പ്ലേ ടൈമിൽ പോലും ഞാൻ തനിച്ചായിരുന്നു. ആരും കളിക്കാൻ പോലും കൂടെ കൂട്ടാറുണ്ടായിരുന്നില്ല. എനിയ്ക്ക് ഭംഗിയില്ലാത്തതുകൊണ്ടാണ് ആരും വിളിക്കാത്തതെന്ന് മനസ്സിൽ എന്നോടുതന്നെ പറയും. / Representational Image, Muhammad Hanan. ​

ഒരു വിദ്യാർഥിയുടെ വെറും 30 മിനിറ്റുള്ള ആത്മകഥ

ആ സംസാരം അവസാനിക്കുമ്പോഴേക്കും എന്റെയുള്ളിലെ അപകർഷതയെന്ന വിഷക്കറ താനേ ഊഴ്ന്നിറങ്ങുന്നതുപോലെ തോന്നി. എന്നിൽ ആത്മവിശ്വാസം വന്നുചേർന്നു, 30 മിനിറ്റു കൊണ്ട് എന്താണ് എന്നിലുണ്ടായത് എന്നെനിക്ക് ഇന്നും അറിയില്ല. അതുവരെ ആരോടും സംസാരിക്കാതിരുന്ന ഞാൻ എല്ലാവരോടും സംസാരിക്കാൻ തുടങ്ങി, ചിരിക്കാൻ തുടങ്ങി. അന്നാണ് എന്റെ സഹപാഠികൾ എനിക്ക് നുണക്കുഴിയുള്ളതുപോലും കണ്ടത്.

ന്നും വളരെ അഭിമാനത്തോടെ, അങ്ങേയറ്റം സ്‌നേഹത്തോടെ, ആദരവോടെ വിളിച്ചൊരു പേരാണ് രാധാകൃഷ്ണൻ സർ. എന്നെ ഞാനാക്കിയ, എന്റെ ഉള്ളിലെ അപകർഷതാബോധത്തെ കീറിവലിച്ച് ആറ്റിലേക്കേറിഞ്ഞ വ്യക്തി.
ചെറുപ്പത്തിലേ വളരെ അന്തർമുഖയായിരുന്നു ഞാൻ. ക്ലാസിൽ പോകും, തിരിച്ചുവരും. അധ്യാപകർ എന്തു പറയുന്നോ അതൊക്കെ ഒരു റേഡിയോ പോലെ കേട്ടിരിക്കും. ക്ലാസിൽ ടീച്ചർമാർ ചോദ്യം ചോദിച്ചാൽ എല്ലാ കുട്ടികളും തെറ്റാണെങ്കിൽ പോലും ആത്മവിശ്വാസത്തോടെ വിളിച്ചുപറയുമ്പോൾ ചിലപ്പോഴൊക്കെ എനിയ്ക്കാ ചോദ്യത്തിന്റെ ശരിയുത്തരം അറിയുമെങ്കിൽ പോലും മിണ്ടാതെ ബെഞ്ചിന്റെ ഒരു മൂലയിൽ ഇരിക്കും.

എന്റെയുള്ളിലെ അപകർഷതാബോധം എന്നെ അതിന് അനുവദിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശരി. വീട്ടുകാരുടെ നിർബന്ധത്താൽ എന്നും സ്‌കൂളിൽ പോകുമായിരുന്നെങ്കിലും, എനിയ്ക്കവിടെ എടുത്തുപറയാൻ മാത്രം ആരും പ്രിയപ്പെട്ടതായി ഉണ്ടായിരുന്നില്ല. പ്ലേ ടൈമിൽ പോലും ഞാൻ തനിച്ചായിരുന്നു. ആരും കളിക്കാൻ പോലും കൂടെ കൂട്ടാറുണ്ടായിരുന്നില്ല.
എനിയ്ക്ക് ഭംഗിയില്ലാത്തതുകൊണ്ടാണ് ആരും വിളിക്കാത്തതെന്ന് മനസ്സിൽ എന്നോടുതന്നെ പറയും.

കുറച്ചു ദിവസങ്ങൾക്കുമുന്നേ ഞാൻ പത്രം വായിക്കുന്നതിനിടയിലാണ് സാറിന്റെ ഫോട്ടോ എന്റെ കണ്ണിലേയ്ക്കു പതിഞ്ഞത്, ഒരുനിമിഷം ഞാൻ നിശബ്ദമായി പോയി. കോവിഡിന്റെ കരാളഹസ്തം എന്റെ പ്രിയപ്പെട്ട ഗുരുനാഥനെയും കവർന്നുകൊണ്ടുപോയി.

​എല്ലാവരും കളിച്ചുചിരിച്ചു നടക്കുമ്പോൾ ഞാൻ മനസ്സിൽ ഒത്തിരി കൊതിച്ചിട്ടുണ്ട്...! എനിയ്ക്ക് എന്നാണ് ഇങ്ങനെയൊന്ന് മനസ്സുതുറന്ന് ചിരിക്കാൻ പറ്റുകയെന്ന്... ഒന്നുവേഗം സ്‌കൂൾ വിട്ട് വീട്ടിലെത്തിയാൽ മതിയെന്ന ഒറ്റ ചിന്ത മാത്രമായിരിക്കും എനിയ്ക്കുണ്ടാവുക. സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയാൽ ഞാനാകെ മാറും. കളിയും ചിരിയുമൊക്കെ എന്നുള്ളിലേക്ക് വന്നുചേരും. പിന്നെ അടുത്ത ദിവസവും ഇതുതന്നെ. രാവും പകലും പോലെ ഇതാവർത്തിക്കും.
സ്‌കൂളിന്റെ പടി കയറുമ്പോൾ ഹൃദയമിടിപ്പ് എനിയ്ക്ക് കേൾക്കാമായിരുന്നു.
അത്രയ്ക്ക് ഒറ്റപ്പെടലിന്റെ കയ്പുനീര് എന്റെയുള്ളിൽ വന്നുചേർന്നിരുന്നു. അതെന്നെ ഒരു കഴുകനെപ്പോലെ പിന്തുടർന്നു.

ആർട്‌സ് ഡേയുടെ സമയം. എല്ലാവരും ടീച്ചേഴ്‌സിന് പല മത്സരയിനത്തിലും പേര് നൽക്കുന്ന തിരക്കിലായിരുന്നു. എനിയ്ക്കുമാത്രം എന്റെ കഴിവ് എന്താണെന്ന് അറിയില്ലായിരുന്നു. ഒരു കഴിവും ഇല്ലാത്ത കുട്ടി- അതായിരുന്നു ഞാൻ. എന്തിനെന്നെ ദൈവം ഇങ്ങനെ ജനിപ്പിച്ചു... ഞാൻ എന്നെത്തന്നെ ശപിച്ചു.
പെട്ടെന്ന് ക്ലാസ്സിലേക്ക് ഒരാൾ കയറി വന്നു... വളരെ ഗാംഭീര്യമുള്ള സ്വരത്തിൽ പറഞ്ഞു, എന്റെ പേര് രാധാകൃഷ്ണൻ. നിങ്ങളുടെ പുതിയ മലയാളം അധ്യാപകനാണ് ഞാൻ. കോട്ടയത്തുനിന്നും ട്രാൻസ്ഫർ ആയി വരുന്നു. എല്ലാവരും ഇരിയ്ക്കൂ.
‘ആർട്‌സ് ഡേയ്ക്ക് എല്ലാവരും പേര് നൽകിയോ?' എന്ന് അദ്ദേഹം ചോദിച്ചു.
ആ ചോദ്യം ഒരു കുന്തമുനപോലെ വന്നുനിന്നത് എന്റെ നേരെയായിരുന്നു. ഞാനൊന്നും പറയാതെ താഴോട്ട് നോക്കിനിന്നു.

എന്നിട്ട് പതിയെ, ‘ഞാൻ ഒന്നിനും പേര് നൽകിയില്ല സർ' എന്നുപറഞ്ഞു. സർ കേട്ടപാതി കേൾക്കാത്ത പാതി, ‘അതെന്താ ഒരു കഴിവും ഇയാൾക്ക് ഇല്ലെന്നാണോ?' എന്നുചോദിച്ചു.
ഞാൻ അപ്പോൾ തന്നെ കരഞ്ഞുകൊണ്ട് പറഞ്ഞു, ‘അതേ സർ, എനിയ്ക്കൊരു കഴിവുമില്ല.'

സർ എന്റെ പേര് ചോദിച്ചു. എന്നിട്ട് എന്റെ പേര് പ്രസംഗം, മോണോ ആക്ട്, കവിതാരചന, കഥാരചന അങ്ങനെയൊത്തിരി മത്സരയിനങ്ങൾക്ക് കൊടുത്തു. എന്തുകൊണ്ടാണ് അന്ന് സർ പെട്ടെന്ന് അങ്ങനെ ചെയ്തതെന്നോ അല്ലെങ്കിൽ എന്ത് വിശ്വാസത്തിലാണ് എന്നോട് ആ മത്സരത്തിൽ പങ്കെടുക്കാൻ പറഞ്ഞതെന്നോ ഒന്നും എനിയ്ക്കറിയില്ല. സർ സ്റ്റാഫ് റൂമിൽ പോയി എനിയ്ക്ക് കുറച്ച് പുസ്തകങ്ങൾ കൊണ്ടുതന്നിട്ട് പറഞ്ഞു, ഇത് നീ വായിക്കണം. എന്നിട്ട് എല്ലാത്തിനും സമ്മാനം വാങ്ങണം.

സർ സ്റ്റാഫ് റൂമിൽ പോയി എനിയ്ക്ക് കുറച്ച് പുസ്തകങ്ങൾ കൊണ്ടുതന്നിട്ട് പറഞ്ഞു, ഇത് നീ വായിക്കണം. എന്നിട്ട് എല്ലാത്തിനും സമ്മാനം വാങ്ങണം. / Photo : Pixabay.

എന്നോട് ഒരു 30 മിനുട്ട് സംസാരിച്ചുകാണും, ഒരു രക്ഷകർത്താവിനെപ്പോലെ.
ആരും ഭൂമിയിൽ ഒരു കഴിവുമില്ലാതെ ജനിക്കുന്നില്ലെന്നും അവരവരുടെയുള്ളിലെ കഴിവിനെ ആദ്യം കണ്ടെത്തണമെന്നും ഒരു വ്യക്തിയും ഈ ഭൂമിയിൽ പൂർണനല്ലെന്നും എനിയ്ക്കൊരു കഴിവുമില്ല, എന്നെക്കൊണ്ട് ഒന്നും പറ്റില്ല, എന്നെ കാണാൻ കൊള്ളില്ല എന്നൊക്കെയുള്ള ചിന്താഗതിയാണ് ആദ്യം നമ്മൾ മറ്റേണ്ടത് എന്നുമൊക്കെയാണ് അദ്ദേഹം പറഞ്ഞത്. ‘I can and I will എന്ന് മനസ്സിൽ പറയുക. എന്ത് കാര്യത്തെപ്പറ്റി ചിന്തിക്കുമ്പോഴും...' എന്ന് പറഞ്ഞുകൊണ്ട് സർ സ്റ്റാഫ് റൂമിലേയ്ക്കുപോയി.

എന്റെ കഴിവിൽ, എന്റെ സംസാരത്തിൽ, എന്തിനേറെ എനിയ്ക്ക് എന്നിൽ പോലും വിശ്വാസമുണ്ടായതിനുകാരണം രാധാകൃഷ്ണൻ സർ മാത്രമാണ്. വെറും 30 മിനിറ്റ് കൊണ്ട് ഒരു വിദ്യാർഥിയെ മാറ്റിയ അധ്യാപകൻ.

ആ സംസാരം അവസാനിക്കുമ്പോഴേക്കും എന്റെയുള്ളിലെ അപകർഷതയെന്ന വിഷക്കറ താനേ ഊഴ്​ന്നിറങ്ങുന്നതുപോലെ തോന്നി. എന്നിൽ ആത്മവിശ്വാസം വന്നുചേർന്നു, എനിയ്ക്ക് എന്നിൽ ഒരു വിശ്വാസമുണ്ടായി. 30 മിനിറ്റുകൊണ്ട് എന്താണ് എന്നിലുണ്ടായത് എന്നെനിയ്ക്ക് ഇന്നും അറിയില്ല. അതുവരെ ആരോടും സംസാരിക്കാതിരുന്ന ഞാൻ എല്ലാവരോടും സംസാരിക്കാൻ തുടങ്ങി, ചിരിക്കാൻ തുടങ്ങി. അന്നാണ് എന്റെ സഹപാഠികൾ എനിക്ക് നുണക്കുഴിയുള്ളതുപോലും കണ്ടത്. അത്രപോലും എന്റെ ചിരി ആ നാലുചുവരിനും അപരിചിതമായിരുന്നു. അന്നുമുതലാണ് ഞാനും എന്റെ ചിരിയും അവിടെ പരിചിതമായിതുടങ്ങിയത്. എന്റെ കഴിവിൽ, എന്റെ സംസാരത്തിൽ, എന്തിനേറെ എനിയ്ക്ക് എന്നിൽ പോലും വിശ്വാസമുണ്ടായതിനുകാരണം രാധാകൃഷ്ണൻ സർ മാത്രമാണ്. വെറും 30 മിനിറ്റ് കൊണ്ട് ഒരു വിദ്യാർഥിയെ മാറ്റിയ അധ്യാപകൻ. ഓരോ അധ്യാപകദിനം കടന്നുവരുമ്പോഴും സാറിന്റെ മുഖമാണ് മനസ്സിൽ തെളിഞ്ഞുവരിക. ഒരർഥത്തിൽ പറഞ്ഞാൽ എന്നിലേയ്ക്കുള്ള തിരിഞ്ഞുനോട്ടം തന്നെയാണ് എനിയ്ക്ക്, അതോടൊപ്പം എന്നെ ഞാനാക്കിയ രാധാകൃഷ്ണൻ സാറിന്റെ വാക്കുകളിലേയ്ക്കുള്ള തിരിഞ്ഞുനോട്ടവും.

കുറച്ചു ദിവസങ്ങൾക്കുമുന്നേ ഞാൻ പത്രം വായിക്കുന്നതിനിടയിലാണ് സാറിന്റെ ഫോട്ടോ എന്റെ കണ്ണിലേയ്ക്കു പതിഞ്ഞത്, ഒരുനിമിഷം ഞാൻ നിശബ്ദമായി പോയി. കോവിഡിന്റെ കരാളഹസ്തം എന്റെ പ്രിയപ്പെട്ട ഗുരുനാഥനെയും കവർന്നുകൊണ്ടുപോയി.
മരണത്തിന് ഒറ്റവാക്കേ നമ്മോട് പറയാനുണ്ടാവുള്ളൂ, ‘വരൂ, നമുക്ക് പോകാം' എന്ന്. സാറിന്റെ ആകസ്മികമായ വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് ഇന്നും ഞാൻ മുക്തയായിട്ടില്ല. അവസാനമായി അദ്ദേഹത്തിന്റെ മുഖമൊന്നുകണ്ട് ആ പാദം സ്പർശിക്കാൻ എനിയ്ക്ക് കഴിയാത്തതിന്റെ വേദന എന്നെ ഇപ്പോഴും അലട്ടുകയാണ്. സർ നൽകിയ ഉപദേശവും ആത്മബലവുമാണ് എന്നെ ഇന്നും മുന്നോട്ടുനയിക്കുന്നത്.

ഓരോ മനുഷ്യരും ഓർമിക്കപ്പെടുക അവരുടെ മൂല്യങ്ങളിലൂടെയും നന്മയിലൂടെയുമാണ്. രാധാകൃഷ്ണൻ സാറിനെയും ഓർക്കുന്നതും അതുപോലെതന്നെയാണ്. രാധാകൃഷ്ണൻ സാറിന്റെ വാക്കുകൾ എനിയ്ക്കിന്നും അദൃശ്യമായൊരു ആത്മവിശ്വാസവും പ്രചോദനവുമാണ്. എല്ലാ ഗുരുക്കന്മാരും അദ്ദേഹത്തെ പോലെ ആയിരുന്നെങ്കിലെന്നു ആശിച്ചുപോകുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ദൃശ്യ പത്​മനാഭൻ

കണ്ണൂർ ജി.പി.ടി.സിയിൽ ടെക്​സ്​റ്റൈൽ ടെക്​നോളജിയിൽ ഡിപ്ലോമ, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഡിഗ്രി വിദ്യാർഥി.

Comments