അതിർത്തി ദൈവങ്ങളെ പ്രതിഷ്​ഠിച്ച്​
സായിപ്പന്മാർ തൊഴിലാളികളെ പറ്റിച്ച കഥ

1915- മുതല്‍, സായിപ്പന്മാർ പ്രതിഷ്​ഠിച്ച അതിർത്തി ദൈവങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്മേലാണ്​, കമ്പനിയുടെ വിശ്വസ്തരായി ആ ജനക്കൂട്ടങ്ങള്‍ അഞ്ച് തലമുറകളിലേറെയായി ഇപ്പോഴും ഇവിടെ തുടരുന്നത്. എല്ലാ എസ്റ്റേറ്റുകളുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്.

അധ്യായം 11

ത്തിരുപത് കൊല്ലങ്ങള്‍ക്കുമുമ്പ് ഒരുമിച്ച് യാത്ര തുടങ്ങിയവര്‍ വ്യത്യസ്തമായ പാതകളിലൂടെ സഞ്ചരിച്ചാണ് മൂന്നാറിലെത്തിയത്. പുലി ഊത്തില്‍ നിന്ന്​ മുകലിലേക്ക് തിരിയുന്ന ആ കാട്ടുപാത ഇന്ന് ബോഡിമെട്ടുപ്പാത എന്നാണറിയപ്പെടുന്നത്.

പൂപ്പാറ കഴിഞ്ഞാല്‍ പെരിയകനാല്‍, ചിന്നക്കനാല്‍, ദേവികുളം, മൂന്നാര്‍- ഇതാണ് ആ പാതയുടെ ഇരുപ്പുവശം. ആദ്യ കാലങ്ങളില്‍ 24- ലേറെ എസ്റ്റേറ്റുകള്‍ രൂപപ്പെടുത്തിയെടുത്തിട്ടുണ്ടായിരുന്നു. ആദ്യമായി രൂപപ്പെടുത്തിയെടുത്ത എസ്റ്റേറ്റ് ചിറ്റിവരെ എന്നും ആദ്യമായി മരങ്ങള്‍ വെച്ചു പിടിപ്പിച്ച എസ്റ്റേറ്റ് ദേവികുളം എന്നുമാണ് അറിയാന്‍ കഴിയുന്നത്. മൂന്നാര്‍ മലനിരകളിലേക്ക് എത്തിപ്പെടാനുള്ള ഏകപാത തമിഴ്‌നാട്ടിലെ കുരങ്ങണി പാതയായിരുന്നല്ലോ. പിന്നെങ്ങനെ അവിടെ നിന്ന്​ 65 കിലോമീറ്ററോളം ദൂരത്തില്‍ സ്ഥിതിചെയ്യുന്ന പാര്‍വതി എസ്റ്റേറ്റില്‍ ആദ്യമായി തേയിലത്തോട്ടം നിര്‍മ്മിച്ചെടുത്തത്?- വെള്ളച്ചാമി മാടപ്പനോട് ചോദിച്ചു. എന്നാൽ, ചിലര്‍ പറയുന്നത് പാര്‍വതി എസ്റ്റേറ്റില്‍ 50 ഏക്കര്‍ കാടുകളില്‍ ഷാര്‍പ്പ് എന്ന സായിപ്പാണ് തേയിലച്ചെടികള്‍ വെച്ചുപിടിപ്പിച്ചതെന്നാണ്​. മൂന്നാര്‍ മലനിരകളില്‍ ഒരേ പോലെയാണല്ലോ ജീവിതം.

ചരക്കിറക്കാനും തലച്ചുമടായി മറ്റൊരു വണ്ടിയിലേക്ക് കയറ്റിവിടാനും ഒരോ ആഴ്ച്ചയും ഷിഫ്റ്റ് കണക്കിന് ആള്‍ക്കാര്‍ ഇവിടെ പണിക്കെത്തുമായിരുന്നു. അവിടെ വെച്ചാണ് മുരുകപ്പനേയും ചുടല മാടനേയും പെരിയ കറുപ്പന്‍ കണ്ടുമുട്ടിയത്. ചിന്ന കാസിയപ്പനും പെരുമാളും ഒപ്പമുണ്ടായിരുന്നു. ഏതോ ദേവികുളത്താണ്​ എത്തിപ്പെട്ടതെന്ന് അവർ പറഞ്ഞു. ടോപ്പ് സ്റ്റേഷനില്‍ നിന്ന്​ പോകുന്ന ധാന്യങ്ങള്‍ക്കുവേണ്ടി ജനം കാതോര്‍ത്തിരിക്കും. കാരണം മൂന്നാര്‍ ടൗണില്‍ ഏതാണ്ട് ഒന്നോ രണ്ടോ കടകള്‍ മാത്രമാണുണ്ടായിരുന്നത് എന്ന് മുരുകപ്പന്‍ പറഞ്ഞു. ചെഞ്ചോലവും കമ്പും റാഗിയും പിന്നെ കമ്പനി കൊടുക്കുന്ന കരുപ്പെട്ടിയുമാണ്​ ഭക്ഷണം.

ചിട്ടിവരെ എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ ഇന്നത്തെ ഗുണ്ടല ക്ലബിനോട് ചേര്‍ന്നു നില്‍ക്കുന്ന ആ കാട് ഒരുപാട്​ നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന അടര്‍ന്ന കാടാണ്.

കാല്‍നൂറ്റാണ്ടിലേറെയായി ഈ മനുഷ്യർ തമ്മില്‍ നേരിട്ട് കാണുകയോ ബന്ധമുറപ്പിക്കുകയോ ചെയ്തിട്ട്. കാരണം, കടുത്ത നിയന്ത്രണം. തൊഴിലാളികള്‍ ആ കാലഘട്ടത്തെ കമ്പനിക്കാരുടെ ‘അടക്കമുറെ കാലം’ എന്നാണ് വിശേഷിപ്പിക്കുന്നത്. കൊത്തടിമകളായിട്ടാണ് സായിപ്പന്മാര്‍ അവരെ നടത്തിയത്.

രാമസ്വാമി പറഞ്ഞു, അവരെ ഞങ്ങള്‍ കണ്ടത് ഗുണ്ടളവേളിയില്‍ വെച്ചാണ്. സായിപ്പന്‍മാര്‍ തിരക്കുക്കൂട്ടി എങ്ങോട്ടെങ്കിലും പോകുന്ന സമയത്താണ്​ ഞങ്ങള്‍ തമ്മില്‍ മിണ്ടുക. നമ്മളെപ്പോലെ സ്വന്തം നാടുകളില്‍ നിന്ന്​ നടന്നാണ് അവരും ഈ മലങ്കാട്ടിലെത്തിയതെന്ന്​ പറഞ്ഞു. ഗോവിന്ദച്ചാമിയും ചിന്നരാമനും പറഞ്ഞത്​ ഇതാണ്​: ചൊക്കനാട്, ദേവികുളം, ലക്ഷ്മി, പാര്‍വതി, പെരിയ കനാൽ, ചിന്നക്കനാൽ, പള്ളിവാസല്‍, ശിവന്‍ മലൈ തുടങ്ങിയ എസ്റ്റേറ്റുകള്‍ അവിടെയും ഉണ്ട്​. ഈ കൂട്ടം ആ വിവരം ഇപ്പോഴാണ് അറിയുന്നത്.

Photo: Pexels
Photo: Pexels

കണ്ണപ്പന്‍ താട്ടു ചാക്ക് തലയിൽനിന്നിറക്കിവച്ചു. മഞ്ഞ നിറത്തില്‍ ഒരുപാട് പഴങ്ങള്‍. മുള്ളി പഴം എന്നാണ് പേര്. ചുറ്റും മുള്ളു പോലെ .... അഴിഞ്ഞമാട്ടില്‍ കൊത്തുകൊത്തായി മുള്ളിപ്പഴം, രാമകൊട്ടിലാന്‍, തൊരച്ചാനി പഴം, കൊരങ്ങുചീനി, കുട്ടി തക്കാളി, ഉണ്ണിപ്പഴം തുടങ്ങിയവയുണ്ടായിരുന്നു. നിഗൂഢതകള്‍ നിറഞ്ഞ ആ 32 -ാം ഏക്കറില്‍ പണിയെടുക്കാന്‍ തൊഴിലാളികൾ പാടുപെട്ടു. കല്ലറത്തേരിയോട് അടുക്കുമ്പോള്‍ അടര്‍ന്ന കാടുകള്‍ മാത്രമാണ്. കൂടാതെ കാട്ടുപോത്തുകളും മാനും കേഴയും ആനയും കുറുക്കനും ചെന്നായയും ഓനായയും പാര്‍ക്കുന്ന അടര്‍ന്ന കാടാണ് അഴിഞ്ഞമേട് (32 ഏക്കര്‍ കാട്).

ചായ ചുവടുറപ്പിച്ച മൂന്നാര്‍ ഇന്ത്യയിലെ മറ്റു പ്ലാന്റുകളില്‍ നിന്ന്​ വ്യത്യസ്തമാണ്. മൂന്നാര്‍ ടൗണിലെ റെയില്‍വേ സ്റ്റേഷന്‍ തിരക്കേറിയ കച്ചവട സ്ഥലമായിരുന്നു.

ചിട്ടിവരെ എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ ഇന്നത്തെ ഗുണ്ടല ക്ലബിനോട് ചേര്‍ന്നു നില്‍ക്കുന്ന ആ കാട് ഒരുപാട്​ നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന അടര്‍ന്ന കാടാണ്. ആ കാടിന്റെ ഒരു അറ്റത്തിനു താഴെയാണ് ഗുണ്ടല ഡാം. മറുവശത്ത് 100 അടി പാലം. നൂറടി പാലത്തില്‍ നിന്ന് ഇടത്തോട്ട് ചെണ്ടുവര, വലത്തോട്ട് മാട്ടുപ്പെട്ടി, തെക്കേ അറ്റത്ത് ടോപ്പ് സ്റ്റേഷൻ. ഗുണ്ടള ഡാം അന്നില്ല. ആ സ്ഥലം ഗുണ്ടലയാര്‍ എന്നാണ് അറിയപ്പെട്ടത്.

ചിറ്റിവരെയിലെ ഇന്നത്തെ OC ഡിവിഷനില്‍ നിന്ന്​ അല്ലെങ്കില്‍ അഞ്ചിനാട്ടിലെ പഴത്തോട്ടം മലനിരകളില്‍ നിന്ന്​ ഒഴുകിയെത്തുന്ന ഈ ആറ് പഴയ ചിറ്റിവരെയില്‍ ഒമ്പതാം നമ്പര്‍ കാട്ടില്‍ നിന്ന്​ ഒഴുകിയെത്തുന്ന വെള്ളം വഹിച്ച്​ വടക്കുപെരട്ടു വഴിയേ പമ്പാസിലെത്തും. അവിടെ നിന്ന്​ നാലു കിലോമീറ്ററോളം കാട്ടുപാതയിലുടെ സഞ്ചരിച്ച് സൗത്ത് ഡിവിഷനിലെ ചുടുകാട്​ ഭാഗത്തേക്ക് ഒഴുകി വീണ്ടും നാലു കിലോമീറ്റര്‍ സഞ്ചരിച്ച് ഇന്നത്തെ ഗുണ്ടല ഡാമില്‍ സംഗമിക്കും. ഈ ആറിന്​ മറ്റൊരു വഴിയുമുണ്ട്​. സൗത്ത് ഡിവിഷന്റെ മറുവശത്തു നിന്ന്​ രൂപപ്പെടുന്ന ഈ ചെറിയ ആറ്​ രണ്ട് കിലോമീറ്റര്‍ മാത്രം സഞ്ചരിച്ച് നേരത്തെ പറഞ്ഞ ചുടുകാട്ടു മുക്കിലെത്തി, ഗുണ്ടല ആറ്റില്‍ ഒന്നിച്ചൊഴുകും. മാടും, മനുഷ്യരും, വന്യജീവികളും കുടിച്ചിരുന്നത് ഈ വെള്ളമാണ്. നാലു കിലോമീറ്റര്‍ പിന്നിട്ട്​, സിമന്റ് പാലം കടന്ന്​, മരപ്പാലം വഴി കുണ്ടല ക്ലബ്ബ് ഗോള്‍ഫ് ഗ്രൗണ്ടിലൂടെ സഞ്ചരിച്ച് ഡാമില്‍ ഒഴുകിയെത്തുന്ന പേരറിയാത്ത ആ ആറാണ് പിന്നീട് ഗുണ്ടല ആർ എന്നറിയപ്പെട്ടത്.

ഗുണ്ടല ക്ലബ്‌
ഗുണ്ടല ക്ലബ്‌

മാത്രമല്ല, എല്ലപ്പെട്ടി, ചെണ്ടുവര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന്​ തോട്ടിലുടെ ഒഴുകിവരുന്ന വെള്ളവും ഈ ആറിലേക്കാണ് എത്തുന്നത്. ഗുണ്ടലയാറ് പുതുക്കടി വഴി അരുവിക്കാട്ടിലൂടെ പാലാറായി മാറി മാട്ടുപ്പെട്ടിയിലെത്തുമ്പോള്‍ ഡാം വെള്ളമായി മൂന്നാറിലേക്ക്​ ഒഴുകിയെത്തും. അന്ന് മാട്ടുപ്പെട്ടി ഡാമും ഗുണ്ടല ഡാമും ഇല്ലാത്തതുകൊണ്ട് ഈ സ്ഥലങ്ങള്‍ ഗുണ്ടലയാറ്, പാലാറ് എന്നാണറിയപ്പെട്ടത്. ഗുണ്ടല ആറിന്റെ കരയിലാണ് മൂന്നാറിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റുകള്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്.

ചായ ചുവടുറപ്പിച്ച മൂന്നാര്‍ ഇന്ത്യയിലെ മറ്റു പ്ലാന്റുകളില്‍ നിന്ന്​ വ്യത്യസ്തമാണ്. മൂന്നാര്‍ ടൗണിലെ റെയില്‍വേ സ്റ്റേഷന്‍ തിരക്കേറിയ കച്ചവട സ്ഥലമായിരുന്നു. വാഗുവാരെ, തെന്മല, കണ്ണിമല, നയമക്കാട്, പെരിയവാര, കല്ലാര്‍ തുടങ്ങിയ എസ്റ്റേറ്റുകള്‍ ഒരു സോണിലായിരുന്നു. അതിൽ കല്ലാര്‍, കണ്ണിമല തുടങ്ങിയ സ്ഥലങ്ങില്‍ ടീ ഫാക്ടറികളുണ്ടായിരുന്നു. 1902- ല്‍ തന്നെ കണ്ണിമല, കല്ലാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഫാക്ടറികളുണ്ടായി. അവ കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം തൊഴിലാളികളും പ്രവര്‍ത്തിച്ചത്.

മാട്ടുപ്പെട്ടിയിൽ കണ്ടെത്തിയ മലൈച്ചാമി കണ്ണപ്പനിൽനിന്നാണ്​ ഈ വിവരം അറിഞ്ഞത്. 1902- ല്‍ മൂന്നാര്‍ മലനിരകളില്‍ വെസ്​റ്റ്​ റീജ്യനിൽ കണ്ണിമല, കല്ലാര്‍ എസ്റ്റേറ്റുകളിലും ഈസ്​റ്റ്​ റീജ്യനിൽ മാട്ടുപ്പെട്ടി, എല്ലപ്പെട്ടി എസ്റ്റേറ്റുകളിലും മാത്രമായിരുന്നു ഫാക്ടറികള്‍.
അങ്കെ ടിയാപിസ് ഇരുക്ക? മലൈച്ചാമി ചോദിച്ചു. ചിറ്റിവരെയില്‍ നിന്നെത്തിയ മാടപ്പന്‍ പറഞ്ഞു, ടിയാപിസു ഇല്ല, എല്ലപ്പെട്ടിലതാന്‍ ഇരുക്കു. ആണാല്‍ നാലു നേര നിരുവതാ ....

Photo: Wikimedia commons
Photo: Wikimedia commons

15 വര്‍ഷങ്ങളിലെറെ തനിച്ചുതന്നെ ജീവിതം മലകള്‍ക്കിടയില്‍ തളച്ചിടപ്പെട്ടവര്‍ മെല്ലെ പുറലോകം അറിഞ്ഞുതുടങ്ങിയത് റെയിലും ഫാക്ടറികളും പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോഴാണ്. എസക്കിമുത്തു ടൗണിലെ റെയിലില്‍ തേയിലപ്പെട്ടി കയറ്റുന്നതിനിടെ പറഞ്ഞു, ഒരു ദിവസമെങ്കിലും ടോപ്പ് സ്റ്റേഷനിലേക്ക് പോകണം.
സാമിതുറ പറഞ്ഞു, അവിടെ നിന്നാണ്​ നമ്മള്‍ വന്നത്.
വെള്ളച്ചാമി പറഞ്ഞു, ആര്‍ക്കറിയാം.

1915 കാലത്ത്​ മൂന്നാര്‍ ലോകത്തിലെ തിരക്കേറിയ കച്ചവടസ്ഥലമായി മാറിക്കഴിഞ്ഞിരുന്നു. 36- ഓളം എസ്റ്റേറ്റുകള്‍ കമ്പനി സ്ഥാപിച്ചെടുത്തു. വെസ്റ്റ്- സൗത്ത് സോണില്‍ നിന്നു വരുന്ന തേയിലകള്‍ കൊണ്ട് മൂന്നാര്‍ നിറഞ്ഞു. ഊണും ഉറക്കവുമില്ലാതെ സീസണ്‍ സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് പണിയെടുക്കേണ്ടിവന്നു.

രാമയ്യന്‍ ചോദിച്ചു, ഇന്ത കൊളുന്തെല്ലാം എങ്കപോതോ?
കന്നിയപ്പന്‍ പറഞ്ഞു, ഏതോ ടാപ് ടേസനുക്കാം.

റെയില്‍ വണ്ടിയില്‍ കൊളുന്തു ചാക്കു കയറ്റി അയച്ച അവര്‍ നടന്നും കാളവണ്ടികളിലുമായി എസ്റ്റേറ്റുകളിലേക്കെത്തിപ്പെടാന്‍ രാത്രിയാവും. ഒരു ഡിവിഷനില്‍ രണ്ട് കാളവണ്ടികളുണ്ടായിരുന്നു. കൈ കൊണ്ടാണ് കൊളുന്തുകള്‍ നുള്ളിയെടുക്കുന്നത്. ഇന്നത്തെ പോലെ മെഷീനില്ല. സമയവും നേരവും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ മനസ്സിലാക്കിയിരുന്നത്. ഫാക്ടറികളില്‍ മുഴങ്ങുന്ന ബെല്‍ ശബ്ദമാണ് സമയം ക്രമീകരിച്ചിരുന്നത്.

Photo: Wikipedia
Photo: Wikipedia

കൊട്ടാകുടി ചെറിയ വ്യവസായ നഗരമായിരുന്നു. എല്ലാ എസ്റ്റേറ്റുകളില്‍ നിന്നും കൊളുന്തുകള്‍ എത്തുന്നത്​ അവിടേക്കാണ്. അതുകൊണ്ട് ഗുണ്ടലവേളിയും കൊട്ടാകുടിയും ഉറക്കമില്ലാത്ത നഗരങ്ങളായിരുന്നു. കാളവണ്ടികളും കുതിരവണ്ടികളും മനുഷ്യരും ഒരേപോലെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കൊഴുക്കുമലയുടെ എതിര്‍വശത്ത് കൊരങ്ങണിയും അതിനെതിർവശത്ത് നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ച വെസ്റ്റേണ്‍ ഗേറ്റിലെ മലനിരകളും ചുറ്റിയതാണ് ചിറ്റിവര, ചെണ്ടുവര, എലപ്പെട്ടി, ഗുണ്ടല എസ്റ്റേറ്റുകള്‍. ഗുണ്ടല എസ്റ്റേറ്റിന്റെ വടക്കുഭാഗത്ത് മന്നവന്‍ ചോല. മന്നവന്‍ ചോലയില്‍ നിന്ന്​ 15 കിലോമീറ്റര്‍ കാട്ടുപാതയിലൂടെ സഞ്ചരിച്ചാല്‍ അഞ്ചുനാടിന്റെ മറ്റു ഭാഗങ്ങളായ കാന്തളൂര്‍, മറയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കെത്താം. കൊട്ടാകുടിയില്‍ നിന്ന്​ തെക്ക് ഭാഗത്തേക്ക് വരുമ്പോള്‍ അഞ്ചുനാടിന്റെ മറ്റു ഭാഗങ്ങളായ ചിലന്തിയാര്‍, വട്ടവട, കോവിലൂര്‍, കൊട്ടാകൊമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും പശ്ചിമഭാഗത്തക്കുചെന്നാല്‍ ചരിത്രപ്രസിദ്ധമായ എസ്‌ക്കേപ്പ് റോഡിലേക്കും എത്താം. അതുകൊണ്ടാണ് സായിപ്പന്മാര്‍ ഗുണ്ടലവേളി എന്ന ദൗത്യത്തെ അത്ഭുതത്തോടെ കണ്ടിരുന്നത്. പില്‍ക്കാലങ്ങളില്‍ ഗുണ്ടല മൂന്നാറിനേക്കാള്‍ വലിയ തിരക്കേറിയ നഗരമായി. ചരിത്രപ്രസിദ്ധമായ ഗുണ്ടലയാറ് ഇപ്പോഴും അത്ഭുതകരമാണ്. മണ്‍സൂണിൽ ഈ ആർ കവിഞ്ഞൊഴുകിയാല്‍ മൂന്നാര്‍ നഗരം മുങ്ങും എന്നാണ് ചൊല്ല്.

ബക്കണന്‍ എന്ന മാനേജറുടെ തലയിലുദിച്ചതാണ് മൂന്നാറില്‍ റെയില്‍വേ എന്ന ആശയം. അതുകൊണ്ട് മൂന്നാറില്‍ ചൂളം വിളിച്ചോടിയ ആദ്യ ചരക്കു റെയിലിന് ബക്കണന്റെ പേര് തന്നെ നല്‍കിയാണ് കമ്പനിക്കാര്‍ അയാളെ ആദരിച്ചത്​.

1920- കളോടെ ഗുണ്ടല ലോകപ്രശസ്തമായിക്കഴിഞ്ഞിരുന്നു. അതിനു കാരണവുമുണ്ട്. സായിപ്പന്മാര്‍ പയറ്റിയ റെയില്‍വേ എന്ന തന്ത്രം വിജയിച്ചതോടെ അതിലൂടെ ഓടുന്ന ട്രെയിനിന് അവര്‍ ഗുണ്ടല എന്നാണ് പേരിട്ടത്. ബക്കണന്‍ എന്ന മാനേജറുടെ തലയിലുദിച്ചതാണ് മൂന്നാറില്‍ റെയില്‍വേ എന്ന ആശയം. അതുകൊണ്ട് മൂന്നാറില്‍ ചൂളം വിളിച്ചോടിയ ആദ്യ ചരക്കു റെയിലിന് ബക്കണന്റെ പേര് തന്നെ നല്‍കിയാണ് കമ്പനിക്കാര്‍ അയാളെ ആദരിച്ചത്​. ബക്കണന്‍, ആനമുടി, ഹൈറേഞ്ച്, ഗുണ്ടല വേളി തുടങ്ങി നാലു ട്രെയിനുകളാണ് അങ്ങോളമിങ്ങോളം ഓടിയിരുന്നത്. ‘മൂണ്ടാര്‍ വണ്ടി’ എന്ന പുസ്തകം കൃത്യമായി ഈ കാര്യങ്ങളെല്ലാം പരാമര്‍ശിക്കുന്നു. ട്രെയിനുണ്ടായിരുന്നു എന്നു മാത്രമാണ് തൊഴിലാളികള്‍ക്ക് അറിയാമായിരുന്നത്​. ട്രെയിനിന്റെ പേരോ മറ്റു വിവരങ്ങളോ അറിയാന്‍ ഇടയില്ല. ചിത്രാപുരത്ത്​ ഹൈഡ്രോ ഇലക്ട്രിക് സ്റ്റേഷന്‍ വന്നതോടെ ഫാക്ടറികളില്‍ വൈദ്യുതിയെത്തി. പിന്നീട് ടെലഫോണും എത്തിയതോടെ കച്ചവടം ചൂടു പിടിച്ചു. അങ്ങനെ 30-ലേറെ എസ്റ്റേറ്റുകൾ ഇടതടവില്ലാതെ പ്രവര്‍ത്തിച്ചു.

പെരിയ ദൊരൈ എന്നറിയപ്പെട്ട വലിയ മാനേജിംഗ് ഡയറക്ടര്‍മാര്‍ക്ക് ആഡംബര ബംഗ്ലാവുകളും വാഹനങ്ങളും കമ്പനി നല്‍കിയിരുന്നു. 1920-ഓടെ നാലു വലിയ ഫാക്ടറികളും ചില സ്ഥലങ്ങളില്‍ ചെറിയ മെഷീനുകളും പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ തൊഴിലാളികള്‍ക്ക് ഏറെ വിയര്‍പ്പ് ഒഴുകേണ്ടിവന്നു. സായിപ്പന്മാര്‍ തൊഴിലാളികളെ ചക്കാട്ടുന്നതുപോലെ ആട്ടാൻ തുടങ്ങി. എല്ലാ എസ്റ്റേറ്റുകളില്‍ നിന്നും തൊഴിലാളികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ പിടികൂടി കെട്ടിയിട്ട്​ ചാട്ട കൊണ്ടടിക്കുമായിരുന്നു. ​ഇവരെ സഹായിക്കുന്നവരെ കണ്ടെത്തി അവരെയും മര്‍ദ്ദിക്കും.

ദൈവങ്ങളെ വച്ചുതന്നെ ഇവരെ മലനിരകളില്‍ തളച്ചിടാം എന്നവര്‍ കരുതി. എല്ലാ എസ്റ്റേറ്റുകളിലും അതിര്‍ത്തി ദൈവങ്ങളെ സ്ഥാപിച്ചു. എസ്റ്റേറ്റുകളിലെ ഡിവിഷനുകളില്‍ അതിര്‍ത്തിയായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഈ ദൈവങ്ങള്‍ ഇപ്പോഴും സ്ഥിതിചെയ്യുന്നു.

ആദ്യം തൊഴിലാളികളെ കൊണ്ടുവന്നത് കൊരങ്ങണിപ്പാത വഴിയാണ്. പിന്നീട് ബോഡിമെട്ട് പാത വഴിയും ഉടുമല, ചിന്നാര്‍, മറയൂര്‍ വഴിയും മൂന്നാര്‍ നഗരിയിലേക്ക് തൊഴിലാളികള്‍ ഒഴുകിയെത്തി. അങ്ങനെ എത്തിയരെല്ലാം തൊഴില്‍ ഭാരം സഹിക്കാന്‍ പറ്റാതെയും കാലാവസ്ഥയോട് പൊരുത്തപ്പെടാനാകാതെയും കാട്ടുപാതയിലൂടെ കൂട്ടംകൂട്ടമായി രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇത് തടയാൻ മാര്‍ട്ടിന്‍ സായിപ്പിന്റെ നേതൃത്വത്തില്‍ കമ്പനിയുടെ ആദ്യകാല ആസ്ഥാനമായിരുന്ന മാട്ടുപ്പെട്ടിയില്‍ യോഗം ചേര്‍ന്നു. വലിയ കങ്കാണിമാര്‍ എന്നറിയപ്പെടുന്ന പ്രധാന കങ്കാണിമാരെല്ലാം പങ്കെടുത്തു. തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ എന്താണ് വഴി എന്നാലോചിച്ച് എല്ലാവരും തല പുകഞ്ഞു.
ചൊക്കനാഥന്‍ കങ്കാണി പറഞ്ഞു: ഞങ്ങളുടെ ജനങ്ങളെല്ലാം ദൈവത്തെ ഭയക്കുന്നവരാണ്.

അതു കേട്ട്​ മാര്‍ട്ടിന്‍ സായിപ്പും മറ്റുള്ള സായിപ്പന്മാരും പുഞ്ചിരിച്ചു.
ദൈവങ്ങളെ വച്ചുതന്നെ ഇവരെ മലനിരകളില്‍ തളച്ചിടാം എന്നവര്‍ കരുതി. എല്ലാ എസ്റ്റേറ്റുകളിലും എല്ലെ ദൈവങ്ങളെ (അതിര്‍ത്തി ദൈവങ്ങളെ) സ്ഥാപിച്ചു. വലിയ മരങ്ങളുടെയും മലകളുടെയും താഴെ തമിഴ്‌നാട്ടിലേതു പോലെ വലിയ കല്ലുകൾ സ്ഥാപിച്ചു. കറുപ്പസാമി, മാടസാമി, മുനിയാണ്ടി, മുനീശ്വരന്‍, കാളിയമ്മ, വടക്കത്തിയമ്മാള്‍, തെക്കത്തിയമ്മാള്‍, പേച്ചിയമ്മാള്‍, മുത്തുമാരി, ചൊടലമാടന്‍, ചെള്ളിയമ്മാള്‍, കൊമ്പുതൂക്കി, വണത്തു ചിന്നപ്പര്‍, പൊന്നയ്യ തുടങ്ങിയ കാവല്‍ ദൈവങ്ങളെ സ്ഥാപിച്ചെടുത്തു. ഓരോരോ എസ്റ്റേറ്റുകളിലെയും ഡിവിഷനുകളില്‍ അതിര്‍ത്തിയായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഈ ദൈവങ്ങള്‍ ഇപ്പോഴും സ്ഥിതിചെയ്യുന്നു. അന്ന് ഈ ദൈവങ്ങളുടെ പേരുപറഞ്ഞാണ് സായിപ്പന്മാരും കങ്കാണിമാരും തൊഴിലാളികളെ പേടിപ്പിച്ചിരുന്നത്: നിങ്ങള്‍ അതിര്‍ത്തി കടന്നാല്‍ ദൈവം നിങ്ങളുടെ തലമുറയില്‍ പെട്ട എല്ലാവരെയും ശിക്ഷിക്കും. അത്​ തൊഴിലാളിക്കൂട്ടം വിശ്വസിച്ചു. ചിറ്റിവരെ എസ്റ്റേറ്റിന്റെ അതിര്‍ത്തി ദൈവമായി കണക്കാക്കിയിരുന്നത് കറുപ്പസാമിയേയും മുനീശ്വരനെയും ആണ്.

റോമന്‍ കാത്തലിക്ക് ചര്‍ച്ച്‌  മൂന്നാര്‍/ Photo: Wikipedia
റോമന്‍ കാത്തലിക്ക് ചര്‍ച്ച്‌ മൂന്നാര്‍/ Photo: Wikipedia

കൊട്ടിളാന്‍ മരത്തിന്റെ താഴെ പ്രതിഷ്ഠിച്ചിട്ടുള്ള കറുപ്പസാമി നിങ്ങളെ ശിക്ഷിക്കും എന്നു പറഞ്ഞാണ് പടിയാന്‍ കങ്കാണിയും സംഘവും തൊഴിലാളികളെ പറ്റിച്ചത്. 1915 മുതല്‍ ആ ദൈവങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ വിശ്വസ്തരായി ആ ജനക്കൂട്ടങ്ങള്‍ അഞ്ച് തലമുറകളിലേറെയായി ഇപ്പോഴും ഇവിടെ തുടരുന്നത്. എല്ലാ എസ്റ്റേറ്റുകളുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്.

മൂന്നാറില്‍ നിരവധി പള്ളികളുണ്ടെങ്കിലും അതിര്‍ത്തി എസ്റ്റേറ്റുകളിലെ ആദ്യത്തെ പള്ളി സെൻറ്​ തെരേസ കാത്തലിക്​ സഭ എന്ന പേരിലറിയപ്പെടുന്ന ഈ പള്ളിയാണ്. 1918 ലാണ് ഈ പള്ളി സ്ഥാപിച്ചത്.

ചെണ്ടുവാര എസ്റ്റേറ്റില്‍ കൊലത്തിണ്ണിയമ്മനും ചൊടലമാടനുമാണ് അതിര്‍ത്തി ദൈവങ്ങള്‍. 1902- ല്‍ ഫാക്ടറി സ്ഥാപിക്കപ്പെട്ട എലപ്പെട്ടി എസ്റ്റേറ്റില്‍ ഗംഗമ്മ, കൊമ്പുതൂക്കി, കറുപ്പസാമി, മുനീശ്വരന്‍ തുടങ്ങി നാല് അതിര്‍ത്തി ദൈവങ്ങളാണുള്ളത്. ഈ ദൈവങ്ങളെ പ്രതിഷ്ഠിച്ചതോടെ സായിപ്പന്മാര്‍ക്കും കങ്കാണിമാര്‍ക്കും പണി എളുപ്പമായി. ആദ്യകാലങ്ങളില്‍ കാട്ടുകമ്പിളിയുടെ പേരിലും താട്ടു ചാക്കിന്റെ പേരിലും കമ്പനിക്ക് അടയ്‌ക്കേണ്ട അഡ്വാന്‍സിന്റെ പേരിലും ചൂഷണം ചെയ്യപ്പെട്ട തൊഴിലാളികള്‍ ഇപ്പോള്‍ ആത്മീയമായി ചൂഷണം ചെയ്യപ്പെടുന്നു.

രാമയ്യന്‍ കങ്കാണി പറഞ്ഞു: കമ്പനിക്കാരങ്ക ദൈവം മാതിരി അവങ്കളെ ഏമാത്തണ നല്ലാ വരമാട്ടങ്ക... ആദിമൂലവും, ചിന്നപ്പനും, ഏഴുമലയും, മാടസാമിയും മറ്റു കൂട്ടങ്ങളും അതു വിശ്വസിച്ചു. എല്ലാ എസ്റ്റേറ്റുകളിലും സമാന ചൂഷണങ്ങളാണ് നടന്നത്. എലപ്പെട്ടി എസ്റ്റേറ്റില്‍ 1920- ഓടെ ക്രിസ്ത്യന്‍ പള്ളി സ്ഥാപിച്ചെടുത്തു. സ്പാനിഷ് അതിരൂപതയില്‍ പെട്ട ആ റോമന്‍ കത്തോലിക് പള്ളി ഇപ്പോഴും അവിടെയുണ്ട്. മൂന്നാറില്‍ നിരവധി പള്ളികളുണ്ടെങ്കിലും അതിര്‍ത്തി എസ്റ്റേറ്റുകളിലെ ആദ്യത്തെ പള്ളി സെൻറ്​ തെരേസ കാത്തലിക്​ സഭ എന്ന പേരിലറിയപ്പെടുന്ന ഈ പള്ളിയാണ്. 1918 ലാണ് ഈ പള്ളി സ്ഥാപിച്ചത്. കൊട്ടാകുടിയില്‍ ഏതാണ്ട് ആ കാലഘട്ടത്തില്‍ തന്നെ ഒരു കുരിശ്ശടി സ്ഥാപിക്കപ്പെട്ടു. കൃത്യമായി അതിര്‍ത്തികളിലായാണ് ഈ പള്ളികള്‍. തമിഴ്‌നാട്ടില്‍ നിന്ന്​ അന്നേ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളും കുടിയേറിയിരുന്നു. ചെണ്ടുവാര, ചിറ്റിവര, ഗുണ്ടല, എലപ്പെട്ടി എസ്റ്റേറ്റുകളില്‍ പെട്ട തൊഴിലാളികളും പ്ലാന്റര്‍മാരും ആ പള്ളിയിലേക്കാണ് പ്രാര്‍ത്ഥിക്കാൻ ചെന്നിരുന്നത്.

Photo: Pexels
Photo: Pexels

എലപ്പെട്ടി ഫാക്ടറി ഒഴിവില്ലാതെയാണ് 24 മണിക്കൂറും പ്രവര്‍ത്തിച്ചത്. മാടസാമിയും സുപ്പയ്യാവും രാമയ്യാവും മറ്റു തൊഴിലാളികളും ആവാരങ്കാട്ടു ചോലയിലൂടെയാണ് നടന്നു നീങ്ങുന്നത്. ഏറെ മുമ്പില്‍ ചെന്ന കറുപ്പസാമിയും കൂട്ടരും മുകളിലേക്ക് ഓടിവന്നു. പുറകില്‍ വന്ന കൂട്ടങ്ങളെല്ലാം തിരിഞ്ഞോടി. ആവാരങ്കാട് നിഗൂഢതകള്‍ നിറഞ്ഞ മലങ്കാടാണ്. കാട്ടുപോത്തുകളും ആനകളും നരികളും കുറുക്കന്മാരും മറ്റു മൃഗങ്ങളും പാര്‍ത്തിരുന്ന കാട്​. ഇത്തവണ അവരെ ഓടിച്ചത് ആനക്കൂട്ടങ്ങളാണ്. ഇപ്പോഴും ആ ഭാഗത്ത് കാട്ടാന സാന്നിധ്യം കൂടുതലാണ്. ആവാരങ്കാട്ടു ചോലയില്‍ നിന്ന്​ ഓടിയെത്തിയ അവര്‍ 24 ഏക്കര്‍ കാട്ടിലൂടെ തിരിഞ്ഞ് പതിനെട്ടാം മൈല്‍ വന്നെത്തി. (അന്ന് ഈ സ്ഥലത്തിന് പേരിട്ടിരുന്നില്ല). റെയില്‍ പാളങ്ങളിലൂടെയാണ് അവര്‍ ഓടിയും നടന്നും യാത്ര തുടര്‍ന്നത്. ഒടുവില്‍ എലപ്പെട്ടി സി.ഡി. ഡിവിഷനിലെത്തി. പിന്നീട്​, കാട്ടുപാതയിലൂടെ സഞ്ചരിച്ച് കരുംങ്കുളത്തെ ഫാക്ടറിയിലെത്തി.

പണ്ടാരം കങ്കാണി ചോദിച്ചു, ചിറ്റിവരെയിലിരുന്തു വരാന്‍ ഇവ്വളോ നേരമാ?
ചെണ്ടുവര, ഗുണ്ടല തുടങ്ങിയ എസ്റ്റേറ്റുകളില്‍ നിന്ന്​ എത്തേണ്ട തൊഴിലാളികള്‍ നേരത്തെ എത്തിയിരുന്നു. തൊഴിലാളികള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. വന്യജീവികളെയും കങ്കാണിമാരെയും സായിപ്പന്‍മാരെയും ഒരേ പോലെ പേടിച്ചാണ് അവര്‍ ജീവിച്ചിരുന്നത്. നാഗപ്പന്‍പറഞ്ഞു, എന്നടാ ഇതു പൊളപ്പ്? ആരെയൊക്കെ പേടിക്കണം.

കാലം പുരോഗമിച്ചുതുടങ്ങിയതോടെ തൊഴിലാളികളുടെ ജീവിതവും മാറിത്തുടങ്ങി. കൊട്ടാകുടിയില്‍ കടകള്‍ വന്നു തുടങ്ങിയതോടെ കങ്കാണിമാര്‍ നൽകുന്ന ചീട്ടു വാങ്ങി തൊഴിലാളികള്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങി.

പൊന്നുത്തായും, വേലമ്മയും, മുത്തമ്മയും മറ്റു തൊഴിലാളികളും ആവാരങ്കാട്ടു തൊങ്കലില്‍ കൊളുന്തുകള്‍ നുള്ളിക്കൊണ്ടിരിക്കുകയാണ്. പെരിയ കറുപ്പനും വണ്ടിയാനും പേച്ചിയപ്പനും കൊളുന്തു ശേഖരിക്കാന്‍ കാട്ടിലെത്തി. 24 ഏക്കര്‍ കാട്ടില്‍ മുരിങ്ക ഷെഡില്‍ ശേഖരിച്ച കൊളുന്തുകള്‍ അടുക്കിവെച്ചു.
പടിയാന്‍ കങ്കാണി പറഞ്ഞു, നാലുമുക്ക് റോഡില്‍ പോയി മുപ്പതാം നമ്പര്‍ കാട്ടില്‍ കുറച്ച് താട്ടുചാക്കുകള്‍ ഏല്‍പ്പിക്കണം. വിരുതാചലവും, വിരുമാണ്ടിയും, പണ്ടാവരും, ചൊക്കനും ഓടിയെത്തി.
തൊഴിലാളികളുടെ അവസ്ഥ അങ്ങനെയാണ്. ഒരു ജോലി ഏല്‍പ്പിച്ചാല്‍ അത് എത്രയും പെട്ടെന്ന് നിറവേറ്റണം. കങ്കാണിമാര്‍ നിശ്ചയിക്കുന്ന സമയത്തിനകത്തുതന്നെ തീര്‍ത്തില്ലെങ്കില്‍ അന്നത്തെ ശമ്പളം പിടിച്ചുവെക്കും. 24 ഏക്കറില്‍ നിന്ന്​ മുപ്പതാം ഏക്കര്‍ കാട്ടിലേക്ക് എത്തുന്നത് പ്രയാസമാണ്, എങ്കിലും ചൗക്ക ബെല്‍റ്റ് വഴി ചാക്കുകള്‍ തല ചുമടായി എടുത്ത്​ അവര്‍ ഓടിയെത്തി. കത്താല മുള്ളുകള്‍ ഇതിനകം കാലുകളില്‍ തുളച്ചുകയറിയിരുന്നു. കൂടാതെ, കണ്ടംകത്തിരിയും ഒട്ടുപ്പുല്ലും മാത്രം നിറഞ്ഞുനില്‍ക്കുന്ന കാട്ടുപാതയിലൂടെയാണ് അവര്‍ സഞ്ചരിക്കുന്നത്. നാലുപേരും കൂട്ടമായി പോകുന്നതുകൊണ്ട് കാട്ടുമൃഗങ്ങളെ അത്രക്ക് പേടിച്ചിരുന്നില്ല.

Photo: ncf-india.org
Photo: ncf-india.org

എല്ലാ കാടുകളിലും പണിക്ക് ആളുകളെത്തിയതോടെ താട്ടുചാക്കുകള്‍ വിതരണം ചെയ്യാനും കൊളുന്തുകള്‍ ചുമക്കാനും വലിയ പ്രയാസമായിരുന്നു എങ്കിലും അടിമകളെ കൊണ്ട് എത്രത്തോളം പണിയെടുപ്പിക്കാന്‍ പറ്റുമോ അത്രയും പണിയെടുപ്പിച്ചു. ചിറ്റിവരെയില്‍ മാര്‍ട്ടിന്‍ സായിപ്പ് ആയിരുന്നു എല്ലാം നിയന്ത്രിച്ചിരുന്നത്. മാത്രമല്ല, ഗുണ്ടലവേളിയിലെ പ്രമുഖ വ്യാപാരിയും സൂത്രധാരനും അയാളായിരുന്നു. കുറഞ്ഞ സമയത്ത്​ കൂടുതല്‍ ലാഭം- അതായിരുന്നു തൊഴിലാളികളെ കൊണ്ട് മുതലാളികള്‍ ചെയ്യിപ്പിച്ചിരുന്നത്.

താട്ടും ചാക്കും കൊണ്ടുപോയവര്‍ കങ്കാണികള്‍ പറഞ്ഞ സമയം തെറ്റാതെ അതാത് സ്ഥലങ്ങളില്‍ ഏല്‍പ്പിച്ചു. കാലുകളില്‍ മുള്ളു തറച്ചു വീങ്ങിയതുപോലും അവരറിഞ്ഞില്ല. കമ്പനിക്കുവേണ്ടി രാപകൽ ഉറക്കമില്ലാതെ പ്രവര്‍ത്തിച്ചു. ​ശരീരമാകെ കീറി രക്തമൊഴുകും.

കാലം പുരോഗമിച്ചുതുടങ്ങിയതോടെ തൊഴിലാളികളുടെ ജീവിതവും മാറിത്തുടങ്ങി. കൊട്ടാകുടിയില്‍ കടകള്‍ വന്നു തുടങ്ങിയതോടെ കങ്കാണിമാര്‍ നൽകുന്ന ചീട്ടു വാങ്ങി തൊഴിലാളികള്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങി. കമ്പനി നാണയങ്ങളും ഇറക്കി. പക്ഷേ ആ നാണയങ്ങള്‍ കമ്പനി പരിധിയിലുള്ള സ്ഥലങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതായിരുന്നു കമ്പനിക്കാരുടെ അടുത്ത തന്ത്രം. തൊഴിലാളികളെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരണം, അല്ലാതെ അവരെ സ്വതന്ത്രമായി ജീവിക്കാന്‍ സമ്മതിച്ചില്ല.

ആദ്യകാലങ്ങളില്‍ ഒരണ ശമ്പളത്തിന് പണിക്കു വന്നവര്‍ക്ക് 10 വര്‍ഷം കഴിഞ്ഞിട്ടാണ് 3 അണ വരെയെങ്കിലും ഉയര്‍ത്തിയത്. തൊഴിലാളികളുടെ കൂടകളില്‍ കൊളുന്തു നിറയുമ്പോള്‍ ഏതു വങ്കിയിലായാലും ഇറങ്ങിവന്ന് കൊളുന്തുകൾ നിരപ്പില്‍ വിരിച്ച താട്ടില്‍ തട്ടിവയ്ക്കണം. കൈ കൊണ്ട്​ കൊളുന്തു നുള്ളുന്നത് ചിലര്‍ക്ക് വിദ്യയായി തോന്നാം. പക്ഷേ, അത്​ വളരെ ബുദ്ധിമു​ട്ടേറിയ പണിയായിരുന്നുവെന്ന്​ വെള്ളയമ്മ കെളവി പറയും.

ആദ്യകാലത്ത്​, തേയിലക്കാട്ടില്‍ പണിയെടുത്തവര്‍ക്ക് അങ്ങനെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട് അവരാരും പിന്നീട് സ്വന്തം നാട്ടിലേക്ക് ഒരിക്കല്‍പോലും പോയിട്ടില്ല. എസ്റ്റേറ്റുകളില്‍ തന്നെ കഴിയേണ്ടിവന്നു. തമിഴ്‌നാട്ടില്‍ നിന്നു വന്ന അവര്‍ പുതിയൊരു സംസ്‌കാരമുൾക്കൊണ്ടാണ് എസ്റ്റേറ്റില്‍ജീവിക്കുന്നത്.

1920- ഓടെ എസ്റ്റേറ്റിലെത്തിപ്പെട്ടവര്‍ മലക്കാര്‍ എന്നും എസ്റ്റേറ്റുകാര്‍ എന്നും അറിയപ്പെട്ടു. തമിഴ്‌നാട്ടിലെ ബോഡിയിലുള്ളവർ അവരെ മലക്കാരെന്നാണ് വിളിച്ചത്​. ബോഡിയായിരുന്നു തൊഴിലാളികളുടെ എല്ലാം. മോട്ടാര്‍ വാഹനങ്ങള്‍ എത്തിപ്പെടുന്ന കാലം വരെ ബോര്‍ഡിനായക്കണ്ണൂരിലെ സുബയ്യ ചെട്ടിയാരുടെ ഭക്ഷ്യസാധനങ്ങള്‍ കൊണ്ടായിരുന്നു ഹൈറേഞ്ച് ജീവിച്ചത്​. എല്ലാ എസ്റ്റേറ്റുകളിലേക്കും സാധനങ്ങളും ഭക്ഷ്യവസ്തുക്കളും എത്തിയത് ചെട്ടിയാരും കമ്പനിയും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ്. അത് 1969- വരെ തുടര്‍ന്നു.

ഡോബി മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഉടുമല്‍പേട്ട- ചിന്നാര്‍ റോഡ് കണ്ടെത്തിയതോടെ ദിണ്ഡുഗല്ലില്‍ നിന്ന്​ പഴനി, ഉടുമല്‍പേട്ട, മാനിപ്പെട്ടി, തളി, കുറിച്ചിക്കോട്ട, അമരാവതി കഴിഞ്ഞ് തമിഴ്‌നാട് ആനമല റിസര്‍വ് ഫോറസ്റ്റിനകത്തുകൂടി സഞ്ചരിച്ച് ഒമ്പതാര്‍ വഴി ചിന്നാര്‍ മറയൂര്‍ കടന്ന് മൂന്നാറിലേക്ക് എത്തുന്ന മറ്റൊരു പാതയും കൂടി സായിപ്പന്മാര്‍ പണിതു. 1920- കളില്‍ ഈ കാട്ടുപാതയില്‍ കൂടിയാണ് കൊരങ്ങണി പാതയിലൂടെ തൊഴിലാളി കൂട്ടങ്ങള്‍ മൂന്നാറിന്റെ പടിഞ്ഞാറ് ഭാഗത്തേക്കും കുടിയേറി തുടങ്ങിയത്.

തലയാര്‍ എസ്റ്റേറ്റില്‍ ആദ്യം കാപ്പിത്തോട്ടങ്ങളായിരുന്നു. പിന്നീടാണ് അവിടെ തേയില തോട്ടങ്ങള്‍ വന്നത്​. തലയാര്‍ തോട്ടങ്ങള്‍ K.D.H.P യുടേയോ ഫിന്‍ലെ ആന്റ് മ്യൂര്‍ കമ്പനിയുടേയോ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നില്ല. അതൊരു തനി ഉടമസ്ഥന്റെ കൈവശമായിരുന്നു. അതുപോലെ മൂന്നാറില്‍ തന്നെ ആദ്യമായി, 1880-ൽ രൂപപ്പെട്ട ലോക്കാട് എസ്റ്റേറ്റും ഇതുപോലെ തന്നെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോഴും ഈ രണ്ട് എസ്റ്റേറ്റുകളും ഇതുപോലെ തുടരുന്നു. അവിത്തെ തൊഴിലാളികളും ഗുണ്ടലവേളിയിലെ തൊഴിലാളികളെപ്പോലെ തേയിലക്കാടുകളില്‍ ജീവിച്ചു. മറ്റൊരു സോണലില്‍, മൂന്നാറിന്റെ മധ്യ ഭാഗത്ത്​ ചൊക്കനാട്, പള്ളിവാസല്‍, നല്ല തണ്ണി എസ്റ്റേറ്റുകളും പ്രവര്‍ത്തിച്ചു. അങ്ങനെ മൂന്നാര്‍ മലനിരകളില്‍ ഫിന്‍ലെ ആൻറ്​ മ്യൂര്‍ കമ്പനി ആധിപത്യമുറപ്പിച്ചു.

(തുടരും)

Comments