ഇന്ദുമേനോൻ

ചതിയുടെയവൾ

എന്റെ കഥ- 20

ഇടയ്ക്ക് ആ ഉമ്മ ബീഡി വലിക്കുന്നതു കണ്ടു. പാതിരാവരെയിരുന്നു ബീഡി തെറുത്ത് കുടുംബം പോറ്റിയതിന്റെ കൂലിയായ ചില പെൺലഹരികൾ.

രാജു എനിക്ക് പിറന്നാളിന് കത്തയച്ചു.
‘‘ഇന്ദു മേനോന് സർഗാത്മകതയുടെ കഠിനവട്ടും ആയുരാരോഗ്യവും കുടുംബത്തിൽ സ്വാസ്ഥ്യവും ഐശ്വര്യവും നേർന്നുകൊണ്ട്
41 ഒന്നാം പിറന്നാളാശംസകൾ.’’
-രാജു

പത്തുരൂപയ്ക്ക് സ്റ്റാമ്പൊട്ടിച്ച് കവറിൽ അയച്ചിരിക്കുകയാണ്.
ജീവിതം തീർന്നു പോയ ഒരാൾ. ഒരു സുഹൃത്ത്.
അവസാനം ഫോൺ വിളിയ്ക്കുമ്പോൾ മിംസ് ഹോസ്പിറ്റലിലെ വാർഡിലാണ്, ആരുമില്ലാതെ സർജെറിയ്ക്ക് ശേഷം കിടപ്പിലാണ്. അയാളുടെ വെല്ല്യമ്മയുടെ സിംഗപ്പൂരിലെ മകൻ മിംസിലെ ശസ്ത്രക്രിയാ ബില്ല് കെട്ടിയിട്ടുണ്ട്.
ഉടലിലിറങ്ങുന്ന ഹെർണിയകൾക്ക് നമുക്ക്​ ചികിത്സ ചെയ്യാം. എന്നാൽ ജീവിതത്തിൽ സ്വന്തം ആന്തരാവയവങ്ങൾ പോലെ ബന്ധങ്ങളിറങ്ങിയാൽ ഒന്നും ചെയ്യാനില്ല. ആശുപത്രി വാസത്തിനു ശേഷം ചെറിയ ഇടത്തരം ലോഡ്ജിൽ ശേഷം വിശ്രമം. അതിന്റെ പണവും വെല്ല്യമ്മയുടെ മകൻ കെട്ടും.
എപ്പോഴുമെനിയ്ക്ക് മിസ്ഡ് കോൾ അടിയ്ക്കും.
ഒരിക്കലും എടുക്കാൻ കഴിയാത്ത കോളുകൾ.
ജീവിതത്തിൽ നിന്ന്​ എന്നെന്നെയ്ക്കുമായി ബന്ധം വിച്ഛേദിക്കപ്പെട്ടതിന്റെ ബാക്കി പത്രങ്ങൾ. എനിക്ക് ചിലപ്പോൾ അലിവ് തോന്നും, ചിലപ്പോൾ അമർഷം തോന്നും. ചിലപ്പോൾ ജീവിതത്തിലമ്പേ തോറ്റു പോയ മനുഷ്യരോട് തോന്നുന്ന നിസ്സംഗത തോന്നും. ഞാനയാളെ വീണ്ടും വിളിക്കുവാൻ കാരണം അവളാണ്. ആലിന. കിഴിശ്ശേരിയിലെ ആ പെണ്ണ്. പത്രത്തിൽ ജോലി ചെയ്യുന്ന, എനിക്ക് വളരെ അടുപ്പമുള്ള എന്റെ സഹപാഠിയും സീനിയറുമായ ഒരാളുടെ വാട്ട്‌സാപ്പ് പ്രൊഫൈലിൽ അവരും അവളുമൊത്തുള്ള പടം കാൺകെ ഞാൻ ഞെട്ടിത്തരിച്ചു. അടുത്തയിര. അടുത്ത ഇര...

അവൾക്ക് ഇരകളെ ഉണ്ടാക്കാൻ അറിയാമായിരുന്നു.
കൈ നിറയെ പണമുണ്ട് നാട്ടുകാരെ പറ്റിച്ചുണ്ടാക്കിയ പണം.
ജീവിതത്തിൽ ഇന്നു വരെ അധ്വാനിച്ചതായോ ജോലി ചെയ്തതായോ അറിയുകയില്ല. പണമെമ്പാടുമാണ്. രാജുവും മുത്തുവും മാമുക്കോയയും പ്രസാദും ജന്നത്ത് ഹാജിയാരും മുതലിങ്ങോട്ട് അവൾ പെടുത്താത്ത മനുഷ്യരില്ല. ചെറിയ 100 രൂപ മുതൽ കോടികൾ വരെ വഞ്ചനയിലൂടെ സമ്പാദിച്ചിട്ടുണ്ട്. സ്വന്തം ശരീരവും ലൈംഗികതയും കൃത്യമായ രീതിയിൽ സമൂഹത്തിലേയ്ക്ക് ഇൻവെസ്​റ്റ്​ ചെയ്താണ് എല്ലാ കുറ്റകൃത്യങ്ങളും അവൾ ചെയ്തിട്ടുള്ളത്.
‘ഇറങ്ങിപ്പോടീ പിശാചേ' എന്നാക്രോശിച്ച് ഇറക്കിവിട്ടതാണ്.
ഞാൻ മരിച്ചെന്നു കേട്ടാൽ പോലും കയറി വരരുതെന്ന് പറഞ്ഞ് ഇറക്കി വിട്ടു.

ഒമ്പത് വർഷങ്ങൾക്ക് ശേഷം വീണ്ടും അവൾ രംഗപ്രവേശം ചെയ്തു.
വാട്ട്‌സാപ്പിന്റെ ചെറിയ ചതുരക്കള്ളിയിൽ എത്ര ശാന്തമായ മുഖവുമായി അവളിരുന്നു. അതി വന്യമായ ക്രൂരതകളെ ചിരിയിൽ ചവച്ചൊളിപ്പിച്ചു. കണ്ണുകളിലെ സുറുമയിൽ മയക്കിവെച്ചു. ഞാൻ ജീവിതത്തിൽ ജീവിച്ച വർഷത്തിലത്രയും കൊണ്ട് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്രിമിനലായ സ്ത്രീയായിരുന്നു അവൾ. അത്രയും വലിയ അപകടകാരി. ക്രൂരതമാത്രം ചെയ്യുന്ന ഒരു പിശാചിനി. അത്തരമൊരു സ്ത്രീയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.
കൂടത്തായി ജോളിയെയൊക്കെ പത്രത്തിലേ കണ്ടുള്ളൂ. കണ്ട് ആൾക്കാർ നെടുവീർപ്പിട്ടപ്പോൾ ഞാൻ ആലിനയെ ഓർത്തു. അവർ പക്ഷെ കൊന്നുകളയും. സമാധാനമുണ്ട്. ഇതങ്ങനെയല്ല. കൊല്ലാതെ കൊല്ലും. ജീവനും സ്വത്തും സ്വൈര്യവും ഉറിഞ്ചി വലിച്ചെടുക്കുന്ന നീണ്ട ഇത്തിക്കണ്ണി.

ഞാനിടയ്‌ക്കോർക്കും ആരായിരിയ്ക്കും അവൾക്കിപ്പോൾ ഇരയായിട്ടുണ്ടാവുക? അവയവങ്ങൾ മുറിച്ചു വിൽക്കുന്ന റാക്കറ്റുകാരുമായി അവൾ സംസാരിക്കുന്നുണ്ട് എന്ന് പിന്നീട് കേട്ടപ്പോൾ എന്റെ കാലുകൾ തളർന്നു. തല മന്ദിച്ചു
ഞാൻ ആദ്യം കാണുമ്പോൾ അവളൊരു പെൺകുട്ടിയാണ്​.
അസാധാരണമായ ഉയരം. കുതിരയെപ്പോലെ കിളരമേറിയ ഉടൽ. കൂനുള്ള മന്ദമായ ഒരു തരം ശരീരം. പരന്ന മൂക്ക്, ആണത്തമേറിയ ഒരു സ്ത്രീ.
‘‘ഏതാണീക്കുതിര?’’; വായനശാലയിലെ പെണ്ണുങ്ങൾ പരസ്പരം ചോദിച്ചു. ആണുങ്ങൾ അവൾ നടക്കെ കുലുങ്ങുന്ന ഭൂമിയുടെ ഇളക്കത്തിൽ സ്ത്ബധരായി. അതുപോലെയാണ് തലയുയർത്തിപ്പിടിച്ച് ഗർവ്വോടെയുള്ള നടത്തം.
രാമനാട്ടുകര വായനശാലയിലെ പതിവ് വരവുകാരിയാണ്​. മുസ്​ലിമാണെങ്കിലും തട്ടമിടാത്തവളാണ്​. മതബോധമില്ലാത്തവളും ദീനിയല്ലാത്തവളുമാണ്​. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ അമിതമായ സൗഹൃദമാണ്. ശരീരത്തിൽ സ്പർശിച്ചു കൊണ്ടുമാത്രമേ സംസാരിക്കൂ. കൈകൾ ചേർത്തുപിടിച്ചോ ചാരിനിന്നോ മാത്രം. ചിരിക്കുമ്പോൾ രാക്ഷസീയമായ രീതിയിൽ ആളുകളുടെ ഉടലിൽ തല്ലും.
ഒന്നു രണ്ട് തവണ ആ അടി എനിയ്ക്കും കിട്ടിയിട്ടുണ്ട്.
മൊത്തത്തിൽ ഒരു അക്ഷരം തെറ്റിയപോലെയാണ്. അതിനാലാണെന്നു തോന്നുന്നു അവളെ പലർക്കും അത്ര ബോധ്യമല്ലായിരുന്നു... അവളുമായി സംസാരിക്കുന്നത് കണ്ടവർ കണ്ടവർ പറഞ്ഞു; ‘‘അവൾ ശരിയല്ല. പെട്ടു പോകും.''
‘‘വളരെ അപകടകാരിയായ പെണ്ണാണ്. ഓളുടെ ബിസിനസ്സ് നമ്മളെപ്പോലുള്ളവർക്ക് ശരിയാകില്ല.’’
‘‘ഓളെത്ര ചെറ്പ്പ്ത്തിലിവുടെ വന്നീനി? ഒരു ബെന്ന്യേൻ വ്യാപാരപ്പീട്യേല് എടുത്ത്വടുക്കലല്ലേയ്‌ന്യോ? വൃദ്ധനായ കോയാക്ക പറഞ്ഞിട്ടും എനിക്ക് വിശ്വാസം വന്നില്ല; ‘‘ഇങ്ങളൊരു തനി മാപ്പളാവല്ലി. പെങ്കുട്ട്യാള് ദീനിയല്ലെങ്കിൽ വെടക്കാണെന്ന് പറയണത് ശരിയല്ല കോയാക്കാ.’’
‘‘ദീനിന്റൊന്ന്വല്ലന്റെ ഇണ്ണീ'' , കോയാക്ക ചാക്കിൽ നിന്ന്​ വളം കോരിയെടുത്തു.
‘‘ഇദിനെ ഇജ്ജങ്ങനെ കാണേര്ത് കുട്ട്യോ. ബെല്ല്യേ അപകടാണ്. ഓള് മുന്ത്യേ റാക്കറ്റാണ്'', വളത്തിന്റെ മണം. കുട്ടിക്കാലത്തെ ദേവന്റെ പീടികയുടെ മണം.
‘‘റാക്കറ്റാ? ഇങ്ങക്ക് ഇംഗ്ലീഷൊക്കെ അറയാലോ കോയാക്ക. തോനെ പഠ്ച്ചിണാ?’’
‘‘ഇജ്ജി മക്കാറു പുട്പ്പിക്കാണ്ട് പൊയ്യാണി. ആം സൂശ്ച്ചാ അനക്ക് നല്ലത്.’’

വീണ്ടും വീണ്ടും വീണ്ടും പലപല ആളുകൾ അവൾ ശരിയല്ല എന്നു പറഞ്ഞു.
‘‘എങ്ങനെ എന്ത്?'', ചോദിക്കുമ്പോൾ അവർ ഒഴിഞ്ഞു മാറി.
അർദ്ധോക്തിയിൽ വാചകങ്ങൾ മുറിച്ചു.
‘‘ശരി ഞാൻ വിശ്വസിക്കാം. തെളിവ് തരൂ'', ആളുകൾ തെളിവൊന്നും തന്നില്ല. ഇവൾക്ക് വരുന്നത് വരട്ടെ എന്നു കരുതി പുച്ഛത്തോടെ എന്നെക്കടന്നു പോയി. എന്റെ സഹോദരൻ അമ്മയോട് വഴക്കുണ്ടാക്കി. അവളീ വീട്ടിൽ വരുന്നത് ഇഷ്ടമല്ലെന്നു കട്ടായം പറഞ്ഞു.
അക്കാലത്ത് ഏറ്റവും വലിയ സ്ത്രീ വിരുദ്ധമായ ഒരു കുറ്റപ്പേരാലാണ്​ അവളെ നാടറിഞ്ഞത്.

‘മത്തി' എന്നത്​ അവളുടെ ഇരട്ടപ്പേരായിരുന്നു.
‘പത്തുരൂപയ്ക്ക് ആർക്കും അവൈലബിൾ' എന്ന്​ പച്ചയ്ക്ക് ഗണേശൻ പറഞ്ഞു.
നെഞ്ഞ് കനക്കുന്നതു പോലെ തോന്നി. അവനോട് അതിൽ പിന്നെ ഞാൻ സംസാരിച്ചിട്ടു കൂടിയില്ല. മതത്തിൽ നിന്ന്​ കുതറുന്ന മനുഷ്യരോട് മറ്റുള്ളവർക്കുണ്ടാകുന്ന അവജ്ഞയാണെന്ന് ഞാൻ അന്നു കരുതി. അവളോട് അന്നൊക്കെ അലിവോടെയും സ്‌നേഹത്തോടെയും മാത്രമേ പെരുമാറിയിട്ടുമുള്ളു.
‘പത്തുർപ്പ്യയ്ക്ക് പോണ പണിയാണാ പെണ്ണിന്’ എന്നു കേൾക്കുമ്പോഴൊക്കെ ഹൃദയം ഉഴന്നു. ഗതികെട്ട പെൺരൂപങ്ങൾക്കറ്റത്ത് അവൾ അദൃശ്യയായി നിൽക്കുന്നത് അക്കാലത്ത് ദുഃസ്വപ്നമായിക്കണ്ടു. നാട്ടിലെ സരോജിനിയേടത്തിയും സുലഭയും ജാനകിയും നിൽക്കുന്ന ആ വരിയുടെ അറ്റത്ത്​ അവൾ നിന്നിരുന്നു. ഇടക്കാലത്ത് അവളൊരു ശരീര വിൽപ്പനക്കാരിയാണെന്ന തിരിച്ചറിവുണ്ടായിട്ടും എനിക്കവളെ വെറുക്കാൻ തോന്നിയില്ല.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ചെറിയകുട്ടിയായിരിക്കുമ്പോഴെ അവളുടെ ഗതികേടിനെ ചൂഷണം ചെയ്ത ആ ലോകത്തോട് സ്പർദ്ധ തോന്നി. വിശക്കുമ്പോൾ പത്തു രൂപയ്ക്ക്​ വലിയ വിലയാണ്. ദാഹിക്കുമ്പോൾ, ഉടുക്കാൻ വസ്ത്രങ്ങളില്ലാതെ വരുമ്പോൾ ഒക്കെ ജീവിതം കൈവഴുതുന്നവരുടെ പ്രതിനിധിയായി അവൾ.

‘പാവം, പാവം’ എന്ന് ഉള്ളിലെപ്പോഴും അലിവുണ്ടായി. എന്നാൽ ആ പാവരൂപങ്ങൾക്കപ്പുറം അവളിൽ ഒരു കൊടിയ ക്രിമിനലുണ്ടെന്ന് അറിയാതെ പോയി. അവൾ പലതരം കുറ്റകൃത്യങ്ങളിൽ പങ്കാളിയെന്ന് ഓരോരുത്തരും പറഞ്ഞപ്പോൾ ആ അറിവ് തെറ്റാണെന്നും ആളുകൾ അവളെക്കുറിച്ച് അപഖ്യാതികൾ പരത്തുകയാണെന്നും വെറുതെ എന്നെത്തന്നെ വിശ്വസിപ്പിച്ചു.
രാമനാട്ടുകരയിലെ ബനിയൻ കടയിൽ ഉപജീവനത്തിനായി ഏറെ ഞെരുങ്ങിയ പഴയ ചുരിദാറിട്ട അവളെ പിന്നീട്​ കാണാതായി. എടുത്തുകൊടുപ്പുകാരി എന്ന ജോലിയൊക്കെ വിട്ടുകളഞ്ഞതോ അതോ അവളെ പുറത്താക്കിയതോ ആവാം, അറിയില്ല.

പിന്നീട് കുറേ നാൾ കാണാനേ ഇല്ലായിരുന്നു. പിന്നെ ഇടക്കാലത്ത് വീണ്ടും കയ്യിലൊരു മൊബൈലുമായി നിത്യം ബസിൽ കാണാൻ തുടങ്ങി.
1997- 98 കാലത്താണെന്നോർക്കണം. മൊബൈൽ ഫോൺ അവൾക്കെന്തിനായിരിക്കും എന്ന തോന്നൽ മനസ്സിലുണ്ടായി. അവൾ എന്നും വീട്ടിൽ പോയി വരുന്നു. അതുമല്ല മൊബൈലിന്റെ വില, 4 സെക്കൻറ്​ ഇൻകമിങ്​/ഔട്ട് ഗോയിങ്ങിന്​ 16 രൂപ... എങ്ങനെ കൂട്ടിക്കിഴിച്ചാലും കോടീശ്വരർക്കേ അന്നു മൊബൈൽ സൂക്ഷിക്കാനാകൂ. ഹോസ്റ്റലിൽ പഠിക്കുന്ന കാലത്ത് മൊബൈൽ സമ്പാദിക്കാനാവാത്ത ഞങ്ങൾ പെൺകുട്ടികൾ പരസ്പരം നോക്കി നിൽക്കുന്ന കാലമാണ്. എന്റെ കൂടെ പഠിക്കുന്ന ഒരുവൾക്ക് അക്കാലത്ത് മിത്സുബിഷി കാറും ഡ്രൈവറും എ.ടി.എം. കാർഡുമുണ്ടായിരുന്നു. മറ്റൊരുവളുടെ അച്ഛൻ ഡിവൈ.എസ്.പിയായിരുന്നു. വേറൊരുത്തി ഗൾഫിൽ മാതാപിതാക്കളുള്ള അമുൽ ബേബി. തിന്നാനും കുടിക്കാനും പുസ്തകങ്ങളും ഉടുപ്പുകളും വാങ്ങാനും അത്യാവശ്യത്തിലധികം പണമുണ്ടായിരുന്ന ഞങ്ങളുടെ സംഘത്തിന്​സീമാൻസ്സിന്റെ കട്ട മൊബൈൽ തന്നെ വാങ്ങാനാകുമായിരുന്നില്ല. വാങ്ങിയാലും സംസാരിക്കുകയെന്നത് സാധ്യവുമായിരുന്നില്ല. 3314 എന്ന നോക്കിയ ഫോണൊക്കെ തന്നെ ഏറ്റവും മുന്തിയ ഫോണായിരിക്കുന്ന കാലത്ത് മടക്കുന്നതരം ഫ്‌ളിപ്പുള്ള, പച്ചപ്രകാശമുതിർത്തുന്ന ഫോണുള്ള, പെൺകുട്ടിയെ, ആലിനയെ ഞങ്ങൾ അത്ഭുതത്തോടെ നോക്കി.

അവളെന്നും കോഴിക്കോട്ട് ടൗണിൽ വരും. ഡിഗ്രിയ്ക്ക് നാഷണൽ കോളേജിലോ മറ്റോ പഠിക്കുകയാണ്​ എന്ന് പലരോടും പറഞ്ഞിരുന്നു, എന്നോടും. ബസിൽ അരികിലിരുന്നപ്പോൾ ചോദിച്ചു; ‘‘എന്താ പഠിക്കുന്നെ?''
‘‘മലയാളത്തിനാണ്''
‘‘ഞാനും'', അവൾ ചോദിക്കുന്നതിനു മുമ്പേ ഇങ്ങോട്ട് പറഞ്ഞു.
‘‘ഹോസ്റ്റലിലാണോ?''
‘‘ഏയ് അല്ലല്ല.’’

ഒന്നോ രണ്ടോ ദിവസം ഒരു പാരലൽ കോളേജിലെ ക്ലാസിൽ അവളെ കണ്ടവരുമുണ്ട്. എന്നാൽ നഗരത്തിൽ പഠിക്കാൻ വരുന്നുവെന്നത് പെരുംനുണയാണെന്ന് പിന്നീടറിഞ്ഞു. എട്ടാം തരത്തിൽ പഠിപ്പു നിർത്തിയ ആളാണ്​. എന്നിട്ടും​ മനസ്സിൽ ‘അയ്യോ പാവം’ തോന്നി. എല്ലാ കുട്ടികളും പഠിക്കാൻ പോകുന്ന ഒരു നാട്ടിൽ നിന്ന്​ പഠിക്കണമെന്ന് ആഗ്രഹം കൊണ്ടായിരിക്കാം ആ നുണ പറഞ്ഞതെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
സ്ഥിരമായി വായനശാലയിൽ വരാൻ തുടങ്ങിയതോടെ പലരുമായും സൗഹൃദത്തിലായി. എല്ലാവരെയും വീട്ടിലേയ്ക്ക് എപ്പോഴും ക്ഷണിച്ചു കൊണ്ടേയിരുന്നു. ഒരിക്കൽ ഞാനും പോയി.

ആദ്യമായി അവളുടെ വീടുകണ്ടപ്പോൾ ഞെട്ടിപ്പോയി. അവളുടെ ഉടുപ്പും നടപ്പും രീതിയുമായി ഒരു രീതിയിലും നമുക്ക് ചേർക്കാനാകാത്ത ഒരു വീട്​. പട്ടിണിയും ഇല്ലായ്മയും പൊറ്റയും വേട്ടാവളിയനും കൂട്ടിയ ചെത്തിത്തേയ്ക്കാത്ത ചുമർ. കാവി ഇളകി പലനിറമായ തറ. ചിതലു തൂങ്ങിയ ഉത്തരം. വീതിയേറിയ ഉമ്മറത്തിന്റെ ദ്രവിച്ച മരത്തൂണ്. ഇതെങ്ങനെയെന്ന് അമ്പരന്നു നിന്നുപോയി. പരമ ദരിദ്രമായ അവസ്ഥയിലാണവൾ എന്ന്​ കൃത്യമായി അറിയാനാകുമായിരുന്നു. ഒരുപാട് മനുഷ്യരുള്ള ഒരു വീട്. ഓരോ മുറിയിൽ നിന്നും പലജാതി മനുഷ്യർ ഇറങ്ങി വന്നു. ഏറെയും പെണ്ണുങ്ങളും കുട്ടികളുമാണ്. നാട്ടിൻപുറത്തുകാരും സാധാരണയിൽ സാധാരണയായവരുമായ മനുഷ്യർ. പുരയുടെ ഉള്ളിലാകെ ഇരുട്ട്. പുറകോട്ട് പോകുമ്പോൾ ഓലച്ചായ്പ്പ്. അതാണടുക്കള. മഴയത്ത് ചളിപിളിയായ തറയിൽ പൂച്ചക്കുട്ടികൾ ഉരുണ്ടു കളിച്ചു.

അവളുടെ ഉപ്പ വളരെ ചെറുപ്പത്തിൽ മരിച്ചു പോയിരുന്നു. ജ്യേഷ്ഠന്മാരുണ്ട് സഹോദരിമാരുണ്ട്. എല്ലാരും സാധാരണക്കാർ. ഓട്ടോ ഡ്രൈവർ, കൂലിപ്പണിക്കാർ, ലോറി ഡ്രൈവർമാർ, ഓത്ത് പള്ളി മൊയില്യാർ അങ്ങനെയങ്ങനെ. വളരെ നല്ല സ്ത്രീയായിരുന്നു അവളുടെ ഉമ്മ. ജീവിതവണ്ടിയാഞ്ഞു വലിച്ച് തഴമ്പു വലിച്ച കൈകാലുകൾ. മെലിഞ്ഞുണങ്ങിയ ദയനീയ ദേഹം. സ്‌നേഹമയിയായിരുന്നു. നല്ലവളാണെന്ന് ഓരോ പെരുമാറ്റവും നമ്മോട് പറയും. ഇടയ്ക്ക് ആ ഉമ്മ ബീഡി വലിക്കുന്നതു കണ്ടു. പാതിരാവരെയിരുന്നു ബീഡി തെറുത്ത് കുടുംബം പോറ്റിയതിന്റെ കൂലിയായ ചില പെൺലഹരികൾ.

അവൾ അത്രയും ഉൾഗ്രാമത്തിൽ നിന്ന്​ വരുന്ന ഗതികെട്ട ഒരുവൾ.
സ്ത്രീ എന്നനിലയിൽ ഒരാളുടെ തുറന്ന പെരുമാറ്റമോ, വസ്ത്രധാരണമോ മതവാദികളെ അരിശം കൊള്ളിക്കുന്നതിനാലാണ്​ ‘ഞാൻ എല്ലാർക്കും അനഭിമത’ എന്നവൾ ഞങ്ങൾ പെൺകുട്ടികളെയെല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പണമില്ലാഞ്ഞിട്ടും അധ്വാനിച്ച് ജീവിയ്ക്കുന്നുവെന്നും വിശ്വസിപ്പിച്ചിരുന്നു. അവരുടെ വീട്ടുകാർക്കൊക്കെയുണ്ടായിരുന്ന ഗ്രാമീണ നിഷ്‌ക്കളങ്കത പക്ഷെ അവൾക്കുണ്ടായിരുന്നേയില്ല. ഒരിക്കലവളുടെ ക്ലാസിൽ പഠിച്ച ഒരാളുമായി സംസാരിക്കുമ്പോൾ അവൾ കേറി വന്നു. സ്‌കൂളിന്റെ പിന്മുറ്റത്ത് പത്തുരൂപയും കയ്യിലേന്തി മുടന്തി നടന്ന അവളെക്കുറിച്ച് പറഞ്ഞു കേട്ടപ്പോൾ ഉള്ളു നീറി.

ഇടയ്ക്ക് പുസ്തകങ്ങൾ, വായന, എഴുത്ത് എന്നൊക്കെ പറഞ്ഞ് നടക്കുമായിരുന്നു. അങ്ങനെയാണ് രാമനാട്ടുകര വായനശാലയിൽ എത്തുന്നത്. അവൾക്ക് പുസ്തകങ്ങൾ വാങ്ങലും എഴുത്തുകാരിൽ നിന്ന്​ ഒപ്പിട്ട് ഓദേഴ്​സ്​ കോപ്പി വാങ്ങലും ഇഷ്ടമുള്ള കാര്യമായിരുന്നു.
‘‘ഏതോ സാഹിത്യകാരനുമായിട്ടാണിപ്പോഴത്തെ ചുറ്റിക്കളിന്ന് കേട്ട്. അനക്കിനിയും നേരം ബെളുത്തിലെബളെ?'', കോയാക്ക കീടനാശിനി പുരണ്ട കൈ പൈപ്പിനു കീഴേയ്ക്കു നീട്ടി.
‘‘എന്താണ് തന്തെ ഇങ്ങനെ ഗോസിപ്പ് പറജ്ജണത്. കഷ്ടം?''
‘‘ഇജ്ജി കേക്കണ്ടാ മാള്വോ. ഒരു കണ്ണ് ബെച്ചാണ്ട് മതി. ഓളെ പൊരേൽക്ക്​ ഒറ്റക്കും തെറ്റക്കുമൊന്നും പോകണ്ട. കേട്ടോ''
‘‘മ്മ്ഹ്‌മ്’’, ഞാൻ തലയിളക്കി. കോയാക്ക മതവാദിയല്ല. സ്‌നേഹവും നൻമയുമുള്ള ഒരാളാണ്. മതം കൊണ്ട് മനുഷ്യരെ അളക്കാറില്ല. വാക്കുകളിൽ ഉറപ്പും സ്‌നേഹവും നമ്മളെക്കുറിച്ചുള്ള ആധികളും ഉണ്ടാവും. അതുകൊണ്ട് തന്നെ അദ്ദേഹം പറയുന്നവയെ ‘ഹിയർസെ ഗോസിപ്പ്’ എന്നൊക്കെ പറഞ്ഞെങ്കിലും ഉള്ളിൽ കലക്കമൂറി.

ആലിന എങ്ങനെയോ ഡി.സി. ബുക്​സിന്റെ വി.ഐ.പി ക്ലബ് അംഗമായി കുറച്ചു പുസ്തകങ്ങൾ വാങ്ങിയത് കണ്ടിട്ടുണ്ട്. പക്ഷെ ഇന്നേ വരെ എന്തെങ്കിലും വായിച്ചതായോ എന്തെങ്കിലും ധാരണ ഉള്ളതായോ തോന്നിയിട്ടില്ല. ഒറ്റ അക്ഷരം വായിച്ചിട്ടില്ലെങ്കിലും തെളിഞ്ഞ വായനക്കാരിയാണെന്ന് മനുഷ്യർക്ക് അഭിനയിക്കാൻ പറ്റുമെന്ന് മനസ്സിലായത് അവളെക്കണ്ടാണ്​.
അല്ലെങ്കിലും കോഴിക്കോടിനൊരു തമാശയുണ്ട്. എഴുത്തുകാരോ കലാകാരന്മാരോ ആകണമെന്നില്ല. സാഹിത്യപ്രവർത്തകനായാൽ മതി. പെ​ട്ടെന്ന്​ പ്രശസ്തരാകാം. കോഴിക്കോട് നഗരം അത്തരത്തിൽ അനവധി ആളുകൾ നിറഞ്ഞതാണ്. എല്ലാം വായിക്കുകയും വിശകലനം ചെയ്യുകയും എഴുത്തിനെ സ്‌നേഹിക്കുകയും ചെയ്യുന്ന ആസ്വാദകരോ വായനാവേദിയോ അല്ല ഇവർ. എല്ലാ ഫെസ്റ്റിവലുകളുടെയും നടത്തിപ്പുകാർ ഇവരായിരിക്കും. എഴുതിയില്ലെങ്കിലും പ്രശസ്തരുടെ ധാരാളം ഇൻറർവ്യുകൾ ചെയ്യും. പ്രശസ്തർ തന്നെ എഴുതിക്കൊടുക്കുന്നതാണെന്ന് വല്യങ്ങാടിയിൽ പാട്ടു കേൾക്കാം. പരിപാടിയ്ക്ക് പ്രമുഖരെ കൊണ്ടു വരാൻ പോകും. ആരെങ്കിലും പ്രശസ്തർ മരിച്ചാലുടനെ ഇവരുടെ ഒരു ഓർമയെഴുത്ത് വരും. ഒന്നിച്ചു നിൽക്കുന്ന ഫോട്ടോകൾ വരും. പരിപാടിയ്ക്ക് കഥകളിത്തല, ഉരുവിന്റെ കുറ്റി, ഫലകം എന്നിവ സമ്മാനിക്കുന്നത് മിക്കവാറുമിവരായിരിക്കും. പ്രസാധകർക്കും പത്രാധിപന്മാർക്കുമൊക്കെ ഇത്തരം കങ്കാണിമാരെ വളരെ പ്രിയങ്കരമാണ്. അഞ്ചു പൈസ ചെലവില്ലാതെ പരിപാടി നടത്താൻ കിട്ടുന്ന ആൾക്കാർ. വിദേശ ഫെസ്റ്റിവലുകളിലടക്കം ഇത്തരക്കാർ സൗജന്യമായി പോയി വരുന്നത് കാണാം. വളരെ കഴിവുള്ള എഴുത്തുകാരും വിമർശകരും കലാകാരൻമാരും ചൊറികുത്തി നടക്കുമ്പോൾ കയ്യിലൊന്നുമില്ലാതെ സാംസ്‌കാരിക പ്രവർത്തകർ എന്നു വിളിയ്ക്കുന്ന പ്രത്യേകസംഘം പൂണ്ടു വിളയാടി. ആ സംഘത്തിലെ സമുന്നതയായിരുന്നു പിന്നീട് ആലിന.

സൗഹൃദം ഉണ്ടാക്കലാണ്​ ആലിനയുടെ പ്രധാന പണി. എഴുത്തുകാരിൽ പലരുമായും ആത്മബന്ധമുണ്ടെന്ന് നടിയ്ക്കും, വിശ്വസനീയമായ രീതിയിൽ. പുസ്തകങ്ങൾ ഒപ്പിട്ട് സമ്പാദിക്കും. അവർക്കൊപ്പം തന്റെ ഫോട്ടോയും എടുത്തു വെയ്ക്കും. ഒരാളെ പുതിയതായി പരിചയപ്പെടുമ്പോൾ താൻ കലൂർ പോയി ആമിയോപ്പുവിനെ കണ്ടതും താനവർക്ക് സമ്മാനങ്ങൾ കൊടുത്തതും അവർ അവൾക്ക് കുപ്പിവള വാങ്ങിത്തന്നതും രസകരമായി പറയും. അല്ലെങ്കിൽ അവരുടുത്ത ഒരു സാരി തന്നതിനെപ്പറ്റി വിവരിയ്ക്കും. ഇടയ്ക്കിടെ മൊബൈലിൽ ഫോൺ വിളിക്കുന്നത് കാണാം.
‘‘അമ്മേ..'' എന്നു പറഞ്ഞു വർത്തമാനം തുടങ്ങും. ചുറ്റുമുള്ള ലോകം മുഴുവൻ ആ ബന്ധമറിയും രീതിയിലായിരിക്കും ഭാഷണം.

ഒരിക്കൽ മാധവിക്കുട്ടിയുടെ ഒപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ച് അവരുമായുള്ള ആത്മബന്ധത്തെക്കുറിച്ചും അടുപ്പത്തെക്കുറിച്ചുമൊക്കെ വിശദമായി പറഞ്ഞിരുന്നു. എനിക്ക് അവരുമായി സൗഹൃദമുള്ളത് ഞാൻ മറച്ചു വെച്ചു. പിന്നെയെപ്പോഴോ ഞാൻ മറ്റെന്തിനോ മാധവിക്കുട്ടിയെ വിളിച്ചപ്പോൾ ആലിന വിഷയമായി വന്നു. പക്ഷെ അവളുണ്ടെന്നവകാശപ്പെട്ട അടുപ്പത്തെ മാധവിക്കുട്ടി തന്നെ നിഷേധിച്ചു; ‘‘ബടെ വന്നീർന്നു. കണ്ടീർന്നു. വേറെ ഒന്നൂല്ല്യ. അയ്യയ്യോ നൊണയാണ്.'' അവൾ പറഞ്ഞതോരോന്നും അവർ ഖണ്ഡിച്ചു. നല്ലോണം സൂക്ഷിക്കണമെന്ന് എനിക്ക് വാണിങ്ങും തന്നു.

മാധവിക്കുട്ടി മരിച്ചതിനുശേഷം അഷിതയായിരുന്നു പുതിയ എഴുത്തമ്മയെന്നു കേട്ടു. ഇടയ്ക്കിടെ അഷിതയെ വിളിക്കുന്നതായും സ്‌നേഹബന്ധം സൂക്ഷിക്കുന്നതായും അറിഞ്ഞു. പഴയ മാധവിക്കുട്ടിബന്ധത്തിന്റെ മാതൃകാശൈലി തന്നെ. കൂടെയിരിയ്ക്കുമ്പോൾ ‘അമ്മേ അമ്മേ’ എന്നു മൃദുവായി മന്ത്രിച്ചു കൊണ്ട് ഫോൺ ചെയ്യലുകൾ. ഒപ്പിട്ട പുസ്തകങ്ങൾ വാങ്ങൽ, വലിയ വായനക്കാരിയാണെന്ന് ബോധിപ്പിക്കൽ. അഷിതയെ എപ്രകാരം പറ്റിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല.
ആ ദേശത്ത് ആർക്കും മൊബൈൽ ഫോണില്ലാത്ത കാലത്ത് മിസ് ആലിനയ്ക്ക് മൊബൈൽ ഫോണുണ്ടെന്നു പറഞ്ഞല്ലൊ. അതവളൊരിക്കലും ബാഗിൽ വെയ്ക്കാറില്ല. സദാസമയവും കയ്യിൽ പിടിച്ചുകൊണ്ടിരിക്കും. ഇടയ്‌ക്കൊക്കെ ബസിൽ കോഴിക്കോട്ട് പോകുന്നത് കാണാം. കോളേജിലേക്കാണെന്നെ തോന്നൂ. അല്ലാത്തപ്പോഴൊക്കെ ഓട്ടോറിക്ഷയിലാണ്​ പതിവ് സഞ്ചാരം. എല്ലാകാലത്തും കുറച്ച് ചെക്കന്മാരുണ്ടാവും കൂടെ. ബന്ധുക്കളുടെയും സഹോദരിമാരുടെയും കുട്ടികളാണ്.
പലരും എനിക്ക് കൃത്യമായി മുന്നറിയിപ്പ് നൽകി. കുഞ്ഞിക്കയടക്കം. ഞാനതൊന്നും കാര്യമാക്കിയില്ല. എനിക്കവൾ കഥയ്ക്കുള്ള ഒരു പെണ്ണുകൂടിയായിരുന്നു. ഒരു ലെസ്ബിയൻ പശു എന്ന കഥയിൽ അവളെക്കുറിച്ചു കേട്ട കുടിലതകൾ ഉപയോഗിച്ചു. ലോകത്ത് അവളോടുള്ള വെറുപ്പിനെ വരച്ചു കാട്ടി.

അക്കാലത്തവൾ മുജീബ് എന്ന ഉയരം കുറഞ്ഞു വെളുത്ത ഒരു ചെറുപ്പക്കാരനെ കാട്ടി.
‘‘ഞങ്ങൾ പ്രേമത്തിലാണ്'' എന്നവൾ മന്ദഹസിച്ചു. അയാളുടെ കണ്ണുകളിൽ പ്രേമമുണ്ടായിരുന്നു. ഇത്രയും ഉയരം കുറഞ്ഞ ഒരാൾ ഇവൾക്കോ എന്നു ചിന്തിക്കയും അവളുടെ ചുറ്റുപാടുകളുടെയും ഗതികേടിന്റേയും ആഴമോർക്കയും ചെയ്തപ്പോൾ അതൊരു പ്രശനമല്ലെന്നു തോന്നുകയും ചെയ്തിരുന്നു.

അവളുടെ വീട്ടിലെ എല്ലാ മനുഷ്യരും നല്ലവണ്ണം പെരുമാറുകയും സ്‌നേഹത്തോടെ എല്ലാവരോടും ഇടപെടുകയും ചെയ്യുമായിരുന്നതിനാൽ ഒരിക്കലും ആസൂത്രിതമായ കുറ്റകൃത്യത്തിന്റെ ഒരിടമാണതെന്ന് തോന്നുമായിരുന്നില്ല. അവളുടെ സഹോദരിമാരായ പൊന്നുട്ടിയും സുമിയുമൊക്കെ എല്ലാ അതിഥികളോടും നന്നായി സൗഹൃദം സൂക്ഷിച്ചു. ഇപ്പോഴും തിരിഞ്ഞു നോക്കുമ്പോൾ പ്രത്യക്ഷത്തിൽ അവളുടെ ബന്ധുക്കളെല്ലാം നിഷ്‌കളങ്കരായും നല്ലവരായും തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാൽ അറിഞ്ഞുമറിയാതെയും അവളുടെ കുറ്റകൃത്യത്തിന്​ സഹായം ചെയ്തവർ എന്ന നിലയിൽ ആ കുടുംബത്തിലെ ഓരോരുത്തരും അവളുടെ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ്. സമ്മാനങ്ങൾ നൽകിയും വിരുന്നുകൾ നൽകിയുമവൾ ബന്ധുക്കളെയും മറ്റ് ആളുകളെയും പാട്ടിലാക്കി. വീട്ടിലെ ഗതിയില്ലാത്തചെറിയ ആൺകുട്ടികളെ സവാരിയ്ക്കു കൂട്ടുവിളിച്ചു. രുചിയേറിയ ഭക്ഷണത്തിനു വേണ്ടി കുട്ടികൾ അവൾക്കൊപ്പം സഞ്ചരിച്ചു.

പത്രക്കാരിയായ എന്റെ സുഹൃത്തിനെ വിളിച്ച്, സൂക്ഷിക്കണമെന്ന ജാഗ്രതാ മുന്നറിയിപ്പ് ഞാൻ നൽകി. ഒരു ഫലവുമുണ്ടായില്ല. അവളുടെ പിടി അതിനൊക്കെ മീതെയായിരുന്നു. അവർ അന്ധമായി അവളെ വിശ്വസിച്ചു. അതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോൾ വയനാട്ടിലെ റിസോർട്ടിലേയ്ക്ക് ആലിനയേയും കൂട്ടി അവർ പോയി.

കോളേജിൽ എന്റെ സഹപാഠിയായിരുന്ന ഒരു കുട്ടിയുടെ ചേച്ചി, റവന്യൂവിൽ ജോലി ചെയ്യുന്ന ഒരുവൾ, ആലിനയുടെ മകളുടെ സ്‌കൂളിൽ പഠിപ്പിക്കുന്ന ഒരധ്യാപിക, ഒരു കവിയുടെ പഴയ ഭാര്യ- ആലിനയുടെ കുറ്റകൃത്യസംഘങ്ങളിൽ അനവധിപ്പേരുണ്ടായിരുന്നു. ഇവരാരും ഒരു തരത്തിലും മോശമാളുകളും ആയിരുന്നില്ല. കോളേജിലെല്ലാം തീവ്ര ഇടതു പക്ഷക്കാരും നിലപാടുള്ളവരും ആയിരുന്നു. പക്ഷെ ആലിനയുടെ സംഘത്തിൽ പെട്ടതോടെ അറിയാതെ അവളുടെ ക്രൈം പാർട്​നർമാരായി ഈ സംഘം മാറി. ആലിന നിത്യവും വിലയേറിയ മീനുകളും സമ്മാനങ്ങളുമായി അവരുടെ വീട്ടിൽ കയറിച്ചെന്നു. ആപ്പിളിന്റെ പുതിയ വേർഷൻ ഫോണും സ്‌കൂട്ടിയും വുഡ്‌ലാൻഡ് ഷൂസുമൊക്കെ സമ്മാനമായി കിട്ടി. പിറന്നാളുകൾക്ക് കേയ്ക്കുമായി ചെന്നു. അവളെക്കുറിച്ച് വനിതാവാരികകളിൽ കോളങ്ങൾ വന്നതു കണ്ട് നാട്ടുകാർ വാപൊളിച്ചു. ഈ ലേഖനം ചെയ്ത ലേഖകനും പലതും തന്റെ കയ്യിൽ നിന്നും കൈപ്പറ്റിയതായി അവൾ വീമ്പിളക്കി.

വീണ്ടും അപകടത്തിന്റെ ആഴം മനസ്സിലാക്കിക്കാനായി റാണിയോട് ഞാൻ ചുരുങ്ങിയത് ആലിനയുടെ പണത്തിന്റെ സ്രോതസ്സെന്തെന്ന് പറയാൻ പറഞ്ഞു. ഒരു പത്രക്കാരിയുടെ ജാഗ്രതയൊന്നും ആലിനയുടെ കാര്യത്തിൽ അവർക്കുണ്ടായിരുന്നില്ല. ആലിനയെക്കുറിച്ചുള്ള ഉത്തരമൊക്കെ കൃത്യമായിരുന്നു. പഠിച്ചതോ പഠിപ്പിച്ചതോ പോലെ കിറുകൃത്യം.
‘‘ആലിനയ്ക്ക് ഗൾഫിൽ ചായക്കടയാണ്.'' കേട്ട് ഞാൻ ഞെട്ടിപ്പോയി.
‘‘ഈ ലോക്ക്ഡൗണിൽ മലയാളികൾക്ക്​ ഗൾഫിൽ ചായക്കട? ബെസ്റ്റ്''
റാണിക്ക് അതേ പറ്റി സംശയമേ ഇല്ല. കൊണ്ടോട്ടിയിലിരുന്ന്​ ഗൾഫിൽ ചായക്കച്ചവടം നടത്തി പണക്കാരിയാകുന്ന മാന്ത്രിക വിദ്യ. അവളുടെ അപ്പോഴത്തെ ചായക്കടയുടെ വിശദാംശങ്ങൾ കേൾക്കെ ആയിടയ്ക്ക് ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസായ കീർത്തി സുരേഷിന്റെ മിസ് ഇന്ത്യ കഥ ഓർമ വന്നു. അമേരിക്കയിൽ ചായയിടുന്നതിനു പകരം ഗൾഫിൽ റാണി ചായ കാച്ചുന്നു. നല്ല പ്ലോട്ടെന്ന് ഞാൻ മനസ്സിലോർത്തു. റാണി ഇത്രമേൽ മണ്ടിയാണോ? അതോ മണ്ടിയായി അഭിനയിക്കുകയാണോ?

എന്റെ കൗതുകം കൊണ്ട് ഞാൻ ദുബായിലെ സുഹൃത്തുക്കളോട് വെറുതെ അന്വേഷിച്ചു. അവർ പറഞ്ഞ, തെരുവിൽ അവളുടേതെന്നു തെളിയിക്കുന്ന ഒരു ചായക്കടയും ഉണ്ടായിരുന്നില്ല. മലയാളികളുടെതായുണ്ടായിരുന്നതാകട്ടെ കോവിഡിനു മുന്നേ തന്നെ അരിഷ്ടിച്ചു പോയിരുന്നതാണ്. റാണി പറഞ്ഞ, ഇത്ര ലാഭത്തിലൊന്നും ഓടുന്ന ഒരു കടയും ഉണ്ടായിരുന്നില്ല. ലോക്ക്ഡൗണിൽ സകല പ്രവാസ ജീവിതവും നിന്നു പിഴയ്ക്കാൻ പ്രയാസപ്പെടുമ്പോൾ സ്‌കോഡ റാപ്പിഡ് വാങ്ങിയും ഒന്നു രണ്ട് കോടി രൂപയ്ക്ക് വീടു കെട്ടിയും ചായക്കച്ചവടം കൊഴുത്തുവെന്ന് പച്ചയ്ക്ക് പറയുന്നതോർത്ത് ഉള്ളിലെന്തോ പിരിഞ്ഞ പാലുവെള്ളം പോലെ തികട്ടി.

മുമ്പ് അവൾ പറയുന്നതപ്പടി നുണകളാണെന്ന തോന്നലൊക്കെയും സത്യമായി വന്നു കൊണ്ടിരുന്ന കാലത്താണ്​ അവളുടെ കല്യാണം വരുന്നത്​. ശോചനീയമായ ആ ചെറിയ പുര അനുജത്തിയുടെ കല്യാണസമയത്ത് പുതുക്കിയിരുന്നു. നന്നായി ചെത്തിത്തേച്ചു. ചിലയിടത്ത് പുട്ടിയടിച്ചു. ചിലയിടത്ത് കുമ്മായം തേച്ചു. അനുജത്തിയുടെ നിക്കാഹ് ദിവസം അവിടെ പോയപ്പോൾ അവളുടെ രണ്ടാമത്തെ സഹോദരൻ ഏറെ ക്ഷുഭിതനായിക്കണ്ടു. അവളെ ശകാരിക്കുന്നതും തള്ളുന്നതും മുറിയടച്ച് പൂട്ടുന്നതും കണ്ടു. അവൾ അപമാനത്തോടെ കരയുന്നുണ്ടായിരുന്നു. മതമായിരിക്കാം കാരണം എന്നു തന്നെ ഞാൻ കരുതി. ഉമ്മറത്തേക്കവൾ ഇറങ്ങാതിരിക്കലാണ് പ്രധാനമായും ആ സഹോദരനു വേണ്ടിയിരുന്നത്. അവളുടെ മറ്റെന്തൊക്കെയോ ഇടപാടുകളെ പ്രതി ബന്ധുക്കൾ ഒറ്റയ്ക്കും തെറ്റയ്ക്കും നിന്നു കുശുകുശുത്തു.

ഗതികെട്ട ഒരു പെൺകുട്ടി. ജീവിക്കാൻ ഗതിയില്ലാത്തവൾ, വരുമാനമില്ലത്തവൾ, ധാരാളിത്ത ധൂർത്ത ആഡംബരജീവിതത്തിനായി എല്ലാത്തരം തട്ടിപ്പും വെട്ടിപ്പും കാണിക്കുന്നവൾ ഒരു വശത്ത്. മറുവശത്ത് വായനക്കാരി. ആസ്വാദക. എഴുത്തുകാർ, പ്രായമായ സിനിമാക്കാർ, സംഗീത സംവിധായകർ, പൊലീസുകാർ, സ്‌കൂൾ പ്രിൻസിപ്പൽമാർ, ഐ.എ.എസുകാർ അടക്കം എല്ലാവരുമായും വലിയ സൗഹൃദ വലയമുണ്ടാക്കിയവൾ. എല്ലാവരുമായി വ്യക്തിപരമായ ബന്ധമുണ്ടെന്നു വരുത്തലാണ്​ പ്രധാന തന്ത്രം. എനിക്ക് കരളു പറിച്ചു തരുന്ന ചങ്കുകളാണോരോരുത്തരുമെന്ന് പ്രചാരം നടത്തും.
അനിയത്തിയുടെ വിവാഹവും കഴിഞ്ഞ്​ ഏറെക്കഴിഞ്ഞാണ് അവളുടെ വിവാഹം എത്തിയത്. ആദ്യം കാണിച്ച മുജീബായിരുന്നില്ല വരൻ. വിവരങ്ങൾ കേട്ടപ്പോൾ സന്തോഷം തോന്നി. മുജീബ് മുത്തുവിനെ വിട്ടു കളഞ്ഞതെന്തെന്നൊന്നും ചോദിച്ചതേയില്ല. അല്ലെങ്കിൽ അയാൾക്കെന്തു പറ്റിയെന്നും ചോദിച്ചില്ല. ഇതുവരെയെന്തായി ജീവിച്ചോ, അതിൽ നിന്നൊക്കെ മാറി സമാധാനമായ ജീവിതമാകുമെല്ലോ എന്നെനിക്ക് തോന്നി.

എന്തായാലും വിവാഹത്തോടെ അവൾ രക്ഷപ്പെടുമെന്ന് ഉറപ്പായിരുന്നു. സർക്കാരുദ്യോഗസ്ഥനും പ്രോഗ്രസീവുമായ ഒരുവൻ. എഞ്ചിനീയറിങ്ങൊക്കെ നല്ല നിലയിൽ വിജയിച്ച ഒരാൾ എട്ടാം ക്ലാസ്സ് തോറ്റവളെ വിവാഹം ചെയ്യുന്നു. നല്ല കുടുംബം, നല്ല ജീവിതം. സമാധാനം.
എന്നാൽ അവൾ അധികനാൾ അടങ്ങിയിരുന്നില്ല. ഗീതച്ചേച്ചിയെ പോലെ ഇടയ്ക്കവളെ തോന്നും. മെല്ലെ മെല്ലെ പഴയ സഞ്ചാരങ്ങൾ തുടങ്ങി. വിവാഹശേഷവും ഇടയ്ക്കിടെയുള്ള അവളുടെ യാത്രകൾ. എണ്ണം മെല്ലെ മെല്ലെ കൂടി. ഭർത്താവറിയാതെ അവിടെ ഇവിടെയെന്നൊക്കെ രഹസ്യയാത്രകൾ. അതിനിടെ ഒരു പ്രസവം. ഒരു പെൺകുട്ടിയുടെ അമ്മയാവൽ. പ്രത്യക്ഷത്തിൽ സമാധാന ജീവിതമായിരുന്നു. അക്കാലത്തൊന്നും ഞാനും വലിയ അടുപ്പത്തിനു പോയതേയില്ല. അവളുടെ ജീവിതത്തിൽ ഇടയ്ക്കിടെയുള്ള കറുത്ത ഏടുകൾ എന്നെ സംശയഗ്രസ്തയാക്കിക്കൊണ്ടെയിരുന്നു. എന്നാൽ പൂർണമായും അവളുടെ കുടിലതയ്ക്ക് ദൃഷ്ടാന്തം ലഭിച്ചതുമില്ല. എങ്കിലും അവിടെയുമിവിടെയും നാട്ടുകാർ പറഞ്ഞ് ആ ദാമ്പത്യം പതിയെ ഉലയുന്ന വിവരം അറിഞ്ഞു.

ഒരു ദിവസം കുഞ്ഞിനെയുമെടുത്ത് അവൾ എന്നെക്കാണാൻ വന്നു. ലീഗലായി മുത്തലാക്കിന്റെ കാര്യം അറിയാനായിരുന്നു. പള്ളി മഹല്ലിലേയ്ക്ക് ഭർത്താവ് അവളെ മൊഴി ചൊല്ലി കത്തയച്ചിരിക്കുന്നു. നാട്ടുകാർ പറഞ്ഞും കേട്ടും ഞാനത് പ്രതീക്ഷിച്ചിരുന്നു. ഇത്രമേൽ സംശയാസ്പദമായ ഒളിജീവിതവും സമാന്തരജീവിതവും ദാമ്പത്യത്തിനകത്ത് സൂക്ഷിക്കുന്ന ഒരുവളെ ആർക്കും ഇണയായി സൂക്ഷിക്കുവാൻ കഴിയില്ല. പക്ഷെ ഇത്ര വേഗം അയാളവളെ തിരിച്ചറിയുമെന്നും അവളുപേക്ഷിക്കപ്പെടുമെന്നും ഞാൻ കരുതിയില്ല. ഗതികെട്ട ജീവിതവും നടന്നുവന്ന മുൾപ്പാതകളും ചൂണ്ടിക്കാട്ടി തന്റെ വശത്ത് തെറ്റില്ലെന്നവൾ ആണയിട്ടു കൊണ്ടേയിരുന്നു. അന്നൊന്നും അവളെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ അറിയുമായിരുന്നില്ല, അവിടെയും ഇവിടെയും കേൾക്കുന്നുവെന്നല്ലാതെ. ഞാൻ വീണ്ടും പ്രശ്ന​ത്തിലായി. അവളെ സഹായിക്കണമെന്ന് വീണ്ടും വീണ്ടും നിസ്സഹായമായ അവസ്ഥ. ഓർത്തപ്പോൾ ആ ഗതികേടിനോടും അലിവ് തോന്നി. അല്ലെങ്കിൽ അവൾ തോന്നിപ്പിച്ചു.

അവൾ പോയി അജിതേച്ചിയുടെ ‘അന്വേഷി’യിൽ പരാതി നൽകുന്നു. അവളുടെ ഭർത്താവായിരുന്ന അഷറഫ് വരുന്നു. അയാളോട് ഞാനും സുഹൃത്തുക്കളുമൊക്കെ ഒപ്പം പോയി സമവായം സംസാരിക്കുന്നു. അയാൾ വഴങ്ങുന്നേ ഇല്ല. മുഖത്തു നോക്കുന്നില്ല. ഭയം കൊണ്ട വെരുക് മാതിരി. അയാൾ അസ്വസ്ഥതയോടെ ഇരുന്നു. അയാളോട് ഞാൻ നിരന്തരം സംസാരിച്ചു. അഭ്യർത്ഥിച്ചു. അവളുടെ നിസ്സഹായവസ്ഥകൾ പറഞ്ഞു. അയാൾ പക്ഷെ ഭയചകിതനായിരുന്നു.
‘‘നിങ്ങൾ വിചാരിക്കുന്നതു പോലെയല്ല. ഭാര്യ അപഥസഞ്ചാരിണിയെന്ന് നാടും നാട്ടാരും പറഞ്ഞതുമല്ല. അതിനൊക്കെയപ്പുറത്ത് എന്റെ മുറിയിൽ അവളെന്നെ ശാരീരികമായി ഉപദ്രവിക്കയാണ്​'', അയാൾ വിഷമത്തോടെ പറഞ്ഞു;
‘‘ചവിട്ടും ഇടിയും എനിക്ക് സഹിക്കാൻ വയ്യ. എനിക്ക് മരിക്കാൻ വയ്യ. ഗർഭിണിയായപ്പോൾ പോലും എനിക്ക് സമാധാനം തന്നിട്ടില്ല.’’
‘‘ഭാര്യ ശാരീരികമായി ആക്രമിക്കുന്നു എന്നു പറയാൻ ലജ്ജയില്ലെ?'', അയാൾ എന്റെ മുഖത്തേയ്ക്കു നോക്കാതെ നിസ്സഹായതയോടെ മുഖം താഴ്ത്തി.
‘‘ഇല്ല. ലജ്ജയില്ല. അതുവെച്ച് നോക്കിയിരുന്നാൽ എന്നെ എന്റെ ഭാര്യ കൊല്ലും. അതാണെന്റെ അവസ്ഥ’’, അയാൾ വിളറിനിന്നു.
‘‘നിങ്ങൾ കരുതുന്ന ഒരുവളല്ല അവൾ. രക്ഷപ്പെട്ടുകൊള്ളൂ. ഞാനതു മനസ്സിലാക്കി രക്ഷപ്പെട്ടു'', ഒടുക്കത്തെ ഉപദേശം കൂടി തന്നു അയാൾ.
‘‘പോടാ അവ്ട്ന്ന്'', ഞാനയാളോട് ദേഷ്യപ്പെട്ടു. അതേസമയം അയാളുടെ വാക്കുകൾ എന്നെ ജാഗരൂഗമാക്കി. അയാളുമായുള്ള സംഭാഷണത്തിനിടെ അവൾ പറഞ്ഞതെല്ലാം നുണകളാണെന്ന് എനിക്ക് ബോധ്യം വന്നിരുന്നു. ഗതികേടുകൊണ്ട് നുണകൾ മെനെയേണ്ടി വരുന്നുവെന്നായിരുന്നു എന്റെ സ്വയം സമാധാനം. എന്നാൽ വിശപ്പിനപ്പുറത്തേയ്ക്ക് ചതി ചെയ്യുന്നവർ അതിക്രൂരരായിരിയ്ക്കും. അവർ നമുക്കു മുന്നിൽ ചിരിച്ചു നിന്ന്​ നമ്മെ വിൽക്കും.
പിന്നീട് ഞാൻ രണ്ട് തവണയോ മറ്റോ കണ്ടിട്ടുണ്ട് അയാളെ. ഏറെ വിശാലഹൃദയനായ അഷറഫ് പിന്നീട് പറഞ്ഞത് ഓർക്കുമ്പോൾ ഞാനും ചിരിയ്ക്കാറുണ്ട്: ‘‘ശരിയത്ത് വെച്ച് നിക്കാഹ് ചെയ്യെണ്ടാന്നെനു ഇനിക്ക്. ഉയർന്ന ചിന്താഗതിക്കാരനായതിനാൽ സ്‌പെഷ്യൽ മാര്യേജ്​ ആക്റ്റിൽ ചെയ്യണമെന്ന് കരുതി. എന്നാൽ ഓളെ വീട്ടുകാർക്ക് വേണ്ടി നിക്കാഹ് ചെയ്തു. അതെനിക്ക് രക്ഷയായി. മൂന്നു മൊഴിയിൽ എനിക്കാ ബന്ധത്തിൽ നിന്നൂരാനായി. അല്ലെങ്കിൽ എന്റെ ജീവിതം തുലഞ്ഞു പോയേനെ''.

ചിലർക്ക് അങ്ങനെയാണ്. ചളിയും ചതിയും ഹരം തന്നെയായിരിക്കും. വെളുത്ത പകൽ പുറത്തും കറുത്ത രാത്രി അകത്തും സൂക്ഷിക്കുന്ന നാനാജാതി മനുഷ്യരുടെ പ്രതിനിധികളായിരിക്കും അവർ. ആ കറുപ്പിനെ മുഴുവൻ അവരൂറ്റും. അവരുടെ ഹൃദയത്തിൽ രാത്രി നീലിക്കും. അവളുടെ രാത്രികൾ ചതിയുടെ... ▮

(തുടരും)


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments