അയാളെന്നോട് കാണിച്ച ക്രൂരത, ഒരിക്കലും എനിക്ക് അമ്മയോടുപോലും പറയാൻ കഴിഞ്ഞില്ല. മരണം വരെ കഴിഞ്ഞില്ല. ഏറ്റവും പ്രിയപ്പെട്ട അച്ഛനോട് പറയാൻ കഴിഞ്ഞില്ല. സഹോദരങ്ങളോടോ കാമുകനോടോ കാമുകൻ പിന്നീട് ഭർത്താവായി വന്നപ്പോഴോ പറയുവാൻ സാധിച്ചില്ല. ഒരു ചതുപ്പിൽ എല്ലാ രാത്രിയും ഞാൻ മുങ്ങിച്ചത്തു.
ഒരു മനുഷ്യൻ. ഏകാകി.
ജീവിതത്തിൽ ഭാര്യയും മൂന്നു കുഞ്ഞുങ്ങളുമല്ലാതെ മറ്റൊരു ലോകമില്ലാത്ത അപ്പാവി. പാടിപ്പാടി തൊണ്ടപൊട്ടി ഒച്ചതാണ രാത്രികളിൽ, അർശസ്സിന്റെ കൊടിയ കുടൽമുട്ടകൾ ചോരയുതിർന്ന യാത്രകളിൽ, അവസാനത്തെ ട്രാൻസ്‌പോർട്ടുവണ്ടിയുടെ പുറകിലെത്തിരക്കിൽ ഏന്തിപ്പിടിച്ച് പാമ്പും വിഷജീവികളും കുറുക്കനും വിഹരിയ്ക്കുന്ന കാട്ടിടവഴികളിലൂടെ നടന്നുവരുന്ന ശുഭ്രവസ്ത്രധാരിയായ മനുഷ്യൻ - എന്റെ അച്ഛൻ.
വീട്ടിലെത്തുന്ന വൈകുന്നേരങ്ങളിൽ അദ്ദേഹത്തിന്റെ തുണിസഞ്ചി തപ്പി കുറ്റമുണ്ടോ എന്ന് അമ്മയും പോക്കറ്റും സഞ്ചിയും തപ്പി കുറ്റമില്ലാത്തവനല്ലേ എന്റെയച്ഛൻ എന്നു ഞാനും പരിശോധിച്ചു പോന്നു. അച്ഛന്റെ തമാശകൾ കുറഞ്ഞു. കൂടുതൽ ഉൾവലിഞ്ഞു. അന്തർമുഖനായ ഒരു മനുഷ്യനായി മാറി. അപമാനത്തിന്റെ ഇത്തിരിപ്പന്തിനുള്ളിൽ അദ്ദേഹം കൈചുരുക്കി, കാൽ ചുരുക്കി ഭ്രൂണത്തെപ്പോലെ നിശബ്ദനും നിസ്സഹായനുമായി മാറി.
വീട്ടിനകത്തും കുടുംബത്തിനുള്ളിലും ഒതുങ്ങിന്നിന്ന വാർത്തകൾ പതിയെ ഗോളാന്തരമായി. വിക്രമൻ നായരെന്ന കൊടിയവില്ലൻ പാട്ടുമാഷെ അവർ വെറുപ്പോടെ നോക്കി
എന്റെ അച്ഛനെതിരെ അമ്മവീട്ടുകാർ അവിഹിത ഗർഭക്കേസ് കെട്ടിവെച്ചതിനുശേഷം കത്തിന്റെ വരവുകൾ ഒന്ന് കൂടി. അച്ഛന്റെ അപമാനത്തിന്റെ ആഴവും മുറിവിന്റെ വ്യാപ്തിയും ആർക്കും അളക്കാവുന്നതിനുമെത്രയോ അപ്പുറത്തായിരുന്നു. അച്ഛൻ തന്നെയാണ് ഊമക്കത്തുകൾ എഴുതുന്നത് എന്ന് അമ്മവീട്ടുകാർ പൂർണമായും വിശ്വസിച്ചു. അത് ശരിയെന്നു തോന്നിപ്പിക്കുന്ന അടയാളങ്ങൾ ആ കത്തുകളിലുടനീളം ഉണ്ടായിരുന്നു. അവിഹിത ഗർഭക്കഥയിൽ താൻ തളരില്ലെന്നും തകരില്ലെന്നുമൊക്കെയുള്ള പ്രത്യക്ഷ സൂചനകൾ, അച്ഛനാണ് ആ കത്തെഴുതുന്നതെന്ന ന്യായം പറയാനവർക്ക് കൂടുതൽ കാരണമായി. കത്തുകളുടെ എണ്ണവും വണ്ണവും നീളവുമൊക്കെ പെരുകി. ആണവ റിയാക്ടറിനേക്കാളും മാരകമായ വാക്കിൻ യുറേനിയവും തോറിയവുമൊക്കെ ആ കത്തുകളിലുണ്ടായിരുന്നു. തൊട്ടവർ, കണ്ടവർ, കേട്ടവർ പൊള്ളി, പൊള്ളിയടർന്നു. അച്ഛൻ അപമാനത്തിന്റെ പടുകുഴിയിലേയ്ക്ക് ആണ്ടാണ്ട് പൂണ്ടുപോയി.
ഒരു കേവല ഊമത്തെറിക്കത്ത് എന്നതിൽ നിന്നുമാറി, ഒരു വലിയ കുടുംബത്തിലെ- വള്ളിക്കാട്ട് കുടുംബത്തിന്റെ നാനാ താവഴികളെയും തന്തവഴികളെയും സന്തതിപരമ്പരകളെയും സംബന്ധപരമ്പരകളേയും പിടിച്ചുലയ്ക്കുന്ന ഒരു വലിയ പ്രതിസന്ധിയായി മാറിയിരുന്നു അപ്പോഴേയ്ക്കുമത്.
വൈകാരികതയ്ക്കും കുടുംബപരതയ്ക്കുമൊക്കെയപ്പുറം ഇതൊരു വളരെ വലിയ സാമൂഹിക പ്രശ്‌നമായി വളർന്നു. വീട്ടിനകത്തും കുടുംബത്തിനുള്ളിലും ഒതുങ്ങിന്നിന്ന വാർത്തകൾ പതിയെ ഗോളാന്തരമായി. വിക്രമൻ നായരെന്ന കൊടിയവില്ലൻ പാട്ടുമാഷെ അവർ വെറുപ്പോടെ നോക്കി. അച്ഛന്റെ പ്രിയ കൂട്ടുകാരനായ ഡ്രോയിങ്ങ് മാഷ് ഇതറിഞ്ഞ് ആകെ ദുഃഖിതനായി വീട്ടിൽ വന്നു;
‘‘പലരും അറിഞ്ഞ്ണ്ട്. സ്‌കൂളിലൊക്കെ വെല്ല്യേ സംസാരായിക്കിണ്. മാഷിങ്ങനെ ചെയ്യില്ലാന്ന് എനിക്കറിയാം.’’
അച്ഛൻ നിശബ്ദനായിയിരുന്നു. താടിയ്ക്കു കൈകൊടുത്ത് ദീർഘശ്വാസം വലിച്ചു. സേവാമന്ദിരത്തിന്റെ പെണ്ണുങ്ങളുടെ സ്റ്റാഫ് മുറിയിൽ വെച്ച് ടീച്ചർപെൺകൂട്ടങ്ങൾ ഓജോബോർഡ് കളിച്ച കഥ ഞാനപ്പോൾ അമ്മയെ അറിയിച്ചിട്ടേ ഉണ്ടായിരുന്നുള്ളു.
‘‘നോക്കിക്കോ ഇമ്മാതിരി കളിക്കണതിനെതിരെ ഞാൻ ഡിഡിയാപ്പീസ്സില് പരാതി കൊടുക്കും'', എന്റെ പക പകൽപോലെ സ്പഷ്ടമായിരുന്നു.
ഈ സംഭവങ്ങൾക്കെല്ലാം ദൃക്‌സാക്ഷിയായ മാഷ് അതിന്റെ ബാക്കി വിവരണങ്ങൾ കൂടി ഞങ്ങൾക്ക് നൽകി; ‘‘അദ്പ്പം പറഞ്ഞാല്, ഡിഡിയ്ക്കാരാ എഴുതീതെന്ന്ടീച്ചർമാരുടെ ചോദ്യം. ഒറ്റയ്ക്കും തെറ്റയ്ക്കും കത്തിന്റെ കഥയൊക്കെ സ്‌കൂളില് നല്ല പാട്ടാണല്ലോ''
അമ്മ മാഷക്ക് ചായ നീട്ടി. അമ്മയ്‌ക്കെന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
‘‘ഇന്റെ ടീച്ചറെ, ഇങ്ങള് ഇക്കാര്യത്തിലൊരു നെലപാടെടുക്കണം. ങ്ങക്ക് അറിയോ ടീച്ചറേ, ആ ഓജോ ബോർഡിലെ പൈശ നേരെ വി എന്ന അക്ഷരത്തിലാദ്യം ചെന്നു. പിന്നെ ഐ. അപ്പോളേയ്ക്കും ഞാനിടപെട്ടു. നിർത്തി ക്കാളി, നിർത്തിക്കാളി തീക്കളീക്ക് പോണ്ട. ഞാൻപറഞ്ഞു. അപ്പളേയ്ക്കും ഈ പൈശ മൂന്നാമത്തെ അക്ഷരത്തിന്റെ അടുത്തേക്ക് പോവാൻ നിൽക്കുവായിരുന്നു. കെയുടെ അടുത്തേക്ക്. VIK. അടുത്ത പ്രശ്‌നത്തിലേയ്ക്കു പോയേനെ എല്ലാം''
‘‘മാഷെന്തിനാ തടഞ്ഞെ? തടയണ്ടീര്ന്നില്ല. അത് K ടെ അടുത്തേക്കല്ല പോയത് J യുടെ അടുത്തേക്കാണ്. വിക്രമൻ എന്നാവണന്നില്ല, വിജയൻ എന്നുമാവാല്ലോ''
‘‘അതൊക്കെ പറയാം, കുട്ടിയെ അണക്ക്. ഇന്നോട് പറയാം, അമ്മന്നോട് പറയാം. വേറെ ആരോടെങ്കിലും പറയാൻ പറ്റ്വോ അണക്ക്. ആരോടെങ്കിലും പറയാൻ പറ്റ്വോ. ഇജി പറയ്യ്. പറ്റില്ല. അദോണ്ടെന്നെ ഞാനാക്കളിയങ്ങ് നിർത്തിച്ചു. വേണ്ട ശരിയാവൂല. സ്റ്റാഫ് റൂമില് ഇജ്ജാതി അന്ധവിശ്വാസങ്ങളൊക്കെ കളിക്കണതില് എനിക്ക് എതിർപ്പ്ണ്ട്''
തെക്കൻ ഭാഷയിലെ പച്ചത്തെറി വിളികൾ, അശ്ലീല വ്യവഹാരങ്ങൾ. ഓരോരോ സ്ത്രീകളെയായി ആപാദചൂഢം അപമാനിയ്ക്കുന്ന ശാരീരിക വർണനകൾ- ഓരോ കത്തും ഞങ്ങളിൽ ഓരോ മനുഷ്യനെയും ഭ്രാന്ത് പിടിപ്പിച്ചു.
സത്യത്തിൽ വലിയ പ്രശ്‌നമാണ് ഞങ്ങൾ നേരിട്ടത്. ഒരു വശത്ത് തെറിക്കത്ത് ഞങ്ങൾക്കും വരുന്നു. മറുവശത്ത് പ്രതി അച്ഛനാണെന്നവർ പ്രചരിപ്പിക്കുന്നു. പിന്നെ ഈ കത്തിന്റെ നൈരന്തര്യങ്ങൾ, തുടർച്ച, ഇതുണ്ടാക്കുന്ന മാനസികമായ വലിയ സംഘർഷങ്ങൾ. തെക്കൻ ഭാഷയിലെ പച്ചത്തെറി വിളികൾ, അശ്ലീല വ്യവഹാരങ്ങൾ. ഓരോരോ സ്ത്രീകളെയായി ആപാദചൂഢം അപമാനിയ്ക്കുന്ന ശാരീരിക വർണനകൾ- ഓരോ കത്തും ഞങ്ങളിൽ ഓരോ മനുഷ്യനെയും ഭ്രാന്ത് പിടിപ്പിച്ചു. അതിസമ്മർദ്ദപ്പെടുത്തി. അദൃശ്യനും മായാരൂപിയുമായ ക്രൂരകുറ്റവാളി ഞങ്ങളെ സദാ വിഡ്ഢികളാക്കി ചീത്ത വിളി തുടർന്നുകൊണ്ടേയിരുന്നു. സത്യത്തിൽ കടുത്ത മനോരോഗമുള്ള ആരോ ആണയാൾ എന്ന് ഞങ്ങൾക്കുറപ്പായിരുന്നു. ഞങ്ങളെന്നാൽ ഞാനും അമ്മയും മാത്രം. അനുജനും അനിയത്തിയും കുട്ടികളാണ്. അനുജനാകട്ടെ ഇതിന്റെ ട്രോമയുമുണ്ട്. ബന്ധുക്കളുടെ പെരുമാറ്റം അവനെ മുറിപ്പെടുത്തിയിട്ടുണ്ട്.
രവിമാഷ് പറഞ്ഞതു പ്രകാരം രണ്ടു മൂന്നു തവണ ഞാൻ പൊലീസ് സ്റ്റേഷനിൽ പോയി നോക്കി. വനിതാ പൊലീസ് സ്റ്റേഷനിലടക്കം.
‘‘ഹൗ, ദാപ്പം വലിയ കാര്യം, ഒന്നു പോ കുട്ട്യേ'', അവരതിനെ നിസ്സാരമായി തള്ളിക്കളഞ്ഞു- ‘‘ആവൂ, ഞങ്ങൾക്കിവിടെ വരുന്ന തെറിഫോൺകോളുകൾ കേട്ടു നോക്കൂ...''
എന്തു നല്ല പൊലീസ്. എന്തൊരു ഉത്തരവാദിത്തം.
ഈ കത്തിന്റെ പേരിൽ എന്ത് ചെറിയ പ്രശ്നവും വലുതായി. പരസ്പര വഴക്കുകളെ അത് ശതഗുണീഭവിപ്പിച്ചു. ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ കലഹകാരിയായി. അമ്മയും അമ്മൂമ്മമാരും ചെറിയമ്മമ്മാരും അവരുടെ ഭർത്താക്കന്മാരും ഞാനും അമ്മയും ഞങ്ങളുടെ കുടുംബവും ഭയാനകമായ ഒരവസ്ഥയിലായിരുന്നു. നിത്യേന വരുന്ന കത്തുകൾ. ചില ദിവസങ്ങളിൽ പല വീടുകളിലായി 5-6 കത്തുകൾ വരെ വന്നു. ശരിയ്ക്കും ഒരെത്തും പിടിയും കിട്ടാതെ എല്ലാരും പരിഭ്രാന്തരായി.
എന്തെങ്കിലും നല്ല ഒരവസരം, വിശേഷം വീട്ടിൽ ഉണ്ടാവുകയാണെങ്കിൽ ഞങ്ങൾക്കെല്ലാവർക്കും ഭയമായിരിക്കും. കാരണം എഴുത്തുകാരൻ ആ കുടുംബവിശേഷം നേരത്തെ അറിയുകയും ആ വിശേഷത്തെക്കുറിച്ച് അല്ലെങ്കിൽ അതിന് മുന്നോടിയായി നടക്കുന്ന സംഭവങ്ങളെ കുറിച്ച് അശ്ലീലകരമായി തെറിക്കത്തെഴുതിയിരിയ്ക്കും.
‘എടാ നിന്റെ ഭാര്യയെ കൂട്ടിക്കൊടുക്കാനല്ലേടാ ഈ പാർട്ടി?' എന്നൊക്കെയുള്ള പരാമർശങ്ങളുമായി എഴുതി എല്ലാരും കൂടും മുമ്പേ തന്നെ എല്ലാ വീട്ടിലും കത്തായ് വന്നിരിയ്ക്കും.
‘‘ഇത് വീട്ടിനുള്ളിലുള്ള ആള് തന്നെയാണ്'', ചെറിയമ്മ കലിപൂണ്ടു.
‘‘ഇക്കാര്യൊക്കെ എങ്ങന്യാ അറയണത്?'', ഏറ്റവും കൂടുതൽ കത്ത് ചെറിയമ്മയ്ക്കാണ് വന്നു കൊണ്ടിരുന്നത്.
‘‘ങ്ങളെന്തെങ്കിലും ചെയ്യീ സത്യേട്‌ത്ത്യേ?''
എന്റെയമ്മ പൂർണ്ണമായും കത്തുകളെ കുറിച്ച് സംസാരിക്കുന്നത് നിർത്തി. രണ്ടായിരം കാലഘട്ടത്തിൽ സ്‌കൂളിൽ നിന്ന് പെൻഷനുമായി കട്ടിലിൽ അവശനായി കിടക്കുന്ന എന്റെ അച്ഛൻ ‘കത്തെഴുതി കത്തെഴുതി’ എന്ന അപവാദങ്ങൾ നിരന്തരം കേട്ട് അമ്മയ്ക്കു മടുത്തിരുന്നു.
കാലം തെളിയിക്കട്ടെ എന്നമ്മ കരുതി.
ആദ്യം മുതലേ പ്രതി എന്ന് ഞാൻ സംശയിച്ച ആൾ. ആദ്യം മുതൽ തന്നെ കുറ്റവാളിയെന്ന് ഞാൻ മുദ്രകുത്തിയ ആൾ, അയാൾ എല്ലാവരുടെയും സംശയ വെളിച്ചത്തേക്ക് തെളിഞ്ഞുനിന്നു. അയാളുടെ മുഖത്തെ ക്രൂരതകണ്ട് ഞാൻ വെട്ടിവിറഞ്ഞു പോയി.
ഏറ്റവും സങ്കടകരമായ വസ്തുത, മരിച്ചുപോയ എന്റെ അനുജത്തി കീർത്തി മോൾക്ക് കോളേജിലേക്ക് കത്തുകൾ വന്നു എന്നതായിരുന്നു. പാലക്കാട്ടെ എഞ്ചിനീയറിങ്ങ് കോളേജിൽ ഈ കത്തുവരവിനാൽ അവൾക്ക് വലിയ ബുദ്ധിമുട്ടുണ്ടായി. ഒപ്പം 28 പോലും കഴിഞ്ഞിട്ടില്ലാത്ത എന്റെ കൊച്ചുമകൾ ഗൗരിക്കും കത്തുകൾ വന്നുകൊണ്ടേയിരുന്നുവെന്നതായിരുന്നു വലിയ തമാശ.
‘‘ലിംഗത്തിൽ ശൂലം കേറ്റേണ്ട അന്യമതക്കാരന്റെ കുട്ടിയെയും കൊണ്ട് അമ്പലങ്ങളിൽ കയറിയിറങ്ങുന്ന പുലയാടിച്ചിയേ’’- എന്റമ്മ അതുകണ്ട് വെട്ടിവിറച്ചു. ചെറിയമ്മമ്മാർക്ക് കാണിച്ചു കൊടുത്തു.
‘‘ഞങ്ങൾക്കൊക്കെ അയച്ചിട്ട് കണ്ടുപിടിക്കും എന്നായപ്പോൾ ഒന്ന് രണ്ട് കത്തുകൾ സ്വന്തം വീട്ടിലേക്കും അയച്ചതാണ്. ഈ ടെക്‌നിക്കൊക്കെ പഴയതാണ് സത്യേട്ത്ത്യേ’’- എന്റെ ഭർത്താവിനും മക്കൾക്കും ഭർതൃവീട്ടുകാർക്കും കത്ത് വരുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ കേട്ട മറുപടിയാണ്. അമ്മ പിന്നീടൊന്നും പറഞ്ഞില്ല.
2010 കാലമായപ്പോഴേയ്ക്കും അച്ഛൻ പൂർണമായി അമ്മവീട്ടുകാരുമായി അകന്നു കഴിഞ്ഞിരുന്നു. ഇനിയൊന്നും കേൾക്കാൻ വയ്യേ എന്നച്ഛൻ അമ്മയോട് കൈകൂപ്പി.
‘‘ചെയ്യാത്ത കുറ്റത്തിന് കഴിഞ്ഞ മുപ്പത് കൊല്ലായിട്ട് കേൾക്കുണൂ'', അച്ഛൻ കൈകൂപ്പി.
‘‘വയ്യ സത്യേ, തന്നെ കല്യാണം കഴിച്ചു എന്നൊരു തെറ്റ് ഞാൻ ചെയ്തിട്ടുണ്ട്. അത്രയേ ഉള്ളു''
അക്കാലത്തു തന്നെയാണ് മാടമ്പള്ളിയിലെ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താനുള്ള ചില സൂചനകൾ ചെറിയച്ഛന്മാർക്ക് അവിചാരിതമായി കിട്ടിയത്. ചെറിയച്ഛന്മാരുടെ കുടുംബത്തിനകത്ത് മാത്രം നടന്ന ചില സംഭാഷണങ്ങളും സംഭവവും അടുത്തു വന്ന ഒരു കത്തിൽ കത്താളി പരാമർശിക്കുകയുണ്ടായി. ചെറിയച്ഛൻമാർ ജാഗരൂകരായി. എങ്ങനെ വന്നാലും ഈ വിഷയം എന്റെ അച്ഛൻ അറിയുകയില്ല എന്ന് അവർക്ക് നല്ല ഉറപ്പായിരുന്നു.
പുതിയൊരാൾ, പുതിയൊരാൾ എന്ന സംശയം മുൾമുനയിൽലേക്ക് വന്നുനിന്നു.
ആദ്യം മുതലേ പ്രതി എന്ന് ഞാൻ സംശയിച്ച ആൾ. ആദ്യം മുതൽ തന്നെ കുറ്റവാളിയെന്ന് ഞാൻ മുദ്രകുത്തിയ ആൾ, അയാൾ എല്ലാവരുടെയും സംശയ വെളിച്ചത്തേക്ക് തെളിഞ്ഞുനിന്നു. അയാളുടെ മുഖത്തെ ക്രൂരതകണ്ട് ഞാൻ വെട്ടിവിറഞ്ഞു പോയി.
അയാളെക്കുറിച്ച് ഞാൻ അങ്ങനെ പറഞ്ഞത് എന്റെ അമ്മ പോലും സമ്മതിച്ചില്ല
‘‘ന്തായാലും ഏട്ടനങ്ങനെ ചെയ്യില്ല്യാ.''
അമ്മയ്ക്കത് ഉറപ്പായിരുന്നു. ഞങ്ങളുടെ കുടുംബക്കാർ ദൈവത്തെപ്പോലെയാണ് അയാളെ കണ്ടത്. ഒരുപക്ഷെ ദൈവത്തിനേക്കാൾ പരിപാവനമായ ഒരു സ്ഥാനമാണ് നൽകിയിരുന്നത്. അമ്മച്ചൻ മരിച്ചശേഷം വീട്ടിലെ ഏറ്റവും മുതിർന്ന മനുഷ്യൻ എന്ന നിലയിൽ അയാൾക്ക് വേണ്ടത്ര ബഹുമാനം നൽകുവാൻ കുടുംബക്കാർ ശ്രദ്ധിച്ചു. അയാളെ പരിചരിക്കാൻ, ഉപചരിയ്ക്കാൻ വീട്ടിലെല്ലാവരും മത്സരിച്ചു. അയാൾക്കു കിട്ടുന്ന ഓരോ ബഹുമാനവും എന്റച്ഛനോടുള്ള അപമാനം കൂടി കലർന്നതായിരുന്നു. തറവാട്ടിലെ പല തീരുമാനങ്ങൾക്കും അയാളായിരുന്നു അവസാന വാക്ക്. എന്നാൽ അയാളോ സൂത്രശാലിയായ ഒരു കരിങ്കുറുക്കൻ ആയിരുന്നു. കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്ന ഒരാൾ. രതിപ്പുസ്തകങ്ങൾ വാങ്ങി വായിക്കുന്ന ആൾ. സ്ത്രീകളെ യോനിയായും തുളയായും മുലയായും ചുണ്ടായും മാത്രം കാണുന്ന ഒരാൾ.
പണ്ടൊക്കെ അയാളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ എനിക്ക് തുള്ളിവിറയ്ക്കും. അറയ്ക്കും. കാലുകൾ തളരും. ഉപദ്രവിക്കാനായി അയാൾ എന്നെ പിടിച്ചു കൊണ്ടുപോയ ആ പേടിപ്പെടുത്തുന്ന ആ ദിവസം ഓർമ വരും.
ഈ രഹസ്യം, അയാളെന്നോട് കാണിച്ച ക്രൂരത, ഒരിക്കലും എനിക്ക് അമ്മയോടുപോലും പറയാൻ കഴിഞ്ഞില്ല. മരണം വരെ കഴിഞ്ഞില്ല. ഏറ്റവും പ്രിയപ്പെട്ട അച്ഛനോട് പറയാൻ കഴിഞ്ഞില്ല.
അയാൾ ആഗ്രഹിച്ച രീതിയിൽ എന്നെ ഉപദ്രവിക്കാനോ ഉപയോഗിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാൽ ഒരു അഞ്ചു വയസ്സുകാരിയ്ക്ക് താങ്ങാനാകുന്നതിനൊക്കെ അപ്പുറം മുറിവും ആഘാതവും ആ സംഭവമുണ്ടാക്കി. അതിനെപ്പറ്റി ഓർക്കുമ്പോൾ പോലും അക്കാലങ്ങളിൽ എന്റെ ചെറിയ ഹൃദയം പടപട മിടിച്ചു. ആരോടും ഈ സത്യം തുറന്നു പറയാനാകാതെ എന്റെ തലവീങ്ങി. ആസുരമായ ഒരു ദിവസത്തിന്റെ ഓർമയിൽ ഞാൻ കിടുങ്ങി. ആരോടെങ്കിലും പറയാനായിരുന്നെങ്കിൽ എനിയ്ക്ക് സമാധാനം കിട്ടിയേനെ. ഈ രഹസ്യം, അയാളെന്നോട് കാണിച്ച ക്രൂരത, ഒരിക്കലും എനിക്ക് അമ്മയോടുപോലും പറയാൻ കഴിഞ്ഞില്ല. മരണം വരെ കഴിഞ്ഞില്ല. ഏറ്റവും പ്രിയപ്പെട്ട അച്ഛനോട് പറയാൻ കഴിഞ്ഞില്ല. സഹോദരങ്ങളോ കാമുകനോടോ കാമുകൻ പിന്നീട് ഭർത്താവായി വന്നപ്പോഴോ പറയുവാൻ സാധിച്ചില്ല.
ഒരു ചതുപ്പിൽ എല്ലാ രാത്രിയും ഞാൻ മുങ്ങിച്ചത്തു.
‘കൺജെനിറ്റൽ ഹൈപെർ വെന്റിലേഷൻ സിൻഡ്രോം’ ഉള്ള ആളാണ് ഞാൻ. അല്ല അതുകൂടി ഉള്ള ആളാണ് ഞാൻ എന്നു പറയണം. രാത്രിയുറക്കത്തിൽ ശ്വാസം വലിയ്ക്കാൻ മറന്നു പോകുന്നു. ഉള്ള ശ്വാസം എവിടെയോ കുരുങ്ങിക്കിടക്കുന്നു. ശ്വാസം മുട്ടി ഞെട്ടിയെഴുന്നേൽക്കുന്നു. ഈ രോഗം ചെറുപ്പത്തിലേ ഉണ്ടെങ്കിലും ഇത് കണ്ടെത്തിയത് കഴിഞ്ഞ മാസമാണ്. അയാളുടെ ക്രൂരമായ പ്രവർത്തിയ്ക്കു ശേഷം ഓരോ രാത്രിയിലും ഞാൻ ഉറക്കത്തിൽ ഭീതിദമായ സ്വപ്നം കണ്ട് ഞെട്ടിപ്പിടഞ്ഞെണീക്കുമായിരുന്നു. അശരണമായി കരയുമായിരുന്നു. ഒരാൾ എന്നെ ഓടിക്കുന്നു. ഒരുപാട് മുറികളുള്ള ഒരു വീടിന്റെ തണുത്ത അകത്തളങ്ങളിലൂടെ ഞാൻ ഓടുന്നു. പുറത്ത് വന്യമായ മഹാസാഗരത്തോളം പ്രളയജലം. കടപുഴകുന്ന മരങ്ങൾ. കിടയ്ക്കക്കടിയിൽ പത്തായത്തിനടിയിൽ, തയ്യൽമെഷീനിനടിയിൽ, ഓവറയുടെ മൂത്രച്ചൂരിൽ, ഉന്മാദനുരയും ഛർദ്ദിലും മൂത്രാവശിഷ്ടവും പതഞ്ഞ് താഴേക്കൊഴുകിക്കിടക്കുന്ന ശിമ്മാമയുടെ കട്ടിൻ ചോട്ടിൽ വാ പൊത്തി ഞാനൊളിക്കുന്നു. എനിക്കു പിറകെ അയാൾ. രാക്ഷസവേഗം പൂണ്ടയാൾ എന്നെ കുത്തിത്താഴ്ത്തിച്ചവിട്ടി അമ്പലക്കുളത്തിന്റെ ചതുപ്പിലേക്കമർത്തുന്നു. തൊണ്ടക്കുഴിയിലെ ഞരമ്പുകൾ അമർന്നു പൊട്ടുന്നു. ഞാൻ താണു താണു ചളിയിൽ ചതുപ്പിൽ മുതലയെപ്പോലെ പൂണ്ടു പോകുന്നു. പൂർണമായും താഴ്ചയിലാകുമ്പോൾ മാത്രമായിരിയ്ക്കും ഞാൻ കൺ ഞെട്ടി എണീക്കുക. അപ്പോൾ ഹൃദയമിടിപ്പ് ഏറിയിരിയ്ക്കും,കിതയ്ക്കുന്നുണ്ടായിരിയ്ക്കും, ഞാൻ കരയുകയായിരിയ്ക്കും. ദുഃസ്വപ്നങ്ങളിലൂടെ ആ സംഭവം ജീവിതത്തിലോരോ ദിവസവും തുടർന്നു. പിന്നീട് ജീവിതത്തിൽ മനുഷ്യർ മുറിപ്പെടുത്തിയപ്പോഴെല്ലാം ഇതുണ്ടായി. ഞാനോടിക്കൊണ്ടേയിരുന്നു.
അതിൽ നിന്ന് എനിയ്ക്കു പുറത്തു കടക്കാനായത് അദ്ദേഹം കാരണമാണ്. ജീവിതത്തിൽ ഈ വിഷയം ഒരേയൊരാളോടുമാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. അത് അദ്ദേഹത്തോടാണ്. അദ്ദേഹം ജീവിതത്തിൽ എനിക്ക് നൽകിയ ആത്മ വിശ്വാസവും പ്രത്യാശയും ചെറിയ പ്രതീക്ഷകളും എന്നെ പല പ്രതിസന്ധികളിൽ നിന്നും പിടിച്ചു കയറിയിട്ടുണ്ട്. മുങ്ങിമരണങ്ങളിൽ നിന്നും തൂങ്ങിമരണങ്ങളിൽ നിന്നും ആ പുഞ്ചിരി എന്നെ കോരിയെടുത്തിട്ടുണ്ട്; ഗുരുവായും സുഹൃത്തായും. ജീവിതത്തിലെ എല്ലാതരം പ്രതീക്ഷകളും പ്രത്യാശകളും പ്രേമങ്ങളും സന്തോഷങ്ങളും എല്ലാം നശിച്ചു പോയ ഒരിടത്തേക്ക് കടന്നുവന്ന് തെളിഞ്ഞ സൗഹൃദത്തിനും ഉപാധികളില്ലാത്ത സ്‌നേഹത്തിനും എന്തുമാത്രം ശക്തിയുണ്ടെന്ന് എന്നെ മനസ്സിലാക്കി തന്ന ഒരാൾ. അദ്ദേഹത്തോട് മാത്രം ഞാൻ ആ രാക്ഷസനെപ്പറ്റിയുള്ള കഥ പറഞ്ഞു
ജീവിതത്തെ അപ്പാടെ വിഴുങ്ങിക്കളയാൻ സാധ്യതയുള്ള ഒരു വലിയ അപകടമായിരുന്നു അത്. എങ്ങനെ ആ അപകടത്തിൽ നിന്ന് അഞ്ചു വയസ്സുള്ള ഞാൻ രക്ഷപ്പെട്ടു എന്ന് അറിയുമായിരുന്നില്ല. മനുഷ്യശരീരത്തെക്കുറിച്ച്, ലൈംഗികതയെക്കുറിച്ച്, ആൺ- പെൺ ഇടപെടലു കളെക്കുറിച്ച്, പുരുഷകാമത്തെക്കുറിച്ച്, പുരുഷ കാമനയെക്കുറിച്ച് ഒരു അറിവും ഇല്ലാത്ത ആറു വയസ്സിൽ, അതൊരു അപകടമാണെന്നും ഓടി രക്ഷപ്പെടൂ എന്ന പ്രത്യുല്പന്നമതിത്വം എങ്ങനെ ഉണ്ടായി എന്നും ഞാൻ ഇപ്പോഴും അത്ഭുതം കൂറാറുണ്ട്. അന്ന് ആ അപകടം നടന്നിരുന്നുവെങ്കിൽ തിരുവച്ചിറക്കുളത്തിൽ നിന്നും മരിച്ചുപോയ എന്നെ എന്റമ്മയ്ക്കു കണ്ടെടുക്കേണ്ടി വന്നേനെ.
എന്റെ ശിമ്മാമ, തലേന്നു കുതിരവട്ടത്തുനിന്ന് ഷോക്കടിപ്പിച്ചതിന്റെ ആഘാത ത്തളർച്ചയിൽ ജീവച്ഛവം പോലെ കിടന്നു. വായിൽ നുര കയച്ചും പതച്ചും നിന്നു.
അപകടങ്ങൾ വരുമ്പോൾ എന്റെ തലച്ചോറിൽ രഹസ്യമായ ഒരു വിസിലൂത്തു മുഴങ്ങാറുണ്ട്. അല്ലെങ്കിലൊരു അപായമണി മുഴക്കം. ദൈവങ്ങൾ... അവരെ ഞാൻ വിശ്വസിച്ചില്ലെങ്കിലും അദൃശ്യമായ ഒരു ദൈവകരം എനിക്കുവേണ്ടി ഒരു രഹസ്യാപായ വിസിൽ എക്കാലത്തും മുഴക്കി. അന്ന് ആ അപായാലാറം മുഴങ്ങിയപ്പോൾ ഞാൻ കുതറി. ഗോവണിയുടേ ആദ്യപടിയിൽ നിന്ന് വഴുതി പടപടേയെന്നു നട്ടെല്ലുരസി ഞാൻ താഴേയ്ക്കു വീണു. താടി പൊട്ടിയിരുന്നു. ചുണ്ടുകൾ കീറിപ്പോയിരുന്നു. മുട്ടിലെ തൊലി അപ്പാടെ പൊളിഞ്ഞടർന്നിരുന്നു. ഏങ്ങിക്കരഞ്ഞു കൊണ്ട് ഞാൻ മുട്ടിലിഴഞ്ഞു
‘‘അമ്മാ, അമ്മാ'' എന്റെ നിലവിളി മഴയിൽ ചിതറിപ്പോയി
അത് എന്റെ അമ്മയുടെ വീടായിരുന്നു. പത്തോ പന്ത്രണ്ടോ മുറികളുള്ള ഒരു വലിയ പഴയ വീട്. ലക്ഷ്മി നിലയം. ഹുരുഡീസ്സും മരവും കൊണ്ട് പണിതിറക്കിയ മച്ചുകൾ. ഇരുട്ടും തണുപ്പും പതുങ്ങിയിരിയ്ക്കുന്ന മുറികൾ. ചോപ്പും കറുപ്പും കാവിത്തറകൾ. ഉമ്മറത്ത് ഗ്രില്ലിനു പകരം തുളക്കട്ടകൾ വെച്ചു പണിതിരുന്നു. ഇളം സൂര്യവെളിച്ചം ചുവന്ന നിറമുള്ള മൊസൈക് തറയിൽ വട്ടത്തിൽ വീണുകൊണ്ടിരുന്നു. ജനലുകളിൽ നാലുവാലൻ നക്ഷത്ര ഡിസൈൻ.
ആ വീട്ടിൽ അപ്പോൾ, നട്ട ഭ്രാന്ത് തലയിൽ നട്ട ഉന്മാദത്തിന്റെ വന്മരം വളർന്ന അമ്മാവൻ. എന്റെ ശിമ്മാമ, തലേന്നു കുതിരവട്ടത്തുനിന്ന് ഷോക്കടിപ്പിച്ചതിന്റെ ആഘാതത്തളർച്ചയിൽ ജീവച്ഛവം പോലെ കിടന്നു. വായിൽ നുര കയച്ചും പതച്ചും നിന്നു.
അമ്മൂമ്മയുണ്ടായിരുന്നു. മുറ്റത്ത് ഉപ്പിട്ടുണക്കിയ വാളൻ പുളിയും കൈപ്പക്ക കൊണ്ടാട്ടവും കൊണ്ടാട്ട മുളകും അമ്മൂമ്മയോടൊപ്പം ഉണങ്ങാൻ വെയിലുകാത്ത് കിടന്നു. മുരിങ്ങാമരത്തിനു കീഴിലെ ആട്ടിൻകൂട്ടിൽ ആടുമ്പകൾ ഇമ്പേ ഇമ്പേയെന്നു കരഞ്ഞു. അക്കാലങ്ങളിൽ ഇമ്പാച്ചുണ്ണി വീട്ടിലെ അമ്മൂമ്മയുടെ സഹോദരിമാർ അച്ചാറും കൊണ്ടാട്ടവും ഉണ്ടാക്കി വിൽക്കുമായിരുന്നു. അമ്മൂമ്മ അവരെ സഹായിക്കും. പിന്നെയുള്ളത് അഞ്ച് വയസ്സുള്ള ഞാനായിരുന്നു. ചുരുണ്ട കാപ്പിരിമുടിയും ചുണ്ടിനു മീതെ കാക്കാപ്പുള്ളിയും പൂക്കളുള്ള വെളുത്ത പരുത്തിയുടുപ്പുമിട്ട ഞാൻ. ഒരു ചെറിയ കുട്ടി. ചെറുത്, നന്നേ ചെറുത്. അമ്മയുടെ ഗർഭപാത്രത്തിന്റെ മണം ഉടൽവിട്ടു പോകാത്ത ഒരുവൾ... ചുണ്ടിനും വായയ്ക്കും പാൽമണമുള്ളവൾ.
പിന്നെ അയാളും. അയാൾക്ക് കലം പോലുള്ള കുടവയറുണ്ടായിരുന്നു. ഗുഹ പോലുള്ള പൊക്കിളും. പണത്തിന്റെയും കൊഴുപ്പിന്റെയും കാമത്തിന്റെയും അടരാർന്ന ചുരുളാർന്ന ആൺപെരുമുടൽ. നല്ലവണ്ണം എണ്ണ തേച്ച് മിനുക്കി അയാൾ മുടി പുറകോട്ട് വാർന്നു വെച്ചു. വല്ലാത്തൊരു അശ്ലീലം പോലെ മീശയിഴഞ്ഞു. മുഖത്ത് വലിയ ആഴക്കുഴികളും ചീർത്ത കവിളുകളും ഉണ്ടായിരുന്നു. തടിച്ചു മലർന്ന ചുണ്ടുകളിൽ കാമം ശ്വാസം മുട്ടിയ്ക്കിടന്നു. അയാൾക്ക് പരുപരുത്ത പെരുത്ത കൈകളുണ്ടായിരുന്നു. അവയിൽ ബെളഞ്ഞിക്കോള പോലെയുള്ള പശപശപ്പാർന്ന വിരലുകൾ. ഏതു പ്രാവും സ്പർശിച്ച മാത്രയിൽ ചിറകിൽ പശയൊട്ടി മറിഞ്ഞു വീഴുന്നതരം പക്ഷിക്കെണിവിരലുകൾ.
എനിക്കോർമയുണ്ട്, നല്ല വെയിലുള്ള ദിവസമായിരുന്നു.
നല്ല ചൂടത്തുനിന്ന് അമ്മമ്മ കൊണ്ടാട്ടങ്ങൾ ഉണക്കാനിട്ട ശേഷം പപ്പടം വറുത്തു. ഞാൻ ആടുമ്പകൾക്ക് പ്ലാവില കൊടുക്കുകയും മുരിങ്ങാപ്പൂക്കൾ പെറുക്കിയെടുക്കുകയും ചെയ്തു. അമ്മമ്മ മുരിങ്ങാപ്പൂവും ചെറിയുള്ളിയും തേങ്ങയുമിട്ട പൂവുപ്പേരിയുണ്ടാക്കിത്തന്നു. നെയ്യൂർന്ന തൈരു കൂട്ടി ചോറു വാരിത്തന്നു. ഞാനെത്ര കുഞ്ഞായിരുന്നു. ചോറു വാരിയുണ്ണാൻ പോലുമാകാത്തവൾ. അത്രയും കുഞ്ഞി....
ചോറ് തിന്നതിനുശേഷം അമ്മൂമ്മ എന്നോട് ഉറങ്ങാൻ ആവശ്യപ്പെട്ടു.
അമ്മച്ഛന്റെ മുറിയുടെ തണുപ്പിൽ ഫാനിട്ട് എന്നെ കിടത്തി.
‘‘ഇനിച്ച് ചിത്രം ബരക്കണം'', ഒന്ന് ചിത്രം വരയ്ക്കണമെന്ന അർത്ഥത്തിൽ ഞാൻ അമ്മമ്മയോട് കെഞ്ചി, ‘‘അമ്മൂമ്മ, പ്ലീസ്, ഞാൻ ദൊന്ന് വരച്ചട്ടെ''
‘‘നിന്നെ ഒറക്കീട്ട് വേണം പെണ്ണെ അമ്മൂമ്മയ്ക്ക് പാളയത്തും മാവേലി സ്റ്റോറിലൊക്കെ പോവാൻ''
‘‘അമ്മമ്മ പൊയ്‌ക്കോളൂ. ദ് കഴിഞ്ഞ് ഞാൻ ഒറങ്ങിക്കോളും. സത്യായിറ്റും, വരച്ചു കഴിഞ്ഞതിനുശേഷം ഞാൻ ഒറങ്ങിക്കൊളും''
അമ്മൂമ്മ ചോറുണ്ടുകൊണ്ടിരിക്കേ വേശ്വവല്ലിമ്മ വന്നു. സഞ്ചികളും ചാക്കുകളും കെട്ടിയെടുത്തു. ഇരുപേരും പച്ചക്കറി വാങ്ങാൻ പാളയത്തേയ്ക്കു പോയതും പെരുമഴ പെയ്തു. പട പട ഇടിമുട്ടി തിത്തെയ്യ് തിത്തെയ് മഴ
‘‘ഇട്യദാ വെട്ടണു
മഴ്യദാ പെയ്യുണൂ
മാരാന്റെച്ച്യദാ
മത്തിയ്ക്കു പായണു''
എന്ന അമ്മൂമ്മക്കവിത ഞാൻ ഉറക്കെ പാടി, അതു കേൾക്കേ പ്രകൃതി കൂടുതൽ വികൃതിയായി. ഇടിവെട്ടിനൊപ്പം മഴ കോരിച്ചൊരിഞ്ഞു. നട്ടുച്ചയ്ക്ക് ആകാശം രാത്രി പോലെ കറുത്തു കെട്ടി. ശിമ്മാമ തളർന്നു കിടക്കുകയായിരുന്നു. ചീതം ജനലിലൂടെ അടിച്ചു. ഞാൻ സ്റ്റൂളു വെച്ചു കേറി ശിമ്മാമയുടെ മുറിയുടെ ജനൽ കഷ്ടപ്പെട്ടു ചാരിയടച്ചു.
മുറ്റത്ത് മഴയുടെ രസം മൂത്തുമൂത്തു വന്നു.
ഉമ്മറമുറ്റം ഒരു ചെറിയ ജലതടാകമായി മാറിയിരുന്നു. ചക്കരപ്പൂഴി കലങ്ങി മണൽ നിറം ചായകാച്ചിയ ഒരു മുറ്റം. ജലത്തിനു മീതെ മഴപെയ്യുമ്പോൾ, ആയിരമായിരം മുലക്കുപ്പികൾ ചുണ്ട് വിടർത്തുന്നത് കാണായി. കടലാസുകൊണ്ട് തോണി ഉണ്ടാക്കി വിടുന്നത് അക്കാലങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കളികളിൽ ഒന്നായിരുന്നു.
ഞാനാ മഴയെ നോക്കി നോക്കി പേപ്പറിൽ കുറുനരി വേഷം ധരിച്ച ഒരു രാക്ഷസന്റെ ചിത്രം വരക്കുകയായിരുന്നു. ചെമ്പട്ടുതൊലി വരച്ചു ചേർത്തു. കാട്ടുപന്നിയെ പോലെയുണ്ടായിരുന്ന ഉടൽരോമങ്ങൾ ചെമ്പുനിറമായി വരച്ച് മനോഹരമാക്കി.
പുസ്തകത്തിന്റെ പേജ് കീറിയെടുത്ത് ഞാൻ വലിയ വലിയ തോണികളുണ്ടാക്കി. വെള്ളപ്പായകൾ ഈർക്കിൽ കുത്തിയുണ്ടാക്കിയും ചില കടലാസ് വഞ്ചികളിൽ ചോണോങ്കുഞ്ഞുറുമ്പുകളെ കയറ്റി വാസ്‌ക്കോഡഗാമയാക്കിയും പെരുമഴയത്ത് അവർ അവരുടെ ജലയാനം നിവർത്തിക്കുന്ന മാനുവേൽ ഒന്നാമനെന്ന പോർച്ചുഗീസ് രാജാവായി ഞാൻ. ചിലപ്പോഴൊക്കെ എന്റെ കടലാസ് കപ്പലുകൾ മറിഞ്ഞുവീണു. ഉറുമ്പ് യാത്രക്കാർ കൊല്ലപ്പെട്ടു. ശേഷിച്ചവർക്ക് മൊസാന്തയിലകളുടെ ലൈഫ് ബോട്ടുകൾ ഞാൻ നൽകി.
മഴ കനച്ചു. വെള്ളം പൊങ്ങി. അമ്മൂമ്മയുടെ കൊണ്ടാട്ടങ്ങൾ മുളകും ചേനയും കൈപ്പക്കയുമൊക്കെ ആ കടലിൽ, ജലത്തിലൂടെ ഒലിച്ചു വരുന്നത് ഞാൻ കണ്ടു. പുളിങ്ങകൾക്കു മീതെ വെള്ളമൊഴുകി. അമ്മമ്മ മുറ്റത്ത് തോരയിട്ട തുണികൾ അപ്പാടെ നനഞ്ഞു. കഞ്ഞിവെള്ളം ചേർത്തു മുക്കിയ റോബിൻ തുള്ളിനീലത്തിന്റെ നിറം മഴയിൽ കുതിർന്നു, ഇളം ഊതഞരമ്പായെഴുന്നു പിടച്ചു. പിന്നെ വെള്ളത്തിൽ അലിഞ്ഞു ചാലിട്ടു താഴേക്കൊഴുകി.
മഴനാരുകൾ ഹിഢുംബന്റെ കൈ പോലെ വണ്ണമാർന്നു. ഒരു കപ്പലും ആ മഴക്കയ്യിൽ രക്ഷപ്പെടുമായിരുന്നില്ല. മറ്റു പോംവഴികളില്ലാതെ ഞാൻ എന്റെ പേപ്പറുകളും ക്രയോണുകളും എടുത്തു ഉമ്മറത്ത് ചെന്നിരുന്നു.
വളരെ രസകരമായ മഴ ചിന്നിച്ചിന്നി അകത്തേക്ക് ചിതറിക്കൊണ്ടിരുന്നു.
ഞാനാ മഴയെ നോക്കി നോക്കി പേപ്പറിൽ കുറുനരി വേഷം ധരിച്ച ഒരു രാക്ഷസന്റെ ചിത്രം വരക്കുകയായിരുന്നു. ചെമ്പട്ടുതൊലി വരച്ചു ചേർത്തു. കാട്ടുപന്നിയെ പോലെയുണ്ടായിരുന്ന ഉടൽരോമങ്ങൾ ചെമ്പുനിറമായി വരച്ച് മനോഹരമാക്കി. ചെവിക്കുകീഴെ രാക്ഷസൻ ഒളിപ്പിച്ചുവെച്ച കൂർത്ത കൊമ്പുകൾ ക്രയോൺസ് തെളിച്ചിട്ടും ഒളിച്ചുനിന്നു.
വല്ലാത്തൊരു കുറുനരി ചിത്രമായിരുന്നു അത്.
കുട്ടികളെ വിഴുങ്ങുന്ന ഒരു രാക്ഷസൻ നരിമാമനായി, അവർക്കുമുന്നിൽ അലിവോറും സ്‌നേഹിതനായി പ്രത്യക്ഷപ്പെടുന്ന അത്ഭുത ജാലവിദ്യക്കഥ. രാക്ഷസൻ മന്ത്രം ചൊല്ലിയപ്പോൾ ചോന്ന രക്തക്കണ്ണുകൾ കുറുനരിയുടെ നീളക്കണ്ണുകളായി. ക്രൂരത കറുത്തു മുറ്റിയ, മൂക്കുകൾ ഉണ്ടരസമാർന്ന രസികൻ മൂക്കായി. ആനപ്പള്ളകൾ കുറുനരിയുടെ കുഞ്ഞിപ്പള്ളയായി. വെഞ്ചാമര വാൽ വിരിഞ്ഞു.പെരുങ്കൈകളും കാലുകളും നാലുകാലായി.
‘‘നീ എന്താണ് ചെയ്യുണത്? നീ ആര്‌ടെ ചിത്രാണ് വരയ്ക്കുന്നത്?''
‘‘കുറുനെരി മാമനായി മാറിയ ഒരു രാശശന്റെ ചിത്രം''
മഞ്ഞ മുളകൾ, പച്ചയിലകൾ വിടർത്തി നിൽക്കുന്ന കാടിന്റെ പശ്ചാത്തലത്തിൽ കൊമ്പല്ലുകൾ ചിരിയ്ക്കകത്ത് ഒളിപ്പിച്ചുവെച്ച ഒരു കുറുനരിയുടെ പടം ഞാൻ അയാൾക്ക് കാണിച്ചു കൊടുത്തു.
‘‘എന്ത് കുറുനരിയാണിത്? നീയെന്താണ് വരക്കുന്നത്. ങ്ങട്ട് തരൂ ഞാൻ വരച്ചെരാം?'' അയാൾ അതൃപ്തിയോടെ പറഞ്ഞു.
ഞാൻ തലയുയർത്തി നോക്കിയപ്പോൾ ഏതാണ്ട് 90 കിലോ തൂക്കമുള്ള മാംസനിർമ്മിതമായ ഒരു മനുഷ്യരൂപം എന്നോട് കൃത്രിമ വാത്സല്യത്തോടെ ചോദിക്കുന്നത് കേട്ടു; ‘‘നീ ഇത് എനിക്ക് സ്വന്തമായിട്ട് തരൂ. തരില്ലേ.?'' അയാൾ കെഞ്ചും പോലെ പറഞ്ഞു.
‘‘നിനക്ക് ഞാം വരച്ചെരാം''
ഞാൻ വരച്ച ചിത്രങ്ങൾ അയാൾക്ക് ഹൃദയപൂർവ്വം കൊടുത്തു.
അന്നു വരെ ആരും എന്നോട് എന്റെ ചിത്രങ്ങൾ തരുമോ എന്നു ചോദിച്ചിരുന്നില്ല.
കുട്ടികളെ പ്രലോഭിപ്പിക്കുവാൻ എത്ര എളുപ്പമാണ്. ഒരു കഥ, ഒരു മിഠായി, ഒരിത്തിരി മധുരം, ഒരു കളിവഞ്ചി, ഒരു കളിപ്പാട്ടം, ഒരു പൊട്ടു പെൻസിൽ, സ്‌നേഹാർദ്രമായ ഒരു വിളി... അവർക്ക് അപകടങ്ങൾ തിരിച്ചറിയുകയില്ല.
‘‘നരി മാമനെയാണോ നിനക്ക് ഇഷ്ടം?'' അയാൾ എന്റെ അരികിലേയ്ക്കു വന്നു. മദ്യത്തിന്റെ മുശുക്കു മണം എനിയ്ക്കു കിട്ടി.
‘‘അതെ എനിക്ക് നരി മാമനെ വല്ല്യ ഇഷ്ടാണ്'', ഞാൻ പറഞ്ഞു.
‘‘എന്തുകൊണ്ടാണദ്?'' അയാൾ ഭാരമേറിയ ഉടലമർത്തി നിലത്ത് കുത്തിയിരുന്നു.
‘‘എന്തുരസാണ് നരിമാമനെ കാണാൻ...''ഞാൻ കൗതുകപ്പെട്ടു.
‘‘നല്ല ഭംഗിള്ള വാലുണ്ട്. നല്ല ഭംഗിള്ള കണ്ണുകളുണ്ട്.''
‘‘ഇദ് പോലെയോ?'' അയാൾ എന്റെ കണ്ണുകളിൽ തൊട്ടു.
‘‘മ്മ്.'' ഞാൻ തലകുലുക്കി.
‘‘നല്ല ഭംഗിള്ള നെറ്റിണ്ട്..''
‘‘ഇത്ര ഭംഗിണ്ടോ?'' അയാളെന്റെ നെറ്റിയിൽ പതിയെ തലോടി.
‘‘നല്ല ഭംഗിള്ള ഉടലുണ്ട്...''
‘‘ആണോ, ഈ ചുന്തരിയെപ്പോലെയോ? അയാളെന്റെ പുറത്ത് പതുക്കെ തഴുകി.
‘‘അതിന്റെ കൂയ്യ് വിളി കേൾക്കാനും നല്ല രസാണ്.’’
‘‘ഇതെന്താണ്?’’ മഞ്ഞനിറം കൊടുത്ത നിർത്തിയ മുളയുടെ ഇല അയാൾ തൊട്ടു.
‘‘ഇതോ, ഇത് നരിമാമടെ വീടാണ് വീട്''
ഞാൻ വിശദീകരിച്ചു.
‘‘ആഹാ, നിനക്ക് കുറുനരിടെ രസകരമായ ഒരു കഥ ഞാൻ പറഞ്ഞുതരാം, നീ മോളിലിക്ക് വാ.’’
‘‘ഇല്ല, ഇൻയ്ക്ക് ഇവടെയാണിഷ്ടം. മഴപ്പമാറും. യ്ക്ക് തോണിയിടണം.’’
‘‘മിട്ടായി തരാം.. ഒന്നു വാ'' അയാൾ പ്രലോഭിപ്പിച്ചു.
എന്റെ മനസ്സ് ആടി. കുറുനരിയുടെ കഥയും ഒപ്പം മിട്ടായിയും.
‘‘നിനക്ക് വല്ല്യ വള്ളമുണ്ടാക്കാനറിയോ? അതും ഞാനുണ്ടാക്കിത്തരാം. വാ'' അയാൾ എന്റെ കൈ പിടിച്ചു വലിച്ചു.
‘‘ഞാനിനി നെന്നോട് ഒരിക്കലും മിണ്ടില്ല്യ''
കുട്ടികളെ പ്രലോഭിപ്പിക്കുവാൻ എത്ര എളുപ്പമാണ്.
ഒരു കഥ, ഒരു മിഠായി, ഒരിത്തിരി മധുരം, ഒരു കളിവഞ്ചി, ഒരു കളിപ്പാട്ടം, ഒരു പൊട്ടു പെൻസിൽ, സ്‌നേഹാർദ്രമായ ഒരു വിളി... അവർക്ക് അപകടങ്ങൾ തിരിച്ചറിയുകയില്ല. അവർക്ക് കുറുനരി മുഖമ്മൂടിയ്ക്കുള്ളിൽ ഒളിച്ചിരിയ്ക്കുന്ന രാക്ഷസരെ അറിയില്ല.
ഞാനും അതുപോലൊരു കുട്ടിയായിരുന്നു, ഒന്നുമറിയാത്ത അഞ്ചു വയസ്സുകാരി. ഉടുപ്പിടാനായി ആനന്ദിയെക്കൊണ്ടുപോയി വാരിയെല്ലൊടിച്ച രാജുമാമന്റെ കഥയന്നെനിയ്ക്കറിയുമായിരുന്നില്ല. മൂന്നാം ക്ലാസിലെ സലീമയെ കട്ടിലിൽ കിടത്തി സ്‌നേഹിച്ചു കൊന്ന ഫൈസലിക്കാക്കാന്റെ കഥയെനിയ്ക്കറിയുമായിരുന്നില്ല. രണ്ടര വയസ്സുള്ള, മലർന്നു കിടക്കുന്ന മുലകുടിക്കുഞ്ഞിനെ ബലാത്സംഗം ചെയ്ത മിലിട്ടറി കേണലിന്റെ കഥയെനിക്കറിയുമായിരുന്നില്ല. പത്താം ക്ലാസിൽ പഠിക്കുന്ന ദേവിച്ചേച്ചിയെ - ദേവന്റെ ഏടത്തിയെ പതിവായി സ്‌നേഹിക്കുന്ന അവന്റെ അമ്മയുടെ ജാരന്റെ കഥ എനിക്കറിയുമായിരുന്നില്ല. കാരണം എനിയ്ക്കന്നു മുലപ്പാലിന്റെ മണം മാറിയിരുന്നില്ല.
അമ്മച്ഛൻ പൊള്ളാച്ചിയിൽ നിന്ന് കൊണ്ടു വന്ന മരം കൊണ്ടു നിർമിച്ച പഴയ കോവണിയിലൂടെ ഞങ്ങൾ മുകളിലേയ്ക്കു കയറി. മഴപെരുത്തമുറ്റത്ത് അമ്മ നട്ട ഒരു മാവ് വലിയ ശബ്ദത്തോടെ കടപുഴകി വീണു. അയാൾ കുറുനരിമാമന്റെ കഥ പറഞ്ഞു തുടങ്ങി...
‘‘പണ്ട് പണ്ട് ഒരു നാട്ടിലെ, ഒരു ഒരു കുറുനരി മാമൻ ഉണ്ടായിരുന്നു. അയാൾ കാട്ടിലെ മൃഗങ്ങൾ വിശ്വസിക്കുന്നതുപോലെ പോലെ ഒരു സാധാരണ കുറുനരി ആയിരുന്നില്ല. വേഷം മാറി വന്ന ഒരു കാട്ടുരാക്ഷസൻ ആയിരുന്നു. കുട്ടികളെ ജീവനോടെ കടിച്ചു തിന്നുന്ന ദുഷ്ടനായ ഒരു വലിയ രാക്ഷസൻ...''
അയാൾ അമർത്തിപ്പിടിച്ച എന്റെയിളം കൈത്തണ്ടയിൽ നഖം പോറി
എനിയ്ക്കു നീറി... ▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.