ചിത്രീകരണം: കെ.പി മുരളീധരൻ

​ഒരു താടകയുടെ ആട് കഥ

എന്റെ കഥ- 2

ത്ര കണ്ട് പാവമായ എന്റെ അച്ഛനെയാണ്​ ഓരോ തവണയും അവർ അവമതിപ്പെടുത്തിക്കൊണ്ടേയിരുന്നത്.
അമ്മവീട്ടുകാർ.
സഹിച്ചുസഹിച്ച് എനിക്ക് മടുത്തു.
അമർഷം നാവിൽ ക്രൂരമായി ചുറഞ്ഞു കിടന്നു.
എന്റെ അച്ഛനു വേണ്ടി അമ്മയോട് ഘോരഘോരം ഞാൻ വാദിക്കയും ആന്തരികമായി കലഹിക്കയും ചെയ്തു. എന്തുകൊണ്ട് അമ്മ അച്ഛനു വേണ്ടി സംസാരിക്കുന്നില്ല? എന്തുകൊണ്ട് ന്യായമായും നീതിയായും അച്ഛനൊപ്പം നിൽക്കുന്നില്ല? എന്തുകൊണ്ട് അമ്മവീട്ടുകാരുടെ മുമ്പിൽ തല കുമ്പിട്ടു നിൽക്കുന്നു? അച്ഛനല്ലെ അമ്മയെ നോക്കുന്നത്? നിസംഗമായി നിൽക്കുന്നതും നിശബ്ദമായി നിൽക്കുന്നതും ഒരുതരം സമ്മതിക്കലല്ലേ?
എന്റെ ചോദ്യങ്ങൾക്കൊന്നും അമ്മ ഉത്തരം പറഞ്ഞില്ല.
ഉത്തരം ഉണ്ടായിരുന്നുമില്ല.
അമ്മയുടെ ശരിയുടെ ത്രാസ്സ് എന്നും അമ്മവീട്ടിലേയ്ക്ക് ചാഞ്ഞു കിടന്നു.
നീതിയുടെ ന്യായത്തിന്റെ എത്ര കട്ടകൾ വെച്ചാലും ആ തട്ട് ഉയർന്നു നിന്നു.
ഒരു ലജ്ജയുമില്ലാതെ അമ്മ, അമ്മവീട്ടുകാർക്കൊപ്പം തന്റെ നിശബ്ദതയും വെച്ച് ചേർത്ത് നിന്നു. അച്ഛനർഹിക്കുന്ന ഒരു നീതിയും ശരിയും ബഹുമാനവും വാങ്ങിനൽകുന്നതിൽ അമ്മ അമ്പേ പരാജയപ്പെട്ടു. അല്ലെങ്കിൽ അതിനായമ്മ ശ്രമിച്ചതേയില്ല.
ഒറ്റയ്ക്കും തെറ്റയ്ക്കും പിറുപിറുത്തും മുറുമുറുത്തും പല്ലിറുമ്മിയും ഞാൻ എന്റെ അമർഷം കുറച്ച് കുറച്ചായി പുകച്ചെടുത്തുകൊണ്ടിരുന്നു.
അമ്മയോട് നേർക്കുനേർ നിൽക്കുവാനുള്ള ധൈര്യം കിട്ടിയപ്പോഴൊക്കെ വാശിയോടെ ഞാനാ ചോദ്യം ചോദിച്ചു. അമ്മ എന്നെ അവഗണിക്കയോ തുറിച്ചു നോക്കുകയോ ചെയ്തു. ഇടയ്ക്ക് ദീർഘനിശ്വാസവുമുതിർത്തു. വഴക്കിനു ഞാനൊരുങ്ങിയപ്പോഴൊക്കെ, വേണ്ട വേണ്ടയെന്ന് മാറിപ്പോയിക്കൊണ്ടിരുന്നു. ചിലപ്പോൾ എന്നെ പുച്ഛിച്ചു. വഴക്കിനു നാമൊരുങ്ങി വരുമ്പോൾ മറുപക്ഷം നമ്മെ പുച്ഛിച്ചാൽ തീർന്നു. നമ്മുടെ ആത്മവിശ്വാസം, ധൈര്യം ഒക്കെ ചോർന്നു, നമ്മളൊരു വഴക്കാളി മാത്രമാകും. അമ്മ ഒറ്റയ്ക്കായതിനാലാണ് എന്നെ ഇപ്രകാരം അവഗണിയ്ക്കുന്നതെന്നെനിക്ക് തോന്നി

അച്ഛനെക്കുറിച്ച്​ ആരെങ്കിലും പറയുന്ന സന്ദർഭത്തിൽ തന്നെ ചോദിക്കണമെന്ന് ഞാൻ തീരുമാനിച്ചു. നേരിട്ട് ചോദിക്കുക. എന്നിട്ടും ദിവസങ്ങളെടുത്തു അത് പരസ്യമായി ചോദിക്കാൻ. ചോദ്യം ചെയ്യുന്നവരെ പുച്ഛത്തോടെ മാത്രമല്ല, എന്റെ അമ്മയും അമ്മവീട്ടുകാരും വെറുപ്പോടെ കൂടിയും കണ്ടിരുന്നു. നല്ല കുട്ടികൾ തർക്കുത്തരം, തറുതലകൾ പറയില്ലെന്ന് അവർ സദാ ഉദ്‌ഘോഷിച്ചു. ന്യായത്തിന്റെ വശത്തേക്കാളും നിശബ്ദമായ തലയിളക്കങ്ങൾക്ക് അവർ പ്രാധാന്യം നൽകി. ശരിയായത് പറയുന്നത് അസഹനീയമായി. കുട്ടികൾ ചോദ്യം ചെയ്യുന്നത്, ശരിയല്ല ഇതൊന്നുമെന്ന് വിമർശിക്കുന്നത്, ഇഷ്ടമല്ല എന്ന് വിസമ്മതിക്കുന്നത്​...ഒക്കെ ക്രിമിനൽ കുറ്റകൃത്യമായി വിവക്ഷിക്കപ്പെട്ടു. അമ്മമാർ പറയുന്നവ അന്ധമായി അനുസരിക്കുന്നവരായിരുന്നു ശരിയെന്ന് നിർവചിക്കപ്പെട്ടു.

സ്വന്തമായ അഭിപ്രായങ്ങളുള്ള, ശരികളുള്ള ഞാനെന്നും നന്മക്കളത്തിനു വെളിയിലായി. കലഹപ്രിയയായി മുദ്രകുത്തപ്പെട്ടു.
""ഓക്ക് വിഷ്ണുവും ശിവനും ഭേദമില്ല'' എന്ന ചൊല്ല് സ്വാഭാവികമായി. ആരോടും എന്തും ചോദിക്കാനുള്ള ആദിമചോദനയുടെ മുളകൾ എന്റെ നാവിൽ പൊന്തിക്കൊണ്ടിരുന്നു. പ്രതിഷേധങ്ങളും എതിർപ്പുകളും ഞാൻ മുന്നോട്ടു വെച്ചു.
ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും. എന്നാൽ അതിലൊക്കെ ശരിയുമുണ്ടായിരുന്നു. എന്റെമ്മ പലപ്പോഴും പക്ഷപാതപരമായ ആൺകോയ്മയോട് ചേർന്നു നിന്നു. അനിയൻ ഭക്ഷണം കഴിച്ച പാത്രങ്ങൾ അമ്മ കഴുകി നൽകി. കഴിച്ചപാത്രങ്ങൾ അവനവൻ കഴുകണമെന്ന നിയമമവിടെ തെറ്റിയില്ലെ എന്നു ഞാൻ ചോദിച്ചപ്പോൾ അമ്മ സ്പർദ്ധയോടെ പറഞ്ഞു:""ഞാൻ ജീവിച്ചിരിക്കുന്നോടത്തോളം കാലം എന്റെ മോനെക്കൊണ്ട് പാത്രം മോറിക്കൂല''""ഇയ്യ് പെങ്കുട്ട്യല്ലെ എന്താ മോറിയാല്?'' ""ചെക്കനെ ചൂല് തൊടീക്ക്യേ?''
ജെൻഡെർ സ്റ്റീരിയോറ്റൈപ്പിങ്ങ്, തുല്യതയില്ലായ്മ ഇതിനെക്കുറിച്ചൊന്നും ഒരു വിവരവുമില്ലെങ്കിലും എന്തോ ശരികേട് എന്നെ സദാ അലട്ടി. കടയിൽ പോയി സാധനങ്ങൾ വാങ്ങുന്ന പരിപാടി നിർത്തിക്കൊണ്ടും, മുറ്റം പാതി അടിച്ച് വെച്ചും ചെറിയ ചെറിയ നിഷേധങ്ങൾ, കലഹങ്ങൾ.
അമ്മയുടെ അത്തരം ആറ്റിറ്റ്യൂഡിനെ പുറത്ത് പ്രകടിപ്പിക്കാതിരിക്കാനെങ്കിലും എന്റെ സമരങ്ങൾ കാരണമായി.
അമ്മ വീട്ടുകാർക്കും അതറിയാമായിരുന്നു.
ഒരു നിഷേധിയുടെ വാക്കുകൾക്ക് മുമ്പിൽ പ്രശ്നങ്ങളൊഴിവാക്കാൻ എന്റെ സമരങ്ങളുമായി സമരസപ്പെടുന്നതാണ്​ എളുപ്പമെന്ന് അവിടെ അവർക്ക് തിരിച്ചറിവുണ്ടായി. രാവിലെ എണീക്കാത്ത, നേരത്തെയുറങ്ങാത്ത, നീലനിറം പൂശിയ ചില വേഷങ്ങൾ കാണുമ്പോൾ ഈ തന്തക്കൊരങ്ങൻ റൂബിൻ ബ്ലൂവിലു മുങ്ങി ജീവിക്കയാണല്ലൊ എന്ന് അമ്പലപ്പറമ്പിൽ നിന്ന്​ ആകുലപ്പെടുന്ന എന്നെ അങ്ങനെ തന്നെ ഉൾക്കൊള്ളുന്നതാണ്​ സമാധാനം എന്ന് കരുതപ്പെട്ടു. എന്നാലുമെനിക്ക് ഉത്തരം കിട്ടാത്ത എന്തോ ഒരു കുരുക്ക് ഉണ്ടായിരുന്നു. കാരണം ആരോട് ചോദിച്ചാലും ഞാൻ ചെയ്തത് ശരി എന്നു പറയുന്ന സംഭവങ്ങളിൽ പോലും എനിക്കെതിരായ ഒരു പ്രതിരോധം ഉണ്ടായിരുന്നു. എന്നോടല്ല, എന്റച്ഛനോടാണത് എന്ന് തിരിച്ചറിയാൻ കാലങ്ങളെടുത്തു.

എനിക്ക് 18 വയസ്സ് പൂർത്തിയാക്കിയ പിറന്നാളിനാണ് കുടുംബക്കാരോട് എനിക്ക് തുറന്നു സംസാരിക്കാനായത്. അച്ഛനെതിരെയുള്ള കാലകാലങ്ങളായ ആ അന്യായത്തോട് ഞാൻ ഭയങ്കരമായി പൊട്ടിത്തെറിച്ചു. ക്ഷോഭിച്ചു.
എന്റെ പിറന്നാളുകൾ എനിക്ക് ഏകാന്തതയുടെ നാളുകളാണ്. അമ്മ വീട്ടിലില്ലാത്ത രണ്ട് ദിവസങ്ങൾ. ഒരിക്കൽ പോലും ഞാൻ പിറന്നാൾ സദ്യ ഉണ്ടിട്ടില്ല. കേക്ക് മുറിച്ചിട്ടില്ല. അമ്മ ഒരിക്കൽ പോലും എന്റെ പിറന്നാളിനു എനിക്കൊപ്പം ഉണ്ടായിരുന്നില്ല. അമ്മച്ചന്റെ ചാത്തത്തിനും ഒരിക്കലിനും മീഞ്ചന്ത വീട്ടിൽ പോയിരിക്കും.

എന്റെ അമ്മച്ഛൻ മരിച്ചതും ഞാൻ ജനിച്ചതും ഒരേ ഇടവമാസത്തിലെ ആദ്യത്തെയും അവസാനത്തെയും തിരുവാതിര നാളിലാണ്. അന്നെയ്ക്ക്​ പിന്നെ തിരുവാതിര രണ്ട് ദിവസം വന്നതേയില്ല. മരിപ്പിനും ജനിച്ച ദിവസത്തിനും വീതം വെച്ച ഇളം തണുപ്പുള്ള ഒറ്റത്തിരുവാതിര. പിന്നീടിങ്ങോട്ട് ഒറ്റ ദിവസമേ വന്നുള്ളൂ. അതിനാൽ അമ്മച്ഛന്റെ ചാത്തവും എന്റെ പിറന്നാളും ഒറ്റ ദിവസമായി. അമ്മ ബലിയിടാൻ എല്ലായ്‌പ്പോഴും തിരുനാവായ്ക്ക് പോയി. തലേന്ന് തന്നെ ഒരിക്കലെടുക്കാനായി എല്ലാരും തിരുവച്ചിറയിലെയ്ക്ക് പോകും അമ്മമ്മയുടെ അടുത്ത്. അങ്ങനെയുള്ള ഒരു പിറന്നാളിനു ഞാനും അമ്മയും അമ്മമ്മയുടെ ഏടത്തിമാരും അനിയത്തിമാരും ഇരുന്ന ഒരു സദസ്സിൽ,""എന്താടീ വന്നു വന്ന് മണി ഒട്ടിപ്പോയല്ലോ?'' എന്ന ഒരു വർത്തമാനം കേട്ടു. മണി എന്നത് എന്റെ അച്ഛനു അമ്മ വീട്ടുകാർ നൽകിയ ഓമനപ്പേരാണ്​. വിക്രമൻ എന്ന അക്രമപ്പേര്​ മലബാറുകാർക്ക് സാമൂരീടെ മാത്രം പേരാണ്​. സാമൂരി സിൽപ്പന്തികൾക്ക് ആ പേര്​ ഉച്ഛരിക്കാൻ തന്നെ വിഷമമാണ്. അങ്ങനെ അമ്മ വീട്ടുകാർ ഇട്ട പേരാണ്​ മണി. ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഓർത്തു ചിരിച്ചു.""എന്താടി ഒരാക്കിച്ചിരി?'' ജാനുവെല്ല്യമ്മയാണ്. അമ്മൂമ്മയുടെ ഏറ്റവും ഇളയ അനുജത്തി""ഭാര്യവീട്ടുകാരുടെ സഹകരണം കൊണ്ടും സ്‌നേഹം കൊണ്ടുമാണ്​മെലിഞ്ഞുമൊട്ടിയും ഇരിക്കുന്നത്,'' ബലിയിട്ടു വന്നവർക്കുള്ള ഉപ്പുമാവ് എന്റെ വായിൽ കനച്ചു.
എല്ലാ ശബദവും നിലച്ചു. സ്പൂണുകളുടെ ഒച്ച, കറിക്കരിയുന്നവരുടെ കത്തിയുടെ ശബ്ദം, ഓടക്കുഴൽ വെച്ച് അമ്മൂമ്മ തീയൂതുന്ന ശബ്ദം, മനുഷ്യരുടെ സംഭാഷണം ഒക്കെ നിലച്ചു. അടുപ്പിൽ ഓലക്കണ്ണികൾ തീഞെരിഞ്ഞു പൊട്ടുന്ന ശബ്ദം കേട്ടു. ഞാൻ പറഞ്ഞത് കേട്ടത് തന്നെയോ എന്ന് ആ ഇടവേളയിൽ അവർ ആലോചിച്ചിരിക്കണം.

അത് അമ്മൂമ്മയുടെ അനുജത്തിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഉടനെ കുന്നായ്മ പറഞ്ഞു. ""ഊഹ് അല്ലെങ്കിൽ നിന്റച്ഛൻ വെല്യെ സുന്തരാണല്ലോ. കണ്ടാലും മതി''
എനിക്ക് പിരുപിരാവന്നു. വർഷങ്ങളായി മനസ്സിലടുക്കിയ ക്രോധം. അന്തമില്ലാത്ത അപമാനങ്ങൾ. നിറമോ ശാരീരികമോ അല്ലാത്ത ചിലകാരണങ്ങളെ മറച്ച് വെച്ച് ഉടലിന്റെ പേരിൽ അപഹസിക്കൽ. ഞാനും വിട്ടുകൊടുത്തില്ല.""24 വയസ്സായി ഡിഗ്രി തോറ്റ് നിൽക്കുന്ന ഒരു കെട്ടാച്ചരക്ക് പെണ്ണ്. സഹോദരങ്ങളെപ്പോലെ ജോലിയില്ല, പഠിപ്പില്ല, മറ്റു കഴിവുകളോ വിശേഷങ്ങളോ ഒന്നുമില്ല. വെളുത്ത് വെള്ളലുവായി പ്രായം മുറ്റിനിൽക്കുന്ന ഒരു തടിച്ചിപ്പെണ്ണ്. കുടുംബത്തിലോ നയാ പൈസയില്ല. അച്ഛനു അസുഖമായ് ഹോസ്പിറ്റലിൽ കഴിയുന്നു. താഴെത്താഴെ രണ്ട് അനിയത്തിമാർ. ശീമാമ്മയ്ക്ക് വന്ന നട്ടപ്പിരാന്തൊഴിച്ഛ് ബാക്കിയെല്ലാ നരകങ്ങളും അങ്ങനെ തന്നെ നിൽക്കുമ്പോൾ അഞ്ചു പൈസ ചെലവില്ലാതെ സ്വർണമോ മറ്റെന്തെങ്കിലും ഉരുപ്പടിയോ ഇല്ലാതെ എന്റെ അച്ഛന്റെ തലയിൽ നിങ്ങൾ ആ തടിച്ചിയെ കെട്ടിവെച്ചു. സംഗതി എന്റെ അമ്മ തന്നെ. കേവല വെള്ളലുവ എന്നതിൽ കവിഞ്ഞ് എന്ത് പ്രസക്തിയാണ്​ അമ്മയുടെ ജീവിതത്തിലുള്ളത്? എന്റെയച്ഛൻ നല്ല ഒന്നാന്തരം പാട്ടുകാരനാണ്. നല്ല മനുഷ്യനാണ്. ജീവിതത്തിന്റെ മൂല്യങ്ങളും വിലയും അറിയുന്ന ആളാണ്. അലിവുള്ള ആളാണ്. എന്റെ അച്ഛനെ കല്യാണം കഴിക്കാൻ ഒരു യോഗ്യത ഈ പ്രദേശത്താർക്കുമില്ല. എന്റമ്മയ്ക്കുമില്ല. ഈ കുടുംബത്തിലെ ഓരാക്കുമില്ല.''
എന്റെ അമർഷം തീയായി ആളി. ഭക്ഷണം കഴിക്കുന്നത് നിർത്തി ഞാൻ എണീറ്റു""ഇനിയും പറയാണ്ട്. എല്ലാ വീട്ടിലും ഗതികെട്ട പ്രാപ്തിയില്ലാത്ത സഹോദരങ്ങൾക്ക് എന്തെങ്കിലും കൂടുതൽ നൽകും. പൈസയുടെ മാത്രം കാര്യല്ല. ജോലിയില്ലാത്തവൾക്ക് ഗതിയില്ലാത്തവൾക്ക് കൂടുതൽ സപ്പോർട്ട്. കൂടുതൽ പിൻബലം, അതു ചെയ്തില്ല എന്നു പോട്ടെ. എന്റെ അച്ഛന്റെ ഔദാര്യങ്ങൾ പറ്റി അദ്ദേഹത്തെ പറ്റി തെമ്മാടിത്തങ്ങൾ പറയാൻ നിങ്ങക്ക് നാണമില്ലെ?''

ഞാൻ പറഞ്ഞത് എല്ലാം സത്യമായിരുന്നു.
അമ്മച്ചൻ സുഖമില്ലാതെ കിടക്കുകയായിരുന്നതിനാൽ അമ്മയുടെ കല്യാണത്തിനു അമ്മയ്ക്ക് ഒന്നും കിട്ടിയില്ല എന്നു വേണം പറയാൻ. സഹോദരിയോട് കടം വാങ്ങിച്ചിട്ട മാലയും വളകളുമായ് അമ്മ കല്യാണം കഴിച്ചു. അച്ഛനു പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല. അച്ഛനത് ശ്രദ്ധിച്ചുകൂടിയില്ല. ഒരു കിലോ സ്വർണം വാങ്ങി ഹൈസ്‌കൂൾ അധ്യാപകർ ഡോക്ടർമാരെ കല്യാണം കഴിക്കുന്ന കൊല്ലത്തിന്റെ സ്ത്രീധനദേശത്തു നിന്നാണ്​ സ്ത്രീധനമൊന്നും വാങ്ങാതെ എന്റെയച്ഛൻ വിവാഹം ചെയ്യുന്നത്. ജോലിയോ വിദ്യാഭ്യാസമോ മറ്റു സഹോദരങ്ങളെപ്പോലെ അമ്മയ്ക്ക് ഇല്ലായിരുന്നു. ആരുടെയും കുറ്റമായിരുന്നില്ല അത്. ആരും അമ്മയ്ക്ക് അവസരം നിഷേധിച്ചിരുന്നുമില്ല. സ്ഥായിയായ മടിയായിരുന്നു അമ്മയുടെ പ്രശ്‌നം, അലസതയും. അതു കൊണ്ടാണു തുടർപഠനങ്ങൾ നിലച്ചത്. അതിനുശേഷം ട്യൂഷനെടുത്തും കുടുംബത്തിനു വേണ്ടി പണി ചെയ്ത് നിന്നും അമ്മ തന്റെ പഠന അലസതയെ മറച്ചു വെച്ചു. പഠിക്കാൻ മടിച്ച് അമ്മൂമ്മയുടെ നിത്യസഹായമാതയായി. തേങ്ങ ചുരണ്ടിയും അമ്മിയിലരച്ചും അമ്മയ്ക്ക് കൂട്ടായി.

അമ്മയ്ക്ക് വിവാഹസമയത്ത് ആഭരണങ്ങൾ ഒന്നും നൽകാത്തതിനാൽ നാലു സെന്റ് ഭൂമി വാഗ്ദത്തം ചെയ്യപ്പെട്ടിരുന്നു. അതും നിസ്സാരമായിത്തന്നെ അട്ടിമറിക്കപ്പെട്ടു. അമ്മയ്ക്കും അച്ഛനും അമ്മൂമ്മ ആ ഭൂമി നൽകാതെ വിറ്റു കളഞ്ഞു. അതിനൊരു നൈതികമായ മറുവശമുണ്ടായിരുന്നു. ചെറിയമ്മയെ വിവാഹം ചെയ്യിക്കാൻ അമ്മൂമ്മയ്ക്ക് മറ്റ് മാർഗങ്ങളില്ലായിരുന്നു. പക്ഷെ ഫലത്തിൽ അമ്മമ്മയും അച്ഛനെ വാക്കു പറഞ്ഞ് പറ്റിച്ചുവെന്നതും വാസ്തവമായി. പക്ഷെ അമ്മയ്ക്ക് ആ നാലു സെന്റ് കൊടുത്താലും ബാക്കി വേണമെങ്കിൽ വിൽക്കാമായിരുന്നു. അനവധി നീതിരാഹിത്യങ്ങൾ അച്ഛനോട് ചെയ്ത ഒരു ഗൂഢസംഘത്തോട് ഞാൻ പോരുകൊണ്ടു നിന്നു.

അമ്മയോ അച്ഛനോ ഈ വിഷയം രഹസ്യമായോ പരസ്യമായോ സംസാരിച്ചിട്ടില്ലാത്ത ഇടത്താണ്​ ഞാനിത് വിളിച്ചു പറയുന്നത്. അതിനന്മ, അതിവിനയം, പതുങ്ങിയ മട്ട് ഇതൊന്നും അമ്മവീട്ടിലെ സ്ത്രീകളിൽ നിന്നും വിഭിന്നമായി എനിക്കുണ്ടായിരുന്നില്ല. തിരിച്ച് മറുപടി പറയാനോ ചോദ്യം ചെയ്യാനോ വാദിക്കുവാനോ എനിക്ക് മടിയുണ്ടായിരുന്നില്ല. എന്റെ ശബ്ദം പ്രതിഷേധികളുടേതായി. എന്നെന്നേയ്ക്കുമായ് നിഷേധികളുടേതുമായി.

ഒരു ബോംബ് വീണത് പോലെ വീട് നിശബ്ദമായി. എല്ലാവർക്കും വാക്കുമുട്ടി. എന്റെ വിഷയാവതരണം അത്രമേൽ സത്യമായിരുന്നു. താടകയുടെ ആട്​ കഥാ പരിസരത്ത് നിൽക്കും പോലെ അവർ ബ്ലിങ്കസ്സ്യാ ആയി നിന്നു. 25 വയസ്സായ പഠിക്കാത്ത, ജോലിയില്ലാത്ത സുന്ദരിയെ സൗജന്യമായി കെട്ടിയ നായകനെ നിങ്ങളെന്തിനു അപഹസിക്കുന്നു? കുറ്റവും കുറയുമുള്ളത് എന്റെ അച്ഛനല്ല, നിങ്ങളുടെ മകളായ എന്റെ അമ്മയ്ക്കാണ് എന്ന് പറഞ്ഞു കേട്ടത് സത്യം തന്നെയോ എന്ന് എല്ലാരും അന്തിച്ചു. ചെറിയ അമ്മൂമ്മ മൂക്കു ചീറ്റിക്കരയാനാരംഭിച്ചു.

ഈ കരച്ചിലിന്റെ ഉദ്ദേശ്യമെന്തെന്ന് ഊഹിക്കാൻ ആകാതെ ഞാനും നിന്നു.
എന്റെ പുറകിൽ ബലിയിട്ടു വന്ന് അമ്മ നിൽക്കുന്നുണ്ടായിരുന്നു. ""ഇന്റമ്മോ'' എന്നെന്റെ ഉള്ള് ആളി.
അമ്മ ഓടിപ്പാഞ്ഞ വന്ന്​ എന്നെ ക്രുദ്ധമായി നോക്കി.
എന്നെ പിടിച്ച് വലിച്ച് അമ്മച്ചന്റെ മുറിയിലാക്കി വാതിലടച്ചു.
ദേഷ്യം വന്നാൽ പിന്നെ നോക്കണ്ട പടപടയെന്ന് അടിച്ചു കളയും അമ്മ. തോലുരിക്കും. ചട്ടുകം, കത്തിയായുധങ്ങൾ ഉറുമി വരെ വീശി അടിച്ച് പൊട്ടിക്കും. വാതിലിൽ എല്ലാരും മുട്ടി എല്ലാരും ""സത്യേ വേണ്ട സത്യേ'' എന്ന് വാതിലിലിടിച്ചു. ഞാൻ വാസ്തവമാണ്​ പറഞ്ഞത് എന്ന് എല്ലാർക്കും, ബോധ്യമുണ്ടായിരുന്നിരിക്കണം. എന്നെ അമ്മ തല്ലുമെന്നും ഒരുപക്ഷെ തല്ലിക്കൊല്ലുമെന്നുമവർക്കുറപ്പായിരുന്നു..
എനിക്കും.

മുറിയ്ക്കകത്ത് അമ്മ സാക്ഷയിട്ടപ്പോൾ എന്റെയുള്ള് കിടുകിടാവിറച്ചു.
എന്നാൽ എന്റെ മേലിൽ അന്യായങ്ങളില്ല എന്ന് ഉറപ്പുള്ളതിനാൽ ഞാൻ പുറത്തേയ്ക്ക് ധൈര്യശാലിയായി തന്നെ നിന്നു. ഉള്ള് പേടികൊണ്ട് തുടികൊട്ടിക്കൊണ്ടേയിരുന്നു. അമ്മ തിരിഞ്ഞു നിന്നപ്പോൾ ഞാൻ മിടയിറക്കി. എപ്പോൾ വേണമെങ്കിലും അടി വീഴാം...""അമ്മാ അത്..'' ദുർബലയായി ഞാൻ വിക്കി എന്നെ ന്യായീകരിക്കുവാൻ ശ്രമിച്ചു.""ഷ്ഹ്ഹ്'' അമ്മ ചുണ്ടിൽ വിരലമർത്തി ഉഗ്രശാസനം തന്നു.
തല്ലിയില്ല. നുള്ളിയില്ല. ഒന്നും പറഞ്ഞുമില്ല.
കട്ടിലിന്റെ കാൽക്കീഴിൽ തലകുമ്പിട്ടിരുന്നു. അമ്മ വഴക്കുപറയുമെന്നാണു അടിക്കുമെന്നാണു ഞാൻ കരുതിയത്. അമ്മയുടെ ഉടലങ്ങനെ വിറയ്ക്കുന്നത് ഞാൻ കണ്ടു. അമ്മ മുഖം പൊത്തി കരയുന്നത് കണ്ട് എനിക്ക് സഹിക്കാനായില്ല. എനിക്ക് കുറ്റബോധം തോന്നി

""സോറി അമ്മാ'' ഞാൻ അമ്മയ്ക്കു മുമ്പിൽ മുട്ടുകുത്തിയിരുന്നു.
അടിയ്ക്കുന്നെങ്കിൽ ആയിക്കോട്ടെ എന്നു ഞാൻ കരുതി.
കൈകൾ തൊട്ടപ്പോഴാണു കാര്യമറിഞ്ഞത്. അമ്മ കരയുകയായിരുന്നില്ല. ചിരിക്കുകയായിരുന്നു.""ഷ് ഹ്ഹ്ഹ്'' വീണ്ടും അമ്മ ചിരിപൊത്തി നിശബ്ദമാവാൻ ആവശ്യപ്പെട്ടു. എനിക്ക് കരച്ചിൽ വന്നു. ഉയരത്തിന്റെ നിറത്തിന്റെ മുടിയുടേ പേരിലൊക്കെ അനുഭവിച്ചത് എനിക്ക് തികട്ടി വന്നു. ഞാൻ പൊട്ടിക്കരഞ്ഞു പോയി.""അമ്മാ എത്ര നാളായമ്മാ. എന്നെയും അച്ഛനെയും ഇങ്ങനെ പറയുന്നത്? ഞങ്ങൾക്കെന്താ കുഴപ്പം? നെറാണോ? ഉയരക്കുറവാണോ? അല്ലമ്മ അതൊന്നുമല്ല. വേറേന്തോ ആണ്. ഞാൻ അമ്മടെങ്കൂടെ മോളല്ലെ? വേറാരുടെങ്കിലും ആണോ? അല്ലല്ലോ? എന്റെ അച്ഛന്റെ മാത്രം മോളെന്ന രീതിയിലാണു ഇവിടെ. എന്നോട് ഇവർക്കൊക്കെ ദേഷ്യമുണ്ട്'' അമ്മ എന്റെ മുടിയിൽ തലോടി. ആശ്വസിപ്പിച്ചു.""നീ വലിയ കുട്ടിയായ്. ഒറ്റയ്ക്കും തെറ്റയ്ക്കും നീയും നിന്റെ അച്ഛനും കേട്ട പഴികൾക്കുകാരണം മറ്റൊന്നാണ്. അത് നീയിം കൊറച്ചീശ്ശെ കേട്ട്ണ്ടാവും''
അമ്മ ആ കഥ പറയുവാൻ ആരംഭിച്ചു. വിക്രമാദിത്യന്റെയും അഭിനവവേതാളത്തിന്റെയും കഥ. അഥവാ ഊമക്കത്തുകളുടെ കഥ.

വിക്രം വിക്രം വേതാൾ വേതാൾ

കാരണമില്ലാത്ത സ്പർദ്ധയും പകയും ചുറഞ്ഞ ഒരന്തരീക്ഷത്തിലാണ് എന്റെ അച്ഛന്റെയും അമ്മയുടെയും ദാമ്പത്യം അമ്മവീട്ടിൽ ആരംഭിക്കുന്നത്. അതിസങ്കീർണ്ണമാണ് മനുഷ്യ ബന്ധങ്ങൾ. നമ്മൾക്കതിന്റെ യുക്തിയും യുക്തിരാഹിത്യവും മനസ്സിലാവില്ലായിരുന്നു. ഇന്ന് ദാമ്പത്യമെന്ന തേങ്ങാക്കൊല തലച്ചുമടായി കഴുത്തും തോളുമൊടിച്ച് നിൽക്കെ എനിക്ക് കാര്യങ്ങൾ എളുപ്പത്തിൽ ഓർത്തെടുക്കാനായി.

അച്ഛന്റെയും അമ്മയുടെയും വിവാഹ ശേഷ ജീവിതം ആരംഭിക്കുന്നത് അമ്മവീട്ടിലാണ്. കോഴിക്കോട് വീട്ടിൽ നിന്ന്​ കല്യാണം കഴിഞ്ഞ് അമ്മയുമച്ഛനും രാത്രിത്തീവണ്ടിയ്ക്ക് കൊല്ലത്തേയ്ക്ക് പോയി. ഇത്രയേറെ ആളുകളുള്ളതിനാൽ റിസർവേഷൻ ചിലർക്ക് കിട്ടിയില്ല. ബർത്ത് കിട്ടിയവരാകട്ടെ കിടക്കാതെ സീറ്റ് പങ്കിട്ടു. ഇരുന്ന് നടുനിവർത്താതെ ഉറങ്ങാതെ നേരം വെളുപ്പിച്ച ആദ്യരാത്രിയെക്കുറിച്ച് അമ്മയും അച്ഛനും തമാശ പറയുമായിരുന്നു. ഇരുളുവീണ പാതയോരങ്ങൾ തീവണ്ടി ജനലിന്റെ നിഴലിൽ അഴിയിട്ട ചതുരങ്ങൾ തെളിഞ്ഞു. കല്യാണപ്പെണ്ണും ചെക്കനും നിഴലുകളായി നിലത്ത് സഞ്ചരിച്ചുകൊണ്ടേയിരുന്നു..

അച്ഛൻ കൊല്ലംകാരനായതിനാൽ രാമനാട്ടുകരയിൽ ഒരു വാടകവീട്ടിലാണ് താമസം. അമ്മവീട്ടിൽ വന്നു നിൽക്കാൻ വേണ്ടി അമ്മവീട്ടുകാർ പ്രേരിപ്പിച്ചിരിക്കണം. അതുകൊണ്ട് അമ്മയ്ക്ക് അമ്മ വീട്ടിൽ തന്നെ അക്കാലത്ത് നിൽക്കാനായ്. അമ്മ ജോലി ചെയ്യുന്ന എൻ.എസ്.എസ്സിലേയ്ക്ക് എളുപ്പത്തിൽ പോകാനായി. വിവാഹം മാത്രമല്ല വിരുന്നും വിശേഷങ്ങളും മറ്റു ചടങ്ങുകളുമൊന്നും വേണ്ടി വന്നില്ല. എല്ലാം എളുപ്പമായിരുന്നു. സ്വാഭാവികമായും പെൺവീട്ടുകാരുടെ സംവിധാനങ്ങൾക്ക് ഭാരമുണ്ടാക്കുന്ന പ്രസവം പോലും ഇവിടെ എളുപ്പത്തിലായി. രണ്ടു പ്രസവങ്ങൾക്ക്, അമ്മയ്ക്കു വേണ്ടി മാറി നിൽക്കേണ്ട അവസ്ഥ അമ്മൂമ്മയ്ക്കുമില്ലാതായി. പ്രസവചടങ്ങുകളും ബുദ്ധിമുട്ടില്ലാതെ നടന്നു. ഞങ്ങൾ കുട്ടികളെ നോക്കി എന്റെ അമ്മയ്ക്ക് കഷ്ടപ്പെടേണ്ടി വന്നതേയില്ല. അമ്മൂമ്മയും ചെറിയമ്മയും മാമന്മാരുമുള്ള വീട്ടിലത് എളുപ്പമായിരുന്നു. അച്ഛന്റെ അച്ചിവീട്ട് പൊറുതി സത്യത്തിൽ അമ്മയ്ക്ക് ഗുണകരമായിരുന്നു. അമ്മൂമ്മയ്ക്കും. അമ്മൂമ്മയെ സഹായിക്കാനമ്മയ്ക്കും, മറിച്ചും സാധ്യമായി.

സ്റ്റേറ്റുകാരനായ ഉദ്യോഗസ്ഥൻ സ്ത്രീധനമില്ലാതെ കെട്ടുന്നത് സ്റ്റേറ്റുകാർക്ക് സങ്കൽപ്പിക്കാനാകുമായിരുന്നില്ല. അച്ഛന്റെ നിലപാടൊന്നും അച്ഛൻ വീട്ടുകാർക്ക് മനസ്സിലാവുമായിരുന്നില്ല. സ്ത്രീധനം വേണ്ടെന്നു പറഞ്ഞതിന്റെയും സ്വർണമി ല്ലായ്മയുടെയും സമ്മർദ്ദം മുഴുവനും അനുഭവിച്ചത് അമ്മയുമച്ഛനുമൊരുമിച്ചാണ്.

ധാരാളം സ്ത്രീധനം കിട്ടുമായിരുന്ന തന്റെ വളർത്തുമകന് അത് കിട്ടാത്തതിൽ കെറുവു തോന്നിയ നാണിക്കുട്ടിപ്പിള്ളയമ്മ ആദ്യത്തെ മുറുമുറുപ്പിനു ശേഷം പെണ്ണിനെ കാണാമെന്നു സമ്മതിച്ചു. പെണ്ണിനെ കണ്ടതോടെ മനസ്സപ്പാടെ മാറി, സ്ത്രീധനരഹിത സംഘത്തിലേയ്ക്ക് കളം മാറ്റിചവിട്ടി. എല്ലാവരും അതെ. പെണ്ണിനെക്കണ്ടതോടെ സ്ത്രീധനവിഷയം അവസാനിച്ചു. സസന്തോഷത്തോടെയും സ്‌നേഹത്തോടെയും തിളങ്ങുന്ന അതിസുന്ദരിയായ വധുവിനെ അച്ഛന്റെ വീട്ടുകാർ സ്വീകരിച്ചു. സ്ത്രീധനംവാങ്ങിമാത്രം കെട്ടുന്ന തെക്കർക്കിടയിൽ ഉണ്ടാകാവുന്ന സ്വാഭാവികമായ കുശുകുശുപ്പു പോലും ഇല്ലാതായി. ചുരുക്കത്തിൽ എല്ലാവരെയും മയക്കാൻ അമ്മയുടെ സൗന്ദര്യത്തിനു കഴിഞ്ഞു.

പിന്നീടെല്ലാക്കാലത്തും അച്ഛന്റെ വീട്ടിലെ രാജകുമാരിയായിരുന്നു അമ്മ. വീട്ടുകാര്യങ്ങളിലെ പിടിപ്പും മികവും. ആളുകളോടുള്ള സ്‌നേഹപൂർണ്ണമായ പെരുമാറ്റം, കുറുമ്പും കുസൃതിയും നിറഞ്ഞ വികൃതികൾ, കഥപറയാനും കഥ വായിച്ചു കൊടുക്കാനുമുള്ള ചാതുരി, ഭരണമികവ്, ഒപ്പം മുടിഞ്ഞ സൗന്ദര്യവും. സത്യ ഒരു കൾട്ടായിരുന്നു. പിന്നീട് അച്ഛന്റെ ബന്ധുക്കളിൽ പലരും അമ്മയെ മാതൃകയാക്കി, അതുപോലത്തെ പെൺകുട്ടികൾ, ബന്ധങ്ങൾ മതിയെന്ന് തീരുമാനിക്കുക പോലും ഉണ്ടായി. കുടുംബങ്ങൾക്ക് വേണ്ടത് തർക്കുത്തരം പറയാത്ത, ഒതുങ്ങിയ അച്ചടക്കമുള്ള വിനയാന്വിതകുന്നികളായ സുന്ദരിത്തന്വികളെ മാത്രമാണ്. അത്തരം കുറേപ്പേരെ അമ്മവീട്ടിലും പരിസരത്തും ഞാൻ കണ്ടിട്ടുണ്ട്. എന്താണെന്നറിയില്ല വളരെ ചെറുപ്പകാലം തൊട്ടു തന്നെ അവരുടെ നന്മയിൽ സന്താനഗോപാലം എനിക്ക് അസഹനീയമായിത്തീർന്നു. പലപ്പോഴും അമ്മയുടേയും.

ആദ്യമേ പറഞ്ഞല്ലോ അമ്മയെ അച്ഛൻ വീട്ടുകാർ കൈവെള്ളയിൽ വെച്ചപ്പോൾ അമ്മവീട്ടുകാർ അച്ഛനെ ഒട്ടും അംഗീകരിച്ചില്ല. പ്രത്യക്ഷമായ ഒരു നിന്ദാക്രമമായിരുന്നില്ല അത്. വീട്ടുപെണ്ണിന്റെ ഭർത്താവ് എന്നതിനാൽ പ്രത്യക്ഷമായ എല്ലാ ഏറ്റുമുട്ടലുകളും അവർ ഒഴിവാക്കി. എന്നാൽ ഒറ്റയ്ക്കും തെറ്റയ്ക്കും അച്ഛനെ അവമതിച്ചു കൊണ്ടേയിരുന്നു. നിറം കുറവായും ഉയരക്കുറവായും ആളുകൾക്ക് ഇരട്ടപ്പേരു വെയ്ക്കുന്നവനായും തെക്കൻ മൂർഖനായും അച്ഛൻ ചിത്രീകരിക്കപ്പെട്ടു. സ്വത്തിനു വേണ്ടി ആവശ്യപ്പെട്ട ക്രൂരമനുഷ്യനായും അതിനായ് സംഘർഷമുണ്ടാക്കുന്നവനായും സ്‌കീസോഫ്രീനിക്കായ ഭാര്യാസഹോദരനുമായ് മുക്കേരി വഴക്ക് അഥവ ഉമിക്കരി സമരം ചെയ്തയാളായിട്ടും അച്ഛൻ മുദ്രകുത്തപ്പെട്ടു. യഥാർത്ഥത്തിൽ എന്ത് നടന്നുവെന്ന് ആർക്കും അറിയേണ്ടായിരുന്നു. അച്ഛനാണ് ഒരു വശത്ത് എങ്കിൽ അവർ മറുപക്ഷം ചാടി.

""അന്റെ മാഷക്ക് ഒന്ന് ഷമിച്ചൂടെ സത്യേ?'' ""ഓനു സുകല്യായ്ത്തതല്ലേ?''
എന്ന് അമ്മയുടെ ബന്ധുക്കൾ അമ്മയോട് ചോദിച്ചു. അമ്മയുടെ സ്‌കീസോഫ്രീനിയ ബാധിതനായ സഹോദരനുമായുള്ള പ്രശ്‌നത്തിൽ അച്ഛൻ തന്നെ കുറ്റവാളിയായി. ഒരു പ്രശ്‌നത്തിന്റെ പുറകിലെന്താണ് എന്ന് അറിയാൻ അവർ ആഗ്രഹിച്ചില്ല. എന്റെയച്ചനാണോ മറുപുറത്ത് എങ്കിൽ ഇപ്പുറം ശരി എന്ന അന്യായകരമായ ന്യായമായിരുന്നു അത്.
കഞ്ചാവ് ബീഡി ശിമ്മാമ തെറുത്ത് വെച്ചത്, വലിച്ചത്, പ്രശ്‌നമുണ്ടാകിയത് ഒക്കെ അവർ മറന്നു കളഞ്ഞു. കുറ്റം അച്ഛൻ ആ ബീഡി എടുത്ത് കളഞ്ഞതും കഞ്ചാവ് വീട്ടിലെത്തിച്ചു നൽകിയ ചങ്ങാതിയെ വിരട്ടിവിട്ടതുമായി മാറി.

""ഓനല്ലങ്കിൽ തന്നെ ചാങ്ങയ്മാരൊന്നുല്ലാത്തതാ. ആരെങ്കിലും ഒരാളുണ്ടെങ്കിലത് പപ്പനാ. പപ്പനുമായിട്ട് പറഞ്ഞ് തെറ്റേണ്ടതുണ്ടോ മാഷക്ക്?'' ""എന്തന്റെ കേടാടോ മണിയ്ക്ക്?'' എന്ന് പലരും മറുകണ്ടം ചാടിപ്പറഞ്ഞു. കഞ്ചാവ് കച്ചവടക്കാരൻ പപ്പൻ സകലൊരും വഴക്കുണ്ടാക്കുന്ന് സകലർക്കും അനഭിമതനായവൻ പോലും പ്രിയങ്കരമാകുന്ന ഒരവസ്ഥ. കഞ്ചാവ് ബീഡി കളഞ്ഞതിനു പുറകിലും പപ്പനുമായുള്ള വഴക്കിനു പുറകിലും അച്ഛനെന്നു മനസ്സിലാക്കിയ ശിമ്മാമ അച്ഛനോട് ഭീകരമായ കച്ചറ കൂടുകയാണുണ്ടായത്. ശിമ്മാമയുടെ കേസിൽ, എല്ലാരുമായുമുണ്ടാകുന്ന വഴക്കുകളിൽ രോഗം കുറ്റക്കാരനായി വരുമ്പോൾ, അച്ഛൻ ഇടപെട്ട കേസ്സിൽ അത് കഞ്ചാവ് വിഷയമെങ്കിൽ പോലും വാദിയായ അച്ഛൻ പ്രതിയാവുന്നു. അത്യധികം സങ്കീർണ്ണമായത്. എത്ര ഓർമിച്ചിട്ടും എനിക്കത് പിടികിട്ടാതെ പോയി""അൽപ്പം കൂടി നന്നായി പെരുമാറിക്കൂടെ?'' ""പിരാന്തനായ അളിയനോട് അലിവു കാട്ടിക്കൂടെ?'' ""തെക്കുകാരുടെ മർക്കടമുഷ്ടി വയ്യായക്കാരനോട് വേണോ?'' എന്ന മട്ടിലാണു കാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടത്.
ശിവമാമ്മയുടെ പിരാന്തുകൾ ഉച്ചസ്ഥായിയിലായിരുന്നു. രാജസ്ഥാനിൽ നിന്നും വന്ന് കുതിരവട്ടത്തെ അഴിമുറിയിൽ ഉന്മാദത്തിന്റെ കഠിന ഉച്ചപ്പെരുക്കങ്ങളും ഉഷ്ണവുമായ് ഒരു യൗവ്വനം ഭ്രാന്തിനു തീറേഴുതിയ ആദ്യവർഷങ്ങളായിരുന്നു അത്. ഒരിക്കലും തിരികെ സ്വബോധത്തിലേയ്ക്ക് വരികയില്ലെന്ന് അമ്മൂമ്മ പൂണ്ട ആധി സത്യമായിരുന്നു. ഒരിക്കലും അദ്ദേഹം ഉന്മാദത്തിന്റെ പുറന്തോട് പൊട്ടിച്ച് പുറത്തു വന്നില്ല. വൈദ്യുത ഷോക്കു കൊടുത്തും മരുന്നുകൾ കൊടുത്തും തോട് തകർത്തപ്പോഴൊക്കെ വേരുപിടിച്ച് തലച്ചോറിലേയ്ക്കും മനസ്സിലേയ്ക്കും ഉടലിലേയ്ക്കും വരെ പടർന്നു പന്തലിച്ച ഭ്രാന്തിന്റെ പെരുംവൃക്ഷം കണ്ട് ഞങ്ങൾ ഭയന്നു. ആ ഭ്രാന്തിന്റെ ഭാരം ഒരു മുഴുപുരുഷജീവിതത്തിനു സമാനമായിരുന്നു. ആയിരം കണ്ണുകളുള്ള ആ ആന്തരികതയ്ക്കുള്ളിൽ കിടന്നു മരുന്നിന്റെ മയക്കത്തിലും ശിമ്മാമ അദൃശ്യമനുഷ്യരെക്കണ്ടു. സ്‌കീസോഫ്രീനിയ രോഗികൾക്ക് ദൈവം കൊടുത്ത അത്ഭുതസിദ്ധി. മരുന്നു കഴിച്ചിട്ടും തലയിലെ നട്ടപ്പിരാന്തിനു ശമനമില്ലായിരുന്നു. പാതിരാത്രിയിലും ഉച്ചസൂര്യൻ പോലെ നിറുകയിൽ ഉദിച്ചു തന്നെ നിന്നു.
വഴക്ക് വഴക്ക് വഴക്ക്.....
വീണ്ടും വഴക്ക്
രാത്രിയിലും പകലിലും വഴക്ക്
ഉറക്കത്തിലുമുണർച്ചയിലും വഴക്ക്
ഊണുമുറിയിലും മുറ്റത്തും വഴക്ക്
വഴക്ക് തന്നെ വഴക്ക് പെരും വഴക്ക്
നിത്യവും വഴക്ക്
ഒരു വശത്ത് ശിവമാമ. മറു വശത്ത് അച്ഛൻ അതായിരുന്നു അറിഞ്ഞും അറിയാതെയും സംഭവിച്ചു കൊണ്ടിരുന്നത്.

വഴക്കും വക്കാണവും അധികമായപ്പോൾ മാറിത്താമസിക്കാമെന്ന് അച്ഛനുമമ്മയും തീരുമാനിച്ചു. ദൂരേയ്ക്ക് മാറാതെ അമ്മൂമ്മയുടെ അടുത്ത് തന്നെ താമസിക്കാമെന്നെതായിരുന്നു അമ്മയുടെ തീരുമാനം. അമ്മയ്ക്ക് വിവാഹസമയത്ത് നൽകാമെന്നേറ്റ മൂന്നോ നാലോ സെന്റ് ഭൂമി തരുമോ എന്ന് അമ്മ അമ്മൂമ്മയോട് ചോദിച്ചു.""തരാം'' അതിലമ്മൂമ്മയ്ക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ അച്ഛൻ അവിടെയും പ്രശ്‌നക്കാരനായി. ""മാഷ് ഇവിടെ നിന്നാൽ ശരിയാകില്ല''
സ്വത്തിന്റെ കാര്യത്തിലും അതങ്ങനെ തന്നെയായിരുന്നു. അച്ഛനുകൂടി താത്പര്യമുള്ള ആ ആവശ്യം അട്ടിമറിക്കപ്പെട്ടു. അമ്മയുടെ കല്യാണത്തിനു പതിവ് രീതിയിലെപ്പോലെ വധുവിനു ആഭരണങ്ങൾ ഒന്നും കൊടുത്തിരുന്നില്ല. കടം വാങ്ങിയ ചങ്ങലകളും വളകളുമിട്ട് അമ്മ വധുവായി. അമ്മയോ അച്ഛനോ ഒന്നും പറയുകയോ ചോദിക്കുകയോ ചെയ്തിരുന്നില്ല. അച്ഛന് കൃത്യമായ നിലപാടുകൾ ഉണ്ടായിരുന്നു. എന്നാൽ വിവാഹസമയത്ത് അമ്മൂമ്മ തന്നെ സ്വർണ്ണത്തിനു ബദലായി 4 സെന്റ്, 5 സെന്റ് ഭൂമി അച്ഛനുമമ്മയ്ക്കും നൽകാമെന്ന് ഏറ്റു. ആ ഭൂമിയാണ് അമ്മ വീടു വെയ്ക്കാൻ കണ്ടത്. അമ്മൂമ്മയ്‌ക്കൊപ്പം നിൽക്കുകയും ചെയ്യാം മറ്റു പ്രശ്‌നങ്ങളിൽ നിന്നും വിടുതലും ആവാം എന്നാണമ്മ കരുതിയിരുന്നത്. എന്നാൽ ആ സ്ഥലം അവർക്ക് നൽകുകയുണ്ടായില്ല. അതിനു പകരം ആ നാലു സെന്റ് ഭൂമി അമ്മൂമ്മ മറ്റൊരാൾക്ക് വിറ്റു കളഞ്ഞു. ചെറിയമ്മയുടെ വിവാഹത്തിനായ് ആ പണമുപയോഗിച്ചു എന്നത് കേവല ന്യായമായിരുന്നു. യഥാർത്ഥത്തിൽ അതിനു കാരണം അച്ഛനു ഭൂമി നൽകരുതെന്ന തീരുമാനമായിരുന്നു. അതിന്റെ കാരണമാകട്ടെ ഊമക്കത്തുകളും...

ഊമക്കത്തുകൾ

മക്കത്തുകൾ എന്നു കേക്കുമ്പോൾ കാല്പനികതയാണ്​ എല്ലാവർക്കും. അജ്ഞാതനായ ഒരു കാമുകിയോ കാമുകനോ അയക്കുന്ന പ്രേമത്തിന്റെ കത്തുകൾ എന്ന് ആളുകൾ അതിനെ കാണും. സിനിമകളും അങ്ങനെയൊരു കാൽപ്പനികത നൽകിയിരുന്നു. എന്നാൽ എനിക്കും എന്റെ കുടുംബത്തിനും പേടിപ്പെടുത്തുന്ന ഒരു ദുഃസ്വപ്നമായിരുന്നു അത്.

എന്തൊരു കത്തുകളായിരുന്നു ദൈവമേ അത്.
ജീവിതത്തെ ഒന്നാകെ തന്നെ അറപ്പിക്കുന്ന ജുഗുപ്‌സയുടെ പടുകുഴിയിലമർത്തുന്ന ഭയാനകമായ ഒരു അക്ഷരമാലിന്യം. ഒരു പക്ഷെ കക്കൂസ്സ് കുഴിയിൽ നിന്നുമെടുത്ത മാലിന്യം ഭക്ഷണം കഴിക്കുന്ന സമയത്ത് തലയിൽ കൊണ്ടൊഴിച്ചാൽ എങ്ങനെ തോന്നുമോ അത്രമേൽ മ്‌ളേച്ഛം. വാക്കുകൾക്കും അക്ഷരങ്ങൾക്കും ഇത്രമേൽ ജുഗുപ്‌സാകരമായ മാലിന്യാവസ്ഥയുണ്ടെന്ന് തിരിച്ചറിഞ്ഞ നാളുകൾ.

ഡിഗ്രി ഒന്നാം വർഷം. ചില കഥകൾ വാരികകളിൽ അച്ചടിച്ചു വന്നു. എന്റെ പേരിലും അല്ലാതെയും. അഹിതമായ വിഷയങ്ങൾ എഴുതുമ്പോൾ ലോകം നമ്മളെ ഭയങ്കരമായിട്ട് ഉപദ്രവിക്കും. പ്രത്യേകിച്ച് ഒപ്പം എഴുതുന്നവർ. അന്ന് ആർക്കും എന്തുമെഴുതുവാനുള്ള ഇടമില്ലായിരുന്നു. സോഷ്യൽ മീഡിയയോ എഫ്.ബിയോ ഇല്ലായിരുന്നു. മത്സരത്തിന്റേതായ ഒരു ഘടകം ഓരോ അച്ചടിയ്ക്കു പുറകിലും ഉണ്ടായിരുന്നു.

നന്നായി എഴുതുന്ന മൂന്ന് ആൺകുട്ടികൾ അന്ന് എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു. മൂന്നു പേരും കഥകളാണെഴുതിയത്. പെൺ ആയി ഞാൻ മാത്രമേ ഒരെഴുത്ത് പ്രാന്തിയായുള്ളു. പയ്യന്മാർ മൂന്നും ഉഗ്രനെഴുത്താണ്. മാതൃഭൂമി ബാലപക്തികളിലും ചന്ദ്രികയിലും മാധ്യമത്തിലുമൊക്കെ നിരന്തരം എഴുതിക്കൊണ്ടിരുന്നവർ. നിരന്തര വായനക്കാർ. നിരന്തര വിമർശകർ.

അതിൽ രണ്ട് പേർ എപ്പോഴും എന്നെ ഒരു എതിരാളിയായി കണ്ടതായി എനിക്ക് തോന്നി. സംസാരങ്ങളിലും സംഭാഷണങ്ങളിലും പെൺ എഴുതുമ്പോൾ ലോകം എന്ത് ചവറും പ്രസിദ്ധീകരിക്കും എന്നവർ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കൊണ്ടേയിരുന്നു. എനിക്കത് ഭയങ്കരമായ അസ്വസ്ഥതയുണ്ടാക്കി. പെണ്ണായതിനാൽ ലോകം നമുക്കൊന്നും നീട്ടുകയല്ല നമ്മിൽ നിന്നും കട്ടെടുക്കുകയാണെന്ന് പെണ്ണുങ്ങൾക്കേ അറിയൂ. അനുഭവിച്ചവർക്ക് മാത്രം. തരം കിട്ടിയാൽ വാക്കുകൾ കൊണ്ട് കുത്തുകയും കൊത്തുകയും ചെയ്യുന്നവരാണ് എഴുത്തുകാർ എന്ന ബാലപാഠം കിട്ടിയത് ഗുരുവായൂരപ്പൻ കോളേജിൽ നിന്നാണ്. സീനിയറായിട്ട് എഴുതുന്ന നിരവധി ആൺകുട്ടികളും ഉണ്ടായിരുന്നു.

പെണ്ണ് എഴുതുമ്പോൾ അവളുടെ പെണ്മയാണ് അച്ചടിക്ക് കാരണം എന്നവാദം എന്നെ ഭയങ്കരമായി ദേഷ്യം പിടിപ്പിച്ചു. അതു കൂടാതെ എന്തെഴുതിയാലും ചവിട്ടിത്തേയ്ക്കുന്ന പോലെ വിമർശനങ്ങളും പരിഹാസങ്ങളും കൊണ്ടു വരികയും ആ ആൺകൂട്ടങ്ങളുടെ പതിവായിരുന്നു. എന്റെ 17 വയസ്സിനു താങ്ങാനാകുന്നതിന്റെയൊക്കെ അപ്പുറമായിരുന്നു അത്. നിശിതമായ വിമർശനം, ഒപ്പം കഥവരാൻ കാരണം സ്ത്രീയുടെ പേരെന്ന പറച്ചിൽ. കഥ വന്നാൽ ഭയം വരുന്ന ഒരവസ്ഥയായി. എന്ത് കുറ്റമാണ് അവർ പറയുക എന്ന ആധിപിടിക്കും. ആകെ ആശങ്കയിലാകും. അവരൊന്നും കഥകാണരുതേയെന്ന് പ്രാർത്ഥിക്കും. ഒരു തരം ടോർച്ചറായിരുന്നു അവരിൽ നിന്നും കിട്ടിയിരുന്നത്.

ഈയിടെ ഈ വിമർശം ഞാൻ ഒരിടത്ത് ഓർമിച്ചപ്പോൾ അതിലൊരാൾ പറഞ്ഞത് ""ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല ചെയ്തിട്ടേയില്ല. അയാളെ അപമാനിക്കുകയാണ്​എന്നാണ്.'' ഞാൻ ഞെട്ടിപ്പോയി. ഒരു ഡിഗ്രിക്കാലം മുഴുവനും ഒരു കഥ വന്ന എന്റെ ചെറിയ ആഹ്ലാദത്തെ ചവിട്ടിത്തേയ്ക്കുകയും സങ്കടപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തവനാണ്. ഇപ്പോൾ പുണ്യാളനായി പരിവർത്തനം കൊണ്ടിരിക്കുന്നത്. എഴുതണമെന്ന ആഗ്രഹവും വിമർശത്തോടുള്ള ഭയവും പിന്നീടെനിക്ക് നിരന്തരം വന്ന ഊമക്കത്തുകളും മറ്റു പേരുകളിൽ എഴുതാം എന്ന ആശയത്തിലേക്കെന്നെ നയിച്ചു. ഇന്ദിര, ഇന്ദ്ര മേനോൻ, ബാബു, ജയകൃഷ്ണൻ എന്നിങ്ങനെ അനവധി ആൺപേരുകൾ പെൺപേരുകൾ. ചന്ദ്രിക, മാധ്യമം പിന്നെ കുറേ സമാന്തര മാഗസിനുകളിലൊക്കെ അജ്ഞാത പേരുകളിൽ എഴുതി. അന്നൊക്കെ മണിയോഡർ ആയിരുന്നതിനാലും പോസ്റ്റുമാന് എന്റെ കിറുക്കുകൾ അറിയാവുന്നതിനാലും പൈസയൊക്കെ കൃത്യമായിത്തന്നെ കിട്ടി. ചെക്ക് സംവിധാനം വരും വരെ ഇത് നിർബാധം തുടർന്നു. അതൊരു ആശ്വാസക്കുപ്പായമായിരുന്നു. പർദ്ദയിടും പോലെ ഞാനെന്നെ മറച്ചു. എന്നിലെ സ്ത്രീയെ മറച്ചു. എഴുത്തുകാരനെ മറച്ചു. എന്നാൽ എഴുതുക എന്ന തീവ്രമായ ആശ പഴുത്ത കനൽ പോലെയായിരുന്നു. ആത്മാവിൽ അവ പഴുത്തെരിഞ്ഞുകൊണ്ടെയിരുന്നു. ക്രമേണ എന്റെ പർദ്ദകൾ കത്തിയെരിഞ്ഞു. എന്റെ ആത്മാവ് നഗ്‌നമായി. ഞാൻ എഴുത്തുകാരിയെന്ന് ആളുകൾ അറിഞ്ഞു.

വാസുദേവനുണ്ണിസ്സാർ പ്രിൻസിപ്പലായിരുന്ന അക്കാലത്താണ് എനിക്ക് ആദ്യത്തെ ഒരു കത്ത് കോളേജിൽ കിട്ടുന്നത്. ചന്ദ്രികയിൽ എഴുതിയ കഥ മനോഹരമായിരുന്നുവെന്നും ഇനിയും എഴുതണമെന്നും എഴുതിയിരുന്നു. അടിയിൽ മാധവിക്കുട്ടിയുടെ ഒപ്പ്. പ്രിൻസിപ്പൽ കത്ത് എന്റെ കയ്യിൽ ആഹ്ലാദപൂർവ്വം തന്നു. അദ്ദേഹത്തിനു വളരെ അഭിമാനമുണ്ടായതായി തോന്നി. പക്ഷെ ആ കത്ത് കണ്ടപ്പോൾ എനിക്ക് ഭയം തോന്നി. ഞാൻ പുറത്തേയ്‌ക്കൊന്നും പറഞ്ഞില്ല. കാര്യം പിടികിട്ടി അത്രമാത്രം. എന്റെ ഉടൽ വിറച്ചു. കഴിഞ്ഞ ആഴ്ച എന്റെ വീട്ടിൽ എന്നെ തേടി വന്ന ഊമക്കത്തിലെ കയ്യക്ഷരം. എന്റെ കുടുംബത്തിലെ ഓരോരുത്തരേയും തേടി വന്ന അതേ കയ്യക്ഷരം..
പാപം സ്ഫുടം കൊണ്ട വാക്കുകൾ
പാപം തിളക്കിയ കയ്യക്ഷരങ്ങൾ▮

(തുടരും)


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments