ഇന്ദുമേനോൻ

എന്റെ ഹൃദയം അത്തിപ്പഴം;
അവർ മുതലത്താന്മാർക്ക് പ്രേമം

എന്റെ കഥ- 19

എന്നെ സ്‌നേഹിച്ച കോന്തൻമാർക്കൊന്നും എന്റെ സ്‌നേഹം മനസ്സിലായില്ല. ആത്മാവിലും ഹൃദയത്തിലും ഉടലിലും ഞാൻ യഥാർത്ഥമായി പ്രേമിക്കുന്ന ആ ഒരുവനുവേണ്ടി മുറിവാകുവാൻ ആഗ്രഹിച്ചു.

ന്റെ പ്രേമം, എന്റെ വിനാശകാരിയായ പ്രേമം.
മുറിവുകൾക്കുമീതെ മുറിവും വേദനകൾക്കുമീതെ വേദനയും ഉടലിലാണ്ട് ആത്മാവിൽ വിനാശകാരിയായി കുടി കൊണ്ട പ്രേമപെൺചോദന. പരിണാമപരെ അളന്നാൽ ഞാനെന്നവൾ ശരാശരിപ്പെണ്ണാണ്. ഇണയ്‌ക്കൊപ്പം കുട്ടികളെയും കൂട്ടി ശാന്തമായി ജീവിക്കണമെന്നാഗ്രഹിക്കുന്നവൾ.

പുരുഷനില്ലെങ്കിൽ ഒരു തേങ്ങയുമില്ലെന്നു ശരിയ്ക്കും മനസ്സിലാക്കിയ ശേഷവും ഞാൻ ഇണകളുടെ സ്‌നേഹത്തിൽ അഥവാ പ്രേമത്തിൽ വിശ്വസിച്ചു.

മുറിവുകൾക്കും പ്രാണസങ്കടത്തിനും വേണ്ടി ആത്മാവ് കുതികൊണ്ടപ്പോൾ, വേദനിച്ചും ചോരയൊലിച്ചും മതിയാകാതെ ഹൃദയം ആസക്തിയോടെ കേണപ്പോൾ ഞാൻ പ്രേമത്തെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിച്ചു.

ദാമ്പത്യത്തിൽ തോറ്റുപോയ ഒരു സ്ത്രീയ്ക്ക് എന്തുകൊണ്ട് വീണ്ടും പ്രേമിച്ചുകൂടാ? എന്തുകൊണ്ട് ആരെയെങ്കിലും പ്രേമിച്ച് എന്റെ പ്രേമത്തിന്റെ കയങ്ങളിൽ തള്ളിയിട്ട് കൊന്നുകൂടാ.?

നിരാസത്തിന്റെ ചതവുകൾ എന്നെ അശരണയായ സ്ത്രീയാക്കി.
നിലവിളിക്കുന്നവളും മുറിവു പറ്റിയവളും ചോരയൊഴുകിയവളുമാക്കി.

എന്നെ സ്‌നേഹിച്ച കോന്തൻമാർക്കൊന്നും എന്റെ സ്‌നേഹം മനസ്സിലായില്ല.
ഞാൻ ആത്മാവിലെ മുറിവുകൾക്കുവേണ്ടി ആസക്തിയോടെ ഉഴന്നു. ആത്മാവിലും ഹൃദയത്തിലും ഉടലിലും ഞാൻ യഥാർത്ഥമായി പ്രേമിക്കുന്ന ആ ഒരുവനുവേണ്ടി മുറിവാകുവാൻ ആഗ്രഹിച്ചു.

ഞാൻ അമ്മുവിനെ വിളിച്ചു. ഞാൻ സ്റ്റെഫിയെ വിളിച്ചു. ഞാൻ കുഞ്ഞുവിനെ വിളിച്ചു. ഞാൻ നവ്യയെ വിളിച്ചു; പ്രേമിയ്ക്കാനും പ്രേമിക്കപ്പെടാനുമുള്ള എന്റെ പദ്ധതിയെക്കുറിച്ചു പ്രഖ്യാപിച്ചു.
ഒരിടത്ത് മനസ്സ് ഭീഷണമായി. സമാധാനത്തെ തകർത്ത് പ്രേമിയ്ക്കാനുള്ള തീരുമാനങ്ങൾ എടുക്കരുതെന്ന് എന്നോടു തന്നെ ഞാൻ സ്വയം ജാഗ്രത്തായി. ഞാനൊരു കലഹിണിയായി മാറിയിരുന്നു. ജീവിതത്തിൽ സംഭവിക്കുന്ന അടികൾ എന്റെ ദുർബലഭാഗങ്ങളെ തഴമ്പിപ്പിച്ചു. പ്രേമത്തിന്റെ വേരുകൾ അറുന്നുപോയി. അങ്ങനെയൊന്നു ഹൃദയത്തിലുണ്ടോ എന്ന് ആരും അത്ഭുതപ്പെടും വിധം ഞാൻ പരുപരുത്തും ചപ്രച്ചും പോയി.

എങ്കിലും അഞ്ചു വർഷങ്ങൾക്കിപ്പുറം എന്റെ തഴമ്പുകൾ മാഞ്ഞുതുടങ്ങിയിരുന്നു. അവയിലൂടെ എന്റെ ഹൃദയത്തിലെ അത്തിമരം പൂത്തുതളിർത്തു. ഇളയ ഇലകൾ വെളിയ്ക്കിട്ട്, കാറ്റിൽ കൈതൊട്ട്, തലയാട്ടിപ്പൂവുകൾ സുഗന്ധമിറ്റിച്ച് അതങ്ങനെ എന്നെ ഇളതരമാക്കി. കാട്ടുതേൻ രുചിയ്ക്കുന്ന അത്തിപ്പഴങ്ങൾ പഴുക്കുന്നുണ്ടായിരുന്നു.

ഗന്ധം കേൾക്കെ പുരുഷന്മാർ എന്നിൽ ആകൃഷ്ടരാകുന്നു.
എന്റെ മനസ്സ് പറഞ്ഞു, പ്രേമിക്കാം സുന്ദരനായ പുരുഷാ നീ വരിക.
മറ്റു ചിലപ്പോൾ തോന്നി പുരുഷാ, നായിക്കാട്ടമേ മാറി നിൽക്കടാ പട്ടീ. കാരണം ആത്മാവുകൊണ്ടുള്ള പ്രേമങ്ങൾക്ക് പുരുഷൻമാർക്ക് താത്പര്യമേ ഇല്ലായിരുന്നു. അവർ ഉടലിന്റെ പ്രേമങ്ങൾ കാംക്ഷിയ്ക്കുന്നു. ഹൃദയത്തിലെ അത്തിപ്പഴങ്ങളെ ചുംബിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അവർ നെഞ്ചിലെ മുന്തിരികളെ ആഗ്രഹിക്കുന്നു. നാഭിയിലെ താമരകളെ ആഗ്രഹിക്കുന്നു. പ്രേമത്തെ രത്യവത്കരിക്കുന്ന ഫോർമുലയിൽ എനിക്ക് താത്പര്യമോ ധൈര്യമോ ഉണ്ടായിരുന്നില്ല. ആത്മീയമായ ഒരു പ്രേമത്തിൽ പെട്ട് മരിച്ചു പോകാൻ ഞാൻ ആഗ്രഹിച്ചു. അവനെക്കുറിച്ച് ഞാൻ ആത്മീയാശ്ലീലകരമായി ചിന്തിക്കണമെന്നും ആത്മാവുകൊണ്ട് അറം പറ്റിയ കവിതയെഴുതണമെന്നും ആഗ്രഹിച്ചു. അവനാര് ആര് എന്നതിന് എനിക്കൊരുത്തരവും ഉണ്ടായിരുന്നില്ല.

സ്വർണ്ണാപ്പിളുകൾ പോലെ തുടുത്ത തോളുകളും കടൽജലനിറക്കണ്ണുകളുമുള്ള ഒരുവൻ വരുമെന്നും അവനെന്റെ മുറിവാകുമെന്നും അവനെന്റെ ഔഷധമാകുമെന്നും ഞാൻ സദാ പ്രത്യാശിച്ചു. ആരും എന്റെ ജീവിതത്തിൽ വന്നില്ല.. ഉണ്ടായില്ല...

കറുത്ത കൃഷ്ണമണികളുള്ള മനുഷ്യരാവരുത് അവരെന്ന് എന്റെ ആത്മാവ് ശാഠ്യം പിടിച്ചു. ചുരുളൻ മുടിയുള്ളവരാകരുത് എന്നും ശാഠ്യം പിടിച്ചു. ഏതിളങ്കാറ്റ് വീശിയാലും പട്ടുനൂൽ ഇളകുന്നതരം മുടിയിഴകളും നെറ്റിയിൽ തുടിയ്ക്കുന്ന ഞരമ്പുള്ളവനും ആയിരിക്കണമെന്ന് വൃഥാ ആഗ്രഹിച്ചു. സ്വർണ്ണാപ്പിളുകൾ പോലെ തുടുത്ത തോളുകളും കടൽജലനിറക്കണ്ണുകളുമുള്ള ഒരുവൻ വരുമെന്നും അവനെന്റെ മുറിവാകുമെന്നും അവനെന്റെ ഔഷധമാകുമെന്നും ഞാൻ സദാ പ്രത്യാശിച്ചു.

ആരും എന്റെ ജീവിതത്തിൽ വന്നില്ല.. ഉണ്ടായില്ല...

ആയിടയ്ക്ക് ഭാര്യ മരിച്ച് ഏകാകിയായ തന്റെ ഓഫീസറുടെ ദുഃഖത്തെക്കുറിച്ച് പദ്മ പറഞ്ഞപ്പോൾ എന്തുകൊണ്ട് അയാൾക്ക് ഒരു ജീവിതം നൽകിക്കൂടാ എന്ന് ഞാൻ ചിന്തിച്ചു. എന്നെ ആർക്കും വേണ്ടായിരുന്നു. തീർത്തും ഒറ്റയ്ക്കായ ജീവിതം എനിക്ക് അസ്വാസ്ഥ്യത്തിന്റെ പുതപ്പിട്ടു തന്നു. എന്റെ ചെറുപ്പകാലത്ത് ഞാനയാളെ കണ്ടിരുന്നു. ഞാനും അയാളെ അയാളുടെ ഭാര്യ വിളിക്കുംപോലെ ‘രവിയേട്ടാ' എന്നു തന്നെ വിളിച്ചു. പ്രേമിക്കത്തക്ക ഒരു കോപ്പും പക്ഷെ അയാളിൽ ഞാൻ കണ്ടിരുന്നില്ല. നല്ല തിളക്കമുള്ള കണ്ണുകളും ഉയരം കൂടിയ ശരീരവും നീണ്ട വെൺപയർ വിരലുകളും നീട്ടി അയാൾ ചിരിയ്ക്കുമ്പോൾ അയാൾക്കു ചുറ്റിലും സ്ത്രീകൾ കൂട്ടമായി നിന്നു. കർക്കശക്കാരനായ ഉദ്യോഗസ്ഥനായതിന്നൽ അയാൾക്ക് ചെറുപ്പം മുതലേ ശത്രുക്കളുമുണ്ടായി.

എന്റെ തല എന്താണിങ്ങനെ ഒക്കെ ചിന്തിക്കുന്നത് എന്നോർത്ത് എനിക്കുതന്നെ ലജ്ജ തോന്നി. ഇണയില്ലാതെ സ്ത്രീകൾക്ക് ജീവിക്കാൻ പറ്റുന്ന സാമൂഹ്യാന്തരീക്ഷം കേരളത്തിലില്ലായിരുന്നു. പ്രേമിക്കണമെന്ന് ആഗ്രഹിക്കുമ്പോൾ തന്നെ പ്രേമത്തിന്റെ ഓർമ തന്നെയും വിരസമായി ഉള്ളിൽ അടിച്ചുയർന്നു. ഒരേ സമയം പുരുഷന്മാരോട് ഭയവും അവജ്ഞയും തോന്നി. അതേ സമയം സ്‌നേഹിച്ചു സമാധാനത്തിൽ ജീവിക്കണമെന്ന തോന്നലുമുണ്ടായി. ഒരുവനേയും വിശ്വസിക്കാൻ പാടില്ലെന്നു മനസ്സു പറഞ്ഞു. ഒരുവനെയെങ്കിലും വിശ്വസിക്കണമെന്നും ആഗ്രഹിച്ചു.

അക്കാലത്ത് പദ്മയും ദാമ്പത്യജീവിതത്താൽ പരിക്ഷീണയായിരുന്നു.
ബാംഗ്ലൂരിലെ അവളുടെ വീട്ടിൽ വിരുന്നു വന്ന അവളുടെ അമ്മയെ വരെ അവളുടെ ഭർത്താവ് അടിക്കുവാൻ ശ്രമിച്ചു. അവൾ ദാമ്പത്യത്തിൽ നിന്ന്​ ഇറങ്ങി നടന്നു. അവളും എന്നെപ്പോലെ ഏകാന്തതയിൽ നല്ല പുരുഷന്മാരെ പറ്റിയോർത്തു, നല്ല ശാന്തവും കരുണയുമുള്ള പുരുഷസ്‌നേഹത്തെപ്പറ്റിയോർത്തു. സമാധാനമായി ജീവിക്കണമെന്ന് ആഗ്രഹിച്ചു. അവൾ എന്റെ സുഹൃത്തായിരിക്കുമ്പോൾ തന്നെ എന്റെ അനുജത്തിയെപ്പോലെ പ്രിയങ്കരിയുമായിരുന്നു. ഏകാന്തതയിൽ അവളെങ്ങാനും അയാളിലേയ്ക്ക് ബൗൺസ്സ് ചെയ്യുമോ എന്നും ഞാൻ ഭയന്നു. തോന്നലുകൾ രണ്ടും ഒന്നായ നിമിഷം ഞാൻ ചോദിച്ചു.
‘അയാളെ ഞാൻ പ്രേമിച്ചാലോ രവിയേട്ടനെ?'
‘കൊള്ളാം ചേച്ചി', പദ്മ് പൊട്ടിച്ചിരിച്ചു.
‘ഇങ്ങക്ക് ജെരേണ്ടോ ഫീലിയയാണെന്നല്ലെ ഇങ്ങളെ ഭർത്താവ് പറഞ്ഞത്?'
‘അതെ', ഞാൻ തലയാട്ടി.

മുമ്പൊരു വൃദ്ധപ്രണയികളുടെ പ്രേമത്തിനു ക്യാൻസർവാർഡിൽ നിന്നും ചുക്കാൻ പിടിച്ച എനിയ്ക്ക് അന്നത്തോടെ തന്നെ മതിയായിരുന്നു. എന്റെ തലയിലേയ്ക്ക് ചീത്തപ്പേരു വരാൻ ഞാൻ ആഗ്രഹിച്ചില്ല.
‘വേണ്ടായെ', ഞാൻ തൊഴുതു. ഡൽഹിയിലെ തണുപ്പിൽ പദ്മയുടെ വിഭാര്യനും സുന്ദരനുമായ ബോസ്സിനൊപ്പമുള്ള പ്രേമം തുടങ്ങുന്നതിനു മുമ്പേ ഞാൻ കട്ടു ചെയ്തു.
ഇനി ആര് എന്ന തോന്നലിൽ അരവിന്ദിനെ ഓർമ്മ വന്നു. എന്നോട് പതിവായി പ്രേമകവിതകളോ പാട്ടുകളോ പുതിയതുണ്ടോ എന്ന് ചോദിക്കുന്ന അതിസുന്ദരനായ അലിവോലുന്ന ആ ചെറുപ്പക്കാരനെ ഞാൻ പൊടുന്നനെ ഓർത്തു.
‘കൊള്ളാം', ഞാൻ അയാളുടെ പേര് ലിസ്റ്റിൽ ഒന്നാമതായി തന്നെ എഴുതി വെച്ചു. സ്ത്രീകൾ തോറ്റു പോകുന്ന സൗന്ദര്യമായിരുന്നു അയാൾക്ക്. വേണ്ടതിലധികം പണം. കവിത തുളുമ്പുന്ന ഹൃദയം. ചെമ്പനോടിയ ബുൾഗാനിൻ താടി. ആറുകട്ട പേശിയുറച്ച വയർ ഉൾവലിഞ്ഞ കിളരയുടൽ. മനോഹരമായ ആൺശബ്ദം. പാട്ടുകൾ അയാൾ ഗൗരവമായ് പാടുന്നത് കേട്ടാൽ നമ്മൾ അലിയും. അയാളെക്കാൺകെ പെൺകുട്ടികൾ ഹൃദയമിടിപ്പ് നിന്ന് സ്തബ്ധരാകുന്നത് ഞാൻ കണ്ടു. എല്ലാവരോടും അലിവുള്ള പ്രകൃതമായിരുന്നു അവന് എന്നാൽ അവനാരെയും പ്രത്യേകമായി ശ്രദ്ധിക്കാറുമില്ലായിരുന്നു. ആർക്കും എന്തു സഹായവും ചെയ്തു കൊടുക്കും. അത്രതന്നെ. എന്നാൽ അവൻ എന്നെയെപ്പോഴും കാര്യമായി പരിഗണിയ്ക്കാൻ ആരംഭിച്ചു. അവനു ഞാൻ മറ്റാരേക്കാളും പ്രിയങ്കരിയെന്നതും എനിക്ക് കൗതുകകരമായി തോന്നി.

ജീവിത കിണറുകളിൽ നിന്ന്​ പ്രേമമെടുക്കാൻ മറന്നവളായിരുന്നു ഞാൻ.
എന്റെ കയ്യിലെ കപ്പിയും കയറും വീണുപോയി. സമാധാനത്തിന്റെ പാതാളക്കരണ്ടികൾ ഇരുട്ടിൽ കിണറ്റിലിറക്കി തപ്പുന്നവളെപ്പോലെയായിരുന്നു ഞാൻ

അരവിന്ദിന്റെ സുഹൃത്തും എന്റെ കുട്ടിക്കാലം മുതലേയുള്ള സുഹൃത്തുമായ രവിശങ്കറിനോട് ഞാനെന്റെ കൗതുകം പറഞ്ഞു. ആളാരാണെന്നോ എന്താണെന്നോ പറഞ്ഞില്ല.
‘കേട്ടിടത്തോളം ഒരു പുതിയ പ്രേമത്തിന്റെ മരം മുളയ്ക്കുകയാണ്. നിയെന്തായാലും പ്രേമിക്കണം. പ്രേമവസന്തമല്ലെ എഴുത്തിന്റെ അടിസ്ഥാനം. നല്ല രസകരമായ പ്രേമയെഴുത്തുകൾ വരും. ഇപ്പോൾ നിന്റെ കഥകളിലപ്പടി പ്രേതയെഴുത്തുകളാണ്.’
‘നിനക്ക് വായിച്ച് രസിക്കാനല്ല’, ഞാൻ കോപം പൂണ്ടതായിക്കാണിച്ചു.
‘ആട്ടെ തായെ ആട്ടെ. നിന്റെ ഭൈമീകാമുകരായ വായനക്കാരുടെ നെഞ്ച് തകർക്കല്ലെ തായെ' , അവൻ കളിയാക്കിക്കൊണ്ട് കൈകൂപ്പി.

ജീവിത കിണറുകളിൽ നിന്ന്​ പ്രേമമെടുക്കാൻ മറന്നവളായിരുന്നു ഞാൻ.
എന്റെ കയ്യിലെ കപ്പിയും കയറും വീണുപോയി. സമാധാനത്തിന്റെ പാതാളക്കരണ്ടികൾ ഇരുട്ടിൽ കിണറ്റിലിറക്കി തപ്പുന്നവളെപ്പോലെയായിരുന്നു ഞാൻ. ജീവിതത്തിൽ നിന്നും വേരു പറഞ്ഞു പോയ പ്രേമം കോരിയെടുക്കുവാനുള്ള പാഴ്ശ്രമം. വിചിത്ര സ്വപ്നം കണ്ട്, 78 ദിവസങ്ങളായി എനിക്ക് നഷ്ടപ്പെട്ട ഉറക്കം പ്രേമം വീണ്ടെടുത്തു തരുമെന്നു കരുതി. ആ വിചിത്ര സ്വപ്നത്തിന്റെ ഭയപ്പാടിൽ ഞാൻ ഞെട്ടിയുണർന്നിരുന്നു. ഹൃദയം ഓടിയതു പോലെ പുറത്തെയ്ക്കു മിടിച്ചു. കണ്ണുകളിൽ നിന്നും ചതുക്ഷരീഗോപാല രത്‌നമഴ പോലെ കണ്ണീർത്തുള്ളികൾ തുളുമ്പി. ഉറക്കത്തിൽ ഞാൻ കരയുകയായിരുന്നുവെന്നത് എന്നെ അലട്ടി. ഏകാകിയായ് ഞാൻ ഓടുന്ന സ്വപനം. എനിക്ക് ഉറക്കത്തിലും സമാധാനമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.. രാത്രിയിൽ ഒറ്റയ്ക്ക് ഭയന്നു കിടക്കുമ്പോൾ എനിക്ക് പ്രത്യക്ഷമായ സമാധാനയിടങ്ങൾ ഇല്ലെന്നു തോന്നി.

സ്വത്ത്​ തട്ടിയെടുത്തെന്നു നുണ പ്രചരിപ്പിക്കയും എനിയ്ക്ക് ജാരനമാരെയുണ്ടാക്കുകയും ചെയ്ത സഹോദരനാണോ ജെറെൻഡോഫീലിയയെന്നു അവമതിപ്പെടുത്തിയ ഭർത്താവാണോ ആരാണ് എന്റെ മനസ്സിനകത്തെ സമാധാനം തുലച്ചതെന്ന് എനിയ്ക്ക് പിടികിട്ടിയില്ല. യഥാർത്ഥത്തിൽ എനിക്ക് മനസ്സിനകത്ത് സമാന്തരമായ ഒരു സമാധാന ഇടമുണ്ടായിരുന്നു. തണുപ്പും സ്‌നേഹവും മനുഷ്യരുടെ നന്മയും വിശ്വസിയ്ക്കുന്ന ഒരിടം. ഉറങ്ങാൻ പോകുമ്പോൾ ഞാനെന്നെ അങ്ങോട്ട് കൊണ്ടു പോകുമായിരുന്നു,..ആ ഇടത്തിലെ തണുപ്പും ചൂടും കൊണ്ട് മാത്രമാണ് ഞാൻ പിടിച്ചുനിന്നത്.

ആത്മഹത്യചെയ്യുവാൻ തോന്നുന്ന ഓരോ പന്ത്രണ്ടു മണികളിലും അച്ഛന്റെ നിസ്സഹായമായ കൂർക്കം വലി എന്നെ ജീവിതത്തിലേയ്ക്ക് പിടിച്ചു വലിയ്ക്കും. ഉറക്കത്തിൽ എന്റെ മകൻ അമ്മ അമ്മ എന്നു ഞെട്ടുന്നത് കേൾക്കെ എന്റെ നെഞ്ചിൽ വിള്ളലുണ്ടാകും. ‘എന്റെ ദൈവമേ സമാധാനപൂർണമായി ആത്മഹത്യചെയ്യാനും എന്നെപ്പോലെയുള്ള മനുഷ്യർക്ക് കഴിയുകയില്ല.'

സമാധാനത്തിന്റെ സമാന്തരമായ ഇടവും ഇടയ്ക്ക് അടഞ്ഞുപോലെയാകും. വിഷാദമുറഞ്ഞ് ചോരകിനിഞ്ഞു കട്ടയായി, എന്റെ അത്മാവിലേയ്ക്കുള്ള സമാധാന ഇടങ്ങൾ അടഞ്ഞു കൊണ്ടിരുന്നു.

അരവിന്ദിന്റെ സ്വഭാവത്തിൽ വല്ലാത്തൊരു മാറ്റമുണ്ടായിരുന്നു. അദൃശ്യനായ കാമുകരൂപി അവനിൽ തുടിക്കുന്നത് എനിക്ക് കാണായി. മറ്റു മാറ്റങ്ങൾ കാൺകെ അതൊരു കൊടിയ കാമുക പരിവർത്തനമാണെന്ന് എനിക്കുറപ്പുമായി. അത് അവനു വെളിപ്പെടുത്താനുള്ള ഇടം നൽകേണ്ട താമസമേയുള്ളു എന്നെനിക്ക് തോന്നി.
‘മിയാൻ കി മൽഹാർ രാഗത്തില് ഏതെങ്കിലും നല്ല കോമ്പോസിഷൻ... പ്രേമമൂഡിൽ.’
‘ശുഭപന്തു വരാളി കാമവർദ്ധിനി തന്നെയാണോ?’
‘എനിക്ക് രാഗങ്ങളെക്കുറിച്ചറിയില്ല’, ഞാൻ ഒഴിഞ്ഞു മാറി
‘പ്ലീസ് പ്ലീസ്​.. നെരൂദയുടേ ആ കവിത അയക്കൂ.’

വളരെ നന്നായി മനുഷ്യരോട് ഇടപഴകുകയും സഹജീവികളോട് മാന്യമായി പെരുമാറുകയും കരുണകാണിക്കുകയും ചെയ്ത ഒരു മനുഷ്യനോട് എനിക്കുള്ള ബഹുമാനം ഞാനെപ്പോഴും അരവിന്ദിനു നൽകിയിരുന്നു. എന്നാലവന്റെ ആ പരിവർത്തനം എനിക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ അഷിഷ്ണുവായി. പ്രതീക്ഷിച്ച പോലെ ആ ദിവസം വന്നെത്തി. അവന്റെ പെരുമാറ്റങ്ങൾ എനിക്ക് അത്രയും അസഹനീയമായിരുന്നു. ഞാൻ തന്നെ സംസാരിക്കാനുള്ള തീരുമാനത്തിനോട് യോജിച്ചു. എത്രപെട്ടന്നാണ് ഇവരൊക്കെ ജീവിതത്തിൽ അസഹനീയമാവുന്നത്.
‘എനിക്ക് വെറുപ്പു പിടിക്കുന്നു’ എന്നുറക്കെ വിളിച്ചു പറയാൻ ഞാൻ ആഗ്രഹിച്ചു. അവൻ പറയുന്നതു പോലെ അത് നേരിട്ട് പറയാമെന്നു കരുതി. അവൻ എന്നെ വിളിച്ചു; ‘വളരെ വ്യക്തിപരമായ ഒരു കാര്യം പറയണം 10 മിനുട്ട് വേണം.’
‘ഫോണിൽ പറയൂ. ഞാൻ തിരക്കിലാണ്', ഈ പതിവുമറുപടി ഞാൻ പെ​ട്ടെന്ന്​ഒഴിവാക്കി. ഒഴിവാക്കിയാലൊന്നും അവസാനിക്കുന്നതല്ല ഈ പ്രശ്​നം.
‘വരാം ശനിയാഴ്ച വൈകീട്ട് 5 മണിയ്ക്ക്. ബീച്ച് ഹോട്ടൽ’, ഞാൻ സമ്മതിച്ചു.
‘താങ്ക്യൂ', അവന്റെ ശബ്ദം മൃദുവായി.

ഗതികെട്ടാണ് മനുഷ്യർ പ്രേമത്തിലകപ്പെടുന്നതെന്ന് എനിക്ക് അക്കാലത്തൊന്നും മനസ്സിലായിരുന്നില്ല. ഞാൻ ഗർവ്വിയും അഹന്തയുള്ളവളുമായിരുന്നു. എന്റെ കൊമ്പുകളെ ഒരു ഗതികേടിലും ഞാൻ ഒടിച്ചിട്ടില്ല.

ശനിയാഴ്ചയായി. അവന്റെ ചോദ്യവും ആവശ്യവും ഞാനൂഹിച്ചു.
അതിനു തക്ക മറുപടിയും ഞാൻ കാത്തു വെച്ചു. ഒരേ സമയം ആരെയെങ്കിലും സ്‌നേഹിച്ച് പ്രേമിച്ച് ജീവിക്കണമെന്ന് ആഗ്രഹിക്കയും അത് സ്വാഭാവികമായി ഹൃദയത്തിലില്ലാത്തതിനാൽ വിഷമിക്കുകയും ചെയ്യുന്ന ശരാശരി സ്ത്രീയായിരുന്നു ഞാൻ.
‘എന്നാൽ പിന്നെ ഫ്‌ളേർട്ടിയ്‌തോ', എന്റെ സുഹൃത്ത് നയന ഉപദേശിച്ചു.
‘ഇത്തിരി സമാധാനാമുണ്ടാവും', അതും എനിക്ക് ശരിയാവുകയില്ലായിരുന്നു. ഫ്‌ളേർട്ടുകളായ സ്ത്രീപുരുഷരെ ഞാനെപ്പോഴും അവജ്ഞയോടെയാണ് കണ്ടത്. എന്നോട് പ്രേമമറിയിക്കുന്നവരോടും എന്റെ ഈഗോ പ്രവർത്തിച്ചിരുന്നു എന്നതാണ് വാസ്തവം. അവരെ ഞാൻ പിച്ചക്കാരായിക്കണ്ടു. അപമാനിച്ചില്ലെങ്കിലും ഒരു മതിപ്പില്ലായ്മ പ്രേമരോഗികളോട് ഞാൻ സൂക്ഷിച്ചു.

ഗതികെട്ടാണ് മനുഷ്യർ പ്രേമത്തിലകപ്പെടുന്നതെന്ന് എനിക്ക് അക്കാലത്തൊന്നും മനസ്സിലായിരുന്നില്ല. ഞാൻ ഗർവ്വിയും അഹന്തയുള്ളവളുമായിരുന്നു. എന്റെ കൊമ്പുകളെ ഒരു ഗതികേടിലും ഞാൻ ഒടിച്ചിട്ടില്ല. എന്റെ തലയുയർന്നു നിൽക്കണമെന്നു ഞാൻ വിചാരിച്ചു. പേങ്ങാട്ടങ്ങാടിയിലെ സദാചാരബോധം ചാരം പൂശിയ അഘോരിണിയായിരുന്നു ഞാൻ. ചീത്തപ്പേരുകളെ വല്ലാതെ ഭയന്നു. അനാവശ്യമായ ചില സദാചാരനിർബന്ധങ്ങൾ ഞാൻ വെച്ചു പുലർത്തി. എഴുത്തിലൊരാളും ജീവിതത്തിൽ മറ്റൊരാളും ആയി ഞാൻ ജീവിച്ചു. കഴുത തന്റെ കാമം കരഞ്ഞു തീർക്കുന്നതു പോലെ ഏകാകിയായ ഒരുവൾ തന്റെ ഏകാന്തതയിലെ പ്രത്യാശയായ പ്രേമത്തെക്കുറിച്ച് നിലവിളിച്ചു ജീവിതം തീർത്തുകൊണ്ടിരുന്നു.

പതിവിലും സുന്ദരനായി അരവിന്ദ് വന്നു. ജലത്തിലേയ്ക്കിറ്റിയ ഉജാലത്തുള്ളികളുടെ ചിതറിയ ലൈലാക്ക്‌നിറ ഷർട്ടിൽ അയാൾ മനോഹരമായി തിളങ്ങി. ചീകിവെച്ച ചുരുൾമുടിയും അശാന്തകണ്ണുകളും യേശുക്രിസ്തുവിന്റെ ഛായയിൽ അവനെ ഇരുത്തി. ബീച്ച് റസ്​റ്റോറൻറിലെ പുൽത്തകിടിയിലെ മേശയ്ക്കിരുവശം ഞങ്ങളിരുന്നു. കടലിരമ്പുന്ന നേർത്തശബ്ദം. ജലം പൂഴിയിലുരസുമ്പോൾ ഉണ്ടാകുന്ന വഴുക്കലിന്റെ ശബ്ദം. ഞാൻ ചെവിയോർത്തു. ഐസു കട്ട ഒരതിയന്ത്രത്തിൽ ഉരസുമ്പോൾ ഉണ്ടാകുന്ന ശബ്ദം. കടലക്കാർ, പായസക്കാരൻ ഒരു മതിലിനപ്പുറത്തെ കടൽലോകം ഞാൻ കേൾക്കാൻ ശ്രമിച്ചു. അരവിന്ദ് വളരെയേറെ അസ്വസ്ഥനായിരുന്നു. പ്രേമിക്കാനും പ്രേമത്തെക്കുറിച്ച് പറയാനും വരുന്നതിന്റെ അപ്പുറത്ത് അസ്വസ്ഥൻ. അവൻ പതിയെ വിഷയത്തിലേയ്ക്കു കടന്നു. ഞാൻ കരുതിയ അതേ റ്റ്രാക്ക് തന്നെ.
‘അത്, എനിക്ക്, പ്രായമൽപ്പം കൂടിപ്പോയി. ഇപ്പോൾ വീട്ടിൽനിന്ന്​ വളരെയധികം പ്രെഷറുണ്ട്', മോഹീറ്റോയിലെ കസ് കസ് സ്വാഭാവികമായി ഇറക്കി.
‘കല്യാണം കഴിക്കൂ. അത് ജീവിതത്തിന്റെ ഭാഗമല്ലേ,’ ഞാൻ അതിലും സ്വാഭാവികതയോടെ പറഞ്ഞു.
ഫ്രൂട്ട് സലാഡിൽ ഒഴുകിയലിയുന്ന സ്‌ട്രോബറി ഐസ്‌ക്രീമിലേയ്ക്ക്​ ഞാൻ സ്പൂൺ താഴ്​ത്തി.
‘ഇന്ദു, നിങ്ങളെല്ലാം മനസ്സിലാക്കിയിട്ട് ഇങ്ങനെ പറയുന്നത് കഷ്ടമാണ്. നിങ്ങളും രവി ശങ്കറും ഈ വിഷയത്തെ പ്രതി സംസാരിച്ചിട്ടില്ലെ?'
‘ഇല്ല. തീർച്ചയായും ഇല്ല’, ഞാനെന്റെ പതർച്ച മറയ്ക്കാൻ ശ്രമിച്ചു. സത്യത്തിൽ ഞാൻ രവിശങ്കറിനോട് അരവിന്ദിന്റെ പേരു പറഞ്ഞിരുന്നില്ല. അയാൾ കടുത്ത പ്രേമരോഗത്തിലെന്നു മാത്രമേ പറഞ്ഞിരുന്നുള്ളു.
‘പ്ലീസ് ഇന്ദു', അവൻ കെഞ്ചുന്നതുപോലെ നിസ്സഹായനായി കൈകൂപ്പി
‘ഈ സമൂഹം വളരെ കൺസെർവേറ്റിവാണ്. അറിയാമല്ലൊ?', അയാളുടെ മുഖം ചുളിഞ്ഞു.
‘ഞാനും', ഞങ്ങളുടെ നോട്ടങ്ങൾ പരസ്പരം ഇടഞ്ഞു. എന്റെ ഉള്ളിൽ ദേഷ്യം പോലെ തോന്നി.
‘വേണ്ട, ഞാനിനി ഒന്നും പറയുന്നില്ല. രവിയല്ലെ ഇന്ദുവിന്റെ സുഹൃത്ത് അവൻ പറയട്ടെ.’
‘രവിയെന്നല്ല ആരുപറഞ്ഞാലും എനിക്കെന്താണ്. ഇത് അരവിന്ദിന്റെ മാത്രം വിഷയമല്ലെ?'
‘ഇന്ദു പ്ലീസ്​’, അരവിന്ദ് അസഹനീയതയോടെ തല വിസമ്മതഭാവത്തിൽ കുലുക്കി
‘രവി വരട്ടെ, ഞാൻ തന്നെ സംസാരിക്കാം', അവൻ പരിഭ്രമത്തോടെ പറഞ്ഞതും രവി വന്നു. അവനും പരിഭ്രമത്തോടെ എന്നെ നോക്കി. ഇരു മുഖങ്ങളിലും പകപ്പുണ്ടായിരുന്നു. ഒരു പക്ഷെ കുറ്റിക്കാട്ടിനപ്പുറത്തെ സീറ്റിൽ രവി വിളി കാത്തിരുന്നതാണോ എന്നു ഞാൻ ശങ്കിച്ചു. അത്ര കൃത്യം വരവായിരുന്നുവത്.
‘രവി', എന്റെ സ്വരം കാർക്കശ്യമാർന്നു.
‘ഈ പറയുന്ന വിഷയം നമ്മളെപ്പോഴെങ്കിലും സംസാരിച്ചോ?’.
‘ഇല്ല അതിനുള്ള ധൈര്യം. എനിയ്ക്ക്..', രവി തുപ്പലിറക്കി.
‘കേട്ടല്ലോ അരവിന്ദ്. ഞാനിതൊന്നുമറിഞ്ഞ ആളല്ല. കുടുംബമായി സമാധാനത്തോടെ ജീവിക്കുന്നു. ഇതൊക്കെ മാനേജ് ചെയ്യാൻ എനിക്കാവില്ല.’ ഞാൻ സ്പൂൺ താഴെ വെച്ചു.
‘അല്ല രവി, നീ നമ്മടെ നാട്ടുകാരെ പറ്റി ഓർത്തിട്ടുണ്ടോ? അവരെന്തൊക്കെ പറയുമെന്ന്?’, രവിയത് ഓർക്കാനാവില്ലെന്ന മട്ടിൽ തലയിളക്കി.
‘അപ്പോൾ എഴുതുന്നതൊക്കെ?', അരവിന്ദ് എന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
‘എഴുതുന്നതൊക്കെ ജീവിതാവോ? ആൾക്കാര് അംഗീകരിയ്‌ക്ക്യോ?'
‘നോക്കൂ ഞാനിത് രഹസ്യമായി വെയ്ക്കാനാണ് ആഗ്രഹിക്കുന്നത്. നമ്മൾ മൂന്നാൾക്കാരും മാത്രം അറിഞ്ഞാൽ മതി’, അരവിന്ദ് അങ്ങനെ പറഞ്ഞപ്പോൾ എന്റെ ദേഷ്യം ഇരട്ടിച്ചു.
‘ഓഹോ നന്നായിട്ടുണ്ട്', ഞാൻ പോകാനായി എണീറ്റു.
‘ഇന്ദൂ പ്ലീസ്. അരവിന്ദ് പറയുന്നത് ഒന്ന് മനസ്സിലാക്കണം. സൊസൈറ്റി ഇത് ആക്‌സെപ്റ്റ് ചെയ്യില്ല.’
‘അതോണ്ട് രഹസ്യക്കല്യാണോ? അതോ.. ച്ചെ എന്താടോ ഇത്?'
‘കല്യാണം തന്നെ ലീഗലി ചെയ്യാം’, അരവിന്ദ് മീശ തടവി.
‘പക്ഷെ, ഇന്ദു നിങ്ങള് പൂർണായിട്ട് സമ്മതിക്കണം.’
‘ആ ബെസ്റ്റ്. ഞാൻ പോണൂ’, അസഹനീയതയോടെ ഞാൻ കസേര തള്ളി മാറ്റി.
‘മേലാ ഇമ്മാരി വർത്താനും കൊണ്ട് എന്നെ വിളിക്കരുത്. കേട്ടല്ലോ?', എന്റെ സ്വരം ഭീഷണമായി. അരവിന്ദ് വിളറിപ്പോയിരുന്നു. ഞാനിങ്ങനെ കൈവിട്ടുകളയുമെന്ന് അവൻ കരുതിയിരുന്നില്ല.
‘പ്ലീസ്’, രവി എന്റെ കൈ പിടിച്ചു.
‘ഇന്ദുവല്ലാതെ മറ്റൊരു ഓപ്ഷൻ ഞങ്ങൾക്കില്ല. എന്റെ അമ്മ ഇന്ദു പറഞ്ഞാൽ കേൾക്കും?'
പെ​ട്ടെന്ന്​ ഞാൻ ജാഗ്രത്തായി, ‘രവിയുടെ അമ്മയ്ക്ക് ഇതിലെന്ത് കാര്യം? മനസ്സിലായില്ല.’
‘അല്ലടൊ, എന്റെ വീട്ടിലെ സിറ്റുവേഷൻ നിനക്കറിയാലോ. അവരാരും സമ്മതിക്കില്ല', ഇതെന്ത് കഥയെന്ന് എനിക്ക് സത്യത്തിൽ മനസ്സിലായില്ല. ഞാൻ ടേബിളിലേക്ക്​ ആഞ്ഞുനിന്നുകൊണ്ട് രവിയുടെ മുഖത്തേയ്ക്കു നോക്കി.
‘എടോ അരവിന്ദ് കെട്ടുന്നേനു നിനക്കെന്താടോ?'
‘ഇന്ദൂ, ഞാനാണ് അരവിന്ദിന്റെ പാർട്​ണർ.’
‘ദൈവമേ', എന്റെ കണ്ണ് മിഴിഞ്ഞു വന്നു. എന്റെയുള്ളിലെ ഗർവ്വിയായ സ്ത്രീ ഇളിഞ്ഞു. പ്രൊപ്പോസൽ എനിക്കല്ല രവിയ്ക്കാണ്. എന്റെ ദൈവമേ, അരവിന്ദും രവിയും ഇണകളാണ്. രാമനാട്ടുകര അങ്ങാടിയും വൈദ്യരങ്ങാടിയും പേങ്ങാടുമൊക്കെ വിമത ലൈംഗികതയുടെ തീയിൽ ചുട്ടു പൊള്ളുന്നത് ഞാൻ മനസ്സിൽ കണ്ടു. എനിക്ക് ചിരി വന്നു. എന്റെ ഉള്ളിലെ പ്രേമഡിറ്റെക്റ്റിങ് മെഷീൻ അരവിന്ദിന്റെ പ്രേമം കണ്ടെത്തി. പക്ഷെ ആർക്ക് എന്ന് ആരോട് എന്നൊക്കെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. ഏത് മനുഷ്യർ നമ്മളെ നോക്കിയാലും അവർക്കൊക്കെ നമ്മോട് പ്രേമമാണെന്ന ക്യാമ്പസുകാല ചിന്തയിൽ പ്രതി എനിക്ക് പറ്റിയ അബദ്ധം. ഞാൻ സാവകാശം കസേര വലിച്ചു.
‘തീർച്ചയായും ഞാൻ ഒപ്പമുണ്ടാവും. രജിസ്​റ്ററിൽ ഞാനൊപ്പിടൂലേ? പിന്നെന്താ?'

അരവിന്ദും രവിശങ്കറും പരസ്പരം നോക്കി. ഇവളെന്താണിങ്ങനെയെന്ന ഭാവം.
‘ഞെട്ടിപ്പോയോ?’
''മ്മ്ഹ്ഹ്'' അവർ തലകുലുക്കി.
‘ഒന്നു പറ്റിച്ചതല്ലെടോ', എന്നു ഞാൻ പറഞ്ഞു.
ആ ദിവസം അവിടുന്നു വാക്കു കൊടുത്തു ഞൻ പുറത്തിറങ്ങെ എന്റെ മനസ്സ് ശാന്തമായി. ലാഘവത്വം തോന്നി. പുറത്ത് ഒരത്ഭുതം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു...

കേരള ഭവനമെന്ന ലോഡ്ജിൽ വിജയശാന്തിയെന്ന പെണ്ണിന്റെ തമിഴുമുലകളിൽ നെഞ്ചുചേർത്ത് അയാൾ ക്ഷീണിച്ചുറങ്ങി. അയാളെന്റെ ഉറക്കത്തിൽ ജനലരികിലെ മഞ്ഞരളി മരമായി

​ഭാവിയിലേയ്ക്കുള്ള പ്രേമം

ടൽത്തീരത്തുകൂടി ഒരു രാജ്ദൂത് ബൈക്ക് അടിച്ചുമിന്നിത്തെളിഞ്ഞു പോയി. അതയാളായിരുന്നു. കാലത്തിന്റെ പരിക്കുകൾ മാറ്റിവെച്ചാൽ കുട്ടിക്കാലത്തേ ഞാൻ കണ്ട അയാൾ.
അയാളുടെ രാജ്ദൂത് ബൈക്കിന്റെ ശബ്ദം കേൾക്കെ ആദ്യ വിഷാദം എന്നിൽ ഉറപൊട്ടി. അമ്മയിൽ നിന്നും ഞാനറുന്ന പ്രാണസങ്കടത്തിൽ, ശ്വാസകോശം തുറന്നു കിട്ടാൻ വാതുറന്ന് ഞാൻ കരഞ്ഞു. രാജ്ദൂത് ബൈക്കുകൾ പോകുന്ന ശബ്ദം ഞാൻ ചെവി തുറന്ന് തൊട്ടിലിൽ ഒരിടിമുഴക്കം പോലെ കിടന്നു കേട്ടു. അയാളെന്നെ കാണാനെ വന്നില്ല. കേരള ഭവനമെന്ന ലോഡ്ജിൽ വിജയശാന്തിയെന്ന പെണ്ണിന്റെ തമിഴുമുലകളിൽ നെഞ്ചുചേർത്ത് അയാൾ ക്ഷീണിച്ചുറങ്ങി. അയാളെന്റെ ഉറക്കത്തിൽ ജനലരികിലെ മഞ്ഞരളി മരമായി. വെഷക്കായയുടെ മണമുള്ള വിരലുകൾ നീട്ടി ഇലപ്പച്ച തൊട്ട് അയാൾ കാറ്റിലുരുണ്ടപ്പോൾ വായിൽ എനിക്ക് മുലപ്പാൽ കയ്ച്ചു. അയാളൊരു മഞ്ഞരളി രുചിയായി.

വാക്‌സിനിൽ എനിക്ക് പനിച്ചു.
കാലിളകെ തുടയിലെ സൂചി പഴുതിൽ കടച്ചിലിളകി.
രാജ്ദൂതിൽ അയാളൊരു കാലിക്കുപ്പിയായി സഞ്ചരിക്കുന്നത് ഞാൻ കണ്ടു. തളയിളകെ എനിക്ക് നൊന്തു. മേഘമിറുന്നു മഴ പതറിയെന്നും ഇടി ഒരു ഹോണടിയായി വേഗം കൂടിയെന്നും ഞാനറിഞ്ഞു. അയാൾ എനിക്ക് തലയിലാത്ത ഒഴിഞ്ഞ വാക്‌സിൻ കുപ്പിയായി.

കടൽത്തീരത്ത് അയാളൊരു പെൺകുട്ടിക്കൊപ്പം നടന്നു.
അവളുടെ തുടകളിൽ അവന്റെ രാജ്ദൂതിന്റെ നമ്പർ പച്ച കുത്തിയിരുന്നു.
അവന്റെ പേരിന്റെ ആദ്യാക്ഷരം, തിരകളും അയാളും അത് മായ്ക്കാനെന്നവണ്ണം അതിലമർത്തി തടവിക്കൊണ്ടിരുന്നു. കടലിലെ മത്സ്യത്തിന്റെ ജനസംഖ്യ ദിനാദിനം പെരുകി. അയാളുടെ കാമുകിമാരെപ്പോലെ. ഒരുലക്ഷം കാമുകിമാർക്ക് അരയയാൾ എന്ന അനുപാതം പോലെയായിരുന്നു അത്.
എനിക്ക് ഇരുപത്തെട്ട് കെട്ടിയ അന്ന് അയാൾ വരുന്നതിന്റെ ശബ്ദം ഞാൻ കേട്ടു. രാജ്ദൂത് ബൈക്കിന്റെ മാസ്മരികമായ ശബ്ദം. തൊട്ടിലിൽ കിടക്കുന്ന പെൺകുട്ടി പ്രായപൂർത്തിയായ ഒരു പുരുഷനെ പ്രേമിക്കുക എന്ന അസംഭാവ്യസംഗതി സംഭവിച്ചു...
‘ഏടത്തി, നിങ്ങളുടെ മകളെവിടെ?' ആരോ എന്നെ തൊട്ടിലിൽ നിന്നുയർത്തി അയാൾക്കു കൊടുത്തു.

ഒരു തവളയെ കണ്ട പോലെ അയാളുടെ മുഖം ചുളിഞ്ഞു.
അയാളുടെ സ്ത്രീയ്ക്ക് വേണ്ട ഭംഗിയോ നിറമോ എനിക്കില്ലായിരുന്നു. ഗർഭജലത്തിലെന്നവണ്ണം ചുളിഞ്ഞ എന്റെ തൊലി അവിടവിടങ്ങളിലായി പൊളിഞ്ഞു വന്നിരുന്നു. വെള്ളനിറത്തിലൊരു പാട പോലെ. എനിക്ക് മുടിയില്ലായിരുന്നു. തലേന്ന് കടൽത്തീരത്തെ മണലിൽ അയാളുടെ മടിയിൽ തലവെച്ചു കിടന്ന കാമുകിയുടെ ചുരുൾമുടി കടലോളം പ്രക്ഷുബ്ധക്കറുപ്പിൽ അയാൾക്കായി കാറ്റിൽ കലമ്പിയിരുന്നു... എനിക്ക് പല്ലുകളില്ലായിരുന്നു. എന്റെ പൊക്കിളുകൾക്ക് ആഴങ്ങളോ ചുഴികളോ ഒരു പുരുഷനെ നാവികനാക്കാനുള്ള കെൽപ്പോ ഉണ്ടായിരുന്നില്ല. ഉള്ളതാകട്ടെ ഉപ്പിട്ടുണക്കിയ പോലെ മുറിച്ചു കെട്ടിയ പൊക്കിൾക്കൊടി. അത് കടലിലെ ഉണക്കമാന്തളിനെ ഓർമ്മിപ്പിച്ചു.

‘ഏട്ടനെപ്പോലെ ചെറിയ കണ്ണുകളാണിവൾക്ക്', അയാൾ തുടുത്തുമിനുത്ത കാമുകിക്കണ്ണുമായി എന്റെ പീളയൂതിയ കൊച്ചുകണ്ണുകളെ താരതമ്യപ്പെടുത്തി. എനിക്ക് കാഴ്ച ശരിയാം വണ്ണം കീറിയിരുന്നില്ല. എന്നെ ഏഴാം മാസത്തിൽ പ്രസവിച്ചതിനാൽ ഞാൻ സത്യത്തിൽ ഇപ്പോഴും ഗർഭജല മീനായിരുന്നു.
കണ്ണു ശരിക്കും കീറാത്ത ഒരുവൾ. കാഴ്ചയിൽ പാതിയാന്ധ്യം പൊതിഞ്ഞ പാടയിൽ തിമിരം പോലെ കണ്ണീർ നിറഞ്ഞവൾ. ചുണ്ട് പിളർത്തി ഞാൻ കരയാനാരംഭിച്ചു. അയാൾ പേടിച്ചപോലെ എന്നെ കൈമാറി. ഒരു കാമുകൻ ഒരു കാമുകിയെ ആദ്യമായി സ്പർശിക്കുന്നതിലെ ഒരു ബഹുമാനവും അയാളെനിക്ക് തന്നിരുന്നില്ല. മാസം തികയാതെ പ്രസവിച്ച എന്നെയെടുത്ത് വിസറത്തവളയോടെന്നവണ്ണമുള്ള അകലം പ്രാപിച്ച് എന്റെയമ്മയ്ക്ക് കൈമാറി.

ആദരവില്ലാത്ത പ്രേമം വറ്റില്ലാത്ത കഞ്ഞി പോലെ നിരർത്ഥകമാണ്​.
അയാളെന്നെ വിസറത്തവളയായ് കണ്ടു. ഭാവിയിൽ മനുഷ്യരൂപം പൂഴാനൊരു സാധ്യതയുമില്ലാത്ത ഉരഗത്തെപ്പോലെയോ മുളകു തേയ്ക്കാൻ വൃത്തിയാക്കിയെടുത്ത കോഴിക്കുഞ്ഞിനെയോ പോലെ തോന്നി അവളെ

മറ്റു സ്ത്രീകളുടെ പേരിൽ അപമാനിക്കപ്പെടാൻ ഒരു സ്ത്രീയുമാഗ്രഹിക്കില്ല. അവൾ തന്റെ കാമുകൻ തന്നെ സ്‌നേഹിക്കുന്നതിലധികം താനവനാൽ ആദരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു. അവൾ നിലവിളിക്കുമ്പോൾ കണ്ണീർ നിലത്ത് അപമാനകരമായി ചിതറാതെ അവൻ കൈവെള്ള നീട്ടിപ്പറ്റുന്നു. അവന്റെ ഉൾക്കൈ തൊലി ദൈവം സവിശേഷമായി ഡിസൈൻ ചെയ്തിരിക്കുന്നു. ആന്തൂറിയം പൂക്കളുടെ ഇതളിനെപ്പോലെ അതിൽ പ്രകൃത്യാ ഒരു മെഴുക്കം പുരണ്ടിരിക്കുന്നു. അവളുടെ കണ്ണീർ തുള്ളിയെ അവൻ തന്റെ നെഞ്ചിൽ തുടയ്ക്കുന്നു. അവന്റെ ആദരവ് തുടരേണ്ടത് ഓറഞ്ച് തൊലികൊണ്ട് അറസ്റ്റ് ചെയ്തുകൊണ്ടായിരിക്കണം. അവൻ ചുണ്ടിൽ അടയാളപ്പെടുത്തുന്ന ആദരവിനാൽ വേണം അവൾ ആഹ്ലാദിക്കാൻ. ആദരവില്ലാത്ത പ്രേമം വറ്റില്ലാത്ത കഞ്ഞി പോലെ നിരർത്ഥകമാണ്​.
അയാളെന്നെ വിസറത്തവളയായ് കണ്ടു. ഭാവിയിൽ മനുഷ്യരൂപം പൂഴാനൊരു സാധ്യതയുമില്ലാത്ത ഉരഗത്തെപ്പോലെയോ മുളകു തേയ്ക്കാൻ വൃത്തിയാക്കിയെടുത്ത കോഴിക്കുഞ്ഞിനെയോ പോലെ തോന്നി അവളെ.
‘ഒരു കാലത്തും മെനപിടിയ്ക്കാത്ത ജന്തുക്കളാണു കുട്ടികൾ നാശം', അയാൾ കടൽത്തീരത്ത് വെച്ച് കാമുകിയുടെ മുടിയിഴയിൽ ചുണ്ടുരസിപ്പറഞ്ഞു. കാമിക്കുമ്പോൾ അയാളുടെ ചുണ്ടുകൾ തിണർക്കുമായിരുന്നു. ചോണോനുറുമ്പ് കടിച്ചതു പോലെ അയാൾക്ക് ചുണ്ട് നീറുന്നുവെന്ന് കാമുകിയ്ക്ക് തോന്നി. അവൾ കണ്ണുകൾ പൂട്ടി. നനഞ്ഞ ഉപ്പുകാറ്റിലവൾക്ക് കുളിർന്നു. അയാൾ വിരലുകൊണ്ട് അവളുടെ ചുണ്ടിൽ തൊട്ടു.
‘എന്തൊരു മുശുക്കു പിടിച്ച മണം', അവൾ മുഖം വെട്ടിച്ചു.
അയാൾ കൈകൾ മണത്തു നോക്കി.
‘ഗർഭജലത്തിന്റെ മണം. നാശം ആ പല്ലിക്കുഞ്ഞിനെ എടുത്തായിരുന്നു. അതിന്റെയാ', എത്ര സോപ്പിട്ടിട്ടും പോകാത്ത ആ മണത്തെപ്രതി അയാൾ എന്നെ പ്രാകി. ആ മണം എന്റെ മണം എന്റെ ആത്മാവിന്റെ പെണ്മണം ഞാൻ കിടന്ന ഗർഭപാത്രത്തിന്റേതു കൂടിയായിരിക്കണമെന്നയാൾ കരുതി. അയാൾക്ക് എന്നോട് അറപ്പ് തോന്നി.
‘നാശം. വല്ല പട്ടികളും കണ്ടാൽ അതിനെ കടിച്ചു തിന്നും. ചോരമണം അതുപോലുണ്ട് ഈഹ്'.

അത് ചോരമണമായിരുന്നില്ല, എന്റെ ആത്മാവുതിർത്ത പ്രേമത്തിന്റെ സ്വാഭാവിക ഗന്ധമായിരുന്നു. അയാൾ എന്റെ ഗന്ധത്തെ തള്ളിപ്പറഞ്ഞു.
മുപ്പത് ദിവസത്തെ എന്റെ ഭൂമിയിലെ ജീവിതം അപമാനകരമായിരുന്നെന്ന് എനിക്ക് തോന്നി..
ഒരുകാലവും അയാളെ ബാധിച്ചിരുന്നില്ല. ഒന്നുമയാളിൽ ചോർന്നിരുന്നുമില്ല. അയാളുടെ കല്യാണത്തിന്റെയന്ന് ചുമരിന്റെ മൂലയിൽ ഇരുട്ടിൽ കുത്തിയിരുന്നു നിലവിളിച്ച അഞ്ചാം ക്ലാസ്സുകാരിയായി ഞാൻ.. അയാൾ ഇരുണ്ട നിറമുള്ള സുന്ദരിയായ ഒരു സ്ത്രീയെ കല്യാണം കഴിച്ചു...
അയാളുടെ കല്യാണസദ്യ ഞാൻ കഴിച്ചില്ല.
ഏറ്റവും ഇഷ്ടമുള്ള പാലടപോലും കഴിച്ചില്ല.
​എന്റെ വായ കയ്ച്ചു​ പോയിരുന്നു... ▮

(തുടരും)


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments