‘ബ്രിട്ടീഷുകാരുടെ മൂന്നാർ’
എന്ന വ്യാജ ചരിത്രം

മൂന്നാറും ചുറ്റുമുള്ള പ്രദേശങ്ങളും കുടിയേറ്റക്കാർ മാത്രം പാർക്കുന്ന സ്ഥലം എന്ന പൊതുബോധം തെറ്റായ സാമൂഹിക നിർമ്മിതിയാണ്. എസ്റ്റേറ്റുകാരുടെ ജീവചരിത്രമല്ല, യഥാർഥ മൂന്നാറിന്റെ ജീവചരിത്രം. ഇവർ കുടിയേറുന്നതിനുമുമ്പുള്ള ആദിമകാല ചരിത്രങ്ങൾ മൺമറഞ്ഞുപോയിരിക്കുന്നു.

മലങ്കാട്- 23

1845-ൽ തന്നെ മൂന്നാർ എന്ന പേര് പ്രസിദ്ധമാണ്. ഈ പേരും ആറിന്റെ ദൃശ്യവും കമ്പനിയുടെ കുറിപ്പുകളിലുണ്ട്. സുപ്പൻ ചെട്ടിയാരുമായി ഭക്ഷ്യ സാധനങ്ങൾക്കുവേണ്ടി കരാർ ഉറപ്പിച്ചത് ഈ കാലഘട്ടത്തിലാണ് എന്ന സൂചനയും തിരുവിതാംകൂർ രാജാക്കന്മാരുടെ വേനൽക്കാല കൊട്ടാരമായിരുന്ന ഈ പ്രദേശത്ത് വെള്ളക്കാർ കൈയ്യേറിയതിനുമുമ്പേ ജനവാസമുണ്ടായിരുന്നു എന്നും സൂചനയുണ്ട്.

ഗുണ്ടലവേളി എന്നറിയപ്പെട്ട പണ്ടത്തെ ഗുണ്ടല ഡാമിനെയും മാട്ടുപ്പെട്ടി ഡാമിനെയും ബന്ധിപ്പിക്കുന്ന ഗുണ്ടല ആറ്റിൻകരയുടെ മറുവശത്തുള്ള മലയുമായി ചേർന്നുകിടക്കുന്ന സാൻഡോസ് എന്ന ആദിവാസി കുടിയിലെ ആറുമുഖ കാണിയും കുടുംബവും പാണ്ഡ്യ രാജാക്കൻമാരുടെ പാരമ്പര്യം പറഞ്ഞ്, ബ്രിട്ടീഷുകാർക്ക് വഴി കാണിച്ചുകൊടുത്തപ്പോൾ അവർക്ക് കിട്ടിയ സമ്മാനത്തെപ്പറ്റിയുള്ള പഴങ്കഥകൾ ഇന്നും ഇവിടെ പ്രചാരത്തിലുണ്ട്. ടർണർ സായിപ്പ് കൊടൈക്കനാൽ മലയിലൂടെയാണ് ഹൈറേഞ്ചിലേക്ക് കയറിവന്നത് എന്ന കഥയുമുണ്ട്.

പിന്നീട് ഗുണ്ടലവേളിയുടെ മറ്റൊരു ഭാഗമായ ചെണ്ടുവരയിൽനിന്ന് മണ്ണവൻചോല എന്നറിയപ്പെടുന്ന കാട്ടുപാതവഴി കേറിയാൽ അഞ്ചിനാട്ടിന്റെ മറ്റൊരു ഭാഗമായ കാന്തളൂരിലെത്താം. ഇന്നത്തെ ചോല ഫോറസ്റ്റ് പണ്ട് മണ്ണവൻചോലയായിരുന്നു. മണ്ണവൻ എന്നാൽ രാജാവ്. പാണ്ഡ്യ രാജാക്കൻമാർ പാർത്തിരുന്ന ചോല ആയതുകൊണ്ട് മണ്ണവൻചോല എന്ന പേരു വന്നതാണെന്ന് അശോകൻ പറഞ്ഞു.

സായിപ്പൻമാരുടെ വേട്ടയാടാനുള്ള കൊതിയാണ് പുതിയ പുതിയ കാട്ടുപാതകളെ സൃഷ്ടിച്ചത്, അതുവഴി പുതിയ പ്രദേശങ്ങളെ കണ്ടെത്തിയത്. ചെണ്ടുവരയുടെ അതിർത്തിയിലുള്ള പടുക്കപ്പാറ മുതൽ 25 കിലോമീറ്ററോളം പടർന്നുകിടക്കുന്ന കാട്ടുപാതയുടെ താഴ് വാരങ്ങളിൽ സ്ഥിതിചെയ്യുന്ന മുനിയറ എന്നറിയപ്പെടുന്ന പാറഗുഹകൾ വരെ, ഹൈറേഞ്ചിൽ പടർന്നുപന്തലിച്ചിരുന്ന ഒരു പ്രാചീന സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളായി ഇന്നും തുടരുന്നു.

1. ആനക്കൊട്ടപ്പാറയില്‍ സ്ഥിതി ചെയ്യുന്ന മുനിയറ, 2. മറയൂര്‍ സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്ന മുനിയറ

ഇരുമ്പുയുഗത്തിൽ തന്നെ ആദിമ മനുഷ്യർ ജീവിച്ചിരുന്നതിന്റെ തെളിവാണ് മൂന്നാറിന്റെ മലനിരകളിൽ കാണപ്പെടുന്ന പാറ ഗുഹകൾ. ചെണ്ടുവര, ഗുണ്ടല എസ്റ്റേറ്റുകളിൽ ഇത്തരം ധാരാളം പാറ ഗുഹകൾ കാണാം. ഈ ഗുഹകളുടെ സാന്നിധ്യം മറയൂരിലെ മുരുകൻ പാറ എന്നറിയപ്പെടുന്ന സ്ഥലം വരെ പടർന്നു കിടക്കുന്നതുകൊണ്ട് ഹൈറേഞ്ച് ആദിമ സംസ്‌കാരത്തിന്റെയും കൂടി അടയാളമാണ്. പ്രാചീന സമൂഹത്തിന്റെ കുറിഞ്ചി, നിലംമലയും മലക്കു ചുറ്റുമുള്ള സ്ഥലങ്ങളുമാണ്. അവിടത്തെ ദൈവം മുരുകനായിരുന്നു. തമിഴരുടെ സംസ്‌ക്കാര പൈതൃകമായ തിണ സിദ്ധാന്തം ഇത്തരത്തിലാണ് മുരുകന്റെ ചരിത്രം പരാമർശിക്കുന്നത്. മുരുകൻ പാറ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തുനിന്ന് നാലഞ്ച് മലകളുടെ അപ്പുറമാണ് പളനിമല. അതുകൊണ്ടായിരിക്കും ഈ പാറ ഗുഹകൾ മുരുകൻ പാറ എന്നറിയപ്പെട്ടത്.

മൂന്നാർ വെറും കുടിയേറ്റക്കാർ രൂപപ്പെടുത്തിയെടുത്ത സ്ഥലമല്ല. തിരസ്‌കരിക്കപ്പെട്ട ആദിമ സംസ്‌കാരത്തിന്റെ അടയാളം കൂടിയാണ്. ബ്രിട്ടീഷുകാർ അല്ല മൂന്നാറിനെ രൂപപ്പെടുത്തിയെടുത്തത്. അവർ വെറും പ്ലാന്റേഷനുകൾ മാത്രമാണ് സൃഷ്ടിക്കാൻ ശ്രമിച്ചത്.

മൂന്നാറും ചുറ്റുമുള്ള പ്രദേശങ്ങളും കുടിയേറ്റക്കാർ മാത്രം പാർക്കുന്ന സ്ഥലം എന്ന പൊതുബോധം തെറ്റായ സാമൂഹിക നിർമ്മിതിയാണെന്ന് സൂചിപ്പിക്കുന്നതാണ് രാജമലയുടെ മുകൾഭാഗത്തുള്ള ഇടമലക്കുടി, ലക്കം കുടി, സാമിയാറലകുടി, ഗുണ്ടലയിലെ മേൽകുടി, കീഴ്കുടി തുടങ്ങിയവ. എന്തായാലും മണ്ണവൻ ചോലയുടെ താഴ് വാരങ്ങളിലും മറയൂരിന്റെ മലനിരകളിലും ചിലന്തിയാറിന്റെ മലനിരകളിലും പടർന്നുകിടക്കുന്ന 20- ഓളം ആദിവാസി കുടികൾ മൂന്നാർ എന്ന സ്ഥലത്തിന്റെ പ്രാചീനരൂപഘടനയെ സൂചിപ്പിക്കുന്നതാണ്. പ്ലാന്റേഷൻ രൂപപ്പെടുത്തിയെടുക്കുന്നതിനുമുമ്പ് ഇവിടെ ആദിമ മനുഷ്യരുടെ സംസ്‌കാരം നിലനിന്നിരുന്നു എന്നതിനെയാണ് ഇത്തരം അവശിഷ്ട അടയാളങ്ങൾ സൂചിപ്പിക്കുന്നത്. ഈ മലകൾ ചുറ്റുചുറ്റായി കിടക്കുന്നതുകൊണ്ട് ഒരു മലയിൽ ജീവിച്ചിരുന്ന ആദിവാസി ഗോത്രവർഗക്കാർ മറ്റു മലനിരകളിൽ ജീവിച്ചിരുന്ന ജനങ്ങളോട് ബന്ധപ്പെട്ടിരുന്നോ എന്നതുമാത്രമാണ് സംശയം. പക്ഷേ, ആദിമകാലം മുതൽ കുരങ്ങണി മലയെ ചുറ്റിയും ജനവാസമുണ്ടായിരുന്നു എന്നത് തെളിയുന്നുണ്ട്. അതുകൊണ്ട്, മൂന്നാർ വെറും കുടിയേറ്റക്കാർ രൂപപ്പെടുത്തിയെടുത്ത സ്ഥലമല്ല. തിരസ്‌കരിക്കപ്പെട്ട ആദിമ സംസ്‌കാരത്തിന്റെ അടയാളം കൂടിയാണ്. ബ്രിട്ടീഷുകാർ അല്ല മൂന്നാറിനെ രൂപപ്പെടുത്തിയെടുത്തത്. അവർ വെറും പ്ലാന്റേഷനുകൾ മാത്രമാണ് സൃഷ്ടിക്കാൻ ശ്രമിച്ചത്. അവിടത്തെ സംസ്‌കാരം നൂറ്റാണ്ടുകൾക്കു മുമ്പേ രൂപപ്പെട്ടതാണ് എന്നതിന്റെ തെളിവാണ് മലമുകളിൽ ഇന്നും താമസിച്ചുവരുന്ന ഗോത്രവർഗ ജീവിതങ്ങളും അവരുടെ ജീവിതശൈലികളും. ചേര, ചോഴ, പാണ്ഡ്യ രാജാക്കന്മാരുടെ കാലത്തോ അല്ലെങ്കിൽ അതിനുമുമ്പോ രൂപപ്പെട്ട മുതുമക്കൾ, താളി എന്ന പെരുംകർപുതൈവുകളെ സൂചിപ്പിക്കുന്നവയാണ്. 3000- വർഷത്തിനുമുമ്പേ രൂപപ്പെട്ട ഒരു സംസ്‌കാരമാണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ജനതകൾ തമിഴകത്തുണ്ട്.

പുതുക്കോട്ട മധുരയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ജില്ലയാണ്. അവിടെയാണ് കീഴടി പുരാവസ്തു ഗവേഷണം നടന്നുവരുന്നത്. അവിടെ കാണപ്പെടുന്ന പാറ ഗുഹകൾക്കും മറയൂരിലെ പാറ ഗുഹകൾക്കും സമാനമായ സാംസ്‌കാരിക ചരിത്രമുള്ളതുകൊണ്ട് ദ്രാവിഡരുടെ വിശാലമായ ഒരു സാംസ്‌കാരിക ബദലിനെയാണ് ഇത്തരം മുനിയറകൾ സൂചിപ്പിക്കുന്നത്.

കേരളത്തിലെ മലയോരങ്ങളിൽ താമസിക്കുന്ന ഗോത്രവർഗക്കാരും, ദ്രാവിഡ സംസ്‌കാരം തങ്ങളുടെ സംസ്‌കാരം എന്നു വിശ്വസിക്കുന്ന, 250 വർഷങ്ങൾക്കുമുമ്പ് ഹൈറേഞ്ചിൽ കുടിയേറി പാർത്ത കുടിയേറ്റ കർഷകരും മുനിയറ എന്ന സങ്കൽപ്പത്തിൽ വിശ്വസിക്കുന്നു. ചിലർ ഇത്തരം മുനിയറകളെ ദൈവങ്ങൾ താമസിച്ചിരുന്ന സ്ഥലങ്ങളായി കണ്ടുവരുന്നു. മറിച്ച്, പഴയ കർക്കാലം എന്നറിയപ്പെട്ട പാലിയോലിത്തിക് പിരീഡിന്റെ സങ്കൽപ്പമായ മെഗാലിത്തിക് പിരീഡ് എന്ന കാലത്ത് രൂപപ്പെട്ടതാണ് മുനിയറകൾ എന്ന സങ്കൽപ്പം മറയൂരിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. 1947- ൽ മറയൂരിലെ ആനക്കൊട്ടപ്പാറ എന്നറിയപ്പെടുന്ന മുനിയറയിൽ പുരാവസ്തു ഗവേഷണം നടത്തിയപ്പോൾ, ഇത് മെഗാലിത്തിക് പിരീഡിൽ രൂപപ്പെട്ട മുനിയറകളാണെന്ന് സൂചന ലഭിച്ചിരുന്നു. 1974- ൽ ഡോ. പത്മനാഭൻ നടത്തിയ പുരാവസ്തു ഗവേഷണത്തിൽ മറയൂർ എന്ന സ്ഥലത്തിനു ചുറ്റും 2000 മുനിയറകളുണ്ട് എന്ന് റിപ്പോർട്ട് ചെയ്യുന്നു. മുനിയറകളെ വിശ്വാസമായി കാണുന്ന മറയൂർ നിവാസികൾ ശാസ്ത്രീയ പഠനത്തിന് അനുവദിക്കുന്നില്ല എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. പക്ഷേ തമിഴ്‌നാട്ടിലെ സേലം, പുതുക്കോട്ട, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിൽ കാണപ്പെടുന്ന മുനിയറകളും മറയൂരിലെ മുനിയറകളും ഒരേ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് പുരാവസ്തുഗവേഷകർ അഭിപ്രായപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാചീന തമിഴകത്തെ സാംസ്‌കാരികചരിത്രം പറയുന്ന പുറനാനൂറ്, അകനാനൂറ് തുടങ്ങിയ സംഘകാല കൃതികളിലും സമാനമായ ഒരു സങ്കല്പം പെരുംകറുപുതൈവുകൾ എന്ന പേരിൽ പ്രതിപാദിക്കുന്നു.

പുതുക്കോട്ട മധുരയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ജില്ലയാണ്. അവിടെയാണ് കീഴടി പുരാവസ്തു ഗവേഷണം നടന്നുവരുന്നത്. അവിടെ കാണപ്പെടുന്ന പാറ ഗുഹകൾക്കും മറയൂരിലെ പാറ ഗുഹകൾക്കും സമാനമായ സാംസ്‌കാരിക ചരിത്രമുള്ളതുകൊണ്ട് ദ്രാവിഡരുടെ വിശാലമായ ഒരു സാംസ്‌കാരിക ബദലിനെയാണ് ഇത്തരം മുനിയറകൾ സൂചിപ്പിക്കുന്നത്. വേണ്ടത്ര ഗവേഷണം നടത്താത്തതുകൊണ്ടും മൂന്നാറിലെ തേയില പ്ലാന്റേഷനുകൾക്കുമുകളിൽ സ്ഥിതിചെയ്യുന്ന റിസർവ് ഫോറസ്റ്റുകളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതുകൊണ്ടും ഇതുപോലെ ആയിരമായിരം തെളിവുകൾ കണ്ടെത്തപ്പെടാനാകാതെ അവശേഷിക്കുന്നു. മാത്രമല്ല, മൂന്നാറിന്റെ ചരിത്രം മനഃപൂർവ്വം മാറ്റിനിർത്തപ്പെടുന്നു.

‘ബ്രിട്ടീഷുകാരുടെ മൂന്നാർ’ എന്ന കച്ചവട തന്ത്രത്തിനായി വെള്ളപൂശി അവതരിപ്പിക്കുന്നതാണ് ഇന്നത്തെ എസ്റ്റേറ്റുകാരുടെ ജീവചരിത്രം. എന്നാൽ, ഇവർ കുടിയേറുന്നതിനുമുമ്പുള്ള ആദിമകാല ചരിത്രങ്ങൾ മൺമറഞ്ഞുപോയിരിക്കുന്നു. ആനക്കൊട്ടപ്പാറയിലെ പ്രാചീന മുനിയറകൾ ചെണ്ടുവര എസ്റ്റേറ്റിൽ നിന്ന് പത്തോ ഇരുപതോ കിലോമീറ്ററിനുള്ളിലാണ്. അതായത്, തേയിലക്കാടുകൾ കഴിഞ്ഞ് ചരിത്രപൈതൃകമായി അവശേഷിക്കുന്ന അടർന്ന കാടുകളായ മണ്ണവൻ ചോലയുടെ താഴ് വരകളിലാണ് ഇത്തരം മുനിയറകൾ. പഴയ ഗുണ്ടലവേളിയും ചെണ്ടുവര, ഗുണ്ടല, എല്ലപ്പെട്ടി, ചിട്ടിവര എസ്റ്റേറ്റുകളും സ്ഥിതി ചെയ്യുന്നത് മണ്ണവൻചോലയുടെ മറുവശത്തുള്ള താഴ് വാരങ്ങളിലാണ്.

1920-കളിൽ തന്നെ മൂന്നാർ ടൗണിൽ ക്ലബുകൾ, തിയേറ്റർ, റേസ് ഹോഴ്‌സ് ഗ്രൗണ്ട് തുടങ്ങിയവ പ്രവർത്തിച്ചുതുടങ്ങി. പഴയ മൂന്നാറിൽ കമ്പനിയുടെ വലിയ ഫാക്ടറിയുണ്ടായിരുന്നു.


‘‘നമുക്കു മുമ്പേ ഇവിടെ ആൾക്കാർ താമസിച്ചിട്ടുണ്ട്. ഞങ്ങൾ ഇവിടെയെത്തിയപ്പോൾ ഈ കാടുകൾ നാത്തുട്ടലുകളായിരുന്നു’’, മുത്തൻ പറഞ്ഞു. ഗുണ്ടല ഡാമിന്റെ മറ്റൊരു ഭാഗത്തുള്ള നൂറടി പാലത്തിന്റെ മേൽവശവും എതിർവശവും കാട്ടുമരങ്ങളാൽ ചുറ്റപ്പെട്ട വനപ്രദേശമാണ്. ഇപ്പോഴും ഗുണ്ടല ഡാമിലെത്തിയാൽ ആ കാഴ്ചകൾ കാണാം. ഡാം നിലനിൽക്കുന്ന ഭാഗം മാത്രം വലിയ ഒരു കാട്ടുപകുതിയിലേക്ക് സഞ്ചരിക്കുന്നതായി തോന്നും. നൂറടി പാലത്തിൽ നിന്ന് പണ്ടത്തെ ചാരായക്കട സ്ഥിതിചെയ്തിരുന്ന ചാരായക്കട സ്റ്റോപ്പ് എന്നറിയപ്പെടുന്ന സ്റ്റോപ്പ് വരെ ഈ കാടുകൾ ഇപ്പോഴും അങ്ങനെത്തന്നെയാണ് കാണപ്പെടുന്നത്. കൃത്യമായി പറഞ്ഞാൽ, ചെണ്ടുവര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് മുകളിലേക്ക് മൂന്ന് കിലോമീറ്റർ പോയാൽ മണ്ണവൻ ചോലയാണ്. ഇതിനോടു ചേർന്നുകിടക്കുന്ന തേയിലക്കാട്ടിൽ നിന്ന് എല്ലാ സ്ഥലങ്ങളിലേക്കും നോക്കാൻ കഴിയും. ഈ വ്യൂ പോയിന്റാണ് സായിപ്പൻമാരെ ഗുണ്ടലവേളി രൂപപ്പെടുത്തിയെടുക്കാൻ സഹായിച്ചത് എന്ന് പണ്ടത്തെ തൊഴിലാളികൾ പറയാറുണ്ട്.

പേയി കാളാൻ

1920- ഓടെ മൂന്നാർ ലോക പ്രശസ്തമായ ഭൂപ്രകൃതിയായി മാറിക്കഴിഞ്ഞു. മൂന്നാറിന്റെ ജീവിതശൈലി ബ്രിട്ടീഷിലെ സായിപ്പമാർ ഏറ്റെടുത്തു. അതിന്റെ ഫലമായി 1920-കളിൽ തന്നെ മൂന്നാർ ടൗണിൽ ക്ലബുകൾ, തിയേറ്റർ, റേസ് ഹോഴ്‌സ് ഗ്രൗണ്ട് തുടങ്ങിയവ പ്രവർത്തിച്ചുതുടങ്ങി. പഴയ മൂന്നാറിൽ കമ്പനിയുടെ വലിയ ഫാക്ടറിയുണ്ടായിരുന്നു. മറ്റു എസ്റ്റേറ്റുകളിൽ നിന്നു വരുന്ന കൊളുന്തുകൾ പൊടിച്ചും പാക്കിംഗ് ചെയ്തും ട്രെയിനുകളിൽ കയറ്റിവിടുകയായിരുന്നു. കൂടാതെ, സായിപ്പൻമാരുടെ എല്ലാ വിനോദങ്ങളും മൂന്നാറിൽ അരങ്ങേറി. അപിൻ, മാർപിൻ തുടങ്ങിയ ലഹരി വസ്തുക്കൾ സായിപ്പൻമാർ ഉപയോഗിച്ചിരുന്നു. കുതിരകൾക്ക് ഒരുതരം പുല്ല് കൊടുത്തിരുന്നു. അത്തരം പുല്ലുകളെ ബോധപ്പുല്ലുകൾ എന്നാണ് തൊഴിലാളികൾ വിളിച്ചിരുന്നത്. മൂന്നാറിന്റെ മലഞ്ചെരിവുകളിലും കുരങ്ങണി പാതതൊട്ട് പടർന്നു കിടക്കുന്ന എസ്റ്റേറ്റുകളിലും മലനിരകളിലും സായിപ്പന്മാർ ഈ പുല്ല് നട്ടുപിടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള പുല്ലുകളുടെ പേരിൽ സ്ഥലനാമങ്ങളുമുണ്ട്. ഈ സ്ഥലങ്ങളെ പുൽമൊട്ട, പുൽമേട് എന്നാണ് തൊഴിലാളികൾ വിളിക്കുന്നത്. അപിൻ, മാർപിൻ തുടങ്ങിയ പ്രത്യേക തരം കൂണുകളും സായിപ്പൻമാർലഹരിവസ്തുക്കളായി ഉപയോഗിച്ചിരുന്നു. അത്തരം കൂണുകൾ തൊഴിലാളികൾ ഉപയോഗിക്കാതിരിക്കാൻ, അവയെ പോയികാളാൻ എന്ന പേരിൽ പ്രചരിപ്പിച്ചു. അത്തരം കാളാനുകൾ തൊഴിലാളികൾ ഉപയോഗിച്ചില്ല. മറിച്ച്, തിന്നാൻ കൊള്ളാവുന്ന കുറച്ച് കൂണുകൾ മാത്രമാണ് തൊഴിലാളികൾ ഉപയോഗിച്ചത്. മരപ്പൊത്തുകളിലും പുൽവേലികളിലും കാണപ്പെടുന്ന അരിസി കാളാൻ, മരക്കാളാൻ തുടങ്ങിയ കൂണുകൾ മാത്രമാണ് തൊഴിലാളികൾ ഭക്ഷണമായി ഉപയോഗിച്ചത്. നീലഗിരിയിലും മൂന്നാറിലും മാത്രമാണ് ഇത്തരം കൂണുകൾ കാണപ്പെടുന്നത്. മാത്രമല്ല കൊടൈക്കനാൽ, മൂന്നാർ, വാൽപ്പാറ, നീലഗിരി തുടങ്ങിയ ഹൈറേഞ്ചുകളിൽ മാത്രമാണ് കുതിരപ്പുൽ, പേയി കാളാൻ തുടങ്ങിയവ വിളയുന്നത്.

ബോധപ്പുൽ കൂടാതെ അരികമ്പുൾ, പടുക്കപ്പുല് തുടങ്ങിയവയും മൂന്നാറിൽ പ്രശസ്തമാണ്. മാത്രമല്ല പടുക്കപ്പുല്ല് എന്നറിയപ്പെടുന്ന പുല്ല് കൊണ്ടാണ് ആദ്യകാലത്ത് ഹൈറേഞ്ചിൽ പുൽക്കൂടുകൾ നിർമ്മിച്ചിരുന്നത്. ഇന്നും മാനേജർ ബംഗ്ലാവുകളിലും മറ്റും വിനോദസഞ്ചാരകേന്ദ്രങ്ങളിലും പുൽക്കുടിലുൾ കാണാം. എസ്റ്റേറ്റുകളിൽ കൃഷി തുടങ്ങിയപ്പോൾ വന്യജീവികളിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ തോടം എന്നറിയപ്പെടുന്ന പറമ്പുകളിൽ തൊഴിലാളികൾ ഇത്തരം കുടിലുകൾ ഉണ്ടാക്കി. ഈ കുടിലുകൾ ഇപ്പോഴും ചില തോട്ടങ്ങളിൽ കാണാം. വട്ടവട, പഴത്തോട്ടം, കോവിലൂർ, ചിലന്തിയാർ എന്നിവിടങ്ങളിലും അഞ്ചുനാട്ടിന്റെ മറ്റു ഭാഗങ്ങളായ കാന്തലൂരിലും ചെട്ടുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇത്തരം പുല്ലുകൾക്ക് മണ്ണിടിച്ചിൽ നിയന്ത്രിക്കാൻ കഴിയുമെന്ന് എന്റെ അപ്പൂപ്പൻ പറയാറുണ്ട്. ആദ്യകാലങ്ങളിൽ അതുകൊണ്ടാണ് ചെരുവുകളിലുള്ള തേയില മൂട്ടിന്റെ തൊട്ടടുത്ത് ഇവ നട്ടുപിടിപ്പിച്ചത്. ഊട്ടിയിലും കൊടക്കാനലിലും ഇത്തരം പുൽമേടുകളും പുൽവെളികളുമുണ്ട്.

മരക്കാളാൻ, ബോധ കാളാൻ, അരിസി കാളാൻ

കാഞ്ചുപുരത്തിന്റെ വരണ്ട ഭൂമികളിൽ നിന്ന് ഞങ്ങളുടെ കുടുംബത്തിൽ കുറച്ചുപേർ വർഷങ്ങൾക്കുമുമ്പ് നീലഗിരി എസ്റ്റേറ്റ് ഭാഗത്ത് എത്തിയിരുന്നു. അച്ഛന്റെ ചെറിയച്ഛൻ കീഴായും കുടുംബാംഗങ്ങളുമാണ് ഇപ്പോഴും അവിടെയുള്ളത്. ഊട്ടിയേക്കാൾ തണുപ്പുള്ള സ്ഥലമാണ് മൂന്നാർ. അതുകൊണ്ടാണ് സായിപ്പന്മാർ നീലഗിരി മലയിൽ നിന്ന് കുരങ്ങണി മലയിലേക്ക് കൂട്ടപാലായനം ചെയ്തത്.

പലതരം പുല്ലുകൾ യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് ഇറുക്കുമതിചെയ്ത സായിപ്പന്മാർ മലമുകളിലെ മൂടുകളിലാണ് ആ പുല്ലുകൾ വെച്ചുപിടിപ്പിച്ചത്. ചിറ്റിവര എസ്റ്റേറ്റിലെ തേയിലക്കാടുകളിൽ ഇന്നും ഇതുപോലെയുള്ള പുല്ലുകൾ കാണാം.
150 വർഷങ്ങളിലേറെ വലിയ മാറ്റമില്ലാതെ തുടരുകയാണ്, സായിപ്പൻമാർ രൂപപ്പെടുത്തിയെടുത്ത തേയിലക്കാടുകൾ.

തമിഴ്‌നാട്ടിൽ ബത്തല കൊണ്ട് എന്ന സ്ഥലത്തിനടുത്തായി സ്ഥിതിചെയ്യുന്ന കൊടൈക്കനാൽ എസ്റ്റേറ്റുകളിലും നീലഗിരി, മൂന്നാർ, വാൽപ്പാറ എസ്റ്റേറ്റുകളിലും ജീവിക്കുന്ന ഓരോ തൊഴിലാളിക്കും ഇങ്ങനെയൊരു ചരിത്രം കൂടിയുണ്ട്. പൊതുസമൂഹം അവരെ കുടിയേറ്റക്കാർ എന്നാണ് വിശേഷിപ്പിക്കുന്നത് എങ്കിലും, അവർ തനതായ ഒരു സംസ്‌കാരം ഉൾക്കൊണ്ട് ജീവിച്ചു വരികയാണ്. കൊടൈക്കനാൽ, ഊട്ടി, വാൽപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ ജീവിതത്തിൽ നിന്ന് വളരെ വ്യത്യസ്തമായ സാംസ്‌കാരമാണ് മൂന്നാറിൽ നിലനിൽക്കുന്നത്.

(തുടരും)

Comments