സ്കൂൾ കാലഘട്ടത്തിലെ ചിത്രം

കൗമാര കാമനകൾ

എഴുകോൺ-3

​അവ്യക്തവും തെറ്റിദ്ധാരണകളുണ്ടാക്കുന്നതുമായ കേട്ടു കേഴ്വികളാണ് അന്നൊക്കെ ലൈംഗികതയെ പറ്റി ഞങ്ങൾ പെൺകുട്ടികൾക്കുണ്ടായിരുന്നത്. ഇപ്പോഴും എല്ലാ കാര്യത്തിലും ശരിയായ ധാരണ യുവാക്കൾക്ക് ഉണ്ടോ എന്നത് സംശയമാണ്

ചിത്രം രൂപപ്പെടും മുൻപ് നിറക്കൂട്ടുകൾക്ക് മുന്നിൽ അന്ധാളിച്ചു നിൽക്കുന്ന ചിത്രകർത്താവിനെ പോലെയാണ് കൗമാരമനസ്​. നേർത്ത ഭേദങ്ങളോടെ, നിറങ്ങളുടെ പ്രളയം. അവയിൽ ഏതൊക്കെ തൊട്ടു ചേർക്കണം എന്നറിയില്ല. ഏതൊക്കെ ‘സ്വയം രചന’യിൽ അലിഞ്ഞു ചേരുന്നു എന്നൊന്നും എപ്പോഴും തിരിച്ചറിയുക പോലുമില്ല. അവ്യക്തമായ ഒരു രൂപരേഖ അവിടെ ഉണ്ടായിരിക്കുകയും ചെയ്യും.

അറിയാത്തതിലേക്കുള്ള ആകർഷണത്തിന്റെ പാരമ്യം കൗമാരത്തിലാണ് അനുഭവിക്കാനാവുന്നത്. ഞങ്ങളുടെ കാലത്തെ, ഗ്രാമീണ സ്‌കൂളുകൾ അതിനുള്ള വേദിയൊരുക്കിയതായി ഞാൻ വിചാരിക്കുന്നു. അവിടെ വർഗ വ്യത്യാസവും ഒരു പരിധി വരെ ജാതി മതവ്യത്യാസങ്ങളുമില്ലാതെ കുട്ടികൾ കടന്നുവന്നു. വിദ്യാഭ്യാസത്തിൽ മികച്ചു നിന്ന അപൂർവ്വം രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ അടുത്ത ടൗണിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കയച്ചു. നാട്ടിലെ പണക്കാരുടെയും പാവപ്പെട്ടവരുടെയും, പല ജാതിയിലും മതത്തിലും പെട്ടവരുടെയും പെൺകുട്ടികളും ആൺകുട്ടികളും കലർന്ന് പഠിക്കുന്നതായിരുന്നു ഞങ്ങളുടെ സ്‌കൂളിടം. തീർച്ചയായും അവരുടെ അനുഭവങ്ങൾ വ്യത്യസ്തമായിരുന്നിരിക്കണം. ഉച്ചക്ക് ഭക്ഷണം കഴിക്കാനില്ലാത്തവരും കൂടെ പഠിച്ചിരുന്നു. അന്ന് ചെറിയ ക്ലാസ്സിൽ മാത്രമേ ഉച്ച ഭക്ഷണം ഉണ്ടായിരുന്നുള്ളൂ. പല പ്രാവശ്യം തോറ്റതിനാൽ പ്രായം കൂടിയവരും അവിടെ ഉണ്ടായിരുന്നു.

ഉയരത്തിനനുസരിച്ചായിരുന്നു ക്ലാസിൽ ഞങ്ങളെ ഇരുത്തിയിരുന്നത്. പൊക്കം കുറഞ്ഞവർക്കാണ് മുൻപിലത്തെ സീറ്റ്. പൊക്കം കൂടിയതിനാൽ ഞാൻ സീനിയർ ആളുകൾക്കൊപ്പമായി വന്നു. അതെനിക്കിഷ്ടവുമായിരുന്നു. അവരുടെ ലോകം ഞാനാസ്വദിച്ചു. ഒരേ പ്രൈമറി സ്‌കൂളിൽ പഠിച്ചവരൊക്കെ കൂടെ ഉണ്ടെങ്കിലും, മറ്റ് സ്‌കൂളുകളിൽ പഠിച്ച് വന്നവരായിരുന്നു കൂടുതൽ ആകർഷണം ഉളവാക്കിയത്. പഠിത്തത്തിൽ മികവ് പുലർത്തുന്ന കുട്ടികൾ എന്നും അധ്യാപകർക്ക് പ്രിയപ്പെട്ടവരായിരിക്കും. അതിനാൽ, ഞങ്ങൾക്ക് ആദ്യം മറ്റു സ്‌കൂളിൽ നിന്ന് വന്ന മിടുക്കികളോട് അൽപ്പം അകൽച്ച തോന്നിയെങ്കിലും പിന്നീട് അവർ വളരെ അടുത്ത കൂട്ടുകാരായി. പ്രായത്തെക്കാളധികം വളർച്ച ഉണ്ടായിരുന്ന ദേവിയും തീരെ മെലിഞ്ഞ സൂസനും പെട്ടെന്ന് പ്രിയമുള്ളവരായി.

ചിലരുടെ ഭാവങ്ങൾ വേറിട്ട് അനുഭവിക്കാൻ തുടങ്ങുകയും അവരെ സ്വന്തമാക്കാനുള്ള അഭിലാഷമുണ്ടാവുകയും അവരുടെ കൂട്ടുകാരോട് അസൂയ തോന്നുകയും ചെയ്യുമ്പോൾ, അത് പ്രണയത്തിന്റെ അനുരണനങ്ങളാകാം. അത് തിരിച്ചറിയാനുള്ള പ്രാപ്തി ബാല്യം പിന്നിട്ടവർക്ക് എത്രത്തോളം ഉണ്ടായിരിക്കുമെന്നറിയില്ല.

ശരീരത്തിന്റെ പാരവശ്യം

സാധാരണ സൗഹൃദത്തിനപ്പുറമായി, ചിലർ ഉറക്കം കെടുത്തുകയും, അവരെ വീണ്ടും കാണാൻ ആഗ്രഹം തോന്നുകയും ചെയ്യുക എന്ന പാരവശ്യം കൗമാര കാലത്താണ് തുടങ്ങുന്നത്. കലോത്സവം, സ്‌പോർട്‌സ്,

തെരഞ്ഞെടുപ്പ് തുടങ്ങി, തമ്മിൽ ഇടപെടാൻ കൂടുതൽ അവസരമുണ്ടാവുകയും ചില വ്യക്തിത്വങ്ങൾക്ക് തിളക്കം കൂടുകയും ചെയ്യുന്ന സന്ദർഭങ്ങൾ ഇതിന് പശ്ചാത്തലമാകുന്നുണ്ട്. തെരഞ്ഞെടുപ്പ് ജനങ്ങളുടെ ഉത്സവമാകുന്നത് പോലെ സ്‌കൂൾ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് ഉത്സവം തന്നെയാണ്. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകുന്നവർക്ക് പ്രത്യേക പരിവേഷമുണ്ടാകും. അവർ ആദർശ വനിതകളോ പുരുഷന്മാരോ ആയി ഉള്ളിൽ കുടിയേറാൻ സാധ്യതയുണ്ട്.

അന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച സീനിയറായ വനജാക്ഷിയമ്മ എന്റെ ഉറക്കം കെടുത്തി. തെരഞ്ഞെടുപ്പിൽ അവർ ജയിച്ചോ എന്നിപ്പോൾ ഓർക്കുന്നില്ല. പ്രചാരണത്തിനായി നടന്ന് ക്ഷീണിച്ച മുഖവും, ദുഃഖഭാവവും മെലിഞ്ഞ ശരീരവും ചെമ്പിച്ച് നീണ്ട തലമുടിയും രോഗിയാണെന്ന ഭാവവും എന്നെ അവരിലേക്ക് അടുപ്പിച്ച് കൊണ്ടിരുന്നു. അതവരോടോ, മറ്റാരോടെങ്കിലുമോ ഇതുവരെ പറഞ്ഞിട്ടില്ല. പിന്നീട് ഇതേ രൂപമുള്ള വസുമതിയമ്മ എന്ന മറ്റൊരു സീനിയർ വിദ്യാർത്ഥിനിയും, എന്റെ ക്ലാസിൽ പിന്നീട് വന്നുചേർന്ന ശാരദാമ്മയും ഇതേ അനുഭവങ്ങളുണ്ടാക്കി. മൂന്നു പേരുടെയും ശരീരഘടനയും ഭാവവും, ഒരേപോലെ എന്ന് മാത്രമല്ല, പേരിന്റെ അവസാനം "അമ്മ' എന്ന അനുബന്ധവുമുണ്ടായിരുന്നു. അവരോടുള്ള ആകർഷണം എനിക്ക് മാത്രമുള്ളതായിരുന്നോ, നമ്മുടെ സംസ്‌കാരത്തിന്റെ അബോധത്തിലാണ്ട പൊതുവായ സൗന്ദര്യ ഭാവനയാണോ എന്ന് തിരിച്ചറിയാനായിട്ടില്ല. പേരിനോടൊപ്പം "അമ്മ' ചേർക്കുന്നത് എനിക്കൊട്ടും ഇഷ്ടമില്ലാത്തതാണ്. "അമ്മ' എന്നത് പ്രൗഢിയെ കുറിക്കുന്നതാണ്. കനിക്ക് ഞങ്ങൾ പേരിട്ടപ്പോൾ, എന്റെ അച്ഛൻ തമാശ രൂപത്തിൽ പറഞ്ഞു. "വെറും കനി മതിയോ, കനിയമ്മ എന്നോ മറ്റോ ആക്കിക്കൂടെ' എന്ന്. പേരിന്റെ സെൻസിബിലിറ്റി എന്തുതന്നെ ആയാലും ഈ മൂന്നു പേരും എന്നെ അവരിലേക്കടുപ്പിച്ചു.

എന്റെ ശരീരവും മെലിഞ്ഞതായിരുന്നു എങ്കിലും അവരുടേതിനോട് സാമ്യമുണ്ടായിരുന്നില്ല എന്ന് തോന്നുന്നു. എന്റെ രൂപത്തോട് ചുറ്റുമുള്ളവർ സഹതാപത്തോടെയാണ് പ്രതികരിച്ചിരുന്നത്. സാമാന്യം തടി ഉണ്ടായിരുന്ന അമ്മയോടും അച്ഛനോടും, നിങ്ങളീ കൊച്ചിന് ഒന്നും തിന്നാൻ കൊടുക്കില്ലേ എന്ന് അവർ ചോദിച്ചിരുന്നു. കണ്ണുകൾക്ക് ക്ഷീണം തോന്നുന്നതായും രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നതായും എനിക്കും ചിലപ്പോൾ തോന്നി. ഗാംഭീര്യവും കരുതലും ഒപ്പമുണ്ടായിരുന്ന ഞങ്ങളുടെ ഹെഡ് മാസ്റ്ററും എന്റെ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തി. ഇതേ തുടർന്ന് അച്ഛൻ എന്നെ അടുത്ത ടൗണിലെ ഡോക്ടറെ കാണിക്കാൻ ഇടക്കിടെ കൊണ്ടുപോയിരുന്നു. യാത്രയും പുതിയ അനുഭവങ്ങളും ഇഷ്ടപ്പെട്ടിരുന്നത് കൊണ്ട് ഞാനും മടിയില്ലാതെ പോയി.

പരിശോധനയിൽ യാതൊരു കുഴപ്പവുമില്ലാത്തതു കൊണ്ട് ഫോസ്ഫോമിൻ എന്ന ടോണിക്, ഡോക്ടർ എഴുതി തന്നു. പച്ച നിറവും ആൽക്കഹോൾ മണവും മധുരവുമുള്ള ടോണിക് കുടിക്കാൻ ഞാനിഷ്ടപ്പെട്ടു. ഇത് കൂടാതെ പ്രശസ്ത വൈദ്യനായിരുന്ന ഞങ്ങളുടെ സ്‌കൂൾ മാനേജരും പല ആയുർവേദ മരുന്നുകളും തന്നിരുന്നു. അരിഷ്ടവും നെയ്യും ലേഹ്യവും രുചിയുള്ളതായതു കൊണ്ട് ഞാനതെല്ലാം ആസ്വദിച്ച് കഴിച്ചു. പലപ്പോഴും ആവശ്യത്തിലധികവും ആരും കാണാതെ കഴിച്ചു. കുട്ടികൾ ചേർന്ന് നടത്തിയിരുന്ന ഒളിച്ചു കളി പലപ്പോഴും ഇഷ്ടപ്പെട്ട വസ്തുക്കൾ ആരും കാണാതെ കഴിക്കാൻ കൂടിയാണ് ഞാൻ ഉപയോഗപ്പെടുത്തിയിരുന്നത്. ഒളിച്ചിരിക്കുന്ന സമയത്ത് സിഗ്‌നൽ കൊടുക്കാതെ ആരും അവിടേക്ക് കടന്നു വരാൻ പാടില്ലെന്നാണല്ലോ നിയമം.

കാമനകൾ ലിംഗ ഭേദങ്ങളിലൂടെ

പരിചിതവും സ്വായത്തമാക്കിയതുമായതിന്റെ അതിരുകൾ ഭേദിച്ച് അലയുകയാണ് കൗമാരമനസുകൾ ചെയ്യുന്നത്. അതിരുകടക്കൽ എത്രത്തോളം എന്നതിൽ മാത്രമാണ് വ്യത്യാസമുണ്ടാവുക. ഈ അലച്ചിലിലൂടെയാണ് മനുഷ്യർ വളരുന്നത്. ശരീര തൃഷ്ണകളെ രതിചോദനകളുടെ തലത്തിൽ മനസ്സിലാക്കുകയാണെങ്കിൽ, ഭിന്നവർഗ താൽപ്പര്യങ്ങളും സ്വവർഗ താൽപര്യങ്ങളും പ്രകടമായി

ഉരുത്തിരിയുന്നതിനു മുമ്പുള്ള സന്ദർഭം കൂടിയാണ് കൗമാര കാലം. ലൈംഗികാഭിമുഖ്യം രൂപപ്പെടുത്തുന്നതിന് ജീവശാസ്ത്രപരമായ അടിസ്ഥാനമുണ്ടെങ്കിലും ജീവിതത്തിലുടനീളം അത് കൃത്യമായി രണ്ടായി വേർ തിരിക്കാൻ കഴിയണമെന്നില്ല. ഭാവനകൾ, കാമനകൾ, ശരീരവും മനസ്സുകളും തമ്മിലുള്ള ഇഴുകിച്ചേരലുകൾ ഇവയെല്ലാം തന്നെ സാംസ്‌കാരികവും ഭൗതികവുമായ സാഹചര്യങ്ങൾക്കനുസരിച്ച് കൂടിയാണ് പ്രകടമാവുന്നത്. പെൺ കുട്ടികൾ അവർക്കിടയിലെ കളി തമാശകളിലൂടെയും പങ്ക് വക്കലുകളിലൂടെയും ഒക്കെയാണ് ലൈംഗികതയിലെ അൽപ്പമാത്രമായ അറിവ് നേടിയിരുന്നത്. മുതിർന്ന പെൺകുട്ടികൾ ചില പുസ്തകങ്ങൾ കൊണ്ട് വന്ന് അവരുടെ ഗ്രൂപ്പിൽ പങ്കുവക്കുകയും ഞങ്ങൾക്ക് തരാതിരിക്കുകയും ചെയ്തിട്ടുണ്ട്.

ആൺകുട്ടികളുടെ ലോകം അന്നെനിക്ക് ഒട്ടും പരിചിതമായിരുന്നില്ല. അത് അപകടം പിടിച്ച ലോകമാണെന്ന ഒരു ധാരണ മറ്റുള്ളവർ ഉണ്ടാക്കിയിരുന്നത് കൊണ്ടാകാം, അത്തരം അപകടങ്ങളിലേക്ക് പോകാതിരിക്കാൻ അതീവ ശ്രദ്ധാലുക്കളായിരുന്നു എന്റെ വീട്ടുകാർ. ബന്ധുക്കളായ ചില ചേട്ടന്മാർ മാത്രമാണ് അടുത്ത് ഇടപഴകിയിരുന്നത്. അതുപോലും അപകടമായേക്കാമായിരുന്നു എന്ന് വളർന്നപ്പോൾ തോന്നി. കുട്ടിയായിരുന്നപ്പോൾ കവിളിൽ ഉമ്മ വാങ്ങിയിരുന്ന ഒരാൾ വളരുമ്പോഴും അത് നൽകണമെന്ന് പറഞ്ഞതിൽ അപാകതയൊന്നും അപ്പോൾ തോന്നിയില്ല. എന്നാൽ, മുതിർന്നപ്പോൾ അയാൾ പറഞ്ഞതിലുള്ള ശരിയല്ലായ്മ തിരിച്ചറിഞ്ഞു. ഒരു ദിവസം വീട്ടിൽ സുഖമില്ലാതെ കിടന്നപ്പോൾ അച്ഛനെക്കാൾ പ്രായമുള്ള ഒരു അയൽ വാസി വീട്ടിലെത്തി എന്റെ കിടക്കക്കരികിൽ ഇരുന്നു. കുറച്ച് നേരം എന്റെ തലയും മുഖവും ഉഴിഞ്ഞ ശേഷം, എന്റെ വായിലേക്ക് വിരലുകൾ തിരുകി. അത് സ്വാഭാവികമല്ല എന്ന് തോന്നുകയും വയ്യാതിരുന്നിട്ടും, അസ്വസ്ഥതയാൽ എഴുന്നേറ്റ് അടുത്ത മുറിയിലേക്ക് പോവുകയും ചെയ്തു.

അമ്മയോട് പറഞ്ഞപ്പോൾ "അതൊന്നും അനുവദിക്കരുതെന്ന്' അമ്മ പറയുകയും അത് അസ്വസ്ഥത ഉണ്ടാക്കുന്ന ഓർമയായി അവശേഷിക്കുകയും ചെയ്തു.
കുട്ടികൾക്ക് അവരുടെ മേലുള്ള മുതിർന്നവരുടെ കടന്നു കയറ്റം മനസ്സിലാക്കാൻ വളരെ പ്രയാസമാണ്. സ്‌നേഹത്തോടെയുള്ള സ്പർശവും കടന്നുകയറ്റവും തമ്മിൽ വേർതിരിക്കാൻ എളുപ്പമല്ല. കുട്ടികളോടുള്ള ഈ ആൺതാൽപര്യം മനസ്സിലാക്കാൻ പൊതുവെ സ്ത്രീകൾക്ക് ബുദ്ധിമുട്ടാണ്. എന്നാൽ, അപൂർവമായാണെങ്കിലും ചില ബന്ധുക്കളായ സ്ത്രീകൾ തങ്ങളെ കുട്ടിക്കാലത്ത് ഉപദ്രവിച്ചതായി കൗൺസിലിംഗിനെത്തിയ ചില ആണുങ്ങളും പിൽക്കാലത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എങ്കിലും പുരുഷന്മാരുടെ ഇത്തരം പ്രവൃത്തികളുടെ വ്യാപ്തി ആലോചിക്കുമ്പോൾ അത് ഗൗരവത്തോടെ പഠിക്കുകയും ആൺ കുട്ടികൾക്ക് കുട്ടിക്കാലത്ത് നൽകുന്ന പരിശീലനങ്ങളിൽ, മര്യാദയോടെയുള്ള പെരുമാറ്റം ഉൾക്കൊള്ളിക്കുകയും വേണമെന്ന് തോന്നാറുണ്ട്.

അക്രമാസക്തമാകുന്ന ഈ ആൺമനസ്സിന്റെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് സങ്കല്പിക്കാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെങ്കിലും, അത് സാധിക്കാറില്ല. ഇത് പെൺ കുട്ടികൾക്ക് അവരോട് അറപ്പും വെറുപ്പുമാണ് ഉണ്ടാക്കുന്നതെന്ന് അറിയാൻ കഴിയാതെ പോകുന്നതെന്തുകൊണ്ടായിരിക്കും? ജീവശാസ്ത്രപരമായ എന്തെങ്കിലും അനിവാര്യമായ ഘടകങ്ങൾ അതിലുണ്ടോ? സാംസ്‌കാരികമായി ശിശു വിവാഹങ്ങൾ നടത്തിയിരുന്ന സാമൂഹ്യ പശ്ചാത്തലം ഇതിന് കാരണമായിട്ടുണ്ടോ? വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തികളിൽ നിന്ന് പോലും ഇത്തരം അനുഭവങ്ങളുള്ളതിന്റെ സാക്ഷ്യപ്പെടുത്തലുകൾ സ്ത്രീകൾ നടത്തുമ്പോൾ ഇത് ആഴത്തിൽ പഠിക്കേണ്ട വിഷയമായി എടുക്കേണ്ടതുണ്ട്.

അവ്യക്തവും തെറ്റിദ്ധാരണകളുണ്ടാക്കുന്നതുമായ കേട്ടുകേഴ്​വികളാണ് അന്നൊക്കെ ലൈംഗികതയെ പറ്റി ഞങ്ങൾ പെൺകുട്ടികൾക്കുണ്ടായിരുന്നത്. ഇപ്പോഴും എല്ലാ കാര്യത്തിലും ശരിയായ ധാരണ യുവാക്കൾക്ക് ഉണ്ടോ എന്നത് സംശയമാണ്. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസം നമ്മൾ നൽകുന്നില്ലല്ലോ. എന്തെങ്കിലും പഠിപ്പിക്കുന്നെങ്കിൽ അത് ആന്തരികമായി നടക്കുന്ന പ്രത്യുത്പാദനത്തെക്കുറിച്ചാണ്. ഇതൊന്നും എനിക്കറിയേണ്ട കാര്യങ്ങളല്ല എന്ന ധാരണയാണ് എനിക്ക് ആ കാലത്തുണ്ടായിരുന്നത്. മെഡിക്കൽ കരിക്കുലത്തിൽ പോലും ലൈംഗികത ഒരു പാഠ്യവിഷയമല്ലാത്തതുകൊണ്ട് അത് കഴിയുന്ന സമയത്ത് പോലും ശരിയായ ധാരണ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഗൂഢമായ അർത്ഥത്തിൽ പലരും പലതും പറയുന്നതല്ലാതെ യഥാർത്ഥത്തിൽ ഉള്ളത് അറിയാൻ കഴിഞ്ഞിരുന്നില്ല.

അഭിലാഷങ്ങളുടെ കുഴഞ്ഞ ലോകം

കൗമാര കാലത്ത് എനിക്ക് ആൺകുട്ടികളും ആണുങ്ങളും മിക്കവാറും ദുരൂഹത പേറുന്നവരായിരുന്നു. ഇഷ്ടപ്പെട്ടിരുന്നവർ ഗുരുക്കന്മാരും ഗുരുതുല്യരുമായതിനാൽ, ഒരു മിസ്റ്റിക് മറ ഇടയിലുണ്ടാവും. ഞങ്ങൾ പഠിച്ചിരുന്നത് മലയാള വിഷയത്തിന് പകരം സംസ്‌കൃതമായിരുന്നു. സംസ്‌കൃത കാവ്യങ്ങളിലെ ജീവിത വിവരണങ്ങൾ ഏതാണ്ട് സർറിയലിസം പോലെയാണ്. കുമാരസംഭവത്തിൽ പാർവതി ശിവനെ തപസ്സ് ചെയ്യുന്നതൊക്കെയായിരുന്നു തീവ്രമായ അഭിലാഷത്തിന്റെ മാതൃകകൾ. കാല്പനികതയെക്കാൾ ശരീരത്തിന്റെ കാമനക്കാണ് ഇതിലൊക്കെ പ്രാധാന്യം. അഭിലാഷ സിദ്ധി ഉണ്ടാകുന്നതുവരെ ശരീരം ചന്ദ്രക്കലപോലെ ശോഷിപ്പിക്കുക, ഭക്ഷണവും വെള്ളവും കഴിക്കാതെ നൂറ്റാണ്ടുകൾ ശരീരത്തെ പീഡിപ്പിക്കുക, ഇതൊക്കെയാണ് ആഗ്രഹപ്രാപ്തിക്കുള്ള റൂട്ട് മാപ്പ്​. ഇതിനിടെ ശാപമേറ്റ് ഭസ്മമാകാനും മതി. കാളിദാസനൊക്കെ കാവ്യമികവുകൊണ്ട് ആഴത്തിൽ സ്വാധീനിക്കുകയും ചെയ്യും. ഇത്തരം കാവ്യങ്ങളിൽ ആത്മാർത്ഥമായി മുഴുകുകയും, യഥാർത്ഥ ലോകത്ത് ജീവിക്കുകയും ചെയ്യുന്നത് വിചിത്രമായ കാര്യം തന്നെയാണ്. മലയാളസാഹിത്യം പഠിക്കാനും കഴിഞ്ഞില്ല.

അന്ന്, സമപ്രായക്കാരായ ആൺകുട്ടികളോട് പൊതുവെ, വലിയ താൽപര്യം തോന്നിയിരുന്നില്ല. ഓരോ സമയത്തും അധ്യാപകർക്ക് തോന്നുന്ന ഐഡിയക്കനുസരിച്ച് ആൺകുട്ടികളെ കൂടി ഒരേ ക്ലാസിൽ കൊണ്ടുവരികയും ചിലപ്പോൾ വേർതിരിക്കുകയും ചെയ്തുവന്നു. അങ്ങനെ ഒരിക്കൽ ആൺകുട്ടികൾ വന്ന കൂട്ടത്തിൽ ഒരുത്തൻ എന്റെ നേർക്ക് താൽപര്യംകൊണ്ട് ക്ലാസ് സമയത്ത് ആംഗ്യങ്ങൾ കാണിച്ച് തുടങ്ങി. മറ്റു പെൺകുട്ടികൾ ചെയ്യുന്നതുപോലെ ടീച്ചർമാരോട് പറഞ്ഞ് തല്ല് വാങ്ങി കൊടുക്കാൻ തോന്നിയില്ലെങ്കിലും തീരെ ചെറിയ ക്ലാസിലായിരുന്നതു കൊണ്ടാവാം, അതൊരു അപമാനമായാണ് എനിക്കന്ന് തോന്നിയത്.

എന്നാൽ, അവധിക്കാലത്ത് സ്വന്തമായി ട്യൂഷൻ സെന്റർ തുടങ്ങുകയും എന്റെ അച്ഛനോട് അഭ്യർത്ഥിച്ച് എന്നെ അവിടെ ചേർക്കുകയും ചെയ്ത വളരെ ചെറുപ്പമായ മാഷിന്റെ സാന്നിധ്യം എനിക്ക് സന്തോഷമുണ്ടാക്കി. മറ്റുള്ളവർ ക്ലാസെടുക്കാൻ വരുന്നതിനേക്കാൾ ഉത്സാഹം ഇദ്ദേഹം വന്നപ്പോൾ തോന്നി. അയാൾക്ക് പ്രത്യേകമായി തോന്നിയ മുഖാകൃതിയും, ഇടക്കിടെ ഹിന്ദിയിൽ സംസാരിക്കുന്നതും ഞാൻ ആസ്വദിച്ച് കൊണ്ടിരുന്നു. കഥകളിലൊക്കെയുള്ള പോലെ ഒരു കാമുകിയാകാൻ ഞാൻ കൊതിച്ചെങ്കിലും അദ്ദേഹം എന്റെ അച്ഛനോടുള്ള ആദരവ് എന്നോടും കാണിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. സ്‌കൂളിൽ കുറച്ചുകൂടി ഉയർന്ന ക്ലാസിലായപ്പോൾ ആൺകുട്ടികൾ മറ്റു പെൺകുട്ടികളോട് പെരുമാറുന്നത് പോലെ എന്തുകൊണ്ടാണ് എന്നോട് അടുത്ത് പെരുമാറാത്തതെന്ന് ഞാൻ ദുഃഖിച്ചു. അധ്യാപകരുടെ മക്കളായ ഞങ്ങളിൽ ചിലരോട് അടുക്കാൻ അവർക്ക് പേടിയും മടിയും ഉണ്ടായിരുന്നു.

അങ്ങനെയിരിക്കെ വേറൊരു സ്‌കൂളിൽ നിന്ന് വന്ന രഘു അധികാരത്തോടെ വന്ന് ബലമായി എന്റെ കയ്യിൽ പിടിക്കുകയുണ്ടായി. ഒരു നിമിഷം ഞാനത് വല്ലാതെ ഇഷ്ടപ്പെട്ടു. ആൺകുട്ടികളുടെ ഇത്തരം അധികാര പ്രകടനങ്ങൾ സ്‌നേഹത്തിന്റെ പ്രകടനമായാണ് മനസ്സിലാക്കുന്നത്. അധികാര പ്രയോഗം നൽകുന്ന സുരക്ഷയുടെ ഒരു സുഖം ഉണ്ടെന്നതാണ് ആൺകോയ്മ നിൽക്കുന്നതിന് ഒരു കാരണം. ഒരു പരിധി വരെ പെണ്ണുങ്ങൾ ഇതാസ്വദിക്കും. അതുകഴിഞ്ഞാൽ സംശയമാണ്. ഈ പരിധിയുടെ സ്ഥാനവും, ഓരോരുത്തർക്കും വ്യത്യാസപ്പെട്ടിരിക്കുന്നതും മാറി വരുന്നതുമാണ്. ഇതൊട്ടും അംഗീകരിക്കാത്തവരും, ജീവിതം മുഴുവൻ അനുവദിച്ചു കൊടുക്കുന്നവരുമുണ്ട്.

ഇതിന്റെ മറുവശത്ത്, ഇഷ്ടപ്പെടുന്ന പെൺകുട്ടികൾ തങ്ങളേക്കാൾ താഴെ നിൽക്കുന്നവരായിരിക്കണമല്ലോ എന്ന ഉത്കണ്ഠ, എപ്പോഴും ആണുങ്ങൾക്കുണ്ടാവും. സ്‌കൂൾ വിട്ട് ഞങ്ങൾ കോളേജിലായപ്പോൾ, ഇതേ രഘു, മറ്റൊരു പെൺകുട്ടിയോട് അവനുള്ള ഇഷ്ടം അറിയിക്കാൻ ഞങ്ങളെ ഏർപ്പാടാക്കി. ഞങ്ങൾ മൂന്നു പേരുണ്ടായിരുന്നു. ഈ മൂന്നു പേരിൽ ആരെയും ഇഷ്ടപ്പെടാതെ, കഷ്ടപ്പെട്ട് എന്തിന് മറ്റൊരുത്തിയോട് ചോദിക്കാൻ പറയുന്നു എന്ന് തമാശയായി ചോദിച്ച് ഞങ്ങൾ ചിരിക്കാൻ തുടങ്ങി. അപ്പോൾ, അവൻ തുറന്നു പറഞ്ഞു, "നിങ്ങൾ കോളേജിൽ ഒക്കെ പഠിക്കുകയല്ലേ, അത് ശരിയാവില്ല'. ഞങ്ങളുടെ അഹങ്കാരം നിറഞ്ഞ സ്വഭാവം തന്നെ ആൺകുട്ടികളെ, പ്രണയത്തിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

ഞാനേറ്റവും ക്ലേശം അനുഭവിച്ചത്, ശേഖരൻ എന്ന് പേരായ ഒരു കുട്ടിയോട് തോന്നിയ അനുരാഗത്തിലാണ്. അതിന് പ്രത്യേക കാരണമുണ്ട്. അയാൾ ഒരു വീട്ടിൽ വേല ചെയ്തു കൊണ്ടാണ് പഠിക്കാൻ വരുന്നതെന്ന വിവരം ആരോ എനിക്ക് നൽകി. പഠിത്തത്തിൽ അവൻ സമർത്ഥനുമായിരുന്നു. അവന്റെ മെല്ലിച്ച ശരീരവും നോട്ടവും ഭാവവും ചാൾസ് ഡിക്കന്‌സിന്റെ ഒലിവർ ട്വിസ്റ്റിനെ അനുസ്മരിപ്പിച്ചു. അനുതാപം എറിയേറി വന്നു. ദൈന്യത കലർന്ന ഒരു പുഞ്ചിരിയാണ് അവനിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ആയിടക്ക് വായിച്ച ഒരു കഥയിലെ, കാട്ടിൽ വളരുന്ന, "കല' എന്ന ആൺകുട്ടിയുടെ മോഹങ്ങളും മോഹഭംഗങ്ങളും ഞാൻ ശേഖരനിൽ കാണാൻ തുടങ്ങി. ദാരിദ്ര്യത്തിന്റെ ഒരു ആദർശ പരിവേഷമാണ് ഈ പാരവശ്യമുണ്ടാക്കിയത്. ഇപ്പോഴും ശേഖരന്റെ മുഖം ആലോചിക്കുമ്പോൾ കല എന്ന എന്റെ സാങ്കൽപ്പിക കൂട്ടുകാരന്റെ ചിത്രമാണ് ഉള്ളിൽ തെളിയുന്നത്.

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

കനി കുസൃതി

ഡോ: എ.കെ. ജയശ്രീയുടെ മകൾ. നാടക- സിനിമ ആക്ടർ.

Comments