രാമനാട്ടുകരയിൽ ഏപ്രിലുച്ചയുടെ സൂര്യൻ നിറഞ്ഞുകത്തി. ചുട്ടവെയിലിൽ അവൾ നിന്നു എരിഞ്ഞു, വാൾച്ചിരി ചിരിച്ചു. ആളുകൾ പൊല്യാട്ച്ചി അനിലയെ ഭയത്തോടെ തുറിച്ചുനോക്കി. വെറുപ്പോടെ തുറിച്ചു നോക്കി. അറപ്പോടെ തുറിച്ചു നോക്കി.
പൊല്യാട്ച്ചി അനിലയെന്നാൽ തെളിഞ്ഞനിറമുള്ള കണ്ണാടി ജലമാണ്.
നിഷ്‌കളങ്കമായതും ഏവരുടേയും ദാഹം തീർക്കുന്നതുമായ തണുത്ത ജലം.
അവളെക്കുറിച്ച് ഓർക്കുമ്പോൾ റിങ്ങുകൾ ഇറക്കിയ വീട്ടുമുറ്റത്തെ ചെറിയ കിണർ ഓർമ വരും. ക്രാ ക്രാ കരയുന്ന എണ്ണയിട്ട കപ്പിയോർമവരും. തടിച്ച കയറും വെള്ളത്തൊട്ടിയും ഓർമ വരും. സേവാമന്ദിരം സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ ഒരു കയറ്റത്തിൽ നടുവിലായാണ് അനിതയുടെ വീട്. വീടെന്നാൽ ഒരു മുറി, ഒരു ഹാൾ, അതിന്റെ മൂലയിൽ അടുക്കളയുള്ള ഒരു കുട്ടി വീട്. ആ വീട്ടിലെ തണുപ്പുള്ള തെളിഞ്ഞ വെള്ളം കിണറിൽ നിന്ന് എന്നും ഞങ്ങൾ മുക്കിക്കുടിക്കും. കടയിൽ നിന്ന് വാങ്ങിയ നെല്ലിക്കയുടെ വിനാഗിരിചവർപ്പും പുളിപ്പും നീറ്റുന്ന മധുരമായി മാറും, കാഴ്ചയിൽ ചവർത്തുനിൽക്കുന്ന അനില ചിരിക്കുമ്പോൾ സുന്ദരിയാവുന്നതുപോലെ അത് മധുരമായി മാറും.
ഞങ്ങൾ സ്‌കൂളിലേയ്ക്കു നടന്നു പോകുന്ന വഴിയിൽ ആയിരക്കണക്കിന് വീടുകളുണ്ടായിരുന്നു. പല തരം കിണറുകളുണ്ടായിരുന്നു. തെളിവെള്ളം ഉള്ളവ, ഇളംനീല വെള്ളമുള്ള, എക്കൽ മണ്ണിന്റെ സ്വാദുള്ളവ... അങ്ങനെ പലതരം. പലജലരുചിക്കലക്കം ഞങ്ങളുടെ നാവിനെ സദാ കുളിർപ്പിച്ചു കൊണ്ടേയിരുന്നു. മഴക്കാലത്ത് തിളപ്പിച്ച പോലെ കിണറിൽ നിന്ന് പുറത്തേയ്ക്ക് ജലമൊഴുകുന്നവയും വേനലിൽ വറ്റുന്നവയുമായ കിണറുകളും ധാരാളമുണ്ടായിരുന്നു. എന്നാൽ പലപ്പോഴും പല കാരണങ്ങൾ പറഞ്ഞ് പഞ്ചായത്തുകാർ ആ കിണറുകളിൽ ബ്ലീച്ചിങ്ങ് പൗഡർ കലക്കി. അവയെല്ലാം ചവർത്തു. രാസപ്പൊടികളുടെ നീറ്റുന്ന മുശുക്കുമണം ദാഹത്തെ കെടുത്തി. ക്ലോറിൻ മണക്കുന്ന ആ വെള്ളം ഞങ്ങൾക്കിഷ്ടമായിരുന്നില്ല. എന്നാൽ ഒരു കാലത്തും അനിലയുടെ കിണറ്റിൽ ആരും ശുദ്ധീകരണത്തിനായി ബ്ലീച്ചിങ്ങ് പൗഡർ വിതറിയില്ല. ഒരു പഞ്ചായത്തുകാരനും അവളുടെ കിണർ ശുദ്ധമാക്കിയില്ല. എത്ര വിശുദ്ധമാക്കിയാലും ലോകം അശുദ്ധമാക്കിയ ഒരു പെണ്മ അനിലയേയും കിണറിനേയും എല്ലാരിൽ നിന്നും അകറ്റി.
എനിക്കുമാത്രം പൂക്കൾ ചൂടാൻ ഇഷ്ടമില്ലായിരുന്നു. എനിക്കിഷ്ടം പുളികളാണ്. കുലകുത്തിക്കിടക്കുന്ന അരിനെല്ലിമരക്കമ്പ് എന്റെ ദാഹത്തെ വളർത്തി. പാഷൻ ഫ്രൂട്ടിന്റെ സ്വർണക്കയ്കൾ എന്റെ ദാഹത്തെ മധുരതരമാക്കി
ഞങ്ങൾ ഹൈസ്‌കൂൾക്കാരികളായിട്ടും എന്തിനാണ് അപരിചിതമായ വീടുകളിൽ കയറി കിണറിൽ നിന്ന് വെള്ളം മുക്കി കുടിക്കുന്നത്? 30 മിനുട്ട് യാത്രക്കിടയിൽ മുപ്പതു വീട്ടിൽ കയറി മൂന്നു മണിക്കൂറു കൊണ്ട് നടക്കുന്നതെന്തിന്? എല്ലാവരും കൗതുകത്തോടെ ചോദിക്കുമായിരുന്നു. ലോകത്തെയും മനുഷ്യരെയും കാണാനും അവരുടെ വീടുകളുടെയും ആഹ്ലാദങ്ങളെയുടെയും പൊട്ടുകൾ ജീവിതത്തിലേക്ക് കൺമിഴിച്ച് എടുക്കാനും അതിൽ ഭാഗമാകാനും തോന്നുന്ന ഒരുതരം കൗമാര കുതൂഹലം ആയിരുന്നു യഥാർത്ഥത്തിൽ അതിന്റെ കാതൽ. മനുഷ്യരെ പരിചയപ്പെടുക, നിറയെ സൗഹൃദങ്ങൾ ഉണ്ടാക്കുക, എഴുത്തിന്റെ ചോദനയിൽ പാത്രങ്ങളെ ഒരുക്കുക. എന്നാൽ എന്റെ സഹവെള്ളംകുടിച്ചിമാരായ പ്രജിതയോ അനുപമയോ കാന്തിമതിയോ അതിൽ മറ്റൊരു ലാഭവും കണ്ടെത്തി. പഴങ്ങൾ, പൂവുകൾ, വിത്തുകൾ, ചെടികൾ എന്നിവയായിരുന്നു അത്. അരിനെല്ലിക്കയും ചാമ്പങ്ങയും സപ്പോട്ടയുമുള്ള വീടുകൾ എന്തായാലും വിട്ടു കളയില്ല. കുറ്റിമുല്ലയും പിച്ചകവും കനകാംബരവും ചക്കമുല്ലയും വള്ളിപൊടിച്ച വീടുകൾ ഞങ്ങൾ ഒഴിവാക്കിയില്ല.
പല വീടുകളിൽ നിന്നും വെള്ളം കുടിച്ചുകുടിച്ചു ഞങ്ങളുടെ ജലവണ്ടി ഇഴഞ്ഞുനീങ്ങി. റോസാക്കമ്പുകളിൽ പൂമൊട്ടു പൊടിച്ചും വെള്ളയും ചുവപ്പും മൊസാന്തകളിൽ ഇല കിളിർത്തും വീട്ടിലെ തോട്ടങ്ങൾ മനോഹരമാക്കാൻ എന്റെ കൂട്ടുകാരികൾ മത്സരിച്ചു. അനുപമ പൂക്കൾ വാങ്ങിച്ചു. വയലറ്റ് നീലയാർന്ന പാർവ്വതിപ്പൂവും മുല്ലക്കൂട്ടങ്ങളും ലാംഗിലാംഗിച്ചെമ്പകവും കവറിൽ ഓരോടത്തുന്നായി ശേഖരിച്ചു. പിറ്റേന്നു വഴിവയ്ക്കിൽ മെടഞ്ഞ പൂമാലയായും കെട്ടിയ പൂമാലയായും അവ ഞങ്ങൾ പെൺകുട്ടികളുടെ തലയിൽ കയറി. എനിക്കുമാത്രം പൂക്കൾ ചൂടാൻ ഇഷ്ടമില്ലായിരുന്നു. എനിക്കിഷ്ടം പുളികളാണ്. കുലകുത്തിക്കിടക്കുന്ന അരിനെല്ലിമരക്കമ്പ് എന്റെ ദാഹത്തെ വളർത്തി. പാഷൻ ഫ്രൂട്ടിന്റെ സ്വർണക്കയ്കൾ എന്റെ ദാഹത്തെ മധുരതരമാക്കി. പനീർച്ചാമ്പങ്ങയുടെ വെള്ളയിറച്ചി നൊട്ടിനുണയെ വീട്ടിൽ പോകണ്ടയെന്നും ഈ മരത്തിൽ ഒരു തേന്തീറ്റക്കാരനായ വാവലായി തലകീഴായിക്കിടക്കാമെന്നും വരെ ഞാൻ ചിന്തിച്ചു. സാധങ്ങൾ വാങ്ങിച്ചു നടന്നുകൊണ്ടെയിരുന്ന ഞങ്ങൾ കയറ്റത്തിലെ അനിലയുടെ വീടിനെ സുസ്ഥിര ജലസംവിധാന പ്രക്രിയയായി മാറ്റി.
അനില എന്ന മെലിഞ്ഞ സ്ത്രീയുടെ വീടായിരുന്നു അത്.
മൊരിഞ്ഞ തൊലിയും മെലിഞ്ഞ ഉടലുമുള്ള അനില എന്ന നിഗൂഢയായ സ്ത്രീ. അവർ ഞങ്ങൾ വരുമ്പോൾ തെളിഞ്ഞ ചിരിയോടെ അകത്തുനിന്ന് ഗ്ലാസുകൾ എടുത്തുകൊണ്ടു വരികയും കിണറിൽ നിന്ന് അവർ തന്നെ കോരി ഞങ്ങൾക്ക് വെള്ളം പകർന്നു തരികയും ചെയ്തു. മറ്റൊരു വീട്ടിലും ഞങ്ങൾക്ക് അത്രയും ആതിഥേയത്വം കിട്ടിയിരുന്നില്ല. ഒരു വീട്ടുകാരും ഞങ്ങൾക്കായി വെള്ളം കോരി ഇരുന്നില്ല. തൊട്ടി കിണറ്റിലേക്ക് ബ്ലും എന്ന ഒച്ചയിൽ തള്ളിയിട്ട് കപ്പി കിർക്കിറാന്നു കറക്കി കൈത്തണ്ടയുടെ വെള്ളം തെറിപ്പിച്ച് ചകിരിക്കയർ പാതാള സഞ്ചാരം ഞങ്ങൾ നോക്കിനിന്നു. കനം കുറഞ്ഞ രണ്ടു സ്വർണവളകൾക്കുമീതെ ചുവന്ന കുപ്പിവളകൾ ആഹ്ലാദക്കലമ്പലാർത്തു.
‘‘ന്തിത്ത്‌നാണ് പെങ്കുട്ടോളെ ഇങ്ങള് ളോൾടെ പുരേല് പോണത്? പുഗ്ഗണ്ട മക്കളേ. പുഗ്ഗാൻ പാടില്ല'', ദാമുവേട്ടൻ ഞങ്ങളെ വിലക്കി.
‘‘എന്തേയ്‌നു ദാമേട്ടാ, അവ്‌ടെ കൊയപ്പണ്ടോ? ങ്ങള് പറഞ്ഞോളീ കേൾക്കട്ടെ''; അനിലയുടെ ഗൂഢകഥകൾ കേൾക്കാൻ ഞങ്ങൾ ആഞ്ഞുശ്രമിച്ചു.
ദാമോദരൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി. സ്ത്രീയുടെ ദാഹത്തെക്കുറിച്ചും ഉടലിൽ ആഴമുള്ള കിണർ സൂക്ഷിച്ച് പുരുഷന്റെ ദാഹത്തെ കെടുത്തുന്നതിനെപ്പറ്റിയും കഥപറയാൻ അയാൾക്ക് കഴിയുമായിരുന്നില്ല.
സ്‌നേഹമസൃണമായി ആത്മാർത്ഥമായി പെരുമാറുന്ന ഈ സ്ത്രീ എങ്ങനെയാണ് ഞങ്ങളുടെ നാടിന് മുഴുവൻ വെറുക്കപ്പെട്ടവൾ ചിന്ത ഞങ്ങളെ മതിച്ചു.
പാടത്ത്, വരമ്പത്ത്, തോട്ടിൽ ചൂലൻ, നീലൻ, ഉണ്ണി നാഗൻ, ചിരുതട്തി, കാക്കി ഉണ്യാമൻ... അനിലയെ വിലക്കുന്നവരുടെ പട്ടിക നീണ്ടു കൊണ്ടേയിരുന്നു. എന്നാൽ ഒരാൾ പോലും എങ്ങനാണ് എന്തുകൊണ്ടാണ് അനിലയുടെ വീട്ടിലെ ജലം അവിശുദ്ധം ആകുന്നത് എന്ന് ഞങ്ങളോട് പറഞ്ഞില്ല.
‘‘പൂൻങ്കുട്ട്യാൾക്ക് പുഗാൻ പറ്റിയതല്ല ആടെ’’ എന്ന് ഒഴുക്കൻ മട്ടിലോ
‘‘വേണ്ട പൊന്നാരേ'' എന്ന് പഞ്ചാര മട്ടിലും ‘‘ഒന്നോളം പോന്ന ബാല്യക്കാരികൾടെ ദാഹം'' എന്ൻ അവഹേളനം മട്ടിലോ അവർ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു: ‘‘ഔട്‌ത്തെ ബെള്ളൊന്നും കുട്ച്ചാൻ പറ്റൂല. സുത്താക്കാത്തതാണ്.’’
എന്നാൽ എന്തുകൊണ്ട് അനിലയുടെ വീടും അനിലയും അവിശുദ്ധമായി എന്ന് ആരും പറഞ്ഞതേയില്ല.
ആ രഹസ്യം തന്നെയായിരുന്നു അനിലയുടെ മേലെ ഞങ്ങൾക്കുള്ള ആദ്യ കൗതുകം. സ്‌നേഹമസൃണമായി ആത്മാർത്ഥമായി പെരുമാറുന്ന ഈ സ്ത്രീ എങ്ങനെയാണ് ഞങ്ങളുടെ നാടിന് മുഴുവൻ വെറുക്കപ്പെട്ടവൾ ചിന്ത ഞങ്ങളെ മതിച്ചു.
ജഢകരമായ വൈകുന്നേരങ്ങളിൽ പൂക്കൾ പച്ചകുത്തിയ പുതിയ വെള്ള നൈറ്റി ഉടുത്ത് അലസമായി മുടി ചീകി അനില കാലിന്മേൽ കാൽകയറ്റിയിരുന്നു. ചിലപ്പോൾ കാലുകൾ വിടർത്തി വെച്ചിരുന്നു. ആളുകൾ അവജ്ഞയോടെ കാർക്കിച്ചു തുപ്പി. അവളുടെ മുഖത്ത് ലോകത്തോടുള്ള ധാർഷ്ട്യം സദാ പൊന്തി നിന്നു
‘‘അപ്‌സരച്ചി, തു ഫ്''; ജാനു ഏടത്തി ആഞ്ഞുതുപ്പി; ‘‘കുത്തിരിക്കണ കണ്ടാ പൊല്യാടിച്ചി''
ആക്ഷേപങ്ങൾ, പരിഹാസങ്ങൾ, അവജ്ഞകൾ... ഒരു നാട് അനിലയെ ഭ്രഷ്ടയെപ്പോലെ വെറുത്തു. അവരുടെ മുറുക്കാൻ തുപ്പലുകളുടെ ചോപ്പേറ്റ് മതിലരികിൽ കാടുപടർന്ന ചോത്ത ചെമ്മരത്തികൾ ഒന്നൂടി ചോത്തു. വീടരികിൽ കാവൽ കിടക്കുന്ന പറക്കുട്ടിയും കരിങ്കുട്ടിയും ഞെട്ടി.
ഞങ്ങൾ ചെല്ലുമ്പോൾ എന്നും വൈകുന്നേരങ്ങളിൽ മുറ്റത്തെ തിണയിൽ അയാൾ, അവരുടെ അച്ഛൻ അവശതയോടെ ചാരിയിരുന്നു. അയാൾക്കൊരു 70 വയസ്സോളം തോന്നിക്കും. രോഗം ബാധിച്ച കിഡ്‌നി മാറ്റിവെച്ച ആളാണ്. ഒരു കൊക്കപോലെ വളഞ്ഞ മനുഷ്യൻ. തൊട്ടടുത്തിരിക്കുന്ന വടി ‘‘തക്ക തക്ക'' എന്ന് കുത്തിക്കൊണ്ട് അയാളിരുന്നു. പ്രത്യക്ഷത്തിൽ അയാൾ ഒരു കുരുടനെ പോലെ ആയിരുന്നു. ഞങ്ങൾ വന്നാലോ പോയാലോ ഒന്നുമറിയാത്ത ഒരാൾ. അവനവന്റെ ഗൂഡ ലോകത്ത് തന്നെ താമസിച്ച് അദൃശ്യരായ മനുഷ്യരോടോ മറ്റൂള്ളവയോടോ മതിലരികിലെ കരിങ്കുട്ടിയോടോ എന്തൊക്കെയോ സദാ സംസാരിച്ചുകൊണ്ടിരുന്നു. ചോത്ത ഇരട്ടച്ചെമ്പരത്തികൾ രക്തനിറമാർന്നു വിടരുകയും ഇതളുകൾ കരിങ്കുട്ടിച്ചാത്തന്റെ പ്രതിഷ്ഠയിൽ വീഴ്ത്തുകയും ചെയ്യും. അപ്പോഴൊക്കെ അയാളുടെ കണ്ണുകളിൽ ചോപ്പ് പാഞ്ഞു.
അനിലയെപ്പോലെയുള്ള ഒരു പതിഞ്ഞ മട്ടുകാരൻ തന്നെയായിരുന്നു അയാൾ; പാവം. നിലാവിൽ മഞ്ഞുവീണ് ചന്ദ്രൻ മറഞ്ഞതുപോലെ വെളുപ്പുള്ള തിമിരം ആ നനഞ്ഞ കണ്ണുകളെ മൂടിയിരുന്നു. നീലനിറമുള്ള നഖങ്ങൾ ഞങ്ങൾ വൃത്തിയായി വെട്ടിവെച്ചിരുന്നു. ആളുടെ ഉടുപ്പിൽ ഒരു തുള്ളി അഴുക്കോ കറയോ ഉണ്ടായിരുന്നില്ല. അനില അയാളെ ഒരു കുഞ്ഞിനെ പോലെയാണ് പരിചരിച്ചിരുന്നതെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാവും. അനില തന്റെ അച്ഛനോട് സ്‌നേഹമുള്ള സ്ത്രീയാണെന്നും നമുക്ക് മനസ്സിലാകുമായിരുന്നു.
എന്നിട്ടും അനിതയെ ഞങ്ങളുടെ നാട് വെറുത്തു. അപ്‌സരച്ചി, പൊല്യാടിച്ചി, ഈന്ധ്യാനിച്ചി, കൂത്തിച്ചി, കഴപ്പിച്ചി തുടങ്ങിയ മോശമായ പദങ്ങളാൽ അവൾ വിശേഷിപ്പിക്കപ്പെട്ടു.
എന്നെ സംബന്ധിച്ച് നിഗൂഢതയുള്ള സ്ത്രീയായിരുന്നു എങ്കിലും അനില സ്‌നേഹമയിയായിരുന്നു. വീട്ടുകാരോടും വീട്ടിൽ വരുന്ന മനുഷ്യരോടും അലിവോടെ പെരുമാറുന്നവളായിരുന്നു. എന്നിട്ടും വെറുക്കപ്പെടുന്നെങ്കിൽ അതിനുള്ള കാരണം അറിയാൻ എനിക്ക് അത്യധികം താൽപര്യമുണ്ടായി.
ഒരുദിവസം കൊയ്യുന്ന അരിവാളു നിലത്തിട്ട് തലേക്കെട്ട് കുടഞ്ഞ് മുഖം തുടച്ച്, കാക്കി എന്നോട് ക്ഷുഭിതയായി; ‘‘ന്ത് കണ്ടിട്ടാണ് കുട്ട്യാളെ, എപ്പോളും എപ്പോളും ആ പെരേൽക്ക് ഇങ്ങനെ പോണത് ? ഓള് ഭയങ്കര ചീത്തയാണ്, അങ്ങട്ട് പോണ്ട.''
‘‘എങ്ങനെ ചീത്ത ? ഓളെന്ന്താ കുളിക്കൂലെ?''
എന്റെ സംശയം, എന്റെ ജിജ്ഞാസ, എന്റെ കൗതുകം... അതുകണ്ട് കാക്കിയ്ക്ക് വീണ്ടും ദേഷ്യം വന്നു.
‘‘ചെറ്യ കുട്ട്യാള് അറിയാൻ പാടില്ലാത്ത സംഗതിയൊക്കെ ബേണ്ട്വോളണ്ട്. അവ്ത്ത്‌ല് ചെന്നുങ്ങാണ്ട് അത് അറിയണ്ട കാര്യല്ല''
‘‘എന്ത് കാര്യവും അറിഞ്ഞിട്ട് വേണം അതിന്റെ ശരി തീരുമാനിക്കാൻ എന്നാണ് അച്ഛൻ പറഞ്ഞത്.’’
ഞാനും ഒട്ടും വിട്ടുകൊടുത്തില്ല. എന്നെ സംബന്ധിച്ച് നിഗൂഢതയുള്ള സ്ത്രീയായിരുന്നു എങ്കിലും അനില സ്‌നേഹമയിയായിരുന്നു. വീട്ടുകാരോടും വീട്ടിൽ വരുന്ന മനുഷ്യരോടും അലിവോടെ പെരുമാറുന്നവളായിരുന്നു. എന്നിട്ടും വെറുക്കപ്പെടുന്നെങ്കിൽ അതിനുള്ള കാരണം അറിയാൻ എനിക്ക് അത്യധികം താൽപര്യമുണ്ടായി.
‘‘അമ്മയ്ക്ക് അറിയോ, അനിലക്ക് എന്താ പ്രശ്‌നം ന്ന്, ഓരിന്റെ കഥ?''
‘‘ആ അമ്മായിയ്ക്ക് വേണ്ടി ഇനി പ്പ അതറിയാൻ ഞാൻ നടക്കാം'', അമ്മ എന്റെ മൂക്കിൽ പിടിച്ചു തിരിച്ചു. എനിക്ക് വേദനിച്ചു.
അമ്മയ്ക്ക് ഇത്തരം കാര്യങ്ങളിലൊന്നും അര താല്പര്യമില്ല.
തിരക്കും അടുക്കളപ്പണിയും ദീർഘയാത്ര ചെയ്തു പോയുള്ള ജോലിയും കഴിഞ്ഞാൽ എന്ത് അനില? എന്ത് കഥ? രാവിലെ എട്ടു മണി ആകുമ്പോഴേക്കും മൂന്നു കുട്ടികൾക്കും ഭർത്താവിനുമുള്ള ചോറ്റുപാത്രമടക്കം തയ്യാറാക്കി, 28 അടിക്കോൽ കിണറ്റിൽ നിന്ന് വെള്ളം മുക്കിക്കോരി ഞങ്ങളെ ഒരുക്കി, ബസ് സ്റ്റോപ്പിലേക്ക് ഓടിയെത്താൻ യന്ത്രം പോലെ അടുക്കളയിൽ തിരിയുന്ന അമ്മയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിൽ കൂടുതൽ ഉത്തരങ്ങൾ ഒന്നും കിട്ടുമായിരുന്നില്ല. സ്ത്രീകളെക്കുറിച്ച് അസൂയ, കുശുമ്പ്, കുന്നായ്മയുടെ കഥ മെനയുന്നവർ ഒരിക്കലും എന്റെ അമ്മയെപ്പോലത്തെ ഭൂരിഭാഗം സ്ത്രീകളെ കാണാറില്ല. ജോലി തന്നെ ജോലി ചെയ്ത് തളർന്ന് തകർന്ന് വീട്ടിലെത്തുമ്പോൾ അമ്മേ എന്ന വിളി തന്നെ താങ്ങാൻ കഴിയില്ല.
‘‘നാക്ക് പിടിച്ച് ആരോ തൊണ്ടേലിക്ക് വലിക്കണ മാതിരിയാ'', വന്നയുടനെ പച്ച വെള്ളം അമ്മ ദാഹത്തോടെ കുടിച്ചിട്ട് തീർത്ത് പറയും..
ആ അമ്മയ്‌ക്കൊന്നും അനില വിഷയമല്ല.
അനിലയുടെ നിഗൂഢതയെ കുറിച്ചുള്ള എന്റെ സംശയം ആദ്യം തുടങ്ങുന്നത് അവരുടെ മൂത്ത പെൺകുട്ടിയെ കണ്ടശേഷമാണ്.
ഇരുനിറമുള്ള, മെലിഞ്ഞ ഉടലുള്ള തീയത്തി അനിലയ്ക്ക് ടാൻസാനിയൻ എണ്ണ ക്കറുപ്പുള്ള ആഫ്രിക്കൻ ചുരുൾ മുടിയുള്ള, കാപ്പിരി പെൺകുട്ടി എങ്ങനെ ജനിച്ചു?
അവളുടെ അച്ഛൻ ഇന്ത്യയിൽനിന്നുള്ള ഒരാളല്ല എന്ന് അവളുടെ ശരീരവും നിറവും വിളിച്ചുപറഞ്ഞു. അതു പോരാഞ്ഞ് ആ പെൺകുട്ടിയുടെ പേരും കൗതുകകരമായിരുന്നു.
എന്താണ് പേര്? വെള്ളം കുടിക്കുമ്പോൾ ഞാൻ വിശേഷം തിരക്കി.
‘‘സഹർ'', അവൾ പേരു പറഞ്ഞ് മെദുവെ ചിരിച്ചു. കറുപ്പിൽ വിടരുന്ന പിങ്ക് നിറം;
അവളുടെ കാപ്പിരി തൊണ്ണയിൽ വീണു പോയ പല്ലിന്റെ വിടവുകൾ .
‘‘എന്താണ് ഇതിന്റെ അർത്ഥം?''
‘‘തിളങ്ങുന്നത്’’; കരിങ്കുട്ടിച്ചാത്തന്റെ ചെമ്പരത്തിപ്പൂവും മൊട്ടും ഇലയും നീട്ടി.
‘‘അറബി ഭാഷയിലോ?''
‘‘അല്ല, ടാൻസാനിയൻ ഭാഷയിൽ''
‘‘ആഫ്രിക്കാ? അദെങ്ങനെ?''
‘‘ഇക്കുട്ടീന്റെ തന്ത കാപ്പിരിയാ'' അനിലയുടെ മുഖത്തെ കൂസലില്ലായ്മയിൽ ഞാൻ ഞെട്ടി.
‘‘കോഴി ബാ ബാബാ''; ചുവന്ന പൂടയുള്ള കറുത്ത പൂവങ്കോഴികളെ അനില കൂട്ടിൽ വിളിച്ചു കേറ്റി.
‘‘പക്ഷെ എന്റെ ഇപ്പ്‌ഴ്‌ത്തെ ഓൻ കാപ്പിര്യല്ലാട്ടോ. മിഷ്രി ആണ്''; പരുത്ത കവിളുകളുകളിൽ പ്രേമനാണം ചോത്തുതളിർത്തു. കരിങ്കുട്ടിച്ചാത്തനൊരു ചെമ്മരത്തിനേദ്യമായി.
‘‘കാണണോ?''
‘‘മ്മ്ഹ്‌മ്'', ഞാൻ കൗതുകം പൂണ്ടു.
‘‘ഫിറോസ്’’, അനില അയാളെ വിളിച്ചു.
അക്കാലത്ത് അനിലയുടെ പുത്തൻ ഭർത്താവ് ആ വീട്ടിൽ താമസിക്കുവാൻ വന്നതായി ഞാൻ അറിഞ്ഞിരുന്നു.
‘‘നാട്ടാരൊന്നും പറഞ്ഞന്നില്ലേ?''
‘‘ഇല്ല''
വാതിൽ തുറന്ന് പുറത്തിറങ്ങിയ അയാളെ കണ്ട് ഞാൻ ഞെട്ടിപ്പോയി.
അത്രയും സുന്ദരനായ ഒരു ചെറുപ്പക്കാരൻ. ഏറിയാൽ 23 വയസ്സ്. വെളുവെളുത്ത പളുങ്ക് പോലെ തിളങ്ങുന്ന മനോഹരമായ കണ്ണുകൾ. അവയിൽ നിറയെ കൺപീലികൾ. ചോര തൊട്ടെടുക്കാവുന്ന താമരയിതൾത്തൊലി.
ചെമ്പുകമ്പികൾ പോലെ മനോഹരമായ താടിയും മീശയും.
ഒരു രീതിയിലും അനിലയുടെ ഭർത്താവാവാൻ സാധിക്കാത്ത ഒരാൾ .
രണ്ടോ മൂന്നോ മാസം അയാൾ ആ വീട്ടിലുണ്ടായിരുന്നു. പെൺകുട്ടികൾ വരുമ്പോൾ ‘‘യെണിലാ'' എന്ന് അകത്തേയ്ക്കു വിളിച്ച് കണ്ണുകൾ വിടർത്തി അയാൾ ഞങ്ങളെ അത്ഭുതത്തോടെ നോക്കി നിന്നു. ഒരു ചെറിയ കുറ്റിക്കാട് നീങ്ങും പോലെയായിരുന്നു ഞങ്ങൾ.
അറബി ഭാഷയിൽ അനിലയോട് എന്തൊക്കെയോ ചോദിച്ചു.
അനില അതിന് അറബിയിൽ തന്നെ മനോഹരമായി മറുപടിയും പറഞ്ഞു.
ഞങ്ങൾ വാ പൊളിച്ചു നിന്നു. സ്‌കൂളിൽ എട്ടാന്തരം തോറ്റ അനില അറബി ഭാഷ ഭാഷ എങ്ങനെ ഇപ്രകാരം കൈകാര്യം ചെയ്യുന്നു എന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു.
‘‘യ്ക്ക് പല ഭാഷ വശണ്ട്. ഞാൻ പല രാജ്യങ്ങളിൽ ജോലി ചെയ്തീന്. എന്റെ ഈ 32 വയസ്സിനുള്ളിൽ ഞാൻ കാണാത്തതും അനുഭവിക്കാത്തതുമായ ഭാഷയോ ലോകമോ ഇല്ല. നയിപ്പിന്റെം സുയിപ്പിന്റെം സുകൊം ദുക്കോം ഇക്കി അറിയാ''
മൂന്നു മാസങ്ങൾക്കുശേഷം അറബി തിരിച്ചുപോകുമ്പോൾ അനില രണ്ടുമാസം ഗർഭിണിയായിരുന്നു. അറബിയെക്കാളും പ്രായം കൂടിയതും മെല്ലിച്ചതുമായ ശരീരം ദുഃഖത്താൽ കിറപൂണ്ടു നിന്നു
എപ്പോഴുമെന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം അനിലയുടെ ഭാഷയിൽ കാല്പനികതയും സാഹിത്യവും ഉണ്ടായിരുന്നുവെന്നതാണ്. നയിച്ചു ജീവിച്ച മനുഷ്യരെ പ്രതിയുള്ള ആകുലതകളും ദാർശനികതകളും ഉണ്ടയിരുന്നുവെന്നാണ്. അവരെ കേൾക്കുമ്പോഴൊക്കെ ഭംഗിയുടെയും ദാർശനികതയുടെതുമായ ഒരു ചൂട് എനിയ്ക്കു കിട്ടി. അവരെ പറ്റി കൂടുതൽ അറിയുവാൻ ആഗ്രഹിച്ചെങ്കിലും എനിക്ക് കൂടുതലായി ഒന്നും അറിയാൻ കഴിഞ്ഞതേയില്ല.
മൂന്നു മാസങ്ങൾക്കുശേഷം അറബി തിരിച്ചുപോകുമ്പോൾ അനില രണ്ടുമാസം ഗർഭിണിയായിരുന്നു. അറബിയെക്കാളും പ്രായം കൂടിയതും മെല്ലിച്ചതുമായ ശരീരം ദുഃഖത്താൽ കിറപൂണ്ടു നിന്നു. അല്പം വയറുണ്ട്. നൈറ്റിയിൽ എന്നിട്ടുമവൾ ശോഷിച്ചു തന്നെ നിന്നു.
അയാൾ അറബികളുടെ രീതിയിലുള്ള അബായ വസ്ത്രം ധരിച്ചിരുന്നു. തിരിച്ചുപോവുകയാണ് എന്ന് ഞങ്ങളോട് അറബിഭാഷയിൽ പറഞ്ഞു.
പിന്നെ അയാൾ അറബിയിൽ അൽപ്പം കൂടി സംസാരിച്ചു. അനില ചിരിയോടെ വിവർത്തിച്ചു.
‘‘അനില നല്ലവളാണ്. അവളെ ആളുകൾക്ക് അറിയാനാകുന്നില്ല. നിങ്ങൾ അവളെ അറിയാൻ ശ്രമിക്കുന്നല്ലൊ. അയാൾ കൈകൾ നീട്ടി ഞങ്ങൾ യാത്ര പറഞ്ഞു.
‘‘ഇനി എന്നു വരും വരും?''
‘‘ഇനി വരില്ല. അവന്റെ ഭാര്യ സമ്മതിക്കില്ല. അവനെ ഞാൻ രക്ഷപ്പെട്ത്ത്വാണ്.''
അനില നിർമമായിത്തന്നെ പറഞ്ഞു. സ്വന്തം ഭർത്താവ് ഗർഭിണിയായ തന്നെ ഉപേക്ഷിച്ചു പോകുമ്പോൾ ഒരു ഭാര്യയ്ക്ക് തോന്നേണ്ട ഒന്നും അനിലയുടെ മുഖത്ത് ഉണ്ടായിരുന്നില്ല.
‘‘ഒരുപക്ഷേ അനില ഗർഭം അലസിപ്പിക്കുവാനായിരിക്കും’’, അരിനെല്ലിപ്പുളിയുടെ പുളീപ്പിൽ അനുപമ വിറച്ചു. അനുപമയുടെ ഊഹം ശരിയാണെന്ന് ഞാൻ സമ്മതിച്ചു.
‘‘പുതിയോൻ പോയോ ദേവിയെ?’’; അവരുടെ എതിർവശത്ത് താമസിയ്ക്കുന്ന സാവിത്രിയേട്ത്തി, 24ാം നമ്പർ വാർഡ് കൗൺസിലർ, പുച്ഛത്തോടെ ചോദിച്ചു.
‘‘ഇല്ലാതെൽ? മൂന്നുമാസത്തെ ആയുർവേദ ചികിത്സയ്ക്ക് വന്നതാണ് അവിടെ. അടിച്ചുവാരാനും തുടക്കാനും പോയിരുന്നല്ലോ. ആശുപത്രിയിലെ ആടുന്നു കിട്ടിയതാണ്. വേറെ വേറെ ആൾക്കാരെ അന്വേഷിച്ചു പോകണ്ടല്ലോ. കയ്യിലാണെങ്കിൽ വേണ്ട മാതിരി പൈസയും ഉണ്ട്. മൂന്നുമാസം ഓ ളിക്ക് കുശി.''
‘‘അല്ലോളി, ഓക്ക് രണ്ടാമത്തെതും പള്ളല്ണ്ട്.’’
‘‘എന്താ?'' പള്ളല് ഇണ്ട്‌ന്നൊ?’’
‘‘ആ ബളെ തെന്നെ തെന്നെ.’’
കാക്കപ്പൂ വയലറ്റുണീച്ച വഴിയരികുകളിൽ, പായൽ വഴുക്കുന്ന കാരമണകുളക്കടവുകളിൽ, ഞാറുപാടത്തെ ജീരാലക്കാറ്റിടങ്ങളിൽ, കായം മൂക്കുന്ന അടുക്കളകളിൽ പെണ്ണുങ്ങൾ അനിലയെ കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.
അനിലയുടെ വയർ വീർത്തുവീർത്തു വന്നു. അതിനും മുമ്പ് പൊല്യാട്ച്ചി അനിതയുടെ കഥ വീർത്തു പൊട്ടി. മാസമായപ്പോഴേക്കും അനില പ്രസവിച്ചു. ഞങ്ങൾക്ക് മധ്യവേനലവധിയും ആരംഭിച്ചു.
ചോത്ത ബ്ലൗസിന്റെ ഹുക്കുകളിലൂടെ മുലകൾ പ്രദർശിപ്പിച്ച് തിണ്ണയിലവൾ കുത്തിയിരുന്നു. ലോകം കുട താഴ്ത്തി അവനവനെ മറച്ച് ഞെട്ടലോടെ മഴമുറിച്ചു കടന്നു പോയി.
രണ്ടു മാസങ്ങൾ കഴിഞ്ഞ് ജൂണിൽ ആ കുഞ്ഞുപെൺകുട്ടിയെ കണ്ടപ്പോൾ . ഞങ്ങൾ ഞെട്ടിപ്പോയി.
അനിലയായോ മൂത്ത സഹോദരിയുമായോ യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലാത്ത വെളുത്തു തുടുത്ത ഒരു ഓമനക്കുഞ്ഞ്. അയാളുടെ നിസ്സഹായമായ പളുങ്ക് കണ്ണുകൾ. അയാളുടെ താമരപ്പൂവിടർനിറം, അയാളുടെ ശൈശവമുഖം. ഒരു ഈജിപ്ഷ്യൻ മിസ്ത്രി പാവക്കുട്ടിയെ പോലെ അതി മനോഹരിയായ പെൺകുട്ടി.
ഉമ്മറത്ത് ജൂൺമഴ തിമിർത്തു പെയ്തു. കുഞ്ഞ് മഴയെ നോക്കി നോക്കി കൈകാലിട്ടടിച്ചു കളിച്ചു. അത് കരഞ്ഞപ്പോൾ അനില ഉമ്മറത്തു തന്നെ ഇരുന്നുകൊണ്ട് പാല് കൊടുത്തു. പെറ്റതിനാൽ മാത്രം പാലുവെച്ച് മുഴുത്ത മുലകൾ ഞൊട്ടിത്തീരുന്നത് ഞങ്ങൾ കണ്ടു. ഒരിക്കലും അനിലയുടെ മകൾ ആണവളെന്ന് തോന്നുമായിരുന്നില്ല. ചോത്ത ബ്ലൗസിന്റെ ഹുക്കുകളിലൂടെ മുലകൾ പ്രദർശിപ്പിച്ച് തിണ്ണയിലവൾ കുത്തിയിരുന്നു. ലോകം കുട താഴ്ത്തി അവനവനെ മറച്ച് ഞെട്ടലോടെ മഴമുറിച്ചു കടന്നു പോയി.
‘‘എന്താ പേര്?''
‘‘സാറിയ?''
‘‘എന്ന് വെച്ചാൽ?''
‘‘മഴമേഘം, മഴ എന്നർത്ഥം, അറബീല്''
അവൾ ചിരിച്ചു. അവന് ഏറ്റവും പ്രിയപ്പെട്ട പേരാണ് മഴ. സാറിയ എന്നാൽ രാത്രിയിൽ മാത്രം പെയ്യുന്ന നനുത്ത മഴയാണെത്രെ.
‘‘മരുഭൂമിയിലെ രാത്രി കണ്ടിട്ടുണ്ടോ? കാണേണ്ടതാണ്. ആകാശം മുഴുവൻ നക്ഷത്രങ്ങളായിരിക്കും. തണുപ്പുകാലത്ത് തണുപ്പ് ഒരു ഫ്രിഡ്ജിനകത്തെക്കാൾ കൂടുതലായിരിക്കും. അപ്പോൾ അവിടെ മഴ പെയ്യും. രാത്രിയിൽ മാത്രമുണ്ടാകുന്ന മേഘങ്ങളിൽ നിന്ന് മഴപെയ്യും. ആ മഴയാത്രെ സാറിയ’’
അനിലയ്ക്കുള്ളിലെ കവിത തുടിച്ചു കൊണ്ടേയിരുന്നു.
‘‘ഇനി അയാൾ വരില്ലേ ?''
‘‘ഹേയ് വരില്ല. ഇല്ല. അയാൾ വരികയില്ല. വരേണ്ടെന്ന് ഞാൻ പറഞ്ഞതാണ്. അവന് നാട്ടില് പ്രശ്നാവും. കുടുംബത്തിൽ കൊയ്പ്പാകും.’’
അവൾ നിർമമതയോടെ പറഞ്ഞുതീർത്തു.
എനിക്ക് അത്ഭുതം തോന്നി. ഇനി വിവാഹം കഴിഞ്ഞുവെന്നും ഭർത്താവാണെന്നും പറഞ്ഞ ആൾ കുഞ്ഞുപിറന്നു കഴിഞ്ഞ ഒരു തവണപോലും വരാത്തതിൽ അനിലക്ക് ഒരു സങ്കടവും ഇല്ലെന്നോ ? അവളുടെ കഴുത്തിൽ അയാൾ കെട്ടിയ ഒരു താലി കളിയാക്കൽ പോലെ തൂങ്ങി നിന്നു.
‘‘ഞാനാദ്യം ജോലി ചെയ്ത വീട്ടിലെ അറബാബിന്റെ പേരക്കുട്ട്യാണ്. ആ കുടുംബക്കാരെ ഞാൻ വിഷമിപ്പിക്കില്ല. ഒന്നും രണ്ടും കൊല്ലല്ല, 10 കൊല്ലാണ് അവ്‌ടെ നിന്നത്. അറബാബ് അന്ന് അടിച്ച് പരിപ്പെളക്കി. ആഹ്, അതൊക്കൊരു കാലം''; അവളോർമ്മയിൽ മുഴുകി. ലോകം മുഴുവൻ അവളുടെ മുലകൊടുക്കൽ കണ്ടുകൊണ്ടിരുന്നു.
വല്ലാത്തൊരു പെണ്ണ് തന്നെയെന്ന് ഞാനും അനുപമയും പരസ്പരം മുഖം നോക്കി.
പലയിടങ്ങളിൽ നിന്നായി ഞാൻ അനിലയുടെ കഥകൾ ഇത്തിരിയിത്തിരിയായി ശേഖരിച്ചു വന്നിരുന്നു.
അറബിയുടെ അടുക്കള കഴിഞ്ഞ് സ്വന്തം വീട്ടിലെ അടുക്കളയിലേക്ക് അനിത മാറി നടന്നു. രാവിലെ 5 മണി മുതൽ രാത്രി 12 മണി വരെയും തിരക്കൊഴിയാത്ത അടുക്കളയിൽ ഒരു പുതിയ വേലക്കാരിയായി അനില നിന്നു.
അനില 16 വയസ്സുള്ളപ്പോഴാണ് ആദ്യമായി ദുബായിൽ അറബിയുടെ വീട്ടിൽ ജോലിക്ക് പോകുന്നത്. ഏജൻറ് എങ്ങനെയൊക്കെയോ കള്ള ബെർത്ത് സർട്ടിഫിക്കറ്റ് ഉണ്ടാക്കി. പാസ്പോർട്ട് സംഘടിപ്പിച്ചു. രോഗബാധിതനായ അച്ഛനെ രക്ഷിക്കലായിരുന്നു പ്രധാന ലക്ഷ്യം. എങ്ങനെയെങ്കിലും ജോലി ചെയ്യുക. കടം വീട്ടുക. കുറച്ചു പൈസ ഉണ്ടാക്കുക. കുടുംബത്തെ രക്ഷിക്കുക. തിരികെ വന്നു വിവാഹം ചെയ്തു ജീവിക്കുക- ഇതായിരുന്നു അനിലയുടെ ലക്ഷ്യം. അനിലയുടെ പണം വരാൻ തുടങ്ങിയതോടെ കുടുംബത്തിന്റെ നില മാറി മാറി മറിഞ്ഞു. വർഷങ്ങൾ കടന്നുപോയി. രണ്ടു വർഷത്തേക്ക് ജോലിക്കുപോയ അവൾ മൂന്നുവർഷം കഴിഞ്ഞിട്ടും മടങ്ങി വന്നില്ല. നാലുവർഷം കഴിഞ്ഞും മടങ്ങി വന്നില്ല. 26 വയസ്സുവരെ അവൾക്ക് അറബി വീടുകളിൽ മാറിമാറി ജോലി ചെയ്യേണ്ടിവന്നു.
വീട് ഓടുപുതച്ചും ടെറസ്സായും മാറി. അമ്മ പണ്ടമണിഞ്ഞു. ആങ്ങളമാർ ഓട്ടോറിക്ഷയും ടിപ്പറുകളും വാങ്ങി. പണദുരയ്ക്കില്ല ശമനം. മരണം വരെ അനില ദുബായിൽ നിന്നാലും തീരാത്തത്ര ആവശ്യങ്ങളായിരുന്നു.
ഒടുവിൽ വീട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെ അനില നാട്ടിലേക്ക് തിരികെ വന്നു. കുടുംബത്തിനായി സമ്പാദിച്ചതും അതിനപ്പുറം തനിക്കായി സമ്പാദിച്ചതും കൂടി സഹോദരങ്ങളും അമ്മയും ധാരാളിത്തം കാട്ടി ചെലവാക്കിയിരുന്നു. സ്വന്തം വീട്ടിൽ ഒരു മുറി പോലും അനിലക്ക് ഉണ്ടായിരുന്നില്ല. പത്തുവർഷമായി വീട്ടിലേക്ക് തിരികെ വരാതെ ആ പണം കൂടി വീട്ടുകാർക്ക് അയച്ചുകൊടുത്തു താൻ പണിത വീട്ടിൽ തനിക്കായി താൻ പണിത മുറി ചേട്ടൻ കൈവശപ്പെടുത്തിയിരുന്നു.
അച്ഛൻ മാത്രം അനിലക്കൊപ്പം നിന്നു. അയാൾക്ക് ആ വീട്ടിൽ ഒരു ശബ്ദവും ഉണ്ടായിരുന്നില്ല. അനിലക്ക് വേണ്ടി സംസാരിക്കുമ്പോഴൊക്കെ അയാളും അടിച്ചു കിടത്തപ്പെട്ടു. ഒരമ്മ മകൾക്കെതിരെ ഇങ്ങനെ നിൽക്കുമോ എന്ന് നാട്ടുകാർ അത്ഭുതംകൂറി.
‘‘അദൊന്നും മറക്കാൻ പറ്റൂല. ആ തള്ളയ്ക്ക് വന്ന ജോലിയല്ലെ. ഓറ് പോകൂലാന്ന് പറഞ്ഞപ്പം. ഓള്‌പോയിലെ...'' അവളെ സദാ ആറ്റുന്ന കാക്കിയും അവൾക്കായി ഒരു വാചകം പറഞ്ഞു.
‘‘മാറിന്ന് നോക്ക്യാ നല്ലോളാണ്''
അറബിയുടെ അടുക്കള കഴിഞ്ഞ് സ്വന്തം വീട്ടിലെ അടുക്കളയിലേക്ക് അനിത മാറി നടന്നു. രാവിലെ 5 മണി മുതൽ രാത്രി 12 മണി വരെയും തിരക്കൊഴിയാത്ത അടുക്കളയിൽ ഒരു പുതിയ വേലക്കാരിയായി അനില നിന്നു. സഹോദര ഭാര്യമാരുടെ, അമ്മയുടെ, സഹോദരങ്ങളുടെ, കുറ്റപ്പെടുത്തലുകൾക്കും വാക്കുകൾക്കും അപ്പുറത്ത് അച്ഛന്റെ സ്‌നേഹമസൃണമായ പെരുമാറ്റം മാത്രമായിരുന്നു ബാക്കി.
ദുബായിൽ നിന്ന് തിരികെ വരുമ്പോൾ അനില കൊണ്ടുവന്ന അല്പം സമ്പാദ്യത്തെ പറ്റിയായി അടുത്ത വിവാദം. ചേട്ടന്റെ ഭാര്യയ്ക്ക് സ്‌കൂളിലെ ജോലിക്ക് മാനേജ്‌മെന്റിനു നൽകാനുള്ള വട്ടിപ്പണം കൊടുക്കാത്തതിന് വഴക്ക് ആരംഭിച്ചു.
‘‘ദുബായ്ക്കാരി'' അമ്മ പല്ലിറുമ്മി.
‘‘അഹ്‌മ്മത്യാണോക്ക്. നെഗളിപ്പ്''
വളരെ തുച്ഛമായ തുക മാത്രമാണ് അനിലയുടെ കയ്യിൽ ഉണ്ടായിരുന്നത്; മൂന്നോ നാലോ ലക്ഷം രൂപ. അനില സമ്പാദിച്ചതും വിയർപ്പൊഴുക്കിയതുമായ പണത്തെ വെച്ച് നോക്കുമ്പോൾ അത് വളരെ കുറച്ചു മാത്രമായിരുന്നു.
‘‘കൊടുക്കണ്ട മോളെ. നമക്കൊരു വീട് എടുത്തു മാറാമോളെ''
‘‘ചതിയൻ തന്തേ, മീന്തക്കൊന്നു തന്നാൽണ്ടല്ലോ. ഓക്ക് ഉപദേശിക്ക്ന്ന്'', ആണ്മകൻ അമറി.
അനിലയുടെ അച്ഛനാണ് അത്തരം ഒരു ആശയം മുന്നോട്ടുവെക്കുന്നത്. അസഹനീയമായിരുന്നു സ്വന്തം വീട്ടിലെ അനുഭവങ്ങൾ. ഒടുവിൽ അനിലയും അച്ഛനും പുതിയ സ്ഥലം വാങ്ങുകയും ഒരു കുഞ്ഞു വീട് വെക്കുകയും ചെയ്തു.
ജോലിക്കാർക്ക് കൊടുക്കാൻ പണമില്ലാതെ വരുമ്പോൾ അനില മണ്ണ് ചുമന്നും കല്ല് ചുമന്നും വെയിലേറ്റും വാടി. തന്റെ രക്തവും മാംസവും കൊണ്ടാണ് ഈ വീടിന്റെ ഓരോ കല്ലുകളും പണിതുകയറ്റിയതെന്ന് അനില പറയുമായിരുന്നു.
ഒരുപക്ഷേ ഞങ്ങൾ നടന്നു പോകുന്ന വഴിയിലെ ഏറ്റവും ചെറിയ വീട് അതായിരുന്നു. ദുബായ്ക്കാരിയുടെ വീടിന്റെ അഹന്തയോ ആർഭാടമോ ഇല്ലാതെ മൈക്കാട് പണിക്ക് പോകുന്ന ഒരു കൂലിപ്പണിക്കാരിയുടെ വീട് പോലെ നിരാഭരണമായിരുന്നു ആ വീട്. കേരളത്തിൽ വന്ന് സന്തോഷമായും സമാധാനമായും കുടുംബജീവിതം ആഗ്രഹിച്ച അനിലയ്ക്ക് കൂലിപ്പണിയാണ് ചെയ്യേണ്ടി വന്നത്. പാറമടയിൽ കല്ലു പൊട്ടിച്ചും കിണറുപണിയ്ക്കും റോഡു പണിയ്ക്കും പോയും അവൾ അവൾ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
വിവാഹവും കുടുംബജീവിതവും തനിക്ക് സാധ്യമാകുമെന്ന അവളുടെ സ്വപ്നം അവൾ പകുതി വഴിയിൽ ഉപേക്ഷിച്ചു. വിദേശത്തേക്ക് തിരിച്ചു പോകാം എന്നതായിരുന്നു അവരുടെ മുന്നിലെ പോംവഴി. എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ല.
കാലങ്ങൾ കഴിഞ്ഞു. എപ്പോഴോ ഒരിക്കൽ ഒരു രാത്രി അനില ആ സത്യം മനസ്സിലാക്കി. താൻ അമ്മയാകാൻ പോവുകയാണ്. അവൾക്കു മുൻപിൽ പല വഴികൾ ഉണ്ടായിരുന്നു, പല മാർഗങ്ങളും ഉണ്ടായിരുന്നു
ടൂറിസ്റ്റ് വിസയിൽ അനില രണ്ടുംകൽപ്പിച്ച് വിദേശത്തേക്ക് വിമാനം കയറി. മുമ്പ് പോയ ജീവിതം ആയിരുന്നില്ല അത്. എങ്ങനെ നിലനിൽക്കും എന്നോ എങ്ങനെ തുടങ്ങും എന്നോ എങ്ങനെ തുടരുമെന്നോ അറിയാതെ മരുഭൂമിക്കു മുമ്പിൽ പൊള്ളി നിന്നു. ഫിലിപ്പൈനി മസാജ് സെൻററിലെ ജോലിയിൽ നിന്ന്നിലനിൽപ്പിനുവേണ്ടി അവൾക്ക് ശരീര വിൽപ്പനക്കാരിയാകേണ്ടി വന്നു. ഇനിയൊരിക്കലും തിരികെ നാട്ടിൽ വന്ന്, അടുക്കള വേലക്കാരിയായി, കൂലിപണിക്കാരിയായി ജോലി ചെയ്യുവാൻ അനില ഒരുക്കമായിരുന്നില്ല. എപ്പോഴും വിവാഹം ചെയ്ത് കുഞ്ഞുങ്ങളെ പെറ്റ് പാലൂട്ടി വളർത്താനുള്ള ആദിമമായ പെൺ ത്വര അവളെ സദാ അലട്ടിക്കൊണ്ടിരുന്നു. ഒരിക്കലും കുടുംബത്തിലേക്ക് തിരികെ കയറി വരാൻ കഴിയാത്ത വിധം ജീവിതം അവളെ മരുഭൂമിയിൽ കുരുക്കിയിട്ടു.
‘‘എന്നോട് ഏറ്റവും വലിയ സ്‌നേഹത്തോടുകൂടി പെരുമാറിയത് ആദ്യത്തെ അറബാബും കുടുംബവുമായിരുന്നു. വളർച്ചയുടെ കാലത്ത് ഫിറോസ് എന്നോട് അടുക്കാൻ ശ്രമിച്ചു. എനിക്ക് അവനോടും കുടുംബത്തോടുമൊക്കെ വളരെയധികം സ്‌നേഹം ഉണ്ടായിരുന്നു. അക്കലമത്രയും ഞാൻ ഫിറോസിനു പിടി കൊടുത്തില്ല.''
രണ്ടാം വരവിൽ ഫിറോസ് അവളുടെ ഒന്നാം കച്ചവടക്കാരനായി.
കാലങ്ങൾ കഴിഞ്ഞു. എപ്പോഴോ ഒരിക്കൽ ഒരു രാത്രി അനില ആ സത്യം മനസ്സിലാക്കി. താൻ അമ്മയാകാൻ പോവുകയാണ്. അവൾക്കു മുൻപിൽ പല വഴികൾ ഉണ്ടായിരുന്നു, പല മാർഗങ്ങളും ഉണ്ടായിരുന്നു. പക്ഷേ; അവളുടെ ഉള്ളിലെ ആദിചോദന അവളോട് തിരികെ നാട്ടിലേക്ക് വരാൻ സദാ കലഹിച്ചു കൊണ്ടേയിരുന്നു. തനിക്ക് എന്ന പേരിൽ ഒരു കുട്ടി, ആ കുട്ടിയ്ക്ക് സ്‌നേഹവും ആത്മാർത്ഥതയും സ്‌നേഹവും നൽകി ബാക്കി സുഖമായ ഒരു ജീവിതം... അതിനു വേണ്ടി കുറച്ച് അവൾ സമ്പാദിച്ചിരുന്നു.
‘‘ഫിറോസ്, നമ്മടെ കുഞ്ഞ്''; അവൾ ആഹ്‌ളാദിച്ചു.
എന്നാൽ അനിലയോട് വിധി അത്ര നല്ല രീതിയിലായിരുന്നില്ല പെരുമാറിയിരുന്നത്. പ്രതിസന്ധികളെ തരണം ചെയ്ത് അവൾ നാട്ടിലെത്തി പ്രസവിച്ചു. പക്ഷെ ആ കുട്ടി പതിവായി വരുന്ന ഫിറോസിന്റെയായിരുന്നില്ല. മറ്റേതെങ്കിലും സാധാരണ മനുഷ്യരുടേയും ആയിരുന്നില്ല. തന്റെ കസ്റ്റമറായി വന്ന കിളരം കൂടിയ ടാൻസാനിയക്കാരനെ അനിലയ്ക്ക് ഓർമയുണ്ട്. അത്യസാധാരണമായി കറുത്ത ഒരു മനുഷ്യനെ. അയാളുടെ മകൾ. കറുകറുത്ത ഒരു പെൺകുട്ടി. അസാധാരണമാംവിധം കറുത്തവളും വിടർന്നു മലച്ച ചുണ്ടുകളും ചുരുണ്ട സ്പ്രിംഗ് പോലെ വളഞ്ഞു മുളക്കുന്ന കാപ്പിരിയൻ മുടിയുമുള്ളവൾ.
‘‘എടോലത്തെ ചന്തുട്ടിയേട്ടന്റെ മകൾ അനിലയ്ക്ക് മറ്റേ പരിപാടിയാണ്. അങ്ങ് ദുബായിൽ.’’
ദുബായിൽ നിന്ന് വന്ന ബാവൂട്ടിയും ഹമീദുള്ളയും കാദറും വേണ്ട അവിടെ വീടുപണിക്ക് പോയ ആയിഷയും സുഹറതാത്തയും വരെ വിവരം നാട്ടിൽ അറിയിച്ചു കഴിഞ്ഞിരുന്നു. സ്ത്രീശരീരം വിറ്റ് പണമുണ്ടാക്കുന്നവരെ പൊളിക്കൽ കറക്റ്റ്നെസ് വെച്ച് ലൈംഗിക തൊഴിലാളി എന്നു വിളിക്കാനോ സമൂഹം അവളോട് ചെയ്ത ക്രൂരതകളെ മനസ്സിലാക്കാനോ തയ്യാറായിരുന്ന ജനാധിപത്യബോധം ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. ശരീരം വിൽക്കുന്ന അവൾ വേശ്യ, പൊല്യാടിച്ചി , കൂത്തിച്ചി... അങ്ങനെ അവർക്ക് മാത്രമായി ചില പേരുകൾ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. രണ്ടാമത്തെ വിദേശയാത്രയിൽ തന്നെ ആ പേരിൽ അനില അറിയപ്പെട്ടു കഴിഞ്ഞു.
‘‘ഓള് ആദ്യം തന്നെ ഇദെന്ന്യേരിക്കും ചെയ്തത്. വെറുതെയാണോ ഓള് അമ്മ അടക്കമുള്ളവര് പുറത്താക്കിയത് ?'', ആളുകൾ അവളോട് ചെയ്ത ക്രൂരതകളെ ന്യായീകരിച്ചു കൊണ്ടേയിരുന്നു.
വൃദ്ധനായ ചന്തുട്ടിയേട്ടൻ മാത്രം അവർക്കൊപ്പം നിന്നു.
‘‘എന്റെ മോള് ചീത്ത അല്ല, ഇനി ചീത്തയുമാകില്ല. ഈ ലോകമാണ് ചീത്ത.
ഈ ലോകമാണ് ചീത്ത. എന്റെ മകൾ അല്ല, അല്ല'' അയാളുടെ കണ്ണൂകൾ തുളുമ്പി. അയാൾ പേർത്തും പേർത്തും പറഞ്ഞുകൊണ്ടേയിരുന്നു
‘‘ഉളുപ്പുണ്ടോടാ തന്തേ, ങ്ങക്ക് ?''
‘‘നാണം വേണ്ട ചന്തുട്ടിയെ ?''
‘‘ആവൂ, എന്ത്ത്തും നായിക്കാട്ടം തന്ത്യാണീങ്ങള്. അയ്ശ്ശ്''
‘‘ഇത് എന്റെ മകളുടെ കുട്ടിയാണ്. അതിന് ഞാൻ എടുക്കുന്നെല് ഇക്കി നാണിക്കണ്ട കാര്യല്ല''.
‘‘അനക്കെ, അധ്വാനിക്കാതെ തിന്നിട്ട് ശീലമായി ചന്തുട്ടിയെ, അതാണ് .''
‘‘എന്ത് ശീലം? ഈ ജീവിതം പോലും ന്റെ മോളെ ദാനല്ലെ?.ഇയ്ക്ക് കിഡ്‌നി മാറ്റി വെക്കേണ്ട സമീത്ത് ഇന്റെ ഓളും ആമ്മക്കളും പറഞ്ഞത് എന്താണെന്ന് അറിയാമോ? ഈ ഉള്ള പറമ്പ് വിറ്റ് തൊലച്ച് കിഡ്‌നി വാങ്ങിത്തരൂലാന്ന്. അന്ന് ആ ഓപ്പറേസ്‌നുള്ള മൊഴേൻ പൈശയും മുൻകൂറായി കൈപ്പറ്റിറ്റാണ് മോള് ആദ്യമായി ദുബായ്ക്ക് പോണത്. രണ്ടുവർഷം മുഴുവൻ ജോലി ചെയ്യാനുള്ള പണവും അവൾ ആദ്യമേ വാങ്ങിച്ചെടുത്തുത്തീനു. അതുകഴിഞ്ഞ് തിരികെ വരണമെന്നും എന്നും സന്തോഷവും സമാധാനവും ആയി ഒരു കുടുംബജീവിതം നയിക്കണമെന്നും ഓള് ആശിച്ചു. ഇന്റെ ഓള് തള്ള അമ്മിണി എന്താ ചെയ്‌തേ? ഞാങ്കൊണ്ടോന്ന കല്യാണങ്ങള് മൊടക്കി. പത്തു കൊല്ലാ ന്റെ കുട്ടി നയിച്ചത്. ഇന്നിറ്റ് തീർന്നോ? ഇല്ലാ. ഒന്നും നടന്നില്ല അല്ല, എല്ലാം കയ്ഞ്ഞു. കുടുംബത്തിനുവേണ്ടി നയിച്ച ഓളെ ഓര് ഒയ്വാക്കി. പെറ്റതള്ളയ്ട്ക്കം. ഇനിക്കു ഇന്റെ അനില നല്ലോളാണ്.''
അത് പറയുമ്പോൾ വൃദ്ധനായ അയാൾ ഉറക്കെ നിലവിളിച്ചു. അയാളുടെ കയ്യിലിരുന്ന കറുത്ത കുഞ്ഞ് അയാളെ സാകൂതം നോക്കി. അനിലയുടെ കണ്ണുകളും നിറഞ്ഞു വന്നു.
അന്നു കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവൾ വീണ്ടും ഗർഭിണിയായിരുന്നു. അത് പ്രേമത്തിന്റെയോ ആദിമപ്പെൺചോദനയുടേയോ ഗർഭമായിരുന്നില്ല. അതൊരു പ്രതികാര ഗർഭമായിരുന്നു.
‘‘ഫിറോസിന്റെ കുഞ്ഞീനെ പെറ്വ എന്നത് ഒരു സ്വപ്നമായിരുന്നു. ആയുർവേദ ചികിത്സയ്ക്ക് ഓൻ വന്നപ്പോ അതും സാധിച്ചു.''
അനില വിജയശ്രീലാളിതയായ പോലെ പറഞ്ഞു.
‘‘അറബിക്കീടെ നിക്കാൻ പറ്റുമോ? എന്താ അങ്ങനാച്ചാല് ഓല് പോണോട്‌ത്തൊക്കെ നിക്കണ്ട്യേരുലെ? ഒരു പെൺകുട്ടിക്ക് നയിക്കുന്നതും രണ്ടു പെൺകുട്ടികൾക്ക് വേണ്ടി നയിക്കുന്നതും ഒരുപോലെയാണ്.''
സഹറും സാറിയയും വളർന്നു. ഞാൻ ഞാൻ സ്‌കൂൾ വഴികൾ വിട്ട് പുതിയ വഴികളിലേക്ക് മാറി.അപ്പോഴും ഇടയ്‌ക്കൊക്കെ രാമനാട്ടുകര അങ്ങാടിയിലും ബസ് സ്റ്റോപ്പിലും ചിരിക്കുന്ന മുഖത്തോടെ നിൽക്കുന്ന അനിലയെ കാണാറുണ്ടായിരുന്നു. അന്നു കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവൾ വീണ്ടും ഗർഭിണിയായിരുന്നു. അത് പ്രേമത്തിന്റെയോ ആദിമപ്പെൺചോദനയുടേയോ ഗർഭമായിരുന്നില്ല. അതൊരു പ്രതികാര ഗർഭമായിരുന്നു.
‘‘ഇതു വേണായിരുന്നോ അനിലെ?'' ഞാൻ തലയിൽ കൈവെച്ചു.
‘‘വേണം കുട്ട്യേ. ഇത് ഗർഭമല്ല. ഡെപ്പോശിറ്റാണ്. വല്യ പൈശന്റെ മൊതല്''; അവൾ പൊട്ടിച്ചിരിച്ചു.
രാമനാട്ടുകരയിൽ ഏപ്രിലുച്ചയുടെ സൂര്യൻ നിറഞ്ഞുകത്തി.
ചുട്ടവെയിലിൽ അവൾ നിന്നു എരിഞ്ഞു, വാൾച്ചിരി ചിരിച്ചു. ആളുകൾ പൊല്യാട്ച്ചി അനിലയെ ഭയത്തോടെ തുറിച്ചുനോക്കി.
വെറുപ്പോടെ തുറിച്ചു നോക്കി.
അറപ്പോടെ തുറിച്ചു നോക്കി.
‘‘പോയ്യ്യാണ്യടാ നായ്ക്കളെ''; ലോകാഹന്തയ്ക്ക് ആണഹന്തയ്ക്ക് നേരെ അനില ആഞ്ഞു തുപ്പി.
പൊല്യാട്ച്ചിയുടെ തുപ്പൽ വീണ് ലോകത്തിന്റെ മുഖം നാറി... ▮
(തുടരും)