ഡോ.എ.കെ. ജയശ്രീ പഠിച്ച എഴുകോണിലെ സ്​കൂൾ

ചെറിയ മനുഷ്യരും വലിയ ലോകവും

എഴുകോൺ-4

ലൈബ്രറികളിൽ പോകാനൊന്നും പെൺകുട്ടികൾക്ക് അവസരമുണ്ടായില്ല. കേരളത്തിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളായ വായനശാലകൾ ഇന്നും ആണിടങ്ങളായി തുടരുന്നുണ്ട്.

റ്റുള്ളവരെ അഭിമുഖീകരിച്ച് നിൽക്കുക എന്നത് ഏറ്റവും പരിഭ്രമമുണ്ടാക്കുന്ന കാര്യമായിരുന്നു അന്നെനിക്ക്. സ്റ്റേജിൽ കയറാൻ ആലോചിച്ചാൽ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെയും ദേഹം തളരുന്നത് പോലെയും തോന്നും. തോറ്റു പിന്മാറാനും മനസ്സുണ്ടാവില്ല. കുടുംബത്തിന്റെ സംരക്ഷണയിൽ, പ്രത്യേകിച്ച് പെൺകുട്ടികൾക്കുള്ള അധിക സുരക്ഷയിൽ കഴിഞ്ഞിരുന്നത് കൊണ്ട് സാമൂഹികമായ ഇടപെടലുകൾ പരമാവധി കുറഞ്ഞിരുന്നു. വീട്ടിലും എതിര് നിൽക്കാനും തല്ലു കൂടാനും അധികമാരും ഉണ്ടായിരുന്നില്ല. അന്തർമുഖത്വം വളരുന്നതിനും അഹന്ത അധികരിക്കുന്നതിനും അത് കാരണമായി എന്ന് തോന്നുന്നു. സഭാകമ്പം അധികമാകുന്നതിന് കാരണം അഹന്തയാണെന്ന തോന്നലും അപ്പോൾ തന്നെ ഉണ്ടായിരുന്നു എങ്കിലും അത് ഇല്ലാതാക്കാനോ നിയന്ത്രിക്കാനോ കഴിഞ്ഞില്ല. സ്റ്റേജിൽ കയറാനുള്ള സന്ദർഭങ്ങൾ എന്തെങ്കിലും എപ്പോഴും ഉണ്ടായി കൊണ്ടിരിക്കുകയും ചെയ്യും.

ഒരിക്കൽ ""നിങ്ങൾ ആരായി തീരാൻ ആഗ്രഹിക്കുന്നു'' എന്ന വിഷയത്തിൽ ഒരു പ്രസംഗമത്സരത്തിൽ ചേരാനിടയായി. എനിക്ക് സയന്റിസ്റ്റ്‌ ആകാനായിരുന്നു ആഗ്രഹമുണ്ടായിരുന്നത്. എന്നാൽ, പ്രസംഗം മെച്ചമാകാൻ നല്ലത് ഡോക്ടർ എന്ന് പറയുന്നതാണെന്ന് എനിക്ക് തോന്നി. കേട്ടവർ അത് കാര്യമായി എടുക്കുകയും അതൊരു ബാധ്യത ആയി തീരുകയും ചെയ്തു. അടുത്ത സ്‌കൂളിലെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്ന ഹേമലത ഞാൻ ഡോക്ടറാകുമെന്ന് വിശ്വസിക്കുകയും ഇടക്കിടെ ഓർമ്മിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്നെ ഡോക്ടറായി സങ്കൽപ്പിച്ച് അവൾ ആ വേഷത്തിൽ ചിത്രങ്ങൾ വരച്ചു.
ഇതിനിടക്ക് ""മൈഗ്രൈൻ'' (Migraine) എന്ന തലവേദന പിടി പെട്ടപ്പോൾ മെഡിക്കൽ ലേഖനങ്ങൾ വായിക്കുകയും കുറച്ച് താൽപ്പര്യം ഉണ്ടാവുകയും ചെയ്തു. പെട്ടെന്നാണ് മൈഗ്രൈൻ അവതരിക്കുന്നത്. ഉദിച്ചു വരുന്ന സൂര്യനെ പോലെ ഒരു ചിത്രം കണ്ണിനു മുന്നിൽ തെളിയുകയാണ് ആദ്യമുണ്ടാവുന്നത്. പൊട്ടുപോലെ തുടങ്ങി അത് വലുതാവുകയും ക്രമേണ ഇരുട്ട് നിറയുകയും ചെയ്യും. അതോടെ തലവേദന അധികമാവുകയും വേദനയുടെ ആഘാതം കൊണ്ട് തളർന്ന് മയങ്ങുകയും ചെയ്യും. കുറേ കഴിഞ്ഞ് ഇത് പതുക്കെ കുറയാൻ തുടങ്ങും. ഇടക്കിടെ വന്നിരുന്ന ഈ തലവേദന ഇരുപത് വയസ്സിന് ശേഷം ഉണ്ടായിട്ടില്ല.

ജയശ്രീ സ്‌കൂൾകാല സഹപാഠിയായ ലൈലയുടെ (ഇടത്തെ അറ്റത്ത്) മകന്റെ വിവാഹ സമയത്ത്

പല വിധ സമ്മർദ്ദങ്ങളാൽ രക്തക്കുഴലുകൾ നില വിട്ട് ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നത് കൊണ്ടാണിതുണ്ടാകുന്നത്. ചില ചുറ്റുപാടുകളും ജനിതക സ്വാധീനവും ഇതുണ്ടാക്കുന്നു എന്നല്ലാതെ കൃത്യമായ കാരണം പറയാൻ കഴിയില്ല. ഓറ എന്ന് വിശേഷിപ്പിക്കുന്ന മുൻ സൂചനകൾ ഇതിനുണ്ടാകും. ഓരോ വ്യക്തികൾക്കുമുണ്ടാകുന്ന ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും. ആദ്യം ഇതുണ്ടായപ്പോൾ പല കടും നിറങ്ങൾ ചേർത്ത ചിത്രങ്ങളുള്ള ഒരു പാവാടയായിരുന്നു ഞാനിട്ടിരുന്നത്. പിന്നീട് അതിലേക്ക് നോക്കുമ്പോൾ, അത് ആവർത്തിക്കുമോ എന്ന് ഞാൻ ഭയന്നു. അതിനെ കുറിച്ച് അന്ന് വായിച്ച് മനസ്സിലാക്കിയാണ് ഭയം മാറ്റിയത്. ഡോക്ടറായപ്പോൾ, കുറച്ച് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്ന ഒരു യുവതിക്ക് മൈഗ്രൈനും വരുന്നതായി ഒരിക്കൽ പരാതിപ്പെട്ടു. അതെ പറ്റി വായിച്ച് നോക്കാൻ ഞാൻ അവളോട് പറഞ്ഞു. അടുത്ത തവണ വന്നപ്പോൾ നല്ല കയ്യക്ഷരത്തിൽ ഒരു വലിയ പ്രബന്ധം എഴുതികൊണ്ട് വന്ന് അവൾ എനിക്ക് സമർപ്പിച്ചു. അത് ഞാൻ കുറേക്കാലം സൂക്ഷിച്ചു. പിന്നീട് കുറേ നാളത്തേക്ക് അതിൽ നിന്ന് അവൾ മോചിതയായതായി കണ്ടു. വായന ചിലപ്പോൾ തെറാപ്പിയുടെ ഗുണം തരും.

അറുപതുകളിൽ, എന്റെ സ്‌കൂൾ കാലത്ത് പുറത്തിറങ്ങിയിരുന്ന മിക്കവാറും എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളും വീട്ടിൽ ഉണ്ടായിരുന്നു. പുസ്തകങ്ങൾ അധികം ഉണ്ടായിരുന്നില്ല. ലൈബ്രറികളിൽ പോകാനൊന്നും പെൺകുട്ടികൾക്ക് അവസരമുണ്ടായില്ല. കേരളത്തിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളായ വായനശാലകൾ ഇന്നും ആണിടങ്ങളായി തുടരുന്നുണ്ട്. പുറം ലോകത്തെ അറിയാനുള്ള ഒരു പ്രധാന വഴി വാരികകളിൽ വരുന്ന രചനകളായിരുന്നു. കഥകളും നോവലുകളും വേറൊരു ലോകം തുറന്നു തന്നു. ചിലപ്പോൾ ആ ലോകത്ത് ജീവിക്കുന്നത് പോലെ തന്നെയാണ് അനുഭവപ്പെട്ടിരുന്നത്. പരീക്ഷക്കാലത്ത് ഇതൊന്നും വായിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അത് കൊണ്ട് അവസാന ദിവസം പരീക്ഷ എഴുതുമ്പോൾ ഉത്സവം പോലെയാണ്. എഴുതുന്നതിനോടൊപ്പം വീട്ടിലെത്തി മറ്റു വായനകൾ തുടങ്ങുന്നതിനെ പറ്റി ആഹ്ലാദിക്കും. കഥകളിലെ വിവരണങ്ങൾ ഭാവനയുടെ ലോകം വളർത്തി കൊണ്ടിരുന്നു. അന്നേതോ കഥയിൽ വായിച്ച പാവുട്ടക്കാട് ഞങ്ങളുടെ പറമ്പിനടുത്തുള്ള, പാറക്കഷണങ്ങൾക്കിടയിലുള്ള ഒരു ചെടിക്കൂട്ടമായി ഞാൻ സങ്കൽപ്പിച്ചു. ഇത്തരം കാര്യങ്ങളിൽ ഞാൻ അനിയത്തിയേയും കൂടെ കൂട്ടി, ഞങ്ങളുടേതു മാത്രമായ ഒരു പ്രപഞ്ചം സൃഷ്ടിച്ചു. സ്‌കൂളിലെ പല അനുഭവങ്ങളും അതിശയോക്തി കലർത്തി അവളെ പറഞ്ഞു കേൾപ്പിച്ചിരുന്നു. സ്‌കൂളിന്റെ അടുത്തുണ്ടായിരുന്ന കൂനുള്ള നീലാണ്ടന്, ""കൂനാണ്ടൻ'' എന്ന പേര് നൽകി ഒരത്ഭുത മനുഷ്യനായി ഒരു പാട് കാലം ഞാൻ നില നിർത്തി.

സഹോദരി രാജശ്രീയ്ക്കൊപ്പം ജയശ്രീ

ഞാൻ ഏഴാം ക്ലാസിലോ മറ്റോ പഠിക്കുമ്പോഴാണ് വീട്ടിൽ റേഡിയോ വാങ്ങിയത്. അന്ന് ഏറ്റവും ക്വാളിറ്റി ഉണ്ടെന്ന് പറഞ്ഞ് ഫിലിപ്‌സിന്റെ വലിയ റേഡിയോ അച്ഛൻ വാങ്ങി കൊണ്ട് വന്നു. ഒരു വിശിഷ്ടാതിഥിയെ എന്ന പോലെയാണ് അതിനെ ഞങ്ങൾ സ്വീകരിച്ചത്. പൊക്കമുള്ള സ്റ്റാന്റും മൂടി വക്കാനുള്ള വിരിപ്പും അകമ്പടിയായി വന്നു. അന്ന് ഇന്നത്തെ പോലെ സ്വകാര്യ നിലയങ്ങളൊന്നുമില്ല. ആകാശവാണി മാത്രമാണുണ്ടായിരുന്നത്. എന്തായാലും അറിവിന്റെയും ആഹ്ലാദത്തിന്റെയും ഒരു പുതിയ ലോകം ഞങ്ങൾക്ക് കിട്ടി. ആദ്യ ദിവസങ്ങളിൽ വയലും വീടും ഉൾപ്പെടെ മുഴുവൻ പരിപാടികളും വിടാതെ കേട്ട് കൊണ്ടിരുന്നു. പത്രത്തിൽ നിന്ന് പരിപാടികളുടെ ലിസ്റ്റ് നോക്കി ഓരോന്നിന്റെയും സമയം പഠിച്ച് വച്ചു. സിനിമാഗാനങ്ങളും ശാസ്ത്രീയ സംഗീതവുമായിരുന്നു എനിക്ക് പ്രിയപ്പെട്ടത്. അറുപതുകളിലെയും എഴുപതുകളിലെയും സിനിമാപ്പാട്ടുകൾ ഇപ്പോഴും എല്ലാവരും ആസ്വദിക്കുന്നവയാണല്ലോ. സിനിമാപ്പാട്ടുകൾ അക്കാലത്ത് പുതിയ സംസ്‌കാരത്തിന്റെ തുറവിയായിരുന്നു. അന്ന് ഞങ്ങൾ അവ അനുഭവിച്ചത് പോലെയായിരിക്കില്ല പിന്നീട് വന്ന തലമുറകൾ അനുഭവിച്ചിട്ടുണ്ടാവുക. ഓരോ സിനിമാപ്പാട്ടും അത് കടന്നു വന്ന സമയത്ത് നമ്മുടെ ഉള്ളിൽ നിറഞ്ഞു നിന്നവരുടെയും ചുറ്റുപാടിന്റെയും മണം അവശേഷിപ്പിക്കും. എല്ലാ കാലവും അത് ഒപ്പമുണ്ടാകും. റേഡിയോ അത് കൊണ്ട് തന്നെ എന്നും പ്രിയപ്പെട്ടതാണ്. അന്ന് മുതൽ പഠിക്കുന്നതിന് അകമ്പടിയായി റേഡിയോയും പാട്ടും എനിക്ക് അനിവാര്യമായി. മെഡിക്കൽ കോളേജിൽ പഠിക്കുമ്പോഴും ഹോസ്റ്റലിലെ റേഡിയോ റൂമിലായിരുന്നു എന്റെ പഠിപ്പ്. എന്നെപ്പോലെ തന്നെ, മുഖം നിറയെ മുഖക്കുരുക്കളുള്ള ഒരു കൂട്ടുകാരിയും റേഡിയോ റൂമിൽ സ്ഥിര വാസത്തിനുണ്ടായിരുന്നു. അവളെയും അവളുടെ മുഖക്കുരുക്കളെയും ഞാൻ അക്കാലത്ത് വളരെ സ്‌നേഹിച്ചു. 1982 ൽ ഏഷ്യാഡ് എന്ന പേരിൽ ഏഷ്യൻ ഗെയിംസ് ഇന്ത്യയിൽ വന്നപ്പോഴാണ് ടെലിവിഷൻ പ്രചാരത്തിലായത്. കോളേജ് ഹോസ്റ്റലിൽ ആദ്യം ടെലിവിഷൻ വന്ന ദിവസം റൂമിലെ തിരക്ക് കാരണം ജനൽപടി മുകളിൽ കയറി നിന്നൊക്കെയാണ് കണ്ടത്. ഏതായാലും അത് റേഡിയോ റൂമിൽ സ്ഥാപിച്ചതോടെ ഞങ്ങളുടെ സ്വകാര്യത നഷ്ടമായി.

ഓഡിയോ കാസറ്റുകൾ ഇറങ്ങിയ സമയത്ത് പത്താം ക്ലാസിലെ രത്നാകരൻ ഒരു ഓഡിയോ കാസറ്റ് വാങ്ങി സ്‌കൂളിന് സംഭാവന നൽകി. ""അശോക പൂർണ്ണിമ വിടരും വാനം, അനുഭൂതികൾ തൻ രജനീ യാമം'' എന്ന് തുടങ്ങി യേശുദാസ് പാടിയ ഗാനമായിരുന്നു അത്. യേശുദാസിന്റെ പാട്ടുകൾ എല്ലാം തന്നെ യുവാക്കൾക്ക് അനുഭൂതി ഉണ്ടാക്കിയിരുന്നു. തുടർന്ന് പലരും കാസറ്റുകൾ വാങ്ങി നൽകുകയും, സ്‌കൂൾ അഭിമാനത്തോടെ അവ സ്വീകരിക്കുകയും ഞങ്ങൾക്ക് കേൾപ്പിച്ച് തരുകയും ചെയ്തു. കൊല്ലത്ത് വിമൻസ് കോളേജിൽ പഠിക്കുമ്പോൾ അവിടെ യേശുദാസിനെ ക്ഷണിച്ച് ഒരു പരിപാടി നടത്തിയിരുന്നു. തൊട്ടപ്പുറത്തുള്ള മെൻസ് കോളേജിലെ സംഘം ഞങ്ങളുടെ മതിൽ ഇടിച്ച് തകർത്ത് അകത്ത് വന്ന് പരമാവധി ശല്യമുണ്ടാക്കി. യേശുദാസ് വിഷാദം നിറഞ്ഞ കണ്ണുകളുമായി ഞങ്ങൾ ആവശ്യപ്പെട്ട പാട്ടുകൾ പാടി കൊണ്ടിരുന്നു. വെള്ള വേഷവും മിനുക്കിയ മുഖവുമായി ദാസും തിളങ്ങുന്ന നീല സാരിയണിഞ്ഞ പ്രഭയും ചേർന്ന് അന്നെടുത്ത ഫോട്ടോ കുറേക്കാലം ഞങ്ങൾ സൂക്ഷിച്ചു വച്ചു. ഉറക്കം വരാത്ത രാത്രികളിലും ദാസിന്റെ ഗാനങ്ങൾ എവിടെ നിന്നോ ഒഴുകിയെത്തി .

അന്ന് ചെന്നൈ വാനലൈ നിലയം, ശ്രോതാക്കൾ ആവശ്യപ്പെടുന്ന ചലച്ചിത്രഗാനങ്ങൾ പ്രക്ഷേപണം ചെയ്തിരുന്നു. അത് സിലോണിൽ നിന്നായിരുന്നു എന്നാണെന്റെ ഓർമ. ആവശ്യപ്പെടുന്നവരുടെ ഒരു നീണ്ട നിര പേരുകൾ തമിഴ് ചുവയിലൂടെ അവതാരക വായിക്കുന്നത് കേൾക്കാൻ ബഹുരസമായിരുന്നു. തങ്ങളുടെ പേര് റേഡിയോയിലൂടെ പറഞ്ഞു കേൾക്കാൻ കൊതിയുള്ള സാധാരണക്കാരാണ് ഈ നീണ്ടനിര പേരുകൾ അയക്കുന്നത്. ഇതിൽ കൗതുകം പൂണ്ട രസികരായ ഞങ്ങളുടെ നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാർ ഒരു തമാശ ഒപ്പിച്ചു. നാട്ടിൽ ഇരട്ടപ്പേരുള്ളവരുടെ എല്ലാം പേരുകൾ അതോട് കൂട്ടിച്ചേർത്ത് പാട്ടാവശ്യപ്പെട്ടു. ചക്കയിൽ സദാനന്ദൻ, കാക്കയിൽ മനോഹരൻ, കാലയിൻ സുകുമാരൻ എന്നിങ്ങനെ പ്രാസമൊപ്പിച്ച് ഒരു നീണ്ട നിര പേരുകൾ. തമിഴ് പോലെയുള്ള മലയാളത്തിൽ ഗൗരവത്തോടെ അവർ ഈ പേരുകൾ വായിച്ചത് കുറേക്കാലം എല്ലാവരെയും ചിരിപ്പിച്ചു. യുവാക്കളുടെ ഇത്തരം ഏർപ്പാടുകളിലൊന്നും ചെന്ന് പെടാൻ എന്നെ പോലെയുള്ള പെൺകുട്ടികൾക്ക് സാധിക്കുമായിരുന്നില്ല. അവരൊക്കെയായി കുറെയൊക്കെ ഇടപെടാൻ കഴിഞ്ഞിരുന്ന കൂട്ടുകാരികളിൽ നിന്നാണ് ഈ വിവരങ്ങൾ എനിക്ക് ലഭിച്ചത്.

പാട്ടും നൃത്തവും ഇഷ്ടപ്പെട്ടിരുന്നു എങ്കിലും അവ പഠിക്കാനുള്ള അവസരം എനിക്ക് കിട്ടിയില്ല. അതിനൊക്കെ പോയാൽ പഠിക്കാനുള്ള സമയം നഷ്ടമാകുമെന്നായിരുന്നു അന്നൊക്കെ മുതിർന്നവരുടെ വിചാരം. പലയിടത്തും പഠിക്കാനൊക്കെ പോയാൽ പെൺകുട്ടികൾക്ക് ഉണ്ടായേക്കാവുന്ന അപകടങ്ങളും അതിൽ നിന്ന് അവരെ പിന്തിരിപ്പിച്ചിരുന്നിരിക്കാം. പല മത്സരങ്ങളിലും ഒന്നാം സ്ഥാനം കിട്ടിയിരുന്നെങ്കിലും, ഉയർന്ന തലത്തിൽ മറ്റു സ്ഥലങ്ങളിൽ പോയി മത്സരിക്കുന്നത് വീട്ടിൽ നിരുത്സാഹപ്പെടുത്തിയിരുന്നു. എങ്കിലും ഒരു തവണ കൊല്ലം ജില്ലയിൽ തന്നെയുള്ള അഞ്ചൽ എന്ന സ്ഥലത്ത് ഒരു കലോത്സവത്തിന് പോകാനിടയായി. അവിടെ പങ്കെടുക്കാനെത്തിയ കുട്ടികളുടെ പ്രസരിപ്പും കഴിവുകളും കണ്ടപ്പോൾ ഞങ്ങൾ ഇക്കാര്യത്തിലൊക്കെ വളരെ പിന്നിലാണെന്ന് മനസ്സിലായി. പരിചയപ്പെട്ട കലാകാരികളുമായി കത്തിലൂടെയോ മറ്റോ ദീർഘകാലബന്ധം സൂക്ഷിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അതൊന്നും നടന്നില്ല. പിന്നീട് ഒരു ദിവസം ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ അതിൽ ഒരാൾ അവിടുത്തെയാണെന്ന് കണ്ട് അത്ഭുതത്തോടെ സന്തോഷിച്ചു. ഞാൻ മത്സരിച്ചിരുന്നത് കവിതാ പാരായണത്തിനായിരുന്നു. മലയാളസാഹിത്യം പഠിക്കാനില്ലാതിരുന്നത് കൊണ്ട് അമ്മയുടെ സഹായത്തോടെയാണ് ഒരു കവിത തെരഞ്ഞെടുത്തത്. ഇടശ്ശേരിയുടെ "നാലിതൾ പൂവ്' എന്ന കവിതയായിരുന്നു അത്. ""കുട്ടനോരോമന പൊൻ പനിനീർച്ചെടി മുറ്റത്ത് നട്ടു നനച്ചിരുന്നു'' എന്ന് തുടങ്ങുന്ന കവിത. അതിന്റെ അർത്ഥമൊന്നും അന്ന് ഗ്രഹിച്ചിരുന്നില്ല എന്നത് ഈയിടെ ഒരു നിരൂപണം വായിച്ചപ്പോൾ മനസ്സിലായി. മറ്റുള്ളവരൊക്കെ അവിടെ കവിത ആലപിച്ചത് രാഗാത്മകമായി നീട്ടിയൊക്കെയായിരുന്നു. ഞാനാകട്ടെ, ഒരേ മട്ടിൽ ഒരേ ഈണത്തിൽ. കഴിഞ്ഞപ്പോൾ അവിടെ നിന്ന് രക്ഷപെട്ടാൽ മതിയെന്ന് തോന്നലായിരുന്നു എങ്കിലും ഫലം വന്നപ്പോൾ എന്നെ അതിശയിപ്പിച്ചുകൊണ്ട് രണ്ടാമത്തെ സ്ഥാനം ലഭിച്ചു.

പരിചയമണ്ഡലവും സുഹൃദ്വലയവും വലുതാക്കാനാണ് വളരുന്ന സമയത്ത് നമ്മൾ ശ്രമിക്കുന്നത്. ആയിടെ തുടങ്ങിയ ബാലമാസിക ഓരോ ലക്കവും ഞങ്ങൾ ആദ്യവസാനം നുകർന്നു. അതിൽ തൂലികാസൗഹൃദത്തിനാഗ്രഹിക്കുന്നവരുടെ ചിത്രവും വിലാസവും നൽകിയിരുന്നു. കണ്ണൂർ, ചൊവ്വയിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ വിലാസവും അക്കൂട്ടത്തിലുണ്ടായിരുന്നു. ചൊവ്വ എന്ന സ്ഥലപ്പേര് ഞങ്ങൾക്ക് കൗതുകമുണ്ടാക്കി. അത് വരെ ഒരു ഗ്രഹമെന്നല്ലാതെ ഭൂമിയിൽ ചൊവ്വ ഉണ്ടെന്ന് വിചാരിച്ചില്ല. ആ പെൺകുട്ടിക്ക് കത്തയച്ച് ആകാംക്ഷയോടെ ഞങ്ങൾ കാത്തിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും മറുപടി കിട്ടാതെ നിരാശപ്പെട്ടു. ഇപ്പോഴും ചൊവ്വയിലെത്തുമ്പോൾ അന്നത്തെ പെൺകുട്ടിയുടെ മുഖഛായ ഉള്ള സ്ത്രീകളെ അറിയാതെ തെരഞ്ഞു പോകാറുണ്ട്.

അന്നത്തെ വാരികകളിൽ വന്നിരുന്ന കാർട്ടൂൺ പംക്തികളിൽ, ജനയുഗത്തിൽ വന്ന യേശുദാസന്റെ ചന്തുവും മനോരമയിലെ ടോംസിന്റെ ബോബനും മോളിയും രസം പിടിപ്പിച്ചു എങ്കിലും എനിക്കേറ്റവും ഇഷ്ടം ജി. അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും ആയിരുന്നു. അതിലെ കഥാപാത്രങ്ങളായ രാമുവും ഗുരുജിയും ലീലയുമൊക്കെ ഒപ്പം ജീവിക്കുന്നവരെ പോലെയായിരുന്നു. രാമു എന്ന ചെറുപ്പക്കാരന്റെ പ്രധാന പ്രശ്‌നം, അന്നത്തെ കാലത്തെ മദ്ധ്യവർഗ ചെറുപ്പക്കാരെ പോലെ തൊഴിലില്ലായ്മ ആയിരുന്നു. കാലക്രമത്തിൽ രാമുവിന്റെ ചുറ്റുപാടുകൾക്കും പ്രകൃതത്തിനും മാറ്റം വരുന്നുണ്ട്. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചും ജോലിക്കായുള്ള അപേക്ഷകളും മറ്റും അഭ്യസ്തവിദ്യരുള്ള വീടുകളിലൊക്കെ പറഞ്ഞു പതിഞ്ഞ കാര്യങ്ങളായിരുന്നു.

എന്റെ അടുത്ത ബന്ധുവായ ഗോമതി അക്കയും പഠിത്തം പൂർത്തിയാക്കി അന്ന് ജോലി തേടി കൊണ്ടിരുന്നു. എഴുത്ത് പരീക്ഷകളും ഇന്റർവ്യൂവും അവർ നിരന്തരമായി ചെയ്തുകൊണ്ടിരുന്നു. ഞങ്ങളുടെ അഡ്രസ് നല്കിയിരുന്നതു കൊണ്ട്, ഇതിനായുള്ള പോസ്റ്റുകളൊക്കെ വീട്ടിലാണ് വന്നു കൊണ്ടിരുന്നത്. ഓരോ പ്രാവശ്യവും വരുന്ന കത്തുകൾ കൊണ്ട് കൊടുക്കാനായി ഞാൻ അവരുടെ വീട്ടിലേക്ക് പോയി. എന്റെ അച്ഛൻ ജനിച്ചു വളർന്ന വീടായിരുന്നതിനാൽ അതിനോട് വളരെ അടുപ്പം തോന്നിയിരുന്നു. വെള്ള മണൽ തൂവിയ മുറ്റവും അതിൽ പളുങ്ക് പോലെ ചിതറി കിടന്ന മഞ്ചാടിയും കുന്നിക്കുരുവും അവിടെ പോകാനുള്ള ഉത്സാഹം കൂട്ടി. വേനൽ കാലത്ത് ഞങ്ങളുടെ കിണർ വറ്റുമ്പോൾ, വെള്ളം കോരി കൊണ്ട് വരാനും കുളിക്കാനും അവിടെയാണ് പോയിരുന്നത്.

ജോലി കിട്ടാത്തത് കൊണ്ടാകാം, ഗോമതി അക്ക എപ്പോഴും ചിന്തയിലാണ്ടത് പോലെ കാണപ്പെട്ടു. അമ്മയോടൊക്കെ സംസാരിക്കുന്നതിൽ നിന്ന് ജോലിക്കായുള്ള പ്രതീക്ഷയുടെ ആഴം എനിക്ക് ബോധ്യപ്പെട്ടിരുന്നു. ഒരിക്കൽ ഒരു തുന്നൽ ടീച്ചറിന്റെ പോസ്റ്റിലേക്കുള്ള പരീക്ഷയ്ക്കായി അവർക്ക് തിരുവന്തപുരത്തേക്ക് പോകേണ്ടിയിരുന്നു. ഒപ്പം അച്ഛനും ഞാനും പോയി. ആദ്യമായി തിരുവനന്തപുരം നഗരവും മ്യൂസിയവുമൊക്കെ കാണുന്നത് അപ്പോഴാണ്. മ്യൂസിയത്തിൽ അന്ന് കണ്ട പച്ചിലപ്പാമ്പ് പല നിറത്തിലും ചിറക് വിരിച്ചും പിന്നീട് എന്റെ സ്വപ്നങ്ങളിൽ പതിയെ പറന്ന് നീങ്ങി. പരീക്ഷ എഴുതാനായി ഗോമതി അക്കയുടെ രണ്ട് കൂട്ടുകാരികളും ഒപ്പമുണ്ടായിരുന്നു. മൂന്നു യുവതികളുടെയും ഉത്കണ്ഠയും സന്തോഷവും എല്ലാം ഞാനും പങ്ക് വച്ചു. മെഡിക്കൽ കോളേജിൽ എത്തുന്നത് വരെ തൊഴിലിനെ കുറിച്ചുള്ള ഉത്കണ്ഠ എന്നെയും ബാധിച്ചിരുന്നു. അച്ഛൻ ഇടക്കിടെ തന്നിരുന്ന ഉപദേശവും തൊഴിൽ നേടുന്നതിനെ കുറിച്ചായിരുന്നു. വിവാഹത്തെ പറ്റി അച്ഛൻ ഉപദേശിക്കുകയോ ഞാൻ സ്വപ്നം കാണുകയോ ചെയ്തില്ല. പ്രണയവും വിവാഹവുമൊക്കെ രാമുവിനെ പോലെ ഞങ്ങളും പിന്നിലേക്കൊതുക്കിവച്ചു. അത് ആ കാലത്തിന്റെയോ ഞങ്ങൾ നിലകൊണ്ട സാമൂഹ്യമായ ഇടത്തിന്റെയോ സവിശേഷതയാകാം. ▮

​​​​​​​(തുടരും)

* തലക്കെട്ടിന് ജി. അരവിന്ദന്റെ കാർട്ടൂൺ പരമ്പരയോട് കടപ്പാട്


കനി കുസൃതി

ഡോ: എ.കെ. ജയശ്രീയുടെ മകൾ. നാടക- സിനിമ ആക്ടർ.

ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments