ചെണ്ടുവര ഗവൺമെൻറ് ഹൈസ്കൂളില്‍ തമിഴ് അധ്യാപകനായിരുന്ന എ.എം. ജാഹിർ

മൂന്നാറിന്റെ ‘ജാഹിർ സാർ’

‘‘2003- ൽ ചെണ്ടുവര സ്കൂളിൽ നിന്നു വിട്ടുപോയ ഒരു അധ്യാപകനെ ഇത്ര സ്നേഹത്തോടെയും വാത്സല്യത്തോടെയും ഒരു വിദ്യാർത്ഥി സമൂഹം ഇപ്പോഴും ഓർക്കുന്നത് സ്കൂളിന്റെ ചരിത്രത്തിൽ ഇല്ലാത്തതാണ് എന്നു പറയാം’’- മൂന്നാറിലെ വിദ്യാർഥി സമൂഹം നെഞ്ചിലേറ്റിയ ഒരു അധ്യാപകനെ ഓർത്തെടുക്കുന്നു, പ്രഭാഹരൻ കെ. മൂന്നാർ, ‘മലങ്കാട്’ എന്ന ആത്മകഥയിൽ.

മലങ്കാട്- 44

പ്രതിവാരം കിട്ടുന്ന 40 രൂപയിലും പ്രതിമാസം കിട്ടുന്ന ആയിരം രൂപയിൽ താഴെയുള്ള ശമ്പളത്തിലും തൊഴിലാളി ജീവിതം കടന്നുകൂടി. 2000- ഓടെ വിലക്കയറ്റം തൊഴിലാളി ജീവിതത്തെ ദുരിതമയമാക്കി. കൃഷിയും മറ്റു തൊഴിൽ മാർഗ്ഗങ്ങളും തപ്പി അവർ നടന്നു.

മൂന്നാറിലെ സ്റ്റുഡിയോകൾ 80- നു ശേഷമാണ് രൂപപ്പെട്ടത് എന്നു പണ്ടത്തെ തൊഴിലാളികൾ പറയുന്നു. ഊർവസി സ്റ്റുഡിയോ, ശിവ സ്റ്റുഡിയോ തുടങ്ങിയവയാണ് പ്രമുഖ സ്റ്റുഡിയോകൾ. തൊഴിലാളികൾ റേഷൻ കാർഡിനും പഞ്ചായത്തിലെ വായ്പയുമായും ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഫോട്ടോ എടുക്കാനുമാണ് സ്റ്റുഡിയോകളിൽ പോയിരുന്നത്. സ്റ്റുഡിയോകൾക്കൊപ്പം ഹോട്ടലുകളും പച്ചക്കറി മാർക്കറ്റും പിന്നെ കമ്പ്യൂട്ടർ സെൻററുകളും വന്നതോടെ ജീപ്പുകൾ ഇരമ്പിവരാൻ തുടങ്ങി. ഇത് മൂന്നാറിലെ ജീവിതത്തെ മാറ്റിമറിച്ചു. അതിനുമുമ്പ് ബസുകൾ മാത്രമായിരുന്നു തൊഴിലാളികളുടെ ആശ്രയം. ഓരോ എസ്റ്റേറ്റിലും രണ്ട് ജീപ്പുകൾ വീതമെങ്കിലും ആ കാലത്തുണ്ടായിരുന്നു. ചിറ്റിവര, ഗുണ്ടല എന്നിവിടങ്ങളിൽനിന്ന് 10, 25 ജീപ്പുകൾ ഓടിത്തുടങ്ങി എന്നാണ് എൻ്റെ ഓർമ. 20 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. തൊഴിലാളികൾ പച്ചക്കറി ജീപ്പിലാണ് മൂന്നാറിലേക്ക് അയച്ചിരുന്നത്. അത് അവർക്കൊരു ഉപജീവനമാർഗമായി.

സ്റ്റുഡിയോകൾക്കൊപ്പം ഹോട്ടലുകളും പച്ചക്കറി മാർക്കറ്റും പിന്നെ കമ്പ്യൂട്ടർ സെൻററുകളും വന്നതോടെ മൂന്നാറിലേക്ക് ജീപ്പുകൾ ഇരമ്പിവരാൻ തുടങ്ങി. ഇത് മൂന്നാറിലെ ജീവിതത്തെ മാറ്റിമറിച്ചു.

എല്ലപ്പെട്ടി, ഗുണ്ടല, ചെണ്ടുവര, ചിറ്റിവര എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പി.പി. കെ, പി.എം.എസ്, എൻ. എം.എസ്, മേരി ദാസ് തുടങ്ങിയ ബസ് സർവീസുകൾ ഭാഗികമായി മാത്രം പ്രവർത്തനം തുടർന്നു. വാനുകൾ ഇല്ലാതായി. പഴത്തോട്ടത്തിൽ നിന്ന് മൂന്നാറിലേക്ക് ഓടിക്കൊണ്ടിരുന്ന ഏക വാൻ നിർത്തി. 1998-നുശേഷം ജീപ്പുകളിൽ മാത്രമായി മൂന്നാറിലെ യാത്രകൾ. കമ്പനി ട്രാക്ടറുകൾക്കുപകരം എൽ.സി. വി എന്നറിയപ്പെടുന്ന ലോറികൾ ഓടിത്തുടങ്ങി. ആ ലോറികൾ ഓരോ എസ്റ്റേറ്റിന്റെയും മുഖമുദ്രയായി മാറി.

മലയാളം അന്യമാക്കപ്പെട്ട തൊഴിലാളി സമൂഹമാണ് മൂന്നാറിലുള്ളത്. അതുകൊണ്ട്, ഉദ്യോഗസ്ഥർ പറയുന്ന വാർത്തകളാണ് ഞങ്ങളുടെയും വാർത്തകൾ. കേരള പൊതുസമൂഹത്തിൽ എന്തു നടക്കുന്നു എന്ന് തൊഴിലാളികൾ അറിയാറില്ല.

ലക്ഷ്മി മിൽക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി എന്നറിയപ്പെടുന്ന ക്ഷീര വ്യാപാരകേന്ദ്രം തുടങ്ങിയതോടെ എസ്റ്റേറ്റുകളിൽ നിന്ന് പാൽ ശേഖരിച്ചുതുടങ്ങി. അത് തൊഴിലാളികളുടെ മറ്റൊരു ഉപജീവന മാർഗമാണ്. ഇന്നും അത് തുടരുന്നു. എൽ.സി.വി ലോറികൾ സീസണിൽ കൊളുന്തുകൾ മാട്ടുപ്പെട്ടി ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നത് ഞങ്ങളുടെ ചെറുപ്പത്തിൽ പതിവു കാഴ്ചയായിരുന്നു. ദിവസവും മൂന്നാറിലേക്ക് പോകുന്ന എൽ.സി. വി ലോറിയിലാണ് കമ്പനി ഉദ്യോഗസ്ഥർക്കുവേണ്ട പത്രങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും മൂന്നാർ ടൗണിൽ നിന്ന് കൊണ്ടുവന്നിരുന്നത്. രാവിലെ വരുന്ന പത്രം രാത്രി മാത്രമാണ് വായിക്കാൻ പറ്റുമായിരുന്നുള്ളൂ, പ്രത്യേകിച്ച് മാട്ടുപ്പെട്ടി സോണലിൽ പ്രവർത്തിക്കുന്ന എസ്റ്റേറ്റുകളിൽ. തമിഴും മലയാളവും അനായാസമായി കൈകാര്യം ചെയ്യുന്ന മാനേജർമാരും എസ്റ്റേറ്റ് ഉദ്യോഗസ്ഥന്മാരും 2000 വരെ എല്ലാ എസ്റ്റേറ്റുകളിലും ഉണ്ടായിരുന്നു. അവർ മാത്രമാണ് പത്രം വരുത്തിയിരുന്നത്. ഞങ്ങളൊന്നും പത്രം വായിച്ചിരുന്നില്ല. ആ അവസ്ഥ അതേപടി തുടരുന്നു.

മലയാളം അന്യമാക്കപ്പെട്ട തൊഴിലാളി സമൂഹമാണ് മൂന്നാറിലുള്ളത്. അതുകൊണ്ട്, ഉദ്യോഗസ്ഥർ പറയുന്ന വാർത്തകളാണ് ഞങ്ങളുടെയും വാർത്തകൾ. കേരള പൊതുസമൂഹത്തിൽ എന്തു നടക്കുന്നു എന്ന് തൊഴിലാളികൾ അറിയാറില്ല. എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം വരുമ്പോൾ മാത്രം മലയാള പത്രത്തെ തേടി പോകുന്ന ജീവിതങ്ങളാണ് തൊണ്ണൂറുകളിൽ മൂന്നാറിലുണ്ടായിരുന്നത്. ടൗൺ പ്രദേശത്തെ തൊഴിലാളികളുടെ മക്കൾ വേഗം തന്നെ റിസൾട്ട് അറിയും. ഞങ്ങളെപ്പോലെ മൂന്നാറിൽ നിന്ന് 35 കിലോമീറ്റർ അകന്ന് ജീവിക്കുന്നവർ രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് മുമ്പ് എസ്.എസ്.എൽ.സി, പ്ലസ് ടു റിസൾട്ട് അറിഞ്ഞിരുന്നത്.

ചെണ്ടുവര, മൂന്നാര്‍

ചെണ്ടുവര ഹൈസ്കൂളിൽ 1995- ൽ രണ്ടു പേരാണ് എസ്.എസ്.എൽ.സി ജയിച്ചത്. ആ കാലത്ത് അത് വലിയ സംഭവമായി എസ്റ്റേറ്റ് തൊഴിലാളികൾക്കിടയിൽ പടർന്നു. ഗുണ്ടല സോണിൽ ഈയൊരു സർക്കാർ സ്കൂളാണുണ്ടായിരുന്നത്. അതുകൊണ്ട് ചുറ്റുമുള്ള എസ്റ്റേറ്റുകൾ അവിടത്തെ റിസൾട്ട് നോക്കിയിരിക്കും. എസ്റ്റേറ്റിൽ മലയാളം വായിക്കാനറിയാവുന്ന ഏതെങ്കിലും ഉദ്യോഗസ്ഥർ വിവരം സൂപ്പർവൈസർ മാരെയോ തൊഴിലാളികളെയോ അറിയിക്കും. അങ്ങനെ തൊഴിലാളികളുടെ മക്കൾ മൂന്നാർ ടൗണിലെത്തി പത്രം നോക്കി റിസൾട്ട് അറിയും.

അമ്മാവന്റെ കയ്യിൽ നിന്ന് വണ്ടിക്കൂലിക്കായി നൂറു രൂപ വാങ്ങി ശ്രീബാബു എന്നു പേരുള്ള ജീപ്പിൽ കേറി മൂന്നാർ ടൗണിലെത്തി. അവിടത്തെ റഹിം ബുക്ക് സ്റ്റാളിലുണ്ടായിരുന്ന പത്രത്തിൽനിന്ന്, എസ്.എസ്.എൽ.സി ഫസ്റ്റ് ക്ലാസോടെ ജയിച്ച വിവരമറിഞ്ഞു.

2002-ൽ എന്റെ എസ്.എസ്.എൽ.സി റിസൾട്ടും അങ്ങനെ തന്നെയാണ് നോക്കിയത്. അമ്മാവന്റെ കയ്യിൽ നിന്ന് വണ്ടിക്കൂലിക്കായി നൂറു രൂപ വാങ്ങി ശ്രീബാബു എന്നു പേരുള്ള ജീപ്പിൽ കേറി മൂന്നാർ ടൗണിലെത്തി. അവിടത്തെ റഹിം ബുക്ക് സ്റ്റാളിലുണ്ടായിരുന്ന പത്രത്തിൽനിന്ന്, ഫസ്റ്റ് ക്ലാസോടെ ജയിച്ച വിവരമറിഞ്ഞു. കൂട്ടുകാരനായ സാംസന് 460 മാർക്കും എനിക്ക് 360 മാർക്കുമാണുണ്ടായിരുന്നത്. ചെണ്ടുവര ഗവൺമെൻറ് ഹൈസ്കൂളിന്റെ ചരിത്രത്തിലാദ്യമായാണ് ഒരാൾ ഇത്ര മാർക്ക് വാങ്ങുന്നത്. സ്കൂളിന്റെ ചരിത്രത്തിൽ ഫസ്റ്റ് ക്ലാസ് വാങ്ങുന്ന ബാച്ച് ഞങ്ങളുടേതായിരുന്നു. അതിനുമുമ്പ് കുട്ടികൾ പാസാകുന്നതുതന്നെ വളരെ പ്രയാസമായിരുന്നു.

മതിയായ അധ്യാപകരും മതിയായ വിദ്യാഭ്യാസവും ഇല്ലാത്ത സാഹചര്യത്തിലാണ് ആ സ്കൂളിലെ വിദ്യാർഥികൾ നിരന്തരം തോൽവികൾ ഏറ്റുവാങ്ങിയത്. ജീവിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഇവിടെ അധ്യാപകർ സ്ഥിരമായി നിൽക്കാറില്ല. അങ്ങനെ സ്ഥിരമായി തുടർന്ന ഒരു അധ്യാപകനെ മാത്രമാണ് ഇപ്പോൾ ഓർക്കുന്നത്. അത് എസ്റ്റേറ്റിലെ തൊഴിലാളിയുടെ മകളായ സരസ്വതി ടീച്ചറാണ്. അവർ യു.പി സ്കൂൾ ടീച്ചറായിരുന്നു.

ഏലപ്പാറയിൽ നിന്ന് ചെണ്ടുവര ഗവൺമെൻറ് ഹൈസ്കൂൾ തിരഞ്ഞുപിടിച്ച് അവിടെയെത്തിയ തമിഴ് അധ്യാപകനായ എ.എം. ജാഹിർ ഹുസൈനാണ് ചെണ്ടുവര സ്കൂളിന്റെ ചരിത്രം തിരുത്തുന്നത്.

ഹിന്ദി, സയൻസ് തുടങ്ങിയ വിഷയങ്ങൾക്ക് സ്ഥിരമായി അധ്യാപകരുണ്ടാകാറില്ല. തമിഴ് അധ്യാപകർ ഇംഗ്ലീഷും തമിഴും പഠിപ്പിക്കും. സോഷ്യൽ സയൻസ് ഗസ്റ്റ് അധ്യാപകരാണ് പഠിപ്പിച്ചിരുന്നത്. സ്കൂളിൻ്റെ ഈ അവസ്ഥ ഒരല്പമെങ്കിലും മാറിയത് ഞാൻ ഹൈസ്കൂളിലെത്തുന്ന കാലത്താണ്. ഏലപ്പാറയിൽ നിന്ന് ചെണ്ടുവര ഗവൺമെൻറ് ഹൈസ്കൂൾ തിരഞ്ഞുപിടിച്ച് അവിടെയെത്തിയ തമിഴ് അധ്യാപകനായ എ.എം. ജാഹിർ ഹുസൈനാണ് ചെണ്ടുവര സ്കൂളിന്റെ ചരിത്രം തിരുത്തുന്നത്. സ്കൂളിൽ അടിമുടി മാറ്റം വേണമെന്ന തീവ്രമായ ആഗ്രഹത്തിൽ അദ്ദേഹവും സഹ അധ്യാപകരും ആത്മാർത്ഥമായി ശ്രമിച്ചതിന്റെ ഫലമായാണ് ഞങ്ങൾക്ക് നല്ല രീതിയിൽ ജയിക്കാനായത്.

ഏക അധ്യാപക സ്കൂളായി ചില സമയം ആ ഹൈസ്കൂൾ പ്രവർത്തിച്ചിരുന്നു. ജാഹിർ സാറിന്റെ ഊർജ്ജം രാഷ്ട്രീയക്കാരെയും തൊഴിലാളികളെയും വിദ്യാർത്ഥികളെയും ഒരേപോലെ ചിന്തിപ്പിച്ചു. എസ്റ്റേറ്റിലെ അടിമ ജീവിതത്തിൽ നിന്ന് വിദ്യാഭ്യാസം കൊണ്ടേ മാത്രമേ രക്ഷനേടാൻ കഴിയുള്ളൂ എന്ന് ഞങ്ങളെ ഉറക്കെ പഠിപ്പിച്ചു. എന്നും ആദ്യ പിരീഡ് തുടങ്ങുന്ന ഇംഗ്ലീഷ് ക്ലാസിൽ അര മണിക്കൂർ സിലബസും കാൽ മണിക്കൂർ ഞങ്ങളുടെ ജീവിതത്തെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചിരുന്നത്. ഞങ്ങളെ ഈ തേയിലക്കാട്ടിലെ അടിമ ജീവിതത്തിൽ നിന്ന് രക്ഷപ്പെടുത്തിയെടുക്കാൻ സാമൂഹികമായും രാഷ്ട്രീയമായുമുള്ള പൊതു അറിവുകൾ ഞങ്ങളിലേക്ക് അദ്ദേഹം പകർന്നു.

2003 വരെ ചെണ്ടുവര ഹൈസ്കൂൾ പ്രവർത്തിച്ചിരുന്ന പഴയ ഫാക്ടറി

ചിറ്റിവര, ചെണ്ടുവര എല്ലപ്പെട്ടി, ഗുണ്ടല മേഖലകളിലെ എസ്റ്റേറ്റ് തൊഴിലാളികൾക്കും രാഷ്ട്രീയക്കാർക്കും ജാഹിർ സാർ സുപരിചിതനാണ്. സ്കൂളിലെ പി.ടി.എയ്ക്ക് പുനർജീവൻ നൽകി. പത്രങ്ങളിൽ വാർത്ത കൊടുത്ത് താൽക്കാലിക അധ്യാപകരെ സ്കൂളിലെത്തിച്ചു. അങ്ങനെയാണ് നന്നായി പഠിപ്പിക്കുന്ന ഹിന്ദി അധ്യാപകനെ ഞങ്ങൾക്ക് കിട്ടുന്നത്. അന്നുവരെ ഹിന്ദിയിൽ കഷ്ടിച്ച് കടന്നുകയറിയിരുന്ന ഞങ്ങൾ ആ അധ്യാപകന്റെ സഹായത്തോടെ ഹിന്ദി നന്നായി പഠിച്ചു. ഈ പരീക്ഷണം ഒരു പരിധിവരെ വിജയിച്ചു. ആദ്യം അഞ്ചുപേർ പാസായി, പിന്നീട് എട്ടു പേരും അടുത്ത വർഷങ്ങളിൽ പത്തും പേരും. എൻ്റെ ബാച്ചിൽ 10 പേരാണ് പാസ്സായത്. ദൂരത്തെ എസ്റ്റേറ്റുകളിൽ നിന്ന് എട്ടു കിലോമീറ്ററോളം നടന്ന് തിരിച്ച് വീട്ടിലെത്തുമ്പോൾ ഉറങ്ങാനുള്ള സമയം മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞ ജാഹിർ സാർ കമ്പനിക്കാരോട് സംസാരിച്ച് വീഡിയോ ക്ലബ്ബ് എന്നറിയപ്പെടുന്ന കെട്ടിടത്തിൽ ഹോസ്റ്റൽ സംവിധാനമുണ്ടാക്കി. അവിടെ 20 പേർ വരെ താമസിച്ചു പഠിക്കാൻ തുടങ്ങി. പെൺകുട്ടികൾക്ക് താമസിക്കാൻ ഒഴിഞ്ഞു കിടന്ന മറ്റൊരു സ്റ്റാഫ് കോർട്ടേഴ്സിനെയും പാകപ്പെടുത്തിയെടുത്തു. ഇതൊക്കെ രക്ഷിതാക്കളുടെ പിൻബലത്തോടു കൂടിയാണ് ചെയ്തത്. സ്കൂൾ പി.ടി.എ കൃത്യമായി പ്രവർത്തിച്ചു തുടങ്ങിയപ്പോൾ തൊഴിലാളികളുടെ മക്കൾ ഊർജത്തോടെ പഠിച്ചുതുടങ്ങി.

ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മക്കൾക്കു മാത്രമേ പൊതുസമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അറിയുമായിരുന്നുള്ളൂ. തൊഴിലാളികളുടെ മക്കളെയും കൂടി സാമൂഹിക ധാരണയുള്ള വിദ്യാർത്ഥികളായി മാറ്റിയെടുത്തതിൽ ജാഹിർ സാർ മറ്റു അധ്യാപകരിൽ നിന്ന് വേറിട്ടുനിന്നു.

വിദ്യാഭ്യാസത്തിനോടൊപ്പം സാമൂഹത്തെക്കുറിച്ചും ഞങ്ങൾ പഠിച്ചു. അദ്ദേഹവും അന്നത്തെ എച്ച്. എം ആയിരുന്ന കെ.കെ. അയ്യപ്പനും ഞങ്ങൾക്ക് പൊതു വിജ്ഞാനം നൽകി. അഞ്ചു വർഷത്തിലേറെ ഇത്തരം പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു. അങ്ങനെ സ്കൂൾ നന്നായി പ്രവർത്തിച്ചു തുടങ്ങി. സ്കൂളിന് പുതിയ ബിൽഡിംഗ് അനുവദിച്ചു. തകരവും ഇരുമ്പും ഇട്ട എസ്റ്റേറ്റിലെ പഴയ ഫാക്ടറിയിലാണ് 2002 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഈ അവസ്ഥയെല്ലാം മാറി. 1997 മുതൽ ആ സ്കൂളിൽ പഠിച്ച ഒരു വിദ്യാർത്ഥിക്കും ജാഹിർ സാറിനെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും മറക്കാൻ സാധിക്കില്ല. ഇപ്പോൾ തിരുവനന്തപുരത്തുള്ള കരമന ഹൈസ്കൂളിൽ അദ്ദേഹം ഇന്നും സർവീസിൽ തുടരുന്നു. തന്റെ അധ്യാപന ജീവിതത്തിൽ മറക്കാൻ സാധിക്കാത്ത ഒരു കാലഘട്ടമാണ് ചെണ്ടുവര ഗവൺമെൻറ് ഹൈസ്കൂളിലെ അധ്യാപനം എന്ന് ജാഹിർ സാർ ഇപ്പോഴും പറയും.

ചെണ്ടുവര ഹൈസ്ക്കൂള്‍ പുതിയ കെട്ടിടം

ഒരാശ്രയവുമില്ലാതിരുന്ന വിദ്യാർത്ഥി സമൂഹത്തോട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ് കലാപരമായും സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിലും മിടുക്കരായ വിദ്യാർത്ഥി സമൂഹത്തെ എങ്ങനെയാണ് വാർത്തെടുക്കുക എന്ന ഫോർമുല അദ്ദേഹം അന്നുതന്നെ ഉപയോഗിച്ചിരുന്നു. ആദ്യമായി ഞങ്ങൾക്ക് ‘സ്റ്റുഡൻസ് ഡയറി’ എന്ന പദ്ധതിയാണ് അദ്ദേഹം പരിചയപ്പെടുത്തിയത് കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചുമുള്ള പൊതുവിജ്ഞാനവും അതിന്റെ പ്രാധാന്യവും അങ്ങനെ ഞങ്ങൾ തിരിച്ചറിഞ്ഞു. ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മക്കൾക്കു മാത്രമേ പൊതുസമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അറിയുമായിരുന്നുള്ളൂ. തൊഴിലാളികളുടെ മക്കൾ അങ്ങനെ വലുതായി അറിഞ്ഞിരുന്നില്ല. തൊഴിലാളികളുടെ മക്കളെയും കൂടി സാമൂഹിക ധാരണയുള്ള വിദ്യാർത്ഥികളായി മാറ്റിയെടുത്തതിൽ ജാഹിർ സാർ മറ്റു അധ്യാപകരിൽ നിന്ന് വേറിട്ടുനിന്നു.

ജാഹിർ സാർ സ്കൂളിലെ എച്ച്.എം ഇൻ ചാർജായി പ്രവർത്തിച്ച ആ കാലത്ത് സ്കൂളിൻ്റെ 25-ാം വാർഷികം ആഘോഷിച്ചു. രണ്ടു ദിവസങ്ങളായി അരങ്ങേറിയ ആ പരിപാടിയുടെ ഓർമകൾ ഇന്നും ഞങ്ങൾ പൂർവ വിദ്യാർഥികളുടെ മനസ്സിലുണ്ട്. ആദ്യമായാണ് ഞങ്ങളുടെ സ്കൂളിൽ ഇത്ര വലിയ പരിപാടി സംഘടിപ്പിക്കുന്നത്. ചെണ്ടുവരയിൽ താമസിക്കുന്ന തൊഴിലാളികൾ ആ പരിപാടിയെ ഉത്സവം പോലെ ഏറ്റെടുത്തു. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒത്തുകൂടി. രാത്രി ഏഴു മണി കഴിഞ്ഞ് ട്രാക്ടറുകളിൽ ബെഞ്ചുകൾ കെട്ടി അതിൽ കുട്ടികളെയിരുത്തി ഓരോ എസ്റ്റേറ്റുകളിലേക്കും എത്തിച്ച കണ്ണൻ, മാടസാമി അണ്ണൻ, സൗന്ദർരാജണ്ണൻ, അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന അയ്യനാർ മാമൻ തുടങ്ങിയവരെ സ്നേഹത്തോടെ ഇന്നും ഓർക്കുന്നു.

ചെണ്ടുവര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

അന്നുവരെ മൂന്നാറിന്റെ മുഖ്യധാരയിൽനിന്ന് പിന്തള്ളപ്പെട്ട് കഴിഞ്ഞിരുന്ന ഒരു വിദ്യാലയത്തെ മൂന്നാറിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ജാഹിർ സാറാണ്. 1999-മുതൽ ഇന്നുവരെ അവിടെയെത്തിപ്പെട്ട അധ്യാപകരിൽ തൊഴിലാളികളുടെയും അവരുടെ മക്കളുടെയും മനസ്സ് കീഴടക്കിയ അധ്യാപകൻ കൂടിയാണ് എ.എം. ജാഹിർ ഹുസൈൻ. അദ്ദേഹത്തിൽനിന്നാണ് ഞങ്ങൾക്ക് ഒരു കാലത്ത് സോഷ്യലിസ്റ്റ് ആശയങ്ങൾ ലഭിച്ചത്. തൊഴിലാളികളോടൊപ്പം ചായ കുടിക്കുകയും വർത്തമാനം പറയുകയും ചെയ്യുന്ന മതേതര മനസ്സുള്ള വ്യക്തിയാണ് അദ്ദേഹം. മൂന്നാറിലെ പ്രശസ്ത ഉത്സവമായ തൃക്കാർത്തിക മൂന്നാർ ടൗണിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടക്കുന്നതു പോലെ തന്നെയാണ് ഈസ്റ്റ് സോണലിലുള്ള ചെണ്ടുവര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവവും. അന്ന് തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും അവധിയാണ്. എല്ലാ എസ്റ്റേറ്റുകളിൽ നിന്നും എത്തുന്ന തൊഴിലാളികൾ ജാതിമതഭേദമെന്യേ ഉത്സവപ്പറമ്പിൽ കാഴ്ചകൾ കാണാനുണ്ടാവും. ചിറ്റിവരയിൽ നിന്ന് മത്താപ്പു കുറുക്ക് വഴി ചെണ്ടുവരയിലേക്ക് തൊഴിലാളികൾ ഒഴുകിയെത്തും. എല്ലപ്പെട്ടി, ഗുണ്ടല തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നിരനിരയായി ആൾക്കൂട്ടം ചെണ്ടുവരയെ ചുറ്റിയെത്തും.

ഇന്നും തമിഴ്നാട്ടിലും മറ്റു പ്രദേശങ്ങളിലും ജോലി ചെല്ലുന്നവരോ അല്ലാത്തവരോ ആയ പൂർവ്വ വിദ്യാർത്ഥികൾ എ.എം. ജാഹിർ ഹുസൈൻ എന്ന പേരിനെ നന്ദിയോടും സ്നേഹത്തോടും കരുതലോടും കൂടിയാണ് സ്വീകരിക്കുന്നത്.

മൂന്നാറിനെപ്പോലെ ഒരു മിനി സുബ്രഹ്മണ്യസ്വാമി കാർത്തിക ഉത്സവം കൂടിയാണ് വർഷങ്ങളായി ഇവിടെ അരങ്ങേറുന്നത്. ഇന്ന് അത് കുറഞ്ഞുപോയി. പക്ഷേ ഞങ്ങളുടെ ചെറുപ്പത്തിൽ ഒരിക്കലും കാർത്തിക ഉത്സവത്തിന് മൂന്നാറിലേക്ക് പോയിട്ടില്ല. ചെറുപ്പം മുതൽ ചെണ്ടുവരയിലായിരുന്നു ഞങ്ങളുടെ കാർത്തിക ഉത്സവ ലഹരി. വൈകുന്നേരം രണ്ടരയ്ക്ക് തുടങ്ങുന്ന പാട്ടു കച്ചേരി കാണാൻ ആളുകൾ ഒന്നടങ്കം ഉത്സവപ്പറമ്പിൽ തടിച്ചുകൂടും. ചിറ്റിവര, ചെണ്ടുവര, ഗുണ്ടല, എല്ലപ്പെട്ടി തുടങ്ങിയ ഈസ്റ്റ് സോണിൽ ജനിച്ച ഓരോരുത്തർക്കും കാർത്തിക ഉത്സവത്തിന്റെ ഓർമകൾ പങ്കുവയ്ക്കാനുണ്ടാവും.

ഞങ്ങൾ രാവിലെ 10 മണിയാവുമ്പോൾ ചിറ്റിവര എസ്റ്റേറ്റിൽ നിന്ന് നടന്നുതുടങ്ങും. 11.30 ആകുമ്പോൾ ഉത്സവപ്പറമ്പിലെത്തും. തമിഴ്നാട്ടിൽ നിന്ന് കച്ചവടക്കാർ കൊണ്ടുവരുന്ന സാധനങ്ങൾ വാങ്ങുകയാണ് ഞങ്ങളുടെ ലക്ഷ്യം. വീട്ടിൽ നിന്നു കിട്ടുന്ന അഞ്ചോ പത്തോ രൂപയാണ് കൈയിലുണ്ടാകുക. ആദ്യം ഒരു രൂപയ്ക്ക് സേമിയ പായസം വാങ്ങി കുടിക്കും. പിന്നെ ഇഷ്ട താരങ്ങളുടെ വാൾ പോസ്റ്ററുകൾ വാങ്ങും, പിന്നെ കറങ്ങി നടക്കും. ഞാനും കൂട്ടുകാരൻ അന്തോണിയും ജോൺസനും വൈകുന്നേരം വരെ അമ്പലപ്പറമ്പിൽ കറങ്ങിനടന്ന് ഒടുവിൽ ഗാനമേള കാണാൻ ഏതെങ്കിലും ഉയർന്ന സ്ഥലത്തെ പുല്ലുമേടുകളിൽ കയറിയിരിക്കും.

മൂന്നാർ ടൗണിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

അങ്ങനെ ഒരു ദിവസം അമ്പലപ്പറമ്പിൽ സോമൻ ചേട്ടനെയും ജാഹിർ സാറിനെയും കണ്ടുമുട്ടി. ജാഹിർ സാർ മുണ്ടുടുത്ത്, താടിയും വളർത്തി, ചന്ദനക്കുറിയും ഇട്ട് അമ്പലപ്പറമ്പിൽ നിൽക്കുകയായിരുന്നു. ഡേയ് എന്നു വിളിച്ച് സാർ ഒരു ചിരി ചിരിച്ചു.

ഇന്നും തമിഴ്നാട്ടിലും മറ്റു പ്രദേശങ്ങളിലും ജോലി ചെല്ലുന്നവരോ അല്ലാത്തവരോ ആയ പൂർവ്വ വിദ്യാർത്ഥികൾ എ.എം. ജാഹിർ ഹുസൈൻ എന്ന പേരിനെ നന്ദിയോടും സ്നേഹത്തോടും കരുതലോടും കൂടിയാണ് സ്വീകരിക്കുന്നത്. വിദ്യാഭ്യാസം പാതിയിൽ ഉപേക്ഷിച്ചവരും വിദ്യാഭ്യാസം കൊണ്ട് എന്തെങ്കിലും നേടിയവരും ഒരേപോലെ ജാഹിർ സാറിനെ ഓർക്കുന്നു. എന്റെ കൂട്ടുകാരി ഷീബ, കൂട്ടുകാരായ സാംസൻ, മണിമുത്തു, ഭാസ്കരൻ, അബുദാബിയിൽ ജീവിക്കുന്ന ജെബിൻ ജോസഫ് രാജ്, ചെന്നൈയിൽ ജീവിക്കുന്ന ജോൺപോൾ, എസ്റ്റേറ്റുകളിൽ തൊഴിലാളികളായി ജോലി ചെയ്യുന്ന മറ്റു കൂട്ടുകാർ എന്നിവരൊക്കെ ഒരേപോലെ ജാഹിർ സാറിനെ മനസ്സിൽ കൊണ്ടുനടക്കുന്നു എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ചെണ്ടുവര നിവാസികളായ സൗന്ദർ അണ്ണൻ, കണ്ണണ്ണൻ, എന്റെ കൂട്ടുകാരനായ സുരേഷിന്റെ അച്ഛൻ തുടങ്ങിയവരും, 20 വർഷം കഴിഞ്ഞിട്ടും, മൂന്നാറിൽ എവിടെ കണ്ടുമുട്ടിയാലും സാറിനെക്കുറിച്ച് അന്വേഷിക്കും.

2003- ൽ ചെണ്ടുവര സ്കൂളിൽ നിന്നു വിട്ടുപോയ ഒരു അധ്യാപകനെ ഇത്ര സ്നേഹത്തോടെയും വാത്സല്യത്തോടെയും ഒരു വിദ്യാർത്ഥി സമൂഹം ഓർക്കുന്നത് ചെണ്ടുവര സ്കൂളിന്റെ ചരിത്രത്തിൽ ഇല്ലാത്തതാണ് എന്നു പറയാം. ഇപ്പോഴും തിരുവനന്തപുരത്ത് അധ്യാപക ജീവിതം നയിക്കുന്ന അദ്ദേഹം, തന്റെ അധ്യാപക ജീവിതത്തിലെ സുവർണ്ണ കാലമായാണ് ചെണ്ടുവര സ്കൂൾ കാലത്തെ ഓർക്കുന്നത്. തൊഴിലാളി വർഗത്തിന്റെ വിമോചനമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. വിദ്യാഭ്യാസത്തിലൂടെ അതിനുള്ള വഴിയൊരുക്കാൻ അദ്ദേഹത്തിനായി.

2002 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് മൂന്നാർ ഗവൺമെൻറ് ഹൈസ്കൂളിന്റെ മുറ്റത്ത് എത്തിയപ്പോൾ ജാഹിർ സാറിനെ കണ്ടുമുട്ടി. അവസാനത്തെ പരീക്ഷാ ചോദ്യപേപ്പറിൻ്റെ പുറകിൽ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നമ്പർ കുറിച്ചിട്ടു. ആ നമ്പറും അദ്ദേഹത്തിന്റെ സ്നേഹത്തോടൊപ്പം ഇന്നുവരെ ഹൃദയത്തിൽ കാത്തുസൂക്ഷിക്കുന്നു. പണ്ടൊരിക്കൽ ഡയറിയിൽ ജാഹിർ സാറിനെ കുറിച്ച് ഇങ്ങനെ കുറിച്ചിട്ടു; My famous Stimulator.
അതെ, ജാഹിർ സാർ എന്നും തൊഴിലാളികളുടെ സമൂഹത്തിൽ നിന്നുയർന്നുവന്ന ഞങ്ങളെപ്പോലുള്ള വിദ്യാർഥികളുടെ പ്രേരണയാണ്.

(തുടരും)

Comments