ജീവിതം പടർന്നുകയറിയപ്പോൾ
മൂന്നാറിൽ സംഭവിച്ചത്…

തമിഴ്‌നാട്ടിൽ ജാതിയുടെ അടിസ്ഥാനത്തിൽ അമ്പലങ്ങൾ ഉള്ളതുപോലെ മൂന്നാറിൽ ആദ്യകാലത്ത് കുടിയേറിയ തൊഴിലാളികളുടെ ചിന്തയിലും ജാതിബോധം പ്രകടമാണ്. എങ്കിലും എല്ലാവരും ഒരേപോലെ ജീവിതം നയിക്കാൻ തുടങ്ങിയതുമുതൽ മാറ്റം സംഭവിച്ചു തുടങ്ങി

മലങ്കാട്- 17

ബ്രിട്ടീഷ് കച്ചവടക്കാരിൽ നിന്ന് വളരെ വ്യത്യസ്തനായിരുന്നു ജർമനിൽ നിന്നെത്തിയ ബാരോൻ ജോർജ്ജ് റോസൻബർഗ്. ഓട്ടോവാൻ റോസൻ ബെർഗ് മൂന്നാറിലെത്തിയ ആദ്യ കച്ചവടക്കാരിൽ മുഖ്യനായിരുന്നു. മകൻ ബരോൻ ജോർജ്ജ് റോസൻ ബെർഗും ചുറുചുറുപ്പുള്ള കച്ചവടക്കാരനായിരുന്നു. 1871- കളിൽ തന്നെ ചീങ്കൊയ്നയെ ലോഘാർട്ട് (lockhart) എസ്റ്റേറ്റിൽ നട്ടുപിടിപ്പിച്ചു. ജോൺ മുൺട്രോയെ പോലെ തന്നെ പ്രശസ്തനായിരുന്നു, ചീങ്കൊയ്‌ന എന്നറിയപ്പെടുന്ന മരങ്ങളെ മൂന്നാറിൽ ആദ്യമായി നട്ടുപിടിപ്പിച്ച റോസൻ ബെർഗും. ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യം ഉറപ്പിച്ച സ്ഥലങ്ങളിൽ പ്ലാന്റുകളിൽ ആദ്യം വെച്ചു പിടിപ്പിച്ചത് മലമ്പനിക്കുള്ള ഔഷധ ഗുണമുള്ള ഈ ചെടികളും മരങ്ങളും മാത്രമാണ്.

ബാരോൻ വോൻ റോസൻബെർഗ് (നിൽക്കുന്നവരിൽ ഇടത്തുനിന്ന് മൂന്നാമത്) / Photo: Wikipedia

അടർന്ന കാടുകളിൽ മാത്രമാണ് cinchona വർഗ്ഗത്തിൽപ്പെട്ട ചീങ്കൊയ്‌ന പോലുള്ള മരങ്ങൾ. സൗത്ത് അമേരിക്കൻ രാജ്യമായ പെറുവിലാണ് ഇവയുടെ ജന്മസ്ഥലം. മലമ്പനിക്കും മറ്റു പനികൾക്കും ആധുനിക വൈദ്യശാസ്ത്രം മരുന്നുകൾ കണ്ടുപിടിക്കുന്നതിനുമുമ്പ് ചീങ്കൊയ്‌നയെയാണ് ജനം ആശ്രയിച്ചിരുന്നത്. ഔഷധഗുണം ഏറെയുള്ള ഈ ചെടി Rubiaceae എന്ന നാമത്തിലാണ് അറിയപ്പെടുന്നത്. ട്രോപ്പിക്കൽ ആന്റിയാൻ ഫോറസ്റ്റ് എന്നറിയപ്പെടുന്ന വനങ്ങളിൽ മാത്രമാണ് ഇത് വളരുന്നത്. സൗത്ത് അമേരിക്ക, സെൻട്രൽ അമേരിക്ക, ഫ്രാൻസ്, പോളിനേഷ്യ, സുലവേസി, സെന്റ് ഹെലേന, സൗത്ത് അറ്റ്‌ലാന്റിക് തുടങ്ങിയ സ്ഥലങ്ങൾ കഴിഞ്ഞാൽ ഇന്ത്യയിലും ജാവ ദ്വീപിലും ആണ് ഈ മരങ്ങൾ കാണപ്പെടുന്നത്. ഇന്ത്യയിൽ നീലഗിരി മലമ്പ്രദേശങ്ങളിലും മൂന്നാർ മലനിരകളിലും വാൽപ്പാറയിലുമാണ് ബ്രിട്ടീഷുകാർ ആദ്യം ഈ മരങ്ങൾ വെച്ചുപിടിപ്പിച്ചത്. പക്ഷേ ബ്രിട്ടീഷുകാർക്കു മുമ്പുതന്നെ ജർമ്മനിയിൽ നിന്ന് എത്തിപ്പെട്ട റോസനാണ് മൂന്നാറിൽ ഈ മരങ്ങൾ ആദ്യമായി കൃഷി ചെയ്തത്.

Rubiaceae / Photo: Wikipedia

ബ്രിട്ടീഷ് കച്ചവടക്കാരോട് ഒരിക്കലും സമരസപ്പെടാതെയാണ് ലോഘാർട്ട് എസ്റ്റേറ്റിൽ കച്ചവടം ചെയ്തിരുന്നത്. റോസൻ ബെർഗ് മൂന്നാർ മലനിരകളിൽ ലോഘാർട്ട് എസ്റ്റേറ്റിനെ മാത്രം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ആദ്യം ചീങ്കൊയ്‌ന, കോഫി തുടങ്ങിയ കൃഷികൾ ചെയ്തിരുന്നെങ്കിലും 70- നു ശേഷം മറ്റുള്ള പ്ലാന്റർമാരെപോലെ തേയില കൃഷിയിൽ ശ്രദ്ധ ചെലുത്തി. അങ്ങനെയാണ് ലോഘാർട്ട് എസ്റ്റേറ്റ് രൂപപ്പെട്ടത്. Lock heart എന്നതായിരുന്നു യഥാർത്ഥ നാമം ഹൃദയത്തിന് താങ്ങാൻ പറ്റാത്ത അത്ര തണുപ്പ് ആ പ്രദേശത്ത് അനുഭവപ്പെട്ടതുകൊണ്ടും ഹാർട്ട് ബീറ്റ്‌സ് ലോ ആക്കിയ ആ സ്ഥലത്തിന് റോസൻ ബെർഗ് ലോ ഹാർട്ട് എന്ന പേര് നൽകി. പിന്നീട് ലോഘാർട്ട് എന്നു മാറി. കണ്ണൻ ദേവനും ഫിൻലേ ആൻഡ് മ്യൂർ കമ്പനിയും ടാറ്റാ ടീയും മാറിമാറി മൂന്നാറിനെ ഭരിച്ചപ്പോൾ ലോ ഡാർട്ട് എസ്റ്റേറ്റിന്റെ ഉടമസ്ഥത മാത്രം എന്നും ആ ജർമൻ കച്ചവടക്കാരൻ കൈവശം വെച്ചിരുന്നു. അയാൾ ഒരു രാജാവായി അവിടെ തുടർന്നു. അവിടെ വച്ചുതന്നെയാണ് മരിച്ചതും. 1936-ൽ മൂന്നാറിൽ ആദ്യത്തെ ടീ മ്യൂസിയം രൂപപ്പെടുത്തിയെടുത്തത് അദ്ദേഹമായിരുന്നു. എല്ലാ നിലകളിലും വ്യത്യസ്തനായിരുന്നു റോസൻ ബെർഗ്.

മറ്റുള്ള എസ്റ്റേറ്റുകളെ ബ്രിട്ടീഷുകാർ ഭരിച്ചപ്പോൾ ലോഘാർട്ട് എസ്റ്റേറ്റ് മാത്രം ഒരു ജർമ്മൻകാരൻ ഭരിച്ചു

ലോഘാർട്ട്, മാണല തുടങ്ങിയ ഡിവിഷനുകൾ ചേർന്നതായിരുന്നു ലോഘാർട്ട്. ആയിരക്കണക്കിന് ഏക്കറോളം വരുന്ന കാടുകളുടെ ഉടമസ്ഥത വില്യം ജോർജ് റോസൻ ബെർഗനായിരുന്നു. അവിടെയും മറ്റുള്ള തേയില തോട്ടങ്ങളെ പോലെ തന്നെയായിരുന്നു തൊഴിലാളികൾ ജീവിച്ചിരുന്നത്. ആധിപത്യശക്തികളുടെ നാമവ്യത്യാസം മാത്രമാണ് ലോഘാർട്ടിന് സംഭവിച്ചത്. മറ്റുള്ള എസ്റ്റേറ്റുകളെ ബ്രിട്ടീഷുകാർ ഭരിച്ചപ്പോൾ ലോഘാർട്ട് എസ്റ്റേറ്റ് മാത്രം ഒരു ജർമ്മൻകാരൻ ഭരിച്ചു എന്നതു മാത്രമാണ് വ്യത്യാസം.

ലോഘാർട്ട് ടീ ഫാക്ടറി

ചൊക്കർമുടിയുടെ മറുവശത്ത് കുഴിയിലും ചെറിയ കുന്നുകളിലുമായാണ് ഈ എസ്റ്റേറ്റ്. ജോൺ മുൺട്രോയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന Tea Plantation Society- യുടെ ഭാഗമായി ഇത്തരത്തിലുള്ള കച്ചവടക്കാർ ഒത്തൊരുമിച്ചു പ്രവർത്തിച്ചിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ലോഘാർട്ട് ഗാപ്പിൽ നിന്ന് മറുവശത്ത് സ്ഥിതി ചെയ്യുന്ന താഴ് വാരത്തിലാണ് ബൈസൻവാലി. ബൈസൻവാലി ഏലക്കയുടെ കേന്ദ്രമാണ്. അവിടെനിന്ന് കാട്ടുപാതയിലൂടെ സഞ്ചരിച്ചാൽ കൊച്ചി ധനുഷ്‌കോടി പാതയിലേക്കെത്താം. ബ്രിട്ടീഷ് ഇന്ത്യ കാലഘട്ടത്തിൽ Cole's road എന്നറിപ്പെട്ടിരുന്ന ആ സ്ഥലം ഇപ്പോൾ ഗ്യാപ് റോഡ് എന്നാണ് അറിയപ്പെടുന്നത്. ഗ്യാപ് റോഡിന്റെ താഴ് വാരത്തിൽ പുതിയ മൂന്നാർ. അന്ന് ഈ സ്ഥലം ഉണ്ടായിരുന്നില്ല. മലയുടെ ഉയരത്തിൽ നിന്നും താഴേക്ക് നോക്കുന്നതുപോലെ മാട്ടുപ്പെട്ടി റോഡും ഗ്യാപ്പ് റോഡും മാത്രം.

ഹൈറേഞ്ചിൽ ആദ്യമായി പണിത മുസ്‍ലിം പള്ളിയുണ്ടായിരുന്നതുകൊണ്ടാണ് ആ എസ്റ്റേറ്റിന് പള്ളിവാസൽ എന്ന് പേരിട്ടത്. പള്ളി എന്നാൽ പാലി മൊഴിയിൽ സന്യാസിമാർ തപസിരുന്ന ഗുഹ.

മാട്ടുപ്പെട്ടി റോഡിന്റെ താഴ് വാരത്തിലാണ് ഗൂഡാരവളൈ. കൂടാതെ എസ്റ്റേറ്റിന്റെ തെക്കേ ഭാഗത്ത് കമ്പനിയുടെ മറ്റൊരു എസ്റ്റേറ്റ് കൂടിയായ ഗ്രാംസലന്റ് എസ്റ്റേറ്റും സ്ഥിതി ചെയ്യുന്നു. ഈ എസ്റ്റേറ്റിന്റെ ചെരുവിലാണ് മൂന്നാർ റെയിൽവേ സ്റ്റേഷൻ.
രാമൻ പറഞ്ഞു, പണ്ട് ഈ റോഡുണ്ടായിരുന്നില്ല. ഈ റോഡുകളിൽ കുതിരയും കാളവണ്ടിയും കഴുതകളും മാത്രമാണ് സഞ്ചരിച്ചത്. മറ്റുള്ള സ്ഥലങ്ങൾ കപ്പിത്തേരികൾ മാത്രമായിരുന്നു. ഇന്നത്തെ കമ്പനിയുടെ ഹെഡ് ഓഫീസുള്ള സ്ഥലമായിരുന്നു പണ്ടത്തെ റെയിൽവേ ജംഗ്ഷൻ. അന്ന് രണ്ട് ട്രാക്കുകളുണ്ടായിരുന്നു. ഒന്നിലൂടെ ധാന്യങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും ചാക്കുകളിലാക്കി മൂന്നാറിലേക്ക് എത്തിക്കും. ദേവികുളം റോഡിൽനിന്ന് ഗൂഡാരവളൈ, ഗ്രാംസലന്റ്, കുട്ടിയാർവേലി വഴിയായിരുന്നു റെയിൽവേ ട്രാക്കുകൾ നിർമ്മിച്ചിരുന്നത്. അവിടെ നിന്ന് മാട്ടുപ്പെട്ടി വളരെ അടുത്താണ്- ഇന്ന് 15 കിലോമീറ്ററോളം ചുറ്റിയാണ് മൂന്നാറിലേക്ക് എത്താൻ പറ്റുക. പക്ഷേ റെയിൽപാത ഉണ്ടായിരുന്ന സമയത്ത് ഏഴു കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ മാട്ടുപ്പെട്ടി കുട്ടിയാർവേലിയിലേക്ക് എത്താം.

1906- ൽ ഗുണ്ടലവേളി സ്റ്റീം ട്രാം മൂന്നാർ സ്റ്റേഷനിൽ.

ഫാക്ടറിയിൽ നിന്ന് കപ്പിത്തേരികൾ വഴിയാണ് ട്രെയിനിലേക്ക് ചാക്കുകളും ചായപ്പൊടികളും എത്തിച്ചതെന്ന് മരുതവേൽ പറഞ്ഞു. അങ്ങനെ മൂന്നാറിന്റെ കിഴക്കുവശത്തു നിന്ന് തെക്കേ വശത്തേക്ക് വളരെ സങ്കീർണമായ ഒരു ഭൂപ്രദേശമാണുള്ളത്. റോഡിന്റെ അപ്പുറത്തെ സൈഡിലൂടെ പോകുമ്പോൾ ഇപ്പുറമുള്ള റോഡ് കാണാം. പക്ഷേ അവിടെ നിന്ന് ഒരു പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമാണ് മറ്റൊരു മലയിൽ എത്താൻ പറ്റൂ എന്ന് കന്തസാമി പറഞ്ഞു. ഈ മലകളിൽ നിന്ന് റോപ്പ് മുഖാന്തരം ചരക്കുകൾ താഴേക്കും മുകളിലേക്കും പോവാൻ സാധ്യതകൾ ഏറെയുണ്ടെന്ന് ഇപ്പോഴും മനസ്സിലാക്കാൻ പറ്റും. സായിപ്പൻമാരും അതുതന്നെയാണ് ചെയ്തിരുന്നത്. ഇന്നത്തെ മൂന്നാർ എന്നറിയപ്പെടുന്ന സ്ഥലം സുബ്രഹ്മണ്യസ്വാമി കോവിൽ സ്ഥിതി ചെയ്യുന്ന മലയുടെ താഴ് വാരത്തിൽ ആരും താമസിക്കാത്ത വെറും കാട് മാത്രമായിരുന്നു. അവിടെ തേയില വെച്ചുപിടിപ്പിക്കാൻ സായിപ്പന്മാർ തീരുമാനിച്ചെങ്കിലും ചെമ്മണ്ണായതുകൊണ്ട് തേയില കച്ചവടം സാധ്യമല്ല എന്ന് കണ്ടറിഞ്ഞു. അതുകൊണ്ട് ആ മലനിരകളെ സായിപ്പന്മാർ വെറുതെവിട്ടു എന്ന് എല്ലചാമി പറഞ്ഞു. ‘ചെമ്മണലെ എപ്പടി തേയില വെളയും’, അമ്മാവാസ ചോദിച്ചു.
‘എന്ത മണ്ണുലനാളും അവനുങ്ക വിളവെടുക്കും, നമ്മുടെ കുരുക്ക് ഒടിയും’, മുത്തൻ പറഞ്ഞു; അതിനാണല്ലോ നമ്മെ കൊണ്ടുവന്നത്.

ദേവികുളത്ത് രാമായണത്തിന്റെ മിത്തും പള്ളിവാസലിൽ ജൈനവിശ്വാസത്തിന്റെ മിത്തും ഇന്നും തുടരുകയാണ്. പക്ഷേ ജൈന പള്ളി അല്ലെങ്കിൽ പാറ ഗുഹ എങ്ങനെയാണ് മുസ്‍ലിം പള്ളിയായി മാറ്റപ്പെട്ടത് എന്നതിലുള്ള അവ്യക്തത നിലനിൽക്കുന്നു.

ചീനിയപ്പനും വെള്ളചാമിയും കറുപ്പയ്യാവും കഥ പറഞ്ഞു തുടങ്ങി. ഏതോ പള്ളിവാസലാം അങ്കതാൻയന്ത്രങ്ങളും കറണ്ടും കമ്പനി ഉൽപ്പാദിപ്പിക്കുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട് ചൊക്കനാഥൻ.
ഹൈറേഞ്ചിൽ തന്നെ ആദ്യമായി പണിത മുസ്‍ലിം പള്ളി ആ ഭാഗത്തുണ്ടായിരുന്നു. അതുകൊണ്ടാണ് ആ എസ്റ്റേറ്റിന് പള്ളിവാസൽ എന്ന് പേരിട്ടത്. പള്ളി എന്നാൽ പാലി മൊഴിയിൽ സന്യാസിമാർ തപസിരുന്ന ഗുഹ എന്നാണ് പൊരുൾ. മുനിയറ എന്നു പറയുന്നതുപോലെയാണ്. പിന്നീട് യൂറോപ്യൻ അധിനിവേശ ശക്തികൾ ഇവയെ ഒറ്റ അടയാളമാക്കി മാറ്റാൻ ശ്രമിച്ചപ്പോഴാണ് പ്രാചീന കാലത്ത് രൂപപ്പെട്ടിരുന്നു എന്നറിയപ്പെടുന്ന ബൗദ്ധം, ജൈനം തുടങ്ങിയ വിശ്വാസത്തിന്റെ അടയാളങ്ങൾ ഇല്ലാതായത്. സമനമതം, ബുദ്ധമതം എന്നാണ് തമിഴ് കല്ലെഴുത്തുക്കൾ ഈ പൈതൃകത്തെ അടയാളപ്പെടുത്തുന്നത്. സമനമത സന്യാസികൾ പാർത്തിരുന്ന പാറ ഗുഹകളെ സമനപള്ളി എന്നാണ് ബി.സി ഏഴാം നൂറ്റാണ്ടിനു ശേഷം ലഭിച്ച കല്ലെഴുത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നത് എന്ന് കല്ലെഴുത്തുകളെ മുൻനിർത്തി പുരാവസ്തു ഗവേഷണത്തിൽ ഏർപ്പെട്ടിരുന്ന ഐരാവതം മഹാദേവൻ പറയുന്നു.

ഐരാവതം മഹാദേവൻ

തമിഴ് സംഘസാഹിത്യത്തിൽ ബുദ്ധമത സന്യാസികൾ തപസ്സിരുന്ന സ്ഥലത്തെ ബുദ്ധപീടിക എന്നും സമനമത സന്യാസികൾ പാർത്തിരുന്ന സ്ഥലത്തെ സമനപള്ളി എന്നും അറിയപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പള്ളിവാസൽ എന്ന സ്ഥലം ജൈനസന്യാസികളുടെ സ്ഥലമായിരിക്കാം എന്ന് ഊഹിച്ചെടുക്കാം. ആധികാരികമായ പഠനങ്ങൾ നടക്കാത്തതുകൊണ്ട് ഉറപ്പിച്ചുപറയാൻ കഴിയില്ല. ദേവികുളത്ത് രാമായണത്തിന്റെ മിത്തും പള്ളിവാസലിൽ ജൈനവിശ്വാസത്തിന്റെ മിത്തും ഇന്നും തുടരുകയാണ്. പക്ഷേ ജൈന പള്ളി അല്ലെങ്കിൽ പാറ ഗുഹ എങ്ങനെയാണ് മുസ്‍ലിം പള്ളിയായി മാറ്റപ്പെട്ടത് എന്നതിലുള്ള അവ്യക്തത നിലനിൽക്കുന്നു.

മൂന്നാറിലെ ചരിത്രമിത്തുകൾ ഇങ്ങനെയാണ്. പള്ളിവാസലിലെ ആ പള്ളിയിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്‍ലിം ജനതകൾ ഒരുമിച്ച് പ്രാർത്ഥിച്ചുവരുന്നു. ആദിയിൽ ഇത് എങ്ങനെ നിലനിന്നിരുന്നു എന്ന ചരിത്രമില്ലാതായതോടെയാണ് ഇത്തരത്തിലുള്ള പ്രാർത്ഥന ഇന്നും തുടരുന്നത്.

1910- കളിൽ തന്നെ ഹൈഡ്രോ ഇലക്ട്രിക് സ്റ്റേഷൻ ഈ ഭാഗത്ത് രൂപപ്പെടുത്തിയെടുത്ത് സായിപ്പൻമാർ കച്ചവട ലോകത്തെ ഞെട്ടിച്ചിരുന്നുവെന്ന് പളനിയമ്മ പറഞ്ഞു. തൊള്ളായിരങ്ങളിൽ കുടിയേറി പാർത്ത കാലപെരുമാളിന്റെ ഇളയ മകളാണ് പളനിയമ്മ. അവരുടെ തലമുറയിൽ മൂന്നാം തലമുറക്കാർ വരെ പളനിയമ്മ എന്ന നാമം സ്വീകരിച്ചു. സിംഗപ്പൂരിൽ നിന്നും മലേഷ്യയിൽ നിന്നും രക്ഷപ്പെട്ട് തിരുനെൽവേലിലെത്തിയ തൊഴിലാളി കുടുംബങ്ങളാണ് മൂന്നാറിലെ പള്ളിവാസലിലേക്ക് കുടിയേറി പാർത്തത്.

പള്ളിവാസൽ പവർഹൗസിലേക്കുള്ള പൈപ്പ്‌ലൈൻ (1939)

രാമയ്യൻ, പാണ്ടി, ചിന്നത്തമ്പി, സർഗുണം, സന്താനം, പാൽരാജ്, തങ്കവേൽ, പളനിച്ചാമി, തങ്കമണി, സുബ്രഹ്മണി തുടങ്ങിയവരാണ് പള്ളിവാസലിലെ പ്രമുഖ കങ്കാണിമാർ. നഴ്‌സറി ഡിവിഷൻ, ആത്ത്ക്കാട് ഡിവിഷൻ, പവർഹൗസ് ഡിവിഷൻ, ഫാക്ടറി ഡിവിഷൻ തുടങ്ങിയ ഡിവിഷനുകളാണ് ഈ എസ്റ്റേറ്റിലുണ്ടായിരുന്നത്. മുസ്‍ലിം കോയിൽ, കാളിയമ്മ, തീർത്തമ്മ, ഗുഹൈ രാമർ കോയിൽ തുടങ്ങിയ കുലദൈവ ആരാധനകളും പള്ളിവാസലിലുണ്ടായിരുന്നു. ചെല്ലയ്യ കങ്കാണിയുടെ നേതൃത്വത്തിലായിരുന്നു മാതാ കോവിൽ എന്നറിയപ്പെടുന്ന മറിയാമ്മയുടെ കുരിശടി പള്ളിവാസലിൽ സ്ഥാപിച്ചെടുത്തത്. ഹൈറേഞ്ചിലെ തന്നെ മുസ്‍ലിം, ക്രിസ്ത്യൻ, ഹിന്ദു ആരാധനകൾ പള്ളിവാസലിൽ മാത്രമാണ് നടക്കുന്നത്. മറ്റ് എസ്റ്റേറ്റുകളിൽ ഹിന്ദു, ക്രിസ്ത്യൻ ആരാധനാലയങ്ങളാണ് കൂടുതൽ. മറുഭാഗത്ത് ശിവൻമല എസ്റ്റേറ്റും ഒത്തപ്പാറ ചോലകളും ചേർന്നതാണ് പള്ളിവാസൽ. ശിവൻമല എസ്റ്റേറ്റിൽ ഒത്തപ്പാറ ഡിവിഷനോട് ചേർന്ന് കിടക്കുന്ന 8, 9 , 10 , 14 നമ്പർ കാടുകൾ ചോലക്കാടുകൾ എന്നാണ് അറിയപ്പെടുന്നത്. അവിടത്തെ സൂട്ടിംഗ് സ്റ്റേഷൻ കാട് മറ്റുള്ള കാടുകളിൽ നിന്ന് വ്യത്യസ്തമാണെന്ന് പരമേശ്വരി പറഞ്ഞു.

പ്രാചീന മൂന്നാറിൽ ഡാമുകൾ ഉണ്ടായിരുന്നില്ലെന്ന് പച്ചയപ്പൻ പറഞ്ഞു. മലകളും കാടുകളും കാട്ടാറുകളും മാത്രമായിരുന്നു പ്രാചീന മൂന്നാറിന്റെ ഭൂമിശാസ്ത്രപരമായ ഘടന.

ചൊക്കർമുടി, ചൊക്കനാട്, ശിവൻമല, പാർവതി എന്നീ നാമങ്ങൾ ആ പ്രദേശത്തിന്റെ പഴമയെ സൂചിപ്പിക്കുന്നു. രാമയണത്തിന്റെ മിത്ത് ദേവികുളത്തും ജൈന പള്ളിയുടെ മിത്ത് പള്ളിവാസലിലും നിലനിൽക്കവേ ആദ്യമായി തേയിലതന്ത്രം പയറ്റി വിജയിച്ച പാർവതി ഡിവിഷനും അതിനുമുമ്പ് നിലനിന്നുരുന്ന ഒരു സാംസ്‌കാരിക പഴമയെ സൂചിപ്പിക്കുന്നു. ചൊക്കർ മുടിയിൽ നിന്ന് കിഴക്കോട്ട് പടർന്നുകിടക്കുന്ന എസ്റ്റേറ്റുകളാണ് ചെക്കനാടും ശിവൻമലയും. ഈസ്റ്റ് ഡിവിഷൻ, സൗത്ത് ഡിവിഷൻ, വട്ടക്കാട്, കുലമാങ്കായി തുടങ്ങിയ ഡിവിഷനുകൾ ചേർന്നതാണ് ചൊക്കനാട് എസ്റ്റേറ്റ്. ചൊക്കനാട് എന്നാൽ ശിവന്റെ നാട് എന്നാണർത്ഥം. ഒന്നു മുതൽ 15 നമ്പർ വരെയുള്ള കാടുകളാണ് ഇവിടെ കാണാൻ കഴിയുക. ചൊക്കനാട് എസ്റ്റേറ്റിലെ മറ്റു ഡിവിഷനുകളിൽ നിന്ന് വ്യത്യസ്തമായ ഭൂപ്രകൃതി ചുറ്റുമുള്ള ഡിവിഷനാണ് വട്ടക്കാട് ഡിവിഷൻ. വൃത്തം പോലുള്ള കാട് എന്നതിന്റെ തമിഴ് പര്യായമാണ് വട്ടക്കാട്.

ചൊക്കനാട് എസ്റ്റേറ്റ്

പഴയ മൂന്നാറിലെ മൂലക്കടക്ക് സമീപം സ്ഥിതി ചെയ്യുന്ന മലയുടെ താഴ് വാരങ്ങളിൽ ഒരുപാട് മർമ്മരങ്ങളുണ്ട്. ആറ് കടന്നാൽ ഒരു ആറിന്റെ, അതായത് മൂന്നാറിന്റെ ഒരു വശത്ത് ശിവൻമല, ലക്ഷ്മി തുടങ്ങിയ എസ്റ്റേറ്റുകളാണ്. മറുവശത്ത് പഴയ മൂന്നാർ, ചൊക്കനാട് എസ്റ്റേറ്റുകൾ. പണ്ടത്തെ ഹൈറേഞ്ച് ക്ലബ്ബിൽ നിന്ന് പടിഞ്ഞാറ് ഭാഗത്ത് ശിവൻമല എസ്റ്റേറ്റും തെക്കുഭാഗത്ത് പള്ളിവാസലും കിഴക്കുഭാഗത്ത് ചൊക്കനാടുമാണ്.

ആദ്യകാലത്ത് മൂന്നാർ ടൗണിലെ ബിസിനസ് ഈ എസ്റ്റേറ്റുകളെ കേന്ദ്രീകരിച്ചായിരുന്നു. ഈ എസ്റ്റേറ്റുകൾ മൂന്നാറിന്റെ കേന്ദ്ര പ്രദേശങ്ങളാണ്. വട്ടക്കാട്ടിലെ മാടസാമി, ചെല്ലയ്യ, പരമശിവൻ, അരുണാചലം, ലാസ്സർ, ഈശ്വരൻ, അരുളപ്പൻ വാദ്ധ്യാർ, അരുണാചല തേവർ തുടങ്ങിയ കങ്കാണിമാരും അവരുടെ സന്തതികളും അവരുടെ പൂർവികരും ആയിരുന്നു ആ എസ്റ്റേറ്റിനെ രൂപപ്പെടുത്തിയെടുത്തത് എന്ന് അരുളപ്പൻ പറഞ്ഞു. ഒന്നാം നമ്പർ മുതൽ ഏഴാം നമ്പർ കാട് വരെയാണ് വട്ടക്കാട്ടിലെ കാടുകൾ.

മൂന്നാറിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന R.A ഹെഡ് വർക്ക്‌സ് ഡാമിന്റെ അക്കരയിൽ ചൊക്കനാട് എസ്റ്റേറ്റിന്റെ സൗത്ത് ഡിവിഷൻ സ്ഥിതി ചെയ്യുന്നു. മുതിരപ്പുഴയാറിന്റെ ഭാഗമായാണ് ഈ ഡാം. കമ്പനിയുടെ ഹെഡ് അക്കൗണ്ടന്റ് ആയിരുന്ന രാമസ്വാമി അയ്യരുടെ പേരാണ് ആ ഡാമിന് സായിപ്പന്മാർ നൽകിയത്.

R.A ഹെഡ്‌വർക്ക്‌സ് ഡാം / Photo: Wikipedia

കമ്പനിയുടെ ഏറ്റവും വിശ്വസ്തനും ഇഷ്ടതാരവും ആയിരുന്ന രാമസ്വാമി അയ്യരുടെ തലയിൽ ഉദിച്ചതാണ് ഈ ഡാം പണിയുന്ന പദ്ധതി. ഇവിടെ നിന്ന് പള്ളിവാസൽ വരെ നീളുന്ന ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷന് ഊർജ്ജം കൂട്ടാൻ വേണ്ടിയാണ് ഈ ഡാം പണിതത്. ഗുണ്ടല ഡാമും മാട്ടുപ്പെട്ടി ഡാമും പണിതത് ഈ ലക്ഷ്യം പൂർത്തീകരിക്കാനാണ്. പക്ഷേ ഇതെല്ലാം ആധുനിക മൂന്നാറിന്റെ സൃഷ്ടികളാണ്. പ്രാചീന മൂന്നാറിൽ ഡാമുകൾ ഉണ്ടായിരുന്നില്ലെന്ന് പച്ചയപ്പൻ പറഞ്ഞു. മലകളും കാടുകളും കാട്ടാറുകളും മാത്രമായിരുന്നു പ്രാചീന മൂന്നാറിന്റെ ഭൂമിശാസ്ത്രപരമായ ഘടന. ഹൈറേഞ്ച് ക്ലബ്ബിൽ നിന്ന് മുകളിലോട്ട് സഞ്ചരിക്കുമ്പോൾ തല വെട്ടിയാൻ കോവിൽ എന്നറിയപ്പെടുന്ന കോവിൽ ഏറെ പ്രശസ്തമാണ്. പണ്ടു കാലത്ത് എസ്റ്റേറ്റിൽ കുടിയേറി പാർത്ത തൊഴിലാളികൾ ജീവിതം മെച്ചപ്പെടാനും തേയില ചെടികൾ ഗതി പിടിക്കാനും എല്ലാ വർഷവും കുലദൈവങ്ങൾ എന്നറിയപ്പെടുന്ന കാവിൽ ദൈവങ്ങൾക്ക് ആട്, കോഴി തുടങ്ങിയവയുടെ തലകൾ വെട്ടി ആറ്റിലൊഴുക്കുമായിരുന്നു. അത്തരത്തിൽ രൂപപ്പെട്ട ഒരു ദൈവ പ്രതിഷ്ഠയായിരുന്നു തലവെട്ടിയാന്.

ചൊക്കനാട് എസ്റ്റേറ്റിലെ കറുപ്പസാമി, കാളിയമ്മാൾ, വടക്കത്തിയമ്മാൾ, ചൊടലസാമി, ചിത്രൻസാമി തുടങ്ങിയ കാവിൽ ദൈവങ്ങളെയും തൊഴിലാളികൾ ആരാധിച്ചിരുന്നു. മാത്രമല്ല, ചിത്രൻ എന്ന കാവിൽ ദൈവത്തെ ചക്കിലിയർ വിഭാഗത്തിൽപ്പെട്ട 9 കുടുംബങ്ങൾ മാത്രമാണ് ആരാധിക്കുന്നത്. തമിഴ്‌നാട്ടിൽ ജാതിയുടെ അടിസ്ഥാനത്തിൽ അമ്പലങ്ങൾ ഉള്ളതുപോലെ മൂന്നാറിൽ ആദ്യകാലങ്ങളിൽ കുടിയേറിയ തൊഴിലാളികളുടെ ചിന്തയിലും അത്തരം ജാതിബോധം പ്രകടമാണ്. എങ്കിലും എല്ലാവരും ഒരേപോലെ ജീവിതം നയിക്കാൻ തുടങ്ങിയതുമുതൽ മാറ്റം സംഭവിച്ചു തുടങ്ങി എന്ന് ലാസർ പറഞ്ഞു.

മൂന്നാറിലുണ്ടായ പ്രളയം

കമ്പനിയുടെ മൂന്നാർ സെൻട്രൽ സ്‌പോട്ടിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്തിരുന്ന ഫാക്ടറി ആണ് ചൊക്കനാട് ഫാക്ടറി. മുതിരപ്പുഴയാറിന്റെ കുറുകെ നീങ്ങുമ്പോൾ അക്കരെയുള്ള സൗത്ത് ഡിവിഷനിലാണ് ഈ ഫാക്ടറി. പഴയ മൂന്നാറിൽ ഇതുപോലെ തന്നെ ഒരു ഫാക്ടറിയുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. പക്ഷേ പ്രളയത്തിൽ നശിച്ചത് കൊണ്ട് ഫാക്ടറിയുടെ അവശിഷ്ടങ്ങളായി റോധ അടുപ്പുകൾ എന്നറിയപ്പെടുന്ന ഭാഗങ്ങൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്.

എന്തായാലും പ്രാചീനകാലത്ത് മനുഷ്യജീവിതം മൂന്നാർ മലനിരകളിലും പടർന്നിരുന്നു എന്നതിന്റെ തെളിവാണ്, ഒരു മലയുടെ വ്യത്യസ്തമായ വശങ്ങളിലുള്ള പള്ളിവാസൽ, ശിവൻമല, ചൊക്കനാട് തുടങ്ങിയ എസ്റ്റേറ്റുകൾ. ഈ ഘടന മനസ്സിലാക്കാൻ മൂന്നാറിൽ ജനിച്ചവർക്കു മാത്രമേ സാധിക്കൂ എന്ന് പാൽരാജ് പറഞ്ഞു. ദേവികുളം തൊട്ട് ചൊക്കനാട്, ശിവൻമല, പള്ളിവാസൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം മൂന്നാർ എന്നറിയപ്പെടുന്ന പഴയ മൂന്നാറിലെ ഹെഡ് വർക്ക്‌സ് ഡാമിലേക്കാണ് വന്നെത്തുന്നത് എന്നോർക്കുമ്പോൾ അത്ഭുതം തോന്നും. പള്ളിവാസലും മാങ്കുളവും ലക്ഷ്മി എസ്റ്റേറ്റിലെ വിരിപാറ ഡിവിഷനും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വരും. ഇടമലയാർ ഡാമും മാങ്കുളവും മൂന്നാറിന്റെ മറ്റൊരു വിസ്മയമാണ്. ചരിത്രപ്രസിദ്ധമായ കരിന്തിരി മല പോയൻകുട്ടി വഴിയിലാണ്.

(തുടരും)

Comments