ജയശ്രീയുടെ അപ്പച്ചിയും ചെറുമക്കളും

രാഷ്​ട്രീയപാർട്ടികൾ നാടുവാണ കാലം

എഴുകോൺ-5

അഭിമാനിനികൾ ജീവനു വിലയില്ലേ, ജീവിതം ധനമല്ലേ മാനവജീവിതം മാനമല്ലേ ആരുമാരെ തന്നെ പേടിപ്പെടുത്തേണ്ടും കാലമിതല്ലെന്നതോർമ്മയില്ലേ നിക്സാ,വിയറ്റ് നാം നീ വിട്ടു പോരൂ

ലൈല പാടിയിരുന്ന പാട്ടാണിത്. എല്ലാവരും സിനിമാപ്പാട്ടുകൾ പാടുമ്പോൾ ലൈല, അച്ഛൻ എഴുതി സംഗീതം കൊടുക്കുന്ന പാട്ടുകളാണ് പാടിയിരുന്നത്. ലൈലയുടെ അച്ഛൻ ടി.എം പ്രസാദ് അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, കാഥികനും എഴുത്തുകാരനും പാട്ടുകാരനും ആയിരുന്നു. അമേരിക്ക വിയറ്റ്നാമിൽ ബോംബുകൾ വർഷിച്ചു കൊണ്ടിരുന്ന കാലം. നിക്സൺ പ്രസിഡന്റായി വന്ന ശേഷവും വിയട്‌നാമിൽ യുദ്ധം തുടർന്ന് കൊണ്ടിരുന്നു. വടക്കൻ വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം തകർക്കുകയും ലോകം മുഴുവൻ ഉണ്ടായേക്കാവുന്ന കമ്മ്യൂണിസ്റ്റു ആധിപത്യം നേരിടുകയും ചെയ്യുക അമേരിക്കയുടെ ഉദ്ദേശമായി കരുതി പോന്നു. അതേസമയം അമേരിക്കക്കുള്ളിലും ലോകമാകെയും യുദ്ധവിരുദ്ധ താൽപ്പര്യങ്ങളും പ്രസ്ഥാനങ്ങളും വളർന്നു കൊണ്ടുമിരുന്നു. വിയറ്റ്നാമിനുള്ള പിന്തുണയും യുദ്ധത്തോടുള്ള അതൃപ്തിയും, കമ്മ്യൂണിസ്റ്റ് വേരോട്ടമുള്ള കേരളത്തിൽ സ്വാഭാവികമായിരുന്നു. ഇതൊന്നും കാര്യമായി അന്ന് ഗ്രഹിച്ചിരുന്നില്ലെങ്കിലും അഭിമാനത്തോടെ ലൈല പാടുമ്പോൾ വിയറ്റ്നാമിന് വേണ്ടി മനസ്സ് തുടിച്ചു.

അതിനു ശേഷം യുദ്ധഭീതി, നിഴലായി എപ്പോഴും പിന്തുടർന്നു. യുദ്ധവിമാനങ്ങൾ പല ആകൃതിയിലും നിറങ്ങളിലും സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. നിറം മങ്ങിയ ആകാശത്തിന്റെ ഒരറ്റത്തായി അവ്യക്തമായ ആകൃതികൾ കണ്ട് തുടങ്ങും. ഒറ്റക്കും കൂട്ടമായും അവ വലുതായി വരും. വരി വരിയായി, നിര നിരയായി മുകളിലുണ്ടാവും. എന്തെങ്കിലും സംഭവിക്കുന്നതിനേക്കാൾ, ഭീതി പടർത്തുന്ന ഭാവനയായി യുദ്ധം തലക്കകത്ത് കുടിയിരിക്കും എന്നതാണ്. പല തരത്തിൽ ചിത്രങ്ങൾ വരച്ചു കൂട്ടാനുള്ള ഇടം ആകാശത്തിലുണ്ട്. ഉപനിഷദ് സങ്കൽപ്പനത്തിലെ ചിദാകാശം ആന്തരികമായ ആകാശത്തെ വിസ്തരിക്കുന്നു.

മൈത്രേയൻ, എ.കെ. ജയശ്രീ, കനി കുസൃതി

എങ്ങനെയാണ് ഭയം ഉണ്ടാകുന്നത്? അപരബോധവും വെറുപ്പും വച്ച് പുലർത്തുകയും പരസ്പരം ഹിംസിക്കുകയും ചെയ്യുന്ന മനുഷ്യരാണല്ലോ നമ്മൾ. മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയിൽ നിന്നും മറ്റു ജീവികളിൽ നിന്നുമുണ്ടായേക്കാവുന്ന ഭയത്തിനു പുറമെ, സ്വന്തം സ്പീഷീസിൽ നിന്നും നമ്മൾ ഭീകരത നേരിടുന്നു. ആശയങ്ങളുടെ പിൻ ബലത്തോടെയാണ് മനുഷ്യർ പലപ്പോഴും പരസ്പരം ഹിംസിച്ചു കൊണ്ടിരിക്കുന്നത്. യുദ്ധം അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. രാജ്യത്തിനകത്തും, ഒരു കൂട്ടം മറ്റൊരു കൂട്ടത്തിനുമേൽ ഹിംസ നടത്തികൊണ്ടിരിക്കുന്നു. ഗോത്രകാലം മുതൽ മാറി വന്നിട്ടുള്ള ഭരണക്രമങ്ങളെ സ്ഥിരപ്പെടുത്തുന്നത് ആശയങ്ങളാണ്. കുടുംബം തന്നെ ഈ ക്രമത്തിന്റെ ചെറു രൂപമാണ്. ഈ ക്രമങ്ങൾ നില നിൽക്കുന്നത് ആശയപരമായും കായികമായുമുള്ള കീഴടങ്ങലിലൂടെയാണ്. അഥവാ കീഴടക്കലിലൂടെയാണ്. ഇതിനിടയിൽ അടിച്ചമർത്തപ്പെടുന്നവർ ഭയം വിട്ട് ഉണരുകയും ചെയ്യാറുണ്ട്. ഇത് എല്ലാ കാലത്തും ഉണ്ടാവുകയും ലോകം മാറുകയും ചെയ്യും. മേൽകോയ്മക്കെതിരെ എഴുന്നേറ്റ് നിൽക്കുകയും ഉറക്കെ സംസാരിക്കുകയും ചെയ്യുന്നവർ ഉണ്ടാകും. ചിലപ്പോൾ അവ വലിയ പ്രസ്ഥാനങ്ങളായി മാറുകയും ക്രമങ്ങൾ കീഴ്മേൽ മറിയുകയും ചെയ്യും. ഇത്തരം കീഴ്‌മേൽ മറിച്ചിലുകളിൽ കൂടി കടന്നു പോയ സ്ഥലമാണ് നമ്മുടെ കേരളവും. ഞങ്ങളുടെ ഗ്രാമ ജീവിതത്തിലും ഇതൊക്കെ പ്രതിഫലിച്ചു.

പാരലൽ കോളേജുകൾ സാംസ്‌കാരിക കേന്ദ്രങ്ങൾ കൂടിയായിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ പോലെ പരീക്ഷക്ക് വേണ്ടി മാത്രമുള്ള ക്ലാസുകളായിരുന്നില്ല അവിടെ. ബ്രദേഴ്സ് അക്കാദമി എന്ന പേരിൽ ഞങ്ങളുടെ നാട്ടിലൊരു പാരലൽ കോളേജുണ്ടായിരുന്നു. പല കോഴ്സുകളും പഠിപ്പിക്കുന്നതിനോടൊപ്പം അവിടെ സ്‌കൂളിലും കോളേജിലും പോകുന്നവർക്ക് ട്യൂഷനും നൽകിയിരുന്നു. സ്‌കൂൾ ക്ലാസ് കഴിഞ്ഞ് വളരെ ഉത്സാഹത്തോടെയാണ് ഞങ്ങൾ അവിടെ പോയിരുന്നത്. അതിനൊരു കാരണം അവിടുത്തെ ചില അധ്യാപകരുടെ സിലബസിനു പുറത്തുള്ള ചർച്ചകൾ, പ്രത്യേകിച്ച് രാഷ്ട്രീയ പ്രാധാന്യമുള്ളവ ആയിരുന്നു. പിന്നെ മറ്റു സ്‌കൂളുകളിലുള്ളവർ കൂടി വന്നിരുന്നതിനാൽ ഞങ്ങൾക്ക് പുതിയ കൂട്ടുകാരെ കിട്ടി എന്നതും സന്തോഷമായിരുന്നു. ഒരു ദിവസം ഞങ്ങൾക്ക് ഒഴിവു ദിവസമായതിനാൽ ഉയർന്ന കോഴ്സിന് പഠിക്കുന്നവരുടെ ഒരു ഡിബേട് കേൾക്കാനിടയായി. രാമായണം ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രധാന ധാരയാണെങ്കിൽ അതെനിക്ക് ""വേണ്ട'' എന്ന് ഒരു ഗ്രൂപ്പും ""വേണം'' എന്ന് മറ്റേ ഗ്രൂപ്പും വാദിച്ചു. രണ്ടിന്റെയും മുന്നിൽ സ്ത്രീകൾ ആയിരുന്നു. സീതയോട് അധാർമ്മികമായി പെരുമാറിയ രാജാവിനെ വാഴ്ത്തുന്ന രാമായണം നമ്മുടെ ഇതിഹാസമാണെങ്കിൽ അത് നമുക്ക് വേണ്ട എന്നും പുതിയ ഇതിഹാസം രചിക്കണമെന്നും ഗ്രൂപ്പ് ലീഡറായിരുന്ന ചേച്ചി ശക്തിയായി വാദിച്ചത് കോരിത്തരിപ്പിച്ചു. അതെ സമയം, സീതയുടെ ത്യാഗവും ക്ഷമയും സഹനവും ലോകത്തിന് മുന്നിൽ സ്ത്രീയുടെ ഉദാത്ത മാതൃകയാണ് കാഴ്ചവെക്കുന്നതെന്ന മറുവാദത്തിലും കാര്യമുണ്ടെന്ന് തോന്നി. അവതരണത്തിൽ മികച്ച് നിന്നത് "വേണ്ട' ഗ്രൂപ്പായിരുന്നു. അവർ കയ്യടിയും സമ്മാനവും നേടി. തുടർന്നും നടന്ന പല ചർച്ചകളിലും ഞങ്ങൾ കേൾവിക്കാരായി. പൊതുവേ ധരിച്ചു വച്ചിരിക്കുന്നതിനേക്കാൾ വ്യത്യസ്തമായി പല കാര്യങ്ങളും കാണാൻ സാധിക്കുമെന്ന് തോന്നി തുടങ്ങി. സാധാരണ പെൺകുട്ടികളിൽ നിന്ന് വ്യത്യസ്തമായി സ്വന്തം അഭിപ്രായങ്ങൾ മറ്റുള്ളവർക്ക് ബോധ്യമാകുന്ന തരത്തിൽ അവതരിപ്പിക്കുന്ന സ്ത്രീകളോട് ആദരവ് തോന്നി.

സമയത്തെ കുറിക്കുന്നത് അക്കാലത്ത് വാച്ചുകളും ക്ലോക്കുകളും മാത്രമായിരുന്നില്ല. രാവിലെ കോഴി കൂവുന്നത് നേരം വെളുക്കുന്നതിന് മുന്നോടിയാണ്. കാക്കകൾ രാവിലെ കൂട്ടമായി കിഴക്കോട്ട് പറന്നു പോകും. സന്ധ്യക്ക് അവ കാ കാ വിളിച്ച് കൊണ്ട് ഒരുമിച്ച് പടിഞ്ഞാറേക്ക് പായും. അവർക്ക് അവരുടേതായ സ്വന്തം മരങ്ങളുണ്ട്. എന്റെ അച്ഛന്റെ വീട്ടിലെ മരങ്ങളും അവർ തെരഞ്ഞെടുത്തിരുന്നു. സന്ധ്യ എന്നാൽ കാക്കകൾ പാടി കൊണ്ട് ചേക്കേറുന്ന സമയമാണ്. സ്വാമിയുടെ വേഷത്തിൽ ഇടക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന പ്രായമായൊരാൾ കടയിൽ നിന്നും അപ്പവും ദോശയുമൊക്കെ വാങ്ങി കാ---ക്കാ എന്ന് ഉറക്കെ വിളിച്ചിരുന്നു. ഈ വിളി കേട്ടാൽ, നാട്ടിലെ കാക്കകൾ മുഴുവനും ഓടിയെത്തുകയും അയാൾ പലഹാരമെല്ലാം കാക്കകൾക്ക് വീതിച്ച് നൽകുകയും ചെയ്യും. ഈ ദാനശീലത്തിന് പിന്നിൽ ഒരു കഥ പ്രചരിച്ചിരുന്നു. അയാൾക്ക് പണ്ട് ഭാര്യയെ സംശയം തോന്നുകയും അതിന്റെ പേരിൽ അവരെ പൂട്ടിയിടുകയും, മരത്തിൽ കെട്ടി തൂക്കുകയും മറ്റും ചെയ്തിരുന്നുവത്രെ. അവർക്ക് എന്ത് സംഭവിച്ചു എന്നാരും പറഞ്ഞില്ല. പക്ഷെ, ഇദ്ദേഹം പണ്ട് ചെയ്ത ക്രൂര കൃത്യങ്ങൾക്ക് പ്രായശ്ചിത്തമായാണ് കാക്കകൾക്ക് ഭക്ഷണം നല്കിയിരുന്നതെന്നാണ് കഥ. സിനിമാ കൊട്ടകയിൽ പാട്ട് വെക്കുന്നതാണ് സമയം നിശ്ചയിക്കുന്നതിനുള്ള മറ്റൊരു വഴി. ശരണമയ്യപ്പാ എന്ന ഭക്തി ഗാനം വൈകുന്നേരം കൃത്യം അഞ്ചരക്ക് സകലരെയും ഞെട്ടിച്ച് കൊണ്ട് പൊട്ടി വീഴും. അമ്പലമോ പള്ളിയോ ഞങ്ങളുടെ പരിസരത്തുണ്ടായില്ല.

പിന്നെയുള്ളത് കുട്ടികളുടെ സ്‌കൂളിലേക്കുള്ള യാത്രയാണ്. രാവിലെ പത്ത് മണിക്ക് മുൻപ് സ്‌കൂളിലേക്കും വൈകിട്ട് നാല് മണിക്ക് വീട്ടിലേക്കും. ഈ സമയത്ത് റോഡിൽ നിറയെ വിദ്യാർത്ഥികളായിരിക്കും. എന്നാൽ, അവരെക്കാൾ എന്റെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നത് അണ്ടിയാപ്പീസ് എന്നറിയപ്പെട്ടിരുന്ന കശുവണ്ടി ഫാക്ടറിയിലേക്ക് പോയിരുന്ന സ്ത്രീകളാണ്. ഊർജ്ജം പ്രസരിപ്പിച്ചു കൊണ്ട് ഒറ്റക്കും കൂട്ടമായും അവർ വളരെ വേഗതയിൽ നടക്കും. അവരോടോപ്പമെത്താൻ ഞങ്ങൾക്ക് കഴിയാറില്ല. കൈലിയും ബ്ലൗസും തോർത്തും ധരിച്ചാണ് അവർ ജോലിക്ക് പോവുക. കൈകൾ വീശി, തികഞ്ഞ ആത്മവിശ്വാസത്തോടെ നടന്നു പോകുന്ന അവരുടെ കയ്യിൽ അലൂമിനിയം ചോറ് പാത്രവും , കൂലിക്കൊട്ടയുമുണ്ടാവും. ജോലി കഴിഞ്ഞ് വൈകുന്നേരം തിരിച്ചു പോകുന്ന വഴി ചന്തയിൽ കയറി മീനും പച്ചക്കറികളും തേങ്ങയും മറ്റും വാങ്ങുന്നുണ്ടാവും. ചായക്കടയിൽ കയറി ചായ കുടിക്കുന്നതിനൊന്നും അവർക്ക് മടി ഇല്ല. ഉറക്കെ, തുറന്നു സംസാരിക്കുകയും, കളി തമാശകൾ പറയുകയും പരസ്പരം വഴക്കടിക്കുകയും പെട്ടെന്ന് ഇണങ്ങുകയും ചെയ്യും. ഉത്സാഹത്തിന്റെ പ്രതീകങ്ങളായിരുന്ന അഭിമാനിനികളായ സ്ത്രീകൾ. പൊതുസ്ഥലം അവരുടേത് കൂടിയായിരുന്നു. കമന്റടിക്കാനൊന്നും ആണുങ്ങൾ മുതിരില്ല. റൗഡികളായവർക്ക് അപൂർവ്വമായി സാധിക്കുമായിരിക്കും. തൊട്ടടുത്ത വീട്ടിലെ, അണ്ടി തല്ലാൻ പോകുന്ന ഭാരതി അക്കയുടെ ചിരിയുടെ ഭംഗി ഇപ്പോഴും മനസ്സിൽ നിറയുന്നു. തല്ലാൻ പോകുന്നവരുടെ കൈ കറ പുരണ്ട് ഇരുണ്ടിരിക്കും. പീലിംഗ് അഥവാ തൊലി കളയൽ വിരലുകളുടെ ഭംഗി കളയില്ലെങ്കിലും അതും വൈദഗ്ധ്യം വേണ്ട, പ്രയാസമുള്ള ജോലിയാണ്. തല്ലുന്നവർക്ക് കൂടുതൽ ശമ്പളം കിട്ടിയിരുന്നു.

തൊണ്ണൂറുകളിൽ കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ സംബന്ധമായ രോഗങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ ഈ മേഖലയാണ് ആദ്യം മനസ്സിൽ വന്നത്. കുത്തിയിരുന്നു തല്ലുകയും മറ്റും ചെയ്തിരുന്നതിനാൽ, അവർക്ക് ഗർഭാശയം പുറത്തേക്ക് തള്ളുന്ന അവസ്ഥയും ത്വക് രോഗങ്ങളും കൂടുതൽ ഉള്ളതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഇപ്പോ അവരുടെ അവസ്ഥയൊക്കെ കുറെ മാറി. തൊഴിലവകാശങ്ങളെ കുറിച്ച് ഇന്ന് കൂടുതൽ അവബോധമുണ്ട്. ലേബർ നിയമങ്ങൾ കൂടുതൽ തൊഴിലുകൾക്ക് ബാധകമാണ്. ഇപ്പോൾ അവർക്ക് പോകാനും വരാനും വാഹനങ്ങൾ ഉള്ളതായി അറിയാൻ കഴിഞ്ഞു. പഴയ പോലെ കൈലിയും ബ്ലൗസുമൊന്നും അവരുടെ വേഷമല്ല. കുത്തിയിരുന്ന് ജോലി ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുന്നത് തീർച്ചയായും സന്തോഷമുള്ള കാര്യമാണ്. ഇനിയും ധാരാളം മെച്ചപ്പെടാനുമുണ്ടാകും. മെച്ചപ്പെടുകയും വേണം. എന്നാലും പൊതു സ്ഥലം കൈവശപ്പെടുത്തിയിരുന്ന, തലയെടുപ്പോടെ പ്രസരിപ്പോടെ നടന്നിരുന്ന സ്ത്രീത്വം അപ്രത്യക്ഷമായതിൽ ഒരു നഷ്ടവുമുണ്ട്. തൊഴിലവകാശങ്ങളോടൊപ്പം മറ്റൊരു തരത്തിൽ സ്ത്രീകൾ അതൊക്കെ തിരിച്ചു പിടിക്കുക തന്നെ വേണം.

റിട്ടയർ ചെയ്ത ശേഷം അച്ഛന്റെ സഹോദരൻ ഒരു കുടിലാപ്പീസ് അഥവാ കുഞ്ഞു ഫാക്ടറി തുറന്നു. ഞങ്ങൾ താമസിച്ചിരുന്നതിന് ഒന്ന് രണ്ട് മൈൽ അകലെ ആയിരുന്നു അത്. അവിടെ അടുത്ത് അച്ഛന്റെ സഹോദരി താമസിച്ചിരുന്നു. ഞങ്ങളോട് വളരെ വാത്സല്യമായിരുന്നു അപ്പച്ചിക്ക്. അവർ പല തരത്തിലുള്ള അണ്ടിപ്പരിപ്പുകൾ തൊലി കളയാനായി ഞങ്ങൾക്ക് എത്തിച്ച് തന്നു. വെള്ള, കറനിറം ഇങ്ങനെ പല കാറ്റഗറിയായി തിരിക്കുകയും തൊലി കളയുമൊക്കെ ഞങ്ങൾ ചെയ്തു. മുറം നിറയെ അണ്ടിപ്പരിപ്പ് കയ്യിൽ കിട്ടിയത് ഞങ്ങൾ കുട്ടികൾ പാഴാക്കിയില്ല. വയറു നിറച്ച് തിന്നതിന് ശേഷം ബാക്കിയുള്ളത് തിരികെ നൽകി. അതിന്റെ ചെറിയ മുനമ്പ് കൊണ്ട് രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കി കഴിച്ചു . ഏതായാലും അധികം താമസിയാതെ കുടിലാപ്പീസ് പൂട്ടുകയും ചെയ്തു.

ജയശ്രീയുടെ അപ്പച്ചി

അപ്പച്ചിയെ പറ്റി പറഞ്ഞാലും ധീരയായ സ്ത്രീ എന്ന് പറയേണ്ടി വരും. നന്നായി കൃഷി ചെയ്യുകയും കുട്ടികളെ വളർത്തുകയും ചെയ്യുന്നതിൽ അസാധാരണമായ കഴിവ് അപ്പച്ചിക്കുണ്ടായിരുന്നു. ദിവസവും വൈകുന്നേരം ചന്തയിൽ പോയ ശേഷം വീട്ടിൽ വന്ന് അച്ഛനുമായി വീട്ടുകാര്യവും നാട്ടു കാര്യവുമെല്ലാം സംസാരിക്കും. ചിലപ്പോൾ അത് നീണ്ട് എട്ടു മണിയോ ഒമ്പതു മണിയോ ഒക്കെയാകും. എന്നാലും ആ ഇരുട്ടത്ത് തന്നെ കുട്ട തലയിൽ വച്ച് കൈ വീശി ഒറ്റക്ക് രണ്ട് മൈൽ നടന്ന് വീട്ടിലെത്തും. പിറ്റേ ദിവസവും ഇതാവർത്തിക്കും. തൊണ്ണൂറ്റി ആറാമത്തെ വയസ്സിൽ ഇക്കഴിഞ്ഞ വർഷമാണ് അപ്പച്ചി ഞങ്ങളെ വിട്ടു പോയത്.
രാഷ്ട്രീയ പാർട്ടികളൊക്കെ നന്നായി വാണിരുന്ന നാടായിരുന്നു അത്. വലതു പക്ഷവും ഇടതുപക്ഷവും ശക്തമായിരുന്നു. അവ തമ്മിലുള്ള പോര് മിക്കപ്പോഴും കായികമായ നേരിടലിലാണ് അവസാനിച്ചിരുന്നത്. പലപ്പോഴും വടിവാൾ, ചങ്ങല, കത്തി തുടങ്ങിയ ആയുധങ്ങളുമായി ഒരു കൂട്ടം ആളുകൾ അടുത്ത വഴിയിലൂടെയും ചിലപ്പോൾ ഞങ്ങളുടെ പറമ്പിലൂടെയും പാഞ്ഞു പോകും. അത് കഴിഞ്ഞാൽ മറുപക്ഷത്തിന്റെ ഊഴമായിരിക്കും. ചിലപ്പോൾ പിന്നാലെ പോലീസുകാരുടെ ഒരു കൂട്ടം ഓടുന്നുണ്ടാവും . ഇതിൽ പെടുന്നവരൊക്കെ, ഇരു പക്ഷത്തുള്ളവരായാലും നമുക്ക് വളരെ അടുപ്പമുള്ളവരും തമ്മിൽ സ്‌നേഹമുള്ളവരുമായിരിക്കും. കണ്ണൂർ ജില്ലയിൽ ഇപ്പോൾ ഉള്ളത് പോലെയുള്ള ഒരു പ്രതിഭാസം ഞങ്ങളുടെ നാട്ടിൽ അന്നുണ്ടായിരുന്നു. എന്നാൽ, കൊലപാതകത്തിൽ എത്തിയിരുന്നില്ല. ധീര നായകർക്ക് പിന്തുണ നൽകിയ അമ്മമാരും സഹോദരിമാരുമുണ്ടായിരുന്നു. ഒരു ദിവസം സഹോദരനെ പൊലീസിൽ നിന്ന് രക്ഷിക്കാനായി വേലിയിൽ നിന്ന് മുളങ്കമ്പുകൾ വലിച്ചൂരി പൊലീസിന്റെ മുതുകത്ത് ആഞ്ഞു തല്ലിയ സഹോദരി നാട്ടിൽ വീരനായിക പരിവേഷം നേടുകയും ചെയ്തു.

എ.കെ ജയശ്രീ

സെക്കന്ററി പരീക്ഷ കഴിഞ്ഞ് ആഘോഷമായി വീട്ടിൽ കഴിയുന്ന സമയം. ഏതോ ദുരന്തം സംഭവിക്കാൻ പോകുന്നതിന്റെ സൂചനകൾ കിട്ടിയത് പോലെ. പറമ്പിലെ മൂലയിൽ ചാഞ്ഞു കിടക്കുന്ന കൊമ്പുകളുള്ള ഒരു പറങ്കി മാവിന്റെ ചോടും മരക്കൊമ്പുകളുമാണ് കൂട്ടുകാരുടെ സമ്മേളന സ്ഥലം. പറങ്കി അണ്ടി ശേഖരിച്ച് വിൽക്കുകയോ ചുട്ടു തിന്നുകയോ ചെയ്യുന്നത് അവധിക്കാലത്ത് കുട്ടികളുടെ നേരം പോക്കാണ്. അവിടെ എല്ലാവരും ഒത്തു ചേരും. സ്‌കൂളില്ലാത്തതു കൊണ്ട് ഈ മേളനങ്ങളായിരുന്നു ഞങ്ങളുടെ വിനോദം. അങ്ങനെ ഉല്ലസിച്ചിരിക്കുമ്പോൾ ഒരു ന്യൂസ് വന്നു. ഒരു കൂട്ടുകാരന്റെ മൂത്ത സഹോദരനെ എതിർ പാർട്ടിക്കാർ വളഞ്ഞിട്ട് വെട്ടുന്നു. പകലാണ് സംഭവം. തല്ലൊക്കെ നടക്കാറുണ്ടെങ്കിലും ഇത്രയും ഗൗരവമായ സംഭവം അത് വരെയുണ്ടായില്ല. കൂട്ടുകാരൻ സംഭവസ്ഥലത്തേക്കും ഞങ്ങൾ വീടുകളിലേക്കും പിരിഞ്ഞു പോയി. മണിക്കൂറുകൾക്കകം അനൗൺസ്മെന്റ് വന്നു. പിന്നാലെ ശവം വഹിച്ചു കൊണ്ടുള്ള ദു:ഖയാത്ര. തികച്ചും രാഷ്ട്രീയ കൊലപാതകം. രണ്ട് കൂട്ടത്തിലും പെടുന്നവർ പ്രിയപ്പെട്ടവർ. വല്ലാത്ത ഒരു മാനസിക പ്രതിസന്ധിയിൽ ഞാനകപ്പെട്ടു. കൊല ചെയ്യപ്പെട്ട ചെറുപ്പക്കാരൻ തൊട്ടു തലേ ദിവസവും ഞങ്ങളോട് ചിരിച്ച് സംസാരിച്ച് കടന്നു പോയ ആൾ. ജീവിതത്തിന്റെ അർത്ഥവും മനുഷ്യരിലെ വിശ്വാസവും നഷ്ടപ്പെട്ട ദിനങ്ങളായിരുന്നു അത്. പറങ്കി മാവിന്റെ ചോടും ശൂന്യമായി. പ്രതികാരത്തിന്റെ ഉറച്ച ശബ്ദം എന്റെ കൂട്ടുകാരനിൽ നിന്നുയർന്ന് ചുറ്റും പ്രതിധ്വനിച്ചു. അത് കൂടി ആയപ്പോൾ താങ്ങാനാകാത്തതു പോലെയായി. വിഷാദം ചുറ്റും തണുത്തുറഞ്ഞു. റിസൾട്ട്​ വരാത്തത് കൊണ്ട് എങ്ങനെ ദിവസങ്ങൾ തള്ളി നീക്കണമെന്നറിയാതെ ആയി. സ്‌കൂൾ തുറന്നതിനാൽ വീട്ടിൽ പകൽ ആരും ഉണ്ടാവില്ല. ശൂന്യമായ ലോകം മുന്നിൽ പരന്നു കിടന്നു. പുതിയതായി ആരെയെങ്കിലും കൂട്ടിന് കിട്ടിയില്ലെങ്കിൽ മരിച്ചു പോകുമെന്ന അവസ്ഥയായിരുന്നു. അപ്പോഴെന്റെ പുതിയ നായിക എത്തി. കോളേജിൽ ചേരുന്നതിന് മുമ്പ് എനിക്ക് ക്ലാസുകൾ നൽകാൻ അച്ഛൻ ഏർപ്പാടാക്കിയ സോഫിയ ടീച്ചർ. അച്ഛന്റെ സ്‌കൂളിനടുത്തുള്ള യുവതി. അവർ അന്ന് കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു എന്ന് തോന്നുന്നു. ദിവസവും രണ്ട് മൈൽ നടന്നു വന്ന് എന്നെ പഠിപ്പിച്ച മിടുക്കി. അവർ എപ്പോഴും തല ഉയർത്തി പിടിച്ച് നിവർന്നു നടന്നു. ഒരു ദിവസം അച്ഛൻ എന്തോ അവരോട് പറയുന്നത് കേട്ടു. അവരുടെ വീട്ടിൽ നിന്ന്, ഉപദേശിക്കാൻ അച്ഛനെ ഏൽപ്പിച്ചതാണെന്ന് മനസ്സിലായി. തന്റേടമുള്ള സ്ത്രീകളോട് ചുറ്റുമുള്ളവർ ചെയ്യുന്നത്. കണ്ണ് നിറഞ്ഞെങ്കിലും, എനിക്കെന്നും അഭിമാനിനിയായ സോഫിയ ടീച്ചർ തല ഉയർത്തി പിടിച്ച് തന്നെ അന്നും നടന്നകന്നു.▮

​​​​​​​(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

കനി കുസൃതി

ഡോ: എ.കെ. ജയശ്രീയുടെ മകൾ. നാടക- സിനിമ ആക്ടർ.

Comments