മലങ്കാട്
അധ്യായം 12
ദിണ്ടുക്കല്‍ എത്തിയപ്പോള്‍ അരുമ നായകം, കട്ടയന്‍, വേലുച്ചാമി, നാകമണി, മുരുകന്‍, ആണ്ടിയപ്പന്‍, മുത്തുവീരന്‍ തുടങ്ങിയവര്‍ നടന്നു തളര്‍ന്നു.
പണ്ണീരും വേതാചലവും ചോദിച്ചു; മാമാ എങ്ക പോരോം?
മലയാന്‍ കങ്കാണി പറഞ്ഞു; മലങ്കാട്ടുക്കുതാന്‍...
എസക്കിമുത്തുവും കാശിനാഥനും വെള്ളയാനും ആദ്യമായാണ് ഇങ്ങനെയൊരു ഊരിന്റെ പേര് കേള്‍ക്കുന്നത്. അവര്‍ വിചാരിച്ചത്, നെല്‍പാടങ്ങളിലോ പണ്ണകളിലോ പണിയെടുക്കാന്‍ വേണ്ടിയായിരിക്കും തങ്ങളെ കൊണ്ടുപോകുന്നത് എന്നാണ്.
ബ്രിട്ടീഷുകാരുടെ കണ്ടെത്തലുകളില്‍ ഏറ്റവും അത്ഭുതകരമായ കണ്ടെത്തലാണ് മലമ്പാതകള്‍. ഈ പാത അല്ലെങ്കില്‍ ഈ കാടുകള്‍ ഇന്നു പോലും മനുഷ്യ ചിന്തകള്‍ക്കപ്പുറമാണ്.
1913- കളില്‍ വാഗുവാരെ എസ്റ്റേറ്റില്‍ ഫാക്ടറി രൂപപ്പെട്ടതോടെ പണിക്ക് കൂടുതല്‍ ആള്‍ക്കാരെ വേണ്ടിവന്നു. ദിണ്ടുക്കല്‍, ചിന്നമണ്ണൂര്‍, ഉഡുമല്‍പേട്ട വഴി ബ്രിട്ടീഷുകാര്‍ നേരത്തെ കണ്ടെത്തിയ കാട്ടുപാത വികസിപ്പിച്ചെടുത്തു. പിന്നീടത് വലിയ പാതയായി. തമിഴ്‌നാട്ടിലെ ആനമല ടൈഗര്‍ റിസര്‍വ്വ് ഫോറസ്റ്റും കേരളത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതവും സ്ഥിതിചെയ്യുന്ന 40 കിലോമീറ്ററോളം പടര്‍ന്നുകിടക്കുന്ന കാടാണ് ആനമല. തമിഴ് സംഘ സാഹിത്യമായ പത്തുപ്പാട്ടില്‍ ഈ മലകളെ പരാമര്‍ശിക്കുന്നുണ്ട്. ചേരനാട്ടിന്റെ മഹത്തായ സമ്പത്തുകളിലൊന്നാണ് ആനമല, മുതുമല കാടുകള്‍. ആനമലയും മുതുമലയും തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന കാടുകളാണ്. ആയിരക്കണക്കിന് വന്യജീവികളും ആദിവാസി ഗോത്രവര്‍ഗ്ഗക്കാരും ഒരുമിച്ചു ജീവിച്ചുവരുന്ന ഈ കാട്ടില്‍ പാത പണിയുക എന്നത് എളുപ്പമല്ലായിരുന്നു. ആധുനിക മൂന്നാറിന്റെ ശില്പിയായിരുന്ന ഡോബി മാര്‍ട്ടിനും സംഘവും മാനുപ്പെട്ടി, തളി തുടങ്ങിയ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ മാസങ്ങളോളം താമസിച്ചാണ് ഈ പാത പണിതത്. സായിപ്പന്മാരുടെ കയ്യിലുണ്ടായിരുന്ന തോക്കുകളാണ് അവരെ വന്യജീവികളില്‍ നിന്ന് രക്ഷിച്ചത്. ഇന്നും ആ അടര്‍ന്ന കാടുകള്‍ ഒരത്ഭുതമാണ്. ആ കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ പുറംലോകവുമായി ആശയവിനിമയം സാധ്യമല്ല. ബ്രിട്ടീഷുകാരുടെ കണ്ടെത്തലുകളില്‍ ഏറ്റവും അത്ഭുതകരമായ കണ്ടെത്തലാണ് ഇത്തരം മലമ്പാതകള്‍. ഈ പാത അല്ലെങ്കില്‍ ഈ കാടുകള്‍ ഇന്നു പോലും മനുഷ്യ ചിന്തകള്‍ക്കപ്പുറമാണ്.
കേരളത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതം രണ്ട് അതിര്‍ത്തികളായി മുറിയുന്ന ഈ കാടുകളില്‍ കാട്ടുകള്ളി, ചോത്തുകള്ളി, ചന്ദനം തുടങ്ങി ആയിരക്കണക്കിന് വൃക്ഷങ്ങളും ചെടികളും തിങ്ങിപ്പാര്‍ക്കുന്നുണ്ട്. സിംഹവാലന്‍ കുരങ്ങുകള്‍, മുതല, ആന, കാട്ടുപോത്തുകള്‍, പുലി എന്നീ മൃഗങ്ങള്‍ പാര്‍ത്തിരുന്നതും പലതരം നിഗൂഢതകള്‍ നിറഞ്ഞതുമായ ആ കാട്ടില്‍ ഡോബി മാര്‍ട്ടിനും സംഘവും പാതപണിയാനൊരുങ്ങിയപ്പോള്‍ തൊഴിലാളികള്‍ക്ക് ഒരുപാട് വിയർപ്പൊഴുക്കേണ്ടി വന്നു. കുരങ്ങണി പാതയെപ്പോലെ വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു ഇതും. പക്ഷേ അവിടത്തെ പോലെ ആദിവാസി ജനങ്ങളെ സായിപ്പന്മാര്‍ക്ക് കയ്യിലെടുക്കാന്‍ കഴിഞ്ഞില്ല. കാരണം അത്രയും നിഗൂഢതകളൊളിപ്പിച്ച ഈ കാട്ടില്‍ എന്നും അവരായിരുന്നു കേമന്‍മാര്‍. തമിഴ് സംഘസാഹിത്യത്തില്‍ പരാമര്‍ശിക്കുന്ന കുറവന്‍ കുറത്തിമാരായിരുന്നു ആനമലയുടെ മക്കള്‍.
ആനമല വന്യജീവി സങ്കേതം തമിഴ്‌നാട്ടിലെ അമരാവതി എന്ന സ്ഥലത്തു നിന്നാണ് തുടങ്ങുന്നത്. തളി, മാനുപ്പെട്ടി, കുറിച്ചിക്കോട്ടൈ വഴി ഒമ്പതാര്‍ ചേക്ക്‌പോസ്റ്റ് കഴിഞ്ഞാല്‍ പിന്നീടങ്ങോട്ട് ആനമല കാടാണ്. ആ കാട്ടില്‍ പൂനാച്ചി മലയെ ചുറ്റി ഏഴു മലകളാണ് സ്ഥിതിചെയ്യുന്നത്. കുത്തനെ നില്‍ക്കുന്നത് ഏലമല എന്നാണറിയപ്പെടുന്നത്. 18 ആദിവാസി കുടികളാണ് ആ മലയുടെ ചുറ്റിലുമുള്ളത്.
മാസിയറ, മാടവാപ്പ്, കുഴിപ്പെട്ടി എന്നീ ഊരുകളില്‍ വസിച്ചുവരുന്ന മലച്ചാര്‍ ഊരു മൂപ്പനെയാണ് മാര്‍ട്ടിന്‍സായിപ്പും സംഘവും ആദ്യം കണ്ടുമുട്ടിയത്. അമരാവതിയില്‍ നിന്ന് മാസിയറ 8 കിലോമീറ്റര്‍ മാത്രം അകലെയാണ്. ഈ കാടുകള്‍ വന്യജീവികളാൽ നിറഞ്ഞിരുന്നു. ഇതിലൂടെ പാത കാണിച്ചുതന്നാല്‍ സമ്മാനമായി ഒരു ഏക്കര്‍ വീതം ഭൂമി നല്‍കാമെന്ന് മാര്‍ട്ടിന്‍ സായിപ്പ് പറഞ്ഞു. അപ്പോള്‍ ഊരു മൂപ്പനായിരുന്ന മലയനും കൂട്ടരും അതിനു സമ്മതിച്ചു.
വാല്‍പ്പാറയേയും മറയൂരിനേയും മൂന്നാറിനേയും ബന്ധിപ്പിക്കുന്ന പാതകളുണ്ട്. ആ പാതകളിലൂടെ ആദിവാസി ഗോത്രവര്‍ഗ്ഗ സമൂഹങ്ങള്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ പറ്റൂ.
മറ്റുള്ള പൂര്‍വിക കുടികള്‍ പൂനച്ചിമല, ഒമ്പതാര്‍, ആട്ടുമല, കരട്ടുപതി, തളിഞ്ചിവയല്‍, കരിമുട്ടി, മേല്‍കുരുമല, കീഴ്കുരുമല, പൊറുപ്പാര്‍, പൂച്ചികൊട്ടാന്‍പാറ, ചാമ്പക്കാട്, ആലംപെട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചുവരുന്നതും മലച്ചാര്‍ ഗോത്രവര്‍ഗ്ഗക്കാര്‍ അറിഞ്ഞിരുന്നു. എങ്കിലും മലച്ചാര്‍, മലപുലയര്‍, മുതുവാന്‍ തുടങ്ങിയ ഗോത്രവര്‍ഗങ്ങള്‍ തമ്മിൽ വലിയ ബന്ധമുണ്ടായിരുന്നെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയില്ല. ആ കാട്ടില്‍ വ്യത്യസ്ത ഭാഗങ്ങളിലായാണ് ഇവര്‍ ജീവിക്കുന്നത്. ചിന്നാര്‍ വഴി ഒഴുകുന്ന വെള്ളം ഒമ്പതാറു വഴി അമരാവതി അണക്കെട്ടിലെത്തും. നിത്യ വനമേഖലയായ ഇവിടെ മുഴുവനും കാട്ടുപാതകളാണ്. വാല്‍പ്പാറയേയും മറയൂരിനേയും മൂന്നാറിനേയും ബന്ധിപ്പിക്കുന്ന പാതകളുണ്ട്. ആ പാതകളിലൂടെ ആദിവാസി ഗോത്രവര്‍ഗ്ഗ സമൂഹങ്ങള്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ പറ്റൂ.
ആദ്യകാലങ്ങളില്‍ വാല്‍പ്പാറയില്‍ സായിപ്പന്‍മാരുടെ കടുത്ത ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ മലമ്പാതയില്‍ കൂടി മറ്റു മലമ്പ്രദേശങ്ങളായ തലയാര്‍, വാഗുവാരെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി തൊഴിലാളികള്‍ എത്തിയ ചരിത്രവുമുണ്ട്.
മലയില്‍ നിന്ന് മലകള്‍ കയറിയാണ് കാളിമുത്തുവും മാരിയപ്പനും പൊന്നുസാമിയും കുടുംബവും ചോത്തുപ്പാറയിലേക്കെത്തിയത്. ചുറ്റിലും ആദിവാസികുടികളും മലനിരകളും മാത്രമുള്ളതു കൊണ്ട് സായിപ്പന്‍മാരും സംഘവും പാത നിര്‍മ്മിക്കാനുള്ള ദൗത്യം മെല്ലെ തുടങ്ങുകയായിരുന്നു.
ചുറ്റും കാട് മാത്രമാണല്ലോ, എങ്ങനെയാണ് ഇവിടെ ജീവിക്കുക?- പസുപതിയും മുത്തുരാശും ചോദിച്ചു. ആദ്യമായിട്ടാണ് മുരുകാണ്ടി കങ്കാണി വാ തുറക്കുന്നത്; നമ്മള്‍ പാത പണിയാനാണ് ഇവിടെ എത്തിപ്പെട്ടത്. ഇവിടെ നിന്ന് ഇനി കുറെ ദൂരം എസ്റ്റേറ്റിലേക്ക് സഞ്ചരിക്കണം.
ഇതിനുമുമ്പ് എത്തിപ്പെട്ട കൂട്ടങ്ങളും അവരും ചേര്‍ന്ന് കൊല്ലങ്ങളേറെ ശ്രമിച്ചിട്ടും പാത പണി പൂര്‍ത്തിയാവുന്ന ലക്ഷണമില്ല. ആദിവാസി കൂട്ടങ്ങള്‍ നേതൃത്വം നല്‍കുകയും സായിപ്പന്മാരുടെ അകമ്പടിയില്‍ തൊഴിലാളികള്‍ പാതയുടെ പണി തുടരുകയും ചെയ്തതായി മനുവേല്‍ കറുപ്പന്‍, അഴകമ്മ, കര്‍ണന്‍, ചിന്നരാമന്‍, വെള്ളയാന്‍ തുടങ്ങിയവര്‍ പറഞ്ഞു.
ആദിവാസി കൂട്ടങ്ങളെ സായിപ്പന്മാർ പൊന്നുപോലെയാണ് കൊണ്ടുനടന്നത്. അവരില്ലെങ്കില്‍ ജീവനോടെ രക്ഷപ്പെടാന്‍ കഴിയില്ല എന്ന ഉത്തമ ബോധ്യം സായിപ്പന്‍മാര്‍ക്കുണ്ടായിരുന്നു.
മാസങ്ങളോളം കാട്ടില്‍ ജീവിക്കേണ്ടി വന്നു. ഗോത്രവര്‍ഗ്ഗക്കാര്‍ സ്വതന്ത്രരായി ജീവിച്ചിരുന്ന ആ കാട്ടില്‍ സായിപ്പന്മാര്‍ക്ക് സമ്പൂര്‍ണ ആധിപത്യം ചെലുത്താന്‍ കഴിഞ്ഞില്ല. ഗോത്രക്കാരുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ സായിപ്പമാര്‍ ജീവിക്കുന്നത്. കാരണം, ഏതുസമയത്തും ഏത് വന്യജീവി കൂട്ടങ്ങളും അവരെ ആക്രമിക്കാം. ആ കാടുകള്‍ ഇന്നും അങ്ങനെയാണ്. അതുകൊണ്ട് പാത ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ് സായിപ്പന്മാരുടെ മുന്നിലുണ്ടായിരുന്നത്. അത്രയും വലിയ കൊടുങ്കാടിനെ അവര്‍ക്ക് ഒരിക്കലും വശപ്പെടുത്താന്‍ കഴിയില്ല എന്ന് മനസ്സിലായി. മാസങ്ങൾ നീണ്ട ആ ദൗത്യം പെട്ടെന്ന് നിറവേറ്റാന്‍ എല്ലാ രീതിയിലുമുള്ള സഹായങ്ങളും അവര്‍ സ്വീകരിച്ചു. ആദിവാസി കൂട്ടങ്ങളെ അവർ പൊന്നുപോലെയാണ് കൊണ്ടുനടന്നത്. അവരില്ലെങ്കില്‍ ജീവനോടെ രക്ഷപ്പെടാന്‍ കഴിയില്ല എന്ന ഉത്തമ ബോധ്യം സായിപ്പന്‍മാര്‍ക്കുണ്ടായിരുന്നു. അങ്ങനെ ഇന്നത്തെ മറയൂര്‍ വരെ നീളുന്ന കാട്ടുപാത സായിപ്പന്മാര്‍ യാഥാര്‍ഥ്യമാക്കി. മറയൂരില്‍ ജീവിച്ചിരുന്ന പൂര്‍വിക കുടികള്‍ സായിപ്പന്മാരെ ഒരു രീതിയിലും സഹായിക്കാന്‍ തയ്യാറായില്ല.
മലകടന്ന് അല്പം സമതലം എന്ന് കണക്കാക്കുന്ന മറയൂര്‍ ടൗണില്‍ അന്ന് മൂന്നോ നാലോ പുല്‍ക്കുടിലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴുള്ള പോലെ, ഭൂരിഭാഗവും ആദിവാസി ജനവിഭാഗങ്ങളാണ് ഈ മലയുടെ ചുറ്റിലും ജീവിച്ചിരുന്നത്. തലയാര്‍ ആണ് ആദ്യം കാണുന്ന എസ്റ്റേറ്റ്. ആ എസ്റ്റേറ്റ് കാപ്പിത്തോട്ടങ്ങള്‍ നിറഞ്ഞതായിരുന്നു. വാല്‍പ്പാറയിലെ മുതലാളിയാണ് ആ തോട്ടങ്ങള്‍ നിര്‍മ്മിച്ചത് പാമ്പനാറിലൂടെ തലയാര്‍ ഭാഗത്ത് എത്തിയപ്പോള്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ വാഗുവാരെ എസ്റ്റേറ്റ് കണ്ടു. കമ്പനിയില്‍ തന്നെ ഏറ്റവും വലിയ എസ്റ്റേറ്റുകളില്‍ ഒന്നാണ് വാഗുവാര. ഈ എസ്റ്റേറ്റാണ് ജഗരാന്ത പൂക്കളുടെ വാസസ്ഥലം.
വാകമരങ്ങള്‍ വെച്ച് പിടിപ്പിക്കാൻ മാര്‍ട്ടിന്‍സായിപ്പാണ് പറഞ്ഞത്. മലമ്പനിക്ക് ആദ്യ കാലത്ത് മരുന്നില്ലായിരുന്നു. അതുകൊണ്ട് സായിപ്പന്മാര്‍ വാഗുവാര പ്ലാന്റുകളില്‍ ചീങ്കണ്ണി മരങ്ങൾ വെച്ച് പിടിപ്പിച്ചു.
വാഗുവാര എസ്റ്റേറ്റ് ഇന്നത്തെ ചട്ടമൂന്നാര്‍ ചെക്ക് പോസ്റ്റില്‍ നിന്നാണ് തുടങ്ങുന്നത്. വാകമരങ്ങള്‍ നിറഞ്ഞ സ്ഥലമായതുകൊണ്ട് ആ എസ്റ്റേറ്റിന് വാഗുവാര എന്ന് പേരിട്ടു.
മലനിരകളില്‍ തേയില ചെടികള്‍ വളര്‍ന്നു തുടങ്ങിയതോടെ വാഗുവാര എസ്റ്റേറ്റ് കമ്പനിയുടെ പടിഞ്ഞാറുഭാഗം ശ്രദ്ധാകേന്ദ്രമായി. ആ എസ്റ്റേറ്റോടെ കണ്ണന്‍ ദേവന്‍ മലനിരകള്‍ ഏതാണ്ട് അവസാനിക്കുകയാണ്. വാഗുവാര എസ്റ്റേറ്റ് ഇന്നത്തെ ചട്ടമൂന്നാര്‍ ചെക്ക് പോസ്റ്റില്‍ നിന്നാണ് തുടങ്ങുന്നത്. വാകമരങ്ങള്‍ നിറഞ്ഞ സ്ഥലമായതുകൊണ്ട് ആ എസ്റ്റേറ്റിന് വാഗുവാര എന്ന് പേരിട്ടു. നാവല്‍, ലക്കം, ലക്കം ന്യൂ ഡിവിഷന്‍, ഫാക്ടറി ഡിവിഷന്‍, ടോപ്പ് ഡിവിഷന്‍, ബസാര്‍, ലോവര്‍ ഡിവിഷന്‍ എന്നീ ഡിവിഷനുകള്‍ ചേര്‍ന്നതാണ് ഈ എസ്റ്റേറ്റ്. വെസ്റ്റേണ്‍ ഗേറ്റിലെ ഉയര്‍ന്ന മലനിരകളില്‍ ഒന്നായ രാജമലയുടെ പുറകിലാണ് വാഗുവാര എസ്റ്റേറ്റ്. മലയുടെ പുറകുവശത്ത് സ്ഥിതി ചെയ്യുന്ന ടോപ്പ് ഡിവിഷനില്‍ നീലക്കുറിഞ്ഞികളും കാട്ടു കുറിഞ്ഞികളും പേരറിയാത്ത പൂക്കളും ചെടികളും ഫലവര്‍ഗ്ഗങ്ങളും വളരുന്നുണ്ട്. കൂടാതെ മലയുടെ ചുറ്റും ചെറിയ വെള്ളച്ചാട്ടങ്ങളും. എസ്റ്റേറ്റിലെ ജീവിതം നേരെ മറിച്ചാണ്, ദുരിതം നിറഞ്ഞത്.
മതിയഴകനും കൊളന്തവേലുവും മാടത്തിയും മനുവേലുവും വെള്ളയനും അഴകമ്മയും ഒമ്പതാരില്‍നിന്ന് മുകളിലേക്ക് നടക്കാന്‍ തുടങ്ങി. ഇരുളപ്പന്‍, മാടസാമി കങ്കാണി, രാജമണി കങ്കാണി, സോമയ കങ്കാണി, രാമസാമി കങ്കാണി, തുറരാജ് കങ്കാണി, പളണിയാണ്ടി കങ്കാണി തുടങ്ങിയവര്‍ കൊടും കാട്ടിലൂടെ യാത്ര തുടര്‍ന്നു.
ആ കൂട്ടം ചിന്നാറില്‍ തമ്പടിച്ചു. സിംഹവാലന്‍ കുരങ്ങുകളും പുലിയും ആനയും പാര്‍ത്തിരുന്ന ആ കാടുകളില്‍ ആദ്യമായാണ് പുറത്തുനിന്നുള്ള മനുഷ്യരുടെ വരവ്. ആദിമകുടികള്‍ മാത്രമാണ് മലയുടെ മുകളിലും താഴ്വാരങ്ങളിലും മരങ്ങളുടെ നടുവിലും മലചെരിവുകളിലും കുന്നുകളിലും ജീവിച്ചിരുന്നത്. കാട്ടാറിന്റെ ശബ്ദവും കാട്ടുമൃഗങ്ങളുടെ ഒച്ചയും മാത്രമാണ് ഇതിനുമുമ്പ് അവര്‍ കേട്ടിരുന്നത്. ഇപ്പോള്‍ ആദ്യമായിട്ടാണ് മറ്റൊരു കൂട്ടം മനുഷ്യരുടെ ശബ്ദം കേട്ടുതുടങ്ങുന്നത്. ഈ ശബ്ദവും അവര്‍ക്ക് മറ്റുള്ള ശബ്ദങ്ങളെ പോലെയാണ്.
തലയാര്‍ എസ്റ്റേറ്റില്‍ കാപ്പിത്തോട്ടങ്ങളാണ് ആദ്യം ഉണ്ടായിരുന്നത്. ഇരുവശവും കാപ്പിയും ചന്ദനമരങ്ങളും കുറെ കാട്ടുമരങ്ങളും മാത്രം.
സാമ്പാര്‍ മാനുകളും സാമ്പല്‍നിര കാട്ടുപോത്തുകളും കൂട്ടം കൂട്ടമായി അങ്ങോട്ടുമിങ്ങോട്ടും ഓടിത്തുടങ്ങി. തൊഴിലാളികള്‍ക്കുമുമ്പില്‍ തന്നെ പാത തെളിയിക്കാന്‍ സായിപ്പന്‍മാരും സില്‍ബന്ധികളും ആ അടര്‍ന്ന കാടുകളില്‍ പാത വരച്ചിട്ടു. അവര്‍ അളന്നു മുറിച്ച സ്ഥലങ്ങളെ നൂറുകണക്കിന് തൊഴിലാളികള്‍ വെട്ടിത്തെളിച്ചു. കൊരങ്ങണി പാതയ്ക്ക് സമാനമായ പാതയല്ലെങ്കിലും വളവുകളും ആറുകളും വെല്ലുവിളി ഉയര്‍ത്തി. അരുമ നായകവും കറുപ്പയ്യാവും മാടസാമിയും ചെല്ലയ്യാവും സുബയ്യാവും ആണ്ടിയും പഴനിയാണ്ടി കോണാറും ചക്കര കങ്കാണിയും കറുപ്പസാമി കങ്കാണിയും തങ്കമുത്തുവും രത്‌നസാമിയും ചിന്നരാശും വനരാശും മാടപ്പന്‍ കങ്കാണിയും ഈ ദൗത്യം മുന്നില്‍ നിന്ന് നയിച്ചു. അവര്‍ തൊഴിലാളികളെ കൊണ്ട് മാസങ്ങളോളം പാതകള്‍ പണിയാന്‍ ശ്രമിച്ചു, എങ്കിലും അടര്‍ന്ന കാടുകളായതുകൊണ്ട് ഒറ്റയടിപ്പാത മാത്രമേ പണിയാന്‍ കഴിഞ്ഞുള്ളൂ. മഴക്കാലം തുടങ്ങും മുമ്പു തന്നെ ധൃതിപിടിച്ച് ആ പാത പണിതുതീര്‍ത്ത്, തൊഴിലാളികളെ പ്ലാന്റിലേക്കെത്തിച്ചു. പ്ലാന്റില്‍ നേരത്തെ പണിത ലയങ്ങളിലേക്ക് തൊഴിലാളികള്‍ കൂട്ടംകൂട്ടമായി കുടിയേറി. ബസാര്‍, ലോവര്‍ ഡിവിഷന്‍, ടോപ്പ് ഡിവിഷന്‍ തുടങ്ങിയ നാലു ഡിവിഷനുകള്‍ മാത്രമായിരുന്നു ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. 1913- ല്‍ ഫാക്ടറി പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ തമിഴ്‌നാട്ടില്‍ നിന്ന് കൂട്ടംകൂട്ടമായി ആള്‍ക്കാര്‍ വന്നു തുടങ്ങി. ശങ്കരന്‍ കോവില്‍, രാജപാളയം, തിരുനെല്‍വേലി തുടങ്ങിയ ജില്ലകളില്‍നിന്നാണ് കുടുതല്‍ ആള്‍ക്കാര്‍ എത്തിയത്.
മറയൂര്‍ എത്തിയപ്പോള്‍ ചിന്ന കറുപ്പന്‍ അമ്പരന്നു; മലയിലെ വയലാ?ഏക്കര്‍ കണക്കിന് നെല്‍ പാടങ്ങളുണ്ടായിരുന്നു. കൂട്ടങ്ങള്‍ നെല്‍ വയലുകളെ നോക്കി നിന്നു.
വേലമ്മ കെളവി പറഞ്ഞു, യാത്തേ ഊര്‍നാടുമാതിരിയില്ല ഇരുക്ക്?
വനത്തായി പറഞ്ഞു, ആമാം മതിനി ഊരുള മഴ പെയാമെ, തരിശ്ശായില്ല കെടക്ക് .....
മിനിഞ്ഞാന്ന് നമ്മള്‍ മരിക്കേണ്ടതായിരുന്നു; മുത്തപ്പന്‍ പറഞ്ഞു. സായിപ്പിന്റെ കയ്യിലുള്ള തോക്കുകളാണ് തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചത്. ചിന്നാറെത്തുമ്പോഴേക്കും കൂട്ടംകൂട്ടമായി കാട്ടുപോത്തുകള്‍ അവരെ ആക്രമിക്കാന്‍ വന്നു. ഡോബി മാര്‍ട്ടിന്‍ സായിപ്പ് തോക്ക് കൊണ്ട് കൂട്ടത്തിന്റെ നടുക്ക് വെടിവെച്ചു. മുള്ളന്‍പന്നികളും കാട്ടുപന്നികളും മാന്‍കൂട്ടങ്ങളും മയിലും എണ്ണാവുന്നതിലധികം പക്ഷികളും അങ്ങോളം ഇങ്ങോളം ഓടുകയും ചാടുകയും പറക്കുകയും ചെയ്തു. പുലിയിറങ്ങുന്ന കാടാണ്. ആദ്യ ദിവസം മുതല്‍ കരുതിക്കൂട്ടിയാണ് സായിപ്പന്മാര്‍ പാത പണിയാന്‍ തുനിഞ്ഞിറങ്ങിയത്. അവരുടെ കയ്യില്‍ ഒരുപാട് തോക്കുണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് ഉടുമലയില്‍ നിന്ന് 50 കിലോമീറ്റര്‍ യാത്ര ചെയ്ത് അവര്‍ക്ക് മറയൂര്‍ എത്താന്‍ കഴിഞ്ഞത്. അവിടത്തെ പോലെ വലിയ കൂട്ടങ്ങള്‍ എത്തിപ്പെട്ടിട്ടില്ലെങ്കിലും അത്യാവശ്യം പണിക്കാവശ്യമായ ആള്‍ക്കാരെ കിട്ടിയതോടെ കങ്കാണിമാരും സായിപ്പന്‍മാരും തൃപ്തരായി. മറയൂരില്‍ നിന്ന് 20 കിലോമീറ്റര്‍ യാത്ര ചെയ്താണ് അവര്‍ വാഗുവാര എസ്റ്റേറ്റിലെത്തിയത്. പളനിയപ്പന്‍, അന്നമുത്തു തുടങ്ങിയവര്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് കാപ്പി ചെടികൾ കാണുന്നത്.
മറ്റു എസ്റ്റേറ്റുകളെക്കാള്‍ വാഗുവാരെ സങ്കീര്‍ണമായ ഘടനയുള്ള സ്ഥലമായിരുന്നു. ഒരു ഡിവിഷനില്‍ നിന്ന് മറ്റൊന്നിലേക്ക് യാതൊരു ആശയവിനിമയവും നടത്താന്‍ കഴിയാത്ത വിധത്തിലാണ് സായിപ്പന്മാര്‍ആ എസ്റ്റേറ്റിനെ രൂപപ്പെടുത്തിയെടുത്തത്.
തലയാര്‍ എസ്റ്റേറ്റില്‍ കാപ്പിത്തോട്ടങ്ങളാണ് ആദ്യം ഉണ്ടായിരുന്നത്. ഇരുവശവും കാപ്പിയും ചന്ദനമരങ്ങളും കുറെ കാട്ടുമരങ്ങളും മാത്രം. മണിക്കൂറുകളോളം നീണ്ട യാത്രയില്‍ അവര്‍ കണ്ടത് മൃഗങ്ങളെ മാത്രമാണ്. ഏറ്റവും കൂടുതല്‍ കുരങ്ങന്മാര്‍ പാര്‍ക്കുന്ന കാടാണ് ആനമല. യാത്ര തുടങ്ങിയതു മുതല്‍ സിംഹവാലന്‍ കുരങ്ങുകളെ കണ്ട് ചിന്നപ്പനും മനുവേലുവും മറ്റു തൊഴിലാളികളും അമ്പരന്നു. അതിനുമുമ്പ് ഇത്തരം കുരങ്ങുകളെ അവര്‍ ഒരിക്കലും കണ്ടിട്ടില്ല. ഇത്രയേറെ അതിശയങ്ങള്‍ നിറഞ്ഞ ആനമല കാട്ടിലൂടെയാണ് അവര്‍ നടന്നുനീങ്ങുന്നത്. ജീവിതത്തില്‍ ഇനി എങ്ങോട്ടാണ് യാത്ര എന്ന് ആര്‍ക്കും ഒരു പിടിയുമില്ല. രാജപാളയം, ശങ്കരന്‍കോവില്‍ തുടങ്ങിയ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ കിടന്ന് മരിക്കുന്നതിനേക്കാളും നല്ലതാണെന്ന് ഈ യാത്ര പുറപ്പെടുന്നതിനുമുന്‍പ് വേദാചലം കാസിയപ്പനോടും സുപ്പയ്യനോടും പറഞ്ഞിരുന്നു. ഈ കൂട്ടങ്ങള്‍ എങ്ങനെയെങ്കിലും ജീവിച്ചാല്‍ മതി എന്ന ലക്ഷ്യത്തോടെയാണ് യാത്ര തുടര്‍ന്നത്. പ്ലാൻറിലെത്തിപ്പെട്ടതോടെ മുമ്പുവന്ന കൂട്ടങ്ങളെ പോലെ അവര്‍ക്കും സമാനമായ ജീവിതം നയിക്കേണ്ടി വന്നു. സായിപ്പന്മാര്‍ പറയുന്നതിനനുസരിച്ച് ഇവരും ആ ദുരിത ജീവിതത്തിലേക്ക് നീങ്ങി.
മറ്റു എസ്റ്റേറ്റുകളെക്കാള്‍ വാഗുവാരെ സങ്കീര്‍ണമായ ഘടനയുള്ള സ്ഥലമായിരുന്നു. ഒരു ഡിവിഷനില്‍ നിന്ന് മറ്റൊന്നിലേക്ക് യാതൊരു ആശയവിനിമയവും നടത്താന്‍ കഴിയാത്ത വിധത്തിലാണ് സായിപ്പന്മാര്‍ ആ എസ്റ്റേറ്റിനെ രൂപപ്പെടുത്തിയെടുത്തത്. ഇന്ന് മൂന്നാറില്‍ നിന്നും എട്ടാം മൈല്‍ മുതല്‍ ചട്ടമൂന്നാര്‍ വരെ നീണ്ടു കിടക്കുന്നതാണ് വാഗുവാരെ എസ്റ്റേറ്റ്. ടോപ്പ് ഡിവിഷനില്‍ നിന്ന് കുത്തനെ കാണുന്ന മലനിരകളില്‍ അങ്ങോളമിങ്ങോളം ഈ എസ്റ്റേറ്റ് പരന്നുകിടക്കുന്നു. മലചെരുവുകളില്‍ കാട്ടുമരങ്ങള്‍ക്കൊപ്പം തേയില ചെടിയും വച്ചുപിടിപ്പിച്ചു. പളനിയാണ്ടി കോണാര്‍ ആയിരുന്നു വാഗുവാരെയിലെ വലിയ കങ്കാണി. തമിഴ്‌നാട്ടിലെ രാജപാളയം എന്ന വരണ്ട ഭൂമിയില്‍ നിന്ന് 40- ഓളം വരുന്ന ആളുകളെ രാജമലയുടെ പുറംവശത്ത് സ്ഥിതി ചെയ്യുന്ന ടോപ്പ് ഡിവിഷനില്‍ എത്തിച്ചതോടെ വാഗുവാരെയില്‍ ഇദ്ദേഹം വലിയ കങ്കാണി ആകുകയും കമ്പനിക്കാരുടെ ഇഷ്ടതാരമാകുകയും ചെയ്തു. പിന്നീട് ചക്കരക്കങ്കാണിയും, കറുപ്പുസാമി കങ്കാണിയും, റാസു കങ്കാണിയും, നാരായണന്‍ കങ്കാണിയും ചേര്‍ന്ന് കാടുകളെ വളര്‍ത്തിയെടുത്തു. ധാന്യങ്ങളും മറ്റു ഭക്ഷ്യ സാധനങ്ങളും എത്താൻ വളരെ പ്രയാസമായ ആ പാതയിലൂടെ കുതിരകളും കഴുതകളും എപ്പോഴും ധാന്യങ്ങള്‍ ചുമന്ന് എത്തിച്ചു. എങ്കിലും ടോപ്പ് സ്റ്റേഷന്‍ കാടുകളില്‍ സായിപ്പന്മാര്‍ ആദ്യകാലങ്ങളില്‍ തന്നെ റോപ്പ് വേ സ്ഥാപിച്ചെടുത്തു. ആ സ്ഥലം കപ്പിത്തേരി എന്നാണറിയപ്പെടുന്നത്. മലമുകളില്‍ ഏക്കറോളം കാടുകള്‍ സൃഷ്ടിച്ചെടുത്ത സായിപ്പന്മാര്‍ക്ക് കൊളുന്തുകള്‍ നിരപ്പിലെത്തിക്കുക എന്നത് വെല്ലുവിളിയായിരുന്നു. അതുകൊണ്ട് കാളവണ്ടികളിലും കുതിരവണ്ടികളിലുമായി കൊളുന്തുകള്‍ കപ്പിത്തേരിയിലേക്ക് എത്തിക്കും. അവിടെനിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ലോവര്‍ ഡിവിഷന്‍ ഫാക്ടറിയിലേക്ക് കൊളുന്ത് ചാക്കുകള്‍ ഇറങ്ങി വരും. ആ കാഴ്ച തൊഴിലാളികള്‍ കൗതുകത്തോടെയാണ് കണ്ടിരുന്നത്. ഫാക്ടറി പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ തൊഴിലാളികള്‍ക്ക് ഉറക്കമില്ലാ രാത്രികളായിരുന്നു. തികച്ചും ഒറ്റപ്പെട്ട ജീവിതം. സായിപ്പന്മാര്‍ കൊണ്ടുതരുന്നതുമാത്രം കഴിക്കണമെന്ന അവസ്ഥ. സമാന ജീവിതമായിരുന്നു വാഗുവാരെയില്‍ നിന്ന് അപ്പര്‍ എഡ്ജില്‍ സ്ഥിതിചെയ്യുന്ന ഗുണ്ടുമല, തെന്മല തുടങ്ങിയ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കും. ഗുണ്ടളവേളി എസ്റ്റേറ്റിലെ ജനങ്ങളെക്കാളും ദുരിതജീവിതമാണ് അവരുടേത്. ഇന്നും അതേ അവസ്ഥ തുടരുന്നു.
എല്ലച്ചാമി പറഞ്ഞു; ഏതോ റെയില്‍ വന്തുറുക്കാമിളൈ, അത് ഇങ്കെയും വന്താല്‍ നല്ലായിരുക്കും ...
നഞ്ചപ്പന്‍ പറഞ്ഞു; മാട്ടുവണ്ടിയെ വരമാണ്ടതു, പിന്നെയാ, റെയിലാം, മില്ലെ റെയില്?...
ഔവ്വയാര്‍ എന്ന സംഘകാല കവിയെ ദൈവമായി എസ്റ്റേറ്റ് ജനങ്ങള്‍ ആരാധിക്കുന്നു. ഹൈറേഞ്ചിലെ ഏക ഔവ്വയാര്‍ കോവില്‍ പോത്തുപാറയിലാണ്. സ്ത്രീകള്‍ക്ക് മാത്രമാണ് ഈ അമ്പലം അവകാശപ്പെട്ടത്.
വാഗുവാരയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന രണ്ട് മലയോര എസ്റ്റേറ്റുകളാണ് തെന്‍മലയും ഗുണ്ടുമലയും. തെക്കേ അറ്റത്ത് മലയില്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റ് ആയതുകൊണ്ട് തെന്‍മല എന്ന് പേര് വന്നു.
ഇവിടങ്ങളില്‍ ജനം തികച്ചും ഒറ്റപ്പെട്ടാണ് ജീവിക്കുന്നത് എന്ന് കാസിലിംഗം പറഞ്ഞു. ഗുണ്ടുമലയില്‍ ചോത്തുപ്പാറയിലായിരുന്നു ആദ്യം തേയിലക്കാടുകള്‍ രൂപപ്പെടുത്തിയെടുത്തത്. പിന്നീട് ലോവര്‍ ഡിവിഷന്‍, അപ്പര്‍ ഡിവിഷന്‍, കടുകുമുടി തുടങ്ങി 5 ഡിവിഷനുകളിലും ആള്‍ത്താമസം തുടങ്ങി. മൂന്നാര്‍ മലനിരകളില്‍ ഒറ്റപ്പെട്ട ദീപുകള്‍ പോലെയാണ് ഇന്നും വനാന്തരങ്ങളില്‍ ഈ എസ്റ്റേറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. വടക്കേ അറ്റം അഞ്ചു നാട്ടിന്റെ മലനിരകളുമായി അതിര്‍ത്തി പങ്കിടുന്നു. ഗുണ്ടുമല മുതല്‍ എട്ടാം മയില്‍വരെ മലനിരകളില്‍ നീളുന്ന ഈ കാടുകളില്‍ 3 എസ്റ്റേറ്റുകളാണുള്ളത്. നൂറു കണക്കിന് ഏക്കറില്‍ തേയിലക്കാടുകള്‍ മാത്രമാണ്. ഔവ്വയാര്‍ എന്ന സംഘകാല കവിയെ ദൈവമായി ഈ എസ്റ്റേറ്റ് ജനങ്ങള്‍ ആരാധിക്കുന്നു. ഹൈറേഞ്ചിലെ ഏക ഔവ്വയാര്‍ കോവില്‍ പോത്തുപാറയിലാണ്. സ്ത്രീകള്‍ക്ക് മാത്രമാണ് ഈ അമ്പലം അവകാശപ്പെട്ടത്.
ഹൈറേഞ്ചിലെ ഏറ്റവും വലിയ എസ്റ്റേറ്റ് വാഗുവാരയാണ്. ആ മലകളില്‍ നിന്ന് കൊളുന്തുകള്‍ കപ്പി ചക്രത്തിലാണ് (റോപ്പ് വേ) വരുന്നത്. ടോപ്പ് ഡിവിഷന്റെ തൊട്ടടുത്തുള്ള കാടുകളില്‍ നിന്ന് പറിക്കുന്ന കൊളുന്തുകള്‍ മാത്രമാണ് ആദ്യ കാലങ്ങളില്‍ വാഗുവാര ഫാക്ടറിയിലേക്ക് റോപ്പ് മുഖാന്തരം എത്തിച്ചത്. ബാക്കി ഡിവിഷനുകളില്‍ നിന്നും തെന്മല ഡിവിഷനുകളില്‍ നിന്നുമുള്ള കൊളുന്തുകള്‍ റോപ്പ് മുഖാന്തരം തൊട്ടടുത്ത മലകളുടെ ചെരിവിലുള്ള മാട്ടുപ്പെട്ടി ഡാമിന്റെ അറ്റത്തേക്കോ ഫാക്ടറിയുടെ മുന്‍വശത്തോ കൊണ്ടെത്തിക്കുകയായിരുന്നു എന്ന് കൊണ്ടയനും ഉടയാരും പറഞ്ഞു. ഈ കാടുകളില്‍ നിന്ന് കൊളുന്തുകള്‍ കമ്പികളില്‍ തൂക്കി എങ്ങോട്ടോ പോകും, എവിടെ എത്തുമോ? ചടയന്‍ പറഞ്ഞു.
ഏതോ മാട്ടുപ്പെട്ടിയാം ....
ബ്രിട്ടീഷുകാരുടെ ചിന്തകളെയും പ്രവര്‍ത്തികളെയും തൊഴിലാളികള്‍ക്ക് ഒരിക്കലും ഊഹിക്കാന്‍ പോലും കഴിയില്ലായിരുന്നു. അത്തരത്തില്‍ ചുറ്റും ഒരുപാട് അത്ഭുതങ്ങളെ സൃഷ്ടിച്ചാണ് അവര്‍ ഫാക്ടറികളെയും മറ്റു എസ്റ്റേറ്റുകളയും സ്ഥാപിച്ചെടുത്തത്. ഒരു മലയില്‍ നിന്ന് നോക്കിയാൽ അപ്പുറത്തെ മലയിലുള്ള എസ്റ്റേറ്റുകൾ കാണാം. പക്ഷേ അവിടെ എത്തണമെങ്കില്‍ മണിക്കൂറോളം സഞ്ചരിക്കണം, ഇതാണ് മൂന്നാറിലെ എസ്റ്റേറ്റുകളുടെ ഇരുപ്പുവശം.
തമിഴ്‌നാട്ടിലെ വയല്‍ വരമ്പുകളിലും കൃഷിയിടങ്ങളിലും മാത്രം ജീവിച്ചു പരിചയമുള്ളവര്‍ 15 കൊല്ലങ്ങളോളം എസ്റ്റേറ്റില്‍ ജീവിച്ചുതീർത്തപ്പോള്‍, അവരുടേതും ഗോത്രവര്‍ഗ്ഗ ജീവിതങ്ങള്‍ക്ക് സമാനമായി മാറി. ചോത്തുപ്പാറ അപ്പര്‍ ഡിവിഷനില്‍ നിന്ന് മുകളിലേക്ക് നടക്കുമ്പോള്‍ അപ്പുറത്തെ താഴ്വാരത്തില്‍ വെറും കാടുകള്‍ മാത്രമാണ് കാണാന്‍ കഴിയുക.
കപ്പിത്തേരിയിലാണ് നിരുവ; ഒടയാര്‍ പറഞ്ഞു. തൊഴിലാളികള്‍ തലചുമടായി മലനിരകളില്‍ നിന്ന് തേയില ചാക്കുകള്‍ ചുമന്നുകൊണ്ടു വരുന്ന കാഴ്ച കാണുമ്പോള്‍ കാട്ടില്‍ സഞ്ചരിക്കുന്ന ചിത്രശലഭങ്ങളെപ്പോലെ തോന്നും.
ഇതെല്ലാം റോപ്പിലേക്ക് കയറ്റിവിട്ടാല്‍ മാത്രമേ അവർക്ക് വീടെത്താന്‍ കഴിയൂ. മറ്റുള്ള എസ്റ്റേറ്റുകളിലുള്ളതുപോലെ, കാളവണ്ടികള്‍ ഇല്ലാത്തതുകൊണ്ട് തൊഴിലാളികള്‍ക്ക് കാളവണ്ടികളെപ്പോലെ വര്‍ഷങ്ങളോളം പണിയെടുക്കേണ്ടി വന്നു. 1936- കളില്‍ തെന്മലയില്‍ഫാക്ടറി സ്ഥാപിച്ചതോടെയാണ് ഈ അവസ്ഥയില്‍നിന്ന് അവര്‍ രക്ഷപ്പെട്ടത്.
(തുടരും)