ഞങ്ങളിൽ നിന്നൊരാൾ മന്ത്രിയായപ്പോൾ അഭിമാനമായിരുന്നു, പ​ക്ഷേ…

ഏറ്റവും പിന്നാക്ക വിഭാഗത്തിലുള്ള ആദിവാസികള്‍ക്ക്, അവരുടെ കൂട്ടത്തില്‍ നിന്നൊരാൾ മന്ത്രിയായപ്പോള്‍ വളരെ സന്തോഷവും പ്രത്യാശയുമുണ്ടായിരുന്നു. അതിലുപരി ഒരു സ്ത്രീ കൂടിയായതുകൊണ്ട് അഭിമാനവും തോന്നിയിരുന്നു. പക്ഷേ പ്രതീക്ഷയ്ക്കനുസരിച്ച് ഒന്നും നടന്നില്ല. വകുപ്പു മന്ത്രി എന്ന നിലയില്‍ അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. എന്നാൽ, ഞങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല.

അധ്യായം 49

ണ്ട് പ്രകൃതിയില്‍ നിന്ന്​ ഞങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ സുലഭമായി കിട്ടുമായിരുന്നു. സ്ത്രീകള്‍ രാവിലെ കുള്ളില്‍ നിന്നിറങ്ങിയാല്‍ കാട്ടിലും പുഴയിലും തോട്ടിലും പോയി കറിവെയ്ക്കാനുള്ള വിഭവങ്ങള്‍ ശേഖരിച്ചുവരും. ഉപ്പ് മാത്രമേ പുറത്തു നിന്ന് വാങ്ങേണ്ടി വന്നിട്ടുള്ളൂ. വിഷാംശമില്ലാത്ത റാഗി, ചോളം, മുത്താറി, കര നെല്ല്, ചാമ എന്നിവയെല്ലാം നട്ടുണ്ടാക്കും. ഒരു വര്‍ഷത്തേക്ക് ആവശ്യമായ വിഭവങ്ങള്‍ ഉല്പാദിപ്പിച്ച് വെക്കും. എന്നിട്ടത് എല്ലാവരും പങ്കുവെച്ചെടുക്കും. മൺപാത്രങ്ങളിലായിരുന്നു പാചകം. ഇന്ന് അലുമിനിയം, സ്റ്റീല്‍ പാത്രങ്ങളായി.

അന്നത്തെ ആദിവാസി സ്ത്രീകള്‍ ചെറിയ പ്രായത്തില്‍ തന്നെ ആരോഗ്യമുള്ളവരായിരുന്നു. അതുകൊണ്ട് പ്രസവമെല്ലാം കുള്ളുകളില്‍ തന്നെയായിരുന്നു. ഞാനടക്കമുള്ള അഞ്ച് മക്കളെ കുള്ളില്‍ നിന്നാണ് അമ്മ പ്രസവിച്ചത്. നമ്മുടെ കൂട്ടത്തിലുള്ള പ്രസവമെടുക്കുന്ന സ്​ത്രീ, വേത്തിക്കാറത്തി ആണ് പ്രസവമെടുത്തത്​. ഇവരൊന്നും സ്‌കൂളിൽ പോലും പോയവരല്ല, പക്ഷേ പ്രസവമെടുക്കാനും പ്രസവ ശുശ്രൂഷയും അറിയാമായിരുന്നു. പോഷകാഹാരക്കുറവുമൂലം ഒരു കുഞ്ഞും മരിച്ചിട്ടില്ല.

Photo: Biswarup Sarkar, Flickr

പൂര്‍ണ ആരോഗ്യമുള്ള കുഞ്ഞുങ്ങളായിരുന്നു ജനിച്ചിരുന്നത്​. പ്രസവാനന്തര ചികിത്സയും നമ്മുടെ സ്ത്രീകള്‍ തന്നെ ചെയ്യും. രാവിലെയും വൈകുന്നേരവും ‘മയിലെള്ള്’ മരത്തിന്റെ ചപ്പ് തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിക്കും. കാറ്റു കൊള്ളാനൊന്നും വിടില്ല. ഇറച്ചി, മീന്‍, വെളിച്ചെണ്ണ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തില്ല. വെളുത്തുള്ളി, കുരുമുളക്, ജീരകം, ഉലുവ, മല്ലി എന്നിവ വറുത്തിട്ട് പച്ചിലകള്‍ കറിവെച്ചു കൊടുക്കും. ആ കറി കഷായം പോലെയിരിക്കും. ഇതിന് നല്ല മണവും ഗുണവും ഉണ്ടാവും. ബരുമ്മ വള്ളിയും ഞണ്ടും ഇതുപോലെ കറിവയ്ക്കും. പുത്തരിച്ചുണ്ട പൊട്ടിച്ച് വെളുത്തുള്ളി, കുരുമുളക്, കാന്താരി, നുറുക്കരി എന്നിവ വറുത്ത് ചേര്‍ത്ത് കറിവെച്ചു കൊടുക്കും. പുഴവക്കിലും, തോടിന്റെ കരയിലും വളരുന്ന ‘ബോ’ ചപ്പ് കറിവെച്ച് കൊടുക്കും, ശരീരത്തിൽനിന്ന്​ രക്തം പോകുന്നത്​ തടയാൻ. മൂത്ത കാളിവാഴ കുഴമ്പു രൂപത്തില്‍ എരിവ് കുറച്ച് കറിവച്ചു കൊടുക്കും. ഇതും രക്തം വല്ലാണ്ട് പോകുന്നത് കുറയ്ക്കും. ഇതെല്ലാം ഒരാഴ്ച കഴിച്ചാല്‍ മതി, നല്ല ഉഷാറാവും. മുടി കുറവുള്ള സ്ത്രീയാണെങ്കില്‍ പ്രസവശുശ്രൂഷ കഴിയുമ്പോള്‍ മുടിക്ക്​ നീളം വെക്കും. ഔഷധഗുണമുള്ള സാധനങ്ങള്‍ കൊടുക്കുന്നതുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് വയറുനിറച്ച് കുടിക്കാൻ മുലപ്പാലുണ്ടാവും.

ആര്‍ത്തവം ഞങ്ങള്‍ക്ക് അശുദ്ധിയല്ല. ആ ദിവസം രാവിലെയും വൈകുന്നേരവും കുളിക്കും. പിന്നെ വീട്ടിലെ പതിവുജോലികള്‍ ചെയ്യും. ആര്‍ത്തവമായതിന്റെ പേരില്‍ സ്ത്രീയെ മാറ്റിനിര്‍ത്തുകയോ പ്രത്യേക പാത്രത്തിൽ ഭക്ഷണം നൽകുകയോ ഒന്നും ചെയ്യാറില്ല.

അടിയര്‍ക്കിടയില്‍ ‘ആര്‍ത്തവം’ ഒരു ആഘോഷമാണ്. ഒരു പെണ്‍കുട്ടിക്ക് ആദ്യമായി ആര്‍ത്തവമുണ്ടാവുമ്പോള്‍ കുടുംബത്തിലെ എല്ലാവര്‍ക്കും വലിയ സന്തോഷമായിരിക്കും. ബന്ധുക്കളെയും, സുഹൃത്തുക്കളെയും ക്ഷണിച്ച്​ വയസ്സറിയിക്കൽ കല്ല്യാണം ആഘോഷമായി നടത്തും. ചടങ്ങ് കഴിയുന്നതുവരെ പെണ്‍കുട്ടിയെ എങ്ങോട്ടും വിടാതെ സംരക്ഷിക്കും. ചടങ്ങ് കഴിഞ്ഞാല്‍ പുറത്തേക്കു വിടും. ആദ്യമായി ആര്‍ത്തവം ഉണ്ടാവുമ്പോള്‍ ‘ബലിയനാന’ എന്നാണ് ഞങ്ങള്‍ പറയുന്നത്. വലിയ ആളായി എന്നര്‍ത്ഥം. ഒരു പെണ്‍കുഞ്ഞ്, സ്ത്രീ എന്ന നിലയില്‍ അംഗീകരിക്കപ്പെടുകയാണ്.

അടിയര്‍ക്കിടയില്‍ ‘ആര്‍ത്തവം’ ഒരു ആഘോഷമാണ്. ബന്ധുക്കളെയും, സുഹൃത്തുക്കളെയും ക്ഷണിച്ച്​ വയസ്സറിയിക്കൽ കല്ല്യാണം ആഘോഷമായി നടത്തും

ആര്‍ത്തവം ഞങ്ങള്‍ക്ക് അശുദ്ധിയല്ല. ആ ദിവസം രാവിലെയും വൈകുന്നേരവും കുളിക്കും. പിന്നെ വീട്ടിലെ പതിവുജോലികള്‍ ചെയ്യും. ആര്‍ത്തവമായതിന്റെ പേരില്‍ സ്ത്രീയെ മാറ്റിനിര്‍ത്തുകയോ പ്രത്യേക പാത്രത്തിൽ ഭക്ഷണം നൽകുകയോ ഒന്നും ചെയ്യാറില്ല. ഞങ്ങൾക്കിടയിൽ ഇത്​ ഒരു സാധാരണ കാര്യം മാത്രമാണ്​. അത് പ്രകൃതിയാലുള്ളതാണ്, വിശുദ്ധമാണ്. അതൊരിക്കലും അശുദ്ധമാവില്ല. ഗര്‍ഭാവസ്ഥയുടെ സാധ്യതകള്‍ക്കായുള്ള തയ്യാറെടുപ്പിന്​ ഒരു സ്ത്രീശരീരം കടന്നുപോകുന്ന മഹത്തായ പ്രക്രിയയുടെ ഭാഗം. സ്ത്രീയെ സംബന്ധിച്ച് അതൊരു അനുഗ്രഹമാണ്. മനുഷ്യകുലത്തെ നിലനിര്‍ത്താനുള്ള വരമാണ്. ഈ പ്രകൃതിയിലേക്ക് പിറവിയെടുത്ത ഞാനും നിങ്ങളും അടങ്ങുന്ന ഓരോ മനുഷ്യജീവനും കാരണമായത് ആര്‍ത്തവം എന്ന പ്രക്രിയയാണ്. നാം ഓരോരുത്തവരും ആര്‍ത്തവത്തിന്റെ അടയാളങ്ങളാണ്.

ആര്‍ത്തവം അടിമത്തത്തിന്റെ അടയാളമോ സ്ത്രീകളെ തളയ്​ക്കുന്ന ചങ്ങലയോ ഒന്നുമല്ല. ഒരു സ്ത്രീയെ പുരുഷനില്‍നിന്ന്​ വ്യത്യസ്തയാക്കുന്ന ഏറ്റവും പ്രധാന ഘടകം മാതൃത്വമാണ്. അതിലേക്കുള്ള ചുവടുവെപ്പാണ് ആര്‍ത്തവം. അതുകൊണ്ടുതന്നെ ഓരോ സ്ത്രീയും അഭിമാനത്തോടെ കാണുന്ന ഒന്നാണ് അവളുടെ ആര്‍ത്തവം. അത് ഓരോരുത്തവരും സ്വയം തിരിച്ചറിയണം. ആര്‍ത്തവം അശുദ്ധമാണെങ്കില്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരും അശുദ്ധിയുടെ അടയാളങ്ങളാണ്.

ആര്‍ത്തവം അശുദ്ധമാണെങ്കില്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരും അശുദ്ധിയുടെ അടയാളങ്ങളാണ്. / Photo: People’s Archive of Rural India

ആര്‍ത്തവം അശുദ്ധമാണെന്ന് കരുതുന്നവരാണ് ആര്‍ത്തവസമയത്ത് സ്ത്രീകള്‍ അമ്പലത്തില്‍ കേറരുത് എന്നു പറയുന്നത്. അമ്പലങ്ങളിലെത്തുന്ന സ്ത്രീകൾ, ദൈവങ്ങള്‍ക്ക് എല്ലാവിധ ശുദ്ധിയും നൽകുന്നുണ്ട്​. പൂർണമായ ആത്മീയതയോടെയും വിശ്വാസത്തോടെയുമാണ്​ അവർ പൂജിക്കുന്നത്. സ്ത്രീകള്‍ക്കുണ്ടാവുന്ന എല്ലാ ശാരീരിക പ്രവര്‍ത്തനവും സ്ത്രീദൈവത്തിനും ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം അവരും സ്ത്രീയാണല്ലോ. ആർത്തവം അശുദ്ധിയാണെങ്കിൽ, അമ്പലത്തിലെ പൂജാരിയും അശുദ്ധിയുടെ അടയാളമാണല്ലോ. ഇവരെ മാറ്റി റോബോട്ടുകളെ കൊണ്ട് പൂജ ചെയ്യിപ്പിച്ചിട്ട് ആര്‍ത്തവം അശുദ്ധമാണെന്ന് പറയുന്നതില്‍ ഒരു ന്യായമുണ്ടായിരുന്നു.

ആദിവാസികള്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും അംഗീകാരവുമുണ്ട്. സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശമുണ്ട്​. രണ്ടാളും പുറത്ത്​ ഒരു പോലെ പണിയെടുത്ത് വന്നാലും വീട്ടിലെ പണിക്ക്​ സ്ത്രീക്കൊപ്പം പുരുഷനുമുണ്ടാകും.

പെണ്‍കുഞ്ഞ് ജനിച്ച് പത്ത്, പതിമൂന്ന് വയസ്സ് ആയാല്‍, ആര്‍ത്തവം തുടങ്ങിയില്ലെങ്കിൽ അച്ഛനും അമ്മയ്ക്കും ആവലാതിയാണ്. കുട്ടിയ്ക്ക് കാര്യമായി എന്തോ അസുഖമുണ്ടെന്ന് കരുതി ഡോക്ടറെ കാണും, ചികിത്സ തേടും. കല്ല്യാണം ആലോചിച്ചു വരുന്നവരില്‍ ചിലര്‍ ആദ്യം അന്വേഷിക്കുന്നത് കൃത്യമായി ആര്‍ത്തവം നടക്കുന്നുണ്ടോ എന്നാണ്. (അത് ചോദിക്കുന്നതു പോലും എന്തോ വലിയ രഹസ്യമായിട്ടാണ്). സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കാനുള്ള കരാറില്‍ ഏര്‍പ്പെടുന്നതുപോലും ആര്‍ത്തവം ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് എന്നർഥം. ആര്‍ത്തവത്തെക്കുറിച്ച് സ്ത്രീകളുടെ മനോഭാവത്തിലും മാറ്റം വരേണ്ടതുണ്ട്.

ആര്‍ത്തവത്തിന് അയിത്തം കല്‍പ്പിച്ച് ആ സമയത്ത് അടുക്കളയില്‍ കയറാതെയും ഭക്ഷണം പാകം ചെയ്യാതെയും ഇരിക്കുന്നവരുണ്ട്. ആര്‍ത്തവ സമയത്ത്, താൻ സ്വയം അശുദ്ധയാണ് എന്ന് സ്ത്രീ കരുതുന്നിടത്തോളം ഇത് നിലനില്‍ക്കും. / Photo: Mimi Anderson, Flickr

ആര്‍ത്തവത്തിന് അയിത്തം കല്‍പ്പിച്ച് ആ സമയത്ത് അടുക്കളയില്‍ കയറാതെയും ഭക്ഷണം പാകം ചെയ്യാതെയും ഇരിക്കുന്നവരുണ്ട്. ഈ സമയത്ത് ഒരു വിത്ത് നട്ടാല്‍ പോലും മുളക്കില്ലാണ്​ പറയുക. പാവല്‍, കുമ്പളം, ഇഞ്ചി തുടങ്ങിയ തൈകളെയൊന്നും തൊടരുത്, തൊട്ടാല്‍ ഉണങ്ങി പോകും, കിണറ്റില്‍ നിന്ന്​ വെള്ളം കോരാന്‍ പാടില്ല, പൂജാമുറിയില്‍ കേറരുത്, വൈകുന്നേരം ആറുമണിക്കുശേഷം പുറത്തിറങ്ങി നടക്കരുത് തുടങ്ങിയ നിരവധി വിലക്കുകള്‍ ആര്‍ത്തവ സമയത്തുണ്ട്. ഇതെല്ലാം ആചാരപൂര്‍വ്വം നടപ്പിലാക്കിവരുന്ന സ്ത്രീകളും സമൂഹത്തിലുണ്ട്. ആര്‍ത്തവ സമയത്ത്, താൻ സ്വയം അശുദ്ധയാണ് എന്ന് സ്ത്രീ കരുതുന്നിടത്തോളം ഇത് നിലനില്‍ക്കും. സ്ത്രീകളെ അശുദ്ധരാക്കി അകറ്റിനിർത്തുന്നത്​ ഒരു അജണ്ടയാണ്. ഇതിലൂടെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന്​ സ്ത്രീകളെ അകറ്റിനിര്‍ത്താം. അധികാരത്തില്‍ നിന്നും അംഗീകാരത്തില്‍ നിന്നും അകറ്റാം. സ്ത്രീകളെ ആശ്രയരും അഭയാര്‍ത്ഥികളും അടിമകളുമാക്കാം. സ്ത്രീകളുടെ കൂട്ടായ്മയൊക്കെ തകര്‍ത്ത് തരിപ്പണമാക്കി, അവരുടെ ആശയത്തെയും, ആദര്‍ശത്തെയും ഇല്ലായ്മ ചെയ്യാം. സ്വപ്നം കാണാന്‍ പോലും അവകാശമില്ലാത്ത ആളുകളാക്കി മാറ്റി, അവരുടെ ശരീരത്തെയും മനസ്സിനെയും ചൂഷണം ചെയ്യാം. സ്ത്രീകളെ വെറുമൊരു ഉപയോഗ വസ്തുവായും വില്‍പ്പനചരക്കായും കാണുന്ന ഈ സാമൂഹ്യവ്യവസ്ഥക്ക്​ മാറ്റമുണ്ടാവണം. സ്ത്രീകളുടെ സവിശേഷ താല്പര്യങ്ങളും, സമൂഹത്തിനു നല്‍കുന്ന സംഭാവനകളും അംഗീകരിക്കപ്പെടുകതന്നെ വേണം.

ഇന്ന് വ്യാപകമായി ആദിവാസി പെണ്‍കുട്ടികളെ മലയാളക്കാരന്മാര്‍, അതായത്​, ആദിവാസി ഇതര വിഭാഗക്കാർ, വിവാഹം കഴിച്ചു കൊണ്ടു പോകുന്നുണ്ട്​. ഇതുവഴി ആദിവാസികൾക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

നമ്മുടെ സ്​ത്രീകളുടെ പല കാര്യങ്ങളിലും മാറ്റം വന്നു കൊണ്ടിരിക്കുന്നുണ്ട്​. ഉദാഹരണത്തിന്​ വസ്​ത്രധാരണം. അടിയരുടെ പരമ്പരാഗത വസ്ത്രധാരണ രീതിയാണ് ‘ചിന്തക്കെട്ട്’. സാരി രണ്ടായി മടക്കി, ഇടതു ഭാഗത്തെ ചുമല്‍ മറയും വിധം ശരീരത്തില്‍ ചേര്‍ത്ത്, വലതു തോളില്‍ ഉറപ്പിച്ചു കെട്ടുന്ന രീതിയാണിത്. ഇന്ന് അത്​ മാറി, എല്ലാവരും ധരിക്കുന്ന പോലെ സാരിയും നൈറ്റിയും ഇടാന്‍ തുടങ്ങി. ഞാന്‍ പണ്ട് ‘ചിന്ത’ മാത്രമാണ് കെട്ടിയിരുന്നത്. ഇപ്പോള്‍ സാരിയും കേരളത്തിന് പുറത്ത് യാത്ര ചെയ്യുമ്പോള്‍ പാന്റും ഷര്‍ട്ടുമാണ് ധരിക്കുന്നത്. ഇന്ന് വയനാട്ടില്‍ പെരിയാട്ടിമാർ, പ്രായമായ സ്​ത്രീകൾ, മാത്രമാണ് ചിന്ത കെട്ടുന്നത്. പണ്ട് അടിയ സ്ത്രീകള്‍ കാതിലണിഞ്ഞിരുന്നത് വെള്ളിയോലയായിരുന്നു, വെള്ളി കൊണ്ടുള്ള വലിയ കമ്മല്‍. ഓല എന്നാണ് എല്ലാ കമ്മലുകളെയും ഞങ്ങള്‍ പറയുക. മൂക്കില്‍ കല്ലു പതിച്ച മൂക്കുത്തിയും അണിഞ്ഞിരുന്നു.

പണ്ട് അടിയ സ്ത്രീകള്‍ കാതിലണിഞ്ഞിരുന്നത് വെള്ളിയോലയായിരുന്നു, വെള്ളി കൊണ്ടുള്ള വലിയ കമ്മല്‍. ഓല എന്നാണ് എല്ലാ കമ്മലുകളെയും ഞങ്ങള്‍ പറയുക. മൂക്കില്‍ കല്ലു പതിച്ച മൂക്കുത്തിയും അണിഞ്ഞിരുന്നു.

പലരും ഭര്‍ത്താവ് മരിച്ച സ്ത്രീകളെ വെള്ള ഉടുപ്പിച്ച്, ഒരുങ്ങി നടക്കാന്‍ അനുവദിക്കാതെ, വിധവയായി നിര്‍ത്തുകയാണ് ചെയ്യുന്നത്. പക്ഷേ ഞങ്ങള്‍ അടിയര്‍ക്കിടയില്‍ ഭര്‍ത്താവു മരിച്ച സ്ത്രീയെ കല്ല്യാണപ്പെണ്ണിനെ പോലെ ഒരുക്കിയതിനുശേഷം ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിന്റെ അന്ന് പെണ്ണിന്റെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും. ചടങ്ങിന്റെ ഭാഗമായി ചെയ്യുന്നതാണിത്. അതുകഴിഞ്ഞ് സ്വന്തം വീട്ടിലോ ഭര്‍ത്താവിന്റെ വീട്ടിലോ അവര്‍ക്ക് നില്‍ക്കാം. ആരെ വേണമെങ്കിലും കല്ല്യാണം കഴിക്കാം. ഇത്തരത്തിൽ സ്​ത്രീകളുടെ താൽപര്യങ്ങൾ അംഗീകരിക്കുന്ന സംസ്​കാരമാണ്​ ഞങ്ങളുടേത്​.

നമ്മുടെ പുരുഷന്മാരെല്ലാം നല്ല ആരോഗ്യമുള്ളവരായിരുന്നു. ഐതിഹ്യത്തില്‍ പറയുന്നത്, പുരുഷന്‍ കരിങ്കല്ല് ചവിട്ടി വിറപ്പിച്ച് വെള്ളമെടുത്തിട്ടുണ്ട് എന്നാണ്. കാരണം, അത്രയും ആരോഗ്യമുള്ളവരായിരുന്നു അന്നത്തെ കാലത്തുണ്ടായിരുന്നത്. ഇന്നത്തെ പോലെ രോഗങ്ങളോ വിറ്റാമിന്‍ കുറവോ മരണമോ ഉണ്ടായിട്ടില്ല. പ്രായമായി മരിക്കുന്നതല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തവരായിരുന്നു. ചുമയോ, ജലദോഷമോ, മുറിവോ ഉണ്ടായാല്‍ പച്ചമരുന്നുകളാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് ഗര്‍ഭിണിയാവുന്ന സമയം മുതല്‍ ഗുളിക കഴിച്ചു തുടങ്ങും. പതിനെട്ട് വയസ്സ് ആയാലേ കല്ല്യാണം കഴിക്കാന്‍ പാടുള്ളൂ എന്ന നിയമം പണ്ട് ഇല്ല. നമ്മുടെ ആളുകള്‍ ചെറിയ പ്രായത്തില്‍ കല്ല്യാണം കഴിച്ച് വീടുകളില്‍ തന്നെയാണ്​ പ്രസവിക്കുക.

ഇപ്പോഴും ചെറിയ പ്രായത്തില്‍ കല്ല്യാണം കഴിക്കുന്ന പ്രവണതയുണ്ട്. അത് വലിയ കുറ്റകൃത്യമോ തെറ്റോ ആയി ആദിവാസികള്‍ കാണുന്നില്ല. അങ്ങനെയുള്ളവരെയാണ് ജാമ്യം പോലുമില്ലാത്ത ‘പോക്‌സോ’ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നത്.

ഇപ്പോൾ വന്ന പുതിയ നിയമങ്ങളെക്കുറിച്ച്​ നമ്മുടെ ആളുകള്‍ക്ക് അത്ര അറിവില്ല. ബോധവത്ക്കരണ ക്ലാസും കിട്ടുന്നില്ല. അതുകൊണ്ട്​ ഇപ്പോഴും ചെറിയ പ്രായത്തില്‍ കല്ല്യാണം കഴിക്കുന്ന പ്രവണതയുണ്ട്. അത് വലിയ കുറ്റകൃത്യമോ തെറ്റോ ആയി ആദിവാസികള്‍ കാണുന്നില്ല. അതിലുപരി ആദിവാസി പെണ്‍കുട്ടിയെ കബളിപ്പിക്കുകയോ ഉപേക്ഷിക്കുകയോ അല്ല ചെയ്യുന്നത്. കുടുംബക്കാരെല്ലാം അംഗീകരിച്ച് ഭാര്യയും ഭര്‍ത്താവും എന്ന നിലയിലാണ് ജീവിക്കുന്നത്. അവര്‍ക്കുണ്ടാവുന്ന കുഞ്ഞിനെയും നല്ല രീതിയില്‍ നോക്കുന്നുണ്ട്. അങ്ങനെയുള്ളവരെയാണ് പ്രായപൂര്‍ത്തിയാവാതെ കല്ല്യാണം കഴിച്ചു, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി എന്നു പറഞ്ഞ് ജാമ്യം പോലുമില്ലാത്ത ‘പോക്‌സോ’ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നത്. കൗണ്‍സിലിംഗ് കൊടുത്ത് പരിഹാരം കാണാവുന്ന വിഷയം മാത്രമാണിത്​. ജയിലില്‍ നിന്നിറങ്ങി വരുമ്പോൾ ചെക്കനും പെണ്ണും വീണ്ടും ഒന്നിച്ചുതന്നെ ജീവിക്കുന്നു. അവര്‍ ആരേയും ഉപേക്ഷിക്കുന്നില്ല.

പുറമെയുള്ളവര്‍ നമ്മുടെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങളിൽ അട്രോസിറ്റീസ്​ നിയമമനുസരിച്ചുപോലും കേസെടുക്കാറില്ല. ‘പോക്‌സോ’യില്‍ യഥാർഥത്തിൽ പിടിക്കപ്പെടേണ്ടവർ പകല്‍മാന്യന്മാരായി വിലസി നടക്കുകയാണ്. നമ്മുടെ ആളുകള്‍ കൊലപാതകമോ കൊള്ളയോ റേപ്പോ ചെയ്യുന്നില്ല. പരസ്പരം സ്‌നേഹിച്ച്​ കുടുംബക്കാരുടെ സമ്മതത്തോടെ ഒന്നിച്ച് ജീവിക്കുകയാണ് ചെയ്യുന്നത്. പോലീസ് അറസ്റ്റ് ചെയ്യാന്‍ വരുമ്പോള്‍ എന്തിനാണ് തങ്ങളെ അറസ്റ്റ് ചെയ്യുന്നതെന്നു പോലും അറിയാതെ അവര്‍ അന്തം വിട്ട് നില്‍ക്കുകയാണ്.

ആദിവാസികള്‍ക്കു മാത്രമായി ഉണ്ടാക്കിയ നിയമം എന്ന നിലയിലാണ് ‘പോക്‌സോ’ മുന്നോട്ട് പോകുന്നത്. ഇന്ന് വ്യാപകമായി ആദിവാസി പെണ്‍കുട്ടികളെ മലയാളക്കാരന്മാര്‍, അതായത്​, ആദിവാസി ഇതര വിഭാഗക്കാർ, വിവാഹം കഴിച്ചു കൊണ്ടു പോകുന്നുണ്ട്​. ഇതുവഴി ആദിവാസികൾക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ കൂട്ടത്തിലുള്ള പുരുഷന്മാരാണെങ്കിലോ, കള്ളുകുടിച്ച് ചെറുപ്രായത്തില്‍ തന്നെ മരിച്ചുതീരുകയും ചെയ്യുന്നു.

സമൂഹത്തില്‍ കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും എതിരായ ലൈംഗിക അതിക്രമവും ശാരീരിക പീഢനങ്ങളും വര്‍ദ്ധിച്ചുവരികയാണ്. വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ മാത്രം ഇത്​ പരിഹരിക്കാനാവില്ല. ആവശ്യത്തിലധികം വിദ്യാഭ്യാസമുള്ളവർ തന്നെയാണ്​, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും അടിച്ചമര്‍ത്തുന്നതും. അർധരാത്രി ബസ്സിറങ്ങി സ്​റ്റോപ്പിൽ നിൽക്കേണ്ടിവരുമ്പോള്‍ കാണാം, പകല്‍ മാന്യന്മാരായിട്ടു നടക്കുന്നവരുടെ തനി സ്വഭാവം. ആളുകളുടെ മനോഭാവത്തിലും മനസ്സിലുമാണ് മാറ്റമുണ്ടാവേണ്ടത്.

ആദിവാസികള്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും അംഗീകാരവുമുണ്ട്. സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശമുണ്ട്​. രണ്ടാളും പുറത്ത്​ ഒരു പോലെ പണിയെടുത്ത് വന്നാലും വീട്ടിലെ പണിക്ക്​ സ്ത്രീക്കൊപ്പം പുരുഷനുമുണ്ടാകും.

ഞാന്‍ നേതൃത്വം നല്‍കിയ സമരങ്ങളിലെല്ലാം സ്ത്രീകളുടെ കൂട്ടായ്മയാണ് ശക്തമായി രംഗത്തുണ്ടായിരുന്നത്. സ്ത്രീകള്‍ വിശ്വസ്​തതയോടെയും സജീവമായും ആദ്യാവസാനം സമരത്തില്‍ ഉറച്ചുനില്‍ക്കും. കാരണം, വീടും സ്ഥലവും പ്രാഥമിക സംവിധാനങ്ങളുമെല്ലാം വേണ്ടത് സ്ത്രീകള്‍ക്കാണ്. അതുകൊണ്ട് ഇത്തരം ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സ്ത്രീകള്‍ ശകതമായി നില്‍ക്കാറുണ്ട്.

ആദിവാസികള്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും അംഗീകാരവുമുണ്ട്. സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശമുണ്ട്​. രണ്ടാളും പുറത്ത്​ ഒരു പോലെ പണിയെടുത്ത് വന്നാലും വീട്ടിലെ പണിക്ക്​ സ്ത്രീക്കൊപ്പം പുരുഷനുമുണ്ടാകും. കുറച്ചാളുകള്‍ മാത്രമേ സഹായിക്കാതിരിക്കുന്നുള്ളൂ. അവിവാഹിതരായ അമ്മമാര്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാതെ കഷ്ടപ്പെട്ട്, കൂലിപ്പണിയെടുത്തായാലും പോറ്റും. കഷ്ടപ്പാടും ദുരിതവുമുണ്ടെങ്കിലും ഞങ്ങൾ പ്രായമായവരെ അഗതി മന്ദിരത്തില്‍ വിടില്ല. ഉത്സവപ്പറമ്പിലും വഴിവക്കിലും ഉപേക്ഷിക്കാറില്ല. ആദിവാസികള്‍ ധര്‍മം ചോദിച്ച് പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. അവരുടെ ശരീരത്തെ ചൂഷണം ചെയ്താലും ധര്‍മം ചോദിക്കില്ല.

സ്​ത്രീകൾക്കു​വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയിക്കൊണ്ടിരുന്ന എനിക്ക്​, ജീവിതത്തില്‍ വളരെയധികം പ്രതീക്ഷയുള്ള ഒരു കാര്യമായിരുന്നു ഞങ്ങളുടെ കൂട്ടത്തിലുള്ള സ്ത്രീ മന്ത്രിയായി അധികാരമേറ്റത്​.

ആദിവാസി സ്ത്രീകൾക്ക്​ സാമ്പത്തിക ഭദ്രതയുണ്ടാക്കുക, അതിലൂടെ അവരെ സ്വയം പര്യാപ്​തരാക്കുക, അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുക, സ്വയം തൊഴിലിലൂടെ കുടുംബഭാരം കുറക്കുക, വിദ്യാഭ്യാസം- തൊഴില്‍ മേഖലകളിൽ പുരോഗതിയുണ്ടാക്കുക, വരുമാനം വർധിപ്പിക്കുക, പട്ടിണിമരണത്തിനും ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങളോടെ 2013-ല്‍ ‘കാവേരി ആദിവാസി വനിതാ സ്വയം സഹായ സംഘം’ രൂപീകരിച്ചു. കാവേരി ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് അനുസരിച്ചായിരുന്നു രജിസ്​​ട്രേഷൻ. 15 അംഗങ്ങള്‍ ചേര്‍ന്നതായിരുന്നു ഒരു യൂണിറ്റ്. എല്ലാ ഞായറാഴ്ചയും സംഘം കൂടും. 20 രൂപയായിരുന്നു നിക്ഷേപം. വനിതാ സംഘത്തിന് പച്ച സാരിയും കാപ്പി കളര്‍ ബ്ലൗസുമായിരുന്നു യൂണിഫോം. വയനാട് ജില്ലയിലെ കോളനികളായ ചക്കിനി, പുളിമൂട്, പനവല്ലി, ഊരംകൊല്ലി, കാരമാട്, ചെമ്മാട്, ചുണ്ടപ്പാടി, പാര്‍സി, കാര്യംമ്പാടി, തിരുവണ്ണൂര്‍, കൊണ്ടിമൂല, കൊട്ടമരട്ട്, ശംഖുംമൂല, മഠത്തിന്‍കര, കണ്ണൂര്‍ ജില്ലയിലെ ആറളം ഫാം എന്നിവിടങ്ങളില്‍ സംഘം ആരംഭിച്ചിരുന്നു.

കാവേരിയുടെ നേതൃത്വത്തില്‍ പാഠശാലകളുണ്ടാക്കിയിരുന്നു. പഠനനിലവാരം മെച്ചപ്പെടുത്തുക, ശുചിത്യ- ആരോഗ്യ പരിപാലനം ഉറപ്പാക്കുക, പോഷകാഹാരം നല്‍കുക, ആദിവാസി പൈതൃകം പ്രോത്സാഹിപ്പിക്കുക, മറ്റു നാടുകളെയും നാട്ടുകാരെയും ബന്ധപ്പെടുത്തി സാംസ്‌കാരിക ഐക്യം രൂപപ്പെടുത്തുക, പഠനയാത്ര തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു പാഠശാല രൂപീകരിച്ചത്. കോളനികളിലെ തന്നെ വിദ്യാഭ്യാസമുള്ളവരുടെ നേതൃത്വത്തിൽ കുട്ടികള്‍ക്ക് ട്യൂഷന്‍ ക്ലാസ് ആരംഭിച്ചു. ട്യൂഷനെടുക്കുന്നവര്‍ക്ക് ചെറിയൊരു തുക കൈസഹായം നല്‍കിയിരുന്നു. പാഠശാല പ്രവര്‍ത്തനത്തിന്​ ഞങ്ങളുടെ കൂടെ നിന്നത് എറണാകുളത്തുള്ള ഫാ. അഗസ്റ്റിന്‍ വട്ടോളി, ഫാ. ബെന്നി, ഫാ. ജോസഫ്, നവീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമായിരുന്നു. വയനാട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് കാവേരി പാഠശാലയുടെ ഓഫീസ് 2015 ജൂലൈ 18-ന്​ ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എയാണ്​ ഉദ്ഘാടനം ചെയ്തത്. ചെറ്റപ്പാലത്ത് ആരംഭിച്ച ഈ ഓഫീസിലായിരുന്നു പിന്നീട് പാഠശാലയെ സംബന്ധിച്ച എല്ലാ മീറ്റിംഗും. പാഠശാലയുടെ കോര്‍ഡിനേറ്റർ ആറളം ഫാം 13-ാം ബ്ലോക്കിലെ അനൂപ് ഇ.സി. ആയിരുന്നു.

ഞാന്‍ കേരളത്തില്‍ ആരാധിക്കുന്ന, ബഹുമാനിക്കുന്ന ഏക സ്തീ ഗൗരിയമ്മയാണ്. ആദിവാസി ഭൂനിയമം ഭേദഗതി ചെയ്യുവാന്‍ ഇടതു- വലത്​ മുന്നണികള്‍ ഒറ്റക്കെട്ടായി നിന്നപ്പോള്‍അതിനെതിരെ ഉറച്ച നിലപാടെടുത്ത ധീരവനിതയാണവർ.

സ്​ത്രീകൾക്കു​വേണ്ടിയുള്ള ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയിക്കൊണ്ടിരുന്ന എനിക്ക്​, ജീവിതത്തില്‍ വളരെയധികം പ്രതീക്ഷയുള്ള ഒരു കാര്യമായിരുന്നു ഞങ്ങളുടെ കൂട്ടത്തിലുള്ള സ്ത്രീ മന്ത്രിയായി അധികാരമേറ്റത്​. 2011- 2016 വര്‍ഷത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായി ചുമതല വഹിച്ചത്​ വയനാട് ജില്ലക്കാരിയായ ഞങ്ങളുടെ സഹോദരിയായിരുന്നു. അവഗണിക്കപ്പെട്ട, അയിത്തം കല്‍പ്പിക്കപ്പെട്ട, ഏറ്റവും പിന്നാക്ക വിഭാഗത്തിലുള്ള ആദിവാസികള്‍ക്ക്, അവരുടെ കൂട്ടത്തില്‍ നിന്നൊരാൾ മന്ത്രിയായപ്പോള്‍ വളരെ സന്തോഷവും പ്രത്യാശയുമുണ്ടായിരുന്നു. അതിലുപരി ഒരു സ്ത്രീ കൂടിയായതുകൊണ്ട് അഭിമാനവും തോന്നിയിരുന്നു. പക്ഷേ പ്രതീക്ഷയ്ക്കനുസരിച്ച് ഒന്നും നടന്നില്ല. ഇത് ആദിവസികളെ ഏറെ നിരാശരാക്കി. വകുപ്പു മന്ത്രി എന്ന നിലയില്‍ അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. എന്നാൽ, ഞങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല.

കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഞാന്‍ ബഹുമാനിക്കുന്ന ഒരു സ്​ത്രീയെക്കുറിച്ചുകൂടി പറയാം; അത്​ കെ.ആര്‍. ഗൗരിയമ്മയാണ്​. ഗൗരിയമ്മയുടെ ആത്മകഥ ഞാന്‍ അഞ്ചു പ്രാവശ്യമെങ്കിലും വായിച്ചിട്ടുണ്ട്. അതിൽ, അവരുടെ ജീവിത്തിലുണ്ടായ ഒരുപാട് ദുരന്തങ്ങള്‍ പറയുന്നുണ്ട്. വ്യക്തിപരമായി ഒന്നും നേടാനല്ല, പ്രസ്ഥാനത്തിനുവേണ്ടി അനുഭവിച്ച വേദനകളാണ് അതില്‍ പറയുന്നത്. ഞാന്‍ കേരളത്തില്‍ ആരാധിക്കുന്ന, ബഹുമാനിക്കുന്ന ഏക സ്തീ ഗൗരിയമ്മയാണ്. ആദിവാസി ഭൂനിയമം ഭേദഗതി ചെയ്യുവാന്‍ ഇടതു- വലത്​ മുന്നണികള്‍ ഒറ്റക്കെട്ടായി നിന്നപ്പോള്‍ അതിനെതിരെ ഉറച്ച നിലപാടെടുത്ത ധീരവനിതയാണവർ. ആ സമയത്ത് ഗൗരിയമ്മ ഞങ്ങളില്‍ ഒരാളായി, ആദിവാസിയായി മാറുകയായിരുന്നു. അവര്‍ ശരിക്കും തന്റേടമുള്ള സ്ത്രീയായിരുന്നു. ഉരുക്കുവനിത തന്നെയാണ്. വ്യക്തിപരമായി നല്ല അടുപ്പമുണ്ടായിരുന്നു. ഞാന്‍ തിരുവനന്തപുരത്ത് മീറ്റിംഗിനും മറ്റ് ആവശ്യങ്ങള്‍ക്കും പോകുമ്പോള്‍ ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. അപ്പോള്‍ ഗൗരിയമ്മ ചോദിക്കും, നീ എന്തിനാ ലോഡ്ജില്‍ മുറിയെടുക്കുന്നത്, എന്റെ വീട്ടില്‍ വന്ന് താമസിച്ചുകൂടേ എന്ന്​. ആലപ്പുഴയില്‍ പോകുമ്പോള്‍ സമയം കിട്ടുമ്പോഴെല്ലാം ഗൗരിയമ്മയെ കാണും. പ്രായമായപ്പോള്‍, അവരുടെ ഒറ്റപ്പെട്ട ജീവിതം കണ്ടപ്പോള്‍, എനിക്ക് വല്ലാത്ത വേദന തോന്നിയിട്ടുണ്ട്. പ്രസ്ഥാനത്തിനു വേണ്ടി ജീവിച്ച ആളുകളെ അവസാനം കറിവേപ്പില പോലെ എടുത്തെറിയുമ്പോഴുള്ള വേദന പറഞ്ഞറിയ്ക്കാന്‍ പറ്റില്ല, അത് അനുഭവിച്ചറിയുക തന്നെ വേണം. അതുപോലൊരു അവസ്ഥയെക്കുറിച്ച് എനിക്ക്​ മനസ്സില്‍ സങ്കല്പിക്കാന്‍ പോലുമാകില്ല.

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments