മലങ്കാട്- 33
1924-ലെ മഹാപ്രളയം മൂന്നാറിന്റെ രൂപഘടനയെ മാറ്റിമറിച്ചു. കുണ്ടലയിൽ നിന്ന് ചെണ്ടുവര, ചിട്ടിവര, എല്ലപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കാൻ പണിത പാലങ്ങളെല്ലാം തകർന്നു. 15 വർഷങ്ങളെടുത്ത് വീണ്ടും പണിത ഒന്നുരണ്ട് പാലങ്ങൾ മാത്രമായിരുന്നു ഗതാഗത മാർഗം. അങ്ങനെയാണ് തിരുവിതാംകൂർ സ്റ്റേറ്റിന്റെ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനുവേണ്ടി ഏറ്റവും നീളം കൂടിയ പുഴയായ കുണ്ടലയാറ്റിന്റെ മീതെ ഒരു പാലവും അതിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഒരു ഡാമും പണിയാൻ തീരുമാനിച്ചത്.
തിരുവിതാംകൂറിന്റെ മറ്റു ഭാഗങ്ങളിൽ നിന്നു കൊണ്ടുവന്ന തൊഴിലാളികളെ ഗുണ്ടലവേളിയിലെ എസ്റ്റേറ്റ് ഭാഗങ്ങളിൽ താമസിപ്പിച്ചു. അങ്ങനെയാണ് ആ ദൗത്യം പൂർത്തീകരിച്ചത്. 1947 വരെ തമിഴ്നാട്ടിലെ പ്രമുഖ വ്യാപാരിയായിരുന്ന സുബ്ബൻ ചെട്ടിയാരുടെ നേതൃത്വത്തിൽ ഇന്നത്തെ കുണ്ടലയാറിന്റെ മദ്ധ്യഭാഗത്ത് കടകളും വാരച്ചന്തകളുമാണ് ഉണ്ടായിരുന്നത്. 1947- ൽ ഡാം പണിതു തീർത്തു, സേതു പാർവതി ഡാം എന്ന് പേരും നൽകി. ചെണ്ടുവര പോസ്റ്റ് ഓഫീസിന്റെ പേരും സേതുപാർവതിപുരം പോസ്റ്റ് ഓഫീസ് എന്നാണ്. ഇപ്പോൾ അത് S.P.പുരം പോസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.
നൂറ്റാണ്ടുകൾക്ക് മുമ്പ് തിരുവിതാംകൂർ രാജാക്കന്മാരുടെ വേനൽക്കാല കൊട്ടാരമുണ്ടായിരുന്ന സ്ഥലമാണ് ചിറ്റിവര, ചെണ്ടുവര, കുണ്ടല, എല്ലപ്പെട്ടി തുടങ്ങിയ മലയോര പ്രദേശങ്ങൾ എന്ന ചരിത്രത്തെ സൂചിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള പേരുകൾ. മാത്രമല്ല ബ്രിട്ടീഷുകാർക്കും തിരുവിതാംകൂർ രാജാക്കന്മാർക്കും ഉണ്ടായിരുന്ന ഒരു വലിയ ബന്ധത്തെ കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. ഭൂമിയിൽ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഡാമുകളിലൊന്നാണ് കുണ്ടല ഡാം. ഈ പ്രദേശം യൂറോപ്യൻ കാഴ്ചയെ ഓർമപ്പെടുത്തും. ഇന്നും ആ രൂപഘടന നിലനിൽക്കുന്നു. ഡാമിന്റെ മറുവശത്ത് ഇപ്പോൾ ഉണ്ടാക്കിയെടുത്ത കാടുകൾ അന്ന് ചെറിയ കടകളും ചന്തക്കടകളും മാത്രമായി പ്രവർത്തിച്ചിരുന്നു.
ശനിയാഴ്ചകളിൽ ഉച്ചക്കുശേഷം അവധിയും ഞായറാഴ്ച ഒഴിവുദിവസമായും കമ്പനി പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ചക്കുശേഷമായിരുന്നു തൊഴിലാളികൾക്ക് കൃഷി ചെയ്യാൻ അവകാശം.
വർഷങ്ങളോളം നാലണ, എട്ടണ കൂലി തുടർന്നതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ടായിരുന്ന ഒരു കഥ വല്യച്ഛൻ പറയാറുണ്ട്: സായിപ്പന്മാർ തൊഴിലാളികൾക്ക് കൂലി കൂട്ടിക്കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ അവർ രണ്ടു തൊഴിലാളികളെ കണ്ടെത്തി, ഒരു പരിശോധന നടത്തി, അവരുടെ കയ്യിൽ ഒരു രൂപ വീതം കൊടുത്ത്, ഈ പൈസ കൊണ്ട് നന്നായി ഭക്ഷണം കഴിച്ച് തിരിച്ചുവരണം എന്നുപറഞ്ഞു. രണ്ടുപേരും കൂടി 25 പൈസ മാത്രം ചെലവാക്കി ബാക്കി പൈസ തിരിച്ച് സായിപ്പൻമാരുടെ കയ്യിൽ ഏൽപ്പിച്ചു.
അപ്പോൾ സായിപ്പ് പറഞ്ഞു, എന്തിനാണ് ഇവർക്ക് കൂലി കൂട്ടിക്കൊടുക്കുന്നത്, ഇതുതന്നെ മതി.
ശനിയാഴ്ചകളിൽ ഉച്ചക്കുശേഷം അവധിയും ഞായറാഴ്ച ഒഴിവുദിവസമായും കമ്പനി പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ചക്കുശേഷമായിരുന്നു തൊഴിലാളികൾക്ക് കൃഷി ചെയ്യാൻ അവകാശം. വിടുമുറ എന്നറിയപ്പെടുന്ന ഉത്സവദിവസങ്ങളിൽ ചിലർ വിറക് ശേഖരിക്കും, തൊഴുത്ത് വൃത്തിയാക്കും, തോട്ടങ്ങൾ വെട്ടി വൃത്തിയാക്കും, കിഴങ്ങുകൾ കൃഷി ചെയ്യും.
തൊഴിലാളികളുടെ ജീവിതം പതുക്കെ മെച്ചപ്പെട്ടു തുടങ്ങി. കമ്പനിക്കുവേണ്ടി മാത്രം അധ്വാനിച്ചിരുന്ന അവർ തങ്ങളുടെ കുട്ടികൾക്ക് നല്ല ഭക്ഷണം നൽകാൻ കൃഷി ചെയ്തുതുടങ്ങി. ഭക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് അധ്വാനം എന്നവർ തിരിച്ചറിഞ്ഞു. 1950 മുതലാണ് ഒഴിവ് ദിവസങ്ങൾ ഇങ്ങനെ ഉപയോഗിച്ചുതുടങ്ങിയത്. തമിഴ് തൊഴിലാളികൾ ആയതുകൊണ്ട് ആടി, ക്രിസ്മസ് തുടങ്ങി രണ്ട് ഉത്സവദിവസങ്ങളിൽ മാത്രമാണ് കമ്പനി ലീവ് അനുവദിച്ചിരുന്നത്.
തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ആൾ ഭക്ഷണം കഴിച്ചോ, കിടന്നുവോ, ഉറങ്ങിയോ എന്നീ കാര്യങ്ങളെല്ലാം അയൽപക്കത്തെ വീട്ടുകാർക്ക് അറിയുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.
ആടി പ്രാചീന തമിഴകത്തിന്റെ ഉത്സവമാണ്. ചേര- ചോള- പാണ്ഡ്യ രാജാക്കന്മാരുടെ കാലത്ത് തമിഴ്നാട്ടിലും കേരളത്തിലും കർണാടകയിലും ആന്ധ്രയിലും ഒരേപോലെയാണ് ഈ ഉത്സവം ആഘോഷിച്ചിരുന്നത്. മഴ പെയ്ത് പുഴകളിൽ പുതിയ വെള്ളം ഒഴുകിയെത്തുന്നതോടെയാണ് ചോള രാജാക്കന്മാരുടെ കാലത്ത് ഇത്തരം ഉത്സവങ്ങൾ ആചരിക്കാൻ തുടങ്ങിയത്. പിൽക്കാല ചോളയുടെ കാലത്താണ് പുതുപ്പുണൽ വിഴാ എന്നറിയപ്പെടുന്ന ഈ ഉത്സവം ആഘോഷിക്കാൻ തുടങ്ങിയത്. ചോളനാട്ടിൽ ഈ ഉത്സവം ഇന്ദ്രവിഴാ എന്ന പേരിലാണ് അറിയപ്പെട്ടത്. കർക്കടകത്തിൽ 18 ദിവസവും ഈ ഉത്സവം ആഘോഷിച്ചിരുന്നു. തമിഴ് സംഘസാഹിത്യത്തിൽ ഈ ഉത്സവത്തെ കുറിച്ച് പരാമർശമുണ്ട്. ആട്ടണത്തി, ആതി മന്തി എന്നീ കാമുകർ കാവേരി ആറ്റിൻ തീരത്ത് ഒരു ആടി ദിവസം പുതുവെള്ളത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ആട്ടണത്തിനെ തിര എടുത്തുകൊണ്ടുപോയി. ആതി മന്തി എത്ര തപ്പിയിട്ടും കാമുകനെ കിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ ഓർമക്കായാണ് കർക്കടകവാവ് ആഘോഷിക്കപ്പെട്ടത് എന്നൊരു മിത്ത് വ്യാപകമായി പ്രചാരത്തിലുണ്ട്. കേരളത്തിലും തമിഴകത്തിന്റെ ചില ഭാഗങ്ങളിലുമുണ്ട്. കർക്കടകം എന്നാൽ വരൾച്ച മാറുന്ന മാസമാണ്. കൃഷിക്ക് ഒരുപാട് വെള്ളം ലഭിക്കുന്ന മാസം. തമിഴിലെ സംഘസാഹിത്യം ഈ മാസത്തെ കുറിച്ചും ആ മാസങ്ങളിൽ പെയ്യുന്ന മഴയെക്കുറിച്ചും ആ മാസങ്ങളിലെ പ്രകൃതിയെ കുറിച്ചും പ്രതിപാദിക്കുന്നു
ദ്രാവിഡ സംസ്കാരത്തിന്റെ ഗോത്ര ഉത്സവമായി അറിയപ്പെടുന്ന ആടി കർക്കടവാവ് എന്ന പേരിൽ കേരളത്തിലും ആടി എന്ന പേരിൽ തമിഴ്നാട്ടിലും ആഘോഷിക്കപ്പെടുന്നു. എങ്കിലും മൂന്നാറിലെ ആടി ആഘോഷം വ്യത്യസ്തമാണ്. രണ്ടു ദിവസത്തെ അവധിയിൽ കേരളത്തിൽ നിന്നും തമിഴകത്തിൽ നിന്നും വ്യത്യസ്തമായി രൂപപ്പെട്ട ഒരു സംസ്കാരത്തിന്റെ ആഘോഷമായാണ് മൂന്നാറുകാർ ആഘോഷിച്ചു വരുന്നത്. മൂന്നാറിലെ ആടി ദിവങ്ങളിലും ക്രിസ്തുമസ് തുടങ്ങിയ മറ്റു ഉത്സവദിവസങ്ങളിലും ആടും ബീഫും ചിക്കനും എല്ലാ തൊഴിലാളികളുടെ വീട്ടിലും ഉണ്ടാവും. അത് വാങ്ങാൻ കഴിയാത്ത തൊഴിലാളികളുടെ വീട്ടിലേക്ക് തൊട്ടടുത്ത വീട്ടിൽ നിന്ന് മാംസവും പലഹാരങ്ങളും ഇറച്ചിക്കറിയും എത്തും.
ലയം എന്നറിയപ്പെടുന്ന പത്ത് മുറികളുള്ള ഈ പ്രദേശത്ത് ജീവിതം എപ്പോഴും ഒത്തൊരുമയുള്ളതാണ്. പരസ്പരം സ്നേഹവും കരുതലും ഉണ്ടാവും. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ആൾ ഭക്ഷണം കഴിച്ചോ, കിടന്നുവോ, ഉറങ്ങിയോ എന്നീ കാര്യങ്ങളെല്ലാം അയൽപക്കത്തെ വീട്ടുകാർക്ക് അറിയുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.
ഉത്സവം എന്നാൽ അവർക്ക് ഫുട്ബോളും മാംസ ഭക്ഷണവുമായിരുന്നു. ഉത്സവ ദിവസങ്ങൾ മൂന്നാർ എന്നും മാംസം കൊണ്ട് നിറഞ്ഞിരിക്കും. വേട്ടയാടി കിട്ടുന്ന മാംസം അവർ പങ്കിടും. പിന്നീട് വളർത്തു കോഴിയും വൈറ്റ് ലഗോൺ കോഴിയും എത്തി. പോത്തിന്റെയും ആടിന്റെയും ഇറച്ചി കൊണ്ട് ഉത്സവങ്ങൾ ആഘോഷമാക്കി.
കങ്കാണിമാർ ചേർന്ന് ഒരു ആടിനെയോ പോത്തിനെയോ വെട്ടും. ഒരു വീട്ടിൽ മൂന്നു കുടുംബങ്ങൾ വരെയാണ് കഴിഞ്ഞിരുന്നത്. 10 വീട്ടിൽ 30 കുടുംബങ്ങൾ. അവർക്ക് ഒരു പോത്ത് എന്നതായിരുന്നു കണക്ക്. തലകൾക്ക് (തൊഴിലാളികൾക്ക്) ശനിയാഴ്ച ഉച്ചക്കുശേഷം വെട്ടുന്ന ഇറച്ചി പങ്കിട്ട് കൊടുക്കും. ആളുകളുടെ എണ്ണം അനുസരിച്ച് ഒന്നര മുതൽ മൂന്നര റാത്തൽ വരെയാണ് കുടുംബങ്ങൾക്ക് മാംസം കിട്ടിയിരുന്നത്. എല്ലപ്പെട്ടി എസ്റ്റേറ്റിൽ കങ്കാണിമാർ പങ്കിട്ട മാംസവും ഉത്സവദിവസങ്ങളും വല്യച്ഛൻ ഇപ്പോഴും ഓർക്കാറുണ്ട്. ഒരു റാത്തൽ എന്നാൽ മൂന്നര കിലോയോളം വരും. മൂന്ന് റാത്തൽ ഇറച്ചി ഇരുപത് പേർക്ക് കഴിക്കാനുണ്ടാകും.
1950-കളിൽ തന്നെ മൂന്നാർ ടൗൺ വികസിച്ചു. ചന്തകളും മറ്റു കടകളും വന്നുതുടങ്ങി. എങ്കിലും ഹൈറേഞ്ചിലെ ജനങ്ങൾ ബോഡി തുടങ്ങിയ തമിഴ്നാട്ടിലെ ജില്ലകളെയാണ് ആശ്രയിച്ചിരുന്നത്.
ബോഡിയിൽ നിന്നും മറ്റും കുരങ്ങിണിപ്പാത വഴി കൊണ്ടുവരുന്ന പോത്തുകളെയാണ് എസ്റ്റേറ്റുകളിൽ വെട്ടിയിരുന്നത്. 1981-ൽ ബോഡിമെട്ട് പാത തുറക്കുന്നതുവരെ തൊഴിലാളികൾക്ക് ഏക ആശ്രയം ടോപ്സ്റ്റേഷൻ മാത്രമായിരുന്നു. മൂന്നാറിലെ 36 എസ്റ്റേറ്റുകളിലെയും തൊഴിലാളികൾ കുരങ്ങണി പാത വഴിയാണ് തമിഴ്നാട്ടിലേക്ക് പോകുകയും തിരിച്ചുവരികയും ചെയ്തിരുന്നത്. ചിന്നക്കനാലിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്തിരുന്ന കഴുതപ്പാത വഴിയും കുതിരപാത വഴിയും തൊഴിലാളികൾ യാത്ര ചെയ്തിരുന്നു. എങ്കിലും വ്യത്യസ്ത രൂപഘടനയാണ് മൂന്നാറിലുണ്ടായിരുന്നത്. തൊഴിലാളികൾ അടുത്ത ടൗണായി ബോഡിനായ്ക്കന്നൂരിനെയാണ് കണക്കാക്കിയിരുന്നത്. ചിറ്റിവരയിൽ നിന്ന് ടോപ്പ് സ്റ്റേഷനിലേക്ക് നടക്കും, അവിടെ നിന്ന് കുരങ്ങണി പാതയിലേക്ക്. നാലണ്ണ കൊടുത്ത് കാളവണ്ടിയിൽ കൊരങ്ങിയിലെത്തും. അവിടെ നിന്ന് രണ്ടണയോ മൂണണായോ കൊടുത്ത് ബോഡിനായ്ക്കന്നൂർ ടൗണിലെത്തും.
തിരുനൽവേലിക്കും മദ്രാസിലേക്കും ആദ്യ കാലങ്ങളിൽ ട്രെയിനിലായിരുന്നു യാത്ര. ടിണ്ടിക്കലിനുസമീപമുണ്ടായിരുന്ന കോടയൂർ സ്റ്റേഷനിൽ നിന്ന് തിണ്ടിവനം വരെ ട്രെയിനിലെത്തി അവിടെ നിന്ന് ബസിലും കാളവണ്ടിയിലും സ്വന്തം നാട്ടിലേക്ക് പോകുകയായിരുന്നു പതിവെന്ന് വല്യച്ഛൻ പറയും. തിരുനെൽവേലി ഭാഗത്തേക്ക് പോകുന്നവർ മധുരൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുനൽവേലി മണിയാച്ചി വരെ ട്രെയിനിലും അവിടെ നിന്ന് ബസിലും കാളവണ്ടിയിലും സ്വന്തം ഗ്രാമങ്ങളിലേക്കും പോകും. നാലു രൂപയായിരുന്നു ട്രയിൻ ടിക്കറ്റ് നിരക്ക്. തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ നിന്ന് മൂന്നാറിലെത്തിയവർ ഇടക്കിടെ ഇങ്ങനെ യാത്ര ചെയ്യുമായിരുന്നു. പക്ഷെ, വടക്കൻ ജില്ലകളിൽ നിന്നെത്തിയവർ വല്ലപ്പോഴുമാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് പോയിരുന്നത്.
1950-കളിൽ തന്നെ മൂന്നാർ ടൗൺ വികസിച്ചു. ചന്തകളും മറ്റു കടകളും വന്നുതുടങ്ങി. എങ്കിലും ഹൈറേഞ്ചിലെ ജനങ്ങൾ ബോഡി തുടങ്ങിയ തമിഴ്നാട്ടിലെ ജില്ലകളെയാണ് ആശ്രയിച്ചിരുന്നത്. മൂന്നാറിന്റെ മധ്യഭാഗത്ത് ജീവിച്ചിരുന്നവർ മാത്രമാണ് മൂന്നാർ ടൗണിനെ ആശ്രയിച്ചത്. അവിടെ തമിഴ്നാട്ടിൽ നിന്നെത്തിയ നാടാർമാരും ചെട്ടിയാർമാരുമാണ് സാധനങ്ങൾ എത്തിച്ചിരുന്നത്. ഡാം പണിയാനെത്തിയ മലയാളി തൊഴിലാളികൾ അവിടെ സ്ഥിരതാമസം തുടങ്ങിയപ്പോൾ പെരുമ്പാവൂരിൽ നിന്നെത്തിയ കച്ചവടക്കാർ മൂന്നാർ ടൗണിൽ അവശ്യസാധനക്കടകൾ തുടങ്ങി. അങ്ങനെയാണ് ആഴ്ചയിൽ ഞായറാഴ്ച പോത്തിനെ പതിവായി വെട്ടിത്തുടങ്ങിയത് എന്ന് മൂന്നാർ മണി പറഞ്ഞു.
തമിഴ്, മലയാളം ഭാഷാഭേദമില്ലാതെയാണ് തൊഴിലാളികൾ മൂന്നാറിൽ ജീവിച്ചിരുന്നത്. ജാതി വേർതിരിവും അവരിലുണ്ടായിരുന്നില്ല. അതുകൊണ്ട് മൂന്നാറിന്റെ സംസ്കാരം മിശ്ര സംസ്കാരമായി മാറി. കേരളം, തമിഴ്നാട്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് തേയിലക്കാട്ടിലേക്ക് കൊണ്ടുവന്ന തൊഴിലാളികൾ വ്യത്യസ്തമായ ഈയൊരു സംസ്കാരത്തിന്റെ ഉടമകളാണ്. അവരുടെ സംസ്കാരശൈലിയും ബ്രിട്ടീഷുകാരുടെ ശൈലിയും ചേർന്ന് ഒരു പൊതു സംസ്കാരരീതി മൂന്നാറിൽ രൂപപ്പെട്ടിരുന്നു.
എല്ലപെട്ടിയിൽ നിന്ന് ഒരു കൂട്ടം യുവാക്കൾ കുരങ്ങണിപ്പാത വഴി ബോഡി പങ്കജം തിയേറ്ററിലേക്ക് ശനിയാഴ്ച എത്തിചേരുന്ന കഥ വല്യച്ഛൻ ഇപ്പോഴും ഹരമായി കൊണ്ടുനടക്കുകയാണ്. അച്ഛനും അപ്പൂപ്പനും കുടുംബത്തിലെ മുതിർന്ന അംഗങ്ങളും ഞങ്ങളോട് ഈ കാര്യങ്ങൾ പറയാറുണ്ട്. അന്ന് ചിറ്റിവര, ചെണ്ടുവര, എല്ലപ്പെട്ടി, കുണ്ടല തുടങ്ങിയ എസ്റ്റേറ്റ് ഭാഗങ്ങളിൽ ജീവിച്ചിരുന്നവർക്ക് അറിയാവുന്ന ഏക ചന്ത ബോഡി ചന്തയായിരുന്നു. ശനിയാഴ്ച ഉച്ചയാവുമ്പോൾ പണി കഴിഞ്ഞ് ബോഡിയിലേക്കെത്താൻ യുവാക്കളായ തൊഴിലാളികൾ ശ്രമിക്കും. തലേദിവസം തന്നെ നല്ല ട്രൗസറോ അലക്കിയ മുണ്ടോ തയാറാക്കിവക്കും. ഫീൽഡിൽ പണികഴിഞ്ഞ് ഉച്ചക്കുശേഷം ടോപ്പ് സ്റ്റേഷനിലെത്തുന്ന യുവാക്കൾ കൈകാലുകൾ കഴുകി വസ്ത്രം മാറി അഞ്ചോ പത്തോ രൂപയുമെടുത്ത് 10 കിലോമീറ്റർ കാട്ടുപാതയിൽ കൂടി സഞ്ചരിച്ച് കുരങ്ങണി വരെ എത്തും. കുരങ്ങണിയിൽ നിന്ന് നാലണ കൊടുത്ത് കാളവണ്ടികളിൽ കയറി മുന്തൽ ചെക്ക് പോസ്റ്റിലെത്തും. അതിനുമുമ്പ് ചെട്ടിയാരുടെ കടയിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കും. ഒരു ഊണിന് എട്ടണയാണ്. തമിഴ്നാട്ടിൽ അന്നും ലിമിറ്റഡ് മീൽസ് ആയിരുന്നു എന്ന് വല്യച്ഛൻ പറയും. ആ ചോറ് യുവാക്കൾ പങ്കിട്ടു കഴിക്കും. അവിടെ നിന്ന് മുന്തൽ ചെക്ക് പോസ്റ്റിലെത്തും. ബസിൽ ബോഡി ടൗണിലെത്തും. അവിടെ ഉണ്ടായിരുന്ന രണ്ട് പ്രശസ്ത തിയേറ്ററുകളാണ് പങ്കജം തിയേറ്ററും പൊന്നു തിയേറ്ററും. രണ്ടിടത്തും ശനിയാഴ്ച ഏഴു മണിക്ക് തിരക്കാകും. എം.ജി. ആറിന്റെയും ശിവാജി ഗണേശന്റെയും സിനിമകളാണ് അന്ന് പ്രശസ്തം. രാത്രി 9 മണിക്ക് ഒരു ഷോ കഴിയും. അപ്പേഴേക്കും അടുത്ത ഷോയുടെ സമയമാകും. 10 മണിക്ക് തുടങ്ങുന്ന ഷോ ഒരു മണിയാവുമ്പോൾ തീരും. അന്ന് ബോഡി നായ്ക്കന്നൂരിൽ രാത്രി ചന്തകളാണുണ്ടായിരുന്നത്. ശനിയാഴ്ച അർദ്ധരാത്രിയും ചന്തയുണ്ടാകും. നിസ്സാര വിലയ്ക്കാണ് ബോഡി ചന്തയിൽ അന്ന് സാധനങ്ങൾ കിട്ടിയിരുന്നത് എന്ന് ഞങ്ങളുടെ മുത്തപ്പന്മാർ പറയാറുണ്ട്. വല്യച്ഛനും കൂട്ടരും ബോഡി ചന്തയിൽ നിന്ന് ഒരു ചാക്ക് സാധനങ്ങൾ വാങ്ങി രാവിലെ ടി.വി.എസ് ബസിൽ കയറി മുന്തൽ ചെക്ക് പോസ്റ്റിലെത്തും. അവിടെ നിന്ന് കുരങ്ങണിയിലേക്ക് വരും. മലമുകളിൽ 10, 12 കിലോമീറ്ററോളം നടന്ന് ശരവണൻ നാടാരുടെ കടയിലെത്തും. വീണ്ടും തലച്ചുമടുമായി അവരവരുടെ എസ്റ്റേറ്റുകളിലേക്ക് നടന്നുപോകും. 1980 വരെ സമാന അവസ്ഥയിലായിരുന്നു തൊഴിലാളികൾ ജീവിച്ചിരുന്നത്.
മലയാളി തൊഴിലാളികൾ മൂന്നാറിലെത്തിയതോടെയാണ് ഓണം ആഘോഷിച്ചുതുടങ്ങിയത്. അതിനുമുമ്പ് ആടിയും ദീപാവലിയും ക്രിസ്മസും മാത്രമായിരുന്നു മൂന്നാറിലെ ആഘോഷങ്ങൾ. 1960 നു ശേഷം പൊങ്കൽ ആഘോഷിച്ചുതുടങ്ങി.
ഹിന്ദുക്കളും ക്രിസ്ത്യാനികളും ക്രിസ്മസ് ആഘോഷിക്കും. സ്കോട്ട്ലാൻഡിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും എത്തിയ സായിപ്പന്മാരായിരുന്നു കൂടുലതും എന്നതുകൊണ്ട് ക്രിസ്മസിന് മൂന്നുദിവസം വരെ അവധി നൽകിയിരുന്നു.
ഓരോ മഞ്ഞുകാലത്തും തൊഴിലാളികൾക്ക്, പ്രത്യേകിച്ച് സ്ത്രീതൊഴിലാളികൾക്ക് നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെ പറ്റി അമ്മ പറയാറുണ്ട്. അതെല്ലാം നേരിട്ട് കണ്ട് വളർന്നവരുമാണ് ഞങ്ങൾ.
തണുപ്പിൽ തേയില ചെടികൾ കരിയുകയും കൊളുന്തുകൾ വാടുകയും ചെയ്യുന്ന കാലമാണ്, ഈ ആഘോഷങ്ങൾക്കുശേഷം തൊഴിലാളികളെ കാത്തിരുന്നത്. നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി തുടങ്ങിയ നാലു മാസങ്ങളിൽ കൊളുന്തെടുക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടിവരും. ഒരു ദിവസം ഒരു തൊഴിലാളി ശരാശരി എടുക്കേണ്ട കൊളുന്തിന്റെ അളവ് തികയ്ക്കാൻ അവർക്കാകില്ല. ഇന്നും ആ അവസ്ഥ തുടരുകയാണ്. പണ്ട് ട്രേഡ് യൂണിയനുകളുടെ ഇടപെടൽ കാരണം ആവറേജ് കൊളുന്തിന്റെ അളവ് ഈ മാസങ്ങളിൽ കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു. അങ്ങനെ ശരാശരി 24 കിലോ കൊളുന്ത് എടുക്കണമെന്ന വ്യവസ്ഥ 14- 16 കിലോയിലേക്ക് ചുരുക്കി. പക്ഷേ 16 കിലോ തന്നെ പറിക്കാൻ തൊഴിലാളികൾക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു എന്ന് അമ്മയും മറ്റു തൊഴിലാളികളും പറയാറുണ്ട്.
2019 നവംബർ വരെ അമ്മ പ്രേമലത ചിറ്റിവര എസ്റ്റേറ്റ് സൗത്ത് ഡിവിഷനിലെ തൊഴിലാളിയായിരുന്നു. 45 വർഷത്തോളം അമ്മ ആ എസ്റ്റേറ്റിലെ തേയിലക്കാട്ടിൽ കൊളുന്ത് നുള്ളുന്ന പണി ചെയ്തു. ഓരോ മഞ്ഞുകാലത്തും തൊഴിലാളികൾക്ക്, പ്രത്യേകിച്ച് സ്ത്രീതൊഴിലാളികൾക്ക് നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെ പറ്റി അമ്മ പറയാറുണ്ട്. അതെല്ലാം നേരിട്ട് കണ്ട് വളർന്നവരുമാണ് ഞങ്ങൾ. രാവിലെ വീട്ടിൽ ഭക്ഷണമുണ്ടാക്കണം. എട്ടരയാകുമ്പോൾ ഫീൽഡിലെത്തണം. കരിഞ്ഞു പോകാത്തതും വാടിപ്പോവാത്തതുമായ കൊളുന്തുകൾ പറിക്കണം. 16 കിലോ ആവറേജിൽ 8 കിലോ നിർബന്ധമായും പറിച്ചിരിക്കണം.
1995 വരെ ഈ അവസ്ഥയാണ് തേയിലക്കാടുകളിലുണ്ടായിരുന്നത്. കൊളുന്ത് കൈകൊണ്ട് എന്നതിനുപകരം കത്രിക കൊണ്ട് വെട്ടാൻ തുടങ്ങിയപ്പോൾ പണി ഇരട്ടിയായി. കൈകൊണ്ട് 24 കിലോ വരെ വെട്ടിയിരുന്നത് കത്രികയിലേക്ക് മാറിയപ്പോൾ 50 കിലോ വരെ വെട്ടേണ്ടിവന്നു. അധ്വാനം ചൂഷണം ചെയ്യാൻ കമ്പനിക്കാർ കണ്ടെത്തിയ തന്ത്രമായിരുന്നു കത്രിക. തേയിലക്കാടുകളിൽ അത്രത്തോളം വെട്ടി തളർന്നുപോയ സ്ത്രീകൾക്ക് എല്ലിന്റെ ബലഹീനത, തളർച്ച, മജ്ജയിൽ ഒരു തരം വേദന തുടങ്ങിയ രോഗങ്ങൾക്ക് ഇരയാവേണ്ടി വന്നു. ഡോക്ടർമാർ എല്ല് തേയ്മാനം എന്നാണ് ഈ രോഗത്തെ വിളിച്ചത്. നിരന്തരമായി കൊളുന്തെടുക്കുന്ന തൊഴിലാളികൾക്ക് 40 വർഷത്തെ സർവീസ് കഴിയുമ്പോൾ ബാക്കിയാകുന്നത് നട്ടെല്ല്, കാൽ, കൈ വേദനയാണ്. ഈ വേദന മരണം വരെ അനുഭവിക്കുക മാത്രമായിരുന്നു പോവഴി. ഒന്നാം തലമുറ തൊഴിലാളികൾ ഇത്തരം വേദന അനുഭവിച്ചിട്ടില്ല. കാരണം അവരുടേത് തനി നാടൻ ഭക്ഷണ രീതിയായിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായാണ് രണ്ടാം തലമുറക്കാർ ജീവിച്ചത്. രണ്ടാം തലമുറക്കാരിൽ പലർക്കും മാരക അസുഖങ്ങൾ വന്ന് 60, 70 വയസ്സ് ആവുമ്പോഴേക്കും മരിക്കും. ഇങ്ങനെ മരിച്ച ഒരുപാട് സ്ത്രീകൾ ഹൈറേഞ്ചിലുണ്ട്.
മറ്റുള്ള സമൂഹങ്ങളുമായി താരതമ്യപ്പെടുത്തിയാൽ പുരുഷാധിപത്യം കുറവുള്ള പ്രദേശമാണ് എസ്റ്റേറ്റ് മേഖല, പ്രത്യേകിച്ച് മൂന്നാർ മേഖല. പുരുഷന്മാർ അവരുടെ പണി കഴിഞ്ഞ് ഉച്ചയാകുമ്പോഴും വീട്ടിലെത്തും. പണ്ടത്തെ കാലത്ത് അങ്ങനെയായിരുന്നില്ല എന്നാണ് മുത്തശ്ശൻ പറയുന്നത്. എട്ടു മണിയാവുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങുന്ന അവർ ഫീൽഡിലെത്തി അവിടെ തന്നെ ഉച്ചഭക്ഷണം കഴിച്ച് വീണ്ടും കൊളുന്തെടുക്കും. കൊളുന്തുകൾ കാളവണ്ടികളിൽ കയറ്റിവിട്ട് രാത്രി വീടെത്തും.
ചിറ്റിവരയോട് ചേർന്ന അഴിഞ്ഞുമാട് എന്ന കൊടും വനപ്രദേശത്ത് വന്യജീവികളെ ഭയന്ന് ചിറ്റിവരയിലേക്ക് മാറിയ തൊഴിലാളികളെക്കുറിച്ചുള്ള കഥകൾ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്. ഇപ്പോഴും അഴിഞ്ഞുമാട്ടിൽ 32-ാം ഏക്കർ കാട്ടിൽ ജോലിക്ക് എല്ലാ തൊഴിലാളികളും ഒന്നിച്ചുപോകണം എന്ന നിർദ്ദേശം നൽകാറുണ്ട്.
മൂന്നാറിലെ 36 എസ്റ്റേറ്റുകളിലും ഇത്തരം കാടുണ്ട്. അവിടത്തെ സ്ത്രീതൊഴിലാളികളുടെ അവസ്ഥ ഇതിലേറെ ബുദ്ധിമുട്ടാണ്. പെട്ടിമുടി, തെന്മല, ഗുണ്ടുമല, വാഗുവാര, നയമക്കാട്, ചൊക്കനാട്, ഗൂഢാരവള, പെരിയക്കാനൽ തുടങ്ങിയ എസ്റ്റേറ്റുകളിൽ മലമുകളിലുള്ള ഇത്തരം കാടുകൾ സ്ത്രീതൊഴിലാളികൾക്ക് എന്നും വെല്ലുവിളിയായിരുന്നു.
ചില സായിപ്പന്മാർ തൊഴിലാളികളെ അടിമകളായിട്ടാണ് കണ്ടിരുന്നത്. കമ്പളി കുളിക്ക്സ് എന്നാണ് തൊഴിലാളികളെ ചില സായിപ്പന്മാർ കളിയാക്കിയിരുന്നത്. അതിന്റെ അർത്ഥം കുളിക്കാത്തവൻ എന്നാണ്.
പേരറിയാത്ത രണ്ട് കങ്കാണിമാർ ഒരു സ്ത്രീയെ മോഹിച്ചിരുന്നു എന്നും ആ സ്ത്രീ എതിർത്തതിനാൽ അവളെ ഇല്ലാതാക്കി എന്നും ഒരു കഥയുണ്ട്. ആ കാടിന്റെ പേര് പൂവാത്തമൊടക്കി എന്നാണ്. പൂവാത്ത എന്ന സ്ത്രീ തൊഴിലാളിക്ക് എന്ത് സംഭവിച്ചു എന്നത് പഴങ്കഥയായി അവശേഷിക്കുന്നു. ആദ്യകാലങ്ങളിൽ കങ്കാണിമാർ സ്ത്രീ തൊഴിലാളികളെ അതിക്രൂരമായി മർദ്ദിക്കുണ്ടായിരുന്നു എന്ന് മുത്തശ്ശി പറയാറുണ്ട്. ശ്രീലങ്കയിൽ നിന്നെത്തിയ സ്ത്രീതൊഴിലാളികൾ ലൈംഗികചൂഷണത്തിനിരയായ കഥകളുണ്ട്. വാൽപ്പാറയിലെ സ്ത്രീതൊഴിലാളികളുടെ ജീവിതം പങ്കുവയ്ക്കുന്ന റെഡ് ടീ എന്ന നോവലിലും സ്ത്രീകളെ സായിപ്പന്മാരും കങ്കാണിമാരും ലൈംഗികമായി വേട്ടയാടാൻ ശ്രമിച്ച സംഭവങ്ങൾ വിവരിക്കുന്നുണ്ട്. അതിൽ നിന്ന് രക്ഷപ്പെട്ടവരുമുണ്ട്. അവർക്കൊപ്പം നിൽക്കുന്ന സ്ത്രീകൾക്ക് ജോലിയിൽ ഇളവു നൽകാറുണ്ട് എന്നും ഈ നോവൽ പരാമർശിക്കുന്നു.
ചില സായിപ്പന്മാർ തൊഴിലാളികളെ അടിമകളായിട്ടാണ് കണ്ടിരുന്നത്. കമ്പളി കുളിക്ക്സ് എന്നാണ് തൊഴിലാളികളെ ചില സായിപ്പന്മാർ കളിയാക്കിയിരുന്നത്. അതിന്റെ അർത്ഥം കുളിക്കാത്തവൻ എന്നാണ്. അഴുക്ക് എന്ന അർത്ഥം കൂടിയുണ്ട് ആ വാക്കിന്. വെള്ളെ തിമിർ എന്ന പുസ്തകത്തിൽ സായിപ്പമാരുടെ ഈ വംശീയ അധിക്ഷേപത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. വൃത്തിയായി ജീവിക്കണമെന്ന് സായിപ്പന്മാർ തൊഴിലാളികളോട് പറയാറുണ്ടെങ്കിലും അതിനുള്ള സാഹചര്യം എസ്റ്റേറ്റിൽ വളരെ കുറവായിരുന്നു. ഒരു കമ്പിളിയും ഒരു കാട്ടും ഒരു ചാക്കും കൊണ്ട് എങ്ങനെയാണ് പത്തിരുപത് പേർ വരെ താമസിക്കുന്ന ഒരു കുടുംബത്തിൽ ‘വൃത്തിയോടെ’ ജീവിക്കുക?
ആദ്യകാല ജീവിതം ഓർക്കുമ്പോൾ ഞങ്ങളുടെ ആൾക്കാർക്ക് കണ്ണ് നിറയാറുണ്ട്. ആ കഥകൾ ഇന്നും എസ്റ്റേറ്റു ജീവിതത്തിന്റെ തുടർച്ചകൾ കൂടിയാണ്.
(തുടരും)