ഇന്ദുമേനോൻ

മഹാവ്യസനങ്ങളുടെ വിശുദ്ധമറിയം
മഹാവിഷാദങ്ങളുടെ കന്യാമറിയം

എന്റെ കഥ (എന്റെ ആണുങ്ങളുടെയും)

ഒരിക്കൽ ഭർത്താവ് എന്നെ ‘വെടി, പത്തുരൂപ വെടി' എന്നു വിളിച്ചു. ആ വാക്കുകളുടെ തീവ്രത എന്നെ ഒരു മാന്തമീനിനെ ചട്ടിയിലെന്നവണ്ണം തൊലിയുരിയിപ്പിച്ചു. കഴുത്തിൽ അയാൾ കെട്ടിയ താലി കാക്കാപ്പൊന്നുപോലെ കറുത്തിരുന്നു. അതെന്റെ ഗതികേടുകളെ സദാ ഓർമിപ്പിച്ചു. ആ സംഭവത്തിനു ശേഷം ഞാൻ ആ താലി കഴുത്തിൽ അണിഞ്ഞതേയില്ല. അന്നുമില്ല ഇന്നുമില്ല-
​എന്റെ പുരുഷന്മാരെക്കുറിച്ച്​ ഞാൻ എഴുതിത്തുടങ്ങുകയാണ്​. ‘എന്റെ കഥ’ എന്ന ആത്മകഥയുടെ രണ്ടാം ഭാഗം തുടങ്ങുന്നു

നിക്കും എന്റെ പുരുഷന്മാർക്കും ഇടയിലെ രസതന്ത്രങ്ങൾ ഒരു കാലത്തും ശരിയായി വന്നിരുന്നില്ല. എന്റെ പുരുഷന്മാരെന്നാൽ ഞാനുമായി എന്തെങ്കിലും തരത്തിൽ രക്തബന്ധമുള്ളവർ, സുഹൃത്തുക്കൾ, പലലോകകാലങ്ങളിൽ ഞാൻ കാണുകയും ഇടപഴകുകയും ചെയ്തവർ, ഇടപഴകാത്തവർ... അങ്ങനെ ആരുമാവാം. ഏതു പുരുഷക്കലർപ്പിലും ഞങ്ങൾ പരസ്പരം ഉമിത്തീപ്പുകഞ്ഞു. ഞാനും അവരും ഒരു പോലെ നീറി. സ്‌നേഹത്തിന്റെ കൊടിയ ഉഷ്ണങ്ങൾ, വെറുപ്പിന്റെ കഠിനപർവങ്ങൾ, പ്രേമത്തിന്റെ തീക്കുളിർക്കാറ്റ്, വാത്സല്യത്തിന്റെ വെണ്ണ മണക്കുന്ന പൊൻവിരലുകൾ, ‘ഇന്റെ കുട്ട്യേ' എന്ന ഓമനവിളി.

സ്‌നേഹാധിക്യം തന്നെ പലപ്പോഴും എനിയ്ക്ക് ബാധ്യതയായി. എനിക്കു കിട്ടിയ വലിയ പഠനാവസരങ്ങളെ അദ്ദേഹം നിസ്സാരമായി തള്ളിക്കളഞ്ഞു. ജെ.എൻ.യു.വിലോ ഡി.യു.വിലോ പഠിക്കാനുള്ള എന്റെ ആഗ്രഹങ്ങളെ അച്​ഛൻ ശ്രദ്ധിച്ചതേയില്ല.

അമ്ലവും ക്ഷാരവും മണ്ണും മണവും കണ്ണീരും കലർന്ന ബന്ധബന്ധനങ്ങൾ എല്ലാം എന്നെ ശ്വാസം മുട്ടിച്ചു. അപൂർവം ചിലരെ മാറ്റിനിർത്തിയാൽ അസഹിഷ്ണുതയുടെയും ഈഗോയുടെയും അസ്വാരസ്യങ്ങളുടെയും വെറുപ്പിന്റെയും പ്രേമത്തിന്റെയും സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയുമൊക്കെ കുപ്പിക്കഴുത്തുവഴികളിലൂടെ ഞാൻ വായുകിട്ടാതെ ചെകിള പൊളിച്ച്​ കരയിൽ വാൽ തല്ലിയ മീൻ പോലെ ജീവൻ മുട്ടിത്തന്നെയാണ് നടന്നത്. ചെറിയ ഒന്നോ രണ്ടോ ഉരസലുകളെ മാറ്റിനിർത്തിയാൽ എന്റെ അച്ഛനുമായി മാത്രമാണ് എനിയ്ക്ക് ഏറ്റവും നല്ല ബന്ധമുണ്ടായിരുന്നത്. ഏറ്റവും ശാശ്വതമായിരുന്നത് എന്നുവേണം പറയാൻ. അദ്ദേഹം എന്നെ പൊന്നുപോലെ സ്‌നേഹിച്ചു. ഓർമയിൽ ‘അളിവേണി എന്തു ചെയ്​വൂ... ഹന്ത ഞാനിനി മാനിനി' എന്നു പാടാതെ, ആ നെഞ്ചിലെ ഉപ്പുമണമില്ലാതെ ഉറങ്ങിയ കുട്ടിക്കാല രാത്രികളേയില്ല.

പക്ഷെ, അതേ സ്‌നേഹാധിക്യം തന്നെ പലപ്പോഴും എനിയ്ക്ക് ബാധ്യതയായി. എനിക്കു കിട്ടിയ വലിയ പഠനാവസരങ്ങളെ അദ്ദേഹം നിസ്സാരമായി തള്ളിക്കളഞ്ഞു. ജെ.എൻ.യു.വിലോ ഡി.യു.വിലോ പഠിക്കാനുള്ള എന്റെ ആഗ്രഹങ്ങളെ അദ്ദേഹം ശ്രദ്ധിച്ചതേയില്ല. ‘എന്റെ കുട്ടികൾ പ്രത്യേകിച്ച്​, പെൺകുട്ടികൾ കല്യാണം വരെയെങ്കിലും എനിയ്‌ക്കൊപ്പം ജീവിയ്ക്കണം’ എന്ന്​ ആശിച്ചു, നിർബന്ധം പിടിച്ചു. കോഴിക്കോടിന്റെയൊ മലപ്പുറത്തിന്റെയോ അതിരുകൾ ഭേദിച്ച് മകൾ പോവരുതെന്ന്​ അദ്ദേഹം ശഠിച്ചു. അതിനാൽ, ഉയർന്ന മാർക്കുണ്ടായിട്ടും പിഎച്ച്.ഡി.യടക്കം കേരളത്തിലെ സാധാരണ കോളേജിലോ യൂണിവേസിറ്റികളിലോ ആയി ഞാൻ പഠിച്ചുതീർത്തു. എനിക്കുപുറകിൽ അക്കാദമിക മികവുകളുള്ളവർ ഞാൻ ഒഴിഞ്ഞ സീറ്റുകളുടെ ബലത്തിൽ ആകാശത്തിന്റെ നീലയും കടലിന്റെ ആഴവും കടന്നുപോകുന്നത് കണ്ടപ്പോൾ എനിക്കില്ലല്ലോ, എനിക്കു പോയല്ലോ എന്നു ഞാൻ സങ്കടപ്പെട്ടു. പുരുഷന്റെ സ്‌നേഹം അവന്റെ സ്ത്രീയെ- അവന്റെ പെണ്മകളെ കൂട്ടിലടയ്ക്കുന്ന തന്തത്താഴെന്ന്​ഞാനാ നിമിഷങ്ങളിൽ തിരിച്ചറിഞ്ഞു.

അസഹിഷ്ണുതയുടെയും ഈഗോയുടെയും അസ്വാരസ്യങ്ങളുടെയും വെറുപ്പിന്റെയും പ്രേമത്തിന്റെയും സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയുമൊക്കെ കുപ്പിക്കഴുത്തുവഴികളിലൂടെ ഞാൻ വായുകിട്ടാതെ ചെകിള പൊളിച്ച്​ കരയിൽ വാൽ തല്ലിയ മീൻ പോലെ ജീവൻ മുട്ടിയാണ് നടന്നത് / Photo: Muhammed Fasil
അസഹിഷ്ണുതയുടെയും ഈഗോയുടെയും അസ്വാരസ്യങ്ങളുടെയും വെറുപ്പിന്റെയും പ്രേമത്തിന്റെയും സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയുമൊക്കെ കുപ്പിക്കഴുത്തുവഴികളിലൂടെ ഞാൻ വായുകിട്ടാതെ ചെകിള പൊളിച്ച്​ കരയിൽ വാൽ തല്ലിയ മീൻ പോലെ ജീവൻ മുട്ടിയാണ് നടന്നത് / Photo: Muhammed Fasil

പുരുഷാഹന്തകളെ, ഗർവുകളെ എനിയ്ക്ക് എക്കാലത്തും കൊടിയ വെറുപ്പായിരുന്നു. അത്തരം പുരുഷന്മാരെ ഒരു രീതിയിലും സഹിക്കാനും കഴിഞ്ഞിരുന്നില്ല. ഭർത്താവാകട്ടെ, സഹോരനാകട്ടെ, സുഹൃത്താകട്ടെ, പൗരുഷതയുടെ പേരിൽ പെണ്ണുങ്ങളോട് കാണിക്കുന്ന ഊറ്റങ്ങളെയും അഹന്തകളെയും അസൂയകളെയും ഞാൻ വകവെച്ചില്ല. ചിലപ്പോഴും പലപ്പോഴും ഞാൻ കലഹിണിയായി. ഒരു ലിംഗം തൂക്കിയിട്ടതിന്റെ പേരിൽ തലയിലെ കൊമ്പാണതെന്നു വിശ്വസിയ്ക്കുന്ന വിഡ്ഢികളെ ഞാൻ പുറങ്കാലുകൊണ്ടു ചവിട്ടിത്തൊഴിച്ചു. എല്ലാവരുമല്ല. ജീവിതത്തിൽ സ്ത്രീകളെയാണ്​ എനിക്കേറെ ആദരവെങ്കിലും അതൊപ്പമോ അതിനു മീതെയോ ബഹുമാനം തോന്നിയ പുരുഷന്മാരുമുണ്ടായിരുന്നു. എന്റെയീ മനോഭാവം കൊണ്ട് എനിയ്ക്ക് പേരു കിട്ടി- ഭയങ്കരി, തന്റേടി, അഹങ്കാരി. ഒരിക്കലെങ്കിലും എന്നെക്കുറിച്ച് അങ്ങനെ കരുതാത്തതായി ആരുമില്ല എന്നത് എന്റെ ആത്മവിശ്വാസവും ഗർവുമായി മാറി. ആത്മാഭിമാനമുള്ള, തലയുയർത്തി നിൽക്കുന്ന, സമ്പാദിയ്ക്കുകയും സംസാരിയ്ക്കുകയും ചെയ്യുന്ന ഏതു സ്ത്രീയും പുരുഷന്​ അഹങ്കാരി മാത്രമാണ്. അവനങ്ങനെ വിളിയ്ക്കുന്നെങ്കിൽ പെണ്ണേ, അവൻ നിന്നെ പേടിക്കുന്നെന്നു മാത്രമാണ്.

അഹങ്കാരിയെന്ന പേര് എനിയ്ക്ക്​കിരീടത്തിലെ വജ്രമണിപോലെ തോന്നി. ഞാൻ നടന്നുവരുമ്പോൾ എന്നെ അതു തിളക്കി. ആദ്യപ്രേമത്തിന്റെ കെട്ടുവിട്ടപ്പോൾ എന്റെ ഭർത്താവും നിരന്തരമായി അത് വിളിച്ചുകൊണ്ടിരുന്നു.

എന്തിന്, അച്ഛനും എന്നെ പലപ്പോഴും അഹങ്കാരി എന്നു വിളിച്ചിരുന്നു. അനിയൻ വിളിച്ചിരുന്നു. ‘എന്റെമ്മയുടെ ഭംഗി അമ്മയുടെ അഹങ്കാരമാണെന്ന്' എന്റെ കുഞ്ഞു മകൻ പറഞ്ഞതുകേട്ട് ഞാൻ കോരിത്തരിച്ചുപോയി. അഹങ്കാരിയെന്ന പേര് എനിയ്ക്ക്​കിരീടത്തിലെ വജ്രമണിപോലെ തോന്നി. ഞാൻ നടന്നുവരുമ്പോൾ എന്നെ അതു തിളക്കി. ആദ്യപ്രേമത്തിന്റെ കെട്ടുവിട്ടപ്പോൾ എന്റെ ഭർത്താവും നിരന്തരമായി അത് വിളിച്ചുകൊണ്ടിരുന്നു.
‘അഹങ്കാരി'
‘അഹങ്കാരി'
‘തികച്ചും ഗ്രാമദേശമായ രാമനാട്ടുകരയെന്ന ഇടത്തിൽ ജീവിച്ച നിന്നെപ്പോലൊരുത്തിയ്ക്ക് എന്തിന്റെ അഹങ്കാരമാണ്?'എന്നാവർത്തിച്ച് ചോദിച്ചു.
‘സോഷ്യോളജി പോലെ ആരും പഠിക്കാത്ത വിഷയം പഠിച്ചതിന്റെയോ?'
‘നാലു ഊത്തക്കഥക്കളെഴുതിയതിന്റെയോ?'
‘ഒരു കരാറ് ജോലി സ്ഥിരമാക്കി കിട്ടിയതിന്റെയോ?'
‘കാണാനുള്ള ഈ കേവല കോലത്തിന്റെയോ? എന്തിന്റെ അഹങ്കാരമാണെടീ നിനക്ക്? '

എന്റെ ചെവികളിൽ ആ ചോദ്യങ്ങൾ സദാ മുഴങ്ങിക്കൊണ്ടിരുന്നു. എല്ലാ ആണുങ്ങളും അപ്രകാരം തന്നെയായിരുന്നു.

കോളേജിൽ പഠിക്കുന്ന കാലത്ത് എന്റെ ഒരു സുഹൃത്ത്, കാണാൻ പ്രത്യേകതകളോ സ്വഭാവത്തിൽ സവിശേഷതകളോ ഇല്ലാത്ത ഒരു സാധാരണക്കാരൻ, അയാളുടെ കാമുകിയെ ആരെങ്കിലും നോക്കുമോ കമൻറടിക്കുമോ എന്നു വ്യാകുലപ്പെട്ട്​പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘‘നിങ്ങൾക്കൊക്കെ അക്കാര്യത്തിൽ ഭാഗ്യമുണ്ട്. ആരും നിങ്ങളെ നോക്കുക പോലുമില്ല''- എനിക്കൊപ്പമുണ്ടായിരുന്ന രേഷ്മ്മയുടെ കണ്ണുകളിൽ അപമാനത്തിന്റെ സങ്കടം ചുവന്നു.
‘‘ഇന്ദ്വേച്ചിയേ, നമ്മളൊക്കെ കാണാൻ അത്ര മോശമാണോ?''
‘‘അല്ലെടീ, ആ തെണ്ടിയ്ക്ക് അവളെ മാത്രമേ കണ്ണിൽ പിടിയ്ക്കൂ. ഇവനൊക്കെ കമന്റടിച്ചില്ലെങ്കിൽ നമ്മളുടെ ഭംഗി പോവ്വോ?'', ഞാനവളെ ആശ്വസിപ്പിച്ചു.

പിന്നീടൊരിയ്ക്കൽ എന്നോട് പ്രേമമെന്നു വന്നുപറഞ്ഞ ഒരു എഴുത്തുകാരൻ ഇടയ്ക്ക് എന്നെ നോക്കി പറഞ്ഞ തമാശയിൽ എനിയ്ക്ക് വായ കയ്ച്ചു

അന്ന്​ വീട്ടിലെ കണ്ണാടിയ്ക്കുമുമ്പിൽ നിൽക്കുമ്പോൾ എനിയ്ക്ക് നിസ്സഹായത തോന്നി. ചില സ്ത്രീകളെ മാത്രം സുന്ദരികളാക്കിയ ദൈവത്തോട് കലഹിക്കാൻ തോന്നി. ഞങ്ങളാരും കാഴ്ചയിൽ അത്ര മോശമായിരുന്നില്ല. പക്ഷെ അവന്റെ ആണഹന്ത എന്റെയും രേഷ്മയുടെയും അപകർഷകതകളെ പർവതത്തോളം വളർത്തി. ഞങ്ങളെ അപമാനച്ചിരിയിൽ വാടിയ ആമ്പലോളം തളർത്തി.
പിന്നീടൊരിയ്ക്കൽ എന്നോട് പ്രേമമെന്നു വന്നുപറഞ്ഞ ഒരു എഴുത്തുകാരൻ ഇടയ്ക്ക് എന്നെ നോക്കി പറഞ്ഞ തമാശയിൽ എനിയ്ക്ക് വായ കയ്ച്ചു... ഉയരക്കുറവ് ഉരുണ്ട ശരീരം, അല്പം ചെരിഞ്ഞ പല്ല്. ശാരീരികമായ പ്രത്യേകതകളെ വെച്ച് മനുഷ്യരെ അളക്കുന്ന തെണ്ടിയെന്ന്​ ഞാനവനെ പിരാകി.

ഇന്ദുമേനോന്റെ അച്ഛൻ ഉമയനല്ലൂർ എസ്. വിക്രമൻ നായർ. 'ചെറിയ ഒന്നോ രണ്ടോ ഉരസലുകളെ മാറ്റിനിർത്തിയാൽ എന്റെ അച്ഛനുമായി മാത്രമാണ് എനിയ്ക്ക് ഏറ്റവും നല്ല ബന്ധമുണ്ടായിരുന്നത്.'
ഇന്ദുമേനോന്റെ അച്ഛൻ ഉമയനല്ലൂർ എസ്. വിക്രമൻ നായർ. 'ചെറിയ ഒന്നോ രണ്ടോ ഉരസലുകളെ മാറ്റിനിർത്തിയാൽ എന്റെ അച്ഛനുമായി മാത്രമാണ് എനിയ്ക്ക് ഏറ്റവും നല്ല ബന്ധമുണ്ടായിരുന്നത്.'

‘‘പുറകിൽ നിന്നും കണ്ടാൽ എത്ര മനോഹരി. മോന്ത കണ്ടാൽ മതി''- അവൻ പൊട്ടിച്ചിരിച്ചു. ജീവിച്ചിരുന്നിടത്തോളം കാലം എഴുതിയത്, പഠിച്ചത്, ബുദ്ധിപൂർവം ചിന്തിച്ചത്, പ്രസംഗിച്ചത് എല്ലാം എത്ര വേഗം റദ്ദ് ചെയ്യപ്പെട്ടു. പരിണാമത്തിന്റെ അളവുകോൽ എത്ര കൃത്യമാണ് പുരുഷലോകത്ത്. അവൻ പെണ്ണിന്റെ സൗന്ദര്യമേ നോക്കൂ. അവൻ പെണ്ണിന്റെ തൊലിനിറവും കിളരവും മുലകളുടെ വലിപ്പവും മുലഞെട്ടുകളുടെ ഇലാസ്തികതയും പൊക്കിൾച്ചുഴിയുടെ ചുഴിപ്പുമേ നോക്കൂ. ബുദ്ധിയോ വിവേകമോ എഴുത്തോ കലയോ ഒന്നും അവനു പ്രശ്‌നമല്ല. കറുത്ത നിറമുള്ള/ നിറം കുറഞ്ഞ ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത വെളുത്ത പുരുഷന്മാരെ ഞാൻ കണ്ടിട്ടേയില്ല, രണ്ടു പേരൊഴികെ. മറിച്ചാകട്ടെ എത്രയോ ഉദാഹരണങ്ങൾ. ബുദ്ധിയും രാഷ്ട്രീയവും ശരിയും സംസാരിക്കുന്നവർ പോലും ഭംഗി നോക്കി, അഴകളവളന്നു തൃപ്​തമായി മാത്രം ഇണകളെ സ്വീകരിയ്ക്കുന്നു. പരിണാമപുരുഷ പരുഷതകളിൽ അവർക്കിതെത്രയോ നിസ്സാരം. ആരും നിസ്സാരം. ഏതു പെണ്ണും നിസ്സാരം... ആണുങ്ങളുടെ ഈ ഇരട്ടത്താപ്പിനോടും ലോകനിയമത്തോടും ഞാൻ സദാ കലഹിച്ചു. സുന്ദരികൾ വരുമ്പോൾ നിയമങ്ങൾ മാറ്റുന്ന അൽപന്മാരോട്​ കലഹിക്കുന്ന അസംഖ്യം പെൺകൂട്ടങ്ങളെ നോക്കി ഞാൻ കൈയടിച്ചു.

അക്കാലങ്ങളിലത്രയും ലോകത്തെ ഏറ്റവും മോശം പുരുഷനെ കണ്ടെത്തണമെന്നും അയാൾക്കൊപ്പം ശയിച്ച് നീലച്ചിത്രം റെക്കോർഡ് ചെയ്ത് വെടി എന്നുപേരിട്ട് ഭർത്താവിനു നൽകണമെന്നും അങ്ങനെ പ്രതികാരം ചെയ്യണമെന്നും എനിയ്ക്കു തോന്നി

മറ്റൊരിക്കൽ വിശ്വമലയാള മഹോത്സവം നടക്കുമ്പോൾ ഇന്ത്യൻ പ്രസിഡൻറ്​ വരുന്ന ചടങ്ങിൽ എന്നെ കണ്ട് ഒരു എം.എൽ.എ. കുപിതനായി. ജ്ഞാനവൃദ്ധൻമാരും മുതിർന്ന മനുഷ്യരും മാത്രം പ്രവേശിച്ച ആ വി.ഐ.പി. ഭാഗത്ത് ഒരു ചെറുപ്പക്കാരിയായ സ്ത്രീ മുൻനിരയിൽ ഇരിക്കാൻ പാടില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. അദ്ദേഹം എന്നോട് വരവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ചോദിച്ചു.
‘‘ചുമ്മാ. ഒരു രസം'', ഞാൻ പറഞ്ഞു.
‘‘ഇന്ത്യൻ പ്രസിഡൻറിനെ കാണാമല്ലോ?''
‘‘ഓഹോ അത്രയ്ക്കായോ?'', അയാൾ സെക്യൂരിറ്റിയെ വിളിച്ച് എന്നെ എപ്രകാരമെങ്കിലും പുറത്തേയ്ക്കു കൊണ്ടുപോകാൻ ചട്ടംകെട്ടി.
‘‘ഒന്നു പോടാപ്പാ'', ഞാൻ പുച്ഛത്തോടെ ആട്ടി വിട്ടു.
രണ്ട് തക്കിടിമുണ്ടത്തടിയന്മാർ വന്ന്​ വേദി വിട്ടുപോകാൻ ആവശ്യപ്പെട്ടു.
‘‘എന്തിന്​? ആരുപറഞ്ഞിട്ട്?’’
‘‘ആ എം.എൽ.എ.യാണോ സെക്യൂരിറ്റി വിങ്ങിന്റെ തലവൻ?'' ഞാൻ പരിഹാസത്തോടെ ചിരിച്ചു.
‘‘എന്നാലേ, ഞാനൊരു സത്യം പറയാം. ഞാൻ മാത്രമല്ല മറ്റു രണ്ടാൾക്കാരും കൂടി പാസില്ലാതെ അനധികൃതമായി കേറിയിട്ടുണ്ട്. അവരെ ഇറക്കൂ ആദ്യം'', ഞാൻ തൊട്ടരികിലിരിയ്കുന്ന ഒ.എൻ.വിയെയും അക്കാദമി സെക്രട്ടറിയെയും ചൂണ്ടിക്കാണിച്ചു.

എന്തായാലും ഒ.എൻ.വി. തക്ക സമയത്ത് ഇടപെട്ടതിനാൽ എം.എൽ.എ.യുമായുള്ള വഴക്ക് പെട്ടന്നവസാനിച്ചു. അധികാരവും അനാവശ്യമായ പദവികളും പേറുന്ന ഒരുവൻ ഏതു സ്ത്രീകളുടെമേലും വൃഥാ അധികാരം കാണിച്ചുകൊണ്ടിരിയ്ക്കും. ഞാനയാളോട് ‘പ്ലീസ്​, എന്നെ പുറത്താക്കരുതേ' എന്നോ ‘എനിയ്ക്കിവിടെ ഇരിക്കാൻ അനുമതിയുണ്ട്​’ എന്നോ ഒക്കെ പറയുമെന്ന് കരുതിയിരിയ്ക്കും. അയാൾ പല്ലിറുമ്മി. സ്വതസിദ്ധമായ പുച്ഛത്തോടെ ഞാനയാളെ അവഗണിച്ചു.

ഞാനെന്ന ഒരു ഭാര്യ അന്നു മരിച്ചുപോയി. പിന്നെയൊരിയ്ക്കലും അവൾ ജീവിയ്ക്കുകയുണ്ടായില്ല. അതിൽ നിന്ന്​ നിർമമമാവാൻ എനിയ്ക്ക് നീണ്ട പത്തു വർഷങ്ങൾ വേണ്ടിവന്നു.

മറ്റൊരിയ്ക്കൽ ഭർത്താവ് എന്നെ ‘വെടി, പത്തുരൂപ വെടി' എന്നു വിളിച്ചു.
കോഴിക്കോട് റെയിൽവേ സ്​റ്റേഷന്റെ നാലാം പ്ലാറ്റ്‌ഫോറത്തിലിരുന്ന എന്റെ ചെവി സത്യത്തിൽ വെടിച്ചുപോയി. അക്കാലത്ത് ലേഡി ശ്രീരാമിലും മുംബൈ ടിസ്സിലുമായി പഠനം പൂർത്തിയാക്കിയ ഒരു പെൺസുഹൃത്തിനെ പ്രതി ഞാനുണ്ടാക്കിയ വഴക്കിന്റെ അവസാനമായിരുന്നു അത്. ആ വാക്കുകളുടെ തീവ്രത എന്നെ ഒരു മാന്തമീനിനെ ചട്ടിയിലെന്നവണ്ണം തൊലിയുരിയിപ്പിച്ചു. കഴുത്തിൽ അയാൾ കെട്ടിയ താലി നോക്കി ഞാൻ. അതു കാക്കാപ്പൊന്നുപോലെ കറുത്തിരുന്നു. തീപ്പെട്ട പഴുത്ത ഒരു ലോഹം പോലെ കൃത്യം മുലകൾക്കിടയിലുള്ള നിസ്സഹായമായ വിടവിൽ അത് അത്യുഷ്ണക്കാരിയായ ചങ്ങലയുടെ കൊളുത്തായി. അതെന്റെ ഗതികേടുകളെ സദാ ഓർമിപ്പിച്ചു. ആ സംഭവത്തിനുശേഷം ഞാൻ ആ താലി കഴുത്തിൽ അണിഞ്ഞതേയില്ല. അന്നുമില്ല ഇന്നുമില്ല. അതിനുശേഷം അത്തരത്തിലുള്ള പല അപവാദങ്ങളും ആരോപണങ്ങളും ഞാൻ കേട്ടുവെങ്കിലും ഇതെന്റെ ഹൃദയത്തിലും ആത്മാവിലുമുണ്ടാക്കിയ മുറിവോളം വരുമായിരുന്നില്ല ഒന്നും. ഞാനെന്ന ഒരു ഭാര്യ അന്നു മരിച്ചുപോയി. പിന്നെയൊരിയ്ക്കലും അവൾ ജീവിയ്ക്കുകയുണ്ടായില്ല. അതിൽ നിന്ന്​ നിർമമമാവാൻ എനിയ്ക്ക് നീണ്ട പത്തു വർഷങ്ങൾ വേണ്ടിവന്നു. അക്കാലത്തെ എന്റെ ജി മെയിലിന്റെ പാസ്​വേഡ്​പത്തുരൂപാ വെടി എന്നു ഞാൻ മാറ്റി. അതുണ്ടാക്കിയ അപമാനം മറന്നുകളയാൻ ഞാൻ തയ്യാറായിരുന്നില്ല. അതിന്റെ വേദനയിൽ മരണപ്പെടാനും ദാമ്പത്യജയിലിനെ പറ്റിയോർമിക്കാനും ആ പാസ്​വേഡിനാൽ എനിയ്ക്കു കഴിഞ്ഞു. പ്രേമത്തിലും വിശ്വാസത്തിലും ജീവിച്ചതിനാൽ എളുപ്പം ഞാൻ ക്ഷമിയ്ക്കുമായിരുന്നു. എന്നിലെ അപമാനിതമായ സ്ത്രീത്വം സഹിയ്ക്കില്ല എന്നുറപ്പായിരുന്നതിനാൽ, ഞാൻ ക്ഷമിക്കാൻ തയ്യാറല്ലായിരുന്നു. ഇന്നായിരുന്നു അങ്ങനെ വിളിച്ചതെങ്കിൽ ഞാൻ പൊട്ടിച്ചിരിച്ചു മരിച്ചേനെ.
എന്തൊരു നിർമമത്വം.

എന്റെ ജി മെയിലിന്റെ പാസ്​വേഡ്​ പത്തുരൂപാ വെടി എന്നു ഞാൻ മാറ്റി. അതുണ്ടാക്കിയ അപമാനം മറന്നുകളയാൻ ഞാൻ തയ്യാറായിരുന്നില്ല. അതിന്റെ വേദനയിൽ മരണപ്പെടാനും ദാമ്പത്യജയിലിനെ പറ്റിയോർമിക്കാനും ആ പാസ്​വേഡിനാൽ എനിയ്ക്കു കഴിഞ്ഞു. / graphic: Muhammed Jadeer
എന്റെ ജി മെയിലിന്റെ പാസ്​വേഡ്​ പത്തുരൂപാ വെടി എന്നു ഞാൻ മാറ്റി. അതുണ്ടാക്കിയ അപമാനം മറന്നുകളയാൻ ഞാൻ തയ്യാറായിരുന്നില്ല. അതിന്റെ വേദനയിൽ മരണപ്പെടാനും ദാമ്പത്യജയിലിനെ പറ്റിയോർമിക്കാനും ആ പാസ്​വേഡിനാൽ എനിയ്ക്കു കഴിഞ്ഞു. / graphic: Muhammed Jadeer

വഴിയിലിരുന്നു കമന്റടിയ്ക്കുന്നവരെ വിളിയ്ക്കുന്ന രണ്ട് ചീത്ത വിളിച്ച് ഞാനെന്റെ പാട്ടിനു പോയേനെ. ‘പോട പട്ടീ' എന്ന്​ ആട്ടിയാശ്വസിച്ചേനെ. അക്കാലങ്ങളിലത്രയും ലോകത്തെ ഏറ്റവും മോശം പുരുഷനെ കണ്ടെത്തണമെന്നും അയാൾക്കൊപ്പം ശയിച്ച് നീലച്ചിത്രം റെക്കോർഡ് ചെയ്ത് വെടി എന്നുപേരിട്ട് ഭർത്താവിനു നൽകണമെന്നും അങ്ങനെ പ്രതികാരം ചെയ്യണമെന്നും എനിയ്ക്കു തോന്നി. പ്രതികാരം ഉള്ളിൽ നീറിനീറിക്കിടന്നു. എന്നാൽ പാമ്പ് കടിച്ചതിന്​കിണറ്റിൽ ചാടിയിട്ടു കാര്യമില്ലല്ലോ. എന്റെയുള്ളിലെ വിവേകിയും അന്തസ്സുള്ളവളുമായ ഒരു സ്ത്രീ എന്റെ കഴുത്തിനു കുത്തിപ്പിടിച്ചു.
‘‘ഒരു നായിന്റെ മോനുമല്ല നിന്നെ നിർണയിയ്ക്കുന്നത്. അവനു ബോധ്യം വരാത്തതിനു നിന്റെ സത്യങ്ങളെ നീ മറക്കുകയും ചെയ്യേണ്ട’.
നീണ്ട പത്തുവർഷത്തെ അപരിചിത ദാമ്പത്യത്തിനൊടുവിൽ കേട്ടത്​:
‘‘നിന്നെ എനിയ്ക്കറിയാമെടീ’’
‘‘നിന്റെ കേസുകെട്ടുകളൊക്കെ ഞാൻ കണ്ടുപിടിച്ചിട്ടുണ്ടെടീ’’
‘‘നിന്നെക്കുറിച്ച് പറയുന്നതുകേട്ടാൽ എന്റെ തൊലി ഉരിഞ്ഞുപോകും.’’
‘‘എന്നാൽ നല്ല ഉപ്പും മൊളകും തേച്ച് വറത്തോളൂ'', ഞാൻ തമാശയോടെ പറയും.

ഒന്നിനും കൊള്ളാത്ത, ഒന്നും സ്വന്തമായിട്ടില്ലാത്ത ഏതോ കൂതറ നാട്ടിൻപുറത്തുകാരിയും അഹങ്കാരിയും തന്റേടിയും തന്നിഷ്ടക്കാരിയും അസംഖ്യം കാമുകരുള്ളവരും ബാലിശമായി പെരുമാറുന്നവളും ടോം ബോയിയും ഭർത്താവിനെക്കുറിച്ച് അപവാദപ്രചാരണം നടത്തുകയും തന്നെ ഉപദ്രവിയ്ക്കുകയോ തന്നെക്കുറിച്ച് ഇല്ലാവചനം പറയുകയോ ചെയ്യുന്നവരെ വേരോടെ തുലയ്ക്കുകയും ചെയ്യുന്ന അത്യധികം അപകടകാരിയായ ഒരു സ്ത്രീയെ എന്തിന്​ ഈ ചങ്ങലയിൽ കുരുക്കിയിടണം?

എന്നെ വിവാഹം ചെയ്യുമോ എന്നു ചോദിച്ച് ആത്മാർഥവും കടുത്തതുമായ പ്രേമത്താൽ എന്റെ പുറകെ നടന്ന ചെറുപ്പക്കാരനും സൗഹൃദം തീവ്രമായപ്പോൾ അപവാദങ്ങളും ആരോപണങ്ങളും പറഞ്ഞ് എന്നെ നിരന്തരം അപമാനിയ്ക്കാൻ തുടങ്ങി

‘‘ഉടനെ ഡിവോഴ്​സ്​ ചെയ്യുക. എനിക്ക് തോന്നുന്നത് താങ്കൾ കുറച്ചുകൂടി നല്ല ഒരു സ്ത്രീയെ ദാമ്പത്യത്തെ അർഹിക്കുന്നുവെന്നാണ്''- അങ്ങനെ പറയുന്ന ഒരു ഞാനിലെ ഭാര്യ മരിച്ചുപോയിരുന്നു. കോഴിക്കോട്ടെ നാലാം നമ്പർ പ്ലാറ്റ് ഫോമിൽ വന്ന മദിരാശി മെയിലിന്റെ ആയിരം ചക്രങ്ങൾ എന്റെ തലയിലൂടെ കയറിയിറങ്ങി പൊയ്‌ക്കൊണ്ടേയിരുന്നു. ഞാൻ ചതഞ്ഞ ഒരു നിറുകയുമായി നിസ്സഹായായി നിന്നു. ഒരു പുരുഷൻ അവളുടെ സ്ത്രീയെ ‘വേശ്യ’ എന്നു വിളിക്കുന്നതിനപ്പുറം, കാമുകിയ്ക്കുവേണ്ടി തള്ളിപ്പറയുന്നതിനപ്പുറം ഒരു പ്രാണസങ്കടവും അവൾക്കുണ്ടാകുമായിരുന്നില്ല.
നാട്ടിൻപുറത്ത് ജീവിച്ചതിനാലായിരിയ്ക്കണം, ഒരു ചെറിയ അപവാദത്തിന്​, ഒരു ചെറിയ ചീത്തപ്പേരിന്​ ഞാനിത്രയേറെ അസ്വസ്ഥയായത്. പുരുഷന്മാരുടെ ഏറ്റവും മൂർച്ചയേറിയ ആയുധം സ്ത്രീകളുടെ ശരീരം, ചാരിത്ര്യം, വിശുദ്ധി എന്നിവയെക്കുറിച്ച് അവമതിച്ച് പറയലാണെന്ന് ഞാനിക്കാലം കൊണ്ട് മനസ്സിലാക്കിയിരുന്നു.

എന്നെ വിവാഹം ചെയ്യുമോ എന്നു ചോദിച്ച് ആത്മാർഥവും കടുത്തതുമായ പ്രേമത്താൽ എന്റെ പുറകെ നടന്ന ചെറുപ്പക്കാരനും സൗഹൃദം തീവ്രമായപ്പോൾ അപവാദങ്ങളും ആരോപണങ്ങളും പറഞ്ഞ് എന്നെ നിരന്തരം അപമാനിയ്ക്കാൻ തുടങ്ങി. അവനെന്റെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ല എന്നു ഞാൻ കരുതി. ഏത്​ഏകാന്തതയിലും എനിക്കവന്റെ പ്രേമം വേണ്ടെന്നും ഞാൻ തീരുമാനിച്ചു. എന്നാൽ ചില കാര്യങ്ങളിൽ ഞങ്ങൾ സോൾ മേറ്റ്സായിത്തന്നെ നിന്നു. ആണഹന്തയുടെയും ധാർഷ്ട്യത്തിന്റെയും ആൾരൂപമായിരുന്നെങ്കിലും ശരിയുടെ രാഷ്ട്രീയവും നൈതികതയും അവനെ സുഹൃത്തായി നിലനിർത്താൻ എന്നെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. അവൻ പാവമായിരുന്നു. കള്ളനുമായിരുന്നു. അവൻ ഒന്നരവർഷമായി വളരെ ഗൗരവമായി മറ്റൊരു പ്രേമബന്ധത്തിലാണെന്നു കേട്ട് ചിരിച്ചുചിരിച്ച് എന്റെ പള്ള കൂച്ചിപ്പോയി. എനിയ്ക്കുണ്ടെന്ന് അവൻ പറയുന്ന ആ മായാമാന്ത്രികഭൈമീകാമുകൻ അവന്റെ ജീവിതത്തിലെ തന്നെ ഭൈമിയായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. 4-5 വർഷം മാത്രം പ്രായമുള്ള ദാമ്പത്യവും മൂന്നര വയസ്സുള്ള കുട്ടിയുള്ള മഹാകാമുകിയെ കാൺകെ എന്റെ ചിരി അതിന്റെ ഉച്ചസ്ഥായിലുമായി. അതുവരെ പ്രേമം ആത്മീയവും നൈതികവുമാണെന്നു പ്രസംഗിച്ചവൻ തരം കിട്ടിയപ്പോൾ ഒരു കുടുംബത്തിൽ കയറി അത് നശിപ്പിച്ചു പണ്ടാറമടങ്ങുന്ന നയനമനോഹര കാഴ്ച. എനിയ്ക്കു പുരുഷന്മാരോടുള്ള വിശ്വാസങ്ങളും സത്യങ്ങളുമൊക്കെ അമ്പെ പോയ്‌ക്കൊണ്ടിരുന്നു. പുരുഷന്​ പ്രേമമെന്നൊന്നില്ല, ഡെസ്‌പരേറ്റിലി അവൻ കാമത്തിനായി ഉഴറും. ലിംഗവിശപ്പിനോളം പ്രാഥമികമായവന്​ പ്രാന്തുകളേയില്ല. ഇവനെപ്പോലെയൊരുത്തൻ യഥാർത്ഥത്തിൽ ഇങ്ങനെയെങ്കിൽ മറ്റുള്ളവന്മാർ എങ്ങനെയായിരിയ്ക്കും! അമ്പോ എന്റെ തലപുകഞ്ഞു.

കോഴിക്കോട്ടെ നാലാം നമ്പർ പ്ലാറ്റ് ഫോമിൽ വന്ന മദിരാശി മെയിലിന്റെ ആയിരം ചക്രങ്ങൾ എന്റെ തലയിലൂടെ കയറിയിറങ്ങി പൊയ്‌ക്കൊണ്ടേയിരുന്നു. ഞാൻ ചതഞ്ഞ ഒരു നിറുകയുമായി നിസ്സഹായായി നിന്നു. / Photo: Muhammed Fasil
കോഴിക്കോട്ടെ നാലാം നമ്പർ പ്ലാറ്റ് ഫോമിൽ വന്ന മദിരാശി മെയിലിന്റെ ആയിരം ചക്രങ്ങൾ എന്റെ തലയിലൂടെ കയറിയിറങ്ങി പൊയ്‌ക്കൊണ്ടേയിരുന്നു. ഞാൻ ചതഞ്ഞ ഒരു നിറുകയുമായി നിസ്സഹായായി നിന്നു. / Photo: Muhammed Fasil

ഇനി സഹോദരനിലേയ്ക്കു വരാം. രണ്ടുവയസ്സിന്റെ വ്യത്യാസത്തിൽ അമ്മവയറിൽ നിന്ന്​ പുറത്തുവന്നവർ. സിബ്ലിങ്ങ് റൈവൽറിയുടെ സ്വന്തമാശാൻ.
‘‘എന്റെ പെങ്കുട്ടികളെ തല്ലിയാൽ നിന്നെ ഞാൻ ശരിയാക്കും'' എന്ന്​ അച്ഛൻ പറഞ്ഞതിനാൽ ലഹളകളും അടിതടകളും നിയന്ത്രിതമായി. എന്റെയച്ഛൻ ഏറെ പ്രയാസപ്പെട്ടാണ് കുറച്ചു ഭൂമിയും ഒരു രണ്ടു നില വീടും പണിതത്. രണ്ടു മനുഷ്യരുടെ ജീവിതകാലവിയർപ്പുപ്പാൽ പുളിരസമാർന്നൊരു വീട്. നാലഞ്ചു മൂട് തെങ്ങ്, പേരമരം, മൾബറിക്കായകൾ, പാഷൻ ഫ്രൂട്ടിന്റെ സ്വർണമഞ്ഞബൾബുകായകൾ, തൊടിപ്പുറകിലെ പച്ചപ്പയൽനിറക്കുളം, പറക്കുട്ടിയും പൂക്കുട്ടിയും ചാത്തന്മാരും വിഹരിയ്ക്കുന്ന വടക്കേപ്പുറം. അച്ഛന്റെ സ്വപ്നങ്ങളും, കഷ്ടതകളും കഠിനാധ്വാനവും ചേർന്നതാണത്. സ്‌കൂളിലെ ക്ലാസിനു ശേഷം വീടുവീടാന്തരം പോയി പാടിപ്പാടി ക്ലാസെടുത്ത് ജീവിതം രണ്ടുകര മുട്ടിച്ചൊരാളും 2000 രൂപയ്ക്ക് അൺഎയിഡഡ്​ സ്‌കൂളിൽ പഠിപ്പിക്കുകയും ചെയ്ത​ ഒരാളും ചേർന്നു പണിതത്. രണ്ടു കിലോമീറ്റർ വഴികളത്രയും നട്ടുച്ചയ്ക്കും നട്ടപ്പാതിരയ്ക്കും ഒറ്റയ്‌ക്കെങ്കിൽ നടന്നു മാത്രം വീടണഞ്ഞ ഒരച്ഛനുമ്മമ്മയും പണിതത്. കണ്ണട മങ്ങിയാൽ, ചെരുപ്പ് പൊട്ടിയാൽ ആയിരം വട്ടം തുന്നിയുമൊട്ടിച്ചും പരിശ്രമിച്ച ശേഷം മാത്രം പുതുക്കി വാങ്ങുന്നവർ ത്യാഗം കൊണ്ട്​ കൂട്ടിപ്പണിത വീട്. അമ്മയുടെ മരണശേഷം എന്റെ സഹോദരൻ അത് വിൽക്കണമെന്നു വാശിപിടിച്ചു. അവനു ജീവിക്കണമെന്നു പറഞ്ഞിരുന്നെങ്കിൽ അതവനെടുത്തോട്ടെ എന്നു കരുതാമായിരുന്നു. അതങ്ങനെയല്ല. ജീവിതകാലം മുഴുവൻ യാതൊരു ഉത്തരവാദിത്തങ്ങളുമില്ലാതെ, പണിയെടുക്കാതെ അല്ലലും അലട്ടുമറിയാതെ ജീവിച്ച ഒരുവൻ മറ്റൊരാളുടെ അധ്വാനത്തെ നിസ്സാരമായി കുപ്പികളായും അലസതയായും ആഹ്ലാദങ്ങളായും പരിവർത്തനപ്പെടുത്താനുള്ള പരിശ്രമം. അച്ഛൻ ജീവിച്ചിരിയ്‌ക്കെ അത്​ വിറ്റു തുലയ്ക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അവൻ അവന്റെ ഭാഗം ആവശ്യപ്പെട്ടു വന്നപ്പോൾ സ്വാഭാവികമായും എനിക്ക് വിഷമം തോന്നി.

അഹന്തയോടും പൗരുഷത്തോടും ഗർവ്വോടുമുള്ള എന്റെ കലഹങ്ങളും സമരസങ്ങളും രക്ഷപ്പെടലുകളും ഓർക്കുമ്പോഴെല്ലാം മഹാവ്യസനങ്ങളുടെ വിശുദ്ധ കന്യാമറിയമായി എനിക്കെന്നെ കണ്ണാടിയിൽ കാണാൻ പറ്റി.

അവനാഗ്രഹിച്ച രീതിയിൽ അവനാഗ്രഹിച്ച ഝടുതിയിൽ അത് നടത്താനാകില്ലെന്നു തോന്നിയപ്പോൾ അവൻ രണ്ടു പേരെക്കൂട്ടി വീട്ടിൽ വന്നു. അവൻ മദ്യപിച്ചിരുന്നു. എനിക്കൊപ്പം പണിയെടുക്കുന്ന സ്ത്രീകളെ ഭയപ്പെടുത്തുകയും ഉച്ചത്തിൽ ചീത്ത പറയുകയും ചെയ്തു. അക്കാലത്ത് എന്റെയച്ഛൻ തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു. പാർക്കിൻസൺസ് രോഗമാണെന്ന് ഭയന്ന്​പല ആശുപത്രികളിൽ ഞങ്ങൾ കയറിയിറങ്ങിയ കാലം. മൂന്നു മാസം ഓഫീസിൽ നിന്ന്​ ഞാൻ ലീവെടുത്തു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ലതും വലിയതുമായ ഒരു ഓഫർ വേണ്ടെന്നു വെച്ചു. അച്ഛൻ ഒരു കുട്ടിയായി മാറിയിരുന്നു. പല്ലു തേപ്പിച്ചും കുളിപ്പിച്ചും ഭക്ഷണം കൊടുത്തും ഞങ്ങൾ- ഞാനും അക്കുവും തവമണിയും അച്ഛനെ സാധാരണ മനുഷ്യനാക്കാൻ ശ്രമിച്ചു. എന്നാൽ ഓർമകൾ ഒഴിച്ച് ബാക്കിയെല്ലാത്തിലും രോഗഗ്രസ്തമായ ബാല്യം അച്ഛനെ മാരി പോലെ കീഴടക്കി. അങ്ങനെയുള്ള അച്ഛനെ നോക്കുകയും പരിചരിയ്ക്കുകയും ചെയ്ത പെൺകുട്ടികളോടാണ് അവൻ ക്ഷോഭിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തത്.
‘‘ഈ സ്ത്രീ ഭയങ്കരിയാണ്. ഇതിനോട് സംസാരിയ്ക്കരുത്'', എന്റെ അയൽപക്കത്തു താമസിയ്ക്കുന്ന സ്ത്രീയോട് അവൻ പറഞ്ഞു.
‘‘ഇവൾ ഭയങ്കര പെഴച്ചവളാണ്. മി.പിയ്‌ക്കൊപ്പമുള്ള ചുറ്റിക്കളി എനിയ്ക്കറിയാം'' അരദിവസം എന്റെ റിസർച്ച്​ അസ്സിസ്റ്റന്റുമാരൊപ്പം, സഹപ്രവർത്തകരൊപ്പം ഒരു ഉദ്യോഗസ്ഥനെ എസ്‌കോർട്ട് ചെയ്തതിന് ഒരു സ്ത്രീ കേൾക്കേണ്ടുന്ന അപവാദം.
എത്ര മനോഹരമായ ലോകം. എന്തൊരു സാഹോദര്യം. എനിയ്ക്ക് ഓക്കാനം വന്നു. വയസ്സുകാലത്ത് തന്നെ നോക്കാനായി ചെക്കനെ പോറ്റി വളർത്തിയ അമ്മയെ ഓർത്തു. അമ്മ മരിയ്ക്കുന്ന സമയത്ത് മദ്യപിച്ച്​ മദോന്മത്തനായി കിടന്ന അവനെയും ഓർത്തു. അമ്മയെപ്പോലെ എന്റെ കാര്യങ്ങളും ചെയ്തു തരുമെന്നു അമ്മ വിശ്വസിച്ച അതേ സഹോദരനെ പറ്റിയോർത്തു.
പുരുഷൻ ഒരു സ്വത്താണെന്നും ആൺകുട്ടി ലാഭകരമായതും മൂല്യവത്തായതുമായ സമ്പത്താണെന്നും വീട്ടിലെ പെൺകുട്ടികളെ എക്കാലത്തും സംരക്ഷിയ്ക്കുമെന്നും അമ്മ വിശ്വസിച്ച സഹോദരന്റെ ഔദാര്യം. മറ്റു മനുഷ്യരെ പറ്റി പിന്നെ പറയാനുണ്ടോ?

അഹന്തയോടും പൗരുഷത്തോടും ഗർവ്വോടുമുള്ള എന്റെ കലഹങ്ങളും സമരസങ്ങളും രക്ഷപ്പെടലുകളും ഓർക്കുമ്പോഴെല്ലാം മഹാവ്യസനങ്ങളുടെ വിശുദ്ധ കന്യാമറിയമായി എനിക്കെന്നെ കണ്ണാടിയിൽ കാണാൻ പറ്റി. ബുദ്ധിയധികമില്ലാത്ത സാധാരണക്കാരിയായ, കേവലമായ, എഴുതാത്ത, സംസാരിയ്ക്കാത്ത ഒരുവളായിരുന്നു ഞാനെങ്കിൽ എന്റെ ജീവിതം അൽപ്പം കൂടി എളുപ്പമുള്ളതായേനെ. ഡീസൽ കാറുകൾ ഏതു പാതിരയിലും ഓടിക്കുന്ന വലിയ പട്ടികളെ മുയലുകളെപ്പോലെ അടക്കിനിർത്തുന്ന അഹങ്കാരിയായ സ്ത്രീ ഒരു പുരുഷന്റെയല്ല ലോകത്തിലെ സകല പുരുഷന്റെയും എതിരാളിയാണ്.

മുലകളുടെ മാസളമായ ഭാഗത്ത് ബെൽറ്റിന്റെ ബക്കിൾ കപ്പിയെടുത്ത മാസക്കുഴിയിൽ ചോര പച്ചിച്ചു നിന്നിരുന്നു. തളർന്ന ഉടലുമായി ഒടുവിൽ അവൾ വയറിൽ ചവിട്ടാനുയർത്തിയ കാലുകളെ കെട്ടിപ്പിടിച്ചു കരഞ്ഞു.

32 വയസ്സുള്ളവളും ഗർഭിണിയുമായ ഒരു സ്ത്രീ പ്രാണവെപ്രാളത്തോടെ ഓടി. നഗ്‌നമായ അവളുടെ ശരീരമാസകലം ബെൽറ്റിന്റെ അടിയേറ്റു തിണർത്ത പാടുകളായിരുന്നു. മുലകളുടെ മാസളമായ ഭാഗത്ത് ബെൽറ്റിന്റെ ബക്കിൾ കപ്പിയെടുത്ത മാസക്കുഴിയിൽ ചോര പച്ചിച്ചു നിന്നിരുന്നു. തളർന്ന ഉടലുമായി ഒടുവിൽ അവൾ വയറിൽ ചവിട്ടാനുയർത്തിയ കാലുകളെ കെട്ടിപ്പിടിച്ചു കരഞ്ഞു. തല ചവിട്ടിപ്പിടിച്ച് നടുപ്പുറത്ത് മുട്ടുകൈയ്യാൽ ഭത്സനമേറ്റപ്പോൾ വയറ്റിലെ കുട്ടി കാൽച്ചവിട്ടിക്കുടഞ്ഞു പിടഞ്ഞു. ചെരുപ്പു കൊണ്ടുള്ള അടിയേറ്റു കണ്ണു കലങ്ങി വീങ്ങുകയും കവിളുകൾ മുണ്ടീവീക്കക്കാരിയെപ്പോലെ ചീർക്കുകയും ചെയ്ത അവൾ ആശുപത്രിയിൽ കണ്ണാടിയിൽ തന്റെ ശോഷിച്ച ശരീരത്തെ നോക്കി. അടിയടയാളങ്ങൾ പാമ്പിഴഞ്ഞ തിണർത്ത നീലിച്ച നെഞ്ചും വയറും നോക്കി. മുറിവിന്റെ പ്രാണവേദനയാൽ മാസങ്ങൾക്കുമുമ്പേ മുലപ്പാൽ ഉറ്റിച്ചുരന്ന മുലകളെ നോക്കി.
മഹാവിഷാദങ്ങളുടെ കന്യാമറിയം എന്ന് അവൾ അവളെ വിളിച്ചു...

തന്തയില്ലാത്ത ഒരു കുഞ്ഞ് അവളുടെ അടിവയറ്റിൽ നിസ്സഹായതയോടെ തൊഴിച്ചു കൊണ്ട് ഉറക്കെ നിലവിളിച്ചു. അതിനുശേഷം ജീവിതത്തിലെന്നെന്നേയ്ക്കുമായി മഹാവ്യസനങ്ങളുടെ വിശുദ്ധമറിയമായിരിയ്ക്കും താനെന്നവൾക്ക് ബോധ്യം വന്നു.
ചുണ്ടിനു മീതെയുള്ള അവളുടെ കറുത്ത കാക്കാപ്പുള്ളി അരൂതവിത്തുപോലെ നീലിച്ചു വിളർത്തു...
കവിത കണ്ണീർ വാർത്തു

‘‘ഒഴിഞ്ഞ കുപ്പിക്കകം പോലെ ... പുറം മർദ്ദങ്ങൾ ഉൾനിറയ്ക്കുന്ന മഞ്ഞവിഷാദം പോലെ... നെഞ്ചിനും ഹൃദയത്തിനും മധ്യേ പുഞ്ചിരിക്കുന്നെന്ന് വെറുതെ വിശ്വസിച്ചിരുന്നിടത്തെ പ്ലാസ്റ്റിക് വസ്തുവിനെ ആത്മാവെന്നു മെല്ലെ തുറന്നു നോക്കുന്നു മണ്ണിരകൾ സ്വസ്തിക ചിഹ്നം വരച്ചയിടം ഒച്ചുകൾ ഓർമസ്രവങ്ങൾ ഒഴിച്ചയിടം പൂമ്പാറ്റകൾ കൂട്ടമായ് ചത്തു തൊഴിഞ്ഞയിടം മുട്ടത്തോടുകൾ ഉപേക്ഷിച്ച് പറന്ന കിളികളുടെ തൂവൽ മണം ചുംബനത്തിന്റെ പുണ്ണടയാളങ്ങളിൽ തീത്തൊട്ട് പൊള്ളിയ കുമിളകളുടെ ബിളുബിളു കുലുക്കം... വിശുദ്ധ കന്യകയായിരുന്നെന്നു മഹാവ്യസനപ്പെരുങ്കഥയാണെന്നു പ്രാണനായിരുന്നെന്ന് മരിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത്.’’


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments