Photo: universityofglasgowlibrary

ഡിവിഷനുകളിലെ
‘ജീവപര്യന്തം’

മലമുകളില്‍ ഡിവിഷന്‍ എന്നറിയപ്പെടുന്ന ചെറിയ ഗ്രാമങ്ങളിൽ തൊഴിലാളികൾ ഒറ്റപ്പെട്ടു ജീവിച്ചു. വര്‍ഷങ്ങള്‍ക്കുശേഷമാണ് രണ്ടോ മൂന്നോ കിലോമീറ്റർ അകലെ മാത്രം സ്ഥിതി ചെയ്യുന്ന മറ്റു മനുഷ്യരെ അവര്‍ക്ക് കാണാനായത്.

മലങ്കാട്​
അധ്യായം 13

വാഗുവാരയുടെ അടര്‍ന്ന കാടുകളില്‍ നിന്ന്​ മുത്തുമാടനും വീരായിയും കറുപ്പാണ്ടിയും തെക്കാത്താളും ഉടയാരും മുത്തുമാരിയും കങ്കാണിമാരുടെ അകമ്പടിയോടെ കുന്നും മലയും കാടും കയറി മടുത്തു. നാകത്തായി ഇടയ്ക്കിടെ കിതച്ചു. ചൊള്ളമുത്തുവും ചെല്ലയപ്പനും ഉടയാരും ഉപ്പിളിയും പിച്ചയപ്പനും ആവടയപ്പനും ആവുടയമ്മാളും ചെക്കാളത്താലും എസക്കിയപ്പനും മെല്ലെ നടന്നുനീങ്ങി.

ഈ നടത്തം തീരുന്നില്ല.
പണ്ട്, കൊരങ്ങണി പാത കയറിവര്‍ക്ക് ഇത്ര പ്രയാസമുണ്ടായിരുന്നില്ല എന്ന് തോന്നിപ്പോകുന്ന രീതിലായിരുന്നു കുത്തനെയുള്ള ഈ യാത്ര. അഞ്ചാറുദിവസം നടന്നുനടന്ന്​ ഭൂമിയില്‍ ഏതോ ഒരറ്റത്ത് അവരെത്തി. കങ്കാണിമാര്‍ പറ്റിച്ചതാണെന്ന് ചിന്നാര്‍ എത്തിയപ്പോള്‍ അവർ മനസ്സിലാക്കി. എങ്കിലും കൊടുങ്കാട്ടിൽ എങ്ങോട്ട് ഓടണമെന്നും എങ്ങോട്ട് രക്ഷപ്പെടണമെന്നും ആര്‍ക്കും ഒരു പിടുത്തവുമില്ലായിരുന്നു.

മുത്തുച്ചാമിയും വേലയ്യാവും ചൊക്കലിംഗവും ചെഞ്ചോളം കൊണ്ടുവരും, എല്ലാ കുടുംബങ്ങള്‍ക്കും ഓരോരോ പിടിവെച്ച് കൊടുക്കണമെന്ന്​ വലിയ കങ്കാണിയും ചെറിയ കങ്കാണിമാരും പറഞ്ഞു. യാത്രക്കിടയിൽ വാങ്ങിയ പാനകള്‍ ഓരോരുത്തര്‍ക്കും ഓരോന്നുവീതം കൊടുക്കണം. മാത്രമല്ല, ഇന്ന് ഒരു ദിവസം മാത്രം ഇതെല്ലാം ചെയ്തിട്ട് വിറകും മറ്റ് കമ്പുകളും ശേഖരിച്ച്​ നാളെ പണിക്കിറങ്ങണം. ഇവിടങ്ങളിലേക്ക് എങ്ങനെ തൊഴിലാളികളെ എത്തിക്കുമെന്ന്​ കമ്പനിക്കാർക്കുപോലും പിടിത്തമില്ലായിരുന്നു. മുരുകാണ്ടി കോണാരും കറുപ്പയ്യാ കങ്കാണിയും ബാലയ്യാ കങ്കാണിയും ആ ദൗത്യം നിറവേറ്റി. കമ്പനിക്കാര്‍ കങ്കാണിമാരെ അനുമോദിച്ചു.

ആനമുടിയില്‍ അത്ഭുതങ്ങളേറെയാണ്. ആനമുടിയുടെ മലമ്പാതയിലൂടെ സഞ്ചരിച്ചാല്‍ ഒരു സംസ്ഥാനത്തുനിന്ന്​ മറ്റൊരു സംസ്ഥാനത്തെത്തും.

പൊള്ളാച്ചിയില്‍ നിന്നു തുടങ്ങുന്ന ആനമലക്കാടുകളുടെ മറ്റൊറു വശത്താണ് വാല്‍പ്പാറ എസ്റ്റേറ്റ്. കോയമ്പത്തൂര്‍ മുതല്‍ പെരിയവാരൈ എസ്റ്റേറ്റ് വരെ ആയിരക്കണക്കിന് ഏക്കര്‍ പടര്‍ന്നുപന്തലിച്ചു കിടക്കുന്ന ആ കാട് ആനമല റീജ്യൻ എന്നാണ് അറിയപ്പെടുന്നത്. തമിഴ്‌നാട് വനം വകുപ്പ് രണ്ട് റീജ്യനായിട്ടാണ് ഈ കാട്ടിനെ തിരിച്ചിട്ടുള്ളത്. കേരളത്തിലെ ബ്രിട്ടീഷുകാര്‍ഈ വനമേഖലയെ ആനമുടി എന്നാണ് വിശേഷിപ്പിച്ചത്. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി എന്ന് വിശേഷിപ്പിക്കപ്പെടുന്നതും ഈ മലനിരകളാണ്.

ആനമുടി
ആനമുടി

ആനമുടിയില്‍ അത്ഭുതങ്ങളേറെയാണ്. ആനമുടിയുടെ മലമ്പാതയിലൂടെ സഞ്ചരിച്ചാല്‍ ഒരു സംസ്ഥാനത്തുനിന്ന്​ മറ്റൊരു സംസ്ഥാനത്തെത്തും. കേരളത്തിലും തമിഴ്‌നാട്ടിലും സ്ഥിതിചെയ്യുന്ന ഈ ആനമലക്കാടുകള്‍ ഒരുപാട് തൊഴിലാളികളുടെ രക്ഷാകേന്ദ്രമായിരുന്നു. പക്ഷേ മലമുകളില്‍ നിന്ന്​ എസ്റ്റേറ്റിലേക്ക് എത്തിപ്പെടുന്ന അവസ്ഥ ദയനീയമായിരുന്നു.

നല്ലപ്പന്‍ പറഞ്ഞു, ഇങ്കയിരുന്തു വാള്‍പ്പാറക്ക് പോയിരുലാമാ?
മാമാ ചൊന്നാരു; അവിടെയും ഇതുപോലെ ഒരുപാട് എസ്റ്റേറ്റുകളുണ്ട്.
തിരുനെല്‍വേലിയില്‍ നിന്നു പോയ ജനങ്ങള്‍ ഇതുവരെ നാട്ടിലേക്ക് എത്തിപ്പെട്ടിട്ടില്ല.
അങ്കേയും ഇതേ മാതിരിതാ ഇരുക്കുമോ വാഴ്ക്ക?,
ചൊക്കനും മണ്ടയനും ഒത്തു പറഞ്ഞു. മലങ്കാട്ടുകാരുടെ ജീവിതം ഏതു മലയിലാണെങ്കിലും ഇങ്ങനെത്തന്നെയല്ലേ?

ട്രെയിന്‍ എത്താത്ത സമയത്ത് ഇവരുടെ ജീവിതം ദുരിതമയമായിരുന്നു. ധാന്യങ്ങളും മറ്റു അത്യാവശ്യ സാധനങ്ങളും കൃത്യമായി എത്താൻ സാധ്യതയില്ല. കാരണം, ആനമുടിക്കുചുറ്റും കൊടും കാടുകൾ നിറഞ്ഞ സ്ഥലമാണ്. മൂന്നാറില്‍ നിന്നും, ഉടുമലപേട്ടയില്‍ നിന്നും സാധനങ്ങള്‍ ഈ മലനിരകളില്‍ എത്തിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ട് തൊഴിലാളികള്‍ എങ്ങനെ ജീവിച്ചു എന്നതിനെക്കുറിച്ച് ആര്‍ക്കും വലിയ ധാരണയില്ല.

ഹൈറേഞ്ചുകാരുടെ ജീവിതം എന്നും അങ്ങനെയാണ്. ജീവിതാവശ്യങ്ങള്‍ക്ക് ഒന്നല്ലെങ്കില്‍മല ഇറങ്ങണം, അല്ലെങ്കില്‍ മല കയറണം. മൂന്നാര്‍ മലനിരകളില്‍ ആദ്യകാലത്ത് കുടിയേറി പാര്‍ത്തവര്‍ ആദിവാസി ഗോത്രവർഗ ജീവിതരീതിയാണ് പിന്തുടര്‍ന്നത്. ഭക്ഷണം കിട്ടുമ്പോള്‍ കഴിക്കുക അല്ലെങ്കില്‍ കാട്ടില്‍ കുരങ്ങുകളും മറ്റ് മൃഗങ്ങളും പക്ഷികളും കഴിക്കുന്ന കാട്ടുപഴങ്ങളും കിഴങ്ങുകളും പയറുകളും കഴിച്ച് ജീവിക്കുക എന്നത് മാത്രമായിരുന്നു മാര്‍ഗം. ഒരു എസ്റ്റേറ്റില്‍ നിന്ന്​ മറ്റൊരു എസ്റ്റേറ്റിലേക്ക്​ ഏറെ ദൂരമുണ്ട്​. കങ്കാണിമാര്‍ ഒരേ കുടുംബത്തില്‍ നിന്നും ഒരേ നാട്ടില്‍ നിന്നും വന്നവരെ ഒരേ ഡിവിഷനില്‍ പെടുത്തിയതുകൊണ്ട് മറ്റ് ജീവിതങ്ങള്‍ അവര്‍ക്ക് എന്നും അകലെയായിരുന്നു. മലമുകളില്‍ ഡിവിഷന്‍ എന്നറിയപ്പെടുന്ന ചെറിയ ഗ്രാമത്തില്‍ തനിച്ച് ജീവിച്ച് അവര്‍ ശീലിച്ചു. വര്‍ഷങ്ങള്‍ക്കുശേഷമാണ് രണ്ടോ മൂന്നോ കിലോമീറ്റർ അകലെ മാത്രം സ്ഥിതി ചെയ്യുന്ന മറ്റു മനുഷ്യരെ അവര്‍ക്ക് കാണാനായത്. ആദ്യകാലങ്ങളില്‍, തങ്ങൾ മാത്രമാണ് ഈ ജീവിതം നയിക്കുന്നത് എന്ന ബോധത്തോടെയാണ് അവർ ജീവിച്ചത്. തെന്മല, ഗുണ്ടുമല, വാഗുവാര തുടങ്ങിയ എസ്റ്റേറ്റുകളുടെ ഇരുപ്പുവശം അങ്ങനെയാണ്.

ഫിന്‍ലെ ആൻറ്​ മ്യൂര്‍ കമ്പനി 1969- ല്‍ ഇന്ത്യ വിട്ടു പോകുന്നതുവരെ ചൂഷണം കങ്കാണിമാരും സായിപ്പന്മാരും തുടര്‍ന്നു. തൊഴിലാളികളെ കൊണ്ട് എങ്ങനെയെങ്കിലും പണിയെടുപ്പിക്കുക എന്ന ദൗത്യം അവര്‍ നിറവേറ്റി.

മാരിസെല്‍വന്‍ പറഞ്ഞു: എങ്ക താത്ത മാട സാമിയും അന്ത മലയിലിരുന്തുതാ ഇറങ്ങിവന്താറു എന്നു സൊല്‍വാര്‍. വാല്‍പ്പാറയിലെ സിങ്കമല എസ്റ്റേറ്റിലിരുന്നാണ് രക്ഷപ്പെട്ടു മലയിറങ്ങി തലയാറുക്കു വന്താരാം.
തലയാര്‍ നമ്മുടെ എസ്റ്റേറ്റ് അല്ലല്ലോ, ചിന്നച്ചാമി ചോദിച്ചു.
മാരിശെല്‍വന്‍ പറഞ്ഞു, അത് വേറെ കമ്പനിയാം. വാല്‍പ്പറയിലെ ഏതോ സായിപ്പു ഇരുന്താരാം, അന്ത ആളാക്കും എസ്റ്റേറ്റ് ഉടമസ്ഥന്‍ എന്ന് താത്താവും പാട്ടിയും പറയും, യാര്‍ക്ക് തെരിയും, എന്ന എളവോ എല്ലാം ഒന്നാണല്ലോ.

കങ്കാണി അലറി വിളിച്ചു; വേഗമാവട്ടെ… കപ്പിത്തേരിയില്‍ കൊളുന്തുകള്‍ വന്നെത്തി. ചണ്ടിവീരനും, പൊന്നയ്യാവും, രാക്കായിയും, കരിക്കാമാടത്തിയും, സെന്തില്‍നാഥനും, കുട്ടകറുപ്പനും, മൊട്ടമുണിയാണ്ടിയും മറ്റു തൊഴിലാളികളും കപ്പിത്തേരിയിലെത്തി. നിരുവ തുടങ്ങി, നൂല്‍ചാക്കുകളില്‍ കൊളുന്തുകള്‍ നിറഞ്ഞു. കപ്പിചക്രങ്ങളില്‍ കൊളുന്തു ചാക്കുകള്‍ ഉരുളുന്നതിനോടൊപ്പം തൊഴിലാളികളുടെ മനസും ഉരുണ്ടു.
എപ്പോ തീരുമോ, മഞ്ചമ്മയും മുനിയമ്മയും പിറുപിറുത്തു.
മാടത്തിയും ശെല്‍വമണിയും മുനിയപ്പനും ഔവ്വയര്‍ കോവിലിറക്കത്തില്‍ കൊളുന്തുകളും ചുമന്നു ചലിക്കുന്നു.

ചെക്കാത്താ പറഞ്ഞു;
കാട്ടുകമ്പിളി -2, കറുപ്പു കമ്പിളി—2,
പാന -1, മണ്‍ പാന- 1,
മണ്ണ് കല്ല്- 1, ദോശകല്ല്- 1.
ഇന്ത കടം ഏതു കാലത്താണ് വീട്ടുക?

Photo: lankapura.com
Photo: lankapura.com

ഓരോ എസ്റ്റേറ്റുകളിലെയും തൊഴിലാളികള്‍ ഇത്തരം കള്ളക്കണക്കുകളിലൂടെയാണ്​ പറ്റിക്കപ്പെട്ടത്. ആദ്യ കാല കങ്കാണിമാര്‍ തമിഴ്‌നാട്ടില്‍ കാര വീടുകള്‍ എന്നറിയപ്പെട്ട ഓടുവീടുകള്‍ പണിതു. തൊഴിലാളികളെ പറ്റിച്ചുണ്ടാക്കിയതാണ് ആ വീടുകള്‍. അധികാരിവര്‍ഗ്ഗത്തിന്റെ നിഴലായി പ്രവര്‍ത്തിച്ച അവര്‍ക്ക് കിട്ടിയ സമ്മാനം. കമ്പനിക്കാര്‍ തൊഴിലാളികളുടെ അധ്വാനത്തെയാണ് ചൂഷണം ചെയ്തത്. പക്ഷേ കങ്കാണിമാര്‍ തൊഴിലാളികളുടെ സമ്പാദ്യത്തെയാണ് ചൂഷണം ചെയ്തത്. അത്തരം ചൂഷണങ്ങള്‍ക്കുവേണ്ടിയാണ് മേല്‍പ്പറഞ്ഞ കള്ളക്കണക്കുകള്‍ കമ്പനിക്കടങ്ങളായി തൊഴിലാളികളുടെ മേൽ അടിച്ചേല്‍പ്പിച്ചത്.

ഫിന്‍ലെ ആൻറ്​ മ്യൂര്‍ കമ്പനി 1969- ല്‍ ഇന്ത്യ വിട്ടു പോകുന്നതുവരെ ഇത്തരം ചൂഷണം കങ്കാണിമാരും സായിപ്പന്മാരും തുടര്‍ന്നു. തൊഴിലാളികളെ കൊണ്ട് എങ്ങനെയെങ്കിലും പണിയെടുപ്പിക്കുക എന്ന ദൗത്യം അവര്‍ നിറവേറ്റി. അതുകൊണ്ട് ഓരോ കങ്കാണിമാരും നാട്ടുരാജാക്കന്മാരായി. അമ്പതും നാൽപ്പതും മുപ്പതും​ പേരുള്ള തൊഴിലാളി കുടുംബങ്ങളെ ഭരിക്കുന്ന രാജാക്കന്മാരായിരുന്നു കങ്കാണിമാര്‍.

കറുപ്പയ്യ കങ്കാണിയുടെ ഈ കണക്ക് മറ്റു തൊഴിലാളികള്‍ക്ക് പിടികിട്ടിയില്ലെങ്കിലും ചിന്നമാടന് പിടികിട്ടി. കാട്ടുകമ്പിളി വേറെയാം, കറുപ്പുകമ്പിളി വേറെയാം, പാന വേറെയാം, മണ്‍പാന വേറെയാം, പയറു വേറെയാം, പരുപ്പു വേറെയാം… ചിന്ന മാടനും കുട്ടകറുപ്പനും കങ്കാണിയുടെ കള്ളക്കണക്കിനെ കുറിച്ച് സംസാരിച്ചു തുടങ്ങി.

തെന്‍മല എസ്‌റ്റേറ്റ്‌, Photo / universityofglasgowlibrary
തെന്‍മല എസ്‌റ്റേറ്റ്‌, Photo / universityofglasgowlibrary

ഗുണ്ടുമല, തെന്മല എസ്റ്റേറ്റുകളില്‍ മാട്ടുവണ്ടികള്‍ എത്താത്തതുകൊണ്ടും ആ സ്ഥലം ചരിവായതു കൊണ്ടും തൊഴിലാളികള്‍ക്കുതന്നെ കൊളുന്തുകള്‍ തലയില്‍ ചുമന്ന്​ കപ്പിത്തേരിയിലേക്കും കപ്പിമൊട്ടയിലേക്കും എത്തിക്കണം. കമ്പനിയുടെ ഈസ്റ്റ് റീജ്യനിലെ തൊഴിലാളികളെക്കാള്‍ വെസ്റ്റ് റീജ്യനിലെ തൊഴിലാളികളുടെ ജീവിതം ദുരിതമയമായിരുന്നു. മാട്ടുപ്പെട്ടി എസ്റ്റേറ്റ് ഫാക്ടറിയിലേക്കും വാഗുവാര ഫാക്ടറിലേക്കുമായിരുന്നു തലച്ചുമടായി കൊളുന്തുകള്‍ റോപ്പുകളില്‍ കയറ്റിയയച്ചത്. അവിടെ നിന്ന്​ മാട്ടുവണ്ടികള്‍ സാധ്യമല്ലാത്തതു കൊണ്ട് 1936 വരെ അവര്‍ക്ക് ഇതേ ജീവിതം നയിക്കേണ്ടി വന്നു.

ചോത്തുപാറയിലെ ജനങ്ങള്‍ കഴുതകളെയും കുതിരകളെയും കാത്തിരിക്കും. ധാന്യങ്ങള്‍ ചുമന്നു കൊണ്ടുവരുന്ന കഴുതകള്‍ എത്തിയില്ലെങ്കിലോ മഴയാണെങ്കിലോ അവര്‍ എങ്ങനെയാകും കഴിഞ്ഞുകൂടിയിരിക്കുക എന്നൂഹിക്കാന്‍ പോലും കഴിയില്ല.

ഗുണ്ടുമല, തെന്മല എസ്റ്റേറ്റുകള്‍ ഹൈറേഞ്ചിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന്​ തികച്ചും ഒറ്റപ്പെട്ടാണ്. രണ്ടു രീതിയിലുള്ള ചൂഷണങ്ങളാണ് അവിടെ തൊഴിലാളികള്‍ അനുഭവിച്ചത്. ഒന്ന് കങ്കാണിമാരെ ഒരുതരത്തിലും ചോദ്യം ചെയ്യാനോ പിണക്കാനോ പറ്റാത്ത അവസ്ഥ. മറ്റൊന്ന്, അവിടെ നിന്ന്​ രക്ഷപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ചുറ്റും കാടുകളും മലകളും വന്യജീവികളും മാത്രമാണ് അവരുടെ ദൃഷ്​ടിയിൽ. ഇപ്പോഴും ഈ എസ്റ്റേറ്റുകള്‍ അങ്ങനെയാണ് തുടരുന്നത്.

കപ്പിത്തേരിയില്‍ നിന്ന്​ ചാക്കുകള്‍ കയറ്റിയയച്ചശേഷം കാല്‍നടയായി വീടുകളിലെത്തിയ മുത്തുകറുപ്പനും പണ്ടാരവും കൊള്ള് പുഴുങ്ങിയ വെള്ളം കുടിച്ചു, എന്നിട്ട് മാരിയമ്മയോട് ചോദിച്ചു; കങ്കാണി എന്തു പറഞ്ഞു?
മാരിയമ്മ പറഞ്ഞു, കമ്പനിക്കടം അധികമായി വരുന്നു, അതുകൊണ്ട് കുറച്ച് ആള്‍ക്കാരെയും കൂടി നമ്മുടെ കുടുംബത്തില്‍ നിന്ന്​ കൊണ്ടുവരണം എന്നാണ് അയാള്‍ പറയുന്നത്.
നമ്മള്‍ പെടുന്ന പാട് മതി, ഇനി അവരുടെ ജീവിതവും ഇവിടെ കൊണ്ടുവന്ന് തുലയ്‌ക്കേണ്ട- മുരുകപ്പന്‍ ആവേശത്തോടെ പറഞ്ഞു. കുടുംബത്തിലെല്ലാവരും അതു കേട്ടു നിന്നു. വലിയ കുടുംബമായതുകൊണ്ട് കങ്കാണിക്ക് പറ്റിക്കാന്‍ എളുപ്പമായി. വാങ്ങിക്കൊടുത്ത സാധനങ്ങളുടെ കടം വീട്ടാന്‍ കള്ളക്കണക്ക്​ പതിവായുണ്ടാക്കി.

ടീ എസ്‌റ്റേറ്റ് റോപ്പ് വേ, Photo / universityofglasgowlibrary
ടീ എസ്‌റ്റേറ്റ് റോപ്പ് വേ, Photo / universityofglasgowlibrary

ഇതുക്കു ഒരു മുടിവു കെട്ടണം- എല്ലാവരും മനസില്‍ കരുതി. പക്ഷേ ആരോടു പറയും?
ചെല്ലപ്പന്‍ പറഞ്ഞു; നമ്മ സൊന്ന ആര് കേപ്പാ? കങ്കാണിമാര്‍ പറഞ്ഞാലല്ലേ ദൊരൈമാര്‍ കേള്‍ക്കൂ- ദൈവാനയും നാഗപ്പനും പറഞ്ഞു.

കണക്കു പറഞ്ഞ ചിന്നമാടനെ ഒരു ദിവസം രാവിലെ ചക്കന്‍ കങ്കാണി തല്ലിച്ചതച്ചു;
ചതച്ചുവാങ്ങുന്ന കടണഅടക്ക തുപ്പില്ലാ ഉനക്ക് കണക്കു വേറയാ?
അടിയുടെ എണ്ണം കൂടിയതോടെ ചിന്നമ്മ കാലു പിടിച്ചു കരഞ്ഞു; ശരി കങ്കാണി, നീങ്ക സൊന്നതുതാന്‍ സരി, അവരെ ഉട്ടുരുങ്ക- കെഞ്ചുന്നത് സ്വന്തം അമ്മാവന്റെ മകളാണ്​.
ഇനി എന്നെ എതിര്‍ത്താല്‍ നിങ്ങള്‍ക്ക് പട്ടിണി കിടന്ന് ചാകേണ്ടിവരും- ചിന്നമാടന്റെ തലയില്‍ കാലു കൊണ്ട് ഒറ്റ ചവിട്ടു ചവിട്ടാന്‍ നോക്കിയപ്പോള്‍മറ്റുള്ള കുടുംബങ്ങള്‍ അവനെ ചുറ്റി, മാരിമുത്തുവിന്റെയും നാഗപ്പന്റെയും പുറത്താണ് ചവിട്ടേറ്റത്. അങ്ങനെ കങ്കാണിമാര്‍ തൊഴിലാളികളെ വീണ്ടും അവരുടെ നിയന്ത്രണത്തിലാക്കി.

റോപ്പ് ചക്രങ്ങളെ തൊഴിലാളികള്‍ കപ്പിച്ചക്രങ്ങള്‍ എന്നാണ് വിളിച്ചത്. തൊഴിലാളികള്‍ നുള്ളിയ കൊളുന്തുകൾ തലയില്‍ ചുമന്ന്​ കപ്പിത്തേരി നോക്കി നടന്നു. അവർക്ക് രണ്ട് കിലോമീറ്ററെങ്കിലും നടക്കേണ്ടിവന്നു. ഇറങ്ങുമ്പോള്‍ എളുപ്പം എന്ന് തോന്നിപ്പോകും, പക്ഷേ കേറുന്നതിനേക്കാൾ പാടാണ്.
ചോത്തുപാറയിലെ ജനങ്ങള്‍ കഴുതകളെയും കുതിരകളെയും കാത്തിരിക്കും. ധാന്യങ്ങള്‍ ചുമന്നു കൊണ്ടുവരുന്ന കഴുതകള്‍ എത്തിയില്ലെങ്കിലോ മഴയാണെങ്കിലോ അവര്‍ എങ്ങനെയാകും കഴിഞ്ഞുകൂടിയിരിക്കുക എന്നൂഹിക്കാന്‍ പോലും കഴിയില്ല.

Photo: universityofglasgowlibrary
Photo: universityofglasgowlibrary

ചിന്നരാമസാമി പറഞ്ഞു: ഞങ്ങളുടെ മുത്തച്ഛന്റെ കാലത്ത്​ അടമഴക്കാലങ്ങളില്‍ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായിരുന്നു. പുറംവശം മാട്ടുപ്പെട്ടിയാണ്​. ഡാം സ്ഥിതി ചെയ്യുന്ന ആ സ്ഥലത്തുനിന്ന്​ കാട്ടുപാതയിലൂടെ സഞ്ചരിച്ചാല്‍ തെന്മലയും ചോത്തുപാറയും. അഞ്ചുനാടിന്റെ വടക്കേ അറ്റത്ത്​ മലയോട് ചേര്‍ന്ന സ്ഥലങ്ങളാണ്. ഇന്നും ആ സ്ഥലങ്ങള്‍ അതേ രീതിയില്‍ തന്നെയാണ്​. കാട്ടുപാതകളും ചെറിയ ഗതാഗത സംവിധാനവും മാത്രമാണുള്ളത്. ജീപ്പുകളാണ്​ ഏക ആശ്രയം. തെന്മല എസ്റ്റേറ്റില്‍ നിന്ന്​ ഇന്നത്തെ മാട്ടുപ്പെട്ടി ഡാമിലേക്ക് 11 കിലോമീറ്ററുണ്ട്. അന്ന് മാട്ടുപ്പെട്ടി ഡാം ഇല്ല. ആ ഭാഗം കാടായിരുന്നു.

കങ്കാണിമാരെ അനുസരിച്ചില്ലെങ്കിലോ സായിപ്പന്‍മാരെ ബഹുമാനിച്ചില്ലെങ്കിലോ പടിധാന്യം കുറയും. കുടുംബം പട്ടിണിയിലാകും. ആഴ്ചയ്ക്ക് ഒരു പ്രാവശ്യമാണ്​ പടി.

തൊഴിലാളികള്‍ തേയില കപ്പിത്തേരിയിലേക്കും കപ്പിത്തേരിയില്‍ നിന്ന്​ വാഗുവാര ഫാക്ടറിയിലേക്കുമാണ് റോപ്പുകള്‍ വഴി എത്തിച്ചത്. അവിടെ നിന്ന്​ മൂന്നാറിലേക്ക് 40 കിലോമീറ്ററും ഉടുമല പേട്ടയ്ക്ക് 50 കിലോമീറ്ററുമാണ്​. അവിടെയെത്തിയാലേ അവർക്ക്​ പുറംലോകം കാണാന്‍ കഴിയൂ. കുണ്ടലവേളിയിലെ ജനങ്ങള്‍ തമിഴ്‌നാട്ടിലെ ബോഡിനായക്കന്നൂരുമായി അതിര്‍ത്തി പങ്കിടുന്നതുകൊണ്ട് ഭക്ഷ്യസാധനങ്ങള്‍ അവര്‍ക്ക് എളുപ്പം കിട്ടും. പക്ഷേ പാതകളില്ലാതെ തികച്ചും ഒറ്റപ്പെട്ട് ആനമുടി മലനിരകളില്‍ ജീവിച്ചിരുന്ന ഈ എസ്റ്റേറ്റുകള്‍ക്ക് ആദ്യ കാലങ്ങളില്‍ സാധനങ്ങള്‍ എത്തിച്ചത് ആഴ്ചയിലോ മാസത്തില്‍ രണ്ട് പ്രാവശ്യമോ ആണ്. റാഗിയും ചെഞ്ചോളവും പടിക്കണക്കിനാണ് തൊഴിലാളികള്‍ക്ക് കങ്കാണിമാര്‍നല്‍കിയിരുന്നത്.

കങ്കാണിമാരെ അനുസരിച്ചില്ലെങ്കിലോ സായിപ്പന്‍മാരെ ബഹുമാനിച്ചില്ലെങ്കിലോ പടിധാന്യം കുറയും. കുടുംബം പട്ടിണിയിലാകും. ആഴ്ചയ്ക്ക് ഒരു പ്രാവശ്യമാണ്​ പടി. പണ്ണകളില്‍ അടിമകളായി കഴിഞ്ഞവര്‍ക്ക് ആദ്യകാലങ്ങളില്‍ ഇങ്ങനെയാണ് നിലം ഉടമസ്ഥര്‍ പടിയളന്നത്. അതുപോലുള്ള ഒരു സമ്പ്രദായമായിരുന്നു ഇവിടെയും. കങ്കാണിമാര്‍ പറയുന്നത് അപ്പാടെ സായിപ്പന്മാര്‍ വിശ്വസിക്കും. അതുകൊണ്ട് കങ്കാണിമാരെയും സായിപ്പന്മാരെയും തൊഴിലാളികള്‍ ഒരേപോലെ കുമ്പിട്ടുനിൽക്കും.

Photo: lankapura.com
Photo: lankapura.com

വേലയ്യ കങ്കാണി മാടപ്പനെ അങ്ങനെയാണ് കുടുക്കിയത്. ഒരു മഴക്കാലത്ത് കപ്പിത്തേരിയില്‍ കൊളുന്തു ചാക്കുകള്‍ ചുമക്കുകയായിരുന്നു മാരിയപ്പനും സംഘവും. പെരിയ കങ്കാണി അവിടെയെത്തിയത്​ പണിത്തിരക്കിൽ തൊഴിലാളികള്‍ അറിഞ്ഞില്ല.
‘എന്നടാ തിമിര?’ എന്ന ആക്രോശം കേട്ട്​ കങ്കാണിമാര്‍ തിരിഞ്ഞുനോക്കി. പെരിയ കങ്കാണി കറുപ്പയ്യ അവിടെയെത്തിയത്​ ചിന്ന കങ്കാണിമാര്‍ അപ്പോഴാണറിഞ്ഞത്​.
മുത്തയ്യ പറഞ്ഞു തുടങ്ങി; ‘ഐയ്യാ ഗവണിക്കലെ ...’
നിന്റടുത്തു ചോദിച്ചോ എന്നു പറഞ്ഞ്​, കമ്പെടുത്ത് മുത്തയ്യയുടെ കവിളിൽ ഒരടിയായിരുന്നു മറുപടി. എന്നിട്ട് ചിന്ന കങ്കാണിയായിരുന്ന തങ്കമുത്തുവിനോട് പറഞ്ഞു, ഇന്ത നായിക്ക് പടി കൊടുക്കേണ്ട ... പട്ടിണികിടന്ന് ചാവട്ടെ.
ആദ്യ കാലത്ത്​ കുടിയേറിയ തൊഴിലാളികള്‍ ഇങ്ങനെയും ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. നിന്നാല്‍ കുറ്റം, ഇരുന്നാല്‍ കുറ്റം, നടന്നാല്‍ കുറ്റം, സംസാരിച്ചാല്‍ കുറ്റം, ഒന്നു നോക്കിയാല്‍ കുറ്റം… ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റം കണ്ടെത്തുകയും അതിന്റെ പേരില്‍ തൊഴിലാളികളെ അടിമപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു എല്ലാ എസ്റ്റേറ്റുകളിലും നടന്നിരുന്നത്​.

ഭൂരിഭാഗവും അടിയാളന്മാരും പണ്ണയടിമകളായിട്ടാണ്​ എസ്റ്റേറ്റിലേക്ക് എത്തിയിരുന്നത്. ഫാക്ടറിയില്‍ കങ്കാണിമാരെ എതിര്‍ത്താല്‍ തൊഴിലാളികള്‍ക്ക് ആഴ്ച കണക്കിന് ഊണും ഉറക്കവുമില്ലാതെ പണിയെടുക്കേണ്ടിവരും.

ടോപ്പ് ഡിവിഷനിലെ വലിയ കങ്കാണിയായിരുന്നു കോണാര്‍ കങ്കാണി. വാഗുവാര തേയിലക്കാടിന്റെ മുടിചൂടാമന്നന്‍. തേയിലക്കാട്ടിലേക്ക് കോണാര്‍ വരുന്നു എന്നു കേട്ടാല്‍ തൊഴിലാളികള്‍ വിറയ്ക്കും. രാജപാളയത്തുനിന്ന്​ പട്ടിണിപ്പാവങ്ങളെ ഈ മലനിരകളിലേക്കുകൊണ്ടുവന്ന് അവരുടെ ജീവിതം തളച്ചിട്ട മറ്റ് അവതാരങ്ങളാണ്​ ഇവിടത്തെ കങ്കാണിമാര്‍. കമ്പനിക്കാര്‍ പറയുന്നതെന്തും ചെയ്യും. കങ്കാണിയുടെ കൈവശം 50 തൊഴിലാളികളാണുണ്ടായിരുന്നത്. അതുകൊണ്ട് അയാള്‍ ഒരു നാട്ടുരാജാവായി. ഇങ്ങനെ ഓരോ എസ്റ്റേറ്റുകളിലും വലിയ കങ്കാണിമാര്‍ രാജാക്കന്‍മാരെ പോലയാണ് വിലസിയിരുന്നത്. തൊഴിലാളികള്‍ എപ്പോഴും കൈകെട്ടി, വായ മൂടി നില്‍ക്കണം; മിണ്ടാന്‍ പാടില്ല. മറുപടി പറയാൻ പോലും അവർക്ക്​ അവകാശമില്ല. മറുപടി പറയരുത് എന്നത് അനുസരണ പോലെയാണ്. അത് തൊഴിലാളികള്‍ മറന്നാൽ, എന്താടാ എതിര്‍ത്ത് സംസാരിക്കുന്നത്, നീയെന്താ വലിയ ആളോ എന്ന് ചോദിച്ച് കങ്കാണിമാര്‍ അവരെ മര്‍ദ്ദിക്കും. ഭൂരിഭാഗവും അടിയാളന്മാരും പണ്ണയടിമകളായിട്ടാണ്​ എസ്റ്റേറ്റിലേക്ക് എത്തിയിരുന്നത്. ഫാക്ടറിയില്‍ കങ്കാണിമാരെ എതിര്‍ത്താല്‍ തൊഴിലാളികള്‍ക്ക് ആഴ്ച കണക്കിന് ഊണും ഉറക്കവുമില്ലാതെ പണിയെടുക്കേണ്ടിവരും.
മാടയ്യന്‍ പറഞ്ഞു; അടിയാളന് അധികാരം കിട്ടിയാല്‍ ആടും.
വേലമ്മ ഇടക്കിടെ മുക്കായ്യിയോട് പറയും; അവുങ്ക കങ്കാണിക, അതാന്‍ അധികാരം പന്‍ട്രാങ്കെ...

ഒരേ ചോരയില്‍ ജനിച്ചവരെ പോലും ദൊരൈകൾക്ക് ഒറ്റുകൊടുത്തവര്‍ എങ്ങനെ നമ്മളെ മനുഷ്യരായി കണക്കാക്കും? പെരിയ മിരാസ്താര്‍ മാതിരി താന്‍ ഇവനുങ്കേ, കാസിയപ്പന്‍ പറഞ്ഞു.

Photo: lankapura.com
Photo: lankapura.com

24 മണിക്കൂറും ഫാക്ടറി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. തൊഴിലാളികള്‍ റോധ അടുപ്പിലെ മരക്കട്ടകളെപ്പോലെ വെന്തുരുകി. 20 കിലോമീറ്റര്‍ അങ്ങോളമിങ്ങോളം പടര്‍ന്നു കിടക്കുന്ന ആ കാടുകളില്‍നിന്ന്​ പറിക്കുന്ന കൊളുന്തുകള്‍ മൊത്തം വാഗുവാര ഫാക്ടറിയിലാണ് എത്തുക. 1913 ല്‍ ആനമുടി റീജ്യനിൽ മധ്യഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഏക ഫാക്ടറി ഇതായിരുന്നു.

തെക്കാത്തയും മാരിശെല്‍വിയും മലമുകളില്‍ നിന്ന്​ നിരപ്പിലേക്ക് കൊളുന്തു കൂടകൾ ചുമന്നുവരുന്നു. പച്ചയമ്മയും കറുപ്പായും കരുക്കാമാടത്തിയും മറ്റു തൊഴിലാളികളും മലയുടെ രണ്ട് വശങ്ങളിലേക്ക്​ നോക്കിനില്‍ക്കുന്നു. ഒരു വശത്ത് ഇറക്കവും പൊട്ടല്‍ കാടുകളും, മറുവശത്ത് മലകള്‍ മാത്രം. മലയില്‍ നിന്നൊഴുകിവരുന്ന വെള്ളം എവിടെ നിന്നാണെന്ന്​ അവര്‍ക്ക്​ അൽഭുതമായിരുന്നു. തമിഴ്‌നാട്ടില്‍ ഇത്തരം കാഴ്ചകള്‍ അവര്‍ ഒരിക്കലും കണ്ടിരുന്നില്ല. കങ്കാണിമാരടക്കം എല്ലാ തൊഴിലാളികളും മലമുകളിലേക്ക്​ നോക്കിനിൽപ്പാണ്​. കങ്കാണിമാര്‍ ആദ്യമായാണ് അങ്ങനെ ശാന്തമായി നില്‍ക്കുന്നത്. അത്ഭുതപ്പെട്ടാല്‍ എല്ലാവരുടെയും വികാരം ഒന്നാകുമല്ലോ.

Enter caption
Enter caption

അങ്ങനെ വാഗുവാരയുടെ എതിര്‍വശത്തുനിന്ന്​ ഇന്നത്തെ തലയാര്‍ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്ന മലമുകളിലേക്ക് ഒരുപാട് കാട്ടരുവികള്‍ ഒഴുകിവരുന്ന കാഴ്ച എല്ലാ മഴക്കാലത്തും പതിവായി. തമിഴ്‌നാട്ടിലെ വാല്‍പ്പാറ എസ്റ്റേറ്റ് അവിടെയാണ്. ചരിത്രപ്രസിദ്ധമായ ആ സ്ഥലം കുമണന്‍ എന്ന നാട്ടുരാജാവാണ് ഭരിച്ചിരുന്നത്. ഇന്ന് മുതുമല എന്നു പേരുള്ള ആ കാടിനെ മുതിരമല എന്നാണ് സംഘസാഹിത്യകൃതികളില്‍ പരാമര്‍ശിക്കുന്നത്. മുതിര എന്നുപറഞ്ഞാല്‍ കൊള്ള് എന്നാണര്‍ത്ഥം. മുതിര എന്ന ധാന്യം വന്‍ തോതില്‍ നിറഞ്ഞിരുന്ന കാടാണ് മുതിരമല. പിന്നീട് മുതുമല എന്നും അറിയപ്പെട്ടു. മുതിര്‍ന്ന മല​മ്പ്രദേശമാണ് മുതുമല. മുതമലയില്‍ ഉല്‍ഭവിക്കുന്ന ആറ് മുതുമലയാര്‍ എന്നറിയപ്പെടുന്നു. മലനരകളിലൂടെ ഒഴുകി കേരളത്തിലെത്തുമ്പോള്‍ മുതിരപ്പുഴ ആറാവുന്നു, വാല്‍പ്പാറയില്‍ മുതിരയാറും. ആനമുടി ഭാഗത്തു നിന്നൊഴുകിയെത്തുന്ന പ്രകൃതിയുടെ ആ മഹാ അത്ഭുതത്തെയാണ് അവര്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഒരു മനുഷ്യന്റെ തലയില്‍ നിന്നൊഴുകുന്ന വെള്ളം പോലയാണ് മുതുമലയുടെ ഉച്ചിയില്‍ നിന്നൊഴുകുന്ന ആ ആറ്.

ഇന്നും മലമുകളില്‍ നിന്നൊഴുകിവരുന്ന ആറ് കേരളത്തിലെത്തുമ്പോള്‍ തലയാര്‍ എന്നാണറിയപ്പെടുക. തെക്കേ മലയുടെ തലയില്‍ നിന്നൊഴുകിവരുന്ന ആറ് എന്നാണര്‍ത്ഥം. ഒരു മനുഷ്യന്റെ തലയില്‍ നിന്നൊഴുകുന്ന വെള്ളം പോലയാണ് മുതുമലയുടെ ഉച്ചിയില്‍ നിന്നൊഴുകുന്ന ആ ആറ്.

വാല്‍പ്പാറയിലെ മുതുമലക്കാടുകളില്‍ നിന്ന്​ കാട്ടുവഴിയിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ച് മറയൂര്‍ ആറിലെത്തുമ്പോള്‍ തലയാറായി മാറും. മറുവശത്ത് കുണ്ടുമല, തെന്മല, വാഗുവാര തുടങ്ങിയ മലനിരകളില്‍ നിന്നൊഴുകിയെത്തുന്ന വെള്ളം പാമ്പനാറായി ലക്കം വാട്ടര്‍ ഫാല്‍സില്‍ ഒഴുകിയെത്തും. ഇതു രണ്ടും ചേര്‍ന്ന് നയമക്കാട് എസ്റ്റേറ്റിലെത്തുമ്പോള്‍ മറ്റൊരു ഭാഗത്ത് രാജമലയില്‍ നിന്നൊഴുകിവരുന്ന വെള്ളവുമായി ചേർന്ന്​ കന്നിമലയാര്‍ എന്ന പേരിൽ പെരിയവാരയില്‍ യാത്ര അവസാനിക്കുന്നതായി തോന്നിപ്പിക്കും. ഈ ആറ് കൈവഴികളിലൂടെ കല്ലാര്‍ക്കുട്ടി ഡാമിലേക്കാണ് ഒഴുകിയെത്തുന്നത്. അവിടെ നിന്ന്​ മുവാറ്റുപുഴയിലേക്കെത്തും.
പെരിയാറിന്റെ ഏറ്റവും വലിയ പോഷകനദിയാണ് മുതിരപ്പുഴ. അതുകൊണ്ടാണ് സംഘകാല ചരിത്രത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്ന ഈ ആറ് പെരിയാറിന്റെ ഏറ്റവും വലിയ ഘടകമാവുന്നതും.

(തുടരും)

Comments