ദേവികുളം വില്ലേജോഫീസ് എന്ന
ബ്യൂറോക്രാറ്റിക് സാമ്രാജ്യം

‘‘ഞങ്ങളുടെ അച്ഛനൊക്കെ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്; നമ്മളെല്ലാം ഇത്രയും കാലം കേരളത്തിൽ ജീവിച്ചിട്ടും മലയാളികൾക്കൊപ്പമെത്താനാകുന്നില്ലല്ലോ എന്ന്. അന്ന് അപ്പക്ക് മലയാളം പഠിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഞങ്ങൾക്കും ഞങ്ങളുടെ തലമുറക്കും ആ തേയിലക്കാട്ടിൽ നിന്നും അടിമ ജീവിതത്തിൽനിന്നും എന്നോ രക്ഷപ്പെടാൻ കഴിയുമായിരുന്നുവെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്’’- പ്രഭാഹരൻ കെ. മൂന്നാറിന്റെ ആത്മകഥ തുടരുന്നു.

മലങ്കാട്- 39

പൗരാവകാശങ്ങളെക്കുറിച്ചുള്ള അജ്ഞതയും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതും മൂലമാണ് മൂന്നാറിലെ എസ്റ്റേറ്റ് തൊഴിലാളികൾക്ക് അഞ്ചു തലമുറകളോളം കമ്പനിക്കാരുടെ ചൂഷണത്തിനിരയാകേണ്ടിവന്നത്. ഇത്തരമൊരു പാശ്ചാത്തലം ഇപ്പോഴും തുടരുന്നതിനുപുറകിൽ ഏത് ശക്തികളാണ് പ്രവർത്തിക്കുന്നത്?

അവകാശബോധമുള്ള സമൂഹമായി മാറാൻ അവരെ അനുവദിക്കാത്തത് രാഷ്ട്രീയ പാർട്ടികളുടെ നിക്ഷിപ്ത താൽപര്യങ്ങളാണോ, ഭരണകൂടങ്ങളുടെ നിഷ്ക്രിയത്വമാണോ, അതോ തൊഴിലാളികളുടെ തന്നെ അലസതയോ?
ഈ ഘടകങ്ങൾ തമ്മിൽ വേർതിരിച്ചെടുക്കാനാകാത്ത വിധം അതിസങ്കീർണമാണ് മൂന്നാറിലെ ഇപ്പോഴത്തെ അവസ്ഥ.

Photo: flickr / Juice Soup

വർഷങ്ങൾക്കുമുമ്പ് വിദ്യാഭ്യാസം ഉപേക്ഷിച്ചവരും ഇന്നത്തെ തലമുറയിൽ വിദ്യാഭ്യാസം ഉപേക്ഷിച്ചവരും തമ്മിലുള്ള അന്തരം എന്താണെന്ന് കണ്ടെത്താൻ ഗവേഷണം തന്നെ വേണ്ടിവരും. മൂന്നാം തലമുറയ്ക്ക് നഷ്ടപ്പെട്ട വിദ്യാഭ്യാസം തിരിച്ചുപിടിച്ച് നാലാം തലമുറക്കാർ അടിമ ജീവിതത്തിൽനിന്ന് രക്ഷപ്പെടാൻ പരമാവധി ശ്രമിച്ചു. പക്ഷേ അഞ്ചാം തലമുറക്കാർ വിദ്യാഭ്യാസത്തിൽ വളരെ പുറകിലായിപ്പോയി, അതായത് എന്റെ തലമുറ. മൂന്നാറിലെ ഇന്നത്തെ തലമുറ വിദ്യാഭ്യാസത്തെ വിദൂരലക്ഷ്യമായാണ് കാണുന്നത്. അതിന് പല കാരണങ്ങളുണ്ട്.

സാമൂഹികമായി ഏതവസ്ഥയിലാണ് തങ്ങൾ ജീവിക്കുന്നത് എന്ന ബോധം അവർക്കില്ല. എത്ര ബോധവൽക്കരിക്കാൻ ശ്രമിച്ചിട്ടും പലരീതിയിലും പരാജയപ്പെടുന്ന സംവിധാനമാണ് മൂന്നാറിലെ വിദ്യാർത്ഥി സമൂഹങ്ങൾക്കിടയിൽ നിലനിൽക്കുന്നത്. വിദ്യാഭ്യാസപരമായി പുറകിൽ നിൽക്കുന്ന ഒരു ജനതയെ കണ്ടെത്താനും അവർക്ക് വിദ്യാഭ്യാസം നൽകാനും 1990- കൾക്കുശേഷം സർക്കാറുകൾ കൃത്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ കാലത്ത്, അക്ഷരകേരളം പദ്ധതിയുടെ ഭാഗമായി മൂന്നാറിലെ തൊഴിലാളികളെ അക്ഷരം പഠിപ്പിക്കാൻ ശ്രമിച്ചു. ബഹുഭൂരിപക്ഷവും തമിഴ് നാട്ടുകാരായതുകൊണ്ട് തമിഴ് തന്നെ പഠിപ്പിക്കാനായിരുന്നു തീരുമാനം. എഴുതിയും വായിച്ചും തുടങ്ങിയതോടെ സ്വന്തം പേരെഴുതി ഒപ്പിടാൻ ഭൂരിഭാഗം പേർക്കും കഴിഞ്ഞു. ഞാനും അനിയത്തിയുമാണ് അമ്മയെ എഴുത്ത് പഠിപ്പിച്ചത്. അതിനുമുമ്പ് അമ്മ കൈരേഖകൾ കൊണ്ടുമാത്രമാണ് ‘അക്ഷരവിനിമയം’ നടത്തിയിരുന്നത്. എഴുത്തറിവില്ലാതിരുന്ന ഒരു സമൂഹം 1995 ആകുമ്പോഴേക്കും അൽപ്പാൽപ്പമായി പൊതുഅറിവുകൾ നേടിത്തുടങ്ങി. ദേവികുളത്ത് റേഡിയോ സ്റ്റേഷൻ വന്നപ്പോൾ വാർത്തകൾ കൃത്യമായി അറിയാൻ ശ്രമിച്ചു. ഇന്നും എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് മലയാളം അന്യമായി നിൽക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മ മൂലമാണ്.

ഭാഷാ അടിസ്ഥാനത്തിൽ മൂന്നാർ കേരളത്തിൽനിന്ന് വേറിട്ടു നിൽക്കുന്നു, ഇവിടുത്തെ മനുഷ്യരെ ചേർത്തുപിടിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരിക്കലും ശ്രമിച്ചിട്ടില്ല.

1956-ൽ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വേർതിരിച്ചപ്പോഴാണ് മൂന്നാർ കേരളത്തിന്റെ ഭാഗമായത്. കന്യാകുമാരി തമിഴ്നാട്ടിലായപ്പോൾ അവിടെയുള്ളവരെ തമിഴ്നാട് സർക്കാർ സംസ്ഥാന ഭരണഭാഷയായ തമിഴ് കൃത്യമായി പഠിപ്പിച്ചു. അതുകൊണ്ട് അവർക്കിന്ന് എല്ലാ നിലയിലും തമിഴ്നാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കാനാകുന്നു. മാത്രമല്ല, അവരെ തമിഴ് ജനങ്ങളായിട്ടുതന്നെയാണ് കണക്കാക്കുന്നത്.
പക്ഷേ, മൂന്നാറിന്റെ സ്ഥിതി അതല്ല. ഭാഷാ അടിസ്ഥാനത്തിൽ മൂന്നാർ കേരളത്തിൽനിന്ന് വേറിട്ടു നിൽക്കുന്നു, ഇവിടുത്തെ മനുഷ്യരെ ചേർത്തുപിടിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരിക്കലും ശ്രമിച്ചിട്ടില്ല. തമിഴ് മീഡിയം എന്ന കമ്പനിയുടെ വിദ്യാഭ്യാസ രീതിയെയാണ് സർക്കാരും പ്രോത്സാഹിപ്പിച്ചത്. അതുകൊണ്ട് മൂന്നാറുകാർ കേരളത്തിൽ ജീവിച്ച് തമിഴ്നാടിനോട് ചേർന്നുനിൽക്കുന്നവരായി മാറിയിരിക്കുന്നു. ഈ മനുഷ്യരെ തലമുറകൾക്കുമുമ്പ് സർക്കാർ മലയാളം പഠിപ്പിച്ചിരുന്നുവെങ്കിൽ, അടിമജീവിതത്തിൽനിന്ന് അവർക്ക് രക്ഷപ്പെടാനാകുമായിരുന്നു.

ദേവികുളം ആകാശവാണി റേഡിയോ നിലയം

ഞങ്ങളുടെ അച്ഛനൊക്കെ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്; മലയാളികൾ സാക്ഷരതയിൽ വളരെ മുന്നിലാണ്, പക്ഷേ നമ്മളെല്ലാം ഇത്രയും കാലം കേരളത്തിൽ ജീവിച്ചിട്ടും അവർക്കൊപ്പമെത്താനാകുന്നില്ലല്ലോ…
തങ്ങളുടെ മക്കൾ നന്നായി പഠിക്കുന്നുണ്ട് എന്ന് അവർക്കറിയാം. കേരളത്തിന്റെ സംവിധാനം അവർക്ക് അത്രയും ഇഷ്ടവുമാണ്. അതുകൊണ്ടാണ് കുഞ്ഞുനാളിൽ ഞങ്ങളോട് അപ്പ ഇങ്ങനെ പറയാറ്. അന്ന് അപ്പക്ക് മലയാളം പഠിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഞങ്ങൾക്കും ഞങ്ങളുടെ തലമുറക്കും ആ തേയിലക്കാട്ടിൽ നിന്നും അടിമ ജീവിതത്തിൽനിന്നും എന്നോ രക്ഷപ്പെടാൻ കഴിയുമായിരുന്നുവെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അപ്പ മാത്രമല്ല, അപ്പയുടെ തലമുറയിലുള്ളവരും മലയാളം പഠിച്ചിരുന്നെങ്കിൽ ഹൈറേഞ്ചിന്റെയോ മൂന്നാറിന്റെയോ അവസ്ഥ മാറുമായിരുന്നു. എല്ലാതരത്തിലും പറ്റിക്കപ്പെട്ട ഒരു ജനതയാണ് ഞങ്ങൾ. ഒരു കാലത്ത് കമ്പനിക്കാരും ഇപ്പോൾ ബ്യൂറോക്രസിയും മാറിമാറി പറ്റിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹം. ഞങ്ങളുടെ ജീവിതം തന്നെയാണ് അതിന് സാക്ഷി.

വില്ലേജ് ഓഫീസർമാരും തഹസിൽദാർമാരും തുടങ്ങി ഉയർന്ന ഉദ്യോഗസ്ഥർ വരെ തൊഴിലാളികളെ തലമുറതലമുറകളായി ചൂഷണം ചെയ്ത ചരിത്രമാണ് ദേവികുളം ഹിൽസ് പ്ലാന്റേഷൻ തൊഴിലാളികൾക്ക് പറയാനുണ്ടാവുക.

കമ്പനിക്കാരുടെ ചെക്ക് റോൾ ലിസ്റ്റും നെയിം റെക്കോർഡുകളും പരിശോധിച്ചാൽ ഈ കാര്യം കൃത്യമായി മനസ്സിലാവും. കമ്പനി ആളെടുക്കുന്ന സമയത്ത് പേര് കൊടുക്കുമ്പോൾ, റൈറ്റർമാരും ഓഫീസർമാരും അവർക്ക് തോന്നിയ പേരുകളാണ് എഴുതിച്ചേർക്കുക. മൂന്നാറിലെ തൊഴിലാളികൾക്ക് പേരു​പോലും സ്വന്തമല്ല എന്നർഥം. കെ.ഡി.എച്ച് വില്ലേജ് ഓഫീസിൽ ചെന്നാൽ ഈ പേരിന്റെ പേരിൽ വലിയ തർക്കം നടക്കാറുണ്ട്. കാരണം മലയാളി ഉദ്യോഗസ്ഥർ തൊഴിലാളികളെ പുച്ഛത്തോടെയാണ് കാണുക. ചെറുപ്പത്തിൽ ഇത്തരം ഒരുപാട് സംഭവങ്ങൾക്ക് ഞാൻ സാക്ഷിയായിട്ടുണ്ട്. വില്ലേജ് ഓഫീസർമാരും തഹസിൽദാർമാരും തുടങ്ങി ഉയർന്ന ഉദ്യോഗസ്ഥർ വരെ തൊഴിലാളികളെ തലമുറതലമുറകളായി ചൂഷണം ചെയ്ത ചരിത്രമാണ് ദേവികുളം ഹിൽസ് പ്ലാന്റേഷൻ തൊഴിലാളികൾക്ക് പറയാനുണ്ടാവുക. അച്ഛൻ ഇത്തരം ഉദ്യോഗസ്ഥരോട് നിരന്തരം കലഹിക്കാറുണ്ട്. അച്ഛന് മലയാളം വായിക്കാനും എഴുതാനും അറിയില്ല. ഞങ്ങളുടെ ജാതി സർട്ടിഫിക്കറ്റിനും വരുമാന സർട്ടിഫിക്കറ്റിനുമൊക്കെ വില്ലേജ് ഓഫീസിൽ ചെല്ലുമ്പോൾ കൈക്കൂലി ചോദിക്കും, അവരോട് ബഹളമുണ്ടാക്കി തിരിച്ചുവരും. ഈ അനുഭവം കൊണ്ടാകാം, ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അച്ഛൻ എന്നെ പൊതുകാര്യങ്ങളെക്കുറിച്ച് പറഞ്ഞുതന്നു.

ഇന്ന് വില്ലേജ് ഓഫീസിന് മൂന്ന് സോണുകളുണ്ട്. പക്ഷേ, പണ്ട് അടിമാലി മുതൽ ദേവികുളം വരെയുള്ള പ്രദേശങ്ങളുടെ താലൂക്ക് ഓഫീസ് ദേവികുളം മാത്രമായിരുന്നു. ചിറ്റിവരയിൽ നിന്ന് 36 കിലോമീറ്റർ ദൂരമുള്ള മൂന്നാറിലേക്ക് ജീപ്പിലും അവിടെനിന്ന് പത്തു രൂപ കൊടുത്ത് ദേവികുളം വില്ലേജ് ഓഫീസിലേക്ക് മറ്റൊരു ജീപ്പിലും വേണം ഞങ്ങൾക്ക് പോകാൻ. Photo: flickr / fraboof

ഇന്ന് വില്ലേജ് ഓഫീസിന് മൂന്ന് സോണുകളുണ്ട്. പക്ഷേ, പണ്ട് അടിമാലി മുതൽ ദേവികുളം വരെയുള്ള പ്രദേശങ്ങളുടെ താലൂക്ക് ഓഫീസ് ദേവികുളം മാത്രമായിരുന്നു. ചിറ്റിവരയിൽ നിന്ന് 36 കിലോമീറ്റർ ദൂരമുള്ള മൂന്നാറിലേക്ക് ജീപ്പിലും അവിടെനിന്ന് പത്തു രൂപ കൊടുത്ത് ദേവികുളം വില്ലേജ് ഓഫീസിലേക്ക് മറ്റൊരു ജീപ്പിലും വേണം ഞങ്ങൾക്ക് പോകാൻ. മലയാളം അറിയാത്തതുകൊണ്ട് ഫോം പൂരിപ്പിക്കുന്നവർക്ക് 20 രൂപ കൊടുക്കണം. വില്ലേജ് ഓഫീസിലെ പ്യൂൺ മുതൽ ഓഫീസർ വരെയുള്ളവർക്ക് കൈക്കൂലി കൊടുക്കണം. അവർ റേഷൻകാർഡിന്റെ കോപ്പിയും ഇലക്ഷൻ ഐ ഡിയും സാലറി സർട്ടിഫിക്കറ്റിന്റെ കോപ്പിയും ചോദിക്കും, എന്തെങ്കിലും പറഞ്ഞ് അപേക്ഷ നിരസിക്കാൻ ശ്രമിക്കും. ഒരു തൊഴിലാളിക്ക് ‘ഏജന്റിനെ’ കാണാതെ വില്ലേജ് ഓഫീസിൽ കയറാൻ പോലും പറ്റുമായിരുന്നില്ല. രാഷ്ട്രീയക്കാരോട് പരാതി പറഞ്ഞാലും ഫലമില്ല. ഒരിക്കൽ ദേവികുളം വില്ലേജ് ഓഫീസിൽ ഒരു കാഴ്ച കണ്ടു. ഒരു അമ്മ, തമിഴ്നാട്ടിൽ എസ്.എസ്.എൽ.സി പാസായ മകനെയും കൊണ്ട് പ്ലസ് വണിൽ ചേരാൻ ജാതി സർട്ടിഫിക്കറ്റിനും വരുമാന സർട്ടിഫിക്കറ്റിനുമായി കാത്തിരിക്കുകയാണ്. ക്ലർക്ക് ആ അപേക്ഷ നിരാകരിക്കും എന്ന മട്ടിലാണ് അവരോട് പെരുമാറുന്നത്.
അമ്മയോട് അയാൾ പേര് ചോദിച്ചു. അവർക്ക് മലയാളം അത്ര വശമില്ലാത്തതുകൊണ്ട്, താത്തയുടെ പേരാണ് ചോദിച്ചതെന്നു കരുതി താത്തയുടെ പേര് പറഞ്ഞു. ഉദ്യോഗസ്ഥർ കൂട്ടച്ചിരി ചിരിക്കുന്നു. താൻ എന്തോ തെറ്റായി പറഞ്ഞതായി ആ അമ്മ മനസ്സിലാക്കി. ‘സാർ നീങ്ക ചൊൽറത് പുരിയല’ എന്ന് അവർ പറഞ്ഞു. ഉടൻ ക്ലർക്ക്, തൊട്ടടുത്തിരിക്കുന്ന ഏജന്റിനെ വിളിച്ചു. ഏജന്റ് ഇരയെ കിട്ടിയ മട്ടിൽ ആ അമ്മയെ കൊണ്ടുപോയി അപേക്ഷകളിൽ എന്തൊക്കെയോ ചെയ്തിട്ട് 100 രൂപ ആവശ്യപ്പെട്ടു. ഇത്തരം കെട്ടുകണക്കിന് അപേക്ഷകളാണ് ഓരോ അധ്യയനവർഷാരംഭത്തിലും കെ.ഡി.എച്ച് വില്ലേജ് ഓഫീസിൽ വരുന്നത്. ഞങ്ങളുടെ ചെറുപ്പത്തിൽ ഇത് സ്ഥിരം കാഴ്ചയായിരുന്നു.

ഉദ്യോഗസ്ഥരുടെ കാരുണ്യത്തിനായി കാത്തുനിൽക്കുന്ന ഒരുപാട് തൊഴിലാളികളെ കണ്ടിട്ടുണ്ട്.

ഞങ്ങളും കേരളത്തിൽ ജീവിക്കുന്നവരാണ്, എന്നിട്ടും എന്തുകൊണ്ടാണ് ഞങ്ങളെ മാത്രം ഇവർ ഇത്രയും ദ്രോഹിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. മറ്റൊരാവശ്യത്തിന് ഒരു ദിവസം ഞാൻ വില്ലേജ് ഓഫീസിലെ ക്ലർക്കിനരികിലെത്തി. അപേക്ഷ ആരാണ് പൂരിപ്പിച്ചു തന്നത് എന്ന് അയാൾ ചോദിച്ചു.
അവിടത്തെ ഒരു കടയുടെ പേരു പറഞ്ഞു.
അപേക്ഷ നോക്കിയിട്ട്, അച്ഛൻ എവിടെയാണ് പഠിച്ചത് എന്ന് ചോദിച്ചു.
തമിഴ്നാട്ടിലാണ് എന്നു പറഞ്ഞു.
തമിഴ്നാട്ടിൽ പഠിച്ച അച്ഛന്റെ സ്കൂൾ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ജാതി സർട്ടിഫിക്കറ്റിന് ശുപാർശ ചെയ്യാൻ പറ്റൂ എന്നായി അയാൾ, വരുമാന സർട്ടിഫിക്കറ്റ് തരില്ല എന്നും പറഞ്ഞു.
ഞാൻ കേരളത്തിൽ പഠിച്ച ആളാണ്, പത്താം ക്ലാസ് കഴിഞ്ഞു, സർട്ടിഫിക്കറ്റിൽ ഹിന്ദു പറയൻ എന്ന് എഴുതിയിട്ടുണ്ട്, അതുകൊണ്ട് സർട്ടിഫിക്കറ്റ് തന്നെ പറ്റൂ, അല്ലെങ്കിൽ ഞാൻ പ്രശ്നമുണ്ടാക്കും എന്നു പറഞ്ഞു. അയാൾ അപേക്ഷ വലിച്ചെറിഞ്ഞു. ‘താൻ പോയി പ്രശ്നമുണ്ടാക്കടാ’ എന്നും പറഞ്ഞു.

ദേവികുളം താലൂക്ക് ഓഫീസ്

ഉദ്യോഗസ്ഥരുടെ കാരുണ്യത്തിനായി കാത്തുനിൽക്കുന്ന ഒരുപാട് തൊഴിലാളികളെ കണ്ടിട്ടുണ്ട്. ആരൊക്കെയോ പൂരിപ്പിച്ചുകൊടുത്ത അപേക്ഷകളുമായി മാസങ്ങളോളം വില്ലേജ് ഓഫീസിൽ കയറിയിറങ്ങുന്ന ഒരു തൊഴിലാളിയെ ഒരിക്കൽ കണ്ടു. പേരറിയാത്ത അയാളുടെ മുഖം ഇന്നും മനസ്സിലുണ്ട്. അയാളുടെ അച്ഛന്റെ പേര് ചെല്ലയ്യ എന്നാണ്. പക്ഷേ വില്ലേജ് ഓഫീസർ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ചോലയ്യ എന്നാണ്.
ഈ അനീതി കണ്ടപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു, ഇദ്ദേഹത്തിന് സർട്ടിഫിക്കറ്റ് കിട്ടാൻ എങ്ങനെയെങ്കിലും സഹായിക്കണമെന്ന്. തഹസിൽദാർ ഓഫീസിലേക്ക് പോകുന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു രാജാവിന്റെ കൊട്ടാരത്തിലേക്ക് പോകുന്നതിന് തുല്യമാണ്. ആൾക്കാരെ അങ്ങനെയൊന്നും എളുപ്പം കയറ്റിവിടില്ല, പ്രത്യേകിച്ച് എസ്റ്റേറ്റിലെ തൊഴിലാളികളെ. ദേവികുളം വില്ലേജോഫീസിലേക്ക് പോകുന്നത് ഇന്നും അങ്ങനെയാണ്.

പതിനായിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ അപമാനിക്കപ്പെടുന്ന ഓഫീസാണ് ദേവികുളം വില്ലേജ് ഓഫീസ്. പത്താം ക്ലാസ് കഴിഞ്ഞ്, 2002 മുതൽ ദേവികുളം വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ കയറിയ അന്നു തൊട്ട് ഈ പ്രശ്നങ്ങൾ ഇന്നും തുടരുന്നു.

ഒരിക്കൽ വല്യച്ഛന്റെ മുഖത്തേക്ക് ഐ.ഡി കാർഡ് വലിച്ചെറിയാൻ ശ്രമിച്ച ക്ലർക്കിനെതിരെ പരാതിപ്പെടാൻ ഞാൻ ദേവികുളം തഹസിൽദാർ ഓഫീസിലേക്ക് ഫോൺ വിളിച്ചു. ക്ലർക്ക് അപമര്യാദയായി പെരുമാറി എന്നും നടപടിയെടുക്കണമെന്നും ഡെപ്യൂട്ടി കലക്ടർ കൂടിയായ ആ തഹസിൽദാറോട് ആവശ്യപ്പെട്ടു. പിന്നീട്, എന്റെ നമ്പർ തെരഞ്ഞുപിടിച്ച് തഹസിൽദാർ തിരിച്ചുവിളിച്ച് ക്ഷമ ചോദിച്ചു. ഇത് നടന്നിട്ട് രണ്ടുമൂന്നു വർഷങ്ങളെ ആവുന്നുള്ളൂ, അതായത് 2019 നു ശേഷം, അമ്മയുടെ വിധവാ സർട്ടിഫിക്കറ്റിന് വില്ലേജ് ഓഫീസറെ സമീപിച്ചപ്പോഴാണ് വല്യച്ഛന് ഈ ദുരനുഭവമുണ്ടായത്. വല്യച്ഛൻ അത്യാവശ്യം വിദ്യാഭ്യാസമുള്ള ആളാണ്, പക്ഷേ മലയാളം അത്ര വഴങ്ങില്ല. അമ്മയുടെ വിധവാ സർട്ടിഫിക്കറ്റ് വാങ്ങാൻ സാക്ഷിയായിട്ടാണ് രണ്ട് ആൾക്കാരെയും കൊണ്ട് വല്യച്ഛൻ വില്ലേജ് ഓഫീസിലെത്തിയത്.
മതിയായ തെളിവുകൾ ശരിയാക്കി വന്നാൽ മതിയെന്ന് വില്ലേജ് ഓഫീസിലെ ക്ലർക്ക് മുമ്പ് എന്നോട് പറഞ്ഞിരുന്നു. മാസങ്ങളോളം അലഞ്ഞുതിരിഞ്ഞാണ് എല്ലാം റെഡിയാക്കിയത്. അന്ന് എസ്റ്റേറ്റിലെ റൈറ്ററായിരുന്ന ലൂസ് റൈറ്റർ അമ്മയുടെ പ്രൊവിഡന്റ് ഫണ്ട് രസീപ്റ്റിൽ പ്രേമലത എന്നതിനുപകരം പെരുമാൾ അക്ക എന്നാണ് രേഖപ്പെടുത്തിയത്. പ്രൊവിഡൻ ഫണ്ട് ക്ലോസ് ചെയ്യുന്ന സമയത്താണ് ഈ വിവരം മനസ്സിലായത്. എസ്റ്റേറ്റ് ചെക്ക് റോളിലും ആധാർ ഇലക്ഷൻ ഐ ഡിയിലും പ്രേമലത എന്നു തന്നെയാണ്. അതുകൊണ്ട് ‘വൺ ആൻഡ് സെയിം’ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പ്രൊവിഡന്റ് ഫണ്ട് കിട്ടാത്ത അവസ്ഥയായി. 2019 മുതൽ 2021 വരെ പോരാടിയിട്ടാണ് അമ്മക്ക് ആ തുക ലഭിച്ചത്.

പതിനായിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ അപമാനിക്കപ്പെടുന്ന ഓഫീസാണ് ദേവികുളം വില്ലേജ് ഓഫീസ്. പത്താം ക്ലാസ് കഴിഞ്ഞ്, 2002 മുതൽ ദേവികുളം വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ കയറിയ അന്നു തൊട്ട് ഈ പ്രശ്നങ്ങൾ ഇന്നും തുടരുന്നു.

ഇങ്ങനെ പതിനായിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ അപമാനിക്കപ്പെടുന്ന ഓഫീസാണ് ദേവികുളം വില്ലേജ് ഓഫീസ്. പത്താം ക്ലാസ് കഴിഞ്ഞ്, 2002 മുതൽ ദേവികുളം വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ കയറിയ അന്നു തൊട്ട് ഈ പ്രശ്നങ്ങൾ ഇന്നും തുടരുന്നു. ഗവേഷണം പൂർത്തീകരിച്ച് ജാതി സർട്ടിഫിക്കറ്റ് പുതുക്കാൻ ചെന്നപ്പോഴും ഈ അവസ്ഥ തന്നെയച്‍യിരുന്നു. കേരള യൂണിവേഴ്സിറ്റിക്ക് സമർപ്പിക്കേണ്ട ജാതിരേഖക്കായിട്ടാണ് ജാതി സർട്ടിഫിക്കറ്റ് പുതുക്കാൻ പോയത്. അക്ഷയയിൽ നിന്ന് അയച്ചിട്ട് മാസങ്ങളായിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. വില്ലേജ് ഓഫീസറുടെ സ്ഥലംമാറ്റം കാരണം മൂന്നു മാസമായി ആരുടെ അപേക്ഷയും പരിഗണിക്കുന്നില്ല എന്നായിരുന്നു മറുപടി. ചുമതല ഏറ്റെടുക്കാൻ ആരും തയ്യാറാവുന്നില്ലത്രേ. എന്തെങ്കിലും ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട​പ്പോൾ, ‘നിങ്ങളുടെ അപേക്ഷ സ്പെഷ്യൽ പരിഗണനയിലൂടെ പരിഹരിക്കാം’ എന്ന് അയാൾ പറഞ്ഞു. ഞാൻ അതിന് തയ്യാറായില്ല. മൂന്നുമാസമായി കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിഗണിക്കാതെ എന്റെ മാത്രം എങ്ങനെ പരിഗണിക്കും എന്ന് ഞാൻ ചോദിച്ചു.
പുതിയ ആൾ നാളെ ചാർ​​ജ് എടുക്കും, നിങ്ങൾക്ക് അത്യാവശ്യമുള്ളതുകൊണ്ട് ശരിയാക്കിത്തരാം എന്നായി ക്ലർക്ക്. എന്റെ രേഖകളെല്ലാം ശരിയാണ്, എങ്കിലും അയാൾക്ക് എന്നോട് പുച്ഛമാണ്. അച്ഛന്റെ സ്കൂൾ സർട്ടിഫിക്കറ്റ് വേണമെന്നായി ക്ലർക്ക്. 36 വർഷമായി കേരളത്തിൽ ജീവിക്കുന്ന ഞാൻ എന്തിന് അച്ഛന്റെ സ്കൂൾ സർട്ടിഫിക്കറ്റ് കൊണ്ടുവരണം എന്ന് ചോദിച്ചു. വർഷങ്ങൾക്കുമുമ്പ് തമിഴ്നാട്ടിൽ പഠിച്ച അച്ഛന്റെ സ്കൂൾ സർട്ടിഫിക്കറ്റ് കൈവശമില്ലെന്ന് ഞാൻ പറഞ്ഞു; ‘‘എന്റെ സ്കൂൾ സർട്ടിഫിക്കറ്റുകളിൽ കൃത്യമായ തെളിവുണ്ട്. സർക്കാർ സ്കോളർഷിപ്പ് വാങ്ങിയാണ് ഞാൻ പഠിക്കുന്നത്. രാജീവ് ഗാന്ധി നാഷണൽ ഫെലോഷിപ്പ് ഫോർ എസ്.സി എന്ന ഗവേഷക ഫെലോഷിപ്പും എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാൻ എവിടെയാണ് തട്ടിപ്പ് നടത്താൻ പോകുന്നത്? എന്റെ പിഎച്ച് ഡി സർട്ടിഫിക്കറ്റ് പ്രൊഡ്യൂസ് ചെയ്യാനും ഓപ്പൺ ഡിഫൻസ് കണ്ടക്ട് ചെയ്യാനുമാണ് സർട്ടിഫിക്കറ്റ് പുതുക്കുന്നത്. രണ്ടു കൊല്ലം മുമ്പ് വാങ്ങിയ സർട്ടിഫിക്കറ്റ് കയ്യിലുണ്ട്. അത് നോക്കി നിങ്ങൾ അപ്രൂവൽ ചെയ്താൽ മതി’’ എന്നു പറഞ്ഞു.
മൂന്നു തവണയാണ് ഈയൊരാവശ്യത്തിന് വില്ലേജ് ഓഫീസിലേക്ക് നടന്നത്. 2002-നു ശേഷം 20 വർഷമായി ഒരേ പ്രശ്നമാണ് ഞാൻ അഭിമുഖീകരിക്കുന്നത് എന്നുകൂടി ഓർക്കണം. മൂന്നാമത്തെ തവണ ചെന്നപ്പോൾ പിഎച്ച് ഡി ക്കാരനായതുകൊണ്ട് തഹസിൽദാറെ കാണാൻ ഉടനെ അനുവാദം കിട്ടി. അയാൾ എന്നോട് സൗമ്യമായിട്ടാണ് പെരുമാറിയത്. പക്ഷേ ഡെപ്യൂട്ടി തഹസിൽദാറും ഹെഡ് ക്ലർക്കും എന്നോട് ശത്രുവിനെപ്പോലെയാണ് പെരുമാറിയത്. സൗമ്യനായ മറ്റൊരു ക്ലർക്ക് പറഞ്ഞത്, നീ എപ്പോൾ എത്തിയാലും പ്രശ്നമാണല്ലോടാ എന്നാണ്.
ഞാൻ പറഞ്ഞു, സാറേ പ്രശ്നമുണ്ടാക്കുന്നത് ഞാനല്ല, നിങ്ങളുടെ സംവിധാനമാണ്.
അങ്ങനെ കഷ്ടിച്ച് സർട്ടിഫിക്കറ്റ് വാങ്ങി. ഇത് 2022ൽ നടന്നതാണ്.

ദേവികുളം വില്ലേജ് ഓഫീസിലും തഹസിൽദാർ ഓഫീസിലും രണ്ട് പതിറ്റാണ്ടിലേറെ പരിചയമുള്ള എനിക്ക്, അവിടെ ചെല്ലുന്ന ഓ​രോ തവണയും ഇത്തരം കാഴ്ചകളാണ് ഓർമ വരിക. ഒരിക്കൽപോലും സമാധാനപരമായി അവിടെനിന്ന് സർട്ടിഫിക്കറ്റ് വാങ്ങിയതായി ഓർക്കുന്നില്ല. ഇടയ്ക്ക് ഒന്നോ രണ്ടോ പ്രാവശ്യം അക്ഷയ മുഖാന്തരം സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ മാത്രമാണ്, ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കാതെ സർട്ടിഫിക്കറ്റ് കിട്ടിയത്.

ദേവികുളം വില്ലേജോഫീസിൽ ഇത്തരം നൂറുകണക്കിന് അപേക്ഷകൾ ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് നിരസിക്കപ്പെട്ടിട്ടുണ്ട്, അവരുടെയെല്ലാം പഠനം അതുകൊണ്ടുമാത്രം മുടങ്ങിയിട്ടുമുണ്ട്. ഇന്നും തൊഴിലാളികളോടുള്ള ബ്യൂറോക്രസിയുടെ മനോഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ല.

ഒരിക്കൽ, പ്ലസ് ടുകഴിഞ്ഞ് ഡിഗ്രി അഡ്മിഷനുവേണ്ടി ഒരു സർട്ടിഫിക്കറ്റ് വാങ്ങാൻ പോയപ്പോൾ, കൂട്ടുകാരന്റെ അമ്മയെ കണ്ടു. കൂട്ടുകാരന് തമിഴ്നാട്ടിൽ പ്ലസ് ടു അഡ്മിഷനുവേണ്ടിയുള്ള സർട്ടിഫിക്കറ്റിന് വന്നതാണ്. അമ്മയുടെ അന്നമ്മ എന്ന പേരിലാണ് വില്ലേജ് ഓഫീസിലെ ക്ലാർക്കിന് സംശയം. എങ്ങനെ അന്നമ്മ ആവും, നല്ലമ്മയാണോ എന്നാണ് ക്ലർക്ക് ചോദിക്കുന്നത്. അന്നമ്മ തന്നെയാണ് എന്ന് അവർ ഉറപ്പിച്ചു പറഞ്ഞിട്ടും സർട്ടിഫിക്കറ്റ് കൊടുക്കാതിരിക്കാനുള്ള ന്യായം തേടിക്കൊണ്ടിരുന്നു അയാൾ. ഒന്നും കിട്ടാതായപ്പോൾ, ഏജൻറ് വിളിച്ചിട്ട്, ഇവരുടെ സർട്ടിഫിക്കറ്റ് ഒന്ന് പരിശോധിക്കണം എന്ന് പറയുന്നുണ്ട്. ഉദ്യോഗസ്ഥരെക്കാളും വലുതാണ് ഏജന്റ് എന്ന് എനിക്ക് മനസ്സിലായി.
ഞാൻ ആ അമ്മയുടെ അടുത്തേക്കുചെന്നു. തന്റെ പേരിൽ ഒരു പ്രശ്നവുമില്ല എങ്കിലും ഓരോന്നു പറഞ്ഞ് ​അപേക്ഷ തള്ളുകയാണ് എന്ന് അവർ പറഞ്ഞു. ഞാൻ ആ അമ്മയേയും കൊണ്ട് വില്ലേജ് ഓഫീസിറുടെ അടുത്തേക്ക് ചെന്നു. ഇവരുടെ പേര് അന്നമ്മ തന്നെയാണ് എന്നും ഇവർ താമസിക്കുന്നത് ഞങ്ങളുടെ എസ്റ്റേറ്റിലാണ് എന്നും ഞങ്ങൾ അയൽവാസികളാണ് എന്നും പറഞ്ഞു. വില്ലേജ് ഓഫീസർ എന്നോട് കയർത്തു; ഇവിടെ കയറിവരാൻ ആരാണ് പറഞ്ഞത് എന്നായി അയാൾ.
ഇവരെ സഹായിക്കാൻ വേണ്ടിയാണ് എന്ന് ഞാൻ മറുപടി പറഞ്ഞു. അയാൾ അപേക്ഷയെടുത്ത് ക്ലർക്കിനോട്, ഇയാളുടെ കാര്യമെന്താണ് എന്ന് ചോദിക്കൂ എന്ന് പറഞ്ഞു.
അപ്പോൾ ക്ലർക്ക് പുച്ഛത്തോടെ ചോദിച്ചു, നീ എന്തിനാണ് ഇവരുടെ കാര്യത്തിൽ ഇടപെടുന്നത്? ഞാൻ പറഞ്ഞു; ‘ഞാൻ എസ്റ്റേറ്റിലെ തൊഴിലാളിയുടെ മകനാണ്’.
‘ഇവർക്കും നിനക്കും തമ്മിൽ എന്താണ് ബന്ധം’ എന്നായി ക്ലർക്ക്.
‘ഞങ്ങളുടെ അയൽവാസിയാണ്’ എന്ന് ഞാൻ സൗമ്യതയോടെ പറഞ്ഞു.
‘നിന്റെ കാര്യം റെഡിയായോ’ എന്ന് അയാൾ ചോദിച്ചു, ഇല്ല എന്ന് ഞാൻ പറഞ്ഞു.
അയാൾ ഉദ്ദേശിച്ച കാര്യം എനിക്ക് പിടികിട്ടി. അവർക്ക് മൂന്നരയ്ക്ക് തേനി ഫാസ്റ്റിൽ കയറിയാൽ മാത്രമേ രാത്രിയാവുമ്പോൾ രാജപാളയത്ത് എത്തി, ആ പയ്യന്റെ പ്ലസ് വൺ അഡ്മിഷൻ ഉറപ്പുവരുത്താനാകൂ. ഒരുപാട് രാഷ്ട്രീയക്കാരോട് ഞാൻ ഈ വിഷയം സംസാരിച്ചു. ‘വില്ലേജ് ഓഫിസർ സൊൽരതെ കേളുങ്ക’ എന്നാണ് അവരെല്ലാം പറഞ്ഞത്. ഞാൻ നേരെ അവരെയും കൊണ്ട് തഹസിൽദാറുടെ ഓഫീസിലേക്ക് ചെന്നു. പല കടമ്പകൾ കഴിഞ്ഞാണ് ആ യാത്രയും സാധ്യമായത്. കടത്തിവിടില്ല എന്ന മട്ടിൽ അറ്റൻഡറും എങ്ങനെയെങ്കിലും കടന്നുപോകും എന്ന മട്ടിൽ ഞാനും. എന്റെ സർട്ടിഫിക്കറ്റിന്റെ കാര്യം പിന്നെ ശരിയാക്കാം എന്ന മട്ടിലാണ് ഞാൻ മാനസികമായി തയ്യാറായത്. കാരണം കേരളത്തിലെ ഡിഗ്രി അഡ്മിഷനും തമിഴ്നാട്ടിലെ പ്ലസ് വൺ അഡ്മിഷനും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. എനിക്ക് ഒരു മാസം കൂടി സമയമുണ്ട്. ഒടുവിൽ തഹസിൽദാർ ഇടപെട്ടാണ് അവന് സർട്ടിഫിക്കറ്റ് ലഭിച്ചത്.

എന്നാൽ, ദേവികുളം വില്ലേജോഫീസിൽ ഇത്തരം നൂറുകണക്കിന് അപേക്ഷകൾ ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് നിരസിക്കപ്പെട്ടിട്ടുണ്ട്, അവരുടെയെല്ലാം പഠനം അതുകൊണ്ടുമാത്രം മുടങ്ങിയിട്ടുമുണ്ട്. ഇന്നും തൊഴിലാളികളോടുള്ള ബ്യൂറോക്രസിയുടെ മനോഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ല.

(തുടരും)

Comments