അയാളൊരു വിഭാര്യനായിരുന്നില്ല. നവവരനായിരുന്നു. ഭാര്യ മരിച്ചയുടനെ കല്യാണം കഴിക്കാമെന്നു നിശ്ചയിച്ച ഒരുവൻ. നടത്തത്തിലും ഒരുക്കത്തിലും ചലനത്തിലും എല്ലാരുമാ കല്യാണക്കുരവ കേട്ടു. അയാൾ പുരുഷന്മാരുടെ യഥാർത്ഥ പ്രതിനിധിയാണ്. പച്ച പ്രതിനിധി.
അതൊരു വെള്ളിപ്പുലർച്ചെ.
മുറ്റത്ത് ഞാവൽ മൂത്തു പഴുത്തു ചതുക്കം പതുക്കാം വീണുകൊണ്ടിരുന്നു. വയലറ്റാലിപ്പഴമഴകാഴ്ച. മകനു പാല് കൊടുത്ത് അവന്റെ ഉടലിലെ മഞ്ഞനിറം സൂര്യ വെളിച്ചം കൊള്ളിച്ചുകൊണ്ട് ഒരു തരം ആലസ്യം പെരുകിയ രാവിലെ. എന്റെ ഗർഭാവശേഷ ആശുപത്രിക്കാലാടയാളങ്ങളാൽ തലച്ചോരിൽ മന്ദത പെരുകിയ അതേ രാവില. വായിൽ ആശുപത്രി മരുന്നുകളുടെ പുളിപ്പ് തേട്ടി. മൂക്കിൽ ഫിനോയിലും ഡെറ്റോളും വാസനിച്ചു. അപ്പോഴാണാ ഫോൺ വന്നത്.
ഞാൻ ഒരു പഴയ ഒരു വീട് വാങ്ങിയിരുന്നു. ഓഫീസ്സിനടുത്ത്. അൽപ്പം പെയിന്റ് തേച്ച് അങ്ങോട്ട് താമസം മാറാൻ നിൽക്കുമ്പോഴാണ് വാരിസെല്ലാ ഭഗവതി വിളയാടിയത്. അച്ഛനെവിടെ നിന്നാണ് ചിക്കൻപോക്‌സ് വന്നതെന്ന് മനസ്സിലായില്ല. രണ്ടാമത് ഞാനായിരുന്നു ഇര. മൂന്നാമത് മൂന്നാല് മാസം പ്രായമായ കുഞ്ഞു മകൻ. പുതിയ വീട്ടിലെ പൊറുതിയ്‌ക്കൊപ്പം മകനുടലിൽ പോതി വിളയാടി.
അവനാകെ കുരുപൊന്തി കുരിപ്പായി മാറിയിരുന്നു.
നീരും ചലവും നിറഞ്ഞ പൊകിളക്കുരുക്കൾ. പപ്പടത്തിന്റെ മീതെ ചെറുചെറുപൊള്ളകൾ കാണും പോലെ. എണ്ണയ്ക്ക് പകരം വീര്യമാർന്ന് രോഗനീര്. ഒരു ചെറിയ കുഞ്ഞാണതെന്നു കണക്കാക്കാതെ രോഗഭഗവതി ഉടലിൽ നിറയെ കുരുകുരാകുരുകുരാ. കുഞ്ഞു മാന്തുകയും മറിഞ്ഞു കിടക്കുകയും ചെയ്യുമ്പോളൊക്കെ പിസ്‌ക്കാ പിസ്‌കായെന്നു കുരുപൊട്ടി, ചലം ചിതറി. വെള്ളവിരിപ്പിൽ കറപുരണ്ടു. അവൻ അളിഞ്ഞു പോയിരുന്നു. അത്രയ്ക്കും രൂക്ഷമായ ഒരു പണ്ടാരകുരിപ്പുകളായിരുന്നു അത്. അതെല്ലാം മാറിവന്നപ്പോഴേയ്ക്കും അവൻ കരിഞ്ഞതിനൊപ്പം തന്നെ മഞ്ഞിച്ചും പോയിരുന്നു. കണ്ണിനുള്ളിലെ വെള്ളപ്പാടയിലും ഊറി പിത്തനിറമഞ്ഞ. പോള വിടർത്തി ടോർച്ചടിച്ച് രാജേഷ് ഡോക്ടെർ അറിയാവുന്ന തമിഴാളത്തിൽ പറഞ്ഞു; ""നന്നായി റാബിലെ ബെളൂച്ചം ഗൊള്ളിക്കണം'' അറിയാത്ത മലയാളത്തിൽ അമ്പരന്ന് വാപിളർന്നു നിന്നെങ്കിലും കുഞ്ഞിനെ വെയിൽ കൊള്ളിക്കാനാണ് പറഞ്ഞതെന്നമ്മ മനസ്സിലാക്കി. അന്നുമുതൽ കുഞ്ഞിനെ പുലർവെളിച്ചം കൊള്ളിക്കാൻ ഉമ്മറത്തിണ്ണയിൽ വന്നിരുന്നു. എനിക്ക് പാതി ഉറക്കം കണ്ണിൽ ഒട്ടിയങ്ങനെ നിൽക്കുമായിരുന്നു. അന്ന് എന്തോ മഴക്കോളുണ്ടായിരുന്നു. പുറത്ത്
വെളിച്ചം നന്നെ കുറവായിരുന്നു.
നന്നെ നന്നെ...
മൂന്നോ നാലോ മാസം പ്രായമുള്ള കുഞ്ഞിനെ പാലുകൊടുത്ത് ഉറക്കിക്കിടത്തി ഗീതച്ചേച്ചി ആത്മഹത്യ ചെയ്തു... എനിക്ക് വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല. ജീവിതത്തെ ഇത്രമേൽ കൊണ്ടാടിയവൾക്ക് എങ്ങിനെ കഴിഞ്ഞുവിത്?
ഫോൺ വന്നതും അമ്മ ഉറക്കെ കരഞ്ഞു. പതം പറഞ്ഞു. എന്താണെന്താണെന്നു ചോദിക്കെ അമ്മ വിതുമ്പി
""ഗീത മരിച്ചു.
ഗീത തൂങ്ങി മരിച്ചു''
ഗീതച്ചേച്ചി....
മൂന്നോ നാലോ മാസം പ്രായമുള്ള കുഞ്ഞിനെ പാലുകൊടുത്ത് ഉറക്കിക്കിടത്തി ഗീതച്ചേച്ചി ആത്മഹത്യ ചെയ്തു... എനിക്ക് വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല. ജീവിതത്തെ ഇത്രമേൽ കൊണ്ടാടിയവൾക്ക് എങ്ങിനെ കഴിഞ്ഞുവിത്? ഓരോ ജീവിതത്തുള്ളിയും ഉറിഞ്ചി ഞാൻ ജീവിക്കുമെന്നു ശപഥം ചെയ്ത സ്വാർത്ഥ ഗീതാഞ്ജലിയ്ക്ക് എങ്ങനെ കഴിഞ്ഞുവത്?
പ്രതിസന്ധികളും പ്രശ്‌നങ്ങളും ജീവിതത്തെ രൂക്ഷമാക്കിയിരുന്ന കാലത്ത്, വിഷാദവും ഏകാന്തതയും ആക്രമിച്ച് താനൊന്നുമല്ലെന്ന് ഒരുകുഞ്ഞിനെ ഒക്കത്തു പിടിച്ച് ഗർഭവയറിന്റെ ആലസ്യത്തിലുഴറി മരണവക്കിൽ നിൽക്കുകയായിരുന്നു... ഒടുവിൽ ഒരു ഗതിയുമില്ലാതെ വീണച്ചേച്ചിയെ വിളിച്ച് ഗീതച്ചേച്ചി കരഞ്ഞത് വെറും ആറുമാസങ്ങൾക്കോ മറ്റോ മുമ്പാണ്.
നാടും വീടുമറിഞ്ഞ് ആദ്യം കഴിച്ച കല്യാണം- ശിവേട്ടനുമായുള്ളത് ഗീതച്ചേച്ചി തട്ടിക്കളഞ്ഞിരുന്നു. ചില്ലിന്റെ കൊട്ടാരം കാലുകൊണ്ട് ചവിട്ടിക്കളഞ്ഞു അതു ചിതറിപ്പോയി. ശിവേട്ടന്റെ കണ്ണീരിൽ ഓരോ പളുങ്കുചില്ലുകളും അലിഞ്ഞു പോയി. ദാമ്പത്യത്തിന്റെ ദുർബലമായ കണ്ണികളിലൊന്നും ഒതുങ്ങുമായിരുന്നില്ല ഗീതച്ചേച്ചിയെന്ന പെണ്ണിന്റെ ജീവിതവും പ്രകൃതവും കാമവും കാതലും കലയും. എന്നിട്ടുമവൾ വിവാഹം ചെയ്തു. വാശികൂട്ടിയും കലഹിച്ചും പ്രതികാരമെന്നു നടിച്ചും വിവാഹം ചെയ്തു. ഒരു ദാമ്പത്യത്തിലുമൊതുങ്ങാത്തവളെന്നു എല്ലാർക്കും ബോധ്യമായിരുന്നവൾക്ക് കാലവും ജീവിതവും കാത്തു വെച്ചത് മറ്റൊന്നായിരുന്നു. പാലക്കാട്ടിലെ പാവം പിടിച്ച ഒരു അമ്പലവാസി യുവാവ് ഗീതച്ചേച്ചിയെ വിവാഹം ചെയ്തു.
""എങ്ങെനെ കിട്ടി ഈ സാധുവിനെ?'' ഞാൻ നേരിട്ട് തന്നെ ചോദിച്ചു.
""ഓഹ് ഓൺലൈനാണ്. മാറ്റ്രിമോണിയൽ'' പിന്നെ ശബ്ദം താഴ്ത്തി. ""എനിക്കല്ലാരുന്നു ആലോചൻ വന്നത്. അച്ഛന്റെ രണ്ടാം ഭാര്യയുടെ അനുജത്തിയ്ക്കായി. അവരു കണ്ട് വെച്ചതാ. എനിക്ക് വരുന്ന കല്യാണാലോചനകളൊക്കെ ആ സ്ത്രീ കലക്കിമൊടക്കി. എന്താ കാര്യം?''
""എന്താ കാര്യം?'' ഞാൻ അന്വേഷിച്ചു
""കാര്യം എന്റെ വീട് തന്നെ. എന്റെ തന്തപ്പിടിയില്ലെ എന്റെ കുഞ്ഞിന്റെ പേരിലാണ് അത് എഴുതി വെച്ചിരിക്കുന്നത്. എന്റെ സ്വഭാവം വെച്ച് ഞാനാരെം കെട്ടൂലല്ലൊ. എന്നെ കല്യാണം കഴിപ്പിച്ചില്ലെങ്കിൽ കുഞ്ഞെങ്ങനെ ഉണ്ടാകും എന്ന യുക്തിയാണ് അവർക്ക്... മണ്ടസ്സിരോമ്മണീകൾ തന്നെ. കല്യാണമില്ലാതെയും കുഞ്ഞു വരുമല്ലോ.. ഹ ഹ ഹ'' ഗീതച്ചേച്ചി ചിരിച്ചു മറിഞ്ഞു.
എന്തു കരുവാളീപ്പ്, അവൾ നടക്കുമ്പോൾ മദിരാശി മെയിലിൽ നിന്നും ആളുകൾ തല വെളിക്കിട്ട് വാപൊളിച്ചു. ആൽത്തറയിലെ ഊളപ്പയ്യനമാർ വെള്ളമിറക്കി.
രമേശമ്മാമയുടെ കല്യാണത്തിനു പൊന്നു നൂലുകൊണ്ടു പൂവും പുഴയും തോണിയും തുന്നിയ സറാറ ധരിച്ച് മുടി സ്റ്റെപ്പ്കട്ടിൽ തിളക്കിയിട്ട് വലിയ ബോളിവുഡ് ആഭരണങ്ങളുമിട്ട അവരെക്കണ്ട് കോലൊന്തൊടിക്കാർ അത്ഭുതപ്പെട്ടു.
""അറഞ്ഞൊ മ്പളെ വള്ളിക്കാട്ടെ രമേശന്റെ കല്യാണത്തിനു. സിലിമാ നടി വന്നിട്ട്ണ്ട്''
ഞങ്ങളുടെ വീട്ടുകാർ ഗീതച്ചേച്ചിയുടെ മേക്കപ്പും സെറ്റപ്പും കണ്ട് തരിച്ച് നിൽക്കുകയാണ്.
""ഗീതെ ഈ പൊക്കിള് കാണുന്ന കുപ്പായമൊന്നു മാറ്റൂ'' അമ്മൂമ്മമാരും വെല്ല്യമ്മമാരും കെഞ്ചി.
""അയ്യയ്യേ എന്തൊരു കോലാദ്?'' വീട്ടുകാർ തലയിൽ കൈവെച്ചു. ചെക്കന്മാർ ഈച്ചകളെപ്പോലെ പാറി വന്നു ചൂളമിട്ടു.
""മാധുരി ദീക്ഷിത് വന്നിരിക്കണു എന്ന് കേട്ട് സൈക്കളോടിച്ച് റെയ്ൽപ്പാതയോരത്തെ സമാന്തര മണൽപ്പാതയിലൂടെ മാത്തോട്ടത്തേയ്ക്കു പോയി.
ഗീതച്ചേച്ചിയ്ക്ക് എന്തോ ഒരു തരം കാന്തിക ശക്തിയുണ്ട്. അഞ്ചടി ആറിഞ്ചിലധികം വരുന്ന ഉടൽ കടഞ്ഞെടുത്തത് പോലെയാണ്. അപകടത്തിനു മുമ്പ് മുഖം അതിസുന്ദരമായിരുന്നു. ഇപ്പോൾ അപകടം കഴിഞ്ഞുള്ള തുന്നലുകളും കരുവാളിപ്പും മുഖത്ത് വ്യാപിച്ചിട്ടുണ്ടായിരുന്നു. എന്തു കരുവാളീപ്പ്, അവൾ നടക്കുമ്പോൾ മദിരാശി മെയിലിൽ നിന്നും ആളുകൾ തല വെളിക്കിട്ട് വാപൊളിച്ചു. ആൽത്തറയിലെ ഊളപ്പയ്യനമാർ വെള്ളമിറക്കി. കഞ്ചാവടിച്ച് കുളക്കരയിലിരുന്നവന്മാർ അതിലും മുന്തിയ ലഹരികണ്ട് കണ്ണു മിഴിച്ചു. എന്താണീ മാന്ത്രികസന്ദേശരഹസ്യമെന്ന് എനിക്കിത്രനാളായിട്ടും മനസ്സിലായില്ല. എന്തു മന്ത്രത്താലാണ് പുരുഷന്മാർ ഗീതാഞ്ജലിയ്ക്കു ചുറ്റും ടഗോറന്മാരാകുന്നതെന്നെനിയ്ക്ക് തിരിഞ്ഞില്ല. ബംഗാളിയും ഉറുദുവും ഇംഗ്ലീഷും തമിഴും മതിലുകളിൽ കല്ലെഴുത്തായി. ഗീതച്ചേച്ചിയ്ക്കും പുരുഷന്മാർക്കും മാത്രം മനസ്സിലാകുന്ന ആ നിഗൂഢ ഭാഷയോർത്ത് ഞങ്ങളെല്ലാം അത്ഭുതപ്പെടുകയും ഭയക്കുകയും ചെയ്തു.
""നീയ്യെന്താ കര്തീത് ഇന്റെ തന്ത ഒരു പൊട്ടനാന്നാ?'' ഗീതച്ചേച്ചി മുടിയഴകളിലൂടെ വിരലോടിച്ചു. മനോഹരമായ സ്വർണ്ണനിറം വെയിലിൽ തിളങ്ങി.
മുമ്പൊരിക്കൽ മഞ്ഞച്ചരട് കഴുത്തിൽ കെട്ടി കുങ്കുമം നെറ്റിയിലിട്ട് വന്ന് എന്റെ കല്യാണം കഴിഞ്ഞു എന്നു പറഞ്ഞ് വള്ളിക്കാട്ടുകാരെ മുഴുവൻ പറ്റിച്ച ഓർമ്മയിൽ അവൾ കുലുങ്ങിച്ചിരിച്ചു.
""ഞാനും ഇങ്ങളുമടങ്ങുന്ന വള്ളീക്കാട്ട്കാരു പൊട്ടമ്മാരാ. ഇന്റച്ഛൻ അതൊക്കെ കള്ളത്തറാന്ന് പിടിച്ചു.''
""അല്ല ഇപ്പോഴും കള്ളത്തരായിട്ടാണോ?'' അൽപ്പനേരം എന്നെ മൂപ്പത്തിയാർ തറഞ്ഞു നോക്കി.
""ഞാനൊരു മനുഷ്യ ജീവിയാണ്. അമ്മ മരിച്ചതിനു ശേഷം എന്നെയാരെങ്കിലും സ്‌നേഹത്തോടെ ഗീതെ എന്നു വിളിച്ചിട്ടില്ല. എനിക്കും വേണമല്ലോ ആരെയെങ്കിലും സ്‌നേഹിക്കാനൊക്കെ'' അവരുടെ സ്വരം ആർദ്രമായി.
""അതിനു ഗീതേച്ചിടെ സൊഭാവം ഇങ്ങനല്ലെ. അതോണ്ടാ ആരും സ്‌നേഹിക്കാൻ വരാത്തത്. എന്തിനാ സ്‌നേഹത്തെ പറ്റിയൊക്കെ പറയണത്. വിലാസിനി വെല്ല്യമ്മയോടെ എന്താ ഗീതച്ചേച്ചി കാട്ടിയത്?'' ഞാൻ തുറന്നു ചോദിച്ചു.
""നിങ്ങള് രണ്ടാലും ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ വിലാസിനി വെല്ല്യമ്മ ഇന്നും ജീവിക്കുമായിരുന്നു. നിങ്ങൾക്ക്കച്ഛനും മോൾക്കും അവരമ്മയോ ഭാര്യോന്നുമല്ല. വെറും പണിക്കാരത്തി. വേലക്കാരി. അത്രതന്നെ. അമ്മ പോയെങ്കിലു കണക്കായി ഗീതച്ചേച്ചി'' ഞാൻ വെറുപ്പോടെ പറഞ്ഞു.
വിലാസിനി വെല്ല്യമ്മയ്ക്ക് മരിക്കാൻ കാരണമായത് എന്ത് രോഗമാണെന്ന് എനിക്ക് കൃത്യമായിട്ടറിയില്ല. പക്ഷെ സ്‌നേഹരാഹിത്യം ആയുസ്സുകുറയാൻ ഒരു കാരണമായിരുന്നു. രോഗം മൂർച്ഛിച്ചപ്പോൾ നോക്കാൻ ഭർത്താവുമില്ല മകളുമില്ലാതെ തറവാട്ടിലേയ്ക്ക് വരേണ്ടി വന്നു. ആ അവസാന കാലങ്ങളിൽ ശ്വാസം മുട്ടി മുട്ടി, ഉജ്ജായി ശ്വാസം വലിയ്ക്കുന്നത് കണ്ട് ഭയന്നതും, എന്നിട്ടും വെണ്ടയ്ക്ക പ്ലേറ്റിലിട്ട് പതിയെപ്പതിയെ അരിയുന്നതും ഓർമ്മയുണ്ട്. ഓരോ ശ്വാസത്തിലും വായു കുഴലിൽ നിന്നും വെകിളിപിടിച്ചു പുറഞ്ചാടുന്ന ഭീകരജന്തുവെപ്പോലെ ഭയാനകമായ ഒച്ചയിൽ അമറി.
നല്ല ദോശകൾ ചുട്ടു തരാത്തതിന്, കറി സമയത്തിനു പാകമാവാത്തതിന്, ദോശയ്ക്കു മൊരിവു കുറഞ്ഞതിന്, ചൂടു കൂടിയതിന് മകളും കിടക്കയിലെ സഹകരണമില്ലായ്മയ്ക്ക് ക്ഷീണത്തിനും അലസഭാവത്തിനും ഭർത്താവും സദാ മുറുമുറുത്തു.
""അയ്യയ്യോ... അവടെ വെയ്ക്ക് വിലാസിനിയേ'' ജാനുവെല്ല്യമ്മ ദേഷ്യപ്പെട്ടു
""വയ്യ ജാനേട്‌ത്ത്യേ. എത്രനേരച്ച്ട്ടാ കെടക്ക്വാ''
""അതോണ്ട്. ഇയ്യ് ഇന്നാ പോയി രണ്ടു ബക്കറ്റ് വെല്ലം മുക്കിക്കോ. ഇക്കിപ്പാദാ അത്യാവശ്യം. അല്ല പിന്നെ'' വേശു വെല്ല്യമ്മ കളിയാക്കി
""അമ്മായി പോയിക്കെടക്കൂ.. ചൂടു പിടിച്ചു തരണോ? ഞങ്ങളു അമ്മായീടടുത്ത് വന്നിരിക്കാം. ഒന്നു വിളിച്ചാൽ മതി'' സിന്ധുച്ചേച്ചിയും വീണച്ചേച്ചിയും വെല്ല്യമ്മയുടെ മുതുകു തടവി.
പഴയൊരു പരുത്തി നൈറ്റിയിൽ ഉണങ്ങിയ ചുള്ളിക്കമ്പുപോലൊരു ദേഹം. അത് സങ്കടത്താൽ വിതുമ്പി.. കഴിഞ്ഞ വേനലവധിയ്ക്ക് വന്നപ്പോഴും രാസ്സാത്തി പട്ടു നൈറ്റികൾ ധരിച്ച് തെളിഞ്ഞു നിന്നവളാണ്. നേർത്ത മഞ്ഞനിറമോ മഞ്ഞളുകറയോ കായക്കറയോ ഉള്ള വെള്ളപ്പരുത്തി നൈറ്റിയിൽ ഇരിക്കുന്നത്.
""വേണ്ട കുട്ടോളെ...''
അവർ ദുർബലമായി എതിർത്തു. കണ്ണു നിറഞ്ഞു തുളുമ്പി. തന്റെ മകൾക്കില്ലാത്തതും ചേട്ടന്റെ മക്കൾക്കുള്ളതുമായ സ്‌നേഹത്തെ പ്രതി അവർ ദുഃഖിച്ചു. അവർ വീണു കിടന്നാൽ പോലും ഗീതച്ചേച്ചി തിരിഞ്ഞു നോക്കുമെന്ന് തോന്നിയില്ല. എന്തൊക്കെയോ തിരക്കിലും സ്വാർത്ഥതയിലുമായിരുന്നു ഗീതാഞ്ജലി.
നല്ല ദോശകൾ ചുട്ടു തരാത്തതിന്, കറി സമയത്തിനു പാകമാവാത്തതിന്, ദോശയ്ക്കു മൊരിവു കുറഞ്ഞതിന്, ചൂടു കൂടിയതിന് മകളും കിടക്കയിലെ സഹകരണമില്ലായ്മയ്ക്ക് ക്ഷീണത്തിനും അലസഭാവത്തിനും ഭർത്താവും സദാ മുറുമുറുത്തു. പാതിയാകും മുമ്പെ പച്ചവിട്ട ഇലപോലെ വിലാസിനി വെല്ല്യമ്മപഴുത്തു വീണു. വള്ളിക്കാട്ടെ തറവാട്ടിലേയ്ക്ക്.
അടുക്കളയിൽ ബോധം കെട്ടു കിടക്കുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് ആരോ എടുത്തുകൊണ്ട് പോയി. ആരും ബൈസ്റ്റാൻഡെറായി ഇല്ലാത്തതിനാൽ വെല്ല്യമ്മ നാട്ടിലെ തറവാട്ടിലേയ്ക്ക് കമ്പിയടിച്ചു. പെണ്ണുങ്ങൾ
""ഇന്റെ വിലാസ്സിന്യെ എന്നു കരഞ്ഞു'' കൊണ്ട് റ്റാക്‌സി പിടിച്ച് കോയമ്പത്തൂൂരു പോയി.
കരിമഷിയെഴുതി കരിങ്കൂവളപ്പൂവ്വ് പോലെ സദാ തിളങ്ങിയ മീൻകണ്ണുകൾ വെള്ളംകലങ്ങിച്ചുവന്നു വറ്റിയ പൊട്ടക്കിണർ പോലെ വരണ്ടു. വെള്ളപ്പാടയിൽ രക്തഞരമ്പുകൾ ഊറാമ്പുലി വലപോലെ തെളിഞ്ഞു.
കണ്ടാൽ തിരിച്ചറിയാത്തവിധം നീരുവന്ന് ചീർത്ത് ദേഹമാകെ പൊന്തിയിരുന്നു. അസാധാരണമാം വിധം വായുക്കുഴൽ ചുങ്ങിപ്പോയി. ശ്വാസം മുട്ടൽ പരകോടിയിൽ.
""നല്ല ശ്രദ്ധവേണം കിഡ്‌നിയും ഹാർട്ടും ഒരേ പോലെ തകരാറിലാണ്. ദയവുചെയ്ത് നിങ്ങൾ ഇവരെക്കൊണ്ട് ജോലി ചെയ്യിക്കരുത്''; ഡോക്ടർ കൈകൂപ്പി. വിലാസിനി വെല്ല്യമ്മ മകളും ഭർത്താവും ഗതിയും ഗർവ്വുമില്ലാതെ ആശുപത്രിയിൽ നിന്ന്മീഞ്ചന്തയിലേയ്ക്ക് വന്നു. താൻ പുച്ഛത്തോടെ കണ്ടിരുന്ന നാത്തൂനും മക്കളും തന്റെ ചെറിയമ്മമ്മാരും വെല്ല്യമ്മമാരും ഉള്ള ഇടം. അവിടെ വിലാസിനി വെല്ല്യമ്മ സമാധാനപൂർണ്ണമായ ഒരു രോഗാവസ്ഥയെ തരണം ചെയ്യൽ മാത്രമല്ല., ശാന്തവും സൗമ്യവുമായ മനുഷ്യ ജീവിതങ്ങളെയും ബന്ധങ്ങളെയും ഉൾക്കാഴ്ചയോടെ കണ്ടു. അറിഞ്ഞു.
വിലാസിനിയെന്ന സുന്ദരിരാഗിണി വിലാസിനിയെന്ന രോഗിണിയാവാൻ നിമിഷങ്ങൾ മതിയായിരുന്നു. കരിമഷിയെഴുതി കരിങ്കൂവളപ്പൂവ്വ് പോലെ സദാ തിളങ്ങിയ മീൻകണ്ണുകൾ വെള്ളംകലങ്ങിച്ചുവന്നു വറ്റിയ പൊട്ടക്കിണർ പോലെ വരണ്ടു. വെള്ളപ്പാടയിൽ രക്തഞരമ്പുകൾ ഊറാമ്പുലി വലപോലെ തെളിഞ്ഞു. കണ്ണുകൾക്ക് താഴെ രോഗക്കറുപ്പ്. രണ്ടടി നടക്കുമ്പോൾ ആഴക്കിതപ്പ്. ഒട്ടിപ്പോയ കവിളും കഴുത്തും പൊടുന്നനെ വെള്ളപടർന്ന മുടി. തൊലിയിൽ അകാലവാർദ്ധക്യം നീലിച്ചും ചുളിഞ്ഞും പറ്റിനിന്നു.
പട്ടുസാരിയല്ലെങ്കിൽ രാസ്സാത്തി നൈറ്റി ധരിച്ചിരുന്നവൾ പഴകിയ വെള്ളപ്പരുത്തിനൈറ്റിയിട്ടു. തറവാട്ടിലെ മച്ചുനിച്ചികൾ ആരോ അവധിക്കാലത്തിടാൻ എടുത്തുവെച്ച പഴയ നൈറ്റിയിൽ പക്ഷെ സ്‌നേഹമുണ്ടായിരുന്നു. കരുണയുണ്ടായിരുന്നു. ജീവിതത്തിന്റെ നാനാമണ ങ്ങളുമുണ്ടായിരുന്നു. കരിമ്പൻങ്കുത്തിയ അവകാശികളില്ലാത്ത ആ നൈറ്റിയിൽ വിലാസിനി വെല്ല്യമ്മ കൂടുതൽ വൃദ്ധയായി. നടക്കുമ്പോൾ വന്ന കൂനും കൈത്തണ്ടയിൽ രോഗാതുരമായി തിണർത്ത ഞരമ്പും നീലിച്ച നഖങ്ങളും ചേർന്ന് ഡാകിനിയുടേതായ ഒരു രൂപമായിരുന്നെങ്കിലും തറവാട്ടിലെ ശാന്തതയും സൗമ്യതയും ആ മുഖത്തെ മസൃണമാക്കി.
തറവാട്ടിലെ പെണ്ണുങ്ങൾ വിലാസിനി വെല്ല്യമ്മയ്ക്കായി അലിവോടെ ഭക്ഷണമുണ്ടാക്കി. ഉരുളയുരുട്ടി ഊട്ടി. ഇടയ്ക്കിടെ ബാർലി വെള്ളം തിളപ്പിച്ചു കുടിക്കാൻ കൊടുത്തു. കുട്ടികൾ കരുണയോടെ നെറ്റി തടവി, പുറത്ത് ഹോട്ട് ബാഗുകൾ വെച്ചുകൊടുത്തു. കാറ്റും വെളിച്ചവുമുള്ള ഏറ്റവും നല്ല മുറി തന്നെ ജനാല തുറന്നിട്ട് കൊടുത്തു.
തിരുവച്ചിറയിലാകെ നീലാമ്പലകൾ പൂത്ത വർഷമായിരുന്നു അത്. പച്ചപ്പായൽ ജലത്തിനു മീതെ കുടയിലകൾ പച്ചപ്പരവതാനി വിരിച്ച് നിന്നതിനും മീതെ ജലവസന്തമായി നീലമൊട്ടുകൾ വിരിഞ്ഞു. അതിവന്യമായൊരു പൂഗന്ധിക്കാറ്റ് സദാ വീശിയടിച്ചു. മുറ്റത്തെ ഉയരംകുറഞ്ഞ കുഞ്ഞിത്തെങ്ങിൽ നിന്നും മച്ചിങ്ങകൾ പൊഴിയുകയും വിലാസിനി വെല്ല്യമ്മയും വെല്ല്യച്ച്‌നും പ്രേമിച്ചു നിന്നിരുന്ന ഇരുമ്പിപ്പുളി മരത്തിലെ പുളികൾ അപ്പാടെ പുഴുകുത്തി മഞ്ഞിച്ച് വീഴുകയും ചെയ്തു. മാമ്പഴക്കാലമായിരുന്നു. കുട്ടികൾ പോലും അവർക്കു കിട്ടുന്ന പഴുത്തു വീണ മാങ്ങകൾ പൂളിക്കൊണ്ടുക്കൊടുത്തു. മീൻകാരനെ വിളിപ്പിച്ച് പ്രത്യേകമായി മീനുകൾ വാങ്ങി. നെല്ലിക്കയും തക്കാളിയുമൊക്കെ കുറച്ച് താളിച്ച മീങ്കറിയുണ്ടാക്കി. പപ്പടത്തിനു പകരം അരിക്കൊണ്ടാട്ടം വറത്തു കോരി. മുത്താറി വിരകിയും ഓട്ട്സ്സ് കഞ്ഞി നൽകിയും ഭക്ഷണ കാര്യത്തിൽ പ്രത്യേകമായ ശ്രദ്ധപുലർത്തി.
46 വയസ്സിൽ വൃദ്ധഡാകിനിയെപ്പോലെ കൂനിയും മെല്ലിച്ചും കിതച്ചും വിലാസിനി വെല്ല്യമ്മ അകത്തളത്തിൽ നടക്കുമ്പോൾ പെണ്ണുങ്ങൾ അവരു കാണാതെ നെഞ്ചുപൊട്ടിക്കരഞ്ഞു.
സത്യത്തിൽ മുത്തശ്ശിമാർ തറവാട്ടിൽ അൽപ്പം ഞെരുങ്ങിയാണ് ജീവിച്ചിരുന്നത്. എന്റെ അമ്മൂമ്മയുടെ മക്കൾക്ക് മാത്രമാണ് പെണ്ണുങ്ങൾക്ക് ജോലി കിട്ടിയിരുന്നത്. ബാക്കി ആരുടെയും പെൺമക്കൾക്ക് ജോലിയില്ലായിരുന്നു. കുട്ടമ്മാമ്മ മരിക്കയും വിലാസിനി വെല്ല്യമ്മ രോഗിണിയാവുകയും ചെയ്തതോടെ കാര്യങ്ങൾ ഒന്നുകൂടി ചുരുക്കേണ്ടി വന്നു. കുട്ടമ്മാമയുടെ മരണത്തോടെ നിലവിൽ വന്ന റേഷനു പകരം വിലാസിനി വെല്ല്യമ്മയ്കായി എന്നും കുത്തരിച്ചോറ് വേവിച്ചു.
""അണക്കിതെല്ലെ ഇഷ്ടാവൂ?''
എന്നു വേശുവെല്ല്യമ്മ ചിരിയോടെ പറഞ്ഞു.
പ്രായം മറന്നു മുട്ടു വേദനയും വാതവും മറന്നു വേശു വെല്ല്യമ്മ തനിയെ പാളയത്തു പോയി പച്ചക്കറികൾ ശ്രദ്ധയോടെ വാങ്ങി. കിഡ്‌നിരോഗികളുടെ ഭക്ഷണക്രമം ഇടക്കിടെ വായിച്ചു പഠിച്ചു. കിഡ്‌നിരോഗവും ഹൃദ്രോഗവും ഒന്നിച്ചുള്ള മാരകമായ അവസ്ഥയായിരുന്നു അത്. 46 വയസ്സിൽ വൃദ്ധഡാകിനിയെപ്പോലെ കൂനിയും മെല്ലിച്ചും കിതച്ചും വിലാസിനി വെല്ല്യമ്മ അകത്തളത്തിൽ നടക്കുമ്പോൾ പെണ്ണുങ്ങൾ അവരു കാണാതെ നെഞ്ചുപൊട്ടിക്കരഞ്ഞു. തറവാട്ടിലെ ചുമരിൽ പനിനീർപ്പൂവ് ചൂടി ഭർത്താവൊന്നിച്ച് വിവാഹവർഷം എടുത്ത അതിമനോഹരമായ ഫോട്ടോ കറുപ്പിലും വെളുപ്പിലും ഇരുട്ട് വീണു കിടന്നു.
എങ്ങനെയാണ് അത്രയും സുന്ദരിയായ വിലാസിനി വെല്ല്യമ്മ ഇങ്ങനെ നീലിച്ചു കറുത്തതെന്നു ഞാൻ അത്ഭുതപ്പെട്ടു. രോഗം മനുഷ്യരെ അഴുകിച്ചു കളയും യൗവ്വനത്തെ ഉടലിനെ സ്വാസ്ഥ്യത്തെ സൗന്ദര്യത്തെ ഒക്കെ അഴിച്ചു കളഞ്ഞ് നിസ്സഹായമായൊരു ശ്വാസം വലിയോ തളർന്ന നടപ്പോ ആക്കി മാറ്റിക്കളയും. മണിക്കൂറുകളോളം കിടന്നു മടുത്ത വെല്ല്യമ്മയ്ക്ക് വീണച്ചേച്ചിയും ഞാനുമൊക്കെ മനോരമയും മംഗളവും ഉറക്കെ വായിച്ചു കൊടുത്തു. ബോറടിക്കാതെയും വിഷമിക്കാതെയും ആഹാരത്തിൽ നല്ല ശ്രദ്ധ ചെലുത്തിയും മരുന്നുകൾ കൃത്യമായിപ്പാലിച്ചും ഒരു വിധം ആക്കമായപ്പോൾ വെല്ല്യമ്മ കോയമ്പത്തൂരിലേയ്ക്ക് തിരിച്ചു പോയി.
""ഇന്റെ പ്രഭേട്ടൻ ഇന്റെ ഗീതമോള്'' അവരെക്കാണാനുള്ള ആർത്തിയാലാണ് പാവം പോയത്. വലിയമുത്തശ്ശിയും കൂടെപ്പോയി. സത്യത്തിൽ വലിയ മുത്തശ്ശിയ്ക്ക് പണിയൊന്നും ചെയ്ത് വലിയ ശീലമില്ലായിരുന്നു. കൂടെ സ്വൈര്യം കൊടുക്കാത്ത പ്രകൃതവും. കൗമാരകാലത്തെ വിഷാദമാരംഭിച്ച ഗീതച്ചേച്ചിയും കലഹമുത്തശ്ശിയും ചേർന്നപ്പോൾ ലഹളവീടായി പരിണമിച്ചു ആ വീട്.
എന്റെ ഭാര്യ മരിക്കുന്നതെപ്പോൾ?
ഗീതച്ചേച്ചി ഒരു ബുള്ളറ്റിലായിരുന്നു യാത്ര. ആൺകുട്ടിയെപ്പോലെ കിളരം കൂടിയിരുന്നു. ഹെൽമെറ്റും വെച്ച് പാർട്ടികളും യാത്രകളുമായി സ്വന്തം ആഹ്ലാദങ്ങളിൽ മുഴുകി. ഭാര്യ രോഗം കാരണം സ്വന്തം വീട്ടിലേയ്ക്ക് പോയപ്പോൾ മകൾക്ക് ബൈക്കും വാങ്ങിക്കൊടുത്ത് അച്ഛൻ മാതൃകയായി. ഭാര്യയ്ക്കങ്ങനെയ്‌ണ്ടെന്ന് അച്ഛനോ അമ്മയ്‌ക്കെങ്ങനെയ്ന്നു മകളോ അന്വേഷിച്ചതേയില്ല. വള്ളിക്കാട്ടെ പഥ്യവും ചിട്ടയും മരുന്നും തിരിഞ്ഞു മറിഞ്ഞു. ആഹാരവും ആശ്വാസവും ഇല്ലാതായി. രോഗം മാറിയതിനേക്കാൾ വേഗത്തിൽ വെല്ല്യമ്മ വീണ്ടും രോഗിയായി.
അവഗണനപോലെ മനുഷ്യരെ തളർത്തുന്ന ഒന്നില്ല. പരിഗണന പോലെ മനുഷ്യനെ തളിർപ്പിക്കുന്ന ഒന്നുമില്ല. വിലാസിനി വെല്ല്യമ്മ കോയമ്പത്തൂരിൽ ഒറ്റയ്ക്കായിരുന്നു. അതുകൊണ്ട് തന്നെ വീണ്ടും കോയമ്പത്തൂരിലെ ആശുപത്രിക്കാലം ആരംഭിച്ചു.. വീണ്ടും ഒറ്റയായ അവസ്ഥ. ആരെങ്കിലും സഹായത്തിനു വേണമെങ്കിൽ കോഴിക്കോട് വരണമായിരുന്നു. എന്നാൽ അതിദുർബലമായ ശരീരവും വെച്ച് കോഴിക്കോടു വരെ അവർക്ക് സഞ്ചരിക്കാനാകുമായിരുന്നില്ല.
ഇടക്കിടെ ഇണകൾ മരിയ്ക്കുന്നത് പുരുഷന്മാർക്ക് നല്ലതാണ്. മടുപ്പിൽ നിൽക്കുമ്പോൾ പുതിയ കല്യാണം ആവാം. സുഖം സ്വസ്ഥം. ഭർത്താവ് മരിച്ചാൽ സ്ത്രീകൾക്ക് കഷ്ടവും. മാറ്റക്കല്യാണത്തിലും അനുഭവിക്കുന്നത് സ്ത്രീ തന്നെ.
ഡോക്ടർ പറഞ്ഞതനുസരിച്ച് ഇവിടുന്നു മാമനും എല്ലാരുമങ്ങോട്ട് പോയി. വല്ലാത്ത കാഴ്ചയായിരുന്നു. ഒരു മീന്മുള്ളുപോലെ വെളുത്ത ബെഡ്ഡിൽ ശ്വാസം വലിക്കുന്ന അനാഥരൂപം. അങ്ങനെ ഒറ്റയ്ക്ക് കിടക്കുന്നു. മകളോ ഭർത്താവോ ബൈസ്റ്റാൻഡെറോ ഇല്ലാത്ത ഒരാൾ. ഇടയ്‌ക്കൊരു തമിഴത്തി മാത്രം വരും. മൂത്ര മൊഴിയ്ക്കാനും മല വിസർജ്ജനത്തിനും പോലും പ്രയാസകരമായ അവസ്ഥ. ഡോക്ടർ ക്യാനുലയും ട്യൂബുമിട്ടു. ഓരോ രാവിലകളിലും അതിഥിയെപ്പോലെ വന്നും ചിലപ്പോൾ വരാതെ ഫോണിലും ഭർത്താവ് വിശേഷങ്ങൾ തിരക്കി. എന്റെ മാമനു കലി പെരുത്തു. പത്തു പന്ത്രണ്ടു ദിവസമായിട്ടും ആശുപത്രിക്കിടക്കയിൽ ഇങ്ങനെ കിടക്കുന്നതെന്തെന്നായിരുന്നു അയാളുടെ വ്യാകുലത. പച്ചയ്ക്കു പറഞ്ഞാൽ എപ്പഴാണിവൾ ചാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. എന്റെ ഭാര്യ മരിക്കുന്നതെപ്പോൾ എന്നന്വേഷിയ്ക്കുന്ന ഒരു ഭർത്താവിനെ ആദ്യമായി കാണുകയായിരുന്നു. എന്തൊരു ജീവിതം ഭാര്യാ ജീവിതം. ഇടക്കിടെ ഇണകൾ മരിയ്ക്കുന്നത് പുരുഷന്മാർക്ക് നല്ലതാണ്. മടുപ്പിൽ നിൽക്കുമ്പോൾ പുതിയ കല്യാണം ആവാം. സുഖം സ്വസ്ഥം. ഭർത്താവ് മരിച്ചാൽ സ്ത്രീകൾക്ക് കഷ്ടവും. മാറ്റക്കല്യാണത്തിലും അനുഭവിക്കുന്നത് സ്ത്രീ തന്നെ. കുട്ടിമാമൻ മരിച്ചപ്പോൾ മുതൽ കല്യാണിയമ്മായി വിധവയായി. വിലാസിനി വെല്ല്യമ്മ മരിച്ചപ്പോൾ പ്രഭാകരന്മാമനാവട്ടെ വരനായി.
വിലാസിനി വെല്ല്യമ്മ മരിച്ച രാവിലെയും അയാൾ പതിവ് പോലെതന്നെ നേരം വൈകിയാണ് വന്നത്. വരണമല്ലോ എന്നു കരുതി ബോധിപ്പിക്കാനായിട്ടെന്ന വണ്ണം.
""എനിക്ക് പ്രഭേട്ടനെ കാണണം'' ഇടയ്ക്ക് ബോധം വീണു. രാവിലെ ആറുമണിയ്ക്ക്. പ്രാവിന്റെ കുറുകൽ പോലെയുള്ള ഊർദ്ധ്വൻ വലിച്ചുകൊണ്ട് വിലാസിനി വെല്ല്യമ്മ മുറിഞ്ഞശബ്ദത്തിൽ പറഞ്ഞു. മാമൻ അത്യാവശ്യമായി വരാൻ ഫോൺ ചെയ്തു അയാളോട് ആവശ്യപ്പെട്ടു.
""ആരെയാണെന്ന് വെച്ചാൽ അറിയിക്കുക'' ഡോക്ടറും സാക്ഷ്യം പറഞ്ഞു.
""ഏടത്തിക്കിനി മണിക്കൂറുകളെ ഉള്ളു. പെട്ടന്ന് വര്ണം''
""ഓഹ് ഇപ്പോതന്നെ വരാലോ. നല്ല സീരിയസ്സാണോ?'' അയാളുടെ സ്വരത്തിൽ പതിയിരുന്ന ആഹ്ലാദം മാമനെ ചെടിപ്പിച്ചു.
എവിടെ? അയാൾ അരമണിക്കൂറു കൊണ്ടൊന്നും വന്നില്ല. മകളും വന്നില്ല. വെല്ല്യമ്മ മരിച്ചു രണ്ടു മണിക്കൂറോളം കഴിഞ്ഞാണ് അയാൾ വന്നത്.
""മരിച്ചെന്ന് വിളിച്ച് പറയട്ടെ?'' ബാബുവേട്ടൻ ചോദിച്ചു.
""വേണ്ട. അയാൾ വരുമ്പോൾ വരട്ടെ. ഈ മരിച്ച ആൾക്ക് ഇനി അയാൾ വന്നാലെന്ത് പോയാലെന്ത്?''
ഊട്ടിയും പാലാട്ടിയും വെച്ച് കൊടുത്തും വണ്ടി കഴുകിയും ഇസ്തിരിയിട്ടും പെറ്റു, മകളെ പരിപാലിച്ചും അയാൾക്കു പിറകിൽ അടിമയായി ജീവിച്ചവളാണ്. അയാളല്ലാതെ അവർക്കൊരു ലോകമുണ്ടായിരുന്നില്ല. ആഹ്ലാദമോ ജീവിതമോ ഉണ്ടായിരുന്നില്ല.
അയാളൊരാഘോഷക്കാഴ്ച പോലെ വന്നു. നീല പോളിസ്റ്റർ ഷർട്ട് ചുളുവ് നീർത്തി ഇസ്തിരിയിട്ടിരുന്നു. ഷൂ നന്നായി പോളിഷ് ചെയ്തിരുന്നു. വേണ്ടതിലധികം അത്തറും പൂശിയിരുന്നു. താടി വടിയ്ക്കുകയും ഡൈ തേച്ചു മുടി കറുപ്പിക്കുകയും ചെയ്തിരുന്നു. ഗോദ്രെജ് ഡൈയ്യുടെ കുത്തുന്ന മണത്തിൽ മാമനു ആ മനം പിരട്ടി.
""അത് ദിനേശാ''
അയാൾ മാമനോട് എന്തോ പറയാൻ ശ്രമിച്ചു. മാമൻ മുഖംതിരിച്ചു ക്ഷോഭത്തോടെ നടന്നു പോയി.
""അയ്യാൾടെ ചെള്ള അട്ച്ച് പൊട്ടിക്കണ്ടതാണ്'' പിന്നെ പലപ്പോഴും മാമൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
""ഇന്റെ കയ്യ് തരിക്ക്ണ് ദിനേശാ ഓന്റെ മീന്തയ്‌ക്കൊന്നു കൊടുത്താലോ'' സുരേട്ടൻ ക്ഷോഭത്തോടെ കൈ ഞെടിച്ചു.
""ഞാൻ വണ്ടികഴ്‌കേരുന്നു ദിനേശാ'' അയാൾ ദുർബലമായി ബോധിപ്പിക്കാൻ ശ്രമിച്ചു.
""മൂന്നു മണിക്കൂറ് കഴുകാൻ നിങ്ങടെ വണ്ടിയെന്താ ആനയാണോ?'' സുരേട്ടൻ പിറുപിറുത്തു. മരിച്ചു കിടക്കുന്നവളോടുള്ള ബഹുമാനമില്ലായിരുന്നെങ്കിൽ ആണുങ്ങൾ വഴക്കു കൂടിയേനെ. തല്ലി അയാളുടെ മുഖം മുറിച്ചേനെ.
28 വർഷം കൂടെ ജീവിച്ചവൾ അവസാനമായി കാണമെന്ന് ആശപറഞ്ഞപ്പോൾ സ്‌കൂട്ടർ കഴുകാൻ പോയതിന്റെ യുക്തിയെന്തായിരിക്കും? ഇസ്തിരിയിട്ടും സ്‌പ്രേ പൂശിയും മുടിയും താടിയും ഡൈ ചെയ്തും വന്നതിന്റെ രഹസ്യമെന്തായിരിക്കും? വരനാണ് താനിന്നു മുതൽ എന്ന ഉൾത്തോന്നലിന്റെ അനുരണനമായിരിക്കണമത്. മറ്റു മനുഷ്യരുടെ മുന്നിൽ സാമാന്യമര്യാദയ്ക്കായെങ്കിലും അഭിനയിക്കേണ്ടത് മരിച്ചവളെ കൂടി പരിഗണിക്കലാണ്. സ്‌നേഹമയനായിരുന്നു ഭർത്താവ് എന്ന് പറയിക്കാമായിരുന്നു.
""വിലാസിനീടെ ഭാഗ്യാ പ്രഭാകരൻ'' എന്ന് കോലോന്തൊടിക്കാർ മുഴുവൻ ഘോഷിച്ചേനെ.
സമയത്ത് വന്നു മരിക്കുമ്പോൾ കയ്യൊന്നമർത്തിപ്പിടിച്ചെങ്കിൽ
""എന്റെ ഭാഗ്യാ എന്റെ പ്രഭേട്ടൻ'' എന്നു വിചാരിച്ച് വെല്ല്യമ്മ ആഹ്ലാദത്തോടെ മരിച്ചേനെ. ആശ്വാസത്തോടെ മരിച്ചേനെ.
അവർ ജീവിതത്തിലൊരിക്കലും പിണങ്ങിയിട്ടില്ല. വഴക്കടിച്ചിട്ടില്ല. എതിർപ്പിന്റെ ഒരു സ്വരവും അവരിൽ നിന്നുയർന്നിട്ടില്ല. പ്രഭേട്ടൻ രാത്രിയാണെന്നു പറഞ്ഞാൽ നട്ടുച്ചയും രാത്രിയെന്നു ആത്മാർത്ഥമായി വിശ്വസിച്ചവളാണ്. ഊട്ടിയും പാലാട്ടിയും വെച്ച് കൊടുത്തും വണ്ടി കഴുകിയും ഇസ്തിരിയിട്ടും പെറ്റു, മകളെ പരിപാലിച്ചും അയാൾക്കു പിറകിൽ അടിമയായി ജീവിച്ചവളാണ്. അയാളല്ലാതെ അവർക്കൊരു ലോകമുണ്ടായിരുന്നില്ല. ആഹ്ലാദമോ ജീവിതമോ ഉണ്ടായിരുന്നില്ല.
""ഇന്റെ എന്നു വിലാസിനിയേട്ത്തി പറഞ്ഞിട്ട് ഞാൻ കേട്ട്ട്ടില്ല്യാ. ഞങ്ങളെ ഞങ്ങളെ എന്നാരുന്നു പറയാ. അത്ര ഭർത്താവിനോട് സ്‌നേഹായിരുന്നു.'' അമ്മയുടെ വാക്കുകൾ ഞാനോർത്തു. ഒരുപക്ഷെ താൻ എന്തെങ്കിലും ആശ്വാസവാക്കു പറഞ്ഞാൽ ഭാര്യ ജീവിതത്തിലേയ്ക്കു തിരികെ വന്നെങ്കിലോ എന്നയാൾ ഭയന്നിരിക്കണം. തന്റെ സാന്നിധ്യം പോലും അവളെ ഊർജ്ജവതിയാക്കുമെന്നയാൾ മനസ്സിലാക്കിയിരിക്കണം.
രോഗകാലത്തു പോലും വീർത്ത ഉടലു പേറി, അനങ്ങാനാകാതെ ശ്വാസം കഴിക്കാനാകാതെ നിന്നുമിരുന്നും കിതച്ചും കിടന്നുമിഴഞ്ഞും അവർ പരത്തിയും ചുട്ടടും കൊടുത്ത ചപ്പാത്തികളുടെ നന്ദി പോലും അയാൾ കാണിച്ചില്ല. ഭാര്യപൊടുന്നനെ മരിയ്ക്കട്ടെയെന്നയാൾ ആത്മാർത്ഥമായി കരുതിക്കാണണം.
""കഴിഞ്ഞു'' മാമനൊപ്പം പോയ ബാബുവേട്ടൻ സങ്കടത്തോടെ പറഞ്ഞു.
""അതെയോ? ബോഡി കിട്ടാൻ സമയെടുക്ക്വേരിക്കും അല്ലെ? മ്മ് ഞാൻ കാന്റീനിലേയ്ക്ക് പോയ്ട്ട് വരാം. നല്ല വിശപ്പുണ്ട് ഒന്നും കഴിച്ചിട്ടില്ലെയ്. വൈകിയാൽ ഉള്ളിച്ചട്ട്ണി തീരും.നിങ്ങളു വരുന്നോ?''
ബാബുവേട്ടൻ അമ്പരപ്പോടെ കണ്ണു മിഴിച്ചു. അമ്പോ എജ്ജാതി മനുഷ്യൻ അയല്പക്കക്കാരനായ എനിക്കു പോലും വെള്ളമിറങ്ങുന്നില്ല. 48 വയസ്സുള്ള ഒരുവൾ ഇനിയെത്ര ജീവിക്കേണ്ടിയിരിക്കുന്നുവെന്നു ഓർക്കെ അയാളുടെ കണ്ണുകൾ പോലും നിറഞ്ഞു
""വേണ്ട. ഇല്ല'' അയാൾ വിസമ്മതത്തോടെ തലയാട്ടി.
എരിഞ്ഞും അസ്ഥിയായ് പുകഞ്ഞും ഭസ്മമായി വിമ്മിട്ടപ്പെട്ടും നാവാമുകുന്ദൻകരയിൽ വള്ളിക്കാട്ടെ ആളുകൾ ഇട്ട ബലി പ്രേതമായും വിലാസിനി വെല്ല്യമ്മയുടെ കഥ എന്നെന്നെക്കുമായി അവസാനിച്ചു.
വികൃതമായ ചിരിയോടെ, അയാൾ ടിപ്‌ടോപ്പിൽ നടന്നു പോയി. എന്തൊരു മനുഷ്യൻ! ഭാര്യ മരിച്ച് കിടക്കുന്നത് കാണാൻ പോലും പോകാതെ ഇഡ്ഡലി തിന്നാൻ പോകുന്ന ഒരുത്തൻ. അയാളൊരു വിഭാര്യനായിരുന്നില്ല. നവവരനായിരുന്നു. ഭാര്യ മരിച്ചയുടനെ കല്യാണം കഴിക്കാമെന്നു നിശ്ചയിച്ച ഒരുവൻ. നടത്തത്തിലും ഒരുക്കത്തിലും ചലനത്തിലും എല്ലാരുമാ കല്യാണക്കുരവ കേട്ടു.
അയാൾ പുരുഷന്മാരുടെ യഥാർത്ഥ പ്രതിനിധിയാണ്. പച്ച പ്രതിനിധി. പുരുഷന്മാർക്ക് സ്ത്രീകളെ പെട്ടെന്നു മടുക്കും. ഒഴിവാക്കാനാകാത്തതിനാൽ തലയിൽ ചുമക്കുകയായിരിക്കും. ഒരു പണ്ടാരഭാരം.
ഞാനും ആശുപത്രിയിൽ കിടന്നപ്പോൾ ഭർത്താവിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. അയാൾ പുതിയ സിനിമയുടെ തിരക്കുകളിലായിരുന്നു. സ്‌ക്രിപ്റ്റ് എഴുതാൻ വന്ന കാതറീനയ്ക്കായി പോലും വീതം വെയ്ക്കാൻ അയാൾക്ക് സമയമില്ലായിരുന്നു. പിന്നെയാണോ എനിക്ക്? ടോമിൻ തച്ചങ്കരിയുടെ സ്റ്റുഡിയോയിലാണെന്ന് അയാൾ പറഞ്ഞു. വലിയ തിരക്കിലാണെന്നു പറഞ്ഞു. അയാളുടെ ആൺകുട്ടി എന്റെ അമ്മിഞ്ഞയും കുടിച്ച് നെഞ്ചിൽ പറ്റിക്കിടന്നു. അവനെ അയാൾ ശരിക്കുകണ്ടോ എന്നു ഞാൻ അന്നേരം ഓർത്തു. ആ ദിവസങ്ങളിൽ ഞാൻ മരിച്ചിരുന്നെങ്കിൽ എനിക്കും ദുഃഖം തോന്നുമായിരുന്നു. വിലാസിനി വെല്ല്യമ്മയെപ്പോലെ ഞാനെത്ര അശരണയുമനാഥയുമാണെന്നു സങ്കടപ്പെട്ടേനെ.
""ഈ കുട്ടിനെ കാര്യം തീർത്തതാണോ?'' അടുത്തകിടക്കയിലെ പെണ്ണിന്റെ ഉമ്മ എന്റെയമ്മയോട് ചോദിച്ചു. അമ്മയും അമ്മായിയമ്മയും വല്ലാതായി.
""നോക്കൂ ഇതവളുടെ അമ്മായിയമ്മയാണ്'' അവർ അവിശ്വാസത്തോടെ എന്റെ അമ്മായിയമ്മയെ നോക്കി.
എത്ര സ്‌നേഹരാഹിത്യമുണ്ടെങ്കിലും അന്ന് ഞാൻ മരിച്ചിരുന്നുവെങ്കിൽ രൂപേഷ് പൊട്ടിക്കരയുമായിരുന്നു എന്നെനിക്കറിയാം.. ഇന്നു ഞാൻ മരിച്ചെന്നു കേട്ടാൽ ബിണ്ടി തിന്നാൻ പോകുമെന്നും...
അയാൾ ഉള്ളിച്ചമ്മന്തിയും ഇഡ്ഡിലിയും കഴിച്ച് ഏമ്പക്കവും വിട്ട് റ്റവ്വൽ കൊണ്ട് മുഖമൊപ്പി വന്നപ്പോഴേയ്ക്കും എല്ലാം തീർന്നിരുന്നു. ബില്ല് പേയ്‌മെന്റടക്കം കഴിഞ്ഞു ആമ്പുലൻസ്സിൽ മൂടിപ്പൊതിഞ്ഞ് വിലാസിനി വെല്ല്യമ്മ ശാന്തമായിക്കിടന്നു. ശ്വാസമ്മുട്ടലില്ല. വലിവില്ല. പേശികളിലടക്കമുള്ള ആകുലമിടിപ്പില്ല ശരീര വേദനകളില്ല. നീരുമില്ല.. ശാന്തം. സ്വസ്ഥമായും നിശബ്ദമായും അങ്ങനെയുറങ്ങീട്ടെത്ര നാളായിട്ടുണ്ടാകും?
""ഔഹ് കഴിഞ്ഞോ?'' അയാൾ കൗതുകത്തോടെ മുന്നോട്ടിറങ്ങി വന്നു.
""ഞാനെ വണ്ടീലു വന്നോളാ. എനിക്കീ മരിപ്പിന്റെ മണം കേട്ടാ മനം പെരട്ടും''
""ഓഹ് എങ്ങന്യാച്ചാല് പ്രഭേട്ടൻ വന്നോളൂ. ഞാൻ ആമ്പുലൻസ്സില് ഏട്ത്തീടൊപ്പമേ വരൂ. നിങ്ങള് സ്‌കൂട്ടറിലോ ട്രയിനിലോ എങ്ങന്യാച്ചാല് പോരൂ. ഞങ്ങള് മീഞ്ചന്തയ്ക്ക് പോവാണ്''
""അല്ല അദ്പ്പം എങ്ങന്യെ ശരിയാവ്വ? ബടെയല്ലെ വെയ്ക്കണ്ടത്?''
""അല്ല. ഇബടാരാള്ളത്?'' ദിനേശ് മാമ ക്ഷോഭത്തോടെ വിരലുകൾ ഞൊടിച്ചു.
""കഴിഞ്ഞ പത്തുപന്ത്രണ്ട് ദിവസം ഒരു ബന്ധക്കാരെയും ഞങ്ങൾ കണ്ടിട്ടില്ലല്ലോ. ഒരാളും സുഖവിവരം തേടി വന്നുമില്ല. എന്നാലെ വിലാസിനിയേട്ത്തിയെ കാത്ത് മീഞ്ചന്തേല് ധാരാളം പേരിരിക്കണുണ്ട്. ആരെതിർത്താലും ഞാൻ ഏട്ത്തിയെകൊണ്ടേവും. ''
അങ്ങനെ വിലാസിനി വെല്ല്യമ്മയും മടങ്ങി. പൊട്ടും പൂവും പുടവയുമില്ലാതെ തമിഴ്‌നാട്ടിന്റെ മണ്ണിൽ നിന്നൊരു മടക്കം. മീഞ്ചന്തക്കാരുടെ പ്രിയ ശ്മശാനമായ മാനാരിയിലേയ്ക്ക് അവർ മടങ്ങി വന്നു. എരിഞ്ഞും അസ്ഥിയായ് പുകഞ്ഞും ഭസ്മമായി വിമ്മിട്ടപ്പെട്ടും നാവാമുകുന്ദൻകരയിൽ വള്ളിക്കാട്ടെ ആളുകൾ ഇട്ട ബലി പ്രേതമായും വിലാസിനി വെല്ല്യമ്മയുടെ കഥ എന്നെന്നെക്കുമായി അവസാനിച്ചു.
ഗൂഢഗീതാഞ്ജലിയുടെ അമ്മരഹിത ജീവിതം
ഗീതച്ചേച്ചിയുടെ നല്ലകാലങ്ങൾ വിലാസിനി വെല്ല്യമ്മയുടെ രോഗാരംഭത്തോടെ തന്നെ തീർന്നിരുന്നു. രോഗിയാണെങ്കിലും അമ്മയുണ്ടെങ്കിൽ എത്ര നന്നെന്നവർ നല്ലവണ്ണം മനസ്സിലാക്കി. നല്ലഭക്ഷണവും ഗീതമോളെ എന്ന വിളിയും അത്രമേൽ ആഹ്ലാദകരമായിരുന്നുവെന്ന് ഗീതച്ചേച്ചി നെഞ്ചുരുക്കത്തോടെ ഓർത്തു. അമ്മായെ താനെങ്കിലും നോക്കിയിരുന്നെങ്കിൽ അവർ ജീവിക്കുമായിരുന്നല്ലോ എന്ന ആധിയിൽ ഉള്ളുരുക്കി. വീണ്ടും വിഷാദം വന്നു പ്രശ്‌നമായിത്തുടങ്ങി. സത്യത്തിൽ അമ്മ നാട്ടിലേയ്ക്കു പോയ അഞ്ചാറു മാസങ്ങളാണ് കൂടുതൽ കുഴപ്പമുണ്ടാക്കിയത്. കൗമാരവിഷാദങ്ങളും വാശികളും വ്യക്തിപരമായ സ്വഭാവപ്രശ്‌നങ്ങളുമുണ്ടായിരുന്നത് ഗീതച്ചേച്ചിയിൽ നാലിരിട്ടിയായി മാറി. സുഹൃത്തുക്കളായിരുന്നു അവൾക്ക് ആകെയുള്ള അത്താണി. അത് പതുക്കെ ആൺസുഹൃത്തുക്കളിലേയ്ക്കു വളർന്നു. മദ്യവും ലഹരിയുടെ രുചിയും ഗീതച്ചേച്ചിയ്ക്ക് പ്രിയതരമായി. ബൈക്കും കാശും എമ്പാടും സ്വാതന്ത്ര്യവും. വിലാസിനി വെല്ല്യമ്മ മീഞ്ചന്തയിൽ ആയതിനാൽ അക്കാലത്ത് ആരും ഗീതച്ചേച്ചിയെപ്രതി ആകുലപ്പെട്ടില്ല.
ആരു കണ്ടാലും നെഞ്ചു തകർന്നു പോകുന്ന കാഴ്ച. വിലാസിനി വെല്ല്യമ്മ ഏറെ പ്രിയത്തോടെ സൂക്ഷിച്ചു വെച്ച് ഓരോ സാരിയും ആഭരണങ്ങളുമൊക്കെ എത്രയോ നിസ്സാരമായിട്ട് വിഴുപ്പാക്കിക്കൂട്ടി വെച്ചിരിക്കുന്നു.
വിലാസിനി വെല്ല്യമ്മയുടെ മരണത്തിന്റെ നാലു മാസം കഴിഞ്ഞ് സിന്ധുച്ചേച്ചിയും അമ്മായിയും കോയമ്പത്തൂർക്ക് പോയി. വിലാസിനി വെല്ല്യമ്മയുടെ മുറി കാണണ്ടതായിരുന്നു. ഓരോ സാരിയും ഗീതച്ചേച്ചി ഉടുത്ത് തീർന്നിരുന്നു. ചുരുട്ടി അഴിച്ചിട്ട അതേ പോലെ ഒരു കസേരയിലും നിലത്തുമായി കൂമ്പാരം കൂട്ടിയിക്കിടന്നു.
ആരു കണ്ടാലും നെഞ്ചു തകർന്നു പോകുന്ന കാഴ്ച. വിലാസിനി വെല്ല്യമ്മ ഏറെ പ്രിയത്തോടെ സൂക്ഷിച്ചു വെച്ച് ഓരോ സാരിയും ആഭരണങ്ങളുമൊക്കെ എത്രയോ നിസ്സാരമായിട്ട് വിഴുപ്പാക്കിക്കൂട്ടി വെച്ചിരിക്കുന്നു.
""ഓഹ് അതോ അക്കാലത്തെ എന്റെ ബോയ്‌ഫ്രെണ്ട് ഒരു പട്ടരു ചെറുക്കനായിരുന്നു. കിടിലൻ അവനു സാരിയിലെ പെണ്ണുങ്ങളോട് വല്ലാത്ത ഇഷ്ടമാണ്'' പിന്നീടൊരിക്കൽ എന്റെ ചോദ്യത്തിനു നിസ്സാരതയോടെ ഉത്തരം തന്നു.
""അമ്മയില്ലെങ്കിൽ എന്താന്ന് ഞാൻ കരുതീട്ട്ണ്ട് ഇന്ദുവോ. എന്നിട്ട് എന്തായി ഓരോ ഓർമ്മെലും അമ്മ നെറഞ്ഞു നെറഞ്ഞു വർവേരുന്നു. അക്കാലത്ത് അവന്റെ സ്‌നേഹമാണെന്നെ രക്ഷിച്ചത്. ഒരു പക്ഷെ അമ്മയില്ലായ്മയുടെ ഗാപ്പ് ഫില്ലിങ്ങ്. '
""എന്നാലും ആ സാരിയൊക്കെ?''
""അതുടുക്കുമ്പോൾ അമ്മയുണ്ടെന്റെ ചുറ്റിലുമെന്നു തോന്നുമായിരുന്നു. ആരുമില്ലാത്തോർക്കും വേണ്ടെടോ?''
""അമ്മയുള്ളപ്പോൾ തിരിഞ്ഞു നോക്കാതെ ചാവിനു ശേഷം അമ്മകിമ്മയെന്നു പറഞ്ഞിട്ടെന്താണ്?'' ഞാൻ പിറുപിറുത്തു. പെണ്മക്കളുടെ അന്യായം എന്തൊരു അന്യായമാണത്. അമ്മത്താവഴിയും തറവാടുമുള്ള വീടുകളിലാകുമ്പോൾ ആസങ്കടം അധികമാവും.
സങ്കടം മാറ്റാനും പലവഴികളുണ്ടായിരുന്നു. പണം, യാത്രകൾ, പുതുവസ്ത്രങ്ങൾ പുറമെ നിന്നുള്ള ഭക്ഷണങ്ങൾ പാർട്ടികൾ. അക്കാലങ്ങളിൽ ഗീതച്ചേച്ചിയ്ക്ക് പണം വളരെ ആവശ്യമായിരുന്നു. അമ്മ വീട്ടിലില്ലാത്ത സമയങ്ങളിൽ തുടക്കത്തിൽ മകൾക്ക് ധാരാളം പണം നൽകി വീടൊഴിയ്ക്കുന്ന പണി അച്ഛനു മടുത്തിരുന്നു. അയാൾ കുറച്ചു ദിവസങ്ങൾക്കു ശേഷം പ്രഖ്യാപിച്ചു.
""ഞാൻ കല്യാണം കഴിക്കാൻ പോവാണ്''
""ഏട്ത്തി മരിച്ചിട്ട് മൂന്ന് മാസല്ലേ ആയുള്ളു?'' കല്യാണി വെല്ല്യമ്മയും ലക്ഷ്മി മേമയും നെഞ്ചിൽ കൈ വെച്ചു.
""ഒരു കൊല്ലെങ്കിലും കാക്കണ്ടേ?'' അവർ ദുർബലമായി ചൊദിച്ചൂ.
""എന്തിനു. ഇതുപോലൊരു നശൂലപ്പെണ്ണിനൊപ്പം ഞാനെങ്ങനെ ജീവിക്കും? എനിക്കാര് ഭക്ഷണം തരും?'' എത്ര ന്യായമായ ചോദ്യം! 28 വർഷം തന്നെ സേവിച്ചവൾ കേവല വേലക്കാരി മാത്രം. അവളെ പ്രതി പൊഴിക്കാൻ ഒരു തുള്ളിക്കണ്ണീരോ ഓർമ്മയോ അയാളിൽ അവശേഷിച്ചിട്ടുണ്ടായിരുന്നില്ല. ആശുപത്രിയിൽ വരുമ്പോഴൊക്കെ വിലാസിനി വെല്ല്യമ്മ എപ്പോൾ മരിക്കുമെന്നായിരിക്കണം അയാൾ അന്വേഷിച്ചത്. ആ മരണം അയാൾക്കുള്ളിൽ എപ്പോഴേ സംഭവിച്ചിരുന്നു.
""നല്ല ഒരു ആലോചന ശരിയായിട്ടുണ്ട്. ഞാനെന്തായാലും കല്യാണം കഴിക്കാൻ പോവാണ്''
""നാട്ടുകാരെയെങ്കിലും പേടിക്കണ്ടെ?''
""ആ തെണ്ട്യൊളാണോ എനിക്ക് ചെലവിനു തരുന്ന്ത്. ഇതിലു മാറ്റമില്ല''
""ഗീത എന്തു പറഞ്ഞു?''
""എന്തു പറയാൻ. ഞാൻ കൊറച്ച് പൈസ കൊടുക്കും''
""അത് പറ്റില്ല ഏട്ടാ. ഈ വീട് എഴുതിക്കൊടുക്കണം. നിങ്ങൾ വേറേ കല്യാണം എന്തായാലും കഴിയ്ക്കും. അവളെ കാര്യത്തിനും വേണല്ലോ ഒരു നീക്ക് പോക്ക്'' അമ്മായി വളരെ ഉറപ്പിച്ച് തന്നെ പറഞ്ഞു
""ഇന്നട്ട് ഈ വീടും വിൽക്കാനാണോ?''
""അതെന്തെങ്കിലും ചെയ്യിക്കാം. പക്ഷെ അവൾക്ക് കിട്ടണം''
""എന്റെമ്മായി അച്ഛനിവിടെ അമ്മ മരിക്കണേനും മുമ്പെ കല്യാണ നിശ്ച്ക്യം കഴ്ച്ച്ണ്ണു. അറയോ അദ്?'' ഗീതച്ചേച്ചി ചിരിച്ചു.
""ദൊക്കെ ബയോളജിക്കലായുള്ള നീഡ്‌സാണ്. ഒതുക്കാനും അമക്കാനുമൊന്നും പറ്റില്ല. കെട്ടട്ടെന്ന്''
""ഗീതേ നീ പൊറത്താവും. വരണോള് എങ്ങനാവുന്നാർക്കാ അറിയാ?''
""നീയ്യ് വീടെഴുതിത്തരാൻ പറയ്''
""ഒരു വർഷം കൂടി കാത്തിരിക്കാൻ പറയ്. നിന്റെ അമ്മ ചത്ത് തലയ്ക്ക് മീദെന്നെ നിക്കണില്ലെ? ആണ്ടറുതി കഴിഞ്ഞോട്ടെ''
""ഓക്ക് നാണക്കേടാവും'' പലതരം വർത്തമാനങ്ങൾ അമ്മ ത്തറവാട്ടിൽ ഇന്നും കേട്ടു.
""ഞാൻ സമ്മേക്കില്ല. അമ്മ വീട്ടിൽ നിന്നും കിട്ടിയ വീര്യവുമായി ഗീതച്ചേച്ചി ഉടക്കി
എവിടെ രണ്ടു ലക്ഷം രൂപ കാഷായിട്ട് തരാമെന്ന് തന്തപ്പിടി. ഗീതച്ചേച്ചി ഉള്ള കാശും വാങ്ങി ബാംഗ്ലൂർക്ക് മുങ്ങി.
ഗീതച്ചേച്ചി ഒന്നല്ല രണ്ട് കുട്ടികളെ ഉണ്ടാക്കി.. രണ്ട് കല്യാണങ്ങളുണ്ടാക്കി. ഒന്നല്ല രണ്ടല്ല മൂന്നല്ല നാലല്ല അതിലേറെ പ്രേമബന്ധങ്ങൾ ഉണ്ടാക്കി. വളരെ സങ്കീർണ്ണമായിരുന്നു ആ ജീവിതം.
വിവാഹക്കാര്യത്തിൽ ഒരു മറുതീരുമാനവും എടുത്തില്ലെങ്കിലും ബന്ധുക്കാരുടെ നിർബന്ധത്തിനു വഴങ്ങി പ്രഭാകരൻ വെല്ല്യച്ചനു വീട് നൽകാമെന്നു സമ്മതിക്കേണ്ടി വന്നു. പക്ഷെ സൂത്രത്തിൽ ഒരു കാരാറൊപ്പിച്ചു വെച്ചു. ഗീതച്ചേച്ചിയ്ക്ക് കുഞ്ഞുണ്ടാകുമ്പോൾ വീട് കൊടുക്കാമെന്ന് എഴുതി വെച്ചു. ഒരിക്കലും ഗീതച്ചേച്ചി വിവാഹം കഴിക്കില്ലെന്നും കുഞ്ഞിനെ ഉണ്ടാക്കില്ലെന്നും അയാൾ കരുതി.. അതു ശരിയുമായിരുന്നു. നാശം പിടിച്ച ഈ കരാറില്ലായിരുന്നെങ്കിൽ ഒരു പക്ഷെ കുട്ടികളോ ദാമ്പത്യമോ ഇല്ലാതെ അവർ ജീവിച്ചേനെ.
അച്ഛനെ പറ്റിയ്ക്കാനുള്ള ശ്രമത്തിൽ നിന്നും തുടങ്ങി, ഗീതച്ചേച്ചി ഒന്നല്ല രണ്ട് കുട്ടികളെ ഉണ്ടാക്കി.. രണ്ട് കല്യാണങ്ങളുണ്ടാക്കി. ഒന്നല്ല രണ്ടല്ല മൂന്നല്ല നാലല്ല അതിലേറെ പ്രേമബന്ധങ്ങൾ ഉണ്ടാക്കി. വളരെ സങ്കീർണ്ണമായിരുന്നു ആ ജീവിതം. കൗമാരകാലത്ത് അമ്മയില്ലാതെ വളർന്നതിന്റെ കൂടി പ്രശ്‌നങ്ങൾ സ്വതെയുള്ള ആസക്തികളെ കൂടുതൽ മാരകമാക്കി.
പുതിയ അമ്മ ഒരു സാധാരണക്കാരിയായിരുന്നു. മറ്റൊരു വേലക്കാരി. അവർക്കും ഉണ്ടായി ഒരാൺകുട്ടി. കൂടുതൽ പ്രശ്‌നഭരിതമായി ഗീതച്ചേച്ചിയുടെ ജീവിതം.. പഠിത്തം ഇടക്കിടെ നിർത്തുകയും തുടരുകയും ചെയ്തു. ഇടയ്ക്കു ലോ പഠിച്ചു. ഇടയ്ക്ക് മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ പഠിച്ചു.
വിവാഹം കഴിച്ചാൽ ഗീതച്ചേച്ചി നേരെയാകുമെന്നു വിശ്വസിച്ച ബന്ധുക്കൾ അതിനും പ്രേരിപ്പിച്ചു. കല്യാണം കഴിഞ്ഞാൽ കോയമ്പത്തൂരിലെ വീടു കിട്ടുമെന്നു ബന്ധുക്കൾ സദാ ഓർമ്മിപ്പിച്ചു.
""വിവാഹം കഴിച്ചാൽ അയാൾ എന്നെ സ്‌നേഹിക്കുമല്ലോ'' ഇടയ്‌ക്കൊക്കെ ഏകാകിയും അനാഥയുമായ പെണ്ണ് പുറത്തു വന്നു.
ബോളിവുഡ് സ്‌റ്റൈലിൽ പുതിയ സറാറയും കടുത്ത മേയ്ക്കപ്പും ഇട്ട് കണ്ണാടിയിൽ നോക്കി അത് പറയെ ഗീതച്ചേച്ചിയുടെ മുഖം പ്രത്യാശാപൂർണ്ണമായി. അന്നു കല്യാണച്ചടങ്ങിൽ ഏറ്റവും വലിയ സംസാരവിഷയം ഗീതച്ചേച്ചിയായിരുന്നു. അക്കാലത്ത് സംഭവിച്ച നാലഞ്ചു ആക്‌സിഡെന്റുകളാൽ ഗീതച്ചേച്ചിയുടെ മുഖം നാലഞ്ചിടങ്ങളിൽ സ്റ്റിച്ച് ഇട്ടിരുന്നു. മുഖത്തിന്റെ ഭാഗം മാത്രം കറുപ്പോടിയിരുന്നു. സ്വതേയുള്ള സൗന്ദര്യം പാതിയും മുഖത്തുന്നിന്നും മാഞ്ഞ പോലെ. മേയ്ക്കപ്പിട്ടപ്പോൾ കൂടുതലായപോലെയായി
""യെന്തോര്യു അമിതമേയ്ക്കപ്പ്'' എന്നു വീണച്ചേച്ചി മുരണ്ടു.
ഇന്ന് ആലോചിയ്ക്കുമ്പോൾ അതെത്ര സുന്ദരമായിരുന്നു എന്ന് തോന്നുന്നു. ഇഷ്ടമുള്ള വസ്ത്രവും ആഭരണവുമിട്ട് ഒന്നും കൂസാതെയുള്ള നടത്തം. ഗീതേച്ചി സത്യത്തിൽ സാധുവായിരുന്നു പലകാര്യത്തിലും. ചെറുപ്പത്തിലേ ഉള്ള സാമൂഹ്യവത്കരണ പ്രശ്‌നങ്ങളെ തിരുത്താൻ ആരുമുണ്ടായില്ല. അച്ഛനുമില്ല അമ്മയുമില്ല. ഉള്ള കാലത്തവർ ശരിയാം വണ്ണം മകളെ നോക്കിയില്ല. അമ്മയെ പൂർണ്ണമായി വേണ്ട കൗമാരപ്രായത്തിൽ അമ്മ രോഗിയാവുകയും മരിച്ചു പോകുകയും ചെയ്തു. ദാമ്പത്യത്തിലെ ഏറ്റവും പരമമായ സത്യം കുട്ടികൾ വഴക്കുകളിൽ ഡോമിനന്റായ ഭാഗത്തേയ്ക്ക് അറിയാതെ ചായുന്നുവെന്നതാണ്. അച്ഛൻ അമ്മയോട് പെരുമാറുന്ന ബഹുമാനമില്ലായ്മ കുട്ടികൾ അനുകരിക്കയും തുടരുകയും ചെയ്യും. അമ്മയോട് കടുത്തപുച്ഛമായിരിക്കും പരിഹാസവും കളിയാക്കലും വേണ്ടുവോളമുണ്ടാകും. ഉപ്പുകുറഞ്ഞാൽ എരിവു കുറഞ്ഞാൽ രുചികുറഞ്ഞാൽ അച്ഛനും മുന്നേ മജിസ്‌ട്രേർന്മാരായി അവർ അമ്മയെ ഭർത്സിയ്ക്കും. ഗീതച്ചേച്ചിയ്ക്ക് വിലാസിനി വെല്ല്യമ്മ അച്ഛന്റെ വാല്യക്കാരി മാത്രമായിരുന്നിരിക്കണം. എങ്ങനെയാണ് അമ്മയുടെ സമ്പാദ്യങ്ങളെ ഇത്ര നിസ്സാരമായി ഗീതച്ചേച്ചി ഉടുത്തു മുഷിച്ച് വിഴുപ്പാക്കിയുപേക്ഷിച്ചത്?. ഏതു കാമുകനു വേണ്ടിയാണെങ്കിലും ഏത് അമ്മക്കരങ്ങളുടെ ഓർമ്മയ്ക്കാണെങ്കിലും അതു വന്നാൽ വൃത്തിയായി സൂക്ഷിയ്ക്കാത്തതിനു എന്തു ന്യായം പറയാനുണ്ട്?
പഴകിയ ഉടുപ്പുകൾ, ബ്ലൗസുകൾ, ബ്രാകൾ, അടിപ്പാവാടകൾ, ഒന്നര മുണ്ടുകൾ പോലും എനിക്ക് കളയുവാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇന്നും അമ്മയുടെ മരണത്തിന്റെ അഞ്ചാം വർഷത്തിലും വെളുത്ത പഴയ നൈറ്റി ഞാനിടുന്നു.
അതെങ്ങനെയെന്നു എത്ര ഓർത്തിട്ടുമെനിക്ക് പിടികിട്ടിയില്ല. എന്റെയമ്മ തേപ്പായി കെട്ടിവെച്ച പഴകിയ തുണിപോലും നാലു വർഷം കഴിഞ്ഞിട്ടും എനിക്ക് ഉപേക്ഷിക്കാൻ കഴിയുന്നില്ലായിരുന്നു. അമ്മയുടെ പേഴ്സ്സിൽ നിന്നും കിട്ടിയ പഴയ ഇലക്ട്രിസിറ്റി ബില്ലുകൾ, ബസ് ടിക്കറ്റുകൾ, കൂൾബാർ ബില്ല്, ഒരു നോട്ടീസ് ഒക്കെയും അതേ പേഴ്സിലിരുന്നു. പഴകിയ ഉടുപ്പുകൾ, ബ്ലൗസുകൾ, ബ്രാകൾ, അടിപ്പാവാടകൾ, ഒന്നര മുണ്ടുകൾ പോലും എനിക്ക് കളയുവാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇന്നും അമ്മയുടെ മരണത്തിന്റെ അഞ്ചാം വർഷത്തിലും വെളുത്ത പഴയ നൈറ്റി ഞാനിടുന്നു. ഗീതച്ചേച്ചി പറഞ്ഞതു പോലെ അമ്മമണമുണ്ടായിരുന്നു അതിന്.
ഞങ്ങളുടെ കുടുംബത്തിലെവിടെയോ അദൃശ്യവേരായി പടർന്നു കിടക്കുന്ന ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും കഠിന ഞരമ്പ് ഗീതച്ചേച്ചിയിൽ കൂടുതലായി തിണർത്തിരുന്നു. വിലാസിനി വെല്ല്യമ്മയ്‌ക്കോ പ്രഭാകരവെല്ല്യച്ചനോ കണ്ടെത്താനോ ചികിത്സിപ്പിക്കാനോ ആകാത്ത ഒന്നു. സഹോദരങ്ങളില്ലാത്തതിനാലും ഏകാകിയായിരുന്നതിനാലും അത് ഗീതേച്ചിയെ വിഴുങ്ങി.
ആദ്യ ഭർത്താവായ ശിവേട്ടനുമായുള്ള ജീവിതം തുടക്കത്തിൽ വളരെ നല്ലതായിരുന്നു. സാധുവും സാത്വികനുമായിട്ടാണ് എനിക്കദ്ദേഹത്തെ തോന്നിയിട്ടുള്ളത്. പാവവുമായിരുന്നു. പാലക്കാട്ടെ ഒരു സാധാരണ കലാകുടുംബത്തിലെ ഒരേയൊരു ആൺകുട്ടി.. അയാൾക്കാണാ പാനപാത്രം വിധിച്ചത്.
ഗീതച്ചേച്ചി ഗർഭിണിയായപ്പോൾ ഞങ്ങൾ. ഞാനും ലീല വെല്യമ്മയും കിരണും കോയമ്പത്തൂരിൽ അവരെ കാണാൻ പോയി. മധുരപലഹാരങ്ങൾ കൊണ്ടു പോയി. ജിലേബികൾ തിന്നുമ്പോൾ ഗീതച്ചേച്ചി എനിക്കൊരു കഷണം നീട്ടി.
""കഴിയ്ക്ക് നല്ല സ്വാദുണ്ട്''
""വേണ്ട. ഞാൻ വേറെ എടുത്തോളാ'' ഗീതച്ചേച്ചിയുടെ ശാന്തവും പ്രസന്നവുമായ മുഖവും ചോദ്യവും എന്നെ ആശ്ചര്യപ്പെടുത്തി. ജീവിതത്തിലാദ്യമായാണ് എന്തെങ്കിലും വേണോയെന്നു ചോദിക്കുന്നത്. ചെറുപ്പത്തിലെ ബോൺവിറ്റ ഐസും ക്രീം ബിസ്‌ക്കറ്റും കടന്നു ഗീതേച്ചി വയസ്സറിയിച്ച അന്നത്തെ ദിവസം ഞാനോർത്തു. കളമെഴുതി അരിയിട്ട് ഭംഗിയായ് ഒരുക്കി അണിഞ്ഞിരുന്ന നായർ രീതിയിലെ തിരണ്ട് കല്യാണം നടത്തുന്നുണ്ടായിരുന്നു. കോയമ്പത്തൂരിലായതിനാൽ തമിഴത്തിപ്പെണ്ണുങ്ങൾ ധാരാളമായി വന്നു. പട്ടും പൂവും കുങ്കുമവും കുപ്പിവളയും മധുര പലഹാരങ്ങളും അവർ സമ്മാനം നൽകി. ഓരോ സമ്മാനപ്പൊതികളും ഗീതച്ചേച്ചി വാങ്ങിയെടുത്തു.
""ഇദിന്റ്യാ. ഇതിനിക്കാ. അയ്യൊ ഇദിയ്ക്കി വേണം'' അങ്ങനെ പറഞ്ഞു പറഞ്ഞു പലഹാരപ്പൊതികൾക്കു നടുവിൽ അണിഞ്ഞിരുന്ന ഗീതച്ചേച്ചിയെ ഓർത്ത് എനിക്ക് ചിരിപൊട്ടി.
കക്കിരിത്തണുപ്പും ഇളമ്പച്ചക്കറിക്കാലവും പൂക്കാലവും മഴമുദിർക്കാലവും എളുപ്പം തീർന്നു പോകുമെന്നു മരുവിൽ മൊരത്ത കള്ളിച്ചെടി മാനം മുട്ടെ പടരുമെന്നും ഞങ്ങളോർത്തില്ല...
അന്ന് ഗർഭവയറും വെച്ച് ഗീതച്ചേച്ചി ഞങ്ങൾക്ക് ആഹാരമുണ്ടാക്കി തന്നു. കിടക്കാൻ പുതിയ ബെഡ്ഷീറ്റും പില്ലോക്കവറും തന്നു. ജഗ്ഗിൽ വെള്ളം കൊണ്ടുത്തന്നു. ഉത്തമകുടുംബിനീമാറ്റം അവിശ്വസനീയമായിരുന്നു. ഞങ്ങളേവരും അത്ഭുതപ്പെട്ടു. വല്ലാത്തൊരുതരം ശാന്തതയായിരുന്നു അക്കാലത്തെ ഗീതേച്ചിയുടെ ജീവിതം. സ്‌നേഹിക്കപ്പെടുന്നതിന്റെയും ശ്രദ്ധിക്കപ്പെടുന്നതിന്റെയും സമാധാനവും ശാന്തിയും അവർക്ക് ജീവിതത്തിൽ ആദ്യമായാണ് കിട്ടുന്നത്.
രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങൾ പാലക്കാട്ട് വഴി ട്രയിനിൽ പോന്നു. അന്നൻ മല ദൂരെ ശാന്തമായിക്കണ്ടു. സൂര്യചിഹ്നത്തിൽ വോട്ടു ചെയ്യാനാവശ്യപ്പെട്ടുകൊണ്ടും മലമ്പാറകൾ ചുണ്ണാമ്പു പൂശിയിരുന്നു. തളിർ വെണ്ടയും കക്കിരിയും പാകമായി നിൽക്കുന്ന പാടങ്ങൾ കഴിഞ്ഞു കള്ളിച്ചെടികൾ കൈതച്ചക്കപോലത്തെ കായുമായി കാടുതീർത്ത വരണ്ടപാടങ്ങൾ കണ്ടു. ഗീതച്ചേച്ചിയുടെ ജീവിതം പോലെയായിരുന്നു ആ റെയിൽപ്പാതയോരങ്ങൾ....
കക്കിരിത്തണുപ്പും ഇളമ്പച്ചക്കറിക്കാലവും പൂക്കാലവും മഴമുദിർക്കാലവും എളുപ്പം തീർന്നു പോകുമെന്നു മരുവിൽ മൊരത്ത കള്ളിച്ചെടി മാനം മുട്ടെ പടരുമെന്നും ഞങ്ങളോർത്തില്ല...
ആർട്ടി നഗറിലെ ഇടത്തരക്കാർക്കുള്ള ഫ്ളാറ്റിന്റെ ഫാനിൽ മറ്റൊരു ലീഫു പോലെ അവൾ നിന്നാടുമെന്നും ഞങ്ങളോർത്തില്ല.
മുപ്പത്തിമൂന്നാം വയസ്സിൽ നഗ്‌നമായ ഉടലോടെ എഫ്.ഐ.ആർ ടേബിളിൽ കിടക്കുന്ന അവളെക്കണ്ട് ഞങ്ങൾ പെണ്ണുങ്ങൾ പൊട്ടിക്കരയുമെന്നും...▮
(തുടരും)