Photo: Scott Norsworthy / flickr

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട തൊഴിലാളി കുടുംബങ്ങളിലെ മൂന്നാം തലമുറ

മൂന്നാർ ടൗണിനെ ചുറ്റി പത്ത് കിലോമീറ്ററിനകത്ത് താമസിച്ച രണ്ടാം തലമുറക്കാർക്കുമാത്രമാണ് വിദ്യാഭ്യാസം ലഭിച്ചത്. മറ്റു എസ്റ്റേറ്റുകളിലെല്ലാം പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് കമ്പനിക്കാർ അനുവദിച്ചത്.

മലങ്കാട്- 26

ർഷങ്ങളോളം ശ്രമിച്ചിട്ടും ബ്രിട്ടീഷുകാർക്ക് മൂന്നാറിനെ പുനർനിർമ്മിക്കാനായില്ല. കോൾസ് റോഡ് പൂർണമായി തകർന്നതോടെ ദേവികുളം, പെരിയകാനൽ എസ്റ്റേറ്റുകൾ പൂർണമായും ഒറ്റപ്പെട്ടു. വെള്ളക്കെട്ടുകൾ വറ്റുന്നതുവരെ മാട്ടുപ്പെട്ടിക്കുചുറ്റുമുള്ള എസ്റ്റേറ്റുകൾ ദ്വീപിനെ പോലെ പ്രവർത്തിച്ചുതുടങ്ങി. മാസങ്ങളോളം മൂന്നാർ നഗരമായി യാതൊരു ബന്ധവുമില്ലാതെ, കൊരങ്ങണിപ്പാതയെ മാത്രം ആശ്രയിച്ച്, ജീവിതം അതുതന്നെ എന്നമട്ടിൽ വെസ്റ്റ് സോണിലെ സായിപ്പന്മാരും തൊഴിലാളികളും കഴിഞ്ഞുകൂടി. തൊഴിലാളിയെക്കൊണ്ട് പണിയെടുപ്പിക്കുകയും കൊളുന്തുകൾ റോപ്പ് സ്റ്റേഷൻ മുഖേന താഴെ ബോഡിനായ്കനൂരിലേക്കെത്തിക്കുകയും ചെയ്യുമായിരുന്നു എന്നാണ് പണ്ടുള്ളവർ പറയാറ്. അവരുടെ തലമുറയിൽ 1935- നുശേഷവും 50 നു ശേഷവും ജനിച്ചവർ തങ്ങളുടെ കുട്ടിക്കാലത്തെ അവ്യക്തമായ ഈ കഥകൾ പറയാറുണ്ട്. എങ്കിലും ആ കഥകൾ അവർക്ക് എപ്പോഴും അകലെയാണ്. ‘മാട്ടുപ്പെട്ടി ഡാം ഒടഞ്ച്, മൂന്നാർ അളിഞ്ച് പോച്ചിനു സൊല്ലുവാങ്ക’ എന്നുമാത്രമാണ് അവർ പ്രളയത്തെക്കുറിച്ച് പറയാറ്.

1935- നുശേഷം മൂന്നാറിൽ കുടിൽ പള്ളിക്കൂടങ്ങൾ രൂപപ്പെട്ടു. തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ലഭ്യമായി. ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ഒരു സമരവും നടത്താതെ പിന്നാക്ക- ദലിത് വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ അവസരം ഒരുക്കിയത് ബ്രിട്ടീഷുകാരായിരിക്കും. തമിഴ്നാട്ടിൽ പണ്ണഅടിമകളായി ജീവിച്ചിരുന്ന അവർക്ക് വിദ്യാഭ്യാസം എന്നും അപ്രാപ്യമായിരുന്നു. തിണ്ണപ്പള്ളിക്കൂടങ്ങളിൽ മണൽ നിരത്തി കൈ വിരൽ കൊണ്ടാണ് ഉയർന്ന ജാതിക്കാർ എഴുതി പഠിച്ചതെന്ന് അപ്പൂപ്പൻ പറയാറുണ്ട്. അപ്പൂപ്പന്റെ കുട്ടിക്കാലത്ത്, അദ്ദേഹത്തിന്റെ അച്ഛനും അമ്മയും മരിക്കുന്നതിനുമുമ്പ് അവർ കാഞ്ചിപുരം ജില്ലയിൽ മരുതാട് ഗ്രാമത്തിൽ റെഡ്ഡിയാർമാർ എന്നറിയപ്പെടുന്ന ഭൂവുടമകളുടെ പാടങ്ങളിലാണ് പണിയെടുത്തിരുന്നത്. ഇപ്പോഴും അപ്പൂപ്പന്റെ സഹോദരങ്ങളുടെ മക്കൾ അവിടെയാണ് ജീവിക്കുന്നത്.

representative image

റെഡ്ഡിയാരുടെ മക്കൾ എഴുതി പഠിക്കുന്നത് കുട്ടിക്കാലത്ത് ദൂരെ നിന്നു കണ്ടിട്ടുണ്ട് എന്ന് അപ്പൂപ്പൻ പറയാറുണ്ട്. എസ്റ്റേറ്റിൽ എത്തത്‍യതുകൊണ്ടുമാത്രമാണ് ആ കാലത്തുതന്നെ വിദ്യാഭ്യാസം എന്ന വിദൂരസ്വപ്നം ദലിത് തൊഴിലാളികൾ സ്വന്തമാക്കിയത്. മൂന്നാറിലെ തേയിലത്തോട്ടത്തിലെത്തിയ 95 ശതമാനം തൊഴിലാളികളും ദലിത് വിഭാഗക്കാരായിരുന്നു. ഭക്ഷണത്തിനുപോലും വകുപ്പില്ലാതെ നിത്യ ദാരിദ്ര്യരായ അവർ വിദ്യാഭ്യാസത്തെക്കുറിച്ച് ആലോചിച്ചിട്ടു പോലുമുണ്ടാവില്ല. പോസ്റ്റ് കൊളോണിയലിസം എന്ന പുസ്തകം രചിച്ച രാജ്കുമാർ, കൊളോണിയലിസത്തിന്റെ ഏറ്റവും വലിയ സംഭാവന, വിദ്യാഭ്യാസം എല്ലാവർക്കും എന്ന തത്വമാണ് എന്ന് സൂചിപ്പിക്കുന്നു. ഈ കാര്യം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമായത്, മൂന്നാറിൽ അടിമകളായി എത്തിയവർക്ക് ബ്രിട്ടീഷുകാർ വിദ്യാഭ്യാസം നൽകിയതുകൊണ്ടാണ്. പക്ഷേ, എല്ലാ എസ്റ്റേറ്റുകളിലും പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ഉറപ്പുവരുത്തിയത്. അതായത്, എഴുത്തും വായനയും മാത്രമാണ് അവരെ പഠിപ്പിച്ചത്.

ഡിവിഷനുകൾ എന്നറിയപ്പെടുന്ന എസ്റ്റേറ്റുള്ള ഗ്രാമങ്ങളിലേക്ക് പള്ളിക്കൂടങ്ങൾ എത്തി. അന്നത്തെ സാഹചര്യത്തിൽ അത് പുൽക്കൂടുകൾ മാത്രമായിരുന്നു. തമിഴകത്തുനിന്ന് അദ്ധ്യാപകരെ കൊണ്ടുവന്നിട്ടാണ് തൊഴിലാളികളുടെ മക്കളെ പഠിപ്പിച്ചത്. വിദ്യാഭ്യാസം വിദൂരസ്വപ്നമായിരുന്ന തൊഴിലാളികൾ ബ്രിട്ടീഷുകാരുടെ ആ ദൗത്യത്തെ ആകാംക്ഷയോടെയാണ് കണ്ടത്.
ഫിൻലെ ആൻഡ് മ്യൂർ കമ്പനിയുടെ 26 ലേറെ എസ്റ്റേറ്റുകളിലും പള്ളിക്കൂടങ്ങളുണ്ടായി. ഊട്ടിയിലും വാൽപ്പാറയിലും പിന്നീട് മിഷനറി പ്രവർത്തകരാണ് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചത്.

representative image / ankyuk, flickr

മൂന്നാർ നഗരം തങ്ങളുടെ സ്വപ്നഭൂമിയായതുകൊണ്ടാണ് അവർ തൊഴിലാളികൾക്ക്, അവർ അടിമകളാണെങ്കിലും, വിദ്യാഭ്യാസം നൽകാൻ തയാറായത്. അതിലൊരു ചാണക്യ തന്ത്രം കൂടിയുണ്ടായിരുന്നു. നാലാം ക്ലാസ് വരെയാണ് വിദ്യാഭ്യാസം ഉറപ്പു വരുത്തിയത്. തുടർ പഠനസാധ്യത തമിഴ്നാട്ടിൽ മാത്രമാണുണ്ടായിരുന്നത്. എസ്റ്റേറ്റിൽ മൂന്നാം തലമുറയിൽ പെട്ട എൻ്റെ അച്ഛൻ, അമ്മാവൻ, വല്യച്ഛൻ തുടങ്ങിയവർ കുരങ്ങിണിപ്പാത വഴി നടന്ന് ബോഡി വഴി യാത്ര ചെയ്ത് കണ്ണീശ്വരൻപെട്ടി, രായപ്പൻപെട്ടി തുടങ്ങിയ തേനി ജില്ലയിലെ സ്ഥലങ്ങളിലാണ് അഞ്ചാം ക്ലാസ് മുതൽ വിദ്യാഭ്യാസം തുടർന്നത്. അന്നത്തെ സാഹചര്യത്തിൽ തൊഴിലാളികളുടെ മക്കൾക്ക് അഞ്ചാം ക്ലാസിൽ പഠിക്കുക എന്നത് ഉന്നത വിദ്യാഭ്യാസം നേടുന്നതുപോലെയാണ്.

ഒരിക്കൽ അടിമജീവിതം നയിക്കാൻ പാത വെട്ടിത്തെളിച്ച് മുകളിലേക്ക് കേറിവന്ന അവർ തങ്ങളുടെ അടുത്ത തലമുറയെ തുടർ വിദ്യാഭ്യാസത്തിന് അതേ പാതകളിലൂടെ താഴോട്ടിറക്കി. അവർക്കു​മുണ്ടായിരുന്നു വിമോചന സ്വപ്നങ്ങൾ. വിദ്യാഭ്യാസമായിരുന്നു അതിനുള്ള വഴി. അതുകൊണ്ട് അതിനുവേണ്ടി അവർ കഠിനാധ്വാനം ചെയ്തു.
എല്ലപ്പെട്ടി, ചിട്ടിവര, ചെണ്ടുവര, ഗുണ്ടല തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നടന്ന് മുന്തലിൽ എത്തി അവിടെ നിന്ന് കിട്ടുന്ന വണ്ടികളിൽ കയറി ബോഡിയിലെത്തും. അവിടെനിന്ന് കണ്ണീശ്വരൻപെട്ടിക്ക് ബസ് കയറും. അങ്ങനെയാണ് മൂന്നാം തലമുറക്കാർ എസ്റ്റേറ്റ് പള്ളിക്കൂടത്തിൽ നാലാം ക്ലാസ് പൂർത്തീകരിച്ച് അഞ്ചാം ക്ലാസിലെത്തിയത്. എന്റെ അച്ഛനും അമ്മാവനും ഞങ്ങളുടെ കുടുംബത്തിലുള്ള നിരവധിപേരും മറ്റു തൊഴിലാളി കുടുംബങ്ങളിലെ മക്കളും ഇങ്ങനെയാണ് എട്ടാം ക്ലാസ് വരെ പൂർത്തീകരിച്ചത്.

ഇപ്പോഴും അതിർത്തി പ്രദേശങ്ങളിൽ നിന്ന് കുരങ്ങണിപാത വഴിയും ബോഡിമെട്ട് പാത വഴിയും തേനി പെരിയകുളം, മധുരൈ, തിരുനെൽവേലി മുതൽ ചെന്നൈ വരെയുള്ള സ്ഥലങ്ങളിലേക്ക് വിദ്യാഭ്യാസത്തിന് തൊഴിലാളികളുടെ മക്കളെത്തുന്നു.

അന്ന് എട്ടാം ക്ലാസ് ഇ. എസ്.എസ്.എൽ.സി എന്നാണ് അറിയപ്പെട്ടിരുന്നത്. തമിഴ്നാട്ടിൽ കാമരാജ് മുഖ്യമന്ത്രിയായ സമയത്ത് എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കൾക്ക് ഹോസ്റ്റലിൽ സൗജന്യമായി ഭക്ഷണം കൊടുക്കണമെന്ന ഉത്തരവിറക്കിയിരുന്നു എന്ന് അന്നു​ള്ളവർ പറയാറുണ്ട്.

ഇപ്പോഴും അതിർത്തിപ്രദേശങ്ങളിൽ നിന്ന് കുരങ്ങണിപാത വഴിയും ബോഡിമെട്ട് പാത വഴിയും തേനി പെരിയകുളം, മധുരൈ, തിരുനെൽവേലി മുതൽ ചെന്നൈ വരെയുള്ള സ്ഥലങ്ങളിലേക്ക് വിദ്യാഭ്യാസത്തിന് തൊഴിലാളികളുടെ മക്കളെത്തുന്നു. 1940-കളിൽ തുടങ്ങിയ ഈ യാത്ര ഇന്നും തുടരുകയാണ്. മൂന്നാറിന്റെ ഭൂപ്രകൃതി തമിഴ്നാടിനോടു ചേർന്ന് കിടക്കുന്നതുകൊണ്ടും തമിഴ് സംസ്കാരശൈലി മൂന്നാറുകാർ അഞ്ച് തലമുറകൾക്കുശേഷവും പിന്തുരുന്നതു കൊണ്ടുമാണ് ഇത്തരത്തിലുള്ള ബന്ധം തുടരുന്നത്. അവിടെയും വൃത്തിഹീനമായ സാഹചര്യവും പൊരുത്തപ്പെടാനാവാത്ത കാലാവസ്ഥയുമായതിനാൽ മിക്ക തൊഴിലാളികളുടെ മക്കളും പത്താം ക്ലാസ് പൂർത്തീകരിച്ച് സ്വന്തം നാട്ടിൽ തിരിച്ചെത്തും.

1935-ഓടെ എസ്റ്റേറ്റുകൾ പുനർനിർമിച്ചു. ലയങ്ങൾ പുനർനിർമിക്കാൻ കേരളത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്ന് മരപ്പണിക്കാരെയും മേസ്തിരിമാരെയും ഹൈറേഞ്ചിലേക്കെത്തിച്ചു. അങ്ങനെയാണ് തെക്കൻ തിരുവിതാംകൂറിലെ ആലപ്പുഴ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഹൈറേഞ്ചിലേക്ക് ആളുകൾ കുടിയേറിയത്. തിരുവിതാംകൂറിൽ നിന്ന് മൂന്നാറിലെത്തിയ തൊഴിലാളികൾ മരപ്പണിക്കും മേസ്തിരിപ്പണിക്കുമാണ് എസ്റ്റേറ്റുകളിൽ വന്നതെന്ന് അപ്പൂപ്പൻ പറയാറുണ്ട്.
വാഗുവര, പള്ളിവാസൽ, കണ്ണിമല, പെരിയവര, അരുവിക്കാട് എന്നിവിടങ്ങളിൽ ആ കുടുംബങ്ങളുടെ പിന്മുറക്കാർ ഇപ്പോഴുമുണ്ട്.

തമിഴ്നാട്ടിൽ കാമരാജ് മുഖ്യമന്ത്രിയായ സമയത്ത് എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കൾക്ക് ഹോസ്റ്റലിൽ സൗജന്യമായി ഭക്ഷണം കൊടുക്കണമെന്ന ഉത്തരവിറക്കിയിരുന്നു എന്ന് അന്നു​ള്ളവർ പറയാറുണ്ട്.

1930-കളിൽ മൂന്നാർ നഗരം പുനർനിർമിക്കപ്പെട്ടു. റോഡുകളും പുതിയ ലയങ്ങളും കെട്ടിടങ്ങളും ഫാക്ടറികളുടെ അറ്റകുറ്റപ്പണികളും 1935- ഓടെ പൂർത്തിയായി. ആധുനിക മൂന്നാറിന്റെ ശില്പി എന്നറിയപ്പെടുന്ന ഡോബി മാർട്ടിനാണ് ഇതിന് നേതൃത്വം നൽകിയതെന്ന കഥ കൂടിയുണ്ട്. മഹാപ്രളയം കണ്ട് മാനസികമായി തകർന്ന പല കച്ചവടക്കാരും സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാനാണ് ശ്രമിച്ചത്. ആ കാലത്ത് പുതിയ മൂന്നാർ എന്ന സങ്കല്പം സാക്ഷാത്കരിച്ചത് മാർട്ടിൻ സായിപ്പാണ്. ആ കാലത്ത് വീണ്ടും തമിഴ്നാട്ടിൽ നിന്ന് എംപ്ലോയീസ് റിക്രൂട്ട്മെൻറ് ഓഫീസുകൾ വഴി തൊഴിലാളികളെ കമ്പനികൾ എസ്റ്റേറ്റിലേക്ക് തിരിച്ചുകൊണ്ടുവന്നു. മാത്രമല്ല, ഗതാഗതം പൂർണമായി തകർന്ന പ്രദേശങ്ങളിൽ റോഡുണ്ടാക്കി. ബ്രിട്ടനിൽനിന്ന് ഇറക്കുമതി ചെയ്ത മോട്ടോർ വാഹനങ്ങൾ മൂന്നാറിൽ ചലിപ്പിച്ചു. റോപ്പ് മുഖാന്തരം കൊണ്ടുവരുന്ന കൊളുന്തുകൾ മിനി ലോറികളിൽ കയറ്റി ഫാക്ടറികളിലേക്കെത്തിച്ചു എന്നാണ് പണ്ടുള്ളവരുടെ പറച്ചിലും സായിപ്പന്മാരുടെ കുറിപ്പുകളും വ്യക്തമാക്കുന്നത്. തൊഴിലാളികളെ ശാരീരികമായും മാനസികമായും പിഴിഞ്ഞാണ് ചില്ലിക്കുപ്പി പോലെ ചിതറിയ മൂന്നാറിനെ ഇന്നത്തെ മൂന്നാർ ആക്കിയെടുത്തത്. പ്രളയത്തിൽ തരിപ്പണമായ ആ ഭൂപ്രകൃതിയെ ഇന്നു കാണുന്ന ഭംഗിയുള്ള മൂന്നാറായി മാറ്റിയെടുക്കാൻ രണ്ടാം തലമുറയിൽ പെട്ടവർക്ക് എങ്ങനെ സാധിച്ചു എന്ന് ചിന്തിക്കാൻ പോലുമാകില്ല.

മുത്തശ്ശൻ എപ്പോഴും പറയും, വിടിഞ്ചാലും അടഞ്ചാലും എന്തെങ്കിലുമൊക്കെക്കെ ജോലിയുണ്ടാവും എന്ന്. 10 കൊല്ലത്തിലേറെ ഇത്തരം പണി ചെയ്ത് ഇവരുടെയെല്ലാം ആരോഗ്യം ചോർന്നു. കല്ലും മണ്ണും ചുമന്നും മരങ്ങൾ വെട്ടിമാറ്റിയും റോഡുകൾ പുനർനിർമ്മിച്ചും അഞ്ചു കൊല്ലത്തിലേറെ പാടുപെട്ടാണ് മൂന്നാർ എന്ന സങ്കല്പത്തെ ഇങ്ങനെ മാറ്റിയെടുത്തതെന്ന് ആദ്യകാലത്ത് ഹൈറേഞ്ചിൽ ജീവിച്ചിരുന്ന ഓരോ തൊഴിലാളികളും പറയും. മാട്ടുപ്പെട്ടിയിലും അരുവിക്കാട്ടിലും മറ്റു പ്രദേശങ്ങളിലും മുത്തച്ഛനോടൊപ്പം ഹൈറേഞ്ചിലെത്തിയവർ ഈ അനുഭവം പങ്കുവച്ചിട്ടുണ്ടെന്ന് മുത്തശ്ശൻ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. മുത്തശ്ശൻ മാത്രമല്ല, മുത്തശ്ശന്റെയും അമ്മൂമ്മയുടെയും കൂടെ എസ്റ്റേറ്റിലെത്തിയ അന്നത്തെ കിളവിമാരും ഈ കഥകൾ പറയാറുണ്ട്.

ചിറ്റിവര സൗത്ത് ഡിവിഷനിലെയും രാജമല എസ്റ്റേറ്റിലെയും പെട്ടിമുടി ഡിവിഷനിലെയും തൊഴിലാളികൾ തിരുന്നൽവേലി ജില്ലയിലെ കയത്താറിൽ നിന്ന് എത്തിയവരാണ്. 1935- നു ശേഷം എത്തിയ സുപ്പയ്യ മാമനും കുടുംബാംഗങ്ങളും ഈ കഥകൾ ഇപ്പോഴും ഓർത്തെടുക്കുന്നു. തമിഴ്നാടിനെ വീണ്ടും ദാരിദ്ര്യം ചൂഴ്ന്നെടുത്തുകൊണ്ടിരുന്നു, പ്രത്യേകിച്ച് തിരുനെൽവേലി ജില്ലയെ. ​അതോടെ; ചിറ്റിവര, ചെണ്ടുവര, രാജമല എസ്റ്റേറ്റുകളിലേക്ക് കൂട്ടംകൂട്ടമായി അടിമകളെ കങ്കാണിമാർ കൊണ്ടുവന്നു. പഴയപോലെ തന്നെ അവരെ പണിയെടുപ്പിച്ചു. പക്ഷേ പണ്ടത്തെക്കാളും മോശമായ രീതിയിലായിരുന്നു അവരുടെ ജീവിതം. അവർക്ക് പടിയരിശിക്കുമാത്രമായി പണിയെടുക്കേണ്ടിവന്നു. തൊഴിലാളികളെ കമ്പനിക്കാരും കങ്കാണിമാരും പിഴിഞ്ഞെടുത്തു. സുപ്പൻ ചെട്ടിയാരും അദ്ദേഹത്തിന്റെ കുടുംബത്തിലെ രംഗസാമി ചെട്ടിയാരും കമ്പനിയുടെ രക്ഷകരായി. വീണ്ടും അവർ ധാന്യങ്ങൾ തമിഴ്നാട്ടിൽ നിന്ന് കുതിരകളിലും കഴുതുകളിലും റോപ്പുകളിലും കയറ്റിയയച്ചു. എൻ.എസ്. ഥാർ എന്ന സായിപ്പാണ് ഇതിന് നേതൃത്വം നൽകിയത്. അയാൾ 30 വർഷം സർവീസ് ചെയ്തു എന്നാണ് കുറിപ്പുകളിലുള്ളത്.

representative image /kalvividhaigal.org

തകർന്ന പാലങ്ങൾ 1932- ഓടെ പുനർനിർമിച്ചു. മദ്രാസ് പ്രസിഡൻസിയിൽ നിന്ന് കങ്കാണിമാരെ സ്വാധീനിച്ച് വീണ്ടും തൊഴിലാളികളെ എത്തിച്ചതായി കമ്പനി കുറിപ്പുകൾ സൂചിപ്പിക്കുന്നു. പണ്ടുള്ളവർ പറഞ്ഞ കഥകൾ ശരിവയ്ക്കുന്ന രീതിയിലാണ് ഈ കുറിപ്പുകൾ. തിരുവിതാംകൂറിൽ നിന്ന് അടിമകളെ കൊണ്ടുവന്നു എന്നാണ് ഈ കുറിപ്പുകൾ വ്യക്തമാക്കുന്നത്. അങ്ങനെയാണ് അവർ മൂന്നാറിനെ പുനർനിർമിച്ചത്. സ്കൂളുകൾ തുടങ്ങിയതോടെ രണ്ടാം തലമുറയിലെ ചിലർക്ക് വിദ്യാഭ്യാസം ലഭിച്ചതായി പറയുന്നു. ചൊക്കനാട് എസ്റ്റേറ്റിലെ പോൾരാജ് ഈ കഥകൾ പറയാറുണ്ട്. മൂന്നാറിന്റെ തൊട്ടടുത്ത എസ്റ്റേറ്റുകളിൽ താമസിച്ചിരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ഇത്തരം ആനുകൂല്യം ലഭിച്ചത്. പക്ഷേ വെസ്റ്റ് സോണിലെ എസ്റ്റേറ്റുകളിലെ തൊഴിലാളികൾക്കും ഈസ്റ്റ് സോണിലെ മലകളുടെ മുകളിലുണ്ടായിരുന്ന എസ്റ്റേറ്റ് തൊഴിലാളികളിൽ രണ്ടാം തലമുറയിൽപ്പെട്ടവർക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിച്ചില്ല.
അതായത്, മൂന്നാർ ടൗണിനെ ചുറ്റി പത്ത് കിലോമീറ്ററിനകത്ത് താമസിച്ച രണ്ടാം തലമുറക്കാർക്കുമാത്രമാണ് വിദ്യാഭ്യാസം ലഭിച്ചത്. മറ്റു എസ്റ്റേറ്റുകളിലെല്ലാം പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് കമ്പനിക്കാർ അനുവദിച്ചത്. ചിറ്റിവര എസ്റ്റേറ്റിൽ ഒ.സി ഡിവിഷൻ എന്നറിയപ്പെടുന്ന ഓൾഡ് ചിറ്റിവരയിൽ മൂന്നാം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. ഇപ്പോഴും അതുതന്നെയാണ് സ്ഥിതി. സൗത്ത് ഡിവിഷനിൽ നാലാം ക്ലാസ് വരെയും. എൻ.സി, എൻ.ഡി ഡിവിഷനുകളിൽ പ്രാഥമിക പള്ളിക്കൂടങ്ങൾ പോലുമില്ല. കിലോമീറ്ററോളം നടന്നാണ് തൊഴിലാളികളുടെ മക്കൾ നാലാം ക്ലാസ് വിദ്യാഭ്യാസത്തിന് സൗത്ത് ഡിവിഷനിലെ പള്ളിക്കൂടങ്ങളിലെത്തിയിരുന്നത്. നൂറ്റാണ്ടുകളായി ഈ അവസ്ഥ തുടരുന്നു.

എല്ലപ്പെട്ടി, ഗുണ്ടല, ചെണ്ടുവര, അരുവിക്കാട്, മാട്ടുപ്പെട്ടി വരെയുള്ള മലഞ്ചെരിവുകളിൽ അങ്ങോളമിങ്ങോളം പരന്നുകിടക്കുന്ന എസ്റ്റേറ്റുകളിൽ വിദ്യാഭ്യാസത്തിന്റെ അവസ്ഥ ഇപ്പോഴും വലിയ മാറ്റമില്ലാതെ തുടരുന്നു. ചെണ്ടുവരയിലെ ഹൈസ്കൂൾ 1980- കാലത്താണ് തുടങ്ങിയതെന്ന് പറയപ്പെടുന്നു. അതുവരെ ആ സോണിലെ ആയിരങ്ങളോളം തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾ തമിഴ്നാട്ടിലെ ബോഡി, തേനി, മധുര തുടങ്ങിയ സ്ഥലങ്ങളിലാണ് തുടർവിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇവരിൽ പലർക്കും കുടുംബസാഹചര്യം കൊണ്ടും തുച്ഛമായ വരുമാനം കൊണ്ടും പത്താം ക്ലാസ് വരെ എത്താൻ ഭയങ്കര പാടായിരുന്നു. കഴിവുണ്ടായിരുന്നിട്ടും സാഹചര്യങ്ങൾ കൊണ്ടുമാത്രം മൂന്നാം തലമുറയിലെ പലർക്കും പഠനമുപേക്ഷിച്ച് കൊളുന്ത് നുള്ളാനും മറ്റു പണികൾക്കും എസ്റ്റേറ്റിലേക്കുതന്നെ തിരിച്ചെത്തേണ്ടിവന്നു.

(തുടരും)

Comments