1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷത്തിനായി മൂന്നാര്‍ ടൗണിലെത്തിയവര്‍

കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും
തൊഴിലാളി ഐക്യവും

തൊഴിലാളി യൂണിയനുകൾ ശബ്ദിച്ചു തുടങ്ങിയതോടെ കമ്പനിക്കാർ ആദ്യമായി ഒന്ന് വിറച്ചു. സ്വാതന്ത്ര്യം കിട്ടിയതും കമ്പനിക്കാർക്ക് തിരിച്ചടിയായി. തൊഴിലാളികളുടെ ചെറിയ അവകാശങ്ങൾ അവർ മനസ്സില്ലാമനസ്സോടെ അംഗീകരിച്ചു. അങ്ങനെയാണ്, കമ്പനിക്ക് കൊടുക്കാനുണ്ടായിരുന്ന കടങ്ങൾ അടുത്ത തലമുറയിൽപ്പെട്ടവരെ ഏൽപ്പിച്ച് കുറച്ചുപേർ തമിഴ്നാട്ടിലേക്ക് തിരിച്ചുപോയത് എന്നാണ് വല്യച്ഛൻ പറയാറ്.

മലങ്കാട്- 31

1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തന്നെ തേയിലക്കാടുകൾ ഉണരാൻ തുടങ്ങി. അന്നുവരെ അടിമ ജീവിതം നയിച്ചിരുന്ന തൊഴിലാളി കുടുംബങ്ങൾ വിദ്യാഭ്യാസത്തെക്കുറിച്ചും മറ്റു ജോലികളെക്കുറിച്ചും ആലോചിക്കാൻ തുടങ്ങി. ട്രേഡ്‌ യൂണിയനുകൾ ശക്തമായതോടെ തൊഴിലാളികളിൽ ആത്മവിശ്വാസമേറി. അവകാശങ്ങളെ കുറിച്ച് അവർ ബോധവാന്മാരായി. അതിനുമുമ്പ് കമ്പനി എന്നു കേട്ടാൽ, ബൂട്ട്സുകളുടെ ഒച്ച കേട്ടാൽ പേടിച്ചുവിറച്ചിരുന്ന തൊഴിലാളികൾക്ക് കമ്പനിയെ എതിർക്കാൻ ധൈര്യം കിട്ടി.

എന്നാൽ, ചില തൊഴിലാളികൾ കമ്പനിയെ അനുകൂലിച്ചാണ് എപ്പോഴും സംസാരിക്കുക. അവരെ കൊളോണിയലിസം എന്ന അടിമബോധം ബാധിച്ചിരുന്നു എന്നാണ് തലയാർ എസ്റ്റേറ്റിലെ കാപ്പി സ്റ്റോറിൽ ജീവിച്ചിരുന്ന സുബ്ബയ്യ പറഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബം വാൽപ്പാറ എസ്റ്റേറ്റുകളിൽ അടിമജീവിതം നയിച്ചശേഷം അവിടെ നിന്ന് രക്ഷപ്പെട്ടാണ് 1940- നുശേഷം കാപ്പി സ്റ്റോർ എന്നറിയപ്പെടുന്ന തലയാർ എസ്റ്റേറ്റിലെ തേയിലതോട്ടങ്ങളിലെത്തിയത്.

സുബ്ബയ്യ

അന്ന് കമ്പനി എന്നുവിളിക്കുന്ന എസ്റ്റേറ്റുകളുടെ ഒരുപാട് ഘടകങ്ങളുണ്ടായിരുന്നെന്നും മറ്റു കമ്പനികളിൽ നിന്ന് വളരെ വ്യത്യസ്തമായ ജീവിതമാണ് തലയാറിൽ നയിച്ചിരുന്നതെന്നും പൂർവികർ പറയാറുണ്ടെന്ന് സുബൈർ ഓർക്കുന്നു. മാത്രമല്ല, തൊട്ടടുത്ത് കാന്തളൂരും മുതുമല പ്രദേശങ്ങളും ചേർന്നുകിടക്കുന്നതുകൊണ്ട് ധാന്യങ്ങൾക്ക് വലിയ പഞ്ഞമുണ്ടായിരുന്നില്ല എന്നും കാപ്പിസ്റ്റോറിൽ ജീവിച്ചിരുന്ന ആദ്യകാല തൊഴിലാളി കുടുംബത്തിലെ ഗാന്ധി പറയാറുണ്ട്. അബ്ബാസ്, മരയ്ക്കാർ തുടങ്ങിയവർ അവിടെ ചന്തകളും കടകളും തുടങ്ങിയതോടെ എല്ലാ സാധനങ്ങളും ലഭ്യമായിത്തുടങ്ങി.

സ്വാതന്ത്ര്യം കിട്ടിയത് തൊഴിലാളി ജീവിതങ്ങളെ വലിയ രീതിയിൽ സ്വാധീനിച്ചു. തെന്മല, ഗുണ്ടുമല എസ്റ്റേറ്റുകളുടെ മലയോരങ്ങളിൽ നിന്ന് തൊഴിലാളികളെ സംഘടിപ്പിക്കാൻ തൊഴിലാളി കുടുംബത്തിൽ നിന്നുതന്നെ നേതാക്കൾ ഉയർന്നുവന്നു. അങ്ങനെയാണ് മൂന്നാറിലെ ആദ്യകാല കമ്യൂണിസ്റ്റായ ബാലയ്യ കങ്കാണിയും പെരുമാളും മണിവേലവും യൂണിയനുകൾ പടുത്തുയർത്താൻ ശ്രമിച്ചത്. ആദ്യകാലങ്ങളിൽ കമ്പനിക്കാരെ പേടിച്ചായിരുന്നു ഭൂരിഭാഗം നേതാക്കളും പ്രവർത്തിച്ചിരുന്നത്. കാരണം, അവർക്ക് സ്വന്തമായി വീടില്ലായിരുന്നു. കമ്പനിക്കാരെ എതിർത്താൽ അവർ തങ്ങളെ അവിടെനിന്ന് ഇറക്കിവിടുമെന്ന് ഓരോ തൊഴിലാളിക്കും പേടിയുണ്ടായിരുന്നു.

വീടും നാടും സ്വന്തവും ബന്ധവുമെല്ലാം ഉപേക്ഷിച്ച് പട്ടിണിയെ അതിജീവിക്കാൻ മാത്രം മലകൾ കയറിയെത്തി മൃഗസമാനജീവിതം ജീവിച്ചു വരുന്നവർ പേടിക്കാതെ വേറെന്തു ചെയ്യാൻ. അവർക്ക് തമിഴ്നാട്ടിലേക്ക് തിരിച്ചുപോവുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. അവരുടെ പൂർവികരുടെ തമിഴ്നാടല്ല ഇപ്പോൾ എന്ന ബോധവും മൂന്നാറിൽ ആദ്യ കാലങ്ങളിൽ ജനിച്ച തൊഴിലാളികൾക്കുണ്ടായിരുന്നു. അതുകൊണ്ട് അവർ ഒരിക്കലും തമിഴ്നാട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിച്ചില്ല.

കുണ്ടല മാടസാമി

മൂന്നാർ ടൗൺ വികസിച്ചതോടെയാണ്, തിരിച്ചുപോക്കിനെക്കുറിച്ചുള്ള തൊഴിലാളികളുടെ പേടി മാറിത്തുടങ്ങിയത്. എങ്കിലും, മൂന്നാറിന്റെ രൂപഘടനയനുസരിച്ച് ചുറ്റും മലകളായതു കൊണ്ട് തൊഴിലാളികൾ തമ്മിൽ ബന്ധപ്പെടാനും സംഭാഷണം നടത്താനും വളരെ ബുദ്ധിമുട്ടേണ്ടി വന്നു. തമിഴ്നാട്ടിൽ നിന്നെത്തിയ സൗത്തിന്ത്യൻ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ നേതാക്കൾ കങ്കാണിമാരെ ലക്ഷ്യം വച്ച് പ്രവർത്തിച്ചു തുടങ്ങിയതോടെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ സി.എ. കുര്യൻ, സ്റ്റാൻലി തുടങ്ങിയവർ മൂന്നാറിലെത്തി ഓരോ എസ്റ്റേറ്റുകളിലും ആൾക്കാരെ സംഘടിപ്പിച്ചു. അങ്ങനെയാണ് പള്ളി വാസിലിൽ വെള്ളച്ചാമിയും തെന്മലയിൽ ബാലയ്യ കങ്കാണിയും ചിറ്റിവരയിൽ സി.ഐ.ഡി സുബ്രഹ്മണ്യവും എല്ലപെട്ടിയിൽ പെരുമാളും ചെല്ലയ്യയും രാഷ്ട്രീയം എന്നുപറഞ്ഞാൽ പേടിച്ചു വിറച്ചിരുന്ന തൊഴിലാളികളെ അവകാ​ശബോധത്തിന്റെ പുതുവഴിയിലേക്ക് നയിക്കുന്നത്.

കമ്പനിക്കാർ ഇതിന് അവരെ ഒരുപാട് ദ്രോഹിച്ചിരുന്നു. അവരെ നിരന്തരം വേട്ടയാടുകയും പണിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും കൊടിമരങ്ങൾ എടുത്തുകളയുകയും ചെയ്ത കഥകൾ വല്യച്ഛൻ മന്നാർ ഓർത്തെടുക്കാറുണ്ട്. ഇതിലൊന്നും തളരാതെ അവർ നിരന്തരം ശബ്ദിച്ചു കൊണ്ടിരിക്കുന്നു. ആ കാലഘട്ടത്തിൽ കമ്പനിയെ എതിർത്ത് സംസാരിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.

ആര്‍. കുപ്പുസാമി

കുണ്ടലയിലെ മാടസാമി കങ്കാണി കമ്യൂണിസ്റ്റ് ആശയം മുറുകെപ്പിടിച്ച് ജീവിതകാലം വരെ തൊഴിലാളികൾക്കായി ജീവിച്ചയാളായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകനും സി.പി.ഐയുടെ ലോക്കൽ സെക്രട്ടറിയും ദേവികുളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന എസ്. എം. കുമാർ പറയുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അടിമക്കഥകൾ കേട്ടതു കൊണ്ടായിരിക്കാം കമ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെട്ടത് എന്നാണ് അദ്ദേഹം പറയാറ്.

അടമഴക്കാലങ്ങളിൽ അടിമയായി ജീവിക്കേണ്ടിവന്ന തൊഴിലാളികൾക്കുവേണ്ടി മുത്തുചാമിയും കുപ്പു സാമിയും സി.എ. കുര്യനും സ്റ്റാൻലിയും മൂന്നാറിലിറങ്ങിയപ്പോൾ ആദ്യം അവർ ഉന്നയിച്ചത് തൊഴിലാളികൾക്ക് സൗജന്യമായി കാട്ടുകമ്പിളിയും കാട്ടുചാക്കും കൊടുക്കണം എന്നാണ്. കൂണു വണ്ടുകളുടെ കടിയേറ്റ് ജീവിച്ചിരുന്ന തൊഴിലാളികൾ ഈ അവകാശങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും ഇതിനുവേണ്ടി ശബ്ദിച്ചിട്ടുണ്ടാവില്ല. കാരണം ശബ്ദിച്ചാൽ അവർക്ക് മർദ്ദനം ഉറപ്പാണ്. നേതാക്കൾ വന്നതോടെ അവകാശം സാക്ഷാത്കരിക്കാം എന്നവർക്ക് ഉറപ്പായി.

1935- നുശേഷം എസ്റ്റേറ്റിലേക്ക് കുടിയേറിപ്പാർത്തവരും അവരുടെ തലമുറക്കാരുമാണ് ഇന്ന് മൂന്നാറിൽ ബഹുഭൂരിപക്ഷവും തൊഴിലാളികളായി കഴിയുന്നത്. അതിനുമുമ്പ് എത്തിയവർ സ്വാതന്ത്ര്യം ലഭിച്ചശേഷം ഇവിടെ നിന്ന് പോയി എന്നാണ് പറയുന്നത്.

അടിമജീവിതത്തിൽനിന്നുള്ള വിമോചനം എന്ന മട്ടിലാണ് 1947-ൽ മൂന്നാറിൽ നടന്ന ആദ്യ സ്വാതന്ത്ര്യദിന പരേഡിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തത്. തലമുറകൾക്കുമുമ്പ് എത്തിയ തൊഴിലാളികൾക്ക് നേരെ ശ്വസിക്കാൻ പറ്റും എന്ന ധൈര്യം വന്ന ദിവസമായിരുന്നു ആഗസ്റ്റ് 15. തൊഴിലാളി പങ്കാളിത്തം കമ്പനിക്കാരെ ഞെട്ടിച്ചുവെന്ന് അപ്പൂപ്പൻ പറയാറുണ്ട്. മാത്രമല്ല, ‘വെള്ളക്കാരൻ എസ്റ്റേറ്റ് വിട്ട് പോക പോറാങ്കെ’ എന്ന് കുറെ തൊഴിലാളികൾ വിളിച്ചു പറഞ്ഞു. പക്ഷേ, കമ്പനിക്കാർക്കൊപ്പമായിരുന്നു ഭരണകൂടവും സംവിധാനങ്ങളും. അതുകൊണ്ട് സായിപ്പന്മാർ മൂന്നാർ മലയിറങ്ങാൻ തൽക്കാലം സാധ്യതയില്ല എന്നവർ ദുഃഖത്തോടെ തിരിച്ചറിഞ്ഞു. സ്വാതന്ത്ര്യം കിട്ടിയിട്ടും തങ്ങൾ കൊളോണിയൽ ആധിപത്യത്തിന്റെ പിടിയിലാണ് എന്ന് അവർക്ക് മനസ്സിലായി. 1935- നുശേഷം എസ്റ്റേറ്റിലേക്ക് കുടിയേറിപ്പാർത്തവരും അവരുടെ തലമുറക്കാരുമാണ് ഇന്ന് മൂന്നാറിൽ ബഹുഭൂരിപക്ഷവും തൊഴിലാളികളായി കഴിയുന്നത്. അതിനുമുമ്പ് എത്തിയവർ സ്വാതന്ത്ര്യം ലഭിച്ചശേഷം ഇവിടെ നിന്ന് പോയി എന്നാണ് പറയുന്നത്.

കുണ്ടല എസ്. മാടസാമി, പി. കാമരാജ് (നീല ഷര്‍ട്ട്)

തൊഴിലാളി യൂണിയനുകൾ ശബ്ദിച്ചു തുടങ്ങിയതോടെ കമ്പനിക്കാർ ആദ്യമായി ഒന്ന് വിറച്ചു. സ്വാതന്ത്ര്യം കിട്ടിയതും കമ്പനിക്കാർക്ക് തിരിച്ചടിയായി. തൊഴിലാളികളുടെ ചെറിയ അവകാശങ്ങൾ അവർ മനസ്സില്ലാമനസ്സോടെ അംഗീകരിച്ചു. അങ്ങനെയാണ്, കമ്പനിക്ക് കൊടുക്കാനുണ്ടായിരുന്ന കടങ്ങൾ അടുത്ത തലമുറയിൽപ്പെട്ടവരെ ഏൽപ്പിച്ച് കുറച്ചുപേർ തമിഴ്നാട്ടിലേക്ക് തിരിച്ചുപോയത് എന്നാണ് വല്യച്ഛൻ പറയാറ്. പക്ഷേ, വിരലിലെണ്ണാവുന്നവരാണ് തിരിച്ചുപോയത്. ഇവിടെ തന്നെ അടിമജീവിതം തുടരാനാണ് ബാക്കിയുള്ളവർ തീരുമാനിച്ചിരുന്നത്. അതുകൊണ്ടുമാത്രമാണ് മൂന്നാർ മൂന്നാറായി നിലനിന്നത്.

മൂന്നാറിൽ അവകാശങ്ങളുന്നയിച്ച് തൊഴിലാളികളെ സംഘടിപ്പിച്ച ആദ്യ സംഘടന കോൺഗ്രസ് തന്നെയാണ്.

മൂന്നാറിൽ ശരിക്ക് സംഭവിച്ചത് ഒരു തണുത്ത വിപ്ലവമാണ്. അതിന് പല കാരണങ്ങളുണ്ട്. ഭൂരിഭാഗവും നിലമില്ലാത്ത ദലിതരും മറ്റു പിന്നാക്ക വിഭാഗക്കാരുമായിരുന്നു. തമിഴ്നാട്ടിലെ കൊടും വരൾച്ചയിലും വൃത്തിഹീനമായ സാഹചര്യങ്ങളിലും അവർക്ക് ഒരിക്കലും ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് എന്തും സഹിച്ച് വീണ്ടും അവർ എസ്റ്റേറ്റിൽ തന്നെ തുടർന്നു. രണ്ടാം തലമുറയ്ക്ക് ഭാഗികമായി നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം മൂന്നാം തലമുറയ്ക്ക് കിട്ടിത്തുടങ്ങി. ഞങ്ങളുടെ കുടുംബക്കാർക്ക് മൂന്നാം തലമുറ തൊട്ടാണ് വിദ്യാഭ്യാസം കിട്ടിത്തുടങ്ങിയത്. അതുവരെ എല്ലപ്പെട്ടി, കുണ്ടല, ചെണ്ടുവര, ചിറ്റിവര, അരുവിക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ ലൈൻസിൽ കുടുങ്ങിക്കിടക്കുകയും അടിമജീവിതം നയിക്കുകയും മാത്രമാണ് ഞങ്ങളുടെ ആൾക്കാർ ചെയ്തിരുന്നത്. അമ്മൂമ്മയുടെ അനിയത്തിയും വല്യപ്പന്റെ ബന്ധുക്കളും അവരുടെ മക്കളും ഒക്കെ അരുവിക്കാട് എസ്റ്റേറ്റിലാണ് ഉണ്ടായിരുന്നത്. അച്ഛന്റെ ബന്ധുക്കളും വല്യച്ഛന്റെ തലമുറയും എല്ലപ്പെട്ടി, ചിറ്റിവര, വാഗുവര തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമാണ് ജീവിച്ചത്. അതിനപ്പുറമുള്ള ജീവിതം അവർക്ക് സ്വപ്നത്തിൽ പോലും ഇല്ല.

കെ. വി. ശശികുമാർ

നേര്യമംഗലം മുതൽ വട്ടവട വരെ പരന്നുകിടന്ന ദേവികുളം ദ്വിമണ്ഡലമായിരുന്നു. 1948- ഓടെ കാമരാജിന്റെ നേതൃത്വത്തിൽ എസ്. ഐ. പി.ഡബ്ല്യു യൂണിയൻ വികസിച്ചതോടെ മൂന്നാറിൽ കോൺഗ്രസിന്റെ പ്രവർത്തനം എല്ലാ എസ്റ്റേറ്റിലേക്കും വ്യാപിച്ചു. 1950-കളിൽ കുപ്പുസാമി മൂന്നാറിലെത്തിയതോടെ കോൺഗ്രസ് ശക്തി പ്രാപിച്ചു. കമ്പനിയുടെ ആധിപത്യത്തിനെതിരായി കുപ്പുസാമി ആഞ്ഞടിച്ചു. തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസും എസ്.ഐ.പി .ഡബ്ല്യു യൂണിയൻ എന്നറിയപ്പെടുന്ന സൗത്തിന്ത്യൻ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയനും ഭാഷാഅടിസ്ഥാനത്തിൽ വേർതിരിഞ്ഞു പ്രവർത്തിച്ചിരുന്നു എന്ന് അന്നത്തെ ആളുകൾ പറയുന്നു.

തമിഴ് സംസാരിക്കുന്ന തിരുവിതാംകൂറിലെ ബഹുഭൂരിപക്ഷം ജനങ്ങളും ദേവികുളം, പീരുമേട് തുടങ്ങിയ ഭാഗങ്ങളിലാണ് താമസിച്ചിരുന്നത്. മാത്രമല്ല, തെക്കൻ തിരുവിതാംകൂറിൽ നാഗർകോവിൽ വരെ ഈ ബന്ധം പടർന്നിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കൾ മലയാളവും തമിഴും സംസാരിക്കുന്നവരായി തമ്മിൽ വിഭജിക്കപ്പെട്ടു. ആർ. കുപ്പുസാമി തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസ് എന്ന, കോൺഗ്രസിന്റെ മറ്റൊരു സംഘടനയിലാണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. ഇത്തരം വിഭജനങ്ങൾ കോൺഗ്രസിൽ സംഘർഷവുമുണ്ടാക്കിയിരുന്നു. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും 1950- വരെ മൂന്നാറിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല. കോൺഗ്രസിലെ ചേരിയുദ്ധം ഭാഷയുടെ പേരിൽ തുടർന്നതാണ് ആദ്യ തിരഞ്ഞെടുപ്പിൽ അവർക്ക് തിരിച്ചടിയായത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഒരു പരിധിവരെ അത് ശരിവയ്ക്കാം. കാരണം, മൂന്നാറിൽ അവകാശങ്ങളുന്നയിച്ച് തൊഴിലാളികളെ സംഘടിപ്പിച്ച ആദ്യ സംഘടന കോൺഗ്രസ് തന്നെയാണ്.

ആദ്യ രാഷ്ട്രപതി ആര്‍. രാജേന്ദ്ര പ്രസാദിനൊപ്പം എന്‍. ഗണപതി എം.എല്‍.എ

ആദ്യകാലത്ത് വെള്ളത്തൂവലിൽ നിന്ന് പാർട്ടി പ്രവർത്തനത്തിന് മൂന്നാർ മേഖലയിലേക്ക് എത്തിയ സി.പി.ഐ (എം) ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. വി. ശശികുമാർ മുതൽ ചിറ്റിവര എസ്റ്റേറ്റിലെ നോർത്ത് ഡിവിഷനിൽ കോൺഗ്രസിന്റെ ശക്തനായ നേതാവായിരുന്ന പൊണ്ണയ്യായുടെ മകനും മാട്ടുപ്പെട്ടി മണ്ഡലത്തിലെ സി.പി.ഐ നേതാവായ പി. കാമരാജ് വരെ ഇക്കാര്യം ശരിവക്കുന്നു.

കമ്യൂണിസ്റ്റ് പാർട്ടിക്ക് നല്ല രീതിയിൽ വേരോട്ടമുണ്ടായിരുന്നുവെങ്കിലും ആദ്യകാലത്ത് പ്രവർത്തകരുണ്ടായിരുന്നില്ല. റോസമ്മ പുന്നൂസും സ്റ്റാൻലിയും പ്രവർത്തനം തുടങ്ങിയപ്പോഴാണ് കമ്യൂണിസ്റ്റ് പാർട്ടി മൂന്നാറിൽ പച്ചപിടിക്കുന്നത്. അങ്ങനെയാണ്, 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ ദ്വയാംഗ മണ്ഡലമായ ദേവികുളത്ത് ജനറൽ സീറ്റിൽ സി.പി.ഐ സ്ഥാനാർഥി റോസമ്മ പുന്നൂസ് ജയിച്ചത്. എന്നാൽ, എതിർ സ്ഥാനാർഥി, കോൺഗ്രസിലെ ബി.കെ. നായരുടെ പത്രിക മതിയായ കാരണമില്ലാതെ തള്ളി എന്ന തെരഞ്ഞെടുപ്പുകേസിൽ അവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിലും റോസമ്മ പുന്നൂസ് തന്നെയാണ് ജയിച്ചത്. കോൺഗ്രസിലെ ഐക്യമില്ലായ്മയാണ് ബി . കെ. നായരെ തോൽപ്പിച്ചത്. തമിഴും മലയാളവും സംസാരിക്കുന്നവർക്കിടയിലുണ്ടായിരുന്ന വിഭജനമാണ് കോ​ൺഗ്രസിന് തോൽവി സമ്മാനിച്ചത്.

മദ്രാസ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായിരുന്ന കെ. കാമരാജ്, എന്‍. ഗണപതി എം.എല്‍.എ

അ​തേസമയം, ഇതേ തെരഞ്ഞെടുപ്പിൽ, പട്ടികജാതി സംവരണ സീറ്റിൽ ജയിച്ചത് എൻ. ഗണപതി എന്ന കോൺഗ്രസ് നേതാവാണ്. മൂന്നാറിന്റെ എക്കാലത്തെയും ശക്തനായ തൊഴിലാളി നേതാവായിരുന്നു എൻ. ഗണപതി. 1956- ൽ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണം എന്ന ചർച്ച നടന്നപ്പോൾ മൂന്നാറിലെ ജനങ്ങളെയെല്ലാം കേരളത്തിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം കാമരാജിനോട് ആവശ്യപ്പെട്ടു. കാരണം, അവരുടെ വിയർപ്പിലും ചോരയിലും ഉണ്ടാക്കിയ ഭൂമിയാണിത്. കാമരാജ് ഗണപതിയെ മുഖവിലക്കെടുത്തു.

ചൊക്കനാട് എസ്റ്റേറ്റിലെ ഫാക്ടറി ഡിവിഷനിലെ തൊഴിലാളിയായിരുന്ന നാരായണ സാമിയുടെയും, തായമ്മയുടെയും മകനായിരുന്നു അദ്ദേഹം. അന്നുതന്നെ എട്ടാം ക്ലാസ് വരെ പഠിച്ചിരുന്നു. മൂന്നാറിന്റെ തൊട്ടടുത്ത് ചൊക്കനാട് ഡിവിഷനായതുകൊണ്ട് മൂന്നാറിന്റെ എല്ലാ ചലനങ്ങളും ഉൾക്കൊണ്ടാണ് ഗണപതി വളർന്നത്. അതുകൊണ്ട് മൂന്നാർ കേരളത്തിന്റെ ഭാഗമാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും അദ്ദേഹം തന്നെയാണ്. ആ വാദം അന്ന് കുപ്പുസാമി, മുത്തുസാമി തുടങ്ങിയ ആദ്യകാല കോൺഗ്രസ് നേതാക്കൾക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.

1987ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എന്‍. ഗണപതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം എം.ജി.ആര്‍ മൂന്നാറിലെത്തിയപ്പോള്‍. മൂന്നാര്‍ ഉര്‍വശി സ്റ്റുഡിയോ ഉടമ സി. കുട്ടിയാപിള്ള പകര്‍ത്തിയ ചിത്രം

ഗണപതി പിന്നീട് എസ്. ഐ. പി. ഡബ്ല്യു യൂണിയൻ വൈസ് പ്രസിഡണ്ട് ആയും ഡി.സി.സി അംഗമായും വളർന്നു. ഗണപതി പിന്നീട് കോൺഗ്രസ് വിട്ട് കേരള കോൺഗ്രസിൽ പ്രവർത്തിച്ചു. ജനകീയ പിന്തുണയുണ്ടായിരുന്നതുകൊണ്ട് മൂന്നാം നിയമസഭയിലും അദ്ദേഹം എം.എൽ.എയായി.
മൂന്നാറിൽ നിന്നുള്ള ആദ്യത്തെ എ.ഐ.സി.സി അംഗമായിരുന്ന ഗണപതിക്ക് രാജേന്ദ്രപ്രസാദ്, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഗണപതിയുടെ വാദങ്ങൾ കോൺഗ്രസ് എല്ലാ കാലത്തും ശരിവെച്ചിരുന്നുവെങ്കിലും 1977-ൽ ചില അഭിപ്രായഭിന്നതകളെ തുടർന്ന് അദ്ദേഹം പാർട്ടി വിടുകയായിരുന്നു. അനിയനായ കിട്ടപ്പൻ നാരായണസ്വാമിക്ക് നിയമസഭാ സീറ്റ് കൊടുത്തത്തിൽ പ്രതിഷേധിച്ചാണ് അദ്ദേഹം കോൺഗ്രസുമായി പിണങ്ങി പിന്നീട് കെ.എം. മാണിയുടെ കേരള കോൺഗ്രസിൽ ചേരുന്നതും സ്ഥാനാർഥിയായി മത്സരിക്കുന്നതും. എങ്കിലും അദ്ദേഹം പരാജയപ്പെട്ടു. ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ മൂന്നാർ ടൗൺ ടീമിന്റെ ഫുട്ബോൾ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം.

2010യിലാണ് അദ്ദേഹം മരിച്ചത്. ഗണപതിയും ആർ. കുപ്പുസാമിയും രണ്ട് തട്ടിലാണ് പ്രവർത്തിച്ചിരുന്നത്. എങ്കിലും രണ്ടുപേരും തൊഴിലാളികൾക്കുവേണ്ടി സന്ധിയില്ലാത്ത സമരമാണ് ചെയ്തത്. ആടി , ദീപാവലി ദിവസങ്ങളിൽ തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ ലീവ് വേണമെന്ന് ഗണപതി കലഹിച്ചതുകൊണ്ടുമാത്രമാണ് മലകയറി വന്ന തൊഴിലാളികൾക്ക് 60 വർഷങ്ങൾക്കുശേഷം ഒരു ഉത്സവദിവസത്തിന് കമ്പനി അവധി അനുവദിച്ചത്. മാത്രമല്ല, തൊഴിലാളികളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യത്തിനുവേണ്ടിയും കമ്പനിയോട് നിരന്തരം ആവശ്യപ്പെട്ടു. കുപ്പുസാമി എന്ന ഒറ്റ നേതാവിന്റെ പോരാട്ടമാണ് മൂന്നാറിലെ വിദ്യാഭ്യാസ നയത്തെ തിരുത്തിയതെന്ന് പണ്ടത്തെ ആൾക്കാർ പറയാറുണ്ട്. കമ്പനിയുടെ ജനറൽ അക്കൗണ്ടന്റായിരുന്ന കല്യാണസുന്ദരത്തിന്റെ മേൽനോട്ടത്തിലായിരുന്നു പള്ളിക്കൂടങ്ങൾ ക്രമീകരിച്ചത്. അങ്ങനെ മൂന്നാം തലമുറക്കാർക്ക് വിദ്യാഭ്യാസം എന്ന വിദൂര സ്വപ്നത്തെ സ്പർശിക്കാനായി.

(തുടരും)

Comments