണ് അവര്‍ക്കവിടെ വളരാനുള്ള അവസരമുണ്ടാക്കിക്കൊടുത്തത്. ഭരണകക്ഷിയുടെ വിശ്വസ്തരായ അണികള്‍ കലാപം പ്രഖ്യാപിക്കുകയും അവര്‍ക്കൊപ്പം നില്‍ക്കാത്തവരെ തുരത്തിയോടിക്കുകയുമായിരുന്നു. ഇതിന്റെ ഉത്തരവാദിത്തവും സര്‍ക്കാരിനാണ്.

പതിനൊന്നുമാസം സമ്പൂര്‍ണമായ നിശബ്ദതയും നിഷ്‌ക്രിയത്വവും ശ്രദ്ധാപൂര്‍വം മുന്നോട്ടുകൊണ്ടുപോയി, രാഷ്ട്രീയമായോ ഭരണപരമായോ ഉള്ള ഒരു ബദല്‍മാര്‍ഗവും അന്വേഷിച്ചില്ല. പൊടുന്നനെ ഒരു പുതിയ പദ്ധതി ആസൂത്രണം ചെയ്തു. ആഭ്യന്തര സെക്രട്ടറി ആവര്‍ത്തിച്ച് സമ്മതിച്ചതുപോലെ പൊലീസിനോട് ഒന്നിലും ഇടപെടാതിരിക്കാന്‍ നിര്‍ദേശം നല്‍കി. കൂലിപ്പടയാളികളെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിച്ചു. ഭരണകക്ഷിയുടെ പ്രവര്‍ത്തകര്‍ നന്ദിഗ്രാമിനെ എല്ലാ ദിശയില്‍ നിന്നും വളഞ്ഞു. പക്ഷികള്‍, പ്രാണികള്‍, ഈച്ചകള്‍, മാധ്യമപ്രവര്‍ത്തകര്‍ ആര്‍ക്കും ഉപരോധം മറികടന്നുപോകാനുള്ള അനുമതി നല്‍കിയില്ല. അതിനുപിന്നാലെ ഭരണകക്ഷിയുടെ മിന്നല്‍പ്പട ആക്രമണം തുടങ്ങി, നന്ദിഗ്രാമിലെ എതിരാളികളെ തല്ലിത്തകര്‍ത്തു, കീഴ്പ്പെടുത്തി. പലായനം ചെയ്തവര്‍ മടങ്ങിവന്നു. എന്നാല്‍ അവരുടെ മടങ്ങിവരവിന്റെ ആ നിമിഷം സമാന്തരവും വിപരീതവുമായ മറ്റൊരു ദൃശ്യം കണ്ടു. വീടുകള്‍ ചുട്ടെരിക്കുന്നു. നന്ദിഗ്രാമില്‍ത്തന്നെ കഴിഞ്ഞവരെ കൂട്ടക്കൊല ചെയ്തിരിക്കുന്നു. പ്രതികാരത്തിന്റെ ആഘോഷം. ഇപ്പോള്‍ നന്ദിഗ്രാമിന്റെ ആകാശത്ത് പുതിയ സംഘം അഭയാര്‍ഥികളുടെ നിലവിളികളുടെ പ്രതിധ്വനി മുഴങ്ങുന്നു. 

cpim
നന്ദിഗ്രാമില്‍ നടന്ന വെടിവെയ്പ്പും പ്രതിഷേധങ്ങളും

സംഭവവികാസങ്ങളെക്കുറിച്ച് ഗവര്‍ണര്‍ക്ക് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട്​ നല്കിയിരിക്കും. ആശങ്കയോടെ വകുപ്പ് മേധാവികളോട് സമാധാനം പുലര്‍ത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കും. പക്ഷെ ഒരു ഫലവുമില്ല. നമ്മളിത് പറയുമ്പോഴും അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. രക്തച്ചൊരിച്ചിലും അതുപോലെ നടക്കുന്നു. സംഭവത്തെ അപലപിച്ച്​ ഗവര്‍ണര്‍ ഒരു പ്രസ്താവനയിറക്കി. അദ്ദേഹം പറഞ്ഞതും പറഞ്ഞ രീതിയും ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ വരുന്നതാണോ എന്നെനിക്കറിയില്ല. എന്നാല്‍ മനുഷ്യത്വത്തിന്റെ ചട്ടക്കൂട് മറന്നുപോകാത്തവര്‍ക്ക് മറ്റൊരഭിപ്രായമുണ്ടാകില്ല. 

പ്രശ്‌നം സിംഗൂരിന്റെയോ നന്ദിഗ്രാമിന്റെയോ മാത്രമല്ല. അതിന് കൂടുതല്‍ ആഴവും ഗൗരവവുമുണ്ട്. വീഴ്ചകള്‍ ശീലമായി മാറിയിരിക്കുന്നു. ഇടതുമുന്നണി മഹത്തായൊരു തെരഞ്ഞെടുപ്പുവിജയം നേടിയിട്ട് ഒന്നരവര്‍ഷം ആകുന്നതേയുള്ളൂ. ഇതിനോടകം ധാര്‍ഷ്ട്യത്തിന്റെയും വിഡ്​ഢിത്തത്തിന്റെയും എത്രയോ ദൃഷ്ടാന്തങ്ങള്‍! ‘‘എന്തും വരട്ടെ, സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും ഞങ്ങള്‍ക്ക് നിയന്ത്രണമുണ്ട്​ എന്ന ഭാവമാണ്. ക്രിക്കറ്റ് ബോര്‍ഡിന്റെ അധ്യക്ഷന്‍ തെരഞ്ഞെടുക്കപ്പെടുന്നത് ഞങ്ങളുടെ താത്പര്യമനുസരിച്ചാണ്. ഞങ്ങളുടെ സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍, "ദുഷ്ടശക്തി വിജയിച്ചു, അവനെ തുരത്തിയോടിക്കും' എന്ന് ഞങ്ങള്‍ പറയും. സാധാരണ ജനങ്ങള്‍ക്ക് മാത്രമല്ല, സാമ്പത്തിക ചിന്തകര്‍ക്കും സിംഗൂരിലെയും നന്ദിഗ്രാമിലെയും ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച് വ്യത്യസ്ത നിലപാടുകളുണ്ട്. വെറും പുസ്തകപ്പുഴുക്കളായ ഇവര്‍ക്കൊക്കെ നടത്തിപ്പ് സംബന്ധിച്ച് എന്തറിയാം! (ഇതിന്റെ ഭാഗമായി, പ്രഭാത് പട്‌നായിക്കിനെപ്പോലെ ഒരു ഉന്നതനായ സാമ്പത്തികവിദഗ്ധന്‍, പാര്‍ട്ടിസഖാവ് വേട്ടയാടപ്പെടുന്നു). ഈ സര്‍ക്കാരിന് എല്ലാത്തിനെക്കുറിച്ചും നല്ല ധാരണയുണ്ട്. ക്രിക്കറ്റ്, കവിത, സിനിമ, നാടകം തുടങ്ങി  ഭൂമിയേറ്റെടുക്കല്‍വരെയുള്ള കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് നന്നായി അറിയാം. ഞങ്ങള്‍ക്ക് 235 സീറ്റുണ്ട്. അതുകൊണ്ട്, ആണവകരാറിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ഞങ്ങളെ ആരും പഠിപ്പിക്കേണ്ട'’ എന്നൊക്കെയാണ് ചിന്ത. 1987-ല്‍ ജ്യോതി ബസു ഇതിലധികം സീറ്റ്​നേടിയിരുന്നു. എന്തായാലും, അദ്ദേഹത്തിന് ഇത്തരമൊരു "ഗര്‍വ്​' ഇല്ലായിരുന്നു. 

ALSO READ

കെ റെയിൽ സമരം: ക്ഷമിക്കണം, എനിക്ക് നന്ദിഗ്രാം ഓർമ വരുന്നുണ്ട്

ഗര്‍വിനൊപ്പം കെടുകാര്യസ്ഥതയുമുണ്ട്. സാര്‍വത്രിക വിദ്യാഭ്യാസത്തെക്കുറിച്ച് ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഇപ്പോഴും പശ്ചിമ ബംഗാള്‍ പല സംസ്ഥാനങ്ങളേക്കാള്‍ പിന്നിലാണ്. തൊഴില്‍ദായക പദ്ധതികളിലേക്ക് ധാരാളം പണമെത്തുന്നുണ്ട്. ഭരണപരമായ മുന്‍കൈ പൂജ്യമാണെന്നുമാത്രം. തൊഴില്‍രഹിതരും പട്ടിണിക്കാരും അങ്ങനെതന്നെ തുടരുന്നു. ഗോതമ്പിന്റെയും അരിയുടെയും കാര്യത്തില്‍ കേന്ദ്രത്തിന്റെ സംവിധാനങ്ങളുണ്ടെങ്കിലും പൊതുവിതരണ ശൃംഖല വഴി അത് ഇടത്തരം, കീഴ്​ത്തട്ടുകളിലെ ജനവിഭാഗങ്ങളിലേയ്ക്ക് എത്തുന്നില്ല. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പട്ടികയില്‍ എണ്ണമറ്റ പിഴവുകളും ഒഴിവാക്കലുമുണ്ട്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കുന്നതിലെ ദൗര്‍ബല്യങ്ങള്‍ സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്.

asok mitra
അശോക് മിത്ര

റിസ്വാനൂര്‍ റഹ്‌മാന്റെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ തന്നെ നോക്കുക. തന്റെ നിലപാട് പത്രസമ്മേളനത്തില്‍ വെളിവാക്കിയ ദിവസം തന്നെ കല്‍ക്കത്തയിലെ പൊലീസ്​ മേധാവിയെയും സംഘത്തെയും ഒഴിവാക്കുകയും അന്വേഷണം സി.ബി.ഐ.ക്കു കൈമാറുകയും ചെയ്തിരുന്നുവെങ്കില്‍, പൊതുജനരോഷം ഈ നിലയില്‍ വളരുമായിരുന്നില്ല. പകരം നാം സാക്ഷ്യംവഹിച്ചത് അസാധാരണമായ മരവിപ്പിന്റെ പരമ്പരയാണ്. സമാനമായ അനുഭവങ്ങള്‍ വര്‍ധിക്കുകയാണ്.

എന്നാല്‍ മുന്‍പ്, മൂന്നുപതിറ്റാണ്ടുമുമ്പ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന ഇടതുപക്ഷം, റൈറ്റേഴ്സ് ബിൽഡിങ്ങിലിരുന്ന്​ പൊള്ളയായ ചര്‍ച്ചകളില്‍ അഭിരമിക്കുകയായിരുന്നില്ല. ജനങ്ങള്‍ക്കൊപ്പമായിരുന്നു. വിനയപൂര്‍വം അവരെ കേള്‍ക്കുകയും അവരുടെ ഉപദേശ, അഭിപ്രായങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയുമായിരുന്നു. പഞ്ചായത്തുകളെ മെച്ചപ്പെടുത്തിയത് ഈ ഉദ്ദേശ്യത്തിലാണ്. ഈ സംവിധാനമെല്ലാം ഇന്ന് നിശ്ചലമായിരിക്കുന്നു. ജനാധിപത്യപരമായിട്ടാണ് ഇന്നും പഞ്ചായത്തുകള്‍ തെരഞ്ഞെടുക്കപ്പെടുന്നതെങ്കിലും, അവയുടെ സ്ഥിതി ദയനീയമായിട്ടുണ്ട്. അവിടെ എത്തിച്ചേരുന്ന ചെറിയ തുകകള്‍ നേരാംവണ്ണം ചെലവഴിക്കപ്പെടുന്നില്ല. നല്ലൊരുപങ്കും അജ്ഞാതമായ ഇടങ്ങളിലേയ്ക്ക് അപ്രത്യക്ഷ്യമാകുന്നു.

അതുകൊണ്ട്, അസുഖകരമായ സത്യങ്ങളെ ഇനി കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ക്കുണ്ടായ മാറ്റം എസ്.ഡി. ബര്‍മന്റെ ഒരു ഗാനത്തിലെ വരികള്‍ക്ക് സമാനമാണ്:"നിങ്ങളെങ്ങനെയായിരുന്നോ അങ്ങനെയല്ല നിങ്ങളിപ്പോള്‍' . അതിന്റെ അംഗങ്ങളില്‍ 90 ശതമാനവും 1977-നു ശേഷവും 70 ശതമാനം 1991-നു ശേഷവുമാണ് കടന്നുവന്നത്. പാര്‍ട്ടിയുടെ ത്യാഗത്തിന്റെ ചരിത്രം അവര്‍ക്കറിയില്ല. അവരെ സംബന്ധിച്ച് വിപ്ലവത്തോടും സോഷ്യലിസത്തോടുമുള്ള പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധത ഒരു പഴങ്കഥ മാത്രം. "വികസനം' പുതിയ പ്രത്യയശാസ്ത്രമായി മാറിയപ്പോള്‍, പാര്‍ട്ടിയിലെ ഈ അംഗങ്ങളുടെ പങ്കാളിത്തം വ്യക്തിപരമായ വളര്‍ച്ചതേടല്‍ മാത്രമായി. എടുക്കുന്നതിനുവേണ്ടിയാണ് അവര്‍ വന്നത്, കൊടുക്കുന്നതിനല്ല. ഭരണപാര്‍ട്ടിയുമായി ചേര്‍ന്നുനിന്ന് പലവിധ ആനുകൂല്യങ്ങള്‍ നേടാന്‍ അവര്‍ വ്യത്യസ്തമായ കൗശലങ്ങള്‍ പഠിക്കുന്നു. നേതാക്കളെ പുകഴ്​ത്തുന്നത് ഉദ്ദിഷ്ഠകാര്യസാധ്യത്തിന് ഫലപ്രദമായൊരു മാര്‍ഗമാണ്. സ്തുതിപാഠകരുടെയും ആസ്ഥാനവിദൂഷകരുടെയും മൈതാനമായി പാര്‍ട്ടി മാറിയിരിക്കുന്നു. സാമൂഹ്യവിരുദ്ധരുടെ ആധിപത്യം അതില്‍ ഏറിവരുന്നുമുണ്ട്. പലവിധ കാരണങ്ങളാല്‍, ഓരോ രാഷ്ട്രീയപാര്‍ട്ടിയും സാമൂഹ്യവിരുദ്ധര്‍ക്ക് അഭയകേന്ദ്രമാകുന്നു. പിന്നില്‍ നിലയുറപ്പിക്കുന്ന അവര്‍ ആവശ്യഘട്ടങ്ങളില്‍ നിര്‍ദേശപ്രകാരം കര്‍മനിരതരാകുന്നതാണ് രീതി. എഴുപതുകളില്‍ ഈ സാമൂഹ്യവിരുദ്ധര്‍ കോണ്‍ഗ്രസിന്റെ ഉയര്‍ന്ന പടവുകളില്‍ വരെ എത്തി. സമാനമായ ഗതികേട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുമുണ്ടാകുമോ എന്ന് ഞാന്‍ ആശങ്കപ്പെടുകയാണ്.

ദീര്‍ഘകാലമായി പാര്‍ട്ടി അംഗമായി തുടരുന്ന, ഒട്ടേറെ ത്യാഗങ്ങളിലൂടെ കടന്നുവന്ന, ആദര്‍ശശാലികളായ മുതിര്‍ന്ന ധാരാളം പേര്‍ ഇന്ന് നിരാശരാണ്, നിര്‍ജീവമാണ്. ഏതുതരത്തിലുള്ള എതിര്‍പ്പും അച്ചടക്കനടപടി ക്ഷണിച്ചുവരുത്തുകയും ചെയ്യും. ജീവിതത്തിന്റെ അവസാന നാളുകളില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തായാല്‍, പിന്നെ ആശ്രയമെന്താണ്? 

എനിക്ക് ജ്യോതി ബസുവിനോട് സഹതാപമാണ്. അദ്ദേഹത്തോടൊപ്പം  1977 ജൂണ്‍ 21-ന് ഇടതുസര്‍ക്കാരിന്റെ മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത നാലുപേരില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് ഞാന്‍ മാത്രമാണ്. തടവിലാക്കപ്പെട്ട ഷാജഹാന്റേതുപോലുള്ള അദ്ദേഹത്തിന്റെ ഇന്നത്ത അവസ്ഥ എന്റെ ഹൃദയത്തെ ആഴത്തില്‍ വേദനിപ്പിക്കുന്നു. സമയാസമയങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ സംസ്ഥാനനേതൃത്വം ഗൗനിക്കുന്നുപോലുമില്ല. ഇനി അദ്ദേഹത്തിന്റെ നിലപാടുകള്‍ ഏതെങ്കിലും തരത്തില്‍ നേതൃത്വത്തിന് അസുഖകരമാണെന്ന് വന്നാല്‍, അത് പാര്‍ട്ടിപ്രസിദ്ധീകരണങ്ങളില്‍ വെളിച്ചം കാണില്ല. എല്ലാ വെള്ളിയാഴ്ചയും പാര്‍ട്ടി സെക്രട്ടറിയുടെ യോഗം കഴിഞ്ഞിറങ്ങുമ്പോള്‍ അദ്ദേഹം ഓരോന്നാണ് പറയുന്നത്, കഴിഞ്ഞതവണ പറഞ്ഞതിനു തീര്‍ത്തും എതിരാകും ഇത്തവണ പറയുന്നത്. 

എന്നാല്‍, എന്റെ യഥാര്‍ഥ ഉത്ക്കണ്ഠ മറ്റൊന്നാണ്. നിലവിലെ ഭരണകക്ഷിക്ക് മമത ബാനര്‍ജി വലിയ അനുഗ്രഹമാണ്. നഗര, ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോട് അസംതൃപ്തിയാണ്. പകരം മമത ബാനര്‍ജിയുടെ വരവ് തികച്ചും ഭീകരമാണെന്നതിനാല്‍, വീണ്ടും ഇടതുപക്ഷത്തിനുതന്നെ വോട്ട് ചെയ്യേണ്ടിവരും. എന്നാല്‍, രണ്ടും തമ്മില്‍ വ്യത്യാസമില്ലെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന നിലയിലേക്ക് ഇടതുമുന്നണി സര്‍ക്കാരിന്റെ ദാര്‍ഷ്ട്യവും കെടുകാര്യസ്ഥതയും വളര്‍ന്നിട്ടുണ്ട്. അതാണ് യഥാര്‍ഥ ദുരന്തം. മമതാ ബാനര്‍ജിയുടെ പെരുമാറ്റരീതി, രക്ഷാകര്‍ത്തൃത്വം, പരിപാടി, പ്രവര്‍ത്തനരീതി, സംസാരം ഇവ ശ്രദ്ധിച്ചാല്‍ ബോധ്യമാകും - അവര്‍ ഫാസിസത്തിന്റെ മൂര്‍ത്തീകരണമാണ്.

എന്റേതെന്ന് ഞാന്‍ ഇപ്പോഴും സ്‌നേഹിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തോട് ഉത്ക്കടമായൊരു അപേക്ഷയുണ്ട്. ദയവായി ചിന്തിക്കൂ. നിങ്ങള്‍ മാവോയിസ്റ്റ് ഭീകരതയില്‍ വിറളിപിടിക്കുന്നു, എന്നാല്‍ അങ്ങനെ വിറളിപിടിക്കുന്നത് പശ്ചിമബംഗാളിനെ ഫാസിസത്തിന്റെ ഓവുചാലിലേയ്ക്ക് എറിയുവാന്‍ നിങ്ങളെ പ്രേരിപ്പിക്കേണ്ടതുണ്ടോ? 

  • Tags
  • #cpim
  • #Bengal
  • #Ashok Mitra
  • #K-Rail
  • #Nandigram
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Hareesh Peradi

Opinion

കെ.കണ്ണന്‍

പു.ക.സക്ക്​ എന്തിനാണ്​ ഒരു മുഖ്യമന്ത്രി?

Jun 18, 2022

6 Minutes Read

CK Janu

Truecopy Webzine

Think

ആദിവാസികളുടെ പട്ടിണിസമരങ്ങളെ ജന്മിമാര്‍ക്കൊപ്പം നിന്ന് വിറ്റുകാശാക്കിയ  കമ്യൂണിസ്റ്റ് പാര്‍ട്ടി

Jun 10, 2022

2 Minutes Read

cov

Environment

സംജിത് ഗംഗോപാധ്യായ

ഒരു പച്ച ഇടതുപക്ഷത്തെക്കുറിച്ച്​

Jun 06, 2022

7 Minutes Read

jo joseph

Kerala Politics

പ്രമോദ് പുഴങ്കര

ഇടതുപക്ഷ മാനേജർമാർ കെട്ടിവച്ച രക്ഷകരെ തള്ളിക്കളയുകയാണ്​ തൃക്കാക്കര ചെയ്​തത്​

Jun 03, 2022

4 Minutes Read

m swaraj

Kerala Politics

പ്രമോദ് പുഴങ്കര

20-20 യ്ക്കും ആം ആദ്മിക്കും ആശയപരമായി യോജിപ്പു തോന്നണമെങ്കിൽ നിങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ പേരെന്താണ് സ്വരാജ്?

May 16, 2022

6 Minutes Read

KV Thomas Interview

Interview

ടി.എം. ഹര്‍ഷന്‍

തൃക്കാക്കര, കെ-റെയില്‍; ഇടതുമുന്നണി അഭ്യര്‍ഥിച്ചാല്‍ അപ്പോള്‍ തീരുമാനം

May 06, 2022

39 Minutes Watch

Prakash Karat

Life Sketch

Truecopy Webzine

ജെ.എന്‍.യുവിലെ പ്രകാശ് കാരാട്ടും വൃന്ദയും

Apr 25, 2022

4 Minutes Read

CPIM Party Congress 2022

Photo Story

ഷഫീഖ് താമരശ്ശേരി

എല്ലാത്തിനും മേൽ എൻ പേര്​ സി.പി.എം

Apr 12, 2022

13 Minutes Read

Next Article

ഹെറ്ററോനോര്‍മേറ്റീവ് സിനിമാസ്വാദാനത്തിന് അമല്‍നീരദിന്റെ ചെക്ക്‌

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster