Representative image

പെട്ടിമുടിയിലെ
അവർണ രാമ പ്രതിഷ്​ഠ

പെട്ടിമുടിയിലെ രാമര്‍ കോവിലില്‍ അവര്‍ണര്‍ക്ക് പ്രവേശനമില്ലായിരുന്നു. തേവര്‍ എന്ന മേല്‍ജാതിക്കാരുടെ ലെയിന്‍സില്‍ മറ്റുള്ളവര്‍ക്ക്​ പ്രവേശനമില്ലായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഡിവിഷനിലെ മറ്റു കങ്കാണിമാര്‍ വേലു കങ്കാണിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അങ്ങനെ അവര്‍ അവര്‍ണരുടെ രാമനെ പ്രതിഷ്ഠിച്ചു.

മലങ്കാട്​- 15

പെട്ടിമുടി ഗ്രാവല്‍ ബാങ്കില്‍ നിന്ന്​ താഴേക്ക് ഒഴുകിയെത്തുന്ന വെള്ളം ഭൂതക്കുഴി, പാണ്ടിക്കുഴി വഴി ഇടമലയാര്‍ ഡാമിലെത്തുന്നു. നയമക്കാട് കഴിഞ്ഞാല്‍ കാട്ടുപാതയുടെ ഇരുപ്പുവശം സങ്കീര്‍ണമാണ്. രാജമലയുടെ ചെരിവുകളില്‍ നിന്ന്​ ഒഴുകിയെത്തുന്ന വെള്ളം കണ്ണിമലയാറ്റിലെത്തിച്ചേരുന്നതായി തോന്നും, പക്ഷേ ഭൂതക്കുഴിയാണ് അവിസ്മരണീയം.

മൂന്നാറിന്റെ മധ്യഭാഗത്തെ മലഞ്ചെരിവുകളില്‍ നിന്ന്​ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുതലാണ്. കല്ലാര്‍ എസ്റ്റേറ്റില്‍ ഒമ്പതാം ഏക്കറിന്റെ അടുത്തുനിന്ന്​ രൂപപ്പെടുന്ന ഇറച്ചപാറ വെള്ളച്ചാട്ടത്തില്‍ നിന്നൊഴുകിവരുന്ന വെള്ളം നല്ലതണ്ണി, നടയാര്‍ ആറുകളിലൂടെ 8 കിലോമീറ്ററോളം ഒഴുകി ഇടമലയാറ്റിലെത്തുന്നു. ഈ ആറാണ് നല്ലതണ്ണിയാര്‍. മൂന്നാര്‍ മലനിരകള്‍ ചുറ്റുചുറ്റായാണ്​. ഒരു മലയില്‍ നിന്ന് മറ്റൊരു മലയിലേക്കുള്ള ദൂരം അടുത്താണെന്നു തോന്നും. പക്ഷേ, സഞ്ചരിച്ചു നോക്കുമ്പോള്‍ ചുറ്റിപ്പോകും. ഒരു എസ്റ്റേറ്റില്‍ നിന്ന്​ മറ്റൊരു എസ്റ്റേറ്റിലേക്കുള്ള ദൂരവും ഇതുപോലെയാണ്.

കണ്ണിമല ടോപ് ഡിവിഷനില്‍ നിന്ന്​ മലമ്പാതയിലൂടെ സഞ്ചരിച്ചാല്‍ തെന്മല എസ്റ്റേറ്റിലേക്കെത്താം. പക്ഷേ റിസര്‍വ്വ് ഫോറസ്റ്റുകളായതുകൊണ്ട് അത് അത്ര എളുപ്പമല്ലെന്ന്​ മാടസാമി പറഞ്ഞു. നയമക്കാട് എസ്റ്റേറ്റില്‍ നിന്ന്​ കണ്ണിമലയിലേക്ക് മൂന്നേക്കർ കാട്ടുപാതയിലൂടെയാണ് നടന്നുവരുന്നത്. ആനകളും മറ്റു മൃഗങ്ങളും പതിവായി സഞ്ചരിക്കും​. കൂട്ടംകൂട്ടമായാണ്​ തൊഴിലാളികള്‍ പണിക്കു പോയിരുന്നത്.

കണ്ണിമലയില്‍ 3 ഡിവിഷന്‍ മാത്രമാണുണ്ടായിരുന്നത്. കണ്ണിമല ഫാക്ടറി ഡിവിഷന്‍, ലോവര്‍ ഡിവിഷന്‍, ടോപ് ഡിവിഷന്‍. ഏറെ പ്രശസ്തമായ കാട്ടുപാതകളില്‍ സ്ഥിതി ചെയ്യുന്ന കോവിലുകളാണ് കണ്ണിയമ്മന്‍ കോവിലും വനത്തു ചിന്നപ്പര്‍ കോവിലും. ഒത്തയടി കാട്ടുപാതയുടെ അതിര്‍ത്തിയിലാണ് ഇവ. മണ്‍റോഡ് രൂപപ്പെട്ടതോടെ ഈ റോഡിന്റെ മേല്‍ വശത്താണ് രാജമല എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്. കണ്ണിമല കഴിഞ്ഞാല്‍ പിന്നീട് ഏറ്റവും വലിയ എസ്റ്റേറ്റ് പെരിയവരയാണ്. ആനമുടി, ചോലമല, പഴയക്കാട്, പുതുക്കാട് തുടങ്ങിയ ഡിവിഷനുകളാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് ഫാക്ടറി ഡിവിഷനും മിഡില്‍ ഡിവിഷനും രൂപപ്പെട്ടു. ചോലമലയുടെ പുറകുവശത്തായാണ് മാട്ടുപ്പെട്ടി എസ്റ്റേറ്റ്. മാട്ടുപ്പെട്ടിയുടെ മറ്റൊരു മലഭാഗത്ത്​ സൈലൻറ്​വാലിയും ഗൂഢാരവളൈയുമാണ്​.

രാജാമല ഫാക്ടറി, 1929
രാജാമല ഫാക്ടറി, 1929

പെട്ടിമുടിയില്‍ വേലു കങ്കാണിയായിരുന്നു വലിയ കങ്കാണി. ബാലകൃഷ്ണന്‍ കങ്കാണി, കറുപ്പസാമി കങ്കാണി, തൊരരാശു കങ്കാണി, പാല്‍രാജ് കങ്കാണി, സുന്ദരയ്യ കങ്കാണി, ചൊക്കയ്യതേവര്‍, പക്കയ്യതേവര്‍, താസന്‍ കങ്കാണി, കരുകവേല്‍ കങ്കാണി തുടങ്ങിയവരും രാജമലയില്‍ പ്രമുഖരായിരുന്നു. കവാത്തു കങ്കാണി എന്നറിപ്പെട്ട സുബയ്യാ കങ്കാണിയായിരുന്നു കമ്പനിയുടെ ഇഷ്ട താരം.

ഹൈറേഞ്ചില്‍ ഗുണ്ടുമല, കടുകുമുടി, പെട്ടിമുടി, തുടങ്ങിയ സ്ഥലങ്ങളില്‍ ജാതിസംഘര്‍ഷം നടന്നിട്ടുണ്ട്. കമ്പനിക്കാരും കങ്കാണിമാരും ചേര്‍ന്ന് പരിഹരിക്കും.

പെട്ടിമുടിയിലെ രാമര്‍ കോവിലില്‍ അവര്‍ണ്ണര്‍ക്ക് പ്രവേശനമില്ലായിരുന്നു. ജാതിയുടെ പേരില്‍ തേവര്‍ എന്ന മേല്‍ജാതിയില്‍ പെട്ടവര്‍ ദലിത് വിഭാഗത്തില്‍ പെട്ട ചക്കിളിയര്‍, പറയര്‍, പള്ളര്‍ തുടങ്ങിയ ജാതിക്കാരോട് അയിത്തം കല്‍പ്പിച്ചു. ഒരു ലെയിന്‍സ് തന്നെ അവര്‍ കൈവശപ്പെടുത്തി. അത്​ ഇന്നും തേവര്‍ ലെയിന്‍ എന്നാണറിയപ്പെടുന്നത്​. തേവര്‍ ലെയിന്‍സില്‍ മറ്റുള്ളവര്‍ക്ക്​ പ്രവേശനം പോലുമില്ലായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഡിവിഷനിലെ മറ്റു കങ്കാണിമാര്‍ വേലു കങ്കാണിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അങ്ങനെ അവര്‍ അവര്‍ണരുടെ രാമനെ പ്രതിഷ്ഠിച്ചു. 1920-കളിലായിരുന്നു ഈ സംഭവം എന്ന്​ വേലു കങ്കാണിയുടെ മരുമകൻ മേഘനാഥൻ പറഞ്ഞു. പക്ഷെ, ഈ പ്രതിഷേധത്തിന്​ ചരിത്രത്തിൽ രേഖകളൊന്നുമില്ല.

ഹൈറേഞ്ചില്‍ ഗുണ്ടുമല, കടുകുമുടി, പെട്ടിമുടി, തുടങ്ങിയ സ്ഥലങ്ങളില്‍ ജാതിസംഘര്‍ഷം നടന്നിട്ടുണ്ട്. കമ്പനിക്കാരും കങ്കാണിമാരും ചേര്‍ന്ന് പരിഹരിക്കും. മേല്‍ജാതിക്കാരെ പിണക്കാതെയും മറ്റു വിഭാഗത്തില്‍പ്പെട്ടവരെ സമരസപ്പെടുത്തിയുമായിരുന്നു ഈ ‘പരിഹാര’ങ്ങൾ. ഭൂരിഭാഗവും തൊഴിലാളികളായതുകൊണ്ട് കയ്യാങ്കളിയില്ലാതെ എളുപ്പം അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്.

Photo: oldindianphotos.in
Photo: oldindianphotos.in

മേഘനാഥന്‍ പറഞ്ഞു; എങ്ക താത്ത താന്‍ ചിന്നരാമര്‍ കോവില്‍ കട്ടുനാരാം.
വെള്ളച്ചാമി പറഞ്ഞു; കമ്പനിക്കാരനുക്ക് നാമെല്ലാം അടിമകളാണല്ലോ, പിന്നെ എന്തു ജാതി?
മടസാമി പറഞ്ഞു; കാവയറു കഞ്ചി കുടിക്കവേ വക്കില്ല, അതില് ജാതി വേറെ.

ഇടമലക്കുടിയോട് ചേര്‍ന്നുകിടക്കുന്ന ആ കാട്ടില്‍ നിന്ന്​ മൊട്ടത്തേരി വഴി കുറയെ ആളുകള്‍ നടന്നു നീങ്ങുന്നു. കുടിയിലുള്ളവരാണെന്നു തോന്നുന്നു. മുതുവാന്‍ വിഭാഗത്തില്‍പെട്ട ഗോത്ര ജനവിഭാഗത്തെ അവര്‍ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. കാരണം തികച്ചും ഒറ്റപ്പെട്ട ആ മലനിരകളില്‍ ഏറ്റവും ഉയരത്തില്‍ ഒരു അറ്റത്തായാണ് അവര്‍ താമസിക്കുന്നത്. വല്ലപ്പോഴുമാണ് കാട്ടില്‍ നിന്ന്​ പുറത്തേക്ക് വരിക. പെട്ടിമുടി മലനിരകളില്‍ സായിപ്പന്മാരും തൊഴിലാളികളും ഗോത്രവര്‍ഗ്ഗക്കാരും ഒരേപോലെയാണ് ജീവിച്ചിരുന്നത്. വേട്ടയാടി മൃഗങ്ങളെ ഭക്ഷിച്ചും കാട്ടുകിഴങ്ങുകള്‍, ചീരകള്‍, പഴങ്ങള്‍ തുടങ്ങിയവ തിന്നുമാണ്​ ആദ്യ കാലങ്ങളില്‍ തൊഴിലാളികളും ഗോത്രവര്‍ഗ്ഗക്കാരും കഴിഞ്ഞത്​. 1972- ല്‍ വൈല്‍ഡ് ലൈഫ് ആക്ട് നിലവില്‍ വന്നതോടെ വേട്ടയാടല്‍ നിര്‍ത്തി. എസ്റ്റേറ്റിലെ ജനങ്ങള്‍ ചെഞ്ചോളവും കമ്പും റാഗിയും കിട്ടാത്ത സമയത്ത് മധുരക്കിഴങ്ങും ചീനി വാഴക്കിഴങ്ങും ഭക്ഷിച്ചിരുന്നു.

പന്തുമല മുനീശ്വരനായിരുന്നു പെട്ടിമുടിയുടെ അതിര്‍ത്തി ദൈവം.

മൂന്നാം നമ്പര്‍ കാട്ടുപാത വഴിയിലൂടെ മുകളിലേക്ക് നടന്നുനീങ്ങുമ്പോള്‍ ചെങ്കൊയ്‌ന മുക്ക് വഴി 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വാല്‍പ്പാറയിലെത്തും. പെട്ടിമുടിയില്‍ നിന്ന്​ വാല്‍പ്പാറയിലേക്ക് പോകാന്‍ വേറെ രണ്ട് പാതകള്‍ കൂടിയുണ്ട്. പത്തൊമ്പതാം നമ്പര്‍ കാട്ടുവഴിയേ ഇട്ടിയാര്‍- ചെട്ടുകുടി വഴി 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വാല്‍പ്പാറയിലെത്താം. മറ്റൊരു വഴി 24 ഏക്കര്‍ കാട്ടുവഴിയേ പരത്തിയാര്‍കൂടി നീങ്ങുമ്പോള്‍ നല്ലമുടി, ഇരുപ്പുകല്‍, നില്‍മണല്‍ വഴി 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വാല്‍പ്പാറയിലെ ബ്രിട്ടീഷ് കുടിയിലെത്താം. അതുകൊണ്ട് പെട്ടിമുടിയില്‍ 16-ാം നമ്പര്‍ കാടും 24-ാം നമ്പര്‍ കാടും ഇടമലയുമായി അതിര്‍ത്തി പങ്കിട്ട് വാല്‍പ്പാറയോട് ചേര്‍ന്നുകിടക്കുന്ന കാടുകളാണ്.

വേലു കങ്കാണി പറഞ്ഞു; എതോ, മുതുവക്കുടി വഴിയേ പോണാലും അപ്പുറത്തും ഇതുപോലെ തേയില എസ്റ്റേറ്റ് ഇരുന്തുച്ചാം എന്ന് എങ്ക അപ്പാ ചൊല്ലുവാരു.
അവിടെയും ഇതേപോലെയായിരിക്കുമല്ലോ ജീവിതം എന്ന്​ ചുറ്റും നിന്നവര്‍ ചോദിച്ചു. വാല്‍പ്പാറ, മലക്കപ്പാറ, കാഞ്ചമല, പച്ചമല, ഉരുളിക്കല്‍, പന്നിമേട്, ചോലയാര്‍, വില്ലോണി, വരട്ടുപ്പാറ, നല്ല കാത്ത്, മുടിസു, നടുമല, ഈട്ടിയാര്‍, തായംമുടി, കരുമല തുടങ്ങിയ എസ്റ്റുകളാണ് ഈ മല​മ്പ്രദേശങ്ങളിലുള്ളത്​. ഇവിടുത്തെ ജനങ്ങളുടെ ജീവിതവും മൂന്നാര്‍ മലനിരകളിലെ തൊഴിലാളികളുടെ ജീവിതവും ഒരേ പോലെയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് 1840- കളില്‍ തമിഴ്‌നാട്ടിലെ വലിയ ഭൂവുടമയായിരുന്ന രാമസ്വാമി മുതലിയാരാണ് ആദ്യം വാല്‍പ്പാറയില്‍ കാപ്പി തോട്ടങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത്. പിന്നീട് വേട്ടയാടാന്‍ ബ്രിട്ടീഷുകാരെത്തി. പൂണാച്ചിമല എന്നറിയപ്പെട്ടിരുന്ന വാല്‍പ്പാറ മലനിരകളിലും തേയില വെച്ച് പിടിപ്പിക്കാൻ അവർ പദ്ധതിയിട്ടു.

ലോവര്‍ ഡിവിഷനിലും ടോപ്പ് ഡിവിഷനിലുമുള്ള തൊഴിലാളികള്‍ ഒരേപോലെ കണ്ണിയമ്മയെ ആരാധിക്കുന്നു. ഈ രണ്ടു ഡിവിഷനുകളിലും കണ്ണിയമ്മയുടെ അമ്പലങ്ങള്‍ കാണാം.

മൂന്നാറിനേക്കാള്‍ ഏറെ മുമ്പ്​ തേയില നട്ട സ്ഥലമാണ് വാല്‍പ്പാറ. 1880-കളിൽ തിരുനല്‍വേലി ജില്ലയില്‍ നിന്നും തമിഴ്‌നാട്ടിലെ മറ്റു ജില്ലകളില്‍ നിന്നും കങ്കാണിമാര്‍ തൊഴിലാളികളെ ഇവിടേക്ക് എത്തിച്ചു. വാല്‍പ്പാറയുടെ പുറകുവശത്തുള്ള രാജമല എസ്റ്റേറ്റിലെ ജീവിതത്തെക്കുറിച്ച് അവര്‍ക്ക് അറിയാനിടയില്ല. മലക്കാരുടെ ജീവിതം എന്നും ഇങ്ങനെയാണല്ലോ.
കണ്ണകി പറഞ്ഞു; എങ്ക താത്ത മുത്തുസാമി വാല്‍പ്പാറയില്‍ ഇരുന്തുതാന്‍ ഇങ്ക വന്താരാം.
പെട്ടിമുടി താഴ്​വരയുടെ എതിര്‍വശത്തുള്ള മറ്റൊരു എസ്റ്റേറ്റ് കണ്ണിമലയാണ്. തിരുനെല്‍വേലിയില്‍ നിന്നും രാജപാളയത്തില്‍ നിന്നും ശ്രീവില്ലിപുത്തൂരില്‍ നിന്നും വന്ന് കുടിയേറി പാര്‍ത്തവരാണ് ഈ എസ്റ്റേറ്റിലെ തൊഴിലാളികള്‍. കണ്ണിമല എന്നാല്‍ കണ്ണികള്‍ എന്നറിയപ്പെടുന്ന ദ്രാവിഡ ഗോത്രവര്‍ഗത്തിന്റെ ദൈവങ്ങള്‍ കുടിയിരുന്ന മല എന്നാണ് പൊരുള്‍. കന്യക മല എന്നാണ് നേരത്തെ അറിയപ്പെട്ടിരുന്നത്. 7 കന്യകകള്‍, 9 കന്യകകള്‍ തുടങ്ങിയവ ആരാധിക്കുന്ന പതിവ് ഇപ്പോഴും തമിഴ്‌നാട്ടിലുണ്ട്. രാജപാളയത്ത്​ പെരുമത്തൂര്‍ മലയുടെ അടിവാരത്തിലുള്ള കുവളൈ കണ്ണിയിൽ കണ്ണിയമ്മാള്‍ അമ്പലമുണ്ട്​. കുവളൈ കണ്ണിയിൽനിന്ന്​ കണ്ണിമലയില്‍ കുടിയേറിയ ശിവന്‍ കങ്കാണിയും കുടുംബാംഗങ്ങളായ കണ്ണിയപ്പന്‍, മുത്തുകണ്ണി, ഇളയ കണ്ണി തുടങ്ങിയവരും കണ്ണിമല എസ്റ്റേറ്റില്‍ കണ്ണിയമ്മയെ പ്രതിഷ്ഠിച്ചു. അതുകൊണ്ട് ആ മലക്ക് കണ്ണിമല എന്ന് പേരിട്ടു. എന്റെ മുത്തശ്ശന്‍ മുത്തുക്കണ്ണന്‍ പറയും, കണ്ണിയമ്മ നമ്മുടെ കുലദൈവമാണെന്ന്.

Photo: Pexels
Photo: Pexels

ഇന്നത്തെ കണ്ണിമലയാറ് കണ്ണിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷനില്‍ നിന്ന്​ ഒഴുകിയെത്തുന്നതാണ് എന്ന്​ മാടയ്യന്‍ പറഞ്ഞു. ആ ആറ്റില്‍ 60 കണ്ണികൾ കുളിക്കാനെത്തിയതുകൊണ്ട് കണ്ണിയാറ് എന്നറിയപ്പെടുന്നു. 12 കണ്ണി പെണ്ണുങ്ങളെ തിരഞ്ഞെടുത്ത് എല്ലാ വര്‍ഷവും കോലാട്ടവും പൂജയും നടത്തിയിരുന്നു. ലോവര്‍ ഡിവിഷനിലും ടോപ്പ് ഡിവിഷനിലുമുള്ള തൊഴിലാളികള്‍ ഒരേപോലെ കണ്ണിയമ്മയെ ആരാധിക്കുന്നു. ഈ രണ്ടു ഡിവിഷനുകളിലും കണ്ണിയമ്മയുടെ അമ്പലങ്ങള്‍ കാണാം. പത്തര ഏക്കറും, നാലര ഏക്കറും ചേരുന്ന സ്ഥലമായ പതിമൂന്നാം ഏക്കര്‍ കാട്ടിലാണ് കണ്ണിയമ്മ കുടിയിരിക്കുന്നത് എന്നാണ്​ വിശ്വാസം. പണ്ട് ഏതോ സായിപ്പ് കണ്ണിയമ്മയെ കാണാന്‍ മലയിലേക്ക് കുതിരയിലേറി ചെന്നു എന്നും അവിടത്തെ തെപ്പക്കുളം എന്ന സ്ഥലത്ത് മുങ്ങിപ്പോയി എന്നുമുള്ള കഥകള്‍ തന്റെ അപ്പൂപ്പന്‍ പറയാറുണ്ട് എന്ന് പളനിച്ചാമി പറഞ്ഞു. മൂന്നാറിലെ അതിര്‍ത്തി ദൈവങ്ങളില്‍ വ്യത്യസ്തമായ നാമം സ്വീകരിച്ചിട്ടുള്ള വനത്തു ചിന്നപ്പര്‍ കോയിലും കണ്ണിമല എസ്റ്റേറ്റിലാണ്. മാത്രമല്ല, ആദ്യകാലത്തെ കമ്പനിയുടെ ഫാക്ടറിയും ഇവിടെയാണ്.

ലോവര്‍ ഡിവിഷനിലെ 9 -ാം നമ്പര്‍ കാട്ടിലാണ് കണ്ണിയമ്മയുടെ മല. ഈ എസ്റ്റേറ്റിന്റെ ടോപ്പ് ഡിവിഷനിലും കണ്ണിയമ്മക്ക് കോയിലുണ്ടെന്ന്​ മരുതപ്പന്‍ പറഞ്ഞു. ഇവിടെത്തെ ജീവിതവും ഹൈറേഞ്ചിലേതുപോലെയായിരുന്നു. ഈ എസ്റ്റേറ്റ് മുതിരപ്പുഴയുടെ തൊട്ടടുത്തായതുകൊണ്ട് എപ്പോഴും സായിപ്പമാരുടെ നിരീക്ഷണത്തിലായിരുന്നു.

മൂന്നാര്‍ മലനിരകളിലെ ഓരോ പര്‍വ്വതങ്ങളിലും വ്യത്യസ്ത കുറിഞ്ഞികളുണ്ട്. ഇവ കാട്ടുകുറിഞ്ഞികള്‍ എന്നറിയപ്പെടുന്നു. കുറിഞ്ഞി എന്നാല്‍ മലയും മല ചേര്‍ന്ന പ്രദേശവും എന്നാണ് തിണ സിദ്ധാന്തം പരാമര്‍ശിക്കുന്നത്.

കണ്ണിമലയും പെരിയവരയും മുതിരപ്പുഴയുടെ തീരങ്ങളിലായിരുന്നു. നല്ലയ്യാവും കണ്ണിമുത്തുവും കണ്ണിയപ്പനും കപ്പി മൊട്ടയില്‍ നിന്ന്​ കൊളുന്തു ചാക്കുകൾ കയറ്റിവിട്ടു. നല്ല മഴക്കാലമായതുകൊണ്ട് മലഞ്ചെരുവിൽനിന്ന്​ വെള്ളം ഇരമ്പി ചെമ്പകപൂ തിണ്ടു കടന്ന് ഏഴര ഏക്കര്‍ തിണ്ട് എത്തുമ്പോള്‍ മാടത്തിയും കണ്ണിയാത്താളും അലമേലുവും മാരിയമ്മാളും കാളീശ്വരിയും തളര്‍ന്നു. ലോവര്‍ ഡിവിഷനില്‍ നിന്ന്​ കാളവണ്ടിയിലാണ് ഫാക്ടറിയിലേക്ക് കൊളുന്തുകള്‍ വന്നെത്തിയത്. 1904- ല്‍ ഫാക്ടറി പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ നയമക്കാട്, രാജമല, പെരിയവര എസ്റ്റേറ്റുകളില്‍ നിന്ന്​ കണ്ണിമല ഫാക്ടറിയിലേക്കാണ് കൊളുന്തുകള്‍ എത്തിച്ചിരുന്നത്​. തൊഴിലാളികള്‍ കമ്പനിയുടെ വെസ്റ്റ് സോണിലെ ഈ ഫാക്ടറിയെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. കണ്ണിമല കഴിഞ്ഞാല്‍ കമ്പനിയുടെ മുഖമുദ്രകളില്‍ ഒന്നായിരുന്നു പെരിയവാര എസ്റ്റേറ്റ്. ആനമുടി, ചോലമല, പഴയകാട്, പുതുക്കാട് എന്നീ ഡിവിഷനുകള്‍ മാത്രമായിരുന്നു ആദ്യ കാലത്ത്​ പ്രവര്‍ത്തിച്ചിരുന്നത്.
കൊളുന്തുകൾ മൂന്നാറിലേക്കും മാട്ടുപ്പെട്ടിലേക്കുമാണ് എത്തിച്ചിരുന്നതെന്ന്​ ആറുമുഖന്‍ പറഞ്ഞു. പുതിയ മൂന്നാറിന്റെ തൊട്ടടുത്ത എസ്റ്റേറ്റാണ്​ പെരിയവര. വലിയമല എന്നതിന്റെ തമിഴ് പര്യായമാണ് പെരിയവര. ഈ എസ്റ്റേറ്റിനു ചുറ്റും വലിയ വലിയ മലകള്‍ മാത്രമാണ് . ഈ എസ്റ്റേറ്റിന്റെ എതിര്‍വശത്തായാണ് രാജമല. പെരിയവര എസ്റ്റേറ്റില്‍ ആനമുടി ഡിവിഷനില്‍ നിന്നും ചോലമല ഡിവിഷനില്‍ നിന്നും രാജമലയുടെ കാഴ്ച കാണാം.

പണ്ട് ഇത്രയും മരങ്ങള്‍ വളര്‍ന്നിട്ടില്ലെന്ന്​ മാരിയപ്പന്‍ പറഞ്ഞു. സായിപ്പന്മാര്‍ യൂക്കാലിപ്‌സ്, ഗ്രാണ്ടിസ്, കപ്പര തുടങ്ങിയ മരങ്ങൾ നട്ടുപിടിപ്പിച്ചതോടെയാണ് രാജമലയുടെ കാഴ്ചകൾ കാണാന്‍ സാധിച്ചത്​. കേരളത്തിന്റെ കിഴക്കോ​ട്ടൊഴുകുന്ന പാമ്പാര്‍ സ്ഥിതി ചെയ്യുന്നതും വെസ്റ്റ് സോണിലാണ്. മലമുകളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം 10 കിലോമീറ്ററോളം കാട്ടുപാതയിലൂടെ സഞ്ചരിച്ച് ലക്കം ന്യൂ ഡിവിഷനിലേക്കെത്തും. അതിനുമുമ്പു തന്നെ ലക്കം വാട്ടര്‍ ഫാള്‍സില്‍ നിന്ന്​ ഒഴുകിയെത്തുന്ന വെള്ളം ഈ ആറ്റില്‍ ചേരും. തലയാര്‍ എസ്റ്റേറ്റിലെ പാമ്പനാര്‍ ഡിവിഷനിലേക്കെത്തുമ്പോള്‍ ഇത് പാമ്പനാര്‍ എന്നും അറിയപ്പെടുന്നു. പിന്നീട് കിഴക്കോട്ട് ഒഴുകുന്ന പാമ്പനാര്‍ ആറില്‍ നിന്ന്​ പാമ്പാറായി മാറി കാപ്പി സ്റ്റോര്‍ തുടങ്ങിയ പാതകളിലൂടെ സഞ്ചരിച്ച് ആനയ്ക്കാപെട്ടിയും കടന്ന് ചന്ദനക്കാടുകളിലൂടെ കോവില്‍ കടവിലെ കാന്തളൂര്‍ ആറുമായി ചേര്‍ന്ന് പാമ്പാര്‍ എന്ന പേരില്‍ ചിന്നാറിലേക്കും ചിന്നാറില്‍ നിന്ന്​ അമരാവതി ഡാമിലേക്കും ഒഴുകിയെത്തുന്നു.

മലനിരകളിലെ അത്ഭുതം എന്ന് തോന്നിക്കുന്ന രീതിയിലാണ് ഈ ആറിന്റെ ഒഴുക്ക്. മൂന്നാറിന്റെ ചെരുവില്‍ നിന്ന്​ താഴോട്ട് ഒഴുകുന്ന ആറെന്ന നിലയില്‍ യാത്രക്കാര്‍ക്ക് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ട്. മറയൂരില്‍ നിന്ന്​ മൂന്നാറിലേക്ക് സഞ്ചരിക്കുമ്പോള്‍ താഴേക്കു നോക്കിയാൽ ഒഴുകുന്നതുപോലെ തോന്നിക്കുമെങ്കിലും ആ ആറ് തിരിഞ്ഞിട്ടാണ് ഒഴുകുന്നത്. നയമക്കാട്ടിലെ മലമുകളില്‍ നിന്ന്​ ഒഴുകിയെത്തുന്ന നയമക്കാട് വാട്ടര്‍ ഫാല്‍സും ഈ മലനിരകളിലെ മറ്റൊരത്ഭുതമാണ്​. രാജമലയില്‍ കാന്തളൂരിന്റെ തെക്കോട്ട് സ്ഥിതി ചെയ്യുന്ന മന്നവന്‍ ചോലയില്‍ നിന്ന്​ ഒഴുകിയെത്തുന്ന വെള്ളം പാമ്പാറിലാണ് സംഗമിക്കുന്നത്. തലയാറും കാന്തളൂരും തമ്മില്‍ 30 കിലോമീറ്ററോളം ദൂരമുണ്ട് എങ്കിലും മലമ്പാതകളാണ് ഈ മലനിരകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് എന്ന് കാസിനാഥന്‍ പറഞ്ഞു.

മന്നവന്‍ ചോല, വാഗുവാര, രാജമല, മൂന്നാറിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ പുറകിലുള്ള പെരിയവര മല, ചിറ്റിവര എസ്റ്റേറ്റിലെ പുതുക്കാട് ഡിവിഷനിലെ മലഞ്ചെരിവുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. രാജമലയിലെ ഉയര്‍ന്ന മലയില്‍ നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ അത് മൂന്നാറിലെ അത്ഭുതമായി മാറുന്നു. നീലക്കുറിഞ്ഞി, വെള്ളക്കുറിഞ്ഞി, വയലറ്റ് കുറിഞ്ഞി, കരിങ്കുറിഞ്ഞി തുടങ്ങി വിവിധ തരം കുറിഞ്ഞി പൂക്കള്‍ ഈ മലനിരകളില്‍ പൂത്തുലയുന്നത് പതിവാണ്. മറ്റു കുറിഞ്ഞിപ്പൂക്കളില്‍ നിന്ന്​ നീലക്കുറിഞ്ഞി വ്യത്യാസപ്പെടുന്നത്, 12 കൊല്ലം കഴിഞ്ഞ് പൂക്കുന്നതുകൊണ്ടാണ്. മൂന്നാര്‍ മലനിരകളിലെ ഓരോ പര്‍വ്വതങ്ങളിലും വ്യത്യസ്ത കുറിഞ്ഞികളുണ്ട്. ഇവ കാട്ടുകുറിഞ്ഞികള്‍ എന്നറിയപ്പെടുന്നു. കുറിഞ്ഞി എന്നാല്‍ മലയും മല ചേര്‍ന്ന പ്രദേശവും എന്നാണ് തിണ സിദ്ധാന്തം പരാമര്‍ശിക്കുന്നത്. ദ്രാവിഡ ജീവിതശൈലിയില്‍ ഒന്നാണ് കുറിഞ്ചി തിണൈ. ആര്യ രാജാവ് പ്രകദത്തനെ ദ്രാവിഡ നാടിന്റെ മലര്‍കളെ പരിചയപ്പെടുത്തിയ കപിലന്‍ എന്ന സംഘ കാല കവി കുറിഞ്ചിപ്പാട്ട്​ എന്ന കൃതിയില്‍ ഈ പൂവിനെ കൃത്യമായി പരമര്‍ശിക്കുന്നുണ്ട്. മാത്രമല്ല, കണിക്കൊന്നയെ കൊന്‍ട്രെ മലര്‍ എന്നും പരാമര്‍ശിക്കുന്നുണ്ട്.
നീലഗിരിയിലും മൂന്നാറിലുമാണ് നീലക്കുറിഞ്ഞി പൂക്കുന്നത്.

(തുടരും)


Summary: autobiography malankadu by prabhaharan k munnar part 15


പ്രഭാഹരൻ കെ. മൂന്നാർ

ഗവേഷകൻ, അധ്യാപകൻ. മാർക്​സിസം, പോസ്റ്റ് കൊളോണിയലിസം എന്നീ വിഷയങ്ങളെ മുൻനിർത്തി​ക്കൊണ്ടുള്ള വിമർശനാത്മക സാഹിത്യനിരൂപണമാണ് താത്പര്യവിഷയം.

Comments