മലങ്കാട്- 41
മൂന്നാറിലെ തൊഴിലാളികൾ ആദ്യമായി കാണുന്ന വിനോദം ഫുട്ബോൾ ആണ്. ഈ കളിയിൽ സായിപ്പന്മാർ തൊഴിലാളികൾക്ക് സ്വാതന്ത്ര്യം നൽകി. നന്നായി കളിക്കുന്നവരെ കൂടെ കൂട്ടി. അങ്ങനെ എസ്റ്റേറ്റ് സോണുകളിൽ എല്ലാ വർഷവും രണ്ടുമൂന്നു മാസം ഫുട്ബോൾ മാസങ്ങളായി മാറി. ഇന്നും ആ രീതി തുടരുന്നു.
മൂന്നാർ ഭരിച്ചിരുന്ന ബ്രിട്ടീഷ് സായിപ്പ് എറിക്ക് ഫ്രാൻസിസാണ് ഇവിടെ ഫുട്ബോൾ മോഹം വിതച്ചത്. മൂന്നാറിലാദ്യമായി ബുള്ളറ്റ് ഓടിച്ചതും എറിക് ഫ്രാൻസിസ് ആയിരുന്നു. നയമക്കാട് എസ്റ്റേറ്റ് മാനേജറായിരുന്ന എറിക് ഫ്രാൻസിസ് ഫുട്ബോൾ ആരാധകനായിരുന്നു. അതുകൊണ്ട് സായിപ്പന്മാരുടെ എന്റർടൈൻമെന്റ് ക്ലബ് എന്നറിയപ്പെടുന്ന ഹൈറേഞ്ച് ക്ലബ്ബിനുചുറ്റും ഒരു വലിയ ഗ്രൗണ്ടിൽ ഫുട്ബോൾ മാമാങ്കത്തിന് തുടക്കം കുറിച്ചു. 1945- കളിലാണ് മൂന്നാറിൽ ഫുട്ബോൾ പടർന്നു പന്തലിച്ചത്. എല്ലാ എസ്റ്റേറ്റുകളിലും സമാനമായി ഫുട്ബോൾ ഗ്രൗണ്ടുകൾ രൂപപ്പെട്ടു.
75ാം ഫുട്ബോൾ ടൂർണ്ണമെന്റ് ഇപ്പോൾ പുരോഗമിക്കുകയാണ്. 75 വർഷം മുമ്പ് തുടങ്ങിയ ഫുട്ബോൾ ആവേശം ഇന്നും അണഞ്ഞിട്ടില്ല. 36 എസ്റ്റേറ്റുകൾക്കും ആദ്യകാലത്ത് ടീം ഉണ്ടായിരുന്നു എന്ന് ആദ്യകാല ഫുട്ബോൾ താരം മുരുകയ്യ പറഞ്ഞു. മുരുകയ്യ ഇന്ന് മറയൂർ പെട്രോൾ പമ്പിൽ ജോലിക്കാരനാണ്. എസ്റ്റേറ്റ് സർവീസിൽ നിന്ന് വിരമിക്കുന്നവർ മറയൂർ കേന്ദ്രീകരിച്ചാണ് ജീവിക്കുന്നത്. ചില തൊഴിലാളികൾ തമിഴ്നാട്ടിലേക്ക് തിരിച്ചുപോയിട്ടുണ്ട്.
1970-കളിൽ മൂന്നാർ, ടാറ്റ ടീ കമ്പനിയുടെ കൈവശഭൂമിയായി. ബ്രിട്ടീഷുകാർക്കുപകരം ഇന്ത്യൻ മുതലാളികൾ മൂന്നാറിനെ ഭരിക്കാൻ തുടങ്ങിയെന്നർഥം. ‘തൊഴിലാളികളുടെ സുവർണകാലം’ എന്നാണ് ആ കാലഘട്ടത്തെ ചിലർ വിശേഷിപ്പിച്ചത്. പക്ഷേ അത് എത്ര സത്യമാണെന്ന് കണ്ടെത്താൻ വലിയ ഗവേഷണങ്ങൾ തന്നെ വേണ്ടിവരും.
1964- ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നതിന്റെ പ്രത്യാഘാതം മൂന്നാറിലും പ്രവർത്തകർ ഏറ്റുവാങ്ങി. ആശയപരമായി ട്രേഡ് യൂണിയനിൽ യോജിച്ച് പ്രവർത്തിക്കാൻ സി.പി.ഐ, സി.പി.എം പ്രവർത്തകർ തീരുമാനിച്ചിരുന്നെങ്കിലും 1970- കളിൽ ആ ശ്രമം പരാജയപ്പെട്ടു.
രത്തൻ ടാറ്റ തൊഴിലാളികളോട് സ്നേഹം പുലർത്തിയിരുന്നുവെന്ന് പണ്ടത്തെ തൊഴിലാളികൾ പറയാറുണ്ട്. തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാൻ സ്കൂൾ അഡ്വാൻസ് അനുവദിച്ചു, തൊഴിലാളികൾക്ക് കന്നുകാലികളെ വളർത്താൻ തൊഴുത്തുകൾ പണിതു നൽകി, കന്നുകാലികളെ നോക്കാൻ ആൾക്കാരെ ഏർപ്പെടുത്തി, കൃഷി ചെയ്യാൻ 10, 15 സെൻറ് വീതം ഓരോ തൊഴിലാളികൾക്കും നൽകി, തൊഴിലാളികളുടെ മക്കളെ വളർത്താൻ ക്രഷറുകൾ പണിതു, രണ്ടു ആയമാരെ വീതം ഓരോ ഡിവിഷനിലും ജോലിക്ക് നിർത്തി, തൊഴിലാളികളുടെ കുട്ടികൾക്ക് ഉപ്പുമാവ്, നിലക്കടല, പാൽ, മുട്ട, ഈന്തപ്പഴം തുടങ്ങിയ പോഷകാഹാരങ്ങൾ നൽകി, വയ്ത്തുപുള്ളക്കാരി എന്നറിയപ്പെടുന്ന ഗർഭിണികൾക്ക് ജോലിയിൽ രണ്ടു മണിക്കൂർ ഇളവു നൽകി, പച്ച പുള്ളക്കാരി അല്ലെങ്കിൽ കൈ പുള്ളക്കാരി എന്നറിയപ്പെടുന്ന കൊച്ചു കുട്ടികളുള്ള സ്ത്രീകൾക്കും ഇളവുനൽകി, മാരക രോഗം ബാധിച്ചവർക്ക് ലളിതമായ ജോലികൾ നൽകി, ടീ ബോർഡ് അസോസിയേഷനിലൂടെ പത്താം ക്ലാസിൽ ഫസ്റ്റ് ക്ലാസോടെ ജയിക്കുന്നവർക്ക് സ്കോളർഷിപ്പ് നൽകാൻ തീരുമാനിച്ചു, മെഡിക്കൽ ക്യാമ്പുകളും മെഡിക്കൽ സൗകര്യങ്ങളും കൂട്ടി, ജോലിസമയത്ത് അപകടം പറ്റിയാലോ അസുഖങ്ങൾക്കോ മെഡിക്കൽ തുക അനുവദിച്ചു, 14 ദിവസം ശമ്പളത്തോടെ വാർഷിക ലീവ് അനുവദിച്ചു, ഫിൻലേ ഫുട്ബോൾ ടൂർണമെൻറ് എല്ലാ വർഷവും കൃത്യമായി നടത്തി- അങ്ങനെ മൂന്നാറിനെ ടാറ്റാ ടീ കമ്പനി ‘സമ്പൂർണമായി’ ഏറ്റെടുത്തു എന്ന് ചിലർ പറയാറുണ്ട്.
1964- ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നതിന്റെ പ്രത്യാഘാതം മൂന്നാറിലും പ്രവർത്തകർ ഏറ്റുവാങ്ങി. ആശയപരമായി ട്രേഡ് യൂണിയനിൽ യോജിച്ച് പ്രവർത്തിക്കാൻ സി.പി.ഐ, സി.പി.എം പ്രവർത്തകർ തീരുമാനിച്ചിരുന്നെങ്കിലും 1970- കളിൽ ആ ശ്രമം പരാജയപ്പെട്ടു. ഐക്യത്തോടെ പ്രവർത്തിച്ചിരുന്ന ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ പിളർന്നു. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലിലേക്കു നീങ്ങി. സി.പി.ഐ മൂന്നാറിൽ ആധിപത്യമുറപ്പിച്ചു. സി.പി.എമ്മുകാരായ യുവാക്കൾ ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും സി.പി.ഐയുടെ അത്ര സ്വാധീനം ചെലുത്താൻ അവർക്കായില്ല.
സി.പി.ഐയുടെ വലതുപക്ഷ വ്യതിയാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ആർ.എസ്. മണി, അബ്ദുൽ ഖാദർ, വരദൻ, കെ.സി. നാരായണൻ, ജോസഫ് സവേലി, തെൻമല ബാലയ്യ, ബാലകൃഷ്ണൻ തുടങ്ങിയവർ സി.പി.എമ്മിനുവേണ്ടി പ്രവർത്തിച്ചു.
സി.എ. കുര്യൻ, സ്റ്റാലിൻ, കക്കൻ, മാടസാമി, വെള്ളചാമി തുടങ്ങിയവർ സി.പി.ഐയിൽ തുടർന്നു.
ആദ്യകാലത്ത് അംഗീകാരമില്ലാത്ത യൂണിയനായാണ് സി.ഐ.ടി.യു മൂന്നാറിൽ പ്രവർത്തിച്ചിരുന്നത്. യൂണിയനുണ്ടായി 36 വർഷങ്ങൾക്കുശേഷം, 2006-ലാണ് അംഗീകാരം കിട്ടിയത്. അതുവരെ അവർക്ക് കമ്പനിയോട് സംസാരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.
1970- ൽ ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (ഡി. ഇ. ഡബ്ല്യു) പിളർന്ന് ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (ഡി. ഇ. ഇ) നിലവിൽ വന്നു. മൂന്നാറിലെ സി.ഐ.ടി.യുവിന്റെ മറ്റൊരു ഘടകമാണ് തേയില തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ഡി.ഇ.ഇ. തമിഴ്നാട്ടിൽ നിന്നെത്തിയ നേതാക്കളാണ് ഈയൊരു യൂണിയനെ ഊട്ടിയുറപ്പിച്ചത്. രാമൂർത്തി ശക്തമായി ഇടപെട്ടതുകൊണ്ടാണ് ഇത്തരത്തിലൊരു യൂണിയൻ രൂപപ്പെട്ടതെന്ന് ആദ്യകാല പ്രവർത്തകനായ ആർ.എസ്. മണി പറയുന്നു. സി.പി.എം നേതാവ് അബ്ദുൽ ഖാദറാണ് ഈ പ്രസ്ഥാനത്തിന് രൂപം നൽകിയത്. വരദനും നേതൃപരമായ പങ്ക് വഹിച്ചു.
തിരുവനന്തപുരം ആറ്റിങ്ങൽ നിന്ന് ഡാം പണിയാൻ മാട്ടുപ്പെട്ടി എസ്റ്റേറ്റിലെത്തിയ അബ്ദുൽ ഖാദർ തൊഴിലാളികളുടെ പോരാട്ടനായകരിൽ ഒരാളായി. ഇക്കയുടെ ശബ്ദവും കാൽത്തടവും പതിയാത്ത സ്ഥലങ്ങൾ എസ്റ്റേറ്റുകളിലില്ല. മാർക്സിസ്റ്റ് ഐഡിയോളജി ഹൃദയത്തോട് ചേർത്തുപിടിച്ചാണ് ഇക്ക ഓരോ എസ്റ്റേറ്റുകളിലും തൊഴിലാളികളെ സംഘടിപ്പിക്കാൻ ഇറങ്ങിയത്. അദ്ദേഹത്തിനെ കുറിച്ച് വലിയ മതിപ്പാണ് ഇന്നും തൊഴിലാളികൾക്ക്. മൂന്നാർ ടൗണിലുള്ള, എസ്റ്റേറ്റ് തൊഴിലാളികൾ അല്ലാത്തവരുടെ വാസസ്ഥലം ‘ഇക്ക നഗർ’ എന്നാണറിയപ്പെടുന്നത്. ശക്തനായ ആ ജനകീയ നേതാവിന്റെ ഓർമക്കായാണ് മൂന്നാർ കോളനിക്ക് ഈ പേരിട്ടത്. തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിന് ജീവിതം മാറ്റിവെച്ച കമ്യൂണിസ്റ്റുകാരനാണ് ഇക്ക. എസ്റ്റേറ്റിലെ ബാർബർ ഷോപ്പുകളിലും കടത്തിണ്ണകളിലും കിടന്നായിരുന്നു അദ്ദേഹത്തിന്റെ പാർട്ടിപ്രവർത്തനം എന്ന് പഴയകാല തൊഴിലാളികൾ പറയാറുണ്ട്.
കമ്യൂണിസ്റ്റ് പാർട്ടിക്കാരല്ലാത്തവരും ഇക്കയെ ഇന്നും ഓർക്കുന്നു. കോൺഗ്രസ് അനുഭാവിയായ എന്റെ വല്യച്ഛൻ, ഇക്കയെപ്പോലൊരു നേതാവ് ഇന്നുവരെ മൂന്നാറിലുണ്ടായിട്ടില്ല എന്ന് പറയാറുണ്ട്. അതിനുമുമ്പ് തമിഴ്നാട്ടിൽ നിന്നെത്തിയ കുപ്പുസാമി തൊഴിലാളികളുടെ ജനകീയ നേതാവായിരുന്നു എന്ന് വല്യച്ഛൻ പറയാറുണ്ട്. എന്നാൽ മുതലാളിത്തത്തോടുള്ള കോൺഗ്രസിന്റെ സമരസപ്പെടൽ ജനം തിരിച്ചറിഞ്ഞതോടെ ആ മുഖച്ഛായ നഷ്ടപ്പെട്ടു.
ടാറ്റാ ടീയോട് നിരന്തരം മല്ലടിച്ച് തൊഴിലാളികളുടെ അവകാശം ഉയർത്തിപ്പിടിച്ച കമ്യൂണിസ്റ്റുകാരിൽ ഏറ്റവും ശ്രദ്ധേയരാണ് ഇക്കയും ആർ. മാണിക്യവും . തമിഴ്നാട്ടിലെ ബോഡിനായക്കന്നൂരിൽ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായി അവിടെ നിന്ന് മല കേറിയ സഖാവാണ് മാണിക്യം. പിന്നീട് എസ്റ്റേറ്റ് തൊഴിലാളികളുടെ വിമോചനത്തിന് മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി.
മൂന്നാറിലെ പാർട്ടി ഓഫീസിൽ ഒരാളുണ്ടാവും, ആർക്കും ഏതു സമയത്തും എന്തു പ്രശ്നം വേണമെങ്കിലും അയാളോട് പറയാം, അത് സഖാവ് ആർ. മാണിക്യമായിരുന്നു.
രാഷ്ട്രീയമായി പോരാടിയ ട്രേഡ് യൂണിയനുകളെ ‘ഞെട്ടിക്കുന്ന’ ബിസിനസ് തന്ത്രമാണ് മൂന്നാറിൽ ടാറ്റ മെനഞ്ഞത്.
ആദ്യകാലത്ത് അംഗീകാരമില്ലാത്ത യൂണിയനായാണ് സി.ഐ.ടി.യു മൂന്നാറിൽ പ്രവർത്തിച്ചിരുന്നത്. യൂണിയനുണ്ടായി 36 വർഷങ്ങൾക്കുശേഷം, 2006-ലാണ് അംഗീകാരം കിട്ടിയത്. അതുവരെ അവർക്ക് കമ്പനിയോട് സംസാരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ആ കാലയളവിൽ, മൂന്നു പതിറ്റാണ്ട്, തൊഴിലാളികൾക്കായി സന്ധിയില്ലാസമരത്തിൽ സി ഐ ടി യു എന്നും മുൻനിരയിലുണ്ടായിരുന്നു. തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളും യൂണിയൻ ഏറ്റെടുത്തു. അതിന് ചുക്കാൻ പിടിച്ചത് ആർ. മാണിക്യം എന്ന കമ്യൂണിസ്റ്റാണ്. കോവിലൂർ വട്ടവടയിൽ ജനിച്ച അദ്ദേഹം സ്വന്തം വീട്ടിൽ ജീവിച്ചതിനേക്കാൾ കൂടുതൽ പാർട്ടിഓഫീസിലാണ് കഴിഞ്ഞത്. എന്ത് അവകാശമാകട്ടെ, അത് നേടിയെടുക്കാതെ പിന്നോട്ടില്ല എന്ന മട്ടിൽ, ജീപ്പിലും ബസിലും കയറി, എല്ലായിടത്തും എത്തി തൊഴിലാളികളെ സംഘടിപ്പിച്ച്, അവരെ സമരസജ്ജരാക്കിയ ഒരു യഥാർഥ കമ്യൂണിസ്റ്റ്. പിന്നീട് അദ്ദേഹം വട്ടവട പഞ്ചായത്ത് പ്രസിഡന്റായി. മാണിക്യവും ഇക്കയും ഭരതരാജൻ എം.എൽ.എയുമെല്ലാം മൂന്നാറിനെ സംബന്ധിച്ച് ജൈവിക കമ്യൂണിസ്റ്റുകാരായിരുന്നുവെന്ന് പറയാം. ഇവരെല്ലാം ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ മൂന്നാറിലെത്തിയ തൊഴിലാളികളുടെ കുടുംബങ്ങളിൽ നിന്ന് ഉയർന്നുവന്ന നേതാക്കളാണ്. ആ നേതൃനിര മൂന്നാറിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ ചലനമുണ്ടാക്കി. 2006- ൽ സി ഐ ടി യു-വിനെ അംഗീകാരമുള്ള യൂണിയനാക്കി മാറ്റിയതിൽ വലിയ പങ്കുവഹിച്ചത് ഈ മൂന്ന് നേതാക്കളാണ്.
ഇക്കയുടെയും മാണിക്യത്തിന്റെയും പോരാട്ടങ്ങളെ എന്നും കമ്പനിക്ക് പേടിയായിരുന്നു. രത്തൻ ടാറ്റയെ ‘തൊഴിലാളി സൗഹൃദ മുതലാളി’ ആക്കിയതിൽ വലിയ പങ്കുവഹിച്ചത് സി ഐ ടി യു ആയിരിക്കും. കാരണം, ടാറ്റക്ക് അവഗണിക്കാനാകാത്ത നൂറുകണക്കിന് സമരങ്ങൾ സി.ഐ.ടി.യു ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.
അവരുടെ സമരങ്ങളുടെ പിന്മുറക്കാരായിരുന്നു സുന്ദര മാണിക്യവും പാൽരാജും. ഫിൻലേ നാടുവിട്ടു പോയപ്പോൾ രത്തൻ ടാറ്റ മൂന്നാർ മലനിരകളിൽ കച്ചവട ആധിപത്യം ഉറപ്പിച്ചു. ഇന്ത്യയിൽ ടാറ്റ തൊട്ടതെല്ലാം പൊന്നായിരുന്ന ഒരു കാലമായിരുന്നു അത്. രാഷ്ട്രീയമായി പോരാടിയ ട്രേഡ് യൂണിയനുകളെ ‘ഞെട്ടിക്കുന്ന’ ബിസിനസ് തന്ത്രമാണ് മൂന്നാറിൽ ടാറ്റ മെനഞ്ഞത്. തൊഴിലാളികൾക്ക് ന്യായമായ കൂലി, ലീവ് അലവൻസ്, മെഡിക്കൽ അലവൻസ്, തൊഴിലാളികളുടെ മക്കൾക്ക് എജുക്കേഷൻ അലവൻസായി സ്കൂൾ അഡ്വാൻസ് എന്നിവയെല്ലാം നൽകി. ഫെസ്റ്റിവൽ കാലം ആഘോഷമാക്കാൻ ഫെസ്റ്റിവൽ അലവൻസും. ഇവയെല്ലാം വളരെ തുച്ഛമായ തുകകളായിരുന്നുവെങ്കിലും അടിമത്തൊഴിലാളികൾ അതിൽ ആനന്ദം കണ്ടു. പിന്നീട് ചെലവിന് ആഴ്ചയിൽ റേഷൻ കാശ് എന്ന പേരിൽ ചെറിയ തോതിൽ പൈസ കൊടുത്തു തുടങ്ങി. ഇപ്പോഴും അത്തരം സംവിധാനങ്ങൾ എസ്റ്റേറ്റിൽ തുടരുന്നു. അതായത് ഒരാഴ്ചയ്ക്ക് ഒരു തൊഴിലാളിക്ക് ആദ്യകാലങ്ങളിൽ പത്തു രൂപയും പിന്നീട് 20 രൂപയും 2010- ൽ 40 രൂപയും 2015- ൽ 90 രൂപയും ആയിരുന്നു റേഷൻ കാശ്. ജോലി ചെയ്യുന്ന ദിവസങ്ങൾ എണ്ണിയാണ് പൈസ അനുവദിക്കുന്നത്. ഇതൊക്കെ മാസശമ്പളത്തിൽ നിന്നു കിട്ടുന്ന അഡ്വാൻസ് തുകയാണ്. ഒരു തൊഴിലാളിക്ക് ഒരു മാസം കഷ്ടിച്ച് പണി ചെയ്താൽ, 2000 കാലത്ത് 3000- 3500 രൂപയാണ് കിട്ടിയിരുന്നത്. അതിൽനിന്ന് പ്രൊവിഡൻ ഫണ്ട്, പെൻഷൻ, അഡ്വാൻസ്, കമ്പിളിക്കാശ്, റേഷൻകാശ്, സി.ടി.ഡി സൊസൈറ്റി എന്നിവക്കൊക്കെ പിടിച്ച് ബാക്കി ആയിരം രൂപയിൽ താഴെയാണ് കൈയിൽ കിട്ടുക. എന്തെങ്കിലും കാരണത്താൽ ജോലിക്ക് പോയില്ലെങ്കിൽ ശമ്പളം മുടങ്ങും, അടുത്തടുത്ത മാസങ്ങളിൽ ഈ പറ്റ് തീർക്കേണ്ടിവരും. കമ്പനിക്ക് അടയ്ക്കേണ്ട പറ്റുകൾ കമ്പനിക്കടം എന്നാണറിയപ്പെട്ടിരുന്നത്. ഓരോ തൊഴിലാളിയും സാലറി സ്ലിപ്പ് എന്ന ‘പിരിതി’ വാങ്ങുമ്പോൾ അതിൽ ‘മറുമാതപ്പറ്റ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവർ മാനസികമായി തളരും. ഈ കടം വീട്ടാൻ അവർക്ക് ഒരു പോംവഴിയുമില്ല. കുടുംബത്തിന്റെ അവസ്ഥ വീണ്ടും അവതാളത്തിലാകും. അങ്ങനെ വീണ്ടും കടങ്ങളിലും ബാധ്യതകളിലും അവർ തളച്ചിടപ്പെടും.
(തുടരും)